കേരള റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോരിറ്റി ഉദ്ഘാടനച്ചടങ്ങിലാണ് നിലവിളക്ക് കൊളുത്തുന്നതിനെ ആചാരപരമാക്കാനുള്ള ശ്രമത്തെ മുഖ്യമന്ത്രി പിണറായി വിജയൻ എതിർത്തത്. ഉദ്ഘാടനത്തിന്റെ ഭാഗമായാണ് നിലവിളക്ക് കൊളുത്തുന്നത് എന്നിരിക്കെ അവതാരക എല്ലാവര‌ോടും എഴുന്നേറ്റു നിൽക്കണമെന്ന് ആവശ്യപ്പെട്ടത് മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെട്ടില്ല. തിരിഞ്ഞു നിന്ന് ‘അനാവശ്യ അനൗൺസ്മെന്റൊന്നും വേണ്ട’ എന്നദ്ദേഹം അവതാരകയോട് പറഞ്ഞു. തുടർന്ന് സദസ്സിലുള്ളവരോട് എഴുന്നേൽക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ശേഷം നിലവിളക്ക് കൊളുത്തി ഉദ്ഘാടനവും നിർവ്വഹിച്ചു.

നിലവിളക്ക് കൊളുത്തുന്നത് ഒരു മതാചാരത്തിന്റെ ഭാഗമാണെന്നും അത് ചെയ്യാൻ മറ്റുള്ളവരെ നിർബന്ധിക്കരുതെന്നുമുള്ള വാദഗതികൾ നേരത്തെ ഉയർന്നു വന്നിരുന്നതാണ്. എന്നാൽ നിലവിളക്ക് ഏതെങ്കിലും മതത്തിന്റേതല്ലെന്ന നിലപാട് സ്വീകരിച്ചവർ തുടർന്നും ചടങ്ങുകളിൽ അവ കൊളുത്തുന്നതിനോട് വിമുഖത കാട്ടിയിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനും നിലവിളക്ക് കൊളുത്തുന്നതിൽ ഇതുവരെ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടില്ല.

മാഫിയ എന്ന ആക്ഷേപത്തിന് അർഹരാകേണ്ടവരല്ല റിയൽ എസ്റ്റേറ്റ് മേഖലയിലുള്ളവരെന്ന് മുഖ്യമന്ത്രി ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. ചിലരുടെ പ്രവർത്തനത്തിന്റെ പേരിലാണ് ഒരു മേഖല ആകമാനം ഈ ആക്ഷേപം നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. റിയൽ എസ്റ്റേറ്റ് മേഖലയിലെ വലിയൊരു വിഭാഗം അനുഭവ സമ്പത്തും വിശ്വാസ്യതയുമുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.