സംസ്ഥാനത്ത് അതിശക്തമായ തുലാമഴ. തിരുവനന്തപുരം, എറണാകുളം, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് ആലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂരും കാസർകോടും ഒഴിച്ചുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലേർട്ട് നിലവിലുണ്ട്. കൊച്ചിയിൽ ഇന്നലെ രാത്രിമുതല്‍ അതിതീവ്ര മഴയാണ്. കൊച്ചിയില്‍ പ്രധാനപാതകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. എംജി റോഡിലും ടിഡി റോഡിലും ദേശീയ പതയിലും പശ്ചിമകൊച്ചിയുടെ വിവിധ ഭാഗങ്ങളിലും വെള്ളംകയറി.
എറണാകുളം ജില്ലയിലെ ഗ്രാമീണ മേഖലകളിലും മഴ ശക്തമാണ്. കോട്ടയത്തിന്റെ മലയോര മേഖലകളിലും പടിഞ്ഞാറന്‍ മേഖലകളിലും ഇടമുറിയാതെ ശക്തമായ മഴ പെയ്യുന്നു. തിരുവനന്തപുരത്തും പത്തനംതിട്ടയിലും കനത്ത മഴയാണ്. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പുണ്ട്. സംഭരണികളിലേക്കുള്ള നീരൊഴുക്കിന്റെ തോത് നിരീക്ഷിച്ച് ആവശ്യമുള്ള നടപടികൾ സ്വീകരിക്കാനും കാലാവസ്ഥാ വകുപ്പ് സർക്കാരിനോട് ആവശ്യപ്പെട്ടു. എല്ലാ ജില്ലാ ഭരണകൂടങ്ങളോടും അതീവ ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി. എറണാകുളത്തും ആലപ്പുഴയിലും പ്രഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധി.
കൊട്ടാരക്കര താലൂക്കില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി. തൃശൂര്‍ ജില്ലയില്‍ പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉച്ചമുതല്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനിടെ കനത്ത മഴ എറണാകുളത്ത് പോളിങ്ങിനെ ബാധിക്കുന്നു.എറണാകുളത്തെ വോട്ടെടുപ്പ് മാറ്റിവയ്ക്കുന്ന കാര്യം പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് ഓഫീസര്‍. ജില്ലാകലക്ടറുമായി സംസാരിച്ചു. വോട്ടെടുപ്പ് മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാതെവന്നാല്‍ മറ്റൊരു ദിവസേത്തേക്ക് മാറ്റേണ്ടിവരും കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടിയെന്നും ടിക്കാറാം മീണ പറഞ്ഞു
എടത്വ: സാമൂഹിക സാംസ്കാരിക മതസൗഹാർദ്ധ പാരമ്പര്യം നിലനിർത്തുവാൻ ജലോത്സവങ്ങൾ വേദികളാകുന്നെന്ന് മോറാൻ മോർ അത്തനേഷ്യസ് യോഹാൻ മെത്രാപോലീത്ത.
നൂറിലധികം പേർ ഒരുമിച്ച് തുഴയുന്ന ഒരു വള്ളത്തിൽ ജാതി-മത-വർണ്ണ- രാഷ്ട്രീയ ചിന്തകൾക്കതീതമായി ഒരുമിച്ച് വിജയത്തിന് വേണ്ടിയുള്ള പോരാട്ടം മറ്റ് മത്സരങ്ങളിൽ നിന്നും വ്യത്യസ്തമാണെന്നും മെത്രാപോലീത്ത കൂട്ടി ചേർത്തു.ഗ്രീന്‍ കമ്മ്യൂണിറ്റി സ്ഥാപകന്‍ ആന്റപ്പന്‍ അമ്പിയായത്തിന്റെ സ്മരണ നിലനിര്‍ത്തുന്നതിന് വേണ്ടി നടന്ന എടത്വ ജലോത്സവം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിലിവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് പരമാദ്ധ്യഷന്‍.
സായാഹ്ന സൂര്യന്റെ കിരണങ്ങളേറ്റ് ആയിരക്കണക്കിന് ജലോത്സവ പ്രേമികളെ സാക്ഷിയാക്കി ജലോത്സസവത്തിൽ ഏബ്രഹാം മൂന്ന്തൈക്കൽ വിജയ കിരീടമണിഞ്ഞു.കാണികളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി കൊണ്ട് മൂന്ന്തൈക്കൽ വിജയിയായത്.
എടത്വ സെന്റ് ജോര്‍ജ്ജ് ഫൊറോനാപള്ളിക്ക് മുന്‍വശമുള്ള പമ്പയാറ്റില്‍ ടൗണ്‍ ബോട്ട് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ആണ് മൂന്നാമത് ജലോത്സവം നടന്നത്.ആന്റപ്പന്‍ അമ്പിയായം എവര്‍റോളിംഗ് ട്രോഫി വള്ളം നേടി. വെപ്പ്‌വള്ളങ്ങളും ഒരു തുഴ മുതല്‍ അഞ്ച് തുഴ വരെയുള്ള തടി, ഫൈബര്‍ വള്ളങ്ങളുടെ മത്സരവും അംഗപരിമിതരുടെ നേതൃത്വത്തില്‍ പ്രത്യേക മത്സരവും നടന്നു..
സ്‌പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ദേശിയ ജലകായിക താരങ്ങളുടെ നേതൃത്വത്തില്‍ കനോയിംങ്ങ് കയാക്കിങ്ങ് വള്ളങ്ങളില്‍ പ്രദര്‍ശന തുഴച്ചിൽ നടന്നു. കടലിന്റെ മക്കൾ പൊന്ത് വള്ളങ്ങളിൽ തുഴച്ചിൽ നടത്തി. ഉച്ചയ്ക്ക് 1.30 ന് വാദ്യാഘോഷങ്ങളുടെെയുടെ അകമ്പടിയോടെയോടെ എടത്വ പള്ളി കുരിശടിയില്‍ നിന്നും വിശിഷ്ഠ അതിഥികളെ പവലിയനിലേയ്ക്ക് സ്വീകരിച്ചു.. ചെയര്‍മാന്‍ സിനു രാധേയം പതാക ഉയര്‍ത്തി. പ്രസിഡന്റ് ബില്‍ബി മാത്യു അദ്യക്ഷ്യത വഹിച്ചു.. സെന്റ് ജോര്‍ജ്ജ് ഫൊറോനാപള്ളി വികാരി ഫാ. മാത്യു ചൂരവടി ജീവകാരുണ്യ പ്രവര്‍ത്തന പദ്ധതി ഉദ്ഘാടനം ചെയ്തു. റേസ് ബോട്ട് ഓണേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ഉമ്മന്‍ മാത്യു മാസ് ഡ്രില്‍ സല്യൂട്ട് സ്വീകരിച്ചു.. സിനിമ താരം ഗിന്നസ് പക്രു ഫ്ളാഗ് ഓഫ് ചെയ്തു. യൂണിവേഴ്സല്‍ റെക്കാര്‍ഡ് ഫോറം അന്തര്‍ദേശിയ ജൂറി ഗിന്നസ് ഡോ. സുനില്‍ ജോസഫ് സമ്മാനദാനം നിര്‍വഹിച്ചു. ആന്റപ്പന്‍ അമ്പിയായം ഫൗണ്ടേഷന്‍ കര്‍മ്മശ്രേഷ്ഠ പുരസ്‌കാരം ഡോ. ലീലാമ്മ ജോര്‍ജ്ജിന് സമ്മാനിച്ചു. ആലുക്കാസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ഫലവൃക്ഷ്തൈ വിതരണണോദ്ഘാടനം
എടത്വാ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ആനി ഈപ്പൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോൻസി സോണി ,പഞ്ചായത്ത് അംഗം മീരാ തോമസ്, തലവടി ഗ്രാമപഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത്, ജനറൽ കണ്‍വീനര്‍ ഡോ. ജോണ്‍സണ്‍ വി. ഇടിക്കുള,ട്രഷറാർ കെ.തങ്കച്ചൻ, സെക്രട്ടറി എൻ.ജെ.സജീവ്,ആലുക്കാസ് തിരുവല്ല മോൾ മാനേജർ ഷെൽട്ടൺ വി. റാഫേൽ എന്നിവർ പ്രസംഗിച്ചു.
കെ.കെ.സുദീർ ,എ.ജെ.കുഞ്ഞുമോൻ, കെ.സി.രമേശ് കുമാർ ,ജസ്റ്റസ് സാമുവേൽ എന്നിവർ വിധി കർത്താക്കളും സന്തോഷ് വെളിയനാട്, റിക്സൺ ഉമ്മൻ എടത്വാ എന്നിവർ കമന്റേറ്റേഴ്സും ജയകുമാർ പി.ആർ, സാജൻ എൻ ജെ സ്റ്റാർട്ടേഴ്സും ആയിരുന്നു. അനിൽ ജോർജ് അമ്പിയായം ,ജയൻ ജോസഫ് പുന്നപ്ര, ജിം മാലിയിൽ ,ജോൺസൺ എം.പോൾ, സിയാദ് മജീദ്, അജയകുമാർ കെ.ബി., അജി കോശി ,കുര്യച്ചൻ മാലിയിൽ, അജോ ആൻറണി എന്നിവർ കൺവീനർമാരായി വിവിധ സബ് കമ്മറ്റികൾ നേതൃത്വം നല്കി.
പരിസ്ഥിതി സൗഹാർദ്ധ പെരുമാറ്റ ചട്ടം പൂർണ്ണമായും ഉൾപ്പെടുത്തി നടന്ന ജലോത്സവത്തിൽ കാണികളായി എത്തിയവർക്കെല്ലാം ആലുക്കാസ് ഫൗണ്ടേഷന്റെ വകയായി ഫലവൃക്ഷതൈ വിതരണം ചെയ്തു.
കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ ദമ്പതികളായ സൂര്യയും ഇഷാനും, തങ്ങളുടെ ആദ്യത്തെ കണ്മണിയെ വരവേൽക്കാനുള്ള കാത്തിരിപ്പിലാണ്. കാലം കുറച്ചായി സ്വന്തം ശരീരത്തില്‍ നിന്നൊരു കുഞ്ഞ് എന്ന തീവ്രമായ മോഹം സൂര്യയില്‍ ഉടലെടുത്തിട്ട്. പങ്കാളിയുടെ സ്വപ്നത്തിന് കാവലായി ഇഷാനും ഉണ്ട്. ആ സ്വപ്നം യാഥാര്‍ത്ഥ്യത്തിലേക്ക് അടുക്കുകയാണ് ഇപ്പോള്‍.
വലിയ വെല്ലുവിളികളാണ് ഉള്ളതെങ്കിലും കുഞ്ഞിന് ജന്മം നല്‍കണമെന്ന ദൃഢനിശ്ചയം ഈ ട്രാൻസ്ജെൻഡർ ദമ്പതികളെ മുന്നോട്ട് നയിച്ചു. ഒരു മാഗസിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇരുവരുടെയും വെളിപ്പെടുത്തൽ. ‘ഒത്തിരി സര്‍ജറികളിലൂടെയാണ് ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ ഞങ്ങള്‍ക്ക് സാധിക്കുകയുള്ളു. അത് തന്നെ ജീവന്‍ പണയപ്പെടുത്തിയിട്ടുള്ള ഒരു യാത്രയാണ്.
അത് എന്ത് തന്നെയായാലും ഇത്തരം ടെക്നോളജികള്‍ നമ്മുടെ നാട്ടില്‍ പുതിയതായി പരീക്ഷിക്കാനും ഇനിവരുന്ന ഞങ്ങളുടെ കമ്മ്യൂണിറ്റിക്ക് ഒരു പാതയുണ്ടാക്കുകയെന്നതാണ് ഞങ്ങളുടെ ആഗ്രഹം’-സൂര്യ പറഞ്ഞു. യൂട്രസ് ഒരു ട്രാന്‍സ്‌വുമണ്‍ സ്വീകരിച്ചതിന് ശേഷം ആറുമാസം വരെ അവരുടെ ശരീരം അത് ഉള്‍ക്കൊള്ളുമോ എന്ന് നോക്കണം. ആറ് മാസം കഴിഞ്ഞ് ഓകെയാണെങ്കില്‍ കുഞ്ഞിന് ജന്മം നല്‍കാന്‍ സാധിക്കും. ഗര്‍ഭാവസ്ഥയിലും സൂക്ഷിക്കണം- സൂര്യ പറയുന്നു.
2018 ജൂൺ 29ന് ആയിരുന്നു കുടുംബങ്ങളുടെ പൂര്‍ണ്ണ സമ്മതത്തോടെ തിരുവനന്തപുരം മന്നം മെമ്മോറിയൽ ഹാളിൽ സ്‌പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരം ഇവരുടെ വിവാഹം നടന്നത്. ആണായി പിറന്നെങ്കിലും പെണ്ണായി ജീവിക്കാന്‍ തീരുമാനിച്ച സൂര്യ. സ്ത്രീയല്ല, പുരുഷനെന്ന് സ്വയം പ്രഖ്യാപിച്ച ഇഷാന്‍ കെ. ഷാന്‍. വെല്ലുവിളികള്‍ നിറഞ്ഞ വഴികളെല്ലാം ഒരുപോലെ നേരിട്ടവരായിരുന്നു. ഏറെ നാളത്തെ പ്രണയം വിവാഹത്തിലേയ്ക്ക് വഴിമാറുകയായിരുന്നു.
നടക്കുമ്പോൾ എല്ലാം നിയമപരമായി നടക്കണമെന്ന ഇഷാന്റെ ആഗ്രഹമായിരുന്നു അന്ന് പൂവണിഞ്ഞത്. സംസ്ഥാന ട്രാന്‍സ്‍ജെന്‍ഡര്‍ ബോര്‍ഡ് അംഗമാണ് സൂര്യ, ഇഷാന്‍ ആകട്ടെ ജില്ലാ ഭാരവാഹിയും. ട്രാൻസ് പുരുഷൻ, ട്രാൻസ് സ്ത്രീ എന്നീ തിരിച്ചറിയൽ രേഖ സമർപ്പിച്ച് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ആയിരുന്നു വിവാഹം രജിസ്റ്റർ ചെയ്തത്.
പലപ്രശ്‌നങ്ങളുടെ പേരിൽ മലയാള സിനിമയിലെ നിരവധി താരങ്ങള്‍ക്ക് പൊലീസ് സ്റ്റേഷനുകളില്‍ കയറി ഇറങ്ങേണ്ടി വന്നിട്ടുണ്ട്. സിനിമരംഗത്തെ പല പ്രമുഖരും വിവിധ കേസുകളുമായി ബന്ധപ്പെട്ട് ജയിലിലില്‍ കിടന്നിട്ടുണ്ട്. മലയാളത്തില്‍ നിന്നും 7ഓളം നായിക,നായകന്മാരെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. അങ്ങനെയുള്ളവര്‍ ആരെല്ലാമാണെന്ന് നോക്കാം.
ശ്രീജിത്ത് രവി
പാലക്കാട് ഒറ്റപ്പാലത്തിനു സമീപം പത്തിരിപ്പാലയില്‍ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്ന പരാതിയില്‍ ശ്രീജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 2016 ഓഗസ്ത് 27നാണ് ലക്കിടിയിലെ സ്വകാര്യ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ ശ്രീജിത്തിനെതിരെ പോലീസില്‍ പരാതി നല്‍കിയത്. സിനിമയില്‍ അധികം സജീവമല്ലാത്ത നടനാണ് ശ്രീജിത്ത്.
ഷൈന്‍ ടോം ചാക്കോ
2015 ജനുവരിയില്‍ നിരോധിത ലഹരിമരുന്നായ കൊക്കെയ്‌നുമായി ഷൈനിനെയും മറ്റു 4 പേരെയും കൊച്ചിയിലെ ഒരു ഫ്‌ലാറ്റില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് അറുപത് ദിവസത്തോളം ഷൈന്‍ ജയിലില്‍ കഴിഞ്ഞു. ഇപ്പോള്‍ കൈ നിറയെ സിനിമയാണ് ഷൈനുള്ളത്.
ധന്യ മേരി വര്‍ഗീസ്
2016 ഡിസംബര്‍ 16ന് 130 കോടി രൂപയുടെ തട്ടിപ്പ്കേസുമായി ബന്ധപ്പെട്ടാണ് ധന്യയേയും ഭര്‍ത്താവിനേയും ഭര്‍ത്തൃസഹോദരനേയും കേരളാപോലീസ് നാഗര്‍കോവിലില്‍ നിന്നും അറസ്റ്റു ചെയ്തത്. നീണ്ട ഇടവേളയ്ക്ക് ശേഷം താരം ഇപ്പോള്‍ സീരിയല്‍ രംഗത്ത് സജീവമാണ്.
ദിലീപ്
സിനിമാ രംഗത്തെ പ്രമുഖയായ ഒരു നടിയെ അക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് ജനപ്രിയ നായകന്‍ ദിലിപ് ജയിലിലായത് 2017ലായിരുന്നു. മലയാള സിനിമയെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു അത്. ജൂലൈ 10ന് അറസ്റ്റ് ചെയ്ത് ജയിലിലടച്ച ദിലീപിനു ഒക്ടോബര്‍ 3നാണ് ജാമ്യം ലഭിച്ചത്. കൈ നിറയെ സിനിമയുമായി മുന്നേറുകയാണ് ദിലീപ് ഇപ്പോള്‍.
സംഗീത മോഹന്‍
മദ്യപിച്ച് പൊതുസ്ഥലത്ത് ഇറങ്ങുക മാത്രമല്ല മദ്യലഹരിയില്‍ വണ്ടിയോടിച്ച് കുഴപ്പമുണ്ടാക്കുകയും ചെയ്തിട്ടുണ്ട് സിനിമാ സീരിയല്‍ താരമായ സംഗീത മോഹന്‍. സംഭവത്തില്‍ സംഗീത മോഹനെ പോലീസ് അറസ്റ്റ് ചെയ്യുക വരെയുണ്ടായി. കൊച്ചി പാലാരിവട്ടത്തുവച്ചായിരുന്നു ആ സംഭവം. രാത്രി മദ്യപിച്ച് കാറോടിച്ച സംഗീത മറ്റൊരു വാഹനത്തില്‍ കാര്‍ കൊണ്ടിടിച്ചു. ചോദ്യം ചെയ്തവരെ ചീത്ത വിളിച്ചതോടെ പോലീസെത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ബൈജു
നഗരത്തിലെ ഒരു ക്ലബ്ബില്‍ വച്ച് വിദേശമലയാളിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തതിന് നടന്‍ ബൈജുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. തോക്ക് ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ബൈജു കുറെക്കാലം കേസുമായി നടക്കുകയും ചെയ്തിരുന്നു.
ശാലു മേനോന്‍
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് നടി ശാലു മേനോനെ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ രണ്ടാം പ്രതിയായിരുന്നു ശാലു. വിശ്വാസ വഞ്ചന, ചതി എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശാലുവിനെതിരേ കേസെടുത്തത്.
മുൻപ് ബാബു രാജും കൊലപാതക കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്
കൂടത്തായി കൊലപാതക പരമ്പരയിൽ പ്രതി ജോളിക്കെതിരെ സിലിയുടെ മകന്റെ മൊഴി. സിലിയുടെ മരണശേഷം ജോളി പലതവണ ഉപദ്രവിച്ചിരുന്നു. അപരിചിതനെപോലെയാണ് വീട്ടിൽ കഴിഞ്ഞിരുന്നത്. ജോളി നൽകിയ വെള്ളം കുടിച്ചതിന് ശേഷമാണ് സിലി കുഴഞ്ഞു വീണതെന്നും മകൻ മൊഴി നൽകി.
സിലിയുടെ കൊലപാതകത്തിന് പിന്നിൽ ജോളി തന്നെയാണെന്ന് തെളിയിക്കുന്നതാണ് സിലിയുടെ മകന്റെ മൊഴി. ശനിയാഴ്ചയാണ് പൊലീസ് സിലിയുടെ മകന്റെ മൊഴിയെടുത്തത്. അതേസമയം, ജോളിക്ക് സയനൈഡ് ലഭിച്ചത് കോയമ്പത്തൂരിൽ നിന്നാണെന്ന് വ്യക്തമായിട്ടുണ്ട്. കോയമ്പത്തൂരിൽ പ്രജികുമാറിന് സയനൈഡ് നൽകിയ സത്യന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.
ഇന്നലെയാണ് സിലിയുടെ മകന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയത്. കൂടത്തായി കൊലപാതക പരമ്ബരയിലെ രണ്ടാമത്തെ കേസായിട്ടാണ് സിലിയുടെ കൊലപാതകം പൊലീസ് അന്വേഷിക്കുന്നത്. ഈ കേസിൽ പ്രതി ജോളി ജോസഫിന്റെ അറസ്റ്റ് പൊലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ ആദ്യ ഭാര്യയാണ് സിലി.
താമരശ്ശേരിയിലെ ഒരു സ്വകാര്യ ദന്താശുപത്രിയിൽ വെച്ച് ജോളി സയനൈഡ് നൽകി സിലിയെ കൊലപ്പെടുത്തിയെന്നാണ് കേസ്. വടകര തീരദേശ പൊലീസ് സ്റ്റേഷൻ സി.ഐ ബി.കെ സിജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് സിലി വധക്കേസ് അന്വേഷിക്കുന്നത്. റോയ് വധക്കേസ് പ്രതികളായ ജോളി, എം.എസ് മാത്യു എന്നിവരാണ് സിലി വധക്കേസിലും ഒന്നും രണ്ടും പ്രതികൾ.
അതേസമയം കൂടത്തായി കേസിലെ ജോളിയുൾപ്പെടെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ താമരശ്ശേരി മജിസ്ട്രേറ്റ് കോടതി ഇന്നലെ തള്ളിയിരുന്നു. പ്രതികളുടെ റിമാൻഡ്കാലാവധി നവംബർ രണ്ടുവരെ നീട്ടി.
ഡല്‍ഹിയില്‍ മലയാളി അമ്മയും മകനും മരിച്ച സംഭവത്തില്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ഇന്നലെയാണ് കോട്ടയം മണര്‍കാട് സ്വദേശി ലിസിയുടെയും മകൻ അലൻ സ്റ്റാൻലിയും ആത്മഹത്യ ചെയ്തത്. മരിച്ച ലിസിയുടെ മുറിയിൽ നിന്നാണ് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്. ലിസിയുടെ രണ്ടാം ഭർത്താവായ പ്രവാസി വ്യവസായിയുടെ മരണവുമായി ബന്ധപ്പെട്ട കേസിനെക്കുറിച്ച് കുറിപ്പിൽ സൂചനയുണ്ടെന്നാണ് വിവരം.
പ്രവാസി വ്യവസായിയുടെ മരണത്തിൽ അന്വേഷണം തുടരുന്നതിനിടെ ഇന്നലെയാണ് അമ്മയെയും മകനെയും ദില്ലിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ദില്ലി പീതംപുരയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു ലിസിയുടെ മൃതദേഹം കണ്ടെത്തിയത്.
വീട്ടിൽ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ സരായി റോഹിലയിലെ റെയിൽ പാളത്തിൽ ട്രെയിൻ തട്ടി മരിച്ച നിലയിലായിരുന്നു മകൻ അലൻ സ്റ്റാൻലിയുടെ മൃതദേഹം. ദില്ലി സെന്റ് സ്റ്റീഫൻലിവെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ദില്ലി ഐഐടിയിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥിയുമാണ് അലൻ സ്റ്റാൻലി.
2018 ഡിസംബര്‍ 31 പ്രവാസി വ്യവസായിയായ ലിസിയുടെ ഭര്‍ത്താവ് ജോണ്‍ വിൽസണ്‍ ആത്മഹത്യ ചെയ്തിരുന്നു. വിഷാദ രോഗം ആത്മഹത്യയിലേക്ക് നയിച്ചു എന്നായിരുന്നു പൊലീസിന്‍റെ നിഗമനം. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ജോണിന്‍റെ ആദ്യ ഭാര്യയിലെ മകൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നുള്ള സംഭവങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.
കൂടത്തായി കൊലപാതകക്കേസ് പ്രതി ജോളിയുടെ സുഹൃത്തായ ബിഎസ്എൻഎൽ ജീവനക്കാരന്‍ ജോണ്‍സണ്‍ ഉപയോഗിച്ചത് റോയ് തോമസിന്റെ മൊബൈല്‍ നമ്പര്‍. ജോളിയുടെ ആദ്യഭര്‍ത്താവായ റോയ് തോമസിന്റെ മരണശേഷം ജോണ്‍സണ്‍ നമ്പര്‍ സ്വന്തം പേരിലേക്ക് മാറ്റി. ഇതിലൂടെ ജോണ്‍സണ്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്ന് കണ്ടെത്തി. അന്വേഷണ സംഘം ഇക്കാര്യം പരിശോധിച്ചുവരികയാണ്.
ജോളി കൊലയാളിയെന്ന് അറിയില്ലായിരുന്നുവെന്ന് ജോണ്‍സൺ മുന്‍പ് മൊഴി നല്‍കിയിരുന്നു. ജോളിയുമായി നല്ല സൗഹൃദമുണ്ടായിരുന്നു. ജോണ്‍സന്റെ പേരിലുള്ള സിം കാര്‍ഡാണ് ജോളി ഉപയോഗിച്ചത്. ജോളിക്കൊപ്പം സിനിമയ്ക്കും വിനോദയാത്രയ്ക്കും പോയിട്ടുണ്ടെന്നും ജോണ്‍സണ്‍ വെളിപ്പെടുത്തിയിരുന്നു.
കൂടത്തായികേസിലെ ജോളിയെ പരിചയപ്പെട്ടതെങ്ങനെ എന്ന് വെളിപ്പെടുത്തി സുഹൃത്തായ യുവതി. എൻഐടി പരിസരത്തെ തയ്യൽക്കടയിൽ ജോലി ചെയ്തിരുന്ന കാലത്താണു ജോളിയെ പരിചയപ്പെട്ടത്. എൻഐടിയിലെ അധ്യാപിക എന്ന നിലയിലാണു പരിചയം. താൻ ജോലി ചെയ്തിരുന്ന തയ്യൽക്കടയിൽ ജോളി പതിവായി വരാറുണ്ടായിരുന്നു.
ജോളിയുടെ ഭർത്താവിന്റെ മരണമറിഞ്ഞു വീട്ടിൽ പോയിരുന്നതായും യുവതി പൊലീസിനോടു പറഞ്ഞു. തയ്യൽക്കട പൂട്ടിയെങ്കിലും സൗഹൃദം തുടർന്നു. ഈ വർഷം മാർച്ചിൽ എൻഐടി രാഗം ഫെസ്റ്റിന് എത്തിയപ്പോൾ അവിചാരിതമായാണു ജോളിയെ കണ്ടുമുട്ടിയതെന്ന യുവതിയുടെ മൊഴി പക്ഷേ, അന്വേഷണസംഘം വിശ്വാസത്തിൽ എടുത്തിട്ടില്ല.
ജോളിയുടെ മൊബൈൽ ഫോണിൽനിന്ന് ഈ യുവതിയുമൊന്നിച്ചുള്ള ഒട്ടേറെ ചിത്രങ്ങൾ ലഭിച്ചതോടെയാണു പൊലീസ് ഇവർക്കായി തിരച്ചിൽ തുടങ്ങിയത്. ഈ വർഷം മാർച്ചിൽ എൻഐടിയിൽ നടന്ന രാഗം കലോത്സവത്തിലും ഈ യുവതി ജോളിക്കൊപ്പം എത്തിയതിന്റെ ചിത്രങ്ങളും ഫോണിലുണ്ടായിരുന്നു.
കൊയിലാണ്ടി സ്വദേശിയായ യുവതി കൂടത്തായി കൊലക്കേസ് വാർത്തകൾ അറിഞ്ഞതോടെ ബന്ധുക്കളുടെ നിർദേശപ്രകാരം തലശ്ശേരിയിലെ ബന്ധുവീട്ടിലേക്കു മാറി. എന്നാൽ, തന്നെ പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന വാർത്ത പുറത്തുവന്നതോടെ ഇന്നലെ അന്വേഷണസംഘത്തിനു മുന്നിൽ ഹാജരാവുകയായിരുന്നു. തലശ്ശേരിയിൽനിന്ന് ഓട്ടോറിക്ഷയിലാണു യുവതി വടകരയിൽ എത്തിയത്.
സ്കൂൾ കാലം മുതൽ ഡിഗ്രി വരെ രണ്ടാം ഭാഷ അറബിക്. എന്നിട്ടും സിവിൽ സർവീസസ് പരീക്ഷയ്ക്കു മുഹമ്മദലി ശിഹാബ് മലയാളം ഓപ്ഷനൽ വിഷയമാക്കി. ഇന്റർവ്യൂവും മലയാളത്തിൽ. ആദ്യ ശ്രമത്തിൽ തന്നെ 226–ാം റാങ്ക് നേടിയ ആ ‘തനി മലയാളി’ ഇപ്പോൾ ജില്ലാ കലക്ടറാണ്; അതും, ഇംഗ്ലിഷ് മാത്രം ഔദ്യോഗിക ഭാഷയായ നാഗാലാൻഡിൽ !
മലപ്പുറം എടവണ്ണപ്പാറ സ്വദേശിയായ ശിഹാബ് സിവിൽ സർവീസസ് പരീക്ഷ എഴുതുന്നതിനു മുൻപ് 21 പിഎസ്‌സി പരീക്ഷകൾ എഴുതിയിരുന്നു; എല്ലാം മലയാളത്തിൽ. എല്ലാറ്റിലും നിയമന ഉത്തരവും ലഭിച്ചു. ചില പിഎസ്‌സി പരീക്ഷകൾ മലയാളത്തിൽ എഴുതാനുള്ള അവസരം നേരത്തേ തന്നെയുണ്ടായിരുന്നതാണു ശിഹാബ് പ്രയോജനപ്പെടുത്തിയത്.
സിവിൽ സർവീസസിനു ജ്യോഗ്രഫിയും ഹിസ്റ്ററിയും ഓപ്ഷനൽ വിഷയങ്ങളാക്കിയാണു പരിശീലനം തുടങ്ങിയത്. പ്രിലിമിനറി കഴിഞ്ഞ് മെയിനിനു ജ്യോഗ്രഫിക്കു പകരം മലയാള സാഹിത്യം ഓപ്ഷനലാക്കി. ഭാഷയിലെ അവഗാഹത്തിനു അധ്യാപകന്റെ പ്രശംസ ലഭിച്ചതു പ്രോത്സാഹനമായി; മെയിൻ പരീക്ഷയിലെ എല്ലാ പേപ്പറും ഇന്റർവ്യൂവും മലയാളത്തിൽ മതിയെന്നും തീരുമാനിച്ചു.
ഇംഗ്ലിഷ് പുസ്തകങ്ങളെ ആധാരമാക്കിയാണു പഠിച്ചതെങ്കിലും മലയാളത്തിൽ കുറിപ്പുകൾ തയാറാക്കി. ഇംഗ്ലിഷിലെ തത്തുല്യ പദങ്ങൾ മലയാളത്തിൽ കണ്ടെത്താൻ നിഘണ്ടുവിന്റെ സഹായം തേടി. എൻസിഇആർടി പാഠപുസ്തകങ്ങളുടെ പരിഭാഷയും സഹായിച്ചു. എല്ലാറ്റിനും തത്തുല്യപദങ്ങൾ കണ്ടെത്തണമെന്നില്ലെന്നും ആശയം ഫലിപ്പിക്കുകയാണു പ്രധാനമെന്നും ശിഹാബ് പറയുന്നു.
മലയാളം വേഗത്തിൽ എഴുതാനാകുമോ എന്ന ആശങ്കയുണ്ടായിരുന്നു. ഓരോ ചോദ്യത്തിനും ഉത്തരമെഴുതാൻ കൃത്യമായ സമയം ക്രമീകരിച്ചു. തീരാത്തവ അക്കമിട്ട് അടുത്തതെഴുതി. ബാക്കിയായ ഭാഗങ്ങൾ ശേഷിച്ച സമയത്തു പൂർത്തിയാക്കി.
ഇന്റർവ്യൂവിനു ദ്വിഭാഷിയുണ്ടായിരുന്നു. ഇടയ്ക്കു പരിഭാഷ അപര്യാപ്തമെന്നു തോന്നിയപ്പോൾ ബോർഡ് ചില ചോദ്യങ്ങൾ ഇംഗ്ലിഷിൽ നേരിട്ടു ചോദിച്ചു; മറുപടിയും ഇംഗ്ലിഷിൽ.
ഇന്ത്യയിൽ ഇംഗ്ലിഷ് മാത്രം ഔദ്യോഗിക ഭാഷയായ രണ്ടു സംസ്ഥാനങ്ങളിലൊന്നാണു നാഗാലാൻഡ് (മറ്റൊന്ന് അരുണാചൽ പ്രദേശ്). നാഗാലാൻഡിലെ ട്യുവൻസങ് ജില്ലാ കലക്ടറായി ജോലി ചെയ്യുമ്പോൾ ശിഹാബിന് ഇംഗ്ലിഷ് പ്രശ്നമേയല്ല.
ലാസ്റ്റ് ഗ്രേഡ് മുതൽ ഐഎഎസ് വരെ
സിവിൽ സർവീസസ് ഇന്റർവ്യൂ വരെ മലയാളത്തിൽ എന്നു കേൾക്കുമ്പോഴുള്ള കൗതുകത്തിനപ്പുറം അറിയേണ്ടതാണു മുഹമ്മദലി ശിഹാബിന്റെ ജീവിതകഥ (അല്ല, അതിജീവനകഥ). അനാഥാലയത്തിൽ വളർന്ന്, 22–ാം വയസ്സിൽ മാത്രം സിവിൽ സർവീസസ് പരീക്ഷയെക്കുറിച്ചു ചിന്തിച്ച്, അതിനുള്ള യോഗ്യത നേടാനായി പ്രൈവറ്റായി ഡിഗ്രി പഠിച്ചയാളുടെ വിജയകഥയാണത്.
വീടുകളിൽ മുറവും കുട്ടയും വിൽക്കുകയായിരുന്നു ശിഹാബിന്റെ വാപ്പയുടെ ജോലി. പിന്നീട് എവടണ്ണപ്പാറയിലെ വഴിവക്കിൽ ഉന്തുവണ്ടിയിലായി കച്ചവടം. ശിഹാബ് അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ വാപ്പ മരിച്ചതോടെ ജീവിതം മാറി. 11 വയസ്സു മുതൽ 21 വയസ്സു വരെ ശിഹാബിന്റെ ജീവിതം അനാഥാലയത്തിലായി. പത്താം ക്ലാസ് കഴിഞ്ഞ് കുറച്ചുകാലം കൂലിപ്പണി. ശേഷം അനാഥാലയത്തിന്റെ കീഴിൽത്തന്നെ പ്രീഡിഗ്രി, ടിടിസി. വളവന്നൂർ ബാഫഖി യതീംഖാനയിൽ അധ്യാപകനായി. സർക്കാർ ജോലിക്കായി പിഎസ്‌സി പരീക്ഷകളെഴുതിത്തുടങ്ങി. ഇതിനിടെയാണു സിവിൽ സർവീസ് മോഹമുദിച്ചത്. ബിഎ ഹിസ്റ്ററിക്കു പ്രൈവറ്റായി റജിസ്റ്റർ ചെയ്തു.
2004ൽ ജലവിഭവ വകുപ്പിൽ ലാസ്റ്റ് ഗ്രേഡായി ആദ്യ പിഎസ്‌സി ജോലി. ഫോറസ്റ്റർ, റെയിൽവേ ടിക്കറ്റ് കലക്ടർ, ഫോറസ്റ്റ് ഗാർഡ്, എൽപി/യുപി സ്കൂൾ അധ്യാപകൻ തുടങ്ങി ലഭിച്ച ജോലികളുടെ പട്ടിക നീളുന്നു.
ബിരുദം ഒന്നാം ക്ലാസിൽ ജയിച്ചതോടെ സിവിൽ സർവീസ് സ്വപ്നത്തിനു ജീവൻവച്ചു. മുക്കം യതീംഖാന അധികൃതർ പിന്തുണയുമായെത്തി. അങ്ങനെ ഡൽഹി സകാത്ത് ഫൗണ്ടേഷനിൽ പരിശീലനത്തിനു കേരളത്തിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട 12 പേരിലൊരാളായി.
മലയാളം ഓപ്ഷനലായി തിരഞ്ഞെടുക്കാൻ ജീവിതപശ്ചാത്തലവും കാരണമാണ്. അനാഥാലയ കാലത്തെ കടുത്ത ഒറ്റപ്പെടലിനെ മറികടക്കാൻ കൂട്ടുപിടിച്ച പുസ്തകങ്ങളാണു മലയാളവുമായി അടുപ്പിച്ചത്. 2011ൽ 30 ാം വയസ്സിൽ ആദ്യശ്രമത്തിൽ തന്നെ ഐഎഎസ്.
എല്ലാ അനുകൂല സാഹചര്യങ്ങളുടെയും തുണയോടെ പഠിച്ച് ആദ്യശ്രമത്തിൽ വിജയിച്ച പലരുമുണ്ടാകും. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനായി ആദ്യ നിയമനം ലഭിച്ചൊരാളുടെ ഐഎഎസ് വിജയം അതിനെക്കാൾ എത്രയോ വലുത്.
അശ്ലീലതയുടെ അതിപ്രസരത്തിന് കടിഞ്ഞാൻ. ചൈൽഡ് പോൺ കൈമാറ്റത്തിന്റെ പേരിൽ നിരീക്ഷണത്തിലായിരുന്ന ടെലിഗ്രാം ഗ്രൂപ്പുകളിൽ ശുദ്ധീകരണം. കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങൾ പ്രചരിപ്പിച്ചതിനെത്തുടർന്നു പന്ത്രണ്ട് പേർ പൊലീസ് പിടിയിലായിരുന്നു. ഇതേത്തുടർന്നാണ് മലയാളികൾ നിയന്ത്രിച്ചിരുന്ന അശ്ലീല ഗ്രൂപ്പുകളിൽ ശുദ്ധീകരണം നടത്തിയത്. രണ്ടു ലക്ഷത്തോളം അംഗങ്ങളുള്ള നീലക്കുറിഞ്ഞി പോലുള്ള ഗ്രൂപ്പുകൾ പേരു മാറ്റി, ലൈംഗിക ദൃശ്യങ്ങളെല്ലാം നീക്കം ചെയ്തു. അഡ്മിൻമാർ തങ്ങളുടെ തടിരക്ഷിക്കാനുള്ള ശ്രമം തുടങ്ങി കഴിഞ്ഞു.
മലയാളികൾ അഡ്മിൻമാരായ പ്രമുഖ വാട്സാപ്, ടെലിഗ്രാം പോൺ ഗ്രൂപ്പുകളെല്ലാം പ്രവർത്തനം അവസാനിപ്പിച്ചു തുടങ്ങിയെന്നാണു റിപ്പോർട്ടുകൾ. സൈബർ ഡോം പോലെയുള്ള ഏജൻസികളുടെ ശക്തമായ നിരീക്ഷണത്തിൽനിന്നു രക്ഷപ്പെടാനായി തത്കാലം പേരുമാറ്റിയ ഗ്രൂപ്പുകളുമുണ്ട്. എന്നാൽ ഇതേ ഗ്രൂപ്പുകളിൽ ഇതൊന്നുമറിയാതെ അശ്ലീല ദൃശ്യങ്ങൾ പോസ്റ്റു ചെയ്യുന്നവരുമുണ്ട്. തേടിയെത്തുന്ന ദൃശ്യങ്ങൾ കാണാതെ വാലും തുമ്പുമില്ലാത്ത ചർച്ചകൾ കണ്ടു അന്തംവിട്ടു ഗ്രൂപ്പ് ഉപേക്ഷിച്ചവരും നിരവധി. രണ്ടു ലക്ഷം പേർ തിക്കിതിരക്കിയിരുന്ന ടെലഗ്രാം ഗ്രൂപ്പിൽ ഇപ്പോൾ അംഗങ്ങൾ അരലക്ഷത്തോളം കുറഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ.
പ്രാദേശികമായി ലഭിക്കുന്ന എല്ലാ പോൺ വിഡിയോകളും ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്ന ഗ്രൂപ്പുകളായിരുന്നു നീലക്കുറിഞ്ഞിയും അലമ്പന്‍സും അധോലോകവും പോലുള്ളവ. ചൈൽഡ് പോൺ വിഡിയോകൾ പ്രചരിപ്പിക്കരുതെന്നു ഈ ഗ്രൂപ്പ് അഡ്മിൻമാർ തന്നെ നിയമങ്ങളിൽ എഴുതിയിട്ടുണ്ടെങ്കിലും ഗ്രൂപ്പിലുള്ളവർക്ക് എന്തും പോസ്റ്റ് ചെയ്യാമെന്നതും അത് കണ്ടെത്തി നീക്കം ചെയ്യുന്നതിനു മുൻപ് തന്നെ പ്രചരിക്കുമെന്നതും ഇത്തരം ഗ്രൂപ്പുകളിലൂടെ ചൈൽഡ് പോൺ പ്രചരിക്കാനിടയാക്കിയിരുന്നു.
കൂടാതെ ചൈൽഡ് പോൺ പ്രചരിക്കുന്നവരുടെ രഹസ്യഗ്രൂപ്പുകളിലേക്കും ആളെക്കൂട്ടുന്നതും ഇത്തരം ഓപ്പൺ ഗ്രൂപ്പുകളിലൂടെയായിരുന്നു. കോഡ് വാക്കുകളുപയോഗിച്ചാണ് പലരും ഗ്രൂപ്പുകളിലേക്കു ആളെ ക്ഷണിച്ചിരുന്നത്. രണ്ടു വർഷം മുൻപാണ് പൂമ്പാറ്റ എന്ന പേരിലുള്ള ടെലിഗ്രാം ഗ്രൂപ്പിനു പിന്നിലുള്ളവരെ കേരളാ പൊലീസ് പിടികൂടിയത്. വീണ്ടും ഇതേപോലുള്ള ഗ്രൂപ്പുകളിലൂടെ സാമൂഹ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന സൂചനയെത്തുടർന്നാണ് ഓപ്പറേഷൻ പി ഹണ്ട് എന്ന പേരിൽ പരിശോധനയും തുടർന്ന് അറസ്റ്റുമുണ്ടായത്. അശ്ലീല വെബ്സൈറ്റുകളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന പോൺ വിഡിയോകൾ ഇപ്പോൾ കൂടുതലായി പ്രചരിക്കുന്നത് വാട്സാപ്, ടെലിഗ്രാം ഗ്രൂപ്പുകളിലാണ്.