Kerala

ചലച്ചിത്ര താരം അനിൽ നെടുമങ്ങാട് (48) തൊടുപുഴ മലങ്കര ഡാമിൽ മുങ്ങി മരിച്ചു. സിനിമ ചിത്രീകരണത്തിന്റെ ഇടവേളയിൽ ജലാശയത്തിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. മൃതദേഹം നാളെ തൊടുപുഴ ജില്ലാ ആശുപത്രിയിൽ കോവിഡ് പരിശോധന നടത്തി പോസ്റ്റുമാർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റും. വൈകുന്നേരം 5മണിക്കാണ് ഇടുക്കി തൊടുപുഴ മുട്ടത്തിന് സമീപം മലങ്കര അണക്കെട്ടിൽ അനിൽ നെടുമങ്ങാട് മുങ്ങി മരിച്ചത്. ജലാശയത്തിൽ കുളിക്കാനിറങ്ങിയ അനിൽ കയത്തിൽ മുങ്ങിത്താണു. ഒപ്പമുണ്ടായിരുന്ന പാലാ സ്വദേശികളായ സുഹൃത്തുക്കൾ നാട്ടുകാരെ വിവരം അറിയിക്കുകയും, പ്രദേശവാസിയായ യുവാവ് അനിലിനെ കരയ്ക്കെത്തിക്കുകയുമായിരുന്നു. ഉടൻ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

വെള്ളത്തിൽ വീണ് എട്ടു മിനിട്ടിനുള്ളിൽ കരയ്ക്കെത്തിനായെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൊടുപുഴയിൽ ജോജു ജോർജ് നായകനായ സിനിമയുടെ ഷൂട്ടിംഗിനായാണ് അനിൽ തൊടുപുഴയിൽ എത്തിയത്. കെ സൻഫീർ സംവിധാനം ചെയ്യുന്ന പീസ് എന്ന ചിത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമായിരുന്നു അനിൽ ചെയ്തിരുന്നത്.

അയ്യപ്പനും കോശിയും, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയവ സമീപകാല ഹിറ്റുകളാണ്. അയ്യപ്പനും കോശിയും എന്ന സിനിമയിലെ ശ്രദ്ധേയവേഷത്തിലൂടെ മുഖ്യധാരാ സിനിമയില്‍ ഏറെ പ്രതീക്ഷയുണര്‍ത്തിയ നടനായിരുന്നു. നാടകത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. പിന്നീട് ടെലിവിഷനിലും സജീവമായി. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, തെളിവ്, പാവാട, കമ്മട്ടിപ്പാടം തുടങ്ങിയവയിലും ശ്രദ്ധേയവേഷങ്ങള്‍ കൈകാര്യം ചെയ്തു.

‘തൽക്കാലം ഈ അയ്യപ്പനും കോശിയും സീരിയസ് ഒന്നു കഴിയട്ടെ.. എന്നിട്ടാകാം..’ ഡയലോഗിൽ പറഞ്ഞുവച്ച പോലെ തന്റേതായ ഒരു കാലഘട്ടം അടയാളപ്പെടുത്താൻ ഒരുങ്ങുമ്പോഴാണ് അനിൽ നെടുമങ്ങാടിന്റെ അപ്രതീക്ഷിത വിയോഗം. അയ്യപ്പനും കോശിയും എന്ന സിനിമ സമ്മാനിച്ച സച്ചിയുടെ പിറന്നാൾ ദിനത്തിലാണ് അപകടം എന്നതും ആരാധകരുടെ ഉള്ളുലയ്ക്കുന്നു. ഇന്ന് രാവിലെയും സച്ചിനെ അനുസ്മരിച്ച് അദ്ദേഹം കുറിപ്പ് പങ്കിട്ടിരുന്നു. ‘ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത് .. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ് ബി യിലെ കവർ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ. ഷൂട്ടിനിടയിൽ ഒരു ദിവസം എന്റെതല്ലാത്ത കുറ്റം കൊണ്ട് എത്താൻ ലേറ്റായപ്പോ കുറച്ച് സെക്കന്റ് എന്റെ കണ്ണിൽ നോക്കിയിരുന്നിട്ട് നീയും സ്റ്റാറായി അല്ലേ .? ഞാൻ പറഞ്ഞു ആയില്ല ആവാം .ചേട്ടൻ വിചാരിച്ചാൽ ഞാൻ ആവാം….സിഐ സതീഷ് എന്ന കഥാപാത്രത്തിനെ സച്ചിച്ചേട്ടനെ ഞാൻ നിരീക്ഷിച്ച് അവതരിപ്പിച്ചതാണ് .സച്ചിയുടെ സംസാരവും പെരുമാറ്റവും ഒക്കെ ഞാൻ ചേട്ടനോട് പറയാതെ അനുകരിക്കുകയായിരുന്നു.’ അനിൽ രാവിലെ ഫെയ്സ്ബുക്കിൽ കുറിച്ചു.

 

 

ഇന്ത്യൻ നിരത്തുകളിൽ ഏറെ പ്രചാരം നേടിയ ഒരു ഹാച്ച്ബാക്ക് വാഹനമാണ് മാരുതിയുടെ വാഗൺ R എന്ന മോഡൽ. ടോൾ ബോയ് ഡിസൈനിൽ ഉള്ള വാഹനമായതിനാൽ തന്നെ ചെറിയ കാറാണെങ്കിൽ കൂടെ വിശാലമായ രീതിയിൽ യാത്ര ചെയ്യാം എന്നുള്ളത് ഇതിന്റെ പ്രേത്യേകതയാണ്. ഫാമിലികറുകളിൽ വാഗൺ R ന്റെ സ്ഥലം മറ്റുള്ള കാറുകളെ അപേക്ഷിച്ചു മുന്നിൽ തന്നെയാണ്.

രാജ്യത്തെ തന്നെ ഏറ്റവും വലിയ കാര് കമ്പനിയായ മാരുതിയുടെ ഏറെ വിറ്റുപോയികൊണ്ടിരിക്കുന്ന ഒരു വാഹനവുമാണ് വാഗൺ R. 2019 ൽ വാഗൺ R നെ മാരുതി ഫേസ് ലിഫ്റ്റ് ചെയ്‌തു പുറത്തിറക്കിയിരുന്നു. പുതിയ ഈ മോഡലിനും വലിയ സ്വീകാര്യത തന്നെ ഉപഭോക്താക്കളിൽ നിന്നും ഉണ്ടാവുകയും ചെയ്‌തു. ഇപ്പോൾ 2020 ഓട്ടോ എക്സ്പൊയിൽ മാരുതി വാഗൺ R ന്റെ ഒരു ഇലക്ട്രിക് പതിപ്പിനെ പരിജയപ്പെടുത്തിയിരുന്നു.

ഈ വാഹനത്തെ വിപണിയിൽ എത്തിക്കുന്നതിനുള്ള തയ്യാറെടുപ്പുകളിലാണ് മാരുതി ഇപ്പോൾ. ഈ വാഹനത്തിന്റെ കൂടുതൽ വിവരങ്ങൾ ഒന്നും മാരുതി പുറത്തുവിട്ടിട്ടില്ല എങ്കിലും അവർ ഈ വാഹനം റോഡ് ടെസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ പുറത്തു വന്നിരിക്കുകയാണ്. നിലവിൽ ഉള്ള വാഹനത്തിൽ നിന്നും ഒട്ടനവധി മാറ്റങ്ങളുമായി ആണ് EV വാഗൺ R എത്തുന്നത്. നവീകരിച്ച ബമ്പറും, സ്പ്ലിറ്റ് ഹെഡ്‍ലൈറ്റുകളും. വാഹനത്തെ ഇപ്പോൾ ഉള്ള കാറിനേക്കാൾ കൂടുതൽ ആകർഷണം തന്നെയാണ്. മുൻപ് കണ്ടു പരിചയമില്ലാത്ത തരത്തിലുള്ള കഴ്ച്ചയാണ് വാഹനങ്ങളിൽ ഉള്ളത്. ഇതിന്റെ പെർഫോമെൻസിനെ കുറിച്ചും ബാറ്ററിയെ കുറിച്ചും കൂടുതൽ വിവരണങ്ങളൊന്നും കമ്പനി പുറത്തുവിട്ടില്ല.

എങ്കിലും 200 കിലോമീറ്റർ വരെയാകും ഈ വാഹനത്തിനു കിട്ടുന്ന മൈലേജ്‌ എന്ന് അറിയുന്നത്. മാരുതി ഈ വാഹനം വിപണിയിൽ എത്തിക്കുമ്പോൾ ഏറ്റവും വില കുറഞ്ഞ ഹൈ-വോൾട്ടേജ് ഇലക്ട്രിക് കാർ ആയിരിക്കും വാഗൺR. 8 ലക്ഷം രൂപയാണ് ഈ വാഹനത്തിനു പ്രതീക്ഷിക്കുന്ന വില. 2021 ഫെബ്രുവരിയിൽ ഈ വാഹനത്തിന്റെ ലോഞ്ചിങ് ഉണ്ടായിരിക്കുമെന്നാണ് അറിയുന്നത്…

സിസ്റ്റർ അഭയ കൊലക്കേസിൽ സിബിഐ പ്രത്യേക കോടതിയുടെ വിധിയ്‌ക്കെതിരെ ഫാ. തോമസ് എം കോട്ടൂരും സിസ്റ്റര്‍ സെഫിയും ഹൈക്കോടതിയിൽ അപ്പീൽ നൽകും. മുതിർന്ന അഭിഭാഷകനായ രാമൻ പിള്ള മുഖേനയായിരിക്കും ക്രിസ്മസ് അവധിക്ക് ശേഷം പ്രതികൾ കോടതിയെ സമീപിക്കുക.

കഴിഞ്ഞ ദിവസം സിബിഐ പ്രത്യേക കോടതി ഫാ. തോമസ് എം കോട്ടൂരിനെ ഇരട്ട ജീവപര്യന്തത്തിനും സിസ്റ്റര്‍ സെഫിയെ ജീവപര്യന്തത്തിനും തടവിന് ശിക്ഷിച്ചിരുന്നു. ഒന്നാം പ്രതി ഫാ. തോമസ് എം. കോട്ടൂരിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.

തോമസ് കോട്ടൂരാണ് കേസിൽ ഒന്നാം പ്രതി. കൊലപാതകം, അതിക്രമിച്ചു കടക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കേസുകളാണ് തോമസ് കോട്ടൂരിനെതിരെ ചുമത്തിയിരിക്കുന്നത്. കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നിവയാണ് സിസ്റ്റർ സെഫിക്കെതിരെയുള്ളത്. സെഫി മൂന്നാം പ്രതിയാണ്.

ഐപിസി 302, 201, 459 എന്നിവയാണ് തോമസ് കോട്ടൂരിനെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകൾ. ഐപിസി 302, 201 എന്നിവയാണ് സിസ്റ്റർ സെഫിക്കെതിരെ ചുമത്തിയിരിക്കുന്നത്. സിസ്റ്റർ അഭയ കൊല്ലപ്പെട്ട് 28 വർഷങ്ങൾക്ക് ശേഷമാണ് ചരിത്രവിധി പ്രസ്താവിച്ചത്.

കേരള ചരിത്രത്തിലെ അപൂർവങ്ങളിൽ അപൂർവമായ കേസ് എന്നാണ് സിബിഐ വിചാരണ കോടതി നിരീക്ഷിച്ചത്. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ, ശിക്ഷയിൽ ഇളവ് വേണമെന്ന ആവശ്യവുമായി പ്രതികളുടെ അഭിഭാഷകൻ രംഗത്തെത്തി. അർബുദ രോഗിയാണെന്നും പ്രായമുള്ള വ്യക്തിയാണെന്നും അതിനാൽ ശിക്ഷയിൽ ഇളവ് വേണമെന്നും തോമസ് എം.കോട്ടൂരിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. താൻ നിരപരാധിയാണെന്ന് തോമസ് കോട്ടൂർ ജഡ്‌ജിയോട് പറഞ്ഞു. വാർധക്യത്തിലുള്ള മാതാവിനെയും പിതാവിനെയും നോക്കുന്നത് താനാണെന്നും അവർക്ക് മറ്റാരുമില്ലെന്നും അതിനാൽ ശിക്ഷയിൽ പരമാവധി ഇളവ് വേണമെന്നും സിസ്റ്റർ സെഫിയുടെ അഭിഭാഷകനും ആവശ്യപ്പെട്ടു.

സിസ്റ്റര്‍ അഭയയെ 1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 ലാണ് സിബിഐ ഏറ്റെടുത്തത്.

2009ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പത്ത് വര്‍ഷത്തിനു ശേഷമാണ് വിചാരണ ആരംഭിച്ചത്. 49 സാക്ഷികളെ വിസ്‌തരിച്ചെങ്കിലും എട്ടു നിർണായക സാക്ഷികൾ കൂറുമാറിയിരുന്നു. ഒന്നാം പ്രതിയായ ഫാ.കോട്ടൂരിന്റെ വാദത്തോടെയാണ് വിചാരണ നടപടികൾ പൂർത്തിയായത്. കേസിൽ താൻ നിരപരാധിയാണെന്നും കെട്ടിച്ചമച്ച കഥകളുടെ അടിസ്ഥാനത്തിലാണ് തന്നെ ഒന്നാം പ്രതിയാക്കിയതെന്നും ഫാ. കോട്ടൂർ വാദിച്ചിരുന്നു. മൂന്നാം സാക്ഷിയായ അടയ്‌ക്ക രാജു സംഭവ ദിവസം പുലർച്ചെ പ്രതികളെ കോൺവന്റിൽ വച്ച് കണ്ടു എന്ന മൊഴി വിശ്വാസിക്കരുതെന്നും ഫാ. കോട്ടൂരിന്റെ അഭിഭാഷകൻ വാദിച്ചെങ്കിലും കോടതി വിലയ്‌ക്കെടുത്തില്ല.

ഫാ.തോമസ് കോട്ടൂര്‍, ഫാ.ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ പ്രതിയാക്കി സിബിഐ കുറ്റപത്രം നല്‍കിയിരുന്നു. എന്നാല്‍, വിചാരണ നടപടികളില്ലാതെ തന്നെ ഫാ.ജോസ് പുതൃക്കയിലിനെ സിബിഐ കോടതി കുറ്റവിമുക്തനാക്കി.

ആര്യാ രാജേന്ദ്രൻ തിരുവനന്തപുരം കോർപറേഷൻ മേയറാകും. സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റിൽ ഇതുസംബന്ധിച്ച് ധാരണയായി. മുടവൻമുകൾ വാർഡിൽ നിന്നുള്ള അംഗമാണ് ആര്യാ രാജേന്ദ്രൻ.

ആര്യ തിരുവനന്തപുരം മേയറാകുന്നതോടെ രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറെന്ന അപൂര്‍വ നേട്ടമാണ് ആര്യക്കും തിരുവനന്തപുരത്തിനും സ്വന്തമാകുന്നത്.

നേരത്തെ മേയര്‍ സ്ഥാനത്തേക്ക് പല പേരുകള്‍ ഉയര്‍ന്നിരുന്നുവെങ്കിലും അപ്രതീക്ഷിതമായാണ് ആര്യ രാജേന്ദ്രന് നറുക്ക് വീണിരിക്കുന്നത്. യുവ വനിതാ നേതാവ്, പൊതുസമ്മതിയുള്ള മുഖം മേയറായി വരുന്നത് എല്ലാം പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടിയുടെ കണക്ക് കൂട്ടല്‍.

ആള്‍ സെയിന്റ്‌സ് കോളേജിലെ ബിഎസ്.സി മാത്‌സ് വിദ്യാർഥിനിയായ ആര്യ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം, സി.പി.എം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മിറ്റി അംഗം, ബാലസംഘം സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.

പേരൂർക്കട ഡിവിഷനിൽ നിന്ന് ജയിച്ച ജമീല ശ്രീധരന്‍റെ പേരാണ് മുൻപ് മേയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നത്. എന്നാൽ സംഘടനാ രംഗത്തുള്ള പരിചയം ആര്യാ രാജേന്ദ്രന് തുണയാവുകയായിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ എൻഡിഎഫ് എന്‍സിപിയെ അവഗണിച്ചെന്നതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മാണി സി.കാപ്പന്‍. ഇക്കാര്യം മുന്നണി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. നിയമസഭ തിരഞ്ഞെടുപ്പില്‍ പാല വിട്ടുകൊടുക്കില്ല. യു.ഡി.എഫുമായി ചര്‍ച്ചകള്‍ നടത്തിയിയിട്ടില്ലെന്നും മാണി.സി.കാപ്പന്‍ പറഞ്ഞു. എന്‍സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരനെ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു കാപ്പൻ.

കേരളം ഏറെ ചർച്ച ചെയ്ത ഏറ്റവും പ്രായമേറിയ കോവിഡ് മുക്തനായ റാന്നി സ്വദേശി അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് തൊണ്ണൂറ്റിമൂന്നുകാരനായ എബ്രഹാം തോമസ് അന്തരിച്ചത്. കോവിഡ് മുക്തനായി എട്ടു മാസത്തിനുശേഷമാണ് മരണം.

കേരളത്തിൽ റിപ്പോർട്ട് ചെയ്ത രണ്ടാംഘട്ട കോവിഡ് വ്യാപനത്തിലാണ്‌ എബ്രഹാം തോമസും ഭാര്യയും കുടുംബവും കോവിഡ് ബാധിതരായത്. കേരളത്തിലെ തന്നെ ചൈനയിൽ നിന്നെത്തിയവരുടെ ആദ്യഘട്ടത്തിന് ശേഷം രണ്ടാംഘട്ട കോവിഡ് വ്യാപനത്തില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച രോഗികളിൽ ഉൾപ്പെട്ടവരായിരുന്നു ഇവർ. പിന്നീട് രോഗം സ്ഥിരീകരിച്ച് കുടുംബം അത്ഭുതകരമായി അതിനെ അതിജീവിച്ചിരുന്നു.

90 കഴിഞ്ഞ എബ്രഹാം തോമസും 80 കഴിഞ്ഞ ഭാര്യയും കോവിഡിനെ അതിജീവിച്ചത് അത്ഭുതകരമായിരുന്നു. ആരോഗ്യമന്ത്രി കെകെ ശൈലജ, ജില്ലാകളക്ടർ ഉൾപ്പടെയുള്ളവർ ഇവരെ അനുമോദിച്ചിരുന്നു.

93ാമത്തെ വയസ്സിൽ എബ്രഹാം തോമസ് കോവിഡിനെ അതിജീവിച്ചതു അന്ന് രാജ്യത്ത് തന്നെ വലിയ വാർത്തയായിരുന്നു. കോവിഡ് പൊട്ടിപ്പുറപ്പെട്ട കാലത്ത് ഇറ്റലിയിൽനിന്നു റാന്നിയിലേക്ക് എത്തിയ മക്കളിൽ നിന്നാണ് ഇദ്ദേഹത്തിനും ഭാര്യയ്ക്കും രോഗം വന്നത്. ആ സമയത്ത് ഇന്ത്യയിൽ കോവിഡ് ഭേദമായ ഏറ്റവും പ്രായം കൂടിയ രോഗികളിൽ ഒരാളായിരുന്നു എബ്രഹാം തോമസ്.

ഓര്‍ത്തഡോക്‌സ് സഭയുടെ കുന്നംകുളം ഭദ്രാസന ആസ്ഥാനത്തെ പാചകക്കാരന് ശബരിമല പ്രസാദവും സ്വന്തമായി വരച്ച ശാസ്താവിന്റെ ചിത്രവും സമ്മാനിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഈ വൈദികന്‍. അയ്യപ്പഭക്തനായ വാവന്നൂര്‍ ശേഖരത്തു വീട്ടില്‍ മോഹന്‍ദാസിന് ഫാ.വര്‍ഗീസ് ലാലാണ് താന്‍ വരച്ച ശബരിമല ശാസ്താവിന്റെ ചിത്രവും പ്രസാദവും ക്രിസ്മസ് സമ്മാനമായി നല്‍കിയത്.

എല്ലാ മണ്ഡലകാലത്തും ശബരിമലയ്ക്ക് പോകാറുള്ള മോഹന്‍ദാസ് ഇത്തവണ കൊവിഡ് മൂലം യാത്ര മുടങ്ങിയ സങ്കടത്തിലായിരുന്നു. 61 കാരനായ മോഹന്‍ദാസ് 20 വര്‍ഷം മുന്‍പാണ് കുന്നംകുളം ഭദ്രാസന ആസ്ഥാനത്ത് പാചകക്കാരനായി എത്തിയത്. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അടക്കമുള്ളവരുടെ മനസ്സറിഞ്ഞ് ഭക്ഷണം വിളമ്പുന്ന മോഹന്‍ദാസ് വ്രതകാലത്തു ബിഷപ് ഹൗസില്‍ നിന്ന് തന്നെയാണ് കഴിക്കാറുള്ളത്.

ശബരിമല ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ അഭിഷേകം ചെയ്ത നെയ്യ്, അരവണ, അപ്പം തുടങ്ങിയവ കൊണ്ടു വരും. കഴിഞ്ഞ 12 വര്‍ഷമായി ഫാ. വര്‍ഗീസ് ലാലിനും ഇതു ലഭിക്കാറുണ്ട്. കോട്ടയത്ത് താമസിക്കുന്ന ഫാ. വര്‍ഗീസ് ലാല്‍ കുന്നംകുളം ഭദ്രാസനത്തില്‍ വൈദിക സേവനത്തിന് എത്തിയ കാലം മുതല്‍ മോഹന്‍ദാസുമായി പരിചയമുണ്ട്.

സഭയുടെ വെബ് മീഡിയ ചുമതലയുള്ള ഫാദര്‍ എല്ലാ ഞായറാഴ്ചയും ഇവിടെ എത്താന്‍ തുടങ്ങിയതോടെ ഇവരുടെ സൗഹൃദം ദൃഢമാവുകയായിരുന്നു. കൊവിഡ് സാഹചര്യത്തില്‍ ശബരിമല യാത്ര മുടങ്ങിയ വിഷമം പലതവണ മോഹന്‍ദാസ് ഫാ.വര്‍ഗീസ് ലാലുമായി പങ്കുവച്ചിരുന്നു. ഇതിനു പരിഹാരം കാണാന്‍ ആഗ്രഹിച്ച ഫാ.വര്‍ഗീസ് ലാല്‍ പ്രസാദം തപാലില്‍ വരുത്തി നല്‍കുകയായിരുന്നു. ഇതിനു പുറമേ തത്വമസി എന്നെഴുതി തയാറാക്കിയ അയ്യപ്പന്റെ രൂപവും സമ്മാനിക്കുകയായിരുന്നു.

ജസ്ന തിരോധാനക്കേസില്‍ കുടുംബത്തിന് പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന സൂചന നല്‍കി മുന്‍ ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ തുറന്ന് പറച്ചില്‍.

കേസില്‍ വളരെയധികം പുരോഗതിയ സമയത്താണ് കോവിഡ് 19 വന്നത്, അത് അന്വേഷണത്തെ ബാധിച്ചുവെന്ന് തച്ചങ്കരി പറഞ്ഞു. 2018 മാര്‍ച്ച് 22നാണ് ജസ്‌നയെ കാണാതായത്. കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളേജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ ജസ്‌നയെ ബന്ധുവീട്ടിലേക്കുള്ള യാത്രക്കിടെയാണ് കാണാതായത്.

തച്ചങ്കരിയുടെ വാക്കുകള്‍ ഇങ്ങനെ;

‘ജസ്നയുടെ തിരോധാനം അന്വേഷിച്ചിരുന്നത് പത്തനംതിട്ട എസ്പി കെജി സൈമണ്‍ ആണ്. ആ സമയത്ത് കേസില്‍ വളരെയധികം പുരോഗതി ഉണ്ടായിരുന്നു. ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന കാര്യത്തില്‍ ധാരണയായി. പക്ഷേ, ആ സമയത്താണ് കോവിഡ് വന്നത്. അതോടെ അന്വേഷണത്തിന്റെ ഭാഗമായി തമിഴ്നാട്ടില്‍ പോകാന്‍ സാധിക്കാത്ത സാഹചര്യമായി.

ഫോണ്‍ കോളുകളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം പുരോഗമിച്ചത്. ജസ്‌ന പോയ വാഹനത്തെ കുറിച്ച് ധാരണയായിവന്നപ്പോഴാണ് മുന്നോട്ടുപോകാന്‍ കഴിയാത്ത രീതിയില്‍ കോവിഡ് തടസ്സമായത്. സൈമണ്‍ 31ന് റിട്ടയര്‍ ചെയ്യും. അദ്ദേഹം ഇപ്പോഴും കേസിന് പിറകേയാണ്. അതൊരു ലഹരി പോലെയാണ് സൈമണിന്. അത് തെളിയിക്കപ്പെടും. കുടുംബത്തെ സംബന്ധിച്ചിടത്തോളം പ്രതീക്ഷയ്ക്ക് വകയുണ്ട്’,

സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. അതിനിടെ കേരളത്തില്‍ കോവിഡ് രണ്ടാം തരംഗ സൂചനകള്‍ നല്കി എറണാകുളം ജില്ലയില്‍ ഉറവിടം അറിയാത്ത കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു.

ജൂലൈയില്‍ മൊത്തം പോസിറ്റീവ് ആയവരില്‍ 1.74 ശതമാനം പേരായിരുന്നു ഉറവിടം അറിയാത്തവരായി ഉണ്ടായിരുന്നത്. എന്നാല്‍ ഡിസംബറിലേക്ക് എത്തിയപ്പോള്‍ ഇത് 38.83 ശതമാനമായി ഉയര്‍ന്നു. ഉറവിടം അറിയാതെ പോസിറ്റീവ് ആകുന്നവരില്‍ കൂടുതല്‍ പേരും 30-40 പ്രായപരിധിയില്‌പ്പെടുന്നവരാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു.

ശരാശരി പോസിറ്റീവ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നത് രണ്ടാം തരംഗത്തിന്റൈ സൂചനയാണെന്നും ജില്ലാ ആരോഗ്യവിഭാഗം വിലയിരുത്തുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് പോസിറ്റീവ് ആയത് 78,714 പേരാണ്. ജില്ലയിലെ മൊത്തം ജനസംഖ്യയുടെ 2.27 ശതമാനം പേര്‍.

അതായത് 44 പേരില്‍ ഒരാള്‍ക്ക് എന്ന തോതില്‍ കോവിഡ് ബോധയുണ്ടായതായി ആരോഗ്യവകുപ്പ് അറിയിക്കുന്നു. കൂടുതല്‍ പേര് പോസിറ്റീവ് ആകുന്നത് കൊച്ചി കോര്‍പ്പറേഷനിലാണ്. സംസ്ഥാനത്ത് ഇന്നലെയും ഏറ്റവും കൂടുതല്‍ പേര്‍ പോസിറ്റീവ് ആയത് എറണാകുളത്താണ്. 953 പേര്‍.

അതേസമയം, നാലാഴ്ചയ്ക്കിടെ ബ്രിട്ടനില്‍ നിന്നെത്തി കോവിഡ് സ്ഥിരീകരിച്ചവര്‍ കേരളത്തിലും ഉണ്ടാകാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സൂചന നല്കി. വൈറസുകളുടെ ഘടനയും സ്വഭാവവും മനസ്സിലാക്കാന്‍ ജനിതകശ്രേണീകരണം നടത്തുന്നതിന് ഇത്തരം കേസുകളുടെ സ്രവ സാംപിളുകള്‍ ലാബുകള്‍ക്ക് കൈമാറാന്‍ കേന്ദ്രം നിര്‍ദേശിച്ചു.

യുകെയില്‍ നിന്നുള്ള വിമാനങ്ങള്‍ എത്തുന്ന കേരളം ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി ഇന്നലെ അടിയന്തര യോഗം വിളിച്ചിരുന്നു. സമീപകാലത്ത് യുകെയില്‍ നിന്നെത്തിയ മുഴുവന്‍ പേരുടെയും വിവരങ്ങള്‍ ശേഖരിക്കാന്‍ ഇമിഗ്രേഷന്‍ ബ്യൂറോ, വിമാനത്താവള അതോറിട്ടി എന്നിവയുമായി ഏകോപനം നടത്താനും കേന്ദ്രം നിര്‍ദേശിച്ചു.

ഇത്തരം വൈറസ് വഴി ഇന്ത്യയില്‍ 15 പേര്‍ക്ക് കോവിഡ് ബാധിച്ചുവെന്ന പ്രചാരണം കേന്ദ്ര ആരോഗ്യമന്ത്രാലയം നിഷേധിച്ചിട്ടുണ്ട്.

ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്ത

കർത്താവിൽ വാത്സല്യള്ളവരെ,

മലയാളം യുകെയിലൂടെ ‘ നിങ്ങളെ അഭിസംബോധന ചെയ്യുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട് . വളരെയധികം വ്യത്യസ്തമാർന്ന ഒരു സാഹചര്യത്തിലാണ് നാം ക്രിസ്തുമസ് ആഘോഷിക്കുവാൻ ഒരുങ്ങുന്നത്. ആശങ്കയുടെയും നിരാശയുടെയുമൊക്കെ കാലഘട്ടമാണിതെങ്കിലും ആദ്യ ക്രിസ്തുമസ് സ്നേഹത്തിൻറെ വസന്തവും പ്രത്യാശയുടെ പൂക്കാലവുമായിരുന്നു.ഇരുൾ മൂടിയ ജീവിതങ്ങളെ പ്രകാശപൂരിതമാക്കുവാൻ വെളിച്ചമായി പെയ്തിറങ്ങിയതാണ് ക്രിസ്തുവിൻറെ ജനനം . ഏതു പ്രതിസന്ധിയിലും ക്രിസ്തുമസിൻ്റെ പ്രഭ നഷ്ടപ്പെടുന്നില്ല; ദൈവസ്നേഹത്തിൻറെ ആവിഷ്കാരമാണ് ക്രിസ്തുവിൻറെ ജനനം. പ്രതിസന്ധികൾ എന്നും ലോകയാഥാർത്ഥ്യമാണ്. എങ്കിലും ലോകത്തോടുള്ള ദൈവത്തിൻറെ കരുണ ഒരിക്കലും അസ്തമിക്കുന്നില്ല. പ്രതിസന്ധികളിൽ ദൈവീക ഇടപെടലുകൾക്കായുള്ള തുറവിയാണ് എന്നും ആവശ്യമായിരിക്കുന്നത്. ലോകത്തെ ചേർത്തുപിടിക്കുന്ന ദൈവ സ്നേഹത്തിൻറെ കൈവഴികൾ ആകുവാൻ ക്രിസ്തുമസ് എന്നും നമ്മെ ആഹ്വാനം ചെയ്യുന്നുണ്ട് . ഏത് പ്രതിസന്ധികളിലും ‘ഭയപ്പെടേണ്ട’ എന്നതും ക്രിസ്തുമസ് നമ്മെ ഓർമ്മിപ്പിക്കുന്നു . ക്രിസ്തുമസ് ഒരു ‘giving’ ൻ്റെ ആഘോഷമാണ് ; ‘getting’ ൻ്റെ ആഘോഷമല്ല. കരുത്തിൻ്റെ ലോകത്തിൽ കരുതലിൻ്റെ വക്താക്കളാകുവാനാണ് ക്രിസ്തുമസ് നമ്മെ ക്ഷണിക്കുന്നത് . തള്ളപ്പെട്ടവരെയും തഴയപ്പെട്ടവരെയും തേടിവന്ന് ചേർത്തുപിടിക്കുന്ന ദൈവം ഉണ്ട് എന്നത് ക്രിസ്തുമസ് ഓർമപ്പെടുത്തുന്നുണ്ട്. ‘മനുഷ്യനാകുക’ എന്നതാണ് ക്രിസ്തുമസ് നമ്മെ ഓർമ്മിപ്പിക്കുന്ന മറ്റൊരു സന്ദേശം. ദൈവം മനുഷ്യനായി ജഡം ധരിച്ചു എന്നത് അതാണ് വെളിവാക്കുന്നത് . ആന്തരികസത്തയിലും ഉണ്മയിലുമാണ് ഒരാൾ മനുഷ്യനാകേണ്ടത്; വേഷത്തിലും ആകാരത്തിലും മാത്രമല്ല.

2020 ലെ ക്രിസ്തുമസ് അടച്ചിട്ട മുറികളിൽ നിവർത്തി ആകേണ്ട ഒരാഘോഷമല്ല; മറിച്ച് ഈ ലോകത്തോടുള്ള ദൈവീക കരുണയുടെയും കൃപയുടെയും ഇടപെടലിൽ നാമോരോരുത്തരുടെയും പങ്കാളിത്തം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുമ്പോൾ മാത്രമേ ക്രിസ്തുമസ് ഇന്ന് യാഥാർത്ഥ്യമാകുകയുള്ളു. നമ്മുടെ ജീവന ഇടങ്ങളിൽ ക്രിസ്തുവിനെ കണ്ടെത്തി അവിടെ ക്രിസ്തുവിനെ യാഥാർത്ഥ്യമാക്കണം. അങ്ങനെ ഒരു യഥാർത്ഥ ക്രിസ്തുമസ് നമുക്കിടയിൽ ഉണ്ടാകട്ടെ. ഏവർക്കും സന്തോഷകരമായ ക്രിസ്തുമസും അനുഗ്രഹപൂർണ്ണമായ പുതുവർഷവും ആശംസിക്കുന്നു.

 

Copyright © . All rights reserved