Kerala

കേരളത്തില്‍ കോവിഡ് വ്യാപനം ഗുരുതരാവസ്ഥയിലേക്ക് കടന്നതോടെ വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആലോചിക്കേണ്ടി വരും എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ഇന്ന് മാത്രം രോഗികളുടെ എണ്ണം ആയിരം കടന്നിരിക്കുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.

”സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നേരത്തെ നടപ്പിലാക്കി. ഇത്തരം അഭിപ്രായം വീണ്ടും വരുന്നുണ്ട്. അത് ഗൗരവമായി പരിഗണിക്കേണ്ടി വരുമെന്നാണ് തോന്നുന്നത്”, എന്ന് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

സര്‍വകക്ഷി യോഗത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി സര്‍വകക്ഷി യോഗം സര്‍ക്കാര്‍ വിളിച്ച് ചേര്‍ത്തിട്ടുണ്ട്. അങ്ങനെയെങ്കില്‍ ഈ ആഴ്ച അവസാനത്തോടെയോ അടുത്ത ആഴ്ച ആദ്യമോ സംസ്ഥാനം സമ്പൂര്‍ണ ലോക്ക്ഡൗണിലേയ്ക്ക് നീങ്ങിയേക്കും.

സംസ്ഥാനത്ത് ആദ്യമായി ഇന്ന് 1038 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 226 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 120 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 101 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 92 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 61 പേര്‍ക്കും, തൃശ്ശൂര്‍ ജില്ലയില്‍ നിന്നുള്ള 56 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 51 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 49 പേര്‍ക്കും, ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 43 പേര്‍ക്ക് വീതവും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 34 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

ഇതിന് മുമ്പ് മാര്‍ച്ച് 23-ന് കേരളം സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. കേന്ദ്രം ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പായിരുന്നു ഇത്. സംസ്ഥാനത്തിന്റെ അതിര്‍ത്തികള്‍ നിലവില്‍ അടച്ചിട്ടിരിക്കുകയാണ്. അടിയന്തര ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമേ ഇപ്പോള്‍ ആളുകള്‍ക്ക് അതിര്‍ത്തി കടന്ന് വരാനാകൂ. അതും ജാഗ്രത പോര്‍ട്ടലില്‍ നിന്ന് പാസ്സ് ഉറപ്പായി ലഭിച്ചതിന് ശേഷം മാത്രം. കര്‍ശന പരിശോധനകള്‍ക്ക് ശേഷം മാത്രമേ അതിര്‍ത്തി കടത്തി വിടൂ എന്നും സര്‍ക്കാര്‍ അറിയിച്ചു.

ഏഷ്യാനെറ്റ് ചര്‍ച്ചയ്ക്ക് ഇനി സിപിഎം പ്രതിനിധികള്‍ പങ്കെടുക്കില്ല. സിപിഎം സംസ്ഥാന നേതൃത്വം ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ചാനല്‍ ചര്‍ച്ചയ്ക്ക് പങ്കെടുക്കാനുള്ള കാരണവും വിശദമാക്കുന്നുണ്ട്. ചാനല്‍ ചര്‍ച്ചകള്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തങ്ങളുടെ നിലപാട് അവതിരിപ്പിക്കുന്ന വേദിയാണ്. എന്നാല്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറിലെ കഴിഞ്ഞ ദിവസങ്ങളിലെ ചര്‍ച്ച സിപിഎം പ്രതിനിധികള്‍ക്ക് വസ്തുതകള്‍ അവതരിപ്പിക്കാനും പാര്‍ട്ടിയുടെ നിലപാടുകള്‍ വ്യക്തമാക്കാനും സമയം തരാത്ത രീതിയിയിലേക്ക് മാറിയിരിക്കുന്നു. ഈ ജനാധിപത്യ വിരുദ്ധതയില്‍ പ്രതിഷേധിച്ചാണ് ഈ ചാനലിലെ ചര്‍ച്ചകളില്‍ സിപിഎം പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചതെന്ന് നേതൃത്വം അറിയിച്ചു.

സാധാരണനിലയില്‍ സിപിഎം വിരുദ്ധരായ മൂന്നു പ്രതിനിധികളുടെയും അവര്‍ക്കൊപ്പം നില്‍ക്കുന്ന അവതാകരുടെയും അഭിപ്രായങ്ങള്‍ക്ക് മറുപടി പറയേണ്ടത് സിപിഎം പ്രതിനിധികളുടെ ചുമതലയാണ്. എന്നാല്‍ സാമാന്യ മര്യാദ പോലും കാണിക്കാതെ ഓരോ മറുപടിയിലും അവതാരകന്‍ നിരന്തരം ഇടപെടുകയാണെന്നും നേതൃത്വം വിമര്‍ശിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി രാജീവ് പങ്കെടുത്ത ചര്‍ച്ച പതിമൂന്നു തവണയാണ് അവതാരകന്‍ തടസ്സപ്പെടുത്തിയത്. സംസ്ഥാന കമ്മിറ്റി അംഗം എംബി രാജേഷ് സംസാരിക്കുമ്പോള്‍ പതിനേഴു തവണയും സ്വരാജ് സംസാരിക്കുമ്പോള്‍ പതിനെട്ടു തവണയുമാണ് അവതാരകന്‍ തടസ്സപ്പെടുത്തിയത്.

മൂന്ന് രാഷ്ട്രീയ എതിരാളികളും അവതാരകനും അടക്കും നാലു പേര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് മുപ്പത് സെക്കന്‍ഡില്‍ സിപിഎം പ്രതിനിധി മറുപടി പറയണമെന്ന നിലപാട് അംഗീകരിക്കാനാവില്ല. ഈ സമയത്തിനുള്ളില്‍ മറുപടി പറയുമ്പോഴും മൈക്ക് ഓഫ് ചെയ്യുന്ന അസഹിഷ്ണുതയുടെ പ്രകടനത്തിനും ഇത്തരം ചര്‍ച്ചകള്‍ സാക്ഷിയാകുന്നുവെന്നും കുറിക്കുന്നു. വസ്തുതകളെ ഭയക്കുന്ന ഈ മാധ്യമം സിപിഎം നിലപാടുകള്‍ ജനങ്ങള്‍ അറിയരുതെന്നാണ് ആഗ്രഹിക്കുന്നു. ജനാധിത്യപരമായ സംവാദത്തിന്റെ എല്ലാ സാധ്യതകളെയും കൊട്ടിയടയ്ക്കുകയുംചെയ്യുന്നു സിപിഎമ്മിന്റെ അഭിപ്രായങ്ങള്‍ അവതരിപ്പിക്കാനും എതിരാളികളും അവതാരകരും ഉന്നയിക്കുന്ന നുണകള്‍ തുറന്നു കാണിക്കാനുമുള്ള അവകാശം ഇല്ലാത്ത ഒരു ചര്‍ച്ചാവേദിയില്‍ പങ്കെടുക്കുന്നത് തെറ്റാണെന്ന് സിപിഎം കരുതുന്നതായും ഫേസ്ബുക്കില്‍ വ്യക്തമാക്കി.

അതുകൊണ്ട് ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചകളില്‍ സിപിഎം പ്രതിനിധികള്‍ പങ്കെടുക്കേണ്ടതില്ല എന്ന തീരുമാനമെന്നും നേതൃത്വം അറിയിത്തു. ഏഷ്യാനെറ്റും മനോരമയും ഉള്‍പ്പെടെ പല മാധ്യമങ്ങളും തുടര്‍ച്ചയായി വ്യാജ വാര്‍ത്തകള്‍ നല്‍കി സിപിഎം വിരുദ്ധ മനോഭാവം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ അതെല്ലാം സമൂഹ മാധ്യമങ്ങളില്‍ അപ്പപ്പോള്‍ തുറന്നു കാട്ടപ്പെടുന്നുണ്ട്. സിപിഎം വിരുദ്ധ വ്യാജവാര്‍ത്തകള്‍ പ്രവഹിക്കുമ്പോഴും ഒര ചാനലും ബഹിഷ്‌കരിക്കാന്‍ സിപിഎം തീരുമാനിച്ചിരുന്നില്ല. എന്നാല്‍ സംവാദത്തിന്റെ ജനാധിപത്യ മര്യാദകള്‍ പൂര്‍ണ്ണമായും ലംഘിക്കപ്പെട്ട ഘട്ടത്തിലാണ് ഈ തീരുമാനം. സംവാദത്തിന്റെ ലക്ഷ്യം വ്യത്യസ്തമായ നിലപാടുകള്‍ ജനങ്ങളെ അറിയിക്കുക എന്നതാണ്. ജനാധിപത്യ വിരുദ്ധസമീപനമില്ലാത്ത ഏതു ചാനലിലൂടെയും സിപിഎമ്മിന്റെ അഭിപ്രായവും നിലപാടുകളും അറിയാവുന്നതാണെന്നും ഫേസ്ബുക്കില്‍ വിശദമാക്കുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

എന്തുകൊണ്ട്‌ സിപിഐ എം പ്രതിനിധികൾ
ഏഷ്യാനെറ്റ്‌ ചർച്ചയിൽ പങ്കെടുക്കുന്നില്ല

ചാനൽ ചർച്ചകൾ രാഷ്‌ട്രീയ പാർടി പ്രതിനിധികൾ തങ്ങളുടെ നിലപാട്‌ അവതിരിപ്പിക്കുന്ന വേദിയാണ്‌. എന്നാൽ ഏഷ്യാനെറ്റ്‌ ന്യൂസിന്റെ ന്യൂസ്‌ അവറിലെ കഴിഞ്ഞ ദിവസങ്ങളിലെ ചർച്ച സിപിഐ എം പ്രതിനിധികൾക്ക്‌ വസ്‌തുതകൾ അവതരിപ്പിക്കാനും പാർട്ടിയുടെ നിലപാടുകൾ വ്യക്തമാക്കാനും സമയം തരാത്ത രീതിയിയിലേക്ക്‌ മാറിയിരിക്കുന്നു. ഈ ജനാധിപത്യ വിരുദ്ധതയിൽ പ്രതിഷേധിച്ചാണ്‌
ഈ ചാനലിലെ ചർച്ചകളിൽ സിപിഐ എം പങ്കെടുക്കേണ്ടെന്ന്‌ തീരുമാനിച്ചത്‌.

സാധാരണനിലയിൽ സിപിഐ എം വിരുദ്ധരായ മൂന്നു പ്രതിനിധികളുടെയും അവർക്കൊപ്പം നിൽക്കുന്ന അവതാകരുടെയും അഭിപ്രായങ്ങൾക്ക്‌ മറുപടി പറയേണ്ടത്‌ സിപിഐ എം പ്രതിനിധികളുടെ ചുമതലയാണ്‌. എന്നാൽ സാമാന്യ മര്യാദ പോലും കാണിക്കാതെ ഓരോ മറുപടിയിലും അവതാരകൻ നിരന്തരം ഇടപെടുകയാണ്‌.

കഴിഞ്ഞ ദിവസങ്ങളിൽ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗം പി രാജീവ് പങ്കെടുത്ത ചർച്ച പതിമൂന്നു തവണയാണ്‌ അവതാരകൻ തടസ്സപ്പെടുത്തിയത്‌. ‌സംസ്ഥാന കമ്മിറ്റി അംഗം എം ബി രാജേഷ്‌ സംസാരിക്കുമ്പോൾ പതിനേഴു തവണയും സ്വരാജ്‌ സംസാരിക്കുമ്പോൾ പതിനെട്ടു തവണയുമാണ്‌ അവതാരകൻ തടസ്സപ്പെടുത്തിയത്‌. മൂന്ന്‌ രാഷ്‌ട്രീയ എതിരാളികളും അവതാരകനും അടക്കും നാലു പേർ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക്‌ മുപ്പത്‌ സെക്കൻഡിൽ സിപിഐ എം പ്രതിനിധി മറുപടി പറയണമെന്ന നിലപാട്‌ അംഗീകരിക്കാനാവില്ല. ഈ സമയത്തിനുള്ളിൽ മറുപടി പറയുമ്പോഴും മൈക്ക്‌ ഓഫ്‌ ചെയ്യുന്ന അസഹിഷ്‌ണുതയുടെ പ്രകടനത്തിനും ഇത്തരം ചർച്ചകൾ സാക്ഷിയാകുന്നു.

വസ്‌തുതകളെ ഭയക്കുന്ന ഈ മാധ്യമം സിപിഐ എം നിലപാടുകൾ ജനങ്ങൾ അറിയരുതെന്നാണ്‌ ആഗ്രഹിക്കുന്നു. ജനാധിത്യപരമായ സംവാദത്തിന്റെ എല്ലാ സാധ്യതകളെയും കൊട്ടിയടയ്‌ക്കുകയുംചെയ്യുന്നു സിപിഐ എമ്മിന്റെ അഭിപ്രായങ്ങൾ അവതരിപ്പിക്കാനും എതിരാളികളും അവതാരകരും ഉന്നയിക്കുന്ന നുണകൾ തുറന്നു കാണിക്കാനുമുള്ള അവകാശം ഇല്ലാത്ത ഒരു ചർച്ചാവേദിയിൽ പങ്കെടുക്കുന്നത്‌ തെറ്റാണെന്ന്‌ സിപിഐ എം കരുതുന്നു. അതുകൊണ്ട്‌ ഏഷ്യാനെറ്റ്‌ ന്യൂസ്‌ അവർ ചർച്ചകളിൽ സിപിഐ എം പ്രതിനിധികൾ പങ്കെടുക്കേണ്ടതില്ല എന്ന തീരുമാനം. ഏഷ്യാനെറ്റും മനോരമയും ഉൾപ്പെടെ പല മാധ്യമങ്ങളും തുടർച്ചയായി വ്യാജ വാർത്തകൾ നൽകി സിപിഐ എം വിരുദ്ധ മനോഭാവം സൃഷ്‌ടിക്കാനാണ്‌ ശ്രമിക്കുന്നത്‌. എന്നാൽ ‌ അതെല്ലാം സമൂഹ മാധ്യമങ്ങളിൽ അപ്പപ്പോൾ തുറന്നു കാട്ടപ്പെടുന്നുണ്ട്‌. സിപിഐ എം വിരുദ്ധ വ്യാജവാർത്തകൾ പ്രവഹിക്കുമ്പോഴും ഒര ചാനലും ബഹിഷ്‌കരിക്കാൻ സിപിഐ എം തീരുമാനിച്ചിരുന്നില്ല. എന്നാൽ സംവാദത്തിന്റെ ജനാധിപത്യ മര്യാദകൾ പൂർണമായും ലംഘിക്കപ്പെട്ട ഘട്ടത്തിലാണ്‌ ഈ തീരുമാനം. സംവാദത്തിന്റെ ലക്ഷ്യം വ്യത്യസ്‌തമായ നിലപാടുകൾ ജനങ്ങളെ അറിയിക്കുക എന്നതാണ്‌. ജനാധിപത്യ വിരുദ്ധസമീപനമില്ലാത്ത ഏതു ചാനലിലൂടെയും സിപിഐ എമ്മിന്റെ അഭിപ്രായവും നിലപാടുകളും ‌അറിയാവുന്നതാണ്‌.

റെയിൽവേ പാളത്തിലെ വിള്ളൽ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ചുവന്ന സഞ്ചി വീശി അരക്കിലോമീറ്ററോളം ഓടി ട്രെയിൻ തടഞ്ഞ് നൂറുകണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ച അനുജിത്ത് ഇന്ന് മടങ്ങുന്നതും എട്ടോളം പേർക്ക് പുതുജീവൻ നൽകിയാണ്. 2010 സെപ്റ്റംബർ ഒന്നിന് ഇറങ്ങിയ പത്രവാർത്തകളിലാണ് വിദ്യാർത്ഥിയായിരുന്ന അനുജിത്തും കൂട്ടുകാരും താരങ്ങളായിരുന്നത്. ചുവന്ന പുസ്തക സഞ്ചി വീശിയാണ് അന്ന് പാളത്തിലെ വിള്ളലെത്തുന്നതിന് മുമ്പായി അനുജിത്തിന്റെയ നേതൃത്വത്തിലെ വിദ്യാർത്ഥികൾ ട്രെയിൻ തടഞ്ഞത്. ചന്ദനത്തോപ്പ് ഐടിഐയിലെ വിദ്യാർത്ഥിയായിരുന്നു കൊട്ടാരക്കര ഏഴുകോൺ ഇരുമ്പനങ്ങാട് വിഷ്ണു മന്ദിരത്തിൽ ശശിധരൻ പിള്ളയുടെ മകനായ അനുജിത്ത്. പാളത്തിൽ വിള്ളൽ കണ്ടതിനെ തുടർന്ന് അര കിലോമീറ്ററോളം ട്രാക്കിലൂടെ ഓടിയാണ് വൻദുരന്തം ഒഴിവാക്കിയത്. നിരവധി പേരുടെ ജീവൻ രക്ഷിച്ച അനുജിത്ത് (27) വാഹനാപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച് വിടപറയുമ്പോൾ മരണാനന്തരവും എട്ടു പേർക്ക രക്ഷകനായിരിക്കുകയാണ്.

ഈ മാസം പതിനാലാം തീയതി കൊട്ടാരക്കരയ്ക്ക് സമീപം വച്ചാണ് അനുജിത്ത് ഓടിച്ച ബൈക്ക് അപകടത്തിൽപ്പെട്ടത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന അനുജിത്തിനെ ഉടൻ തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവന്തപുരം മെഡിക്കൽ കോളേജിലും കിംസ് ആശുപത്രിയിലുമെത്തിച്ചു. ജീവൻ രക്ഷിക്കാനുള്ള എല്ലാ പരിശ്രമങ്ങൾ വിഫലമാക്കി 17ന് മസ്തിഷ്‌ക മരണം സംഭവിച്ചു. രണ്ട് അപ്നിയ ടെസ്റ്റ് നടത്തി മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു.

ഇതിന് പിന്നാലെ, അവയവദാനത്തിന്റെ സാധ്യതകളറിയാവുന്ന ഭാര്യ പ്രിൻസിയും സഹോദരി അജല്യയും അനുജിത്തിന്റെ അവയവങ്ങൾ ദാനം ചെയ്യാനായി മുന്നോട്ട് വരികയായിരുന്നു. പ്രിയതമന് തോരാത്ത മിഴികളുമായി യാത്രാമൊഴി നല്‍കുമ്പോഴും പ്രിന്‍സിയുടെ മനസിന് സാന്ത്വനമേകുന്നത് ആ എട്ടു പേരുടെ ജീവിതത്തെ കുറിച്ചോര്‍ക്കുമ്പോഴാണ്. പത്തു വര്‍ഷം മുമ്പ് സംഭവിക്കാമായിരുന്ന ഒരു ട്രെയിന്‍ അപകടം ഒഴിവാക്കാനുള്ള അനുജിത്തിന്റെ മനക്കരുത്ത് കടമെടുത്താണ് പ്രിന്‍സി ആ സമ്മതപത്രത്തില്‍ ഒപ്പുവച്ചത്.

അനുജിത്തിന്റെ ചിത കെട്ടടങ്ങും മുമ്പുതന്നെ എട്ടുപേര്‍ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തുകയാണ്. ആ കുടുംബത്തോടുള്ള കടപ്പാട് എട്ടുപേര്‍ക്കു മാത്രമല്ല, സംസ്ഥാന സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ ചുമതലക്കാര്‍ക്കുമുണ്ട്. മൃതസഞ്ജീവനിയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നവരില്‍ എട്ടു പേര്‍ക്ക് ഒരാളിലൂടെ ജീവിതത്തിലേയ്ക്ക് തിരിച്ചെത്താന്‍ കഴിയുന്നുവെന്നത് ആ കുടുംബത്തിന്റെ ഹൃദയവിശാലത തെളിയിക്കുന്നു.

അവയവദാനത്തിന്റെ പ്രസക്തി തിരിച്ചറിഞ്ഞതിലൂടെ കുടുംബാംഗങ്ങള്‍ കിംസ് ആശുപത്രിയിലെ ട്രാന്‍സ് പ്ലാന്റ് പൊക്യുവര്‍മെന്റ്് മാനേജര്‍ കൂടിയായ ഡോ മുരളീധരനും മൃതസഞ്ജീവനി കോ ഓര്‍ഡിനേറ്റര്‍ എസ് ശരണ്യയുടെയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുമായിരുന്നു. മുഖ്യമന്ത്രിയും ആരോഗ്യ വകുപ്പു മന്ത്രി ശൈലജ ടീച്ചറും ഇടപെട്ട് കാലതാമസം കൂടാതെ അവയവദാന പ്രക്രിയ പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിച്ചു.

ഹൃദയം എത്രയും വേഗം കൊച്ചി ലിസി ആശുപത്രിയിലെ രോഗിയില്‍ വച്ചുപിടിപ്പിക്കാന്‍ ഹെലികോപ്ടര്‍ അനുവദിച്ചതും ഏറെ സഹായകമായി. സര്‍ക്കാര്‍ അവയവദാന മൃതസഞ്ജീവനി സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ നോബിള്‍ ഗ്രേഷ്യസ് അനുജിത്തിന്റെ കുടുംബാംഗങ്ങളെ അനുശോചനമറിയിച്ചു.

കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് നാട്ടിലെ ലൈബ്രറിയില്‍ പൊതുദര്‍ശത്തിന് വച്ചശേഷമാണ് മൃതദേഹം സംസ്‌കാര ചടങ്ങുകള്‍ക്കായി വീട്ടിലേക്ക് കൊണ്ട് പോയത്. ബുധനാഴ്ച വൈകുന്നേരം കൊട്ടാരക്കര ഇരുമ്പനങ്ങാട് വിഷ്ണു മന്ദിരത്തിലെ വീട്ടുവളപ്പിലായിരുന്നു സംസ്‌ക്കാരച്ചടങ്ങ് നടന്നത്. സംസ്‌കാരം നടക്കുമ്പോള്‍ അനുജിത്തിന്റെ ഹൃദയം മറ്റൊരാളില്‍ തുടിച്ചു തുടങ്ങിയെന്ന ശുഭവാര്‍ത്ത നാടിനെ തേടിയെത്തി.

സുഹൃത്തുക്കളും നാട്ടുകാരുമടക്കം നൂറുകണക്കിനു പേരാണ് നിറകണ്ണുകളോടെ അന്തിമോപചാരം അര്‍പ്പിച്ചത്. കൊടിക്കുന്നില്‍ സുരേഷ് എംപി, അയിഷാ പോറ്റി എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികള്‍ സംസ്‌കാരച്ചടങ്ങില്‍ പങ്കുകൊണ്ടു.

സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. കണ്ണൂരിലാണ് അവസാന മരണം റിപ്പോര്‍ട്ട് ചെയ്തത്. കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ ഇന്നലെ മരിച്ച വിളക്കോട്ടൂര്‍ സ്വദേശി സദാനന്ദന് കൊവിഡ് സ്ഥിരീകരിച്ചു.

അര്‍ബുദത്തിനും ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും ചികിത്സയിലായിരുന്നു അദ്ദേഹം. കാസര്‍ഗോഡാണ് ഇന്ന് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത്. കാസര്‍ഗോഡ് അണങ്കൂര്‍ പച്ചക്കാട് സ്വദേശിനി ഹൈറുന്നിസ (48) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ പരിയാരം മെഡിക്കല്‍ കോളജിലാണ് മരണം. വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. ഇവരുടെ രോഗ ഉറവിടം വ്യക്തമല്ല. കാസര്‍ഗോഡ് ജില്ലയിലെ രണ്ടാമത്തെ കൊവിഡ് മരണമാണ് ഹൈറനുസയുടെത്.

കോഴിക്കോട് കല്ലായി സ്വദേശി കോയ(57)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. രണ്ട് ദിവസമായി കൊവിഡ് ബാധിച്ച് ചികിത്സയിരുന്നു. ഹൃദ്രോഗിയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം.

കൊല്ലത്തും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശിനി റഹിയാനത്ത് (55) ആണ് മരിച്ചത്. ഇന്നലെ രാവിലെ വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.ബന്ധുക്കളുടെ സ്രവ പരിശോധന നടത്തിയതില്‍ മകന്റെ പരിശോധനാ ഫലവും പോസിറ്റീവാണ്. കൊല്ലത്ത് ഇന്നലെയും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സംസ്ഥാനത്ത് കൊവിഡ് കണക്കുകള്‍ ആയിരം കടന്നു. ഇന്ന് 1038 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 785 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം പകര്‍ന്നിരിക്കുന്നത്. 57 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് സ്ഥിരീകരിച്ചവരില്‍ 87 പേര്‍ വിദേശത്തുനിന്നും 109 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഇന്ന് രോഗമുക്തി നേടിയത് 272 പേര്‍.

തിരുവനന്തപുരം-226
കൊല്ലം-133(116 സമ്പര്‍ക്കം)
പത്തനംതിട്ട-49
ആലപ്പുഴ-120
ഇടുക്കി-43
കോട്ടയം-59
എറണാകുളം-92
തൃശൂര്‍-56
പാലക്കാട്-34
മലപ്പുറം-61
കോഴിക്കോട്-25
വയനാട്-4
കണ്ണൂര്‍-43
കാസര്‍കോട്-101

സംസ്ഥാനത്ത് 397 ഹോട്ട്‌സ്‌പോട്ടുകളായി. 8818 പേരാണ് കൊവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 53 പേര്‍ ഐസിയുവിലാണ്. ഒന്‍പത് പേര്‍ വെന്റിലേറ്ററിലും.

കൊച്ചി∙ നയതന്ത്ര സ്വര്‍ണക്കടത്തിന് ഭീകരപ്രവര്‍ത്തനവുമായി ബന്ധമുള്ളതായി സംശയിക്കുന്നുവെന്ന് എന്‍ഐഎ കോടതിയില്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയതോടെ വെറുമൊരു സ്വര്‍ണക്കടത്ത് കേസ് എന്നതിനപ്പുറത്തേക്ക് തലനാരിഴ കീറിയുള്ള പരിശോധനയാണ് അന്വേഷണ ഏജന്‍സികള്‍ ലക്ഷ്യം വയ്ക്കുന്നത്. പ്രതികളെ റിമാന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് എന്‍ഐഎ സ്വര്‍ണക്കടത്തില്‍ ഭീകരബന്ധം ആവര്‍ത്തിച്ചിരിക്കുന്നത്.

വിദേശത്തുനിന്നു വലിയ അളവില്‍ സ്വര്‍ണം കള്ളക്കടത്തു നടത്തി രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരത തകരാറിലാക്കാനുള്ള ഗൂഢാലോചനയാണു പ്രതികള്‍ നടത്തിയതെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു. ഇതില്‍ നിന്നുള്ള പണം വിവിധ മാര്‍ഗങ്ങളിലൂടെ ഭീകരപ്രവര്‍ത്തനത്തിനു നല്‍കിയതായി സംശയിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അനധികൃത നീക്കങ്ങള്‍ക്ക് യുഎഇയുടെ നയതന്ത്ര ബാഗേജ് ഉപയോഗിക്കാനുള്ള പ്രതികളുടെ നീക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കു കാരണമാകുമായിരുന്നുവെന്നും എന്‍ഐഎ ചൂണ്ടിക്കാട്ടി. കുറ്റകൃത്യത്തില്‍ മറ്റുള്ളവരുടെ പങ്കും ഗുണഭോക്താക്കളെയും കണ്ടെത്തേണ്ടതുണ്ട്. പ്രതികളില്‍നിന്നു പിടിച്ചെടുത്തു കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ നിര്‍ണായകമാകും.

പ്രതികളെ ചോദ്യം ചെയ്തതില്‍നിന്ന് കെ.ടി റമീസാണ് കള്ളക്കടത്തിന്റെ സൂത്രധാരന്‍ എന്നാണ് വ്യക്തമായിരിക്കുന്നതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക്ഡൗണ്‍ കാലത്ത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ദുര്‍ബലമായിരിക്കുമ്പോള്‍ കൂടുതല്‍ അളവില്‍ സ്വര്‍ണം കടത്താന്‍ നിര്‍ദേശം നല്‍കിയത് റമീസാണ്. റമീസാണ് ഉത്തരവുകള്‍ നല്‍കുന്നത്. ഒരു സംഘം ആളുകള്‍ക്കൊപ്പമാണ് റമീസ് സഞ്ചരിക്കുന്നതെന്നും വിദേശത്തു വലിയ ബന്ധമാണുള്ളതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. റമീസിനെയും ഉടന്‍ തന്നെ കേസിന്റെ ഭാഗമാക്കും.

അടുത്തഘട്ടത്തില്‍ വിദേശത്തുനിന്നു കടത്തിയ കിലോക്കണക്കിനു സ്വര്‍ണം എത്തിച്ചേര്‍ന്നവരെ കണ്ടെത്താനുള്ള നീക്കത്തിലാണ് എന്‍ഐഎ. ഇവര്‍ക്കു ഭീകരസംഘനകളുമായുള്ള ബന്ധത്തെക്കുറിച്ചും വ്യാപകമായി അന്വേഷിക്കും. പ്രതിയായ സന്ദീപ് നായരുമായി തിരുവനന്തപുരത്തു നടത്തിയ തെളിവെടുപ്പിനിടെ കണ്ടെത്തിയ ഡിജിറ്റല്‍ വിഡിയോ റെക്കോഡര്‍ (ഡിവിആര്‍) നിര്‍ണായക തെളിവാകുമെന്നാണ് എന്‍ഐഎ കരുതുന്നത്. പ്രതികള്‍ കൂടിക്കാഴ്ച നടത്തിയ ആളുകളെക്കുറിച്ചും നടത്തിയ നീക്കങ്ങളെക്കുറിച്ചും ഡിവിആറിലെ ദൃശ്യങ്ങളില്‍നിന്നും വിവരം ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.

കസ്റ്റംസ് സ്വര്‍ണം പിടിച്ചതു മുതല്‍ പ്രതികള്‍ അറസ്റ്റിലാകുന്നതു വരെ ടെലഗ്രാമില്‍ നടത്തിയ ചാറ്റിന്റെ വിവരങ്ങളും ശേഖരിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. സുപ്രധാന സന്ദേശങ്ങള്‍ നീക്കം ചെയ്തിട്ടുണ്ടെങ്കിലും അതു തിരിച്ചെടുക്കാന്‍ വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്. സ്വപ്‌നയില്‍നിന്ന് ആറു മൊബൈല്‍ ഫോണുകളും രണ്ട് ലാപ്‌ടോപ്പുമാണു പിടിെച്ചടുത്തത്. ഫെയ്‌സ്‌ലോക്ക് ഉണ്ടായിരുന്ന രണ്ടു ഫോണുകള്‍ സ്വപ്‌നയുടെ സാന്നിധ്യത്തില്‍ തുറന്നു പരിശോധിക്കുകയും ചെയ്തതായി എന്‍ഐഎ അറിയിച്ചു.

സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രണാതീതമാകുന്നു  .ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1038 പേർക്ക്.   785 പേർക്ക് സമ്പർക്കത്തിലൂടെ രോഗികൾ

കേരളത്തിൽ 1038 പേർക്ക്​ കൂടി കോവിഡ്​. ഇവരിൽ 782പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗബാധ. സമ്പർക്കരോമികളിൽ 57 പേരുടെ സമ്പർക്ക ഉറവിടം അറിയില്ല. ഇന്ന്​ രോഗം സ്​ഥിരീകരിച്ചവരിൽ 87പേർ വിദേശത്ത്​ നിന്നും 109 പേർ മറ്റ്​ സംസ്​ഥാനങ്ങളിൽ നിന്നും എത്തിയവരാണ്​ഇന്ന്​ രോഗം സ്​ഥിരീകരിച്ചവരിൽ പേർ ആരോഗ്യപ്രവർത്തകരാണ്​.
രോഗബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്​:
തിരുവനന്തപുരം 226 ,
കൊല്ലം133 ,
പത്തനംതിട്ട 49 ,
ആലപ്പുഴ 120 ,
കോട്ടയം 51 ,
ഇടുക്കി 43 ,
എറണാകുളം 92 ,
തൃശൂർ 56
പാലക്കാട്​ 34 ,
മലപ്പുറം 61
,കോഴിക്കോട്​ 25,
കണ്ണൂർ 43
, കാസർ​േകാട് 101,
വയനാട്​ നാല്​.

സമ്പൂര്‍ണ ലോക്ഡൗണ്‍ വേണമെന്ന അഭിപ്രായം ഉയരുന്നു; പരിഗണിക്കേണ്ടിവരും – മുഖ്യമന്ത്രി

കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം വിദഗ്ധരടക്കം മുന്നോട്ടു വെക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോള്‍ അക്കാര്യത്തില്‍ തീരുമാനമൊന്നും എടുത്തിട്ടില്ല. എങ്കിലും അക്കാര്യം ഗൗരവമായി പരിഗണിക്കേണ്ടി വരുമെന്നാണ് തോന്നുന്നതെന്ന് കോവിഡ് അവലോകന യോഗത്തിനു ശേഷം അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
എന്‍ട്രന്‍സ് പരീക്ഷയുമായി ബന്ധപ്പെട്ട് തിക്കും തിരക്കുമുണ്ടായതിന്റെ ഉത്തരവാദികള്‍ വിദ്യാര്‍ഥികളല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പരീക്ഷ കഴിഞ്ഞ് വിദ്യാര്‍ഥികള്‍ ഗേറ്റിലൂടെ ഒന്നിച്ച് പുറത്തേക്കിറങ്ങി വരുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അക്കാര്യം മുന്നില്‍ക്കണ്ട് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതായിരുന്നു. അതിലാണ് വീഴ്ച സംഭവിച്ചത്. അക്കാര്യത്തില്‍ കുറ്റപ്പെടുത്തേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പട്ടം സെന്റ് മേരീസ് സ്‌കൂളില്‍ എന്‍ട്രന്‍സ് പരീക്ഷയെഴുതാന്‍ വന്ന വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും എതിരേ മെഡിക്കല്‍ കോളേജ് പോലീസ് കേസെടുക്കുന്ന കാര്യവും വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ വിളിച്ച് അന്വേഷണം നടത്തുന്ന കാര്യവും മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഈ വിഷയം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികള്‍ക്ക് 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റയിന്‍

നാട്ടിലേയ്ക്ക് പോയ അതിഥി തൊഴിലാളികളില്‍ പലരും കേരളത്തിലേയ്ക്ക് തിരികെ വന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, അതിഥി തൊഴിലാളികള്‍ക്കായുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ പലരും കോവിഡ് അണുബാധ കൂടുതലുള്ള പ്രദേശങ്ങളില്‍ നിന്നും വരുന്നവരായതിനാല്‍ വളരെയേറെ ശ്രദ്ധിക്കേണ്ടതാണ്. ഈ സാഹചര്യത്തിലാണ് കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികളും അവരുടെ തൊഴിലുടമകളും സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് സംസ്ഥാന ആരോഗ്യ വകുപ്പ് വിശദമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ഇതനുസരിച്ച് ഇവരെക്കൊണ്ട് ജോലി ചെയ്യിക്കുന്ന, തൊഴിൽ ദാതാക്കൾ പല നിർദ്ദേശങ്ങളും പാലിക്കേണ്ടതുണ്ട്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

 

 

അകാലത്തിൽ വിടവാങ്ങിയ ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന് ഗാനാഞ്ജലിയുമായി ഏ.ആർ.റഹ്മാനും ബോളിവുഡ് ഗായകരും. സുശാന്തിന്റെ അവസാന ചിത്രമായ ദിൽ ബേച്ചരായുടെ ട്രാക്കാണ് ആദര സൂചകമായി പാടിയിരിക്കുന്നത്. അവരവരുടെ വീടുകളിലിരുന്ന് ചിത്രീകരിച്ച വിഡിയോയുടെ സമന്വയമാണ് ടീം പങ്കുവച്ചത്. ചിത്രത്തിലെ ഗാനങ്ങളൊരുക്കിയത് റഹ്മാൻ ആയിരുന്നു. റഹീമയ്ക്കും മകൻ അമീനും ഹിരാലിനും ഒപ്പമായിരുന്നു ടൈറ്റിൽ ട്രാക്ക് റഹ്മാൻ അവതരിപ്പിച്ചത്.

ദിൽ ബേച്ചരായുടെ സംഗീതം ഞങ്ങൾക്കേറെ പ്രിയപ്പെട്ടതായി നിൽക്കും. ചിത്രത്തിനായി തയ്യാറാക്കിയ ഒൻപതു ട്രാക്കുകൾക്കും ഇന്ന് പുതിയൊരു അർഥമുണ്ട്. സംവിധായകൻ മുകേഷ് ഛബ്രയ്ക്കും എല്ലാവർക്കും ആശംസകൾ. ഈ ദുർഘട സമയത്തെ അതിജീവിക്കാൻ നമുക്കെല്ലാം കരുത്തുണ്ടാവട്ടെയെന്നും സുശാന്തിന്റെ ഓർമ്മയ്ക്ക് മുന്നിൽ ഗാനങ്ങൾ സമർപ്പിക്കുന്നുവെന്നും വിഡിയോയുടെ തുടക്കത്തിൽ റഹ്മാൻ പറയുന്നു.

സുനീതി ചൗഹാൻ, ഹൃദയ് ഗട്ടാനി, മോഹിത് ചൗഹാൻ, ശ്രേയ ഘോഷാൽ, അർജീത് സിങ്, സാഷ ത്രിപാഠി,ജോണിത ഗാന്ധി തുടങ്ങിയവർ ഗാനാർച്ചയിൽ പങ്കുചേർന്നിട്ടുണ്ട്. ഹോട്ട്സ്റ്റാറിൽ ജൂലൈ 24 നാണ് ചിത്രം റിലീസ് ചെയ്യുക.

സിസിടിവി ഇടിമിന്നലില്‍ നശിച്ചെന്ന് പറയുന്ന സർക്കാർ വാദത്തെ രൂക്ഷമായി വിമർശിച്ച് ബിജെപി അധ്യക്ഷൻ കെ. സുരേന്ദ്രന്‍ രംഗത്തെത്തി. ജൂലൈ ഒൻപതിന് സിസിടിവികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നതായും അന്ന് പ്രകടിപ്പിച്ച സംശയങ്ങൾ ബലപ്പെടുന്നതായും രേഖ പങ്കുവച്ച് സുരേന്ദ്രൻ പറയുന്നു. എല്ലാം ഉമ്മൻചാണ്ടിയുടെ അവസാന കാലത്തെ തനിയാവർത്തനങ്ങൾ തന്നെയെന്നും അദ്ദേഹം പറയുന്നു.

സ്വര്‍ണക്കടത്ത് കേസില്‍ ചീഫ് സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. സ്വര്‍ണക്കടത്ത് കേസിലെ തെളിവ് നശിപ്പിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നതായി ചെന്നിത്തല ആരോപിച്ചു. സിസിടിവി ഇടിമിന്നലില്‍ നശിച്ചെന്ന് പറയുന്നത് ഇതിനായാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സെക്രട്ടേറിയറ്റില്‍ വന്‍ തോതില്‍ അനധികൃത നിയമനം നടക്കുന്നുവെന്നും ഇതിനു പിന്നിലും ചീഫ് സെക്രട്ടറിയാണെന്നും ചെന്നിത്തല ആരോപിച്ചു. കിന്‍ഫ്ര വഴി മിന്‍റ് എന്ന സ്ഥാപനത്തിനാണ് കരാര്‍ ജീവനക്കാരനെ നിയമിക്കാനുള്ള ചുമതല. കരാര്‍ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ മുദ്ര ഉപയോഗിക്കാന്‍ അനുമതി നല്‍കിയത് ചീഫ് സെക്രട്ടറിയാണെന്നും ജീവനക്കാരുടെ പട്ടിക പ്രസിദ്ധീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെയും ആരോഗ്യവകുപ്പ മന്ത്രിയുടെയും നേതൃത്വത്തിൽ ഇരുപത്തിരണ്ടിനു നടത്താനിരുന്ന തദ്ദേശഭരണ അധ്യക്ഷ/ന്മാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം ഇരുപത്തിമൂന്നാം തീയതിയിലേക്ക് മാറ്റി. ഉച്ചകഴിഞ്ഞ് 2.30 നായിരിക്കും യോഗം നടത്തുക. വാർ‍ഡ് സമിതികൾ/ റാപ്പിഡ് റെസ്പോൺസ് ടീമുകൾ, കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ എന്നിവയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതു സംബന്ധിച്ച് വിശദമായ ചർച്ച യോഗത്തിൽ നടത്തുന്നതാണ്.

സെക്രട്ടറിയേറ്റിലെ അനക്സ് ഒന്നിലെ ബോധി ഹാളിൽ ക്രമീകരിച്ചിരിക്കുന്ന വീഡിയോ കോൺഫറൻസിംഗ് സങ്കേതത്തിലൂടെയായിരിക്കും മന്ത്രിമാരും വകുപ്പ് സെക്രട്ടറിമാരും മേധാവികളും യോഗത്തിൽ പങ്കെടുക്കുക.

തദ്ദേശഭരണ സമിതി അധ്യക്ഷ/അധ്യക്ഷന്മാർ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സന്മാർ, ജില്ലാ ആശുപത്രി സൂപ്രണ്ടുമാർ, തദ്ദേശഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ, പ്രാഥമിക/സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കൽ ഓഫീസർമാർ, ആയുഷ് ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെട്ട മെഡിക്കൽ ഓഫീസർമാർ,

സി ഡി എസ് ചെയർപേഴ്സന്മാർ, ഹെൽത്ത് സൂപ്പർവൈസർമാർ, ഐ സി ഡി എസ് സൂപ്പർവൈസർമാർ എന്നിവർ അതത് തദ്ദേശഭരണ സ്ഥാപനങ്ങളിൽ നിന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ യോഗത്തിൽ പങ്കെടുക്കും. ഇതിനു സാധ്യമല്ലാത്ത പ്രദേശങ്ങളിലുള്ളവർ കമ്പ്യൂട്ടർ ഉപയോഗിച്ചോ മൊബൈൽ ഫോൺ വഴിയോ യോഗത്തിൽ പങ്കെടുക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. കിലയുടെ ഫേസ് ബുക്ക് പേജിലും യൂട്യൂബിലും യോഗം ലൈവ് ആയി കാണുന്നതിനു ക്രമീകരണം ചെയ്തിട്ടുണ്ട്.

Copyright © . All rights reserved