Kerala

വേമ്പനാട് കായലിൽ പാതിരാമണൽ ഭാഗത്ത്, ഹൗസ് ബോട്ട് തീപിടിച്ച് കത്തിനശിച്ചു. കണ്ണൂരിൽ നിന്നുള്ള 16 യാത്രക്കാരും ജീവനക്കാരും പരുക്കില്ലാതെ രക്ഷപ്പെട്ടു. തീപിടിച്ചതോടെ, കായലിൽ ചാടിയ യാത്രക്കാരെ ജലഗതാഗതവകുപ്പ് ജീവനക്കാരാണ് രക്ഷപ്പെടുത്തിയത്. കുമരകത്തു നിന്നും യാത്ര പുറപ്പെട്ട ഓഷ്യാനസ് എന്ന ഹൗസ് ബോട്ട് ആണ് അഗ്നിക്കിരയായത്. ഉച്ചയ്ക്ക് 1 15 നായിരുന്നു സംഭവം. മുഹമ്മയിൽ നിന്നും കുമരകത്തേക്ക് യാത്ര പുറപ്പെട്ട ജലഗതാഗത വകുപ്പിന്റെ -s 54 ബോട്ടിലെ ജീവനക്കാരാണ് ഹൗസ് ബോട്ടിനു തീപിടിച്ചത് ആദ്യം കണ്ടത്. തുടർന്ന് ബോട്ട് അങ്ങോട്ടേക്ക് നീങ്ങി.

തീ പടർന്നതോടെ, യാത്രക്കാർ കായലിലേക്ക് ചാടി. ഇവരിൽ ഒരാളുടെ കയ്യിൽ ആറു മാസം പ്രായമുള്ള കുഞ്ഞും ഉണ്ടായിരുന്നു. കായലിൽ ഈ ഭാഗത്ത് അഞ്ചടിയോളം മാത്രമേ വെള്ളം ഉണ്ടായിരുന്നുള്ളൂ. വെള്ളത്തിലേക്ക് ചാടിയ യാത്രികരെ, ജലഗതാഗത വകുപ്പ് ബോട്ടിൽ കയറ്റി കരയ്ക്കെത്തിച്ചു. ഹൗസ് ബോട്ടിലെ ജീവനക്കാരായ മറ്റു മൂന്നു പേരെ, ചെറു വള്ളങ്ങളിൽ എത്തിയവർ കരയിലെത്തിച്ചു. അപ്പോഴേക്കും ബോട്ട് ഏറെക്കുറെ പൂർണമായും കത്തി. ഹൗസ്ബോട്ടിന്റെ അടുക്കള ഭാഗത്തു നിന്നാണ് തീ പടർന്നത്. പാചക വാതക ചോർച്ചയോ, ഷോർട്ട് സർക്യൂട്ടോ അപകടത്തിന് കാരണമായതായി കണക്കാക്കുന്നു.

സൗദിയിൽ കൊറോണവൈറസ് ബാധയേറ്റ മലയാളി നഴ്സിനെ നാട്ടിലേക്ക് കൊണ്ടുവരുന്നത് പ്രായോഗികമല്ലെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ.“കൊറോണവൈറസ് ആക്രമണം ശ്രദ്ധിക്കേണ്ടതാണ്. മെഡിക്കൽ കോളേജുകളെ സജ്ജമാക്കിയിട്ടുണ്ട്. ഭയപ്പെടേണ്ട സാഹചര്യമില്ല.

വിമാനത്താവളങ്ങളിൽ പരിശോധന ഊർജ്ജിതമാക്കിയിട്ടുണ്ട്. ലക്ഷണങ്ങൾ കാണുന്നവരെ പരിശോധനയ്ക്ക് വിധേയമാക്കും,” എന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് എല്ലാ മെഡിക്കൽ കോളേജുകളും സജ്ജമാണെന്നും പരിശോധന കർശനമാക്കിയെന്നും മന്ത്രി പറഞ്ഞു.

പൗരത്വനിയമ ഭേദഗതിയെ ന്യായീകരിച്ച്‌ ക്ഷേത്രത്തില്‍ നടത്തിയ പരിപാടിയെ ചോദ്യം ചെയ്ത സ്ത്രീക്ക് നേരെ കയ്യേറ്റം. ഇത്ഹിന്ദുവിന്റെ ഭൂമിയാണ്. നിന്നെ കൊല്ലണമെങ്കില്‍ അതിനും മടിക്കില്ല എന്ന് പറഞ്ഞായിരുന്നു അക്രമം. പൗരത്വ നിയമത്തെ അനുകൂലിക്കുന്ന ഒരു സംഘം സ്ത്രീകളാണ് അക്രമവും വധഭീഷണിയുമായി രംഗത്തെത്തിയത്. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പാവക്കുളം അമ്പലത്തിലാണ് പൗരത്വനിയമത്തിന് അനുകൂലമായി പരിപാടി സംഘടിപ്പിച്ചത്.

ചങ്ങനാശേരി: ചങ്ങനാശ്ശേരിയില്‍ റോഡിലൂടെ നടന്നു പോയ ഭാര്യയെ ബ്ലേഡ് ഉപയോഗിച്ച്‌ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഇന്നലെ രാവിലെ കടമാഞ്ചിറയിലായിരുന്നു സംഭവം. പൊട്ടശേരി പനംപതിക്കല്‍ പ്രശോഭിനെ (35) തൃക്കൊടിത്താനം പൊലീസാണ് അറസ്റ്റ് ചെയ്തത്. കൊലപാതക ശ്രമത്തിന് പ്രശോഭിനെ പൊലീസ് കസ്റ്റഡിയിലെടുക്കുക ആയിരുന്നു. പ്രശോഭുമായി പിണങ്ങി പാത്താമുട്ടത്ത് താമസിക്കുന്ന സിനിയെ(34) ആണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കൊടിനാട്ടുകുന്ന് അങ്കണവാടിയിലെ ഹെല്‍പര്‍ ആണ് സിനി. വിഡിയോഗ്രഫറായ പ്രശോഭ് മദ്യപിച്ചെത്തി സിനിയുമായി വഴക്കുണ്ടാക്കുകയും സിനിയെ മര്‍ദിക്കുകയും ചെയ്യുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വഴക്കും മര്‍ദ്ദനവും തുടർന്നതിനാൽ സിനി വീടു വിട്ടു പോയി. യുവതി തന്നെ വിട്ട് മറ്റൊരിടത്ത് താമസം തുടങ്ങിയതാണ് പ്രകോപനത്തിനു കാരണമെന്നു പൊലീസ് പറയുന്നു.

ഇന്നലെ രാവിലെ പാറേല്‍ പള്ളിക്കു സമീപത്തെ ബസ് സ്റ്റോപ്പില്‍ കാത്തുനിന്ന പ്രശോഭ്, ജോലിക്കു പോകുന്നതിനായി സിനി എത്തിയതോടെ വിശേഷങ്ങള്‍ പറഞ്ഞ് കുറച്ചു ദൂരം ഒപ്പം നടന്നു. ബ്ലേഡ് കയ്യിലെടുത്ത്, കൊല്ലാന്‍ പോവുകയാണ് എന്ന് പ്രശോഭ് പറഞ്ഞെങ്കിലും തമാശയാണെന്നു കരുതി സിനി അവഗണിച്ചു. ഇതോടെ ബ്ലേഡ് ഉപേക്ഷിച്ചു. ആള്‍ത്തിരക്കില്ലാത്ത പ്രദേശത്ത് എത്തിയപ്പോള്‍ മറ്റൊരു ബ്ലേഡ് ഉപയോഗിച്ച്‌ പ്രശോഭ് സിനിയുടെ കഴുത്തില്‍ മുറിവേല്‍പിക്കുകയായിരുന്നു. പ്രശോഭിന്റെ ബ്ലേഡ് ആക്രമണത്തില്‍ രക്തം വാര്‍ന്നു റോഡില്‍ വീണ സിനിയെ ഇതുവഴിയെത്തിയ വൈദികനും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയ സിനിയുടെ ആരോഗ്യനില തൃപ്തികരമാണെന്നു പൊലീസ് അറിയിച്ചു. പ്രശോഭിനെ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ സിഐ സാജു വര്‍ഗീസിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ എടുത്തു.

തിരുവനന്തപുരം: നേപ്പാൾ ദുരന്തം ഒരു കുടുംബത്തെ മുഴുവൻ തട്ടിയെടുത്തതിന്റെ ഞെട്ടലിലാണ് തിരുവനന്തപുരത്തെ ചെങ്കോട്ടുകോണം. നേപ്പാളിൽ വിഷവാതകം ശ്വസിച്ചു മരിച്ച പ്രവീണിന്റെയും ശരണ്യയുടെയും മക്കളായ അഭിനവ്, ആർച്ച, ശ്രീഭദ്ര എന്നിവരുടെയും സംസ്കാരം നാളെ രാവിലെ നടത്താനാണു തീരുമാനം. ഇന്നു രാത്രി തിരുവനന്തപുരത്ത് എത്തിക്കുന്ന മൃതദേഹങ്ങൾ മോർച്ചറിയിൽ വച്ച ശേഷം നാളെ രാവിലെ 7ന് വീട്ടിലേക്കു കൊണ്ടുവരും.

സഹോദരങ്ങളായ മൂന്ന് പോർക്കും കൂടി വലിയ കുഴിമാടമാണ് തയ്യാറാക്കിയത്. അതിന് ഇരുവശത്തുമുള്ള ചിതയിൽ അച്ഛനും അമ്മയും എരിയും. പ്രവീണിന്റെ അച്ഛൻ കൃഷ്ണൻകുട്ടി നായർ ചൊവ്വാഴ്ച തന്നെ വിവരമറിഞ്ഞിരുന്നു. അമ്മ പ്രസന്നകുമാരിയെ വിവരമറിയിച്ചത് ഇന്നലെ രാവിലെ. പരിശോധിക്കാനെത്തിയ ഡോക്ടറാണു സാവധാനം ആ ദുരന്തവാർത്ത അറിയിച്ചത്.

കോഴിക്കോട് ∙ ‘‘ഞാൻ നാട്ടിലേക്കു വരികയാണ്. അച്ഛനും അമ്മയുമെല്ലാം നാളെ വരും’’ – നേപ്പാളിലെ ദാമനിൽ റിസോർട്ടിൽ മരിച്ച കോഴിക്കോട് സ്വദേശി രഞ്ജിത് കുമാറിന്റെയും ഇന്ദുലക്ഷ്മിയുടെയും മൂത്തമകൻ മാധവ് (6) ബന്ധുവായ അനൂപിനോടു ഫോണിൽ പറഞ്ഞതിങ്ങനെ.

അച്ഛനുമമ്മയും ഭക്ഷ്യവിഷബാധയേറ്റ് നേപ്പാളിലെ ആശുപത്രിയിലാണെന്നാണ് മാധവിനോടു പറഞ്ഞിരിക്കുന്നത്. അവർക്കും കുഞ്ഞനിയനുമൊപ്പം കഴിയാതെ മറ്റൊരു മുറിയിൽ ഉറങ്ങിയതിനാലാണ് മാധവ് ദുരന്തത്തിൽനിന്നു രക്ഷപ്പെട്ടത്.

രഞ്ജിത്തിന്റെ സുഹൃത്തുക്കൾക്കൊപ്പമാണു കുട്ടി നേപ്പാളിൽനിന്നു ഡൽഹിയിലെത്തിയത്. ഇന്ദുലക്ഷ്മിയുടെ സഹോദരീഭർത്താവ് അനീഷ് ശ്രീധർ കരസേനയുടെ സിഗ്നൽ കോറിൽ ഉദ്യോഗസ്ഥനാണ്. വിവരമറിഞ്ഞയുടൻ ന്യൂഡൽഹിയിലെത്തിയ അനീഷ് അവിടെനിന്നു മാധവിനെ നാട്ടിലേക്ക് ഒപ്പം കൂട്ടി.

മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഇന്നും നാളെയുമായി രണ്ടു ഘട്ടമായാണ് നാട്ടിലെത്തിക്കുക. പ്രവീൺകുമാർ– ശരണ്യ ദമ്പതികളുടെയും മൂന്നു മക്കളുടെയും മൃതദേഹങ്ങൾ ഇന്നു പകൽ 11 മണിയോടെ ഡൽഹിയിലെത്തിക്കും. തുടർന്ന് വൈകിട്ട് ആറിനുള്ള എയർ ഇന്ത്യ വിമാനത്തിൽ പുറപ്പെട്ട് രാത്രി 10.30നു തിരുവനന്തപുരത്ത് എത്തിക്കും. സംസ്കാരം നാളെ രാവിലെ 9ന്.

രഞ്ജിത്കുമാർ– ഇന്ദുലക്ഷ്മി ദമ്പതികളുടെയും മകന്റെയും മൃതദേഹങ്ങൾ ഇന്ന് ഉച്ച കഴിഞ്ഞു 3.30നാകും ഡൽഹിയിലെത്തിക്കുക. നാളെ രാവിലെ 9.05നുള്ള എയർ ഇന്ത്യ വിമാനത്തിൽ പുറപ്പെട്ട് ഉച്ചയ്ക്കു 12നു കോഴിക്കോട്ട് എത്തിക്കും. മരിച്ച എട്ടുപേരുടെയും പോസ്റ്റ്മോർട്ടം നടത്തി.

യുഎഇയിലെ വിധി ഇന്ത്യയിലും ബാധകമാകുന്നതോടെ മലയാളികൾ കുടുങ്ങും.യുഎഇയിലെ ബാങ്കുകളിൽ നിന്നും വായ്പ്പയെടുത്തു മുങ്ങിയ ഇന്ത്യക്കാരിൽ കുടുതലും മലയാളികൾ. ഇതിൽ തന്നെ മലപ്പുറം തൃശൂർ ജില്ലക്കാരാണ് പകുതിയിലേറെപേരും. യുഎഇയിലെ 55 ലേറെ ബാങ്കുകളിൽ നിന്നായി 1500 കോടിയോളം രൂപ വായ്പ്പയെടുത്തു ഇന്ത്യക്കാർ സ്ഥലം വിട്ടതായി രേഖകൾ പറയുന്നു.

പലരും ഭീമമമായ തുക വായ്പ്പയെടുത്തു മുങ്ങിയ സാഹചര്യത്തിൽ പല ബാഗ്‌ങ്കുകളും വൻ നഷ്ടത്തിലാണ്. ഇത്തരം കേസുകൾ വർധിച്ചതോടെ ആണ് ബാങ്കുകളുടെ ശ്രമങ്ങൾക്ക് പുതിയ വിജ്ഞാപനത്തിലൂടെ ഇന്ത്യയിലും നിയമപരിരക്ഷ നൽകിയിരിക്കുന്നത്.

ഇന്ത്യയിലെ വ്യക്തികൾക്ക് നൽകിയ വായ്‌പ്പാ തിരിച്ചടപ്പിക്കാൻ മുൻപ് യുഎഇയിലെ ബാങ്കുകൾ സ്വകാര്യ ഏജൻസികളെ ഏൽപ്പിച്ചിരുന്നു. എന്നാൽ 2018 കേരള ഹൈകോടതി വിദേശ ബാങ്കുകൾക്ക് ഇന്ത്യയിൽ റിക്കവറി നടത്താൻ അധികാരമില്ലെന്ന വിധി പുറപ്പെടുവിച്ചിരുന്നു. അതോടെ കോടിക്കണക്കിനു രൂപ വായ്പ്പനല്കി പ്രതിസന്ധിയിലായ ബാങ്കുകൾക്ക് പുതിയ വിജ്ഞാപനത്തിലൂടെ ആശ്വാസം നേടിയിരിക്കുന്നത്. വായ്പ്പയെടുത്തു മുങ്ങിയവർ ഓരോരുത്തരായി പിടിവീഴുമെന്ന് ഉറപ്പായിരിക്കുകയാണ്.

1999-ലെ ഇന്ത്യ-യു.എ.ഇ. ഉഭയകക്ഷി കരാറിന്റെ അനുബന്ധമായി ജനുവരി 17-ന് കേന്ദ്രസർക്കാരിന്റെ പുതിയ വിജ്ഞാപനം വന്നതോടെ യു.എ.ഇ. കോടതി പുറപ്പെടുവിക്കുന്ന വിധികൾ, ഇന്ത്യൻ കോടതികളിലൂടെ നടപ്പാക്കാനാവുമെന്ന് ഇന്ത്യാ ലോ എൽ.എൽ.പി. മാനേജിങ് പാർട്ണർ കെ.പി. ശ്രീജിത്ത് പറഞ്ഞു. ഇതുവഴി, വായ്പയെടുത്ത് മുങ്ങിയവരുടെ ഇന്ത്യയിലെ സ്വത്തുക്കൾ കണ്ടുകെട്ടാനും അറസ്റ്റുചെയ്ത് ജയിലിലടയ്ക്കാനുമാവും. യു.എ.ഇ.യിലെ ഒട്ടേറെ ബാങ്കുകളുടെ കേസുകൾ ഇന്ത്യയിൽ കൈകാര്യംചെയ്യുന്നത് മുംബൈ ആസ്ഥാനമായ ഇന്ത്യാ ലോ എൽ.എൽ.പി.യാണ്.

യു.എ.ഇ.യിലെ എമിറേറ്റ്‌സ് എൻ.ബി.ഡി., ഫസ്റ്റ് ഗൾഫ് ബാങ്ക്, ദുബായ് ഇസ്‌ലാമിക് ബാങ്ക്, നാഷണൽ ബാങ്ക് ഓഫ് അബുദാബി, അബുദാബി കമേഴ്‌സ്യൽ ബാങ്ക്, മഷ്‌റിഖ് ബാങ്ക് എന്നീ ബാങ്കുകളാണ് ഭീമമായ വായ്പ നൽകിയിട്ടുള്ളത്. ഇത്തരം വായ്പകൾ തിരിച്ചുപിടിക്കാനാവാതെ യു.എ.ഇ.യിലെ ബാങ്കുകൾ വിഷമിക്കുകയായിരുന്നു.

വനിത പോലീസു കാരിയോട് മോശമായ രീതിയില്‍ പെരുമാറിയ പാസ്റ്ററെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് ഉദ്യോഗസ്ഥ എന്ന് അറിയാതെയാണ് ഇയാള്‍ വനിത പോലീസ് ഉദ്യോഗസ്ഥയെ ശല്യപ്പെടുത്തിയത്. ഷമീര്‍ എന്ന പാസ്റ്ററാണ് പോലീസ് പിടിയിലായത്. കൊല്ലത്താണ് സംഭവം ഉണ്ടായത്.

കൊല്ലം നഗരത്തിലൂടെ ഷമീര്‍ പാസ്റ്റര്‍ രാത്രി സഞ്ചരിക്കുക ആയിരുന്നു. ഈ സമയം രണ്ട് യുവതികള്‍ നില്‍ക്കുന്നത് കണ്ടു. മെല്ലെ ഒരു യുവതിക്കടുത്ത് ചെന്ന് പാസ്റ്റര്‍ ചോദിച്ചു – ‘ കൂടെപ്പോരുന്നോ ‘. എന്നാല്‍ ഇത് വനിതാ പോലീസുകാര്‍ ആയിരുന്നു എന്ന് പാസ്റ്റര്‍ക്ക് മനസ്സിലായില്ല. ഉടന്‍ തന്നെ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി സുവിശേഷ പ്രാസംഗികന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം ഈസ്റ്റ് പോലീസാണ് പാസ്റ്ററിനെ അറസ്റ്റു ചെയ്തത്.

പിടിയിലായ ഷമീര്‍ പാസ്റ്റര്‍ മത പരിവര്‍ത്തനത്തിലൂടെ പെന്തക്കോസ്ത് വിഭാഗത്തിലെത്തിയ ആളാണ്. പ്രാര്‍ത്ഥിക്കാന്‍ സ്ഥലം നല്‍കാത്തതിനാല്‍ ആണ് പുറ്റിങ്ങല്‍ അപകടം ഉണ്ടായതെന്ന് ഇയാള്‍ നേരത്തെ പ്രസംഗിച്ചു നടന്നത് വിവാദം ആയിരുന്നു. തല്ലു കിട്ടുമെന്നായപ്പോള്‍ അത് നിറുത്തുകയും ചെയ്തിരുന്നു.

നേരത്തെ മോശം പെരുമാറ്റത്തിന് സഭയില്‍ നിന്നും പാസ്റ്റര്‍ക്കെതിരെ പരാതികള്‍ ഉയര്‍ന്നിരുന്നു. സ്ത്രീകളുടെ രാത്രി നടത്തത്തിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വലിയ പ്രചരണം നടക്കുമ്പോഴാണ് വനിതാ പൊലീസിനു നേരെ പാസ്റ്ററുടെ മോശം പെരുമാറ്റം. പാസ്റ്ററെ പിന്നീട് ജാമ്യം നല്‍കി വിട്ടയച്ചു.

അതേസമയം മറ്റൊരു സംഭവത്തില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട പുത്തന്‍ കാര്‍ കല്ല് കൊണ്ട് വരഞ്ഞ് പുരോഹിതന്‍ വൃത്തികേടാക്കി. പത്തനംതിട്ട മലങ്കര കത്തോലിക്ക സഭയിലെ പുരോഹിതനായ മാത്യുവാണ് കാറില്‍ കല്ല് കൊണ്ട് കുത്തിവരച്ചത്. പയ്യനാമണ്ണിലെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറാണ് ഇയാള്‍ നശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.

 

നേപ്പാളിലെ ദമാനിലുണ്ടായ അപകടത്തിൽ വിനോദ സഞ്ചാരികളായ എട്ട് മലയാളികളുടെ ജീവനാണ് നഷ്ടപ്പെട്ടത്. ഗ്യാസ് ഹീറ്ററില്‍ നിന്നും ഉണ്ടായ കാര്‍ബണ്‍ മോണോക്‌സൈഡ് ആണ് മരണത്തിന് കാരണമായത് എന്നാണ് റിപ്പോര്‍ട്ട്. എട്ട് പേരുടെ ജീവന്‍ നഷ്ടമായത് അറിയാതെ മറ്റൊരു മുറിയില്‍ സഹയാത്രികര്‍ക്കൊപ്പം ഉറങ്ങുകയായിരുന്നു മാധവിന്റെ ജീവന്‍ രക്ഷപ്പെട്ടു.

ദുരന്തമറിഞ്ഞ് നാട്ടിലുള്ള ബന്ധുക്കളും പരിചയക്കാരും കൂടെയുണ്ടായിരുന്ന സഹയാത്രികരും നടുങ്ങുമ്പോള്‍ അച്ഛനും അമ്മയും കുഞ്ഞനിയനും നഷ്ടപ്പെട്ട മാധവ് കാര്യത്തിന്റെ ഗൗരവം അറിയാതെ കളിയും ചിരിയുമാണ്. നേപ്പാളിലെ വിനോദ യാത്ര സംഘത്തില്‍ ഉണ്ടായിരുന്ന മരിച്ച രഞ്ജിത് കുമാറിന്റെ മൂത്തമകനാണ് രണ്ടാം ക്ലാസുകാരന്‍ ആയ മാധവ്.

മാധവ് രക്ഷപ്പെട്ടത് അറിഞ്ഞു മലയാളി അസോസിയേഷന്‍ ഭാരവാഹി കൈലാസനാഥന്റെ ഫോണില്‍ രഞ്ജിത്തിന്റെ ഡല്‍ഹിയിലുള്ള ബന്ധു അവനോടു സംസാരിച്ചിരുന്നു. മറ്റു യാത്രികര്‍ക്ക് ഒപ്പം. അപ്പോള്‍ കാഠ്മണ്ഡുവിൽ ആയിരുന്നു മാധവ്. എന്തു ചെയ്യുക ആണെന്നു ചോദിച്ചപ്പോള്‍ ഇപ്പോള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുക ആണെന്ന് ആയിരുന്നു മറുപടി. ‘ഞാന്‍ നാളെ എത്തു’മെന്നും അവന്‍ നിഷ്‌കളങ്കമായി മറുപടി പറഞ്ഞു. അച്ഛനും അമ്മയും തന്നെ തനിച്ചാക്കി പോയതിന്റെ വേദനകളൊന്നും അറിയാതെ നാട്ടിലെത്താനുള്ള തിടുക്കത്തില്‍ സംസാരിക്കുന്ന മാധവിന്റെ ശബ്ദം കേട്ട് വിങ്ങിപ്പൊട്ടുകയാണ് ബന്ധു.

യാത്രാസംഘത്തിനൊപ്പം രക്ഷിതാക്കള്‍ ആരുമില്ലാതെ മാധവ് തനിച്ചായതിനാല്‍ അവനെ തിരിച്ചു നാട്ടിലെത്തിക്കാനായി രഞ്ജിത്തിന്റെ സുഹൃത്ത് പ്രതാപന്‍ പിള്ള ചൊവ്വാഴ്ച വൈകീട്ടുതന്നെ ഡല്‍ഹിക്കു തിരിച്ചു. താനുമായി നല്ല പരിചയമുള്ളതിനാല്‍ മാധവിനെ ഒപ്പംകൂട്ടാമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.

ഇതിനിടെ നാട്ടുകാരില്‍ ചിലര്‍ വീടിനു മുന്നില്‍ വന്നപ്പോള്‍ പ്രവീണിന്റെ അച്ഛന് സംശയം. എന്താണിവിടെ ഇപ്പോള്‍ എന്ന് അദ്ദേഹം ചോദിച്ചു. എന്നാല്‍ നേപ്പാളില്‍ സംഭവിച്ച ദുരന്ത വാര്‍ത്ത അറിഞ്ഞെത്തിയ നാട്ടുകാര്‍ മറുപടി പറഞ്ഞില്ല. അച്ഛന്‍ സി.കൃഷ്ണന്‍ നായര്‍ ഒന്നും മനസ്സിലാകാതെ നിന്നു. ഈ സമയത്തു പ്രവീണിന്റെ സഹോദരി പ്രസീത കഴക്കൂട്ടം എ ജെ കോളജില്‍ പഠിപ്പിക്കുകയായിരുന്നു. ഭര്‍ത്താവും മാധ്യമപ്രവര്‍ത്തകനുമായ രാജേഷ് പ്രസീതയെ വിളിച്ചു. ”വേഗം വീട്ടില്‍ പോകണം.” വിവരമറിഞ്ഞപ്പോള്‍ തകര്‍ന്നുപോയെങ്കിലും വീട്ടിലെത്തിയപ്പോള്‍ അച്ഛനുമമ്മയ്ക്കും മുന്നില്‍ പിടിച്ചു നിന്നു.

മകളും ഒന്നും പറയാതിരുന്നതോടെ കൃഷ്ണന്‍നായര്‍ ടി വി ഓണ്‍ ചെയ്തെങ്കിലും കാര്യമുണ്ടായില്ല. സമീപത്തുള്ളവര്‍ കേബിള്‍ കണക്ഷന്‍ വിച്ഛേദിച്ചിരുന്നു. കൂടുതല്‍പേര്‍ വീടിനു മുന്നിലേക്കു വന്നപ്പോള്‍ കൃഷ്ണന്‍ നായര്‍ക്കു ദുസ്സൂചന തോന്നി. നിര്‍ബന്ധത്തിനൊടുവില്‍ അടുത്ത ബന്ധു പറഞ്ഞു- ”പ്രവീണിനും കുടുംബത്തിനും നേപ്പാളില്‍ എന്തോ അപകടം. കുഴപ്പമില്ലെന്നാണു വിവരം.”

അല്‍പസമയത്തിനു ശേഷം വീടിന്റെ പിന്നാമ്പുറത്തു ബന്ധുക്കള്‍ എത്തിയതോടെ പ്രസന്നയ്ക്കും സംശയമായി. ഭര്‍ത്താവിനോടു കാര്യം തിരക്കിയപ്പോള്‍ പ്രവീണിന് അപകടം സംഭവിച്ചെന്നു മാത്രം അറിഞ്ഞു. വൈകിട്ടായപ്പോള്‍ ബന്ധുക്കളിലേറെയും വീട്ടുവളപ്പില്‍. ഒടുവില്‍ കൃഷ്ണന്‍ നായരും പ്രസന്നയും അറിഞ്ഞു, ആ ദുരന്തവാര്‍ത്ത.

മലപ്പുറം ∙ കാളികാവിലെ ഗൃഹനാഥന്റെ ദുരൂഹമരണം ഒന്നര വർഷത്തിനുശേഷം കൊലപാതകമെന്നു തെളിഞ്ഞു. മൂച്ചിക്കലിൽ മരുതത്ത് മുഹമ്മദാലി(50)യെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ ഉമ്മുൽ ഷാഹിറയെ(42)യും കാമുകൻ പത്തനംതിട്ട ഉന്നക്കാവ് സ്വദേശി ജെയ്മോനെ(37)യും മലപ്പുറം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇരുവരെയും തമിഴ്നാട്ടിൽനിന്നാണു പിടികൂടിയത്. തങ്ങൾക്ക് ഒന്നിച്ചു ജീവിക്കാൻ മുഹമ്മദാലിയെ വിഷം കൊടുത്തു കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇരുവരും മൊഴി നൽകി.

2018 സെപ്റ്റംബര്‍ 21നാണ് മുഹമ്മദാലി കൊല്ലപ്പെടുന്നത്. അന്നുരാത്രി അയല്‍വാസി ജെയ്‌മോനൊപ്പം ഇയാള്‍ വീടിന്റെ ടെറസില്‍വച്ചു മദ്യപിച്ചിരുന്നു. ഇടയ്ക്ക് മദ്യത്തിനു പകരം ഗ്ലാസില്‍ വിഷം ഒഴിച്ചു നല്‍കിയെന്നാണ് ജെയ്‌മോന്‍ പൊലീസിനോട് വെളിപ്പെടുത്തിയത്. മരണം ഉറപ്പാക്കിയശേഷം ഷാഹിറയുടെ സഹായത്തോടെ മുഹമ്മദാലിയുടെ ശരീരവും വസ്ത്രങ്ങളും വൃത്തിയാക്കി കട്ടിലില്‍ കിടത്തി. ഇതിനുശേഷമാണ് ജെയ്‌മോന്‍ പോയത്.

പിറ്റേന്നു പുലര്‍ച്ചെ അടുത്തു താമസിച്ചിരുന്ന ബന്ധുക്കളെ വിളിച്ച്‌ ഷാഹിറ മുഹമ്മദാലിയുടെ മരണവിവരം അറിയിച്ചു. ഉറക്കത്തിനിടെ ഹൃദയാഘാതമുണ്ടായെന്നാണ് ഭാര്യ ഷാഹിറ ബന്ധുക്കളോട് പറഞ്ഞത്.  എന്നാല്‍, മരണം കഴിഞ്ഞ് നാലു ദിവസം കഴിഞ്ഞപ്പോള്‍ ഉമ്മുല്‍ ഷാഹിറയെയും മക്കളെയും കാണാതായതോടെയാണ് മരണത്തില്‍ ബന്ധുക്കള്‍ക്ക് സംശയം തോന്നിയത്.

തുടര്‍ന്ന് മുഹമ്മദാലിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്നു മൃതദേഹം പുറത്തെടുത്തു നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ശരീരത്തില്‍ വിഷാംശം കണ്ടെത്തുകയായിരുന്നു.

രഹസ്യവിവരത്തെത്തുടർന്നു തിങ്കളാഴ്ച ശിവകാശിയിലെത്തിയ പൊലീസ് സംഘം ഷാഹിറയെയും 2 മക്കളെയും കണ്ടെത്തിയിരുന്നു. അന്നു കടന്നുകളഞ്ഞ ജെയ്മോനെ ഇന്നലെ ഡിണ്ടിഗലിൽ വച്ചു പൊലീസ് പിടികൂടി. കോടതിയിൽ ഹാജരാക്കിയ ഉമ്മുൽ ഷാഹിറയെ റിമാൻഡ് ചെയ്തു. മക്കളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി.

Copyright © . All rights reserved