കേരളത്തില്‍ ഒരു സാഹചര്യത്തിലും അവശ്യസാധാനങ്ങള്‍ക്ക് ക്ഷാമ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ഭക്ഷ്യവസ്തുക്കളുടെ മതിയായ ശേഖരം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അത് ചുരുങ്ങിയത് മൂന്ന് മാസത്തേക്ക് തികയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യ ടുഡെ ചാനലില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി സംസ്ഥാനം എടുത്ത മുന്‍ കരുതലുകള്‍ വിശദീകരിച്ചത്.
ഉപഭോഗ സംസ്ഥാനമായ കേരളം എങ്ങനെ ഇപ്പോഴത്തെ സാഹചര്യത്തില്‍ പിടിച്ചുനില്‍ക്കുമെന്നായിരുന്നു രാജ്ദീപ് സര്‍ദേശായിയുടെ ചോദ്യം. ഇക്കാര്യത്തില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്നും എല്ലാ തരത്തിലുള്ള മുന്‍ കരുതലുകളുമെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഭക്ഷ്യവസ്തുക്കളുടെയും മറ്റ് അവശ്യവസ്തുക്കളുടെയും ശേഖരം ഉറപ്പുവരുത്തിയിട്ടുണ്ട്.
കേരളത്തില്‍ കൂടുതല്‍ പേര്‍ രോഗികളായി മാറിയാല്‍ അതിനെ എങ്ങനെ നേരിടുമെന്നായിരുന്നു അടുത്ത ചോദ്യം. അതിന് കൈകൊണ്ട നടപടികളും മുഖ്യമന്ത്രി വിശദീകരിച്ചു. സംസ്ഥാനം കടുത്ത പ്രതിരോധ നടപടികള്‍ എടുത്ത സാഹചര്യത്തില്‍ വലിയ തോതില്‍ രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ഇനി അത്തരമൊരു സാഹചര്യം വന്നാല്‍ രോഗികളെ പാര്‍പ്പിക്കാനും, ക്വാറന്റൈന്‍ ചെയ്യാനുമുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഒരു ലക്ഷത്തി അറുപതിനായിരത്തിലേറെ പേരെ കിടത്താനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളം, രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് ഒരു ദിവസം മുമ്പ് തന്നെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന കാര്യം മുഖ്യമന്ത്രി ശ്രദ്ധയില്‍പ്പെടുത്തി.
കേരളം 22000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. ക്ഷേമ പെന്‍ഷന്‍, ആരോഗ്യ സുരക്ഷ പദ്ധതികള്‍, സൗജന്യം ഭക്ഷണം, വായ്പ സഹായ പദ്ധതികള്‍ തുടങ്ങിയ ഉള്‍പ്പെടെയാണിത്. 2000 കോടി രൂപ വായ്പ കുടുംബശ്രിയുമായി ബന്ധപ്പെട്ട് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഈ വായ്പകളുടെ പലിശ സംസ്ഥാന സര്‍ക്കാറായിരിക്കും വഹിക്കുകയെന്നതാണ് പ്രധാനമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. കേരളത്തില്‍ രോഗ പരിശോധന നടത്തുന്നത് പോലെ മറ്റൊരു സംസ്ഥാനത്തും നടത്തുന്നില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ പരിശോധന കൂടുതല്‍ ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ പ്രതിസന്ധി കാലത്ത് എല്ലാവർക്കും ഭക്ഷണം ലഭ്യമാക്കാനുള്ള നടപടികളെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഇന്നലെ വാർത്ത സമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇതിനായി കമ്മ്യൂണിറ്റി കിച്ചൺ ഉൾപ്പെടെയുള്ള നടപടികളും ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.
ഇന്നലെ ഒമ്പത് പേര്‍ക്കുകൂടിയാണ് കേരളത്തില്‍ രോഗം സ്ഥിരീരിച്ചത്. ചികില്‍സയില്‍ ഉണ്ടായിരുന്ന എട്ടുപേരുടെ പരിശോധന ഫലം നെഗറ്റീവ് ആയിട്ടുണ്ട്. സംസ്ഥാനത്ത ആകെ 76 542 പേരാണ് നിരീക്ഷണത്തിലുളളത്. സംസ്ഥാനത്ത് ആകെ 118 പേര്‍ക്ക് വൈറസ് ബാധ വന്നതില് 91 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്ന വന്നവരാണ്.
അതിനിടെ കേരളത്തില്‍ കൊറോണ ബാധ ഉണ്ടായതു മുതല്‍ സംസ്ഥാനത്തെ അവസ്ഥകള്‍ വിശദീകരിച്ചുകൊണ്ട് നടത്തുന്ന വാര്‍ത്ത സമ്മേളനം ഇന്നുമുതല്‍ ഉണ്ടാവില്ലെന്ന് മുഖ്യമന്തി അറിയിച്ചു. മുന്‍കരുതുലിന്റെ ഭാഗമായാണ് നടപടി. ഇതിന് പകരമായി സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ കൊറോണ ബാധയുമായി ബന്ധപ്പെട്ടും സര്‍ക്കാര്‍ എടുക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ അറിയിച്ചുകൊണ്ടിരുന്നതും മുഖ്യമന്ത്രിയുടെ വാര്‍ത്ത സമ്മേളനങ്ങളായിരുന്നു.
ദുബായില്‍ നിന്ന് നാട്ടിലെത്തി നിരീക്ഷണത്തിലായിരുന്ന 10 മാസം പ്രായമുള്ള കുട്ടി കിണറ്റില്‍ വീണു മരിച്ചു. വര്‍ക്കല പുന്നമൂട് പുന്നവിള വീട്ടില്‍ സുബിന്റെയും ശില്‍പയുടെയും മകള്‍ അനശ്വര സുബിന്‍ ആണ് മരിച്ചത്. കൈവരിയും ഗ്രില്ലും നെറ്റുമുള്ള കിണറിന് 100 അടിയോളം താഴ്ചയുണ്ട്. അതില്‍ 15 അടിയോളം വെള്ളവുമുണ്ട്. ശില്‍പ കുട്ടിയുമായെത്തി കിണറിന്റെ വല വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ ഗ്രില്ലിനിടയിലൂടെ കുട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നു.
വൈകീട്ട് 3.15 ഓടെയാണ് സംഭവം. ശില്‍പയും മക്കളും ഇക്കഴിഞ്ഞ 11നാണ് ദുബായില്‍ നിന്ന് നാട്ടിലെത്തിയത്. തിരിച്ചെത്തിയ ഉടനെ ഇവര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചിരുന്നു. വര്‍ക്കല ഫയര്‍ഫോഴ്സ് കരയ്ക്കെത്തിച്ച മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അച്ചന്‍ സുബിന്‍ വിദേശത്താണ്. സഹോദരി അങ്കിത.
ഊട്ടിയില്‍ കൊറോണയുടെ പേരിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവ് കുത്തേറ്റു മരിച്ചു. സംഭവത്തില്‍ മലയാളി യുവാവിനെ അറസ്റ്റ് ചെയ്തു. ചുമട്ടുതൊഴിലാളിയായ ഊട്ടി നൊണ്ടിമേട് സ്വദേശി ജ്യോതിമണിയാണ് (44) കൊല്ലപ്പെട്ടത്. പാലക്കാട് സ്വദേശിയും ഊട്ടിയില്‍ ബേക്കറി തൊഴിലാളിയുമായ ദേവദാസാണ് (40) അറസ്റ്റിലായത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ഊട്ടി ചന്തയ്ക്ക് മുന്നിലുള്ള ചായക്കടയിലാണ് സംഭവം നടന്നത്. ചായകുടിക്കാനെത്തിയ ഇരുവരും തമ്മില്‍ കൊറോണയെ കുറിച്ച് ചര്‍ച്ച ചെയ്യുകയും തുടര്‍ന്ന് വാക്കുതര്‍ക്കം ഉണ്ടാകുകയുമായിരുന്നു. അതിനിടെ, ചായക്കടയുടെ മുന്നില്‍ പച്ചക്കറി മുറിക്കാന്‍ വെച്ച കത്തി ഉപയോഗിച്ച് ദേവദാസ് ജ്യോതിമണിയെ കുത്തുകയായിരുന്നെന്ന് പോലീസ് പറയുന്നു. ആശുപത്രിയില്‍ കൊണ്ടുപോകും വഴി ജ്യോതിമണി മരണപ്പെട്ടു. സംഭവത്തില്‍ ദേവദാസിനെ പോലീസ് അറസ്റ്റുചെയ്തു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മാത്രം കോവിഡ്-19 സ്ഥിരീകരിച്ചത് ഒൻപത് പേർക്ക്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 112 ആയി. നേരത്തെ ചികിത്സയിലായിരുന്ന രണ്ട് പേർ രോഗവിമുക്തരായി വീടുകളിലേക്ക് മടങ്ങി. രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയവരുടെ എണ്ണം ഇതോടെ ആറായി. തൃശൂർ, തിരുവനന്തപുരം സ്വദേശികളാണ് വീടുകളിലേക്ക് മടങ്ങിയത്. ചികിത്സയിലുള്ള ആറ് പേരുടെ പരിശോധനാഫലങ്ങൾ ഇപ്പോൾ നെഗറ്റീവ് ആണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മൂന്നുപേര്‍ എറണാകുളത്തും രണ്ടുപേര്‍ വീതും പാലക്കാടും പത്തനംതിട്ടയിലുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇടുക്കിയിലും കോഴിക്കോട് ഓരോരുത്തർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ നാല് പേർ ദുബായിൽ നിന്നു വന്നവരാണ്. ഒരാൾ യുകെയിൽ നിന്നും മറ്റൊരാൾ ഫ്രാൻസിൽ നിന്നും വന്നവരാണ്. മൂന്നുപേര്‍ക്ക് വൈറസ് ബാധിച്ചത് രോഗികളുമായുള്ള സമ്പര്‍ക്കം വഴിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് 76,542 പേർ നിരീക്ഷണത്തിലുണ്ട്. 76,010 പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നു. ബാക്കിയുള്ളവർ ആശുപത്രിയിലും. നാട്ടിൽ ആരും പട്ടിണി കിടക്കുന്ന അവസ്ഥയുണ്ടാകരുതെന്നും അതിനായി തദ്ദേശ സ്ഥാപനങ്ങളെ അടക്കം ഏകോപിപ്പിച്ച് പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.
കുട്ടനാടൻ നെല്ല് കർഷകർ കൊടും ദുരിതത്തിലേക്ക്. കൊറോണ എന്ന വൈറസ് ഭീമൻ ലോകം മുഴുവൻ നാശം വിതയ്ക്കുമ്പോൾ. പ്രളയവും പ്രളയ ദുരന്തങ്ങളിൽ നിന്നും കരകയറും മുൻപേ കൊറോണയും, ഏറെ ദുരന്ത മുഖത്ത് കുട്ടനാടൻ കർഷകരുടെ ദുരിതത്തിന് ആഴം കൂടുകയാണ്. കുട്ടനാടൻ പാടശേഖരങ്ങളിൽ കൊയ്ത്തു നടന്നുകൊണ്ടിരിക്കെ കോവിഡ് മഹാമാരിയുടെ വരവും. കൊയ്‌തു തീരാത്ത പാടങ്ങൾ അധികവും ബാക്കി. കൈയ്‌തു മേതിയെന്ത്രങ്ങളുമായി വന്ന അന്യ സംസ്ഥാന തൊഴിലാളികൾ മുഴുവൻ കൊറോണ ഭീതിയിൽ പണികൾ പാതിവഴിയിൽ ജോലി ഉപേക്ഷിച്ചു സ്വന്തം നാട്ടിലേക്കു തിരിച്ചു പോയി. പാതിവഴിയിൽ സംഭരിച്ച നെല്ല് ഉൾപ്പെടെ പാടശേഖരങ്ങളിൽ ഇരിക്കുന്ന ദയനീയ കാഴ്ചയാണ് കുട്ടനാടൻ പാടശേഖരങ്ങളിൽ നിന്നും കാണാൻ കഴിയുന്നത്. ഇത്തവണ പലയിടങ്ങളിലും പ്രതീക്ഷിച്ച വിളവ് കർഷകർക്ക് ലഭിച്ചിട്ടില്ല. തുടർച്ചയായി നെല്ലികൃഷി കനത്ത നഷ്ടത്തിൽ ഓടുന്ന വേളയിൽ വീണ്ടും കർഷകരുടെ കണ്ണിൽ നിന്നും ചോര വീഴുമോ ? കർഷകരുടെ ദുരന്ത മുഖത്തെ അനുഭവം പങ്കുവച്ചു സർക്കാരിന്റെ മുൻപിൽ അപേക്ഷയായി സമർപ്പിച്ചു കോൺഗ്രസ്സ് നേതാവും കുട്ടനാട് പൈതൃക കേന്ദ്ര ചെയർമാനുമായ അനിൽ ബോസ് മലയാളം യുകെയുമായി സംസാരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ
കുട്ടനാട്ടിൽ കൊയ്ത്തു നടന്നുകൊണ്ടിരിക്കയാണ് പാടവരമ്പുകളിൽ കർഷകൻ്റെ കണ്ണീർ ഇറ്റു വീഴുന്നു ……പല പാടശേഖരങ്ങളിലും നെല്ല് കെട്ടികിടക്കയാണ്……. കൊയ്യാനാകാത്തവർ …മെഷീൻ ഇല്ല, കൊയ്ത്താളില്ല ::..കൊയ്തയിടങ്ങളിൽ നെന്മണി പാടത്ത് തന്നെ .’ വേനൽ മഴയും, കൊറോണയും .. ഇരുട്ടടിയായ് …. നിരവധി കർഷകരാണ് പകച്ചു നിൽക്കുന്നത്. നെല്ല് പാടങ്ങളിൽ തന്നെ… മഴ കടുക്കും മുമ്പേ മാറ്റിയില്ലെങ്കിൽ മുഴുവൻ നീറി നശിച്ച വൻ ദുരിതമാകും
പ്രളയമായാലും ,കൊറോണയായാലും.. കുട്ടനാടിന് കണ്ണീർ തന്നെ .:: സർക്കാർ അടിയന്തിരമായി ശ്രദ്ധിക്കുക …. നടപടികൾ സ്വീകരിക്കുക
തുടങ്ങിയ ആവിശ്യങ്ങൾ അദ്ദേഹം ഉന്നയിച്ചു കഴിഞ്ഞു. പല പാടശേഖരങ്ങളിലും നെല്ല് കെട്ടിക്കിടക്കുന്നു. അതോടൊപ്പം കൊയ്തു തീരാത്ത അനേകം പാടങ്ങളും. പാടങ്ങളിൽ കുട്ടനാടൻ കർഷകരുടെ രക്തം വീഴുമുന്പേ കാര്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി എത്രയും വേഗം നടപടികൾ കൈക്കൊള്ളാൻ സംഭവം പ്രതിപക്ഷ നേതാവിനൊപ്പം ഒപ്പം മുഖ്യമന്ത്രിയുടെയും ഭക്ഷ്യവകുപ്പ് മന്ത്രിയുടെയും ശ്രദ്ധയിൽ പ്പെടുത്തി ഇതുവരെ ഒരു നടപടിയും ഉണ്ടായില്ല.ദുരവസ്ഥ നേരിൽ കണ്ടതിൽ നിന്നും അടിയന്തര നടപടി ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
അനിൽ ബോസിന്റെ വാക്കുകൾ……..
കൊറോണ രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ അനാവശ്യ യാത്രകൾ തടയാന്‍ കേരള പോലീസ് ഒരുക്കിയ സംവിധാനങ്ങളിൽ ഒന്നാണ് സത്യവാങ്മൂലം. അത്യാവശ്യ യാത്രകൾ ചെയ്യേണ്ടവർ കാര്യ കാരണ സഹിതം പോലീസിന് നൽകേണ്ടതാണ് സത്യവാങ് മൂലം.
ഇന്നലെ പോലീസ് ആസ്ഥാനത്ത് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്ര നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി പ്രത്യേക മാതൃതയും പോലീസ് പുറത്തിറക്കിയിരുന്നു. സഞ്ചരിക്കുന്ന വാഹനത്തിന്റെ വിവിരങ്ങൾ, യാത്ര ചെയ്യുന്നവരുടെ വിവരങ്ങൾ, യാത്രയുടെ ലക്ഷ്യം, എടുക്കുന്ന സമയം, മടങ്ങിവരുന്ന സമയം എന്നിവ വ്യക്തമാക്കാൻ ആവശ്യപ്പെടുന്നതാണ് ഫോം.

ഇതിന്റെ മാതൃത ഇന്നലെ തന്നെ പോലീസ് പുറത്ത് വിട്ടിരുന്നു. ഇന്നത്തെ ദിനപത്രങ്ങളിലും ഇവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സത്യവാങ്മൂലത്തിന്റ മാതൃത നിലവലിൽ പ്രിന്റ് എടുക്കാൻ സാധിക്കാത്തവർക്ക് ഉപയോഗപ്രഥമാവുന്ന തരത്തിലാണ് പത്രങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് ബിവറേജസ് ഔട്ട്‌ലറ്റുകള്‍ ഇന്നുമുതല്‍ തുറക്കില്ല.വില്‍പനശാലകള്‍ തുറക്കേണ്ടതില്ല എന്ന് മാനേജര്‍മാര്‍ക്ക് അറിയിപ്പ് ലഭിച്ചു. എന്നുവരെ അടച്ചിടും എന്നത് മന്ത്രിസഭ തീരുമാനിക്കും.
അതേസമയം, സംസ്ഥാനത്ത് എല്ലായിടത്തും പൊലീസിന്റെ കര്‍ശനപരിശോധന. അനാവശ്യമായി പുറത്തിറങ്ങിയവര്‍ തിരിച്ചുപോയില്ലെങ്കില്‍ കേസെടുക്കും. കാസര്‍കോട്ട് പ്രധാന നിരത്തുകളില്‍ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചു.
സ്വകാര്യവാഹനങ്ങളില്‍ ഒട്ടേറെ യാത്രക്കാര്‍ റോഡിലിറങ്ങി എന്നതായിരുന്നു ഇന്നലെ കേരളം നേരിട്ട പ്രധാന പ്രതിസന്ധി. സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ച് കേന്ദ്രം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ സ്വകാര്യവാഹനങ്ങളിലെ യാത്ര അനുവദിക്കുന്നില്ല.
അതിനാല്‍ ഇന്ന് അനാവശ്യയാത്രകള്‍ പൂര്‍ണമായും തടഞ്ഞേക്കും. ഇതിനായി രാവിലെ മുതല്‍ റോഡില്‍ പരിശോധന നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സൂപ്പര്‍മാര്‍ക്കറ്റുകളടക്കം അവശ്യവിഭാഗങ്ങളില്‍ പെടുന്ന വ്യാപാരസ്ഥാപനങ്ങളില്‍ അഞ്ചിലധികം ആളുകള്‍ കൂട്ടം കൂടുന്നതിനെയും ഇന്ന് കര്‍ശനമായി നേരിട്ടേക്കും.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലോകം മുഴുവൻ സമാനതകളില്ലാത്ത ഒരു ദുരന്തത്തെ എങ്ങനെ അഭിമുഖീകരിക്കണം എന്ന് അറിയാതെ പകച്ചു നിൽക്കുകയാണ്. ഇന്ത്യയിലെയും യുകെയിലെയും പ്രധാനമന്ത്രിമാർ രാജ്യം മുഴുവൻ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നു. ലോകമെങ്ങും 90 രാജ്യങ്ങളിലായി 100 കോടി ജനങ്ങളാണ് വീടിനുള്ളിൽ സ്വയംപ്രഖ്യാപിത തടങ്കലിൽ ഉള്ളത്. ലോകമെങ്ങും കൊറോണാ വൈറസിനെതിരെ സർക്കാരുകൾ നടത്തുന്ന ജീവൻമരണ പോരാട്ടത്തിന് ഭാഗമായിട്ടാണിത് .
കൊറോണ മൂലം തൊഴിൽ നഷ്ടം സംഭവിച്ചവർക്ക് ശമ്പളം നൽകാനുള്ള തീരുമാനം ബ്രിട്ടീഷ് സർക്കാർ എടുത്തിരുന്നു. യുകെയിൽ നിന്ന് വ്യത്യസ്തമായിട്ട് ഇന്ത്യയിലും പ്രവാസി മലയാളികൾ ഉൾപ്പെടുന്ന ഗൾഫ് മേഖലയിലും ജനങ്ങൾ തികഞ്ഞ അരക്ഷിതാവസ്ഥയിലാണ്. പ്രവാസി മലയാളികളിൽ കോവിഡ് -19 മൂലം ഉണ്ടായിരിക്കുന്ന സാമ്പത്തിക അരക്ഷിതാവസ്ഥ കുറച്ചൊന്നുമല്ല. ഇപ്പോൾതന്നെ മലയാളം ന്യൂസ് റൂമുമായി ബന്ധപ്പെട്ട് ഗൾഫ് മേഖലയിൽ ഉള്ളവർ പലരും ശമ്പളമില്ലാതെ അവധിയിൽ പ്രവേശിക്കേണ്ടി വന്നതിന്റെ വൈഷമ്യങ്ങൾ പങ്കുവച്ചിരുന്നു. ഇവരുടെ വരുമാനത്തെ ഇത് സാരമായി ബാധിക്കുകയും നാട്ടിലുള്ള കുടുംബങ്ങൾ പട്ടിണിയിലാവാൻ കാരണമാവുകയും ചെയ്യും.ഗൾഫ് വരുമാനത്തെ അമിതമായി ആശ്രയിക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതിയെ തന്നെ വളരെ ഗുരുതരമായി ബാധിക്കുന്നതാണ് ഗൾഫ് മേഖലയിലെ തൊഴിലിടങ്ങളിൽ കൊറോണ വൈറസ് സൃഷ്‌ടിച്ചിരിക്കുന്ന പ്രതിസന്ധി.

ലോക് ഡൗൺ ദിവസ വേതനക്കാരെയാണ് ഏറ്റവുമധികം ബാധിക്കാൻ പോകുന്നത്. കാരണം അന്നത്തിനു വക തേടിയിരുന്നവരിൽ പലരും ആത്മഹത്യയുടെ വക്കിലാണ്.കാര്യമായ സഹായം ഉണ്ടായിട്ടില്ലായെങ്കിൽ ലക്ഷക്കണക്കിന് ജീവിതങ്ങൾ മുന്നോട്ട് പോകുകയില്ല എന്നാണ് ലഭിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. 21 ദിവസത്തെ ലോക് ഡൗൺ നീണ്ടു പോകുന്തോറും ജനങ്ങളുടെ വരുമാനത്തെ അത് സാരമായി ബാധിക്കുകയും ജീവിതം കൂടുതൽ ദുരിതത്തിലാവുകയും ചെയ്യും.

കൊറോണ വൈറസ് മൂലമുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി മുതലെടുത്ത് ബ്ലേഡ് മാഫിയ ഗ്രാമീണമേഖലയിൽ ഉൾപ്പെടെ പിടിമുറുക്കിയേക്കാം. കുറഞ്ഞ പലിശയ്ക്ക് ഉദാരമായി വായ്പകൾ നൽകാൻ ബാങ്കുകൾ തയ്യാറാകണം. സ്വർണ്ണം ഈടു നൽകി കാർഷിക വായ്പ നൽകുന്നത് നിർത്തലാക്കിയ നടപടി ബാങ്കുകൾ പിൻവലിക്കണം. കൊള്ള പലിശക്കാരുടെ കരാളഹസ്തങ്ങളിലേയ്ക്ക് ജനങ്ങളെ തള്ളി വിടാതിരിക്കാനുള്ള ബാധ്യത ഗവൺമെന്റിനും ബാങ്കുകൾക്കും ഉണ്ട്.
ആരോഗ്യ വകുപ്പിന്റെ പേരില്‍ കൊറോണ വൈറസ് സംബന്ധിച്ച് വ്യാജ വാട്ട്‌സപ്പ് സന്ദേശം പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മുഴപ്പിലങ്ങാട് സ്വദേശി ബീച്ച്‌റോഡ് അലിനാസിലെ ഷാന ഷരീഫാ(20)ണ് അറസ്റ്റിലായത്.എടക്കാട് എസ്‌ഐ ഷീജുവും സംഘവുമാണ് ഇയാളെ പിടികൂടിയത്.
ഹെലികോപ്റ്ററില്‍ മീഥൈല്‍ വാക്‌സിന്‍ എന്ന വിഷ പദാര്‍ഥം തെളിക്കുന്നുവെന്ന വ്യാജ ശബ്ദ സന്ദേശം വാട്ട്‌സപ്പ് വഴി പ്രചരിപ്പിക്കുകയായിരുന്നു ഇയാള്‍. സംഭവത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. വ്യാജ സന്ദേശം പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് കുടുതല്‍ പേരെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. എടക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
വ്യാജ സന്ദേശം പ്രചരിപ്പിക്കാന്‍ കൂട്ടുനിന്ന വാട്ട്‌സപ്പ് ഗ്രൂപ്പ് അഡ്മിനിനെയും പൊലീസ് തെരയുന്നുണ്ട്. വ്യാജ സന്ദേശം പ്രചരിപ്പിച്ച എല്ലാ ഗ്രൂപ്പുകളെയും വ്യക്തികളെയും കുറിച്ചും സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് അന്വേഷിച്ച് വരികയാണ്.