Kerala

ലേക്ക്ഷോർ ഹോസ്പിറ്റലിലെ ഓപ്പറേഷൻ തീയേറ്റർ സ്റ്റാഫ്‌ നഴ്‌സ്‌ ആയിരുന്ന ഷെൽമി പൗലോസ് ഡ്യൂട്ടിക്ക് പോകുന്ന വഴി ചേർത്തല ഇരമല്ലൂരിൽ ഉണ്ടായ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ബിനോജ് ആണ് ഷെൽമിയുടെ ഭർത്താവ്. എട്ടുവയസ്സും 5 വയസ്സും പ്രായമുള്ള രണ്ട് ആൺകുട്ടികൾ ഉണ്ട്. മരണപ്പെടുമ്പോൾ ഷെൽമി 5 മാസം ഗർഭിണിയായിരുന്നു.

ഏതാനും ആഴ്ചകൾക്കുള്ളിൽ വൈറ്റില – ചേർത്തല ദേശീയപാതയിൽ വാഹനാപകടത്തിൽ മരണപ്പെടുന്ന രണ്ടാമത്തെ നഴ്‌സ്‌ ആണ് ഷെൽമി

സ്വന്തം മണ്ഡലത്തിലെ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ഓപ്പണ്‍ സ്റ്റേജ് ചര്‍ച്ചയാവുന്നു. ഒക്‌ടോബര്‍ 12നാണ് തന്റെ എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും 35 ലക്ഷം രൂപ ചെലവഴിച്ചു നിര്‍മിച്ച ഒരു ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നടത്തിയ വിവരം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഓഡിറ്റോറിയം എന്നു മന്ത്രി പറഞ്ഞെങ്കിലും ചിത്രം ഒരു സ്റ്റേജിന്റേത്. കഴക്കൂട്ടം കുളത്തൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ആ ഓപ്പണ്‍ സ്റ്റേജിന്റെ ചിത്രം കണ്ടവരെല്ലാം ഞെട്ടി. കൂടിപ്പോയാല്‍ അഞ്ച് അല്ലെങ്കില്‍ ആറു ലക്ഷം ചെലവ് മാത്രം വരുന്ന ഒന്ന്.

സ്‌കൂള്‍ മുറ്റത്ത് ഉറപ്പുള്ള തറയിലാണ് ഓപ്പണ്‍ സ്റ്റേജ് നിര്‍മ്മിച്ചിരിക്കുന്നത്. മൂന്നുവശം ചുവരും മുകളില്‍ കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ട്. സ്റ്റേജിനൊപ്പം ഡ്രസ്സിങ് റൂമും റസ്റ്റ് റൂമും നിര്‍മ്മിച്ചു. കര്‍ട്ടനുകളൊക്കെ പിടിച്ച് കെട്ടാന്‍ രണ്ട് മൂന്ന് കമ്പികളും. വയറിങ്ങുകള്‍ പൂര്‍ത്തിയാക്കി പെയിന്റും അടിച്ചു. പിന്നെ സ്റ്റേജിന്റെ മുകളില്‍ സ്‌കൂളിന്റെ പേരിനേക്കാള്‍ വലിപ്പത്തില്‍ കടകംപള്ളി സുരേന്ദ്രന്‍ എന്ന് വലിയ തിളങ്ങുന്ന അക്ഷരത്തില്‍ എഴുതി. മറ്റ് ഓപ്പണ്‍ സ്റ്റേജുമായി നിര്‍മ്മാണത്തിലോ പ്ലാനിലോ യാതൊരു വ്യത്യാസവും ഇല്ലതാനും. എന്നിട്ടും 35 ലക്ഷം എങ്ങനെ ചെലവായി എന്നാണ് സേഷ്യല്‍ മീഡിയ ചോദിക്കുന്നത്.

മന്ത്രിയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് പ്രതിഷേധവുമായി എത്തിയിട്ടുള്ളത്. പരിഹാസത്തോടെ പ്രതികരിച്ചവരും നിരവധിയാണ്. ‘എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് എന്നാല്‍ എംഎല്‍എയുടെ ആസ്തി വികസിപ്പിക്കുന്ന ഫണ്ട് എന്നാണര്‍ത്ഥം. അതേ കടകംപള്ളിയും പറഞ്ഞുള്ളൂ’ എന്നാണ് ഒരു കമന്റ്. ബാക്കി 32 ലക്ഷവും മുക്കിയല്ലേ എന്ന് മറ്റൊരു പ്രതികരണം. ‘ആ 35 ലക്ഷം മുടക്കിയ സ്റ്റേജിന്റെ പേരാണോ കടകംപള്ളി സുരേന്ദ്രന്‍’ എന്നാണ് ഒരു ചോദ്യം. ’35 ലക്ഷം കൊണ്ട് ഇത്രേം വലിയ ഓഡിറ്റോറിയം, ഹോ, ഭീകരം തന്നെ’, ‘കൈക്കൂലിയും വെട്ടിപ്പും ഉള്‍പ്പടെയുളള തുക ഉള്‍പ്പെടുത്തി പോസ്റ്റിട്ട മന്ത്രിക്ക് അഭിനന്ദങ്ങള്‍’ തുടങ്ങിയ പ്രതികരണങ്ങള്‍ നീണ്ടുപോകുന്നു.

നാല് തൂണില്‍ ഷീറ്റിട്ട ബസ് സ്റ്റോപ്പ് നിര്‍മ്മിക്കുന്നതിന് അഞ്ച് ലക്ഷം വരെ ചെലവാക്കിയ നിരവധി സംഭവങ്ങള്‍ ഏറെ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. അതേചടങ്ങില്‍ത്തന്നെ ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം ചെലവില്‍ മിനി ഓഡിറ്റോറിയം ഒരു കെട്ടിടത്തിന് മുകളില്‍ സജ്ജീകരിച്ചിട്ടുണ്ട്. ശ്രീനാരായണ സ്മാരക ഹാള്‍ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ഇതും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തന്നെയാണ് ഉദ്ഘാടനം ചെയ്തത്.

തൃശൂർ: പ്രശസ്തഗാന, വചന ശുശ്രൂഷകനും ചാലക്കുടി മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൻ്റെ തുടക്കം മുതൽ ധ്യാനങ്ങളിൽ നിറസാന്നിധ്യവുമായിരുന്ന ആൻ്റണി ഫെർണാണ്ടസ് കൊറോണ ബാധിച്ച് അന്തരിച്ചു. അദ്ദേഹത്തിന് 55 വയസായിരുന്നു. ഇന്നു പുലർച്ചെയായിരുന്നു അന്ത്യം.

ഏതാനും ദിവസമായി പനിയെത്തുടർന്ന് ധ്യാനകേന്ദ്രത്തിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു. കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയപ്പോൾ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കൊറോണ പോസിറ്റീവായ ഭാര്യയും മകനും ആശുപത്രിയിൽ ചികിൽസയിലാണ്.

പോട്ട – ഡിവൈൻ ധ്യാന ശുശ്രൂഷകളുടെ തുടക്കം മുതൽ ആൻ്റണി ഫെർണാണ്ടസ് ധ്യാനകേന്ദ്ര സ്ഥാപകരായ ഫാ.മാത്യു നായ്ക്കംപറമ്പിൽ , ഫാ.ജോർജ് പനയ്ക്കൽ എന്നിവർക്കൊപ്പം ഗാനശുശ്രൂഷ നടത്തിയിരുന്നു. ഗാനശുശ്രൂഷകൾക്കും വചന ശുശ്രൂഷകൾക്കും നേതൃത്വം കൊടുത്ത് അനേകരെ ദൈവത്തിലേയ്ക്ക് അടുപ്പിച്ച ആന്റണി ഫെർണാണ്ടസ് ‘കർത്താവ് അഭിഷേകം ചെയ്ത ദൈവദാസൻ’ എന്നാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്

കൊറോണ ലോക്ക് ഡൗൺ കാലം വരെ ഡിവൈൻ ധ്യാനകേന്ദ്രത്തിൻ്റെ ലോകമെമ്പാടുമുള്ള ശുശ്രൂഷകളിൽ ആൻ്റണി ഫെർണാണ്ടസ് നിറഞ്ഞുനിന്നു. ലോക്ക് ഡൗൺകാലത്ത് ടെലിവിഷൻ ശുശ്രൂഷകളിലൂടെ ആൻറണി ഫെർണാണ്ടാസിൻ്റെ സംഗീത വിസ്മയം അനേകർക്ക് ഉത്തേജനമായിരുന്നു.

കോവിഡ് ബാധിച്ച് ചികിൽസയിലിരുന്ന ആലപ്പുഴ സ്വദേശി സലാലയിൽ മരണപ്പെട്ടു. ചെങ്ങന്നൂർ കല്ലിശ്ശേരി സ്വദേശി സന്തോഷ് കുമാർ(44) ആണ് മരിച്ചത്. കഴിഞ്ഞ 22 ദിവസമായി സലാല സുൽത്താൻ ഖാബൂസ്​ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

12 വർഷമായി ഒമാനിലുള്ള സന്തോഷ്​ കുമാർ സ്വകാര്യ കമ്പനിയിൽ സിവിൽ എഞ്ചിനീയറായിരുന്നു​. പൊന്നമ്പിളിയാണ്​ ഭാര്യ. രണ്ട്​ മക്കളുണ്ട്​. കോവിഡ്​ ബാധിച്ച്​ ഒമാനിൽ മരിക്കുന്ന മുപ്പതാമത്തെ മലയാളിയാണ്​ ഇദ്ദേഹം.

മൃതദേഹം സലാലയിൽ സംസ്​കരിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി വരുന്നതായി സുഹൃത്തുക്കൾ അറിയിച്ചു.

ലണ്ടന്‍ ആസ്ഥാനമായി സംഘടിപ്പിക്കുന്ന യൂറോപ്പ് ഫിലിം ഫെസ്റ്റിവലില്‍ മലയാള ഹ്രസ്വ ചിത്രമായ ‘ആപ്പിള്‍’ ന് ചിത്രസംയോജനത്തിനു പ്രത്യേക ജൂറി പുരസ്‌കാരം. കണ്ണൂര്‍ സ്വദേശി പ്രിയ എസ് പിള്ളയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്. കണ്ണൂര്‍ ഇരിട്ടി സ്വദേശിനിയാണ് പ്രിയ. വാഗമണ്‍ ഡി സി കോളേജിലെ മുന്‍ അധ്യാപികയായിരുന്ന പ്രിയ ആദ്യമായിയാണ് ഹ്രസ്വ ചിത്രത്തിന് ചിത്രസംയോജനം നിര്‍വ്വഹിക്കുന്നത്. ഒട്ടേറെ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ ‘വാഫ്റ്റ് ‘ എന്ന ഹ്രസ്വ ചിത്രം സംവിധാനം ചെയ്ത വിഷ്ണു ഉദയനാണ് ‘ആപ്പിള്‍’ സംവിധാനം ചെയ്തിരിക്കുന്നത്.

‘പ്രിയ ആദ്യമായാണ് ഒരു ഷോര്‍ട്ട് ഫിലിം എഡിറ്റ് ചെയ്യുന്നത്. എന്നാല്‍ അതിന്റെ ഒരു പരിമിതിയും എഡിറ്റിങ്ങില്‍ ഉണ്ടായിട്ടില്ല. അവാര്‍ഡിന്റെ മാത്രമല്ല, ഈ ഷോര്‍ട്ട് ഫിലിം ഇപ്പോള്‍ കാണുന്ന രൂപത്തിലാക്കിയതിന്റെ മുഴുവന്‍ ക്രഡിറ്റും പ്രിയയ്ക്കാണ്. ഷൂട്ടിങ് സമയങ്ങളില്‍ വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. പലതും വിചാരിച്ച പോലെ ഷൂട്ട് ചെയ്യാന്‍ കഴിഞ്ഞില്ല. അപ്പോഴെല്ലാം പ്രിയ തന്ന ആത്മവിശ്വാസം വലുതായിരുന്നു. സാരമില്ല നമുക്ക് എഡിറ്റ് ചെയ്തു ശരിയാക്കാം എന്നായിരുന്നു പ്രിയ ഓരോ തവണയും പറഞ്ഞുകൊണ്ടിരുന്നത്. ഇതിപ്പോള്‍ ആറ് ചലച്ചിചത്ര മേളയില്‍ ആപ്പിള്‍ എത്തിക്കഴിഞ്ഞു. ഇപ്പോള്‍ എഡിറ്റിങിന് ഒരു പരാമര്‍ശം ലഭിച്ചതില്‍ തന്നെ വലിയ സന്തോഷമുണ്ട്’. ആപ്പിളിന്റെ സംവിധായകന്‍ വിഷ്ണു ഉദയന്‍ പറയുന്നു.

‘ആപ്പിള്‍’ എന്ന പതിനഞ്ചു മിനിറ്റ് ധൈര്‍ഘ്യമുള്ള ഹ്രസ്വ ചിത്രം ആറ് മേളകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഹ്രസ്വ ചിത്രത്തില്‍ സുനില്‍കുമാറും ആമിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇത്തവണത്തെ യൂറോപ്പ് ചലച്ചിത്രമേളയില്‍ പുരസ്‌കാരം നേടിയ രണ്ട് ഇന്ത്യന്‍ പടങ്ങളില്‍ ഒന്നാണ് ‘ആപ്പിള്‍’.

കൂടത്തായി കൊലപാതക കേസ് പ്രതി ജോളിക്ക് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. മറ്റ് കേസുകളിൽ ജാമ്യം അനുവദിക്കാത്തതിനാൽ ജോളിക്ക് പുറത്തിറങ്ങാൻ കഴിയില്ല. കൊലപാതക പരമ്പരയിലെ അന്നമ്മ തോമസ് വധക്കേസിലാണ് ജാമ്യം ലഭിച്ചത്. നേരത്തെ സിലി വധക്കേസിലും ജോളിക്ക് ജാമ്യം ലഭിച്ചിരുന്നു.

കൂടത്തായി പൊന്നാമറ്റം വീട്ടിൽ റോയ് തോമസിന്റെ സഹോദരൻ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണമാണ് കേരളത്തെ ഞെട്ടിച്ച കൊലപാതക പരമ്പരയുടെ ചുരുളഴിച്ചത്. പൊന്നാമറ്റത്തെ സ്വത്ത് തട്ടിയെടുക്കാൻ റോയ് തോമസിന്റെ ഭാര്യയായിരുന്ന ജോളി വ്യാജ ഒസ്യത്ത് തയ്യാറാക്കിയതിന് എതിരെയുളള രഹസ്യ അന്വേഷണത്തിലാണ് കൊലപാതക പരമ്പരയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തായാത്. അന്നമ്മ തോമസ്, ടോം തോമസ്, റോയ് തോമസ്, മഞ്ചാടിയിൽ മാത്യു, സിലി, സിലിയുടെ മകൾ രണ്ടര വയസുകാരി ആൽഫൈൻ എന്നിവരാണ് കൊല്ലപ്പെട്ടത്.

സജ്നയുടെ ബിരിയാണി തേടിയെത്തി നടൻ സന്തോഷ് കീഴാറ്റൂർ. തൊട്ടുപിന്നാലെ മുൻ മന്ത്രി കെ. ബാബു. ഇതിനൊപ്പം ബിരിയാണി വാങ്ങി പിന്തുണച്ച് വഴിയാത്രക്കാരും. അങ്ങനെ കേരളം ആ കണ്ണീരിന് മുന്നിൽ ഐക്യദാർഢ്യം പ്രകടിപ്പിക്കുകയാണ്. ബിരിയാണി വാങ്ങി കഴിക്കുകയും ഒരു പിടി സജ്നയ്ക്ക് നീട്ടുകയും ചെയ്താണ് സന്തോഷ് പിന്തുണ പ്രഖ്യാപിച്ചത്.

ഇതിനൊപ്പം വിൽപ്പനയ്ക്കും താരം ഒപ്പം കൂടി. ഇതിനിടയിലാണ് കെ.ബാബു സ്ഥലത്തെത്തുന്നതും സജ്നയോട് സംസാരിക്കുന്നതും. ട്രാൻസ്ജെന്റർ സമൂഹം നേരിടുന്ന അവഗണന ബാബുവിനോട് അവർ പങ്കുവച്ചു. വിഡിയോ കാണാം.

ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർക്കും രമേശ് ചെന്നത്തലയ്ക്കും ജയസൂര്യയ്ക്കും നന്ദി പറഞ്ഞ് ഇന്നലെ സജ്ന ഫെയ്സ്ബുക്കിൽ വിഡിയോ പങ്കിട്ടിരുന്നു. കോട്ടയം സ്വദേശി സജ്ന ഷാജി 13 വർഷം മുൻപാണ് കൊച്ചിയിലെത്തുന്നത്. നിലനിൽപിനായി ട്രെയിനിൽ ഭിക്ഷയെടുത്ത് തുടങ്ങിയ ജീവിതം. വർഷങ്ങൾക്കിപ്പുറം ഒരാൾക്ക് മുന്നിലും കൈ നീട്ടാതെ അന്തസ്സായി ജോലിയെടുത്ത് ജീവിക്കുന്ന സജ്നയെ കോവിഡ് പ്രതിസന്ധിയും തളർത്തിയിരുന്നില്ല. കൂടെ ഉള്ളവരുടെ കൂടി പട്ടിണി അകറ്റാനാണ് മൂന്ന് മാസം മുൻപ് തൃപ്പുണിത്തുറ ഇരുമ്പനത്ത് വഴിയോര ബിരിയാണി കച്ചവടം തുടങ്ങിയത്. പരിസരത്ത് കച്ചവടം നടത്തിയവരാണ് സജ്നയുട ബിരിയാണി കച്ചവടം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടു ക്രൂരതക്ക് മുതിർന്നത്

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി ബന്ധമുണ്ടെന്ന് എൻ.ഐ.എ. ഇതിന്റെ സൂചനകൾ ലഭിച്ചതായി അന്വേഷണസംഘം കോടതിയിൽ ബോധിപ്പിച്ചു.

കേസിലെ പ്രധാന പ്രതികളിലൊരാളായ കെ.ടി. റമീസ് വിദേശത്തുനിന്ന് ആയുധങ്ങൾ കേരളത്തിലേക്കു കടത്തിയിട്ടുണ്ട്. പ്രതികളുടെ ജാമ്യഹർജികളുടെ വാദത്തിനിടയിലാണ് എൻ.ഐ.എ. ഇക്കാര്യങ്ങൾ ബോധിപ്പിച്ചത്. പ്രതികളുടേത് ഗുരുതര ക്രിമിനൽ പ്രവൃത്തിയാണെന്നു നിരീക്ഷിച്ച കോടതി ഇവർക്കുമേൽ യു.എ.പി.എ. ചുമത്താനുള്ള കാര്യങ്ങൾ വിശദമാക്കാൻ ആവശ്യപ്പെട്ടു.

അന്വേഷണത്തിന്റെ ഭാഗമായി 90-ഓളം ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്ന് എൻ.ഐ.എ. അറിയിച്ചു. ഇതിൽ 22 ഡിജിറ്റൽ ഉപകരണങ്ങളിൽനിന്നുള്ള രേഖകൾ മാത്രമേ തിരിച്ചെടുക്കാൻ സാധിച്ചിട്ടുള്ളൂ. കേസ് രജിസ്റ്റർ ചെയ്തശേഷവും ചില പ്രതികൾ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചു. അവ തിരിച്ചെടുക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും എൻ.ഐ.എ. പറഞ്ഞു.

അതിഗുരുതര സ്വഭാവമുള്ള കേസായിട്ടുപോലും പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളുടെ ഫൊറൻസിക് പരിശോധനാഫലം സമയബന്ധിതമായി ലഭിക്കുന്നില്ലെന്ന്‌ പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. പരിശോധനാ ഫലത്തിനായി ഒരു മാസംമുമ്പ് അപേക്ഷ നൽകിയിട്ടും ഇതുവരെ റിപ്പോർട്ട് ലഭിച്ചില്ലെന്നും പ്രോസിക്യൂട്ടർ ധരിപ്പിച്ചു.

യു.എ.ഇ., ടാൻസാനിയ എന്നിവിടങ്ങളിലും ആഴത്തിൽ അന്വേഷണം നടത്തേണ്ട കേസാണിത്. ഇതിനാവശ്യമായ സമയം ലഭിക്കണം. ഈ സാഹചര്യത്തിൽ പ്രതികൾക്ക്‌ ജാമ്യം നൽകരുതെന്ന് എൻ.ഐ.എ. പ്രോസിക്യൂട്ടർ അർജുൻ അമ്പലപ്പറ്റ അഭ്യർഥിച്ചു. കേസിലെ 10 പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷകളിൽ വ്യാഴാഴ്ച വാദം തുടരും.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. അമ്മയെ ഷാളു കൊണ്ട് കെട്ടിത്തൂക്കിയതിനു പിന്നാലെ മകന്‍ തൂങ്ങിമരിച്ചു. വൈക്കം ചെമ്ബ് മത്തുങ്കല്‍ ആശാരിത്തറയില്‍ പരേതനായ തങ്കപ്പന്റെ ഭാര്യ 70 വയസുള്ള കാര്‍ത്ത്യായനിയാണ് കൊല്ലപ്പെട്ടത്.

ല്‍പ്പത്തിയഞ്ച് വയസുള്ള മകന്‍ ബിജുവാണ് അമ്മയെ കട്ടിലില്‍ ഷാളു കൊണ്ട് കഴുത്തു ഞെരുക്കി കൊന്നത്. അമ്മയെ കൊന്നതിനു പിന്നാലെ ബിജു തൂങ്ങിമരിക്കുകയും ചെയ്തു. പണിക്കു പോയ സിജു ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനായി വീട്ടിലെത്തിയപ്പോഴാണ് അമ്മയെ കട്ടിലില്‍ മരിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. അടുത്ത മുറിയില്‍ തന്നെ ബിജുവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി.

മൃതദേഹങ്ങള്‍ കണ്ട് സിജു അലമുറയിട്ടതു കേട്ട് അയല്‍ക്കാര്‍ ഓടിയെത്തുകയായിരുന്നു. സംഭവം അറിഞ്ഞ് പൊലീസും ഉടന്‍ തന്നെ സ്ഥലത്തെത്തി. പക്ഷേ,അപ്പോഴേക്കും ഇരുവരുടെയും മരണം സംഭവിച്ചിരുന്നു. അഞ്ച് മക്കള്‍ ഉള്‍പ്പെടുന്ന കുടുംബമായിരുന്നു ഇത്. വളരെ സന്തോഷത്തോടെയും സമാധാനത്തോടെയും ആയിരുന്നു കുടുംബം മുന്നോട്ട് പോയിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളായി ബിജു മദ്യത്തിനടിമ ആയിരുന്നു.

തുടര്‍ന്ന്പണിക്ക് പോകുന്നതും നിര്‍ത്തി. വീട്ടുമുറ്റത്തു നിന്ന മരം കഴിഞ്ഞയിടെ വെട്ടി വിറ്റിരുന്നു. ഇതിന്റെ പണം അമ്മയോട്ബിജു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പണം നല്‍കാന്‍ അമ്മ തയ്യാറാകാതിരുന്നത് കൊലപാതകത്തിലേക്ക് നയിച്ചെന്നാണ്കരുതുന്നതെന്ന് പൊലീസ് പറഞ്ഞു. ബിജു മദ്യത്തിന് അടിമപ്പെട്ടതോടെ കുടുംബത്തില്‍ പ്രശ്നങ്ങള്‍ ആരംഭിക്കുകയായിരുന്നു.

ജ്ഞാനപീഠം ജേതാവ്‌ മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി വിടവാങ്ങി. 94 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന്‌ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിരിക്കെ വ്യാഴാഴ്ച രാവിലെ 8.10 ഓടെയാണ് അന്ത്യം സംഭവിച്ചത്‌.

പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലെ അമേറ്റൂര്‍ അക്കിത്തത്ത് മനയില്‍ 1926 മാര്‍ച്ച് 18ന് അക്കിത്തത്ത് വാസുദേവന്‍ നമ്പൂതിരിയും ചേകൂര്‍ മനയ്ക്കല്‍ പാര്‍വ്വതി അന്തര്‍ജ്ജനത്തിന്റേയും മകനായാണ് അക്കിത്തത്തിന്റെ ജനനം. ചെറുപ്പത്തില്‍ തന്നെ സംസ്‌കൃതത്തിലും സംഗീതത്തിലും ജ്യോതിഷത്തിലും അവഗാഹം നേടിയ അദ്ദേഹം 1946 മുതല്‍ മൂന്നു കൊല്ലം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി. ഉണ്ണിനമ്പൂതിരിയിലൂടെ സമുദായ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിയ അദ്ദേഹം മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1956 മുതല്‍ കോഴിക്കോട് ആകാശവാണി നിലയത്തില്‍ സ്‌ക്രിപ്റ്റ് എഴുത്തുകാരനായി പ്രവര്‍ത്തിച്ച അദ്ദേഹം 1975ല്‍ ആകാശവാണി തൃശ്ശൂര്‍ നിലയത്തില്‍ എഡിറ്ററായും ചുമതല വഹിച്ചിട്ടുണ്ട്. 1985ല്‍ ആകാശവാണിയില്‍ നിന്ന് വിരമിച്ചു.

കവിതകളും നാടകവും ചെറുകഥകളും ഉപന്യാസങ്ങളുമായി 46 ഓളം കൃതികള്‍ മഹാകവി അക്കിത്തത്തിന്റെ സംഭാവനയായി മലയാളത്തിന് ലഭിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ഭാഗവതം, നിമിഷ ക്ഷേത്രം, വെണ്ണക്കല്ലിന്റെ കഥ, ബലിദര്‍ശനം, മനസ്സാക്ഷിയുടെ പൂക്കള്‍, അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകള്‍, നിമിഷ ക്ഷേത്രം, പഞ്ചവര്‍ണ്ണക്കിളി, അരങ്ങേറ്റം, മധുവിധു, ഒരു കുല മുന്തിരിങ്ങ, ഇടിഞ്ഞു പൊളിഞ്ഞ ലോകം, അമൃതഗാഥിക, കളിക്കൊട്ടിലില്‍, സമത്വത്തിന്റെ ആകാശം, കരതലാമലകം, ആലഞ്ഞാട്ടമ്മ, പ്രതികാരദേവത, മധുവിധുവിനു ശേഷം, സ്പര്‍ശമണികള്‍, അഞ്ചു നാടോടിപ്പാട്ടുകള്‍, മാനസപൂജ എന്നിവയാണ് പ്രധാനകൃതികള്‍. ഉപനയനം, സമാവര്‍ത്തനം എന്നീ ഉപന്യാസങ്ങളും അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്.

ബലിദര്‍ശനം എന്നകൃതിക്ക് 1972 ല്‍ കേരള സാഹിത്യഅക്കാദമി അവാര്‍ഡ് ലഭിച്ചു. 1973 ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, 1974 ലെ ഓടക്കുഴല്‍ അവാര്‍ഡ്, സഞ്ജയന്‍ പുരസ്‌കാരം, പത്മപ്രഭ പുരസ്‌കാരം, അമൃതകീര്‍ത്തി പുരസ്‌കാരം, സമഗ്രസംഭാവനയ്ക്കുള്ള 2008 ലെ എഴുത്തച്ഛന്‍ പുരസ്‌കാരം , 2008 ലെ മാതൃഭൂമി സാഹിത്യ പുരസ്‌കാരം, 2012ലെ വയലാര്‍ അവാര്‍ഡ്, 2016ലെ എഴുത്തച്ഛന്‍ പുരസ്‌കാരം, 2017ലെ പത്മശ്രീ പുരസ്‌കാരം, ജ്ഞാനപീഠ സമിതിയുടെ മൂര്‍ത്തിദേവി പുരസ്‌കാരം തുടങ്ങിയവ മഹാകവി അക്കിത്തത്തിന് ലഭിച്ചിട്ടുണ്ട്.

പതിറ്റാണ്ടുകള്‍ നീണ്ട മഹത്തായ കാവ്യജീവിതത്തിനൊടുവില്‍ 2019 ലെ ജ്ഞാനപീഠ പുരസ്‌കാരം മലയാളത്തിന്റെ മഹാകവിയെ തേടിയെത്തുകയായിരുന്നു. അതോടെ ജ്ഞാനപീഠം നേടുന്ന ആറാമത്തെ മലയാളി എഴുത്തുകാരനുമായി അക്കിത്തം മാറി. കോവിഡ് വ്യാപനം മൂലം ലളിതമായി സംഘടിപ്പിച്ച ചടങ്ങില്‍ ഭാരതത്തിലെ ഏറ്റവും മഹത്തായ പുരസ്‌കാരം ഏറ്റുവാങ്ങി ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് മലയാളത്തിന്റെ ഇതിഹാസ കവി വിടവാങ്ങുന്നത്.

Copyright © . All rights reserved