രാജ്യം ഉറ്റുനോക്കുന്ന നേമത്ത് കോണ്ഗ്രസിന് കരുത്തനായ സ്ഥാനാര്ഥി ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നാളെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിനുശേഷം സ്ഥാനാര്ഥി പട്ടിക പ്രഖ്യാപിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. നിലവില് ഉമ്മന്ചാണ്ടിക്കാണ് സാധ്യത കല്പ്പിക്കുന്നത്. ഹൈക്കമാന്ഡിനും ഇക്കാര്യത്തില് എതിരഭിപ്രായമില്ല. എന്നാല്, 50 വര്ഷമായി മത്സരിക്കുന്നത് പുതുപ്പള്ളിയിലാണെന്നായിരുന്നു ഉമ്മന്ചാണ്ടി മാധ്യമങ്ങളോട് പ്രതികരിച്ചത്. മറ്റുള്ളതെല്ലാം മാധ്യമ വാര്ത്തയാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. എന്നാല് ഹൈക്കമാന്ഡ് പറഞ്ഞാല് മത്സരിക്കുമോയെന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചതുമില്ല. ഇതോടെ, നേമത്തിന്റെ കാര്യത്തില് സസ്പെന്സ് തുടരുകയാണ്.
നേമത്ത് ഉമ്മന്ചാണ്ടിയോ രമേശ് ചെന്നിത്തലയോ മത്സരിക്കണമെന്ന് കോണ്ഗ്രസ് ഹൈക്കമാന്ഡ് ആദ്യമേ തന്നെ നിര്ദേശിച്ചിരുന്നു. തിരുവനന്തപുരത്തെ മറ്റു മണ്ഡലങ്ങളില് ഉള്പ്പെടെ അനുകൂല തരംഗം സൃഷ്ടിക്കാന് നേതാക്കളുടെ സ്ഥാനാര്ഥിത്വത്തിന് കഴിയുമെന്നായിരുന്നു ഹൈക്കമാന്ഡിന്റെ വിലയിരുത്തല്. അതിനിടെ, നേതൃത്വം സമ്മതിച്ചാല് മത്സരിക്കാന് തയ്യാറാണെന്ന് കെ. മുരളീധരനും അറിയിച്ചു.
എന്നാല്, എംപിമാരെ മത്സരിപ്പിക്കേണ്ടെന്ന തീരുമാനം മാറ്റാന് ഹൈക്കമാന്ഡ് തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് ഉമ്മന്ചാണ്ടിയുടെ പേര് വീണ്ടും പരിഗണിക്കപ്പെട്ടത്. ഉമ്മന്ചാണ്ടി നേമത്തും പുതുപ്പള്ളിയില് ചാണ്ടി ഉമ്മനും മത്സരിക്കട്ടെയെന്ന നിര്ദേശമാണ് ഹൈക്കമാന്ഡിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. ഉമ്മന്ചാണ്ടി ഇതുവരെ എതിര്പ്പൊന്നും അറിയിച്ചിട്ടില്ലെന്നാണ് ലഭ്യമാകുന്ന വിവരം. നാളെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയായിരിക്കും ഇക്കാര്യത്തില് അന്തിമ തീരുമാനമെടുക്കുക.
സംസ്ഥാനത്ത് കഴിഞ്ഞ തവണ ബിജെപിയെ തുണച്ച ഏക മണ്ഡലമാണ് തിരുവനന്തപുരം ജില്ലയിലെ നേമം. സിറ്റിംഗ് എംഎല്എ സിപിഎമ്മിലെ വി ശിവന്കുട്ടിയെ അട്ടിമറിച്ചാണ് ബിജെപിയുടെ ഒ. രാജഗോപാല് നിയമസഭയിലെത്തിയത്. കേരളത്തിലെ ബിജെപിയുടെ ആദ്യ നിയമസഭാംഗം എന്ന പദവിയും രാജഗോപാല് സ്വന്തമാക്കി. എന്നാല് ഇക്കുറി രാജഗോപാല് മത്സരരംഗത്തുണ്ടാകില്ല.
വിജയപ്രതീക്ഷയുള്ള സീറ്റില് കുമ്മനം രാജശേഖരനെ ഇറക്കാനാണ് ബിജെപി നേതൃത്വം ആലോചിക്കുന്നത്. ഇടതുമുന്നണിയില്നിന്ന് വി ശിവന്കുട്ടി തന്നെയാണ് സ്ഥാനാര്ഥി. മുന് മേയര്, എംഎല്എ എന്ന നിലയിലുള്ള പ്രവര്ത്തനങ്ങളാണ് ശിവന്കുട്ടിയെ വീണ്ടും പരിഗണിക്കാന് കാരണം. ശക്തമായ ത്രികോണ മത്സരം നടക്കുന്ന പക്ഷം സീറ്റ് വീണ്ടും പിടിച്ചെടുക്കാമെന്നാണ് എല്ഡിഎഫിന്റെ കണക്കുക്കൂട്ടല്.
തിരുവനന്തപുരം കോര്പറേഷനിലെ 22 വാര്ഡുകള് ഉള്പ്പെട്ട നിയമസഭാ മണ്ഡലമാണ് നേമം. എല്ഡിഎഫിനെയും യുഡിഎഫിനെയും മാറിമാറി തുണച്ചിട്ടുള്ള മണ്ഡലത്തില് ആര്ക്കും മേല്ക്കൈ അവകാശപ്പെടാനാവില്ല. എന്നാല്, 2016ലാണ് നേമത്തെ രാഷ്ട്രീയ കാറ്റ് മാറിവീശിയത്. സിറ്റിംഗ് എംഎല്എ ശിവന്കുട്ടിയെ 8671 വോട്ടിന് തോല്പ്പിച്ചാണ് രാജഗോപാല് കേരളത്തിലെ ബിജെപിയുടെ ആദ്യ എംഎല്എ ആയത്. പാര്ട്ടി വിജയത്തേക്കാള്, രാജഗോപാല് എന്ന വ്യക്തിയോടുള്ള താല്പര്യമായിരുന്നു വോട്ടെടുപ്പില് പ്രകടമായത്. ജനകീയ സ്ഥാനാര്ഥിയായി പലപ്പോഴും മത്സരിച്ചിട്ടും തോറ്റ ചരിത്രമുള്ള രാജഗോപാല് അവസാന അവസരത്തില് ജയിച്ചുകയറുകയായിരുന്നു.
സിംഗപ്പൂരിൽ ജോലി വാഗ്ദാനം ചെയ്തു പലരിൽ നിന്നായി 38 ലക്ഷം രൂപ തട്ടിയെടുത്ത ശേഷം വിദേശത്തേക്കു കടന്ന യുവതി പിടിയിലായി. കായംകുളം അമ്പലപ്പാട്ട് ഗംഗ ജയകുമാർ (26) ആണു അറസ്റ്റിലായത്. പരാതിയെത്തുടർന്നു ദുബായിലേക്കു കടന്ന ഗംഗ തിരിച്ചു നാട്ടിലെത്തിയപ്പോൾ തിരുവനന്തപുരം വിമാനത്താവളത്തിലാണു പിടിയിലായത്. തിരുവല്ല സ്വദേശിയായ യുവാവിന്റെയും കോട്ടയം സ്വദേശിയായ ജ്യോത്സ്യന്റെയും സഹായത്തോടെയാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്.
ജ്യോത്സ്യന്റെ അടുത്ത് എത്തിയിരുന്ന ആളുകളെയാണു പ്രധാനമായും തട്ടിപ്പിന് ഇരയാക്കിയിരുന്നത്. ഇവരുമായി സൗഹൃദം സ്ഥാപിച്ച ശേഷം തന്റെ സഹോദരി സിംഗപ്പൂരിലാണെന്നും ജോലിക്ക് ആളെ ആവശ്യമുണ്ടെന്നും പറഞ്ഞാണു ഗംഗ തട്ടിപ്പ് നടത്തിയിരുന്നത്. തിരുവല്ല സ്വദേശിയുടെ അക്കൗണ്ടിലേക്കാണു പണം കൈമാറിയിരുന്നത്. ചങ്ങനാശേരി പൊലീസ് സ്റ്റേഷനിൽ മാത്രം ഇവർക്കെതിരെ 4 കേസുകൾ ഉണ്ട്.
കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ ഇവർക്കെതിരെ കേസുകൾ നിലനിൽക്കുന്നുണ്ടെന്നു പൊലീസ് പറഞ്ഞു. കേസെടുത്തതായി വിവരം ലഭിച്ചതോടെ സംഘത്തിലെ മറ്റു 2 പേരും മുൻകൂർ ജാമ്യം തേടിയിരുന്നു. ഇതിനിടയിലാണു ഗംഗ വിദേശത്തേക്കു കടന്നത്. ഇതോടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെട്ട് ഇന്റർപോൾ മുഖേന യുവതിക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.
ഇതോടെയാണു തിരുവനന്തപുരത്ത് എത്തിയപ്പോൾ ഗംഗ പിടിയിലായത്. ജില്ലാ പൊലീസ് മേധാവി ഡി.ശിൽപയുടെ നിർദേശത്തെത്തുടർന്നു ചങ്ങനാശേരി ഡിവൈഎസ്പി വി.ജെ.ജോഫിയുടെ നേതൃത്വത്തിൽ ചങ്ങനാശേരി എസ്എച്ച്ഒ ആസാദ് അബ്ദുൽ കലാം, എസ്ഐ അനിൽകുമാർ, എഎസ്ഐ ആന്റണി മൈക്കിൾ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പ്രീത ഭാർഗവൻ, സിനിമോൾ എന്നിവരാണ് അന്വേഷണം നടത്തിയത്
കൃത്യമായി രാഷ്ട്രീയം മനസിലാക്കുന്ന വ്യക്തിയല്ല, ചാഞ്ചാട്ടക്കാരനാണെന്ന പി ജയരാജന്റെ വിമര്ശനത്തിന് മറുപടിയുമായി നടന് ശ്രീനിവാസന്. അല്പം പോലും ബുദ്ധയില്ലാത്ത സമയത്ത് താന് എസ്എഫ്ഐക്കാരനായിരുന്നുവെന്നും പിന്നീട് കെഎസ്യുവിലേക്കും എബിവിപിയിലേക്കും മാറിയെന്നും ശ്രീനിവാസന് പറഞ്ഞു. വേണമെങ്കില് ഇനിയും മാറാനുള്ള മുന്നൊരുക്കമെന്ന് പറയാമെന്നും ശ്രീനിവാസന് കൂട്ടിചേര്ത്തു.
ശ്രീനിവാസന് ചാഞ്ചാട്ട നിലപാട് സ്വീകരിക്കുന്ന നടനാണെന്നും പഠിക്കുന്ന കാലത്ത് എബിവിപിക്കാരനായിരുന്നുവെന്നുമായിരുന്നു ജയരാജന്റെ വിമര്ശനം. പിന്നീട് ഇടതുപക്ഷ രാഷ്ട്രീയവുമായി സഹകരിച്ചിട്ടുണ്ടെന്നും ജയരാജന് പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസമാണ് ട്വന്റി ട്വന്റിയ്ക്ക് പരസ്യമായി പിന്തുണ അറിയിച്ച് ശ്രീനിവാസന് രംഗത്തെത്തിയത്. കേരളം ട്വന്റി ട്വന്റി മോഡല് മാതൃകയാക്കണമെന്നും കേരളമാകെ സജീവമായാല് താന് സംഘടനയില് ചേര്ന്ന് പ്രവര്ത്തിക്കുമെന്നും ശ്രീനിവാസന് പറഞ്ഞിരുന്നു. ജേക്കബ് തോമസും ഇ ശ്രീധരനും ട്വന്റി ട്വന്റിയില് എത്തിയിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നുണ്ട്. ട്വന്റി ട്വന്റി ഇപ്പോള് പരീക്ഷണാടിസ്ഥാനത്തില് എറണാകുളം ജില്ലയില് മത്സരിക്കുകയാണ്. അതില് വിജയിക്കുകയാണെങ്കില് അവര് കേരളത്തില് ആകെ സജീവമാകുമെന്നാണ് വിചാരിക്കുന്നത്. ആ ഘട്ടത്തില് താന് ട്വന്റി ട്വന്റിയില് ചേര്ന്ന് പ്രവര്ത്തിക്കുമെന്നും ശ്രീനിവാസന് വിശദീകരിച്ചു. താരങ്ങള് രാഷ്ട്രീയ പാര്ട്ടികളില് പ്രവേശിക്കുന്നത് അവര്ക്ക് പാര്ട്ടികളെക്കുറിച്ച് വേണ്ട തിരിച്ചറിവില്ലാത്തതിനാലാണെന്നും അവര്ക്കെല്ലാം നല്ല ബുദ്ധി തോന്നിക്കോളുമെന്നും ശ്രീനിവാസന് കൂട്ടിച്ചേര്ത്തു.
”ഓരോ പാര്ട്ടിക്കും അവരുടേതായ അജണ്ടയുണ്ട്. ഇപ്പോ ഞാന് കേട്ടത് എന്താണെന്ന് വെച്ചാല് ആദ്യം കേരളത്തില് നിന്നും ഇന്ത്യയില് നിന്നും കോണ്ഗ്രസിനെ പുറത്താക്കുക എന്നാണ് ബിജെപി ഉദ്ദേശിക്കുന്നത്. അതുകൊണ്ട് കേരളത്തില് കോണ്ഗ്രസിനെ പുറത്താക്കാന് സിപഐഎമ്മിന്റെ കൂടെ ചേരാം. അത് കഴിഞ്ഞതിന് ശേഷം സിപിഐഎമ്മിനെ പുറത്താക്കാം. കൂടുതല് കാലം ഭരിക്കുതോറും ബംഗാളിലെ പോലെ തകര്ന്ന് ഇല്ലാതാകും കേരളത്തില് സിപിഐഎം. അതുപോലെ ബിജെപി പ്ലാന് ചെയ്തിരിക്കുന്നത് ഇവര്ക്ക് തുടര്ച്ചയായി കുറച്ചുകൂടെ ഭരണം കൊടുത്തിട്ട് സ്വയം തകര്ന്നോളും എന്നാണ്. ഇത് സാധാരണ ബുദ്ധികൊണ്ടോന്നും സങ്കല്പ്പിക്കാന് പറ്റുന്ന കാര്യങ്ങളല്ല. ഇവിരോടൊക്കെ എന്ത് പറയാന്.”- എന്നായിരുന്നു ശ്രീനിവാസന്റെ പ്രതികരണം.
പിറവം മണ്ഡലത്തില് കേരള കോണ്ഗ്രസ് (എം) സ്ഥാനാര്ത്ഥിയായി മല്സരിക്കുന്ന സിന്ധുമോള് ജേക്കബിനെ സിപിഎമ്മില് നിന്നും പുറത്താക്കി. പാര്ട്ടി വിരുദ്ധ പ്രവര്ത്തനം ചൂണ്ടിക്കാട്ടിയാണ് നടപടി. ഉഴവൂര് ലോക്കല് കമ്മിറ്റിയാണ് നടപടി സ്വീകരിച്ചത്. പിറവത്ത് മല്സരിക്കുന്നത് പാര്ട്ടിയോട് പറയാതെയെന്ന് ഉഴവൂര് ലോക്കല് കമ്മിറ്റി അറിയിച്ചു. നിലവില് ഉഴവൂര് ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയാണ് സിന്ധു.
സിന്ധുമോള് ജേക്കബിന്റെ സ്ഥാനാര്ത്ഥിത്വം ജോസ് കെ മാണി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. പിറവത്ത് പേയ്മെന്റ് സീറ്റാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് സിന്ധുമോള് ജേക്കബ് പറഞ്ഞു. രണ്ടില ചിഹ്നത്തില് തന്നെ മല്സരിക്കുമെന്നും സിന്ധുമോള് വ്യക്തമാക്കിയിരുന്നു. നിലവിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റിംഗമാണ് സിന്ധു. അതേസമയം രണ്ടില ചിഹ്നത്തിൽ മൽസരിക്കണമെങ്കിൽ സിപിഎമ്മിൽ നിന്നും പുറത്തായി കേരള കോൺഗ്രസിൽ അംഗത്വമെടുക്കണം. ഇതിനായാണ് ഈ അച്ചടക്ക നടപടിയെന്നാണ് സൂചന.
നേരത്തെ പിറവത്ത് ജില്സ് പെരിയപുറം സ്ഥാനാര്ഥിത്വം ഉറപ്പിച്ച് പ്രചാരണം തുടങ്ങിയിരുന്നു. ഇതിനിടെയാണ് ജില്സിനെ ഒഴിവാക്കി കടുത്തുരുത്തിയിലേക്ക് പരിഗണിച്ചിരുന്ന സിന്ധുമോളെ പിറവത്ത് സ്ഥാനാര്ഥിയാക്കിയത്. നടപടിയില് പ്രതിഷേധിച്ച് ജില്സ് പാര്ട്ടിവിട്ടു.
മോഹന്ലാല് സംവിധായകനാകുന്ന ബറോസിന്റെ പ്രീ പ്രൊഡക്ഷന് വര്ക്കുകള് കൊച്ചിയിലെ നവോദയ സ്റ്റുഡിയോയില് പുരോഗമിക്കുന്നു. മോഹന്ലാല് ഇപ്പോള് അഭിനയിച്ചുകൊണ്ടിരിക്കുന്ന ബി ഉണ്ണികൃഷ്ണന് ചിത്രം ആറാട്ടിന്റെ ഷൂട്ടിംഗ് പൂര്ത്തിയായാലുടന് ബറോസിന്റെ ചിത്രീകരണം ആരംഭിക്കും. അതിനുള്ള അവസാനവട്ട തയ്യാറെടുപ്പുകളാണ് പുരോഗമിക്കുന്നത്. മോഹന്ലാല്, ആന്റണി പെരുമ്പാവൂര്, ജിജോ പുന്നൂസ് എന്നിവര്ക്കൊപ്പം ബറോസില് ശ്രദ്ധേയമായ വേഷം ചെയ്യുന്ന പൃഥ്വിരാജും പ്രീ പ്രൊഡക്ഷന് സംഘത്തിനൊപ്പമുണ്ട്. സെറ്റ് ഡിസൈന്, ആര്ട്ട് വര്ക്കുകള്, മ്യൂസിക് പ്രൊഡക്ഷന്, ത്രീ ഡി ജോലികളാണ് ഒരു വര്ഷമായി നവോദയ സ്റ്റുഡിയോയില് നടക്കുന്നത്.
ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രം ‘മൈ ഡിയര് കുട്ടിച്ചാത്തന്’ സംവിധാനം ചെയ്ത ജിജോ പുന്നൂസിന്റെ കഥയെ ആസ്പദമാക്കിയാണ് ബറോസ് ഒരുങ്ങുന്നത്. വാസ്കോഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഭൂതമാണ് ബറോസ്. 400 വര്ഷമായി യഥാര്ത്ഥ അവകാശിയെത്തേടി നിധിക്ക് കാവലിരിക്കുകയാണ് ബറോസ്. ആ നിധി തേടി ഒരു കുട്ടി എത്തുന്നതാണ് സിനിമയുടെ പ്രമേയം. ബറോസായി മോഹന്ലാല് വേഷമിടുന്ന ചിത്രത്തില് പൃഥ്വിരാജും സ്പാനിഷ് താരങ്ങളും അഭിനയിക്കുന്നുണ്ട്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം. ആശിര്വാദ് സിനിമാസിന്റെ ബാനറില് ആന്റണി പെരുമ്പാവൂരാണ് നിര്മാണം.
Barroz- Guardian of D Gamas Treasure Pre-production ✨✨
Posted by Aashirvad Cinemas on Wednesday, 10 March 2021
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എന്സിപിയുടെ സ്ഥാനാര്ഥികളെ പ്രഖ്യാപിച്ചു. എലത്തൂരില് എ.കെ.ശശീന്ദ്രന് തന്നെ വീണ്ടും മത്സരിക്കും. കുട്ടനാട്ടില് തോമസ് കെ.തോമസും മത്സരിക്കും. അന്തരിച്ച മുന് എംഎല്എ തോമസ് ചാണ്ടിയുടെ സഹോദരനാണ് തോമസ് കെ.തോമസ്.
കോട്ടയ്ക്കലില് എന്.എ.മുഹമ്മദ് കുട്ടിയാകും സ്ഥാനാര്ഥി. സംസ്ഥാന കമ്മിറ്റി തീരുമാനം ദേശീയ നേതൃത്വം അംഗീകരിച്ചതായി എന്സിപി സംസ്ഥാന അധ്യക്ഷന് പീതാംബരന് മാസ്റ്റര് പറഞ്ഞു.
എല്ഡിഎഫില് എന്സിപി മൂന്ന് സിറ്റുകളിലാണ് മത്സരിക്കുന്നത്. നേരത്തെ മത്സരിച്ച പാലാ മണ്ഡലം കേരള കോണ്ഗ്രസ് ജോസ് കെ.മാണി വിഭാഗത്തിനാണ് നല്കിയത്. ഇതേ തുടര്ന്ന് സിറ്റിങ് എംഎല്എ മാണി സി.കാപ്പന് പാര്ട്ടി വിട്ട് യുഡിഎഫിനൊപ്പം ചേര്ന്നിരുന്നു.
മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റ്’ ഇന്ന് തിയേറ്ററുകളില്. മമ്മൂട്ടിയ്ക്ക് ഒപ്പം മഞ്ജു വാര്യർ ആദ്യമായി കൈകോർക്കുന്ന ചിത്രം കൂടിയാണ് ‘ദി പ്രീസ്റ്റ്’. ജോഫിൻ ടി ചാക്കോ ആണ് സംവിധായകന്. സംവിധായകന് ജിസ് ജോയിയുടെ അസിസ്റ്റന്റായി പ്രവര്ത്തിച്ചിട്ടുള്ള ജോഫിന്റെ ആദ്യ സംവിധാനസംരംഭമാണ് ‘ദി പ്രീസ്റ്റ്’.
ബി.ഉണ്ണിക്കൃഷ്ണന്, ആന്റോ ജോസഫ് എന്നിവര് ചേര്ന്നാണ് ചിത്രം നിര്മ്മിക്കുന്നത്. ജോഫിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് ‘കുഞ്ഞിരാമായണം’ എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയ ദീപു പ്രദീപ്, ‘കോക്ക്ടെയിൽ’എന്ന ജയസൂര്യ ചിത്രത്തിന് തിരക്കഥ ഒരുക്കിയ ശ്യാം മേനോൻ എന്നിവർ ചേർന്നാണ്. ചിത്രത്തിന്റെ സംഗീതവും പശ്ചാത്തലസംഗീതവും രാഹുൽ രാജ് നിർവ്വഹിക്കുന്നു.
നീണ്ട ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളില് എത്തുന്ന സൂപ്പര് താര ചിത്രം എന്ന പ്രത്യേകതയും കൂടിയുണ്ട് ‘ദി പ്രീസ്റ്റി’ന്. ഇതിനു മുന്പ് റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം ‘ഷൈലോക്ക്’ ആയിരുന്നു. മോഹന്ലാലിന്റെ ‘ദൃശ്യം 2’ കൊറോണ പ്രതിസന്ധിയെ തുടര്ന്ന് ഓടിടി റിലീസ് ചെയ്യുകയായിരുന്നു. കോവിഡ് കാല ലോക്ക്ഡൌണ് കഴിഞ്ഞ് തിയേറ്ററുകള് സജീവമായി വരുന്നതേയുള്ളൂ. ഇത് വരെ നിര്ത്തി വച്ചിരുന്ന സെക്കന്റ് ഷോകള് നടത്താന് ഇന്ന് മുതല് സര്ക്കാര് അനുമതിയുണ്ട്.
മമ്മൂട്ടിയ്ക്കും ‘ദി പ്രീസ്റ്റി’ന്റെ അണിയറപ്രവര്ത്തകര്ക്കും ആശംസകള് നേര്ന്ന് മോഹന്ലാല്. ‘ആശംസകള് ഇച്ചാക്കാ’ എന്നാണു താരം സോഷ്യല് മീഡിയയില് കുറിച്ചത്. ഒപ്പം ഇന്ന് റിലീസ് ചെയ്യുന്ന ‘ദി പ്രീസ്റ്റി’ന്റെ ഒരു പോസ്റ്ററും പങ്കു വച്ചു.
മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമാണ് ‘ദി പ്രീസ്റ്റ്.’ നിഖില വിമൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. മെഗാസ്റ്റാര് മമ്മൂട്ടിയും ലേഡി സൂപ്പര് സ്റ്റാര് മഞ്ജു വാരിയറും ആദ്യമായി ഒന്നിച്ചഭിനയിക്കുമ്പോള് ആരാധകര് വലിയ ആവേശത്തിലാണ്. ഒരു ത്രില്ലര് സ്വഭാവമുള്ള സിനിമയാകും ‘ദ പ്രീസ്റ്റ്’ എന്നാണ് റിപ്പോർട്ടുകൾ. വളരെ സസ്പെന്സ് നിറഞ്ഞ കഥയായിരിക്കും സിനിമയുടേതെന്ന് അണിയറ പ്രവർത്തകരും പറയുന്നു.
നന്ദിഗ്രാമിലെ ബിറുലിയ ബസാറിൽ വച്ച് തനിക്ക് പരിക്കേറ്റ സംഭവത്തിന് പിറകിൽ ഗൂഢാലോചന നനടന്നതായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിറുലിയ ബസാറിൽ വോട്ടർമാരെ കാണുന്നതിനിടെ ബുധനാഴ്ചയാണ് മമത ബാനർജിക്ക് പരിക്കേറ്റത്.
സ്ഥലത്ത് വാക്കേറ്റമുണ്ടായപ്പോൾ മുഖ്യമന്ത്രിക്ക് കാലിന് പരിക്കേൽക്കുകയായിരുന്നു. തലയ്ക്ക് നേരിയ പരിക്കേറ്റതായും മുഖ്യമന്ത്രി പറഞ്ഞു. മമത ഒരു ക്ഷേത്രത്തിൽ നിന്ന് പുറത്തിറങ്ങി അവരുംടെ കാറിൽ കയറാൻ ശ്രമിക്കുന്നതിനിടെ നാലഞ്ചു പേർ പെട്ടെന്ന് അവരുടെ കാറിന്റെ വാതിൽ തള്ളുകയും വലതു കാൽ വാതിലിൽ കുടുങ്ങുകയും ചെയ്യുകയായിരുന്നു. ഇതിൽ മമതയുടെ വലത് കാൽമുട്ടിനും കണങ്കാലിനും പരിക്കേറ്റു.
“ഇതൊരു ഗൂഢാലോചനയാണ്. എന്നെ സംരക്ഷിക്കാൻ ഒരു ഭരണകൂടവും ഉണ്ടായിരുന്നില്ല. പോലീസ് കൂടി ഉണ്ടായിരുന്നില്ല. എന്നെ അപായപ്പെടുത്താനാണ് അവർ അവിടെയെത്തിയത്. ഞാൻ ഇപ്പോൾ കൊൽക്കത്തയിലേക്ക് മടങ്ങാൻ തീരുമാനിച്ചിരിക്കുകയാണ്,”മമത പറഞ്ഞു.
എന്നാൽ, ഗൂഢാലോചന നടന്നെന്ന വാദം അസംബന്ധമാണെന്ന് പ്രാദേശിക ബിജെപി നേതാക്കൾ പറയുന്നു. “അവർ സഹതാപത്തിന് നുണ പറയുകയാണ്. ആരാണ് അവരെ ആക്രമിക്കുക? അവൾ പോകുന്നിടത്തെല്ലാം ഒരു കിലോമീറ്ററോളം റോഡ് പോലീസ് ഒഴിപ്പിക്കാറുണ്ട്,” ബിജെപി നേതാവ് അർജുൻ സിംഗ് പറഞ്ഞു.
എൽഡിഎഫ് സ്ഥാനാർഥിത്വത്തിൽ പിറവത്തും പ്രതിഷേധം. പിറവം സീറ്റ് പ്രതീക്ഷിച്ചിരുന്ന ജില്സ് പെരിയപ്പുറം കേരള കോണ്ഗ്രസ് വിട്ടു. ജോസ് കെ.മാണി സീറ്റ് കച്ചവടം നടത്തിയെന്ന് ജില്സ് പെരിയപ്പുറം ആരോപിച്ചു. യൂത്ത് ഫ്രണ്ട് എം സംസ്ഥാന വൈസ് പ്രസിഡന്റാണ് ജില്സ്. സിന്ധുമോൾ ജേക്കബാണ് എൽഡിഎഫ് സ്ഥാനാർഥി. ഇവര് സിപിഎം അംഗവും നിലവില് ഉഴവൂര് ബ്ലോക്ക് പഞ്ചായത്ത് അംഗവും ആണ്.
പിറവത്ത് രണ്ടില ചിഹ്നത്തിൽ തന്നെ മല്സരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി സിന്ധുമോൾ ജേക്കബ് പറഞ്ഞു. പേയ്മെന്റ സീറ്റെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് സിന്ധുമോള് പറഞ്ഞു. നേരത്തെ പിറവത്ത് ജില്സ് പെരിയപുറം സ്ഥാനാര്ഥിത്വം ഉറപ്പിച്ച് പ്രചാരണം തുടങ്ങിയിരുന്നു. ഇതിനിടെയാണ് ജില്സിനെ ഒഴിവാക്കി കടുത്തുരുത്തിയിലേക്ക് പരിഗണിച്ചിരുന്ന സിന്ധുമോളെ പിറവത്ത് സ്ഥാനാര്ഥിയാക്കിയത്.
രാജ്യവ്യാപക ബന്ദിന് ആഹ്വാനം ചെയ്ത് കര്ഷക സംഘടനകള്. കാര്ഷിക നിയമങ്ങള് പിന്വലിക്കണം എന്നാവശ്യപ്പെട്ട് കര്ഷകര് നടത്തുന്ന സമരം നാല് മാസം പൂര്ത്തിയാകുന്ന 26നാണ് ബന്ദിന് ആഹ്വാനം. രാജ്യത്തെ മറ്റിടങ്ങളിലേക്ക് കര്ഷക സമരം വ്യാപിക്കുന്നതിന്റെയും പിന്തുണ ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് നീക്കം. വിവിധ കര്ഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാന് മോര്ച്ചയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
തണുപ്പുകാലം പിന്നിട്ടതോടെ സമരം വീണ്ടും ശക്തിപ്പെടുത്താനാണ് കര്ഷകരുടെ നീക്കം. നാട്ടിലേക്ക് മടങ്ങിപ്പോയ കര്ഷകര് ഡല്ഹിയിലേക്ക് തിരിച്ചെത്തുമെന്ന് കര്ഷക നേതാക്കള് അറിയിച്ചു. സമാധാനപരമായ രീതിയില് കൂടുതല് പ്രതിഷേധങ്ങള് സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പുകളാണ് വിവിധ സംഘടനകളുടെ നേതൃത്വത്തില് നടക്കുന്നത്. വിവാദ നിയമങ്ങള് പിന്വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും കര്ഷകര് വ്യക്തമാക്കി.
കഴിഞ്ഞ ഡിസംബര് എട്ടിനും കര്ഷക സംഘടനകള് രാജ്യവ്യാപകമായ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. ഇടത് പാര്ട്ടികള്ക്കൊപ്പം, കോണ്ഗ്രസ്, തൃണമൂല് കോണ്ഗ്രസ്, ആര്ജെഡി തുടങ്ങിയ പാര്ട്ടികള് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.