Kerala

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള ഉത്തരവില്‍ യുകെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേല്‍ ഒപ്പുവെച്ചു.

എന്നാല്‍, ഈ നടപടി ചോദ്യം ചെയ്ത് നീരവ് മോദിക്ക് യു കെ ഹൈക്കോടതിയെ സമീപിക്കാന്‍ കഴിയും. നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്റര്‍ കോടതി കഴിഞ്ഞ ഫെബ്രുവരിയില്‍ ഉത്തരവിട്ടിരുന്നു.

ഇന്ത്യയിലെ മോശമായ ജയില്‍ സാഹചര്യങ്ങളും കോവിഡ് മഹാമാരി തന്റെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നുമുളള നീരവ് മോദിയുടെ വാദങ്ങളെല്ലാം തളളിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്.

14000 കോടി രൂപയുടെ തട്ടിപ്പ് കേസാണ് നീരവ് മോദിക്കെതിരെയുള്ളത്. നിലവില്‍ ലണ്ടനിലെ വാന്‍ഡ്സ്വര്‍ത്ത് ജയിലിലാണ് നീരവ് മോദിയെ പാര്‍പ്പിച്ചിരിക്കുന്നത്.
രണ്ടുവര്‍ഷത്തോളം നീണ്ടുനിന്ന നിയമ യുദ്ധത്തിനൊടുവിലായിരുന്നു വിവാദ വജ്രവ്യാപാരിയെ ഇന്ത്യക്ക് വിട്ടുനല്‍കാന്‍ കോടതി ഉത്തരവിട്ടത്.

കോട്ടയം: അടുത്ത മന്ത്രിസഭയില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ക്ക് ചങ്ങനാശ്ശേരി അതിരൂപതയുടെ കത്ത്. ന്യൂനപക്ഷേ ക്ഷേമ പദ്ധതികളുടെ നിര്‍വ്വഹണത്തില്‍ ക്രൈസ്തവ ജനവിഭാഗങ്ങളുടെ താത്പര്യം സംരക്ഷിക്കപ്പെടുന്നില്ല. ഇരുമുന്നണികളെയും രൂക്ഷമായി വിമര്‍ശിക്കുന്ന കത്തില്‍ ക്രൈസ്തവരെ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ അന്യവത്കരിക്കുകയാണെന്നും കുറ്റപ്പെടുത്തുന്നുണ്ട്.

കഴിഞ്ഞ രണ്ട് മന്ത്രിസഭകളിലെ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ ക്രൈസ്തവ സമൂഹം അസ്വസ്തരാണെന്ന ആമുഖത്തോടെയാണ് രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ക്കുള്ള കത്ത് ആരംഭിക്കുന്നത്. രണ്ട് തവണയും ഒരു പ്രത്യേക മതത്തില്‍പ്പെട്ടവരാണ് വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. ന്യൂനപക്ഷ ക്ഷേമ പ്രവര്‍ത്തനങ്ങളിലുള്ള വിവേചനം ഇല്ലാതാക്കാന്‍ അടുത്ത മന്ത്രിസഭയില്‍ മുഖ്യമന്ത്രി തന്നെ വകുപ്പ് ഏറ്റെടുക്കണം. സര്‍ക്കാരിന്റെ പദ്ധതികളില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിന് കൃത്യമായ പദ്ധതികള്‍ വേണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

ഇടതുവലതു സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിക്കുന്ന കത്തില്‍ ക്രൈസ്തവ സമൂഹത്തെ അന്യവത്കരിക്കാനുള്ള നീക്കം നടക്കുന്നതായും കുറ്റപ്പെടുത്തുന്നു.

ചങ്ങനാശ്ശേരി അതിരൂപത പബ്ലിക്ക് റിലേഷന്‍സ്‌ ജാഗ്രത സമിതി യോഗം ചേര്‍ന്നാണ് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവ് രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ക്ക് കത്തയച്ചത്.

തിരുവനന്തപുരം : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി, സംസ്ഥാനത്ത് നിലവിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് ചീഫ് സെക്രട്ടറി വി പി ജോയ്. അടുത്ത രണ്ട് ദിവസങ്ങളിൽ സംസ്ഥാനത്ത് 2.5 ലക്ഷം ആളുകളെ വരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കി രോഗവ്യാപനം കുറയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. പൊതുജനങ്ങൾ സ്വയം പ്രതിരോധവും നിയന്ത്രണവും വർദ്ധിപ്പിക്കണമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

കോവിഡ് പരിശോധന, വാക്സിൻ, നിയന്ത്രണങ്ങൾ എന്നീ ക്യാമ്പയിനുകളാണ് കോവിഡ് പ്രതിരോധത്തിനായി കേരളം മുന്നോട്ടു വെയ്ക്കുന്നത്. മുൻഗണന പ്രകാരമായിരിക്കും പരിശോധന. ഹൈ റിസ്ക് വിഭാഗത്തിലുള്ളവർക്കാവും മുൻഗണന. 45 വയസ്സിന് താഴെയുള്ളവരിൽ പരിശോധന കൂട്ടും. 60 ലക്ഷം ഡോസ് വാക്സിനാണ് കേരളത്തിന് ഇതുവരെ ലഭിച്ചത്. 7,25,300 ലക്ഷം ഡോസ് വാക്സിനാണ് നിലവിൽ ബാക്കിയുള്ളത്. ഇത് ജനങ്ങൾക്ക് വിതരണം ചെയ്യും. കേന്ദ്രത്തിൽ നിന്ന് വാക്സിൻ ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ പേർക്ക് വാക്സിൻ വിതരണം ചെയ്യും.

പൊതുസ്ഥലങ്ങളിൽ കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കും. അടുത്ത രണ്ടാഴ്ചത്തെ പൊതുപരിപാടികൾ മുൻകൂറായി ജില്ലാ ഭരണകൂടത്തെ അറിയിക്കണം. പൊതുപരിപാടികളിൽ പരമാവധി 150 പേർക്ക് പങ്കെടുക്കാനാണ് അനുമതിയുള്ളത്. മാളുകളിലും മാർക്കറ്റുകളിലും ആൾക്കൂട്ടം കുറയ്ക്കണം. ഹോം ഡെലിവറി സംവിധാനം വർദ്ധിപ്പിക്കണം. തിയേറ്ററുകളിൽ നിലവിലുള്ള നിയന്ത്രണങ്ങൾ തുടരും. രാത്രി 9 മണി വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ എന്ന നിർദ്ദേശം തീയറ്ററുകൾക്കും ബാറുകൾക്കും ബാധകമാണെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി .

സിനിമയെ വെല്ലുന്ന ദാരുണപ്രതികാരം സ്വന്തം ഗ്രാമത്തിൽ നടന്ന ഞെട്ടലിലാണ് ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തെ ജുട്ടഡ ഗ്രാമത്തിലെ ഗ്രാമീണർ. മകളെ പ്രണയിച്ച് ലൈംഗികമായി ദുരുപോഗം ചെയ്യുകയും പിന്നീട് വഞ്ചിക്കുകയും ചെയ്തയാളോടുള്ള പ്രതികാരമായി അയാളുടെ വീട്ടിൽ കയറി പിഞ്ചുകുട്ടികളെയടക്കം ആറുപേരെ വെട്ടിക്കൊന്ന് പിതാവിന്റെ പ്രതികാരം.

വ്യാഴാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കൂട്ടക്കൊലയ്ക്ക് പിന്നിൽ കൊല്ലപ്പെട്ടവരുടെ അയൽക്കാരനായ അപ്പാലരാജു ആണെന്നും ഇയാളെ പിടികൂടിയെന്നും പോലീസ് പറഞ്ഞു. അപ്പലരാജുവിന്റെ കൈകൊണ്ട് നഷ്ടമായത് ഒരു വയോധികന്റേയും മൂന്ന് സ്ത്രീകളുടേയും രണ്ട് കുട്ടികളുടേയും ജീവനാണ്.

മരിച്ച കുട്ടികളിൽ ഒരാൾ രണ്ട് വയസുള്ള ഒരു കുട്ടിയും മറ്റൊരു കുഞ്ഞ് ആറുമാസം പ്രായം മാത്രമുള്ള കുഞ്ഞുമാണ്. രമണ(60), ഉഷാറാണി(35), രമാദേവി (53), അരുണ (37), ഉദയ്കുമാർ (രണ്ട്), ഉർവശി (ആറ് മാസം) എന്നിവരാണ് മരിച്ചത്.

ഇവരുടെ കുടുംബാംഗമായ വിജയ് അപ്പാലരാജുവിൻറെ മകളുമായി പ്രണയത്തിലായിരുന്നു. പിന്നീട് വിജയ് വേറെ വിവാഹം കഴിച്ചു. വിവാഹത്തിനുശേഷം നാട്ടിൽ നിന്ന് മാറിയ വിജയ് ഈയടുത്ത് നാട്ടിൽ തിരിച്ചെത്തിയിട്ടുണ്ടെന്നറിഞ്ഞ് അയാളോട് പ്രതികാരം ചെയ്യാനാണ് അപ്പാലരാജു വീട്ടിലെത്തിയത്.

എന്നാൽ, ഈ സമയം വിജയ് വീട്ടിലുണ്ടായിരുന്നില്ല. തുടർന്ന് കലി പൂണ്ട അപ്പലരാജപ മറ്റുള്ളവരെ പുല്ലരിയുന്ന ആയുധം ഉപയോഗിച്ച് ക്രൂരമായി വെട്ടിക്കൊല്ലുകയായിരുന്നെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

‘അവന്‍ പത്താംക്ലാസില്‍ പഠിക്കുകയാണ്. ഇന്ന് പരീക്ഷയുള്ളതാണ്. അവന്‍ ഒരു പ്രശ്നത്തിനോ വഴക്കിനോ പോകാറില്ല. അവന്റെ സഹോദരന്‍ അനന്തു ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണ്. കുടുംബം കമ്മ്യൂണിസ്റ്റുകാരാണെങ്കിലും പത്താംക്ലാസില്‍ പഠിക്കുന്ന അഭിമന്യൂ രാഷ്ട്രീയ പ്രവര്‍ത്തനത്തിനൊന്നും പോകാറില്ല’ ആലപ്പുഴയില്‍ കൊല്ലപ്പെട്ട 15വയസുകാരന്‍ അഭിമന്യുവിന്റെ പിതാവ് അമ്പിളികുമാര്‍ പറയുന്നു.

അതേസമയം, അഭിമന്യുവിന്റെ കൊലപാതകം ആസൂത്രിതമാണെന്ന് സിപിഎം ആരോപിച്ച് രംഗത്തെത്തി. പ്രദേശത്തെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ മയക്കുമരുന്ന് മാഫിയ പ്രവര്‍ത്തനങ്ങളെ ഡിവൈഎഫ്ഐ എതിര്‍ത്തിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും അഭിമന്യൂ സജീവ എസ്എഫ്‌ഐ പ്രവര്‍ത്തകനാണെന്നും സിപിഎം ചാരുംമൂട് ഏരിയ കമ്മിറ്റി സെക്രട്ടറി ബിനു പ്രതികരിച്ചു.

കഴിഞ്ഞദിവസം രാത്രി പടയണിവട്ടം ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ അഭിമന്യുവിനെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി ഡിവൈഎഫ്‌ഐയും രംഗത്തെത്തിയിട്ടുണ്ട്.

കൊവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് അലയടിക്കുകയാണ്. കൊവിഡ് പലയിടത്തും പടര്‍ന്ന് പിടിക്കുകയാണ്. ഒപ്പം വ്യാജ വാര്‍ത്തകളും നിറയുകയാണ്. ഇപ്പോള്‍ വ്യാജ വാര്‍ത്തകള്‍ക്ക് ഇരയാവുകയാണ് നടന്‍ മണിയന്‍ പിള്ള രാജു. സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മകന്‍ നിരഞ്ജന്‍.

നടന്‍ മണിയന്‍ പിള്ള രാജുവിന് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് ഇല്ലാക്കഥകളും നിറയുന്നത്. രോഗമുക്തി നേടിയിട്ടും വ്യാജ വാര്‍ത്തകള്‍ നിറയുന്ന സാഹചര്യത്തിലാണ് പ്രതികരണവുമായി നിരഞ്ജന്‍ രംഗത്തെത്തിയത്.

‘എന്റെ അച്ഛനെക്കുറിച്ചുള്ള വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് ദയവായി നിര്‍ത്തണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയാണ്.

രണ്ടാഴ്ച മുമ്പ് തന്നെ അദ്ദേഹം രോഗമുക്തനായി. ഇപ്പോള്‍ വീട്ടില്‍ സുഖമായിരിക്കുന്നു.’നിരഞ്ജന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കോവിഡിനൊപ്പം ന്യൂമോണിയയും ബാധിച്ച് പതിനെട്ട് ദിവസത്തോളം ആശുപത്രിയില്‍ കഴിയേണ്ടി വന്ന രാജു, ആ പ്രതിസന്ധിഘട്ടത്തെ തരണം ചെയ്‌തെത്തിയത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. പിന്നാലെയാണ് പ്രതികരണവുമായി രംഗത്തെത്തിയത്.

ഇടിച്ച ശേഷം നിര്‍ത്താതെ പോയ കാര്‍ കണ്ടെത്താന്‍ ഫേസ്ബുക്ക് വീഡിയോയില്‍ എത്തി നടന്‍ ജൂഡ് ആന്റണി ജോസഫ്. കഴിഞ്ഞ ദിവസം രാത്രി കോട്ടയം കുടമാളൂരിനടുത്തുള്ള അമ്പാടിയില്‍ ഭാര്യ വീടിന് സമീപം റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്ത ജൂഡിന്റെ വാഹനത്തിന് പിന്നിലാണ് മറ്റൊരു വാഹനം വന്ന് ഇടിച്ചത്.

പിന്നാലെ, അപകടത്തിന് ശേഷം ഈ വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. ശേഷം ആ വ്യക്തിയെ തേടി ഡൂജ് ആന്റണി പോസ്റ്റ് ഇടുകയായിരുന്നു. എന്റെ പാവം കാറിനെ ഇടിച്ച് ഈ കോലത്തിലാക്കിയ മഹാന്‍ നിങ്ങള്‍ ആരെങ്കിലും ആണെങ്കില്‍ ഒരു അഭ്യര്‍ഥന, നിങ്ങളുടെ കാറിനും സാരമായി പരിക്കുപറ്റി കാണുമല്ലോ, ഇന്‍ഷുറന്‍സ് ലഭിക്കാന്‍ ജി.ടി. എന്‍ട്രി വേണം. സഹകരിക്കണം, മാന്യത അതാണ്. ഇല്ലെങ്കിലും കുഴപ്പമില്ല. നമ്മളൊക്കെ മനുഷ്യരല്ലേ. എന്റെ നിഗമനത്തില്‍ ചുമന്ന സ്വിഫ്റ്റ് ആകാനാണ് സാധ്യത എന്നായിരുന്നു ജൂഡ് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്.

ഒടുവില്‍ കുറ്റസമ്മതം നടത്തി രോഹിത് എന്ന യുവാവ് ജൂഡിനെ സമീപിക്കുകയും ചെയ്തു. താന്‍ വാഹനവുമായി വരുമ്പോള്‍ റോഡിന് കുറുകെ ഒരു പൂച്ച ചാടുകയും, ഇത് കണ്ട് വാഹനം വെട്ടിച്ചതിനെ തുടര്‍ന്ന് ജൂഡിന്റെ വാഹനത്തില്‍ ഇടിക്കുകയുമായിരുന്നുമെന്നാണ് രോഹിത് പറഞ്ഞു.

രാത്രി ആയതിനാലും പെട്ടന്നുണ്ടായ പേടിയേയും തുടര്‍ന്നാണ് വാഹനം നിര്‍ത്താതെ പോയതെന്നും രോഹിത് പറഞ്ഞു. കുറ്റസമ്മതം നടത്തിയ രോഹിതിനെ ജൂഡ് അഭിനന്ദിക്കുകയും അദ്ദേഹത്തിനൊപ്പം ഫേസ്ബുക്ക് ലൈവില്‍ വരികയും ചെയ്തു.

മംഗളൂരു തീരത്തിന് സമീപം പുറംകടലില്‍ ബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിലിൽ നാവിക സേനയും പങ്കുചേർന്നു. ബേപ്പൂരിൽനിന്ന് മത്സ്യബന്ധനത്തിനുപോയ ബോട്ടിലെ തൊഴിലാളികളെയാണ് കാണാതായത്. അപകടത്തിൽ മൂന്ന് മത്സ്യത്തൊഴിലാളികൾ മരിക്കുകയും ചെയ്തിരുന്നു.

അപകടത്തിൽപെട്ട ഐഎഫ്ബി റബഹ് എന്ന മത്സ്യബന്ധന ബോട്ടിൽ 14 മത്സ്യത്തൊഴിലാളികളാണുണ്ടായിരുന്നത്. ഗോവയിൽ നിന്ന് നാവിക സേനയുടെ ടില്ലൻ‌ചാങ്ങ്, കൽ‌പേനി കപ്പലുകൾ തിരച്ചിലിനായി എത്തിയിട്ടുണ്ട്. നാവികസേനാ വിമാനങ്ങളും തിരച്ചിലിനും രക്ഷാ പ്രവർത്തനത്തിനുമായി അപകട സ്ഥലത്ത് എത്തിച്ചു.

രക്ഷാപ്രവർത്തനത്തിൽ സഹായിക്കുന്നതിനായി ഐ‌എൻ‌എസ് സുഭദ്ര എന്ന പട്രോളിംഗ് കപ്പലിൽ കാർവാറിൽ നിന്ന് മുങ്ങൽ വിദഗ്ധരുടെ സംഘം പുറപ്പെട്ടതായും നാവികസേന അറിയിച്ചു. രണ്ട് സ്പെഷ്യലിസ്റ്റ് ഡൈവിംഗ് ടീമുകൾ തിരച്ചിൽ തുടരുന്നുണ്ട്.

ഞായറാഴ്ച ബേപ്പൂരില്‍നിന്ന് മത്സ്യബന്ധനത്തിനായി തിരിച്ച ബോട്ടാണ് ചൊവ്വാഴ്ച പുലര്‍ച്ചെ 2.05ഓടെ മംഗളൂരു തീരത്തുനിന്ന് 43 നോട്ടിക്കല്‍ മൈല്‍ അകലെ അപകടത്തില്‍പ്പെട്ടത്. സിംഗപ്പൂരില്‍നിന്നുള്ള എം.വി എപിഎല്‍ ലെ ഹാവ് റേ എന്ന ചരക്ക് കപ്പലാണ് ബോട്ടില്‍ ഇടിച്ചതെന്നാണ് കോസ്റ്റ് ഗാര്‍ഡിൽ നിന്നുള്ള വിവരം. കപ്പല്‍ സംഭവസ്ഥലത്തുതന്നെ തുടരുകയാണ്.

അപകടത്തിൽപെട്ട ബോട്ടിലുണ്ടായിരുന്ന രണ്ടുപേരെ കോസ്റ്റ്ഗാർഡും മറ്റുള്ളവരും ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പശ്ചിമ ബംഗാള്‍ സ്വദേശി സുനില്‍ദാസ്(34) തമിഴ്‌നാട് സ്വദേശി വേല്‍മുരുകന്‍(37) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്

നിരന്തരമായ വിദ്വേഷ പ്രസംഗം നടത്തുന്ന പി സി ജോർജ്ജിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം കനക്കുന്നു.

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കണമെന്നും കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്നുമുള്ള പി.സി ജോർജിൻറെ പരാമർശത്തിനെതിരെ രാഷ്ട്രീയ-സാംസ്കാരിക-സാമൂഹിക-മാധ്യമ രംഗങ്ങളിലുള്ളവർ സംയുക്ത പ്രസ്താവനയുമായി രം​ഗത്തെത്തി..

പ്രസ്താവനയുടെ പൂർണരൂപം

നിരന്തരമായ വിദ്വേഷ പ്രസംഗം; പി സി ജോർജ്ജിനെതിരെ നിയമ നടപടി സ്വീകരിക്കണം
രാഷ്ട്രീയ-സാംസ്കാരിക-സാമൂഹിക-മാധ്യമ രംഗങ്ങളിലുള്ളവർ ഒപ്പുവെച്ച സംയുക്ത പ്രസ്താവന
രാജ്യത്തെ ശാന്തവും, വർഗീയ ലഹളകൾ സംഭവിക്കുന്നതിൽ നിന്ന് വിമുക്തവുമായ ഒരു സംസ്ഥാനമാണ് കേരളം. നിരവധി രാഷ്ട്രീയമായ പ്രശ്നങ്ങൾ നമ്മുടെ സംസ്ഥാനം അഭിമുഖീകരിക്കുന്നുണ്ടെങ്കിലും മത വർഗീയ കലാപങ്ങൾ ഉണ്ടാകുന്നതിനോട് യാതൊരുവിധ താത്പര്യവും ഇല്ലാത്ത ജനങ്ങളാണ് കേരളത്തിലേത്.

എന്നാൽ 2021 ഏപ്രിൽ 11 ഞായർ, തൊടുപുഴയിൽ നടന്ന ഒരു സെമിനാറിൽ പൂഞ്ഞാറിലെ എം എൽ എയും ഇപ്പോൾ വീണ്ടും ജനവിധി തേടിയിരിക്കുന്നതുമായ ശ്രീ പി സി ജോർജ് നടത്തിയ പ്രസംഗം തീർത്തും അസത്യവും നാട്ടിലെ സമാധാന അന്തരീക്ഷത്തെ തകർക്കുന്നതുമാണ്. ‘ സുപ്രീംകോടതിയും പൊലീസും തള്ളിക്കളഞ്ഞ ലവ് ജിഹാദ് ഉണ്ടെന്നും, 2030ൽ രാജ്യം മുസ്‌ലിം രാഷ്ട്രം ആക്കുന്നതിനു വേണ്ടിയുള്ള തയ്യാറെടുപ്പു നടത്തുന്ന സംഘടനകൾ ഉണ്ടെന്നും ഇതെല്ലാം തടയുന്നതിന് വേണ്ടി ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രം ആയി പ്രഖ്യാപിക്കുകയാണ് വേണ്ടതെന്നും ‘ അദ്ദേഹം പ്രസംഗിച്ചു. പി സി ജോർജ് ഇതിനു മുമ്പും ദളിത് വിരുദ്ധതയും മുസ്‌ലിം വിരുദ്ധതയും സ്ത്രീ വിരുദ്ധതയും മുഖമുദ്രയാക്കി വിവിധ അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളെ ആക്രമിച്ചിട്ടുണ്ട്.

ഫാസിസ്റ്റ് കാലഘട്ടത്തിൽ ഭീകരമായ ജാതി മത ധ്രുവീകരണങ്ങൾ നടത്തിക്കൊണ്ട് രാജ്യത്തെ വിഭജിക്കാൻ കൂട്ട് നിൽക്കുന്ന സംഘ്പരിവാറിന്റെ പാളയത്തിലെത്താൻ പി സി ജോർജ് നമ്മുടെ രാജ്യത്തെ ലിഖിതമായ ഭരണഘടനയേയും , ക്രിമിനൽ നടപടി ചട്ടങ്ങളേയും വെല്ലുവിളിച്ചു കൊണ്ട് നാട്ടിലെ മുസ്‌ലിം സമൂഹത്തെ മുഴുവൻ മറ്റുള്ളവരിൽ നിന്ന് ഒറ്റപ്പെടുത്തി ശത്രുവാക്കുന്ന ക്രിമിനൽ പ്രവൃത്തിയാണ് ചെയ്തിരിക്കുന്നത്. മത സൗഹാർദ്ദത്തെ തകർത്തുകൊണ്ട് മുസ്‌ലിം സമൂഹത്തിനെതിരെ കലാപം നടത്താൻ പ്രേരിപ്പിക്കുന്ന വാക്കുകളാണിത്. ആയതിനാൽ നമ്മുടെ നാടിന്റെ സൗഹാർദ്ദ അന്തരീക്ഷത്തെ മലിനപ്പെടുത്തുന്ന പി സി ജോർജിനെതിരെ ഉചിതമായ നിയമ നടപടികൾ സ്വീകരിക്കാൻ ആഭ്യന്തര വകുപ്പ് തയ്യാറാകണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

ആനി രാജ

കെ അജിത

ഡോ ജെ ദേവിക

കെ കെ കൊച്ച്

മേഴ്‌സി അലക്‌സാണ്ടർ

മനില സി മോഹൻ

മൃദുലാ ദേവി

വി കെ ജോസഫ്

വിജി പെൺ കൂട്ട്

ദീദി ദാമോദരൻ

അഡ്വ രശ്മിത രാമചന്ദ്രൻ

ജി പി രാമചന്ദ്രൻ

ഡോ സോണിയ ജോർജ്ജ്

സി കെ അബ്ദുൾ അസീസ്

ദീപ നിശാന്ത്

ഒ പി രവീന്ദ്രൻ

ശ്രീജ നെയ്യാറ്റിൻകര

വർക്കല രാജ്

അപർണ്ണ ശിവകാമി

തുളസീധരൻ പള്ളിക്കൽ

സുജ സൂസൻ ജോർജ്ജ്

അഡ്വ സ്വപ്ന ജോർജ്ജ്

ഡോ സാംകുട്ടി പട്ടംകരി

ശീതൾ ശ്യം

അജയ കുമാർ

ദിനു വെയിൽ

റെനി ഐലിൻ

ലക്ഷ്മി രാജീവ്

കെ പി മറിയുമ്മ

ലതിക സുഭാഷ്

സി ആർ നീലകണ്ഠൻ

കെ കെ റൈഹാനത്ത്

പുഷ്പവതി പൊയ്‌പാടത്ത്

അഡ്വ ഭദ്ര കുമാരി

പ്രൊഫ കുസുമം ജോസഫ്

ജോളി ചിറയത്ത്

അഡ്വ പി എ പൗരൻ

സമീർ ബിൻസി

സി എസ് രാജേഷ്

തനൂജ ഭട്ടതിരി

കെ ജി ജഗദീശൻ

ആർ അജയൻ

അഡ്വ കുക്കു ദേവകി

സോയ ജോസഫ്

പ്രമീള ഗോവിന്ദ്

ഷമീന ബീഗം

വർക്കല രാജ്

അമ്പിളി ഓമനക്കുട്ടൻ

അഡ്വ മായകൃഷ്ണൻ

ഷഫീഖ് സുബൈദ ഹക്കിം

ഡോ ഹരിപ്രിയ

അമ്മിണി കെ വയനാട്

സി എ അജിതൻ

ഡോ ധന്യ മാധവ്

അഡ്വ സുജാത വർമ്മ

ബിന്ദു അമ്മിണി

പുരുഷൻ ഏലൂർ

ശാന്തി രാജശേഖരൻ

എ എസ് അജിത് കുമാർ

രാജേശ്വരി കെ.കെ

ഭീമ ജ്വല്ലറി ഉടമ ഡോക്ടർ ബി ഗോവിന്ദന്റെ വീട്ടിൽ മോഷണം. തിരുവനന്തപുരത്തെ വസതിയിൽ ഇന്ന് പുലർച്ചയോടെയാണ് മോഷണമുണ്ടായത്.

രണ്ടര ലക്ഷം രൂപയുടെ ഡയമണ്ടും 60,000 രൂപയും നഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ മകളുടെ ആഭരണങ്ങളാണ് മോഷണം പോയതെന്ന് പൊലീസ് അറിയിച്ചു.

ഇന്ന് പുലർച്ചെയോടെയാണ് മോഷണം നടന്നത്. ഒരാളാണ് മോഷണം നടത്തിയത്. ഇയാളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

പൊലീസ് ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. കോറിഡോർ വഴിയാണ് മോഷ്ടാവ് അകത്തുകയറിയതെന്നാണ് സംശയം. വിരളടയാള വിദഗ്ധരടക്കം സ്ഥലത്തെത്തി പരിശോധന നടത്തി.

Copyright © . All rights reserved