Kerala

കൊച്ചിയില്‍ ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് കുര്‍ബാന നടത്തി. വെല്ലിങ്ടണ്‍ ഐലന്‍ഡ് പള്ളിയിലാണ് കുര്‍ബാന നടത്തിയത്. ഇതേതുടര്‍ന്ന് പള്ളിയിലെ വൈദികനായ ഫാ. അഗസ്റ്റിനെ പോലീസ് അറസ്റ്റ് ചെയ്തു. ആറ് വിശ്വാസികളെയും പോലീസ് അറസ്റ്റ് ചെയ്തു.

ഹാര്‍ബര്‍ പോലീസാണ് വൈദികനെയും വിശ്വാസികളെയും അറസ്റ്റ് ചെയ്തത്. ലോക്ക് ഡൗണ്‍ ലംഘിച്ച് കൂട്ടമായി പ്രാര്‍ത്ഥന നടത്തിയതിനെ തുടര്‍ന്നാണ് നടപടി എടുത്തത്. പകര്‍ച്ചവ്യാധി പ്രതിരോധ നിയന്ത്രണ നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം വൈദികനെയും അറസ്റ്റിലായ മറ്റുള്ളവരെയും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

കൊവിഡിനെ ഫലപ്രദമായി നേരിട്ട കേരളം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്ക് മാത്രമല്ല, ലോകത്തിന് തന്നെ മാതൃകയാണെന്ന് ചൂണ്ടിക്കാണിച്ച് ആഗോള ഗവേഷണ സർവകലാശാലയായ മസാച്ചുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പ്രസിദ്ധീകരിക്കുന്ന എംഐടി ടെക്‌നോളജി റിവ്യൂ മാഗസിൻ. കേരളത്തെ ലോകം മാതൃകയാക്കണമെന്ന് ഏപ്രിൽ 13 ന് സോണിയ ഫലേയ്‌റെ എഴുതിയ ലേഖനത്തിലാണ് വിശദീകരിക്കുന്നത്.

കേംബ്രിഡ്ജ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മാഗസിനിലെ ഈ ലേഖനത്തിൽ കേരളത്തിന്റെ രോഗപ്രതിരോധ പ്രവർത്തനങ്ങളെ എടുത്തുപറഞ്ഞിരിക്കുന്നത്. നിപ്പയെ കേരളം നേരിട്ടതിനെക്കുറിച്ചും ലേഖനത്തിൽ പരാമർശമുണ്ട്. 120 വർഷമായി പുറത്തിറങ്ങുന്ന മാഗസിന്റെ എഡിറ്റർ ഗിഡിയോൺ ലിച്ചഫീൽഡാണ്.

രോഗപ്രതിരോധത്തിന് കേരളത്തിലെ ഭരണസംവിധാനങ്ങളും പൊതുജനങ്ങളും ക്രിയാത്മകമായി പ്രവർത്തിച്ചുവെന്ന് ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളും അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളും രോഗത്തിന് മുന്നിൽ പകച്ചുനിന്നപ്പോൾ ദ്രുതഗതിയിൽ കേരളം പ്രതിരോധപ്രവർത്തങ്ങളുമായി മുന്നോട്ട് പോവുകയായിരുന്നെന്നും ലേഖനത്തിലുണ്ട്. ജനുവരിയിൽ തന്നെ കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും പരിശോധന കർശനമാക്കിയെന്നും ഇത് വഴി രോഗലക്ഷണമുള്ളവരെ ക്വാറന്റൈനിലാക്കിയെന്നും പറയുന്നുണ്ട്.

ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യസംവിധാനമാണ് കേരളത്തിലേത്. ലോകോത്തരനിലവാരമുള്ള മലയാളി നഴ്‌സുമാർ യൂറോപ്പിലും അമേരിക്കയിലും ജോലി ചെയ്യുന്നു- ലേഖനത്തിൽ പറയുന്നു. ഇന്ത്യയിൽ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ പ്രധാനമന്ത്രി മാധ്യമങ്ങളെ കാണാതിരിക്കുന്നു, അതേസമയം കേരള മുഖ്യമന്ത്രി പിണറായി വിജയൻ ദിവസേന വിലയിരുത്തലുമായി മാധ്യമങ്ങളെ കാണുന്നുവെന്നും ലേഖനത്തിൽ പറയുന്നു.

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായാണ് കേരളത്തിന്റെ സഞ്ചാരമെന്നും കമ്മ്യൂണിസ്റ്റ് ആശയങ്ങളിലും കമ്മ്യൂണിസ്റ്റ് ഭരണത്തിലുമാണ് സംസ്ഥാനം മുന്നോട്ടുപോകുന്നതെന്നും ലേഖനത്തിൽ പരാമർശമുണ്ട്. തീവ്രദേശീയവാദിയായ പ്രധാനമന്ത്രി നരേന്ദ്രമോഡിയ്‌ക്കൊപ്പം രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളും നിലകൊണ്ടപ്പോൾ കേരളം സാമൂഹ്യക്ഷേമത്തിലാണ് ഊന്നൽനൽകിയതെന്നും ലേഖിക വിശദീകരിക്കുന്നുണ്ട്.

കൊവിഡ് ബാധിച്ച് ചങ്ങനാശ്ശേരി സ്വദേശി ദുബായിയില്‍ മരിച്ചു. ചങ്ങനാശേരി തൃക്കൊടിത്താനം എടത്തിനകം ചാലുങ്കല്‍ കുടുംബാംഗം ഷാജി സക്കറിയ (51) ആണ് മരിച്ചത്. ദുബായിയിലുള്ള ജിന്‍കോ കമ്പനിയില്‍ ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം.

പാന്‍ക്രിയാസ് സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ഒരാഴ്ച മുമ്പാണ് ഷാജി മരിച്ചത്. ദുബായിയിലെ അല്‍ സഹ്‌റ ഹോസ്പിറ്റലില്‍ വച്ചാണ് മരണം. യുഎഇയിലെ ദേവാലയത്തില്‍ വെച്ച് സംസ്‌കാര ശുശ്രൂഷകള്‍ നടത്തി. എന്നാല്‍ കഴിഞ്ഞ ദിവസമാണ് ഷാജിക്ക് കൊറോണ സ്ഥിരീകരിച്ചുകൊണ്ടുള്ള പരിശോധനാഫലം പുറത്തുവന്നത്.

ഇതോടെ ഗള്‍ഫില്‍ കൊവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം ആറായി ഉയര്‍ന്നു. പുന്നവേലി ഇടത്തിനകം കറിയാച്ചന്‍ -ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ് മരിച്ച ഷാജി. ഭാര്യ മിനി തൃക്കൊടിത്താനം വടക്കനാട്ട് കുടുംബാംഗം. മക്കള്‍ ജൂവല്‍, നെസ്സിന്‍

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ആധുനിക കാലഘട്ടം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ കൊറോണാ വൈറസിനെ ലോകം നേരിടുമ്പോൾ ആരോഗ്യ മേഖല നേരിടുന്ന പ്രധാന പ്രശ്നം  നഴ്സ്മാരുടെ വലിയതോതിലുള്ള കുറവാണ്. കൊറോണ വൈറസിന് എതിരെയുള്ള പോരാട്ടത്തിൽ മുന്നിലുള്ളത് ആതുരശുശ്രൂഷാ രംഗത്തെ നട്ടെല്ലായ നഴ്സുമാരാണ്. എന്നാൽ ലോകമൊട്ടാകെ 60 ലക്ഷം നഴ്സുമാരുടെ കുറവുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. കൊറോണ പോലുള്ള ഒരു മഹാമാരിയെ നേരിടുമ്പോൾ നഴ്സുമാരുടെ ഈ കുറവ് വലിയ വെല്ലുവിളികളാണ് ഉയർത്തുന്നത്. ലോകത്തൊട്ടാകെ ഇപ്പോഴുള്ളത് 28 മില്യൺ നഴ്സുമാരാണ്. ഇത് ലോക ജനസംഖ്യയുടെ 50 ശതമാനം പേരെ പരിചരിക്കാൻ മാത്രമേ ഉപകരിക്കുകയുള്ളൂ എന്ന ലോകാരോഗ്യ സംഘടനയുടെ തലവൻ ടെസ്റോസ് അധനോം ഗബ്രിയേസിസ് ചൂണ്ടിക്കാട്ടി. സ്ത്രീകൾ ഭൂരിപക്ഷമുള്ള ഈ മേഖലയിലേക്ക് കൂടുതൽ പുരുഷന്മാർ കടന്നുവരുന്നതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു.

ഇതിനിടയിൽ കോവിഡ്-19 പല വികസിത രാജ്യങ്ങളുടെയും കണ്ണുതുറപ്പിച്ചിരിക്കുകയാണ്.കൂടുതൽ നഴ്സുമാരെ റിക്രൂട്ട് ചെയ്ത് ആരോഗ്യമേഖലയെ ശക്തിപ്പെടുത്തുന്നതിനായി പരിശീലനത്തിനും റിക്രൂട്ട്മെന്റിനുമായി കൂടുതൽ ബഡ്ജറ്റ് വകയിരുത്തുന്നതിന്റെ ആവശ്യകതയെ കുറിച്ചാണ് ആരോഗ്യരംഗത്തെ തലപ്പത്തുള്ളവർ ഇപ്പോൾ ചിന്തിക്കുന്നത് .എന്തായാലും വരാനിരിക്കുന്നത് നഴ്സിംഗ് കരിയർ ഒരു പാ ഷനായി കാണുന്നവർക്കുള്ള അവസരങ്ങൾ ഉള്ള ഒരു കാലഘട്ടമാണ്.

സർക്കാരിന്റേയും പോലീസിന്റേയും നിർദേശങ്ങൾ ലംഘിച്ച് വിദേശത്ത് നിന്നെത്തിയ വിനോദസഞ്ചാരികൾ കോവളത്തെ കടലിൽ കുളിക്കാനിറങ്ങി. രാവിലെ ഏഴ് മണിയോടെയാണ് സംഭവം. ലൈഫ് ഗാർഡുകൾ എത്തുന്നതിന് മുമ്പാണ് വിദേശികൾ തീരത്തേക്ക് വന്നത്.

നേരത്തെ തന്നെ, ലോക്ക്ഡൗണിനെ തുടർന്ന് ഹോട്ടലിൽ താമസിക്കുന്ന വിദേശികളോട് അവിടെ തന്നെ തുടരാൻ അധികൃതർ നിർദേശിച്ചിരുന്നു.എന്നിട്ടും ഇത് ലംഘിച്ചാണ് വിദേശികൾ കോവളം ബീച്ചിലേക്ക് കൂട്ടത്തോടെ എത്തിയത്. സംഭവത്തിൽ ഹോട്ടലുടമകളുടെ ഭാഗത്തുനിന്ന് വിഴ്ചയുണ്ടായെന്നാണ് പ്രാഥമിക സൂചന.

ലൈഫ് ഗാർഡുകൾ എത്തുന്നതിന് മുമ്പ് കടലിൽ കുളിക്കാനാകുമെന്ന് ഹോട്ടൽ ഉടമകൾ പറഞ്ഞതായാണ് വിവരം. ദൃശ്യങ്ങൾ വന്നശേഷമാണ് പോലീസ് വിവരം അറിഞ്ഞത്. പരിശോധിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

ബ്രസീലിയന്‍ ഫുട്‌ബോള്‍ സൂപ്പര്‍ താരം നെയ്മറിന്റെ മാതാവ് നദീനെ ഗോണ്‍സാല്‍വസിന് പുതിയ പങ്കാളി. മകനായ നെയ്മറിനേക്കാള്‍ ആറു വയസിന് ഇളയവനായ 22-കാരനായ ഗെയിമറും മോഡലുമായ തിയാഗോ റാമോസുമായി ഡേറ്റിങിലാണെന്ന് ഇന്‍സ്റ്റഗ്രാമിലൂടെ നദീനെ തന്നെയാണ് അറിയിച്ചത്. ‘ചില കാര്യങ്ങള്‍ നമുക്ക് വിശദീകരിക്കാനാവില്ല. ജീവിക്കാനേ സാധിക്കൂ’ എന്ന കുറിപ്പോടെയാണ് നദീനെ പുതിയ പങ്കാളിക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. പോസ്റ്റിന് താഴെ ആശംസയുമായി നെയ്മര്‍ തന്നെ രംഗത്തെത്തി. ‘സന്തോഷമായിരിക്കൂ അമ്മേ, ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു’-നെയ്മര്‍ കുറിച്ചു. മുന്‍ ഭര്‍ത്താവ് വാഗ്‌നര്‍ റിബെയ്‌റോയും ഇമോജി പങ്കുവച്ച് ആശംസകളറിയിച്ചിട്ടുണ്ട്. നെയ്മറിന്റെ പിതാവും ഏജന്റുമായ വാഗ്നര്‍ റിബെയ്റോയുമായി 2016 മുതല്‍ പിരിഞ്ഞു താമസിക്കുകയാണ് നദീനെ.

നദീനെ ഗോണ്‍സാല്‍വസുമായി പരിചയത്തിലാകുന്നതിനു മുന്‍പുതന്നെ നെയ്മറിന്റെ കടുത്ത ആരാധകനായിരുന്നു റാമോസെന്ന് ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നെയ്മറിനോടുള്ള ആരാധന മൂത്ത് 2017ല്‍ തിയാഗോ റാമോസ് ഒരു മെസേജും അയച്ചിട്ടുണ്ട്; ‘നെയ്മര്‍, നിങ്ങള്‍ മികച്ച കളിക്കാരനാണ്. താങ്കളേപ്പോലൊരു ഫുട്‌ബോള്‍ താരത്തിന്റെ ആരാധകനായിരിക്കുകയെന്നത് നല്‍കുന്ന സന്തോഷം വിവരിക്കാന്‍ വാക്കുകളില്ല. താങ്കളുടെ പ്രകടനം എന്നും എന്നെ വല്ലാതെ പ്രചോദിപ്പിക്കാറുണ്ട്. ഒരു ദിവസം സഹോദരങ്ങളേപ്പോലെ ചേര്‍ന്നിരുന്ന് നമുക്ക് ഈ സന്ദേശം വായിക്കാമെന്നും ഒരുമിച്ചു കളിക്കാമെന്നും പ്രതീക്ഷിക്കുന്നു. നമ്മള്‍ ഒരിക്കല്‍ കണ്ടുമുട്ടുമെന്ന് എനിക്കു തീര്‍ച്ചയുണ്ട്. കാരണം, ലക്ഷ്യങ്ങള്‍ക്കു പിന്നാലെ പോകുന്ന ഒരു സ്വപ്ന ജീവിയാണ് ഞാന്‍. എല്ലാ ആശംസകളും’ ഇതായിരുന്നു റാമോസിന്റെ സന്ദേശം. അടുത്തിടെ നെയ്മറിന്റെ ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ റാമോസ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു.

 

 

View this post on Instagram

 

O inexplicável não se explica, se vive… ❤️

A post shared by Nadine Gonçalves (@nadine.goncalves) on

മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാന താത്പര്യത്തിനു വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന കഴിവുറ്റനേതാവാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ഗവര്‍ണര്‍ പറഞ്ഞു.

അദ്ദേഹം മികച്ച ഭരണാധികാരിയാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. ആരോഗ്യമന്ത്രി കെകെ ശൈലജയും മറ്റ് മന്ത്രിമാരും കൊവിഡ് കാലത്ത് മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.

പ്രവാസികളുടെ കാര്യത്തില്‍ നടപടി വസ്തുതകളുടെ അടിസ്ഥാനത്തില്‍ വേണം. ഓരോ രാജ്യത്തേയും സ്ഥിതി പഠിച്ച് തീരുമാനമെടുക്കണം. കേന്ദ്രസര്‍ക്കാര്‍ വൈകാതെ പോംവഴി കണ്ടെത്തുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഡൽഹി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗർഭിണിയായ മലയാളി നഴ്‌സിന്റെ കുഞ്ഞിനും കൊറോണ ബാധ. രണ്ട് വയസ്സായ കുഞ്ഞിനാണ് കൊറോണ ബാധിച്ചത്. നിലവിൽ രണ്ട് പേരുടെയും ആരോഗ്യസ്ഥിതിയിൽ ആശങ്കയില്ല. കുഞ്ഞിന്റെ പരിശോധനാഫലം ഇന്നലെ രാത്രിയോടെയാണ് പുറത്ത് വന്നത്.

കുഞ്ഞ് യാതൊരു വിധ രോഗ ലക്ഷണങ്ങളും കാണിക്കുന്നില്ല എന്നത് ആശ്വാസം നൽകുന്നുണ്ട്. നിലവിൽ എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിലുള്ള നഴ്‌സ് എട്ട് മാസം ഗർഭിണിയാണ്.

ഡൽഹി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യപ്പെടുന്ന 29ാമത്തെ കൊറോണ കേസാണിത്. 23 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 29പേരാണ് ഈ ആശുപത്രിയിൽ മാത്രം രോഗം സ്ഥിരീകരിച്ചത്. ഏപ്രിൽ 1മുതൽ ആശുപത്രി അടച്ചിട്ടിരുന്നു.

പ്രവാസികളെ സ്വീകരിക്കാനായി കേരളം ഒരുങ്ങി. കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ വിദേശത്തു നിന്നും കേരളത്തിലേക്ക് എത്തുന്നവരെ എല്ലാവരെയും നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനായി ജില്ലകളില്‍ നിരീക്ഷണകേന്ദ്രങ്ങളൊരുക്കും. ഇതുസംബന്ധിച്ച് ജില്ല കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി കഴിഞ്ഞു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ വിദേശരാജ്യങ്ങളില്‍ നിന്നും കൂട്ടത്തോടെ മടങ്ങിയെത്തുന്ന പ്രവാസികളെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനായി സ്ഥാപനങ്ങള്‍ കണ്ടെത്തും. ഹോട്ടലുകളും റിസോര്‍ട്ടുകളും ഇതിനായി ഏറ്റെടുക്കും. പത്തുലക്ഷം മലയാളികളെങ്കിലും വിദേശരാജ്യങ്ങളിലുണ്ട്. അതിനാല്‍, ഏതുസാഹചര്യത്തെയും കരുതലോടെയും സുരക്ഷിതമായും നേരിടാനാണ് കേരളത്തിന്റെ ഒരുക്കം.

അതേസമയം, പ്രവാസികളെ തിരികെ എത്തിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. കേന്ദ്രത്തിന്റെ തീരുമാനമറിഞ്ഞശേഷമായിരിക്കും സംസ്ഥാനത്ത് അന്തിമതീരുമാനമുണ്ടാവുകയുള്ളൂ. ഒരുപക്ഷേ പ്രവാസികളെ എത്തിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചാല്‍ വിദേശത്തുനിന്നും എത്തുന്നവര്‍ക്ക് നിരീക്ഷണത്തില്‍ കഴിയാനുള്ള സൗകര്യങ്ങളടക്കം മുന്‍കരുതലുകളാണ് കേരളമെടുക്കുന്നത്.

വിദേശത്ത് നിന്നുമെത്തുന്നവര്‍ക്കുള്ള താമസസൗകര്യം കണ്ടെത്താനുള്ള നടപടിയാണ് തുടങ്ങിയത്. പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗത്തിനാണ് മുറികള്‍ സജ്ജീകരിക്കുന്നതിനുള്ള ചുമതല. രണ്ടരലക്ഷം മുറികള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 1.24 ലക്ഷം മുറികളില്‍ എല്ലാസൗകര്യവും ഉറപ്പുവരുത്തി.

പണം നല്‍കി ഉപയോഗിക്കാന്‍ പാകത്തിലുള്ളതും അല്ലാത്തതുമായ കെയര്‍ സെന്ററുകളാണ് പ്രവസികള്‍ക്കായി തയ്യാറാക്കുക. ആലപ്പുഴയില്‍ പുരവഞ്ചികളിലടക്കം താമസസൗകര്യമുണ്ട്. 2000 കിടക്കകളാണ് പുരവഞ്ചിയിലുള്ളത്. വയനാട് ജില്ലയിലെ മുഴുവന്‍ ഹോട്ടലുകളും റിസോര്‍ട്ടുകളും വില്ലകളുമടക്കം 135 സ്ഥാപനങ്ങള്‍ ഇതിനകം ഏറ്റെടുത്ത് കൊറോണ കെയര്‍ സെന്ററുകളാക്കി.

മറ്റ് ജില്ലകളിലും ഏറ്റെടുക്കേണ്ട ഹോട്ടലുകളുടെയും റിസോര്‍ട്ടുകളുടെയും പട്ടിക തയ്യാറാക്കി. നിലവില്‍ ഏതു രാജ്യത്താണോ കഴിയുന്നത് അവിടെ സുരക്ഷിതമായി കഴിയണമെന്നാണ് ഇക്കാര്യത്തില്‍ ഇപ്പോഴും കേന്ദ്രത്തിന്റെ സമീപനം. തൊഴിലാവശ്യത്തിനെത്തിയവരെ തിരികെക്കൊണ്ടുപോകണമെന്ന് യു.എ.ഇ. ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരമൊരു നിലപാട് മറ്റൊരിടത്തുനിന്നും ഉണ്ടായിട്ടില്ല.

ജില്ലകളില്‍ തയ്യാറായ മുറികളും കിടക്കകളും

തിരുവനന്തപുരം 7500 മുറികള്‍
പത്തനംതിട്ട 8100 മുറികള്‍
വയനാട് 135 കെട്ടിടങ്ങള്‍
ആലപ്പുഴ 10,000 കിടക്കകള്‍
മലപ്പുറം 15,000 കിടക്കകള്‍
കണ്ണൂര്‍ 4000 കിടക്കകള്‍
തൃശൂര്‍ 7581 മുറികള്‍
കോഴിക്കോട് 15,000 മുറികള്‍

 

യുവതിയെ ഭർതൃഗൃഹത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങൽ കോട്ടക്കൽ എംഎ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന ഷർമില ഷെറിൻ(24) ആണ് മരിച്ചത്.

വടകര ഏറാമല സ്വദേശിനിയാണ് ഷർമില. ഷർമിലയുടേയും തിക്കോടി കോടിക്കൽ പോക്കർ വളപ്പിൽ ജംഷീറിന്റേയും വിവാഹം കഴിഞ്ഞിട്ട് നാല് വർഷമായി. വിദേശത്തായിരുന്ന ഭർത്താവ് ഏതാനും മാസമായി നാട്ടിലുണ്ട്.

ശനിയാഴ്ച വൈകീട്ടോടെ ഇവരുടെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. ഇവർക്ക് ഒരു വയസുള്ള മകനുണ്ട്. മരണത്തിയിൽ യുവതിയുടെ ബന്ധുക്കൾ ദുരൂഹത ആരോപിച്ചിട്ടുണ്ട്. ഇതോടെ പൊലീസ് അന്വേഷണം തുടങ്ങി.കോഴിക്കോട് മെഡിക്കൽ കോളെജിൽ പോസ്റ്റുമോർട്ടം നടത്തിയതിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Copyright © . All rights reserved