നടന്‍ ശ്രീനിവാസന്‍ മാപ്പ് പറയണമെന്നാവശ്യവുമായി അങ്കണവാടി പ്രവര്‍ത്തകര്‍. ശ്രീനിവാസന്‍ അങ്കണവാടി അധ്യാപകരെ അധിക്ഷേപിച്ച് സംസാരിച്ചെന്നാരോപിച്ച് അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പേഴ്സ് യുണിയന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നു.
ശ്രീനിവാസന്റെ വീടിനുമുന്നിലാണ് പ്രതിഷേധം നടന്നത്. നടന്‍ ശ്രീനിവാസനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും നടന്‍ മാപ്പു പറയണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. കണ്ടനാട് കവലയില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ 40 ഓളം അങ്കണവാടി പ്രവര്‍ത്തകര്‍ പങ്കെടുത്തു.
അതേസമയം സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ ശ്രീനിവാസന്‍ തയാറായില്ല. സിനിമ ചര്‍ച്ചകളിലാണെന്നും അതിനാല്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നുമാണ് നടന്‍ അറിയിച്ചത്.
നടി ഷംന കാസിമിന് എതിരെ നടന്ന തട്ടിപ്പു കേസില്‍ സിനിമാ മേഖലയിൽ ഉള്ളവരുടെ പങ്ക് അന്വേഷിക്കുമെന്ന് കൊച്ചി ഡിസിപി പൂങ്കുഴലി. തട്ടിപ്പിന്റെ ആസൂത്രണത്തിൽ സിനിമ മേഖലയിലെ ആർക്കെങ്കിലും പങ്ക് ഉണ്ടോ എന്നാണ് അന്വേഷിക്കുക. നടിയുടെ വിശദാംശങ്ങൾ എങ്ങനെ കിട്ടി എന്നതിൽ അന്വേഷണം ഉണ്ടാകും. കൂടുതൽ പേര് തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും ഡിസിപി കൂട്ടിച്ചേർത്തു.
ഉയർന്ന സാമ്പത്തിക സാഹചര്യമുള്ളവർ എന്നു പരിചയപ്പെടുത്തിയാണ് തട്ടിപ്പുകാർ നടിമാരുടെ ബന്ധുക്കളുമായി അടുക്കുന്നതെന്നും പൊലീസ് പറയുന്നു. ബന്ധുക്കളുമായി ബന്ധം ഉണ്ടായി കഴിഞ്ഞാൽ നടിമാരെ വിവാഹം ആലോചിക്കുകയും എന്തെങ്കിലും പ്രൊജക്ട് ചെയ്തുകൊണ്ടിരിക്കുകയാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യും. ഇതിന്റെ ആവശ്യത്തിലേയ്ക്ക് പിന്നീട് പണം ചോദിക്കുന്നതാണ് പതിവ്. ഒരു തവണ പണമോ സ്വർണമൊ ലഭിച്ചു കഴിഞ്ഞാൽ പിന്നെ ഫോൺ നമ്പർ മാറ്റും. വിളിച്ചാൽ കിട്ടാതാകുകയും ചെയ്യും.
ഈ സമയം ഇവർ വേറെ ഇരകളെ തേടി പോയിട്ടുണ്ടാകും. സംഘത്തിൽ ഏഴു പേരുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതിൽ നാലു പേർ പിടിയിലായിട്ടുണ്ട്. ബാക്കിയുള്ളവരെ കൂടി പിടികൂടുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതൽ പേർ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ടെന്ന് വിജയ് സാഖറെ അറിയിച്ചു. നടിയെ ഭീഷണിപ്പെടുത്തിയ സംഘത്തിന് സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്.
ഷംന കാസിമിന് പൂർണ്ണ പിന്തുണയാണ് താരസംഘടന ‘അമ്മ’ നല്‍കിയിരിക്കുന്നത്. നിയമനടപടികൾക്ക് ആവശ്യമെങ്കിൽ സഹായം നൽകുമെന്നും അമ്മ നേതൃത്വം അറിയിച്ചു. നേരത്തെ, തട്ടിപ്പിന്‍റെ വിവരം നടി ഷംന കാസിം വെളിപ്പെടുത്തിയതിന് പിന്നാലെ പ്രതികള്‍ക്കെതിരെ കൂടുതല്‍ പെണ്‍കുട്ടികള്‍ രംഗത്ത് വന്നിരുന്നു. മറ്റൊരു നടിയെയും ഒരു മോഡലിനെയും ഇതേ പ്രതികള്‍ ബ്ലാക്‌മെയില്‍ ചെയ്തതായാണ് വിവരം. ഇവരില്‍ നിന്ന് പ്രതികള്‍ പണവും സ്വർണവും തട്ടിയെടുത്തു. ഇരുവരും പൊലീസിനെ സമീപിച്ചിട്ടുണ്ട്. പരാതികളില്‍ പൊലീസ് ഇന്ന് കേസെടുക്കും.
ഷംന കാസിമില്‍ നിന്ന് പ്രതികള്‍ 10 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ലക്ഷ്യമിട്ടതായാണ് വിവരം. ദുബായിലെ ബിസിനസ് അത്യാവശത്തിന് പണം ആവശ്യപ്പെടാന്‍ ആയിരുന്നു പദ്ധതി. പ്രതി ഷംനയെ വിളിച്ചത് അന്‍വര്‍ എന്ന പേരിലായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്ത റഫീഖ് ആണ് അന്‍വര്‍ ആയി അഭിനയിച്ചത്. ഇയാള്‍ രണ്ട് കുട്ടികളുടെ അച്ഛന്‍ ആണെന്ന് പൊലീസ് പറഞ്ഞു. മാന്യത നടിച്ചാണ് തട്ടിപ്പുകാര്‍ ഇടപെട്ടതെന്ന് ഷംന പറയുന്നു. കുടുംബം വഴി വന്ന വിവാഹാലോചന ആയതിനാല്‍ ആദ്യം സംശയിച്ചില്ല. എന്നാല്‍ പെട്ടെന്ന് പണം ആവശ്യപ്പെട്ടപ്പോള്‍ സംശയം തോന്നിയെന്നും ഷംന വിശദീകരിക്കുന്നു. ദുബായില്‍ സ്വര്‍ണ്ണക്കടയുണ്ടെന്ന് പ്രതികള്‍ പറഞ്ഞു. വീഡിയോ കോള്‍ വിളിക്കാൻ ഷംന ആവശ്യപ്പെട്ടതോടെ പ്രതി ഫോൺ സ്വിച്ച് ഓഫ് ആക്കി. പിന്നീടാണ് ഭീഷണി തുടങ്ങിയതെന്നും ഷംന പറഞ്ഞു.
വിവാഹ ആലോചനയ്‍ക്കെന്ന പേരിലാണ് പ്രതികൾ ഷംനയുടെ കുടുംബവുമായി ബന്ധപ്പെടുന്നത്. കോഴിക്കോട് സ്വദേശികളെന്ന് പരിചയപ്പെടുത്തിയ ഇവർ തങ്ങൾ കുടുംബത്തിലെ അംഗങ്ങളാണെന്നാണ് അവകാശപ്പെട്ടത്. വിശ്വസനീയമായി തോന്നിയതിനാലാണ് വീട്ടിൽ വരുന്നത് എതിർക്കാഞ്ഞതെന്ന് ഷംനയുടെ കുടുംബം ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാൽ ജൂൺ മൂന്നിന് വരന്‍റെ ബന്ധുക്കളെന്ന് പരിചയപ്പെടുത്തി കുറച്ചുപേർ വീട്ടിൽ വന്നപ്പോൾ പെരുമാറ്റത്തിൽ പന്തികേട് തോന്നി. ഇവർ വീടിന്‍റെയും വാഹനങ്ങളുടെയും ഫോട്ടോയും വിഡിയോയുമെടുത്തതും സംശയമുണ്ടാക്കുകയായിരുന്നു.
പിതാവിനോടും സഹോദരനോടും എല്ലാം സംസാരിച്ചിരുന്നു. തുടർന്ന് ഒരാഴ്ചയ്ക്കു ശേഷം വരനായി എത്തിയ ആൾ ചെയ്തുകൊണ്ടിരിക്കുന്ന പ്രൊജക്ടിലേയ്ക്ക് പണത്തിന് ഷോട്ടേജുണ്ടെന്നും വരുന്ന സുഹൃത്തിന്റെ പക്കൽ ഒരു ലക്ഷം രൂപ നൽകണം എന്നും ആവശ്യപ്പെടുകയായിരുന്നു. നടി ഇത് നിരസിക്കുകയും മാതാവിനെ വിവരം ധരിപ്പിക്കുകയും ചെയ്തതോടെയാണ് പൊലീസിൽ പരാതി എത്തുന്നത്. തുടർന്ന് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് വ്യക്തമായതെന്നും ഷംനയുടെ അമ്മ ഇന്നലെ പറഞ്ഞിരുന്നു. സംഭവത്തിൽ തട്ടിപ്പ് മണത്ത മരട് പൊലീസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയതോടെ വിവരം പുറത്തറിയുകയായിരുന്നു.
കൊച്ചി∙ നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചവർക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി യുവതി. ഷൂട്ടിങ്ങിനെന്ന പേരിൽ വിളിച്ച് എട്ടു ദിവസം പാലക്കാട് രഹസ്യ കേന്ദ്രത്തിൽ താമസിപ്പിച്ചു. സ്വർണക്കടത്തിനു വരെ പ്രേരിപ്പിച്ചെന്ന് നടിയുടെ വെളിപ്പെടുത്തൽ.
എട്ടു ദിവസവും പെൺകുട്ടികളോട് കാണിക്കേണ്ട ഒരു പരിഗണനയും നൽകാതെ ഭക്ഷണം നൽകാതെ മനഃസാക്ഷിയില്ലാതെയാണ് പെരുമാറിയതെന്നും ഇവർ വെളിപ്പെടുത്തി. ഒരു കൂട്ടുകാരി വിളിച്ചതനുസരിച്ചാണ് ഷൂട്ടിനു പോയത്. പലതവണ പോയിട്ടുണ്ട്. എന്നാല്‍ ഒരു തവണ പോയപ്പോള്‍ ഒരു വീട്ടില്‍ തടവിലാക്കുകയായിരുന്നു. ഇപ്പോൾ പൊലീസിന്റെ പിടിയിലുള്ളതിനേക്കാൾ കൂടുതൽ പേർ സംഘത്തിൽ ഉണ്ട്. ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ സംഘത്തിലെ റഫീക്കിനെ കണ്ടിരുന്നുവെന്നും യുവതി പറഞ്ഞു.
ലോകത്തെ കീഴടക്കുന്ന മഹാമാരി കൊവിഡിനെതിരെ പരീക്ഷണ അടിസ്ഥാനത്തില്‍ നല്‍കുന്ന മരുന്നായ റെംഡെസിവിര്‍ അഞ്ച് സംസ്ഥാനങ്ങളിലേയ്ക്ക് അയച്ചു. രോഗം പിടിമുറുക്കിയ മഹരാഷ്ട്ര, ഡല്‍ഹി, തമിഴ്നാട്, ഗുജറാത്ത്, തെലങ്കാന എന്നിവിടങ്ങളിലേയ്ക്ക് ആണ് മരുന്ന് അയച്ചത്.
റെംഡെസിവിറിന്റെ ജനറിക് പതിപ്പ് നിര്‍മ്മിക്കാനും വിപണനം ചെയ്യാനും അനുമതിയുള്ള ഹൈദരബാദ് ആസ്ഥാനമായുള്ള ഹെറ്റെറോ എന്ന കമ്പനിയാണ് 20,000 കുപ്പി മരുന്ന് സംസ്ഥാനങ്ങളിലേക്കയച്ചിരിക്കുന്നത്. കോവിഫോര്‍ എന്ന പേരിലാണ് ഇത് ഇന്ത്യയില്‍ വിപണനം ചെയ്യുന്നത്.
100 മില്ലിഗ്രാം മരുന്നുള്ള ഒരു കുപ്പിക്ക് 5,400 രൂപയാണ് വിലയെന്ന് അധികൃതര്‍ അറിയിച്ചു. അടുത്ത മൂന്ന് നാല് ആഴ്ചകള്‍ക്കുള്ളില്‍ ഒരു ലക്ഷം കുപ്പി മരുന്ന് കമ്പനി നിര്‍മിക്കുമെന്നും ഹെറ്റെറോ കൂട്ടിച്ചേര്‍ത്തു. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് രണ്ടാംഘട്ടമായിട്ടാണ് മരുന്ന് ലഭിക്കുക. തിരുവനന്തപുരം, കൊച്ചി, കൊല്‍ക്കത്ത, ഇന്‍ഡോര്‍, ഭോപ്പാല്‍, ലഖ്നൗ, പട്ന, ഭുവനേശ്വര്‍, റാഞ്ചി, വിജയവാഡ, ഗോവ എന്നിവിടങ്ങളിലേക്കാകും രണ്ടാം ഘട്ടത്തില്‍ മരുന്ന് അയക്കുക.
ആശുപത്രികള്‍ക്കും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കുമാകും മരുന്ന് ലഭ്യമാകുക. ചില്ലറ വിപണയില്‍ ലഭ്യമാകില്ലെന്നും ഹെറ്റെറോ മാനേജിങ് ഡയറക്ടര്‍ വംശി കൃഷ്ണ ബന്ദി പറഞ്ഞു.
പ്രശസ്ത സിനിമ സീരിയൽ താരം ആർദ്ര ദാസിന്റെ വീട് തകർത്ത സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. തിരുവില്ലാമലയിലെ വീട് കഴിഞ്ഞ ശനിയാഴ്ച്ചയാണ് ആക്രമി സംഘം ആക്രമിച്ചത്. വീടിന്റെ പുറമെ ഉള്ള വസ്തുക്കളും വീട്ടിന്റെ ഉള്ളിലെ ഉപകരണങ്ങളും നശിപ്പിച്ചുവെന്നാണ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്.
വീട്ടിൽ അക്രമം നടത്തിയ സംഘം നടിയുടെ മാതാവിനെയും മർദിച്ചിരുന്നു. നടിയുടെ വീട്ടിലേ ഇലക്ട്രോണിക് ഉപകരണങ്ങളും വീട്ടിലെ ചെടി ചട്ടികളും അക്രമികൾ നശിപ്പിച്ചിരുന്നു.
ആർദ്രയുടെ മാതാവ് ശിവകുമാരിയെ ദേഹോപദ്രവം ഏല്പിക്കുക അസഭ്യം പറയുക തുടങ്ങിയ പരാതിയിലാണ് പോലീസ് അന്വേഷണം ആരഭിച്ചിരിക്കുന്നത്. വീട്ടിൽ അക്രമ സംഘം എത്തിയപ്പോൾ നടിയും പിതാവും സ്ഥലത്തിലായിരുന്നു.
എന്നാൽ ആക്രമണത്തിന് പിന്നിൽ ആർദ്രയുടെ അയൽവാസിയാണ് എന്നും ആരോപണങ്ങൾ ഉയരുന്നു.ഇതിനോടകം തന്നെ കണ്ടാൽ അറിയാവുന്ന 10 പേർക്ക് എതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.
എന്നാൽ ആർദ്രയുടെ അമ്മ ശിവകുമാരിക്ക് എതിരെയും പോലീസ് കേസ് എടുത്തിട്ടുണ്ട് അയൽവാസിയെ അക്രമിച്ചെന്ന പരാതിയിലാണ് കേസ്. മദ്യപിച്ചു എത്തുന്ന ആളുകൾ സ്ഥിരം പ്രശ്‌നക്കാരാണെന്നും ആർദ്ര പറഞ്ഞു
ആലപ്പുഴ കണിച്ചുകുളങ്ങരയില്‍ എസ്എന്‍ഡിപി യൂണിയന്‍ ഓഫീസില്‍ തൂങ്ങിമരിച്ച യൂണിയന്‍ സെക്രട്ടറി കെ കെ മഹേശന്റെ ആത്മഹത്യ കുറിപ്പില്‍ വെള്ളാപ്പള്ളി നടേശനെതിരേ ഗുരുതര ആരോപണങ്ങള്‍. വെള്ളാപ്പള്ളിയും സഹായികളും നടത്തിയ കോടിക്കണക്കിന് രൂപയുടെ വിവിധ അഴിമതികള്‍ താന്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വെള്ളാപ്പള്ളിക്ക് തന്നോട് പകയുണ്ടായതെന്നാണ് 31വര്‍ഷത്തോളം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുടെ കൂടെയുണ്ടായിരുന്ന മഹേശന്‍ പറയുന്നത്. അബ്കാരി കേസുകളില്‍ അടക്കം തന്നെ വെള്ളാപ്പള്ളി കുടുക്കിയിട്ടുണ്ടെന്നും മഹേശന്‍ ആത്മഹത്യ കുറിപ്പില്‍ ആരോപിക്കുന്നുണ്ട്. 36 പേജുള്ള ആത്മഹത്യ കുറിപ്പാണ് ആലപ്പുഴ ക്രൈം ബ്രാഞ്ച് ഓഫീസിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി ആര്‍ സന്തോഷിനെ അഭിസംബോധന ചെയ്തുകൊണ്ടാണ് കത്ത് തയ്യാറാക്കിയിരിക്കുന്നത്.
കണിച്ചുകുളങ്ങര ദേവസ്വം, ഐശ്വര്യ ട്രസ്റ്റ്, ദേവസ്വം വക സ്കൂള്‍ എന്നിവിടങ്ങളില്‍ കോടികളുടെ തട്ടിപ്പാണ് വെള്ളാപ്പള്ളി നടേശന്‍ നേരിട്ടും സഹായികള്‍ വഴിയും നടത്തിയിട്ടുള്ളതെന്നാണ് കെ കെ മഹേശന്‍ എഴുതിയിരിക്കുന്നത്. കെ കെ മഹേശന്റെ ആത്മഹത്യ കുറിപ്പില്‍ പറയുന്ന കാര്യങ്ങള്‍ ഇവയാണ്;
2018 മാര്‍ച്ച് 31 ലെ കണക്കനുസരിച്ച് കണിച്ചുകുളങ്ങര ദേവസ്വത്തിന്റെ എസ് ബി അക്കൌണ്ട് ഐശ്വര്യ ട്രസ്റ്റിലുണ്ട്. ആ അക്കൌണ്ടില്‍ ദേവസ്വത്തിന്റെതായി 10,041,540 രൂപയുണ്ടായിരുന്നു. വളരെ വര്‍ഷങ്ങളായി ഈ തുക അക്കൌണ്ടില്‍ കിടക്കുകയും ഓരോ വര്‍ഷവും ദേവസ്വം അക്കൌണ്ടില്‍ പലിശ വരവ് വയ്ക്കുകയും ചെയ്തിരുന്നു. ദേവസ്വത്തിന്റെ കണക്കും ഐശ്വര്യ ട്രസ്റ്റിന്റെ കണക്കും ഓഡിറ്റ് ചെയ്തുവരുന്ന GRK Nair.Co എന്ന ഓഡിറ്റ് സ്ഥാപനം എല്ലാ വര്‍ഷവും ഈ തുക ഐശ്വര്യ ട്രസ്റ്റിന്റെ അകൗണ്ടില്‍ നിന്നും പിന്‍വലിച്ച് ബാങ്കില്‍ എഫ് ഡി നിക്ഷേപം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരുന്നു. അതിനുള്ള കാരണം ഐശ്വര്യ ട്രസ്റ്റ് നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം ആണെന്നതായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഓരോ വര്‍ഷവും ഓഡിറ്റ് റിപ്പോര്‍ട്ട് സ്ഥിരമായി നല്‍കിയിരുന്നതാണെങ്കിലും ദേവസ്വം കമ്മിറ്റി യോഗത്തിലോ പൊതുയോഗത്തിലോ ആ റിപ്പോര്‍ട്ട് ഒരിക്കല്‍ പോലും അവതരിപ്പിച്ചിട്ടില്ല. GRK Nair.Co യില്‍ നിന്നും ഓഡിറ്റ് റിപ്പോര്‍ട്ട് ഒപ്പിട്ട് വാങ്ങുന്നത് ആരാണെന്നത് അജ്ഞാതമായിരുന്നു.
ഓഡിറ്റ് റിപ്പോര്‍ട്ടില്‍ നിന്നും തുക ബാങ്കിലെ എഫ് ഡി അകൗണ്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെടുന്ന ഭാഗം ഒഴിവാക്കിത്തരണമെന്ന് പറഞ്ഞ് വെള്ളാപ്പള്ളി നടേശന്റെ വിശ്വസ്തന്‍ അശോകന്‍ ഓഡിറ്ററെ സമീപിച്ചിരുന്നതായി മുന്‍ ദേവസ്വം സെക്രട്ടറിയും ഐശ്വര്യ ട്രസ്റ്റിന്റെ സെക്രട്ടറിയുമായ ഡി രാധാകൃഷ്ണന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അങ്ങനെയൊരു ആവശ്യം GRK Nair.Co നിഷേധിച്ചതിനെ തുടര്‍ന്ന് ഓഡിറ്റര്‍ സ്ഥാനത്ത് നിന്നും പ്രസ്തുത സ്ഥാപനത്തെ മാറ്റി പകരം കുമാര്‍ എന്ന ഓഡിറ്ററെ നിയമിക്കുകയും ചെയ്തു. പുതിയ ഓഡിറ്റര്‍ വന്നതോടെ തുക ഐശ്വര്യ ട്രസ്റ്റില്‍ നിന്നും മാറ്റി ബാങ്കില്‍ നിക്ഷേപിക്കണമെന്ന ആവശ്യം ഓരോര വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഉന്നയിക്കപ്പെട്ടില്ല. എന്നാല്‍ മുന്‍ ഓഡിറ്റ് റിപ്പോര്‍ട്ടനുസരിച്ച് ചെയ്തില്ല എങ്കില്‍ ഐശ്വര്യ ട്രസ്റ്റില്‍ നിന്നും കിട്ടാനുള്ള തുക ഭരണസമിതിയുടെ വ്യക്തിപരമായ ബാധ്യതയായി മാറും എന്ന് അന്നത്തെ സെക്രട്ടറിയായിരുന്ന ഡി രാധാകൃഷ്ണന് നിയമോപദേശം കിട്ടിയതിനെ തുടര്‍ന്ന് തന്റെ പേരിലുള്ള വസ്തുക്കള്‍ രാധാകൃഷ്ണന്‍ പേര് മാറ്റുകയാണ് ചെയ്തത്. (ഈ ഓഡിറ്റ് റിപ്പോര്‍ട്ട് വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോള്‍ ക്ഷേത്രം വിവരാവകാശ നിയമത്തില്‍ വരില്ല എന്ന കാരണം പറഞ്ഞ് നിഷേധിക്കുകയായിരുന്നു).
ഇതിന്റെ പിന്നിലെ കാരണങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ വലിയൊരു അപകടം പതിയിരിക്കുന്നതായി മനസിലാക്കി. എസ് ബി നിക്ഷേപമായി കിടക്കുന്ന പണം തിരികെ എടുക്കണം എന്ന ഓഡിറ്റ് റിപ്പോര്‍ട്ട് ഉണ്ടായിട്ടും അത് കമ്മിറ്റിയിലോ പൊതുയോഗത്തിലോ അവതരിപ്പിക്കാതെ മറച്ചു പിടിച്ചിരിക്കുന്ന സാഹചര്യത്തില്‍ പണം ഏതു വിധേനയെങ്കിലും നഷ്ടമായാല്‍ ആ പണത്തിന്റെ മേലുള്ള ഉത്തരവാദിത്വം ഭരണസമിതിക്ക് മാത്രമായിരിക്കുമെന്ന് മനസിലാക്കിയാണ് അന്നത്തെ സെക്രട്ടറിയായിരുന്ന രാധാകൃഷ്ണന്‍ സ്വത്തുക്കള്‍ കൈമാറ്റം ചെയ്തത്.
വെള്ളാപ്പള്ളിയുടെ ഭരണകാലത്ത് ഒരാളും ഇതറിയില്ല. ആരും അന്വേഷിക്കില്ല. അതിനുശേഷം വരുന്ന ഭരണസമിതി ഇത് മനസിലാക്കി കേസ് ഫയല്‍ ചെയ്താല്‍ ജീവിച്ചിരിക്കുന്ന ഭരണസമിതി അംഗങ്ങളുടെ വ്യക്തിപരമായ ബാധ്യതയായി മാറുകയും നിരപരാധികളായ ഞങ്ങളോരോരുത്തരും വലിയ കടക്കെണിയിലാവുകയും ചെയ്യും. അത് അറിഞ്ഞതുകൊണ്ടാണ് സ്വയം വീഴുകയും മറ്റുള്ളവരെ അതില്‍ വീഴ്ത്തുകയും ചെയ്യുന്നത് നീതികേടാകുമെന്ന് അറിഞ്ഞുകൊണ്ട് ആ പണം തിരിച്ചടയ്ക്കണമെന്ന് അഭിപ്രായം പറഞ്ഞത്.
ഐശ്വര്യ ട്രസ്റ്റുമായി ബന്ധപ്പെട്ട തട്ടിപ്പുകളെക്കുറിച്ചും തന്റെ ആത്മഹത്യ കുറിപ്പില്‍ മഹേശന്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്. ഐശ്വര്യ ട്രസ്റ്റിന് ടേണോവര്‍ ഉണ്ടായിരുന്നിട്ടും ലാഭമില്ല. ട്രസ്റ്റില്‍ നിന്നും നല്‍കിയിരുന്ന വായ്പ്പ്ക്ക് 42 ശതമാനം വരെ പലിശ വാങ്ങിയിരുന്നു. ഇതനുസരിച്ച് കോടികള്‍ ട്രസ്റ്റിന് ലാഭം ഉണ്ടാകേണ്ടതും ആ പണം ദേവസ്വത്തിന് മുതല്‍ക്കൂട്ട് ആകേണ്ടതുമായിരുന്നു. എന്നാല്‍ ട്രസ്റ്റിന് കോടികളുടെ നഷ്ടം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇതിന്റെ കാരണങ്ങള്‍; പലിശ കിട്ടിയ തുക പൂര്‍ണമായി വരവ് വച്ചിട്ടില്ല. 82 പേരുടെ ലോണ്‍ എഴുതിത്തള്ളി. നിരവധി പേരുടെ ലോണ്‍ തുകയില്‍ 50 മുതല്‍ 80 ശതമാനം വരെ ഇളവ് കൊടുത്തു. ഇതെല്ലാം വേണ്ടപ്പെട്ടവര്‍ക്കായിരുന്നു. അതേസമയം തന്നെ ദേവസ്വം മെംബര്‍മാരായ സാധാരണക്കാരെ നിയമപരമായും അല്ലാതെയും പീഡിപ്പിച്ച് പലിശയും മുതലും വാങ്ങുകയും ചെയ്തു. ലോണ്‍ എഴുതിത്തള്ളിയതും ഒറ്റത്തവണ തീര്‍പ്പാക്കിയതുമെല്ലാം ട്രസ്റ്റ് ബോര്‍ഡിന്റെ തീരുമാനമില്ലാതെയാണ്.
കണിച്ചുകുളങ്ങര ദേവസ്വത്തിന്റെ കീഴില്‍ വരുന്ന സ്‌കൂളുമായി ബന്ധപ്പെട്ടും വെള്ളാപ്പള്ളി നടേശനും സഹായികളും വന്‍ തിരിമറി നടത്തിയിരുന്നതായി കെ കെ മഹേശന്റെ ആത്മഹത്യ കുറിപ്പില്‍ പറയുന്നുണ്ട്. സ്‌കൂള്‍ കെട്ടിട നിര്‍മാണം പൂര്‍ത്തിയായതിനുശേഷം മിച്ചം വന്ന 17 ലക്ഷം രൂപ അന്നത്തെ സ്‌കൂള്‍ മനേജര്‍ പി കെ ധനേശന്‍ വെള്ളാപ്പള്ളിയെ ഏല്‍പ്പിച്ചിരുന്നുവെന്നും ആ പണം വെള്ളാപ്പള്ളി എടുത്തെന്നുമാണ് ആക്ഷേപം. തുഷാര്‍ വെള്ളാപ്പള്ളി മനേജര്‍ ആയ 14 വര്‍ഷത്തിനിടയില്‍ സ്‌കൂളില്‍ 15 നിയമനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും മാനേജര്‍ക്ക് മാസാമാസം അലവന്‍സായി പതിനായിരം രൂപ നല്‍കുന്നതല്ലാതെ ഒരു രൂപ പോലും അമ്പലത്തില്‍ വരവ് വച്ചിട്ടില്ലെന്നാണ് കെ കെ മഹേശന്റെ ആരോപണം. ഇതിനിടയില്‍ ചെലവ് വന്നതെന്നു പറയുന്നത് ഗേള്‍സ് സ്‌കൂളിനു വേണ്ടി മൂന്ന് നില കെട്ടിടം നിര്‍മിച്ചത് മാത്രമാണെന്നും എന്നാല്‍ ആ പണം ദേവസ്വത്തില്‍ നിന്നാണ് എടുത്തതെന്നും ആത്മഹത്യ കുറിപ്പില്‍ പറയുന്നു. ഈ സ്‌കൂള്‍ കെട്ടിടം വെള്ളാപ്പള്ളി നടേശന്റെ സപ്തതി സ്മാരകമായാണ് നിര്‍മിച്ചിരിക്കുന്നതെന്നും ആത്മഹത്യ കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. കണിച്ചുകുളങ്ങര ഉത്സവത്തിന്റെ ഭാഗമായി വെള്ളാപ്പള്ളിയുടെ വീട്ടില്‍ ഇടുന്ന പന്തലിനും ലൈറ്റ് ആന്‍ഡ് സൗണ്ടിനും പണം എടുക്കുന്നതുപോലും ദേവസ്വത്തില്‍ നിന്നായിരുന്നുവെന്നും ഏകദേശം മൂന്നരലക്ഷത്തോളം രൂപയാണ് ഇങ്ങനെ ചെലവാക്കിയിരുന്നതെന്നും കെ കെ മഹേശന്‍ വെളിപ്പെടുത്തുന്നുണ്ട്.
കള്ള വൗച്ചര്‍ ഇട്ട് പണം തട്ടിപ്പ്, പൊതുയോഗത്തില്‍ ബിരിയാണി വാങ്ങുന്നതില്‍, കണിച്ചുകുളങ്ങര ഉത്സവുമായി ബന്ധപ്പെട്ട് നടക്കുന്ന കടലേലം എന്നിവയിലുമെല്ലാം വെള്ളാപ്പള്ളി നേരിട്ട് അഴിമതി നടത്തുകയും പണം തട്ടിക്കുകയും ചെയ്തിട്ടുണ്ടെന്നും മഹേശന്റെ ആരോപണമുണ്ട്. ആ ആരോപണങ്ങള്‍ ഇവയാണ്; ആര്‍ ഇ സി യുടെ പേരില്‍ ഓരോ വര്‍ഷവും തെറ്റായ വൗച്ചര്‍ ഇട്ട് ദേവസ്വം സെക്രട്ടറി രാധാകൃഷ്ണന്‍ പണം എടുത്തിരുന്നു. വെള്ളാപ്പള്ളിയുടെ സഹായി അശോകന്‍ പറഞ്ഞിട്ട് എന്നായിരുന്നു മറുപടി. ഇക്കാര്യം തെളിവ് സഹിതം പറഞ്ഞപ്പോള്‍ ഒരിക്കല്‍ മാത്രം എടുത്ത പണം തിരികെ വയ്പ്പിച്ചു. ഇത്തവണത്തെ ഉത്സവ പ്രസിഡന്റിനെ തീരുമാനിക്കുന്ന ചര്‍ച്ചയ്‌ക്കൊടുവില്‍ അങ്ങ് ചോദിച്ചു, ആരാണ് പൊതുയോഗത്തിന് ബിരിയാണി ഓര്‍ഡര്‍ ചെയ്തതെന്ന്. അശോകന്‍ പറഞ്ഞു, അശോകനാണെന്ന് ഒരു ചിക്കന്‍ ബിരിയാണിക്ക് 105 രൂപ. ഇനി മുതല്‍ ഞാന്‍ ഏര്‍പ്പാട് ചെയ്തുകൊള്ളാമെന്നും അങ്ങ് പറഞ്ഞു. ബിരിയാണിക്ക് കടയില്‍ 100 രൂപ മാത്രം. 100 എണ്ണം ആയാല്‍ 90 രൂപയ്ക്ക് കിട്ടും. അപ്പോള്‍ മൂവായിരത്തിനോ? ഇനി ആകെ യോഗത്തില്‍ പങ്കെടുക്കുന്നത് 750 പേര്‍ മാത്രം. ബിരിയാണി കഴിക്കാന്‍ ആയിരം പേരെ കൂട്ടാം. ഒരാള്‍ ഒരെണ്ണം വച്ച് കൊണ്ടു പോയാല്‍ പോലും 2000 രൂപ. നമ്മള്‍ ഓര്‍ഡര്‍ കൊടുക്കുന്നത് 3000. ഒരിക്കലും തികയാറുമില്ല. എല്ലാ വര്‍ഷത്തെയും ഏര്‍പ്പാടാണിത്. കണിച്ചു കുളങ്ങര ഉത്സവവുമായി ബന്ധപ്പെട്ട് ഓരോ വര്‍ഷവും നടക്കുന്ന കടലേലത്തിലും അഴിമതി. ഉത്സവത്തിനു മുമ്പായി നടക്കുന്ന ലേലം വെള്ളാപ്പള്ളിയാണ് ലേലം വിളിച്ച് ഉറപ്പിച്ചിരുന്നത്. ഈ വര്‍ഷം മാത്രം ലേലം വിളിച്ച തുകയും കിട്ടിയ തുകയും തമ്മില്‍ 16,64,000 രൂപയുടെ കുറവ് ഉണ്ട്. രസീത് എഴുതാതെ പണം വാങ്ങുകയായിരുന്നു രീതി. അന്നപൂര്‍ണേശ്വരി ക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് കണക്കില്ലാതെ എഴുതി തള്ളിയത് രണ്ടു ലക്ഷത്തി ഇരുപത്തിനാലായിരത്തി അമ്പത് രൂപ. അമ്പലത്തില്‍ നിന്നും എടുത്ത പണം തിരികെ ചോദിപ്പോള്‍ കിട്ടിയ മറുപടി വെള്ളാപ്പള്ളിയുടെ ഷാപ്പ് നടത്തിയ നഷ്ടത്തില്‍ വരവ് വച്ചു എന്നാണ്.
കണിച്ചുകുളങ്ങര ക്ഷേത്രത്തിന്റെ സ്‌ട്രോംഗ് റൂമില്‍ സ്വര്‍ണ ബിസ്‌ക്കറ്റ് ഒളിപ്പിച്ചു വയ്ക്കുന്ന പരിപാടിയും വെള്ളാപ്പള്ളി നടേശന് ഉണ്ടായിരുന്നുവെന്നും കെ കെ മഹേശന്‍ ചൂണ്ടിക്കാണിക്കുന്നു. അതിനെക്കാള്‍ വലിയൊരു ആരോപണം നോട്ട് നിരോധന സമയത്ത് നടത്തിയ മറ്റൊരു തട്ടിപ്പാണെന്ന് മഹേശന്റെ ആത്മഹത്യ കുറിപ്പില്‍ പറയുന്നു. അതേക്കുറിച്ച് മഹേശന്‍ ഇങ്ങനെയാണ് എഴുതിയിരിക്കുന്നത്; അങ്ങേയ്ക്ക് തരാനില്ലാത്ത പണം തരാനുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി നോട്ട് നിരോധന ദിനമായ 2017 മാര്‍ച്ച് 30 ന് 64,90,543 രൂപ അമ്പലത്തിന്റെ അകൗണ്ടില്‍ നിന്നും ചെക്ക് എഴുതിയെടുത്ത് അന്നേ ദിവസം ബാങ്ക് അവധിയായിട്ടും ധനലക്ഷ്മി ബാങ്കിന്റെ ഹെ്ഡ് ഓഫിസില്‍ നേരിട്ട് വിളിച്ച് പണം വരുത്തി അത് ചെറിയ ഡിനോമിനേഷന്‍ ആയതിനാല്‍ രണ്ട് ചാക്കില്‍ കെട്ടി വീട്ടില്‍ കൊണ്ടുവന്ന് ഭാര്യയെ ഏല്‍പ്പിച്ചു. പിന്നീട് ബാങ്ക് രേഖ പ്രകാരം ടാക്‌സിന്റെ ഇന്റലിജന്‍സ് വിഭാഗം പരിശോധിക്കുകയും അതനുസരിച്ച് ഇന്‍കം ടാക്‌സ് ഓഫിസില്‍ നിന്നും നോട്ടീസ് നല്‍കി വിളിപ്പിച്ചു. അമ്പലത്തിന്റെ ബുക്കില്‍ ഇട്ട ചെലവിന് പണം വാങ്ങിയ പാര്‍ട്ടിക്ക് നോട്ടീസ് അയക്കാന്‍ ഇന്‍കം ടാക്‌സ് ഓഫിസര്‍ തീരുമാനിച്ചപ്പോള്‍ കൈയ്യും കാലും പിടിച്ചു. പഴയ നോട്ട് മാറിയതാണെന്ന് തെളിക്കാന്‍ കഴിയുമെന്ന് ഇന്‍കം ടാക്‌സ് ഓഫിസര്‍ പറഞ്ഞു. ഒടുവില്‍ 13,94,000 രൂപ പിഴയടച്ചാണ് തടിയൂരിയത്. ആ പിഴ അടയ്ക്കാതിരിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഇന്‍കം ടാക്‌സ് ഓഫിസറുടെ മുന്നില്‍ നടന്നില്ല.
കള്ള് ഷാപ്പ് നടത്തിപ്പിന്റെ പേരിലും വെള്ളാപ്പള്ളി തന്നെ ചതിച്ചിട്ടും വഞ്ചിച്ചിട്ടും ഉണ്ടെന്നാണ് മഹേശന്‍ പറയുന്നത്. മറ്റുള്ളവരുടെ പേരില്‍ ഷാപ്പ് നടത്തുകയും അതില്‍ നിന്നും കിട്ടുന്ന വരുമാനം നേരിട്ട് എടുക്കുകയും ചെയ്യുന്ന വെള്ളാപ്പള്ളി ഷാപ്പുമായി ബന്ധപ്പെട്ടുണ്ടാകുന്ന കേസുകളെല്ലാം മറ്റുള്ളവരുടെ തലയില്‍ കെട്ടിവയ്ക്കുകയാണ് ചെയ്യുന്നതെന്ന് സ്വന്തം അനുഭവം പറഞ്ഞുകൊണ്ട് മഹേശന്‍ എഴുതുന്നുണ്ട്.
കണിച്ചുകുളങ്ങര കോ ഓപ്പറേറ്റീവ് ബാങ്കില്‍ നിന്നും എന്റെ പേരിലുള്ള സ്ഥലം പണയപ്പെടുത്തി എന്റെ പേരില്‍ എടുത്ത വായ്പ്പ കൊണ്ട് കള്ള് ഷാപ്പ് നടത്തി. ഷാപ്പില്‍ നിന്നുള്ള വരുമാനം വെള്ളാപ്പള്ളിക്കും ഷാപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് 18 കേസുകള്‍ എനിക്കും. ഈ കേസുകള്‍ കോമ്പൗണ്ട് ചെയ്യുകയായിരുന്നു. ഞാനറിയാതെ. കോമ്പൗണ്ട് ചെയ്യുകയെന്നാല്‍ സ്വയം കുറ്റം സമ്മതിക്കുകയും അതിന് നിയമം അനുശാസിക്കുന്ന പിഴ ഒടുക്കി വിചാരണ ഒഴിവാക്കലാണ്. മുണ്ടക്കയം യൂണിയനിലെ മൈക്രോ ഫിനാന്‍സ് കേസില്‍ പ്രതിയായി വിസ്തരിച്ചപ്പോള്‍ വക്കീല്‍ ചോദിച്ചത് എത്ര അബ്കാരി കേസില്‍ തന്നെ ശിക്ഷിച്ചിട്ടുണ്ടെന്നാണ്. 22 വര്‍ഷം എന്റെ പേരില്‍ അങ്ങ് ഷാപ്പ് നടത്തിയിട്ട് ഞാന്‍ നിരവധി കേസില്‍ ശിക്ഷിക്കപ്പെട്ടു. ഇതിനെതിരെ പ്രതികരിച്ചതോടെ ഷാപ്പ് ലേലത്തില്‍ പിടിക്കുന്നതില്‍ നിന്നും തന്റെ പേര് വെള്ളാപ്പള്ളി ഒഴിവാക്കിയെന്നും 22 വര്‍ഷം തന്റെ പേരില്‍ ഷാപ്പ് നടത്തി 25 കോടിയോളം രൂപ വെള്ളാപ്പള്ളി നേടിയിട്ടുണ്ടെന്നും ഒരു രൂപ പോലും തനിക്ക് കിട്ടിയിട്ടില്ലെന്നും മഹേശന്‍ പറയുന്നു. വെള്ളാപ്പള്ളിക്കു വേണ്ടി ഷാപ്പ് നടത്തി കുടുംബവും സ്വത്തും എല്ലാം നശിപ്പുപോയ പലരും ഉണ്ടെന്നും മഹേശന്‍ കുറ്റപ്പെടുത്തുന്നുണ്ട്.
മൈക്രോ ഫിനാന്‍സ് സംസ്ഥാന തല കോ-ഓര്‍ഡിനേറ്ററും ബിഡിജെഎസ് സംസ്ഥാന സെക്രട്ടറിയുമായ മഹേശനെ കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ വിളിച്ചുവരുത്തി ക്രൈംബ്രാഞ്ച് മൊഴിയെടുത്തതിന് പിന്നാലെയാണ് മരണം. കേസുമായി ബന്ധപ്പെട്ട് താന്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാണിച്ച് മഹേശന്‍ നേരത്തെ യൂണിയന്‍ ഭാരവാഹികള്‍ക്കും ക്രൈംബ്രാഞ്ച് എഡിജിപി എന്നിവര്‍ക്കും കത്ത് നല്‍കിയിരുന്നു. കേസില്‍ കുടുക്കിയാല്‍ ആത്മഹത്യ ചെയ്യേണ്ടിവരുമെന്നായിരുന്നു അന്വേഷണ സംഘത്തിന് നല്‍കിയ കത്തിന്റെ ഉള്ളടക്കം. നിലവില്‍ മൈക്രോഫിനാന്‍സുമായി ബന്ധപ്പെട്ട് 21 കേസുകളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. ചില വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ മഹേശന്‍ തന്നെയാണു കത്ത് പങ്കുവച്ചത്.
രാവിലെ ഏഴരയോടെ യൂണിയന്‍ ഓഫിസിലേക്ക് വന്ന മഹേശന്‍ വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മഹേശനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. യൂണിയന്‍ ഓഫിസിന്റെ മൂന്നാം നിലയില്‍ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ചേര്‍ത്തല യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റര്‍ കൂടിയായിരുന്ന മഹേശന്റെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്നത് 21 വിമാനങ്ങൾ. 3420 പ്രവാസികളാണ് ഇന്ന് നാട്ടിലെത്തുക. ഇന്നലെ 21 വിമാനങ്ങളിലായി 4060 പ്രവാസികള്‍ കൊച്ചിയിലെത്തിയിരുന്നു. ഗള്‍ഫ് രാജ്യങ്ങൾക്ക് പുറമെ ലണ്ടൻ, എത്യോപ്യ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളും ഇക്കൂട്ടത്തിലുണ്ട്.
എല്ലാവർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയിൽ നിന്ന് പ്രതിഷേധത്തെ തുടർന്ന് സർക്കാർ പിന്നോട്ട് പോയ പശ്ചാത്തലത്തിൽ, നാട്ടിലേക്കുള്ള പ്രവാസികളുടെ മടക്കത്തിലെ നിബന്ധനകൾ ഇന്ന് മുതൽ നിലവിൽ വരും.
യാത്രാ സമയത്തിന് 72 മണിക്കൂറിനകം ആയിരിക്കണം പരിശോധന നടത്തിയിരിക്കേണ്ടത്. ടെസ്റ്റ് റിപ്പോര്‍ട്ടിന്റെ സാധുത 72 മണിക്കൂര്‍ ആയിരിക്കും. എല്ലാ യാത്രക്കാരും കോവിഡ്-19 ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് വിവരം നല്‍കണം. എത്തിച്ചേരുന്ന വിമാനത്താവളത്തില്‍ സംസ്ഥാന ആരോഗ്യ വിഭാഗത്തിന്റെ പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള സ്‌ക്രീനിങ്ങിന് വിധേയമാകണം. രോഗലക്ഷണമുള്ളവരെ മാറ്റിനിര്‍ത്തുകയും കൂടുതല്‍ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്യും.
വിദേശത്ത് ടെസ്റ്റ് നടത്താത്തവര്‍ രോഗ ലക്ഷണമില്ലെങ്കില്‍ കൂടി ഇവിടെ വിമാനത്താവളത്തിലെത്തുമ്പോള്‍ റാപ്പിഡ് ആന്റി ബോഡി ടെസ്റ്റിന് വിധേയരാകണം. ടെസ്റ്റില്‍ പോസിറ്റീവ് ആകുന്നവര്‍ ആര്‍ടിപിസിആര്‍ അല്ലെങ്കില്‍ ജീന്‍ എക്‌സ്പ്രസ് അതുമല്ലെങ്കില്‍ ട്രൂനാറ്റ് പരിശോധനയ്ക്ക് വിധേയരാകണം. ടെസ്റ്റ് റിസല്‍ട്ട് എന്തായാലും എല്ലാ യാത്രക്കാരും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത് പോലെ 14 ദിവസം നിര്‍ബന്ധിത ക്വാറന്റൈനില്‍ പോകണം.
എല്ലാ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ എന്‍95 മാസ്‌ക്, ഫെയ്‌സ് ഷീല്‍ഡ്, കൈയുറ, എന്നിവ ധരിക്കണം. കൈകള്‍ അണുവിമുക്തമാണെന്ന് ഉറപ്പാക്കാന്‍ ഇടയ്ക്കിടെ സാനിറ്റൈസര്‍ ഉപയോഗിക്കണം.
ഖത്തറില്‍ നിന്ന് വരുന്നവര്‍ ആ രാജ്യത്തിന്റെ എത്രാസ് എന്ന മൊബൈല്‍ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് ഉള്ളവര്‍ ആയിരിക്കണം.ഇവിടെയെത്തുമ്പോള്‍ കോവിഡ് ടെസ്റ്റിന് വിധേയരാകണം. യുഎഇയില്‍ നിന്ന് വരുന്നവര്‍ക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. കാരണം, രാജ്യത്തിന് പുറത്തേക്ക് വിമാനമാര്‍ഗം പോകുന്ന മുഴുവന്‍ പേരേയും യുഎഇ ആന്റി ബോഡി പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.
ഒമാന്‍, ബഹ്‌റിന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തുന്നവര്‍ എന്‍95 മാസ്‌ക്, ഫെയ്‌സ്
ഷീല്‍ഡ്, കൈയുറ എന്നിവ നിര്‍ബന്ധമായും ധരിക്കണം. അതോടൊപ്പം സാനിറ്റൈസര്‍ കൈയില്‍ കരുതുകയും വേണം. സൗദി അറേബ്യയില്‍ നിന്നും വരുന്നവര്‍ എന്‍95 മാസ്‌കും ഫെയ്‌സ് ഷീല്‍ഡും കൈയുറയും ധരിച്ചാല്‍ മാത്രം പോര അവര്‍ക്ക് പിപിഇ കിറ്റ് ധരിച്ചിരിക്കണം.
കുവൈറ്റില്‍ നിന്ന് ടെസ്റ്റ് ചെയ്യാതെ ആരെങ്കിലും വരുന്നുണ്ടെങ്കില്‍ അവര്‍ പിപിഇ കിറ്റ് ധരിച്ചിരിക്കണം. വിമാനത്താവളത്തില്‍ എത്തിയാല്‍ ഇരുരാജ്യങ്ങളിലുള്ളവരും കോവിഡ് ടെസ്റ്റിന് വിധേയരാകണം. ആരോഗ്യ വിഭാഗം അനുവദിച്ച ശേഷമേ അവര്‍ വിമാനത്താവളത്തില്‍ നിന്ന് പുറത്ത് പോകാന്‍ പാടുള്ളൂ.
യാത്രക്കാര്‍ ഉപയോഗിക്കുന്ന പിപിഇ കിറ്റുകള്‍, കൈയുറ, മാസ്‌ക്, ഇവയെല്ലാം വിമാനത്താവളത്തില്‍ വച്ചു തന്നെ സുരക്ഷിതമായി നീക്കുന്നതിനുള്ള നടപടികള്‍ ആരോഗ്യവകുപ്പ് സ്വീകരിക്കും. വിമാനത്താവളങ്ങളില്‍ ടെസ്റ്റിനുള്ള സൗകര്യമൊരുക്കും. ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമം, പകര്‍ച്ച വ്യാധി തടയല്‍ നിയമം എന്നിവ പ്രകാരം നടപടിയെടുക്കും. ഈ കാര്യങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തേയും എംബസികളേയും അറിയിക്കും.
ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ക്കായി അപേക്ഷിക്കുന്നവര്‍ക്ക് സംസ്ഥാനം എന്‍ഒസി നല്‍കുന്നുണ്ട്. എന്നാല്‍ അപേക്ഷയില്‍ നിശ്ചിത വിവരങ്ങള്‍ ഇല്ലാത്തതിനാല്‍ എംബസികള്‍ അവ നിരസിക്കുന്നുണ്ട്. അതിനാല്‍ അപേക്ഷിക്കുമ്പോള്‍ വിവരങ്ങള്‍ നല്‍കണം.
സമ്മതപത്രത്തിനുള്ള അപേക്ഷകള്‍ കുറഞ്ഞത് ഏഴുദിവസം മുമ്പ് നോര്‍ക്കയില്‍ ലഭിക്കണം. യാത്ര ഉദ്ദേശിക്കുന്ന തീയതി, വിമാനങ്ങളുടെ എണ്ണം, യാത്രക്കാരുടെ എണ്ണം, പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ വിമാനത്താവളങ്ങള്‍, വിമാനക്കൂലി ഈടാക്കിയാണോ യാത്രക്കാരെ കൊണ്ടുവരുന്നത്, അങ്ങനെയെങ്കില്‍ നിരക്ക്, യാത്ര തിരിക്കുംമുമ്പ് കോവിഡ് ടെസ്റ്റ് നടത്തുന്നുണ്ടോ. ഇത്രയും കാര്യങ്ങളാണ് ആദ്യം അറിയിക്കേണ്ടത്. വിശദാംശങ്ങള്‍ വെബ്‌സൈറ്റിലുണ്ട്.
വാരിയം കുന്നത്ത് കുഞ്ഞമ്മദ് ഹാജിയുടെ കഥ പറയുന്ന ചിത്രവുമായി എത്തുന്ന നടന്‍ പൃഥ്വിരാജും സംവിധായകന്‍ ആഷിഖ് അബുവിനുമെതിരെ ഹിന്ദു ഐക്യവേദി സംഘടനയുടെ സംസ്ഥാന അധ്യക്ഷയായ കെ പി ശശികല രംഗത്ത്.
ശശികലയുടെ കുറിപ്പിങ്ങനെ…
2021ലേക്ക് വാരിയന്‍ക്കുന്നന്‍ പുനരവതരിക്കുന്നത്രെ!
നായകനും സംവിധായകനും ഹര്‍ഷോന്മാദത്തിലാണ്.
വിവാഹാലോചന നടക്കും മുന്‍പ് കുട്ടിയുടെ പേരുവിവരങ്ങള്‍ പരസ്യപ്പെടുത്തിയതിന്റെ ഉദ്ദേശം വ്യക്തം’ സംഘ പരിവാറുകാര്‍ കേറിക്കൊത്തും മതേതരര്‍ രക്ഷക്കെത്തും മുഖ്യനും പ്രതിപക്ഷനും ഞാന്‍ ലച്ചിപ്പോം എന്നും പറഞ്ഞ് ഓതിരം കടകം മറിയും. സിനിമ രക്ഷപ്പെടും! ഫുത്തി എപ്പടി?
അവരെ കുറ്റം പറയാന്‍ പറ്റ്വോ ?
മീശയെന്ന മൂന്നാം കിട നോവല്‍ രക്ഷപ്പെട്ട തങ്ങനെയല്ലേ? തിയേറ്ററില്‍ ഒരു ചലനവുമുണ്ടാക്കാത്ത ഒരു സിനിമ ഇറങ്ങിയ ദിവസം തന്നെ എന്നെ ഒരാള്‍ വിളിക്കുന്നു. അതില്‍ ആറ്റുകാല്‍ പൊങ്കാലയെ മോശമായി ചിത്രീകരിച്ചിട്ടുണ്ട് ടീച്ചര്‍ ഉടനെ പ്രതികരിക്കണം. ഞാന്‍ സിനിമാരംഗത്തുള്ള ചിലരെ വിളിച്ചു അവര്‍ പറഞ്ഞു അത് കാശിന് കൊള്ളാത്ത സിനിമയാണ്. ഉടനെ പെട്ടീല്‍ കേറും. അപ്പോഴാണ് ഉദ്ദേശം മനസ്സിലായത്.
ആലുവായിലെ സിനിമാ സെറ്റ് കത്തിപ്പിച്ചത് എന്തിനാണെന്ന് മലയാളി തിരിച്ചറിഞ്ഞു..അതോണ്ട് മോനെ പൃഥ്വീ, ആഷിഖേ ആ പൂതി എട്ടാക്കി മടക്കി കീശേലിട്ടേയ്ക്ക്! ഞങ്ങള്‍ പ്രതികരിക്കും.. വേറിട്ടൊരു പ്രതികരണം ! നിങ്ങള്‍ പ്രതീക്ഷിക്കാത്ത ഒരു പ്രതികരണം!
1921 ലെ പ്പോലെ ഒടുങ്ങിത്തിരാന്‍ ഈ 2021 ല്‍ ഹിന്ദുക്കള്‍തയ്യാറല്ല!
ആഷിഖേ സംവിധാനിച്ചോളു… കാണാം
ധോണിയുടെ വിരമിക്കലിനെക്കുറിച്ച് അഭിപ്രായം തുറന്നു പറഞ്ഞ് മുന്‍ പേസറും മലയാളി താരവുമായ ശ്രീശാന്ത്. കഴിഞ്ഞ 11 മാസത്തിലേറെയായി ക്രിക്കറ്റില്‍ നിന്നു മാറി നില്‍ക്കുന്ന ധോണിക്കു ദേശീയ ടീമിലേക്കു ഇനിയൊരു മടങ്ങി വരവുണ്ടാവില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നതെങ്കിലും ശ്രീശാന്ത് ഇതിനോടു യോജിക്കുന്നില്ല.
രാജ്യം കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റനായ ധോണിക്ക് അര്‍ഹിച്ച രാജകീയമായ യാത്രയയപ്പ് തന്നെ നല്‍കണമെന്ന് ശ്രീ പറയുന്നു. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യക്കൊപ്പം ധോണി കിരീടവിജയത്തില്‍ പങ്കാളിയാവുന്നത് കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. 2011ലെ ഏകദിന ലോകകപ്പ് വിജയത്തിനു ശേഷം ഇതിഹാസ ബാറ്റ്‌സ്മാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ ടീമംഗങ്ങള്‍ തോളിലേറ്റി വലം വച്ചത് പോലെ ധോാണിയെയും സഹതാരങ്ങള്‍ തോളിലേറ്റി ആദരിക്കണമെന്നും ശ്രീ പറയുന്നു
ധോണി തീര്‍ച്ചയായും ടി20 ലോകകപ്പില്‍ കളിക്കണമെന്ന് തന്നെയാണ് തന്റെ അഭിപ്രായം. ലോകകപ്പിനു മുമ്പ് ഐപിഎല്‍ നടക്കണമെന്നും ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ധോണി ഭായിയുടെ ‘ക്രേസി’ ഇന്നിങ്‌സുകള്‍ കാണണമെന്നും നമ്മള്‍ ആഗ്രഹിക്കുന്നു.
കാരണം ഭാവിയെക്കുറിച്ച് ധോണി പാലിക്കുന്ന മൗനത്തെക്കുറിച്ച് ഒരുപാട് ആളുകള്‍ പറയുന്നുണ്ട്. എന്നാല്‍ എന്താണ് ചെയ്യേണ്ടതെന്നു നല്ല ബോധ്യമുള്ളയാളാണ് ധോണിയെന്നു ശ്രീ വ്യക്തമാക്കി.
ലോകത്തെ എന്തു വേണമെങ്കിലും പറയാന്‍ അനുവദിക്കുന്നയാളാണ് ഒരു നല്ല മനുഷ്യന് ഏറ്റവും മികച്ച ഉദാഹരണം. ആളുകള്‍ എന്തും പറഞ്ഞോട്ടെ, ധോണി നമ്മുടെ രാജ്യത്തെ സേവിക്കുകയാണ്, ആര്‍മിയെ സേവിക്കുകയാണ്.
രാഷ്ട്രീയത്തില്‍ ചേരാന്‍ താല്‍പ്പര്യമില്ലെന്നു ധോണി വ്യക്തമാക്കിക്കഴിഞ്ഞു. മറിച്ച് സേവനം ചെയ്യാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതേക്കുറിച്ച് അഭിപ്രായം പറയാന്‍ തനിക്കു അര്‍ഹതയുണ്ടോയെന്ന് പോലും തോന്നുന്നില്ലെന്നു ശ്രീ കൂട്ടിച്ചേര്‍ത്തു.
സ്വന്തം ഭാവിയെക്കുറിച്ച് ധോണി ഭായി തന്നെ തീരുമാനമെടുക്കട്ടെ. ഒരു ക്രിക്കറ്റ് ഫാനെന്ന നിലയിലാണ് സച്ചിന്‍ പാജിയെ കാണുന്നത്. ധോണി ഭായി ടി20 ലോകകപ്പില്‍ കളിക്കുകയും കിരീടം നേടുകയും ചെയ്യണമെന്ന് അതിയായി ആഗ്രഹിക്കുന്നു.
പിന്നീട് സച്ചിന്‍ പാജി താന്‍ കളി നിര്‍ത്തുന്നതായി ഒരു ദിവസം പറഞ്ഞതു പോലെ ധോണി ഭായിക്കും തിരുമാനമെടുക്കാം. ടീമംഗങ്ങള്‍ ധോണിയെ തോളിലേറ്റി ഗ്രൗണ്ട് ചുറ്റണമെന്നാണ് ആഗ്രഹിക്കുന്നത്. അത് നടക്കുക തന്നെ ചെയ്യുമെന്നും ശ്രീ അഭിപ്രായപ്പെട്ടു.
കൊല്ലം അമൃതാനന്ദമയീ മഠത്തില്‍ വിദേശ വനിത ആത്മഹത്യ ചെയ്തു. സ്‌റ്റെഫേഡ് സിയോന (45) എന്ന ബ്രിട്ടീഷ് യുവതിയാണ് മഠത്തിനു മുകളില്‍ നിന്ന് ചാടി മരിച്ചത്. കരുനാഗപ്പള്ളി വള്ളിക്കാവിലെ അമൃതാനന്ദമയി മഠത്തിൽ ഇന്ന് രാത്രി 8.30 നാണ് സംഭവം നടന്നത്. വനിതയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി പൊലീസും ആശ്രമ അധികൃതരും പറയുന്നു.
ഈ ഫെബ്രുവരിയിലാണ് സ്റ്റെഫേഡ്‌സിയോന കേരളത്തിലെത്തുന്നത്. കൊവിഡിനെ തുടർന്നുണ്ടായ ലോക്ക്ഡൗണോടെ സ്വദേശത്തേക്ക് പോകാൻ സാധിക്കാതിരുന്ന ഇവർ മാനസിക അവ്‌സസ്ഥതകൾ പ്രകടിപ്പിച്ചിരുന്നുവെന്ന് മഠം അധികൃതര്‍ പറയുന്നു.. ഇന്ന് ഉച്ചയ്ക്കും വനിത ആത്മഹത്യാശ്രമം നടത്തിയിരുന്നു. ആദ്യം കായലിൽ ചാടി മരിക്കാനാണ് യുവതി ശ്രമിച്ചത്. എന്നാൽ പൊലീസ് എത്തി ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു. രണ്ടാമത്തെ ശ്രമത്തിലാണ് മരണം സംഭവിക്കുന്നത്.
രാത്രി ഭജന നടക്കുന്ന സമയത്ത് വീണ്ടും മഠത്തിനു മുകളിലെത്തിയ ഇവര്‍ താഴേക്കു ചാടുകയായിരുന്നു. സ്റ്റെഫേഡ്‌സിയോന രണ്ടാമത് ആത്മഹത്യ ചെയ്യാൻ ശ്രമിക്കുമ്പോൾ എല്ലാവരും ഭജനയിലായിരുന്നു. മഠത്തിന്റെ ഏഴാം നിലയിൽ നിന്ന് ചാടിയാണ് സ്റ്റെഫേഡ്‌സിയോന ആത്മഹത്യ ചെയ്തത്. യുകെ സ്വദേശിനിയുടെ മൃതദേഹം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.