Kerala

സംസ്ഥാനത്ത് ഇന്ന് 13 പേർക്ക് രോഗബാധയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 13 ആളുകൾ രോഗമുക്തരായി. കോട്ടയം-6, ഇടുക്കി-4, പാലക്കാട്, മലപ്പുറം, കണ്ണൂർ എന്നീ സംസ്ഥാനങ്ങൾ ഒന്നു വീതം ആളുകൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രോഗബാധ സ്ഥിരീകരിച്ചവരിൽ അഞ്ച് പേർ തമിഴ്നാട്ടിൽ നിന്ന് വന്നവരാണ്. ഒരാൾ വിദേശത്തു നിന്ന് എത്തി. ഒരാൾക്ക് എങ്ങനെ അസുഖം പകർന്നു എന്നത് വ്യക്തമായിട്ടില്ല. അത് പരിശോധിക്കുകയാണ്. മറ്റുള്ളവർക്ക് സമ്പർക്കത്തിലൂടെയാണ് അസുഖം പകർന്നത്.

രോഗമുക്തരായവരിൽ 6 പേർ കണ്ണൂർ ജില്ലക്കാരാണ്. കോഴിക്കോട് നാലു പേരും തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകളിൽ ഓരോരുത്തർ വീതവും രോഗമുക്തരായി.

സംസ്ഥാനത്ത് ഇതുവരെ 551 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇപ്പോൾ 123 പേർ ചികിത്സയിലുണ്ട്. 20301 പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ ഉള്ളത്. 19812 പേർ വീടുകളിലും 489 പേർ ആശുപത്രിയിലുമാണ് നിരീക്ഷണത്തിൽ ഉള്ളത്. ഇന്ന് മാത്രം 104 ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 23271 സാമ്പിളുകൾ പരിശോധനക്ക് അയച്ചതിൽ 22537 എണ്ണം നെഗറ്റീവാണ്.

ആരോഗ്യപ്രവർത്തകർ, അതിഥി തൊഴിലാളികൾ, മറ്റുള്ളവരുമായി സമ്പർക്കം കൂടുതലുള്ളവർ എന്നിവരിൽ നിന്ന് 875 സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്ക് അയച്ചു. ഇതിൽ 611 എണ്ണം നെഗറ്റീവ് ആണ്. കൊവിഡ് പരിശോധന വ്യാപകമാകുന്നതിൻ്റെ ഭാഗമായി ഇന്നലെ മാത്രം 3056 സാമ്പിളുകളാണ് പരിശോധിച്ചത്.

 

രണ്ടാംഘട്ട ലോക് ഡൗണിന് ശേഷമുള്ള നിയന്ത്രണങ്ങള്‍ വിലയിരുത്താനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ കോണ്‍ഫറന്‍സ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്നില്ല. സംസാരിക്കാന്‍ അവസരമില്ലാത്തത് കാരണം. പകരം ചീഫ് സെക്രട്ടറി പങ്കെടുത്തു. ലോക്ഡൗണ്‍ ഘട്ടംഘട്ടമായി പിന്‍വലിക്കാമെന്ന് കേരളം അറിയിച്ചു. നിലപാട് അമിത് ഷായെ മുഖ്യമന്ത്രി അറിയിച്ചു. ഗുജ്റാത്ത്,ബിഹാര്‍,ഒഡിഷ തുടങ്ങിയ ഒമ്പത് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാര്‍ക്കാണ് സംസാരിക്കാന്‍ അവസരം ലഭിക്കുക.

ലോക് ഡൗണ്‍ തുടരണമെന്ന നിലപാടിലാണ് ഏഴ് സംസ്ഥാനങ്ങള്‍. കോവിഡ് ബാധയില്ലാത്ത ജില്ലകളില്‍ കൂടുതല്‍ ഇളവുകള്‍ വേണമെന്നും നിര്‍ദേശം. പ്രവാസികളുടെ മടക്കവും, അതിഥി തൊഴിലാളികളുടെ പ്രശ്നങ്ങളും ചര്‍ച്ചയാകും.

കൊല്ലം പറവൂരിലെ വയോധികയുടെ മരണത്തില്‍ മകളും ചെറുമകനും അറസ്റ്റില്‍. തലയ്ക്ക് പിന്നിലേറ്റ ക്ഷെതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കൊലപാതകം മനപൂര്‍വമല്ലെന്നാണ് പ്രതികളുടെ മൊഴി.

പുത്തന്‍കുളം സ്വദേശി കൊച്ചു പാര്‍വതി ബുധനാഴ്ച്ചയാണ് മരിച്ചത്. സ്വാഭാവിക മരണമാണെന്നാണ് വീട്ടുകാര്‍ അയല്‍ക്കാരോട് പറഞ്ഞത്. കോവിഡ് ജാഗ്രതയുള്ളതിനാല്‍ പൊലീസുകാര്‍ സ്ഥലത്ത് എത്തി. കൊച്ചു പാര്‍വതിയും മകള്‍ ശാന്തകുമാരിയും തമ്മില്‍ പതിവായി വഴക്കുണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ മൊഴി നല്‍കി. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി.

തലയ്ക്ക് പിന്നിലേറ്റ ക്ഷെതമാണ് മരണകാരണമെന്നായിരുന്നു കണ്ടെത്തല്‍. ശാന്തകുമാരിയെയും ഇവരുടെ മകന്‍ സന്തോഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. എണ്‍പത്തിയെട്ടുകാരിയെ വഴക്കിനിടയില്‍ മുറിയിലേക്ക് വലിച്ച് ഇഴച്ചു കൊണ്ട് പോകുന്നതിനിടയില്‍ തല ഭിത്തിയില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പ്രതികളുടെ മൊഴി. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു.

ലോകരാജ്യങ്ങളിൽ കോവിഡ് പകർന്ന് പിടിക്കുമ്പോൾ നാട്ടിലേക്ക് മടങ്ങാൻ തിടുക്കപ്പെട്ട് പ്രവാസികൾ. ഗൾഫ് രാജ്യങ്ങളിലുള്ളവരെ ഇന്ത്യയിലെത്തിക്കാൻ സർക്കാർ പ്രവർത്തനം തുടങ്ങിയതിന് പിന്നാലെയാണ് നിരവധി പേർ നാട്ടിലേക്ക് മടങ്ങാൻ താർപര്യമറിയിച്ചത്. നാട്ടിലേക്ക് മടങ്ങാനുള്ള മലയാളികളെ കണ്ടെത്താൻ നോർക്ക ആരംഭിച്ച രജിസ്ട്രേഷനോടും വലിയ രീതിയിലാണ് ആളുകൾ പ്രതികരിക്കുന്നത്.

ഇന്നലെ വൈകീട്ടോട്ടെയായിരുന്നു നോർക്ക രജിസ്ട്രേഷൻ ആരംഭിച്ചത്. നടപടി ഒരു രാത്രി പിന്നിട്ടപ്പോൾ തന്നെ രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം 1.45 ലക്ഷം പിന്നിട്ടു. രാവിലെ ആറുമണിയോടെയാണ് രജിസ്ട്രേഷൻ ഒന്നരലക്ഷത്തോട് അടുത്തത്.  www.registernorkaroots.org എന്ന വെബ് സൈറ്റ് വഴിയാണ് രജിസ്ട്രേഷൻ പുരോഗമിക്കുന്നത്.

എന്നാൽ, ആദ്യം രജിസ്റ്റർ ചെയ്യുന്നവരെ ആദ്യം എത്തിക്കുക എന്നൊരു തീരുമാനം ഇല്ലെന്ന് നേരത്തെ തന്നെ നോർക്ക വ്യക്തമാക്കിയിരുന്നു. ഗർഭിണികൾ, പലതരം രോഗമുള്ളവർ , സന്ദർശക വിസയിൽ പോയവർ എന്നിവർക്കാണ് മുൻഗണന. അതിനാൽ തന്നെ തിരക്ക് കൂട്ടേണ്ട ആവശ്യമില്ലെന്നും അധികൃകർ ചൂണ്ടിക്കാട്ടുന്നു. വിദേശത്തെ ഇന്ത്യക്കാരെ മടക്കിയെത്തിക്കുന്നതിന് കേന്ദ്രം അനുകൂലമായി പ്രതികരിച്ചതിന് പിന്നാലെയാണ് നടപടികൾ വേഗത്തിലായത്. ഇക്കാര്യം ചര്‍ച്ച ചെയ്യാൻ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി കഴിഞ്ഞ ദിവസം വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി വീഡിയോ കോൺഫറൻസിം​ഗ് വഴി ച‍ർച്ചയും നടത്തിയിരുന്നു.

അതേസമയം, വിദേശത്തുള്ള പ്രവാസികളെ തിരിച്ചുകൊണ്ടുവരുന്നതില്‍ സംസ്ഥാനങ്ങൾ ഒരുക്കിയ സൗകര്യങ്ങൾ പരിശോധിച്ച് അനുമതി നൽകുന്ന കാര്യവും കേന്ദ്രം ആലോചിക്കുന്നതായാണ് വിവരം. വിദേശ, വ്യോമയാന മന്ത്രാലയങ്ങളും എയർ ഇന്ത്യയും ചേർന്നായിരിക്കും ആളുകളെ തിരികെ എത്തിക്കുക. തിരികെ വരുന്ന പ്രവാസികള്‍ക്ക് ക്വാറന്‍റൈനില്‍ കഴിയാനുള്ള സൗകര്യം ഒരുക്കിയ സംസ്ഥാനങ്ങൾക്ക് അനുമതി നൽകിയേക്കുമെന്നാണ് സൂചന. എന്നാൽ വിമാന ടിക്കറ്റിന്റെ തുക യാത്രക്കാരിൽ നിന്ന് ഈടാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനമെന്ന തരത്തിലും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.

ആദ്യം ദിനം തന്നെ മടങ്ങിവരാൻ താൽപര്യം പ്രകടിപ്പിക്കുന്നവരുടെ എണ്ണം ഒന്നര ലക്ഷത്തോട് അടുക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ ഇനി സംഭവിക്കാൻ പോവുന്നത് പ്രവാസികളുടെ വൻതോതിലുള്ള മടങ്ങി വരവാണെന്ന സൂചനകൂടിയാണ് ലഭ്യമാവുന്നത്. എന്നാൽ, പ്രവാസികള്‍ തിരിച്ചുവരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ നാല് എയര്‍പോര്‍ട്ടുകളിലും പരിശോധനയ്ക്ക് വിപുലമായ സജ്ജീകരണം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

വിമാനത്താവളത്തിലെ പരിശോധനയില്‍ രോഗലക്ഷണമൊന്നുമില്ലെങ്കില്‍ 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം. വീടുകളില്‍ അതിനുള്ള സൗകര്യമില്ലെങ്കില്‍ സര്‍ക്കാര്‍ നേരിട്ട് ഒരുക്കുന്ന നിരീക്ഷണകേന്ദ്രത്തില്‍ കഴിയണമെന്നും വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി പ്രതിനിധികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിങ്ങിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. അതിനിടെ, സംസ്ഥാനത്തിന് പുറത്ത് കുടുങ്ങിക്കിടക്കുന്ന മലയാളികളെയും നാട്ടിലെത്തിക്കാനും നോര്‍ക്ക ഇടപെടൽ ശക്തമാക്കും. ഇതിനായുള്ള രജിസ്ട്രേഷനും നോർക്ക ഉടൻ ആരംഭിക്കും.

ദുബായിയിൽ യുവതി മരിച്ച സംഭവത്തിലെ ദുരൂഹത നീക്കണമെന്നും മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കണമെന്നും ബന്ധുക്കൾ. മാള വട്ടക്കോട്ട കടവിൽ ഇക്ബാലിന്റെ ഭാര്യയും കൊടുങ്ങല്ലൂർ അഴിക്കോട് കടവിൽ ഇസ്ഹാഖ് സേട്ടുവിന്റെ മകളുമായ ഷബ്നയാണ് മരിച്ചത്.

ഷബ്നയുടെ പിതാവ്, ഭർത്താവ്, കേരള പ്രവാസി സംഘം അഴീക്കോട് മേഖല കമ്മിറ്റി എന്നിവർ മുഖ്യമന്ത്രി പിണറായി വിജയനും നോർക്ക റൂട്ട്‌സിനും യുഎഇ ഇന്ത്യൻ അംബാസഡർക്കും ദുബായ് ഹൈകമ്മീഷണറേറ്റിലേക്കും പരാതി അയച്ചു.

ഷബ്‌നയുടെ വീട്ടുകാർ പറയുന്നതിങ്ങനെ: കണ്ണൂർ സ്വദേശിനികളായ ദമ്പതികൾ താമസിക്കുന്ന ദുബായ് ഒയാസിസ് കെട്ടിടത്തിലാണ് ഷബ്ന ഗാർഹിക ജോലികൾ ചെയ്തിരുന്നത്. നല്ല ശമ്പളം വാഗ്ദാനം ചെയ്താണ് ഷബ്നയെ സന്ദർശക വിസയിൽ സെപ്റ്റംബറിൽ കൊണ്ടുപോയത്.

കൊച്ചി പോർട്ടിൽ ചുമട്ടുതൊഴിലാളിയായ ഭർത്താവ് ഇഖ്ബാൽ അസുഖബാധിതനായതോടെ വൻ കടബാധ്യത വന്നതിനാലാണ് 44കാരിയായ ഷബ്ന വാഗ്ദാനത്തിൽ വീണത്. വിസ നൽകി കൊണ്ടുപോയയാൾ കണ്ണൂർ പയ്യന്നൂർ സ്വദേശിയും കുടുംബവും താമസിക്കുന്ന വീട്ടിൽ ജോലിക്ക് നിർത്തുകയായിരുന്നു. ഇവിടെ വെച്ചാണ് കുട്ടിയെ കുളിപ്പിക്കാൻ വെച്ച വെള്ളത്തിൽ കാൽതെറ്റി വീണ് ഷബ്നക്ക് പൊള്ളലേറ്റതായി പറയുന്നത്.

പിന്നീട് കുളിമുറിയിൽ നിന്ന് എന്തോ ദ്രാവകം തലയിൽകൂടി വീണെന്ന് അറിയിപ്പ് ലഭിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഷബ്ന മരിച്ചതായി പറയുന്നത്. കോവിഡ് മൂലം കൃത്യമായ വൈദ്യസഹായം ലഭ്യമാക്കാനായില്ലത്രേ. പൊലീസിൽ അറിയിച്ചിരുന്നെങ്കിൽ ആശുപത്രിയിൽ എത്തിക്കാൻ ദുബൈയിൽ തടസ്സമുണ്ടാകുമായിരുന്നില്ലെന്ന് പ്രവാസി സംഘം പ്രവർത്തകർ പറഞ്ഞതായും വീട്ടുകാർ പറയുന്നു. ഷബ്നയുടെ രണ്ടു സഹോദരിമാരും ഭർത്താവും മകളും മാള പള്ളിപ്പുറത്തെ വീട്ടിലാണ്.

ആശുപത്രികൾ ചികിത്സ നിഷേധിച്ചതിനെത്തുടർന്നു മലയാളി വീട്ടമ്മ മരിച്ചു. നവി മുംബൈ ഉൾവ നിവാസിയായ ആലപ്പുഴ അവലൂക്കുന്ന് കൈതവളപ്പിൽ ഗോപാലൻ നിവാസിലെ വിമലയ്ക്ക് (53) ആണു ദാരുണാന്ത്യം. താൽകാലിക ജോലി ആവശ്യത്തിനായി ദുബായിൽ പോയ ഭർത്താവ് എഴുപുന്ന സ്വദേശി സോമൻ, വിമാനങ്ങൾ റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിയിരിക്കുകയാണ്.

മൂന്നാഴ്ച മുൻപ് വീണു പരുക്കേറ്റ വിമലയെ നവിമുംബൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും 10 ദിവസത്തിനു ശേഷം ഡിസ്ചാർജ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് പനിയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെ തുടർന്ന് നവിമുംബൈയിലെ 5 ആശുപത്രികളിൽ എത്തിച്ചെങ്കിലും കോവിഡ് പരിശോധനാഫലം ഉണ്ടെങ്കിലേ പ്രവേശിപ്പിക്കൂ എന്നു പറഞ്ഞു തിരിച്ചയച്ചു.

ഒടുവിൽ ഡി.വൈ. പാട്ടീൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും സ്ഥിതി വഷളായി. ഇതിനിടെ കോവിഡ് പരിശോധനാഫലം നെഗറ്റീവാണെന്ന് ഡോക്ടർമാർ അറിയിച്ചതായും മലയാളി സംഘടനാപ്രവർത്തകർ അറിയിച്ചു. ഏകമകൾ: സൗമ്യ. വിമലയുടെ സംസ്കാരം ഇന്ന്.

ഒരിക്കലും പ്രതീക്ഷിക്കാത്തിടത്ത് കോവിഡ് ബാധിതയായി സഹപ്രവർത്തകയെ കണ്ടതും ചോദിച്ചിട്ടു പോലും ഒരു തുള്ളി വെള്ളം കൊടുക്കാൻ കഴിയാതെ വന്ന നിസഹായാവസ്ഥയും ശിൽപ സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പിൽ പറയുന്നു.

യുകെയിലെ ഹാർലോ പ്രിൻസസ് അലക്സാൻട്ര എൻഎച്ച്എസ് ഹോസ്പിറ്റലിൽ ഐസിയു നഴ്സായി 2006 മുതൽ ജോലി ചെയ്യുന്ന മലയാളി ശിൽപ്പ ധനേഷ് കോവിഡ് അനുഭവം പങ്കുവയ്ക്കുന്നു

ശിൽപ്പയുടെ പോസ്റ്റ് വായിക്കാം…..

14 വർഷത്തെ നഴ്സിങ് ജീവിതത്തിൽ ആദ്യമായിട്ടാണ് ഇതുപോലൊരു അവസ്ഥയെ ഞാൻ നേരിടുന്നത്. നിസഹായത തോന്നി, പേടി തോന്നി. പതിവ് പോലെ നൈറ്റ് ഡ്യൂട്ടിക്ക് കയറുമ്പോൾ ഈ ദിവസം കടന്നുപോകാൻ ഇത്രയും ഞാൻ വിഷമിക്കും എന്ന് കരുതിയില്ല. ഏകദേശം രാത്രി പന്ത്രണ്ടു മണി ആയപ്പോൾ ഒരു പേഷ്യന്റ് വന്നു. വന്നപ്പോഴാണ് ഞാൻ ജോലി ചെയ്യുന്ന അതേ ഹോസ്പിറ്റലിലെ സ്റ്റാഫ് ആണ് വന്നതെന്ന് മനസിലാകുന്നത്. കൂടെ ജോലി ചെയ്യുന്ന ഒരാളെ ആ ബെഡിൽ കാണാൻ വളരെ പ്രയാസം തോന്നി. വന്നപ്പോൾ അവർക്കു ശരീരത്തിൽ ഓക്സിജന്റെ അളവ് വളരെ കുറവായിരുന്നു, വെന്റിലേറ്റർ തയാറാക്കാൻ ഡോക്ടർ പറഞ്ഞു. അവർ എന്നോട് വെള്ളം ചോദിച്ചു, വെന്റിലേറ്ററിൽ ഇടാൻ പോകുന്ന ആൾക്ക് വെള്ളം കൊടുക്കാൻ നിർവാഹം ഇല്ലായിരുന്നു. അവർ വളരെ വേഗം കൂടുതൽ അവശയാകാനും തുടങ്ങി. ഡോക്ടർ അവരോടു പറഞ്ഞു നിങ്ങളെ ഉറക്കാൻ ഉള്ള മരുന്ന് തരാൻ പോവാണ്, അതിനു ശേഷം നിങ്ങളെ വെന്റിലേറ്ററിലേക്ക് മാറ്റും എന്ന്. എത്രത്തോളം അവർക്കതു മനസിലായി എന്ന് അറിയില്ല. വെന്റിലേറ്റർ റെഡി ആക്കി വച്ചിട്ട് വെള്ളം എടുത്ത് ഒരു സ്പോഞ്ച് അതിൽ മുക്കി ( വായും ചുണ്ടും നനക്കാൻ ) അവർക്കു കൊടുക്കാൻ ചെല്ലുമ്പോൾ ഡോക്ടർ അവരോടു സംസാരിക്കുകയായിരുന്നു.

വെള്ളം ടേബിളിൽ വച്ച് ഞാൻ അവരെ ബെഡിൽ നേരെ ഇരുത്താൻ നോക്കിയപ്പോഴാണ് ഡോക്ടർ അവരോടു പറയുന്നത് മരുന്ന് തന്ന് ഉറങ്ങുന്നതിനു മുൻപ് ആരെയെങ്കിലും വിളിക്കാൻ ഉണ്ടെങ്കിൽ ഫോൺ ചെയ്യൂ എന്ന്, അവർ ഫോൺ വിളിക്കാൻ നോക്കിയിട്ടു പറ്റുന്നില്ല, ഫോൺ ലോക്ക് ആണ്, അത് തുറക്കാൻ അവർക്കു പറ്റുന്നില്ല കാരണം അവർക്കു അതെങ്ങനെ ചെയ്യണം എന്ന് ഓർക്കാൻ പറ്റുന്നില്ല. ഞാൻ കുറെ സഹായിക്കാൻ നോക്കി പക്ഷെ അപ്പോഴേക്കും അവർക്കു ബോധം കുറഞ്ഞു കുറഞ്ഞു വന്നു. കാത്തു നിൽക്കാൻ സമയം ഇല്ലാത്തതു കൊണ്ട് വേഗം അവരെ സെഡേറ്റു ചെയ്തു intubate ചെയ്തു വെന്റിലേറ്ററിലേക്ക് മാറ്റി.

തിരക്ക് കുറഞ്ഞപ്പോൾ ഞാൻ ഇതേപ്പറ്റി ഡോക്ടറോട് സംസാരിച്ചു. അപ്പോൾ ഡോക്ടർ എന്നോടു പറഞ്ഞു അവർ രക്ഷപ്പെടുമോ എന്ന് ഉറപ്പില്ല, അവസാനമായി ഭർത്താവിനോടോ പ്രിയപ്പെട്ടവരോടോ സംസാരിക്കാമല്ലോ എന്ന് കരുതിയാണ് വിളിക്കാൻ പറഞ്ഞതെന്ന്. എന്തോ അത് കേട്ടപ്പോൾ ഇതുവരെ ഒരിക്കലും അനുഭവിക്കാത്ത വീർപ്പുമുട്ടൽ എനിക്കുണ്ടായി, കണ്ണ് നിറയാൻ തുടങ്ങി. അവർക്കു വെള്ളം കൊടുക്കാൻ പറ്റാത്തതിൽ മരണം വരെ ഞാൻ സങ്കടപ്പെടും.

ഒരു നിമിഷം പെട്ടന്ന് എന്നെത്തന്നെ ആ ബെഡിൽ ഞാൻ കണ്ടു, കണ്ണേട്ടന്റെ, എന്റെ മോൾടെ, മമ്മിയുടെ, പപ്പയുടെ, അനിയത്തിയുടെ ഒക്കെ മുഖങ്ങൾ മുന്നിൽ വരാൻ തുടങ്ങി. അവിടുന്ന് എങ്ങോട്ടെങ്കിലും ഓടിപ്പോകാനും ഉച്ചത്തിൽ നിലവിളിക്കാനും അപ്പോൾ എനിക്ക് തോന്നി. നിവർത്തിയില്ലാത്തതു കൊണ്ട് വെളിയിൽ പോകാതെ അകത്തുതന്നെ നിൽക്കേണ്ടി വന്നു. ആ രാത്രി മറക്കാൻ എനിക്ക് ഒരിക്കലും സാധിക്കും എന്ന് തോന്നുന്നില്ല. അവരിപ്പോഴും കോറോണയോടു മത്സരിക്കുകയാണ്, അവർ ജയിക്കണം എന്ന് മറ്റാരേക്കാളും കൂടുതൽ ഞാനും ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു. അതുകൊണ്ട് അവരെപ്പറ്റി കൂടുതൽ പറയാനാവില്ല.

കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ പ്രവാസി വ്യവസായിയും ജീവകാരുണ്യപ്രവർത്തകനുമായ അറയ്ക്കൽ ജോയിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നുള്ള വിവരങ്ങൾ പുറത്തുവരുന്നു . വയനാട്ടിലെ കുടിയേറ്റ കർഷക കുടുംബത്തിൽ നിന്ന് ചെറുപ്പത്തിലെ വിദേശത്തെത്തി സ്വപ്രയത്നം കൊണ്ട് വലിയ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തയാളാണ് അറക്കൽ ജോയി . ഗൾഫിൽ പെട്രോകെമിക്കൽ രംഗത്ത് കൈവെച്ച് തുടങ്ങിയ ജോയി യുഎഇ കേന്ദ്രീകരിച്ചുളള ക്രൂഡ് ഓയിൽ വ്യാപാരത്തിലായിരുന്നു സജീവം . തൊട്ടതെല്ലാം പൊന്നാക്കിയ ഇദ്ദേഹം അടുത്താണ് നാട്ടിൽ വന്ന് പോയത് . വയനാട്ടിലെ – ജീവകാരുണ്യപ്രവർത്തനങ്ങളിൽ എന്നും സജീവമായിരുന്നു ജോയി .

ജോയിയുടെ മരണത്തിൽ ദുരൂഹത ഉണ്ട് എന്നും അറയ്ക്കൽ ജോയിക്കൊപ്പം ഉണ്ടായിരുന്ന അദ്ദേഹവുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്ന ഷെട്ടി ഒളിവിൽ പോയതായും ഷെട്ടി ഇപ്പോൾ എവിടെ എന്ന് അറിയില്ലെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നു . ഗൾഫിൽ നിന്നും വരുന്ന മെസേജുകളിൽ പറയുന്നത് ജോയ് അറയ്ക്കൽ എന്ന ബിസിനസുകാരന്റെ മരണം അന്വേഷിക്കണം എന്നും വൻ സാമ്പത്തിക ബാധ്യതയിൽ ജീവനൊടുക്കിയതാണ് എന്നുമാണ് . എന്നാൽ മരണ കാരണമായി ഇതുവരെ പുറത്ത് വന്ന ഔദ്യോഗിക റിപോർട്ടുകൾ ഹൃദയാഘാതം ആണ് . ഗൾഫിൽ നിന്നും ഇദ്ദേഹവുമായി അടുത്ത ബന്ധം ഉള്ളവരിൽ നിന്നും പുറത്തുവരുന്ന ഓഡിയോ ക്ളിപ്പുകൾ വ്യാപകമായി ഇപ്പോൾ വാടസ്പ്പിൽ പ്രചരിക്കുകയാണ്

നടൻ മണികണ്ഠൻ വിവാഹിതനായി. തൃപ്പൂണിത്തുറ പേട്ട സ്വദേശി അഞ്ജലി ആണ് വധു. ലോക്ക് ലൗൺ നിയന്ത്രണങ്ങൾ പാലിച്ചാണ് മണികണ്ഠന്റെ വിവാഹ ചടങ്ങുകൾ നടന്നത്. തൃപ്പൂണിത്തുറയിൽ വെച്ച് ഇന്ന് രാവിലെ നടന്ന വിവാഹ ചടങ്ങിൽ കുടുംബാംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്. വിവാഹച്ചെലവിന് കരുതിവച്ചിരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. സ്വരാജ് എംഎൽഎയാണ് തുക ഏറ്റുവാങ്ങിയത്.

കമ്മട്ടിപ്പാടമെന്ന ഒറ്റ സിനിമ കൊണ്ട് മലയാളിക്ക് പ്രിയങ്കരനായ നടൻ മണികണ്ഠൻ പുതിയ ജീവിതത്തിലേക്ക് കടക്കുകയാണ്. ലോക്ക് ഡൗൺ പ്രഖ്യാപനം വെല്ലുവിളിയായെങ്കിലും ആറുമാസം മുൻപ് നിശ്ചയിച്ച കല്യാണതീയതി മാറ്റേണ്ട എന്നായിരുന്നു വധുവരന്മാരുടെ തീരുമാനം. നേരത്തേ ക്ഷണിച്ചവരോടൊക്കെ വിവാഹം ചടങ്ങ് മാത്രമാണെന്ന് വിളിച്ച് അറിയിച്ചു. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിച്ച് വളരെ ലളിതമായിട്ടാണ് വിവാഹം നടത്തിയത്. ലോകം മുഴുവൻ പ്രശ്നത്തിൽ നിൽക്കുന്പോൾ ആഘോഷമായി ചടങ്ങുനടത്തുന്നത് ശരിയല്ലെന്ന മണികണ്ഠന്റെ തീരുമാനത്തോട് അഞ്ജലിയും യോജിക്കുകയായിരുന്നു.

ഇടുക്കി കാഞ്ഞാര്‍ കൂവപ്പിള്ളിയില്‍ വെള്ളച്ചാട്ടത്തിന് സമീപത്തെ പാറക്കെട്ടില്‍ നിന്ന് വീണ് രണ്ടുപേര്‍ മരിച്ചു. മൂലമുറ്റം സ്വദേശികളായ ജയകൃഷ്ണന്‍ (25), ഹരി(26) എന്നിവരാണ് മരിച്ചത്. ഇവര്‍ രണ്ടുപേരും ബന്ധുക്കളാണ്.

വെള്ളച്ചാട്ടത്തില്‍ പോയി തിരിച്ചു വരും വഴി ആയിരുന്നു അപകടം. പാറക്കെട്ടില്‍ കാല്‍വഴുതി അമ്പതടിയോളം തതാഴചയിലേക്ക് പതിക്കുകയായിരുന്നു. തൊടുപുഴയില്‍ നിന്ന് ഫയര്‍ ഫോഴ്‌സ് സംഘം എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

Copyright © . All rights reserved