Kerala

നേപ്പാളിൽ വിനോദയാത്രക്കെത്തിയ സംഘത്തിലെ നാലു കുട്ടികളടക്കം എട്ട് മലയാളികൾ ശ്വാസംമുട്ടി മരിച്ചു. മരിച്ചത് തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശികളായ പ്രബിൻ കുമാർ നായർ (39), ശരണ്യ (34), രഞ്ജിത് കുമാർ (39), ഇന്ദു രഞ്ജിത് (34), ശ്രീ ഭദ്ര (9), അബിനബ് സൊറായ (ഒമ്പത്), അബി നായർ (ഏഴ്), വൈഷ്ണവ് രഞ്ജിത് (രണ്ട്) എന്നിവരാണ് മരിച്ചത്.

നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽനിന്ന് 55 കിലോമീറ്റർ അകലെ മാകവൻപുർ ജില്ലയിലെ ദാമനിലെ റിസോർട്ടിലാണ് സംഭവം. ഹോട്ടലിലെ മുറിയിൽവെച്ച് ശ്വാസം മുട്ടിയാണ് മരണമെന്ന് മാകവൻപുർ എസ്.പി സുശീൽ സിങ് രാത്തോർ പറഞ്ഞു. റൂമിലെ ഗ്യാസ് ഹീറ്ററിൽനിന്നുള്ള കാർബൺ മോഡോക്സൈഡ് ശ്വസിച്ചതാണ് മരണ കാരണമെന്ന് പ്രാഥമിക നിഗമനമായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

ഇവരെ വിമാന മാർഗം കാഠ്മണ്ഡുവിലെ ആശുപത്രിയിലേക്ക് മാറ്റി. കാഠ്മണ്ഡുവിലെ ദുംബരാഹിയിലെ ആശുപത്രിയിൽ അടിയന്തര വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ത്രിഭുവൻ യൂനിവേഴ്സിറ്റി ടീച്ചിങ് ആശുപത്രിയിലേക്ക് മാറ്റും.

കോയമ്പത്തൂരിൽ ഭർത്താവിന്റെയും കൂട്ടുകാരുടെയും ഒപ്പം ട്രെക്കിങ് പരിശീലനത്തിനു പോയ മലയാളി യുവതി കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു. ഗണപതി മാനഗറിൽ വ്യാപാരിയായ ഒറ്റപ്പാലം പാലപ്പുറം ‘കീർത്തി’ വീട്ടിൽ പ്രശാന്തിന്റെ ഭാര്യ ആലത്തൂർ പുതിയങ്കം സ്വദേശിനി ഭുവനേശ്വരിയാണ് (40) മരിച്ചത്.

ഇന്നലെ രാവിലെ എട്ടംഗ സംഘത്തിനൊപ്പമാണ് ഭുവനേശ്വരി കവുണ്ടംപാളയത്തിനു സമീപം പാലമല വനപ്രദേശത്തേക്കു ട്രെക്കിങ് പരിശീലനത്തിനു പുറപ്പെട്ടത്. ഏഴരയോടെ പാലമല അടിവാരത്തുനിന്ന് പാലമല കുഞ്ചൂർ റോഡിലെ പശുമണിയിലെത്തിയപ്പോൾ സംഘം കാട്ടാനയ്ക്കു മുന്നിൽപ്പെട്ടു. സംഘാംഗങ്ങൾ ചിതറി ഓടിയപ്പോൾ ഒറ്റപ്പെട്ട ഭുവനേശ്വരിയെ കാട്ടാന ആക്രമിക്കുകയായിരുന്നു.

പ്രശാന്തും സംഘവും വിവരമറിയിച്ചതിനെ തുടർന്നു വനം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പെരിയനായ്ക്കൻപാളയം പൊലീസ് ഭുവനേശ്വരിയുടെ മൃതദേഹം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഭുവനേശ്വരിയും സംഘവും അനുമതിയില്ലാതെയാണു വനത്തിലേക്കു ട്രെക്കിങ്ങിനു പോയതെന്ന് വനം ഉദ്യോഗസ്ഥർ പറഞ്ഞു. 15 വർഷമായി ശരവണംപട്ടി ശങ്കര നേത്രാശുപത്രിയിൽ അഡിമിനിസ്ട്രേറ്റിവ് ഓഫിസറാണ് ഭുവനേശ്വരി. മക്കൾ: നവനീത്, നവ്യ.

288 കോടി രൂപയുടെ വിേദശനാണയവിനിമയച്ചട്ടം ലംഘിച്ചെന്ന കേസില്‍ പ്രവാസി വ്യവസായിയും മലയാളിയുമായ സി.സി.തമ്പിയെ എന്‍ഫോഴ്സ്മെന്‍റ് ഡയറകട്റേറ്റ് അറസ്റ്റ് ചെയ്തു. ഇന്ത്യയിലും യു.എ.ഇയിലുമായി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ അടക്കം വന്‍നിക്ഷേപമുള്ള ഹോളിഡേ ഗ്രൂപ്പിന്‍റെ ഉടമയാണ്.

തമ്പിയുടെ ഉടമസ്ഥതയിലുള്ള ഹോളിഡേ സിറ്റി സെന്‍റര്‍, ഹോളിഡേ പ്രോപര്‍ട്ടീസ്, ഹോളിേഡ ബേക്കല്‍ റിസോര്‍ട്സ് എന്നീ കമ്പനികളുമായി ബന്ധപ്പെട്ട അന്വേഷണത്തിനൊടുവിലാണ് അറസ്റ്റെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറിയിച്ചു.കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അന്വേഷണം നേരിടുന്ന റോബർട്ട് വാധ്‌രയുടെ ഇടപാടുകളുമായി ബന്ധപ്പെട്ട് സി.സി. തമ്പിയെ നേരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്് ചോദ്യം ചെയ്തിരുന്നു.

ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. സുഭാഷ് വാസു വന്‍സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ തുഷാര്‍ വെള്ളാപ്പളളി ആരോപിച്ചു. തന്റെ കളളയൊപ്പിട്ട് 5 കോടി രൂപ ബാങ്കില്‍ നിന്ന് വായ്പയെടുത്തു.

സുഭാഷ് വാസുവിനെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നത് വലിയ അബദ്ധമായി. സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കാന്‍ ആവശ്യപ്പെടുമെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. രാജിക്ക് തയാറായില്ലെങ്കില്‍ ബി.ജെ.പി കേന്ദ്രനേതൃത്വത്തെ സമീപിക്കുമെന്നും തുഷാർ പറഞ്ഞു.

കോഴ വാങ്ങി നിയമനങ്ങള്‍ നടത്തിയതിലൂടെ എസ്എൻഡിപിയോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കോടികള്‍ സമ്പാദിച്ചെന്ന് സുഭാഷ് വാസു ആരോപിച്ചിരുന്നു. തുഷാർ വെള്ളപ്പള്ളിക്കെതിരെയും സുഭാഷ് വാസു അഴിമതി ആരോപണവുമായി രംഗത്തെത്തിയിരുന്നു.

കുവൈറ്റില്‍ മലയാളി യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി . പാലക്കാട് സ്വദേശി സജീര്‍ ആണ് മരിച്ചത്. 29 വയസ്സായിരുന്നു. കുവൈറ്റിലെ റൗദയില്‍ സ്വദേശിയുടെ വീട്ടില് ഡ്രൈവറായി ജോലി ചെയ്തിരുന്ന യുവാവിനെ കൂടെയുള്ള ഡ്രൈവര്‍മാരാണ് ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച്ച രാത്രിയില്‍ ഫുട്‌ബോള്‍ കളി കഴിഞ്ഞ് തിരിച്ചെത്തിയ ഉടനായിരുന്നു സംഭവമെന്നാണ് റിപ്പോര്‍ട്ട്.

തല ഉയര്‍ത്തി നില്‍ക്കുന്ന ഗജരാജവീരന്മാരോട് ആരാധനയും ഇഷ്ടവുമൊക്കെ ഏറെയുണ്ട് പലര്‍ക്കും. ഇത്തരത്തില്‍ ആനപ്രേമികള്‍ ധാരാളമുള്ളതുകൊണ്ടുതന്നെ ആനക്കഥകള്‍ക്കും നാട്ടില്‍ പഞ്ഞമില്ല. ആനകളുടെ രസകരവും കൗതുകം നിറഞ്ഞതുമായ വീഡിയോകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുമുണ്ട്.

തുമ്പിക്കൈകൊണ്ട് ചക്ക പറിച്ച് കഴിക്കുന്ന ആനയും മാമ്പഴം പറിക്കാന്‍ മതിലു ചാടിക്കടന്ന ആനയുമെല്ലാം അടുത്തിടെ സൈബര്‍ലോകത്ത് ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഒരു ആനയുടെയും ആനപാപ്പാന്റെയും സ്‌നേഹപ്രകടനമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഒരേ ഇലയില്‍ നിന്നും ഭക്ഷണം കഴിക്കുന്ന ആനയും പാപ്പാനുമാണ് വീഡിയോയിലെ താരങ്ങള്‍.

ആനയുടെ സമീപത്തിരുന്ന് പൊതിച്ചോറ് കഴിക്കുകയായിരുന്നു പാപ്പാന്‍. ആനയ്ക്ക് കഴിക്കാന്‍ ആവശ്യമായ ഓല സമീപത്തുണ്ടെങ്കിലും ഗജരാജവീരന്‍ അതൊന്നും കാര്യമാക്കുന്നില്ല. പാപ്പാന്‍ ഇലപ്പൊതിയില്‍ നിന്നും ഒരു ഉരുള ചോറ് കഴിക്കുമ്പോള്‍ ആനയും അതേ പൊതിച്ചോറില്‍ നിന്നും അല്‍പം കഴിക്കുന്നു. വ്യത്യസ്തവും മനോഹരവുമായ സൗഹൃദം നിറഞ്ഞ ഈ സ്‌നേഹക്കാഴ്ച സമൂഹമാധ്യമങ്ങളില്‍ നിരവധിപ്പേരാണ് പങ്കുവയ്ക്കുന്നത്.

പ്ലസ് വണ്‍ വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ പ്രസവിച്ച സംഭവത്തില്‍ ദുരൂഹത. ദന്തേവാഡയിലെ പാട്ടറാസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനായാണ് കുഞ്ഞിന് ജന്മം നല്‍കിയത്.. റായ്പൂര്‍ ആണ് സംഭവം. കുഞ്ഞ് പ്രസവത്തിനിടെ മരിച്ചതായി ഡെപ്യൂട്ടി കളക്ടര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിക്കാണ് പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയത്. പെണ്‍കുട്ടി പ്രസവിക്കുമ്പോള്‍ ഹോസ്റ്റല്‍ സൂപ്രണ്ട് സമീപത്തുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം അധികൃതരെ അറിയിക്കാന്‍ ഇവര്‍ തയ്യാറായില്ല.

പ്രസവത്തിന് പിന്നാലെ പെണ്‍കുട്ടിയെ ഇവര്‍ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ സ്ഥാനത്ത് സൂപ്രണ്ടിന്റെ ഭര്‍ത്താവിന്റെ പേരാണ് ആശുപത്രിയില്‍ നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട് ഹോസ്റ്റല്‍ സൂപ്രണ്ടിനെ സസ്‌പെന്റ് ചെയ്തു. ഗ്രാമത്തിലെ ഒരു യുവാവുമായി രണ്ടുവര്‍ഷമായി വിദ്യാര്‍ഥിനിക്ക് ബന്ധമുള്ളതായാണ് വിവരം.

ഇന്ത്യക്കാരിയുടെ മൃതദേഹം കാറിന്റെ ഡിക്കിയില്‍ കണ്ടെത്തി. ചിക്കാഗോയിലെ ലൊയോള യൂണിവേഴ്‌സിറ്റിയില്‍ എംബിഎ വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടിരിക്കുന്നത്. 34 കാരി സുറീല്‍ ദബാവാല എന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

യുവതിയെ കഴിഞ്ഞ ഡിസംബര്‍ 30 മുതല്‍ കാണാനില്ലായിരുന്നു. തുണികൊണ്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം. ചിക്കാഗോയിലെ ഗാര്‍ഫീല്‍ഡ് പാര്‍ക്കിലാണ് കാറുണ്ടായിരുന്നത്. താമസിച്ചിരുന്ന വീടിന്റെ സമീപത്താണ് ഈ പാര്‍ക്ക്.

കൊല ചെയ്യപ്പെട്ട പരിക്കുകളൊന്നും ശരീരത്തിലുണ്ടായിരുന്നില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഹൃദയാഘാതമാണോ മരണകാരണമെന്ന് സംശയമുണ്ട്. എന്നാല്‍, എങ്ങനെ കാറിന്റെ ഡിക്കിയിലെത്തി എന്നത് സംശയകരമാണ്. പോലീസ് ഇന്‍വെസ്റ്റിഗേഷന്‍ ആരംഭിച്ചു.

റാന്നിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട പുത്തൻ കാറിൽ കല്ലെടുത്ത് കുത്തിവരച്ച് നശിപ്പിച്ച് പുരോഹിതൻ. കോന്നി ആനക്കല്ലുക്കൽ ഷേർലി ജോഷ്വായുടെ പുത്തൻ കാറിലാണ് മലങ്കര കത്തോലിക്കാ സഭാ പുരോഹിതൻ ഫാ മാത്യൂ കുത്തിവരച്ചത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കാറുടമ പുരോഹിതനെതിരെ കോന്നി പോലീസിൽ പരാതി നൽകി. ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ട് സഭ കുടുംബത്തെ സമീപിച്ചു.

കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. പയ്യനാമണ്ണിലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു ഷേർലിയും കുടുംബവും. തിങ്കളാഴ്ച നടക്കുന്ന മകൻ ജോജോയുടെ വിവാഹം ആവശ്യത്തിനായിരുന്നു പുതിയ കാർ വാങ്ങിയത്. പയ്യനാമണ്ണിൽ റാസയിൽ പങ്കെടുക്കാനെത്തിയ പുരോഹിതനും ഇവരുടെ ബന്ധുവീട്ടിന്‍റെ മുറ്റത്ത് കാർ പാർക്ക് ചെയ്തു. റാസക്ക് ശേഷം വാഹനം എടുക്കാൻ ബുദ്ധിമുട്ടിയതിൽ പ്രകോപിതനായാണ് പുരോഹിതൻ കാറിൽ കുത്തിവരച്ചെന്നാണ് കരുതുന്നത്.

നശിപ്പിക്കപ്പെട്ട കാറിന് പകരം അതേ മോഡൽ പുതിയ കാർ വാങ്ങി നൽകാമെന്നും വിവാഹ ആവശ്യത്തിന് മറ്റൊരു കാർ വിട്ടുനൽകാമെന്നും പത്തനംതിട്ട മലങ്കര കത്തോലിക്കാ സഭാ ബിഷപ്പ് ഉറപ്പ് നൽകി. നശിപ്പിക്കപ്പെട്ട കാർ സഭക്ക് നൽകും. സമൂഹ്യമാധ്യമങ്ങളിലെ ദൃശ്യങ്ങൾ മാറ്റണമെന്നും ഇവരോട് ആവശ്യപ്പെട്ടു.

 

ദുബൈ: മനോജും കുടുംബവും പകർത്തിയെഴുതിയ ബൈബിൾ ലോക റിക്കോർഡിൽ. മനോജ് എസ്.വർഗ്ഗീസ് ,അദ്ദേഹത്തിന്റെ ഭാര്യ സൂസൻ ,മക്കളായ കരുണും ക്യപയും ചേർന്ന് അഞ്ചര മാസം കൊണ്ട് പകർത്തി എഴുതി തയ്യാറാക്കിയ ബൈബിൾ ആണ് നിലവിലുള്ള റിക്കോർഡ് തകർത്ത് യൂണിവേഴ്സൽ റിക്കോർഡ് ഫോറത്തിന്റെ ലോക റിക്കോർഡിന് അർഹമായത്. മനോജും ഭാര്യയും ചേർന്ന് നല്കിയ രേഖകൾ യു.ആർ.എഫ് അധികൃതർ പൂർണ്ണമായും പരിശോധിക്കുകയും വീഡിയോ കോൺഫ്രൻസിലൂടെ ജൂറി ഡോ.ജോൺസൺ വി. ഇടിക്കുള ഔദ്യോഗിക അറിയിപ്പ് നല്കുകയും ചെയ്തു.

സർട്ടിഫിക്കറ്റും അംഗികാരമുദ്രയും ഫലകവും യു.ആർ.എഫ് ജൂറി ചെയർമാൻ ഗിന്നസ് ഡോ. സുനിൽ ജോസഫ് മനോജിനും കുടുംബത്തിനും സമ്മാനിക്കും. പ്രഖ്യാപന ചടങ്ങിന്റെ ഒരുക്കങ്ങൾ ദുബൈയിൽ ആരംഭിച്ചു.

85.5 സെ.മി നീളവും 60.7 സെ.മി വീതിയും 46.3 സെ.മി ഉയരവും 1500 പേജുകളും 151 കിലോഗ്രാം തൂക്കവും ഉള്ള ബൈബിൾ പകർത്തി എഴുതുവാൻ തുടങ്ങിയത് മനോജിന്റ ഭാര്യ സൂസൻ ആയിരുന്നു.ഒപ്പം ദുബൈ ഇന്ത്യൻ ഹൈസ്സ്‌കൂൾ വിദ്യാർത്ഥിയായ മകൻ കരുണും അൽ-വർഖ ഔവർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂൾ വിദ്യാർത്ഥിനിയായ മകൾ ക്യപയും പഠന തിരക്കുകൾക്കിടയിലും ബൈബിൾ പകർത്തിയെഴുതുന്നതിൽ അതിയായ താത്പര്യം കാണിച്ചു. സ്‌കൂൾവിട്ട് വീട്ടിലെത്തിയാൽ ഗൃഹപാഠങ്ങൾ വേഗത്തിൽ ചെയ്തുതീർക്കും. ബാക്കിവരുന്ന സമയം ബൈബിൾ എഴുത്തിൽ മുഴുകും.അതിനിടയിൽ വീടിന്റെ അന്തരീക്ഷമാകെ ബൈബിൾ എഴുത്തിനായി മാറിയിരുന്നു.ഏകദേശം 60 പേനകൾ ഇതിനായി ഉപയോഗിച്ചു.

യാത്രകൾ, ഷോപ്പിങ് അങ്ങനെ പ്രിയപ്പെട്ടതെല്ലാം എഴുത്തിനായി കുടുംബം മാറ്റിവെച്ചു.ചില ദിവസങ്ങളിലെ എഴുത്ത് 12 മണിക്കൂർവരെ നീണ്ടുപോയിരുന്നു. വിചാരിച്ചതിലും വേഗത്തിലാണ് എഴുത്ത് യായത്.ബൈബിളിന്റെ ചില പേജുകളിൽ ചിത്രങ്ങളാണ്. ബൈബിൾ വചനവുമായി ബന്ധപ്പെട്ട ഈ ചിത്രങ്ങൾ ഇവർതന്നെ വരച്ചുചേർത്തു.ബൈബിൾ എഴുതുന്നത് ചിത്രീകരിച്ച വീഡിയോ ഉൾപ്പെടെയാണ് യൂണിവേഴ്സൽ റിക്കോർഡ്‌ ഫോറത്തിന്റെ ലോക റെക്കോഡിനായി അധികൃതർക്ക് അയച്ചു കൊടുത്തത്.

ഇതിനോടകം നിരവധി പ്രമുഖർ ആണ് ജെബൽ അലിയിലെ മാർത്തോമ പള്ളിയിൽ പ്രത്യേക പേടകത്തിൽ സൂക്ഷിച്ചിരിക്കുന്ന ബൈബിൾ കാണുന്നതിന് എത്തി കൊണ്ടിരിക്കുന്നത്.

പത്തനംതിട്ട ജില്ലയിൽ തിരുവല്ല വേങ്ങൽ കുഴിക്കാട്ട് വർഗ്ഗീസ് കെ.മാത്യു-സാറാമ്മ വർഗ്ഗീസ് ദമ്പതികളുടെ മകനായ മനോജ് കഴിഞ്ഞ 2 പതിറ്റാണ്ടായി പ്രവാസ ജീവിതം നയിക്കുന്നു. കഴിഞ്ഞ 15 വർഷത്തോളം നേഴ്സ് ആയി ജോലി ചെയ്തിരുന്ന ഭാര്യ സൂസൻ ഇപ്പോൾ മനോജിന്റെ ബിസിനസിൽ പ്രോത്സാഹനമായി ഒപ്പമുണ്ട്.

മനോജിനും കുടുംബത്തിനും നാട്ടിൽ അനുമോദനം നല്കുന്നതിന് ഉള്ള തിരക്കിലാണ് പ്രദേശവാസികളും, സുഹൃത്തുക്കളും.

Copyright © . All rights reserved