ലോക്ക്ഡൗൺ മൂലം ഇംഗ്ലണ്ടിലെ രണ്ട് തുറമുഖങ്ങളിൽ കുടുങ്ങിയത് ഇന്ത്യക്കാരായ ആയിരത്തിലേറെ കപ്പൽ ജീവനക്കാർ. ഇതിൽ സൗത്താംപ്റ്റണിൽ കുടുങ്ങിയ 600 ഇന്ത്യക്കാരിൽ 44 മലയാളികൾ ഉൾപ്പെടെയുള്ളവരെ പ്രത്യേക വിമാനങ്ങളിൽ ക്രൂയിസ് കമ്പനി നാട്ടിലേക്ക് മടക്കി അയച്ചുതുടങ്ങി. അഞ്ചുകപ്പലുകളിലായി ജോലി ചെയ്തിരുന്നവരാണ് 44 മലയാളികൾ ഉൾപ്പെടെയുള്ള ഈ ജീവനക്കാർ.
ആറ് ആഡംബര കപ്പലുകളിലായി ടിൽബറി പോർട്ടിലും കുടുങ്ങിയ 496 ഇന്ത്യൻ ജീവനക്കാർ നാട്ടിലേക്ക് മടങ്ങാനായി കാത്തിരിക്കുകയാണ്. ഇതിൽ 120 പേർ മലയാളികളാണ്. രണ്ടാഴ്ചയ്ക്കുള്ളിൽ ഇവരെ കമ്പനി ചാർട്ടർ ചെയ്യുന്ന വിമാനങ്ങളിൽ നാട്ടിലെത്തിച്ചു തുടങ്ങുമെന്നാണ് വിവരം. എന്നാൽ ഏപ്രിൽ 14 മുതൽ തുടങ്ങിയ ഈ കാത്തിരിപ്പിന് ഇനിയും അവസാന ഉത്തരം ആയിട്ടില്ല. ഭക്ഷണവും താമസസൗകര്യവും ബേസിക് സാലറിയും കമ്പനി നൽകുന്നുണ്ടെങ്കിലും നാട്ടിലേക്ക് മടങ്ങാൻ കഴിയാത്തതിന്റ ആശങ്കയിലാണ് മലയാളികളായ പല ജീവനക്കാരും.
വിവിധ ലോകരാജ്യങ്ങൾ ലോക്ക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ വേൾഡ് ക്രൂയിസ് നടത്തിയിരുന്ന കപ്പലുകളാണ് ഇവയെല്ലാം. തുറമുഖങ്ങൾ അടച്ചതോടെ കപ്പലുകൾ അടിയന്തരമായി യാത്രനിർത്തി ഇംഗ്ലണ്ടിലെ മദർ പോർട്ടുകളിലേക്ക് തിരികെപോന്നു. കപ്പലുകളിൽ ഉണ്ടായിരുന്ന യാത്രക്കാരെയെല്ലാം ഇതിനോടകം സുരക്ഷിതമായി മടക്കി അയച്ചു കഴിഞ്ഞു.
ലോക്ക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ ജപ്പാൻ, ഓസ്ട്രേലിയ, നോർവേ, സൗത്ത് അമേരിക്ക, ഇന്തോനേഷ്യ എന്നിവയുടെ സമുദ്രാതിർത്തികളിലായിരുന്ന ആറ് ആഡംബര കപ്പലുകളാണ് ഇപ്പോൾ ടിൽബറിയിൽ നങ്കൂരമിട്ടിരിക്കുന്നത്. ക്രൂയിസ് ആൻഡ് മാരിടൈം വോയേജസ് എന്ന കമ്പനിയുടെ കീഴിലുള്ള കൊളംബസ്, വാസ്കോഡഗാമ, മാർക്കോപോളോ, മാഗെല്ലെൻ, അസ്തൂർ, അസ്തോറിയ എന്നീ കപ്പലുകളിലെ ജീവനക്കാരാണ് 120 മലയാളികൾ ഉൾപ്പെടെയുള്ള 496 ഇന്ത്യക്കാർ.
മറ്റ് രാജ്യങ്ങളിൽനിന്നുള്ള ജോലിക്കാരെ ഇതിനോടകം തിരികെ അയച്ചുതുടങ്ങി. ഏറെപ്പേരും ഇന്ത്യക്കാരായതിനാലാണ് ഇവരുടെ യാത്ര അവസാനമാക്കാൻ കമ്പനി അധികൃതർ തീരുമാനിച്ചതെന്നാണ് വിവരം. മലയാളികളും തമിഴ്നാട്ടുകാരുമായ ജീവനക്കാരെ ഒരുമിച്ച് കൊച്ചിയിലേക്കും അവിടെനിന്നും ചെന്നെയിലേക്കും പ്രത്യേക വിമാനത്തിൽ അയയ്ക്കുമെന്നാണ് ജീവനക്കാർക്ക് നൽകിയിട്ടുള്ള വിവരം.
ടിൽബറിയിലെ ഹാർബറിൽ നങ്കൂരമിട്ടിരിക്കുന്ന കപ്പലുകളിൽ പ്രധാനമായും ബ്രിട്ടീഷ് യാത്രക്കാരാണ് ഉണ്ടായിരുന്നത്. എന്നാൽ സൗത്താംപ്റ്റണിൽ എത്തിയ കപ്പലുകളിൽ 77 രാജ്യങ്ങളിൽനിന്നുള്ള വിനോദ സഞ്ചാരികളുണ്ടായിരുന്നു. ഇവരെയെല്ലാം കയറ്റി അയച്ചശേമാണ് ഇപ്പോൾ ഒടുവിൽ ജിവനക്കാരെയും കമ്പനികൾ മടക്കി അയയ്ക്കുന്നത്.
ഇതിനിടെ വന്ദേഭാരത് മിഷന്റെ വിമാനങ്ങളിൽ കയറിപ്പറ്റി നാട്ടിലെത്താൽ ഇവരിൽ ചിലർ ശ്രമം നടത്തിയെങ്കിലും ഇന്ത്യൻ എംബസിയിൽനിന്നും ഇവരുടെ ഇ-മെയിൽ സന്ദേശങ്ങൾക്ക് മറുപടിപോലും ലഭിച്ചില്ലെന്ന് പരാതിയുണ്ട്.
ഇന്ത്യയുടെ ഇതിഹാസ ഫുട്ബോളര്‍ ഐ.എം വിജയനെ ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) പത്മശ്രീ പുരസ്‌കാരത്തിനായി നാമനിര്‍ദേശം ചെയ്തു. ഇന്ത്യയിലെ ആദ്യ ഫുട്‌ബോള്‍ സൂപ്പര്‍ സ്റ്റാര്‍ എന്ന് നിസ്സംശയം വിശേഷിപ്പിക്കാവുന്ന കേരളത്തിന്റെ ഐ എം വിജയന്‍ 1992ലാണ് ആദ്യമായി ഇന്ത്യന്‍ ജേഴ്‌സി അണിയുന്നത്. 92നും 2003നും ഇടയില്‍ 79 മത്സരങ്ങളിലാണ് വിജയന്‍ ഇന്ത്യക്കായി ബൂട്ടണിഞ്ഞത്. ബൈച്ചുംഗ് ബൂട്ടിയക്കൊപ്പം മുന്നേറ്റ നിരയില്‍ കൊടുങ്കാറ്റ് സൃഷ്ടിച്ച അദ്ദേഹം 11 വര്‍ഷമാണ് ഇന്ത്യക്കായി കളിച്ചത്. 2003-ല്‍ അര്‍ജുന പുരസ്‌കാരം ലഭിച്ചിരുന്നു.
വിജയന്‍ 17-ാം വയസില്‍ കേരള പോലീസിലൂടെയാണ് തന്റെ ഫുട്ബോള്‍ കരിയറിന് തുടക്കമിടുന്നത്. കരിയറില്‍ മോഹന്‍ ബഗാന്‍, എഫ്‌സി കൊച്ചിന്‍, ജെസിടി ഫഗ്വാര, ചര്‍ച്ചില്‍ ബ്രദേഴ്‌സ്, ഈസ്റ്റ് ബംഗാള്‍ തുടങ്ങിയ ക്ലബ്ബുകള്‍ക്കായി കളിച്ചു. 1989-ല്‍ അന്താരാഷ്ട്ര ഫുട്ബോളില്‍ അരങ്ങേറ്റം കുറിച്ച അദ്ദേഹം ഇന്ത്യയ്ക്കായി 40 ഗോളുകളും സ്‌കോര്‍ ചെയ്തു. 1999-ല്‍ മികച്ച ഫോമിലായിരുന്ന അദ്ദേഹം 13 മത്സരങ്ങളില്‍ നിന്ന് 10 ഗോളുകള്‍ നേടി.
ഫുട്ബോള്‍ ചരിത്രത്തിലെ വേഗതയേറിയ ഗോളെന്ന റെക്കോഡും വിജയന്റെ പേരിലാണ്. സൗത്ത് ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ കപ്പില്‍ ഭൂട്ടാനെതിരെ 12-ാം സെക്കന്‍ഡിലാണ് വിജയന്‍ വലകുലുക്കിയത്. 1999 ദക്ഷിണേഷ്യന്‍ ഗെയിംസില്‍ പാകിസ്താനെതിരേ ഹാട്രിക്ക് നേടി ശ്രദ്ധ പിടിച്ചുപറ്റി. 2003-ല്‍ ഇന്ത്യയില്‍ നടന്ന ആഫ്രോ-ഏഷ്യന്‍ ഗെയിസില്‍ നാലു ഗോളുകളുമായി ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായി.1992, 1997, 2000 വര്‍ഷങ്ങളില്‍ എ.ഐ.എഫ്.എഫിന്റെ മികച്ച ഫുട്ബോള്‍ താരമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2006-ലാണ് ബൂട്ടഴിച്ചത്.
കണ്ണൂര്‍ സ്വദേശി ഷാര്‍ജയില്‍ മരിച്ചു. കണ്ണൂര്‍ ആലക്കോട് സ്വദേശി അബ്ദുല്‍ഖാദറാണ് മരിച്ചത്. ചികിത്സക്ക് നാട്ടില്‍ പോകാന്‍ എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കവെയാണ് മരണം സംഭവിച്ചത്. കടുത്ത വൃക്കരോഗവും അര്‍ബുദവുമുണ്ടായിരുന്നു എന്ന് തിരിച്ചറിഞ്ഞതിന് തൊട്ടുപിന്നാലെ ആയിരുന്നു മരണം.
നടുവേദനയെ തുടര്‍ന്ന് നടക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇദ്ദേഹം നാട്ടിലേക്ക് പോകാന്‍ അപേക്ഷ നല്‍കിയത്. നാട്ടില്‍ നല്ല ചികിത്സ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അബ്ദുല്‍ഖാദര്‍. എന്നാല്‍ അപേക്ഷ നല്‍കി ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായി.
തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് അബ്ദുള്‍ഖാദറിനെ ഷാര്‍ജ അല്‍ഖാസിമിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ വെച്ച് നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന് അര്‍ബുദ രോഗമുണ്ടെന്ന് തിരിച്ചറിഞ്ഞു. തൊട്ടുപിന്നാലെ ഞായറാഴ്ച അദ്ദേഹം മരണത്തിന് കീഴടങ്ങി.
ചികില്‍സക്ക് നാട്ടിലെത്താന്‍ അബ്ദുള്‍ഖാദറും കുടുംബവും പലതരത്തിലും ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. 30 വര്‍ഷമായി യു.എ.ഇയില്‍ കഴിയുന്ന അബ്ദുള്‍ഖാദറിന്റെ മൃതദേഹം ഒടുവില്‍ ഷാര്‍ജയില്‍ തന്നെ ഖബറടക്കാന്‍ ബന്ധുക്കള്‍ തീരുമാനിക്കുകയായിരുന്നു.
സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തെ തുടര്‍ന്ന് ബോളിവുഡിനെതിരെ വിമര്‍ശനങ്ങളുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇതിനിടെ മലയാള സിനിമയിലെ വിവേചനത്തെ കുറിച്ചും മേധാവിത്വത്തെ കുറിച്ചും തുറന്നടിച്ചിരിക്കുകയാണ് നടന്‍ നീരജ് മാധവ്. ചുരുങ്ങിയ കാലത്തെ സിനിമാജീവിതം കൊണ്ട് താന്‍ മനസ്സിലാക്കിയ സിനിമയിലെ അലിഖിത നിയമങ്ങളെ കുറിച്ചും മാറ്റിനിര്‍ത്തപ്പെടലുകളെ കുറിച്ചുമാണ് നടന്‍ പ്രതികരിക്കുന്നത്.
നീരജ് മാധവിന്റെ കുറിപ്പ്:
‘സിനിമയില്‍ ചില അലിഖിത നിയമങ്ങള്‍ ഉണ്ട് ‘, ഒരു പ്രമുഖ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പണ്ട് എന്നോട് പറഞ്ഞതാണ്, ”അതൊക്കെ നോക്കീം കണ്ടും നിന്നാല്‍ നിനക്കു കൊള്ളാം.” അന്നതിന്റെ ഗുട്ടന്‍സ് എനിക്ക് പിടി കിട്ടിയില്ല, 6 വര്‍ഷങ്ങള്‍ക്കിപ്പുറം വന്ന വഴി തിരിഞ്ഞു നോക്കുമ്പോള്‍ ഞാനോര്‍ക്കുന്നത് ഈ പറഞ്ഞ നിയമാവലി പലപ്പോഴും ഞാന്‍ പാലിച്ചിട്ടില്ല എന്നുള്ളതാണ്. അതിന്റെ തിരിച്ചടികളും ഞാന്‍ നേരിടേണ്ടി വന്നിട്ടുണ്ട്.
പല സിനിമാ സെറ്റുകളിലും ഇപ്പഴും നിലനില്‍ക്കുന്ന ഒരു ഹൈറാര്‍ക്കി സംമ്പ്രദായമുണ്ട്. സീനിയര്‍ നടന്മാര്‍ക് കുപ്പി ഗ്ലാസിലും ബാക്കിയുള്ളവര്‍ക് സ്റ്റീല്‍ ഗ്ലാസിലും ചായ കൊടുക്കുന്നിടത്ത് തുടങ്ങുന്നു ആ വേര്‍തിരിവ്. ചായ പേപ്പര്‍ ഗ്ലാസില്‍ കുടിച്ചാലും ഇറങ്ങും, പക്ഷെ അത് അടിച്ചേല്പിക്കുമ്പോഴാണ് പ്രശ്‌നം. കാലിന്മേല്‍ കാല് കേറ്റി വച്ചിരുന്നാല്‍ ജാഡ, കൂളിംഗ് ഗ്ലാസ്സിട്ടാല്‍ അഹങ്കാരം, സ്‌ക്രിപ്റ്റില്‍ അഭിപ്രായം പറഞ്ഞാല്‍ ഇടപെടല്‍. നമ്മള്‍ കാഷ്വല്‍ ആയി പറയുന്ന ഓരോ വാക്കുകളും വരെ ചിന്തിക്കാന്‍ പറ്റാത്ത രീതിയില്‍ ദുര്‍വ്യാഖ്യാനിക്കപ്പെടും. എക്‌സ്ട്രീംലി ജഡ്ജ്‌മെന്റല്‍ ആയിട്ടുള്ള ഒരു പറ്റം കൂട്ടര്‍.
വളര്‍ന്നു വരുന്ന ഒരുത്തനെ എങ്ങനെ മുളയിലേ നുള്ളാം എന്ന് കൂട്ടം കൂടിയാലോചിക്കുന്ന ഒരു സംഘം തന്നെയുണ്ട്. ഇവരുടെ മെയിന്‍ പണി പുതിയ പിള്ളേരുടെ സ്വഭാവ ഗുണങ്ങള്‍ അളക്കലാണ്, എന്നാല്‍ നിങ്ങള്‍ വിചാരിക്കുന്ന പോലെ പുകവലിയും മദ്യപാനവും ഒന്നുമല്ല ഇതിന്റെ മാനദണ്ഡം. വിധേയത്വം , സഹകരണം, എളിമ, ഇത് മൂന്നും നാട്യമാണെങ്കിലും കാട്ടിക്കൂട്ടണം. പിന്നെ കൂടുതല്‍ ആവശ്യങ്ങള്‍ ഉന്നയിക്കാതിരിക്കുക, തരുന്ന കാശും മേടിച്ച് വീട്ടില്‍ പോവുക. എന്നാല്‍ നിങ്ങളെ അടുത്ത പടത്തില്‍ വിളിക്കും. ഒരുപക്ഷെ പ്രായത്തിന്റെ അപക്വതയില്‍ അല്‍പം വാശികളും അശ്രദ്ധയും ഒക്കെ കാണിച്ചിട്ടുണ്ടാവാം, അതുകൊണ്ട് പല ‘സിനിമക്കാരുടെയും’ ഗുഡ് ബുക്‌സില്‍ ഞാന്‍ കേറിപറ്റിയിട്ടില്ല. അല്പം ഡിമാന്റിങ് ആയതിന്റെ പേരില്‍ പല അവസരങ്ങളും എനിക്ക് നഷ്ടപെട്ടിട്ടുണ്ട്. ഞാന്‍ പോലും വളരെ വൈകിയാണ് ഇതൊക്കെ തിരിച്ചറിഞ്ഞിട്ടുള്ളത്.
ഒരു കലാകാരന് ഏറ്റവും ആവശ്യമായിട്ടുളളത് കഴിവും പ്രയത്‌നവുമാണ് എന്നിരിക്കെ, സിനിമയില്‍ മുന്നേറാന്‍ നമ്മള്‍ക്കു വേണ്ടത് അതൊന്നുമല്ല എന്നുള്ളതാണ് വാസ്തവം. ഞാന്‍ ചെറിയ വേഷങ്ങളില്‍ തുടങ്ങിയ ആളാണ്, അതുകൊണ്ട് തന്നെ ഓരോ ചവിട്ടുപടിയും ഏറെ ശ്രമകരമായിരുന്നു. സിനിമ ഒരു ഷോ ബിസിനസ് കൂടിയാണ്, അപ്പോള്‍ കൂടുതല്‍ ശമ്പളം മേടിക്കുന്നവര്‍ ആണ് താരങ്ങള്‍. നായികയുടെ ഹെയര്‍ ഡ്രെസറിന്റെ പകുതി പോലും ശമ്പളമില്ലാത്ത കാലത്ത് നിന്ന് ഇന്ന് ഏഴക്ക ശമ്പളമുള്ള ഒരു നിലയില്‍ എത്തിയിട്ടുണ്ടെങ്കില്‍ അതിനു പിന്നില്‍ ഒരു വലിയ അധ്വാനമുണ്ട്. എന്നാല്‍ ഏറ്റവും വലിയ സത്യവും സങ്കടവും എന്താണെന്ന് വെച്ചാല്‍ സിനിമയില്‍ കലാകാരന്റെ കഴിവല്ല, കൈകാര്യമാണ് അവന്റെ ഭാവി നിര്‍ണയിക്കുന്നത് എന്നുള്ളതാണ്. ഒപ്പം അവകാശപ്പെടാന്‍ ഒരു പാരമ്പര്യം കൂടെ ഉണ്ടെങ്കില്‍ പിന്നെ സേഫ് ആണ്.
ആദ്യകാലത്തെ കോമഡി വേഷങ്ങളില്‍ നിന്ന് ചുവട് മാറ്റാന്‍ ശ്രമിച്ചപ്പോള്‍ പലരും പേടിപ്പിച്ചു, വെറുതെ ഉള്ളത് കൂടി ഇല്ലാതാവും. പിന്നീട് നായകനായപ്പോഴാണ് മനസിലായത് സിനിമാകച്ചവടം വേറൊരു പരിപാടിയാണെന്ന്. സാറ്റലൈറ്റ് വാല്യു മുതല്‍ സിനിമയ്ക്കു നല്ല തീയറ്ററുകള്‍ ലഭിക്കുന്നതു വരെയുള്ള ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ നായകന്റെ തലയിലാണ്. ഇതെല്ലാം ചെയ്ത് പടം തീയറ്ററില്‍ എത്തിച്ചാല്‍ നിങ്ങളില്‍ എത്ര പേര് ആദ്യവാരം പോയിക്കാണും ? അഭിപ്രായം കേട്ടിട്ട് പോവാം എന്നാണ് പലരുടെയും നിലപാട്, പടം എബൗവ് ആവറേജ് ആയാലും പോരാ, എക്‌സെപ്ഷണല്‍ ആണേല്‍ ഞങ്ങള്‍ വിജയിപ്പിക്കാം. അല്ലേല്‍ വിമര്‍ശിച്ചു കീറിയോട്ടിക്കും. താരങ്ങളുടെ മോശപ്പെട്ട സിനിമകള്‍ പോലും ഇക്കൂട്ടര്‍ വിജയിപ്പിക്കുന്നില്ലേ ? അപ്പൊ പിന്നെ കൊച്ചു സിനിമകളുടെ കാര്യത്തില്‍ എന്താണ് ഇത്ര കാര്‍ക്കശ്യം ? ആരോട് പറയാന്‍…
ഇത്രയൊക്കെ എഴുതാന്‍ പ്രേരണയായത് കഴിഞ്ഞ ദിവസം സംഭവിച്ച സുശാന്ത് സിങ് രജ്പുത് എന്ന നടന്റെ മരണത്തോടനുബന്ധിച്ചു കങ്കണ റണൗട്ട്് നടത്തിയ തുറന്നടിച്ച പ്രതികരണമാണ്. ബോളിവുഡില്‍ ഗോഡ്ഫാദര്‍ ഇല്ലാത്ത സുശാന്തിന്റെ ഇന്‍ഡസ്ട്രിയിലെ ചെറുത്ത് നില്‍പ്പിന്റെ കഷ്ടപ്പാടിനെ പറ്റി കങ്കണ പറയുകയുണ്ടായി. ഇത്രയും ചെറിയ നമ്മുടെ ഇന്‍ഡസ്ട്രയില്‍ പിടിച്ചു നില്‍ക്കാന്‍ പാടാണെങ്കില്‍ ബോളിവുഡിലെ അവസ്ഥ എന്തായിരിക്കും. ഫാമിലി മാനിനു വേണ്ടി (അതിവിടെ ആരൊക്കെ കണ്ടു എന്നുള്ളത് വേറൊരു ചോദ്യം) മുംബയില്‍ ഷൂട്ട് ചെയ്തു കൊണ്ടിരിക്കെയാണ് സംവിധായകന്‍ നിതെഷ് തിവാരി ചിച്ചോരയില്‍ അഭിനയിക്കാന്‍ വിളിക്കുന്നത്, സ്‌ക്രീന്‍ ടെസ്റ്റും മേക്കപ്പ് ചര്‍ച്ചയും എല്ലാം കഴിഞ്ഞു ജോയിന്‍ ചെയ്യാന്‍ ഇരിക്കെയാണ് ഡേറ്റ് ക്ലാഷ് മൂലം അത് കൈവിട്ടു പോയത്, അതില്‍ നല്ല വിഷമമുണ്ടായിരുന്നു. അന്നാ സിനിമയില്‍ അഭിനയിച്ചിരുന്നേല്‍ ഒരു പക്ഷെ സുശാന്ത് സിങ് എന്ന വ്യക്തിത്വത്തെ കൂടുതല്‍ അടുത്തറിയാന്‍ സാധിച്ചേനെ, സിനിമയില്‍ ഗോഡ്ഫാദര്‍ ഇല്ലാത്ത എനിക്ക് അയാളുടെ യാത്രയും പ്രയത്‌നവും ഒരുപാട് റിലേറ്റ് ചെയ്യാന്‍ സാധിച്ചേനെ. ഒരു പക്ഷെ ഞങ്ങള്‍ സുഹൃത്തുക്കള്‍ ആയേനെ…
ഇനിയും നീട്ടി വലിക്കുന്നില്ല, എന്നെങ്കിലും പറയണമെന്ന് വിചാരിച്ച ചില കാര്യങ്ങള്‍ ആണ്, ഇപ്പോള്‍ പങ്ക് വെക്കണമെന്ന് തോന്നി. സിനിമയെ സ്വപ്നം കണ്ട് കഴിയുന്നവരെ മടുപ്പിക്കാനല്ല മറിച്ചു അവര്‍ നേരിടാന്‍ സാധ്യതയുള്ള കടമ്പകളെ ഒന്നു ചൂണ്ടിക്കാട്ടുന്നു എന്ന് മാത്രം. ഞാന്‍ അത്ര ഭയങ്കര നടനൊന്നുമല്ല, ചെയ്തതെല്ലാം മികച്ച സിനിമകളും അല്ല. പിന്നെന്താണ് പറഞ്ഞു വരുന്നതെന്ന് ചോദിച്ചാല്‍, in a fair race everyone deserves an equal start. സംവരണം വേണ്ട, തുല്യ അവസരങ്ങള്‍ മതി. ഇത് ബോളിവുഡ് അല്ല, കേരളമാണ്. ആത്യന്തികമായി ഇവിടെ കഴിവും പ്രയത്‌നവും ഉള്ളവര്‍ നിലനില്‍ക്കും എന്ന ശുഭാപ്തിയുണ്ട്. ഇതുവരെ കൂടെ നിന്ന എല്ലവര്‍ക്കും നന്ദി, ഇനിയും ബഹുദൂരം മുന്നോട്ട് പൊവനുണ്ടു, കൂടെയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
ബിസിനസിൽ തിരിച്ചടികൾ നേരിട്ടതോടെ വിഷാദരോഗത്തിന് അടിമപ്പെട്ട ഡൽഹിയിലെ ബിസിനസുകാരൻ മരിച്ച സംഭവത്തിൽ വൻട്വിസ്റ്റ്. കുടുംബത്തിന് ഇൻഷുറൻസ് തുക ലഭിക്കാനായി കൊലപ്പെടുത്താൻ ഇയാൾ സ്വയം ക്വട്ടേഷൻ നൽകിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടി ഉൾപ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
ഡൽഹി ഇന്ദ്രപ്രസ്ഥ എക്‌സറ്റൻഷനിൽ താമസിക്കുന്ന ഗൗരവിനെ(37) ജൂൺ ഒമ്പതിനാണ് കാണാതായത്. രാവിലെ വ്യാപാരസ്ഥാപനത്തിലേക്ക് പോയ ഭർത്താവ് വീട്ടിൽ തിരിച്ചെത്തിയില്ലെന്ന് ഭാര്യ ഷാനു ബൻസാൽ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഡൽഹി റാൻഹൗലയിൽ ഗൗരവിനെ മരത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
കൈകൾ രണ്ടും കെട്ടിയിട്ട നിലയിലായതിനാൽ തന്നെ കൊലപാതകമാണെന്ന് പോലീസ് തുടക്കം മുതൽ സംശയിച്ചിരുന്നു. സംഭവത്തിൽ ഗൗരവിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയിരുന്നു. ഇതിൽനിന്ന് പ്രായപൂർത്തിയാകാത്ത ഒരു ആൺകുട്ടിയുമായി ഗൗരവ് ഫോണിൽ നിരന്തരം സംസാരിച്ചിരുന്നതായി കണ്ടെത്തി. തുടർന്ന് ഈ കുട്ടിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ഈ ക്വട്ടേഷന് വേണ്ടി പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെയാണ് ഗൗരവ് തെരഞ്ഞെടുത്തത്. തന്നെ കൊലപ്പെടുത്താനുള്ള ക്വട്ടേഷൻ ഏൽപ്പിച്ചതിനൊപ്പം തന്റെ ഒരു ഫോട്ടോയും ഗൗരവ് അയച്ചുനൽകിയിരുന്നു.
ജൂൺ ഒമ്പതിന് പൊതുഗതാഗതസൗകര്യങ്ങൾ ഉപയോഗിച്ച് ഗൗരവ് റാൻഹൗലയിൽ എത്തിയത്. തുടർന്ന് ഗൗരവിനെ പ്രതികൾ ഒഴിഞ്ഞസ്ഥലത്ത് കൊണ്ടുപോവുകയും കൈകൾ ബന്ധിച്ചശേഷം മരത്തിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയുമായിരുന്നു. അതേസമയം, എത്ര തുകയ്ക്കാണ് ഗൗരവ് ക്വട്ടേഷൻ നൽകിയതെന്നോ എത്ര തുകയ്ക്കാണ് ഇൻഷുറൻസ് പോളിസി എടുത്തതെന്നോ പോലീസ് വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യങ്ങൾ അന്വേഷിച്ചുവരികയാണെന്നാണ് പോലീസിന്റെ പ്രതികരണം.
ബിസിനസുകാരനായ ഗൗരവ് സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നതായും വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായും ഭാര്യ നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ ആറ് ലക്ഷം രൂപയുടെ വായ്പ എടുത്തിരുന്നു. മാത്രമല്ല, ക്രെഡിറ്റ് കാർഡ് തട്ടിപ്പിനിരയായി 3.5 ലക്ഷം രൂപയും നഷ്ടപ്പെട്ടു. വായ്പ തിരിച്ചടവ് മുടങ്ങുകയും തട്ടിപ്പിനിരയാവുകയും ചെയ്തതോടെ കടുത്ത മാനസികപ്രയാസം അനുഭവിച്ചിരുന്നതായും ഭാര്യ മൊഴി നൽകിയിരുന്നു.
തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി എന്ന സച്ചിദാനന്ദന്‍ തൃശൂർ ജൂബിലി ഹോസ്പിറ്റലിൽ തീവ്രപരിചരണവിഭാഗത്തില്‍. മറ്റൊരു ആശുപത്രിയില്‍ നിന്നും ഇന്ന് രാവിലെ ജൂബിലി ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെട്ട സച്ചിയുടെ നില ഗുരുതരാവസ്ഥയിലാണ് എന്ന് ആശുപ്രത്രി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. നട്ടെല്ലിന്റെ ശസ്ത്രക്രിയയെ തുടര്‍ന്നു നേരിട്ട ശാരീരികാസ്വാസ്ഥങ്ങള്‍ ഹൃദയസ്തംഭനത്തിലേക്ക് നയിക്കുകയും തലച്ചോറിനെ ബാധിക്കുയും ചെയ്തതായി ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
പൃഥ്വിരാജിനെ നായകനാക്കി സച്ചിയും സേതുവും ചേര്‍ന്ന് തിരക്കഥയെഴുതിയ ‘ചോക്ക്ലേറ്റ്’ മുതല്‍ പൃഥ്വിരാജ്-ബിജു മേനോന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സച്ചി ഒരുക്കിയ ‘അയ്യപ്പനും കോശിയും’ വരെ ഹിറ്റുകളുടെ ഒരു വലിയ നിര തന്നെ സ്വന്തമായുള്ള കലാകാരനാണ് സച്ചി.
സുഹൃത്തുക്കള്‍ ആവര്‍ത്തിച്ച് വിലക്കി. ചെലവുകാശിനായി വല്ലതും കിട്ടുമെന്ന് വിചാരിച്ചാണ് സുഹൃത്തുക്കള്‍ പറയുന്നത് കേള്‍ക്കാതെ സക്കീര്‍ ഹുസൈന്‍ പാമ്പിനെ പിടിക്കാന്‍ പോയത്. എന്നാല്‍ അവന്‍ ചെന്നിറങ്ങിയത് മരണത്തിലേക്കായിരുന്നു.
ഞായറാഴ്ചയാണ് ശാസ്താവട്ടം, റുബീന മന്‍സിലില്‍ ഷാഹുല്‍ ഹമീദിന്റെ മകന്‍ പാമ്പ് പിടിത്തക്കാരന്‍ സക്കീര്‍ ഹുസൈന്‍ പാമ്പിന്റെ കടിയേറ്റ് മരിച്ചത്. പിടികൂടി നിമിഷങ്ങള്‍ക്കകം പാമ്പ് സക്കീറിന്റെ കൈയില്‍ കൊത്തി.
കടിയേറ്റ് വീണ് അവശനായ യുവാവിന്റെ വായില്‍ നിന്നും നുരയും പതയും വരുന്നത് കണ്ട് നാട്ടുകാര്‍ ഉടന്‍ തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സക്കീറിനെ കൊത്തിയ ശേഷം രക്ഷപ്പെട്ട പാമ്പിനെ പിന്നീട് വാവ സുരേഷ് എത്തി പിടികൂടുകയായിരുന്നു. ലോക്ഡൗണ്‍ സക്കീര്‍ ഹുസൈന്റെ ജീവിതത്തെയും ബാധിച്ചിരുന്നു. കിട്ടുന്ന പണം കുടുംബച്ചെലവിനു തികയാതെ വന്നതോടെയാണ് ഞായറാഴ്ച സക്കീര്‍ പാമ്പ് പിടിത്തത്തിന് ഇറങ്ങിയത്.
സുഹൃത്തുക്കള്‍ പോകരുതെന്ന് പറഞ്ഞെങ്കിലും കൈയ്യില്‍ ആകെയുണ്ടായിരുന്നത് 30 രൂപ മാത്രമായിരുന്നതിനാലാണ് ചെലവുകാശിനായി വല്ലതും കിട്ടുമല്ലോയെന്നു പറഞ്ഞ് അവന്‍ പോയത്. ആറുമാസംമുമ്പ് സക്കീര്‍ ശാസ്തവട്ടത്ത് വാടകവീട്ടിലേക്കു മാറിയത്. ഭാര്യ ഹസീനയുടെ രണ്ടാമത്തെ പ്രസവം കഴിഞ്ഞിട്ട് 40 ദിവസമായേയുള്ളൂ.
സക്കീറിന്റെ മരണം ഹസീനയെ തളര്‍ത്തി. മൂത്തമകള്‍ ഏഴുവയസ്സുകാരി ബാപ്പയുടെ മരണമറിയാതെ വീട്ടില്‍ ഓടിനടക്കുകയാണ്. ലൈറ്റ്‌സ് ആന്ഡ് സൗണ്ട് ജീവനക്കാരനായിരുന്ന സക്കീറിന് ലോക്ഡൗണ്‍ വന്നതോടെ ആ ഉപജീവനമാര്‍ഗം നഷ്ടപ്പെട്ടു. എട്ടുവര്‍ഷംമുമ്പേ സക്കീര്‍ പാമ്പുപിടിത്തം തുടങ്ങിയിരുന്നു.
പെരുമ്പാാവൂരിൽ ബാങ്കിന്റെ ചില്ല് തകർന്നുണ്ടായ അപകടത്തിൽ യുവതി മരിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്ത്. ചില്ലിന്റെ ഗുണ നിലവാര കുറവാണ് അപകട കാരണം. ഇത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകുമെന്നും ബന്ധുക്കൾ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കേരളത്തെ ഞെട്ടിച്ച സംഭവമുണ്ടായത്.
പെരുമ്പാവൂരിലെ ബാങ്കിന് മുന്നിലെ വാതിലിൽ ഇടിച്ച് ഗ്ലാസ് പൊട്ടി വീണ് വയറിൽ തുളച്ച് കയറിയാണ് കൂവപ്പാടി ചേലക്കാട്ടിൽ നോബിയുടെ ഭാര്യ ബീന മരിച്ചത്. പെരുമ്പാവൂർ എ എം റോഡിലെ ബാങ്ക് ഓഫ് ബറോഡ ബ്രാഞ്ചിൽ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ബാലൻസ് തെറ്റി തറയിൽ വീണപ്പോൾ അവിടെ പൊട്ടിക്കിടന്നിരുന്ന ചില്ല് വയറ്റിൽ തറഞ്ഞ് കയറിയാണ് ബീനയുടെ ദേഹത്ത് ഗുരുതരമായ മുറിവുണ്ടായതെന്നാണ് പ്രാഥമികനിഗമനം.
തൊട്ടടുത്തുള്ള 100 മീറ്റർ അകലെയുള്ള പെരുമ്പാവൂർ താലൂക്കാശുപത്രിയിൽ ഇവരെ എത്തിച്ചപ്പോഴേയ്ക്ക് മരിച്ചിരുന്നു. ബാങ്കിൽ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ എത്തിയതായിരുന്നു ബീന. ക്യൂവിൽ നിൽക്കുന്നതിന് തൊട്ടുമുമ്പ് പേഴ്‌സ് എടുത്തില്ലല്ലോ എന്ന് പറഞ്ഞ് പുറത്തേക്ക് ഓടിപ്പോവുകയായിരുന്നു. പെട്ടെന്ന് ക്യൂവിലേക്ക് തിരികെ വരാനായി ഓടുകയായിരുന്നു ബീന എന്നാണ് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. ഓടിയ ബീന ബാങ്കിന് മുൻവശത്തെ ഗ്ലാസിൽ ഇടിച്ച് വീണു.
ഇതിനിടെ ഗ്ലാസും പൊട്ടി വീണിരുന്നു. പൊട്ടി വീണ ഗ്ലാസിൻറെ ചില്ല് ബീനയുടെ വയറിലാണ് തുളച്ച് കയറിയത്. പൊട്ടിക്കിടന്ന ചില്ലിൽ കൈ കുത്തി ബീന പതുക്കെ എഴുന്നേറ്റ് നിൽക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. അപ്പോഴേക്ക് ബാങ്ക് ജീവനക്കാരും ബാങ്കിലുണ്ടായിരുന്ന മറ്റുള്ളവരും ഓടിയെത്തുന്നുണ്ട്. ഇവരെ പതുക്കെ താങ്ങിപ്പിടിച്ച് അരികത്തെ കസേരയ്ക്ക് അരികിലേക്ക് നിർത്തുമ്പോഴേയ്ക്ക് വലിയ രക്തസ്രാവം ഉണ്ടായിരുന്നു.
ചുറ്റും ചോര വീഴുന്നത് കണ്ട് പരിഭ്രാന്തരായ ബാങ്ക് ജീവനക്കാർ ഇവരെ ഉടനടി ആശുപത്രിയിലേക്ക് കൊണ്ടുപോയി. നൂറ് മീറ്റർ മാത്രം അകലെ ആശുപത്രിയുണ്ടായിരുന്നിട്ടും അവരുടെ ജീവൻ രക്ഷിക്കാനായില്ല. വയറ്റിൽ ചില്ല് തറച്ച് കയറി ഉണ്ടായ മുറിവ് അത്ര ആഴത്തിലുള്ളതും ഗുരുതരവുമായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അസ്വാഭാവികമരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും.
ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചതോടെ അന്വേഷണം ശക്തമാക്കി പോലീസ്. മരണവുമായി ബന്ധപ്പെട്ട് സിനിമ പ്രവർത്തകരായ സുഹൃത്തുക്കളുടെ മൊഴിയെടുക്കുമെന്ന് മുംബൈ പോലീസ് അറിയിച്ചു. നടി റിയ ചക്രവർത്തിയേയും ടെലിവിഷൻ നടൻ മഹേഷ് ഷെട്ടിയേയും ചോദ്യം ചെയ്യുമെന്നും പോലീസ് പറഞ്ഞു.
സുശാന്ത് മരിക്കുന്നതിന്റെ തലേന്ന് റിയയേയും മഹേഷ് ഷെട്ടിയേയും വിളിച്ചിരുന്നതായി പോലീസ് കണ്ടെത്തി. റിയ സുശാന്തിന്റെ ഗേൾഫ്രണ്ടാണെന്നും ബോളിവുഡിൽ സംസാരമുണ്ടായിരുന്നു.
അതേസമയം, സുശാന്ത് സിങിന്റെ മരണം കൊലപാതകമാണെന്ന ആരോപണമാണ് ബന്ധുക്കൾ പങ്കുവെയ്ക്കുന്നത്. മരണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സുശാന്തിന്റെ അമ്മാവൻ വാർത്താ ഏജൻസിയോട് പറഞ്ഞു. ആരോപണമുയർന്ന സാഹചര്യത്തിൽ സുശാന്തിന്റെ ബാങ്ക് അക്കൗണ്ടുകൾ പോലീസ് പരിശോധിച്ചിരുന്നു. അമിതമായി പണം പിൻവലിച്ചിട്ടില്ലെന്ന് പോലീസ് അറിയിക്കുകയും ചെയ്തിരുന്നു. എങ്കിലും താരത്തിന്റെ സാമ്പത്തിക ഇടപാടുകളടക്കം അന്വേഷിക്കുമെന്നാണ് പോലീസ് നൽകുന്ന വിവരം.
സുശാന്തിന്റെ സംസ്‌കാര ചടങ്ങുകൾക്കായി പാറ്റ്‌നയിലെ കുടുബ വീട്ടിലെത്തിയപ്പോഴാണ് സുശാന്തിന്റെ അമ്മാവൻ മരണത്തിൽ ദുരൂഹത ആരോപിച്ചത്. സുശാന്ത് ഒരിക്കലും ജീവനൊടുക്കില്ലെന്നും എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് കുടുംബത്തിനറിയില്ലെന്നും സുശാന്തിന്റെ അമ്മാവൻ പറഞ്ഞു. പോലീസ് അന്വേഷണത്തിലൂടെ സത്യം പുറത്ത് കൊണ്ടുവരണം എന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. സിബിഐ അന്വേഷണം വേണമെന്ന് ബന്ധുക്കളെ കണ്ട ശേഷം ബീഹാറിലെ ജൻ അധികാർ പാർട്ടി നേതാവ് പപ്പു യാദവ് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, സുശാന്തിൻറെ മരണം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പക്ഷെ മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടില്ല.
അഞ്ചുമാസമായി സുശാന്ത് വിഷാദ രോഗത്തിന് ചികിത്സയിലാണെന്നാണ് പോലീസ് പറയുന്നത്. ചികിത്സിച്ച മനശാസ്ത്രഞ്ജനെയും പോലീസ് ചോദ്യം ചെയ്യും. ഈ മാസം ആറാം തീയതിയാണ് സുശാന്തിന്റെ മുൻ മാനേജർ ദിശ സാലിയാൻ ആത്മഹത്യ ചെയ്തത്. ഈ സംഭവവും സുശാന്തിന്റെ മരണവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നും അന്വേഷിക്കും.
മലയാളികളെ ഞെട്ടിച്ച ഉത്തര വധക്കേസിൽസൂരജിനെ കുടുക്കിയത് ഈ പൊതുപ്രവർത്തകന്റെ സംശയങ്ങൾ .അയല്‍വാസിയും പൊതുപ്രവര്‍ത്തകനുമായി ഒരാളുടെ ഇടപെടലിലൂടെ ഇതിലെല്ലാം കാരണമായി മാറിയത്. ഇയാള്‍ക്കുണ്ടായ സംശയങ്ങളാണ് സൂരജിനെ കുടുക്കിയത്. എന്തായാലും സൂരജും കുടുംബവും ഒന്നടങ്കം കുടുങ്ങുമെന്നാണ് വ്യക്തമാകുന്നത്. ഉത്ര പാമ്പ് കടിയേറ്റ് മരിച്ചപ്പോള്‍ വീട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ വലിയ സംശയങ്ങളൊന്നും തോന്നിയിരുന്നില്ല. എന്നാല്‍ അയല്‍വാസിയും പൊതുപ്രവര്‍ത്തകനുമായ വേണു ഉത്രയുടെ വീടുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നയാളാണ്. ഇയാളുടെ ഇടപെടല്‍ എല്ലാം മാറ്റി മറിക്കുകയായിരുന്നു. ഉത്രയുടെ മരണവിവരം അഞ്ചല്‍ പോലീസില്‍ ആദ്യം അറിയിക്കാന്‍ പിതാവ് വിജയസേനനും സഹോദരന്‍ വിഷു വിജയനും പോലീസ് സ്റ്റേഷനിലേക്ക് പോകുന്നതിന് മുമ്പ് വേണുവുമായി സംസാരിച്ചിരുന്നു. തന്റെ സംശയങ്ങള്‍ ഇവരെ അറിയിക്കുകയും ചെയ്തിരുന്നു.
വേണുവിന്റെ സംശയങ്ങള്‍ വന്നതോടെ ഉത്രയുടെ വീട്ടുകാര്‍ക്കും ഇതേ സംശയം വന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മരണത്തിലെ ദുരൂഹതകള്‍ ഉണ്ടെന്ന് കാണിച്ച് രക്ഷിതാക്കള്‍ മൊഴിനല്‍കിയത്. ഉത്രയുടെ സംസ്‌കാര ചടങ്ങിനിടെ ഭര്‍ത്താവ് സൂരജിന്റെയും സൂരജിന്റെ മാതാവ് രേണുക, സഹോദരി സൂര്യ എന്നിവരുടെ പെരുമാറ്റ രീതി സംശയം തോന്നിപ്പിക്കുന്നതായിരുന്നു. ഇത് വേണു കൃത്യമായി നിരീക്ഷിച്ചിട്ടുണ്ടായിരുന്നു.
ചടങ്ങിന് ശേഷം ഉത്രയുടെ രക്ഷിതാക്കളും സൂരജും ബന്ധുക്കളുമായുണ്ടായ അഭിപ്രായവ്യത്യാസങ്ങളും വന്നതോടെ സംശയം ബലപ്പെടുത്തി. തുടര്‍ച്ചയായുള്ള പാമ്പുകടികള്‍, നിരന്തരമായുള്ള പണം ആവശ്യപ്പെടല്‍ എന്നിവയെല്ലാം ചേര്‍ത്തപ്പോള്‍ മരണം അസ്വാഭാവികമാണെന്ന് വേണുവിന് ബോധ്യമായി. തുടര്‍ന്ന് സംശയങ്ങള്‍ ഉത്രയുടെ രക്ഷാകര്‍ത്താക്കളുമായി പങ്കുവെക്കുകയും ഇവയെല്ലാം റിട്ട ഡിവൈഎസ്പിയായിരുന്നു തന്റെയൊരു സുഹൃത്തുമായി ആശയവിനിയമം നടത്തുകയും ചെയ്തു.
മുന്‍ പോലീസുകാരനും കൂടി പറഞ്ഞതോടെ സംശയം ബലപ്പെടുകയും ചെയ്തതോടെ ഉത്രയുടെ രക്ഷിതാക്കള്‍ക്ക് വേണു തന്നെ വിശദവും സമഗ്രവുമായ പരാതി തയ്യാറാക്കി നല്‍കുകയായിരുന്നു. ഈ പരാതിയാണ് പിന്നീട് റൂറല്‍ എസ്പിക്ക് കൈമാറിയത്. പരാതി വായിച്ചപ്പോള്‍ തന്നെ കഴമ്പുണ്ടെന്ന് എസ്പിക്ക് ബോധ്യപ്പെട്ടു. ഇതോടെ അന്വേഷണം നടക്കുന്നത്. ഒരു സ്വാഭാവിക മരണമായി മാറേണ്ടിയിരുന്ന സംഭവമാണ് ഇപ്പോള്‍ വധക്കേസായി മാറിയിരിക്കുന്നത്.
ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഉത്രയ്ക്ക് അണലിയുടെ കടിയേറ്റ സംഭവത്തില്‍ അസ്വാഭാവികത തോന്നിയിരുന്നതായി ചികിത്സിച്ച ഡോക്ടറും അന്വേഷണസംഘത്തിനു മൊഴി നല്‍കി. ക്രൈംബ്രാഞ്ച് സംഘം ഇന്നലെ തിരുവല്ലയിലെ ആശുപത്രിയിലെത്തി ഡോക്ടര്‍മാരുടെ മൊഴിയെടുത്തു. ഡോക്ടറുടെ മൊഴിക്ക് സമാനമായ വിവരങ്ങളാണ് ശാസ്ത്രീയമായും പൊലീസിന് ലഭിച്ചിട്ടുള്ളത്. അണലി കടിക്കുന്നത് കാലിലാകുമെന്നാണ് വാവ സുരേഷ് അടക്കമുള്ളവരുടെ നിഗമനം. ഇതാണ് ഡോക്ടറും ശരിവയ്ക്കുന്നത്.
വീടിനു പുറത്തുവച്ചു കടിയേറ്റെന്നാണു വീട്ടുകാര്‍ ആശുപത്രിയില്‍ പറഞ്ഞത്. സ്വാഭാവികമായി അണലി കാലിനു മുകളിലേക്കു കയറി കടിക്കില്ല. എന്നാല്‍ ഉത്രയുടെ കാലിന്റെ ചിരട്ടഭാഗത്തിനു മുകളിലും മുട്ടിനു താഴെയുമാണ് ആഴത്തില്‍ കടിയേറ്റത്. ഇതു സംശയം വരുത്തുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ആരെങ്കിലും മനപ്പൂര്‍വ്വം അണലിയെ കൊണ്ടു കടുപ്പിക്കാനുള്ള സാധ്യതയാണ് ഈ മൊഴിയിലുള്ളത്. സൂരജ് അണലി വിലയ്ക്ക് വാങ്ങിയതും വീട്ടില്‍ കൊണ്ടു വന്നതുമെല്ലാം തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ഡോക്ടറുടെ മൊഴിയിലൂടെ ഉത്രയെ പാമ്പ് കടിച്ചത് കാലിന് മുകളിലാണെന്നും വ്യക്തമാകുന്നു. ഇതോടെ ഉത്രയെ ബോധപൂര്‍വ്വം രണ്ടാമത്തെ അവസരത്തില്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ചതാണെന്ന വസ്തുതയ്ക്ക് ബലമേകും.