കോവിഡ് ബാധിച്ചു മരിച്ചവരെ സംസ്കരിക്കാൻ എല്ലാവരും ഭയന്ന് മാറി നിൽക്കുമ്പോൾ, ഒരു മടിയും കൂടാതെ സന്നദ്ധനായി മുന്നോട്ടു വന്നു മാടപ്പള്ളി പഞ്ചായത്ത് അംഗം നിതീഷ് കോച്ചേരി. യുവ അംഗമായ നിതീഷ് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകനാണ്.
ആദ്യമായി മാമ്മൂട് ലൂർദ് ദേവാലയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന കെട്ടിടം കാലായിൽ അന്നമ്മയുടെയും കഴിഞ്ഞ ദിവസം മരിച്ച ഇലവുംമൂട്ടിൽ ജോസഫിന്റെയും ദഹിപ്പിക്കൽ ചടങ്ങിനൊപ്പം ഇന്നലെ മരണപ്പെട്ട ചെത്തിപ്പുഴ സാബുവിന്റെയും സംസ്‍കാരത്തിനു പിപിഇ കിറ്റ് അണിഞ്ഞു നേത്രത്വം നൽകിയത് നിധീഷ് ആണ്.
ലോക്‌ഡോൺ കാലം തൊട്ടു കഴിഞ്ഞ ആറേഴു മാസക്കാലമായി ഒരു ഭയവും കൂടാതെ മടപ്പള്ളി പഞ്ചായത്തിലെ കോവിഡ് രോഗികൾക്കായി സേവനമനുഷ്ഠിച്ചു മുൻപിൽ നിൽക്കുന്ന നിതീഷ് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കൂടി ആണ്.
മുൻ പഞ്ചായത്തു പ്രസിഡന്റ് മെമ്പറുമായ കോൺഗ്രസ്സ് പ്രവർത്തകന്റെ മരണത്തെ തുടർന്ന് നടന്ന ബൈ ഇലക്ഷനിൽ മത്സരിച്ചു വിജയിച്ച നിതീഷ് കന്നി അങ്കത്തിൽ തന്നെ തന്റെ വാർഡിനു വേണ്ടി നിസ്വാർത്ഥമായ വികസന പ്രവർത്തനം നടത്തി കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജനങ്ങളുടെ പ്രശംസ പിടിച്ചു പറ്റി. മഹാമാരിയുടെ ഈ കാലത്തും മടിച്ചു നിൽക്കാതെ ഒരു ജനപ്രതിനിധിയുടെ കർത്തവ്യം എന്ന നിലയിൽ സ്വയം മുന്നോട്ടു ഇറങ്ങിയതിലൂടെ മറ്റു യുവാക്കൾക്കും ഒരു പ്രചോദനമായി പ്രശംസ നേടിയിരിക്കുകയാണ്.
ജോജി തോമസ്
പഴയകാലത്തെ അധ്യാപകരുടെ സാമ്പത്തിക ദുരിതത്തിന്റെയും , ജീവിത പ്രാരാബ് ദങ്ങളുടെയും നേർക്കാഴ്ചയാണ് കാരൂർ നീലകണ്ഠപ്പിള്ളയുടെ പൊതിച്ചോറ് എന്ന ചെറുകഥ . തുച്ഛമായ ശമ്പളത്തിൽ ജീവിതത്തിൻറെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ബദ്ധപ്പെടുന്ന അധ്യാപകൻ വിശപ്പടക്കാൻ തന്റെ വിദ്യാർത്ഥിയുടെ തന്നെ പൊതിച്ചോറ് മോഷ്ടിക്കുന്നതാണ് കഥാതന്തു. എന്നാൽ ആധുനിക കാലത്ത് സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന അധ്യാപക-അനധ്യാപക വിഭാഗത്തിൽപ്പെടുന്ന ജീവനക്കാർ പഴയകാല അധ്യാപകരേക്കാൾ മോശമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത് എന്ന വസ്തുത പുറംലോകം അറിയുന്നില്ല. പൊതിച്ചോറിലേ അധ്യാപകന് സർക്കാർ ജോലിയുടെ സംരക്ഷണമെങ്കിലും ഉണ്ടായിരുന്നെങ്കിൽ സ്വകാര്യ മേഖലകളിലെ അൺ എയ്ഡഡ് സ്കൂളുകളിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെ ജോലി സുരക്ഷിതത്വം തുമ്മിയാൽ തെറിക്കുന്ന മൂക്കു പോലെയാണ്. മാനേജ്മെന്റിന് ഇഷ്ടക്കേട് ഉണ്ടാകുകയോ, തെറ്റുകൾക്ക് നേരെ വിരൽ ചൂണ്ടുകയോ ചെയ്താൽ ജോലി കാണുകയില്ല. കോടികൾ ചിലവഴിച്ച് അത്യാധുനിക സൗകര്യങ്ങളുള്ള സ്കൂളുകളിലേയ്ക്ക് കനത്ത ഫീസ് നൽകി കുട്ടികളെ അയക്കുന്ന മാതാപിതാക്കൾ അറിയുന്നില്ല തങ്ങളുടെ കുട്ടികളെ അക്ഷരങ്ങളുടെ ലോകത്തേയ്ക്ക് നയിക്കുന്നത് ജീവിത പ്രാരാബ്ധങ്ങളിൽ പെട്ട് ഉഴലുന്ന കുറെ ജീവിതങ്ങളാണെന്ന്. എയ് ഡഡ് സ്കൂളുകളോടനുബന്ധിച്ചുള്ള അൺ എയ് ഡഡ് പ്രീപ്രൈമറി സ്കൂളുകളിലേ അധ്യാപകരുടെ അവസ്ഥയും വ്യത്യസ്തമല്ല. ഏകാംഗ അധ്യാപക സമ്പ്രദായം നിലനിൽക്കുന്ന ഈ മേഖലയിൽ തുച്ഛമായ ശമ്പളത്തിൽ ജോലിചെയ്യുന്ന ജീവനക്കാർക്ക് അടിയന്തരഘട്ടങ്ങളിൽ ഒരു അവധി എടുക്കാനുള്ള അനുവാദം പോലും മാനേജ്മെൻറ് നിഷേധിക്കാറുണ്ട് . പ്രീ പ്രൈമറി സ്കൂളുകൾ സ്കൂളുകളിലേയ്ക്ക് കുട്ടികളെ ആകർഷിക്കാനുള്ള വാതായനമാണ്..
കേരളത്തിലെ വിദ്യാഭ്യാസ രംഗത്തിന്റെ നല്ലൊരു ശതമാനവും സ്വകാര്യ മേഖലയുടെ നിയന്ത്രണത്തിലാണ്. ലക്ഷക്കണക്കിന് വരുന്ന തൊഴിൽരഹിതരായ അഭ്യസ്തവിദ്യരാണ് ഇക്കൂട്ടരുടെ ചാകര. ബിരുദവും, ബിരുദാനന്തര ബിരുദവും അതിനുശേഷം ബി എഡ് ഉൾപ്പെടെയുള്ള ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സുകൾ കഷ്ടപ്പെട്ട് സ്വായത്തമാക്കിയ ഇക്കൂട്ടർ മറ്റുമാർഗങ്ങൾ ഇല്ലാത്തതിനാൽ തൊഴിലുറപ്പ് പദ്ധതിയിൽ ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ വേതനത്തിൽ ഉപജീവനത്തിനായി ജോലി ചെയ്യാൻ നിർബന്ധിതരാകുന്നു. കേരളത്തിലെമ്പാടും സ്വകാര്യ അൺ എയ് ഡഡ് മേഖലയിൽ ലക്ഷക്കണക്കിന് ജീവനക്കാരാണ് കടുത്ത തൊഴിൽ ചൂഷണത്തിന് വിധേയരാകുന്നത് .
കൊല്ലം ജില്ലയിലെ കാഞ്ഞാവള്ളിയിലെ മഹാത്മാ മോഡൽ സ്കൂളിലെ അധ്യാപക സമരം
കോവിഡ് കാലം പല സ്വകാര്യ മാനേജ്മെന്റുകൾക്കും സാമ്പത്തിക നേട്ടത്തിനുള്ള ഉപാധിയാണ്. ഓൺലൈൻ ക്ലാസുകളുടെ മറവിൽ മുഴുവൻ ഫീസും കുട്ടികളിൽനിന്ന് ഈടാക്കുമ്പോൾ സ്കൂളുകൾ അടഞ്ഞുകിടക്കുന്നതിന്റെ പേരിൽ അധ്യാപകർക്ക് വളരെ തുച്ഛമായ വേതനം മാത്രമാണ് നൽകുന്നത്. ചില സിബിഎസ്ഇ സ്കൂളുകളിൽ 400 ലധികം കുട്ടികൾക്കാണ് ചില അധ്യാപകർ ഒരേ സമയം ഓൺലൈൻ ക്ലാസ്സ് എടുക്കുന്നത്. ഇത് നിരവധി അധ്യാപക തസ്തികകൾ ഒഴിവാക്കാൻ മാനേജ്മെന്റിനെ സഹായിച്ചിട്ടുണ്ട്. ഇനിയും കുട്ടികൾ സ്കൂളിൽ വരുമ്പോൾ മാത്രമാണ് തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകൻ എന്നേയ്ക്കുമായി സ്കൂളിനോട് വിട പറഞ്ഞത് അറിയുന്നത് . കോവിഡ് കാലത്ത് വീട്ടിലിരിക്കുന്ന കുട്ടികളിൽ നിന്ന് നീന്തൽ പരിശീലനത്തിന്റെ ഫീസു വാങ്ങിയ മാനേജ്മെന്റുകൾ വരെയുണ്ട്. പ്രൈമറി സ്കൂളിലെ കുട്ടികൾക്കായി ഓൺലൈൻ ക്ലാസുകൾ എന്ന പ്രഹസനം നടത്തുന്നത് ഫീസു വാങ്ങാനുള്ള ഉപാധി മാത്രമാണ് . പക്ഷേ കുട്ടികളിൽ നിന്ന് ഫീസ് വാങ്ങാൻ അമിതോത്സാഹം കാട്ടുന്ന മാനേജ്‌മെന്റ് അധ്യാപനം മാത്രം ഉപജീവനമായി കാണുന്ന ജീവനക്കാരോട് നിഷേധാത്മക സമീപനമാണ് കാട്ടുന്നത്.
പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള സ്കൂളുകൾ പണിതുയർത്തുന്ന മാനേജ്മെൻ്റുകൾ ജീവനക്കാർക്ക് യാതൊരു പരിഗണനയും നൽകുന്നില്ല. പല പ്രമുഖ സ്കൂളുകളിലും കോവണിപ്പടിയുടെ കീഴിലാണ് സ്റ്റാഫ് റൂം . തിരുവനന്തപുരം കിളിമാനൂരിൽ ബന്ധു മരിച്ചതിനെത്തുടർന്ന് ഒരു ദിവസം അവധിയെടുത്ത ടീച്ചറെ പ്രിൻസിപ്പാൾ മുടി കുത്തിന് പിടിച്ച് അടിച്ചത് വിവാദമായിരുന്നു. ഇതിനെ തുടർന്ന് നടന്ന അന്വേഷണത്തിൽ ശാരീരിക പീഡനത്തിന് വിധേയയായ അധ്യാപിക പ്രസ്തുത സ്കൂളിൽ പഠിപ്പിച്ചിരുന്നുവെന്ന് സാക്ഷി പറയാൻ പോലും സഹ അധ്യാപകർ തയ്യാറായില്ല. ആരെങ്കിലും സാക്ഷി പറഞ്ഞാൽ എല്ലാവരുടെയും ജോലി തെറിക്കുമെന്നായിരുന്നു മാനേജ്മെൻ്റിൻ്റെ ഭീഷണി. കൊല്ലത്ത് ഒരു സ്കൂൾ ടീച്ചറെ മതിയായ കാരണങ്ങളില്ലാതെ പിരിച്ചു വിട്ടതിനെ തുടർന്ന് നടന്ന സമരത്തിൽ മാനേജ്മെൻറ് ചർച്ചയ്ക്ക് തയ്യാറാകാതെ വന്നതിനെ തുടർന്ന് സ്കൂൾ ടീച്ചർ കൈ ഞരമ്പ് മുറിച്ച വേദനാജനകമായ സംഭവം ഉണ്ടായി . ജീവിക്കാൻ മറ്റു നിവൃത്തി ഒന്നുമില്ലാതിരുന്ന ടീച്ചർ എൻറെ ചോര കണ്ടെങ്കിലും മാനേജ്മെൻറ് ചർച്ചയ്ക്ക് തയ്യാറാകട്ടെ എന്നാണ് കൈ ഞരമ്പ് മുറിച്ച സംഭവത്തെക്കുറിച്ച് പറഞ്ഞത്. തൃശൂർ ചേർപ്പ് ശ്രീ കോകിലം പബ്ലിക് സ്കൂളിൽ 15 വർഷം വരെയുള്ള ടീച്ചേഴ്സിന് മതിയായ കാരണമില്ലാതെ പിരിച്ചുവിട്ടതിനെ തുടർന്നുള്ള സമരം അടുത്തയിടെയാണ് ഒത്തുതീർപ്പായത്. പേപ്പർ വാല്യുവേഷനും മറ്റുമായി രാത്രി 12 മണി വരെ ജോലിചെയ്യുന്ന ജീവനക്കാർക്ക് 10 വർഷം വരെ സർവീസ് ഉണ്ടെങ്കിലും 7000 ത്തിൽ താഴെമാത്രമാണ് ശമ്പളമെന്ന് അൺ എയ്ഡഡ് സ്കൂൾ ജീവനക്കാരുടെ പ്രമുഖ സംഘടനയായ KUSTU വിൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറി വേണു കട്ടക്കിൽ ചൂണ്ടിക്കാട്ടി. അൺ എയ്ഡഡ് മേഖലയിൽ നടക്കുന്ന കഴുത്തറപ്പൻ ചൂഷണത്തിൻ്റെ ആഴവും വ്യാപ്തിയും പൊതുസമൂഹത്തിൻറെ മുമ്പിൽ എത്തിക്കുക എന്നത് ഇന്നിൻറെ ആവശ്യകതയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പഴുവിൽ ശ്രീ ഗോകുലം സ്കൂൾ അധ്യാപക സമരത്തിൽ നിന്നുള്ള ദൃശ്യം
അൺ എയ്ഡഡ് സ്കൂളുകളിൽ സിബിഎസ്ഇ, ഐസിഎസ്ഇ, കേരളാ സിലബസുകളിലായി ഏതാണ്ട് രണ്ടര ലക്ഷത്തോളം ജീവനക്കാർ ജോലിചെയ്യുന്നുണ്ട് .ഇതിൽ ഏറ്റവും ശോചനീയമായ സേവന വേതന വ്യവസ്ഥയിലൂടെ കടന്നു പോകുന്നത് എയ്ഡഡ് സ്കൂളുകളോട് അനുബന്ധിച്ചുള്ള അൺ എയ്ഡഡ് പ്രീ പ്രൈമറി സ്കൂൾ അധ്യാപകർ തന്നെയാണ്. ഈ ജീവനക്കാരൊക്കെ കേന്ദ്ര ഗവൺമെൻറിൻറെ കീഴിലാണോ അതോ സംസ്ഥാന ഗവൺമെൻറ് കീഴിലാണോയെന്ന കടുത്ത ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളെ നിയന്ത്രിക്കാൻ സംസ്ഥാന ഗവൺമെൻറിൻറെ ഭാഗത്തുനിന്ന് എന്തെങ്കിലും നടപടി ഉണ്ടായാൽ തങ്ങൾ സംസ്ഥാന ഗവൺമെൻ്റിൻ്റെ നിയന്ത്രണത്തിന് വിധേയമല്ലെന്നാണ് സ്കൂളുകളുടെ വാദം. ഉമ്മൻചാണ്ടി സർക്കാരിൻറെ കാലത്ത് തൊഴിൽ വകുപ്പ് മന്ത്രിയായിരുന്ന ഷിബു ബേബിജോൺ അൺ എയ്ഡഡ് മേഖലയിലെ ജീവനക്കാർക്ക് മിനിമം വേതനം നടപ്പാക്കാൻ കരടു ബിൽ അവതരിപ്പിക്കാൻ നീക്കമുണ്ടായെങ്കിലും പല ഭാഗത്തു നിന്നുള്ള സമ്മർദ്ദങ്ങളെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു. പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ 600 ഇന കർമ്മപരിപാടിയിൽ അൺ എയ്ഡഡ് മേഖലയിലെ ജീവനക്കാർക്ക് മിനിമം വേതനം നടപ്പാക്കാനുള്ള സമഗ്ര നിയമനിർമ്മാണം ഉൾപ്പെടുത്തിയിരുന്നെങ്കിലും ഇതിനോടകം നടപടികളൊന്നും ഉണ്ടായിട്ടില്ല . പ്രൈമറി സ്കൂൾ ടീച്ചേഴ്സിന് 10000 , ഹൈസ്കൂൾ ടീച്ചേഴ്സ് 15000 ,ഹയർസെക്കൻഡറി ടീച്ചേഴ്സിന് 20000 പ്രാരംഭ വേതനമായി നൽകണമെന്ന കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ ഉത്തരവുണ്ടെങ്കിലും മാനേജ്മെൻ്റുകൾ കണ്ടഭാവം നടിക്കുന്നില്ല . അൺ എയ്ഡഡ് മേഖലയിലെ ജീവനക്കാർ തൊഴിൽവകുപ്പിൻ്റെ കീഴിലാണോ, വിദ്യാഭ്യാസവകുപ്പിൻ്റെ കീഴിലാണോ എന്നു പോലും ഈ മേഖലയിൽ ജോലിചെയ്യുന്നവർക്ക് വ്യക്തതയില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്.
കേരളത്തിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ പ്രമുഖ സ്ഥാനം വഹിക്കുന്നത് സാമുദായിക സംഘടനകളാണ്. ആരോഗ്യരംഗത്തെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. സാമുദായിക സംഘടനകളുടെ സ്വാധീനത്തിലും സമ്മർദ്ദത്തിലും വഴങ്ങി നിരവധി പതിറ്റാണ്ടുകളായി കേരളത്തിലേ വിദ്യാഭ്യാസ ആരോഗ്യ രംഗങ്ങളിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് തുച്ഛമായ വേതനം നൽകി അമിത ലാഭം ആണ് സ്വകാര്യമേഖല കൈക്കലാക്കിയിരുന്നത്. സൂര്യനസ്തമിക്കുന്നത് മുമ്പ് അധ്വാനിച്ചവന് അർഹമായ വേതനം നൽകണമെന്ന ബൈബിൾ വാക്യവും അധ്വാനിക്കുന്നവന് അവൻറെ വിയർപ്പ് ആറുന്നതിന് മുമ്പ് പ്രതിഫലം നൽകണമെന്ന ഖുറാൻ അനുശാസനവും മറന്നുകൊണ്ടാണ് വിവിധ ക്രിസ്ത്യൻ സഭകൾ , മുസ്ലിം സംഘടനകൾ, എൻ എസ് എസ് , എസ് എൻ ഡി പി ,മാതാ അമൃതാനന്ദമയിയുടെ ട്രസ്റ്റുകൾ , ശ്രീ രവിശങ്കറിൻെറ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ സാമുദായിക സംഘടനകളും , മറ്റു സ്വകാര്യ മാനേജ്മെന്റുകളുടെയും പ്രവർത്തനം . ആരോഗ്യരംഗത്തെ തൊഴിൽ ചൂഷണത്തിന് വളരെയധികം തടയിടാൻ നേഴ് സുമാരുടെ സംഘടിത ശേഷിക്ക് സാധിച്ചു . നേഴ് സുമാരുടെ വഴിയേ , സ്വകാര്യമേഖലയിലെ അൺ എയ് ഡഡ് അധ്യാപകരും സംഘടിക്കുകയാണ് ഇന്നിന്റെ ആവശ്യം . അതുപോലെതന്നെ സ്വകാര്യ അൺ എയ്ഡഡ് സ് കൂളുകളിലെ അധ്യാപക അനധ്യാപക ജീവനക്കാർക്ക് ഒരു മിനിമം വേതനം നടപ്പാക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് കാര്യമായ നടപടിയുണ്ടാകണം. കുട്ടികളെ പഞ്ചനക്ഷത്ര സ് കൂളുകളിലേയ്ക്ക് അയക്കുന്ന മാതാപിതാക്കൾ അവർക്ക് വിദ്യ പകർന്ന് നൽകുന്ന അധ്യാപകർക്ക് ഉപജീവനത്തിനാവശ്യമായ മാന്യമായ വേതനം നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നത് നന്നായിരിക്കും.
ജോജി തോമസ് മലയാളം യുകെ അസോസിയേറ്റ് എഡിറ്ററും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്.
മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മരണങ്ങളിലും വൻ വർധന. ഇന്ന് 23 കോവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരം തമ്പാനൂര്‍ സ്വദേശിനി വസന്ത (68), പള്ളിച്ചല്‍ സ്വദേശി മുരളി (55), ശ്രീകണ്‌ഠേശ്വരം സ്വദേശി നടരാജ സുന്ദരം (91), നെടുമങ്ങാട് സ്വദേശി ശശിധരന്‍ നായര്‍ (77), വള്ളക്കടവ് സ്വദേശി അബു താഹിര്‍ (68), പേയാട് സ്വദേശി പദ്മകുമാര്‍ (49), ആലപ്പുഴ മേല്‍പ്പാല്‍ സ്വദേശിനി തങ്കമ്മ വര്‍ഗീസ് (75), മാവേലിക്കര സ്വദേശിനി ശാരി രാജന്‍ (47), ആലപ്പുഴ സ്വദേശിനി പി. ഓമന (63), പത്തനംതിട്ട തിരുവല്ല സ്വദേശി ശശിധരന്‍ (65), കോട്ടയം കണിച്ചുകുളം സ്വദേശിനി അന്നാമ്മ (65), എറണാകുളം പനങ്ങാട് സ്വദേശിനി ലീല (82), പാലക്കാട് സ്വദേശിനി ലക്ഷ്മി (75).
മേലാറ്റൂര്‍ സ്വദേശിനി അമ്മിണി (58), ആമയൂര്‍ സ്വദേശി ഗോപാലകൃഷ്ണന്‍ (78), നക്ഷത്ര നഗര്‍ സ്വദേശി ബി.സി. കൃഷ്ണദാസ് (55), കുണ്ടളശേരി സ്വദേശി തങ്കപ്പന്‍ (68), കടമ്പഴിപുറം സ്വദേശി റഫീഖ് (35), കൊടുവായൂര്‍ സ്വദേശി രാമന്‍കുട്ടി (80), കടക്കാംകുന്ന് സ്വദേശി മോഹനന്‍ (61), മലപ്പുറം വെട്ടം സ്വദേശിനി പ്രേമ (51), മീനാടത്തൂര്‍ സ്വദേശി സൈനുദ്ദീന്‍ (63), കാസര്‍ഗോഡ് ചിപ്പാര്‍ സ്വദേശി പരമേശ്വര ആചാര്യ (68) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 742 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
കേരള സംഗീത നാടക അക്കാദമിയുടെ പരിപാടിയിൽ നിന്ന് തന്നെ ഒഴിവാക്കിയത് വല്ലാതെ വിഷമിപ്പിച്ചുവെന്ന് കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ. അക്കാദമിയിൽ നൃത്തത്തിന് അവസരം തരികയാണെങ്കിൽ സംഗീത നാടക അക്കാദമിയുടെ ഇമേജ് നഷ്ടപ്പെടും എന്ന് സെക്രട്ടറി പറഞ്ഞതായി ചെയർ പേഴ്സൺ തന്നെ അറിയിച്ചതായും എന്റെ ചിലങ്കകൾ എന്റെ ഹൃദയ താളം കൂടിയാണെന്നും ആർഎൽവി രാമകൃഷ്ണൻ തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം
‘ശരിക്കും ഇന്നലെ ഉറക്കമില്ലാത്ത രാത്രിയായിരുന്നു. സംഗീത നാടക അക്കാദമി സെക്രട്ടറി പറഞ്ഞ വാക്കുകൾ എന്റെ ഹൃദയത്തെ വല്ലാതെ പിടിച്ചുലച്ചു. കേവലമായ ഒരു ഓൺലൈൻ നൃത്ത പരിപാടിക്കായി അപേക്ഷ സമർപ്പിച്ച എനിക്ക് കേൾക്കേണ്ടി വന്ന വാക്കുകൾ കർണ്ണ ഭേദമായിരുന്നു. ആ വാക്കുകൾ ഇങ്ങനെ “കേരള സംഗീത നാടക അക്കാദമിയുടെ പ്രവർത്തനങ്ങൾ കഴിഞ്ഞ നാല് വർഷങ്ങളായി മികച്ചതാണ്. രാമകൃഷ്ണന് നൃത്തം അവതരിപ്പിക്കാൻ അവസരം തരികയാണെങ്കിൽ ധാരാളം വിമർശനങ്ങൾ ഉണ്ടാകും. ഞങ്ങൾ അന്തി വരെ വെള്ളം കോരിയിട്ട് അവസാനം കുടം ഉടയ്ക്കണ്ടല്ലോ.’
‘എനിക്ക് അവസരം തരികയാണെങ്കിൽ സംഗീത നാടക അക്കാദമിയുടെ ഇമേജ് നഷ്ടപ്പെടും എന്നുള്ളതായിരുന്നു സെക്രട്ടറി പറഞ്ഞതായി ചെയർ പേഴ്സൺ എന്നെ അറിയിച്ചത്. “ഈ ഒരു കാര്യം എന്നിലെ കലാകാരനെ ഏറെ വേദനിപ്പിച്ചു. 35 വർഷത്തിലധികമായി ഞാൻ ചിലങ്ക കെട്ടാൻ തുടങ്ങിയിട്ട്. കൂലിപണിക്കാരായ അച്ഛനും അമ്മയ്ക്കും ഒരു ചിലങ്ക വാങ്ങിത്തരാൻ കഴിവില്ലാത്തതിനാൽ മറ്റുള്ളവരുടെ ചിലങ്ക കടം വാങ്ങിയാണ് ആദ്യ കാലങ്ങളിൽ ഞാൻ ചിലങ്ക കെട്ടിയത്. പിന്നെ കൂലിപണിയെടുത്ത് ഒരു ചിലങ്ക വാങ്ങിയതു മുതൽ കഷ്ട്ടപ്പെട്ട് നൃത്തത്തിൽ ഉന്നത ബിരുദങ്ങൾ നേടിയതും ഡോക്ടറേറ്റ് നേടിയതും ഈ കലയിൽ ഉറച്ചുനിൽക്കണമെന്ന നിശ്ചയദാർഢ്യം ഉള്ളതു കൊണ്ടാണ്. എന്റെ ചിലങ്കകൾ എന്റെ ഹൃദയ താളം കൂടിയാണ്.’
‘അതുകൊണ്ട് തന്നെ ആ ഹൃദയം താളം നിലച്ചാലെ എന്റെ ചിലങ്കകളുടെ ശബ്ദം ഇല്ലാതാവുകയുള്ളൂ. സംഗീത നാടക അക്കാദമിയുടെ വേദി മാത്രമല്ല മോഹിനിയാട്ടം അവതരിപ്പിക്കാൻ പറ്റുന്നത് എന്ന ഉറച്ച ബോധ്യം എനിക്കുണ്ട്. എന്നാൽ ആ വേദി ഏത് സാധാരണക്കാരനും വേണ്ടിയുള്ളതാവണം. അത് സർക്കാരിന്റെ വേദിയാണ്. ഇതു പോലുള്ള ഫ്യൂഡൽ വ്യവസ്ഥിതി നെഞ്ചിലേറ്റി നടക്കുന്ന തമ്പുരാക്കൻ ന്മാർക്ക് അടക്കിവാഴാനുള്ളതല്ല ആ വേദി. ഇവരെ പോലുള്ളവരുടെ പ്രവൃത്തികളിൽ നാണക്കേടുണ്ടാക്കുന്നത് സർക്കാറിനാണ്. സർക്കാർ എല്ലാം വിശ്വസിച്ചാണ് ഇവർക്ക് സ്ഥാനമാനങ്ങൾ നൽകുന്നത്.’
‘ഇവരുടെ ബോധമില്ലായ്മയ്ക്ക് ഉത്തരവാദികളാകുന്നത് സർക്കാർ കൂടിയാണ്. വരുന്ന ഭരണത്തിലെങ്കിലും സംഗീതം നൃത്തം, നാടകം തുടങ്ങിയ കലകൾ വേദികളിൽ അവതരിപ്പിച്ച് , കലാകാരന്മാരുടെ ഹൃദയ വേദന മനസ്സിലാക്കുന്നവരെയാക്കണം സംഗീത നാടക അക്കാദമിയുടെ സെക്രട്ടറി സ്ഥാനത്തേക്ക് നിയോഗിക്കേണ്ടത്. ഇത് എഴുതുമ്പോൾ വള്ളത്തോൾ 1940 ൽ ഷൊർണ്ണൂരിൽ പ്രസംഗിച്ച വരികൾ മാതൃഭൂമി പത്രത്തിൽ വന്നത് സൂക്ഷിച് വച്ചിട്ടുണ്ട്.’
‘അത് ഇപ്രകാരമാണ്. “നൃത്തം എന്നു പറയുമ്പോൾ നൃത്തം ചെയ്യുന്ന സ്ത്രീയുടെ ശരീരത്തിലേക്കല്ല നോട്ടമെത്തേണ്ടത് മറിച്ച് അവർ ചെയ്യുന്ന അമൂല്യമായ ആ കലാരൂപത്തിലേക്കായിരിക്കണം” ഈ മഹത് വചനം ഇത്തരം സ്ഥാപനത്തിന്റെ തലപ്പത്ത് ഇരിക്കുന്നവർ ശ്രദ്ധിച്ചാൽ നന്നായിരിക്കും.’
കൊച്ചി: ലൈഫ് മിഷന്‍ സി.ഇ.ഒയും തദ്ദേശ വകുപ്പ് സെക്രട്ടറിയുമായ യു.വി ജോസിനെ സി.ബി.ഐ ചോദ്യം ചെയ്യും. അടുത്ത മാസം അഞ്ചിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സി.ബി.ഐ നോട്ടീസ് നല്‍കി. കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കാനും ജോസിന് നിര്‍ദ്ദേശം നല്‍കി.
ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് തൃശൂര്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ലിന്‍സ് ഡേവിഡിനെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഫയലുകള്‍ പരിശോധിക്കുന്നതിനായി സി.ബി.ഐ സംഘം കഴിഞ്ഞ ദിവസം തൃശൂര്‍ ജില്ലാ ഓഫീസില്‍ എത്തിയെങ്കിലും ഇവ വിജിലന്‍സിന് കൈമാറിയിരുന്നു. തുടര്‍ന്നാണ് ഇന്ന് ഫയലുകളുമായി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടത്.
സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ആരെങ്കിലും പദ്ധതി നിരീക്ഷിച്ചിരുന്നോ, ഇടപെടലുകള്‍ നടത്തിയോ തുടങ്ങിയ വിവരങ്ങളില്‍ വ്യക്തത ലഭിക്കുന്നതിനാണ് രേഖകളുടെ പരിശോധനയിലൂടെയും തൃശൂര്‍ കോര്‍ഡിനേറ്ററെ ചോദ്യം ചെയ്യുന്നതിലൂടെയും സി.ബി.ഐ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസം യൂണിടാക് ബില്‍ഡേഴ്‌സ് ഉടമ സന്തോഷ് ഈപ്പനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.
സ്വപ്‌നയ്ക്ക് യൂണീടാക് കമ്മീഷന്‍ നല്‍കിയതായി സന്തോഷ് ഈപ്പന്‍ സമ്മതിച്ചു. പണമിടപാട് രേഖപ്പെടുത്തിയ ഡയറിയും സി.ബി.ഐ പിടിച്ചെടുത്തു. സ്വപ്‌ന സുരേഷിനും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കും 4.35 കോടി രൂപ കമ്മീഷന്‍ നല്‍കിയെന്നാണ് സി.ബി.ഐത്ക്ക് ലഭിച്ചിരിക്കുന്ന വിവരം. വിദേശ സഹായ നിയന്ത്രണ ചട്ടം ലംഘിച്ചുവെന്ന ചൂണ്ടിക്കാണിച്ച് സന്തോഷ് ഈപ്പനെ ഒന്നാം പ്രതിയാക്കി രജിസ്റ്റര്‍ ചെയ്ത കേസില്‍ യൂണിടാക് ഓഫീസിലും സി.ബി.ഐ പരിശോധന നടത്തിയിരുന്നു.
വടക്കാഞ്ചേരി ഫ്‌ളാറ്റ് നിര്‍മ്മാണത്തിനായി നല്‍കിയ 4.32 കോടി രൂപ കമ്മീഷനായി കണക്കാക്കാനാകില്ലെന്നും ഇതില്‍ മൂന്നര കോടി രൂപ യു.എ.ഇ കോണ്‍സുലേറ്റിലെ അക്കൗണ്ടന്റായ ഈജിപ്ഷ്യന്‍ പൗരന് കൈമാറിയെന്നും സന്തോഷ് ഈപ്പന്‍ വെളിപ്പെടുത്തിയിരുന്നു.
ദമ്പതികള്‍ ട്രെയിന്‍ തട്ടി മരിച്ചു. കോഴിക്കോട് ജില്ലയിലാണ് സംഭവം. കടലൂര്‍ പുതിയോട്ടില്‍ അബ്ദുല്ല, ഭാര്യ അസ്മ എന്നിവരാണ് മരിച്ചത്. റെയില്‍ പാളം മുറിച്ചുകടക്കുന്നതിനിടെ കുഴഞ്ഞവീണ അബ്ദുല്ലയെ ഹസ്മ രക്ഷിക്കാന്‍ എത്തിയതോടെയാണ് ഇരുവരെയും ട്രെയിന്‍ തട്ടിയത്.
റെയില്‍ പാളം മുറിച്ച് കടക്കുന്നതിനിടെയാണ് അബ്ദുല്ലക്ക് ക്ഷീണം അനുഭവപ്പെട്ടത്. ശരീരം തളര്‍ന്ന് അബ്ദുല്ല റെയില്‍ പാളത്തില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഇദ്ദേഹത്തെ രക്ഷിക്കാനെത്തിയതായിരുന്നു ഭാര്യ. ഇതിനിടയിലാണ് പാളത്തിലൂടെ ട്രെയിന്‍ വരുന്നതായി കണ്ടത്.
അബ്ദുല്ലയെയും കൊണ്ട് അസ്മ പെട്ടെന്ന് പാളം കടക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും കടന്നു വന്ന ട്രെയിന്‍ ഇരുവരെയും ഇടിച്ച് തെറിപ്പിച്ചു. തൊട്ടടുത്താണ് ഇവര്‍ വാടകക്ക് താമസിക്കുന്ന വീട്. സംഭവം നാട്ടുകാരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.
യൂട്യൂബിലൂടെ സ്ത്രീകൾക്ക് എതിരെ അശ്ലീല പരാമർശം നടത്തിയ വിജയ് പി നായരെ മർദ്ദിച്ച ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് രംഗത്തെത്തിയ വനിത കമ്മിഷൻ അധ്യക്ഷ എംസി ജോസഫൈനെ ആക്ഷേപിച്ച് പിസി ജോർജ്ജ് എംഎൽഎ.
വനിത കമ്മീഷൻ അധ്യക്ഷയുടെ ചരിത്രമൊക്കെ തനിക്കറിയാമെന്നും കൂടുതലൊന്നും പറയുന്നില്ലെന്നും പിസി ജോർജ്ജ് കുറ്റപ്പെടുത്തി. ഇടത് പുരോഗമനത്തിന്റെ മഹത്വം കൊണ്ടാണല്ലോ എംഎൽഎക്കെതിരെ ആരോപണം വന്നപ്പോൾ പാർട്ടി കമ്മിറ്റി തീരുമാനിക്കുമെന്നാണ് വനിത കമ്മിഷൻ അധ്യക്ഷ പറഞ്ഞത്. മറ്റുള്ളവരെല്ലാം കോടതിയിൽ പോണം, സിപിഎമ്മുകാർ വൃത്തികെട്ട പണി ചെയ്താൽ പാർട്ടി കമ്മിറ്റി.
ഓരോരുത്തരെ സ്വഭാവം അനുസരിച്ചാണ് അവർ പ്രതികരിക്കുന്നതെന്നും പിസി ജോർജ്ജ് പറഞ്ഞു. യൂട്യൂബറെ ആക്രമിച്ച സ്ത്രീകൾക്ക് ചേർന്ന അതേ സ്വഭാവമാണ് വനിത കമ്മിഷൻ അധ്യക്ഷയ്ക്കും. അതുകൊണ്ടാണ് ഭാഗ്യലക്ഷ്മിയെ അവർ പിന്തുണച്ചത്. താൻ സ്ത്രീകളെ അപമാനിച്ച് വർത്തമാനം പറയാത്തതു കൊണ്ടും വ്യക്തിപരമായി ആക്രമിക്കാത്തതു കൊണ്ടും അവരെ ചരിത്രം പറയുന്നില്ല. വനിത കമ്മിഷൻ ചെയർപേഴ്‌സണെ തനിക്ക് നന്നായി അറിയാം. അവരെ ചരിത്രവും അറിയാം. കൂടുതലൊന്നും പറയുന്നില്ല. ഒരു ഹിന്റ് മാത്രം തന്നന്നേയുളളൂ പിസി ജോർജ്ജ് പറഞ്ഞു.
അതേസമയം, നേരത്തെ, വിജയ് പി നായരെ കയ്യേറ്റം ചെയ്ത ഭാഗ്യലക്ഷ്മിയേയും മറ്റ് സ്ത്രീകളേയും പിന്തുണച്ച് എംസി ജോസഫൈൻ രംഗത്തെത്തിയിരുന്നു. സംഭവത്തിൽ സ്ത്രീത്വത്തെ അപമാനിക്കുമ്പോൾ ഇത്തരത്തിൽ പ്രതികരിക്കേണ്ടി വരുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞിരുന്നു. സൈബർ നിയമത്തിൽ പരിമിതികളുണ്ടെന്നും, ഇത് മറികടക്കാൻ ഭേഗഗതി വരുത്തണമെന്നും എംസി ജോസഫൈൻ ആവശ്യപ്പെട്ടിരുന്നു.
ആറു വയസുകാരി മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് കാണിച്ച് അമ്മ നല്‍കിയ പരാതിയില്‍ അച്ഛനെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു. ന്യൂഡല്‍ഹിയിലെ സരിത വിഹാറില്‍ താമസിക്കുന്ന മലപ്പുറം സ്വദേശിയാണ് മകളെ നിരന്തരം പീഡിപ്പിച്ചത്. വനിതാ കമ്മീഷനില്‍ പരാതി നല്‍കിയതോടെ ഇയാള്‍ നാട്ടിലേക്ക് മുങ്ങിയെന്നും പരാതിയില്‍ പറയുന്നു. പരാതിയെ തുര്‍ന്ന് പ്രതിക്കെതിരേ പോലീസ് കഴിഞ്ഞ ജനുവരിയില്‍ തന്നെ കേസെടുത്തിരുന്നു, എന്നാല്‍ കേരളത്തിലേക്ക് മുങ്ങിയ ഇയാളെ കണ്ടെത്താന്‍ പൊലീസിന് സാധിച്ചിരുന്നില്ല. ഇതിനിടെ ഇയാള്‍ ഡല്‍ഹി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമം തുടങ്ങി. ഇതോടെ കോട്ടയം സ്വദേശിനിയായ ഭാര്യ മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തുകയായിരുന്നു.
ഡല്‍ഹിയില്‍ അതിഥി മന്ദിരവും ദക്ഷിണേന്ത്യന്‍ റസ്‌റ്റോറന്റും നടത്തുന്ന മലപ്പുറം സ്വദേശിയുമായി എട്ടുവര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ഹോട്ടലിലേക്കുള്ള സാധനങ്ങള്‍ വാങ്ങാനായി പുലര്‍ച്ചെ സ്ഥിരമായി തന്നെ ചന്തയിലേക്ക് അയച്ച ശേഷമാണ് മകളോട് ഇയാള്‍ ലൈംഗിക അതിക്രമം കാട്ടിയിരുന്നതെന്നും ഇവര്‍ പറഞ്ഞു.
ഒരു ദിവസം കുട്ടി വേദനിക്കുന്നതായി പറഞ്ഞപ്പോഴാണ് വിവരം തിരക്കിയത്. അച്ഛന്‍ സ്ഥിരമായി സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കാറുള്ളതും മറ്റും കുട്ടി വെളിപ്പെടുത്തി. ഇക്കാര്യം ചോദിച്ചപ്പോള്‍ ഭര്‍ത്താവ് തന്നെ മര്‍ദ്ദിച്ചു. ഭീഷണിപ്പെടുത്തി. ജനുവരി നാലിന് പൊലീസില്‍ പരാതി നല്‍കിയെങ്കിലും പൊലീസും ഭര്‍ത്താവിനൊപ്പം നില്‍ക്കുകയായിരുന്നു. ഭര്‍ത്താവ് നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് പരാതി പിന്‍വലിച്ചു. എന്നാല്‍ മകളെ വീണ്ടും പീഡിപ്പിച്ചതോടെ ജനുവരി 24ന്
സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശരിവെച്ചു.കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകൾ ഒഴിവാക്കി.കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തു ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ,കോവിഡ് വ്യാപന ഭീഷണി നിലനിൽക്കുമ്പോൾ ,ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇക്കാര്യത്തില്‍ ഏകാഭിപ്രായമാണുണ്ടായിരുന്നത്.കേരളത്തിന് പുറമേ തമിഴ്നാട്, അസം, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പും ഒഴിവാക്കിയിട്ടുണ്ട്.
അസം, കേരളം, തമിഴ്നാട്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പുകള്‍ നടത്താനാണ് നേരത്തെ കമ്മീഷന്‍ ആലോചിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഉപതിരഞ്ഞെടുപ്പ് നടത്താനുള്ള ബുദ്ധിമുട്ടുകള്‍ ചീഫ് സെക്രട്ടറിമാരും സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍മാരും കമ്മീഷനെ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചത്.
സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച വ്യക്തിക്കെതിരെ നടന്ന പ്രതിഷേധത്തിൽ ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് മലയാളത്തിന്റെ പ്രിയ നടി ലിസി ലക്ഷ്മി. ചില ക്രിമിനുകൾ മാത്രമാണ് ഇത്തരം ഏർപ്പാടുകൾ ചെയ്യുന്നതെന്ന് ആരും തെറ്റിദ്ധരിക്കരുത്, മാന്യന്മാർ എന്ന് നടിച്ചുനടക്കുന്നവരും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ലെന്ന് സ്വന്തം അനുഭവത്തിൽ പറയാൻ കഴിയുമെന്ന് ലിസി.മൂന്ന് സ്ത്രീകളുടെ ശക്തമായ ചുവടുവയ്‌പ്പ് ആണിതെന്നും സമൂഹത്തിനുവേണ്ടിയുള്ള അതിഭീമമായ ഈ ചുവടുവയ്‌പ്പിനെ പ്രതീക്ഷയോടെ കാണുന്നുവെന്നും ലിസി പ്രതികരിച്ചു.
ലിസിയുടെ കുറിപ്പ്
മൂന്ന് സ്ത്രീകളുടെ ശക്തമായ ചുവടുവയ്‌പ്പ്, സമൂഹത്തിനുവേണ്ടിയുള്ള അതിഭീമമായ ഈ ചുവടുവയ്‌പ്പിനെ പ്രതീക്ഷയോടെ കാണുന്നു. സമൂഹ മാധ്യമങ്ങൾ വഴി വിഷം കുത്തിവയ‌്ക്കുന്ന വിചിത്രം സ്വഭാവമുള്ളരും സമർത്ഥരെന്ന് നടിക്കുന്ന ക്രിമിനലുകളും മഹാമാരിയായി തീർന്നിരിക്കുകയാണ്. സ്ത്രീകളോട് പ്രത്യേകിച്ചും പെൺകുട്ടികളോടാണ് ഇത്തരം നീക്കങ്ങൾ. ഇത്തരക്കാർ വാരിയെറിയുന്ന ചെളി സമൂഹത്തിലെ ഭൂരിപക്ഷത്തിലേക്കല്ല, മറിച്ച് ന്യൂനപക്ഷങ്ങൾക്കിടയിലാണ് ചെന്നുവീഴുന്നത്.
മാർഗദർശികളെന്നും ധീരന്മാരെന്നും സ്വയം കരുതുന്ന ഇത്തരം ഭ്രാന്തന്മാരാൽ യുട്യൂബും മറ്റും സമൂഹമാധ്യമങ്ങളും നിറഞ്ഞുകഴിഞ്ഞിരിക്കുന്നു. ഇനിയെങ്കിലും ഇത് അവസാനിപ്പിച്ചില്ലെങ്കിൽ സമൂഹത്തെയും എന്തിനേറെ നമ്മളെ തന്നെയും ഇത്തരക്കാർ കാർന്നുതിന്നും. നമ്മുടെ നിയമ വ്യവസ്ഥ പരാജയമാണ്. ഇത്തരക്കാർക്കു നേരെ നിയമം കണ്ണടക്കുകയാണ്. നിയമം ലംഘിക്കുക എന്നത് ആശാസ്യമല്ലെങ്കിലും ഈ ഒരു സാഹചര്യത്തിൽ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ചെയ‌്ത പ്രവർത്തി പ്രശംസനീയമാണ്. ഈ പ്രശ്നം സർക്കാരിനും സമൂഹത്തിനും മുന്നിൽ കൊണ്ടുവരാൻ അവർക്കു കഴിഞ്ഞു.
വാൽക്കഷ്ണം- ക്രിമിനുകൾ മാത്രമാണ് ഇത്തരം ഏർപ്പാടുകൾ ചെയ്യുന്നതെന്ന് ആരും തെറ്റിദ്ധരിക്കരുത്. മാന്യന്മാർ എന്ന് നടിച്ചുനടക്കുന്നവരും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ലെന്ന് എന്റെ സ്വന്തം അനുഭവത്തിൽ പറയാൻ കഴിയും. എന്തായാലും ഇരയെ കുറ്റവാളിയും, കുറ്റവാളിയെ ഇരയും ആക്കി മാറ്റിമറിക്കുന്ന നിയമവിഭാഗത്തിലെ മജീഷ്യൻമാർക്ക് അഭിനന്ദനങ്ങൾ. വാട്ട് ആൻ ഐഡിയ സർജി.