Kerala

ആരോപണങ്ങൾക്ക് പിന്നാലെ യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ പദവിയിൽ നിന്നും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ രാജിവെച്ചതിനെ പിന്നാലെ ഷാഫി പറമ്പിൽ എംപിക്കെതിരെയും പടനീക്കം. രാഹുലിനെ സംരക്ഷിച്ചത് ഷാഫിയെന്ന് പരാതി. പാലക്കാട്ടെ ഒരു വിഭാഗം കോൺഗ്രസ്, യൂത്ത്കോൺഗ്രസ് പ്രവർത്തകരാണ് ഹൈക്കമാൻഡിന് പരാതി നൽകിയിരിക്കുന്നത്. രാഹുലിനെ സ്ഥാനാർത്ഥിയാക്കാൻ സമ്മർദ്ദം ചെലുത്തി. പരാതികളറിയിച്ചിട്ടും ഷാഫി പ്രതികരിച്ചില്ലെന്നും പരാതിയിൽ പറയുന്നു. അതേ സമയം വിഷയത്തിൽ ഷാഫി പറമ്പിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രതികരിക്കാതെ ദില്ലിയിൽ ഫ്ലാറ്റിൽ തുടരുകയാണ് ഷാഫി പറമ്പിൽ. വിവാദങ്ങൾക്കിടെ മാധ്യമങ്ങളെ ഒഴിവാക്കിയിരിക്കുകയാണ് ഷാഫി പറമ്പിൽ എം പി. ഫ്ലാറ്റിനു മുന്നിൽ കാത്തു നിന്ന മാധ്യമങ്ങളെ കാണാതെ ഷാഫി ബീഹാറിലേക്ക് പോതായിട്ടാണ് ഏറ്റവുമൊടുവിൽ പുറത്തുവരുന്ന വിവരം. വോട്ടർ അധികാർ യാത്രയിൽ പങ്കെടുക്കാനെന്നാണ് വിശദീകരണം.

അതേ സമയം, രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയെ സംരക്ഷിക്കുന്നെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവിന്റെ പറവൂരിലെ ഓഫീസിലേക്ക് ഡി വൈ എഫ് ഐ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. ബാരിക്കേഡ് ഭേദിച്ച് ഓഫീസിലേക്ക് ഓടിക്കയറാൻ ശ്രമിച്ച പ്രവർത്തകർ ഓഫീസ് കോമ്പൗണ്ടിലേക്ക് കല്ലും വടികളും വലിച്ചെറിഞ്ഞു. ഓഫീസ് ജീവനക്കാരെ മർദിച്ചെന്നും ആരോപണമുണ്ട്. ഓഫീസ് ബോർഡ് മറിച്ചിട്ട പ്രതിഷേധക്കാർ ബോർഡിൽ കരിയോയിൽ ഒഴിക്കുകയും കോലം കത്തിക്കുകയും ചെയ്തു. ഓഫീസ് ആക്രമിക്കാൻ പൊലീസ് കൂട്ടുനിന്നെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. ഓഫീസ് ആക്രമണത്തിൽ പ്രതിഷേധിച്ചു ഇന്ന് വൈകുന്നേരം നാലിന് കോണ്ഗ്രസ് പ്രവർത്തകർ പറവൂർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച്‌ നടത്തും.

പീരുമേട് എംഎൽഎ വാഴൂർ സോമൻ (72) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. ഔദ്യോഗിക പരിപാടിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ചു വളർന്ന നേതാവായിരുന്നു വാഴൂർ സോമൻ.

പി.ടി.പി. നഗറിൽ റവന്യൂ വകുപ്പിന്റെ ഇടുക്കി ജില്ലാതല യോഗത്തിൽ പങ്കെടുത്ത ശേഷം മടങ്ങുന്ന വഴിയാണ് വാഴൂർ സോമൻ എംഎൽഎയ്ക്ക് ഹൃദയാഘാതമുണ്ടായത്. തുടർന്ന്, റവന്യൂ മന്ത്രിയുടെ വാഹനത്തിൽ അദ്ദേഹത്തെ ഉടൻ തന്നെ ശാസ്തമംഗലത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. സംസ്കാരം നാളെ വൈകിട്ട് നാലിന് വീട്ടുവളപ്പിൽ വെച്ച് നടക്കും. മൃതദേഹം രാത്രി എട്ട് മണി വരെ എം എൻ സ്മാരകം പൊതുദര്‍ശനത്തിന് വെച്ച ശേഷം ഇടുക്കിയിലേക്ക് കൊണ്ടുപോകും.

ഇടുക്കി പീരുമേട്ടിൽ നിന്ന് സിപിഐ എംഎൽഎ ആയാണ് വാഴൂർ സോമൻ നിയമസഭയിലെത്തിയത്. 1835 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. യുഡിഎഫ് സ്ഥാനാർഥി അഡ്വ. സിറിയക് തോമസ് ആയിരുന്നു വാഴൂർ സോമൻ്റെ എതിരാളി. വെയർ ഹൗസിങ് കോർപ്പറേഷൻ ചെയർമാൻ, എഐടിയുസി സംസ്ഥാന വൈസ് പ്രവസിഡന്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ബിന്ദു. മക്കൾ: അഡ്വ. സോബിൻ, അഡ്വ. സോബിത്ത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ മലയാളി രാജേഷ് ജോസഫ് എഴുതിയ മഴമേഘങ്ങൾ എന്ന പുസ്തകത്തിൻറെ പ്രകാശനവും ഹോംക്സ് ഇന്ത്യ ഫൗണ്ടേഷൻ്റെ ഉദ്ഘാടനവും യഥാക്രമം മുൻമന്ത്രിയും എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണനും സഹകരണ തുറമുഖം രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവനും നിർവഹിച്ചു. ആർപ്പൂക്കരയിലുള്ള നവജീവൻ ട്രസ്റ്റിൽ നടന്ന പ്രകാശന കർമ്മത്തിലും തുടർ ചടങ്ങുകളിലും മുൻ എംപി ജോസഫ് ചാഴിക്കാടൻ നവജീവൻ ട്രസ്റ്റ് രക്ഷാധികാരി പി.യു.തോമസ്, ഫാ. ബിജു കുമരനാൽ, ഫാ . സണ്ണി മാത്യു എസ്. ജെ, അബ്ദുൽ മജീദ് മരയ്ക്കാർ, പി. എൻ. സിബി പള്ളിപ്പാട്, സിബി കെ. ചാഴിക്കാടൻ തുടങ്ങിയ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു.

 

മലയാളം യുകെയുടെ ഡയറക്ടർ ബോർഡ് മെമ്പറും അസോസിയേറ്റ് എഡിറ്ററുമായ ജോജി തോമസാണ് മഴമേഘങ്ങൾക്ക് അവതാരിക എഴുതിയിരിക്കുന്നത്. സാമൂഹിക മത സാംസ്കാരിക വിഷയങ്ങൾ പ്രതിപാദിക്കുന്ന ലേഖനങ്ങളാണ് രാജേഷ് ജോസഫ് എഴുതിയ മഴമേഘങ്ങളുടെ ഉള്ളടക്കം. ഒരു പ്രവാസിക്ക് താൻ ജീവിക്കുന്ന സമൂഹത്തെയും താൻ വിട്ടുപോന്ന ദേശത്തെയും കുറിച്ച് മനസ്സിൽ ഉടലെടുക്കുന്ന നിരീക്ഷണങ്ങളും ആകുലതകളും ആണ് മിക്ക ലേഖനങ്ങളിലെയും പ്രതിപാദ്യ വിഷയം. നിത്യജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളെ ഒരു നല്ല സാമൂഹിക നിരീക്ഷകനെന്ന നിലയിൽ ശരിയുടെ ഭാഗത്തുനിന്ന് ഇതിലെ ലേഖനങ്ങളിൽ എഴുത്തുകാരൻ വിലയിരുത്തിയിരുന്നു. ഭൂതകാലത്തെ കുറിച്ചുള്ള ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകളുടെ വിങ്ങൽ മഴമേഘങ്ങളിലെ മിക്ക ലേഖനങ്ങളുടെയും പൊതുസ്വഭാവമാണ്. ഒരു പ്രവാസി മലയാളിയുടെ ജന്മനാടിനോടുള്ള പൊക്കിൾകൊടി ബന്ധത്തിന്റെ ഓർമ്മപ്പെടുത്തലായി ഇത് വായനക്കാർക്ക് അനുഭവപ്പെടും.

കേരളത്തിലെ പ്രമുഖനായ ഒരു യുവനേതാവില്‍ നിന്ന് മോശം അനുഭവം ഉണ്ടായതായി തുറന്നു പറഞ്ഞ യുവനടി റിനി ആന്‍ ജോര്‍ജ് കൂടുതല്‍ വെളിപ്പെടുത്തലുമായി രംഗത്ത് വന്നു. പ്രതിപക്ഷ നേതാവിനോട് അടക്കം പരാതി പറഞ്ഞുവെന്ന് റിനി ആന്‍ ജോര്‍ജ് പറയുന്നു. എന്നെ പീഡിപ്പിച്ചിട്ടില്ല. എന്നാല്‍ മോശം സന്ദേശം അയച്ചു. ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്ക് വിളിച്ചു. റൂം എടുക്കാമെന്നും പറഞ്ഞു. ഇതോടെ ഞാന്‍ പൊട്ടിത്തെറിച്ചു. അപ്പോള്‍ പ്രമാദമായ സ്ത്രീ പീഡന കേസില്‍ പെട്ടവര്‍ക്ക് എന്തു സംഭവിച്ചുവെന്ന് ചോദിച്ചു. പരാതി പറയുമെന്ന് പറഞ്ഞപ്പോള്‍ ഹൂ കെയേഴ്സ് എന്ന് അയാള്‍ ചോദിച്ചു. തന്റെ അനുഭവം പരാതി ആയി പറയുമെന്ന് നേതാവിനോട് പറഞ്ഞപ്പോള്‍ ‘പോയി പറയൂ… പോയി പറയൂ… ‘ എന്ന് പറഞ്ഞ് കളിയാക്കിയെന്നും റിനി ആരോപിച്ചു. ഈ നേതാവിന്റെ പാര്‍ട്ടിയ്ക്ക് എന്തെങ്കിലും ധാര്‍മികതയുണ്ടെങ്കില്‍ അയാളെ പദവികളില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും റിനി ആന്‍ പറഞ്ഞു.

ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും താന്‍ അംഗമല്ലെങ്കിലും, രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കാലയളവിലാണ് ഈ ദുരനുഭവം ഉണ്ടായതെന്ന് റിനി വെളിപ്പെടുത്തി. ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് റിനി തന്റെ അനുഭവം തുറന്നുപറഞ്ഞത്. തുടര്‍ന്ന് പരസ്യമായി പ്രതികരിക്കുകയായിരുന്നു. അടുത്ത കാലത്ത് വിവാദങ്ങളില്‍ കുടുങ്ങിയ യുവ നേതാവായിരുന്നു തനിക്ക് മോശം അനുഭവം ഉണ്ടാക്കിയതെന്നും നടി പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട നേതാവാണ്. നേരില്‍ കാണുന്നതിന് മുമ്പ് തന്നെ അശ്ലീല സന്ദേശമാണ് അയച്ചത്. താങ്കള്‍ ഒരു യുവനേതാവാണ് എന്നും ഇങ്ങനെ പെരുമാറരുതെന്നും പറഞ്ഞു. എന്നാല്‍ കുഴപ്പമില്ലെന്നായിരുന്നു പ്രതികരണം. ഇയാളുടെ പേരു പറഞ്ഞാലും എനിക്ക് നീതി കിട്ടില്ല. അതുകൊണ്ട് പറയുന്നതുമില്ല. ഇപ്പോള്‍ പേരു ചോദിക്കുന്നവര്‍ ചോദിച്ചിട്ട് പോകും. പിന്നെ അനുഭവിക്കേണ്ടത് ഞാനാണ്-യുവതി പറഞ്ഞു. ഹു കേയേഴ്സ് എന്ന് പറയുന്ന നേതാവാണ് ഇയാള്‍-പേര് പറയാതെ നടി വെളിപ്പെടുത്തിയത് ഇങ്ങനെയാണ്.

ഈ വ്യക്തി ചിലരെ പീഡിപ്പിച്ചിട്ടുണ്ട്. ആ പീഡനം അനുഭവിച്ച സ്ത്രീകള്‍ മുമ്പോട്ട് വരണം. എന്നെ പീഡിപ്പിച്ചിട്ടില്ല. അശ്ലീല സന്ദേശം അയച്ചതേ ഉള്ളൂ. അയാളുടെ പ്രസ്ഥാനത്തിന് അകത്തുള്ളവര്‍ പോലും അനുഭവിക്കുന്നു. അവര്‍ ധീരമായി മുമ്പോട്ട് വരണം-റിനി ആന്‍ ജോര്‍ജ് പ്രതികരിച്ചു. ഈ നേതാവിനെ കുറിച്ച് കൂടുതല്‍ പീഡന കാര്യങ്ങള്‍ അറിഞ്ഞതു കൊണ്ടാണ് ഇപ്പോള്‍ ഇതെല്ലാം തുറന്നു പറയുന്നതെന്നും റിനി തുറന്നടിച്ചു. താന്‍ പരാതി പറഞ്ഞിട്ടും കൂടുതല്‍ സ്ഥാനങ്ങള്‍ നല്‍കി. ഈ നേതാവ് എംഎല്‍എയാണെന്ന സൂചനകള്‍ നല്‍കി. ഈ യുവ നേതാവിനെ ആ പാര്‍ട്ടിയിലുള്ളവര്‍ നിയന്ത്രിക്കണം. ധാര്‍മികതയുണ്ടെങ്കില്‍ ജനപ്രതിനിധി സ്ഥാനം രാജിവയ്ക്കണമെന്നും റിനി ആന്‍ ജോര്‍ജ് പറയുന്നു. യുവനേതാവ് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും മോശം സന്ദേശങ്ങള്‍ അയച്ചത് ഷോക്കിങായിരുന്നുവെന്നും റിനി വെളിപ്പെടുത്തി. അശ്ലീല മെസേജ് അയച്ചപ്പോള്‍ ഇങ്ങനെ ചെയ്യരുതെന്ന് പറഞ്ഞു. എന്നാല്‍ പ്രമാദമായ സ്ത്രീ പീഡനക്കേസുകളില്‍പ്പെട്ട രാഷ്ട്രീയ നേതാക്കള്‍ക്ക് എന്ത് സംഭവിക്കും എന്നാണ് തിരിച്ച് ചോദിച്ചതെന്നും വെളിപ്പെടുത്തി. സമീപകാലത്ത് സോഷ്യല്‍ മീഡിയയില്‍ ഇതേ വ്യക്തിയെക്കുറിച്ച് ആരോപണം ഉയര്‍ന്നിരുന്നുവെന്നും റിനി ചൂണ്ടിക്കാണിച്ചു. ഹൂ കെയേഴ്സ് എന്നാണ് ഇയാളുടെ ആറ്റിറ്റിയൂഡ് എന്നും റിനി വെളിപ്പെടുത്തി. ആരും മുന്നോട്ട് വരാതിരുന്നത് കൊണ്ടാണ് താനിപ്പോള്‍ തുറന്നു പറയുന്നത്. പല സ്ത്രീകള്‍ക്കും സമാന അനുഭവം ഉണ്ടായി. ആരും തുറന്നു പറയാന്‍ തയാറാകാത്തതാണെന്നും റിനി വ്യക്തമാക്കി.

‘പ്രമുഖനായ ഒരു യുവനേതാവില്‍ നിന്ന് എനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ട്. അദ്ദേഹം എനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും മോശം രീതിയില്‍ സമീപിക്കുകയും ചെയ്തു,’ റിനി പറഞ്ഞു. ഒരു പ്രത്യേക പാര്‍ട്ടിയെ തേജോവധം ചെയ്യാനല്ല താന്‍ ഇത് പറയുന്നതെന്നും, സമൂഹത്തില്‍ ഇത്തരത്തിലുള്ള പ്രവണത നിലവിലുണ്ടെന്നും അവര്‍ പറഞ്ഞു. ‘ ഈ ഒരു സംഭവം നമ്മള്‍ പരാതികളായി വിവിധ ഫോറങ്ങളില്‍ പറയുമ്പോള്‍, സ്ത്രീകള്‍ക്ക് വേണ്ടി നില്‍ക്കുന്നു എന്നുപറയുന്നവര്‍ പോലും സത്രീകളുടെ കാര്യത്തില്‍, ഹൂ കെയേഴ്‌സ്, ഹൂ കെയേഴ്‌സ് എന്നൊരു ആറ്റിറ്റിയൂഡാണ് സ്വകരിക്കുന്നതെന്നും’ റിനി കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയത്തില്‍ സ്ത്രീകള്‍ക്ക് നല്ല സ്ഥാനം നല്‍കാന്‍ പലരും മടിക്കുന്നു. ഒരുപക്ഷെ സ്ത്രീകള്‍ അത്തരത്തിലുള്ള സ്ഥാനങ്ങളിലേക്ക് ഉയര്‍ന്നു വന്നാല്‍, പുരുഷനേതാക്കന്മാര്‍ക്ക് പറയുന്നതിനപ്പുറം ഒന്നും ചെയ്യാനോ പറയാനോ കഴിയില്ലെന്ന് അവര്‍ ഭയക്കുന്നുണ്ടാകാം. കഴിവുള്ള പല സ്ത്രീ നേതാക്കളും രാഷ്ട്രീയത്തില്‍ ഇപ്പോഴും പുറത്ത് നില്‍ക്കുകയാണെന്നും റിനി ചൂണ്ടിക്കാട്ടി.

അതിരമ്പുഴ: കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് ഇടവകയിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഓഫ് സെന്റ് വിൻസെന്റ് ഡി പോൾ സെന്റ് മാത്യൂസ് കോൺഫറൻസ് തിരുപ്പിറവിയുടെ 2025-ാം വർഷ ജൂബിലിയും, സൊസൈറ്റിയുടെ 85-ാം വാർഷികവും പ്രമാണിച്ച് ഇടവകയിലെ ഭവനരഹിത കുടുംബത്തിനുവേണ്ടി നിർമ്മിക്കുന്ന 11-ാംമത് വിൻസെൻഷ്യൻ ഭവനത്തിന്റെ തറകല്ലിടീൽ കർമ്മം വികാരി റവ. ഡോ. ഫാദർ സോണി തെക്കുംമുറിയിൽ നിർവ്വഹിച്ചു. കോൺഫറൻസ് പ്രസിഡൻ്റ് ബെന്നി തടത്തിൽ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.

പരേതരായ വരാകുകാലായിൽ വി. ഡി കുര്യനും, റോസമ്മ കുര്യനും സൊസൈറ്റിക്ക് സൗജന്യമായി നൽകിയ 4 സെന്റ് ഭൂമിയിലാണ് 11 ലക്ഷം രൂപയുടെ വീട് നിർമ്മിക്കുന്നത്.

അസ്സിസ്റ്റൻ്റ് വികാരി റവ.ഫാ ജെറിൻ കാവനാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. ബ്രദർ പോൾ, ബ്രദർ ടിൽജോ, ഏരിയ പ്രസിഡൻ്റ് എബ്രഹാം കൊറ്റത്തിൽ, മദർ സുപ്പീരിയർ സിസ്റ്റർ പ്രശാന്തി സി എം സി, സിസ്‌റ്റർ റോസിലിൻ(MSMHSC) , ഭവനനിർമ്മാണ കമ്മിറ്റി കൺവീനർ പി. റ്റി. ജോസഫ്, സെക്രട്ടറി ഇൻചാർജ് ജോസ് വേങ്ങാത്തടം തുടങ്ങിയവർ പ്രസംഗിച്ചു.

ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടി രോഗ മുക്തനായി. താരം പൂര്‍ണ ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയെന്നാണ് വിവരം.

ചെന്നൈയില്‍ ചികിത്സയിലുള്ള താരത്തിന്റെ എല്ലാ ടെസ്റ്റുകളുടെയും ഫലങ്ങള്‍ ഇന്ന് രാവിലെയോടെയാണ് പുറത്തു വന്നത്. മമ്മൂട്ടി ഉടന്‍ കേരളത്തിലേക്ക് മടങ്ങിയെത്തുമെന്നാണ് വിവരം.

നിര്‍മാതാവ് ആന്റോ ജോസഫും മമ്മൂട്ടിയുടെ സന്തത സഹചാരി ജോര്‍ജും ഇക്കാര്യം സ്ഥിരീകരിക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പങ്കു വെച്ചിട്ടുണ്ട്. പ്രമുഖ താരങ്ങളിലും പലരും ഇരുവരുടെയും പോസ്റ്റിന് താഴെ ആശംസകളും പ്രാര്‍ത്ഥനയുമായി എത്തിയിട്ടുണ്ട്.

രോഗം സൗഖ്യപ്പെട്ടതോടെ ചെറിയ ഇടവേളയ്ക്ക് ശേഷം താരം സിനിമയിലേക്ക് തിരിച്ചെത്തുമെന്നുറപ്പായി. സെപ്റ്റംബറില്‍ മഹേഷ് നാരായണന്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്‌തേക്കും. നേരത്തെ ഈ ചിത്രം ആരംഭിച്ച ശേഷമാണ് മമ്മൂട്ടി ചികിത്സയ്ക്കായി ഇടവേളയെടുത്ത് ചെന്നൈയിലേക്ക് പോയത്.

നവാഗതനായ ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്യുന്ന ‘കളങ്കാവല്‍’ ആണ് തീയേറ്ററിലെത്തുന്ന അടുത്ത മമ്മൂട്ടി ചിത്രം. മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.

കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒമ്പത് വയസ്സുകാരിയുടെ സഹോദരനും രോഗലക്ഷണം. പനി ബാധിച്ച കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു, കുട്ടിയുടെ സാംപിൾ വിദഗ്ധ പരിശോധനയ്ക്കയക്കും. താമരശ്ശേരിയിൽ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് വ്യാഴാഴ്ചയാണ് നാലാം ക്ലാസുകാരി അനയ മരിച്ചത്. കുട്ടിയുടെ ഇളയ സഹോദരനായ ഏഴ് വയസുകാരനാണ് പുതുതായി രോഗ ലക്ഷണം. പനി ബാധിച്ചതിനെ തുടർന്ന് ഏഴുവയസുകാരനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ സ്രവ സാംപിൾ കഴിഞ്ഞ ദിവസം മൈക്രോ ബയോളജി ലാബിൽ പരിശോധിച്ചെങ്കിലും റിസൾട്ട് നെഗറ്റീവായിരുന്നു.

ഇന്ന് വിദഗ്ധ ഡോക്ടർമാരുടെ സംഘം നട്ടെല്ലിൽ നിന്നു സാംപിൾ ശേഖരിച്ച് പരിശോധനയ്ക്കയക്കും. മരിച്ച അനയയും സഹോദരങ്ങളും മൂന്നാഴ്ച മുൻപ് വീടിന് സമീപത്തെ കുളത്തിൽ നീന്തൽ പരിശീലിച്ചിരുന്നു. ഈ കുളമാണ് രോഗകാരണമായ ജലസ്രോതസെന്നാണ് പ്രാഥമിക വിലയിരുത്തൽ. പ്രദേശത്തെ ജലാശയങ്ങളിൽ ആരോഗ്യ വകുപ്പ് ക്ലോറിനേഷൻ നടത്തിയിരുന്നു. അനയ പഠിച്ച സ്കൂളിൽ ഇന്നലെ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. രോഗം സ്ഥിരീകരിച്ച് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള മൂന്ന് മാസം പ്രായമായ കുഞ്ഞ് വെന്റിലേറ്ററിൽ തുടരുകയാണ്. കുഞ്ഞിന്‍റെ വീട് ഉൾപ്പെടുന്ന ഓമശ്ശേരിലും ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി. രോഗം സ്ഥിരീകരിച്ച 49 വയസുകാരനും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ഓഗസ്റ്റ് 19-ന് അവധി പ്രഖ്യാപിച്ച് ജില്ലാ കലക്റ്റർ ഉത്തരവിട്ടു. കനത്ത മഴയും കാറ്റും കാരണം പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതും, കുട്ടികളുടെ സുരക്ഷ കണക്കിലെടുത്തും ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചത്.

അംഗനവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകൾ, കിന്റർഗാർട്ടൻ, മദ്രസകൾ, സ്വകാര്യ ട്യൂഷൻ സെന്ററുകൾ എന്നിവ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്.

കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾ, അഭിമുഖങ്ങൾ, നവോദയ വിദ്യാലയം, റെസിഡൻഷ്യൽ രീതിയിൽ പഠനം നടത്തുന്ന മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾ എന്നിവയ്ക്ക് അവധി ബാധകമല്ല.

അതേസമയം, സ്കൂൾ പരീക്ഷകൾക്ക് അവധി ബാധകമായിരിക്കും.സുരക്ഷാ കാരണങ്ങളാൽ ടർഫുകളിലും, മറ്റ് കളിക്കളങ്ങളിലും കളിക്കുന്നത് ഒഴിവാക്കാനും പാലങ്ങൾക്കും ജലാശയങ്ങൾക്കും സമീപം നിന്ന് സെൽഫിയെടുക്കുന്നതിൽ നിന്നും വീഡിയോ ചിത്രീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കാനും നിർദ്ദേശമുണ്ട്. നഷ്ടപ്പെടുന്ന അധ്യയന ദിവസങ്ങൾക്ക് പകരം പ്രവർത്തി ദിവസങ്ങൾ ക്രമീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

കോതമംഗലത്തെ ടിടിസി വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അറസ്റ്റിലായ കാമുകന്‍ റമീസിന്റെ സുഹൃത്ത് സഹദും കസ്റ്റഡിയില്‍. അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

കുറ്റകൃത്യത്തിന് കൂട്ട് നിന്നുവെന്നതാണ് സഹദിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. റമീസിന്റെ മാതാപിതാക്കളെ ഇന്ന് രാവിലെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. മാതാപിതാക്കള്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

റമീസിന്റെ വീട്ടില്‍ തന്നെ പൂട്ടിയിട്ട് ഉപദ്രവിച്ചുവെന്നും മതം മാറാന്‍ നിര്‍ബന്ധിച്ചുവെന്നും പറയുന്ന പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്തു വന്നിരുന്നു. റമീസില്‍ നിന്ന് നേരിട്ട അവഗണനയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് പൊലീസ് വ്യക്തമാക്കിയത്. മതം മാറാത്തതിന്റെ പേരില്‍ പെണ്‍കുട്ടി അവഗണന നേരിട്ടുവെന്നും പൊലീസ് പറഞ്ഞു.

ആത്മഹത്യാ പ്രേരണാക്കുറ്റം, ദേഹോപദ്രവമേല്‍പ്പിക്കല്‍, വിവാഹ വാഗ്ദാനം നല്‍കി പീഡനം തുടങ്ങിയ കുറ്റങ്ങളാണ് റമീസിനെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ റമീസിന്റെ രക്ഷിതാക്കള്‍ക്കും പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

ഇതോടെ യുവാവിന്റെ മാതാപിതാക്കള്‍ ഒളിവില്‍ പോയിരുന്നു. റമീസ് പെണ്‍കുട്ടിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്ന് യുവതിയുടെ സഹോദരന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. റമീസിന്റെയും കുടുംബത്തിന്റെയും ലക്ഷ്യം മത പരിവര്‍ത്തനമായിരുന്നുവെന്നും സഹോദരന്‍ ആരോപിച്ചിരുന്നു.

കോതമംഗലം കറുകടം സ്വദേശിയായ സോനയും റമീസും പ്രണയത്തിലായിരുന്നു. വിവാഹം ചെയ്ത് റമീസിനൊപ്പം ഒരുമിച്ച് ജീവിക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഇതിനിടെ ഇവര്‍ക്കിടയില്‍ ചില തര്‍ക്കങ്ങളുണ്ടായെന്നാണ് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞത്.

റമീസിന്റെയും യുവതിയുടെയും ഗൂഗിള്‍ അക്കൗണ്ടുകള്‍ പരസ്പരം ബന്ധിപ്പിച്ചിരുന്നു. റമീസ് ‘ഇടപ്പള്ളി സെക്‌സ് വര്‍ക്കേഴ്‌സ്’ എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തതും വിവരങ്ങള്‍ അന്വേഷിച്ചതും ഇടപ്പള്ളിയില്‍ പോയതിന്റെ ഗൂഗിള്‍ റൂട്ട് മാപ്പും പെണ്‍കുട്ടിക്ക് കണ്ടെത്താന്‍ സാധിച്ചു. ഇതോടെയാണ് ഇവര്‍ക്കിടയില്‍ തര്‍ക്കമായതെന്ന് പൊലീസ് പറയുന്നു.

റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിക്കെതിരേ വീണ്ടും ലൈം​ഗിക അതിക്രമ പരാതികൾ. രണ്ട് യുവതികൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി സമർപ്പിച്ചു. 2020-ലായിരുന്നു അതിക്രമമെന്നാണ് ഒരു യുവതിയുടെ പരാതി. 2021-ലാണ് രണ്ടാമത്തെ സംഭവമെന്നാണ് സൂചന.

അതേസമയം, തൃക്കാക്കര പോലീസ് രജിസ്റ്റർ ചെയ്ത ബലാത്സംഗക്കേസിൽ ഒളിവിലാണ് വേടൻ. ​ഇദ്ദേഹത്തിനെതിരേ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. വേടൻ വിദേശത്തേക്ക് കടക്കാതിരിക്കാൻ ലക്ഷ്യമിട്ടായിരുന്നു അന്വേഷണ സംഘത്തിന്റെ നടപടി.

നേരത്തെ, പുലിപ്പല്ലുമായി ബന്ധപ്പെട്ട വനംവകുപ്പിന്റെ കേസിൽ വേടന്റെ പാസ്പോർട്ട് കോടതിയിൽ സറണ്ടർ ചെയ്തിരുന്നു. പിന്നീട് അത് ഉപാധികളോടെ വിട്ടുനൽകുകയായിരുന്നു. ഇതിനാലാണ് പോലീസ് പെട്ടെന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

ബലാത്സം​ഗ പരാതിയുമായി ഡോക്ടറായ യുവതി രം​ഗത്തെത്തിയതിന് പിന്നാലെ പോലീസ് കേസ് രജിസ്റ്റ‍ർ ചെയ്തിരുന്നു. ഇതിനുശേഷം വേടൻ എവിടെ എന്ന് ആർക്കും അറിയില്ല. നിരവധി സംഗീത ഷോകൾ റദ്ദാക്കിയിട്ടുണ്ട്. വേടന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും.

RECENT POSTS
Copyright © . All rights reserved