Kerala

എസ്എന്‍ഡിപി യൂണിയന്‍ ഓഫീസില്‍ സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയായ കെ.കെ. മഹേശനെയാണ് മാരാരിക്കുളം എസ്എന്‍ഡിപി യൂണിയന്‍ ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ പത്ത് മണിയോടെയാണ് മൃതദേഹം കണ്ടത്. മൂന്ന് പതിറ്റാണ്ടുകളായി താൻ |എസ്എൻഡിപിക്ക് നൽകിയ സംഭാവനകൾ വിവരി ക്കുന്ന 36 പേജുള്ള നോട്ട് വാട്സ്ആപ് ഗ്രൂപ്പുകളിൽ മഹേശൻ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഫോണില്‍ വിളിച്ച് കിട്ടാതിരുന്ന ബന്ധു അന്വേഷിച്ചെത്തിയപ്പോഴാണ്‌ ഓഫീസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മഹേശന്റെ വാഹനം ഓഫീസിന് പുറത്ത് നിര്‍ത്തിയിട്ടിരുന്നു. തുടര്‍ന്ന് ഓഫീസിനുള്ളില്‍ കയറി പരിശോധിച്ചപ്പോഴാണ് തൂങ്ങിയനിലയില്‍ കണ്ടത്. രാവിലെ 8.30 നാണ് വാടസ്ആപ് നോട്ട് പോസ്റ്റു ചെയ്തത്.

എസ്എന്‍ഡിപി യൂണിയന്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നയാളാണ് മഹേശന്‍. വെള്ളാപ്പള്ളിയും കുടുംബവും അംഗങ്ങളായുള്ള യൂണിയനിലാണ് ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. ദീര്‍ഘനാളായി കണിച്ചുകുളങ്ങര യൂണിയന്റെ സെക്രട്ടറിയാണ്. ഇതിന് പുറമേ മൈക്രോ ഫിനാന്‍സ് കോ-ഓര്‍ഡിനേറ്റര്‍, ചേര്‍ത്തല യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റര്‍ തുടങ്ങിയ പദവികളും വഹിച്ചിരുന്നു.

കഴിഞ്ഞ ദിവസം ക്രൈo ബ്രാഞ്ച് മൈക്രോ ഫിനാൻസ് കേസുമായി ബന്ധപ്പെട്ട് മഹേശനെ ചോദ്യം ചെയ്തിരുന്നു. നിലവിൽ 21 കേസുകളിൽ പ്രതിയാണ്.

പെരിങ്ങോട്ടുകരയിലെ ഭർതൃവീട്ടിൽ നവവധു ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണത്തിൽ വീഴ്ച വരുത്തിയ സിഐക്കും എസ്‌ഐക്കും സസ്‌പെൻഷൻ. അന്തിക്കാട് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർക്കാണ് സസ്‌പെൻഷൻ. നോർത്ത് സോൺ ഐജിയുടേതാണ് നടപടി.

ആറ് മാസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. വിവാഹം കഴിഞ്ഞ് പതിനഞ്ചാം ദിവസം മുല്ലശ്ശേരി സ്വദേശി ശ്രുതിയെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ശ്രുതി ശുചിമുറിയിൽ കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് ഭർത്താവിന്റെ വീട്ടുകാർ അറിയിച്ചത്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പ്രകാരം ശ്രുതിയുടെ കഴുത്തിൽ ശക്തിയായി ഞെരിച്ചതിന്റെ പാടുകളും നെറ്റിയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിവുകളും കണ്ടെത്തി. ഇതോടെയാണ് കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയത്. എന്നാൽ, ബന്ധുക്കളുടെ ആരോപണത്തിൽ വേണ്ടത്ര ഗൗരവത്തിൽ അന്വേഷണം നടത്താത്തതിനാണ് സിഐ പികെ മനോജിനെയും, എസ്‌ഐ കെ ജെ ജിനേഷിനെയും സസ്‌പെന്റ് ചെയ്തത്.

ഗൗരവമേറിയ കേസ് എസ്‌ഐയിൽ നിന്ന് സിഐ ഏറ്റെടുക്കാത്തത് വലിയ വീഴ്ചയായാണ് മുതിർന്ന ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്. ഇക്കാര്യത്തിൽ തൃശ്ശൂർ റൂറൽ എസ് പി വിശ്വനാഥിന്റെ റിപ്പോർട്ടും അടിസ്ഥാനമാക്കിയാണ് നടപടി. ശ്രുതിയുടെ മരണം ഇപ്പോൾ ക്രൈംബ്രാഞ്ച് അന്വേഷിക്കുകയാണ്. നേരത്തെ സംഭവത്തിൽ വനിത കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. കഴിഞ്ഞ ഡിസംബർ 22 നാണ് ശ്രുതിയുടെയും അരുണിന്റെയും വിവാഹം നടന്നത്. ഇരുവരും വർഷങ്ങളായി പ്രണയത്തിലായിരുന്നു.

ജോയ് അറയ്ക്കല്‍ ജീവനൊടുക്കിയ വാര്‍ത്തയറിഞ്ഞ് അത്ഭുതപ്പെട്ടിരുന്ന മലയാളി ബിസിനസുകാരന്‍ ടി.പി. അജിതും കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തതാണെന്ന് ഷാര്‍ജ പൊലീസ് സ്ഥിരീകരിച്ചു. എന്നാല്‍ ആത്മഹത്യ ചെയ്യാനുണ്ടായ കാരണം കണ്ടെത്താനായില്ല. പോലീസ് അന്വേഷണം തുടരുകയാണ്.

തിങ്കളാഴ്ച രാവിലെയാണ് അജിതിനെ ഷാര്‍ജ അബ്ദുല്‍ നാസര്‍ സ്ട്രീറ്റിലെ ബഹുനില കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 55 വയസ്സായിരുന്നു. കണ്ണൂര്‍ പനങ്കാവ്, ചിറയ്ക്കല്‍ ടിപി ഹൗസില്‍ ടി.പി.അജിത് ദുബായ് മെഡോസിലെ വില്ലയിലാണ് താമസം.

ദുബായില്‍ നിന്ന് ഷാര്‍ജയിലെത്തിയ ഇദ്ദേഹത്തെ ബുഹൈറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെടുന്ന അബ്ദുല്‍ നാസര്‍ സ്ട്രീറ്റിലെ ടവറില്‍ നിന്ന് വീണ് മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. ഉടന്‍ തന്നെ അല്‍ ഖാസിമി ആശുപത്രിയിലേക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പിന്നീട് ഫോറന്‍സിക് ലബോറട്ടറിയിലേയ്ക്ക് മാറ്റി.

കഴിഞ്ഞ 30 വര്‍ഷമായി യുഎഇയിലുള്ള ഇദ്ദേഹം ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌പേസ് സൊലുഷന്‍സ് ഇന്റര്‍നാഷനല്‍ ഗ്രൂപ്പ് ഡയറക്ടറായിരുന്നു. സാമ്പത്തികമായി ഉയര്‍ന്ന നിലയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. സ്‌പേസ് സൊലൂഷന്‍സ് ഇന്റര്‍നാഷനലിന് കീഴില്‍ ഗോഡൗണ്‍, ലോജിസ്റ്റിക്ക്, വര്‍ക്ക് ഷോപ്പ്, കോള്‍ഡ് സ്റ്റോറേജ് സൗകര്യം തുടങ്ങിയ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റായ കേരളാ പ്രിമിയര്‍ ലീഗ് (കെപിഎല്‍-ദുബായ്) ഡയറക്ടറായിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബം ദുബായിലുണ്ട്. ഭാര്യ: ബിന്ദു. മകന്‍ അമര്‍ എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കി അജിതിന്റെ കൂടെ ബിസിനസ് നോക്കിനടത്തുന്നു. മകള്‍ ലക്ഷ്മി വിദ്യാര്‍ഥിയാണ്.

പ്രമുഖ വ്യവസായി ആയിരുന്ന ജോയ് അറയ്ക്കല്‍ ജീവനൊടുക്കിയ വാര്‍ത്തയറിഞ്ഞപ്പോള്‍ അദ്ദേഹം എന്തിന് ഇതു ചെയ്‌തെന്ന് അജിത് അത്ഭുതപ്പെട്ടിരുന്നതായി അദ്ദേഹത്തിന്റെ സുഹൃത്ത് പറയുന്നു. ഒരിക്കലും ജോയ് അതു ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും ഏതു പ്രതിസന്ധികളെയും തരണം ചെയ്യാന്‍ ഒരു ബിസിനസുകാരന്‍ മാനസിക കരുത്ത് നേടണം എന്നുമായിരുന്നു അജിതിന്റെ അഭിപ്രായം. എന്നാല്‍ അറയ്ക്കല്‍ ജോയി പോയ വഴിയ്ക്ക് തന്നെ അജിതും പോയി.

നഗ്നശരീരം പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് ചിത്രം വരയ്ക്കാനായി വിട്ടുനല്‍കിയ സംഭവത്തില്‍ രഹ്ന ഫാത്തിമയ്‌ക്കെതിരെ പോലീസ് കേസെടുത്തു. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

നഗ്നശരീരം പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് ചിത്രം വരയ്ക്കാനായി വിട്ടുനല്‍കുകയും ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് പോലീസ് നടപടി. രഹ്ന ഫാത്തിമയ്ക്കെതിരെ തിരുവല്ല പോലീസാണ് കേസെടുത്തത്.

ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി എവി അരുണ്‍പ്രകാശ് നല്‍കിയ പരാതിയിലാണ് ജാമ്യമില്ലാവകുപ്പു പ്രകാരം കേസെടുത്തിരിക്കുന്നത്. ‘സെക്ഷ്വലി ഫ്രസ്ട്രേറ്റഡ് ആയ സമൂഹത്തില്‍ കേവലം വസ്ത്രങ്ങള്‍ക്കുള്ളില്‍ സ്ത്രീ സുരക്ഷിതയല്ല. സ്ത്രീശരീരം എന്താണെന്നും ലൈംഗീകത എന്താണെന്നും തുറന്നു പറയുകയും കാട്ടുക തന്നെയും വേണം. അത് വീട്ടില്‍ നിന്ന് തന്നെ തുടങ്ങിയാലേ സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയൂ’ എന്ന് കുറിച്ചുകൊണ്ടാണ് രഹ്ന കുട്ടികള്‍ ചിത്രം വരയ്ക്കുന്ന വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

തിരുവനന്തപുരം∙ ഐക്യരാഷ്ട്ര സഭയുടെ പബ്ലിക് സര്‍വീസ് ദിനത്തോടനുബന്ധിച്ച് കോവിഡ് പ്രതിരോധത്തിൽ മികച്ച സേവനം നടത്തിയവരെ ആദരിക്കുന്നതിന് സംഘടിപ്പിച്ച പരിപാടിയില്‍ കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം. കോവിഡ് മഹാമാരി ഫലപ്രദമായി പ്രതിരോധിക്കാന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളില്‍ നിന്നുമുള്ള നിര്‍ണായക പങ്ക് വഹിച്ച മുന്‍നിര പ്രതിനിധികളെയാണ് പരിപാടിയില്‍ ഉള്‍ക്കൊള്ളിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖരോടൊപ്പം വെര്‍ച്വല്‍ ഓണ്‍ലൈന്‍ ഇവന്റിലും പാനല്‍ ചര്‍ച്ചയിലും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയും പങ്കെടുത്തു. കോവിഡ് പ്രതിരോധത്തില്‍ കേരളം സ്വീകരിച്ച ഫലപ്രദമായ നടപടികള്‍ എന്ന വിഷയം ആസ്പദമാക്കി മന്ത്രി സംസാരിച്ചു. മഹാമാരിയും പൊതുസേവനവും എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന പാനല്‍ ചര്‍ച്ചയിലും മന്ത്രി കെ.കെ. ശൈലജ പങ്കെടുത്തു.

യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, ജനറല്‍ അസംബ്ലി പ്രസിഡന്റ് ടിജ്ജനി മുഹമ്മദ്ബന്ദെ, എത്യോപ്യ പ്രസിഡന്റ് സഹ്‌ലെ വര്‍ക്ക് സ്യൂഡെ, ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ്, യുഎന്‍ സാമ്പത്തിക, സാമൂഹ്യകാര്യ അണ്ടര്‍ സെക്രട്ടറി ജനറല്‍ ലിയു ഷെന്‍മിന്‍, കൊറിയ ആഭ്യന്തര-സുരക്ഷാ മന്ത്രി ചിന്‍ യങ്, സഹ മന്ത്രി ഇന്‍ജെയ് ലീ, സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ. ശൈലജ, ലോകാരോഗ്യ സംഘടന ഹെല്‍ത്ത് വര്‍ക്ക്‌ഫോഴ്‌സ് വിഭാഗം ഡയറക്ടര്‍ ജിം കാമ്പ്‌ബെല്‍, ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് നഴ്‌സസ് പ്രസിഡന്റ് അനറ്റി കെന്നഡി, പബ്ലിക് സര്‍വീസസ് ഇന്റര്‍നാഷണല്‍ ജനറല്‍ സെക്രട്ടറി റോസ പവേനെല്ലി എന്നിവര്‍ക്കാണ് സംസാരിക്കാനുള്ള അവസരം ലഭിച്ചത്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിപയുടെ അനുഭവങ്ങള്‍ നന്നായി സഹായിച്ചിട്ടുണ്ടെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നിപാ കാലത്ത് തന്നെ ആവിഷ്‌ക്കരിച്ച സര്‍വയലന്‍സ് സംവിധാനവും വികേന്ദ്രീകൃത പൊതുജനാരോഗ്യ വിതരണ സംവിധാനവും വികസിപ്പിച്ചെടുത്തിരുന്നു. നിപ സമയത്ത് ആദ്യ കേസിന് തൊട്ടുപിന്നാലെ നിപയാണെന്നു കണ്ടെത്താനും ശക്തമായ പ്രതിരോധം ഒരുക്കാനും കൂടുതല്‍ ആളുകളിലേക്ക് പകരാതെ തടയാനും കഴിഞ്ഞു. മാത്രമല്ല 2018 ലും 2019 ലും ഉണ്ടായ രണ്ട് വലിയ പ്രളയത്തിലും ആരോഗ്യ മേഖല ശക്തമായി ഇടപെട്ടു. അതിലൂടെ പ്രളയകാല പകര്‍ച്ചവ്യാധികള്‍ ഫലപ്രദമായി തടയുന്നതിന് സാധിച്ചു. ഇത്തരം പകര്‍ച്ച വ്യാധികള്‍ ഉണ്ടാകുന്ന സമയത്ത് പൊതുജനാരോഗ്യ ഇടപെടലുകളുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയോ പ്രവര്‍ത്തിക്കാന്‍ കാലതാമസമോ ഉണ്ടാകരുതെന്ന അനുഭവ പാഠം ഞങ്ങള്‍ക്ക് ലഭിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.

കോവിഡ് ചൈനയിലെ വുഹാനില്‍ പിടിപെട്ട സമയത്ത് തന്നെ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളവും ശക്തമായ മുന്നൊരുക്കം നടത്തി. മുഴുവന്‍ നിരീക്ഷണ ശൃംഖലയും സജീവമാക്കി സ്‌ക്രീനിങ്, രോഗനിര്‍ണയം, പൊതുജനാരോഗ്യ ഇടപെടലുകള്‍ എന്നിവയ്ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളും എസ്ഒപികളും രാജ്യാന്തര മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി നടപ്പാക്കി.

ഒന്നാം ഘട്ടത്തില്‍ 3 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എല്ലാവരേയും ചികിത്സിച്ച് ഭേദമാക്കാനായി. വ്യാപനവും മരണനിരക്കും പൂജ്യമായിരുന്നു. രണ്ടാം ഘട്ടത്തിലും മൂന്നാം ഘട്ടത്തിലും ശക്തമായ പ്രതിരോധമാണ് സൃഷ്ടിച്ചത്. അണുബാധയുടെ സാധ്യതയുള്ള ഉറവിടങ്ങള്‍ കണ്ടെത്തി നിരീക്ഷണം ശക്തമാക്കുക, സമൂഹത്തില്‍ വൈറസിന്റെ അളവ് കുറയ്ക്കുക, പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, രോഗികള്‍ എന്നിവര്‍ക്കായി റിവേഴ്‌സ് ക്വാറന്റീന്‍ എന്നിവ ഫലപ്രദമായി നടപ്പിലാക്കി. വൈറസിന്റെ കണ്ണി പൊട്ടിക്കാനായി കേരളം നടപ്പിലാക്കിയ ബ്രേക്ക് ദ് ചെയിന് വലിയ സ്വീകാര്യത ലഭിച്ചു. ഈ മൂന്ന് പ്രധാന തന്ത്രങ്ങളിലൂടെ വൈറസിനെ ഫലപ്രദമായി തടയാനും സമ്പര്‍ക്ക വ്യാപനവും മരണനിരക്കും കുറയ്ക്കാനും സാധിച്ചു. സമ്പര്‍ക്ക വ്യാപനം 12.5 ശതമാനത്തില്‍ താഴെയും മരണ നിരക്ക് 0.6 ശതമാനവും ആക്കാന്‍ സാധിച്ചതായും ആരോഗ്യ മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് ഏറ്റവും ഉയര്‍ന്ന കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.ഇന്ന് 141 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. രോഗലക്ഷണങ്ങളില്ലാതെയും ചില കേസുകള്‍ ഉണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി. സ്ഥിതി രൂക്ഷമാകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് സ്ഥിരീകരിച്ചവരില്‍ 79 പേര്‍ വിദേശത്തുനിന്ന് വന്നവരും 52 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്. 9 പേര്‍ക്കാണ് സമ്പര്‍ക്കം വഴി രോഗം ബാധിച്ചത്.

ഇന്ന് 60 പേര്‍ രോഗമുക്തി നേടിയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. 275 പേരെ ഇന്ന് മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് ഒരു കൊറോണ മരണവും റിപ്പോര്‍ട്ട് ചെയ്തു.

ഇതുവരെ 3451 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 1620 പേരാണ് നിലവില്‍ സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലുള്ളത്

പത്തനംതിട്ട,                                                                                                                                                                പാലക്കാട്-2
ആലപ്പുഴ-19
തൃശൂര്‍-14
എറണാകുളം-13
തിരുവനന്തപുരം-4
കൊല്ലം-4
കോട്ടയം-8
മലപ്പുറം-11
കോഴിക്കോട്-6
കണ്ണൂര്‍-6
വയനാട്-2

.

തിരുവനന്തപുരം∙ പ്രവാസികളെയും നാട്ടുകാരെയും രണ്ടുതട്ടിലാക്കാൻ ശ്രമമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ‘രോഗവ്യാപനത്തെക്കുറിച്ച് ഭീതി പരത്തി നാട്ടുകാരിൽ എതിർപ്പ് സൃഷ്ടിക്കുന്നു. മുഖ്യമന്ത്രി പ്രവാസികളോടും തിരിച്ചെത്തിയവരോടും നേരിട്ട് സംസാരിക്കണം. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നടപ്പാക്കുന്നത് നീട്ടിവയ്ക്കണം. ഗൾഫിലെ പ്രവാസികൾ വിദേശത്ത് ശ്വാസംമുട്ടി മരിക്കട്ടെയെന്നാണോ സർക്കാർ സമീപനം. മനുഷ്യസാധ്യമല്ലാത്ത വ്യവസ്ഥകൾ‌ വച്ച് ആളുകളെ തടയുന്നത് മനുഷ്യത്വമല്ല. ജാഗ്രതയോടെ പ്രവർത്തിച്ചാൽ രോഗവ്യാപനം ഇല്ലാതെ എത്രപേരെ വേണമെങ്കിലും എത്തിക്കാം’ – ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി പിണറായി വിജയനാണ് കോവിഡിൽ രാഷ്ട്രീയം കലർത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷം കോവിഡ് പ്രതിരോധത്തിൽ പൂർണതോതിൽ സഹകരിച്ചു. മന്ത്രിമാരടക്കം കോവിഡ് മാർഗരേഖ ലംഘിച്ച് പരിപാടികളിൽ പങ്കെടുക്കുന്നു. പൊതുരംഗത്തുള്ളവർ എന്തു പറഞ്ഞാലും ജാഗ്രത പാലിക്കണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

അങ്കമാലിയിൽ പിതാവ് കൊലപ്പെടുത്താൻ ശ്രമിച്ച പിഞ്ചു കുഞ്ഞിന്റെ ആരോഗ്യനിലയിൽ പുരോഗതി. കുട്ടി കൈ കാലുകൾ ചലിപ്പിക്കാനും കരയാനും തുടങ്ങിയതായും ശസ്ത്രക്രിയക്ക് ശേഷമുള്ള ഇത്തരം പുരോഗതി പ്രതീക്ഷനല്കുന്നതായും ഡോക്ടർമാർ അറിയിച്ചു. ഇത്തരം പുരോഗതി അടുത്ത 24 മണിക്കൂർ നീണ്ടു നിൽക്കുക യാണ് എങ്കിൽ ആശവഹമാണ് കുട്ടി യുടെ അവസ്ഥ.തുടർ ചികിത്സയിലേക്ക് ഉടൻ പ്രവേശിക്കാനും കഴിയും.

ഇന്നലെയാണ് തലച്ചോറിലെ രക്തസ്രാവം നീക്കാൻ ചെയ്യാനുള്ള അടിയന്തര ശസ്ത്രക്രിയക്ക് കുഞ്ഞിനെ വിധേയയാക്കിയത്. അങ്കമാലി ജോസെപുരത് വാടകക്ക് താമസിക്കുന്ന കണ്ണൂർ സ്വദേശി ഷൈജുതോമസ് കഴിഞ്ഞ വ്യാഴാഴ്ചയാണ് 57 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇയാൾ റിമാൻഡിലാണ്

കേരള കോണ്‍ഗ്രസ് പ്രശ്നങ്ങളില്‍ യുഡിഎഫിന്‍റെ തീരുമാനം നടപ്പാക്കിയശേഷം ചര്‍ച്ചയെന്ന് മുൻമുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ജോസ് കെ. മാണി വിഭാഗം രാജിവയ്ക്കണമെന്ന് യുഡിഎഫ് അറിയിച്ചതാണ്. യുഡിഎഫ് നിലപാടിനോടുള്ള ഇരുകൂട്ടരുടേയും നിര്‍ദേശങ്ങളില്‍ ചര്‍ച്ച അതിനുശേഷം നടത്താമെന്നും ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനവുമായി ബന്ധപ്പെട്ട യുഡിഎഫ് തീരുമാനത്തില്‍ ജോസ് കെ മാണി അതൃപ്തി അറിയിച്ചെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാൻ. എന്നാല്‍, മുന്നണി വിടുന്ന സാഹചര്യം ഉണ്ടാകില്ല. യു ഡി എഫ് ചർച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം തൃശൂരില്‍ പറഞ്ഞു.

കേരള കോൺഗ്രസിലെ പ്രശ്നത്തില്‍ യുഡിഎഫ് മുന്നോട്ടുവച്ച നിലപാടിനോടുള്ള അതൃപ്തി യുഡിഎഫിനെ അറിയിച്ചിട്ടുണ്ടെന്ന് റോഷി അഗസ്റ്റിൻ എം എൽ എ. നേതൃത്വം ഗൗരവത്തിൽ വിഷയത്തെ പരിഗണിക്കുമെന്ന് പ്രതീക്ഷയെന്നും മുന്നണി മാറ്റത്തിന്റെ ചർച്ചകൾ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ചികിത്സ തേടിയെത്തിയ തമിഴ്‌നാട് സ്വദേശി ആശുപത്രിയില്‍ കുഴഞ്ഞുവീണ് മരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് നടുവണ്ണൂരില്‍ സ്വകാര്യ ആശുപത്രി അടച്ചു. തമിഴ്‌നാട് സ്വദേശിയായ ലോറി ഡ്രൈവറാണ് ആശുപത്രിയില്‍ കുഴഞ്ഞുവീണ് മരിച്ചത്. ഇയാള്‍ക്ക് കൊവിഡ് ബാധിച്ചിരുന്നോ എന്ന സംശയത്തെ തുടര്‍ന്നാണ് അധികൃതര്‍ ആശുപത്രി അടച്ചത്. ഈറോഡ് സ്വദേശി ഷണ്‍മുഖം ആണ് മരിച്ചത്.

കൊവിഡ് പരിശോധന നടത്തുന്നതിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. നടുവണ്ണൂര്‍-പേരാമ്പ്ര സംസ്ഥാനപാതയില്‍ കരുമ്പാപ്പൊയിലിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി 8.45ഓടെയാണ് സംസ്ഥാനപാത വഴി കടന്നുപോവുകയായിരുന്ന തമിഴ്‌നാട് ലോറി ആശുപത്രിക്ക് മുന്നില്‍ പെട്ടെന്ന് നിര്‍ത്തുകയും രക്ഷിക്കണമെന്ന് പറഞ്ഞ് ഡ്രൈവര്‍ ആശുപത്രിക്ക് അകത്തേക്ക് ഓടിക്കയറുകയായിരുന്നു.

തനിക്ക് നെഞ്ചുവേദനയാണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ഇസിജി എടുത്തതിനു തൊട്ടുപിന്നാലെയാണ് ഇയാള്‍ കുഴഞ്ഞുവീണ് മരിച്ചത്. ഇയാളുടെ പെട്ടെന്നുള്ള മരണം ആശുപത്രി ജീവനക്കാരെയും നാട്ടുകാരെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. അതേസമയം കൊവിഡ് ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ആശുപത്രിയിലുള്ള ആരെയും പുറത്തേക്ക് വിടുകയോ പുറത്തുനിന്ന് ആരെയും അകത്തേക്ക് പ്രവേശിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്.

RECENT POSTS
Copyright © . All rights reserved