Kerala

നന്ദിഗ്രാമിലെ ബിറുലിയ ബസാറിൽ വച്ച് തനിക്ക് പരിക്കേറ്റ സംഭവത്തിന് പിറകിൽ ഗൂഢാലോചന നനടന്നതായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിറുലിയ ബസാറിൽ വോട്ടർമാരെ കാണുന്നതിനിടെ ബുധനാഴ്ചയാണ് മമത ബാനർജിക്ക് പരിക്കേറ്റത്.

സ്ഥലത്ത് വാക്കേറ്റമുണ്ടായപ്പോൾ മുഖ്യമന്ത്രിക്ക് കാലിന് പരിക്കേൽക്കുകയായിരുന്നു. തലയ്ക്ക് നേരിയ പരിക്കേറ്റതായും മുഖ്യമന്ത്രി പറഞ്ഞു. മമത ഒരു ക്ഷേത്രത്തിൽ നിന്ന് പുറത്തിറങ്ങി അവരുംടെ കാറിൽ കയറാൻ ശ്രമിക്കുന്നതിനിടെ നാലഞ്ചു പേർ പെട്ടെന്ന് അവരുടെ കാറിന്റെ വാതിൽ തള്ളുകയും വലതു കാൽ വാതിലിൽ കുടുങ്ങുകയും ചെയ്യുകയായിരുന്നു. ഇതിൽ മമതയുടെ വലത് കാൽമുട്ടിനും കണങ്കാലിനും പരിക്കേറ്റു.

“ഇതൊരു ഗൂഢാലോചനയാണ്. എന്നെ സംരക്ഷിക്കാൻ ഒരു ഭരണകൂടവും ഉണ്ടായിരുന്നില്ല. പോലീസ് കൂടി ഉണ്ടായിരുന്നില്ല. എന്നെ അപായപ്പെടുത്താനാണ് അവർ അവിടെയെത്തിയത്. ഞാൻ ഇപ്പോൾ കൊൽക്കത്തയിലേക്ക് മടങ്ങാൻ തീരുമാനിച്ചിരിക്കുകയാണ്,”മമത പറഞ്ഞു.

എന്നാൽ, ഗൂഢാലോചന നടന്നെന്ന വാദം അസംബന്ധമാണെന്ന് പ്രാദേശിക ബിജെപി നേതാക്കൾ പറയുന്നു. “അവർ സഹതാപത്തിന് നുണ പറയുകയാണ്. ആരാണ് അവരെ ആക്രമിക്കുക? അവൾ പോകുന്നിടത്തെല്ലാം ഒരു കിലോമീറ്ററോളം റോഡ് പോലീസ് ഒഴിപ്പിക്കാറുണ്ട്,” ബിജെപി നേതാവ് അർജുൻ സിംഗ് പറഞ്ഞു.

എൽഡിഎഫ് സ്ഥാനാർഥിത്വത്തിൽ പിറവത്തും പ്രതിഷേധം. പിറവം സീറ്റ് പ്രതീക്ഷിച്ചിരുന്ന ജില്‍സ് പെരിയപ്പുറം കേരള കോണ്‍ഗ്രസ് വിട്ടു. ജോസ് കെ.മാണി സീറ്റ് കച്ചവടം നടത്തിയെന്ന് ജില്‍സ് പെരിയപ്പുറം ആരോപിച്ചു. യൂത്ത് ഫ്രണ്ട് എം സംസ്ഥാന വൈസ് പ്രസിഡന്റാണ് ജില്‍സ്. സിന്ധുമോൾ ജേക്കബാണ് എൽഡിഎഫ് സ്ഥാനാർഥി. ഇവര്‍ സിപിഎം അംഗവും നിലവില്‍ ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവും ആണ്.

പിറവത്ത് രണ്ടില ചിഹ്നത്തിൽ തന്നെ മല്‍സരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി സിന്ധുമോൾ ജേക്കബ് പറഞ്ഞു. പേയ്മെന്‍റ സീറ്റെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് സിന്ധുമോള്‍ പറഞ്ഞു. നേരത്തെ പിറവത്ത് ജില്‍സ് പെരിയപുറം സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച് പ്രചാരണം തുടങ്ങിയിരുന്നു. ഇതിനിടെയാണ് ജില്‍സിനെ ഒഴിവാക്കി കടുത്തുരുത്തിയിലേക്ക് പരിഗണിച്ചിരുന്ന സിന്ധുമോളെ പിറവത്ത് സ്ഥാനാര്‍ഥിയാക്കിയത്.

രാജ്യവ്യാപക ബന്ദിന് ആഹ്വാനം ചെയ്ത് കര്‍ഷക സംഘടനകള്‍. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന സമരം നാല് മാസം പൂര്‍ത്തിയാകുന്ന 26നാണ് ബന്ദിന് ആഹ്വാനം. രാജ്യത്തെ മറ്റിടങ്ങളിലേക്ക് കര്‍ഷക സമരം വ്യാപിക്കുന്നതിന്റെയും പിന്തുണ ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് നീക്കം. വിവിധ കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ചയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

തണുപ്പുകാലം പിന്നിട്ടതോടെ സമരം വീണ്ടും ശക്തിപ്പെടുത്താനാണ് കര്‍ഷകരുടെ നീക്കം. നാട്ടിലേക്ക് മടങ്ങിപ്പോയ കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് തിരിച്ചെത്തുമെന്ന് കര്‍ഷക നേതാക്കള്‍ അറിയിച്ചു. സമാധാനപരമായ രീതിയില്‍ കൂടുതല്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പുകളാണ് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്നത്. വിവാദ നിയമങ്ങള്‍ പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും കര്‍ഷകര്‍ വ്യക്തമാക്കി.

കഴിഞ്ഞ ഡിസംബര്‍ എട്ടിനും കര്‍ഷക സംഘടനകള്‍ രാജ്യവ്യാപകമായ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. ഇടത് പാര്‍ട്ടികള്‍ക്കൊപ്പം, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍ജെഡി തുടങ്ങിയ പാര്‍ട്ടികള്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

നേമത്ത് മത്സരിക്കണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം തള്ളി ഉമ്മന്‍ചാണ്ടി. പുതുപ്പള്ളി ഇല്ലെങ്കില്‍ മത്സരിക്കാനില്ലെന്നാണ് തീരുമാനമെന്നും ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചു. രമേശ് ചെന്നിത്തലയോ കെ. മുരളീധരനോ നേമത്ത് മത്സരിക്കുന്നതില്‍ തനിക്ക് എതിര്‍പ്പ് ഇല്ലെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. കെ. ബാബു അടക്കം താന്‍ നിര്‍ദ്ദേശിച്ചവരെല്ലാം വിജയസാധ്യതയുള്ളവരാണെന്നാണ് ഉമ്മന്‍ചാണ്ടിയുടെ കടുംപിടുത്തം.

ബിജെപിക്ക് എതിരെയുള്ള പോരാട്ടത്തിന് സംസ്ഥാന വ്യാപകമായി ശക്തി പകരാന്‍ ഉമ്മന്‍ചാണ്ടിയോ കെ. മുരളീധരനോ നേമത്ത് നിന്ന് മത്സരിക്കണമെന്നാണ് ഹൈക്കമാന്‍ഡ് പറഞ്ഞിരുന്നത്. എന്നാല്‍ ഇതിന് ഉമ്മന്‍ചാണ്ടി തയാറല്ല. പുതുപ്പള്ളിയില്‍ അല്ലാതെ മത്സരിക്കാന്‍ തയാറല്ലെന്നാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാട്.

ബി.ജെ.പി. ശക്തിപ്രാപിച്ച തിരുവനന്തപുരത്തെ നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥിനിര്‍ണയം കീറാമുട്ടിയായിരിക്കുകയാണ്. എം.പി.മാര്‍ മത്സരിക്കേണ്ടെന്ന മുന്‍ നിലപാടില്‍നിന്നുമാറി നേമത്ത് കെ. മുരളീധരനെ മത്സരിപ്പിക്കാന്‍ ശ്രമംനടക്കുന്നുണ്ട്. കെ.മുരളീധരന് ജയസാധ്യത കൂടുതല്‍ ഉളള നേമത്ത് രമേശ് ചെന്നിത്തലയോ, ഉമ്മന്‍ചാണ്ടിയോ സ്ഥാനാര്‍ഥി ആയാല്‍ വിജയിക്കുക എളുപ്പമല്ലെന്നും ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു.

കേരളത്തിൽ ബി ജെ പിയുടെ ഏക സിറ്റിംഗ് സീറ്റാണ് നേമത്തേത്. കഴിഞ്ഞ തവണ കെ സുരേന്ദ്രൻ പിള്ളയായിരുന്നു ഇവിടെ യു ഡി എഫ് സ്ഥാനാർത്ഥി. ആ തിരഞ്ഞെടുപ്പിൽ യു ഡി എഫ് മൂന്നാം സ്ഥാനത്തായിരുന്നു. കരുത്തനായ ഒരാളെ സ്ഥാനാർത്ഥിയാക്കിയാൽ മണ്ഡലം കൈപ്പിടിയിലൊതുക്കാമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടൽ. വി ശിവൻ കുട്ടിയാണ് എൽ ഡി എഫ് സ്ഥാനാർത്ഥി. കുമ്മനം രാജശേഖരനായിരിക്കും ബി ജെ പി സ്ഥാനാർത്ഥിയെന്നാണ് സൂചന.

കൂടത്തായിയിലെ സീരിയല്‍ കൊലപാതകങ്ങളെ അനുകരിച്ച് നടത്തി വരുന്ന കൂടത്തായി സീരിയലിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ കോടതിയുടെ സഹായം തേടി കേസിലെ പ്രധാന പ്രതി ജോളി. സിഡി കാണാന്‍ അനുവാദം ചോദിച്ചാണ് കൂടത്തായി കൊലപാതക കേസിലെ ഒന്നാം പ്രതി ജോളി കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.

സിഡി നല്‍കാന്‍ സ്വകാര്യ ചാനലിന് നിര്‍ദേശം നല്‍കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. കൂടത്തായി കേസിനെ ആസ്പദമാക്കി സംപ്രേഷണം ചെയ്ത സീരിയല്‍ തന്നേയും വീട്ടുകാരേയും മോശമായാണ് ചിത്രീകരിക്കുന്നതെന്നും മക്കളുടെ ഭാവിയെ വരെ ബാധിക്കുന്ന വിഷയമാണെന്നും ആരോപിച്ചാണ ജോളി കോടതിയെ സമീപിച്ചിരിക്കുന്നത്.

ചാനലിനെതിരെ നിയമനടപടി സ്വീകരിക്കേണ്ടതിനാല്‍ സീരിയലിന്റെ സിഡി കാണാന്‍ അനുവദിക്കണമെന്നും കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നുണ്ട്. സിഡി നല്‍കാന്‍ ചാനലിന് നിര്‍ദേശം നല്‍കണമെന്ന് ജോളിയുടെ അഭിഭാഷകന്‍ ബിഎ ആളൂര്‍ വാദിച്ചു. കൂടത്തായി സംഭവത്തില്‍ കേരളപോലീസ് തന്നെ വെബ്സീരീസുമായി വരികയാണെന്നും ആളൂര്‍ ആരോപിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സിറ്റിം​ഗ് സീറ്റായ നേമം പിടിക്കാൻ കോൺ​ഗ്രസിൽ പുതിയ നീക്കും.

പ്രമുഖരെ മത്സരിപ്പിച്ച് മണ്ഡലം പിടിക്കണമെന്നാണ് ഹൈക്കമാൻഡ് നിർദ്ദേശം.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും കെ. മുരളീധരന്റെയും പേരുകളാണ് പരി​ഗണനയിലുള്ളത്. നേരത്തെയും ഇവരുടെ പേരുകൾ ഉയർന്നു വന്നിരുന്നു.

എന്നാൽ എന്നോട് ആരും ചോദിച്ചിട്ടുമില്ല, ഞാൻ ആരോടും പറഞ്ഞിട്ടുമില്ലെന്നും മുരളീധരൻ വാർത്തയോട് പ്രതികരിച്ചു.

അതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഇപ്പോൾ പ്രസക്തിയില്ല. കാരണം, എം.പിമാർ ആരും മത്സരിക്കേണ്ടതില്ല എന്ന തീരുമാനം നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. പട്ടികയിൽ കുറ്റ്യാടി ഇല്ല. കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കിയതിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ പരസ്യമായി പ്രതിഷേധിച്ചിരുന്നു. കുറ്റ്യാടിയിലാണ് നൂറുകണക്കിന് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്.

കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫിനെതിരെ സ്റ്റീഫന്‍ ജോര്‍ജ് മല്‍സരിക്കും. റാന്നിയില്‍ അഡ്വ. പ്രമോദ് നാരായണന്‍ സ്ഥാനാര്‍ഥി. ജോസ് കെ.മാണി (പാലാ), ഡോ.എന്‍.ജയരാജ് (കാഞ്ഞിരപ്പള്ളി), സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ (പൂഞ്ഞാര്‍), അഡ്വ. ജോബ് മൈക്കിള്‍ (ചങ്ങനാശേരി), പ്രഫ. കെ.ഐ.ആന്റണി (തൊടുപുഴ), റോഷി അഗസ്റ്റിന്‍ (ഇടുക്കി), ബാബു ജോസഫ് (പെരുമ്പാവൂര്‍), സിന്ധുമോള്‍ ജേക്കബ് (പിറവം), ഡെന്നിസ് കെ.ആന്റണി (ചാലക്കുടി), സജി കുറ്റ്യാനിമറ്റം (ഇരിക്കൂര്‍) എന്നിങ്ങനെയാണ് സ്ഥാനാര്‍ഥികള്‍.

‘നേതാക്കളെ പാര്‍ട്ടി തിരുത്തും, പാര്‍ട്ടിയെ ജനംതിരുത്തും’ എന്ന ബാനറുമായി ആയിരുന്നു പ്രകടനം. കുറ്റ്യാടിയുടെ മാനം കാക്കാന്‍ സിപിഎം വരണമെന്നും മുദ്രാവാക്യം. ഇന്ന് രാവിലെയാണ് സിപിഎം ഔദ്യോഗികമായി സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.

പി.സി.ചാക്കോ കോണ്‍ഗ്രസ് വിട്ടു. രാജിക്കത്ത് സോണിയയ്ക്കും രാഹുലിനും നല്‍കി . കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അപചയം അവഗണിച്ചെന്ന് പരാതി. കോണ്‍ഗ്രസില്‍ സീറ്റ് വിഭജനം ഗ്രൂപ്പുകളുടെ വീതംവയ്പ്പെന്നും പി.സി. ചാക്കോ ആരോപിച്ചു. കെപിസിസി നേതൃത്വത്തിന് വിമര്‍ശനം. പാര്‍ട്ടിസ്ഥാനങ്ങള്‍ എയും ഐയും വീതംവച്ചു. കേരളത്തിലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പില്ലാതെ പ്രവര്‍ത്തിക്കാനാകില്ല. കോണ്‍ഗ്രസിന് ദേശീയതലത്തിലും വളര്‍ച്ചയില്ലെന്നും പിസി. ചാക്കോ ആരോപിച്ചു.

കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചതിന് പിന്നാലെ ഭാവി നീക്കത്തെപ്പറ്റി ഉദ്വേഗം. ഇടതുപക്ഷവും കോണ്‍ഗ്രസും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടവരാണെന്ന് ചാക്കോ പറഞ്ഞു. തന്നെ ഒരിക്കലും ബിജെപിയ്ക്കൊപ്പം കാണാന്‍ കഴിയില്ലെന്ന് പി.സി.ചാക്കോ കൂട്ടിച്ചേര്‍ക്കുന്നു.

രാജിക്ക് കാരണം കേരളത്തിലെ കോണ്‍ഗ്രസിന്റെ അപചയമെന്ന് പി.സി.ചാക്കോ കുറ്റപ്പെടുത്തി. കേരളത്തിലെ കോണ്‍ഗ്രസ് തീര്‍ത്തും ജനാധിപത്യവിരുദ്ധസംഘടനയാണ്. ഗ്രൂപ്പിനതീതരായി നില്‍ക്കുന്ന ആര്‍ക്കും കേരളത്തിലെ സംഘടനയില്‍ നിലനില്‍പ്പില്ല.

ഗ്രൂപ്പില്ലാത്ത നേതാക്കളെ സംരക്ഷിക്കാന്‍ ഹൈക്കമാന്‍ഡ് തയാറാകുന്നില്ലെന്നും പി.സി.ചാക്കോ പറഞ്ഞു. ദേശീയനേതൃത്വം സജീവമല്ല, കോണ്‍ഗ്രസ് ഓരോദിവസവും ദുര്‍ബലമാകുന്നു. ഗുലാംനബി ആസാദ് അടക്കമുള്ള വിമത നേതാക്കളുടെ നിലപാടാണ് ശരിയെന്നും ചാക്കോ പറഞ്ഞു.

മൂന്നര മാസം പ്രായമുള്ള പെൺകുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ പൊലീസ് കസ്റ്റഡിയിൽ. കുഞ്ഞിനെ കൊലപ്പെടുത്തിയ കാഞ്ഞിരകോട് മായംകോട് നന്ദാവനത്തിൽ ദിവ്യ(24)യെയാണ് കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ചിറ്റുമലയിൽ ആയുർവേദ ക്ലിനിക് നടത്തുന്ന ഭർത്താവ് ഉച്ചയ്ക്കു വീട്ടിലെത്തി ഭക്ഷണം കഴിച്ച ശേഷം മടങ്ങി പോയിരുന്നു. തുടർന്ന് കുഞ്ഞ് കരഞ്ഞപ്പോൾ ബക്കറ്റിലെ വെള്ളത്തിൽ താഴ്ത്തി യുവതി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം.

പ്രസവത്തെ തുടർന്ന് ദിവ്യയ്ക്കു മാനസിക അസ്വസ്ഥത ഉണ്ടായിരുന്നു. നേരത്തെ ഒരു തവണ കൈ ഞരമ്പ് മുറിച്ച് ദിവ്യാ ആത്മഹത്യയ്ക്കു ശ്രമിച്ചതായും ബന്ധുക്കൾ പറഞ്ഞു.കുഞ്ഞിന്റെ മൃതദേഹം കൊല്ലം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്.

കോണ്‍ഗ്രസ് ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കാനിരിക്കെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു അവസരം കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍ ഹൈക്കമാന്‍ഡിന് മുന്നില്‍. കെ.വി. തോമസ്, കെ.സി. ജോസഫ്, എം.എം. ഹസന്‍, പാലോളി രവി, തമ്പാനൂര്‍ രവി, ശരത്ചന്ദ്ര പ്രസാദ്, കെ.ബാബു, കെ.സി. റോസക്കുട്ടി തുടങ്ങിയ നേതാക്കളാണ് സ്‌ക്രീനിംഗ് കമ്മിറ്റിയെ സമീപിച്ചത്.

യുവാക്കളും സ്ത്രീകളും ദുർബലവിഭാഗക്കാരും ഉൾപ്പെടുന്ന ജയസാധ്യതയുള്ള അമ്പതു ശതമാനത്തോളം പുതുമുഖങ്ങൾക്ക് പ്രഥമപരിഗണന നൽകണമെന്ന മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിർദേശം പാലിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നും ഇക്കാര്യം ഏറക്കുറെ അന്തിമമാണെന്നും ഉന്നത കോൺഗ്രസ് വൃത്തങ്ങൾ അറിയിക്കുന്നതിനിടയിലാണ് മുതിർന്ന നേതാക്കൾ ഹൈക്കമാന്‍ഡിനെ കാണുന്നത്.

നിര്‍ണായക പോരാട്ടത്തില്‍ വിജയമുറപ്പിക്കാന്‍ ഇക്കുറി കൂടി മത്സരിക്കാന്‍ തയാറാണെന്ന് നേതാക്കള്‍ സ്‌ക്രീനിംഗ് കമ്മിറ്റി ചെയര്‍മാന്‍ എച്ച്.കെ. പാട്ടീലിനെ അറിയിച്ചു. സുപ്രധാന തെരഞ്ഞെടുപ്പായതിനാല്‍ വിജയം മാനദണ്ഡമാകണം. അതിനാല്‍ തങ്ങളുടെ സാന്നിധ്യം ആവശ്യമാണെന്നാണ് മുതിര്‍ന്ന നേതാക്കള്‍ പറയുന്നത്. എന്നാല്‍ ഹൈക്കമാന്‍ഡിന്റെ ഭാഗത്തുനിന്നുള്ള തീരുമാനം പുതുമുഖങ്ങള്‍ 50 ശതമാനത്തോളം വേണമെന്നതാണ്. മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ക്ക് ഗ്രൂപ്പുകളുടെ പിന്തുണയുമുണ്ട്.

ഡല്‍ഹി കേരളഹൗസില്‍ ഇപ്പോള്‍ നിരവധി പാര്‍ട്ടി നേതാക്കളാണ് സീറ്റ് മോഹിച്ച് എത്തുന്നത്. പട്ടികയ്ക്ക് അന്തിമ രൂപം ഉണ്ടാകാത്ത സാഹചര്യത്തില്‍ കൂടുതല്‍ നേതാക്കള്‍ അടുത്ത ദിവസം ഡല്‍ഹിയിലേക്ക് എത്തുമെന്നാണ് വിവരം.

മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ എത്തും എന്നായിരുന്നു നേരത്തെയുള്ള പ്രഖ്യാപനം. ദേശീയ നേതൃത്വവുമായുള്ള ചര്‍ച്ചകളില്‍ അവരാണ് പങ്കെടുക്കുന്നതെങ്കിലും അവര്‍ക്ക് പിന്നാലെ ഇപ്പോള്‍ സ്ഥാനാര്‍ത്ഥിത്വ മോഹികളായ കെപിസിസി ജനറല്‍ സെക്രട്ടറിമാര്‍ മുതല്‍ ബൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വരെ ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്.

Copyright © . All rights reserved