Kerala

മം​ഗ​ളൂ​രു​വി​ലെ ഹോ​ട്ട​ലി​ല്‍ വിഷം കഴിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സഹപാഠികള്‍ മരിച്ചു. കാസര്‍കോട് കോളിയടുക്കം പുത്തരിക്കുന്നിലെ രാധാകൃഷ്ണന്റെയും എം.ജ്യോതിയുടെയും മകന്‍ വി.വിഷ്ണു (22), നെല്ലിക്കുന്ന് ചേരങ്കൈ കടപ്പുറത്തെ സുഭാഷിന്റെയും ജിഷയുടെയും മകള്‍ ഗ്രീഷ്മ (21) എന്നിവരാണ് മരിച്ചത്.

മംഗളൂരുവിലെ സ്വകാര്യ കോളജിലെ പി.ജി വിദ്യാര്‍ഥികളാണ് ഇരുവരും. മംഗളുരു റെയില്‍വേ സ്റ്റേഷനടുത്തെ ഒരു ലോഡ്ജ് മുറിയിലാണ് ഇരുവരെയും വിഷം അകത്ത് ചെന്ന നിലയില്‍ കണ്ടെത്തിയത്. ഇരുവരെയും ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ കഴിയവെ വിഷ്ണു ഇന്നലെ രാവിലെയും ഗ്രീഷ്മ വൈകിട്ടോടെയുമാണ് മരിച്ചത്. പൊലീസ് കേസെടുത്തു. വി.വൈശാഖ്, മിഥുന്‍ എന്നിവര്‍ വിഷ്ണുവിന്റെ സഹോദരങ്ങളാണ്.

കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ ഭർത്താവ് ഷാജുവിനെയും പിതാവ് സഖറിയാസിനെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇരുവരോടും ഹാജരാകാൻ നോട്ടീസ് നൽകി. ജോളിയുടെ സഹോദരി ഭർത്താവിനെയും പ്രാദേശിക ലീഗ് നേതാവിൽ നിന്നും അന്വേഷണ സംഘം വിവരം ശേഖരിച്ചു. മരണത്തിൽ ലഹരി കണ്ടെത്തിയിരുന്നതായും രണ്ടാമത്തെ ശ്രമത്തിലാണ് സിലിയെ കൊലപ്പെടുത്തിയതെന്നും ജോളി മൊഴി നൽകി.

ഷാജുവിനെ രണ്ടാം തവണയാണ് ചോദ്യം ചെയ്യുന്നത്. കൊലപാതകങ്ങളിൽ ചിലത് ഷാജുവിന്റെ അറിവോടെയെന്ന ജോളിയുടെ മൊഴിയാണ് സംശയം കൂട്ടുന്നത്. സഖറിയാസിനെക്കുറിച്ചും പ്രധാന വിവരങ്ങൾ ജോളി അന്വേഷണ സംഘത്തിനോട് പങ്കുവച്ചിട്ടുണ്ട്. ഇടുക്കി രാജകുമാരിയിലുള്ള ജോളിയുടെ സഹോദരി ഭർത്താവ് ജോണിയിൽ നിന്ന് വീട്ടിലെത്തി അന്വേഷണ സംഘം വിവരം ശേഖരിച്ചു.

ദാരുണം 2 വയസ്സുള്ള ആല്‍ഫൈന്റെ മരണം, സിലി കുഴഞ്ഞുവീണത് ജോളിയുടെ മടിയില്‍
കുറ്റകൃത്യങ്ങളെക്കുറിച്ചു പിതാവിന് അറിവുണ്ടായിരുന്നെന്നും അദ്ദേഹത്തിന്റെ പിന്തുണ ഉണ്ടായിരുന്നതായും ഷാജു പൊലീസിനു മൊഴി നൽകിയതായാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണു സക്കറിയാസിനെ ചോദ്യം ചെയ്യുന്നത്. ഷാജുവിനെതിരെ കൂടുതല്‍ തെളിവുകള്‍ വരുമെന്നു മരിച്ച റോയിയുടെ സഹോദരി രഞ്ജി പറഞ്ഞു.

2014 മേയ് മൂന്നിനു ഷാജുവിന്റെ മകന്റെ ആദ്യ കുര്‍ബാന ദിവസമാണു പത്തുമാസം പ്രായമുള്ള മകള്‍ ആല്‍ഫൈന്‍ വിഷം ഉള്ളില്‍ച്ചെന്നു മരിച്ചത്. രണ്ടുവര്‍ഷം കഴിഞ്ഞു ഷാജുവിന്റെ ഭാര്യ സിലി ദന്താശുപത്രി വരാന്തയില്‍ ജോളിയുടെ മടിയില്‍ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു

വ്യാജ ഒസ്യത്തുണ്ടാക്കി സ്വത്ത് തട്ടിയെടുക്കാൻ ജോളിയെ സഹായിച്ചെന്ന പരാതിയിൽ പ്രാദേശിക ലീഗ് നേതാവ് ഇമ്പിച്ചി മൊയ്ദീന്റെ കൂടത്തായിയിലെ വീട്ടിലും അന്വേഷണ സംഘം പരിശോധിച്ചു. മരണം കാണുന്നത് ലഹരിയാണെന്ന് ജോളി വെളിപ്പെടുത്തിയതായി അന്വേഷണ സംഘം. ഒരിക്കലും പിടിയിലാകുമെന്ന് കരുതിയിരുന്നില്ല. ആറ് കൊലപാതകങ്ങളും താനാണ് ചെയ്തത്. അറസ്റ്റ് പ്രതീക്ഷിച്ചിരുന്നതിനാൽ അറസ്റ്റിന് തലേന്ന് താമരശേരിയിലെത്തി അഭിഭാഷകനെയും കണ്ടു. കൊലപാതകങ്ങളുടെ ഇടവേള കുറഞ്ഞത് കൂടുതലാളുകളെ ലക്ഷ്യമിട്ടിരുന്നത് കൊണ്ടാകാം.

രണ്ടാം ഭർത്താവായ ഷാജുവിന്റെ മകൾ ആൽഫൈനെ കൊലപ്പെടുത്തിയ ദിവസം സിലിക്കും സയനൈഡ് നൽകാൻ ശ്രമിച്ചെങ്കിലും ഭക്ഷണം കഴിക്കാത്തതിനാൽ രക്ഷപ്പെട്ടു. രണ്ടാം ശ്രമത്തിലാണ് ഗുളികയിൽ സയനൈഡ് പുരട്ടി നൽകി സിലിയെ കൊലപ്പെടുത്തിയത്. മരണം ഉറപ്പിക്കുന്നതിനാണ് ആശുപത്രിയിലെത്തിക്കാൻ വൈകിച്ചതെന്നും ജോളി മൊഴി നൽകി. ശാസ്ത്രീയ പരിശോധനയിലൂടെ കൂടുതൽ തെളിവ് ശേഖരിക്കുന്നതിനായി എട്ടംഗ വിദഗ്ധ സംഘം അടുത്ത ദിവസം കൂടത്തായിയിലെത്തും.

കോന്നിയിലെ ബിജെപി സ്ഥാനാർഥി കെ.സുരേന്ദ്രന് വോട്ടഭ്യര്‍ഥിച്ച് ഓർത്തോഡോക്സ് സഭാ ഭാരവാഹികൾ. ഇടതു-വലതു മുന്നണികൾ സഭയെ വഞ്ചിച്ചതായും, എന്നും നീതി നിഷേധിക്കുകയാണെന്നും പിറവംപള്ളി മാനേജിംഗ് കമ്മിറ്റിഅംഗം ജോയ് തെന്നശേരിൽ, മലങ്കര ഓർത്തഡോക്സ്‌ അസോസിയേഷൻ മെമ്പർ പ്രകാശ് വർഗീസ് എന്നിവർ ആരോപിച്ചു.

ഇടതു-വലതു മുന്നണികളോട് കലഹിച്ചുനിൽക്കുന്ന ഓർത്തോഡോക്സ് സഭാവോട്ടുകൾ സ്വന്തമാക്കാൻ ഊർജിത ശ്രമമാണ് എൻഡിഎയിൽ നടക്കുന്നത്. ഇതിനിടെയാണ് കെ. സുരേന്ദ്രന് പരസ്യപിന്തുണയുമായി സഭാഭാരവാഹികൾതന്നെ മുന്നോട്ടുവരുന്നത്. കാലാകാലങ്ങളായി എൽഡിഎഫ് – യുഡിഎഫ് മുന്നണികൾ സഭയെ വഞ്ചിക്കുകയാണെന്ന് പിറവം പള്ളി മാനേജിംഗ് കമ്മിറ്റിഅംഗം ജോയ് തെന്നശേരിൽ, മലങ്കര ഓർത്തഡോക്സ്‌ അസോസിയേഷൻ മെമ്പർ പ്രകാശ് വർഗീസ് എന്നിവർ ആരോപിച്ചു.

പിറവംപള്ളി പ്രശ്നത്തിൽ സർക്കാർ എടുത്ത നിലപാടിൽ കടുത്ത പ്രതിഷേധമുണ്ട്. പിറവം, പെരുമ്പാവൂർ, പള്ളിപ്രശ്നത്തിൽ സഭയോട് സഹായം അഭ്യർത്ഥിച്ചെത്തിയത് ബിജെപിക്കാർ മാത്രമാണെന്നും, കോന്നിയിൽ റോബിൻ പീറ്ററിന്‌ സീറ്റ് നിഷേധിച്ചത് ബെന്നി ബഹന്നാൻ ആണെന്നും അവർ പറഞ്ഞു.

ഇരുകൂട്ടരും സഭയെ അവഗണിക്കുന്ന പശ്ചാത്തലത്തിൽ കോന്നിയിൽ കെ. സുരേന്ദ്രന്റെ വിജയത്തിനായി പ്രചാരണം തുടരുമെന്നും ഇവർ വ്യക്തമാക്കി. അതേസമയം, സഭ ഭാരവാഹികളുടെ ബിജെപി അനുകൂല നിലപാടിനോട്, സിപിഐ സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം അവരുടെ വിശ്വാസം അവരെ രക്ഷിക്കട്ടെയെന്നായിരുന്നു.

മദര്‍ മറിയം ത്രേസ്യക്കൊപ്പം നാളെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിക്കുന്ന മൂന്നുപേരില്‍ ഒരാള്‍ ഇംഗ്ലണ്ടിന്‍റെ കര്‍ദിനാള്‍ ജോണ്‍ ഹെന്‍‌റി ന്യുമാനാണ്. ആഗോളതലത്തില്‍തന്നെ സഭ ഉപയോഗിക്കുന്ന വിഖ്യാതമായ പ്രാര്‍ഥനയുടെ രചയിതാവ് കൂടിയാണ് കര്‍ദിനാള്‍ ന്യുമാന്‍. .ഇടുക്കി ജില്ലയിലെ തൊടുപുഴ ന്യൂമാൻ കോളജ് അദ്ദേഹത്തിന്റെ പേരിലുള്ളതാണ്

കര്‍ദിനാള്‍ ന്യുമാന്‍റെ വിഖ്യാതമായ കവിത ഇന്നും യാമപ്രാര്‍ഥനയില്‍ സഭ ഉപയോഗിക്കുന്നു. ആഗോളതലത്തില്‍തന്നെ പ്രശസ്തമായ കവിതയും പ്രാര്‍ഥനയുമാണിത്. കേരളത്തില്‍ ഇന്നും ഉപയോഗിക്കുന്ന അറിയപ്പെട്ടെ അന്തിമോപചാര ശുശ്രൂഷാഗാനവും ഭക്തിഗാനവുമാണിത്.

ആംഗ്ലിക്കൻ പൗരോഹിത്യം വെടിഞ്ഞു കത്തോലിക്കാ സഭയിൽ ചേര്‍ന്ന ബ്രിട്ടീഷുകാരനാണ് ജോണ്‍ ഹെന്‍‌റി ന്യുമാന്‍. 2010 ൽ വാഴ്‌ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ലണ്ടനിൽ 1801 ലാണു ജനനം. 1890 ൽ അന്തരിച്ചു.

ഹെന്ററി എന്ന് വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുമ്പോൾ ചങ്ങനാശേരി എസ് ബി കോളേജും സന്തോഷിക്കുന്നു. എസ് ബികോളേജിന്റെ ചരിത്രത്തിൽ മികച്ച ഹോസ്റ്റലുകളിൽ ഒന്നിന്റെ പേര് ന്യൂമാൻ ഹോസ്റ്റൽ എന്നായിരുന്നു എന്നതാണ് ആ സന്തോഷം.

1946 യിൽ സ്ഥാപിച്ച ന്യൂമാൻ ഹോസ്റ്റലിൽ വികാസങ്ങളുടെ ഭാഗമായി പൊളിച്ചു നീക്കിയില്ലങ്കിലും, എവിടെ താമസിച്ച പൂർവ്വ വിദ്യാർത്ഥികളും ഹോസ്റ്റൽ വർദ്ധൻ മാർക്കും ഓർമ്മയിൽ ഒരു സ്‌നേഹ സ്മരണയ്ക്കായി.

മലയാളത്തിന്റെ നിത്യ ഹരിത നായകൻ പ്രേം നസീർ ഉൾപ്പെടെ പല പ്രമുഖരും ന്യൂമാൻ ഹോസ്റ്റലിൽ ആണ് താമസിച്ചിരുന്നത്. 260 ഓളം വിദ്യാർത്ഥികൾ ഒരേ സമയം ഇവിടെ താമസിച്ചു പഠിച്ചു വന്നിരുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും തമ്മിലുള്ള രണ്ടുദിവസത്തെ അനൗദ്യോഗിക ചര്‍ച്ച മഹാബലിപുരത്ത് (മാമല്ലപുരം) നടക്കുമ്പോള്‍ ചെന്നൈയിലെ ടിബറ്റന്‍ വിദ്യാര്‍ത്ഥികള്‍ ‘വീട്ടുതടങ്കലില്‍’ ആയിരുന്നുവെന്ന് റിപ്പോര്‍ട്ട്. ടിബറ്റന്‍ വിദ്യാര്‍ത്ഥികളെ കോളേജ് ഹാളില്‍ പൂട്ടിയിട്ടിരിക്കുവായിരുന്നുവെന്നും ദ ന്യൂസ് മിനുറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. മദ്രാസ് ക്രിസ്ത്യന്‍ കോളേജിലെ (എംസിസി) 23 ടിബറ്റന്‍ വിദ്യാര്‍ഥികളും മദ്രാസ് സര്‍വകലാശാലയില്‍ 28 വിദ്യാര്‍ത്ഥികളും ഹൗസ് അറസ്റ്റിലായിരുന്നുവെന്നാണ് വിവരം.

എംസിസിയിലെ തിബറ്റന്‍ വിദ്യാര്‍ത്ഥികളോട് ഏതെങ്കിലും ‘നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍’ ഏര്‍പ്പെടില്ലെന്ന് വ്യക്തമാക്കുന്ന ഒന്നിലധികം രേഖകളില്‍ ഒപ്പിടാന്‍ ആവശ്യപ്പെടുകയും അവരെ കാമ്പസിലെ രണ്ട് ഹാളുകളില്‍ പൂട്ടിയിടുകയും ചെയ്തു. മോദിയും ഷിയും ശനിയാഴ്ച സംസ്ഥാനം വിട്ടത്തിന് ശേഷവും മണിക്കൂറുകള്‍ കഴിഞ്ഞാണ് വിദ്യാര്‍ത്ഥികളെ മോചിപ്പിച്ചത്.

കഴിഞ്ഞ രണ്ടാഴ്ചയായി കാമ്പസിലെ ടിബറ്റന്‍ വിദ്യാര്‍ത്ഥികളെ ഡീന്‍ ഓഫീസില്‍ പ്രാദേശിക പോലീസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുവെന്ന് ചോദ്യം ചെയ്യപ്പെട്ട ഹാളില്‍ നിന്ന് പുറത്തുപോകാന്‍ അനുവാദം ലഭിച്ച ടിബറ്റന്‍ വിദ്യാര്‍ത്ഥി വെളിപ്പെടുത്തി. ഒക്ടോബര്‍ 2 ബുധനാഴ്ച മുതലാണ് ടിബറ്റന്‍ വിദ്യാര്‍ത്ഥികളുടെ പട്ടിക തയ്യാറാക്കി ഓരോരുത്തരെയും വിളിച്ചുവരുത്തി അവരുടെ വിവരങ്ങള്‍ വിശദമായി പരിശോധിച്ചത്.

ആഴ്ചകളോളം ഇത് തുടര്‍ന്നു. കഴിഞ്ഞാഴ്ചയും വന്ന് വീണ്ടും ചോദ്യം ചെയ്തു. സെന്റ് തോമസ് മൗണ്ട് പോലീസ് സ്‌റ്റേഷനില്‍ വച്ച് ചൊവ്വാഴ്ച സ്വയം നിര്‍ണയ രേഖയില്‍ ഒപ്പുവയ്‌ക്കേണ്ടിയും വന്നു. അതിന് ശേഷം നിര്‍ബന്ധിച്ച് ബോണ്ട് പേപ്പറില്‍ ഒപ്പുവയ്പിച്ചു. അതില്‍ എഴുതിയിരുന്നത്, ‘ഞങ്ങള്‍ ഒരു സമരത്തിനും നിയമവിരുദ്ധമായ കാര്യത്തിലും ഇടപെടില്ല. അങ്ങനെ സംഭവിച്ചാല്‍ ഒരു വര്‍ഷം തടവും 10,000 രൂപ പിഴയുമായിരിക്കും ശിക്ഷ’ എന്നായിരുന്നുവെന്ന് വിദ്യാര്‍ത്ഥി പറയുന്നു.

മദ്രാസ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി പറയുന്നത്, ‘കഴിഞ്ഞ ഒരാഴ്ചയായി ഞങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. കാമ്പസിലെ ടിബറ്റന്‍ ബിരുദ വിദ്യാര്‍ത്ഥികളോടും ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥികളോടും കാമ്പസില്‍ തന്നെ നില്‍ക്കാന്‍ സര്‍വകലാശാല ആവശ്യപ്പെട്ടിരുന്നു. തടവിലാക്കിയത് പോലെയായിരുന്നു. പുറത്തു പോകാതിരിക്കാന്‍ രണ്ട് പോലീസുകാരെയും കാവല്‍ നിര്‍ത്തിയിരുന്നു.’ എന്നാണ്.

എംസിസിയുടെ ഡീന്‍ സംഭവം നിഷേധിച്ചു. മദ്രാസ് സര്‍വകലാശാലയിലെ അധികൃതര്‍ ഔദ്യോഗികമായി പ്രതികരിക്കാന്‍ തയ്യാറായില്ല.

കോഴിക്കോട് കൂടത്തായിയിലെ ആറ് മരണങ്ങളുമായി ബന്ധപ്പെട്ട കേസില്‍ കൂടുതല്‍ തെളിവിനായി മൃതദേഹാവശിഷ്ടങ്ങള്‍ വിദേശത്തേക്ക് അയക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. എസ്പി ദിവ്യ എസ് ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം എത്തി പരിശോധനയ്‌ക്ക് ശേഷമായിരിക്കും മൃതദേഹാവശിഷ്ടങ്ങള്‍ വിദേശത്തേക്ക് അയക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാക്കുക. ഫോറന്‍സിക് വിദഗ്ധരും ഡോക്ടര്‍മാരും അടക്കമുള്ളവരായിരിക്കും വിദഗ്ധസംഘത്തില്‍ ഉണ്ടാവുക.

അതേസമയം ഇത് വലിയ വെല്ലുവിളിയുള്ള കേസാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇന്നലെ പറഞ്ഞിരുന്നു. ആറുകൊലപാതകങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞെങ്കിലും എങ്ങനെ തെളിവുകള്‍ ശേഖരിക്കും എന്നതാണ് വെല്ലുവിളി. പക്ഷെ അന്വേഷണത്തില്‍ ഒന്നും അസാധ്യമായതില്ലെന്നും ബെഹ്‌റ പറയുന്നു. മൃതദേഹ അവിശിഷ്ടങ്ങളില്‍ വിദേശത്ത് പരിശോധന നടത്താന്‍ പോലീസ് തയ്യാറാണ്. അതിന് കോടതിയുടെ അനുമതി തേടുമെന്നും ബെഹ്‌റ കൂട്ടിച്ചേര്‍ത്തു.

ഫോറന്‍സിക് വിദഗ്ധരുടെ സംഘവുമായി ഡിജിപി ചര്‍ച്ച നടത്തിയിരുന്നു. ഇതുവരെയുള്ള അന്വേഷണം തൃപ്തികരമാണെന്നും. ആവശ്യമെങ്കില്‍ അന്വേഷണസംഘത്തില്‍ കൂടുതല്‍ വിദഗ്ധരെ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. റൂറല്‍ എസ്പി ഓഫീസില്‍ അന്വേഷണ സംഘത്തിന്റെ പ്രത്യേക യോഗം വിളിച്ച ബെഹ്‌റ കേസിന്റെ തുടര്‍ നടപടികളും ചര്‍ച്ച ചെയ്തിരുന്നു.

കേസിലെ മുഖ്യപ്രതിയായ ജോളിയെ ഇന്നും അന്വേഷണ സംഘം ചോദ്യം ചെയ്യും. ആറുമരണങ്ങളും ആറ് ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ വെവ്വേറെ അന്വേഷണസംഘമാണ് അന്വേഷിക്കുന്നത്. പോലീസ് ഇന്ന് വീണ്ടും പൊന്നാമറ്റം വീട്ടിലെത്തി തെരച്ചില്‍ നടത്തുമെന്നും സൂചനയുണ്ട്. എന്നാല്‍ ഈ തെരച്ചിലില്‍ ജോളിയടക്കമുള്ള പ്രതികളെ ഇവിടെ എത്തിച്ചേക്കില്ല.

‘അവൻ ആ അമ്മയുടെ വയറ്റത്ത് ചവിട്ടുമായിരുന്നു. അപ്പോൾ അവർ ഉറക്കെ നിലവിളിക്കും. കേട്ടു നിൽക്കാൻ കഴിയില്ല കരച്ചിൽ.. എന്നാലും ആ അമ്മ ഇവനെ വിട്ടു പോകത്തില്ല. മദ്യത്തിന്റെ പേരിൽ നടന്ന തർക്കത്തിൽ ഇവൻ ഒരു കൂട്ടുകാരനെ കൊന്നു. ആ കേസിൽ നിന്നും ഇവനെ ജാമ്യത്തിലെടുക്കാൻ പോയത് ഇൗ അമ്മയാ.. വേറെ രണ്ടു മക്കളുണ്ടെങ്കിലും അവർക്ക് സ്നേഹം ഇവനോടായിരുന്നു. മകൾ അധ്യാപികയാണ്. ഒരു മകൻ ബാങ്ക് ഉദ്യോഗസ്ഥനാണ്. എന്നിട്ടും ഉപദ്രവം മാത്രം ചെയ്യുന്ന ഇൗ മകനൊപ്പം അമ്മ ജീവിച്ചു. മദ്യപിച്ചാൽ അവൻ മൃഗമാണ്.. പെൻഷൻ കാശിന് വേണ്ടി ഇൗ അമ്മയെ അവൻ കൊല്ലാക്കൊല ചെയ്തിട്ടുണ്ട്…’ മനസ് മരവിപ്പിക്കുന്ന ക്രൂരതയുടെ വാക്കുകളാണ് നാട്ടുകാർ പറയുന്നത്. കൊല്ലത്ത് മകന്‍ അമ്മയെ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടിയ സംഭവത്തിൽ നടുക്കുന്ന ചിത്രം…..!

കൊല്ലത്ത് മകന്‍ അമ്മയെ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടി. ചെമ്മാന്‍മുക്ക് നീതി നഗറില്‍ സാവിത്രിയമ്മ (84) ആണ് കൊല്ലപ്പെട്ടത്. ഒരുമാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. മകന്‍ സുനില്‍ അറസ്റ്റിലായി. മകളുടെ പരാതിയിലാണ് അന്വേഷണം. പെൻഷൻ പണവും സ്വത്തും ആവശ്യപ്പെട്ട് അമ്മയുമായി സുനിൽ വഴക്കുണ്ടാക്കുമായിരുന്നുവെന്നും മർദിക്കുമായിരുന്നുവെന്നും അയൽവാസികൾ പറയുന്നു. മദ്യത്തിന്റെയും ക‍ഞ്ചാവിന്റെയും ലഹരിയിലാണ് ഇങ്ങനെ ചെയ്തിരുന്നത്. കഴിഞ്ഞ മാസം അഞ്ചാം തീയതി മുതലാണ് സാവിത്രി അമ്മയെ കാണാതായത്. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് മകൾ പരാതി നൽകിയത്.

സുനില്‍ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിലും ക‌ഞ്ചാവുകേസിലും പ്രതിയാണ്. സുനിലിനൊപ്പം കുട്ടൻ എന്ന സുഹൃത്തും കൊലപാതകത്തിൽ പങ്കാളിയാണെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. മൃതദേഹം പുറത്തെടുക്കാന്‍ പൊലീസ് ശ്രമം ആരംഭിച്ചു. വിശദമായ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

പ്രതി ജോളിയുമായി വർഷങ്ങളായി അടുപ്പമുണ്ടായിരുന്ന അഭിഭാഷകനും സംശയനിഴലിൽ. ഇയാൾക്കൊപ്പം ജോളി നടത്തിയ തമിഴ്നാട് യാത്രകളെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

താമരശ്ശേരി മേഖലയിൽ താമസിക്കുന്ന ഇയാൾ റോയി തോമസിന്റെ മരണശേഷം പതിവായി ജോളിയെ കാണാൻ വീട്ടിലെത്താറുണ്ടായിരുന്നു. ചില ബന്ധുക്കൾ വിലക്കിയതോടെയാണ് ഈ സന്ദർശനം നിലച്ചത്. കൊലപാതകവുമായി ഇയാൾക്കു ബന്ധമുണ്ടോയെന്നും വ്യാജ ഒസ്യത്ത് തയാറാക്കാൻ സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇയാളെ അന്വേഷണസംഘം അടുത്തദിവസം ചോദ്യം ചെയ്യും.

ജോളിയുടെ സുഹൃത്ത് ജോൺസണെ പൊലീസ് 6 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ബിഎസ്എൻഎൽ ജീവനക്കാരനായ ജോൺസണൊപ്പം ജോളി പലവട്ടം കോയമ്പത്തൂരിലും ബെംഗളുരൂവിലും പോയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഒരു യാത്ര റോയ് തോമസ് മരിച്ച് ആഴ്ചകൾക്കുള്ളിലായിരുന്നു.

എൻഐടി പ്രഫസറായി നാട്ടിൽ വിലസിയിരുന്ന ജോളി ജോസഫ് കൂടത്തായിയിലെ പൊന്നാമറ്റം വീടിനു ചുറ്റുവട്ടത്തെ വിദ്യാർഥികൾക്ക് ‘കരിയർ കൗൺസലി’ങ്ങും നൽകി. പെൺകുട്ടികൾ പഠിച്ച് ജോലി നേടി സ്വന്തം കാലിൽ നിൽക്കണമെന്ന് ഉപദേശിച്ചിരുന്ന ജോളി ഇതിന് സ്വന്തം അനുഭവം ഉദാഹരണമായി അവതരിപ്പിക്കുകയും ചെയ്തിരുന്നു.
വിദ്യാഭ്യാസ വകുപ്പിൽ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ടോം തോമസിനോടും അധ്യാപികയായിരുന്ന അന്നമ്മയോടുമുണ്ടായിരുന്ന ആദരം എൻഐടി അധ്യാപികയായ മരുമകൾ ജോളിയോടും നാട്ടുകാർക്കുണ്ടായിരുന്നെന്ന് അയൽവാസിയായ സറീന പറയുന്നു.

ഉന്നത പഠനത്തിന് ഉപദേശം തേടി അയൽക്കാർ ജോളിയെ സമീപിക്കുമായിരുന്നു. സറീനയുടെ മകൾ 2015 ൽ പ്ലസ് ടു പാസായപ്പോൾ എൻട്രൻസ് കോച്ചിങ് കാര്യങ്ങളിൽ നിർദേശം നൽകി. ‘റോയ്‌ച്ചായൻ മരിച്ച ശേഷം തനിക്ക് പിടിച്ചു നിൽക്കാനായത് ജോലിയുള്ളതു കൊണ്ടല്ലേ’ എന്ന് പറയുമായിരുന്നെന്നും അയൽക്കാർ ഓർക്കുന്നു.

2002 മുതൽ എൻഐടി അധ്യാപികയെന്ന് സ്വയം പരിചയപ്പെടുത്തിയിരുന്ന ജോളിക്ക് എൻഐടിയുമായി ഒരു ബന്ധവുമില്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. നാട്ടിലെ പൊതുപരിപാടികളിലും പള്ളിയിലെ ഡയറക്ടറിയിലും വരെ ‘എൻഐടി പ്രഫസർ’ ആയി ജോളി കയറിപ്പറ്റി.

ജോളി അറസ്റ്റ് പ്രതീക്ഷിച്ചിരുതായി കോഴിക്കോട് റൂറല്‍ എസ്.പി കെ.ജി.സൈമണ്‍ മാധ്യമങ്ങളോട്. അറസ്റ്റിന്റെ തലേന്ന് താമരശേരിയില്‍ അഭിഭാഷകനെ കണ്ടിരുന്നു. ആറ് കൊലപാതകങ്ങളും ചെയ്തത് താനാണെന്ന് ജോളി സമ്മതിച്ചതായും കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമോയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും എസ്.പി പറഞ്ഞു.

ഓരോ കൊലപാതകത്തിനു ശേഷവും പിടിക്കപ്പെടാതിരുന്നത് ആത്മവിശ്വാസം കൂട്ടിയെന്ന് കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫ് പറഞ്ഞു. പിന്നീടുള്ള ഓരോ കൊല നടത്താനും ഇതു ധൈര്യം നൽകി. ഇതോടെ കൊലപാതകങ്ങൾക്കിടയിലെ കാലയളവ് കുറഞ്ഞുവന്നു.

ആദ്യ ഭർത്താവ് റോയി തോമസിന്റെ മൃതശരീരം പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ സയനൈഡിന്റെ അംശം കണ്ടെത്തിയിട്ടും ഒരന്വേഷണവും നടക്കാതിരുന്നതോടെ പൂർണ ധൈര്യമായെന്നു ജോളി ചോദ്യം ചെയ്യലിനിടെ പൊലീസിനോടു പറഞ്ഞു. ഓരോ കൊലപാതകം നടത്തിയ രീതിയും ജോളി നിർവികാരതയോടെ വിവരിച്ചു.

∙ അന്നമ്മ തോമസിനെ കൊലപ്പെടുത്തിയത്. 2002ൽ. കൊലയ്ക്ക് ഉപയോഗിച്ചത് കീടനാശിനി.

∙ രണ്ടാമത്തെ കൊലപാതകം 6 വർഷത്തിനു ശേഷം. ടോം തോമസിന് കപ്പപ്പുഴുക്കിലും വെള്ളത്തിലും സയനൈഡ് കലർത്തി നൽകി.

∙ മൂന്നു വർഷത്തിനു ശേഷം 2011ൽ മൂന്നാമത്തെ കൊലപാതകം. റോയ് തോമസിനു സയനൈഡ് കലർത്തി നൽകിയത് ഏറ്റവും ഇഷ്ടപ്പെട്ട കടലക്കറിയിൽ

∙ റോയ് തോമസിന്റെ മരണത്തെക്കുറിച്ച് അന്വേഷണം ഇല്ലാതായതോടെ പൂർണധൈര്യമായി. 2014ൽ 3 മാസത്തെ ഇടവേളയിൽ നടത്തിയതു 2 കൊലകൾ.

∙ മഞ്ചാടിയിൽ മാത്യുവിന് സയനൈഡ് കലർത്തി നൽകിയത് മദ്യത്തിൽ. ഷാജുവിന്റെ മകൾ ആൽഫൈനിനു സയനൈഡ് പുരട്ടിയ ബ്രെഡ് ഇറച്ചിക്കറിയിൽ മുക്കി നൽകി.

∙ ഒരു വർഷത്തിനു ശേഷം ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ വധിക്കാനുള്ള ശ്രമം തുടങ്ങി. രണ്ടു ശ്രമങ്ങൾ പരാജയപ്പെട്ടു. 2016ൽ നടത്തിയ മൂന്നാം ശ്രമത്തിൽ സിലി മരിച്ചു. സയനൈഡ് നൽകിയത് വെള്ളത്തിൽ കലക്കിയും ഗുളികയിൽ പുരട്ടിയും

എടത്വ: ഗ്രീന്‍ കമ്യൂണിറ്റി സ്ഥാപകനും പരിസ്ഥിതി പ്രവര്‍ത്തകനുമായിരുന്ന ആന്റപ്പന്‍ അമ്പിയായം സ്മാരക എവറോളിംങ്ങ് ട്രോഫിക്കു വേണ്ടിയുള്ള മൂന്നാമത് എടത്വ ജലോത്സവത്തിന്റെ മുന്നോടിയായി ദീപശിഖ തെളിയിച്ചു.

മഴ മിത്ര ‘ത്തില്‍ നടന്ന സമ്മേളനത്തില്‍ എടത്വ സെന്റ്‌ജോര്‍ജ്ജ് ഫെറോനാ പള്ളി വികാരി ഫാ. മാത്യൂ ചൂരവടി ദീപശിഖ തെളിയിച്ചു.സെന്റ് തോമസ് ബിലിവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് നിരണം ഇടവക വികാരി ഫാ. ഷിജു മാത്യു മുഖ്യസന്ദേശം നല്‍കി. പനയനൂര്‍കാവ് മുഖ്യകാര്യദര്‍ശി ബ്രഹ്മശ്രീ ആനന്ദന്‍ നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തി. ടൗണ്‍ ബോട്ട് ക്ലബ് പ്രസിഡന്റ് ബില്‍ബി മാത്യു അധ്യക്ഷത വഹിച്ചു.ജലോത്സവ സമിതി ചെയര്‍മാന്‍ സിനു രാധേയം ദീപശിഖ ഏറ്റ് വാങ്ങി.

തലവടി ഗ്രാമപഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത് ,വീയപുരം നന്മ പ്രവാസി കൂട്ടായ്മ പ്രസിഡൻറ് സജി ആറ്റുമാലിൽ, ജനറൽ കൺവീനർ ഡോ.ജോൺസൺ വി. ഇ ടിക്കുള ,സെക്രട്ടറി എൻ.ജെ.സജീവ്, ട്രഷറർ കെ.തങ്കച്ചൻ , ജോൺസൺ എം. പോൾ, അജി കോശി,പോൾ സി വർഗീസ് മരങ്ങാട്ട്, ബാബു കണ്ണൻകുളങ്ങര , എബി പി.ആർ, അനിൽ ജോർജ് അമ്പിയായം, ഷെബിൻ പട്ടത്താനം, ശരത് ചന്ദ്രൻ ,സച്ചിൻ ഇ. ടി എന്നിവർ പ്രസംഗിച്ചു.

അംഗ പരിമിതരായവരും ദമ്പതികളും തുഴയുന്ന പ്രത്യേക മത്സരങ്ങളും കടലിന്റെ മക്കളുടെ പൊന്തു വള്ളങ്ങളുടെ പ്രദര്‍ശന തുഴച്ചിലും കനോയിങ്ങ് കയാക്കിങ്ങ് പ്രദര്‍ശന തുഴച്ചിലും ഈ വര്‍ഷം ഉണ്ടാകും. ഒരു തുഴ മുതല്‍ അഞ്ച് തുഴ വരെയുള്ള തടി ഫെബര്‍ വള്ളങ്ങളെ കൂടാതെ വെപ്പ് ബി ഗ്രേഡ്, ഓടി, ചുരുളന്‍ വള്ളങ്ങളും മത്സരത്തില്‍ പങ്കെടുക്കും. ഒക്ടോബര്‍ 17 ന് രജിസ്‌ട്രേഷന്‍ സമാപിക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ ഡോ. ജോണ്‍സണ്‍ വി. ഇടിക്കുള, സെക്രട്ടറി എന്‍.ജെ. സജീവ് എന്നിവര്‍ അറിയിച്ചു. രജിസ്‌ട്രേഷന്‍: ‪9061541967‬.

Dr. Johnson V Edicula. Post Box No. 7 EDATHUA. 689573. 9061805661

 

ക്ലിയർലേക്ക് (യുഎസ്) ∙ കലിഫോർണിയയിൽ ഉണ്ടായ കാറപകടത്തിൽ ഷില്ലോങ് ആർച്ച്ബിഷപ് ഡൊമിനിക് ജാല (68), കോൺകോർഡ് സെന്റ് ബൊണവെഞ്ചർ പള്ളി വികാരി മൂവാറ്റുപുഴ രണ്ടാർ സ്വദേശി ഫാ. മാത്യു വെള്ളാങ്കൽ എന്നിവർ മരിച്ചു. ഒപ്പമുണ്ടായിരുന്ന ഫാ. ജോസഫ് പാറക്കാട്ട് പരുക്കുകളോടെ ആശുപത്രിയിലാണ്.

കൊലൂസ് കൗണ്ടിയിൽ രാത്രി 11ന് (ഇന്ത്യൻ സമയം ശനിയാഴ്ച രാവിലെ 10.30) ഇവർ സഞ്ചരിച്ചിരുന്ന കാർ സെമി ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇരുവരും മുന്നിലാണിരുന്നതെന്ന് പൊലീസ് അറിയിച്ചു. ആരാണ് കാർ ഓടിച്ചിരുന്നതെന്ന് അറിവായിട്ടില്ല.

മേഘാലയ സ്വദേശിയാണ് ജാല. 2000 ഏപ്രിൽ നാലിനാണ് ഷില്ലോങ് ആർച്ച്ബിഷപ്പായി സ്ഥാനമേറ്റത്. നോർത്ത് ഈസ്റ്റ് ഇന്ത്യ റീജനൽ ബിഷപ്സ് കൗൺസിൽ പ്രസിഡന്റുമായിരുന്നു. ഇംഗ്ലിഷ് ആരാധനാക്രമം സംബന്ധിച്ച ചർച്ചാ സമ്മേളനത്തിൽ പങ്കെടുക്കാനാണ് യുഎസിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.

65 രാജ്യങ്ങളിൽ വ്യാപിച്ചു കിടന്നിരുന്ന മിജാർക്ക് പ്രസ്ഥാനത്തിന്റെ ഇന്റർനാഷനൽ ചാപ്ലിനാണ് ഫാ മാത്യു വെള്ളാങ്കൽ. രണ്ടാർ കുര്യാക്കോസ് ഏലിക്കുട്ടി ദമ്പതികളുടെ മകനായി ജനിച്ച ഫാ. വെള്ളാങ്കൽ സലേഷ്യൻ സഭയുടെ നോർത്ത് ഈസ്റ്റ് പ്രോവിൻസിൽ ചേർന്നു. 1986 ജനുവരി 5ന് പൗരോഹിത്യം സ്വീകരിച്ചു. തുടർന്ന് ഷില്ലോങ്ങിൽ മിഷൻ മേഖലയിൽ ഇടവക വികാരിയായും സ്കൂൾ പ്രിൻസിപ്പലായും സേവനം അനുഷ്ഠിച്ചു. പിന്നീട് നോർത്ത് ഈസ്റ്റ് പ്രോവിൻസിന്റെ യുവജന ഡയറക്ടറായി. കലിഫോർണിയയിലെ ഓക്‌ലൻഡ് രൂപതയിൽ ചേർന്ന ശേഷം 14 വർഷമായി അവിടെ വിവിധ ഇടവകകളിൽ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. ഫാ. വെള്ളാങ്കലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് സഭാ അധികൃതരും ബന്ധുക്കളും.

Copyright © . All rights reserved