അതിരമ്പുഴ: ഒറ്റയ്ക്ക് കുര്‍ബാന അര്‍പ്പിച്ച വൈദികനെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച സംഭവത്തില്‍ ന്യൂനപക്ഷ കമ്മീഷന്‍ കേസെടുത്തു. ഏറ്റുമാനൂര്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീറാണ് വൈദികനെ സ്‌റ്റേഷനിലേക്ക് വിളിച്ച് വരുത്തിയത്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു.

സംഭവത്തില്‍ കോട്ടയം ജില്ലാ പോലീസ് മേധാവിയോട് അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ അംഗം അഡ്വ. ബിന്ദു തോമസ് ഉത്തരവിട്ടു. റിപ്പോര്‍ട്ട് ലഭി്ച്ചശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് കോട്ടയം അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളി അസിസ്റ്റന്റ് വികാരി ഫാ. ലിബിന്‍ പുത്തന്‍പറമ്പിലിനെ ഏറ്റുമാനൂര്‍ പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തിയത്. സ്വകാര്യമായി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതിന് പിന്നാലെയാണ് വൈദികനെ വിളിച്ചുവരുത്തിയത്. ദേവാലയ ശുശ്രൂഷികള്‍ മാത്രമാണ് കുര്‍ബാനയില്‍ പങ്കെടുത്തത്. നിരോധനാഞ്ജ നിലനില്‍ക്കെ കുര്‍ബാന അര്‍പ്പിച്ചത് നിയമവിരുദ്ധമാണെന്നായിരുന്നു ഓഫീസര്‍ വൈദികനോട് പറഞ്ഞത്. തുടര്‍ന്ന് പള്ളി അധികൃതര്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് വസ്തുതകള്‍ ബോധിപ്പിച്ചു.