നടൻ മണികണ്ഠൻ വിവാഹിതനായി. തൃപ്പൂണിത്തുറ പേട്ട സ്വദേശി അഞ്ജലി ആണ് വധു. ലോക്ക് ലൗൺ നിയന്ത്രണങ്ങൾ പാലിച്ചാണ് മണികണ്ഠന്റെ വിവാഹ ചടങ്ങുകൾ നടന്നത്. തൃപ്പൂണിത്തുറയിൽ വെച്ച് ഇന്ന് രാവിലെ നടന്ന വിവാഹ ചടങ്ങിൽ കുടുംബാംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്. വിവാഹച്ചെലവിന് കരുതിവച്ചിരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. സ്വരാജ് എംഎൽഎയാണ് തുക ഏറ്റുവാങ്ങിയത്.
കമ്മട്ടിപ്പാടമെന്ന ഒറ്റ സിനിമ കൊണ്ട് മലയാളിക്ക് പ്രിയങ്കരനായ നടൻ മണികണ്ഠൻ പുതിയ ജീവിതത്തിലേക്ക് കടക്കുകയാണ്. ലോക്ക് ഡൗൺ പ്രഖ്യാപനം വെല്ലുവിളിയായെങ്കിലും ആറുമാസം മുൻപ് നിശ്ചയിച്ച കല്യാണതീയതി മാറ്റേണ്ട എന്നായിരുന്നു വധുവരന്മാരുടെ തീരുമാനം. നേരത്തേ ക്ഷണിച്ചവരോടൊക്കെ വിവാഹം ചടങ്ങ് മാത്രമാണെന്ന് വിളിച്ച് അറിയിച്ചു. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിച്ച് വളരെ ലളിതമായിട്ടാണ് വിവാഹം നടത്തിയത്. ലോകം മുഴുവൻ പ്രശ്നത്തിൽ നിൽക്കുന്പോൾ ആഘോഷമായി ചടങ്ങുനടത്തുന്നത് ശരിയല്ലെന്ന മണികണ്ഠന്റെ തീരുമാനത്തോട് അഞ്ജലിയും യോജിക്കുകയായിരുന്നു.
ഇടുക്കി കാഞ്ഞാര്‍ കൂവപ്പിള്ളിയില്‍ വെള്ളച്ചാട്ടത്തിന് സമീപത്തെ പാറക്കെട്ടില്‍ നിന്ന് വീണ് രണ്ടുപേര്‍ മരിച്ചു. മൂലമുറ്റം സ്വദേശികളായ ജയകൃഷ്ണന്‍ (25), ഹരി(26) എന്നിവരാണ് മരിച്ചത്. ഇവര്‍ രണ്ടുപേരും ബന്ധുക്കളാണ്.
വെള്ളച്ചാട്ടത്തില്‍ പോയി തിരിച്ചു വരും വഴി ആയിരുന്നു അപകടം. പാറക്കെട്ടില്‍ കാല്‍വഴുതി അമ്പതടിയോളം തതാഴചയിലേക്ക് പതിക്കുകയായിരുന്നു. തൊടുപുഴയില്‍ നിന്ന് ഫയര്‍ ഫോഴ്‌സ് സംഘം എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.
അർബുദ രോഗത്തിന് ബ്രിട്ടനിലെ നോട്ടിങ്ങ്ഹാമിൽ ചികിത്സയിലായിരുന്ന തലശേരി സ്വദേശി പ്രസാദ് ദാസിന് പിന്തുണയുമായി മുൻ ഇന്ത്യൻ സൂപ്പർ താരം വീരേന്ദ്ര സെവാഗ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും ജന പ്രതിനിധികള്‍ക്കുമൊപ്പം ഒരു കൂട്ടം നല്ല സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും ശ്രമം സഫലമായതിന് പിന്നാലെയാണ് പ്രസാദിന്റെ ഇഷ്ടതാരം അദ്ദേഹത്തിനായി പങ്കുവച്ച വീഡിയോ സന്ദേശം പുറത്ത് വന്നത്.
ലോകം മുഴുവൻ കൂടെയുണ്ടെന്നും ഒരു നിമിഷം പോലും തളരരുത് എന്നുമാണ് സെവാഗ് പ്രസാദിനോട് ആവശ്യപ്പെടുന്നത്. താൻ നിങ്ങളുടെ കൂട്ടുകാരൻ ആണെന്ന് വ്യക്തമാക്കുന്ന സെവാഗ് തന്റെ പ്രാർത്ഥന കൂടെയുണ്ടെന്നും സന്ദേശത്തിൽ പറയുന്നു.
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഇടപെടലിലൂടെ ബ്രിട്ടനിൽ നിന്നും പ്രത്യേക അനുമതിയോടെ വെള്ളിയാഴ്ചയാണ് പ്രസാദിനെ നാട്ടിലെത്തിച്ചത്. നോട്ടിങ്ങ്ഹാമില്‍ നിന്ന് ഷാർജയിലേക്കും അവിടെ നിന്ന് മുംബൈ വഴിയുമാണ് എയർ ആംബുലൻസ് കരിപ്പൂരിലെത്തിയത്. മുംബൈയിലും വിമാനത്തിന് സ്റ്റോപ്പ് അനുവദിച്ചിരുന്നു. എയർപോർട്ടിൽ എത്തിയതിന് പിന്നാലെ ഇദ്ദേഹത്തെ കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
മെയ് മൂന്നിനാണ് രണ്ടാം ഘട്ട ലോക്ഡൗണ്‍ ഔദ്യോഗികമായി അവസാനിക്കുന്നത്. എന്നാല്‍ രാജ്യത്തെ കൊറോണ വൈറസ് രോഗബാധ ഉയരുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ പിന്‍വലിക്കുന്നത് തിരിച്ചടിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഇത് നീട്ടണമെന്ന ആവശ്യവുമായി ആറു സംസ്ഥാനങ്ങള്‍ രംഗത്തെത്തി. ഡല്‍ഹി, ഒഡീഷ, പഞ്ചാബ്, ബംഗാള്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് ഈ ആവശ്യം ഉയര്‍ത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രിമാരുമായി നാളെ കൂടിക്കാഴ്ച നടക്കുന്നുണ്ട്. കഴിഞ്ഞ തവണത്തേതു പോലെ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ഇതും നടക്കുക. ഈ യോഗത്തില്‍ വച്ച് ലോക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനമായേക്കും എന്നാണ് കരുതുന്നത്. എന്നാല്‍ ദേശവ്യാപകമായി ലോക്ഡൗണ്‍ നീട്ടുന്നതിനേക്കാള്‍ സംസ്ഥാനങ്ങളുടെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കുന്ന കാര്യങ്ങള്‍ക്കായിരിക്കും പ്രാമുഖ്യം കിട്ടുക എന്നാണ് സൂചന.
ലോക്ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള ഈ ആറ് സംസ്ഥാനങ്ങളാണ് കോവിഡ്-19 എറ്റവും കൂടുതല്‍ ബാധിച്ചിട്ടുള്ളത്. ഇതിനുപുറമെ മുംബൈ, പൂനെ എന്നിവിടങ്ങളില്‍ മെയ് മൂന്നിനു ശേഷവും ലോക്ഡൗണ്‍ തുടരുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. മെയ് 18 വരെ ലോക്ഡൗണ്‍ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത് എന്നാണ് സംസ്ഥാന ആരോഗ്യ മന്ത്രി രാജേഷ് തോപ്പെ വ്യക്തമാക്കുന്നത്. സംസ്ഥാന വ്യാപകമായി ലോക്ഡൗണ്‍ 15 ദിവസം കൂടി നീട്ടുന്ന കാര്യവും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ അവതരിപ്പിക്കും എന്നും അദ്ദേഹം പറയുന്നു.
മേല്‍പ്പറഞ്ഞ ആറ് സംസ്ഥാനങ്ങള്‍ക്ക് പുറമെ ബംഗാള്‍, ഒഡീഷ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളും ലോക്ഡൗണ്‍ നീട്ടാന്‍ സാധ്യതയുണ്ട്. ഹൗറ, നോര്‍ത്ത് 24 ര്‍ഗാസ്, ഹൂഗ്ലി, ഈസ്റ്റ് മിഡ്‌നാപ്പൂര്‍, ഈസ്റ്റ് ബര്‍ദ്വാന്‍ തുടങ്ങിയ സ്ഥലങ്ങള്‍ കോവിഡ് ഹോട്‌സ്‌പോട്ടുകളായതിനാല്‍ ഇവിടെ ലോക്ഡൗണ്‍ നീട്ടാന്‍ ഇതിനകം തന്നെ തീരുമാനിച്ചിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേ സമയം, ബംഗാളില്‍ പൂര്‍ണമായി ലോക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചേക്കില്ല.
ഒഡീഷയില്‍ ഹോട്‌സ്‌പോട്ടുകളല്ലാത്ത സ്ഥലങ്ങളില്‍ ഘട്ടംഘട്ടമായി ലോക്ഡൗണ്‍ പിന്‍വലിക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്ന് സംസ്ഥാന ആരോഗ്യമന്ത്രി നാബ കിഷോര്‍ ദാസ് പറയുന്നു. പഞ്ചാബിലും ലോക്ഡൗണ്‍ പൂര്‍മായി പിന്‍വലിച്ചേക്കില്ല. രോഗബാധ രൂക്ഷമായിട്ടുള്ള മധ്യപ്രദേശിലെ ഇന്‍ഡോര്‍, ഭോപ്പാല്‍, ഉജ്ജയിന്‍, ജബല്‍പ്പൂര്‍, ഖാര്‍ഗാവോണ്‍ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ ലോക്ഡൗണ്‍ തുടര്‍ന്നേക്കും. മെയ് മൂന്ന് കഴിഞ്ഞാലും മിക്ക സ്ഥലങ്ങളിലും ഘട്ടം ഘട്ടമായി മാത്രം ലോക്ഡൗണ്‍ പിന്‍വലിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
ഡല്‍ഹിയില്‍ ലോക്ക് ഡൗണ്‍ മേയ് പകുതി വരെ നീട്ടാനാണ് ആലോചന. ഡല്‍ഹി സര്‍ക്കാര്‍ നിയോഗിച്ച കോവിഡ് 19 കമ്മിറ്റിയാണ് ഈ നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. മേയ് മൂന്ന് വരെയുള്ള ലോക്ക് ഡൗണ്‍ മേയ് പകുതിയെങ്കിലും നീട്ടിയാല്‍ മാത്രം കോവിഡ് കേസുകളെ നിയന്ത്രണവിധേയമാക്കാന്‍ കഴിയൂ എന്ന് സമിതി അഭിപ്രായപ്പെട്ടു. കേന്ദ്രം ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് മാര്‍ച്ച് 23ന് തന്നെ ഡല്‍ഹി സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. പെട്ടെന്ന് നിയന്ത്രണങ്ങള്‍ ഇളവ് ചെയ്താല്‍ അത് കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കാന്‍ കാരണമായേക്കുമെന്ന ആശങ്കയാണ് കമ്മിറ്റി മുന്നോട്ടുവച്ചിട്ടുള്ളത്. ഡല്‍ഹിയില്‍ കണ്ടെയ്ന്‍മെന്റ് സോണുകളുടെ എണ്ണം കൂടുതലായതിനാല്‍ ലോക്ക് ഡൗണ്‍ നീട്ടുന്നതായിരിക്കും ഉചിതമെന്ന് കോവിഡ് 19 കമ്മിറ്റി ചെയര്‍മാന്‍ ഡോ.എസ് കെ സരിന്‍ പറഞ്ഞു. മേയ് 16 വരെയെങ്കിലും ലോക്ക് ഡൗണ്‍ നീട്ടേണ്ടി വരും.
അതേ സമയം, ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ തീരുമാനം എന്താണോ അതനുസരിച്ച് പ്രവര്‍ത്തിക്കാം എന്ന നിലപാടാണ് ഗുജറാത്ത്, ആന്ധ്രാ പ്രദേശ്, തമിഴ്‌നാട്, ഹരിയാനന, ഹിമാചല്‍ പ്രദേശ്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങള്‍ തീരുമാനിക്കുന്നത്. മഹാരാഷ്ട്ര കഴിഞ്ഞാല്‍ രോഗബാധ ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് ഗുജറാത്ത്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം കേരളവും അസമും ലോക്ഡൗണ്‍ കാര്യത്തില്‍ തീരുമാനമെടുത്തേക്കും. കേരളത്തില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യാത്തതിനെ തുടര്‍ന്ന് ഗ്രീന്‍ സോണായി പ്രഖ്യാപിച്ചിരുന്ന കോട്ടയം, ഇടുക്കി ജില്ലകള്‍ കഴിഞ്ഞ ദിവസം രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഓറഞ്ച് സോണാക്കിയിരുന്നു. ഇപ്പോഴും റെഡ് സോണുകളായി തുടരുന്ന ജില്ലകളിലും അതോടൊപ്പം, ഹോട്‌സ്‌പോട്ടുകളിലും മെയ് മൂന്നിനു ശേഷം ലോക്ഡൗണ്‍ പിന്‍വലിക്കുമോ എന്നറിയാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും.
പുഞ്ചിരിച്ച് പടിപ്പുര കടന്നുപോയ ഗൃഹനാഥനെ കണ്ണീരോടെ കാത്തിരിക്കുകയാണ് മാനന്തവാടി വള്ളിയൂര്‍ക്കാവിലെ ആ കൊട്ടാരം വീട്. കഴിഞ്ഞദിവസം ദുബായില്‍ അന്തരിച്ച പ്രവാസി വ്യവസായി അറയ്ക്കല്‍ ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും.
കേരളത്തിലെ ഏറ്റവും വലിയ വീടെന്ന തലക്കെട്ടുകളോടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്ന അറയ്ക്കല്‍ പാലസിന്റെ ഗൃഹനാഥനാണ് അകാലത്തില്‍ വിടപറഞ്ഞ ജോയി.
ജോയിയുടെ മരണ വിവരം അറിഞ്ഞപ്പോള്‍ തുടങ്ങിയ സന്ദര്‍ശക പ്രവാഹത്തിന് ഇനിയും കുറവ് വന്നിട്ടില്ല. കോവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തില്‍ പോലീസ് സന്ദര്‍ശനം കര്‍ശനമായി നിയന്ത്രിച്ചിരിക്കുകയാണ്.
ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്. വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ഇപെടലിലൂടെ അടുത്ത ദിവസം മൃതദേഹം എത്തിക്കാനാകുമെന്നാണ് ബന്ധുക്കളുടെ പ്രതീക്ഷ.
തന്റെ ജീവിതത്തിലെ നേട്ടങ്ങളെ അടയാളപ്പെടുത്തുംവിധം സമാനതകള്‍ ഇല്ലാത്ത ഒരു നിര്‍മ്മിതിയാകണം തന്റെ വീട് എന്നതായിരുന്നു ബിസിനസ്സുകാരനായ ജോയിയുടെ സ്വപ്നം. അതിന്റെ സാക്ഷാത്കാരമായിരുന്നു മാനന്തവാടിയിലെ അറയ്ക്കല്‍ പാലസ്.
എന്നാൽ ജോയിയുമായി അടുപ്പമുള്ളവരിൽ നിന്നും എന്നപേരിൽ വാട്സാപ്പുകളിൽ പ്രചരിക്കുന്ന വോയിസ് ക്ലിപ്പുകളിൽ ദുരൂഹത ഉണർത്തുന്ന പലകാര്യങ്ങളും പുറത്തു വരുന്നു. വൻ സാമ്പത്തിക ബാധ്യത മൂലം അറക്കൽ ജോയി ആത്മഹത്യാ ചെയ്തതാണെന്നും മരണം അന്വേഷിക്കണം എന്ന രീതിയിലും കാര്യങ്ങളിൽ വ്യക്തത വരാതെ പലപ്രവർത്തികളും പിന്നാമ്പുറത്തു നടക്കുന്നതായാണ് വിവരം. അദ്ദേഹത്തിന് സാമ്പത്തിക ഇടപാടുകൾ ഉള്ള ഷെട്ടി ഒളിവിലിൽ പോയതായും റിപോർട്ടുകൾ.
കേരളത്തിലെ ഏറ്റവും വലിയ വീടുകളില്‍ ഒന്നായ മാനന്തവാടിയിലെ അറയ്ക്കല്‍ പാലസിലേയ്ക്ക് 2018 ഡിസംബര്‍ 29നാണ് ജോയിയും സഹോദരന്‍ ജോണിയും കുടുംബസമേതം താമസം മാറ്റിയത്.
40000 ചതുരശ്രയടിയില്‍ മാനം മുട്ടെ ഉയര്‍ന്ന് നില്‍ക്കുന്ന അറയ്ക്കല്‍ പാലസ് നിര്‍മാണസമയത്തുതന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ധാരാളം അംഗങ്ങളുള്ള കുടുംബത്തിന് കൂട്ടുകുടുംബമായി ഒരു മേല്‍ക്കൂരയ്ക്ക് കീഴില്‍ താമസിക്കാന്‍ വേണ്ടി കൂടിയാണ് ജോയ് വീട് വിശാലമായി ഒരുക്കിയത്.
കൊളോണിയല്‍ ശൈലിയിലാണ് വീടിന്റെ രൂപകല്‍പന. റോഡുനിരപ്പില്‍ നിന്നും ഉയര്‍ന്നു നില്‍ക്കുന്ന വിശാലമായ നാലേക്കറിലാണ് വീടും ലാന്‍ഡ്‌സ്‌കേപ്പും ഒരുക്കിയത്.
അക്കൗണ്ടന്റായി യുഎഇയില്‍ എത്തി ലോകത്തെ ഏറ്റവും മികച്ച റിഫൈനറികളില്‍ ഒന്നിന്റെ ഉടമയായി മാറിയ ജോയിയുടെ ജീവിതവിജയം ഏറെ വെല്ലുവിളികള്‍ നേരിട്ട ശേഷമായിരുന്നു. മധ്യപൂര്‍വേഷ്യയിലേക്ക് പെട്രോളിയം ഉല്‍പന്നങ്ങള്‍ കൊണ്ടുപോകാനായി ചരക്കുകപ്പലുകള്‍ സ്വന്തമാക്കിയതോടെ കപ്പല്‍ജോയി എന്നത് അദ്ദേഹത്തന്റെ വിളിപ്പേരായി.
കഴിഞ്ഞ പ്രളയവും ഉരുള്‍പൊട്ടലും ഏറ്റവുമധികം നാശം വിളിച്ച വയനാട്ടിലെ ദുരിതബാധിതര്‍ക്കായി അറയ്ക്കല്‍ പാലസിന്റെ വാതിലുകള്‍ തുറന്നിട്ടിരുന്നു.
ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിന്റെ പേരില്‍ കോഴിക്കോട് ഇഖ്റ ആശുപത്രിയിലെ ജീവനക്കാര്‍ നേരിടുന്നത് വലിയ മാനസിക പീഡനം. ആശുപത്രിയില്‍ നിന്നു വീടുകളിലേക്ക് എത്തുന്ന ജീവനക്കാരെ നാട്ടുകാര്‍ തടയുകയാണ്. കുടുംബങ്ങളെ പോലും ഒറ്റപ്പെടുത്തുന്നതായി ജീവനക്കാര്‍ പറയുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടികാട്ടി കലക്ടര്‍ക്ക് പരാതി നല്‍കി.
എടച്ചേരി സ്വദേശിയായ രോഗിയില്‍ നിന്നായിരുന്നു ഇഖ്റ ആശുപത്രിയിലെ നഴ്സിനു കോവിഡ് പകര്‍ന്നത്. തുടര്‍ന്ന് ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരേയും നീരീക്ഷണത്തിലാക്കുകയും ചെയ്തു. ഇപ്പോള്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മുതല്‍ അറ്റന്‍ഡര്‍മാര്‍ വരെ മാനസിക പീഡനം അനുഭവിക്കുകയാണ്. കോവിഡ് ഐസലേഷന്‍ വാര്‍ഡുമായി ഒട്ടും ബന്ധപ്പെടാത്തവരാണ് ഇത്തരത്തില്‍ പീഡനം നേരിടുന്നത്. കഴിഞ്ഞ ദിവസം രാത്രി രണ്ടു ജീവനക്കാരെ നാട്ടുകാര്‍ തടഞ്ഞു.
ജീവനക്കാർ അവർ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടികാട്ടി കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. പ്രാദേശിക വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ മോശം രീതിയില്‍ ജീവനക്കാരെ കുറിച്ച് സന്ദേശങ്ങള്‍ കൈമാറുന്നതായും കുടുംബങ്ങളെ ഒറ്റപ്പെടുത്തുന്നതായും ഈ പരാതിയില്‍ പറയുന്നു. സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി ജോലിചെയ്യുന്നവരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടല്‍ വേണമെന്നാണ് ജീവനക്കാര്‍ ആവശ്യപ്പെടുന്നത്.
സംസ്ഥാനത്തിന്റെ പല ഭാഗത്തും അടുത്ത ഒന്നുരണ്ടു മണിക്കൂർ ശക്തമായ മിന്നലിനു സാധ്യതയുണ്ടെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ്. ഞായർ വൈകിട്ട് 5 മുതൽ 7 വരെ ജാഗ്രത പാലിക്കണം എന്ന് അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ് വ്യക്തമാക്കി. സംസ്ഥാനത്ത് വേനൽമഴയോടനുബന്ധിച്ച് ഇടിമിന്നലോടു കൂടിയ മഴ അടുത്ത 5 ദിവസവും തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
26ന് ഇടുക്കിയിലും 27ന് കോട്ടയത്തും 28ന് പത്തനംതിട്ടയിലും 29ന് കോട്ടയത്തും 30ന് വയനാടും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ശക്തമായ മഴയാണ് പ്രവചിച്ചത്. ഏപ്രിൽ 26 മുതൽ 30 വരെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ചില നേരങ്ങളിൽ പൊടുന്നനെ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അറിയിച്ചു.കേരളത്തിൽ ഇപ്പോൾ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മുതൽ രാത്രി 10 വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത ഉണ്ട് (ചില സമയങ്ങളിൽ രാത്രി വൈകിയും ഇത് തുടർന്നേക്കാം). ഇത്തരം ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിച്ചേക്കാം.ഇടിമിന്നൽ: ജാഗ്രതാ നിർദേശങ്ങൾ
∙ ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.
∙ ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക.
∙ മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
∙ ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക.
∙ ജനലും വാതിലും അടച്ചിടുക.
∙ ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.
∙ ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.
∙ ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക.
∙ കഴിയുന്നത്ര ഗൃഹാന്തർഭാഗത്തെ ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുക.
∙ ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ മരക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
∙ വീടിനു പുറത്താണെങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്.
∙ വാഹനത്തിനുള്ളിലാണെങ്കിൽ തുറസ്സായ സ്ഥലത്ത് നിർത്തി ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം.
∙ ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങുവാൻ പാടില്ല.
∙ പട്ടം പറത്താൻ പാടില്ല.
∙ തുറസായ സ്ഥലത്താണെങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല കാൽമുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
∙ ഇടിമിന്നലുള്ള സമയം പുറത്ത് അയയിൽ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങൾ എടുക്കാതിരിക്കുക.
∙ ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്ടര്‍ ഘടിപ്പിക്കാം.
∙ വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുമ്പോള്‍ തുറസായ സ്ഥലത്തേക്ക് പോകരുത്
മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : ഈ വർഷത്തെ ബിഗ് ബാംഗ് യുകെ യംഗ് സയന്റിസ്റ്റ് ആൻഡ് എഞ്ചിനീയേഴ്സ് മത്സരത്തിൽ മലയാളി വിദ്യാർത്ഥിനിക്ക് അഭിമാനനേട്ടം. ബെക്കൻഹാമിൽ കഴിഞ്ഞ 16 വർഷങ്ങളായി താമസിക്കുന്ന വിൻസെന്റ് നവീനിന്റെയും പ്രിയ സ്വർണയുടെയും മകളായ ദിയ വിൻസെന്റ് ആണ് ഈ വർഷത്തെ യുകെ യങ്ങ് സയന്റിസ്റ്റ് ഓഫ് ദി ഇയർ വിജയി. . മറ്റായിരക്കണക്കിന് പ്രോജക്റ്റുകളെ പിന്തള്ളിയാണ് ദിയയുടെ ‘മൈക്രോ ഗ്രീൻസ് ഫ്രം ഗോൾഡ് ഫിഷ്’ എന്ന പ്രൊജക്റ്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. സെവനോക്സ് സ്കൂളിലെ ഏഴാം വർഷ വിദ്യാർത്ഥിനിയായ ദിയ, മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥിനി കൂടിയാണ്. 12 മുതൽ 18 വയസ്സ് വരെ പ്രായമുള്ള വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തിരുന്നു. എല്ലാ വർഷവും മാർച്ചിൽ നടത്തപ്പെടുന്ന മത്സരം കൊറോണ വൈറസ് ബാധയെത്തുടർന്ന് ഈ വർഷം ഓൺലൈനിലൂടെയാണ് നടന്നത്. ട്രോഫി, സർട്ടിഫിക്കറ്റ് എന്നിവ കൂടാതെ സമ്മാനതുകയായ 2000 പൗണ്ടും ഇനി ദിയക്ക് സ്വന്തം.
ദിയയെ അഭിനന്ദിച്ചുകൊണ്ട് ബിഗ് ബാംഗ് മത്സരം സംഘടിപ്പിക്കുന്ന എഞ്ചിനീയറിംഗ് യുകെ ചീഫ് എക്‌സിക്യൂട്ടീവ് ഹിലാരി ലിവേഴ്സ് പറഞ്ഞു: ” ഈ വർഷത്തെ പ്രോജെക്റ്റുകൾ എല്ലാം തന്നെ മികച്ച നിലവാരം പുലർത്തിയിരുന്നു. പങ്കെടുത്ത വിദ്യാർത്ഥികളുടെ ആശയങ്ങളും പരിശ്രമവും ഞങ്ങളെ അതിശയിപ്പിച്ചു.” മിന്നും വിജയത്തെപ്പറ്റി ദിയയുടെ പ്രതികരണം ഇങ്ങനെ :- ” ഞാൻ ശരിക്കും അതിശയിച്ചുപോയി. പങ്കെടുത്തവരിൽ വെച്ച് ഏറ്റവും പ്രായം കുറഞ്ഞവരിൽ ഒരാളാണ് ഞാൻ. പ്രായഭേദമന്യേ ആർക്കും മുന്നേറി വിജയം വരിക്കാമെന്ന് ഈയൊരു നേട്ടം എന്നെ പഠിപ്പിച്ചു.” മുത്തച്ഛന്റെ ഒരു ഫിഷ് ടാങ്കിൽ നിന്നും പ്രേരണ ഉൾക്കൊണ്ടാണ് ദിയ തന്റെ പ്രൊജക്റ്റിലേക്ക് എത്തുന്നത്. വീടിന് വെളിയിലുള്ള ടാങ്കിലെ വെള്ളം ഉപയോഗിച്ച് മുത്തച്ഛൻ ചീര വളർത്തിയിരുന്നു. ഇതിന്റെ വേറിട്ടൊരു പതിപ്പാണ് ദിയ പരീക്ഷിച്ചത്. വീടിന്റെ ഉള്ളിലുള്ള അക്വേറിയത്തിലെ വെള്ളം ഉപയോഗിച്ച് മൈക്രോഗ്രീൻസ് വളർത്തുന്നതാണ് ദിയയുടെ പ്രൊജക്റ്റ്. സോളാർ പാനൽ, ചെടികളുടെ ഘടന തുടങ്ങി ഒട്ടനവധി പ്രതിസന്ധികൾ തരണം ചെയ്ത് ഒന്നാം സ്ഥാനത്തെത്തിയത് വിജയത്തിന്റെ മാറ്റുകൂട്ടുന്നു. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കമ്പ്യൂട്ടിങ് തുടങ്ങിയ എല്ലാ മേഖലകളും അതിന്റെ സാധ്യതകളും ദിയയുടെ പ്രൊജക്റ്റിൽ ഉൾക്കൊണ്ടിട്ടുണ്ട്.
പ്രശ്നങ്ങളെ മറികടക്കാനുള്ള കഴിവും ക്ഷമയുമാണ് ഇതിൽ നിന്നും പഠിച്ച പാഠങ്ങൾ എന്ന് ദിയ മലയാളം യുകെയോട് പറഞ്ഞു. ” പ്രതീക്ഷ കൈവിടാതിരിക്കാൻ ഞാൻ പഠിച്ചു.” – ദിയ കൂട്ടിച്ചേർത്തു. ഭാവിയിൽ ഒരു ഡോക്ടർ ആയി ശോഭിക്കണം എന്നുള്ളതാണ് ദിയയുടെ ആഗ്രഹം. പ്രധാനമായും ഒരു പീഡിയാട്രിഷ്യൻ ആയി ജോലി ചെയ്യണമെന്ന് ദിയ ആഗ്രഹിക്കുന്നു. ഫോട്ടോഗ്രഫി, പെയിന്റിംഗ്, ജിംനാസ്റ്റിക് തുടങ്ങിയവും ദിയയുടെ ഇഷ്ടമേഖലകളാണ്. കേരളത്തിലെ തിരുവനന്തപുരം സ്വദേശിയായ ദിയയുടെ മാതാപിതാക്കൾ ലണ്ടനിലെ ഐടി മേഖലയിൽ സീനിയർ പ്രൊജക്റ്റ് മാനേജർമാരായി ജോലി ചെയ്യുന്നു. ലിവർപൂൾ യൂണിവേഴ്സിറ്റിയിൽ നിന്നും ആസ്ട്രോണമിയിൽ മാസ്റ്റേഴ്സ് ഡിഗ്രി കരസ്ഥമാക്കിയ വ്യക്തിയാണ് പിതാവായ വിൻസെന്റ് നവീൻ. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലെ പഠനത്തിന് ശേഷം നിലവിൽ അമേരിക്കയിലെ ജോർജിയ ടെക് യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ മാസ്റ്റേഴ്സ് ചെയ്യുകയാണ് അമ്മയായ പ്രിയ സ്വർണ. സിറ്റി ഓഫ് ലണ്ടൻ സ്കൂളിൽ പഠിക്കുന്ന ദിയയുടെ ജ്യേഷ്ഠൻ റയാൻ കണ്ണൻ, ബിഗ് ബാംഗ് മത്സരത്തിൽ പങ്കെടുത്ത് അപ്രെൻറ്റസ്ഷിപ് നേടിയിട്ടുണ്ട്. ആസ്ട്രോണമി, കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങ്, ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് തുടങ്ങിയവയാണ് റയാന്റെ ഇഷ്ടമേഖലകൾ. ദിയയുടെ ഈ മിന്നും വിജയത്തോടെ പ്രവാസി മലയാളികൾ ഏറെ സന്തോഷത്തിലാണ്. കേരളത്തിന്റെ അഭിമാനമായി തിളങ്ങി നിൽക്കുന്ന ഈ കുഞ്ഞുമിടുക്കിക്ക് മലയാളം യുകെയുടെ അഭിന്ദനങ്ങൾ .
ഷിബു മാത്യൂ
ലാക് അലാഹ ”ദൈവമേ നിനക്ക്’. ഇതൊരു കൃതജ്ഞതാ ഗീതം.
പാലാ രൂപതയിലെ പന്ത്രണ്ട് വൈദീകര്‍ ചേര്‍ന്നാലപിച്ച പ്രാര്‍ത്ഥനാ ഗാനം കൊറൊണാ വൈറസുമായി ബന്ധപ്പെട്ടു കഴിയുന്നവര്‍ക്ക് ഒരാശ്വാസത്തിന്റെ സംഗീതമാണ്. സംഗീതം സ്വര്‍ഗ്ഗത്തിന്റെ ഔഷധമാണ്. രൂപതയിലെ പന്ത്രണ്ട് വൈദീകര്‍ ചേര്‍ന്ന് ഈ ഔഷധം വിതണം ചെയ്യുന്നു എന്നറിഞ്ഞതില്‍ സന്തോഷമുണ്ടന്ന് പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറയ്ങ്ങാട്ട്. പാലാരൂപതയിലെ വൈദീകര്‍ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുകൊണ്ട് പ്രാര്‍ത്ഥനാനിരതരായി ആലപിച്ച ഗാനത്തിന് ആശംസയര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ദൈവമേ നിനക്ക്’ എന്ന് വിളിക്കുന്ന ഈ സംരംഭം കാരുണ്യ ശുശ്രൂഷകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും സമര്‍പ്പിക്കുന്നു എന്നദ്ദേഹം പറഞ്ഞു.
ഫാ. ജീവന്‍ കദളിക്കാട്ടില്‍ സംവിധാനം ചെയ്ത ഈ ഗാനത്തിന്റെ ഓര്‍ക്കസ്ട്രയും മിക്‌സിംഗും നിര്‍വ്വഹിച്ചിരിക്കുന്നത് ക്രിസ്റ്റോ ജോര്‍ജ്ജ്
പ്ലാസനാലാണ്. വീഡിയോ എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത് സുബിന്‍ വൈഡ് ഫ്രെം.
ദൈവമേ ഞങ്ങളങ്ങേ വാഴ്തുന്നു അങ്ങേക്കായെന്നും സ്‌തോത്രങ്ങള്‍..
പാരിതിന്നധിനാഥനായങ്ങേ
ഞങ്ങളെന്നും സ്തുതിക്കുന്നു…
നിത്യസല്‍ പിതാവാകുമങ്ങയെ
ആരാധിക്കുന്നു പാരാകെ..
ആരാധിക്കുന്നു പാരാകെ..
സീറോ മലബാര്‍ സഭയുടെ പരമ്പരാഗതമായ സ്തുതിഗീതമാണിത്. പഴയ ഗാനങ്ങളുടെ പട്ടികയിലേയ്ക്ക് ഈ ഗാനവും കൂടി ചേര്‍ന്നപ്പോള്‍ പാലരൂപതയിലെ പന്ത്രണ്ട് വൈദീകര്‍ ചേര്‍ന്ന് പ്രത്യാശയുടെ പുതുജീവന്‍ നല്‍കി ഈ ഗാനത്തിനെ ആതുര സേവന രംഗത്ത് ശുശ്രൂഷ ചെയ്യുന്നവര്‍ക്കായി സമര്‍പ്പിക്കുകയായിരുന്നു.
ഈ ഗാനശുശ്രൂഷയില്‍ പാടിയ വൈദീകര്‍ ഇവരാണ്.
ഫാ. ജെയിംസ് വെണ്ണായിപ്പള്ളില്‍. വികാരി അന്തിയാളം
ഫാ. ജോസ് തറപ്പേല്‍. വികാരി വയലാ
ഫാ. ജീവന്‍ കദളിക്കാട്ടില്‍ കാക്കൊമ്പ്
ഫാ. ജോയല്‍ പണ്ടാരപ്പറമ്പില്‍. ഡയറക്ടര്‍ പാലാ കമ്മ്യൂണിക്കേഷന്‍സ്
ഫാ. റോയി മലമാക്കല്‍. വികാരി കൈപ്പള്ളി
ഫാ. മാത്യൂ കവളംമാക്കല്‍ പ്രൊഫ. ദേവമാതാ കോളേജ്, കുറവിലങ്ങാട്
ഫാ. ജോസഫ് തെരുവില്‍. KCSL പാലാ.
ഫാ. സ്‌കറിയാ മോഡിയില്‍. വികാരി കിഴൂര്‍
ഫാ. മാത്യൂ വെണ്ണായ്പ്പള്ളി. അസി: വികാരി കാഞ്ഞിരമറ്റം
ഫാ. ജോസഫ് നരിതൂക്കില്‍. JDV പൂനെ
ഫാ. ദേവസ്യാച്ചന്‍ വടപ്പലം. വികാര്‍ കാവുംകണ്ടം
ഫാ. ബിജു കുന്നയ്ക്കാട്ട്. മുസ്ലീവാ മെഡിസിറ്റി പാലാ.
ഈ ഗാനത്തില്‍ പാടിയ വൈദീകര്‍ പഠിപ്പിക്കുന്നത് പരമ്പരാഗതമായ വിശ്വാസ സംരക്ഷണമാണ്.
ദൈവമേ ഞങ്ങളങ്ങയെ വാഴ്ത്തുന്നു അങ്ങേയ്ക്കായെന്നും സ്‌തോത്രങ്ങള്‍..
പാലാ രൂപതയില്‍ നിന്നുള്ള വൈദീകരുടെ ഗാനം കേള്‍ക്കാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക
നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ബി.ജെ.പി നേതാവായ അധ്യാപകൻ പെൺകുട്ടിയെ മറ്റൊരാൾക്കു കൂടി കൈമാറിയതായി മൊഴി. പെൺകുട്ടി ഇതുസംബന്ധിച്ച് മൊഴി നൽകിയിട്ടും പൊലീസ് രണ്ടാമനെ പിടികൂടാൻ ശ്രമിച്ചില്ലെന്ന് പെൺകുട്ടിയുടെ കുടുംബം പറയുന്നു. കുട്ടിയുടെ മാതാവ് ഏതാനും ദിവസം മുമ്പ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ഇക്കാര്യം എടുത്തുപറയുന്നുണ്ട്.
ഇതേത്തുടർന്നാണ് തലശ്ശേരി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷിച്ചിരുന്ന കേസ് ൈക്രംബ്രാഞ്ചിന് കൈമാറിയത്. പ്രതിയായ ബി.ജെ.പി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് കടവത്തൂർ മുണ്ടത്തോടിൽ കുറുങ്ങാട്ട് കുനിയിൽ പത്മരാജൻ (പപ്പൻ -45) ഒരാഴ്ച മുമ്പാണ് അറസ്റ്റിലായത്. പൊലീസ് പലകുറി കുട്ടിയിൽ നിന്ന് മൊഴിയെടുത്തപ്പോഴാണ് മറ്റൊരാൾ ഉപദ്രവിച്ച വിവരം കുട്ടി വെളിപ്പെടുത്തിയത്.
പത്മരാജൻ മിഠായിയും ഭക്ഷണവും വാങ്ങി നൽകിയെന്നും സ്കൂട്ടറിൽ കയറ്റി പൊയിലൂരിലെ വീട്ടിൽ കൊണ്ടുപോയെന്നുമാണ് കുട്ടിയുടെ മൊഴി. അവിടെയുണ്ടായിരുന്ന ആളും ഉപദ്രവിച്ചു. ഉപദ്രവിച്ച രണ്ടാമനെയും സംഭവം നടന്ന വീടും കണ്ടാൽ തിരിച്ചറിയുമെന്നും മൊഴിയിലുണ്ട്. എന്നാൽ, അതേക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിയില്ല.
ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇക്കാര്യം കാര്യമായി എടുക്കാത്തതിനാലാണ് അന്വേഷണ സംഘത്തെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ചതെന്ന് കുട്ടിയുടെ കുടുംബം പറഞ്ഞു. ക്രൈംബ്രാഞ്ച് ഇക്കാര്യവും അന്വേഷിക്കുമെന്നാണ് പ്രതീക്ഷയെന്നും കുടുംബം പറയുന്നു. അറസ്റ്റ് ചെയ്തിട്ട് ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ പൊലീസ് തയാറായിട്ടില്ല. പ്രതിയെ അറസ്റ്റ് ചെയ്യൽ വൈകിപ്പിച്ച പൊലീസ് തുടരന്വേഷണത്തിലും അമാന്തം കാണിക്കുകയാണെന്നും മാതാവ് പരാതിയിൽ പറയുന്നു.