പ്രശസ്ത മലയാള തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫ് അന്തരിച്ചു. കോട്ടയത്തെ വീട്ടിലെ കുളിമുറിയില്‍ കുഴഞ്ഞുവീണായിരുന്നു മരണം.
ഒടുവിലായി, ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പവര്‍ സ്റ്റാറിന്റെ തിരക്കുകളിലായിരുന്നു അദ്ദേഹം.
ഒളിയമ്പുകള്‍, ഇന്ദ്രജാലം, കോട്ടയം കുഞ്ഞച്ചന്, നമ്പര്‍ 20 മദ്രാസ് മെയില്‍, നായര്‍ സാബ്, മനു അങ്കിള്‍, സംഘം, വഴിയോരക്കാഴ്ചകള്‍, ന്യൂഡല്‍ഹി, സായം സന്ധ്യ, ഭൂമിയിലെ രാജാക്കന്മാര്, രാജാവിന്റെ മകന്, ശ്യാമ, നിറക്കൂട്ട്, ഈറന്‍ സന്ധ്യ, തസ്കരവീരന്, വജ്രം, ഫാന്റം, എഫ്ഐആര്‍, ഗാന്ധര്‍വം, ആകാശദൂത്, കിഴക്കന്‍ പത്രോസ് തുടങ്ങി നിരവധി മെഗാഹിറ്റുകള്‍ക്ക് തൂലിക ചലിപ്പിച്ച തിരക്കഥാകൃത്താണ് ഡെന്നീസ് ജോസഫ്.
1985ല്‍ ജേസി സംവിധാനം ചെയ്ത ‘ഈറന്‍ സന്ധ്യയ്ക്ക്’ എന്ന ചിത്രത്തിനു തിരക്കഥ എഴുതിയാണ് ഡെന്നീസ് ജോസഫ് ചലച്ചിത്രരംഗത്ത് പ്രവേശിച്ചത്. മനു അങ്കിള്‍ എന്ന ചലച്ചിത്രത്തിലൂടെ ആദ്യമായി സംവിധായകനായി. അഗ്രജന്, തുടര്‍ക്കഥ, അപ്പു, അഥര്‍വ്വം, മനു അങ്കിള്‍ തുടങ്ങി അഞ്ചു സിനിമകളാണ് അദ്ദേഹത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയത്.
കോട്ടയം ജില്ലയിലെ ഏറ്റുമാനൂരില്‍ 1957 ഒക്ടോബര്‍ 20ന് എം എന്‍ ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായാണ് ജനനം. ഏറ്റുമാനൂര്‍ ഗവണ്മെന്റ് ഹൈസ്കൂളില്‍നിന്ന് സ്കൂള്‍ വിദ്യാഭ്യാസവും കുറവിലങ്ങാട് ദേവമാതാ കോളെജില്‍ നിന്നും ബിരുദവും നേടി. പിന്നീട് ഫാര്‍മസിയില്‍ ഡിപ്ലോമയും കരസ്ഥമാക്കി.
കണ്ടെയ്ന്മെന്റ് സോണുകളില്‍ താമസിക്കുന്ന ഉപഭോക്താവിന് സ്വയം മീറ്റര്‍ റീഡിങ് രേഖപ്പെടുത്താനുള്ള സംവിധാനവുമായി കെഎസ്ഇബി. എസ്എംഎസ് വഴി കെഎസ്ഇബി അയയ്ക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഉപയോക്താവിന്റെ വിവരങ്ങളടങ്ങിയ പേജില്‍ എത്തും. ഇവിടെ റീഡിങ് രേഖപ്പെടുത്തേണ്ട കോളങ്ങളും മറ്റ് വിവരങ്ങള്‍ക്കായുള്ള സ്ഥലവും കാണാം. ഇന്നു മുതലാണ് ഈ സംവിധാനം പ്രയോജനപ്പെടുത്താന്‍ കഴിയുക. ഇതിനായി പ്രത്യേക ആപ് ഡൗണ്‍ ലോഡ് ചെയ്യേണ്ടതില്ല. ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജിലെത്തിയാല്‍ തൊട്ടു മുമ്പത്തെ റീഡിങ് സ്ക്രീനില്‍ കാണാനാകും. ഇതിനടുത്തുള്ള കോളത്തിലാണ് മീറ്ററിലെ നിലവിലെ റീഡിങ് രേഖപ്പെടുത്തേണ്ടത്. മീറ്റര്‍ ഫോട്ടോ എന്ന ഓപ്ഷന് തെരഞ്ഞെടുത്താല്‍ മീറ്ററിലെ റീഡിങ് നേരിട്ട് ഫോട്ടോ എടുക്കാം. മീറ്റര്‍ റീഡിങ് പൂര്‍ത്തിയായെന്നു കണ്‍ഫേം മീറ്റര്‍ റീഡിങ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുന്നതോടെ സെല്‍ഫ് മീറ്റര്‍ റീഡിങ് പൂര്‍ത്തിയാകും. അതതു പ്രദേശത്തെ കെഎസ്ഇബി മീറ്റര്‍ റീഡറുടെ ഫോണ്‍ നമ്പറും ആ പേജില്‍ ലഭ്യമായിരിക്കും.
ഉപഭോക്താവു രേഖപ്പെടുത്തിയ റീഡിങ്ങും ഫോട്ടോയിലെ റീഡിങ്ങും പരിശോധിച്ച ശേഷം മീറ്റര്‍ റീഡര്‍മാര്‍ അടയ്ക്കേണ്ട തുക ഉപഭോക്താവിനെ എസ്എംഎസിലൂടെ അറിയിക്കും. കെഎസ്ഇബിയില്‍ മൊബൈല്‍ നമ്പർ രജിസ്റ്റര്‍ ചെയ്യാത്തവർക്കും ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തവര്‍ക്കും മീറ്റര്‍ റീഡിങ് സ്വയം ചെയ്യാന്‍ കഴിയില്ല. ഇത്തരം സാഹചര്യങ്ങളില്‍ റീഡര്‍മാര്‍ നേരിട്ടു വന്നു വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടി വരും.
അയല്‍ സംസ്ഥാനങ്ങള്‍ക്ക് ഇനി ഓക്സിജന്‍ നല്‍കാനാവില്ലെന്ന് കേരളം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. സംസ്ഥാനത്ത് ഓക്സിജന്‍ ശേഖരത്തില്‍ കുറവുണ്ടായതും രോഗികളുടെ എണ്ണം ഇനിയും വര്‍ധിക്കാന്‍ സാധ്യതയുള്ളതും കണക്കിലെടുത്താണ് സര്‍ക്കാര്‍ തീരുമാനം.
കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന 219 ടണ്‍ ഓക്സിജന്‍ സംസ്ഥാനത്ത് ഉപയോഗിക്കാന്‍ അനുവദിക്കണമെന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചു.
കരുതല്‍ ശേഖരമായ 450 ടണില്‍ ഇനി ശേഷിക്കുന്നത് 86 ടണ്‍ മാത്രമാണ്. മെയ് 15ഒടെ കേരളത്തില്‍ കൊവിഡ് രോഗികള്‍ ആറു ലക്ഷത്തിലെത്തിയേക്കുമെന്ന വിദഗ്ധരുടെ പഠനങ്ങള്‍ കണക്കിലെടുത്താണ് തീരുമാനം. സംസ്ഥാനത്തിന് ചില ഇളവുകള്‍ നല്‍കണമെന്നും കേരളം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് നാല്പത്തഞ്ചിനു താഴെ പ്രായമുളളവരുടെ വാക്സിനേഷന് ഉടന്‍ ആരംഭിക്കും.
വാക്സീന് പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സംസ്ഥാനത്തിനായി സര്‍ക്കാര്‍ വാങ്ങിയ മൂന്നരലക്ഷം ഡോസ് വാക്സീന് ഇന്ന് എറണാകുളത്തെത്തും.
ആദ്യഘട്ടത്തില്‍ രോഗികള്‍ക്കും സമൂഹവുമായി അടുത്ത് ഇടപഴകുന്നവര്‍ക്കും വാക്സിന് വിതരണം ചെയ്യും.
സീറം ഇന്‍സ്ററിറ്റ്യൂട്ടില്‍ നിന്ന് വാങ്ങിയ കോവിഷീല്‍ഡ് വാക്സീന്റെ മൂന്നര ലക്ഷം ഡോസാണ് ഇന്നുച്ചയ്ക്ക് 12 മണിയോടെ കൊച്ചി വിമാനത്താവളത്തിലെത്തുന്നത്.
തുടര്‍ന്ന് മററ് ജില്ലകളിലേയ്ക്ക് വിതരണം ചെയ്യും. 18 നും നാല്പത്തിനാലിനും ഇടയില്‍ പ്രായമുളളവരുടെ കുത്തിവയ്പിന് ഈ വാക്സീന് ഉപയോഗിക്കും.
സ്ഥാനാർഥിനിർണയത്തിലെ തർക്കത്തെത്തുടർന്ന് പാർട്ടിയെ പിളർത്തി മാണി സി.കാപ്പൻ പാലായിൽ യുഡിഎഫ് ടിക്കറ്റിൽ മത്സരിച്ചു വിജയിച്ചശേഷവും എൻസിപിയിലെ പ്രതിസന്ധി അവസാനിക്കുന്നില്ല. ചില മുതിർന്ന നേതാക്കൾക്ക് ഇപ്പോഴും മാണി സി. കാപ്പനോടാണ് അടുപ്പം എന്നതാണ് അലോസരത്തിന് ഇടയാക്കുന്നത്. ഇതേത്തുടർന്നാണ് എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തിലുള്ള വിഭാഗവും സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരന്റെ നേതൃത്വത്തിലുള്ള വിഭാഗവും തുറന്ന പോരിലേക്കെത്തിയത്.
പാലായിൽ മാണി സി. കാപ്പൻ നേടിയ വിജയത്തെക്കുറിച്ച് ഇടതുമുന്നണി ആത്മപരിശോധന നടത്തണമെന്ന നിലയിൽ ടി.പി. പീതാംബരൻ നടത്തിയ പ്രതികരണമാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. പാർട്ടിയിൽനിന്ന് വിട്ടുപോയ മാണി സി.കാപ്പനുവേണ്ടി ടി.പി. പീതാംബരൻ നടത്തിയ നീക്കം പാർട്ടിവിരുദ്ധമാണെന്ന് പരസ്യപ്രസ്താവനയിറക്കിയാണ് എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി റസാക്ക് മൗലവി ഇതിനെ പ്രതിരോധിച്ചത്. ഇതോടെ പ്രസിഡന്റിനെതിരേ പരസ്യപ്രസ്താവന നടത്തിയ ജനറൽ സെക്രട്ടറിക്കെതിരേ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുകയാണ് സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരൻ. വൈസ് പ്രസിഡന്റ് പി.കെ. രാജൻ, മറ്റൊരു ജനറൽസെക്രട്ടറി ജയൻ പുത്തൻ പുരയ്ക്കൽ തുടങ്ങിയവരും ടി.പി. പീതാംബരനെതിരേ അണിനിരന്നിട്ടുണ്ട്.
എൻസിപിയുടെ ഏക മന്ത്രി എ.കെ.ശശീന്ദ്രൻ പരസ്യമായി പ്രശ്നത്തിൽ ഇടപെട്ടിട്ടില്ലെങ്കിലും ജില്ലാ കമ്മിറ്റികളെ വരുതിയിലാക്കാനുള്ള ശ്രമത്തിലാണ്. അതേസമയം പുതിയ മന്ത്രിസഭയിൽ ആരാകും എൻസിപി മന്ത്രിയെന്നതു സംബന്ധിച്ചും തീരുമാനമായിട്ടില്ല. എലത്തൂരിൽനിന്നു വിജയിച്ച എ.കെ. ശശീന്ദ്രനും കുട്ടനാടിൽനിന്നു വിജയിച്ച തോമസ് കെ. തോമസുമാണ് പാർട്ടിയുടെ രണ്ട് എംഎൽഎമാർ. മന്ത്രിപദവിക്കുള്ള അവകാശവാദം തോമസ് കെ.തോമസ് ഇതിനകം ഉന്നയിച്ചു കഴിഞ്ഞു. അന്തരിച്ച തോമസ് ചാണ്ടിയുടെ സഹോദരനാണ് തോമസ് കെ.തോമസ്.
പാർട്ടിയിലെ സീനിയോറിറ്റിയും മന്ത്രിയെന്ന നിലയിലുള്ള അനുഭവപരിചയവുമാണ് ശശീന്ദ്രന്റെ തുരുപ്പുചീട്ട്. പാർട്ടിയെ ഇടതുമുന്നണിയിൽ ഉറപ്പിച്ചുനിർത്തുന്നതിൽ നേതൃപരമായ പങ്ക് വഹിച്ചനിലയിൽ ഇടതുമുന്നണിയിൽനിന്നുള്ള പിന്തുണയും ശശീന്ദ്രൻ പ്രതീക്ഷിക്കുന്നു.
പാർട്ടിവിട്ട് പുറത്തുപോയെങ്കിലും തെരഞ്ഞെടുപ്പുഫലം പുറത്തുവന്നതിനു തൊട്ടടുത്ത ദിവസം മാണി സി. കാപ്പൻ മുംബൈയിലെത്തി എൻസിപി ദേശീയ അധ്യക്ഷൻ ശരദ്പവാറിനെ സന്ദർശിച്ചതാണ് മറ്റൊരു കൗതുകകരമായ നീക്കം.
പവാറിന്റെ മകളും എൻസിപി പാർലമെന്ററി പാർട്ടി നേതാവുമായ സുപ്രിയ സുലേയോടൊപ്പമുള്ള ചിത്രം പുറത്തുവിടുകയും ചെയ്തു. സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരന്റെ ആശീർവാദത്തോടെയാണ് കൂടിക്കാഴ്ച നടന്നതെന്നാണ് എതിർചേരിയിലുള്ളവരുടെ വാദം. മാണി സി. കാപ്പൻ എൻസിപിയിലേക്ക് തിരിച്ചെത്തുമെന്നും ദേശീയ നേതൃത്വത്തിന്റെ പിന്തുണയോടെ മന്ത്രിസ്ഥാനം നേടിയെടുക്കുമെന്നും ഇവർ ഭയപ്പെടുന്നു.
ഒന്നേകാൽ വയസുള്ള കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു. ആല കോണത്തേത്ത് രാജേഷ് – ശില്പ ദമ്പതികളുടെ ഇരട്ട പെൺമക്കളിൽ ഒരാളായ അരുണിമ (ഒന്നേകാൽ വയസ്) ആണ് പനിയെത്തുടർന്നു ശനിയാഴ്ച രാവിലെ മരിച്ചത്. പിന്നീട് നടത്തിയ സ്രവ പരിശോധനയിലാണു കോവിഡ് സ്ഥിരീകരിച്ചത്.
അമ്മ ശില്പയുടെ ചെറിയനാട്ടെ വീട്ടിൽവച്ചാണ് അരുണിമ ചികിത്സയിലായത്. ഇരട്ട സഹോദരി അനഘ മതാപിതാക്കളോടൊപ്പം വീട്ടിലുണ്ട്. കുടുംബാംഗങ്ങളുടെ സ്രവ പരിശോധന ഇന്ന് നടത്തും.കുട്ടിയുടെ സംസ്കാരം ചെറിയനാട് പൊതുശ്മശാനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തി.
ഇന്ന് രാവിലെ ആശുപത്രിയിൽ ഡ്യൂട്ടിക്ക് വരികയായിരുന്ന നഴ്സിന് വാഹനാപകടത്തിൽ ദാരുണാന്ത്യം. വാരണം കണ്ടത്തിൽ അനു തോമസ് (32) ആണ് ഓടിച്ചിരുന്ന സ്കൂട്ടറിൽ ലോറിയിടിച്ച് മരണമടഞ്ഞത്. അനു തോമസിൻെറ ഭർത്താവ് വിദേശത്താണ്. മകൻ എലൻ.
നെട്ടൂരിലുള്ള സ്വകാര്യ ആശുപത്രിയിലേയ്ക്ക് രാവിലെ ജോലിക്ക് വരികയായിരുന്നു. മാടവന ജംഗ്ഷനിൽ വച്ച് സിഗ്നൽ ലഭിച്ചതിനെത്തുടർന്ന് സ്കൂട്ടർ മുന്നോട്ടെടുത്തപ്പോൾ അതിവേഗത്തിൽ വരികയായിരുന്ന ലോറിഇടിച്ചിടുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
അനു തോമസിൻെറ വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
കൊവിഡ് ചികിത്സയ്ക്ക് ചെലവായ നാലരലക്ഷം രൂപ പൂര്‍ണ്ണമായി അടയ്ക്കാത്തതിന്റെ പേരില്‍ മൃതദേഹം തടഞ്ഞുവെച്ച് കട്ടാക്കടയിലെ സ്വകാര്യ ആശുപത്രി, സംഭവത്തില്‍ ആശുപത്രിക്ക് ജില്ലാ കളക്ടര്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. രണ്ടു ദിവസത്തിനകം തൃപ്തികരമായ മറുപടി നല്‍കിയില്ലെങ്കില്‍ ദുരന്തനിവാരണ നിയമപ്രകാരം നടപടിയുണ്ടാകുമെന്നും നോട്ടീസില്‍ പറയുന്നുണ്ട്.
കോവിഡ് ചികിത്സയ്ക്കിടെ മരിച്ച കരമന കൊല്ലവിളാകത്തുവീട്ടില്‍ എം.ഷാജഹാന്റെ മൃതദേഹമാണ് വിട്ടുകൊടുക്കണമെങ്കില്‍ ബന്ധുക്കള്‍ 4,44,808 രൂപയുടെ ബില്ല് പൂര്‍ണമായി അടയ്ക്കണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചത്.ബന്ധപ്പെട്ട അധികൃതര്‍ വിഷയത്തില്‍ ഇടപെടല്‍ നടത്തിയിട്ടും ആശുപത്രിയുടെ ഉത്തരവാദപ്പെട്ടവര്‍ വിട്ടുവീഴ്ചയ്ക്കു തയ്യാറായില്ല.
മരണപ്പെട്ടയാളുടെ ചികിത്സച്ചെലവുകള്‍ സംബന്ധിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ബന്ധുക്കള്‍ക്ക് അധികൃതര്‍ കൃത്യമായ ധാരണ നല്‍കിയിരുന്നില്ലെന്നും ഇതിനിടെ ആരോപണം ഉയര്‍ന്നു. മൃതദേഹം വിട്ടുകൊടുക്കാന്‍ രണ്ടുദിവസം വൈകിയതിനെത്തുടര്‍ന്ന് കൗണ്‍സിലര്‍ കരമന അജിത്ത് അടക്കമുള്ള പൊതുപ്രവര്‍ത്തകര്‍ ഇടപെട്ടു. തുടര്‍ന്ന് ഷാജഹാന്റെ സഹോദരന് നിസാര്‍ ഡിഎംഒക്കു പരാതി നല്‍കിയതോടെയാണ് മൃതദേഹം വിട്ടുനല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായത്. ശേഷമാണ് ആശുപത്രിക്ക് നോട്ടീസ് അയച്ചത്.
തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ സെക്രട്ടറിയായി കോട്ടയം സ്വദേശിനി. പാലായ്ക്ക് സമീപം പൂവരണി സ്വദേശിനിയായ അനു ജോര്‍ജ് ഐഎഎസ് ആണ് തമിഴ്നാട് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ചുമതലയേറ്റത്.
അനു ജോര്‍ജടക്കമുള്ള നാല് സെക്രട്ടറിമാരേയും പുതിയ ചീഫ് സെക്രട്ടറിയേയും ചുമതലയേറ്റ ആദ്യ ദിവസം തന്നെ സ്റ്റാലിന് നിയോഗിച്ചു. നിലവിലെ ചീഫ് സെക്രട്ടറി രാജീവ് രഞ്ജനെ മാറ്റി വിഇറൈ അന്‍ബുവിനെയാണ് നിയമിച്ചിരിക്കുന്നത്.
തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലയാണ് അനുജോര്‍ജിന്. 2003 ബാച്ച് തമിഴ്നാട് കേഡര്‍ ഉദ്യോഗസ്ഥയായ അനുജോര്‍ജ് പ്രവര്‍ത്തനമികവിന് പേരുകേട്ട ഉദ്യോഗസ്ഥയാണ്.
ഇന്‍ഡസ്ട്രീസ് കമ്മിഷണര്‍, ഇന്‍ഡസ്ട്രീസ് ആന്‍ഡ് കൊമേഴ്സ് ഡയറക്ടര്‍ പദവികള്‍ വഹിച്ചുവരവെയാണ് പുതിയ ചുമതല. അരിയലൂര്‍ ജില്ലാകളക്ടറായും സംസ്ഥാന പ്രോട്ടോകോള്‍ ജോയന്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
തിരുവനന്തപുരം വിമന്‍സ് കോളജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടിയ അനു, ജെഎന്‍യുവില്‍ നിന്ന് സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദവും എംഫില്ലും നേടി. 2002ല്‍ ഇന്ത്യന്‍ റവന്യൂ സര്‍വീസ് ലഭിച്ചു. തുടര്‍ന്ന് 2003ല്‍ ഇരുപത്തിയഞ്ചാം റാങ്കോടെയാണ് ഐഎഎസ് നേടിയത്. ഐടി ഉദ്യോഗസ്ഥനായ തോമസ് ജോസഫാണ് ഭര്‍ത്താവ്.
തിരുവനന്തപുരം: കോവിഡ് സാഹചര്യം രൂക്ഷമായി തുടര്‍ന്നാല്‍ രണ്ടാം പിണറായി വിജയന് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ലളിതമായ രീതിയില്‍ രാജ്ഭവനില്‍ നടക്കും. 20-നാണ് സത്യപ്രതിജ്ഞ നിശ്ചയിച്ചിട്ടുള്ളത്.
മുഖ്യമന്ത്രിക്കു പുറമെ പുതിയ 20 മന്ത്രിമാര്‍, കഴിഞ്ഞ മന്ത്രിസഭയിലെ അംഗങ്ങള്‍, ഗവര്‍ണര്‍, മേയര്‍, തിരുവനന്തപുരം എം.എല്‍.എ, എം.പി, ചീഫ് സെക്രട്ടറി, ഡി.ജി.പി, പൊതുഭരണ സെക്രട്ടറി, ഗവര്‍ണറുടെ എ.ഡി.സി. എന്നിവരടക്കം 50 പേരെമാത്രം ചടങ്ങില്‍ പങ്കെടുപ്പിക്കാനാണ് ആലോചന. മറ്റു വി.ഐ.പികള്‍ക്കു സത്യപ്രതിജ്ഞാ ചടങ്ങിന്റെ ഓണ്‍ലൈന്‍ ലിങ്ക് നല്‍കും. പി.ആര്.ഡി. വഴി ചടങ്ങ് ജനങ്ങളിലേക്കെത്തിക്കും. ഇതു സംബന്ധിച്ച അന്തിമ തീരുമാനം 17നു സി.പി.എം. നേതൃത്വം കൈക്കൊള്ളും. ലളിതമായി ചടങ്ങ് നടത്താനാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ തീരുമാനമെന്നു സൂചനയുണ്ട്.