യാത്രക്കാരനെ പോലെ എത്തി ഓട്ടോ ഡ്രൈവര്‍ക്ക് സര്‍പ്രൈസായി സിനിമയിലേക്ക് പാടാന്‍ അവസരം നല്‍കി ഞെട്ടിച്ച് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഇമ്രാന്‍ ഖാനാണ് ഗോപി സുന്ദറിന്റെ സര്‍പ്രൈസ് ഓഫര്‍ ലഭിച്ചത്.
റിയാലിറ്റി ഷോയിലൂടെ ഗായകനെന്ന നിലയില്‍ പ്രശസ്തി നേടിയെങ്കിലും കൊല്ലത്ത് ഓട്ടോ ഓടിച്ചാണ് ഇമ്രാന്‍ ഖാന്‍ ജീവിക്കുന്നത്. അതിനിടയില്‍ ചില സ്വകാര്യ ടെലിവിഷന്‍ പരിപാടികളിലും മുഖം കാണിച്ചിരുന്നു. അത്തരമൊരു പരിപാടിയില്‍ വച്ചാണ് ഒരു പാട്ടു നല്കാമെന്ന് ഗോപിസുന്ദര്‍ ഇമ്രാന് വാക്കു നല്കുന്നത്.
എന്നാല്‍ ആ അവസരം ഇമ്രാന് നല്‍കുന്നത് അല്‍പ്പം വ്യത്യസ്തമായി തന്നെയാവാമെന്ന് ഗോപി സുന്ദര്‍ തീരുമാനിച്ചു. അതിനായി അദ്ദേഹം സുഹൃത്തുക്കള്‍ക്കൊപ്പം സ്വന്തം വാഹനത്തില്‍ കൊല്ലത്ത് എത്തി. പിന്നീട്, ഒരു യാത്രക്കാരനെന്ന മട്ടില്‍ ഇമ്രാന്‍ ഖാന്റെ ഓട്ടോയില്‍ കയറുകയായിരുന്നു.
യാത്രക്കാരനെ പോലെ തന്റെ ഓട്ടോയില്‍ കയറിയത് ഗോപി സുന്ദറാണെന്ന് ഇമ്രാനും തിരിച്ചറിഞ്ഞില്ല. കാരണം മാസ്‌കും തൊപ്പിയും ധരിച്ചുകൊണ്ടായിരുന്നു ഗോപീ സുന്ദര്‍ എത്തിയത്. ഒടുവില്‍ ഒരു ചായ കുടിക്കാന്‍ നിറുത്തണമെന്ന് ആവശ്യപ്പെട്ട് വാഹനം നിറുത്തി പുറത്തേക്കിറങ്ങിയപ്പോള്‍ സൗഹൃദ സംഭാഷണത്തിന്റെ ഭാഗമായി ഇമ്രാന്‍ യാത്രികന്റെ പേര് ചോദിച്ചു.
ഗോപിസുന്ദര്‍ എന്നു പറഞ്ഞു കൈ കൊടുത്തതും ഇമ്രാന്‍ ഞെട്ടിപ്പോയി. കണ്ടുമുട്ടലിന്റെ ഞെട്ടല്‍ മാറും മുന്പ് പുതിയ പാട്ടിന്റെ അഡ്വാന്‍സും ഗോപിസുന്ദര്‍ ഇമ്രാന്റെ കയ്യില്‍ നല്കി. ഇമ്രാന്‍ ആദ്യമായി പാടിയ പള്ളിയുടെ മുറ്റത്തു വച്ചായിരുന്നു ഈ അപൂര്‍വ്വ കൂടിക്കാഴ്ച നടന്നതെന്നാണ് മറ്റൊരു പ്രത്യേകത.
ഇമ്രാന്‍ ഖാനൊപ്പം ഓട്ടോയില്‍ കൊല്ലത്തിലൂടെ സഞ്ചരിച്ച ഗോപിസുന്ദര്‍ പുതിയ പാട്ടിന്റെ ഈണം ഇമ്രാനെ പഠിപ്പിക്കുകയും ചെയ്തു. ബി.കെ ഹരിനാരായണനാണ് പാട്ടിന് വരികളൊരുക്കുന്നത്. അധികം കാലതാമസമില്ലാതെ പാട്ടിന്റെ റെക്കോര്‍ഡിങ് ഉണ്ടാകുമെന്നും ഗോപിസുന്ദര് അറിയിച്ചു. ഇമ്രാന്‍ ഖാന് സര്‍പ്രൈസ് നല്കുന്ന വിഡിയോ ഗോപിസുന്ദര്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
https://www.facebook.com/Official.GopiSundar/posts/2830817867018725
കൊവിഡ് 19 വൈറസ് ബാധിച്ച് മലയാളി നാവികസേന ഉദ്യോഗസ്ഥന്‍ ഗോവയില്‍ മരിച്ചു. ആര്യാട് പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ ചെമ്പന്തറ ചാലാത്തറ (കൗസ്തുഭം) യില്‍ പ്രകാശിനിയുടെ മകന്‍ പ്രമോദ് ആണ് മരിച്ചത്. 26 വയസായിരുന്നു.
കപ്പലിലായിരുന്ന പ്രമോദിന് ഒരാഴ്ച മുമ്പാണ് രോഗം സ്ഥിരീകരിച്ചത്. ഗോവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രമോദ് ഞായറാഴ്ചയാണ് മരിച്ചത്. നാലു ദിവസം മുമ്പുവരെ കുടുംബാംഗങ്ങളുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്ന പ്രമോദ് തനിക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നു. മൃതദേഹം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
കുഞ്ഞ് റജയുടെ ഒരേ കരച്ചില്‍ എട്ടംഗ കുടുംബത്തിനെ രക്ഷിച്ചത് മരണവക്കില്‍ നിന്ന്. എടപ്പറ്റ യൂസഫ് കുരിക്കളിന്റെ വീടാണ് അഞ്ച് നിമിഷം കൊണ്ട് നിലംപൊത്തിയത്. ഇത്രയും കാലം താമസിച്ച വീട് നിലംപൊത്തിയിട്ടും താനും കുടുംബവും ഒരു പോറല്‍പോലുമേല്‍ക്കാതെ രക്ഷപ്പെട്ടതിന്റെ ആശ്വാസം മാത്രമാണ് യൂസഫിനുള്ളത്. യൂസഫിന്റെ പേരക്കുട്ടിയായ കുഞ്ഞ് റജയാണ് കുംടുംബത്തെ മരണവക്കില്‍ നിന്ന് കരകയറ്റിയത്. ശനിയാഴ്ച പുലര്‍ച്ചെയാണ് കരുവാരക്കുണ്ട് അക്കരപ്പുറം യൂസഫ് കുരിക്കളുടെ വീട് തകര്‍ന്നത്. കണ്‍മുന്‍പിലാണ് ഓടിട്ട ഇരുനില വീട് തകര്‍ന്ന് വീണത്.
അപ്പാടെ നിലംപൊത്തിയപ്പോള്‍ വീടിന് മുമ്പില്‍നിന്ന് ആ നടുക്കുന്ന കാഴ്ച നേരിട്ട് കാണുകയായിരുന്നു യൂസഫും കുടുംബവും. നിമിഷങ്ങള്‍ വൈകിയിരുന്നെങ്കില്‍ നാല് കുട്ടികളടക്കം എട്ട് പേര്‍ ആ വീടിനടിയില്‍ കുടുങ്ങിപ്പോകുമായിരുന്നുവെന്ന് യൂസഫ് പറയുന്നു. പതിവ് പോലെ അന്നും കുടുംബാംഗങ്ങളെല്ലാം ഭക്ഷണവും കഴിച്ച് ഉറങ്ങുകയായിരുന്നു. എന്നാല്‍ പുലര്‍ച്ചെ രണ്ട് മണിയോടെ യൂസഫിന്റെ പേരമകള്‍ ഫാത്തിമ റജ കരഞ്ഞുണര്‍ന്നു.
മകള്‍ നിര്‍ത്താതെ കരച്ചില്‍ തുടര്‍ന്നതോടെ റജയുടെ മാതാവ് ജസീനയും എഴുന്നേറ്റു. കരഞ്ഞുകൊണ്ടിരുന്ന മകളെ ഉറക്കാന്‍ ശ്രമിക്കുന്നതിനിടെ ചുമരുകളില്‍നിന്ന് ശബ്ദവും, ചുമരുകള്‍ വിണ്ടുകീറുന്നതും മണ്ണ് പൊടിയുന്നതും ശ്രദ്ധയില്‍പ്പെട്ടു. എന്തോ സംഭവിക്കുന്നതായി തോന്നിയതോടെ ജസീന മറിച്ചൊന്നും ചിന്തിച്ചില്ല. ഉടന്‍തന്നെ മകളെയും എടുത്ത് തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന ഭര്‍തൃപിതാവ് യൂസഫിനെ വിളിച്ചുണര്‍ത്തി. വീടിന് എന്തോ സംഭവിക്കുന്നുവെന്ന് മനസിലായതോടെ യൂസഫും മറ്റുള്ളവരും കുട്ടികളെയും എടുത്ത് പുറത്തേക്കോടി.
എട്ട് പേരും വീട്ടില്‍നിന്ന് പുറത്തിറങ്ങിയ അഞ്ച് മിനിറ്റ് കഴിഞ്ഞതോടെ അവരുടെ കണ്‍മുന്നില്‍ വീട് തകര്‍ന്നുവീഴുകയായിരുന്നു. വീടിന്റെ മുകള്‍നിലയില്‍ ആരും കിടക്കാറുണ്ടായിരുന്നില്ല. അവിടെ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ കുടുങ്ങിപ്പോകുമായിരുന്നുവെന്നും യൂസഫ് പറയുന്നു. ഏതായാലും പേരക്കുഞ്ഞിന്റെ ശബ്ദത്തില്‍ എത്തിയത് പുതുജീവിതമാണ് ഇവര്‍ക്ക്.
മലപ്പുറം: എല്ലാം ഭാഗ്യം എന്ന് മാത്രമാണ് എടപ്പറ്റ യൂസഫ് കുരിക്കള്‍ പറയുന്നത്. ഇത്രയും കാലം താമസിച്ച വീട് നിലംപൊത്തിയിട്ടും താനും വും ഒരു പോറല്‍പോലുമേല്‍ക്കാതെ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് യൂസഫ്. അതിന് നിമിത്തമായതാകട്ടെ പേരക്കുട്ടിയായ കുഞ്ഞ് റജയും.
ശനിയാഴ്ച പുലര്‍ച്ചെയാണ് കരുവാരക്കുണ്ട് അക്കരപ്പുറം യൂസഫ് കുരിക്കളുടെ വീട് തകര്‍ന്നത്. ഓടിട്ട ഇരുനില വീട് അപ്പാടെ നിലംപൊത്തിയപ്പോള്‍ വീടിന് മുമ്പില്‍നിന്ന് ആ നടുക്കുന്ന കാഴ്ച നേരിട്ട് കാണുകയായിരുന്നു യൂസഫും കുടുംബവും. നിമിഷങ്ങള്‍ വൈകിയിരുന്നെങ്കില്‍ നാല് കുട്ടികളടക്കം എട്ട് പേര്‍ ആ വീടിനടിയില്‍ കുടുങ്ങിപ്പോകുമായിരുന്നുവെന്ന് യൂസഫ് പറയുന്നു.
പതിവ് പോലെ അന്നും കുടുംബാംഗങ്ങളെല്ലാം ഭക്ഷണവും കഴിച്ച് ഉറങ്ങുകയായിരുന്നു. എന്നാല്‍ പുലര്‍ച്ചെ രണ്ട് മണിയോടെ യൂസഫിന്റെ പേരമകള്‍ ഫാത്തിമ റജ കരഞ്ഞുണര്‍ന്നു. മകള്‍ നിര്‍ത്താതെ കരച്ചില്‍ തുടര്‍ന്നതോടെ റജയുടെ മാതാവ് ജസീനയും എഴുന്നേറ്റു. കരഞ്ഞുകൊണ്ടിരുന്ന മകളെ ഉറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ചുമരുകളില്‍നിന്ന് ജസീന ചില ശബ്ദങ്ങള്‍ കേട്ടത്. ചുമര്‍ വിണ്ടുകീറുന്നതിന്റെയും മണ്ണ് പൊടിയുന്നതിന്റെയും ശബ്ദമായിരുന്നു അത്. എന്തോ സംഭവിക്കുന്നതായി തോന്നിയതോടെ ജസീന മറിച്ചൊന്നും ചിന്തിച്ചില്ല. ഉടന്‍തന്നെ മകളെയും എടുത്ത് തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന ഭര്‍തൃപിതാവ് യൂസഫിനെ വിളിച്ചുണര്‍ത്തി. വീടിന് എന്തോ സംഭവിക്കുന്നുവെന്ന് മനസിലായതോടെ യൂസഫും മറ്റുള്ളവരും കുട്ടികളെയും എടുത്ത് പുറത്തേക്കോടി. എട്ട് പേരും വീട്ടില്‍നിന്ന് പുറത്തിറങ്ങി അഞ്ച് മിനിറ്റ് കഴിഞ്ഞതോടെ അവരുടെ കണ്‍മുന്നില്‍ വീട് തകര്‍ന്നുവീഴുകയായിരുന്നു.
അപകടം മണത്തതോടെ വേഗത്തില്‍ പുറത്തിറങ്ങാന്‍ പറ്റിയതും വീട്ടിലെ സാധനങ്ങളൊന്നും എടുക്കാന്‍ ശ്രമിക്കാതിരുന്നതുമാണ് രക്ഷപ്പെടാന്‍ കാരണമെന്ന് യൂസഫ് പറഞ്ഞു. അതിനെക്കാളേറെ പേരമകള്‍ റജ കരഞ്ഞുണര്‍ന്നതും വലിയ നിമിത്തമായി. വീടിന്റെ മുകള്‍നിലയില്‍ ആരും കിടക്കാറുണ്ടായിരുന്നില്ല. അവിടെ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ കുടുങ്ങിപ്പോകുമായിരുന്നുവെന്നും യൂസഫ് പറയുന്നു.
യൂസഫും ഭാര്യയും മകളും മരുമകളും നാല് പേരക്കുട്ടികളുമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. ചുമരുകളില്‍ നേരത്തെ വിള്ളലുകള്‍ കണ്ടിരുന്നെങ്കിലും ആരും കാര്യമാക്കിയിരുന്നില്ല. ഏകദേശം 70 വര്‍ഷം മുമ്പ് നിര്‍മിച്ച വീടാണിത്. കാലപ്പഴക്കവും ചുമരുകളിലേക്ക് വെള്ളം ഇറങ്ങിയതുമാകാം അപകടകാരണമെന്നാണ് യൂസഫ് കരുതുന്നത്. കുറേദിവസമായി പ്രദേശത്ത് കനത്ത മഴ പെയ്തിരുന്നു. ഒട്ടേറെ ഫര്‍ണീച്ചറുകളും മറ്റും അപകടത്തില്‍ നശിച്ചു. നാശനഷ്ടം കണക്കാക്കാന്‍ വില്ലേജ് ഓഫീസ് അധികൃതര്‍ ചൊവ്വാഴ്ച സ്ഥലം സന്ദര്‍ശിക്കും. നിലവില്‍ സമീപത്തെ ബന്ധുവീട്ടിലാണ് യൂസഫും കുടുംബവും താമസിക്കുന്നത്.
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് വീണ്ടും എന്‍ഐഎ കസ്റ്റഡിയില്‍. വെള്ളിയാഴ്ച്ച വരെ ആണ് സ്വപ്‌നയെ കോടതി എന്‍ഐഎ കസ്റ്റഡിയില്‍ വിളിച്ചത്. വെള്ളിയാഴ്ച്ച വരെ ആണ് കസ്റ്റഡി കാലാവധി. ജൂണ്‍ 10 ബെംഗളൂരുവില്‍ അറസ്റ്റിലായ ശേഷം തുടര്‍ച്ചയായി 12 ദിവസം സ്വപ്നയെ എന്‍ഐഎ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് രണ്ട് മാസങ്ങള്‍ക്ക് വീണ്ടും മൂന്ന് ദിവസത്തെ കസ്റ്റഡി.
നേരത്തെ, സ്വപ്ന നല്‍കിയ മൊഴികളില്‍ പലതും വസ്തുതാപരമല്ലെന്ന് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യലിനായി ദേശീയ അന്വേഷണ ഏജന്‍സ് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്. സ്വപ്നയില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ എന്‍ഐഎ ശേഖരിച്ച് ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും ഇനിയുള്ള ചോദ്യം ചെയ്യല്‍. ഡിജിറ്റല്‍ തെളിവുകളില്‍ എം ശിവശങ്കര്‍ മറ്റു ചില ഉന്നതര്‍ എന്നിവരുമായി ബന്ധപ്പെട്ട കുടുതല്‍ വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യല്‍ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുന്നത് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
അതേസമയം, എന്‍ഐഎ കസ്റ്റഡി സമയത്ത് ബന്ധുക്കളെ കാണാന്‍ സ്വപ്‌നയ്ക്ക് കോടതിയുടെ അനുമതിയുണ്ട്. നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് സ്വപ്ന കോടതിയെ അറിയിച്ചു.
ഇതിനിടെ, സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചുമത്തിയ കേസില്‍ മൂന്നാം പ്രതി സന്ദീപ് നായര്‍ക്ക് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്ത് 60 ദിവസം ആയിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ ആണ് ജാമ്യം അനുവദിച്ചത്. നിലവില്‍ എന്‍ഐഎ ചുമത്തിയ യുഎപിഎ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നതിനാല്‍ സന്ദീപിന് നിലവിലെ ജമ്യത്തില്‍ പുറത്തിറങ്ങാന്‍ കഴിയില്ല.
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കണമെന്ന സർക്കാർ ആവശ്യം കോടതി തള്ളി. കേസ് തുടരാൻ തിരുവനന്തപുരം സിജെഎം കോടതിയുടെ ഉത്തരവ്. മന്ത്രിമാരായ ഇ.പി ജയരാജൻ, കെ.ടി ജലീൽ എന്നിവരും കേസിൽ പ്രതികളാണ്.
പൊതുമുതല്‍ നശീകരണം അടക്കം ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തിരുന്ന കേസാണ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. വി.ശിവന്‍ കുട്ടി മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവർ തടസഹര്‍ജി നല്‍കിയിരുന്നു.
പൂട്ടിക്കിടന്ന ബാറുകള്‍ തുറക്കാന്‍ ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ചാണ്, ബജറ്റ് അവതരണത്തിനു ശ്രമിച്ച അന്നത്തെ ധനമന്ത്രി കെ.എം.മാണിയെ തടയാന്‍ ഇടതുപക്ഷം സഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിച്ചത്. സഭയിലെ മൈക്ക് മുതൽ കസേരകൾ വരെ നിരവധി സാധനങ്ങളാണ് നശിപ്പിച്ചത്.
പ്രക്ഷോഭത്തിനിടെ, പ്രതിപക്ഷ എം.എല്‍.എ.മാര്‍ സ്പീക്കറുടെ ഡയസില്‍ അതിക്രമിച്ചു കടന്ന് കംപ്യൂട്ടറുകളും കസേരകളും തല്ലിത്തകര്‍ത്തിരുന്നു. വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍, ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍ എന്നിവരടക്കം ആറുപേരാണ് കേസിലെ പ്രതികള്‍. കെ.അജിത്, കെ.കുഞ്ഞുമുഹമ്മദ്, സി.കെ.സദാശിവന്‍,വി.ശിവന്‍കുട്ടി എന്നിവരും കേസിലെ പ്രതികളാണ്.
പൊതുമുതൽ നശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസ് എഴുതിത്തള്ളാനാകില്ലെന്ന് കോടതി പറഞ്ഞു. 2,20,000 രൂപയുടെ നാശനഷ്ടങ്ങളാണ് അന്നുണ്ടായത്. ഹര്‍ജി പിന്‍വലിക്കരുതെന്ന് ആവശ്യപ്പെട്ട് കോട്ടയം സ്വദേശികളായ പൊതുപ്രവര്‍ത്തകരായ എം.ടി.തോമസ്, പീറ്റര്‍ മയിലിപറമ്പില്‍ എന്നിവരും ഹര്‍ജി നല്‍കിയിരുന്നു.
എടത്വാ: ആതുര സേവനപാതയിലൂടെ അശരണർക്ക് ആശാദീപമായി മാറിയ ഡോ. ജോൺസൺ വി ഇടിക്കുള ലോക സമാധാനം ലക്ഷ്യമിട്ട് വേറിട്ട പ്രവർത്തനങ്ങളിലൂടെ മാത്യകയാകുകയാണ്.
ഐക്യത്തിന്റെയും മതസൗഹാർദ്ധത്തിന്റെയും സന്ദേശം പ്രചരിപ്പിക്കന്നതിന് കഴിഞ്ഞ 10 വർഷമായി നടത്തി വരുന്ന ശ്രമങ്ങൾ ഇതിനോടകം ശ്രദ്ധ നേടി കഴിഞ്ഞു. വേൾഡ് പീസ് ഫൗണ്ടേഷൻ്റെ ജനറൽ സെക്രട്ടറി എന്ന നിലയിൽ 2012 ൽ ഈ സന്ദേശം പ്രചരിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് തിരുവനന്തപുരം സെക്രട്ടേറിയേറ്റ് ഡർബാർ ഹാളിലും ഡൽഹി വൈ.എം.സി.എയിലും ഗാന്ധി പീസ് ഫൗണ്ടേഷൻ ആസ്ഥാനത്തും മറ്റ് വിവിധ സംസ്ഥാനങ്ങളിലും കോളജുകളിലും സ്കൂളുകളിലും,ഗാന്ധി സ്മാരക കേന്ദ്രം എന്നിവിടങ്ങളിലും ലോകസമാധാന ചങ്ങല പ്രദർശനങ്ങൾ നടത്തുകയും ലോകത്തെ ഏറ്റവും വലിയ സമാധാന ചങ്ങല എന്ന നിലയിൽ ലിംങ്കാ ലോക റിക്കാർഡിലും ഇടം ലഭിച്ചിട്ടുണ്ട്.
ആലപ്പുഴ തലവടി ബെറാഖാ ഭവനിൽ ഡോ.ജോണ്‍സണ്‍ വി ഇടിക്കുള കഴിഞ്ഞ 24 വര്‍ഷമായി ജീവകാരുണ്യ – സാമൂഹിക മേഖലകളിലും നടത്തി വരുന്ന പ്രവർത്തനങ്ങളിലൂടെ ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ഡ്, അസിസ്റ്റ് വേള്‍ഡ് റിക്കാര്‍ഡ്, യൂണിക്ക് വേള്‍ഡ് റിക്കാര്‍ഡ്, വേള്‍ഡ് അമേസിംങ്ങ് റിക്കാര്‍ഡ്, ഇന്ത്യന്‍ അച്ചീവേഴ്‌സ് ബുക്ക് ഓഫ് റിക്കാര്‍ഡ്, ഇംഗ്ലണ്ട് ആസ്ഥാനമായുള്ള റിക്കാർഡ് ഹോൾഡേഴ്സ് റിപ്പബ്ളിക്ക്, യു ആർ.എഫ് ബുക്ക് ഓഫ് റെക്കോർഡ് എന്നിവയിലും ഇടം ലഭിച്ചിട്ടുണ്ട്.
കൂടാതെ, ഇന്ത്യന്‍ ജേസീസ് അവാര്‍ഡ്, കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ബെസ്റ്റ് സോഷ്യല്‍ വര്‍ക്കര്‍ അവാര്‍ഡ്, കേരള യൂത്ത് ക്ലബ് അസോസിയേഷന്റെ സേവന പുരസ്‌കാരം, വൈ.എം.സി.എ ലീഡര്‍ഷിപ്പ് അവാര്‍ഡ്, അഹമ്മദാബാദ് ജീനിയസ് ഫൗണ്ടേഷന്റെ ജീനിയസ് അവാര്‍ഡ് ,സെക്കന്ദ്രബാദ് ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡ്സിന്റ ഇന്ത്യന്‍ എക്‌സലന്‍സി അവാര്‍ഡ് ,കാത്തലിക്ക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ഗുഡ് സമരിറ്റൻ പുരസ്ക്കാരവും നേടിയിട്ടുണ്ട്. ഭാരതീയ മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ കർമ്മ ശ്രേഷ്ഠ പുരസ്ക്കാരത്തോടൊപ്പമുള്ള അവാർഡ് തുകയും സംസ്ഥാന യുവജനക്ഷേമ ബോർഡിൻ്റെ യൂത്ത് അവാർഡിനോടൊപ്പം ഉണ്ടായിരുന്ന തുകയും നിർധനരായ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് നല്കി വീണ്ടും മാതൃക ആകുകയായിരുന്നു.
ബാലജനസഖ്യത്തിലൂടെയാണ് പൊതു പ്രവർത്തന ശൈലി ഉൾക്കൊണ്ടത്.1986 ൽ വേൾഡ് വിഷൻ്റെ ആദ്യകാല പ്രവർത്തകൻ ആയിരുന്നു. സമൂഹം അറപ്പോടെയും വെറുപ്പോടെയും കാണുന്നതിനപ്പുറം ബന്ധുക്കളുടെയും മിത്രങ്ങളുടെയും അവഗണനയും സഹിച്ച് നൂറനാട് കുഷ്ഠരോഗാശുപത്രിയിൽ കഴിയുന്ന അന്തേവാസികൾക്കൊപ്പമാണ് 2003 മുതൽ ഉള്ള ക്രിസ്മസ് ഉൾപെടെയുളള വിശേഷ ദിവസങ്ങൾ ചിലവഴിക്കുന്നത്.
കേരളത്തിലെ തീര പ്രദേശങ്ങളിൽ ഉണ്ടായ സുനാമി ബാധിത പ്രദേശങ്ങളിൽ ഡോ.ജോൺസൺ നടത്തിയ ജീവകാരുണ്യ _ ദുരിതാശ്വാസ പ്രവർത്തനങ്ങളെ അന്നത്തെ മുഖ്യമന്ത്രി എ.കെ.ആന്റണി ക്യാമ്പിൽ നേരിട്ടെത്തി അഭിനന്ദിച്ചിരുന്നു. .വിവിധ മേഖലകളിലെ പ്രവർത്തനങ്ങളിലൂടെ കേന്ദ്ര യുവജന ക്ഷേമ കായിക മന്ത്രാലയത്തിന്റെ യൂത്ത് അവാഡിനും അർഹനായിട്ടുണ്ട്.
ശൈശവ വിവാഹം രാജ്യത്ത് നിരോധിക്കണമെന്ന് ആവശ്യപെട്ട 10000 വിദ്യാർത്ഥികൾ ഒപ്പിട്ട ഭീമ ഹർജി 2004ൽ രാഷ്ട്രപതിക്ക് സമർപ്പിച്ചിരുന്നു.ചിക്കൻ ഗുനിയ പടർന്നു പിടിച്ചപ്പോൾ “സഞ്ചരിക്കുന്ന ആശുപത്രി “യിലൂടെ അംഗൻവാടികൾ , സ്കൂളുകൾ ,കോളജുകൾ എന്നിവിടങ്ങളിൽ സൗജന്യ മെഡിക്കൽ ക്യാമ്പും പരിശോധനയും സംഘടിപ്പിച്ച് പ്രതിരോധ മരുന്നുകളും വിതരണം ചെയ്തു. അന്യ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവർക്ക് രോഗം പിടിക്കാതിരിക്കാൻ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ ഓപ്പൺ ഫിവർ ക്ലിനിക്കിന് നേതൃത്വം നല്കി. ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി അന്ധതാ നിവാരണ സമിതിയുമായി സഹകരിച്ച് വിവിധ ജില്ലകളിലുടനീളം നേത്ര ദാന ബോധവത്ക്കരണ സന്ദേശ യാത്ര നടത്തുകയും ചെയ്തു.
കൊല്ലം പുറ്റിങ്ങൽ ക്ഷേത്ര ദുരന്തഭൂമിയിൽ യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുവാനും ക്ഷേത്രത്തിന്റെ ഒരു കി.മി. ചുറ്റളവിൽ ഉളള വീടുകളിലെ കിണറുകളിൽ മാംസ അവശിഷ്ഠങ്ങൾ വീണതിന് തുടർന്ന ശുദ്ധജലം ലഭിക്കാത് ജനം വലഞ്ഞപ്പോൾ വീടുകളിൽ നേരിട്ട് കുടിവെള്ളം വിതരണം ചെയ്യുവാനും നേതൃത്വം നല്കി.
തന്റെ നിരന്തരമായ ഇടപെടലുകളിലൂടെ സാമൂഹിക നന്മക്കു ഉതകുന്ന നിരവധി ഉത്തരവുകൾ അധികൃതരിൽ നിന്ന് നേടി എടുത്തിട്ടുണ്ട്. തെരുവ് നായ് ശല്യം വർദ്ധിച്ചതിനെ തുടർന്ന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട നല്കിയ നിവേദനത്ത തുടർന്ന് മനുഷ്യാവകാശ കമ്മീഷൻ ഇടപെടുകയും പേവിഷബാധക്കുള്ള പ്രതിരോധ മരുന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ലഭ്യമാക്കണമെന്ന് കമ്മീഷൻ ഉത്തരവിട്ടിരുന്നു.10 വർഷം അടഞ്ഞുകിടന്ന എടത്വാ പബ്ളിക്ക് ലൈബ്രററി നവീന രീതിയിൽ ഉളള സൗകര്യങ്ങളോടു കൂടി പ്രവർത്തനം ആരംഭിക്കുന്നതിന് പ്രധാന പങ്ക് വഹിച്ച ഇദ്ദേഹത്തെ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി ആദരിച്ചിരുന്നു.
രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ച സമയം മുതൽ കണ്ടെയ്ൻമെൻ്റ് സോൺ ഉൾപ്പെടെയുളള പ്രദേശങ്ങളിൽ വിവിധ സന്നദ്ധ സംഘടനകളെ ഏകോപ്പിച്ച് വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നുണ്ട്.
ആരോഗ്യ വകുപ്പ് (കെഎസ്എ) അൽഖുർമ ഹോസ്പിറ്റൽ നേഴ്സിങ്ങ് ഡയറക്ടർ ആയ ജിജിമോൾ ജോൺസൺ ഭാര്യയും ബെൻ , ദാനിയേൽ എന്നിവർ മക്കളും ആണ്.വിവിധ പ്രാദേശിക _ അന്തർദേശിയ പ്രസ്ഥാനങ്ങളിൽ സജീവ നേതൃത്വം വഹിക്കുന്ന ഡോ.ജോൺസൺ വി ഇടിക്കുള യു.ആർ.എഫ് വേൾഡ് റെക്കാർഡ്സ് ഏഷ്യൻ ജൂറി കൂടിയാണ്. സേവനപാതയിലൂടെ ലോക റിക്കോർഡിൽ ഇടം പിടിച്ചെങ്കിലും ഡോ. ജോൺസൺ വി ഇടിക്കുള വിനയാന്വിതനായി തന്റെ യാത്ര വീണ്ടും തുടരുന്നു; ”ഈ ചെറിയവരിൻ ഒരുവന് ചെയ്തത് എനിക്കായി ചെയ്യുന്നു ” എന്നുള്ള യേശുനാഥൻ്റെ കല്പന നിറവേറ്റുവാൻ..
ഖുർആന്റെ മറവിൽ സ്വർണം കടത്തിയിട്ടുണ്ടാകാം എന്ന് മന്ത്രി കെ.ടി ജലീൽ തന്നെ ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞതോടെ സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. ഇതു തന്നെയല്ലേ യുഡിഎഫും പറഞ്ഞതെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ് ചോദിച്ചു.
‘ഇത് തന്നെയല്ലേ യു.ഡി.എഫും പറഞ്ഞത്. അതിന്റെ പേരിലല്ലേ വിശുദ്ധ ഖുർആനെ സി.പി.എം വിവാദത്തിലേക്ക് വലിച്ചിഴച്ചത്. ഖുർആന്റെ മറവിൽ സ്വർണ്ണം കടത്തിയിട്ടുണ്ടാകാമെന്ന് ജലീൽ സമ്മതിച്ച സ്ഥിതിക്ക് പിണറായി വിജയൻ മാപ്പു പറയുമോ? സ്വർണ്ണക്കടത്ത് സംഘത്തിനെതിരെയുള്ള സമരത്തെ ഖുർആൻ വിരുദ്ധ സമരമായി ചിത്രീകരിച്ച് വിശ്വാസികളെ വേദനിപ്പിച്ചതിന് കൊടിയേരി ബാലകൃഷ്ണൻ മാപ്പു പറയുമോ?’ ഫിറോസ് ചോദിച്ചു.
അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ ഏജന്‍സികള്‍ക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രംഗത്തെത്തി. അന്വേഷണം ബിജെപിയുടെ രാഷ്ട്രീയ നീക്കമാണ്. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമം. രാഷ്ട്രീയമില്ലെന്ന് പറയുന്നവരുടെ കണ്ണ് പൊട്ടയായിരിക്കാം. പാഴ്സല്‍ അയച്ചവരെ ഇതുവരെ ചോദ്യം ചെയ്തില്ലെന്നും കാനം ചൂണ്ടിക്കാട്ടി. മന്ത്രി കെ.ടി.ജലീല്‍ രാജിവയ്ക്കേണ്ട ആവശ്യമില്ലെന്നും കാനം രാജേന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് മത്സരാര്‍ഥികളില്‍ കാണികളില്‍ ഏറ്റവും കൗതുകമുണര്‍ത്തിയ എന്‍ട്രിയായിരുന്നു രജിത് കുമാറിന്റേത്. എന്നാല്‍ ബിഗ് ബോസില്‍നിന്ന് പുറത്തു വന്ന രജിത്ത് കുമാറിനെ സ്വീകരിക്കാന്‍ കൊറോണ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ മറികടന്ന് നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ ജനം തടിച്ചു കൂടിയിരുന്നു.
ഈ സംഭവത്തില്‍ തന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയിരുന്നുവെന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ഇപ്പോള്‍ രജിത്ത് കുമാര്‍. ‘ആ വിഷയത്തില്‍ എന്റെ ഭാഗത്ത് എന്ത് തെറ്റാണുള്ളത്. ഞാന്‍ ബിഗ്‌ബോസില്‍നിന്ന് തിരിച്ച് വരികയായിരുന്നല്ലോ. അവിടെ തടിച്ചുകൂടിയ ആളുകളുടെ ഉത്തരവാദിത്വം എങ്ങനെയാണ് എന്റെ പേരിലാവുന്നത്.’ രജിത് കുമാര്‍ പറയുന്നു.
മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലില്‍ പോലീസിന് അത് മനസിലായിരുന്നുവെന്നും. അവര്‍ ആള്‍ക്കൂട്ടത്തില്‍ ഒരാളായി മാത്രമാണ് എനിക്കെതിരെ കേസ് എടുത്തത്. രജിത് കുമാര്‍ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രജിത് കുമാര്‍ പ്രതികരിച്ചത്.
സംഭവത്തെ തുടര്‍ന്ന് പോലീസ് തന്റെ പാസ്‌പോര്‍ട്ട് വാങ്ങിവെച്ചുവെന്നും. ഇപ്പോള്‍ അത് റദ്ദാക്കപ്പെട്ടിരിക്കുകയാണ്. നിലവില്‍ ഇപ്പോള്‍ ഞാന്‍ പാസ്‌പോര്‍ട്ട് ഇല്ലാത്ത മനുഷ്യനാണെന്നും രജിത് കുമാര്‍. ഇത്തരം അവസ്ഥകള്‍ ആളുകളെ ആത്മഹത്യ ചെയ്യാന്‍ പ്രരിപ്പിക്കുമെന്നും രജിത് കുമാര്‍ പറയുന്നു.
രജിത്കുമാറിനെ പ്രശസ്തി തേടിയെത്തുന്നത് ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. അതും നീണ്ടൊരു കൂവലിന്റെ രൂപത്തില്‍. ശ്രീശങ്കര കോളെജിലെ ബോട്ടണി ലക്ചറര്‍ ആയിരുന്നു രജിത് കുമാര്‍ അന്ന്. ആര്യ എന്ന ബിരുദ വിദ്യാര്‍ഥിനി ആയിരുന്നു അന്നത്തെ കൂവല്‍ പ്രതിഷേധക്കാരി. പ്രഭാഷണത്തിനിടെ രജിത്കുമാര്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ സ്ത്രീവിരുദ്ധമാണെന്ന് ആക്ഷേപിച്ചായിരുന്നു കൂവല്‍. ആ പ്രതിഷേധം ആര്യയ്ക്ക് കൈയടികള്‍ നേടിക്കൊടുത്തു. രജിത്കുമാറിന് തുടര്‍ച്ചയായി പ്രഭാഷണങ്ങള്‍ക്കുള്ള അവസരങ്ങളും. ഇത്തരത്തില്‍ രജിത് കുമാറിന്റെ പല പ്രസ്താവനകളും വിവാദം സൃഷ്ടിച്ചിരുന്നു.