Kerala

ഇന്‍ഷുറന്‍സ് തീര്‍ന്നെന്ന കാരണത്താല്‍ ബൈക്ക് യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയ എസ്‌ഐയ്ക്ക് പണികൊടുത്ത് നാട്ടുകാര്‍. മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയ പോലീസിനെ ചോദ്യം ചെയ്യുന്ന നാട്ടുകാരുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
മലപ്പുറത്താണ് സംഭവം.

ഇന്‍ഷുറന്‍സ് ഇല്ലെന്ന് പറഞ്ഞ് യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയ എസ്‌ഐയെയാണ് നാട്ടുകാര്‍ ചോദ്യം ചെയ്തത്. ഗര്‍ഭിണിയായ ഭാര്യ വിളിക്കുമെന്ന് പറഞ്ഞിട്ടും എസ്‌ഐ ഫോണ്‍ നല്‍കാത്തതും ദൃശ്യത്തിലുണ്ട്. നാട്ടുകാര്‍ ഇടപെട്ടതോടെ ഹെല്‍മെറ്റ് ഇല്ലെന്ന് പറഞ്ഞ് പോലീസ് വാദിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.

മൊബൈല്‍ പിടിച്ചുവാങ്ങുന്നത് ഏത് അധികാരത്തിന്റെ പേരിലാണെന്നും യാത്രക്കാരന്‍ വീഡിയോയില്‍ ചോദിക്കുന്നുണ്ട്. നാട്ടുകാര്‍ ഇടപെട്ടതോടെ ഫോണ്‍ തിരിച്ചുകൊടുക്കുന്ന ഉദ്യോഗസ്ഥനെയും കാണാം.

ഒടുവില്‍ ഫോണ്‍ തിരിച്ചുകൊടുത്ത് സംസാരത്തിന് നില്‍ക്കാതെ സ്ഥലം വിടുന്ന പോലീസുകാരുമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയിലുള്ളത്

കോവിഡ് പ്രതിസന്ധിയ്ക്കിടെ പൊതുജനത്തിനെതിരെയുള്ള പോലീസിന്റെ പൊരുമാറ്റത്തെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമാകുമ്പോഴാണ് പുതിയ വീഡിയോ പുറത്തുവരുന്നത്.

സംസ്ഥാനത്തെ വാരാന്ത്യ ലോക്ക്ഡൗണ്‍ നിയന്ത്രണത്തില്‍ ഇളവ്.
ശനിയാഴ്ചത്തെ ലോക്ഡൗണ്‍ ഒഴിവാക്കാന്‍ കോവിഡ് അവലോകനയോഗത്തില്‍ തീരുമാനമായി. ലോക്ഡൗണ്‍ ഞായറാഴ്ച മാത്രമാക്കാനാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനം.

ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണവും മാറും. രോഗികളുടെ എണ്ണം നോക്കിയായിരിക്കും ഇനി നിയന്ത്രണം ഏര്‍പ്പെടുത്തുക. കടകളുടെ പ്രവൃത്തിസമയം ദീര്‍ഘിപ്പിക്കാനും തീരുമാനമുണ്ട്. ഇളവുകള്‍ നാളെ ആരോഗ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിക്കും. ചട്ടം 300 പ്രകാരമാണ് പ്രസ്താവന നടത്തുക. ഓണവിപണി ലക്ഷം വച്ച് കാത്തിരിക്കുന്ന വ്യാപാരികൾക്ക് ആശ്വാസം ആക്കും സർക്കാരിന്റെ ഈ തീരുമാനം.

തിങ്കള്‍ മുതല്‍ ശനിവരെ എല്ലാ ദിവസവും കടകള്‍ തുറക്കും. ഒരാഴ്ചയിലെ രോഗികളുടെ എണ്ണം നോക്കിയാണ് ഇനി മേഖല നിശ്ചയിക്കുക. ആയിരത്തില്‍ എത്ര പേരാണ് രോഗികള്‍ എന്ന അടിസ്ഥാനത്തിലായിരിക്കും രോഗവ്യാപനം കണക്കാക്കുക. കൂടുതല്‍ രോഗികള്‍ ഉള്ള സ്ഥലങ്ങളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തും. കുറവുള്ള സ്ഥലങ്ങളില്‍ ഇളവുണ്ടാവും.

സംസ്ഥാനത്ത് ടിപിആര്‍ അടിസ്ഥാനത്തിലുള്ള ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ മാറ്റി മൈക്രോ കണ്ടയ്ന്‍മെന്‍റ് സോണുകള്‍ രൂപീകരിച്ച് പ്രതിരോധം നടപ്പാക്കാനാണ് വിദഗ്ധ സമിതി ശുപാർശ. കടകൾ തുറക്കുന്നതിന്റെ നിയന്ത്രണങ്ങളും, വാരാന്ത്യ ലോക്ഡൗൺ നിയന്ത്രണങ്ങളിലും മാറ്റം വരും. വാരാന്ത്യ ലോക്ക്ഡൗൺ ഞായറാഴ്ച മാത്രമാക്കി ചുരുക്കും. ശനിയാഴ്ച ലോക്ഡൗൺ ഒഴിവാക്കിയേക്കും . ചീഫ് സെക്രട്ടറി തലത്തില്‍ തയ്യാറാക്കിയ നിര്‍ദ്ദേശങ്ങൾ അവലോകന യോഗം ഇന്ന് ചര്‍ച്ച ചെയ്യും.

തദ്ദേശ സ്ഥാപനങ്ങളെ ടിപിആർ അടിസ്ഥാനത്തിൽ എ,ബി,സി,ഡി കാറ്റഗറിയായി തിരിച്ച് നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തുന്ന രീതിയ്ക്ക് മാറ്റം വരും. ടിപി ആറിന് പകരം രോഗികളുടെ എണ്ണം അനുസരിച്ച് സോണുകൾ തീരുമാനിക്കാനാണ് ശുപാർശ. കോവിഡ് വ്യാപന മേഖല കണ്ടെത്തി മൈക്രോ കണ്ടയ്ൻമെന്റ് സോണുകളാക്കി മാറ്റാനാണ് ആലോചന. ആശുപത്രി ഉൾപ്പെടെയുള്ള ചികിത്സ സൗകര്യങ്ങൾ വിലയിരുത്തിയുള്ള നിയന്ത്രണങ്ങൾ നടപ്പാക്കാനും വിദഗ്ധ സമിതി ശുപാർശ.

ടിപിആര്‍ കൂടുതലുള്ള പ്രദേശങ്ങൾ മൈക്രോ കണ്ടയന്‍മെന്‍റ് സോണായി തിരിച്ച് നിയന്ത്രണങ്ങൾ ശക്തമാക്കിയേക്കും. പത്തില്‍ കൂടുതല്‍ ടിപിആര്‍ ഉള്ള സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണം വേണമെന്ന കേന്ദ്ര നിര്‍ദ്ദേശവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. ടിപിആര്‍ കുറഞ്ഞ പ്രദേശങ്ങളിൽ എല്ലാ കടകളും എല്ലാ ദിവസവും തുറക്കുന്നതും പരിഗണനയിലുണ്ട്.

തുറക്കുന്ന കടകളിലെ ജീവനക്കാരെ എല്ലാ ആഴ്ചയില്‍ പരിശോധിക്കും. കടകൾക്ക് സമയപരിധി നിശ്ചയിക്കണമൊ എന്ന കാര്യത്തിൽ ഇന്ന് തീരുമാനമെടുക്കും. സുപ്രധാന സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ കോവിഡ് പരിശോധന കേന്ദ്രങ്ങള്‍ ആരംഭിക്കുന്ന കാര്യവും ശുപാര്‍ശയിലുണ്ട്. കോവിഡ് പരിശോധന ദിവസം രണ്ട് ലക്ഷമാക്കി ഉയര്‍ത്തും.

ഓണത്തിന് കൂടുതല്‍ ഇളവുകള്‍ ലഭിക്കുന്ന തരത്തില്‍ നിയന്ത്രങ്ങളില്‍ മാറ്റം വരുത്തിയേക്കും. പൂർണമായും അടച്ചിടലിന് പകരം ബദല്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വിദഗ്ദ സമിതിക്കും ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരിന്നു.ഇതിന്‍റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടായിരിക്കും അവലോകനയോഗം പരിഗണിക്കുന്നത്.

അതേസമയം സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണവും ടിപിആറും ഉയരുന്നതിൽ കേന്ദ്ര സംഘം ചീഫ് സെക്രട്ടറിയെ ആശങ്ക അറിയിച്ചു. സമ്പർക്ക പട്ടിക തയ്യാറാക്കി ക്വാറന്റീൻ ശക്തിപ്പെടുത്തണമെന്നും കേന്ദ്ര സംഘം നിർദ്ദേശം നൽകി.

കുമ്പളങ്ങിയിൽ മധ്യവയസ്കനെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവതി ഉൾപ്പെടെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യവയസ്കനായ ആന്റണി ലാസറിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി ബിജുവിന്റെ ഭാര്യ രാഖി, സുഹൃത്ത് സെൽവൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

നാല് വർഷങ്ങൾക്ക് മുൻപ് കൊല്ലപ്പെട്ട ആന്റണി ലാസറും ബിജുവും തമ്മിൽ വഴക്കുണ്ടാകുകയും ആന്റണി ലാസർ ബിജുവിനെ മർദ്ധിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചത്. കേസിലെ മുഖ്യപ്രതിയായ ബിജു സംഭവത്തിന് ശേഷം സംസ്ഥാനം വിട്ടതായി പോലീസ് പറയുന്നു.

കഴിഞ്ഞ മാസം ആന്റണി ലാസറിനെ കാണാനില്ലെന്ന് പറഞ്ഞ് സഹോദരൻ പോലീസിൽ പരാതി നൽകിയിരുന്നു. ആന്റ്ണി ലാസറിന്റെ തിരോധാനത്തിൽ ബിജുവിനെ സംശയിക്കുന്നതായും സഹോദരൻ പരാതിയിൽ പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് പോലീസ് ബിജുവിനെ വിളിച്ച് ചോദ്യം ചെയ്ത് വിട്ടയക്കുകയായിരുന്നു. പോലീസ് അന്വേഷിക്കുന്നതിന് ഇടയിലാണ് ബിജുവിന്റെ വീടിന് സമീപത്തുള്ള ചതുപ്പിൽ നിന്നും ആന്റണി ലാസറിന്റെ മൃദദേഹം കണ്ടെത്തിയത്.

വഴക്ക് പറഞ്ഞ് തീർക്കാനെന്ന വ്യാജേനയാണ് ആന്റ്ണി ലാസറിനെ ബിജു വീട്ടിലേക്ക് വിളിച്ച് വരുത്തിയത്. ഇരുവരും വീട്ടിലിരുന്ന് മദ്യപിക്കുന്നതിന് ഇടയിൽ ബിജുവും സുഹൃത്തുക്കളും ചേർന്ന് ആന്റ്ണി ലാസറിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൃദദേഹത്തിന്റെ വയറു കീറി കല്ല് നിറയ്ക്കുകയും ചതുപ്പിൽ താഴ്ത്തുകയുമായിരുന്നു.

ബിജുവിൻറെ ഭാര്യ രാഖിയാണ് മൃദദേഹത്തിന്റെ വയറു കീറി കല്ല് നിറച്ച് ചതുപ്പിൽ താഴ്ത്താൻ നിർദേശം നൽകിയത്. കൂടാതെ ആന്തരീക അവയവങ്ങൾ കവറിലാക്കുകയും തോട്ടിൽ കൊണ്ടുപോയി ഉപേക്ഷിച്ചതും രാഖിയാണെന്ന് പോലീസ് പറയുന്നു. അതേസമയം രാഖിയുടെ ഭർത്താവും കേസിലെ ഒന്നാം പ്രതിയുമായ ബിജുവിനായുള്ള തിരച്ചിൽ ഊര്ജിതമാക്കിയിയതായും പോലീസ് പറഞ്ഞു.

തൃശൂര്‍ മണ്ണംപേട്ട പൂക്കോട് അമ്മയും മകനും വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൂക്കോട് വെട്ടിയാട്ടിൽ പരേതനായ സുമേഷിൻ്റെ ഭാര്യ അനില (33), മകൻ അശ്വിൻ (13) എന്നിവരാണ് രണ്ട് കിടപ്പുമുറിയിലായി മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ മുതൽ പുറത്തുകാണാതായ ഇവരെ അന്വേഷിച്ചെത്തിയ സമീപവാസിയായ സ്ത്രീയാണ് തിങ്കളാഴ്ച ഉച്ചക്ക് മൃതദേഹങ്ങൾ കണ്ടത്. രണ്ട് മാസം മുൻപാണ് സുമേഷ് കോവിഡ് ബാധിച്ച് മരിച്ചത്.

ഭർത്താവിന്റെ മരണത്തെ തുടർന്ന് അനിലയും മകനും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. സുമേഷ് മരിച്ചതോടെ ഇരുവരും കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ജില്ലാ ആശുപത്രിയിലെ ലാബ് ടെക്നിഷ്യയാണ് അനില. വരാക്കര ഗുരുദേവ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് അശ്വിൻ. ഫോറൻസിക് വിദഗ്ദർ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. വരന്തരപ്പിള്ളി പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

ബ്രിസ്ബന്‍: ഓസ്ട്രേലിയയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് മലയാളികളായ അമ്മയും കുഞ്ഞും മരിച്ച അപകടത്തിൽ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന മൂത്ത മകന്‍ ക്രിസ് ബിബിന്‍(8) ഇന്ന് രാവിലെ മരിച്ചു. സിഡ്‌നിക്കടുത്ത് ഓറഞ്ചില്‍നിന്ന് ബ്രിസ്ബേനിലേക്കു യാത്ര ചെയ്യുകയായിരുന്ന മലയാളിയായ ബിബിനും കുടുംബവും സഞ്ചരിച്ച കാര്‍ കഴിഞ്ഞ മാസം 22 നാണ് ട്യുവുമ്പായില്‍ വച്ച് അപകടത്തില്‍പെട്ടത്. ബിബിന്റെ ഭാര്യ ലോട്സി (35) യും ഇളയമകള്‍ കെയ്തിലിനും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചിരുന്നു.

അതേസമയം ക്രിസ് ബിബിന്റെ ആരോഗ്യ നില രണ്ടു ദിവസം മുൻപ് വഷളായതിനെത്തുടർന്ന് മരണം സംബന്ധിച്ച വിവരം ബന്ധുക്കളെ അറിയിച്ചിരുന്നു. തുടർന്ന് അവയവദാനത്തിന് ഉള്ള സമ്മതം അധികാരികളെ അറിയിക്കുകയും ചെയ്‌തിരുന്നു. ബന്ധുക്കൾ അറിയിച്ചതനുസരിച്ചു അധികാരികൾ വേണ്ട കരുതലകൾ ചെയ്തശേഷം ഇന്ന് രാവിലെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇത്രയേറെ വിഷമം അനുഭവിക്കുന്ന ഘട്ടത്തിലും മറ്റുള്ള കുട്ടികളിൽ ക്രിസിന്റെ അവയവങ്ങൾ ജീവിക്കും. ഇതറിഞ്ഞ ഒരുപാട് പേര് ഈ മലയാളി കുടുംബത്തെ അകമഴിഞ്ഞ് അഭിനന്ദിക്കുന്നു. ശവസംക്കാരം സംബന്ധിച്ച വിവരങ്ങൾ തീരുമാനമായിട്ടില്ല.

അപകടത്തില്‍ പരിക്കേറ്റ ബിബിനും ഇളയ ആണ്‍കുട്ടിയും ചികിത്സയ്ക്ക് ശേഷം ഇപ്പോള്‍ വിശ്രമത്തിലാണ്. വെയില്‍സില്‍ നിന്നും ക്യൂന്‍ സ്റ്റാന്‍ഡിലേക്ക് കുടംബസമേതം പോകുന്നതിനിടെ കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. വെയില്‍ സില്‍ ഓറഞ്ച് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ലോട്‌സി, ക്യൂന്‍ സ്റ്റാന്‍ഡില്‍ ജോലി കിട്ടി അവിടേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം നടന്നത്.

കുമ്പളങ്ങിയില്‍ അഴുകിയ ജഡം പാടവരമ്പിൽ കണ്ടെത്തിയ സംഭവത്തില്‍ സ്ത്രീയുള്‍പ്പെടെ രണ്ടു പേരെ പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. പഴങ്ങാട്ടുപടിക്കല്‍ ലാസര്‍ ആന്റണിയുടെ (39) മൃതശരീരമാണ് പാടവരമ്പത്തു നിന്നും കണ്ടെത്തിയത്. കുമ്പളങ്ങി പുത്തങ്കരി വീട്ടില്‍ സെല്‍വന്‍ (53), തെരെപ്പറമ്പിൽ ബിജുവിന്റെ ഭാര്യ മാളു എന്ന രാഖി (22) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ മാസം 31ന് ലാസറിന്റെ മൃതദേഹം സുഹൃത്തായ ബിജുവിന്റെ വീടിനടുത്തുള്ള പാടവരമ്പിൽ കണ്ടെത്തുകയായിരുന്നു. ലാസറും സഹോദരനും ചേര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബിജുവിന്റെ കൈ തല്ലി ഒടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലയില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ഒന്‍പതിന് വഴക്ക് പറഞ്ഞു തീര്‍ക്കാനെന്നു പറഞ്ഞ് ലാസറിനെ ബിജു വീട്ടിലേക്ക് വിളിച്ച് വരുത്തി. അവിടെയിരുന്ന് മറ്റു ചില സുഹൃത്തുക്കളോടൊപ്പം ഇരുവരും മദ്യപിച്ചു. തുടര്‍ന്ന് ബിജുവും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് ലാസറിനെ മര്‍ദ്ദിക്കുകയും തല ഭിത്തിയില്‍ ഇടിച്ചും നെഞ്ചില്‍ ചവിട്ടിയും കൊലപ്പെടുത്തുകയും ചെയ്തു.

മൃതദേഹം ബിജുവിന്റെ വീടിനോട് ചേര്‍ന്നുള്ള പാട വരമ്പിൽ കുഴിച്ചുമൂടി. ശക്തമായ മഴ പെയ്തതോടെയാണ് മൃതദേഹം പൊങ്ങിയത്. ലാസറിനെ ഉപദ്രവിച്ചതിനും മൃതദേഹം മറവ് ചെയ്യുന്നതില്‍ പ്രതികള്‍ക്ക് സഹായം ഒരുക്കിയതിനുമാണ് രാഖിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. മറ്റു പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.

കൊട്ടാരക്കര വെണ്ടാറില്‍ വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കൂട്ടത്തല്ലിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറല്‍. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ വീഡിയോയാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

സ്ത്രീകളടക്കമുള്ളവര്‍ കൈക്കോട്ടും വടിയുമായി പരസ്പരം അടിക്കുന്നതും തെറി വിളിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

ഞായറാഴ്ച ഉച്ചയോടെയാണ് വെണ്ടാറില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. സ്വകാര്യവ്യക്തിയുടെ പുരയിടത്തോട് ചേര്‍ന്നുള്ള വഴിയെ ചൊല്ലിയായിരുന്നു തര്‍ക്കം. സ്വകാര്യവ്യക്തിയുടെ ആളുകളും സമീപത്തുള്ള മറ്റു കുടുംബങ്ങളും ഇതേ ചൊല്ലി പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.

സംഘര്‍ഷത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. ആശുപത്രിയിലെത്തിച്ച ഇവരെ ആദ്യം ചികിത്സിക്കാന്‍ തയ്യാറായില്ലെന്നും ആരോപണമുണ്ട്. ആശുപത്രിയിലെത്തിയ ഇവരെ സ്വകാര്യവ്യക്തിയുടെ ബന്ധുക്കള്‍ ചേര്‍ന്ന് വീണ്ടും മര്‍ദിച്ചതായും പരാതിയുണ്ട്.

ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ രാജ്യം വിട്ട മകള്‍ ആയിഷയെയും ചെറുമകളെയും തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് സുപ്രീം കോടതിയെ സമീപിച്ചു.

അഫ്ഗാനിസ്ഥാനില്‍ തടവില്‍ കഴിയുന്ന ആയിഷ എന്ന സോണിയ സെബാസ്റ്റ്യനെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടാണ് പിതാവ് സെബാസ്റ്റ്യന്‍ സേവ്യറാണ് ഹര്‍ജി നല്‍കിയത്. ഐഎസില്‍ ചേര്‍ന്ന ഭര്‍ത്താവിനൊപ്പം രാജ്യം വിട്ടതാണ് ആയിഷ.

ഐസിസ് തീവ്രവാദിയായ ഭര്‍ത്താവ് മരിച്ചതോടെ പിടിയിലായ ആയിഷയും മകളും ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലെ ജയിലിലാണ്. ഇവരുടെ മകള്‍ സാറയ്ക്ക് ഇപ്പോള്‍ ഏഴ് വയസുണ്ട്. ആയിഷയ്‌ക്കൊപ്പം ഇതുപോലെ നാടുവിട്ട മറ്റ് സ്ത്രീകളും ജയിലിലുണ്ട്.

അഫ്ഗാന്‍ സൈന്യവും താലിബാനും തമ്മില്‍ വലിയ ഏറ്റുമുട്ടല്‍ നടക്കുന്ന അഫ്ഗാനില്‍ ഏത് നിമിഷം വേണമെങ്കിലും മകളെയടക്കം തൂക്കിലേറ്റുമെന്നും അതിനാല്‍ പേരക്കുട്ടിയായ സാറയുടെ ഭാവി സുരക്ഷിതമാക്കേണ്ടത് ഇന്ത്യയുടെ കടമയാണെന്നും ഇവരെ തിരികെ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെടണമെന്നുമാണ് സെബാസ്റ്റിയന്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ ആവശ്യം.

കാസര്‍കോട് സ്വദേശിയായ അബ്ദുള്‍ റഷീദിനൊപ്പം ആയിഷ പോയത് 2011ലാണ്. 2013 ഒക്ടോബറില്‍ സാറ ജനിച്ചു. 2016ല്‍ ഇവരെല്ലാം ഐസിസിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഇന്ത്യ വിട്ടുപോയി. പിന്നീട് അബ്ദുള്‍ റഷീദിനെ കാണ്മാനില്ലെന്ന് ഇയാളുടെ പിതാവ് കാസര്‍കോട് ചന്തേര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

വൈകാതെ ഇയാള്‍ മരണമടഞ്ഞതാണെന്നും ആയിഷയും മകളും അഫ്ഗാനില്‍ ജയിലിലാണെന്നും വിവരമറിഞ്ഞു. നിലവില്‍ പിടിയിലായ സ്ത്രീകളെല്ലാം എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളാണ്.

കേരള ലോട്ടറിയുടെ ആറ് കോടിയുടെ ബംബര്‍ സമ്മാനമടിച്ച ടിക്കറ്റ് ഫോണിലൂടെ കടമായി പറഞ്ഞുറപ്പിച്ചയാള്‍ക്ക് കൈമാറി സത്യസന്ധതയുടെ പ്രതിരൂപമായ ലോട്ടറി തൊഴിലാളി സ്മിജക്ക് കമീഷനായി ലഭിച്ചത് 51 ലക്ഷം രൂപ.

ഫോര്‍ച്യൂണ്‍ ലോട്ടറീസിന് കീഴിലെ പട്ടിമറ്റത്തെ ഭാഗ്യലക്ഷ്മി ഏജന്‍സിയില്‍ നിന്നായിരുന്നു സ്മിജ വില്‍പ്പനക്കായി ടിക്കറ്റ് വാങ്ങിയത്. ഫോര്‍ച്യൂണ്‍ ലോട്ടറീസ് ഉടമ ശശി ബാലനും ഭാര്യ സൈനയും ചേര്‍ന്ന് കമീഷന്‍ തുക സ്മിജക്ക് കൈമാറി. ഏജന്‍സി ഉടമക്ക് കമീഷനായി ലഭിച്ച 60 ലക്ഷം രൂപയില്‍ നിന്ന് നികുതി കഴിച്ചുള്ള തുകയാണ് സ്മിജക്ക് നല്‍കിയത്.

കഴിഞ്ഞ മാര്‍ച്ചിലായിരുന്നു സ്മിജ മറ്റൊരാള്‍ക്ക് പറഞ്ഞുറപ്പിച്ച ടിക്കറ്റിന് ആറ് കോടിയുടെ ബംബര്‍ സമ്മാനം അടിച്ചത്. ചുണങ്ങംവേലി രാജഗിരി ആശുപത്രിക്കു മുമ്പിലാണ് സ്മിജ കെ. മോഹന്‍ ലോട്ടറി വില്‍പന നടത്തുന്നത്.

സ്ഥിരമായി ടിക്കറ്റെടുക്കുന്ന ചക്കംകുളങ്ങര പാലച്ചുവട്ടില്‍ പി.കെ. ചന്ദ്രന്‍ എന്നയാള്‍ ഫോണിലൂടെ കടമായി പറഞ്ഞുറപ്പിച്ച 200 രൂപയുടെ ടിക്കറ്റിനാണ് ഒന്നാംസമ്മാനം ലഭിച്ചത്. തന്റെ കൈയിലുള്ള ടിക്കറ്റിന് ബംബര്‍ അടിച്ചെന്ന് അറിഞ്ഞിട്ടും ചന്ദ്രന്റെ വീട്ടിലെത്തി സമ്മാനാര്‍ഹമായ ടിക്കറ്റ് സ്മിജ കൈമാറുകയായിരുന്നു.

സ്മിജയുടെ ജീവിതത്തിലെ കഷ്ടപ്പാടുകളുടെ കഥയറിയുമ്പോളാണ് ഈ നന്മക്ക് വിലയറിയുന്നത്. ലോട്ടറി ടിക്കറ്റ് അച്ചടിക്കുന്ന കാക്കനാട് സര്‍ക്കാര്‍ പ്രസില്‍ താല്‍ക്കാലിക ജീവനക്കാരായിരുന്നു സ്മിജയും ഭര്‍ത്താവ് രാജേശ്വരനും. മൂത്തമകന്‍ ജഗന്‍ (12) തലച്ചോറിന് രക്തം കട്ടപിടിക്കുന്ന രോഗത്തിന് ചികിത്സയിലാണ്. രണ്ടര വയസുള്ള രണ്ടാമത്തെ മകന്‍ ലുഖൈദിന് രക്താര്‍ബുദമെന്ന്? കണ്ടെത്തിയിരുന്നെങ്കിലും പിന്നീട് മാറി.

രണ്ടാമത്തെ കുട്ടിക്കു കാന്‍സര്‍ വന്നതോടെയാണ് സ്മിജയ്ക്കു ജോലിക്കു പോകാന്‍ കഴിയാതായത്. മൂത്ത മകന്റെ ചികിത്സയ്ക്കു മുന്‍കൂട്ടി പറയാതെ അവധി എടുത്തതിനാല്‍ രാജേശ്വരനും ജോലി നഷ്ടമായി. ഇതോടെയാണ് ഇരുവരും ലോട്ടറി കച്ചവടത്തിലേക്കിറങ്ങിയത്. പട്ടിമറ്റം വലമ്പൂരില്‍ ലൈഫ് പദ്ധതി പ്രകാരം നിര്‍മിച്ച വീട്ടിലാണ് സ്മിജയും കുടുംബവും താമസിക്കുന്നത്.

നറുക്കെടുപ്പു ദിവസമായ ഞായറാഴ്ച ഉച്ചയായിട്ടും ടിക്കറ്റുകള്‍ വിറ്റുപോകാതെ വന്നതോടെയാണ് സ്മിജ സ്ഥിരം എടുക്കുന്നവരെ വിളിച്ച് ടിക്കറ്റ് വേണോയെന്ന് ചോദിച്ചത്. കൈവശമുള്ള 12 ടിക്കറ്റുകളുടെ നമ്പറുകള്‍ സ്മിജ ഒന്നൊന്നായി പറഞ്ഞപ്പോള്‍ അതില്‍ നിന്ന് ഒരെണ്ണം തനിക്കുവേണ്ടി മാറ്റിവെക്കാന്‍ ചന്ദ്രന്‍ പറയുകയായിരുന്നു.

ടിക്കറ്റ് വിലയായ 200 രൂപ പിന്നെ തരാമെന്നും പറഞ്ഞു. ഫലം വന്നപ്പോളാണ് ഈ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് അറിയുന്നത്. അപ്പോള്‍ തന്നെ ഭര്‍ത്താവ് രാജേശ്വരനൊപ്പം ചന്ദ്രന്റെ വീട്ടിലെത്തി ടിക്കറ്റ് കൈമാറുകയായിരുന്നു.

കീഴ്മാട് ഡോണ്‍ ബോസ്‌കോയില്‍ പൂന്തോട്ട പരിപാലകനായി ജോലി ചെയ്യുന്ന ചന്ദ്രന്‍ 15 വര്‍ഷമായി സ്ഥിരമായി ലോട്ടറി എടുക്കുന്നയാളാണ്. നികുതി കഴിഞ്ഞു 4 കോടി 20 ലക്ഷം രൂപയാണ് ചന്ദ്രന് ലഭിക്കുക.

Copyright © . All rights reserved