ഏഴുമാസം ഗർഭിണിയായിരിക്കെ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയ ദീപ്തിയുടെ നിലവിളി ഭർത്താവ് അഖിലിന്റെ ചെവിയിൽ ഇപ്പോഴും മുഴങ്ങുകയാണ്. ‘നടുപിളരുന്ന വേദനയാണ്… ഞാൻ മരിച്ചുപോകുമോ…?’-എന്നാണ് ദീപ്തി ഒടുവിലും ചോദിച്ചത്. അഖിൽ എല്ലാ ആശ്വസവാക്കുകളും ചൊരിഞ്ഞിട്ടും ദീപ്തി വിടപറയുകയായിരുന്നു. നേര്യമംഗലം വെള്ളൂർത്തറ വീട്ടിൽ അഖിലിന്റെ ഭാര്യയാണ് ദീപ്തി.
ഏഴുമാസം ഗർഭിണിയായ ദീപ്തി സിസേറിയനിലൂടെയാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്. 28ന് ജനിച്ച കുഞ്ഞിന് ഒരു കിലോഗ്രാം മാത്രമാണ് ഭാരം. കുഞ്ഞ് നിലവിൽ എൻഐസിയുവിലാണ്. നാലു ലക്ഷത്തോളം രൂപയാണ് കുഞ്ഞിന്റെ ചികിത്സയ്ക്കായി വേണ്ടത്. രണ്ടു മാസത്തോളം ആശുപത്രിയിൽ തുടരേണ്ടി വരും. ടൈൽസ് ജോലിക്കാരനായ അഖിലിന് എത്രകഷ്ടപ്പാട് സഹിച്ചാണെങ്കിലും മകനെ രക്ഷിക്കണമെന്ന ചിന്ത മാത്രമാണുള്ളത്.
‘അമ്മ എപ്പോൾ വരും…? എന്നു ചോദിക്കുന്ന ആറും നാലും വയസ്സുള്ള പെൺകുഞ്ഞുങ്ങളെ ചേർത്തുപിടിച്ച് വിതുമ്പാൻ മാത്രമേ അഖിലിന് സാധിക്കുന്നുള്ളൂ. മക്കളെ ഇതുവരെ അമ്മയുടെ മരണം അറിയിച്ചിട്ടില്ല. രോഗബാധിതരായ രണ്ട് അമ്മമാരും ഒരു മുത്തശ്ശിയും ഈ പെൺകുഞ്ഞുങ്ങളും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയാണ് അഖിൽ.
ഓഗസ്റ്റ് 13നാണ് ചുമയ്ക്ക് ചികിത്സ തേടിയ ദീപ്തി കോവിഡ് പോസിറ്റീവാണെന്ന് അറിയുന്നത്. ആദ്യം കോതമംഗലത്തെ എഫ്എൽടിസിയിലാക്കി, പിന്നീട് ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആദ്യ രണ്ടുദിവസം മാത്രമാണ് പനി ഉണ്ടായിരുന്നത്. എന്നാൽ, 14 ദിവസം കഴിഞ്ഞുള്ള പരിശോധനയിലും ദീപ്തി പോസിറ്റീവായി തുടർന്നു. ഈ കാലത്ത് ചുമയുണ്ടെന്നു മാത്രമാണ് ദീപ്തി പറഞ്ഞിരുന്നത്.
എന്നാൽ, പിന്നീട് വളരെ പെട്ടെന്നാണ് സ്ഥിതി ഗുരുതരമായത്. കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യപ്പെട്ട ദീപ്തിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി ആസ്റ്റർ മെഡ്‌സിറ്റിയിലേക്ക് മാറ്റി. 28ന് സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. പക്ഷേ, ദീപ്തിയെ രക്ഷിക്കാൻ സാധിച്ചില്ല. അന്നുതന്നെ ദീപ്തി കോവിഡിന് കീഴടങ്ങി.
ആദ്യഘട്ടംതന്നെ നല്ല ചികിത്സ ലഭിച്ചിരുന്നെങ്കിൽ ഭാര്യയെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനാകുമായിരുന്നു എന്നാണ് അഖിൽ പറയുന്നത്. സ്വകാര്യ ആശുപത്രിയിലെത്തിയപ്പോഴാണ് ശ്വാസകോശത്തിലും മറ്റ് അവയവങ്ങളിലും ന്യൂമോണിയ ബാധയുണ്ടായെന്ന് തിരിച്ചറിയുന്നത്. രോഗാവസ്ഥയെ കുറിച്ച് ചോദിക്കുമ്പോഴൊന്നും കൃത്യമായ മറുപടി ആശുപത്രി അധികൃതരിൽ നിന്ന് ലഭിച്ചിരുന്നില്ലെന്നും അഖിൽ ആരോപിക്കുന്നു.
200 കോടിയുടെ തട്ടിപ്പ് കേസില്‍ നടി ലീന മരിയ പോളിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ സ്വദേശി സുകാഷ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടാണ് നടിയെ ഡല്‍ഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അറസ്റ്റ് ചെയ്തത്.
തിഹാര്‍ ജയിലില്‍ കഴിയുന്ന സുകാഷ് ചന്ദ്രശേഖറിന്റെ പങ്കാളിയായിരുന്ന ലീന മരിയ പോളിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തിരുന്നു. ലീന സെക്രട്ടറിയാണെന്നാണു സുകാഷ് പരിചയപ്പെടുത്തിയിരുന്നത്.
കാനറ ബാങ്കിന്റെ ചെന്നൈ അമ്പത്തൂര്‍ ശാഖയില്‍നിന്നു 19 കോടി രൂപയും വസ്ത്രവ്യാപാരിയെ കബളിപ്പിച്ചു 62.47 ലക്ഷം രൂപയും തട്ടിയെടുത്ത കേസുകളില്‍ 2013 മേയില്‍ ലീനയും സുകാഷും അറസ്റ്റിലായിരുന്നു.
അണ്ണാഡിഎംകെയുടെ പാര്‍ട്ടി ചിഹ്നമായ രണ്ടില നിലനിര്‍ത്താന്‍ സഹായിക്കാമെന്നു വാഗ്ദാനം ചെയ്തു ശശികല സംഘത്തില്‍ നിന്ന് 50 കോടി രൂപ വാങ്ങിയെന്ന കേസും അന്വേഷണത്തിലാണ്. സുകാഷിന്റെ ചെന്നൈയിലെ ബംഗ്ലാവില്‍ ഇഡി നടത്തിയ റെയ്ഡില്‍ ആഡംബര കാറുകളും പണവും പിടിച്ചെടുത്തു. റെഡ് ചില്ലീസ്, ഹസ്ബന്‍ഡ്സ് ഇന്‍ ഗോവ, കോബ്ര എന്നീ സിനിമകളില്‍ ലീന അഭിനയിച്ചിട്ടുണ്ട്.
വസ്ത്ര വ്യാപാരിയെ കബളിപ്പിച്ചു 62.47 ലക്ഷം രൂപയും തട്ടിയെടുത്ത കേസുകളില്‍ 2013 മേയില്‍ ലീനയും സുകാഷും അറസ്റ്റിലായിരുന്നു.
നിപ വൈറസ് ബാധിച്ച് മരിച്ച 12കാരന്റെ വീട്ടില്‍ കേന്ദ്രസംഘം എത്തി. മരിച്ച 12കാരന്‍ റമ്പൂട്ടാന്‍ കഴിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. നിപ ബാധിച്ച് ഇതിന്റെ പശ്ചാത്തലത്തില്‍ റമ്പൂട്ടാന്‍ പഴത്തിന്റെ സാമ്പിളുകള്‍ കേന്ദ്രസംഘം ശേഖരിച്ചു. ഇത് വവ്വാലുകള്‍ എത്തുന്ന ഇടമാണോയെന്ന് പരിശോധിക്കും. വൈറസ് ബാധ വവ്വാലുകളില്‍ നിന്ന് ഏറ്റതാണോ എന്ന് തിരിച്ചറിയുന്നതിനാണിത്.
കേന്ദ്രസംഘത്തിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ വിഭാഗത്തിലുള്ള ഡോക്ടര്‍മാരാണ് പ്രദേശത്ത് സന്ദര്‍ശനം നടത്തിയത്. കുട്ടികളുടെ മാതാപിതാക്കളും അടുത്ത ബന്ധുക്കളും ഉള്‍പ്പെടെയുള്ളവരെ കണ്ട് സംസാരിച്ചു. ശേഷം കുട്ടി കഴിച്ച ഭക്ഷണം, ഇടപെട്ടിട്ടുള്ള മൃഗങ്ങള്‍ തുടങ്ങിയവക്കുറിച്ചൊക്കെ സംഘം ചോദിച്ചറിഞ്ഞു.
എല്ലാവരോടും കര്‍ശനമായ ജാഗ്രത പുലര്‍ത്തണമെന്നും സമാനലക്ഷണം ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. വീടുകളിലും പരിസരങ്ങളിലും പാലിക്കേണ്ട പ്രോട്ടോക്കോള്‍ സംബന്ധിച്ചും തുടര്‍ന്ന് എടുക്കേണ്ട നടപടികള്‍ സംബന്ധിച്ചും കേന്ദ്രസംഘം നേരിട്ട് പ്രദേശവാസികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി.
മരിച്ച കുട്ടിയുടെ വീടിന്റെ മൂന്ന് കിലോമീറ്റര്‍ പരിധിയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി ചാത്തമംഗലം പഞ്ചായത്തിലെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവ് കണ്ടെയിന്റ്മെന്റ് സോണാക്കി.
പ്രേംനസീറിന്റെ ഡ്യൂപ്പായി സാഹസിക വേഷങ്ങള്‍ ചെയ്ത ആലപ്പുഴ ചാത്തനാട് വെളിപ്പറമ്പില്‍ നസീര്‍ കോയ (എ കോയ-85) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ശനിയാഴ്ച പുലര്‍ച്ചെയാണ് അന്ത്യം.
കുഞ്ചാക്കോ സംവിധാനം ചെയ്ത ‘ഉമ്മ’ എന്ന ചിത്രത്തിലൂടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടായിരുന്നു തുടക്കം. ‘പഴശ്ശിരാജ’ എന്ന ചിത്രത്തിലാണു നസീറിന്റെ ഡ്യൂപ്പായി അരങ്ങേറിയത്. ‘വിയറ്റ്‌നാം കോളനി’യാണ് അവസാന ചിത്രം.
നൂറുകണക്കിനു സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. പ്രേംനസീറിനു സംഘട്ടനരംഗങ്ങളില്‍ പരിക്കേല്‍ക്കാതിരിക്കാന്‍ കുഞ്ചാക്കോയാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്ന കോയയെ ഡ്യൂപ്പാക്കിയത്.
നസീറിക്ക എന്നാണു പ്രേംനസീര്‍ കോയയെ വിളിച്ചിരുന്നത്. ഭാര്യ പരേതയായ നസീമ, മക്കള്‍: നവാസ്, നദീറ, സിയാദ്, നിഷ, നിയാസ്. മരുമക്കള്‍: കുല്‍സുംബീവി, നജീബ്, താഹിറ, ഷാമോന്‍, അന്‍സി.
മമ്മൂട്ടിക്ക് സിനിമയോടുള്ള പാഷനും കാര്യങ്ങള്‍ അറിയാനുള്ള താല്‍പര്യത്തെ കുറിച്ചും പറഞ്ഞ് കുഞ്ചാക്കോ ബോബന്‍. മറ്റൊരു സൂപ്പര്‍ താരവും ചെയ്യാന്‍ ശ്രമിക്കാത്ത ചില കാര്യങ്ങളാണ് മമ്മൂട്ടി ചെയ്യാറുള്ളതെന്നും കുഞ്ചാക്കോ ബോബന്‍ നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. താരത്തിന്റെ വാക്കുകളാണ് വീണ്ടും വൈറലാകുന്നത്.
സിനിമയോട് വല്ലാത്ത പാഷനാണ് ആ മനുഷ്യന്. നമ്മുടെ സിനിമ പോലും അദ്ദേഹത്തിന് ബൈഹാര്‍ട്ട് ആണ്. താന്‍ നായാട്ട് എന്ന സിനിമ ചെയ്യുമ്പോള്‍ തന്നെ അതിലെ തന്റെ കഥാപാത്രത്തെ കുറിച്ചും, സിനിമയുടെ ഫുള്‍ ഡീറ്റെയ്ല്‍സ് പുള്ളി ഇങ്ങോട്ട് പറയുന്നത് കേട്ടപ്പോള്‍ ഞെട്ടി പോയി.
അങ്ങനെ ഒരു സൂപ്പര്‍ താരവും മറ്റുള്ളവരുടെ സിനിമയെ കുറിച്ച് അത് ഇറങ്ങും മുമ്പേ ഇങ്ങനെ മനസിലാക്കാന്‍ ശ്രമിക്കാറില്ല. എന്നാല്‍ മമ്മൂക്ക അങ്ങനെയുള്ള ആളല്ല. സിനിമയോടുള്ള പാഷനും ഓരോ കാര്യങ്ങളും അറിയാനുള്ള മമ്മൂക്കയുടെ താല്‍പര്യവുമൊക്കെ ഇപ്പോഴും അത് പോലെ നിലനില്‍ക്കുന്നു എന്നതിനുള്ള തെളിവാണ് തന്നെ ഞെട്ടിച്ച ആ സംഭവം എന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്.
സിനിമയില്‍ എത്തുന്നതിന് മുമ്പേ മമ്മൂട്ടിയെ കണ്ടതിനെ കുറിച്ചും താരം പറയുന്നുണ്ട്. കുഞ്ഞു നാളില്‍ ഉദയയുടെ സിനിമ അഭിനയിക്കാന്‍ വരുന്ന സമയത്ത് തന്നെ മമ്മൂക്കയെ നേരില്‍ കണ്ടിട്ടുണ്ട്. അച്ഛന്‍ സംവിധാനം ചെയ്ത തീരം തേടുന്ന തിരയുടെ ലൊക്കേഷനില്‍ വച്ചാണ് ആദ്യമായി അദ്ദേഹത്തെ കാണുന്നത് എന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
ചാത്തമംഗലത്ത് നിപ ബാധിച്ച് മരിച്ച 12-കാരന്റെ മാതാവിനും രോഗലക്ഷണം. നേരിയ പനിയാണ് ഇവര്‍ക്കുള്ളത്. ഇവരുമായി സമ്പര്‍ക്കത്തിലുള്ള 20 പേരുടെയും സാമ്പിള്‍ പരിശോധിക്കും.
പ്രാഥമിക സമ്പർക്കമുള്ള ഇവര്‍ ഹൈ റിസ്‌ക് വിഭാഗത്തിലാണ്. സര്‍വൈലന്‍സ് ടീം ഇവരെ നിരീക്ഷിക്കുന്നുണ്ട്. അവര്‍ ഉള്‍പ്പെടെയുള്ളവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയാണെന്നും കോഴിക്കോട് ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം ആരോഗ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വൈറസ് റിപ്പോര്‍ട്ട് ചെയ്തതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, പി.എ. മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ കോഴിക്കോട്ടെത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് കോഴിക്കോട്ട് നടത്തി വരുന്നത്. വൈറസ് റിപ്പോര്‍ട്ട് ചെയ്ത ഇന്നലെ രാത്രി തന്നെ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചെർന്ന് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ 16 കമ്മിറ്റികള്‍ രൂപീകരിച്ചു. കോണ്ടാക്ട് ട്രെയ്‌സിംഗ്, കമ്മ്യൂണിറ്റി സര്‍വയലന്‍സ്, ഡേറ്റ അനാലിസിസ് തുടങ്ങിയവയാണ് ഈ കമ്മിറ്റികളുടെ ദൗത്യം.
മെഡിക്കല്‍ കോളേജിലെ പേ വാര്‍ഡ് ബ്ലോക്ക് നിപ ചികിത്സയ്ക്കും ഐസൊലേഷനുമായി സജ്ജമാക്കി. നിപ രോഗികള്‍ക്ക് മാത്രമായി നെഗറ്റീവ് പ്രഷര്‍ ഐസിയുവും സജ്ജമാക്കി. 188 പേരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി. അതില്‍ 20 പേര്‍ ഹൈ റിസ്‌കാണ്. ഇതോടൊപ്പം റൂട്ട് മാപ്പും തയ്യാറാക്കി. ഹൈ റിസ്‌കിലുള്ളവരെ മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി.
നിപ പരിശോധന കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ ചെയ്യാനുള്ള സൗകര്യമൊരുക്കാന്‍ നടപടി സ്വീകരിച്ചു. എന്‍ഐവി പൂനയുമായി സഹകരിച്ച് പോയിന്റ് ഓഫ് കെയർ ടെസ്റ്റിംഗ് അവിടെ നടത്തും. അത് ഒരിക്കല്‍ കൂടി സ്ഥിരീകരിക്കാന്‍ എന്‍ഐവി പൂനയിലേക്ക് അയയ്ക്കും. 12 മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം അറിയിക്കുന്നതാണ്.
മരുന്ന് ലഭ്യതയും സുരക്ഷാ സാമഗ്രികളും ഉറപ്പാക്കി. മോണോക്ലോണല്‍ ആന്റിബോഡി ആസ്‌ട്രേലിയയില്‍ നിന്നും ഐസിഎംആര്‍ ഏഴ് ദിവസത്തിനുള്ളില്‍ എത്തിക്കുമെന്ന് ഉറപ്പ് നല്‍കി.
നിപ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ ഊര്‍ജിത ശ്രമം നടക്കുന്നുണ്ട്. സ്വകാര്യ ആശുപത്രികളുമായും ചര്‍ച്ച നടത്തി. അസ്വാഭാവികമായ പനി, അസ്വാഭാവിക മരണങ്ങള്‍ എന്നിവ ഉണ്ടായാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എല്ലാ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡേറ്റ പെട്ടന്ന് കൈമാറാനായി പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടിക വിപുലപ്പെടാനുള്ള സാധ്യതയുണ്ടെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
നിപ ചികിത്സക്കായി പരിശീലനം ലഭിച്ച ആരോഗ്യപ്രവര്‍ത്തകര്‍ തന്നെയാകും ചികിത്സക്കായി ഉണ്ടാകുക. അസാധാരണമായ പനി, മരണം എന്നിവ വരുംദിവസങ്ങളില്‍ ശ്രദ്ധയില്‍പ്പെട്ടാലോ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിട്ടുണ്ടെങ്കിലോ ആരോഗ്യവകുപ്പിനെ അറിയിക്കണം എന്ന് സ്വകാര്യ ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നിപ ബാധിച്ച് മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് ജില്ലാഭരണകൂടം തയ്യാറാക്കി. ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 1 തിയ്യതി വരെയുള്ള ദിവസങ്ങളിലെ കുട്ടിയുടെ റൂട്ട് മാപ്പാണ് പുറത്തുവിട്ടത്.
ഓഗസ്റ്റ് 27 ന് അയൽവാസികളായ കുട്ടികൾക്ക് ഒപ്പം കളിച്ചു. ഓഗസ്റ്റ് 29 ന് രാവിലെ 8. 30 മുതൽ 8. 45 വരെ എരഞ്ഞിമാവിലെ ഡോ. മുഹമ്മദ്സ് സെൻട്രൽ എന്ന സ്വകാര്യ ക്ലിനിക്കിൽ ചികിത്സക്ക് എത്തി. ഓഗസ്റ്റ് 31 ന് മുക്കം, ഓമശേരി എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ ഓട്ടോയിൽ ചികിത്സക്ക് എത്തി.
ഉച്ചക്ക് മെഡിക്കൽ കോളേജിൽ എത്തി. അവിടെ നിന്നും സെപ്തബർ 1 ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി. പിന്നീടുള്ള ദിവസങ്ങളിൽ അവിടെ തുടർന്നു.
ഈ കൊവിഡ് കാലത്ത് ഓൺലൈനിലൂടെ മാത്രം അധ്യാപകരുമായി സംവദിക്കുന്ന വിദ്യാർഥികൾക്ക്….
ഇന്ന് അധ്യാപക ദിനം
“ഗുരുവും ദൈവവും ഒരുമിച്ച് മുൻപിൽ വന്നെങ്കിൽ ആദ്യം ആരെയാണ് വന്ദിക്കേണ്ടത്? സംശയമില്ല, ഗുരുവിനെ തന്നെ, കാരണം ദൈവത്തെക്കുറിച്ച് പറഞ്ഞു തന്നത് ഗുരുവാണല്ലോ…”
കാലങ്ങൾക്ക് മുൻപ് അധ്യാപകരെക്കുറിച്ച് കബീർദാസ് പറഞ്ഞ വാക്കുകളാണിത്. ഈ അധ്യാപക ദിനത്തിലും ഇതിന്റെ മാറ്റ് കുറഞ്ഞിട്ടില്ല.
അധ്യാപകർക്ക് സമൂഹത്തിലുള്ള സ്ഥാനം വളരെ വലുതാണ്. വിദ്യാർത്ഥികളെ നാളെയെ നയിക്കാൻ കരുത്തുള്ള പൗരന്മാരാക്കി മാറ്റാൻ വഴിയൊരുക്കുകയും അതിനായി അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നവരാണ് അധ്യാപകർ. പുസ്തക താളുകളിലെ അറിവുകൾ പകരുക മാത്രമല്ല, ഒരു കുട്ടിയുടെ വ്യക്തിത്വം രൂപപ്പെടുത്തുന്ന പ്രക്രിയയും ഇവിടെ നടക്കുന്നു.
സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് ഓരോ വിദ്യാലയങ്ങളും. പരീക്ഷകളെ നേരിടുക മാത്രമല്ല ലക്ഷ്യം, അച്ചടക്കം, പരസ്പര ബഹുമാനം, സഹകരണം, ആരോഗ്യകരമായ മത്സരങ്ങൾ എന്നിവയുടെ ബാല പാഠങ്ങൾ പഠിച്ചെടുക്കുന്നതും ഇവിടെ വെച്ച് തന്നെ. ഇതിനെല്ലാം മുന്നിൽ നിന്ന് വഴി തെളിക്കുന്നവരെയാണ് അധ്യാപകർ എന്ന് ഒറ്റ വക്കിൽ അഭിസംബോധന ചെയ്യുന്നത്. കൊവിഡ് കാരണം അധ്യാപകരും വിദ്യാർത്ഥികളും ഓൺലൈൻ വേദികളിൽ മാത്രമാണ് സംവദിക്കുന്നത്. ഇതിനിടയിൽ വിദ്യാർത്ഥികൾക്ക് നഷ്ടമാകുന്നത് വലിയൊരു അനുഭവമാണ്.
വിദ്യാഭ്യാസ മേഖലയ്ക്ക് എണ്ണമറ്റ സംഭാവനകൾ നൽകിയ ഡോ. എസ്. രാധാകൃഷ്‌ണന്റെ ജന്മ ദിനമാണ് ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നത്. രാജ്യത്തിനകത്തും പുറത്തും നിരവധി സർവകലാശാലകളിൽ അധ്യാപകനായി സേവനമനുഷ്ഠിക്കുകയും മൂല്യമുള്ള വിദ്യാഭ്യാസ ആശയങ്ങൾ നടപ്പാക്കുകയും ചെയതുകൊണ്ട് അധ്യാപക വൃത്തിയ്ക്ക് മികച്ച മാതൃകയായ വ്യകതിത്വമാണ് അദ്ദേഹത്തിന്റേത്.
1962 ൽ ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമാണ് അദ്ധേഹത്തിന്റെ ജന്മ ദിനം അധ്യാപക ദിനമായി ആചരിക്കാൻ തുടങ്ങിയത്. മദ്രാസിന് വടക്ക് കിഴക്ക് ഭാഗത്തേയ്ക്ക് മാറി ആന്ധ്രാപ്രദേശിലെ തിരുത്താണി ഗ്രാമത്തിൽ 1888 സപ്തംബർ 5നായിരുന്നു അദ്ദേഹത്തിന്റെ ജനനം.
ജീന്‍ സൈബിലസ് എന്ന തത്വചിന്തകന്‍ പറഞ്ഞത് ‘അധ്യാപകന്‍ ശില്‍പ്പിയാണ്, തലമുറകളെ വാര്‍ത്തെടുക്കുന്ന ശില്‍പ്പി’ എന്നാണ്. ദേശീയ വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാനായിരുന്ന ഡി.എസ്. കോത്താരി 1966 ല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ തുടക്കം ഇങ്ങനെയായിരുന്നു; ‘ഒരു രാജ്യത്തിന്റെ ഭാവി ഭാഗധേയം നിര്‍ണ്ണയിക്കപ്പെടുന്നത് ക്ലാസ്മുറികളിലൂടെയാണ്….’
ഇത്രമാത്രം വിലപ്പെട്ടതായി കരുതുന്നതാണ് അധ്യാപകരുടെ സേവനം. കരുതലോടെയാണ് അധ്യാപകർ വിദ്യാർത്ഥികളെ വാർത്തെടുക്കുന്നത്. അത്രമാത്രം ഉത്തരവാദിത്തമുള്ള ഒരു ജോലിയായതിനാൽ അധ്യാപകർക്ക് പിഴവുകൾ സംഭവിക്കാനും പാടില്ല.
‘ഒരു ഡോക്ടര്‍ക്ക് വീഴ്ച വന്നാല്‍ രോഗി മരിച്ചേക്കാം. ഒരു എഞ്ചിനീയര്‍ക്ക് വീഴ്ച വന്നാല്‍ ഒരു പാലമോ കെട്ടിടമോ തകര്‍ന്ന് കുറച്ചുപേര്‍ മരിച്ചേക്കാം. എന്നാല്‍ ഒരു അധ്യാപകന് പിഴവ് വന്നാല്‍ ഒരു തലമുറയാണ് നശിക്കുന്നത് ‘, ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ കവാടത്തിലെ വാചകമാണിത്.

ആലുവ പ്രസന്നപുരം പള്ളിയില്‍ വിശ്വാസികളുടെ പ്രതിഷേധം. സിറോ മലബാര്‍ സഭയിലെ ആരാധനക്രമ ഏകീകരണം സംബന്ധിച്ച ഇടയലേഖനം വായിക്കുന്നതിനിടെയായിരുന്നു പ്രതിഷേധവുമായി ഒരു വിഭാഗം വിശ്വാസികള്‍ രംഗത്തെത്തിയത്.
വികാരി ഫാദര്‍ സെലസ്റ്റിന്‍ ഇഞ്ചയ്ക്കല്‍ ഇടയലേഖനം വായിക്കാന്‍ തുടങ്ങിയപ്പോള്‍ ഒരു വിഭാഗം വിശ്വാസികള്‍ മൈക് എടുത്തു മാറ്റി. തുടര്‍ന്ന് പ്രതിഷേധക്കാര്‍ ഇടയലേഖനം കത്തിച്ചു. സിറോ മലബാര്‍ സഭയിലെ ഏകീകൃത കുര്‍ബാനക്രമം നടപ്പാക്കുന്നത് വിശദീകരിച്ചുകൊണ്ടുള്ള ഇടയലേഖനമാണ് പള്ളികളില്‍ വായിച്ചത്. മാര്‍പ്പാപ്പയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കുര്‍ബാനയില്‍ ഏകീകൃത രീതി നടപ്പാക്കുന്നതെന്ന് ഇടയലേഖനത്തില്‍ പറയുന്നു.
1934 മുതലുള്ള ആരാധനാക്രമ പരിഷ്‌കരണ ശ്രമങ്ങളും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പള്ളികളിലേക്ക് നല്‍കിയ ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. നവംബര്‍ 28 മുതല്‍ പകുതി ജനാഭിമുഖവും പകുതി അള്‍ത്താരാഭിമുഖവുമായ കുര്‍ബാനക്രമം നടപ്പാക്കാനാണ് സിനഡ് തീരുമാനം.
സഭയില്‍ തുടര്‍ന്നു വന്നിരുന്ന രണ്ട് കുര്‍ബാന അര്‍പ്പണ രീതികള്‍ സമന്വയിപ്പിച്ചാണ് ഏകീകൃത രീതി നിശ്ചയിച്ചത്. ആരുടെയെങ്കിലും ജയപരാജയമായി സിനഡ് തീരുമാനങ്ങളെ കാണരുതെന്ന അഭ്യര്‍ഥനയുമുണ്ട്. മാര്‍പ്പാപ്പയുടെ നിര്‍ദേശം അനുസരിക്കാന്‍ മെത്രാന്‍മാരും വൈദികരുമടക്കം ബാധ്യസ്ഥരാണെന്നും ഇടയലേഖനത്തില്‍ പറയുന്നു. അതേസമയം, പ്രതിഷേധത്തിന് പിന്നാലെ പള്ളിയില്‍ ഇടയലേഖനം വായിച്ചതായി ഫാദര്‍ സെലസ്റ്റിന്‍ ഇഞ്ചയ്ക്കല്‍ പറഞ്ഞു.
നെല്ലിയാമ്പതിയില്‍ വെള്ളച്ചാട്ടത്തില്‍ വീണ് യുവാവിന് ദാരുണാന്ത്യം.
എറണാകുളം പുത്തന്‍കുരിശ് സ്വദേശി ജയരാജ് എന്ന ജയ് മോന്‍ (36) ആണ് മരിച്ചത്. കുണ്ടറ ചോല വെള്ളച്ചാട്ടത്തില്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടം.
പുത്തന്‍കുരിശില്‍ നിന്നും തമ്മനത്തുനിന്നുമായി മൂന്നു സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്രക്ക് വന്നവരാണ് അപകടത്തില്‍പ്പെട്ടത്. നെല്ലിയാമ്പതിയില്‍ പോയി തിരിച്ചുവരുന്നതിനിടെ വെള്ളച്ചാട്ടം കണ്ട് വണ്ടി നിര്‍ത്തുകയായിരുന്നു.
അപകടമുന്നറിയിപ്പ് അവഗണിച്ചാണ് ഇയാള്‍ വെള്ളച്ചാട്ടത്തിനടുത്തേക്ക് പോയത്. ജയ് മോന്‍ വണ്ടിയില്‍ നിന്നിറങ്ങി വെള്ളച്ചാട്ടത്തിന് സമീപത്തേക്ക് പോകുകയും പാറയില്‍ പിടിച്ച് കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍തെന്നി വെള്ളച്ചാട്ടത്തിലേക്ക് പതിക്കുകയുമായിരുന്നെന്ന് കൂടെയുണ്ടായിരുന്നവര്‍ പറയുന്നു. സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ ഇതിന്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തിരുന്നു.
ഒരു മണിക്കൂറോളം പോലീസും അഗ്‌നിശമന വിഭാഗവും നടത്തിയ തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
പണിക്കന്‍കുടിയില്‍ വീട്ടമ്മയെ അയല്‍വാസി കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസിലെ പ്രതി പണിക്കന്‍കുടി മണിക്കുന്നേല്‍ ബിനോയിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി. ഇയാളുടെ മൊബൈല്‍ നമ്പര്‍ പിന്തുടര്‍ന്നു പിടിക്കാനുള്ള ശ്രമം പോലീസ് നടത്തുന്നുണ്ട്.
കാമാക്ഷി സ്വദേശിനി താമഠത്തില്‍ സിന്ധു (45) വിന്റെ മൃതദേഹമാണ് ബിനോയിയുടെ വീടിന്റെ അടുക്കളയില്‍ നിന്നും കണ്ടെത്തിയത്. ഇയാളും സിന്ധുവും തമ്മില്‍ കാലങ്ങളായി അടുപ്പത്തിലായിരുന്നെന്നു പോലീസ് പറഞ്ഞു. പ്രതിയുമായി അടുപ്പം നിലനില്‍ക്കെ വീട്ടമ്മ പിണങ്ങിക്കഴിഞ്ഞിരുന്ന ഭര്‍ത്താവിനെ കാണാന്‍ പോയതില്‍ ഇയാള്‍ പ്രകോപിതനായിരുന്നു എന്നു പറയുന്നു
ഭര്‍ത്താവുമായി പിരിഞ്ഞ് ഇളയ മകനുമായി സിന്ധു കാമാക്ഷിയില്‍ നിന്നു പണിക്കന്‍കുടിയിലെത്തി വാടകവീട്ടില്‍ താമസിക്കുകയായിരുന്നു. ഭാര്യയെ ഉപേക്ഷിച്ചു കഴിയുന്ന ബിനോയിയുമായി സിന്ധു പിന്നീട് അടുപ്പത്തിലാകുകയായിരുന്നു.
സിന്ധു അടുത്ത നാളില്‍ ഭര്‍ത്താവിനെ കാണാന്‍ പോയതില്‍ ബിനോയി പ്രകോപിതനായിരുന്നു. ഇതിന്റെ പേരില്‍ വഴക്കിട്ട ഇയാള്‍ മകനെ കൊന്നു കെട്ടിത്തൂക്കുമെന്നു സിന്ധുവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്നും പറയുന്നു. ഇതിന്റെ പേരില്‍ ഇയാള്‍ക്കെതിരെ വെള്ളത്തൂവല്‍ പോലീസ് കേസെടുത്തിരുന്നു.
പ്രാഥമിക അന്വേഷണത്തില്‍ ബിനോയി തന്നെയാണ് കൊല നടത്തിയതെന്ന നിഗമനത്തിലാണ് അനേഷണ സംഘം. 12നാണ് സിന്ധുവിനെ കാണാതായത്. മകന്‍ വിവരം സിന്ധുവിന്റെ സഹോദരന്മാരെ അറിയിച്ചു. ഇവര്‍ വെള്ളത്തൂവല്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല. ബിനോയി സ്വന്തം വീട്ടില്‍ പുതിയ അടുപ്പ് പണിതതായി രണ്ടുദിവസം മുമ്പ് കുട്ടി പറഞ്ഞു. അമ്മയെ കാണാതായ ദിവസം ബിനോയിയുട വീട്ടില്‍ എത്തിയപ്പോഴാണ് പുതിയ അടുപ്പ് ശ്രദ്ധയില്‍ പെട്ടത്.
കഴിഞ്ഞ 11ന് രാത്രി മകനെ ബിനോയിയുടെ ബന്ധുവിന്റെ വീട്ടില്‍ കൂട്ടു കിടക്കുന്നതിനായി സിന്ധു പറഞ്ഞു വിട്ടിരുന്നു. ബിനോയിയുടെ നിര്‍ദേശ പ്രകാരമായിരുന്നു ഇത്. പിറ്റേന്നു മകന്‍ വീട്ടില്‍ എത്തിയപ്പോഴാണ് അമ്മയെ കാണാതായത്.
തുടര്‍ന്ന് മകന്‍ സിന്ധുവിന്റെ ബന്ധുക്കളെ വിവരം അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ വെള്ളത്തൂവല്‍ പോലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു.
സിന്ധുവിന്റെ തിരോധാനം സംബന്ധിച്ചു പോലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് ബിനോയ് സ്ഥലത്തുനിന്നു മുങ്ങിയത്. 29ന് തൃശൂരില്‍ ബിനോയി എടിഎം ഉപയോഗിച്ച് പണമെടുത്തതായി പോലീസ് കണ്ടെത്തി. പിന്നീട് പാലക്കാട്ടും എത്തിയതായി വിവരമുണ്ട്.
ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് ബിനോയി എന്നും നേരത്തേ വിവിധ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പോലീസ് പറയുന്നു. അകന്ന് കഴിയുന്ന ഭര്‍ത്താവ് അടുത്തിടെ പലതവണ സിന്ധുവിനെ ഫോണില്‍ വിളിച്ചിരുന്നു.