കുവൈത്ത് സിറ്റി∙ കരട് പ്രവാസി ക്വോട്ട ബിൽ ഭരണഘടനാപരമാണെന്ന് ദേശീയ അസംബ്ലിയുടെ നിയമ, നിയമനിർമാണ സമിതി അംഗീകരിച്ചു. ബിൽ അതാത് കമ്മിറ്റിക്ക് കൈമാറേണ്ടതിനാൽ സമഗ്രമായ ഒരു പദ്ധതി തയാറാക്കാനും തീരുമാനിച്ചു.
ഇതുപ്രകാരം വിദേശി ജനസംഖ്യ, സ്വദേശി ജനസംഖ്യക്ക് സമാനമായി പരിമിതപ്പെടുത്തും. ഇതോടെ ഇന്ത്യൻ ജനസംഖ്യ 15 ശതമാനത്തിൽ കൂടാൻ അനുവദിക്കില്ല. ഫലത്തിൽ കുവൈത്തിൽനിന്ന് 8 ലക്ഷത്തോളം ഇന്ത്യക്കാർ ഒഴിവാക്കപ്പെടുമെന്നാണ് കരുതുന്നത്. 14.5 ലക്ഷം ഇന്ത്യക്കാരാണ് ഇവിടെയുള്ളത്.
കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണ്. കോവിഡിന്റെ ആരംഭഘട്ടത്തിൽ രാജ്യത്തെ ഒട്ടേറെ നിയമവിദഗ്ധരും സർക്കാർ ഉന്നതോദ്യോഗസ്ഥരും കുവൈത്തിലെ വർധിച്ച പ്രവാസി സാന്നിധ്യത്തിനെതിരെ ശബ്ദമുയർത്തിയിരുന്നു.
കഴിഞ്ഞ മാസം കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ സബാഹ് രാജ്യത്തെ ആകെ ജനസംഖ്യയിൽനിന്ന് പ്രവാസികളുടെ എണ്ണം 70 ശതമാനത്തിൽനിന്ന് 3 ശതമാനമാക്കാൻ ആഹ്വാനവും ചെയ്യുകയുമുണ്ടായി. കുവൈത്തിലെ നിലവിലെ ജനസംഖ്യ 43 ലക്ഷമാണ്. ഇതിൽ 13 ലക്ഷം സ്വദേശികളും 30 ലക്ഷം വിദേശികളുമാണുള്ളത്.
മകൻ മരിച്ചതോടെ ഒറ്റയ്ക്കായ മരുമകളെ വിവാഹം ചെയ്ത് ഭർതൃപിതാവ്. ഛത്തീസ്ഗഡിലെ ബിലാസ്പുരിലാണ് യുവതിയുടേയും സമുദായാംഗങ്ങളുടേയും സമ്മതത്തോടെ വിവാഹം നടന്നത്. കൃഷ്ണസിങ് രാജ്പുത് എന്ന മധ്യവയസ്‌കനാണ് മകന്റെ വിധവയായ ആരതി എന്ന 22കാരി യുവതിയെ വിവാഹം ചെയ്തത്.
2016 ലായിരുന്നു അന്ന് 18 വയസുകാരിയായിരുന്ന ആരതിയും കൃഷ്ണസിങിന്റെ മകനായ ഗൗതം സിങും തമ്മിലുള്ള വിവാഹം. രണ്ട് വർഷം കഴിഞ്ഞ് 2018ൽ ഗൗതം മരണമടഞ്ഞു. തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി ഭർതൃപിതാവിൻറെ സംരക്ഷണയിൽ കഴിഞ്ഞുവരികയായിരുന്നു യുവതി. പിന്നീട് വിധവകളുടെ പുനർവിവാഹം നടത്തുന്നതിൽ എതിർപ്പില്ലാത്ത ഇവരുൾപ്പെട്ട രാജ്പുത് ക്ഷത്രിയ മഹാസഭ യുവതിയുടെ ഭാവി ജീവിതത്തിൽ ആശങ്ക അറിയിച്ച് രംഗത്തെത്തിയിരുന്നു. തുടർന്നുള്ള ചർച്ചകളിലാണ് വിവാഹക്കാര്യത്തിൽ തീരുമാനമായത്.
ആരതിയുടെ വിവാഹം നടത്താൻ ആലോചനകൾ ആരംഭിക്കുകയും ഇതിനായി സംഘടന പ്രസിഡന്റ് ഹോരി സിങ് ദൗദിന്റെ നേതൃത്വത്തിൽ ചർച്ചയും നടത്തിയിരുന്നു. ഈ ചർച്ചയ്ക്കിടെ ആരതിയെ വിവാഹം ചെയ്യാൻ തയ്യാറാണെന്ന് ഭർതൃപിതാവായ കൃഷ്ണ സിങ് അറിയിച്ചു. ആരതിയും സമ്മതം അറിയിച്ചതോടെ സംഘടന അംഗങ്ങളുടെ നേതൃത്വത്തിൽ ആചാരപൂർവം വിവാഹച്ചടങ്ങുകൾ നടത്തുകയായിരുന്നു.
കൊവിഡ് പശ്ചാത്തലത്തിൽ പ്രോട്ടോക്കോൾ പാലിച്ച് അടുത്ത ബന്ധുക്കളും സംഘടനയിലെ ചില അംഗങ്ങളും മാത്രമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്.
തലശ്ശേരി സബ് കളക്ടറുടെ ഐഎഎസ് റദ്ദാക്കാൻ കേന്ദ്രത്തിന്റെ ശുപാർശ. തലശ്ശേരി സബ് കളക്ടർ ആസിഫ് കെ യൂസഫിന്റെ ഐഎഎസ് പദവി റദ്ദാക്കാനാണ് കേന്ദ്ര പേഴ്‌സണൽ മന്ത്രാലയം ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്. ആസിഫ് വ്യാജ സർട്ടിഫിക്കറ്റുകൾ നൽകി ഐഎഎസ്. നേടിയെന്ന പരാതിക്കു പിന്നാലെയാണ് നടപടി.
ഒബിസി സംവരണം ലഭിക്കാൻ പരീക്ഷ എഴുതുന്നതിന് തൊട്ടു മുമ്പുള്ള മൂന്ന് സാമ്പത്തിക വർഷത്തിൽ ഏതെങ്കിലും ഒരു വർഷം കുടുംബത്തിന്റെ വാർഷിക വരുമാനം ആറുലക്ഷത്തിൽ താഴെയാകണമെന്നതാണ് മാനദണ്ഡം. എന്നാൽ മൂന്നു സാമ്പത്തിക വർഷങ്ങളിലും ആസിഫിന്റെ കുടുംബത്തിന്റെ വാർഷിക വരുമാനം ആറുലക്ഷത്തിൽ കൂടുതലാണെന്ന് തെളിഞ്ഞിരുന്നു.
ആസിഫിന്റെ ഒബിസി സർട്ടിഫിക്കറ്റും വരുമാന സർട്ടിഫിക്കറ്റും റദ്ദാക്കണമെന്നും നിർദേശമുണ്ട്. വ്യാജ സർട്ടിഫിക്കറ്റ് നൽകിയ കണയന്നൂർ തഹസിൽദാർമാർക്കെതിരെ നടപടി എടുക്കാനും നിർദേശമുണ്ട്. നിലവിൽ ആസിഫിന് ഇതുവരെ ഐഎഎസ് നൽകി സ്ഥിരപ്പെടുത്തിയിട്ടില്ല. സംസ്ഥാന സർക്കാരിൽനിന്ന് വിജിലൻസ് ക്ലിയറൻസ് കിട്ടാത്തതിനാലാണ് ആസിഫ് പ്രൊബേഷനിൽ തുടരുന്നതെന്നാണ് സൂചന. അതിനാൽ കൂടുതൽ അന്വേഷണം ആവശ്യമില്ലെന്നും സംസ്ഥാന സർക്കാരിനു തന്നെ നടപടി എടുക്കാമെന്നും കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിന്റെ നിർദേശത്തിൽ പറയുന്നു.
പ്രസവിച്ചതിന്റെ തൊട്ടടുത്ത ദിവസം പെൺകുഞ്ഞിനെ മരുതിമൂട് സെന്റ് ജോർജ് കത്തോലിക്ക പള്ളിക്ക് മുന്നിൽ ഉപേക്ഷിച്ച സംഭവത്തിൽ മാതാവും കാമുകനും അറസ്റ്റിലായി. ഏനാദിമംഗലം മാരൂർ മംഗലത്ത് പുത്തൻവീട്ടിൽ എ.ൃ അജയ് ( 32) കുട്ടിയുടെ മാതാവ് മാരൂർ ഒഴുകുപാറ കിഴക്കേതിൽ ലിജ (33) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജൂൺ 30ന് പുലർച്ച കുരിശടിയിൽ മെഴുകുതിരി കത്തിക്കാനെത്തിയവരാണ് കുഞ്ഞിനെ തുണിയിൽ പുതപ്പിച്ച് കിടത്തിയ നിലയിൽ കണ്ടത്.
വിവരമറിഞ്ഞ് പോലീസും ജില്ല ശിശുക്ഷേമ സമിതി ചെയർമാൻ പ്രഫ. കെ മോഹൻകുമാറും സ്ഥലത്തെത്തി കുഞ്ഞിനെ ഏറ്റെടുത്ത് അടൂർ ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനക്കുശേഷം ജില്ല ശിശുക്ഷേമ സമിതിക്ക് കൈമാറുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.
പള്ളിയുടെ മുൻവശത്തെ ക്യാമറ പ്രവർത്തന രഹിതമായത് അന്വേഷണത്തെ ബാധിച്ചെങ്കിലും പത്തനാപുരം മുതൽ അടൂർവരെയുള്ള ഭാഗങ്ങളിലെ വ്യാപാര സ്ഥാപനങ്ങളുടെയും വീടുകളുടെയും മുന്നിൽ സ്ഥാപിച്ചിരുന്ന ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ നിരീക്ഷണത്തിലാണ് അജയ് ഓടിച്ച ഓട്ടോ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ചെന്നെത്തിയത്.
ആദ്യവിവാഹം വേർപിരിഞ്ഞ് നിന്ന ഇരുവരും ഏറെ നാളായി അടുപ്പത്തിലായിരുന്നുവെന്നും ഗർഭിണിയായ ശേഷം ലിജ പുറത്തിറങ്ങാതെ വീട്ടിൽ തന്നെ കഴിയുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ലിജയുടെ വീട്ടിൽ പ്രസവിച്ച കുട്ടിയെ ഇരുവരും ചേർന്ന് പള്ളിക്ക് മുന്നിൽ ഉപേക്ഷിക്കുകയായിരുന്നു. സിഐ യു ബിജു, എസ്‌ഐ അനൂപ്, വനിത സീനിയർ സിവിൽ പോലീസ് ഓഫിസർ റഷീദ ബീഗം, സിവിൽ പോലീസ് ഓഫീസർമാരായ അനുരാഗ് മുരളീധരൻ, ശരത്, സുരേഷ് എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.
കോഴിക്കോട് നഗരത്തില്‍ അഞ്ച് പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. നവജാത ശിശുക്കളും സ്ത്രീകളും അടക്കമുള്ളവര്‍ക്കാണ് കോവിഡ് ബാധിച്ചത്. നഗരത്തിലെ കണ്ടയ്ന്‍മെന്റ് സോണില്‍ ഒരേ ഫ്‌ളാറ്റില്‍ താമസിക്കുന്നവര്‍ക്കാണ് രോഗം. കോഴിക്കോട് ഡിഎംഒ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
തൂങ്ങിമരിച്ച ശേഷം കോവിഡ് ബാധ സ്ഥിരീകരിക്കപ്പെട്ടയാള്‍ ജോലിചെയ്തിരുന്ന ഫ്‌ളാറ്റില്‍ താമസിക്കുന്നവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് വിവരം. എന്നാല്‍ ഇവരുടെ രോഗബാധയുടെ ഉറവിടം എന്താണെന്ന് സ്ഥിരീകരിച്ചിട്ടില്ല. നഗരത്തോട് ചേര്‍ന്ന പ്രദേശത്തുള്ള ഫ്‌ളാറ്റിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് നഗരത്തില്‍ ഉറവിടമറിയാത്ത നാല് കേസുകള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
ഇന്നു വിവാഹം നടക്കാനിരിക്കെ പ്രതിശ്രുത വധു വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ. പറപ്പൂക്കാവ് തെക്കൂട്ടയിൽ അശോകന്റെ മകൾ അനുഷ(22)യെയാണ് ഇന്നലെ പുലർച്ചെ വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ഇയ്യാൽ സ്വദേശിയായ യുവാവുമായി ഞായറാഴ്ച വിവാഹം നടക്കാനിരിക്കുകയായിരുന്നു.
കുന്നംകുളം സബ് ഇൻസ്‌പെക്ടർ ഇ ബാബുവിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടി പൂർത്തീകരിച്ചശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. കൊവിഡ് പരിശോധന പൂർത്തിയാക്കി പോസ്റ്റ്‌മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുക്കും. ഷീല മാതാവും അതുല്യ സഹോദരിയുമാണ്.
മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ യോഗം ചേരുന്നത് കണ്ടെയ്ൻമെന്റ് സോണിലെന്ന് വാർത്ത. സംഭവം ചർച്ചയായതോടെ ഹോട്ടൽ അടയ്ക്കാൻ പോലീസ് നിർദേശിച്ചു. കൊച്ചിയിലെ ഹോളിഡേ ഇൻ എന്ന ഹോട്ടലിലാണ് താരസംഘടനയുടെ യോഗം ചേർന്നിരിക്കുന്നത്. യോഗം താത്കാലികമായി നിർത്തിവെച്ചിരിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
യോഗത്തിൽ എംഎൽഎമാരായ മുകേഷും കെബി ഗണേശ് കുമാറും പങ്കെടുക്കുന്നുണ്ട്. മൂന്നു മണിക്ക് താര സംഘടന മാധ്യങ്ങളെ കണ്ട് യോഗ തീരുമാനം അറിയിക്കുമെന്ന് പറഞ്ഞിരുന്നു. അതിനിടയിലാണ് കണ്ടെയ്ൻമെന്റ് സോണിൽ യോഗം നടക്കുന്നത് സംബന്ധിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് വരുന്നവരെ ക്വാറന്റീൻ ചെയ്യുന്ന ഹോട്ടലാണിതെന്നും റിപ്പോർട്ട് .
അതേസമയം കണ്ടെയ്ൻമെന്റ് സോണിന് പുറത്ത് നാഷണൽ ഹൈവേയോട് ചേർന്ന് കിടക്കുന്ന സ്ഥലമായതു കൊണ്ടാവാം യോഗം ചേർന്നതെന്ന് മേയർ സൗമിനി ജെയ്ൻ പറഞ്ഞു. അതേസമയം യോഗം ചേരാൻ പാടില്ലാത്ത അവസരത്തിൽ അതിന് അനുവദിക്കില്ലെന്നും മേയർ വ്യക്തമാക്കി.
ഉറ്റവരെക്കുറിച്ചും പുറംലോകത്തെക്കുറിച്ചും ഒരുവിവരവുമില്ലാതെ രണ്ടര മാസം നീണ്ട ഉറക്കം, ശരിക്കും പറഞ്ഞാല്‍ കോമയില്‍ തന്നെ. അങ്ങനെ ആറാഴ്ച. 54 ദിവസം വെന്റിലേറ്ററില്‍ കിടന്നു. കോവിഡ് ബാധിച്ച് 102 ദിവസത്തോളം ന്യൂയോര്‍ക്കിലെ ആശുപത്രി കിടക്കയില്‍ തള്ളിനീക്കിയതിനെ കുറിച്ച് പറയുമ്പോള്‍ കുമ്പനാട് സ്വദേശി പാസ്റ്റര്‍ ബഞ്ചമിന്‍ തോമസിന് ഉള്ളില്‍ ചെറിയ ഭയം വന്ന് നിറയും.
ചര്‍ച്ചില്‍ സംഘടിപ്പിച്ച 21 ദിവസം നീണ്ട പ്രാര്‍ഥനാ യോഗങ്ങളുടെ അവസാനത്തെ ആഴ്ചയിലാണ് ബഞ്ചമിന് ശരീരവേദനയും പനിയും അനുഭവപ്പെടുന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കോവിഡ് രോഗികള്‍ നിറഞ്ഞ് കിടക്കകള്‍ ഇല്ലാത്തതിനാല്‍ ആന്റിബയോട്ടിക്‌സ് നല്‍കി ബഞ്ചമിനെ ഡോക്ടര്‍ വീട്ടിലേക്കയച്ചു.
എന്തെങ്കിലും ഗുരുതരാവസ്ഥയുണ്ടെങ്കില്‍ വന്നാല്‍ മതിയെന്നു പറഞ്ഞാണു യാത്രയാക്കിയത്. പനി കൂടുന്നതല്ലാതെ കുറയുന്നതിന്റെ യാതൊരു ലക്ഷണവുമില്ല. ഇതിനിടെ ശ്വാസതടസം നേരിട്ടതോടെയാണ് ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലെത്തുന്നത്. എത്തി അഞ്ചു മിനിറ്റിനുള്ളില്‍ തളര്‍ന്നുവീണു. ഉടനെ വെന്റിലേറ്ററിലേക്കു മാറ്റി.
ദിവസം കഴിയുന്തോറും ആരോഗ്യനില വഷളായിക്കൊണ്ടിരുന്നു. ബെഞ്ചമിന്റെ തൊട്ടടുത്ത കിടക്കയിലുള്ള പലരും മരിച്ചു. മൃതദേഹങ്ങള്‍ ഗാര്‍ബേജ് ബാഗുകളിലേക്ക് മാറ്റി പുറംതള്ളുന്നതിന് ഒരുക്കുകയായിരുന്നു ആരോഗ്യ പ്രവര്‍ത്തകര്‍. രോഗം കുറയുന്നില്ലെന്ന് മനസ്സിലായതോടെ ബെഞ്ചമിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചു.
മൂന്നു പ്രാവശ്യം ആംബുലന്‍സ് വന്നതാണു കൊണ്ടു പോകാന്‍. ഓരോ പ്രാവശ്യവും വെന്റിലേറ്ററില്‍ നിന്നെടുത്ത് സ്ട്രക്ചറിലേക്കു മാറ്റാന്‍ സാധിക്കുന്നില്ല. ഹൃദയം നിന്നു പോകുന്നതിന്റെ ലക്ഷണങ്ങള്‍. മൂന്നു പ്രാവശ്യവും വേണ്ടെന്നു വച്ചു. രണ്ടാഴ്ച കഴിഞ്ഞ് ഒരു അവസരം വിനിയോഗിക്കാന്‍ തന്നെയായിരുന്നു ബന്ധുക്കളുടെ തീരുമാനം.
മൗണ്ട് സയോണ്‍ ആശുപത്രിയിലേക്ക് മാറ്റാനായിരുന്നു ശ്രമം. എന്നാല്‍ ആശുപത്രിയില്‍ എത്തും മുന്‍പ് മരിക്കുമെന്ന് ഡോക്ടര്‍ പറഞ്ഞെങ്കിലും റിസ്‌കെടുത്ത് ആംബുലന്‍സില്‍ കയറ്റി. നിങ്ങള്‍ ചെയ്യുന്നത് മണ്ടത്തരമാണെന്നായിരുന്നു ആശുപത്രി അധികൃതരുടെ നിലപാട്.
അവിടെ ആശുപത്രിയില്‍ സംവിധാനങ്ങളെല്ലാം ഒരുക്കി ഡോക്ടര്‍ കാത്തിരുന്നു. അവിടെ എത്തിച്ചു തന്നാല്‍ ബാക്കി നോക്കാമെന്ന് വാക്കു നല്‍കിയത് മൗണ്ട് സയോണിലെ മലയാളി ഡോക്ടര്‍ റോബിന്‍ വര്‍ഗീസാണ്. 45 മിനിറ്റില്‍ ആശുപത്രിയില്‍ എത്തിച്ചു. വെന്റിലേറ്ററില്‍ കോമയില്‍ കിടക്കുകയാണ്.
നീണ്ട കാലത്തെ ചികിത്സയ്ക്കിടെ വീണ്ടും ആരോഗ്യനില വഷളായി. ദൈവത്തിന് മാത്രമേ എന്തെങ്കിലും ചെയ്യാന്‍ കഴിയൂ എന്നുവരെ ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ടായിരുന്നു ബെഞ്ചമിന്റെ തിരിച്ചുവരവ്. ശരീരം മരുന്നുകളോട് ഗുണകരമായി പ്രതികരിച്ചു തുടങ്ങി.
രണ്ടാഴ്ചകൊണ്ട് നടക്കാന്‍ സാധിക്കുമെന്നായി. ഇതിനിടെ ഭാരം 22 കിലോയിലേറെ കുറഞ്ഞിരുന്നു. ബന്ധുക്കള്‍ക്ക് വന്നു കാണാമെന്നായി. ഭാര്യ മേഴ്‌സി വന്ന് സംസാരിക്കുകയും പ്രാര്‍ഥിക്കുകയുമെല്ലാം ചെയ്തതു മാനസികമായി നല്ല പിന്തുണ നല്‍കി.
ഇതിനിടെ ഭാര്യയ്ക്കും പ്രശ്‌നങ്ങളുണ്ടായെങ്കിലും ആരോഗ്യം വീണ്ടെടുത്തു. കോവിഡ് നെഗറ്റീവായെങ്കിലും ശരീരം പഴയ ആരോഗ്യം വീണ്ടെടുക്കുന്നതേയുള്ളൂ. ശ്വാസമെടുക്കുന്നതിനെല്ലാം പ്രയാസമുണ്ടെങ്കിലും ഇപ്പോള്‍ നല്ല ആശ്വാസമുണ്ട്. രോഗാവസ്ഥയില്‍ കഴിയുമ്പോള്‍ തനിക്കുവേണ്ടി നിരവധി പേര്‍ പ്രാര്‍ഥിച്ചെന്ന് അറിയാന്‍ സാധിച്ചു. എല്ലാവരോടും നന്ദി പറയുകയാണ് കോവിഡിനോട് പൊരുതി വിജയിച്ച ബെഞ്ചമിന്‍.
പണമടയ്ക്കാൻ ബാങ്കിലേക്കു പോകവെ സ്കൂട്ടറുമായി കുലംകുത്തിയൊഴുകുന്ന ചാലിലേക്കു വീണ വനിതാ കലക്‌ഷൻ ഏജന്റ് അത്ഭുതകരമായി രക്ഷപ്പെട്ടു; ഒഴുക്കിൽ പെട്ട സ്കൂട്ടി ഒരു മണിക്കൂർ നീണ്ട തിരച്ചിലിൽ കണ്ടെടുത്തു. ബങ്കളം കൂട്ടപ്പുന്ന കള്ളിപ്പാലിലെ എം.വി.സുനിത (38) യാണ് ബങ്കളം പുതിയകണ്ടം ചാലിൽ വീണത്. മടിക്കൈ സർവീസ് സഹകരണ എരിക്കുളം ശാഖയിലെ കലക്‌ഷൻ ഏജന്റായ ഇവർ വീട്ടിൽ നിന്നു ബാങ്കിലേക്കു പണമടയ്ക്കാൻ പോകുകയായിരുന്നു.
ഇറക്കമിറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട സ്കൂട്ടർ ചാലിന്റെ പാലത്തിലേക്കു കയറുന്നതിനു തൊട്ടു മുൻപുള്ള പൊന്തക്കാട്ടിലേക്കു ചെരിയുകയും അതുവഴി ചാലിലേക്കു വീഴുകയുമായിരുന്നു. തൊട്ടു പിന്നാലെയുണ്ടായിരുന്ന പിക്കപ്പ് ജീപ്പിന്റെ ഡ്രൈവർ മടിക്കൈ കോളിക്കുന്നിലെ എം.വി.രാജു സുനിത ചാലിലേക്കു വീഴുന്നത് കണ്ടിരുന്നു. ഇദ്ദേഹം വാഹനം നിർത്തി സുനിതയെ രക്ഷിക്കാനായി ചാലിലേക്കു ചാടി. ഇതിനിടെ ബഹളം കേട്ട് നാട്ടുകാരും സ്ഥലത്തെത്തി. സ്കൂട്ടറും പണവും രേഖകളുമടങ്ങിയ ബാഗും ഒഴുക്കിൽ പെട്ടു.ചാലിൽ നിന്നു കരയ്ക്കു കയറിയ സുനിതയെ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി വീട്ടിലേക്കു വിട്ടു.
കൂടുതൽ പേർ എത്തി പുഴയിൽ ചാടി ഒരു മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണ് സ്കൂട്ടർ കിട്ടിയത്. ബങ്കളം– എരിക്കുളം റോഡിൽ ആണ് പള്ളത്തു വയൽ ചാൽ. വേനലിൽ കൃഷി ആവശ്യത്തിനു വെള്ളം കെട്ടി നിർത്തുന്ന തടയണയാണ് ഇത്. നല്ല ഒഴുക്കുള്ള ചാലിൽ 10 അടിക്കു മേൽ വെള്ളമുണ്ടായിരുന്നു. പിലാത്തറ മുണ്ടൂരിലെ രമേശന്റെ ഭാര്യയാണ് അപകടത്തിൽ പെട്ട സുനിത. സുനിതയുടെ ജീവൻ രക്ഷിച്ച രാജു എരിക്കുളം സ്റ്റാൻഡിലെ പിക്കപ്പ് ഡ്രൈവർ ആണ്. ഡിവൈഎഫ്ഐ ബങ്കളം യൂണിറ്റ് രാജുവിനെ ഉപഹാരം സമ്മാനിച്ച് അനുമോദിച്ചു.
തൊടുപുഴ കോവിഡ് മാർഗനിർദ്ദേശങ്ങൾ ലംഘിച്ച് നിശാപാർട്ടിയും ബെല്ലി ഡാൻസും സംഘടിപ്പിച്ച വ്യവസായിക്കെതിരെ പൊലീസ് കേസെടുത്തു. ബെല്ലി ഡാൻസിനെത്തിയ യുവതികൾക്കു ദിവസം അഞ്ചുലക്ഷം രൂപ വീതം നൽകിയതായി വിവരം. ഇടുക്കി രാജാപ്പാറയിൽ നടന്ന പാർട്ടിയിൽ ഇരുന്നൂറോളം പേർ പങ്കെടുത്തു. പാർട്ടിയിൽ 250 ലീറ്ററോളം മദ്യമെത്തിച്ചതായുള്ള വിവരത്തെത്തുടർന്ന് എക്സൈസ് അന്വേഷണമാരംഭിച്ചു. രാഷ്ട്രീയ നേതാക്കന്മാരുടെയും പൊലീസിന്റേയും മൗനാനുവാദത്തോടെയായിരുന്നു പരിപാടി.
കോവിഡ് ഭീതിയിൽ നാട് കഷ്ടപ്പെടുമ്പോഴാണു കഴിഞ്ഞ ഞായറാഴ്ച പരിപാടികൾ നടന്നത്. വ്യാപാര കേന്ദ്രത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചുള്ള രാത്രി ആഘോഷം സ്വകാര്യ റിസോർട്ടിലായിരുന്നു. നിശാപാർട്ടിയും ബെല്ലി ഡാൻസും രാത്രി 8 മുതൽ ആറ് മണിക്കൂർ നീണ്ടു. കോവിഡ് മാർഗനിർദേശങ്ങളെല്ലാം കാറ്റിൽപ്പറത്തി ഇരുന്നൂറോളം ആളുകൾ പങ്കെടുത്തു. രാഷ്ട്രീയക്കാരും പൊലീസുകാരുമെല്ലാം പരിപാടിക്കെത്തി. ബെല്ലി ഡാൻസിനായി നർത്തകിയെ സംസ്ഥാനത്തിനു പുറത്ത് നിന്നാണ് കൊണ്ടുവന്നത്. മുംബൈ സ്വദേശികളായ നർത്തകിമാരെ ഹൈദരാബാദിൽ നിന്നുമാണ്ബുക്ക് ചെയ്തത്.
ഒരു ദിവസം അഞ്ചുലക്ഷം രൂപ കരാറിൽ നാലുദിവസത്തേയ്ക്കാണ് ഇവരെ എത്തിച്ചതെന്നാണു വിവരം. കൊച്ചിയിലെത്തിയ നർത്തകിമാരെ പ്രത്യേക വാഹനത്തിൽ ശനിയാഴ്ച സ്ഥലത്തെത്തിച്ചു. പരിപാടിക്കു ശേഷം ഇവർ കേരളം വിട്ടിട്ടില്ലെന്നാണു വിവരം. തൃശൂരിലും സമാന രീതിയിൽ പരിപാടി നടത്തുവാൻ കരാർ ഉണ്ടാക്കിയതായും വിവരമുണ്ട്. ഇതിനെക്കുറിച്ചും പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണമാരംഭിച്ചു.
നിശാപാർട്ടിയിൽ പങ്കെടുത്തവർ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ സാമൂഹികമാധ്യങ്ങളിൽ പ്രചരിച്ചതോടെയാണ് ശാന്തൻപാറ പൊലീസ് സംഘാടകനായ വ്യാപാരിക്കെതിരെ കേസെടുത്തത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു ബാക്കിയുള്ളവർക്കെതിരെയും കേസെടുക്കാനാണു തീരുമാനം. അതേസമയം സംഭവം വിവാദമായതോടെയാണ് പൊലീസ് കേസെടുത്തതെന്നും ആരോപണമുണ്ട്. പരിപാടി നടന്ന അന്ന് തന്നെ പൊലീസുകാർ റിസോർട്ടിൽ എത്തിയിരുന്നതായും എന്നാൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടൽ മൂലം കേസെടുക്കാതെ മടങ്ങുകയായിരുന്നുവെന്നാണ് ആരോപണം.
സംഭവത്തിൽ ഇരുനൂറ്റമ്പതോളം ലീറ്റർ മദ്യം റിസോർട്ടിൽ എത്തിച്ചിരുന്നതായി എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇന്ന് റിസോർട്ടിൽ എക്സൈസ് പരിശോധന നടത്തി. കൂടുതൽ അന്വേഷണം സിസിടിവി ദൃശ്യങ്ങൾ ലഭിച്ച ശേഷം ഉണ്ടാകും. സംഭവത്തിൽ ആരോപണം നേരിടുന്ന പൊലീസും പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണമാരംഭിച്ചു. വിവിധ സംഘടനകളും വ്യക്തികളും മുഖ്യമന്ത്രി, ഡിജിപി, ജില്ലാ പൊലീസ് മേധാവികൾ എന്നിവർക്കു പരാതികൾ നൽകിയിട്ടുണ്ട്.