ഹാര്‍ലി ഡേവിഡ്സണ്‍ വാങ്ങിനല്‍കാത്തതിൽ മനംനൊന്ത് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹതയേറുന്നു. തമ്പാനൂർ സ്വകാര്യ കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന കാട്ടായിക്കോണത്തിന് സമീപം നരിയ്ക്കലില്‍ വാടകയ്ക്ക് താമസിക്കുന്ന നെടുമങ്ങാട് ആനാട് നാഗച്ചേരി പടന്നയില്‍ ശ്രീനിലയത്തില്‍ അജികുമാറിന്റെയും ലേഖയുടെയും മകന്‍ അഖിലേഷ് അജിയെയാണ് വാടക വീട്ടിലെ കിടപ്പുമുറിയില്‍ കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഒന്നര ലക്ഷം രൂപയ്ക്കു മേൽ വിലവരുന്ന റോയൽ എൻഫീൽഡ് ബുള്ളറ്റുകൾ ഉൾപ്പെട അഞ്ച് ബൈക്കുകളും ഒരു കാറും സ്വന്തമായുള്ള അഖിലേഷ് ഇതൊന്നും പോരാഞ്ഞിട്ട് ലക്ഷങ്ങൾ വിലമതിക്കുന്ന സൂപ്പർബൈക്ക് വാങ്ങിച്ചു നൽകാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തുവെന്നാണ് പ്രചരിക്കുന്നത്. എന്നാൽ ഒരുമുഴം കയറിൽ ജീവനൊടുക്കാൻ മാത്രമുള്ള പ്രശ്നമാണോ ഇതെന്നാണ് സോഷ്യൽ മീഡിയ ഉൾപ്പെടെ ചോദിക്കുന്നത്?
വിലകൂടിയ റോയൽ എൻഫീൽഡ് ബുള്ളറ്റുകൾ ഉൾപ്പെട അഞ്ച് ബൈക്കുകളും കാറും സ്വന്തമായുള്ളപ്പോഴും 14 ലക്ഷം രൂപ വിലവരുന്ന ഹാർലി ഡേവിസൻ ബൈക്ക് വേണമെന്ന് അഖിലേഷ് ഏറെക്കാലമായി നിർബന്ധം പിടിക്കുകയായിരുന്നു. എന്നാൽ സാമ്പത്തിക ഞെരുക്കത്തിനിടയിൽ തത്കാലം ആ ആവശ്യം നടപ്പില്ലെന്ന് അച്ഛൻ അജികുമാർ അഖിലേഷിനോട് പറഞ്ഞു. ഒരു വർഷത്തിനുശേഷം ഇത് വാങ്ങിക്കൊടുക്കാമെന്നും പറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം രാത്രിയിൽ ഇതേച്ചൊല്ലി വീട്ടിൽ അഖിലേഷ് വഴക്കുണ്ടാക്കിയിരുന്നു. അതിരാവിലെ എഴുന്നേൽക്കാറുള്ള അഖിലേഷ് കഴിഞ്ഞ ദിവസം ഒമ്പത് മണിയായിട്ടും മുറിയിൽനിന്ന് പുറത്തുവരാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മുറിയിലെ ഫാനില്‍ തൂങ്ങിയനിലയില്‍ കാണുന്നത്.
കാട്ടായിക്കോണത്ത് അഖില ട്രേഡേഴ്സ് എന്ന സ്ഥാപനം നടത്തുന്ന ഇവര്‍ കുടുംബമായി നരിയ്ക്കലില്‍ വാടകവീട്ടിലാണ് താമസം.കുട്ടിക്കാലം മുതൽക്കേ ബൈക്കുകളോട് വലിയ ഇഷ്ടം പുലർത്തിയിരുന്നയാളായിരുന്നു അഖിലേഷ്. ഇതിനോടകം ആറ് ബൈക്കുകൾ സ്വന്തമായി ഉണ്ടായിരുന്നു. ഇതിൽ രണ്ടെണ്ണം റോയൽ എൻഫീൽഡ് ബുള്ളറ്റ് ആയിരുന്നു. ഇതുകൂടാതെ ഒരു ബൈക്കും രണ്ട് സ്കൂട്ടറുകളും അഖിലേഷിന് ഉണ്ടായിരുന്നു. എന്നാൽ അഖിലേഷിന്റെ ആത്മഹത്യക്ക് പിന്നിൽ ബൈക്ക് ഭ്രമം അല്ലെന്നും, പ്രണയ ബന്ധത്തെ ചൊല്ലിയുണ്ടായ വിഷയങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് അഖിലേഷുമായി അടുപ്പം സൂക്ഷിക്കുന്ന സുഹൃത്തുക്കൾ ആരോപിക്കുന്നത്.
വാട്സാപ്പിലും ഫേസ്ബുക്കിലും പ്രചരിക്കുന്ന വാർത്തകളുമായി ബന്ധപ്പെട്ട് ഒരു പരാതിയും ബന്ധുക്കൾ നൽകിയിട്ടില്ലെന്നാണ് പോത്തൻകോട് എസ് ഐ അജേഷ് വ്യക്തമാക്കുന്നത്. മാനസിക വിഷമമാണ് മരണത്തിന് പിന്നിലെന്നാണ് ബന്ധുക്കൾ സൂചിപ്പിക്കുന്നത്. അഖിലേഷിന്റേത് തൂങ്ങിമരണം തന്നെയാണെന്ന് സ്ഥിരീകാരിച്ചിട്ടുണ്ട്. അഖിലേഷ് ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകൾ ഫോറൻസിക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോത്തൻകോട് പൊലീസ് കേസെടുത്തു.
പെരുമ്പാവൂരില്‍ യുവതിയെ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പാവൂര്‍ കുറുപ്പംപടി സ്വദേശി ദീപയെയാണ് നഗരത്തിലെ കടമുറിക്ക് മുന്നില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇതരസംസ്ഥാന തൊഴിലാളിയായ അസം സ്വദേശി ഉമര്‍ അലിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച രാവിലെയാണ് പെരുമ്പാവൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ കടമുറിക്ക് മുന്നില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ടത് നാടോടി യുവതിയാണെന്നായിരുന്നു ആദ്യം പോലീസിന്റെ സംശയം.
പിന്നീട് നടത്തിയ അന്വേഷണത്തില്‍ കുറുപ്പംപടി സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് ഇതരസംസ്ഥാന തൊഴിലാളിയെ പിടികൂടിയത്. തൂമ്പ കൊണ്ടുള്ള അടിയേറ്റാണ് യുവതി കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. ശരീരമാസകലം തൂമ്പ കൊണ്ട് മുറിവേല്‍പ്പിച്ച പാടുകളുമുണ്ട്. സംഭവത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.
പ്രിയപ്പെട്ടവരുടെ തോളിലേറി എൽസൺ ഓർമകളുടെ കാണാക്കയങ്ങളിലേക്ക് അന്ത്യയാത്ര ചെയ്യുകയായിരുന്നു. മകന്റെ ചേതനയറ്റ ശരീരം കണ്ടപ്പോൾ അച്ഛൻ മാർക്കോസിനും അമ്മ മേരിക്കും സങ്കടമടക്കാനായില്ല. കൂട്ടുകാർ അലമുറയിട്ട് കരഞ്ഞു. കൈകളിൽ ഒരുപിടി കണ്ണീർപ്പൂക്കളുമായി നാടൊന്നാകെ അവനു അന്ത്യചുംബനങ്ങൾ നൽകിയപ്പോൾ ആകാശത്തു മേഘങ്ങൾക്കൊപ്പമിരുന്ന് എൽസണും കണ്ണീർ പൊഴിച്ചിട്ടുണ്ടാകണം.
ഒട്ടേറെ കണ്ണുകളെ ഈറനണിയിച്ചു ഒടുവിൽ തൃക്കൈപ്പറ്റ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ അന്ത്യവിശ്രമം. കഴിഞ്ഞദിവസം രാത്രിയോടെ ദൊട്ടപ്പൻകുളത്തെ ടർഫ് ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കിടെ എൽസൺ കുഴഞ്ഞുവീഴുകയായിരുന്നു. എൽസണും കൂട്ടുകാരും ചേർന്നു രൂപീകരിച്ച മാണ്ടാട് ഡൈനാമോസ് ക്ലബ് അംഗങ്ങളുമായി പരിശീലനം നടത്തുന്നതിനിടെയാണു മരണം കവർന്നത്. മികച്ച സ്ട്രൈക്കറായിരുന്നു എൽസൺ. മൃതദേഹത്തിനൊപ്പം എൽസന്റെ ഇഷ്ടടീമായ ലിവർപൂളിന്റെ ജഴ്സിയും കൂട്ടുകാർ മടക്കിവച്ചിരുന്നു.
കളിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് എൽസൺ കുറച്ചുനേരം കളിയിൽ നിന്നു മാറിനിന്നിരുന്നു. പിന്നീട് വിശ്രമത്തിനു ശേഷം വീണ്ടും കളിക്കാനിറങ്ങി. കളി അവസാനിച്ച ശേഷം കുഴഞ്ഞുവീഴുകയായിരുന്നു. കൂട്ടുകാർ ഉടൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകാനായി മൊബൈൽ ഐസിയു ആംബുലൻസിനായി കൂട്ടുകാർ ഏറെ അലഞ്ഞെങ്കിലും ലഭ്യമായില്ല. ഇതിനിടെ മരണം സംഭവിക്കുകയായിരുന്നു. സഹോദരങ്ങൾ: ബിജു, ഷാന്റി, പരേതനായ ജോബി.
റിട്ട എസ്ഐ സി.ആർ. ശശിധരൻ കൊലക്കേസിൽ മിനിയാന്നു രാത്രി ഇറക്കിവിട്ട പ്രതിയെ ഇന്നലെ രാവിലെ വീണ്ടും പിടികൂടി. പൊലീസ് തന്ത്രങ്ങളിൽ ദുരൂഹത. കുറ്റാന്വേഷണത്തിലെ പിഴവിനും കൃത്യവിലോപത്തിനും ഗാന്ധിനഗർ സർക്കിൾ ഇൻസ്പെക്ടർ അനൂപ് ജോസിന് സസ്പെൻഷൻ. കസ്റ്റഡിയിലുള്ളയാളെ സുരക്ഷിതമായി സൂക്ഷിക്കാത്തതിനാണ് അനൂപ് ജോസിനെ ഐജി സസ്പെൻഡ് ചെയ്തത്. അന്വേഷണച്ചുമതല കോട്ടയം ഡിവൈഎസ്പി ആർ. ശ്രീകുമാറിനു കൈമാറി.
ഞായറാഴ്ച പുലർച്ചെയാണ് ശശിധരൻ വീടിനു സമീപം റോഡരികിൽ തലയ്ക്കു വെട്ടേറ്റ് മരിച്ച നിലയിൽ കാണപ്പെട്ടത്. അയൽവാസിയായ അടിച്ചിറ സ്വദേശി സിജുവിനെ (ജോർജ് കുര്യൻ) അന്നു രാത്രി തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. 24 മണിക്കൂർ കസ്റ്റഡിയിൽ പൊലീസ് ചോദ്യം ചെയ്തെങ്കിലും കൊലപാതകത്തിൽ പങ്കില്ലെന്നായിരുന്നു സിജുവിന്റെ മൊഴി.
കസ്റ്റഡിയിൽ 24 മണിക്കൂർ വച്ചിട്ടും തെളിവൊന്നും കിട്ടാതെ വന്നതോടെ സിജുവിനെ രേഖാമൂലം സ്റ്റേഷനിൽ നിന്ന് ഇറക്കിവിടാൻ പൊലീസ് തീരുമാനിച്ചു. പുറത്തിറങ്ങുന്ന സിജുവിനെ പിന്തുടർന്ന് രഹസ്യമായി പിടികൂടി വീണ്ടും ചോദ്യം ചെയ്യാനായിരുന്നു പ്ലാൻ.
രാത്രിയിൽ സ്റ്റേഷനിൽ നിന്നു പുറത്തിറങ്ങിയ സിജു ഓട്ടോറിക്ഷയിൽ കയറി കടന്നുകളഞ്ഞു.അതോടെ തിങ്കളാഴ്ച രാത്രി മുതൽ പൊലീസ് സിജുവിനെ തിരയാൻ തുടങ്ങി. ഇന്നലെ രാവിലെ ഏറ്റുമാനൂർ തൊണ്ടൻകുഴിയിൽ ഇയാളെ കണ്ടെത്തി. പൊലീസുകാരനെ ഇടിച്ചു വീഴ്ത്തിയ സിജു പൊലീസിന്റെ സ്കൂട്ടറിൽ കടന്നുകളഞ്ഞു. പിന്നീട് സിജുവിനെ മണർകാട് സിഐ കെ. ഷിജിയുടെ നേതൃത്വത്തിൽ തിരുവഞ്ചൂരിൽ നിന്ന് അറസ്റ്റ് ചെയ്തു.
ഏറ്റുമാനൂർ ഹൈടെക് പൊലീസ് സ്റ്റേഷനിൽ വീണ്ടും ചോദ്യം ചെയ്തെങ്കിലും സംഭവത്തിൽ തനിക്കു പങ്കില്ലെന്ന നിലപാട് സിജു ആവർത്തിച്ചു. പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് സ്കൂട്ടർ തട്ടിയെടുത്തതിനും ഇന്നലെ ചോദ്യം ചെയ്യലിനായി പൊലീസ് സ്റ്റേഷനിൽ വരാത്തതിനും സിജുവിനെതിരെ കേസെടുത്തു.
ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍
1. സിജുവിനെ പൊലീസ് ഇറക്കിവിട്ടതാണോ അതോ സിജു രക്ഷപ്പെട്ടതാണോ. പൊലീസിന് കൃത്യമായ ഉത്തരമില്ല. ‘നാളെ രാവിലെ ചോദ്യം ചെയ്യലിന് എത്താമെന്ന് എഴുതി വാങ്ങിയ ശേഷമാണ് പൊലീസ് സിജുവിനെ വിട്ടത്. എന്നാൽ വിട്ടയച്ച സിജുവിനായി തിങ്കളാഴ്ച രാത്രി മുതൽ തിരിച്ചു പിടിക്കുന്നതു വരെ വൻ പൊലീസ് സംഘം തിരിച്ചിൽ നടത്തി. സിജു ഇറങ്ങിപ്പോകുമ്പോൾ ഉന്നത ഉദ്യോഗസ്ഥർ അടക്കം സ്റ്റേഷനിൽ ഉണ്ടായിരുന്നു.
2. രാഷ്ട്രീയ സമ്മർദം മൂലമാണ് സിജുവിനെ വിട്ടയച്ചതെന്ന് ആരോപണമുണ്ട്. സ്റ്റേഷനിൽ നിന്നു രക്ഷപ്പെട്ട സിജു ആദ്യം സഹായം തേടിയത് ഭരണകക്ഷിയിലെ നേതാവിന്റെ വീട്ടിൽ.
3. ശശിധരൻ മരിച്ചു കിടന്ന സ്ഥലത്തെ രക്തം പൊലീസ് ഇടപെട്ടു കഴുകി വൃത്തിയാക്കി. ഇതു തെളിവു നശിക്കാൻ ഇടയാക്കി. സംഭവത്തിൽ വിശദീകരണം ചോദിച്ചിട്ടുണ്ട്.
4. സംശയമുള്ളവരെ ദിവസങ്ങളോളം അനധികൃതമായി കസ്റ്റഡിയിൽ വയ്ക്കുന്നതാണ് പൊലീസിന്റെ രീതി. എന്നാൽ 24 മണിക്കൂർ കഴിഞ്ഞുവെന്നു പറഞ്ഞ് പൊലീസ് തന്നെയാണ് സിജുവിനെ വിട്ടയച്ചത്. സിജുവിനെ തിരിച്ചയ്ക്കാൻ പൊലീസ് തിടുക്കം കാട്ടിയത് എന്തിന്. സിജുവിന് വേണ്ടി ആരും പൊലീസിൽ പരാതി നൽകുകയോ കോടതിയെ സമീപിക്കുകയോ ചെയ്തിട്ടില്ല.
5. അന്വേഷണ സംഘത്തെ ഇതുവരെ രൂപീകരിച്ചിട്ടില്ല. ഫോൺ കോൾ പരിശോധന, സംശയമുള്ള മറ്റുള്ളവരുടെ മൊഴി എടുക്കൽ പോലുള്ള കാര്യങ്ങളും ചെയ്തിട്ടില്ല.
അഫ്ഗാനിസ്ഥാനില്‍ കീഴടങ്ങിയ ഇസ്‌ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളുടെ കൂട്ടത്തില്‍ തിരുവനന്തപുരം സ്വദേശിനി നിമിഷയും കുടുംബവുമുള്ളതായി വിവരം. വിദേശ വാര്‍ത്താ ചാനലുകള്‍ കൈമാറിയ ചിത്രം വഴിയാണ് ഇവരെ തിരിച്ചറിഞ്ഞത്. തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശിനി ബിന്ദുവിന്റെ മകളാണ് നിമിഷ. മകളും കുടുംബവും കീഴടങ്ങിയവരുടെ കൂട്ടത്തിലുണ്ടെന്ന് വിവരം ലഭിച്ചതായി ബിന്ദു പറഞ്ഞു. മൂന്നുദിവസംമുമ്പ് ഓസ്‌ട്രേലിയന്‍ വാര്‍ത്താ ചാനല്‍ പ്രതിനിധികള്‍ സമീപിച്ചിരുന്നു. വാര്‍ത്താ ഏജന്‍സികള്‍ വഴി അവര്‍ക്കു കൈമാറിക്കിട്ടിയ ചിത്രങ്ങള്‍ കാണിച്ചു. ഇതില്‍നിന്നാണ് മരുമകനെയും ചെറുമകളെയും തിരിച്ചറിഞ്ഞത്. കഴിഞ്ഞവര്‍ഷം നവംബറിലാണ് ഇവര്‍ അവസാനമായി ബന്ധപ്പെട്ടത്. ചെറുമകളുടെ ചിത്രം കൈമാറിയിരുന്നു. മകളുടെ ഭര്‍ത്താവ് ഈസയും സംസാരിച്ചിരുന്നു’ ബിന്ദു പറഞ്ഞു.
2016 ജൂലൈയിലാണ് നിമിഷയെ കാണാതായത്. കാസര്‍കോട്ടുനിന്നു ഐഎസില്‍ ചേരാന്‍ അഫ്ഗാനിലേക്കു പോയ സംഘത്തിനൊപ്പമാണ് നിമിഷയും പോയത്. നിമിഷയ്‌ക്കൊപ്പം ഭര്‍ത്താവ് ഈസ, മകള്‍ മൂന്നുവയസ്സുകാരി ഉമ്മക്കുല്‍സു എന്നിവരുമുള്ളതായി ബിന്ദു പറയുന്നു.’എന്റെ മോളും ഒപ്പമുണ്ട്. കുറെ ചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്. മുഖംമറച്ച സ്ത്രീകളില്‍നിന്നു മകളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, ഒരു ചിത്രത്തില്‍നിന്നു മരുമകനെയും പേരക്കുട്ടിയെയും തിരിച്ചറിഞ്ഞു. കാസര്‍കോട് പൊയിനാച്ചി സെഞ്ചുറി ഡെന്റല്‍ കോളേജില്‍ അവസാനവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥിനിയായിരുന്ന നിമിഷ പഠനകാലത്തെ സൗഹൃദത്തിലാണ് ക്രിസ്ത്യന്‍ മതവിശ്വാസിയായ പാലക്കാട് സ്വദേശി ബെക്‌സണ്‍ വിന്‍സെന്റിനെ വിവാഹംകഴിച്ചത്. തുടര്‍ന്ന് ഇരുവരും ഇസ്‌ലാംമതം സ്വീകരിച്ചു. ശ്രീലങ്കവഴിയാണ് ഇവരുള്‍പ്പെട്ട സംഘം അഫ്ഗാനിലേക്കു പോയത്. നാഗര്‍ഹാറിലാണ് ഇവരുണ്ടായിരുന്നതെന്നാണ് ബന്ധുക്കള്‍ക്ക് മുമ്പ് ലഭിച്ച വിവരം. ഇവരെ തിരിച്ച് നാട്ടിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് ബിന്ദു.
മുണ്ടക്കയം ഈസ്റ്റ്: ടൂറിസ്റ്റ് കേന്ദ്രമായ പാഞ്ചാലിമേട്ടിൽ വാൻ അപകടത്തിൽപ്പെട്ടു യുവാവിനും യുവതിക്കും പരിക്ക്. അപകടം ആത്മഹത്യാ ശ്രമമെന്ന് സൂചന. കണയങ്കവയൽ റോഡിൽ പാഞ്ചാലിമേട്ടിൽ ഞായറാഴ്ച രാത്രി 10.30നാണ് അപകടമുണ്ടായത്. അപകടത്തിൽ പുത്തൻകുരിശ് മോനിപ്പള്ളി സ്വദേശികളായ മുല്ലശേരിയിൽ ബിജിൽ (30), തച്ചുക്കുഴി ബിൻസി (37) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ സമീപവാസിയാണ് ഇവർ അപകടത്തിൽപ്പെട്ടു കിടക്കുന്നത് കണ്ടത്.
ഉടൻതന്നെ പഞ്ചായത്ത് മെംബറെ വിവരം അറിയിക്കുകയും തുടർന്ന് ഇവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പരിശോധനയിൽ യുവാവിന്റെ ഇരുകൈത്തണ്ടും യുവതിയുടെ ഒരു കൈത്തണ്ടും മുറിച്ചനിലയിൽ ഡോക്ടർമാർ കണ്ടു. തുടർന്ന് അപകടവിവരം അറിയിക്കുന്നതിനായി മേൽവിലാസം അന്വേഷിച്ചപ്പോൾ ഇവർ പരസ്പരവിരുദ്ധമായി സംസാരിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പോലീസ് എത്തി ചോദ്യം ചെയ്തപ്പോൾ യുവതിയുടെ ഭർത്താവ് നാലുദിവസം മുന്‍പ് പുത്തൻകുരിശ് പോലീസിൽ ഭാര്യയെ കാൺമാനില്ലെന്നു പരാതി നൽകിയിരുന്നതായി പോലീസിനു വിവരം ലഭിച്ചു.
റിട്ട. എസ്ഐ കെ.ആർ. ശശിധരന്റെ കൊലപാതക കേസിൽ പോലീസ് കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ട യുവാവിനെ പിടികൂടി. ശശിധരന്റെ അയൽവാസിയായ സിജുവിനെ മണർകാട് പോലീസാണ് പിടികൂടിയത്. മണർകാട് നാലുമണിക്കാറ്റിൽ ഇരിക്കുകയായിരുന്നു ഇയാൾ. സംഭവത്തിൽ ഗാന്ധിനഗർ സിഐ അനൂപ് ജോസിനെ സസ്പെൻഡ് ചെയ്തിരുന്നു. സിജുവിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു എന്നാണ് പോലീസ് വാദിച്ചിരുന്നത്. എന്നാൽ സിജു തന്നെയാണു കൊലപാതകം നടത്തിയതെന്നും ഇയാൾ പോലീസിന്റെ കണ്ണുവെട്ടിച്ച് കസ്റ്റഡിയിൽനിന്നു ചാടിപ്പോയതാണെന്നും ശശിധരന്റെ ബന്ധുക്കൾ ആരോപിച്ചു.
ശശിധരനെ കഴിഞ്ഞ ദിവസം തലയ്ക്ക് അടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പരിസരവാസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സിജുവിനെ കസ്റ്റഡിയിൽ എടുത്തത്. ശശിധരനെ കൊല്ലാൻ ഉപയോഗിച്ച ആയുധത്തിനായി സിജുവിന്റെ വീട്ടുപരിസരത്ത് പോലീസ് തെരച്ചിൽ നടത്തി. ഗാന്ധിനഗർ സ്റ്റേഷനിൽനിന്നു വിട്ടയച്ച സിജു ചെമ്മനംപടിയിൽ ഇറങ്ങി. പ്രദേശത്തെ മൂന്നു വിടുകളിലെത്തി സഹായം അഭ്യർഥിച്ചു. വീട്ടുകാർ ഒച്ചവച്ചതോടെ ഓടിമറഞ്ഞു. ഇതോടെ സിജു കടന്നുകളഞ്ഞതാണെന്ന് അഭ്യൂഹം പരന്നു. ഇതോടെ പോലീസ് സ്ഥലത്തെത്തി സിജുവിനെ വിട്ടയച്ചതാണെന്നു നാട്ടുകാരെ അറിയിക്കുകയായിരുന്നു.
പിടികൂടി 24 മണിക്കൂർ കഴിഞ്ഞതിനാൽ സിജുവിനെ വിട്ടതാണെന്നാണ് പൊലീസ് വാദം. എന്നാൽ വീട്ടിലേക്ക് വിട്ട സിജു വീട്ടിലെത്താതെ മുങ്ങി. ചൊവ്വാഴ്ച രാവിലെ എട്ടു മണിക്ക് പോലീസ് സ്റ്റേഷനിൽ ഒപ്പിടാൻ വരികയും ചെയ്തില്ല. ഇതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മണർകാട് നാലുമണിക്കാറ്റിൽ നിന്ന് ഇയാളെ പിടികൂടിയത്.
ശശിധരന് അടിയേറ്റ സ്ഥലത്ത് നേരത്തെ രണ്ടു പേരെ തലയ്ക്കടിച്ചത് ആര്? ഭീതിയോടെ നാട്ടുകാർ ഇപ്പോൾ ഓർക്കുന്ന സംഭവമാണിത്. ആരാണ് അടിച്ചതെന്നു തിരിച്ചറിയാഞ്ഞതിനാൽ ഇവർ രണ്ടുപേരും പൊലീസിൽ പരാതി നൽകിയില്ല. ശശിധരനും അടി കൊണ്ടവർക്കും സാമ്യം ഒന്നു മാത്രം. സിജുവിന്റെ അയൽവാസികളും ഇയാൾക്ക് വിരോധം ഉള്ളവരും ആയിരുന്നു തലയ്ക്ക് അടിയേറ്റ ഇരുവരും. 7 വർഷം മുൻപാണ് തോപ്പിൽ ബേബിച്ചന് അടിയേറ്റത്. ഫർണിച്ചർ വ്യാപാരിയായ ബേബിച്ചൻ രാത്രി ബൈക്കിൽ വീട്ടിൽ എത്തി ഗേറ്റ് തുറക്കാൻ ശ്രമിച്ചപ്പോൾ പിന്നിൽ നിന്ന് തലയ്ക്ക് അടിയേറ്റു.
അപ്പോൾ തന്നെ ബോധം മറഞ്ഞതിനാൽ സംഭവിച്ചത് എന്താണെന്നു മനസ്സിലായില്ല. പിന്നീട് ഇവരുടെ കാർപോർച്ചിൽ കിടന്ന വാനും കത്തി നശിച്ചു. ഇവരുടെ വീടിന്റെ ഗേറ്റിലും പരിസരത്തും മനുഷ്യ വിസർജ്യം കവറിൽ കെട്ടി വലിച്ചെറിയുന്നതും പതിവായിരുന്നു. 3 വർഷം മുൻപാണ് അയൽവാസിയായ ചെറുകര ചാക്കോയുടെ തലയ്ക്ക് അടിയേറ്റത്. സ്കൂട്ടറിൽ പോകുമ്പോൾ വഴിയരികിൽ മറഞ്ഞു നിന്ന് ആരോ തലയ്ക്ക് പിന്നിൽ അടിച്ചു. എന്നാൽ സ്കൂട്ടർ നിയന്ത്രണം വിട്ടെങ്കിലും മറിഞ്ഞുവീണില്ല. ഇതിനും കേസ് ഉണ്ടായില്ല. ഇതേ സ്ഥലത്തു വച്ചാണ് ഇന്നലെ ശശിധരനും തലയ്ക്ക് പിന്നിൽ അടിയേറ്റു വീണത്.
ബുധനാഴ്ചയാണ് ശശിധരന്റെ മകൾ പ്രീതിയുടെ പ്രസവ ശസ്ത്രക്രിയ ജോലി സ്ഥലമായ അയർലൻഡിലെ ആശുപത്രിയിൽ നിശ്ചയിച്ചിരിക്കുന്നത്. ഇതിനു പോകുന്നതിനായി ശശിധരനും ഭാര്യ സുമയും ഒരുക്കത്തിലായിരുന്നു. 3 മാസം കഴിഞ്ഞു തിരിച്ചുവരും എന്നതിനാൽ വീടും പരിസരവും എല്ലാം ഒരുക്കി. പോകുന്നതിനുള്ള പെട്ടിയും സാധനങ്ങളും അടുക്കി, അയൽവാസികളോട് യാത്രയും പറഞ്ഞിരുന്നു. ശനിയാഴ്ച രാത്രി വൈകിയും സുഹൃത്തുക്കളും അയൽവാസികളും ഇവരുടെ വീട്ടിൽ എത്തി ഏറെ സമയം സംസാരിച്ചിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് 2.30 ന് എയർപോർട്ടിലേക്ക് പോകുന്നതിന് കാർ വരെ ഏർപ്പാടാക്കിയിരുന്നു. ഏതാനും വർഷം മുൻ ഉണ്ടായ ചെറിയ പക്ഷാഘാതത്തെ തുടർന്ന് പ്രഭാത നടത്തം വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചിരുന്നു. രാവിലെ പതിവ് പ്രഭാത നടത്തത്തിനു ഭാര്യയും ഒപ്പം വരാറുണ്ടെങ്കിലും യാത്ര പോകുന്നതിനു പെട്ടി അടുക്കുന്നതിനാൽ തനിച്ചാണ് രാവിലെ നടക്കാൻ പോയത്. രാവിലെ എത്തിയശേഷം ക്ഷേത്രദർശനത്തിന് പോകണമെന്ന് ഭാര്യയോട് പറഞ്ഞിട്ടാണ് ശശിധരൻ നടക്കാൻ ഇറങ്ങിയത്. ശശിധരൻ ഉൾപ്പെടെ അയൽവാസികളുമായി സിജു വിരോധത്തിലാണെന്നു പൊലീസ് പറഞ്ഞു. റോഡിൽ മതിൽ കെട്ടുന്നതിനെച്ചൊല്ലി ഇവർ തമ്മിൽ കേസുണ്ട്. സിജുവിന്റെ വീട്ടിൽ പൊലീസും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.
മഹാരാഷ്ട്രയിലെ അര്‍ദ്ധരാത്രി സര്‍ക്കാര്‍ രൂപീകരണത്തില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് എംപിമാരായ ഹൈബി ഈഡന്‍, ടി എന്‍ പ്രതാപന്‍ എന്നിവര്‍ക്കെതിരെ കൂടുതല്‍ ശക്തമായ നടപടികള്‍ക്ക് സാധ്യത. നിലവില്‍ ഒരു ദിവസത്തേക്ക് മാത്രം ലോക്‌സഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഇരുവര്‍ക്കുമെതിരെ സ്പീക്കര്‍ ഒ പി ബിര്‍ള കടുത്ത നടപടിക്കൊരുഭങ്ങുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഹൈബി എറണാകുളം എംപിയും പ്രതാപന്‍ തൃശൂര്‍ എംപിയുമാണ്.
പതിനാലാം ലോക്‌സഭ തുടങ്ങിയ ശേഷം ഇതാദ്യമായാണ് അംഗങ്ങളുടെ പ്രതിഷേധം കാരണം സഭാനടപടികള്‍ നേരത്തെ അവസാനിപ്പിക്കേണ്ടി വന്നത്. മഹാരാഷ്ട്രയില്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നുവെന്ന മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളുമായി സഭയില്‍ പ്രതിഷേധിച്ച ഹൈബിയെയും പ്രതാപനെയും മാര്‍ഷല്‍മാരെക്കൊണ്ട് സ്പീക്കര്‍ സഭയില്‍ നിന്നും പുറത്താക്കിയിരുന്നു.
സഭയില്‍ നിന്നും തങ്ങളെ കൊണ്ടുപോകാനുള്ള മാര്‍ഷല്‍മാരുടെ നീക്കം ഹൈബിയും പ്രതാപനും തടഞ്ഞതോടെ ഇവര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ലോക്‌സഭയിലെ നാടകീയരംഗങ്ങള്‍ക്ക് ശേഷം സ്പീക്കറെ കണ്ട കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, രവിശങ്കര്‍ പ്രസാദ്, പ്രഹ്ലാദ് ജോഷി എന്നിവര്‍ സഭയുടെ അന്തസിന് വിരുദ്ധമായി പ്രവര്‍ത്തിച്ച എംപിമാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇരുവരെയും അഞ്ച് വര്‍ഷം വരെ സസ്‌പെന്‍ഡ് ചെയ്യണം എന്ന നിര്‍ദ്ദേശവും സ്പീക്കറുടെ പരിഗണനയിലുണ്ടെന്നാണ് സൂചന.
തൃപ്തി ദേശായിയുടെ വരവിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ബിജെപി-ആർഎസ്എസ് ബന്ധമുള്ളയാളാണ് തൃപ്തി ദേശായി. ബിജെപിക്കും ആർഎസ്എസ്സിനും സ്വാധീനമുള്ള പൂനെയിൽ നിന്നാണ് ഇവരെത്തിയതെന്നും അദ്ദേഹം പറഞ്ഞു. യാത്രയ്ക്ക് കൃത്യമായ അജണ്ടയും തിരക്കഥയുമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിലെ ആക്ടിവിസ്റ്റായ ബിന്ദു അമ്മിണിക്കൊപ്പമാണ് തൃപ്തി ദേശായി എത്തിയതെന്നതെ ശ്രദ്ധേയമാണ്. ഒരു ചാനലിനെ മാത്രമാണ് തൃപ്തി ദേശായി തങ്ങളുടെ വരവിനെക്കുറിച്ച് അറിയിച്ചതെന്ന് മന്ത്രി പറഞ്ഞു. തീർത്ഥാടനം അലങ്കോലപ്പെടുത്താനുള്ള മനപ്പൂർവ്വമായ ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തൃപ്തി ദേശായി വരുന്ന വിവരം പ്രക്ഷോഭകാരികൾ നേരത്തെ തന്നെ അറിഞ്ഞിരുന്നുവെന്ന് കടകംപള്ളി ചൂണ്ടിക്കാട്ടി. കോട്ടയം വഴി ശബരിമലയിലേക്ക് ഇവർ പോകുമെന്നാണ് ആദ്യം മാധ്യമങ്ങളിലൂടെ എല്ലാവരും അറിഞ്ഞത്. എന്നാൽ തൃപ്തി ദേശായി തന്റെ തീരുമാനം മാറ്റി കമ്മീഷണർ ഓഫീസിലേക്ക് പോകുകയായിരുന്നു. ഇത് അറിഞ്ഞ ഒരു സംഘമാളുകൾ കമ്മീഷണർ ഓഫീസിന്റെ മുൻവശത്ത് കാത്തു നിന്നിരുന്നു. എങ്ങനെയാണ് ഇവർ തൃപ്തിയുടെ തീരുമാനം അറിഞ്ഞതെന്ന് മന്ത്രി ചോദിച്ചു.
ശബരിമലയിൽ അസ്വസ്ഥത സൃഷ്ടിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നത്. ബിജെപിയുടെ പ്രമുഖ നേതാവിന്റെ നേതൃത്വത്തിലാണ് സ്ത്രീയുടെ നേര്‍ക്ക് മുളക് സ്പ്രേ നടത്തിയത്. മറ്റു മാധ്യമങ്ങളൊന്നും തൃപ്തി വരുന്നതറിയാതെ അക്കാര്യം ഒരു ചാനലുമാത്രം അറിഞ്ഞതില്‍ ഗൂഢാലോചനയുണ്ടെന്നും മന്ത്രി ആവര്‍ത്തിച്ചു.
അതെസമയം തൃപ്തിയോടും സംഘത്തോടും മടങ്ങിപ്പോകാൻ പൊലീസ് ആവശ്യപ്പെട്ടു. സുരക്ഷ നൽകാനാകില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. സുപ്രീംകോടതി വിധിയില്‍ ആശയക്കുഴപ്പം നിലനിൽക്കുന്നതിനാലാണ് ഈ നിലപാട്. കോടതിയുട മുൻ വിധിക്കുള്ള സ്റ്റേ നീക്കം ചെയ്തുവോ അതോ നിലനിൽക്കുന്നുണ്ടെയെന്ന കാര്യത്തിൽ നിയമവിദഗ്ധർ രണ്ടു തട്ടിലാണ്. എന്നാൽ സുപ്രീംകോടതി നേരത്തെ നൽകിയ വിധിക്ക് സ്റ്റേയില്ലെന്നാണ് തൃപ്തി ദേശായി അവകാശപ്പെടുന്നത്.
തൃപ്തി ദേശായിക്കൊപ്പം ഭൂമാതാ ബ്രിഗേഡിലെ നാലുപേരും സംഘത്തിലുണ്ട്.
തൃപ്തി ദേശായി ആർഎസ്എസ് അജണ്ടയുള്ളയാളാണെന്ന് സർക്കാർ നേരത്തെയും നിലപാടെടുത്തിരുന്നു. കഴിഞ്ഞ ശബരിമല തീർത്ഥാടനക്കാലത്ത് മന്ത്രി വിഎസ് സുനിൽകുമാർ തൃപ്തി ദേശായിയെ ‘ആർഎസ്എസ് ആക്ടിവിസ്റ്റ്’ എന്നാണ് വിശേഷിപ്പിച്ചത്.”
ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിൽ ചേരുന്നതിനായി രാജ്യം വിട്ട മലയാളികളടങ്ങുന്ന സംഘം കീഴടങ്ങിയതായി റിപ്പോർട്ട്. അഫ്ഗാൻ സൈന്യത്തിന് മുന്നിലാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന 22 അംഗ സംഘം കീഴടങ്ങിയത്. ഇവരിൽ പത്തിലേറെ പേർ മലയാളികളാണെന്നാണ് വിവരം. വാർത്ത കേന്ദ്ര പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.
2016 ജൂണിലാണ് 21 പേർ മതപഠനത്തിനും ശ്രീലങ്കയിൽ വ്യാപാരത്തിനുമെന്നു പറഞ്ഞു വീടുവിട്ടിറങ്ങിയത്. ഇവർ പിന്നീടു തൃക്കരിപ്പൂർ ഉടുമ്പുന്തലയിലെ അബ്ദുൽ റാഷിദിന്റെ നേതൃത്വത്തിൽ അഫ്ഗാനിസ്ഥാനിലെ ഐഎസ് കേന്ദ്രത്തിൽ എത്തിയതായി കേന്ദ്ര–സംസ്ഥാന രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. ഇതിൽ ചിലർ അമേരിക്കൻ വ്യോമാക്രമണത്തിൽ പലപ്പോഴായി കൊല്ലപ്പെട്ടതായി പിന്നീടു ടെലിഗ്രാം സന്ദേശങ്ങൾ വഴി നാട്ടിൽ വിവരം ലഭിച്ചു. കഴിഞ്ഞ 3 മാസത്തിലേറെയായി ആരുടെയും വിവരങ്ങൾ ലഭിച്ചിരുന്നില്ല.
ഐഎസ് ഭീകർക്കെതിരായ ആക്രമണം യുഎസ് സൈനികരുടെ പിന്തുണയോടെ അഫ്ഗാൻ ശക്തമാക്കിയതോടെയാണ് കീഴടങ്ങൽ. അഫ്ഗാനിസ്ഥാനിലെ അഛിൻ ജില്ലയിലാണ് സംഘം കീഴടങ്ങിയതെന്നും മന്ത്രാലയം വ്യക്തമാക്കി. ഇവർ വീട്ടുതടങ്കലിലാണോയെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.