വീട്ടില്‍ അതിക്രമിച്ച് കയറി യുവാവ് കത്തികൊണ്ട് മാരകമായി കുത്തിപരുക്കേല്‍പ്പിച്ച യുവതി മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനി സൂര്യഗായത്രി (20) യാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്കിടെ മരിച്ചത്.
ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. സൂര്യ ഗായത്രിയും അച്ഛനും അമ്മയും വാടകക്ക് താമസിച്ചിരുന്ന നെടുമങ്ങാട് കരുപ്പൂരെ വീട്ടിലെത്തിയായിരുന്നു ആക്രമണം. അടുക്കളവാതിലിലൂടെ അകത്തുകടന്ന അരുണ്‍, സൂര്യയെ തലങ്ങുംവിലങ്ങും കുത്തുകയായിരുന്നു. മകളെ ആക്രമിക്കുന്നതുകണ്ട അമ്മ വത്സല തടയാന്‍ ശ്രമിക്കുന്നതിനിടെ അമ്മയെയും അരുണ്‍ കുത്തി. പുറത്ത് കസേരയിലിരിക്കുകയായിരുന്ന അച്ഛന്‍ ശിവദാസനെയും അരുണ്‍ ക്രൂരമായി മര്‍ദിച്ചു. സൂര്യയുടെ തലമുതല്‍ കാല്‍ വരെ പതിനേഴ് ഇടങ്ങളിലാണ് അരുണ്‍ കുത്തിയത്.
തല ചുമരില്‍ ഇടിച്ച് പലവട്ടം മുറിവേല്‍പ്പിച്ചു. സൂര്യ അബോധാവസ്ഥയിലായിട്ടും ഇയാള്‍ വീണ്ടും വീണ്ടും കുത്തി. അയല്‍ക്കാരുടെ നിലവിളി ഉയര്‍ന്നതോടെ അരുണ്‍ ഓടി സമീപത്തെ വീട്ടിലെ ടെറസില്‍ ഒളിക്കാന്‍ ശ്രമിച്ചു. ഇവിടെ നിന്നുമാണ് നെടുമങ്ങാട് പോലീസ് ഇയാളെ അറസ്റ്റുചെയ്തത്. വഞ്ചിയൂര്‍, ആര്യനാട്, പേരൂര്‍ക്കട സ്റ്റേഷനുകളില്‍ അരുണിനെതിരേ നിരവധി കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറയുന്നു.
കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ബ്രോ ഡാഡി. ലൂസിഫർ എന്ന മെഗാ ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബ്രോ ഡാഡി. മോഹൻലാലിനൊപ്പം പൃഥ്വിരാജ് സുകുമാരനും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ അതിന്റെ അവസാന ഘട്ടത്തിലാണ്.
ഹൈദരാബാദിലാണ് ഈ ചിത്രം ഇപ്പോൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നതു.മോഹൻലാൽ, പൃഥ്വിരാജ് എന്നിവരെ കൂടാതെ കല്യാണി പ്രിയദർശൻ, മീന, ലാലു അലക്സ്, സൗബിൻ ഷാഹിർ, ജഗദീഷ്, കനിഹ, ഉണ്ണി മുകുന്ദൻ എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിൽ മോഹൻലാൽ, പൃഥ്വിരാജ് എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ രഹസ്യം പുറത്തായി എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.
മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മകൻ ആയാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത് എന്നാണ് വാർത്തകൾ വരുന്നത്. പിങ്ക് വില്ല എന്ന ഓൺലൈൻ മാധ്യമത്തിന് നടൻ ജഗദീഷ് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം പുറത്തു പറഞ്ഞത് എന്നും വാർത്തകൾ വരുന്നുണ്ട്. ക്രിസ്ത്യൻ കുടുംബ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നതെന്നും മൂന്നു സുഹൃത്തുക്കളുടെ കഥയാണ് ഈ ചിത്രം പറയുന്നതെന്നും ജഗദീഷ് പറയുന്നു.
ഒരു കംപ്ലീറ്റ് ഫാമിലി കോമഡി എന്റെർറ്റൈനെർ ആയാണ് ഈ ചിത്രം ഒരുക്കുന്നത്. നവാഗതരായ ശ്രീജിത്ത്, ബിബിൻ എന്നിവർ ചേർന്ന് രചിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ദീപക് ദേവും കാമറ ചലിപ്പിക്കുന്നത് അഭിനന്ദം രാമാനുജനും ആണ്. ബ്രോ ഡാഡി കൂടാതെ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ, ലൂസിഫർ പാർട്ട് 3 എന്നിവയും മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിൽ അണിയറയിൽ ഒരുങ്ങുന്ന, ഇനി വരാനുള്ള ചിത്രങ്ങളാണ്.
പോക്സോ കേസിൽ 35 ദിവസത്തെ ജയിൽ വാസത്തിനു ശേഷം, ഡിഎൻഎ ഫലം നെഗറ്റീവായതിനാൽ മോചിതനായ തിരൂരങ്ങാടി തെന്നല സ്വദേശി 18കാരൻ ശ്രീനാഥും കുടുംബവും നീതിനിഷേധം ആരോപിച്ച് കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ചോദ്യം ചെയ്യലിനിടെ പൊലീസ് മർദിച്ചെന്നും കുറ്റം സമ്മതിക്കണമെന്നു നിർബന്ധിച്ചെന്നും ശ്രീനാഥ് പറയുന്നു.
ചെയ്യാത്ത തെറ്റിനു മൂന്നു ജയിലുകൾ കയറി. അതും പതിനെട്ടാം വയസ്സിൽ. വിലങ്ങണിയിച്ചാണ് പുലർച്ചെ പെൺകുട്ടിയുടെ വീട്ടിലേക്കു കൊണ്ടുപോയത്. അവിടെവച്ചു പൊലീസ് കരണത്തടിച്ചു. നീ പൊട്ടനാണോ എന്നു ചോദിച്ചായിരുന്നു അടി. പൊലീസുകാരുടെ അടി കാരണം ചെവിക്കു കേൾവിശേഷി കുറഞ്ഞു.’– ശ്രീനാഥ് പറഞ്ഞു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയായ കേസിലാണ് പ്ലസ്ടു വിദ്യാർഥിയായ ശ്രീനാഥിനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്. ഡിഎൻഎ പരിശോധനാ ഫലം നെഗറ്റീവായതോടെ മഞ്ചേരി പ്രത്യേക പോക്സോ കോടതി ശ്രീനാഥിനെ സ്വന്തം ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു.
പരാതിയുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരേയും കോടതിയേയും സമീപിക്കാൻ ഒരുങ്ങുകയാണ് ശ്രീനാഥും കുടുംബവും. വരും ദിവസങ്ങളിൽ കോടതി കേസുമായി ബന്ധപ്പെട്ട തുടർനടപടികളിലേക്കു കടക്കും. പെൺകുട്ടിയെ പീഡിപ്പിച്ചയാളെ കണ്ടെത്താൻ വിശദമായ പുനരന്വേഷണം ആവശ്യമുണ്ട്.
കഴിഞ്ഞ ഏപ്രിലിൽ സ്കൂളിൽനിന്നു സ്പെഷൽ ക്ലാസ് കഴിഞ്ഞുവന്നപ്പോൾ ശ്രീനാഥ് സ്വന്തം വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്ന വിദ്യാർഥിനിയുടെ മൊഴിപ്രകാരം ആണ് പോക്സോ കുറ്റം ചുമത്തി തിരൂരങ്ങാടി പൊലീസ് കേസ് എടുത്തത്. താൻ നിരപരാധിയാണെന്നും പെൺകുട്ടിയുമായി ഒരു വർഷത്തെ പരിചയം മാത്രമേ ഉള്ളൂവെന്നും അന്ന് ശ്രീനാഥ് മൊഴി നൽകിയിരുന്നു. തുടർന്നാണ് ഡിഎൻഎ പരിശോധന വേഗത്തിലാക്കാൻ പൊലീസ് നടപടിയെടുത്തത്.
നഗരത്തില്‍ 130 കെട്ടിടങ്ങള്‍ അപകടാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. കൊച്ചി കോര്‍പ്പറേഷന്‍ നടത്തിയ പ്രാഥമിക സര്‍വ്വേയിലാണ് ഗുരുതമായ കണ്ടെത്തല്‍. ഇടപ്പള്ളി, ഫോര്‍ട്ടുകൊച്ചി, വൈറ്റില മേഖലകളിലാണ് അപകടാവ്സ്ഥയിലുള്ള കൂടുതല്‍ കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്നത്.
കോര്‍പ്പറേഷന് കീഴിലെ എഞ്ചിനീയര്‍മാരാണ് പരിശോധന നടത്തിയത്. സുരക്ഷാ ഭീഷണിയുയര്‍ത്തുന്ന പതിറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടങ്ങള്‍ ഈ പട്ടികയിലുണ്ട്. നിലവില്‍ കച്ചവട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നവയാണ് കെട്ടിടങ്ങളിലേറെയും.
700ലധികം സ്ഥാപനങ്ങള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബല പരിശോധന നടത്തിയ ശേഷം ഈ 130 കെട്ടിടങ്ങളില്‍ നിന്ന് പൊളിച്ചു നീക്കേണ്ടവയുടെ പട്ടിക തയ്യാറാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
കണ്ണൂർ മട്ടന്നൂര്‍ കളറോഡില്‍ കാറും ബസും കൂട്ടിയിടിച്ച് സെമിനാരി വിദ്യാര്‍ത്ഥി മരിച്ചു. കാഞ്ഞിപ്പള്ളി നല്ല സമറയാൻ ആശ്രമത്തില്‍ ശുശ്രൂഷ ചെയ്തുകൊണ്ടിരിന്ന റീജന്റ് ബ്രദർ കോരുത്തോട് സ്വദേശി തോമസുകുട്ടി കുറ്റിക്കാട്ടാണ് (25) അപകടത്തിൽ മരണമടഞ്ഞത്. വാഹനത്തിലുണ്ടായിരിന്ന സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡംഗവും കാഞ്ഞിരപ്പള്ളി രൂപത വൈദികനുമായ ഫാ റോയി മാത്യു വടക്കേല്‍, സിസ്റ്റര്‍ ട്രീസ, ഡ്രൈവര്‍ അജി, ഷാജി എന്നിവരെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നു കാലത്ത് 9.30ഓടെ കളറോഡ് – പത്തൊമ്പതാം മൈല്‍ മലബാര്‍ സ്‌കൂളിനു സമീപമായിരുന്നു അപകടം. കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ഇരിട്ടിയിലേക്ക് പോകുന്ന സംഘം സഞ്ചരിച്ച കാര്‍ എതിരേ വരികയായിരുന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. സാമൂഹ്യ നീതി വകുപ്പിന്‍റെ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്‍റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
മൂവാറ്റുപുഴയിൽ ലോറിയും കാറും കൂട്ടിയിടിച്ച് യുവാക്കൾ മരിച്ചു. മൂവാറ്റുപുഴ ഭാഗത്തേക്കു പോകുകയായിരുന്ന ലോറിയും തൃശൂരിലേക്ക് പോകുന്ന കാരുമാണ് അപകടത്തിപെട്ടത്. അപകടത്തിൽ കാറിൽ സഞ്ചരിക്കുകയായിരുന്ന തൊടുപുഴ സ്വദേശി ആദിത്യൻ,വിഷ്ണു,അരുൺ ബാബു, എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന യുവാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തിങ്കളാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. കർണാടകയിൽ നിന്നും വിനോദയാത്ര കഴിഞ്ഞ് സെക്കൻഡ് ഹാൻഡ് കാർ വാങ്ങി വരുന്ന വഴിയാണ് അപകടം നടന്നത്. രണ്ട് കാറുകളിലായാണ് ഇവർ സഞ്ചരിച്ചത്. കർണാടകയിൽ നിന്നും വാങ്ങിയ കാറാണ് അപകടത്തിൽ പെട്ടത്. ഡ്രൈവ് ചെയ്ത യുവാവ് ഉറങ്ങിയതാവാം അപകടകാരണമെന്ന് പോലീസ് പറയുന്നു.
ട്വന്റി ഫോര്‍ ന്യൂസിലെ പ്രധാന അവതരാകന്‍ അരുണ്‍കുമാര്‍ ചാനലില്‍ നിന്നും ഇറങ്ങി. കേരള യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ ജോലി ചെയ്യുന്നതിനിടെ അവധിയെടുത്തായിരുന്നു അരുണ്‍കുമാര്‍ ട്വന്റിഫോറിന്റെ അവതാരകനായെത്തിയത്. വ്യത്യസ്ഥ ശൈലിയിലൂടെ വാര്‍ത്തകള്‍ അവതരിപ്പിക്കുന്ന അരുണ്‍കുമാറിന് ആരാധകരേറെയായിരുന്നു.
യൂണിവേഴ്‌സിറ്റിയിലെ അവധി അവസാനിച്ചതോടെ ചാനല്‍ വിടാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു. ഒരു വര്‍ഷമായിരുനന അവധി നീട്ടിക്കിടടാന്‍ സര്‍വ്വകലാശാലയ്ക്ക് അപേക്ഷ നല്‍കിയിരുന്നെങ്കിലും പ്രോബേഷന്‍ പിരിയഡ് ആയതിനാല്‍ നീട്ടി നല്‍കാന്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് തയ്യാറായില്ല.
നേരത്തെ മുട്ടില്‍ മരംമുറി കേസില്‍ കോഴിക്കോട് റീജണല്‍ ചീഫായിരുന്ന ദീപക് ധര്‍മ്മടത്തിനെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ചാനലിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ചാനലിന്റെ മുഖമായ പ്രധാന അവതാരകന്‍ ചാനല്‍വിടുന്നതും.
വർഷങ്ങളായി പുല്ലും പായലും വളർന്നു തിങ്ങി നിറഞ്ഞ മടൽക്കുഴിയിൽ അഞ്ചടിയോളം താഴ്ചയിൽ നിന്നു ലഭിച്ച മൃതദേഹാവശിഷ്ടം പുരുഷന്റേതെന്നു പോലീസ് സ്ഥിരീകരിച്ചു.കൊലപ്പെടുത്തിയ ശേഷം മൃതദേഹം കൊണ്ടുവന്ന് വിജനമായ സ്ഥലത്ത് താഴ്ത്തിയതാണോ എന്ന അന്വേഷണത്തിലാണ് പോലീസ്.
2017 ഏപ്രിൽ ആറിന് താഴത്തങ്ങാടി അറുപുറ ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെ പുതിയ കാറുമായി കാണാതായത്.പോലീസ് അന്വേഷണം നടത്തിയെങ്കിലും ദന്പതികളെക്കുറിച്ച് പിന്നീട് ഒരു വിവരവും ലഭിച്ചിരുന്നില്ല.
ഇവർ കൊല ചെയ്യപ്പെട്ടതാണെന്നാണ് പോലിസിന്റെ നിഗമനമെങ്കിലും മൃതദേഹങ്ങളോ ഇവർ സഞ്ചരിച്ചിരുന്ന കാറോ കണ്ടെത്താനായിട്ടില്ല.ചെമ്മനത്തുകരയിൽനിന്നു കണ്ടെത്തിയ മൃതദേഹാവശിഷ്ടം 40 നും 50 നും ഇടയ്ക്കു പ്രായമുള്ള പുരുഷന്റേതാണെന്നാണ് ഫോറൻസിക് അധികൃതരുടെ പ്രാഥമിക നിഗമനം.
ഇതു കൂടി കണക്കിലെടുത്ത് താഴത്തങ്ങാടിയിൽനിന്ന് കാണാതായ ദന്പതികളുടെ ബന്ധുക്കളിൽനിന്ന് വിവരം തേടുകയും അവരുടെ രക്തസാന്പിളുകൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.കൊല നടത്തിയവർ ആസൂത്രിതമായി വ്യത്യസ്ത സ്ഥലങ്ങളിൽ മൃതേദേഹങ്ങൾ ഒളിപ്പിച്ചതാകാമെന്ന സാധ്യതയും പോലിസ് തള്ളിക്കളയുന്നില്ല.
ഇതിനു പുറമേ പത്തു വർഷം മുന്പ് കാണാതായ വൈക്കം പോളശേരി സ്വദേശിയായ വിമുക്ത ഭടനെ സംബന്ധിച്ചും സംശയങ്ങളുയരുന്നതിനാൽ ബന്ധുക്കളുടെ രക്തസാന്പിളുകളും പോലിസ് ശേഖരിച്ചിരുന്നു.ഇതിൽ വിമുക്ത ഭടനുമായി മൃതേദേഹാവശിഷ്ടങ്ങൾക്ക് ഉയരത്തിലൊഴികെ ചില സാമ്യങ്ങളുണ്ടെന്ന് പോലിസ് പറഞ്ഞു.
വിമുക്ത ഭടന്റെ കാലിലെ ഒടിവു ശസ്ത്രക്രിയ നടത്തി പരിഹരിച്ചിരുന്നു. മൃതദേഹാവശിഷ്ടത്തിലും ഇത്തരത്തിൽ അസ്ഥി ശസ്ത്രക്രിയയിലൂടെ കൂട്ടി ചേർത്തതായി കണ്ടെത്തിയിരുന്നു.മദ്യപിച്ചു അടിപിടിയുണ്ടാക്കി നടന്നിരുന്ന വിമുക്തഭടൻ ഏതെങ്കിലും സംഘർഷത്തിൽ കൊല ചെയ്യപ്പെട്ട് കുഴിച്ചുമൂടപെട്ടതാണോ എന്ന സാധ്യതയും പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.
കാണാതാകുന്നതിനു മുന്പ് വിമുക്തഭടൻ ചേർത്തല പൂച്ചാക്കലിലെ ഭാര്യ വിട്ടീലായിരുന്നു താമസം.കുറച്ചുകാലം മാതാപിതാക്കൾക്കൊപ്പം ചെമ്മനത്തുകരയിൽ ഇയാൾ വാടക വീട്ടിൽ താമസിച്ചിരുന്നതായി പോലിസിനു വിവരം ലഭിച്ചിരുന്നു.
പൂച്ചാക്കലിൽ കഴിയുന്നതിനിടയിൽ ഇയാൾ ചെമ്മനത്തുകരയിലെ സുഹൃത്തുകളെ കാണാനോ മറ്റോ എത്തി സംഘർഷത്തിൽപ്പെട്ടതാണോ എന്ന സംശയം ബലപ്പെടുകയാണ്.മൃതദേഹാവശിഷ്ടം കണ്ടെത്തിയ സംഭവത്തിലെ ചുരുളഴിക്കാൻ പോലീസ് സ്ക്വാഡ് രൂപീകരിച്ചാണ് അന്വേഷണം ഉൗർജിതമാക്കിയത്.
വൈക്കം ഡിവൈഎസ്പി എ.ജെ. തോമസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നു വരുന്നത്. തിരുവനന്തപുരത്തെ ഫോറൻസിക്ക് ലാബിൽ രാസ പരിശോധനയക്കായി മൃതദേഹാവശിഷ്ടങ്ങൾ ഇന്നലെ കൊണ്ടുപോയി.കോട്ടയം മെഡിക്കൽ കോളേജിൽ മൃതദേഹാവശിഷ്ടങ്ങൾ പോസ്റ്റുമോർട്ടം ചെയ്തതിന്റെ ഫോറൻസിക് റിപ്പോർട്ടുകൂടി ഇതിനൊപ്പം ഫോറൻസിക് ലാബ് അധികൃതർക്കു കൈമാറി.
അന്വേഷണം പത്തു വർഷം മുന്പു കാണാതായ ടിവി പുരം സ്വദേശിയായ ഗൃഹനാഥനിലേക്കും നീളുന്നു.നാട്ടിൽ ചില അടിപിടി കേസുകളിൽ ബന്ധമുണ്ടായിരുന്ന യുവാവിനെ പിന്നീട് പൊടുന്നനെ കാണാതാകുകയായിരുന്നു. ഇയാളുടെ ബന്ധുക്കളിൽനിന്നു പോലിസ് വിവരങ്ങൾ തേടി.
2017 ഏപ്രിൽ ആറിന് ഒരു ഹർത്താൽ ദിനത്തിൽ വൈകുന്നേരം ഏഴോടെ ഭക്ഷണം വാങ്ങാനായി വീടിനടുത്തുള്ള തട്ടുകടയിലേക്ക് കാറിൽ പോയതാണ് കോട്ടയം താഴത്തങ്ങാടി അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37)എന്നിവർ.ഇവരെ കാണാതായി വർഷങ്ങൾ പിന്നിട്ടിട്ടും ഇതുവരെ ഒരു സൂചനയുമില്ല. ഇപ്പോഴും വീട്ടുകാരും ബന്ധുക്കളും ഇവർക്കായി കാത്തിരിക്കുകയാണ്.
ലോക്കൽ പൊലീസ് അന്വേഷണം ആരംഭിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. നാടുമുഴുവൻ അരിച്ചുപെറുക്കിയിട്ടും കാർ അടക്കം ദന്പതിമാരെക്കുറിച്ച് ഒരു സൂചനയുമില്ല.ആരെങ്കിലും അവരെ അപായപ്പെടുത്തിയേക്കാം എന്ന സാധ്യത പോലീസ് ആദ്യം മുതൽ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇവർക്ക് ശത്രുക്കൾ ആരുമില്ലെന്നാണ് വീട്ടുകാരും നാട്ടുകാരും പറയുന്നത്.
തട്ടുകടയിലേക്കെന്നു പറഞ്ഞു കാറുമായി പുറത്തേക്ക് പോയപ്പോൾ പഴ്സ്, എടിഎം കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, മൊബൈൽ ഫോണ് എന്നിവയൊന്നും ഇവർ എടുത്തിരുന്നില്ല.രാത്രി വൈകിയും ഇവരെ കണാതായതോടെയാണ് ഹാഷിമിന്റെ ബാപ്പ അന്വേഷിച്ചിറങ്ങിയത്. സുഹൃത്തുക്കൾ, ബന്ധുവീടുകൾ അടക്കം പരിചയക്കാരുടെ മേഖലകളിൽ അന്വേഷിച്ചെങ്കിലും ഒരു തുന്പും ലഭിച്ചില്ല.
പിറ്റേന്ന് കോട്ടയം വെസ്റ്റ് സ്റ്റേഷനിലെത്തി പരാതി നൽകി. ഹാഷിമിന്റെ ഫോർ രജിസ്ട്രേഷൻ ഗ്രേ കളർ വാഗണ്ആർ കാർ ഇല്ലിക്കൽ പാലം കടന്ന് വലത്തോട്ട് പോയതായി സിസി ടിവി ദൃശ്യത്തിൽ കണ്ടെത്തി.ആറ്റിൽ പതിച്ചതാവാം എന്ന നിഗമനത്തിൽ തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. നാട്ടുകാർ ആക്ഷൻ കൗണ്സിൽ രൂപീകരിച്ച് സമര രംഗത്തെത്തിയതോടെ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി.
അവരുടെ അന്വേഷണത്തിൽ കാണാതായതിന്റെ തലേദിവസം ഹാഷിം പീരുമേട്ടിലെത്തിയതായി വിവരം ലഭിച്ചു.ഹാഷിം എന്തിന് പീരുമേട്ടിൽ പോയി എന്നായി പിന്നെയുള്ള അന്വേഷണം. അന്നു പുറത്തുപോയതു സംബന്ധിച്ചു ഹാഷിമിനോട് ചോദിച്ചപ്പോൾ കോട്ടയം ടൗണിൽ ഉണ്ടായിരുന്നുവെന്നാണ് മറുപടി പറഞ്ഞതെന്നു വീട്ടുകാർ പറയുന്നു.
പിന്നീട് പീരുമേട് കേന്ദ്രമാക്കി അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഹാഷിമും ഭാര്യയും പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്ന വിവരവും ഇതിനിടെ ക്രൈംബ്രാഞ്ചിന് ലഭിച്ചു.ഹബീബ വിഷാദ രോഗത്തിന് ചികിത്സ തേടിയതായും കണ്ടെത്തി. ഇതിനിടയിൽ ഹാഷിമിനേയും ഭാര്യ ഹബീബയേയും അജ്മീർ ദർഗയിൽ കണ്ടെന്നുള്ള കോട്ടയം സ്വദേശിയുടെ മൊഴിയെ തുടർന്നു ക്രൈംബ്രാഞ്ച് സംഘം അവിടെ ഒരാഴ്ചയോളം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
കേസ് സിബിഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് പിതാവ് അബ്ദുൾ ഖാദർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. പുല്ലുണ്ടശ്ശേരി കാവിൽപാടം രാജേഷിന്റെ ഭാര്യ ആതിരയുടെ (27) മരണത്തിലാണ് സുഹൃത്തായ കല്ലുവഴി വാളക്കോട്ടിൽ ശരത് (27) അറസ്റ്റിലായത്. യുവതിയുടെ ആത്മഹത്യാ കുറിപ്പിൽ ശരത്തിന്റെ പേര് പരാമർശിച്ചിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റുണ്ടായത്.
ആതിരയും ശരത്തും സ്‌കൂൾ പഠന കാലം മുതൽ സുഹൃത്തുക്കളായിരുന്നു. ഒരേ ക്ലാസിൽ പഠച്ച സൗഹൃദം മുതലെടുത്ത് ആതിരയുടെ ആറര പവൻ സ്വർണം ശരത് പണയം വയ്ക്കാൻ വാങ്ങിയിരുന്നു. എന്നാൽ ഇത് പിന്നീട് തിരിച്ചു നൽകിയില്ല. നിരന്തരം ചോദിച്ചെങ്കിലും ശരത്ത് കൈയൊഴിയുകയായിരുന്നു. വിവാഹ സമയത്ത് കൊണ്ടു വന്ന സ്വർണത്തെക്കുറിച്ച് വീട്ടുകാർ ചോദിക്കുമെന്ന് ഭയന്നാണ് ആതിര ജീവനൊടുക്കിയത്.
തന്റെ മരണത്തിന് ഉത്തരവാദി ശരത്ത് ആണെന്നും, പണയം വെക്കാനായി വാങ്ങിയ സ്വർണം തിരിച്ചു നൽകിയില്ലെന്നും ആത്മഹത്യ കുറിപ്പിൽ ആതിര എഴുതിയിരുന്നു. ഇക്കഴിഞ്ഞ 26നാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ ആതിരയെ കണ്ടെത്തിയത്.
ആതിരയുടെ ആത്മഹത്യകുറിപ്പിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ശരത്ത് പിടിയിലായത്. ശ്രീകൃഷ്ണപുരം എസ്‌ഐ കെവി സുധീഷ് കുമാറും സംഘവും ആണ് ശരത്തിനെ കസ്റ്റഡിയിലെടുത്തത്. പിന്നീട് ചോദ്യം ചെയ്തതോടെ ഇയാൾ സ്വർണം വാങ്ങിയ കാര്യവും ആതിരയെ ഭീഷണിപ്പെടുത്തിയ കാര്യവും സമ്മതിച്ചു. ഇതേത്തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് ശരത്തിനെതിരെ പോലീസ് കേസ് എടുത്തത്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു ശരത്തെന്ന് പോലീസ് പറയുന്നു. ബൈക്കിൽ യാത്ര ചെയ്തു മാലപൊട്ടിക്കൽ നടത്തിയത് ഉൾപ്പെടെ നിരവധി മോഷണക്കേസുകൾ ശരത്തിന്റെ പേരിൽ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഉണ്ട്. എന്നാൽ ഈ വിവരം ആതിരയ്ക്ക് അറിയില്ലായിരുന്നു.
ഷെറിൻ പി യോഹന്നാൻ
വായ തുറന്നാൽ നന്മ മാത്രം സംസാരിക്കുന്ന കഥാപാത്രങ്ങളും മെലോഡ്രാമയാൽ സമ്പുഷ്ടമായ കഥാഗതിയും തിരുകി കയറ്റിയ തമാശകളും ഒക്കെയായാണ് മലയാളത്തിൽ ഭൂരിഭാഗം ഫീൽ ഗുഡ് ഡ്രാമകളും പുറത്തിറങ്ങാറ്. റോജിൻ തോമസിന്റെ രണ്ടാമത്തെ ചിത്രം ഈ പതിവ് രീതിയിൽ നിന്ന് മാറിനടക്കുന്നത് വളരെ സുന്ദരമായാണ്. വലിയ പബ്ലിസിറ്റിക്ക് മുതിരാതെ ട്രെയ്ലർ മാത്രം ഇറക്കി ഈ ഓണത്തിന് കുടുംബ പ്രേക്ഷകർക്ക് സമ്മാനം ഒരുക്കിയിരിക്കുകയാണ് ആമസോൺ… വളരെ സന്തോഷം.
ഒരു വീടിന്റെയും വീട്ടിലെ ഓരോ അംഗങ്ങളുടെയും കഥയാണ് #ഹോം. ഒളിവർ ട്വിസ്റ്റും (ഇന്ദ്രൻസ്), കുട്ടിയമ്മയും (മഞ്ജു പിള്ള), ആന്റണിയും (ശ്രീനാഥ് ഭാസി), ചാൾസും (നസ്ലിൻ) അവരുടെ അപ്പച്ചനും ഒരുമിക്കുന്ന വീട്. സിനിമയിലെ ഓരോ കഥാപാത്രവും അവരുടെ സംഭാഷണങ്ങളിലൂടെയും മാനറിസത്തിലൂടെയും വളരെ വേഗം പ്രേക്ഷക മനസ്സിൽ സ്ഥാനമുറപ്പിക്കുന്നുണ്ട്. ടെക്നോളജി ഔട്ട്‌ഡേറ്റഡ് ആയ അപ്പൻ സ്മാർട്ട്‌ഫോൺ ഉപയോഗിക്കാൻ തുടങ്ങുന്നതും പിന്നീട് ഉടലെടുക്കുന്ന പ്രശ്നങ്ങളും ആന്റണിയുടെ തിരക്കഥാ രചനയും ചാൾസിന്റെ യുട്യൂബ് ചാനലും ഒക്കെയായി കഥ പല ലെയറുകളിലൂടെ സഞ്ചരിക്കുന്നുണ്ട്.
ചിത്രം കണ്ടുകഴിഞ്ഞാലും ക്ലൈമാക്സിലെ ഒളിവർ ട്വിസ്റ്റിന്റെ ചിരി ആയിരിക്കും മനസ്സിൽ. അതിഗംഭീരമാണ് ഇന്ദ്രൻസിന്റെ പ്രകടനം. ഇമോഷണൽ രംഗങ്ങളെല്ലാം ഇന്ദ്രൻസിന്റെ കയ്യിൽ ഭദ്രമാണ്. കൈനകരി തങ്കരാജും മഞ്ജു പിള്ളയും സംഭാഷണങ്ങളെക്കാൾ ഉപരിയായി പ്രവർത്തികളിലൂടെയാണ് സിനിമയിൽ അവരുടെ സ്ഥാനമുറപ്പിക്കുന്നത്. ശ്രീനാഥ് ഭാസി, ജോണി ആന്റണി, നസ്ലിൻ എന്നിവരും പ്രകടനങ്ങളിൽ മുന്നിട്ടു നിൽക്കുന്നു. ക്ലൈമാക്സിലെ അപ്പച്ചന്റെ ആ ഡയലോഗിനും പശ്ചാത്തലമായി മുഴങ്ങുന്ന സംഗീതത്തിനും ഒരു പ്രത്യേക ഭംഗിയുണ്ട്.

പ്രേക്ഷകൻ ഊഹിക്കുന്ന രംഗങ്ങൾ ആണെങ്കിൽ പോലും കൈവിട്ടുപോകാതെ അച്ചടക്കത്തോടെ സിനിമ അവസാനിപ്പിച്ചിട്ടുണ്ട്. ക്ലൈമാക്സിലെ പശ്ചാത്തലസംഗീതം വളരെ മനോഹരമാണ്. രണ്ടെമുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള ചിത്രത്തിൽ ഇടയ്ക്ക് പോലും മടുപ്പുളവാക്കുന്ന രംഗമില്ല. കാരണം, ഓരോ വീട്ടിലും നടക്കുന്ന നിത്യസംഭവങ്ങളിലൂടെ കഥ നീങ്ങുന്നത് കൊണ്ടാവും. സിനിമയുടെ പേര് പോലെ തന്നെ ആ വീടും ഒരു കഥാപാത്രമാണ്. പച്ചക്കറി തോട്ടവും പൂന്തോട്ടവും വീടും അതിമനോഹരമായി ക്യാമറയിൽ പകർത്താൻ കഴിഞ്ഞിട്ടുണ്ട്. അത്തരം ദൃശ്യങ്ങൾക്ക് തന്നെ ഒരു പ്രത്യേക ഭംഗിയുണ്ട്.
എല്ലാവർക്കും റിലേറ്റ് ചെയ്യാൻ പറ്റുന്ന കഥ, കഥാപാത്രങ്ങളുടെ മികച്ച പ്രകടനങ്ങൾ, മനോഹരമായ പശ്ചാത്തലസംഗീതം, ഛായാഗ്രഹണം എന്നിവയോടൊപ്പം റോജിൻ തോമസിന്റെ സംവിധാന മികവും ഒത്തുചേരുമ്പോൾ കണ്ണും മനസ്സും നിറയ്ക്കുന്ന സിനിമയായി മാറുന്നുണ്ട് ഹോം. മനസ്സിനോടിണങ്ങി നിൽക്കുന്ന ചിത്രങ്ങളുടെ വീട്ടിലേക്ക് ഒന്നുകൂടി… #ഹോം