Kerala

പാലാരിവട്ടം പാലം നിര്‍മ്മാണത്തില്‍ ആരോപണവിധേയനായ മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് വൈകില്ല. പാലാ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം തീരുന്ന ദിവസമായ നാളെ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് വിജിലന്‍സ് അന്വേഷണസംഘം നല്‍കുന്ന സൂചന.

ചോദ്യം ചെയ്യലിനായി ക്രിമിനല്‍ നടപടി ചട്ടം 41 എ പ്രകാരം നോട്ടിസ് നല്‍കി വിളിച്ചുവരുത്തുന്ന ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്താനാണ് ധാരണ. അറസ്റ്റില്‍ മാധ്യമങ്ങളെ അറിയിച്ചുളള നാടകീയത വേണ്ടെന്നും അന്വേഷണസംഘത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അഴിമതി കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ സൂരജിന്റെ മൊഴിയാണ് ഇബ്രാഹിംകുഞ്ഞിന് കുരുക്കാകുന്നത്.

മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞിന്റെ നിര്‍ദ്ദേശപ്രകാരമാണ് നിര്‍മ്മാണകരാര്‍ ഏറ്റെടുത്ത കമ്പനിക്ക് മൊബിലൈസേഷന്‍ ഫണ്ട് അനുവദിച്ചതെന്നാണ് സൂരജ് കോടതിയെയും അന്വേഷണഉദ്യോഗസ്ഥരെയും അറിയിച്ചിരിക്കുന്നത്. ഇക്കാര്യം മാധ്യമങ്ങളോടും സൂരജ് വെളിപ്പെടുത്തി. ഈ സാഹചര്യത്തില്‍ ഇബ്രാഹിം കുഞ്ഞിനെ കൂടുതല്‍ ചോദ്യം ചെയ്‌തെ മതിയാകൂ. അല്ലാതെ അന്വേഷണം മുന്നോട്ടുപോകില്ലെന്നാണ് വിജിലന്‍സ് ഉദ്യോഗസ്ഥരുടെ നിഗമനം. ഇക്കാര്യം വിജിലന്‍സ് മേധാവിയെ അറിയിച്ചപ്പോഴും സമാന പ്രതികരണമായിരുന്നു. ഇനി വേണ്ടത് രാഷ്ട്രീയ അനുമതിയാണ്.

പാലാ ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിരക്കിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉച്ചയോടെ അനുമതി നല്‍കിയതായാണ് സൂചന. ഉചിതമായ സമയത്ത് ഉദ്യോഗസ്ഥര്‍ക്ക് അറസ്റ്റിലേക്ക് പോകാമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ അറസ്റ്റിനിടെ നാടകീയ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കാന്‍ അവസരം സൃഷ്ടിച്ച് തിരിച്ചടി ഉണ്ടാക്കരുതെന്നും നിര്‍ദ്ദേശിച്ചുണ്ട്. അഴിമതി നടത്തിയത് എത്ര ഉയര്‍ന്ന വ്യക്തിയാണെങ്കിലും തടസമല്ലെന്നും അന്വേഷണ സംഘത്തിന് ആരും കൂച്ചുവിലങ്ങിട്ടിട്ടില്ലെന്നുമുളള മുഖ്യമന്ത്രിയുടെ ഇന്നത്തെ പ്രതികരണങ്ങള്‍ ഇതിന്റെ സൂചനയാണെന്നും പറയപ്പെടുന്നു.

അറസ്റ്റിന് പര്യാപ്തമായ സാഹചര്യം ഒരുങ്ങിയിട്ടും രാഷ്ട്രീയ സാഹചര്യങ്ങളായിരുന്നു അന്വേഷണസംഘത്തിന് മുന്നിലുണ്ടായിരുന്ന തടസം. പാല ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ യു.ഡി.എഫിലെ പ്രധാന ഘടകകക്ഷിയുടെ എം.എല്‍.എയും മുന്‍മന്ത്രിയുമായ വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് ഉണ്ടായാല്‍ അത് തിരിച്ചടിയാകുമോയെന്ന് ഭരണനേതൃത്വത്തിന് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ യു.ഡി.എഫ് പ്രചാരണം കിഫ്ബിയെ സംബന്ധിച്ച അക്ഷേപങ്ങളിലും ശബരിമല വിഷയത്തിലും കേന്ദ്രീകരിച്ചപ്പോള്‍ ആദ്യം സര്‍ക്കാരിന്റെ വികസനനേട്ടങ്ങളില്‍ മാത്രം ഊന്നിയ ഇടതുമുന്നണി പാലാരിവട്ടം പാലം അഴിമതിയിലേക്ക് പ്രചാരണത്തെ മാറ്റി.

ശബരിമലയില്‍ തെറ്റ് പറ്റിയോ ഇല്ലയോ എന്ന് പാലായുടെ മണ്ണില്‍വെച്ച് തുറന്നുപറയാന്‍ ആവശ്യപ്പെട്ട എ.കെ ആന്റണിയുടെ വെല്ലുവിളിക്കുപോലും മറുപടി കൊടുക്കാതെയാണ് മുഴുവന്‍ശ്രദ്ധയും പാലാരിവട്ടം അഴിമതിയിലേക്ക് മാറ്റി. ഇതിനിടെ ഉണ്ടായ സൂരജിന്റെ വെളിപ്പെടുത്തലും ഹൈകോടതിയുടെ പഞ്ചവടിപ്പാലം പരാമര്‍ശവും ഇടത് പ്രചാരണത്തിന് ബലമേകി. ഇതോടെയാണ് അറസ്റ്റിലേക്ക് പോകാനുളള ആത്മവിശ്വാസം ഭരണനേതൃത്വത്തിനും വന്നത്. സാഹചര്യങ്ങള്‍ ഒരിക്കല്‍ക്കൂടി വിലയിരുത്തിയേ അറസ്റ്റിനുളള അന്തിമതീരുമാനം ഉണ്ടാകുയെന്നും ഭരണതലപ്പത്തുളളവര്‍ പറഞ്ഞു.

കൊച്ചി: മരടിലെ ഫ്‌ളാറ്റ് കുടിയൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി.ഫ്‌ളാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് നടപ്പാക്കുമെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഇതു വരെയെടുത്ത നടപടികളാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്.സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ബാധ്യതയുണ്ടെന്നും ഇക്കാര്യത്തില്‍ എന്തെങ്കിലും പോരായ്മ ഉണ്ടായാല്‍ മാപ്പ് തരണമെന്നും ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു. നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവും ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചു.

അതേസമയം, മരടിലെ ഫ്ളാറ്റ് കുടിയൊഴിപ്പിക്കല്‍ ചോദ്യം ചെയ്തു കൊണ്ട് ഹൈക്കോടതിയില്‍ നല്‍കിയ പുതിയ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ചു. ഹര്‍ജി ചൊവ്വാഴ്ചയായിരിക്കും പരിഗണിക്കുക.സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുവാന്‍ ബാധ്യതയുണ്ടെന്ന് വ്യക്തമാക്കി കൊണ്ടാണ് ഹൈക്കോടതി ഹര്‍ജി പരിഗണിക്കുന്നത് മാറ്റി വെച്ചത്. ഫ്ളാറ്റിലെ താമസക്കാരനായ പോള്‍ എം.കെയാണ് കോടതിയില്‍ പുതിയ ഹര്‍ജി നല്‍കിയത്.മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീംകോടതി നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കുകയാണ്. കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ ചീഫ് സെക്രട്ടറിയെ ജയിലിലേക്ക് അയക്കുമെന്നായിരുന്നു കോടതിയുടെ താക്കീത്.

അതേസമയം, മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി അക്യുറേറ്റ് ഡിമോളിഷേസ് എന്ന കമ്പനി രംഗത്തെത്തിയിരുന്നു. രണ്ടു മാസത്തിനുള്ളില്‍ ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കാമെന്നും മുപ്പത് കോടി രുപ ചിലവ് വരുമെന്നുമായിരുന്നു ബംഗളൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി അറിയിച്ചത്.മലിനീകരണം ഉണ്ടാവില്ലെന്നും കോടതി അനുവദിച്ചാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ നടപടികള്‍ തുടങ്ങാമെന്നും ടെണ്ടര്‍ വിളിച്ചെങ്കിലും സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലല്ലെന്നും കമ്പനി വ്യക്തമാക്കുകയും ചെയ്തിരുന്നു.

പാല: പാല ഉപതെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പി സി ജോര്‍ജിനൊപ്പമെത്തിയ സംഘം കടയില്‍ ആക്രമണം നടത്തിയതായി വ്യാപാരിയുടെ പരാതി.

എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പി സി ജോര്‍ജ് എംഎല്‍എ വോട്ട് ചോദിക്കാനെത്തിയപ്പോള്‍ ബേക്കറിയുടമയായ കുരിശുങ്കല്‍ സിബിയുമായി വാക്കു തര്‍ക്കമുണ്ടായതായാണ് ആരോപണം. ഇതിന് പിന്നാലെ ഒപ്പമുണ്ടായിരുന്നവര്‍ കടയില്‍ അക്രമം നടത്തിയെന്നാണ് പരാതി.

എംഎല്‍എയ്ക്ക് ഒപ്പമുണ്ടായിരുന്നവര്‍ കടയിലെ അലമാരയ്ക്കു കേടുപാടു വരുത്തി. ഭരണികള്‍ എറിഞ്ഞുടച്ചു. എന്നാല്‍ കടയില്‍ ആക്രമണം നടന്നുവെന്ന ആരോപണം പി സി ജോര്‍ജ് നിഷേധിച്ചു.

ഒമ്പത് വയസ്സുള്ള മൂന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ പോലീസ് അന്വേഷണം നേരിടുന്ന വൈദികനെ സസ്‌പെന്‍ഡ് ചെയ്തു. എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികനായ ഫാ. ജോര്‍ജ്ജ് പടയാട്ടിലിനെയാണ് വൈദിക പദവിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്.

പോലീസ് അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും അതിരൂപത വ്യക്തമാക്കിയിട്ടുണ്ട്. ചേന്ദമംഗലം കോട്ടയില്‍ കോവിലകം ഹോളിക്രോസ് പള്ളി വികാരിയായ ഫാ. ജോര്‍ജ്ജ് പടയാട്ടിലിനെതിരെ വടക്കേക്കര പോലീസാണ് കേസെടുത്തത്. പീഡനത്തിന് ഇരയായ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിന്റെ മാനേജരാണ് വൈദികന്‍. ഒരുമാസം മുമ്പാണ് വൈദികന്റെ പീഡനത്തെക്കുറിച്ച് ഒരു പെണ്‍കുട്ടി പരാതി ഉന്നയിച്ചത്. തുടര്‍ന്ന് രണ്ട് പെണ്‍കുട്ടികള്‍ കൂടി പരാതിയുമായി രംഗത്തെത്തി. കുട്ടികള്‍ പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ എത്തിയ സമയത്ത് പീഡിപ്പിച്ചെന്നാണ് പരാതി.

വൈദികന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് ഒരു പെണ്‍കുട്ടി അറിയിച്ചപ്പോള്‍ അധ്യാപിക വീട്ടുകാരെയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെയും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികള്‍ പീഡനത്തിന് ഇരയായതായി ബോധ്യപ്പെട്ടത്. കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്. കുട്ടികള്‍ മജിസ്‌ട്രേറ്റിന് രഹസ്യമൊഴി നല്‍കിയിരുന്നു. സംഭവം പുറത്ത് അറിഞ്ഞതോടെ വൈദികന്‍ മുങ്ങിയിരുന്നു. ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.

തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മരുമകളെ പീഡിപ്പിച്ചെന്ന പരാതിയിൽ മുൻ ബിജെപി എംഎൽഎ മനോജ് ഷോകീനെതിരെ കേസ്. വ്യാഴാഴ്ചയാണു യുവതി പരാതി നൽകിയത്. 2018 ഡിസംബർ 31ന് ആണ് സംഭവമുണ്ടായതെന്നു ഡൽഹി പൊലീസ് പറഞ്ഞു. നംഗോളി മണ്ഡലത്തിൽനിന്നു രണ്ടുതവണ എംഎൽഎ ആയിട്ടുള്ള വ്യക്തിയാണു മനോജ് ഷോകീൻ.

വിവാഹശേഷം അമ്മവീട്ടിൽനിന്നു ഭർത്താവിനും സഹോദരനും ബന്ധുവിനുമൊപ്പം മീരാ ബാഗ് പ്രദേശത്തെ വീട്ടിലേക്കു പുറപ്പെട്ടതായിരുന്നു യുവതി. എന്നാൽ പശ്ചിം വിഹാറിലെ ഒരു ഹോട്ടലിലേക്കാണു ഭർത്താവ് കൊണ്ടുപോയത്. അവിടെ പുതുവർഷം ആഘോഷിക്കാനായി ചില ബന്ധുക്കൾ കാത്തുനിന്നിരുന്നു. ആഘോഷത്തിനുശേഷം ജനുവരി ഒന്നിന് പുലർച്ചെ പന്ത്രണ്ടരയോടെ മീരാ ബാഗ് പ്രദേശത്തെ വീട്ടിലേക്കു പോയി. താനുറങ്ങാൻ കിടന്നപ്പോൾ ഭർത്താവ് സുഹൃത്തുക്കൾക്കൊപ്പം പുറത്തേക്കിറങ്ങിയെന്നു യുവതി പറഞ്ഞു.

പുലർച്ചെ ഒന്നരയോടെ ഭർതൃപിതാവ് മനോജ് ഷോകീൻ വാതിൽ തുറക്കാൻ ആവശ്യപ്പെടുകയും കുറച്ചുകാര്യങ്ങൾ സംസാരിക്കാനുണ്ടെന്നു പറയുകയും ചെയ്തു.

അകത്തു കയറിയയുടൻ മോശമായി രീതിയിൽ തൊടാൻ തുടങ്ങി. നിങ്ങൾ മദ്യപിച്ചിട്ടുണ്ടെന്നും അപ്പുറത്തുപോയി ഉറങ്ങണമെന്നും യുവതി ആവശ്യപ്പെട്ടു. അപ്പോൾ തോക്ക് പുറത്തെടുക്കുകയും യുവതിയെ അടിക്കുകയും ശബ്ദമുയർത്തിയാൽ സഹോദരനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്നു ബലപ്രയോഗം നടത്തുകയും പീഡിപ്പിക്കുകയും ആയിരുന്നെന്നു യുവതി വിശദീകരിച്ചു.

വിവാഹബന്ധം തകരാതിരിക്കാനും സഹോദരന് ആപത്തു വരാതിരിക്കാനുമാണ് ഇത്രയും നാൾ പരാതിപ്പെടാതിരുന്നതെന്നു യുവതി പറഞ്ഞു. ഭർതൃവീട്ടുകാർക്ക് എതിരെ ഗാർഹിക പീഡനപരാതി നേരത്തേ നൽകിയിരുന്നതായും യുവതി വെളിപ്പെടുത്തി. ഐപിസി 376, 506 വകുപ്പുകൾ പ്രകാരം ബിജെപി നേതാവിനെതിരെ കേസ് എടുത്തെന്നും അന്വേഷണം നടക്കുകയാണെന്നും ഡിസിപി സെജു പി.കുരുവിള പറഞ്ഞു.

തൃശ്ശൂര്‍: പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്ന് മായന്നൂരില്‍ നിന്ന് ഒളിച്ചോടിയ 6 കുട്ടികളെ കണ്ടെത്തി. ഒറ്റപ്പാലത്തിന് സമീപം കുളപ്പുള്ളിയില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്.

മായന്നൂര്‍ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 9-ാം ക്ലാസില്‍ പഠിക്കുന്ന ആറ് വിദ്യാര്‍ത്ഥികളെയാണ് ഇന്നലെ കാണാതായത്. രാവിലെ സ്‌കൂളിലേക്ക് പുറപ്പെട്ട ഇവര്‍ സ്‌കൂളില്‍ എത്തിയിട്ടില്ലെന്ന് വൈകീട്ടാണ് അറിഞ്ഞത്. പോലീസും നാട്ടുകാരും ഒരു രാത്രി മുഴുവന്‍ നടത്തിയ തിരച്ചിലിനോടുവിലാണ് കുട്ടികളെ കണ്ടെത്തിയത്.

ഒറ്റപ്പാലത്തിന് അടുത്ത് കുളപ്പുള്ളിയിലെ ഒരു ക്ഷേത്രത്തിന് അടുത്താണ് കുട്ടികള്‍ രാത്രി ചിലവഴിച്ചതെന്ന്. കുട്ടികളെ വൈദ്യ പരിശോധനക്ക് വിധേയരാക്കിയ ശേഷം കൗണ്‍സിലിങ് നടത്തി. പിന്നീട് രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.

പാലാ ഉപതിരഞ്ഞെടുപ്പിന് കലാശക്കൊട്ട് അവസാനിച്ചു. നഗരത്തെ പ്രകമ്പനം കൊള്ളിച്ചാണ് മുന്നണികളുടെ പ്രകടനം. പരസ്യപ്രചാരണത്തിന്റെ ഔദ്യോഗികസമാപനം നാളെയാണ്. വോട്ടെടുപ്പ് തിങ്കളാഴ്ച.

പരസ്യപ്രചാരണം അവസാനിപ്പിക്കാന്‍ നാളെ വൈകീട്ട് ആറുമണിവരെ സമയമുണ്ടെങ്കിലും ശ്രീനാരായണ ഗുരു സമാധി ദിനമായതിനാൽ മുന്നണികള്‍ കലാശക്കൊട്ട് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പാലാ നഗരത്തിന്റെ മൂന്നിടങ്ങളിലായി മുന്നണികള്‍ ഇപ്പോള്‍ കൊട്ടിക്കയറുകയാണ്.

തിരുവനന്തപുരം ∙ പിഎസ്‌സി സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷാ തട്ടിപ്പിന് ഉപയോഗിച്ച ഫോണുകള്‍ മണിമലയാറ്റില്‍ ഒഴുക്കിയതായി കേസിലെ പ്രതികളായ സഫീറും പ്രണവും. മുണ്ടക്കയത്ത് സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുമ്പോഴാണ് തെളിവുകള്‍ നശിപ്പിച്ചതെന്നും ഇരുവരും ക്രൈംബ്രാഞ്ച് സംഘത്തെ അറിയിച്ചു. ഓഗസ്റ്റ് മാസത്തില്‍ മഴക്കാലത്താണ് ഫോണുകള്‍ നദിയില്‍ ഒഴുക്കിയത്. കൂട്ടുകാരന്റെ കുടുംബത്തിനു പഞ്ചായത്തില്‍നിന്ന് ലഭിച്ചതാണ് വീട്. അച്ഛനും അമ്മയും ആ വീട്ടില്‍ താമസമില്ലാത്തതിനാലാണ് ദിവസങ്ങളോളം ഒളിവില്‍ കഴിയാന്‍ സാധിച്ചതെന്നും ഇരുവരും വെളിപ്പെടുത്തി. ശിവരഞ്ജിത്തിന്റെ സ്മാര്‍ട് വാച്ച് മൂന്നാറിലെ ആറ്റില്‍ കളഞ്ഞെന്ന് നേരത്തെ ശിവരഞ്ജിത്തും മൊഴി നല്‍കിയിരുന്നു.

നസീമാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നാണ് ഇരുവരും അന്വേഷണ സംഘത്തോട് പറഞ്ഞത്. എന്നാല്‍, പ്രണവാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നാണ് കേസിലെ മറ്റു പ്രതികളായ നസീമും ശിവരഞ്ജിത്തും വെളിപ്പെടുത്തിയത്. പ്രതികള്‍ പരസ്പരം ആരോപണം ഉന്നയിക്കുന്നതിനാല്‍ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ഇന്നലെ സഫീറിനെയും പ്രണവിനെയും മുണ്ടക്കയത്ത് എത്തിച്ചു തെളിവെടുത്തു. ഇന്നു രാവിലെ യൂണിവേഴ്സിറ്റി കോളജിലെത്തിച്ചും തെളിവെടുത്തു.

പരീക്ഷയ്ക്ക് ശേഷം നസീമിന്റേതടക്കം രണ്ട് സ്മാര്‍ട് വാച്ചുകള്‍ പ്രണവായിരുന്നു സൂക്ഷിച്ചത്. ഒളിവില്‍ പോയപ്പോള്‍ ഇവയും ഉത്തരങ്ങള്‍ അയക്കാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും ഇടിച്ച് പൊട്ടിച്ച ശേഷം മുണ്ടക്കയത്തെ മണിമലയാറ്റില്‍ ഒഴുക്കിയെന്നാണ് അവിടെയെത്തിച്ചുള്ള തെളിവെടുപ്പില്‍ പ്രണവ് പറഞ്ഞത്.

പരീക്ഷാ തട്ടിപ്പു കേസിൽ യൂണിവേഴ്സിറ്റി കോളജിലെ കൂടുതൽ വിദ്യാർഥികൾ പ്രതികളാകുമെന്നു സൂചന. കേസിലെ പ്രതികളായ നസീം, ശിവരഞ്ജിത്ത്, പ്രണവ് എന്നിവർക്ക് പരീക്ഷയിൽ ഉത്തരങ്ങൾ നൽകി സഹായിച്ചവരെ കേന്ദ്രീകരിച്ചാണ് കുരുക്ക് മുറുകുന്നത്. കൂടുതൽ പേർ തട്ടിപ്പിനു സഹായിച്ചതായി അന്വേഷണ സംഘത്തിനോട് വ്യക്തമാക്കിയ പ്രണവ് സഹായിച്ചവരെക്കുറിച്ച് വെളിപ്പെടുത്താൻ തയാറായില്ല. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വിവരങ്ങൾ ലഭിക്കാനായി നുണ പരിശോധന ഉൾപ്പെടെയുള്ള ശാസ്ത്രീയ പരിശോധനകൾ നടത്താൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. പ്രണവിന്റെയും മറ്റൊരു പ്രതിയായ സഫീറിന്റെയും കസ്റ്റഡി കാലാവധി ഇന്നു കഴിയും. തട്ടിപ്പിന് ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടെടുക്കാൻ അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടില്ല.

കേസിലെ മുഖ്യസൂത്രധാരൻ പ്രണവാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. മറ്റു പ്രതികളുടെ മൊഴിയും ഇത് ശരി വയ്ക്കുന്നു. അതിനാൽ ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ചിലർ സഹായിച്ചുവെന്നതിൽ കവിഞ്ഞ് ചോദ്യപേപ്പർ ചോർച്ചയെ കുറിച്ച് പ്രണവ് വിശദ വെളിപ്പെടുത്തൽ നടത്തിയിട്ടില്ല. ഇത് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നുണ്ട്.

സുഹ്യത്തായ ഒരു വിദ്യാർഥി ചോദ്യപേപ്പർ പുറത്ത് എത്തിച്ചുവെന്നും മറ്റു ചില സുഹ്യത്തുക്കൾ ഉത്തരങ്ങൾ കണ്ടെത്താൻ സഹായിച്ചതായും ചോദ്യം ചെയ്യലിൽ സമ്മതിച്ച പ്രണവ് കൂടുതൽ ചോദ്യം ചെയ്യലിൽ പേര് വെളിപ്പെടുത്താതെ പരസ്പര വിരുദ്ധമായ മൊഴികളാണ് നൽകിയത്. ഇത് അന്വേഷണം വഴിതെറ്റിക്കാനാണോയെന്നു അന്വേഷണ സംഘത്തിന് സംശയമുണ്ട്. ഈ സാഹചര്യത്തിലാണ് കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ തീരുമാനിച്ചത് . ശിവരഞ്ജിത്ത്, നസീം, ഗോകുൽ, സഫീർ, പ്രണവ് എന്നിവരാണ് കേസിൽ ഉൾപ്പെട്ടിട്ടുള്ളത്.

ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാലിനെ പ്രതിയാക്കി വനം വകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചു. പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഏഴുവര്‍ഷങ്ങള്‍ക്കു ശേഷം വനം വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മോഹന്‍ലാലടക്കം നാലുപേരാണ് പ്രതിപ്പട്ടികയിലുള്ളത്.

ആനക്കൊമ്പ് കൈവശം വെച്ചതും കൈമാറ്റം ചെയ്തതും നിയമവിരുദ്ധമായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2012 ജൂണിലാണ് മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ നിന്ന് നാല് ആനക്കൊമ്പുകള്‍ ആദായ നികുതി വകുപ്പ് കണ്ടെത്തിയത്.

രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. ആനക്കൊമ്പ് സൂക്ഷിക്കാന്‍ ലൈസന്‍സ് ഇല്ലാത്ത മോഹന്‍ലാല്‍ മറ്റ് രണ്ട് പേരുടെ ലൈസന്‍സിലാണ് ആനക്കൊമ്പുകള്‍ സൂക്ഷിച്ചതെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

എന്നാല്‍ ആനക്കൊമ്പുകള്‍ 65,000 രൂപ കൊടുത്ത് വാങ്ങിയെന്നായിരുന്നു മോഹന്‍ലാന്റെ വിശദീകരണം. റെയ്ഡില്‍ ആനക്കൊമ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് കോടനാട് ഫോറസ്റ്റ് അധികൃതര്‍ കേസെടുത്തു. എന്നാല്‍ പിന്നീട് കേസ് റദ്ദാക്കി.

ഇതിനിടയില്‍ താരത്തിന്റെ കൈയ്യിലുള്ളത് യഥാര്‍ത്ഥ ആനക്കൊമ്പുകള്‍ ആണെന്ന് പരിശോധനയില്‍ വ്യക്തമായതായി മലയാറ്റൂര്‍ ഡിഎഫ്ഒ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മുന്‍കൂര്‍ അനുമതിയില്ലാതെ ആനക്കൊമ്പ് കൈവശംവയ്ക്കരുതെന്ന വന്യജീവി സംരക്ഷണനിയമത്തിലെ 39 (3) വകുപ്പുപ്രകാരം, മോഹന്‍ലാലിന് ഉടമസ്ഥാവകാശം നല്‍കിയ നടപടി റദ്ദാക്കണമെന്നും ആനക്കൊമ്പ് സര്‍ക്കാരിലേക്കു മുതല്‍ക്കൂട്ടണമെന്നുമാണ് ഹര്‍ജിക്കാരന്റെ വാദം.

മുത്തൂറ്റിലെ തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാകാതെ മുത്തൂറ്റ് ചെയര്‍മാന്‍ എം ജി ജോര്‍ജ്ജ്. ഒരുമണിക്കൂറോളം നീണ്ട പത്രസമ്മേളനത്തിനൊടുവില്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചോദിച്ചു തുടങ്ങിയപ്പോഴാണ് ജോര്‍ജ്ജ് അതില്‍ നിന്നും ഒഴിയാന്‍ ശ്രമിച്ചത്.

പത്രസമ്മേളനത്തിനല്ല, തന്റെ മെസേജ് നിങ്ങള്‍ക്ക് തരാനാണ് താന്‍ വന്നതെന്നും മുത്തൂറ്റ് ചെയര്‍മാന്‍ മാധ്യമപ്രവര്‍ത്തകരോട് ദേഷ്യപ്പെട്ടുകൊണ്ട് പറഞ്ഞു. എന്നാല്‍ ഒരുമണിക്കൂറോളം താങ്കളെ കേട്ട ഞങ്ങള്‍ പറയുന്നതുകൂടി കേള്‍ക്കണമെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. അപ്പോഴാണ് ‘കേള്‍ക്കുകേല, കാരണം ഇതിനുള്ള മാര്‍ക്‌സിസ്റ്റ് അനുഭാവികളുണ്ട്..’ എന്ന് ജോര്‍ജ്ജ് പറഞ്ഞത്. ജോര്‍ജ്ജിനെ തുടരാന്‍ അനുവദിക്കാതിരുന്ന മാധ്യമപ്രവര്‍ത്തകര്‍ ‘എന്ത് വൃത്തികേടാ ഈ പറയുന്നത്? പത്രസമ്മേളനം വിളിച്ചിട്ട് ധാര്‍ഷ്ട്യം പറയുന്നോ?’ എന്ന് മാധ്യമപ്രവര്‍ത്തകര്‍ തിരിച്ചു ചോദിച്ചു. അതോടെ ‘വൃത്തികേട്’ എന്ന വാക്ക് പിന്‍വലിക്കണമെന്നായി ജോര്‍ജ്ജിന്റെ നിലപാട്.

നേരത്തെ പ്രധാനമന്ത്രി പറഞ്ഞാലും മുത്തൂറ്റില്‍ യൂണിയന്‍ അനുവദിക്കില്ലെന്നും അഹങ്കാരം കാണിച്ചാല്‍ മുത്തൂറ്റ് വെറുതെവിടില്ലെന്നും ജോര്‍ജ്ജ് പറഞ്ഞിരുന്നു. സംഘടനാപ്രവര്‍ത്തനത്തിന് നിയമപരമായി തൊഴിലാളികള്‍ക്ക് അവകാശമുണ്ടെന്നിരിക്കെയാണ് അത് അംഗീകരിക്കില്ലെന്ന് മുത്തൂറ്റ് ചെയര്‍മാന്‍ പറയുന്നത്. മുത്തൂറ്റില്‍ തൊഴിലാളികള്‍ക്ക് സമരത്തിന് അവകാശമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. മധ്യസ്ഥ ചര്‍ച്ചകളോട് സഹകരിക്കണമെന്ന കര്‍ശന നിര്‍ദ്ദേശവും ഹൈക്കോടതി മാനേജ്‌മെന്റിന് നല്‍കിയിരുന്നു.

ഇതിന് പിന്നാലെയാണ് ഇന്ന് മുത്തൂറ്റ് ചെയര്‍മാന്‍ സര്‍ക്കാരിനും പോലീസിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി തിരുവനന്തപുരത്ത് പത്രസമ്മേളനം നടത്തിയത്. വേണ്ടിവന്നാല്‍ സംസ്ഥാനത്തെ മുഴുവന്‍ ശാഖകളും താന്‍ പൂട്ടുമെന്നും ജോര്‍ജ്ജ് ഭീഷണി മുഴക്കി. എന്നാല്‍ അതിന്റെ ഉത്തരവാദിത്വം മാനേജ്‌മെന്റിന് ഉണ്ടാകില്ലെന്നും ജോര്‍ജ്ജിന്റെ ഭീഷണിയില്‍ പറയുന്നു.

Copyright © . All rights reserved