വാഹനം കേടായതിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രി ജീവനക്കാരിയെ വീട്ടിലെത്തിച്ചതിന് യുവാവിനെയും മാതാവിനെയും യുവതിയുെട ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് ആക്രമിച്ചതായി പരാതി. യുവതിയുടെ സുഹൃത്തും കോഴിക്കോട് ചോയിക്കുളം സ്വദേശിയുമായ ദിഖില്‍കുമാറിനും മാതാവ് ബേബിക്കുമാണ് മര്‍ദനമേറ്റത്. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറും ട്രാവലറും അടിച്ചുതകര്‍ത്തതിനൊപ്പം യുവതിയുടെ ഇരുചക്രവാഹനവും കടത്തിക്കൊണ്ടുപോയി. എലത്തൂര്‍ പൊലീസ് തുടര്‍നടപടിയെടുക്കാന്‍ വൈകുന്നുവെന്നാണ് ആക്ഷേപം.
കഴിഞ്ഞ പതിനെട്ടിന് കോഴിക്കോട്ടെ ആശുപത്രിയിലെ ജോലികഴിഞ്ഞ് യുവതി തലശ്ശേരിയിലേക്ക് മടങ്ങുന്നതിനിെട പൂളാടിക്കുന്നിന് സമീപം വാഹനം കേടായി. ദിഖില്‍കുമാറെത്തി യുവതിയെ സ്വന്തം വാഹനത്തില്‍ തലശ്ശേരിയിലെ വീട്ടിലെത്തിച്ചു. യുവതിയുടെ കേടായ വാഹനം ദിഖിലിന്റെ വീട്ടിലേക്ക് മാറ്റുകയും ചെയ്തു. ഈ വൈരാഗ്യമാണ് പിറ്റേന്ന് രാത്രിയിലെ ആക്രമണത്തിനിടയാക്കിയത്.
സുഹൃത്തിന് കോവിഡായതിനാല്‍ ദിഖില്‍ മറ്റൊരു വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. മാതാവ് ബേബി അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തി. അക്രമികള്‍ ജാക്കി ലിവര്‍ കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. മകനെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് ബേബിക്ക് അടിയേറ്റത്.
ഫോണ്‍ രേഖകള്‍ പരിശോധിച്ച ശേഷം കേസെടുക്കാമെന്നാണ് എലത്തൂര്‍ പൊലീസ് ദിഖിലിനെ അറിയിച്ചിട്ടുള്ളത്. കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് പൊലീസ് ബോധപൂര്‍വം സമയം നല്‍കുന്നുവെന്നാണ് കുടുംബത്തിന്റെ പരാതി. തുടര്‍ നടപടിയെടുക്കുന്നതിന് കാലതാമസം വരുത്തിയിട്ടില്ലെന്നും കേസെടുക്കാന്‍ വൈകില്ലെന്നുമാണ് എലത്തൂര്‍ പൊലീസിന്റെ വിശദീകരണം.
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
കാലം തെറ്റി വന്ന മഴ കേരളത്തിൽ നാശം വിതയ്ക്കുമ്പോൾ ജീവിതത്തിൻറെ താളം നഷ്ടപ്പെട്ട ഒരു കൂട്ടരാണ് കുട്ടനാടൻ കർഷകർ. കുട്ടനാടൻ കര ഭൂമിയിൽ നേന്ത്രവാഴയും പച്ചക്കറി കൃഷിയും ചെയ്യുന്ന കർഷകർക്ക് ഇരുട്ടടിയായി മെയ് മാസത്തിലെ മഴയും വെള്ളപ്പൊക്കവും. വെള്ളം കയറി ഒട്ടുമിക്ക വിളകളും നശിച്ച കൃഷിയിടങ്ങളാണ് മുട്ടാർ ,വെളിയനാട് , രാമങ്കരി ഗ്രാമപഞ്ചായത്തുകളിൽ കാണാൻ സാധിക്കുന്നത്. ഒരു മാസം കഴിഞ്ഞാൽ വിളവെടുക്കാൻ പാകത്തിലുള്ള നേന്ത്രവാഴ കൃഷിക്കാരെയാണ് മഴ ഏറ്റവും കൂടുതൽ ചതിച്ചത്. കുട്ടനാടൻ പ്രദേശങ്ങളിൽ നേന്ത്രവാഴ കൃഷി വ്യാപകമായുള്ള മുട്ടാർ ഗ്രാമപഞ്ചായത്തിൽ തന്നെ പതിനായിരത്തോളം വാഴകളാണ് വെള്ളപ്പൊക്കത്തിൽ നശിച്ചതെന്നാണ് കർഷകനും മുൻ പഞ്ചായത്ത് മെമ്പറും കൃഷിവിജ്ഞാനകേന്ദ്രത്തിൻ്റെ സമ്മിശ്ര കൃഷിയ്ക്കുള്ള അംഗീകാരവും ലഭിച്ചിട്ടുള്ള ജോജൻ ജോർജ്ജ് മുട്ടാർ മലയാളം യുകെയോട് പറഞ്ഞത്.

ജോജൻ ജോർജ്ജ് മുട്ടാർ തൻെറ നേന്ത്രവാഴ കൃഷിയിടത്തിൽ
വിളകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉണ്ടെങ്കിലും അത് ഫലപ്രദമായി കൃഷിക്കാരിലേയ്ക്ക് എത്തുന്നില്ല എന്ന പരാതിയാണ് കർഷകർക്ക് ഉള്ളത്. നിലവിൽ ഇൻഷുറൻസ് പ്രീമിയം തുക ജില്ലാ സഹകരണ ബാങ്കിൽ അടച്ച് ചെല്ലാൻ കൃഷി ഓഫീസിലേക്ക് അയച്ചുകൊടുക്കുന്നതായ നടപടി ക്രമങ്ങൾ മൂലം പല കർഷകരും വിള ഇൻഷുറൻസിനോട് വിമുഖത കാട്ടുന്നതായാണ് അറിയാൻ സാധിക്കുന്നത്. കൃഷിഭവനിൽ നേരിട്ട് പ്രീമിയം തുക സ്വീകരിച്ച് അവിടെത്തന്നെ തീർപ്പാക്കുന്ന രീതിയിൽ നടപ്പിലാക്കിയാൽ കൂടുതൽ കർഷകർ തങ്ങളുടെ വിളകളെ ഇൻഷ്വർ ചെയ്യാൻ മുന്നോട്ടു വരുമെന്നാണ് കർഷകരുടെ അഭിപ്രായം. അതുപോലെ തന്നെ കഴിഞ്ഞ രണ്ടു വർഷങ്ങളിലും പലർക്കും ഇൻഷുറൻസ് നഷ്ടപരിഹാരം ലഭിക്കാത്തതും കർഷകർ ഇൻഷുറൻസിനോട് വിമുഖത കാണിക്കുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ലോക് ഡൗൺ അനുബന്ധ നിയന്ത്രണങ്ങൾ മൂലം തങ്ങളുടെ വിളകൾ ഇൻഷുർ ചെയ്ത കർഷകരുടെ എണ്ണം ഈ വർഷം പൊതുവേ കുറവാണ്. മഴക്കെടുതിയിൽ വലയുന്ന കൃഷിക്കാർക്ക് തങ്ങളുടെ നഷ്ടങ്ങൾക്ക് ആനുപാതികമായി കൃഷിഭവനുകൾ വഴിയായി എത്രയും പെട്ടെന്ന് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.
ആർ. ബാലകൃഷ്ണ പിള്ളയുടെ വിൽപത്ര വിവാദത്തിൽ ഗണേഷ്കുമാറിന് പിന്തുണയുമായി ശരണ്യ മനോജ്. ബാലകൃഷ്ണപിള്ള സ്വന്തം നിലയിലാണ് വിൽപത്രം തയാറാക്കിയതെന്നും പെൺമക്കൾക്കാണ് അദ്ദേഹം കൂടുതൽ സ്വത്ത് നൽകിയതെന്നും ബന്ധു കൂടിയായ ശരണ്യ മനോജ് പറഞ്ഞു.
നിലവിലെ വിവാദങ്ങൾ ഗണേഷിന്റെ രാഷ്ട്രീയ ഭാവി തകർക്കാനാണ്. ഗണേഷ് കുമാറുമായുള്ള വിയോജിപ്പുകൾ നിലനിർത്തി കൊണ്ടാണ് വിൽപത്ര വിഷയത്തിൽ ഗണേഷിന് പിന്തുണക്കുന്നതെന്നും ശരണ്യ മനോജ് പറഞ്ഞു.
പിതാവ് ബാലകൃഷ്ണ പിള്ളയുടെ വില്‍പത്രവുമായി ബന്ധപ്പെട്ട് ഗണേഷിന്റെ സഹോദരി ഉഷ മോഹന്‍ദാസ് ആണ് പരാതി ഉന്നയിച്ചത്. വില്പത്രത്തില് ക്രമക്കേട് നടന്നെന്നാണ് ആരോപണം. വിവാദങ്ങളെ തുടര്‍ന്നാണ് ഗണേഷ് കുമാറിനെ ആദ്യ ടേം മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റിയതെന്നാണ് സൂചന.
പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് നാളെ തുടക്കമാകും. നാളെ എംഎൽഎമാരുടെ സത്യപ്രതിജ്ഞയാണ്. ചരിത്രവിജയവുമായി തുടർ ഭരണത്തിലെത്തിയ സർക്കാറിനെ പിണറായി വിജയൻ നയിക്കുമ്പോൾ പ്രതിപക്ഷത്ത് പുതിയ നായകനായി ഇനി വി. ഡി. സതീശൻ എത്തും.
ഒട്ടേറെ പുതുമകളുമായാണ് പതിനഞ്ചാം സഭാ സമ്മേളനം തുടങ്ങുന്നത്. തുടർച്ചയായി അധികാരമേൽക്കുന്ന ആദ്യ മുഖ്യമന്ത്രിയെന്ന ചരിത്രനേട്ടവുമായി പിണറായി. മിന്നും ജയത്തിന്‍റെ ആത്മവിശ്വാസത്തിൽ ഭരണപക്ഷം. തെരഞ്ഞെടുപ്പിൽ തോറ്റ യുഡിഎഫിനെ നയിക്കാനും പിണറായിയോട് എതിരിടാനും പുതിയ പ്രതിപക്ഷനേതാവായി വി. ഡി. സതീശൻ എത്തുന്നു.
സ്പ്രിംഗ്ലർ, സ്വർണ്ണക്കടത്ത് മുതൽ ഇഎംസിസി വരെ സഭയിൽ അഞ്ച് വർഷം മുഴങ്ങിയ ആരോപണ പരമ്പരകളെല്ലാം ജനം തള്ളി എന്ന് പറഞ്ഞാകും പ്രതിപക്ഷത്തെ ഭരണപക്ഷം നേരിടുക. മറുവശത്ത് പ്രതിപക്ഷ നേതാവെന്ന നിലയിൽ ആദ്യ വിലയിരുത്തലിന് വേദിയാകുന്നത്, എന്നും മിന്നും പ്രകടനം കാഴ്ച വെച്ച സഭാതലമെന്നത് സതീശന്റെ അനുകൂല ഘടകം.
പക്ഷെ, വമ്പൻ തെരഞ്ഞെടുപ്പ് തോൽവിക്കും പ്രതിപക്ഷനേതാവിന്റെ തെരഞ്ഞെടുപ്പ് നീണ്ടതിനും ചെന്നിത്തലയെ മറികടന്നതിനുമൊക്കെ ഭരണപക്ഷനിരയിൽ നിന്നുയരുന്ന വിമർശനങ്ങളെ നേരിടൽ വെല്ലുവിളിയാകും. സതീശനെന്ന പുതിയനേതാവിന് പിന്നിലേക്ക് ഉമ്മൻചാണ്ടിയും ചെന്നിത്തലയും മാറുന്ന കോൺഗ്രസ്സിലെ തലമുറമാറ്റത്തിനും സഭ സാക്ഷിയാകും.
പിണറായി മുഖ്യമന്ത്രിയായ നിയമസഭയിൽ പ്രതിപക്ഷനിരയിലേക്ക് കെ. കെ. രമയെത്തുന്നതും മറ്റൊരു കൗതുകം. സംപൂജ്യരായ ബിജെപിക്ക് ഇത്തവണ പുറത്തു നിന്നും കളി കാണേണ്ട സ്ഥിതിയാണ്. നാളെ തന്നെ സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കും. 28ന് നയപ്രഖ്യാപനപ്രസംഗവും ജൂൺ 4 ന് ബജറ്റവതരണവും നടക്കും. 14 വരെ സഭാ സമ്മേളനം തുടരും.
പലസ്തീന്റെ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി കെയര്‍ഗിവര്‍ സൗമ്യ സന്തോഷിന് ആദരസൂചക പൗരത്വവും (ഓണററി സിറ്റിസണ്‍ഷിപ്പ്) നഷ്ടപരിഹാരവും നല്‍കാന്‍ ഇസ്രായേല്‍. ന്യൂഡല്‍ഹിയിലെ എംബസിയിലെ ഉപമേധാവി റോണി യദീദിയ ക്ലിന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഇസ്രായേല്‍ ജനത തങ്ങളില്‍ ഒരാളായാണ് സൗമ്യയെ കാണുന്നത്. സൗമ്യ ഓണററി പൗരത്വത്തിന് അര്‍ഹയാണെന്നാണ് അവര്‍ വിശ്വസിക്കുന്നത്. ദേശീയ ഇന്‍ഷുറന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കും. സൗമ്യയുടെ കുഞ്ഞിനെ ഇസ്രായേല്‍ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സൗമ്യക്ക് ലഭിച്ച മഹത്തായ അംഗീകാരമായാണ് ഇസ്രായേലിന്റെ തീരുമാനത്തെ കാണുന്നതെന്ന് ഭര്‍ത്താവ് സന്തോഷ് പ്രതികരിച്ചു. മകന്‍ അഡോണിന്റെ സംരക്ഷണം സംബന്ധിച്ച കാര്യങ്ങളെ കുറിച്ചും എംബസി ഉദ്യോഗസ്ഥര്‍ അറിയിച്ചതായും സന്തോഷ് കൂട്ടിച്ചേര്‍ത്തു. ഇസ്രായേലിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്ന് സൗമ്യയുടെ ഭര്‍തൃ സഹോദരി ഇസ്രായേലിലുള്ള ഷെര്‍ലി പ്രതികരിച്ചു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് നേരിട്ടത് ചരിത്രത്തിലെ വമ്പൻ തോൽവി. കേരളത്തിൽ ആദ്യമായി തുടർ ഭരണം നേടിയെന്നത് മാത്രമല്ല, രണ്ടാം പിണറായി വിജയൻ സർക്കാരിന് വാതിൽ തുറന്നു കൊടുത്തതിൽ എതിർ ചേരിയിൽ ശക്തമായ ഒരു പ്രതിപക്ഷം പോലും ഇല്ല എന്ന രീതിയിൽ ഒരു പൊതു സംസാരം കൂടി ഉണ്ട്. പല യുവ എംഎൽഎമാരുടെയും അപ്രതീക്ഷ തോൽവിയുടെ ഞെട്ടലിൽ നിന്നും ഇതുവരെ കോൺഗസ് നേത്രത്വം മുക്തി നേടിയിട്ടില്ല.
അതിൽ പ്രമുഖർ ആണ് വി ടിയും ശബരിനാഥും എല്ലാം. അതോടൊപ്പം മാറി മാറി അങ്ങോട്ടും എങ്ങോട്ടും നേതൃസ്ഥാനത്തിരിക്കുന്നവരുടെ കുറ്റപ്പെടുത്തലുകൾ. എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് എംഎൽഎമാരുടെ പലരുടെയും പ്രത്യകിച്ചും യുവ എംഎൽഎമാരുടെ പരാജയത്തിന് കാരണം എന്തെന്ന് ലളിതമായി പറഞ്ഞു ഉപദേശവുമായി വന്നിരിക്കുകയാണ് എഐസിസി കോര്‍ഡിനേറ്റർ അഡ്വ. അനില്‍ ബോസ്. പാളിയത് എവിടെയെന്നു സ്വയം തിരിച്ചറിഞ്ഞ് തിരുത്തുക എന്ന് തന്റെ കുറിപ്പിലൂടെ വെക്തമായി പറഞ്ഞിരിക്കുന്നു അനിൽ ബോസ്. പോസ്റ്റ് ഇങ്ങനെ
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം……
റോൾ മോഡലുകൾ
……………………………….
എനിക്ക് വ്യക്തിപരമായി ആയി ഇഷ്ടവും അടുപ്പമുള്ള രണ്ട് യുവ നേതാക്കളെ ഇവിടെ ചൂണ്ടിക്കാട്ടാൻ ആഗ്രഹിക്കുന്നു.
1 . ഇന്നത്തെ മോഡൽ
വലിയ ഭൂരിപക്ഷത്തിന് കരുനാഗപ്പള്ളി തിരിച്ചുപിടിച്ച സി ആർ മഹേഷ് ആണ് , മാധ്യമങ്ങൾ, പാർട്ടി പ്രവർത്തകർ, സൈബർ ഇടങ്ങളിലെ നമ്മുടെ പോരാളികൾ ഒരുപോലെ പറയുന്നു കരുനാഗപ്പള്ളി വരെ പോകു മഹേഷിനെ മാതൃകയാക്കുകയെന്ന്
പക്ഷേ എനിക്ക് എൻറെ പ്രിയപ്പെട്ട സഹോദരൻ മഹേഷിനോട് പറയാനുള്ളത്…
പ്രശംസകളും കയ്യടികളും അറിയാതെയെങ്കിലും അഭിരമിക്കരുത് ,അഹങ്കരിക്കരുത്
പാർട്ടിയാണ് വലുത്, മുന്നണിയാണ് വലുത്, പാർട്ടി പ്രവർത്തകരാണ് വലുത് , സർവ്വോപരി ജനങ്ങളാണ് വലുത് എന്ന ചിന്തയിൽ മനസ്സിലെ നന്മ കൈവിടാതെ നോക്കുക അതിന് കഴിയണം കഴിയും
2 . ഇന്നലെകളിലെ മോഡൽ വി.ടി.ബൽറാം
നല്ല വിദ്യാഭ്യാസം, പെരുമാറ്റം, രാഷ്ട്രീയരംഗത്ത് എത്രയോ കാലം പയറ്റിത്തെളിഞ്ഞ വർക്ക് മുൻപേ കിട്ടിയ സ്ഥാനാർത്ഥിത്വം തൃത്താല പോലൊരു മണ്ഡലം തിരിച്ചു പിടിക്കാൻ കഴിയുക അഭിമാനകരമാണ്.
സമയോചിതമായ അവസരം ,കഴിവ്, ഭാഗ്യം ,പാർട്ടി പ്രവർത്തകരുടെ കഠിനാധ്വാനം ,വിജയ തേരിലേറ്റി…
സോഷ്യൽ മീഡിയയിൽ ലൈക്കുകളും കമൻറുകൾ, കണ്ടു ആരാധകർ നിരനിരയായി വന്നു നിറഞ്ഞപ്പോൾ
ചില സന്ദർഭങ്ങളിൽ പാർട്ടിയേക്കാൾ മുന്നണിയെക്കാൾ എല്ലാ നേതാക്കളെയുംകാൾ വലുതാണ് താൻ എന്ന ഒരു തോന്നൽ… സ്വയം തോന്നിയോ എന്നറിയില്ല എന്നാൽ മറ്റുള്ളവർക്ക് അങ്ങനെ തോന്നിയിട്ടുണ്ട്
അറിയാതെയെങ്കിലും ആവാം ചില പ്രതികരണങ്ങൾ അങ്ങനെ ആയി മാറുകയും ചെയ്തു കയ്യടി കിട്ടി , ലൈക്ക് കളുടെയും കമൻറ് കളുടെയും എണ്ണം കൂടി …
പക്ഷേ ലൈക്കുകൾ, കമൻറുകൾ ചെയ്തവരെ നോക്കുമ്പോൾ തിരിച്ചറിയുമ്പോൾ അതിൽ എണ്ണത്തിൽ വളരെ കുറവാണ് തൃത്താലയിലെ വോട്ടർമാർ എന്ന് മനസ്സിലാക്കാൻ കഴിയും
വാഴുന്ന കൈകൾക്ക് വള ഇടാനാണ് ഇവിടെ കിടമത്സരം നടക്കുക
അതുകൊണ്ട് പ്രിയപ്പെട്ട വി ടി ബൽറാം താങ്കൾ വീണ്ടും മോഡലായി വരണം കേരളത്തിലെ പുതിയ തലമുറയ്ക്ക് വേണ്ടി ചെയ്യേണ്ടത് അഞ്ചുവർഷത്തെ കഠിനാധ്വാനം കൊണ്ട് , സഹപ്രവർത്തകരെ വിശ്വാസത്തിലെടുത്ത് തൃത്താല തിരിച്ചു പിടിക്കുക…. പാളിയത് എവിടെയെന്നു സ്വയം തിരിച്ചറിഞ്ഞ് തിരുത്തുക
പ്രസ്ഥാനത്തോടും പ്രവർത്തകരോടും ജനങ്ങളോടും ഓരം ചേർന്ന് നിൽക്കുക എന്നുള്ളതാണ് ചെയ്യേണ്ടത് . നിലവിലെ 21 എംഎൽഎ മാരോടും ഓർമിപ്പിക്കാൻ ആഗ്രഹിക്കുന്നു
വീണ്ടും എംഎൽഎ ആയി തുടരാൻ കഴിയണമെങ്കിൽ ഇരട്ടി അധ്വാനം വേണമെന്നും
” ലൈക്കുകളും കമൻറുകൾ എണ്ണുമ്പോൾ അവർ സ്വന്തം മണ്ഡലത്തിലെ വോട്ടർമാർ ആണോ എന്നുകൂടി പരിശോധിക്കുന്നത് നന്നായിരിക്കുമെന്നും ” ഓർമ്മിപ്പിക്കട്ടെ
എങ്കിൽ മറ്റു പലർക്കും മോഡലുകൾ ആയി മാറാൻ കഴിയും
മത്സരിച്ചു പരാജയപ്പെട്ടെങ്കിലും അഞ്ചുവർഷം കൊണ്ട് ജയിക്കാൻ കഴിയണമെന്ന വിശ്വാസത്തോടെ പോരിനിറങ്ങുകയാണ് പുതുമുഖങ്ങളായി പരാജയപ്പെട്ടവർ ചെയ്യേണ്ടത്
നിങ്ങൾക്കാണ് നിങ്ങൾക്കു മാത്രമാണ് ഈ പ്രസ്ഥാനത്തെ തിരിച്ചുകൊണ്ടുവരാൻ കഴിയുക
സ്നേഹപൂർവ്വം
നിങ്ങളുടെ, സഹോദരൻ സഹപ്രവർത്തകൻ അഡ്വ. അനിൽ ബോസ്
ട്രിപ്പിൾ ലോക്ഡൗണിനിടെ കുതിരയുടെ മാനസികോല്ലാസത്തിന് ചുറ്റാനിറങ്ങിയ സവാരിക്കാരനെയും കുതിരയെയും തിരിച്ചുപായിച്ച് പൊലീസ്. ഇന്നലെ ഉച്ചയ്ക്ക് മൂച്ചിക്കലിലാണ് സംഭവം.താനൂർ പൊലീസിന്റെ നേതൃത്വത്തിൽ മൂച്ചിക്കലിൽ വാഹനപരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് കുതിരപ്പുറത്തേറി പെരുവഴിയമ്പലം സ്വദേശിയായ ഒരാൾ പാഞ്ഞു വന്നത്.
അമ്പരന്ന പൊലീസ് തടഞ്ഞു നിർത്തി കാര്യം അന്വേഷിച്ചു. കുതിര വീട്ടിൽ നിൽക്കാൻ സമ്മതിക്കാത്തതിനാൽ അതിനെ പുറത്തിറക്കിയതാണ് എന്നായിരുന്നു മറുപടി. കുതിരയുടെ മാനസികോല്ലാസത്തിനു വേണ്ടിയാണ് സവാരി നടത്തിയതെന്നും ഇയാൾ പറഞ്ഞു.വിവരമറിഞ്ഞ പൊലീസ് മാനസികോല്ലാസമൊക്കെ സ്വന്തം പറമ്പിൽ നടത്തിയാൽ മതിയെന്നും റോഡിൽ നടക്കില്ലെന്നുമുള്ള മറുപടിയോടെ സവാരിക്കാരനെയും കുതിരയെയും വീട്ടിലേക്ക് തിരിച്ചുപായിച്ചു.
മുംബൈ തീരത്തുണ്ടായ ബാർജ് ദുരന്തത്തിൽ ഒരു മലയാളി കൂടി മരിച്ചു. പാലക്കാട് തോലനൂര്‍ കീഴ്പാല പൂതമണ്ണില്സുരേഷ് കൃഷ്ണന്(43) ആണ് മരിച്ചത്. മാത്യൂസ് അസോസിയേറ്റ് കോണ്‍ട്രാക്ട് കമ്പനിയിലെ പ്രോജക്ട് മാനേജറായിരുന്നു. സംസ്ക്കാരം ഞായറാഴ്ച ബോംബെയില്‍ നടക്കും. ഇതോടെ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം ആറായി ആയി ഉയർന്നു.
കൊല്ലം സ്വദേശി എഡ്വിൻ, തൃശൂർ സ്വദേശി അർജുൻ വയനാട് സ്വദേശികളായ സുമേഷ്, ജോമിഷ്, ചിറക്കടവ് സ്വദേശി സഫിൻ ഇസ്മായീൽ എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റു മലയാളികൾ. ഇവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു.
മുൻ കോൺഗ്രസ് നേതാവും മഹിള കോൺഗ്രസ് അധ്യക്ഷയുമായിരുന്ന ലതിക സുഭാഷ് എൻസിപിയിലേക്ക്. എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോയുമായി ലതിക സുഭാഷ് ചർച്ച നടത്തി. കോൺഗ്രസ് പാരമ്പര്യമുള്ള പാർട്ടിയാണ് എൻസിപിയെന്ന് ലതിക സുഭാഷ് പറഞ്ഞു. പാർട്ടിയിൽ ചേരുന്നത് സംബന്ധിച്ച ഔദ്യോഗീക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന.
നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് ലതിക സുഭാഷ് കോൺഗ്രസ് വിട്ടത്. പാർട്ടി ഓഫീസിന് മുന്നിൽ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച ലതിക സുഭാഷ്, ഏറ്റുമാനൂർ നിയോജകമണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുകയും ചെയ്തിരുന്നു. എന്നാൽ പരാജയപ്പെട്ടു.
ഭരണം കയ്യാളുന്നില്ല എങ്കിലും ആരും കൊതിക്കുന്ന പദവി തന്നെയാണ് പ്രതിപക്ഷ നേതാവിന്റെ സ്ഥാനം. കാബിനറ്റ് റാങ്ക്, മന്ത്രിമാർക്കു തുല്യമായ ശമ്പളവും അലവൻസുകളും,താമസിക്കാൻ മന്ത്രി മന്ദിരത്തിൽ കുറയാത്ത ആഡംബര പൂർണമായ വസതിയും, സഹായത്തിന് കുക്ക് മുതൽ പ്രൈവറ്റ് സെക്രട്ടറി വരെ 30 പെഴ്സനൽ സ്റ്റാഫ്, സഞ്ചരിക്കാൻ സർക്കാർ വക കാറും കൂടെ പൊലീസ് എസ്കോർട്ടും പൈലറ്റും. നിയമസഭയിൽ ഏറ്റവും മുൻനിരയിൽ ഡപ്യൂട്ടി സ്പീക്കർക്കു സമീപം രണ്ടാമത്തെ സീറ്റാണ് അനുവദിക്കുക. നിയമസഭയിൽ പ്രത്യേക ഓഫിസ് മുറിയും. ഇത്രയൊക്കെ സൗകര്യങ്ങൾ അനുവദിക്കുമ്പോൾ സംസ്ഥാനത്തെ തന്നെ വിവിഐപികളിൽ മുൻനിരയിലാണ് പ്രതിപക്ഷ നേതാവ്.
ഇതുകൂടാതെ പ്രതിപക്ഷ നേതാവിനു സ്വന്തം മുന്നണിക്ക് അടുത്ത തെരഞ്ഞെടുപ്പിൽ ഭരണം നേടിയാൽ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് അവകാശവാദം ഉന്നയിക്കാനും എളുപ്പമായിരിക്കും. കേരളത്തിലെ പതിനൊന്നാമത് പ്രതിപക്ഷ നേതാവായി വിഡി സതീശൻ ചുമതലയേൽക്കുകയാണ്.
കേരളത്തിൽ പി ടി ചാക്കോ, ഇംഎംഎസ് നമ്പൂതിരിപ്പാട്, കെ കരുണാകരൻ, ടികെ രാമകൃഷ്ണൻ, പികെ വാസുദേവൻ നായർ, ഇകെ നായനാർ, വിഎസ് അച്യുതാനന്ദൻ, എകെ ആന്റണി, ഉമ്മൻചാണ്ടി ഏറ്റവും ഒടുവിലായി രമേശ് ചെന്നിത്തല എന്നിവരൊക്കെ പ്രതിപക്ഷ നേതാവിന്റെ കസേരയിൽ ഇരുന്നവരാണ്. ഇവരെല്ലാവരും മുഖ്യമന്ത്രി സ്ഥാനമോ മന്ത്രിസ്ഥാനമോ വഹിച്ചിട്ടുള്ളവരുമാണ്.
മുഖ്യമന്ത്രിയാകാൻ ഭാഗ്യമുണ്ടാകാത്തത് 3 പേർക്കു മാത്രം. ആദ്യ പ്രതിപക്ഷ നേതാവായ പിടി ചാക്കോ, ടികെ രാമകൃഷ്ണൻ, ഇപ്പോൾ രമേശ് ചെന്നിത്തല.
ഇതിനിടെ, വിഡി സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിക്കുന്നുവെന്ന് അറിയിപ്പു ലഭിച്ചതോടെ തന്നെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസ് ഒഴിയാൻ തന്റെ സ്റ്റാഫിനു ചെന്നിത്തല നിർദേശം നൽകിയിട്ടുണ്ട്. പ്രതിപക്ഷ നേതാവിന്റെ വീടും കാറും അടക്കമുള്ളവ ടൂറിസം വകുപ്പ് ഏറ്റെടുക്കും. പ്രതിപക്ഷ നേതാവിനെ നിശ്ചയിച്ചതായി ഔദ്യോഗികമായി അറിയിപ്പു ലഭിക്കുമ്പോൾ സർക്കാർ ആവശ്യമായ അറ്റകുറ്റപ്പണികൾക്കു ശേഷം വസതി വിഡി സതീശനു കൈമാറും.