Kerala

ഡൽഹി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗർഭിണിയായ മലയാളി നഴ്‌സിന്റെ കുഞ്ഞിനും കൊറോണ ബാധ. രണ്ട് വയസ്സായ കുഞ്ഞിനാണ് കൊറോണ ബാധിച്ചത്. നിലവിൽ രണ്ട് പേരുടെയും ആരോഗ്യസ്ഥിതിയിൽ ആശങ്കയില്ല. കുഞ്ഞിന്റെ പരിശോധനാഫലം ഇന്നലെ രാത്രിയോടെയാണ് പുറത്ത് വന്നത്.

കുഞ്ഞ് യാതൊരു വിധ രോഗ ലക്ഷണങ്ങളും കാണിക്കുന്നില്ല എന്നത് ആശ്വാസം നൽകുന്നുണ്ട്. നിലവിൽ എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിലുള്ള നഴ്‌സ് എട്ട് മാസം ഗർഭിണിയാണ്.

ഡൽഹി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യപ്പെടുന്ന 29ാമത്തെ കൊറോണ കേസാണിത്. 23 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 29പേരാണ് ഈ ആശുപത്രിയിൽ മാത്രം രോഗം സ്ഥിരീകരിച്ചത്. ഏപ്രിൽ 1മുതൽ ആശുപത്രി അടച്ചിട്ടിരുന്നു.

പ്രവാസികളെ സ്വീകരിക്കാനായി കേരളം ഒരുങ്ങി. കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ വിദേശത്തു നിന്നും കേരളത്തിലേക്ക് എത്തുന്നവരെ എല്ലാവരെയും നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനായി ജില്ലകളില്‍ നിരീക്ഷണകേന്ദ്രങ്ങളൊരുക്കും. ഇതുസംബന്ധിച്ച് ജില്ല കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി കഴിഞ്ഞു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ വിദേശരാജ്യങ്ങളില്‍ നിന്നും കൂട്ടത്തോടെ മടങ്ങിയെത്തുന്ന പ്രവാസികളെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനായി സ്ഥാപനങ്ങള്‍ കണ്ടെത്തും. ഹോട്ടലുകളും റിസോര്‍ട്ടുകളും ഇതിനായി ഏറ്റെടുക്കും. പത്തുലക്ഷം മലയാളികളെങ്കിലും വിദേശരാജ്യങ്ങളിലുണ്ട്. അതിനാല്‍, ഏതുസാഹചര്യത്തെയും കരുതലോടെയും സുരക്ഷിതമായും നേരിടാനാണ് കേരളത്തിന്റെ ഒരുക്കം.

അതേസമയം, പ്രവാസികളെ തിരികെ എത്തിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. കേന്ദ്രത്തിന്റെ തീരുമാനമറിഞ്ഞശേഷമായിരിക്കും സംസ്ഥാനത്ത് അന്തിമതീരുമാനമുണ്ടാവുകയുള്ളൂ. ഒരുപക്ഷേ പ്രവാസികളെ എത്തിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചാല്‍ വിദേശത്തുനിന്നും എത്തുന്നവര്‍ക്ക് നിരീക്ഷണത്തില്‍ കഴിയാനുള്ള സൗകര്യങ്ങളടക്കം മുന്‍കരുതലുകളാണ് കേരളമെടുക്കുന്നത്.

വിദേശത്ത് നിന്നുമെത്തുന്നവര്‍ക്കുള്ള താമസസൗകര്യം കണ്ടെത്താനുള്ള നടപടിയാണ് തുടങ്ങിയത്. പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗത്തിനാണ് മുറികള്‍ സജ്ജീകരിക്കുന്നതിനുള്ള ചുമതല. രണ്ടരലക്ഷം മുറികള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 1.24 ലക്ഷം മുറികളില്‍ എല്ലാസൗകര്യവും ഉറപ്പുവരുത്തി.

പണം നല്‍കി ഉപയോഗിക്കാന്‍ പാകത്തിലുള്ളതും അല്ലാത്തതുമായ കെയര്‍ സെന്ററുകളാണ് പ്രവസികള്‍ക്കായി തയ്യാറാക്കുക. ആലപ്പുഴയില്‍ പുരവഞ്ചികളിലടക്കം താമസസൗകര്യമുണ്ട്. 2000 കിടക്കകളാണ് പുരവഞ്ചിയിലുള്ളത്. വയനാട് ജില്ലയിലെ മുഴുവന്‍ ഹോട്ടലുകളും റിസോര്‍ട്ടുകളും വില്ലകളുമടക്കം 135 സ്ഥാപനങ്ങള്‍ ഇതിനകം ഏറ്റെടുത്ത് കൊറോണ കെയര്‍ സെന്ററുകളാക്കി.

മറ്റ് ജില്ലകളിലും ഏറ്റെടുക്കേണ്ട ഹോട്ടലുകളുടെയും റിസോര്‍ട്ടുകളുടെയും പട്ടിക തയ്യാറാക്കി. നിലവില്‍ ഏതു രാജ്യത്താണോ കഴിയുന്നത് അവിടെ സുരക്ഷിതമായി കഴിയണമെന്നാണ് ഇക്കാര്യത്തില്‍ ഇപ്പോഴും കേന്ദ്രത്തിന്റെ സമീപനം. തൊഴിലാവശ്യത്തിനെത്തിയവരെ തിരികെക്കൊണ്ടുപോകണമെന്ന് യു.എ.ഇ. ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരമൊരു നിലപാട് മറ്റൊരിടത്തുനിന്നും ഉണ്ടായിട്ടില്ല.

ജില്ലകളില്‍ തയ്യാറായ മുറികളും കിടക്കകളും

തിരുവനന്തപുരം 7500 മുറികള്‍
പത്തനംതിട്ട 8100 മുറികള്‍
വയനാട് 135 കെട്ടിടങ്ങള്‍
ആലപ്പുഴ 10,000 കിടക്കകള്‍
മലപ്പുറം 15,000 കിടക്കകള്‍
കണ്ണൂര്‍ 4000 കിടക്കകള്‍
തൃശൂര്‍ 7581 മുറികള്‍
കോഴിക്കോട് 15,000 മുറികള്‍

 

യുവതിയെ ഭർതൃഗൃഹത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങൽ കോട്ടക്കൽ എംഎ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന ഷർമില ഷെറിൻ(24) ആണ് മരിച്ചത്.

വടകര ഏറാമല സ്വദേശിനിയാണ് ഷർമില. ഷർമിലയുടേയും തിക്കോടി കോടിക്കൽ പോക്കർ വളപ്പിൽ ജംഷീറിന്റേയും വിവാഹം കഴിഞ്ഞിട്ട് നാല് വർഷമായി. വിദേശത്തായിരുന്ന ഭർത്താവ് ഏതാനും മാസമായി നാട്ടിലുണ്ട്.

ശനിയാഴ്ച വൈകീട്ടോടെ ഇവരുടെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. ഇവർക്ക് ഒരു വയസുള്ള മകനുണ്ട്. മരണത്തിയിൽ യുവതിയുടെ ബന്ധുക്കൾ ദുരൂഹത ആരോപിച്ചിട്ടുണ്ട്. ഇതോടെ പൊലീസ് അന്വേഷണം തുടങ്ങി.കോഴിക്കോട് മെഡിക്കൽ കോളെജിൽ പോസ്റ്റുമോർട്ടം നടത്തിയതിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

ന്യൂഡൽഹി∙ കോവിഡ് പ്രതിസന്ധിമൂലം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ ഇപ്പോൾ തിരികെയെത്തിക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി. ആളുകൾ എവിടെയാണോ ഉള്ളത് അവിടെ തുടരണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. യാത്ര അനുവദിച്ചാൽ നിലവിൽ കേന്ദ്രസർക്കാരിന്റെ യാത്രാവിലക്കിനു വിരുദ്ധമാകും. ഹർജികൾ നാല് ആഴ്ചത്തേക്കു മാറ്റിവച്ചു.

ഇതിനിടെ സുപ്രീംകോടതിയില്‍ തിരിച്ചടിച്ചത് ഹര്‍ജി നല്‍കിയവരുടെ അവധാനതയില്ലായ്മയെന്നു മന്ത്രി കെ.ടി.ജലീല്‍ കുറ്റപ്പെടുത്തി. ഒരുമാസത്തേക്കു പ്രവാസികളെ മടക്കിക്കൊണ്ടുവരാനുള്ള സാധ്യത അടച്ചുവെന്നും ജലീല്‍ തുറന്നടിച്ചു. ആളുകളുടെ കണ്ണില്‍പൊടിയിടാന്‍ ആലോചനയില്ലാത്ത ഇടപെടലുകള്‍ നടത്തരുത്. കോടതിയില്‍ പോകുംമുന്‍പ് കേന്ദ്രത്തെയാണ് സമീപിക്കേണ്ടിയിരുന്നത്. തിരികെയെത്തുന്നവരെ സ്വീകരിക്കാന്‍ സംസ്ഥാനം തയാറെടുത്തിരുന്നെന്നും ജലീല്‍ പറഞ്ഞു.

വിദേശത്തുനിന്ന് എത്തുന്നവരിലൂടെ രോഗം പടരാനുള്ള സാധ്യത മുന്നിൽ കണ്ടാണ് കേന്ദ്രസർക്കാർ യാത്രാവിലക്ക് ഏർപെടുത്തിയത്. ഗൾഫ് രാജ്യങ്ങൾക്കു പുറമേ യുഎസ്, ബ്രിട്ടൻ എന്നിവിടങ്ങളിലും ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നു. അവരെയും തിരികെയെത്തിക്കണമെന്നും ആവശ്യമുണ്ട്. ഇവരെയൊക്കെ ഇപ്പോൾ ഇന്ത്യയിലെത്താൻ അനുവദിച്ചാൽ അതു രോഗവ്യാപനത്തിനു കാരണമായേക്കും. അങ്ങനെ സംഭവിച്ചാൽ നിലവിലെ ലോക്ഡൗണും യാത്രാവിലക്കും ലക്ഷ്യങ്ങളും തകിടം മറിയാൻ ഇടയാകും.

പ്രവാസികൾ ഉള്ള രാജ്യങ്ങളിൽ ചികിത്സാ സൗകര്യങ്ങളുൾപ്പെടെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താം. അക്കാര്യത്തിൽ സർക്കാർ ഇടപെടുമെന്നാണു പ്രതീക്ഷിക്കുന്നത്. പ്രവാസികളെ ഇപ്പോൾ നാട്ടിലെത്തിക്കുന്നതു പ്രായോഗികമായി തെറ്റായ കാര്യമാണെന്നും എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അതേസമയം ഹർജിയിലെ ആവശ്യങ്ങൾ കോടതി പൂർണമായി തള്ളിയിട്ടില്ല. ഒരു മാസം കഴിഞ്ഞ് ഇടപെടൽ വേണമെങ്കിൽ പരിഗണിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

കൊവിഡ് 19 പ്രതിരോധത്തില്‍ സഹായം പ്രഖ്യാപിച്ച് അമൃതാനന്ദമയി മഠം. 13 കോടി രൂപയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മഠം നല്‍കുന്നതെന്ന് അറിയിച്ചു. പിഎം കെയര്‍സ് ഫണ്ടിലേക്ക് 10 കോടി രൂപയും, കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 3 കോടി രൂപയുമാണ് നല്‍കുക.

കൂടാതെ കൊവിഡ്-19 രോഗികള്‍ക്ക് കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്(അമൃത ആശുപത്രി) സൗജന്യ ചികിത്സയും നല്‍കുന്നതായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

കൊവിഡ് ദുരന്തവും അതിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങളും മൂലം മാനസികസമ്മര്‍ദ്ദവും, വിഷാദവും മറ്റു മാനസിക വെല്ലുവിളികളും അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി അമൃത സര്‍വകലാശാലയും, അമൃത ആശുപത്രിയും ചേര്‍ന്ന് ഒരു മാനസികാരോഗ്യ ടെലിഫോണ്‍ സഹായകേന്ദ്രവും ആരംഭിച്ചിട്ടുണ്ട്.

ലോക്ക് ഡൗണിനിടെ സമൂഹ അടുക്കളയില്‍ നിന്നും ലഭിക്കുന്ന ഭക്ഷണം കാത്തുനിന്നവരുടെ ഇടയിലേക്ക് മിനിലോറി പാഞ്ഞുകയറി. എറണാകുളം ടൗണ്‍ഹാളിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. ലോക്ക് ഡൗണായതിനാല്‍ സമൂഹ അടുക്കളയില്‍ നിന്നും ലഭിക്കുന്ന ഭക്ഷണം കാത്ത് നിന്ന അതിഥി തൊഴിലാളികള്‍ അടക്കമുളളവര്‍ക്ക് ഇടയിലേക്ക് നിയന്ത്രണം വിട്ടെത്തിയ മിനി ലോറി പാഞ്ഞുകയറുകയായിരുന്നു.

കടുത്ത വെയിലും ചൂടുമായതിനാല്‍ തണല്‍ തേടി മരത്തിന്റെ ചുവട്ടിലാണ് അതിഥി തൊഴിലാളികള്‍ അടക്കമുളളവര്‍ വിശ്രമിച്ചിരുന്നത്. ഇവരുടെ ഇടയിലേക്കാണ് എറണാകുളം നോര്‍ത്ത് പാലം ഭാഗത്ത് നിന്നുവന്ന വെളളകുപ്പി കയറ്റി വന്ന ലോറി പാഞ്ഞുകയറിയത്.

ശേഷം സമീപത്തുളള മരത്തില്‍ ഇടിച്ചാണ് വാഹനം നിന്നത്. അപകടത്തില്‍ പരിക്കേറ്റ അഞ്ചുപേരെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

കണ്ണൂര്‍ കുടിയാന്മലയില്‍ കൊവിഡ് നിരീക്ഷണത്തിലിരിക്കെ നിരീക്ഷണം ലംഘിച്ച് വിശ്വാസികള്‍ക്കൊപ്പം കുരിശ് മല യാത്ര നടത്തിയ ഇടവക വികാരിക്കെതിരെ കേസ്. വികാരി ലാസര്‍ വരമ്പകത്തിനെതിരെയാണ് കേസെടുത്തത്.

ശനിയാഴ്ച രാവിലെയാണ് പത്തിലധികം വിശ്വാസികള്‍ക്കൊപ്പം വൈദീകന്‍ കുരിശ് മല കയറിയത്. കൊവിഡ് സ്ഥിരീകരിച്ചവരുമായി പ്രാഥമിക സമ്പര്‍ക്കമുണ്ടായതിനെത്തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന ആളായിരുന്നു വൈദികന്‍.

ദുബൈയില്‍ നിന്നും വന്ന കുടിയാന്മല സ്വദേശിയായ യുവാവിന് രോഗമുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ വൈദീകനോട് നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ടിരുന്നു. യുവാവിന്റെ മാതാപിതാക്കളുമായി വൈദികന് സമ്പര്‍ക്കമുണ്ടായിരുന്നു. വെള്ളിയാഴ്ച മാതാപിതാക്കള്‍ക്കും രോഗബാധ കണ്ടെത്തി. ഇതിനിടെയാണ് വൈദീകന്‍ വിശ്വാസികള്‍ക്കൊപ്പം മല കയറിയത്.

മൂവാറ്റുപുഴയില്‍ കോളേജ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. പുത്തന്‍പുര കടവിലാണ് മൃതദേഹം കണ്ടെത്തിയത്. മൂവാറ്റുപുഴ ആശ്രമത്താഴത്ത് കോഞ്ഞിരവേലില്‍ മജീദിന്റെ മകന്‍ അക്ബര്‍ ഷാ ആണ് മരിച്ചത്. 18 വയസ്സുമാത്രമേ പ്രായമുള്ളൂ.

ഞായറാഴ്ച വൈകിട്ട് 5.30 ഓടെ മൂവാറ്റുപുഴയാറ്റിലെ പുത്തന്‍പുര കടവിലാണ് സംഭവം. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍ പെട്ടു പോവുകയായിരുന്നു.

സുഹൃത്തുക്കള്‍ ഒച്ചവച്ചതോടെ സംഭവം കണ്ട നാട്ടുകാര്‍ ഫയര്‍ഫോഴ്സിനെ അറിയിക്കുകയായിരുന്നു. എന്നാല്‍, യുവാവിനെ പുറത്തെടുത്തങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിര്‍മലാ കോളേജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയായിരുന്നു അക്ബര്‍ ഷാ.

സംസ്ഥാനത്ത് കോവിഡ് പോസിറ്റീവ് കേസ് കുറയുന്നത് ആശ്വാസകരമാണെന്ന് മന്ത്രി കെ കെ ശൈലജ. പരിശ്രമത്തിന് ഫലം ലഭിക്കുന്നുണ്ട്. പൂര്‍ണമായി ആശ്വാസം ലഭിച്ചെന്ന് പറയാനായിട്ടില്ല. മറ്റ് സംസ്ഥാനങ്ങളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ആശങ്കയുണ്ട്. വൈറസ് വ്യാപനത്തിന്റെ ഗ്രാഫ് താഴ്ത്തുക എന്നതാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

പരിശോധനക്കായി 10 ലാബുകള്‍ സജ്ജമാണ്. കാസര്‍കോട് നിന്നും പോസിറ്റീവ് കേസ് വരാത്തത് ആശ്വാസകരമാണ്. കാസര്‍കോട് മാത്രം ഇന്നലെ 28 പേര്‍ രോഗമുക്തി നേടി.

കേന്ദ്രത്തില്‍ നിന്ന് ലോക്ക്‌ഡൌണില്‍ ഇളവ് ലഭിക്കുന്ന മുറക്ക് നിയന്ത്രണം സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കും. ചികിത്സയിലുള്ള ഒന്ന് രണ്ട് പേര്‍ ഗൗരവതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉളളവരുണ്ട്. വിഷു പ്രമാണിച്ച് അത്യാവശ്യങ്ങള്‍ക്കായി പുറത്തിറങ്ങുന്നവര്‍ സാമൂഹ്യ അകലം പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ദുബായില്‍ കൊവിഡ് ബാധിച്ച് രണ്ടാഴ്ച ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. തലശ്ശേരി സ്വദേശി പ്രദീപ് സാഗറാണ് മരിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം. തുടക്കത്തില്‍ കൃത്യമായ ചികിത്സ ലഭിച്ചില്ലെന്നും ഒരാഴ്ച മുമ്പ് രോഗം കടുത്തതോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നും ബന്ധുക്കള്‍ വ്യക്തമാക്കുകയുണ്ടായി. ദുബായി കോർപൊർറ്റഷനിൽ ടാക്സി ഡ്രൈവർ ആയിരുന്നു ഇദ്ദേഹം.

ഇദ്ദേഹത്തിനൊപ്പം ഒരുമിച്ച് താമസിച്ചിരുന്നവർ നൽകുന്ന വിവരം അനുസരിച്ച് രണ്ടാഴ്ച മുന്പാണ് രോഗലക്ഷണങ്ങൾ കണ്ടിരുന്നത്. ഇതേതുടർന്ന് ഇവർക്ക് ആശുപത്രിയിൽ പോകാൻ സാധിച്ചിരുന്നില്ല. രോഗശമനത്തിനായി പനിയുടെ മരുന്നാണ് ഇവർ കഴിച്ചിരുന്നത്. പിന്നെ രോഗം സംശയിച്ചതിനെ തുടർന്ന് സ്വകാര്യ ക്ലിനിക്കിൽ പോയി ടെസ്റ്റ് ചെയ്തതിൽ പോസിറ്റീവ് ആയിരുന്നില്ല. വീണ്ടും ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതിനെത്തുടർന്ന് രണ്ടാമത് നടത്തിയ റെസ്റ്റിലാണ് കൊറോണ പോസിറ്റീവ് ആയത്. ഇതേതുടർന്ന് അവിടെയുള്ള ആശുപത്രിയിൽ തന്നെ ചികിത്സയ്ക്ക് അഡ്മിറ്റ് ചെയ്യുകയായിരുന്നു.

എവിടെനിന്നും വേണ്ടത്ര ചികിത്സകളോ ബോധവത്കരണമോ ഒന്നും തന്നെ ലഭ്യമായിരുന്നില്ല. ഒരാൾക്ക് അസുഖം ഉണ്ടായാൽ തന്നെ കൃത്യമായ ഐസൊലേഷനിൽ ആക്കുകയോ ഒപ്പം കൃത്യമായ പരിചരണമോ ലഭ്യമാകുന്നില്ല. പനി തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായാൽ തന്നെ ഐസൊലേഷനിൽ കഴിയേണ്ടതോ ഒപ്പം സ്വയം ചികിൽത്സ നേടേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്. മലയാളികൾ ഒരുമിച്ച് താമസിക്കുന്നിടങ്ങളിൽ കൃത്യമായ ബോധവത്കരണം ഉണ്ടാകുന്നില്ല, ആരും തിരിഞ്ഞുനോക്കാത്ത അവസ്ഥയാണ് നിലനിൽകുന്നത്.

എട്ട് വർഷമായി ഇദ്ദേഹം ദുബായിൽ തന്നെയായിരുന്നു. രണ്ടാഴ്ചയായി രോഗലക്ഷണങ്ങൾ ഇദ്ദേഹത്തിൽ പ്രകടമായിരുന്നു. ഇതേതുടർന്ന് പത്ത് ദിവസമായി ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇതേതുടർന്ന് ഇന്ന് രാവിലെയാണ് ഇദ്ദേഹം മരണപ്പെട്ടത്. ഗുരുതരമായ സാഹചര്യമായിരുന്നു ഇവർക്ക് ഉണ്ടായിരുന്നത്. കൂടെയുണ്ടായിരുന്നവരാണ് ഇവരെ ചികിൽസിച്ചിരുന്നത്. ആയതിനാൽ തന്നെ പലരിലും ലക്ഷണങ്ങൾ പ്രകടമായതിനെത്തുടർന്ന് ടെസ്റ്റ് നടത്തിയപ്പോൾ നെഗറ്റീവ് ആണെന്ന റിസൾട്ട് ആണ് ലഭിച്ചത്. പലരും ഇതിനാൽ തന്നെ ആശങ്കയിലാണ്.

കൊറോണാവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാട്ടിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്ന പൗരന്‍മാരെ സ്വീകരിക്കാത്ത രാജ്യങ്ങളുമായുള്ള തൊഴില്‍ കരാര്‍ പുനഃപരിശോധിക്കുമെന്നു യുഎഇ. സ്വകാര്യമേഖലയിലെ തൊഴിലാളികളില്‍ താല്‍പര്യമുള്ളവരെ തിരികെ അയയ്ക്കാനുള്ള യുഎഇ നടപടികളോടു സഹകരിക്കാത്ത രാജ്യങ്ങളുമായുള്ള തൊഴില്‍ ധാരണാപത്രങ്ങള്‍ റദ്ദാക്കാന്‍ ആലോചിക്കുന്നുണ്ട്.

തിരികെപ്പോകാന്‍ ആഗ്രഹിക്കുന്ന കോവിഡ് ബാധിതരല്ലാത്ത ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ തയാറാണെന്ന് യുഎഇ അറിയിച്ചിട്ടും ഇന്ത്യ പ്രതികരിച്ചിട്ടില്ല. യുഎഇ നടപടികളോടു സഹകരിക്കാത്ത രാജ്യങ്ങളുടെ റിക്രൂട്‌മെന്റ് ക്വോട്ട വെട്ടിക്കുറയ്ക്കുന്നതും പരിഗണനയിലാണെന്നു മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു.

RECENT POSTS
Copyright © . All rights reserved