തിരുവനന്തപുരം∙ ആലുവ ഈസ്റ്റ് സിഐ സി.എൽ.സുധീറിനെ സസ്പെൻഡ് ചെയ്തു. നിയമ വിദ്യാർഥി മോഫിയ പർവീൺ ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ടാണു നടപടി. വകുപ്പുതല അന്വേഷണം നടത്താൻ സിറ്റി ട്രാഫിക് എസിയെ ഡിജിപി ചുമതലപ്പെടുത്തി. കൊച്ചി റേഞ്ച് ഡിഐജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഡ് ചെയ്തത്.
ഉദ്യോഗസ്ഥന്റെ ഭാഗത്ത് വീഴ്ച വന്നതായാണ് ഡിഐജി റിപ്പോർട്ട് നൽകിയത്. മുൻപു ചില കേസുകളിൽ ഉദ്യോഗസ്ഥനുണ്ടായ വീഴ്ചകളും റിപ്പോർട്ടിൽ പരാമർശിച്ചു. കോൺഗ്രസ് സമരം ശക്തമാക്കിയ സാഹചര്യത്തിലാണ് എത്രയും വേഗം സസ്പെൻഷൻ ഉത്തരവിറക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് നിർദേശിച്ചത്. രാവിലെ മോഫിയ പർവീണിന്റെ പിതാവുമായി സംസാരിച്ച മുഖ്യമന്ത്രി കർശന നടപടി എടുക്കുമെന്ന് ഉറപ്പു നൽകിയിരുന്നു. നിലവിൽ കേസ് അന്വേഷിക്കുന്നത് എറണാകുളം റൂറൽ ക്രൈംബ്രാഞ്ചാണ്.
ഗാർഹിക പീഡനത്തിനെതിരെ നൽകിയ പരാതിക്കു പരിഹാരം കാണേണ്ട പൊലീസ് ഇൻസ്പെക്ടർ മാനസികരോഗി എന്നു വിളിച്ചതാണു മകളെ തകർത്തതെന്നു മോഫിയയുടെ മാതാവ് ഫാരിസ കുറ്റപ്പെടുത്തിയിരുന്നു. ഇൻസ്പെക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസും മോഫിയയുടെ സഹപാഠികളും പൊലീസിനെതിരെ പ്രതിഷേധിച്ചിരുന്നു.
ഒരിടവേളയ്ക്ക് ശേഷം മാസ് പരിവേഷവുമായി സുരേഷ് ഗോപിയെത്തുന്ന കാവൽ തീയേറ്ററുകളിൽ പ്രദർശനത്തിന്. നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷൻ ക്രൈം ത്രില്ലറാണ്. കൊച്ചിയിൽ ചിത്രത്തിന്റെ ഫസ്റ്റ് ഷോയ്ക്ക് ആരാധകരുടെ വൻ പങ്കാളിത്തമുണ്ട്.
കോവിഡ് അടച്ചിടലിന് ശേഷം ബിഗ് സ്‌ക്രീനിലെത്തുന്ന ആദ്യ സൂപ്പർതാര ചിത്രം കൂടിയാണ് കാവൽ. തമ്പാൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. കേരളത്തിലെ 14 ജില്ലകളിലും ചിത്രത്തിന് ഫാൻസ് ഷോ സംഘടിപ്പിച്ചിട്ടുണ്ട്.
തൊണ്ണൂറുകളിൽ തിയറ്ററുകളെ ത്രസിപ്പിച്ച സിനിമകൾ സൃഷ്ടിച്ച കൂട്ടുകെട്ടാണ് സുരേഷ് ഗോപിയുടെയും രഞ്ജി പണിക്കരുടെയും. അന്ന് തിരക്കഥാകൃത്തിന്റെ റോളിലായിരുന്ന രൺജി പണിക്കർ സ്ക്രീനിൽ സുരേഷ് ഗോപിയ്ക്കൊപ്പം ചേരുമ്പോൾ, ചിത്രത്തിലെ ഒരു ഡയലോഗ് പോലെ തന്നെ, തങ്ങളിലെ കനൽ ഇനിയും കെട്ടിട്ടില്ലെന്ന് തെളിയിക്കുകയാണ് ഇരുവരും. ആക്ഷനും ഇമോഷനും സമാസമം ചേർത്ത് ‘കാവലി’ലൂടെ ഹിറ്റ് കൂട്ടുകെട്ടിനൊരു ട്രിബ്യൂട്ട് ഒരുക്കുകയാണ് ചിത്രം സംവിധാനം ചെയ്ത നിധിൻ രൺജി പണിക്കർ.
ഇടുക്കിയിലെ ഒരു മലയോര മേഖലയിലാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. വൻ തോട്ടമുടമകളുടെയും മുതലാളിമാരുടെയും ചൂഷണത്തിൽ ഞെരുങ്ങുന്ന സാധാരണക്കാരുടെ ആശ്രയമാണ് സുഹൃത്തുക്കളായ തമ്പാനും (സുരേഷ് ഗോപി) ആന്റണിയും (രഞ്ജി പണിക്കർ). അതവർക്ക് പണം കൊണ്ടും സ്വാധീനം കൊണ്ടും ശക്തരായ വേണ്ടുവോളം ശത്രുക്കളെയും സമ്പാദിച്ചു നൽകുന്നു. പോലീസ് കൂടി പണത്തിന്റെ പക്ഷം ചേരുന്നതോടെ തമ്പാന്റെയും ആന്റണിയുടെയും ജീവിതം കീഴ്മേൽ മറിയുന്നു.
മക്കളുടെ സുരക്ഷ പോലും ഉറപ്പാക്കാനാവാത്ത ആന്റണിയുടെ ഇപ്പോഴത്തെ അവസ്ഥയിലൂടെയാണ് സിനിമയുടെ ആദ്യ പകുതി കടന്നുപോകുന്നത്. തമ്പാന്റെയും ആന്റണിയുടേയും മുൻകാലവും ഫ്ലാഷ്ബാക്കായി എത്തുന്നു. തമ്പാന്റെ തിരിച്ചുവരവ് രണ്ടാം പകുതിയെ കൂടുതൽ ചടുലമാക്കുന്നുണ്ട്. നിരവധി ഉപകഥകളുള്ള ചിത്രത്തിനൊടുവിൽ ചില അപ്രതീക്ഷിത വികാസങ്ങളും സംവിധായകൻ കരുതിവെച്ചിട്ടുണ്ട്.
സുരേഷ് ഗോപിയും രൺജി പണിക്കരും ഒന്നിക്കുന്ന ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. കുടുംബ ബന്ധങ്ങളുടെയും ആത്മബന്ധങ്ങളുടെയും കഥ പറയുന്ന ചിത്രത്തിലെ വൈകാരിക രംഗങ്ങളിലും ഇരുവരും തിളങ്ങി. റേച്ചൽ ഡേവിഡ്, കിച്ചു ടെല്ലസ്, മുത്തുമണി, ശങ്കർ രാമകൃഷ്ണൻ, സാദിഖ്, ശ്രീജിത് രവി, ഇവാൻ അനിൽ, പോളി വിൽസൺ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിലുള്ളത്. പരിചയ സമ്പന്നർക്കൊപ്പം യുവതാരങ്ങളുടെ പ്രകടനവും എടുത്തുപറയണം.
‘കമ്മീഷണർ’ ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ നിരവധി റെഫറൻസുകളും ചിത്രത്തിൽ കാണാം. ‘കസബ’ എന്ന ആദ്യ ചിത്രത്തിൽ നിന്നും സംവിധായകനെന്ന നിലയിൽ താൻ ഒരുപാട് മുന്നോട്ടു പോയെന്ന് നിഥിൻ രഞ്ജി പണിക്കർ ‘കാവലി’ൽ അടിവരയിടുന്നു.
ദൃശ്യങ്ങളാണ് കാവലിന്റെ മാറ്റുകൂട്ടുന്ന മറ്റൊരു ഘടകം. ഹിൽ സ്റ്റേഷന്റെ ആകാശദൃശ്യങ്ങളും പ്രകാശവിന്യാസവും രാത്രിയും പകലും ഒരുപോലെ മികച്ചുനിന്നു. ചിത്രത്തിന് അനുയോജ്യമായ പശ്ചാത്തലമൊരുക്കുന്നതിൽ രഞ്ജിൻ രാജിന്റെ സംഗീതം വലിയ പങ്കു വഹിച്ചു. മൻസൂർ മുത്തുട്ടിയാണ് എഡിറ്റിങ്.
ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമ്മിക്കുന്നത്. രഞ്ജി പണിക്കരും ചിത്രത്തിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂർ, ശങ്കർ രാമകൃഷ്ണൻ,ശ്രീജിത്ത് രവി, രാജേഷ് ശർമ്മ, കിച്ചു ടെല്ലസ്, കണ്ണൻ രാജൻ പി ദേവ് തുടങ്ങിയവർ ചിത്രത്തിൽ അണിനിരക്കുന്നു.ഛായഗ്രഹണം നിഖിൽ എസ് പ്രവീൺ നിർവ്വഹിക്കുന്നു. കല ദിലീപ് നാഥ്, മേക്കപ്പ് പ്രദീപ് രംഗനുമാണ്.
ഷെറിൻ പി യോഹന്നാൻ
ഹൈറേഞ്ചിലെ പാവപ്പെട്ടവരുടെ ആശ്രയമായിരുന്നു പണ്ട് ആന്റണിയും തമ്പാനും. പോലീസ് അവരുടെ ശത്രുപക്ഷത്താണ്. എന്നാൽ ഇന്ന് കാര്യങ്ങൾ മാറി മറിഞ്ഞു. ആന്റണി എഴുന്നേറ്റു നടക്കാത്ത അവസ്ഥയിലായി. യൗവ്വനക്കാരായ തന്റെ മകളെയും മകനെയും ശത്രുക്കളിൽ നിന്നും സംരക്ഷിക്കാൻ കഴിയുന്നില്ല. സമാധാനമായി കിടന്നുറങ്ങാൻ പറ്റാത്ത സ്ഥിതിയായപ്പോൾ ആന്റണി തമ്പാനെ തേടിയിറങ്ങുന്നു.
‘കാവൽ’ എന്ന പേര് കൊണ്ടുതന്നെ സിനിമ പറയാൻ ഉദ്ദേശിക്കുന്നത് എന്താണെന്ന് മനസ്സിലാക്കാം. പഴയ സുഹൃത്തിന്റെ മക്കൾക്ക് കാവലായി എത്തുന്ന തമ്പാന്റെ കഥയാണിത്. മലയാളികൾ കണ്ടു മടുത്ത കഥ തന്നെ. ഒരു ഇമോഷണൽ ഡ്രാമയിൽ സുരേഷ് ഗോപിയുടെ കുറച്ചു ‘മാസ്സ്’ ഡയലോഗുകളും ആക്ഷൻ രംഗങ്ങളും തിരുകി കയറ്റിയ ചിത്രമാണ് ‘കാവൽ’.
പകവീട്ടലിന്റെ കഥയിൽ കൂടുതലൊന്നും സംഭവിക്കുന്നില്ലെന്നതാണ് പ്രധാന പോരായ്മ. തിരക്കഥ വളരെ ദുർബലമാണെന്ന് ആരംഭത്തിൽ തന്നെ മനസ്സിലാക്കാം. കാരണം അവിടം മുതൽ ചിത്രം ഇഴയുകയാണ്. വിരസമായി നീങ്ങിയ ചിത്രത്തെ രക്ഷിച്ചെടുക്കാനുള്ള ഒരു ശ്രമം ക്ലൈമാക്സിൽ കാണാം. എന്നാൽ അതാണ് ഏറ്റവും മോശമായി അനുഭവപ്പെട്ടത്.

ചിത്രത്തിലെ പ്രകടനങ്ങളെല്ലാം തൃപ്തികരമാണ്. ക്ലോസ് ഷോട്ടുകളിലൂടെ കഥാപാത്രങ്ങളുടെ വികാരങ്ങൾ പ്രേക്ഷകനിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടുണ്ടെങ്കിലും ഒരു ഘട്ടം കഴിയുമ്പോൾ അതും മടുപ്പുളവാക്കുന്നു. പഴയ ഫയർ ബ്രാൻഡ് സുരേഷ് ഗോപിയുടെ തിരിച്ചുവരവാണ് ‘കാവലി’ൽ പ്രതീക്ഷിച്ചതെങ്കിൽ തെറ്റി. കൂടുതൽ ക്ഷീണിതനായ സുരേഷ് ഗോപിയേയാണ് കാണാൻ കഴിയുക. ക്‌ളീഷേ രംഗങ്ങൾ കൊണ്ട് സമ്പന്നമായ ചിത്രത്തിൽ ഇടയ്ക്കിടെ എത്തുന്ന മാസ്സ് ഡയലോഗുകളും ആക്ഷൻ സീനുകളും നനഞ്ഞ പടക്കം പോലെയാണെന്ന് ചുരുക്കം.
‘ആറാം തമ്പുരാന്‍’, ‘പത്രം’, ‘നരസിംഹം’ തുടങ്ങിയ ചിത്രങ്ങള്‍ ഇനിയും മലയാള സിനിമയില്‍ ഉണ്ടാവാനുള്ള തുടക്കമാണ് ‘കാവലെ’ന്ന് സുരേഷ് ഗോപി പറയുകയുണ്ടായി. എന്നാൽ ഇതുപോലുള്ള പഴഞ്ചൻ കഥയും ട്രീറ്റ്മെന്റും ഇനി വേണ്ടെന്നാണ് എന്റെ പക്ഷം. ദുർബലമായ തിരക്കഥയും ക്‌ളീഷേ രംഗങ്ങളും എല്ലാം ചേർന്ന് പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കുന്ന ഒരു ചിത്രം. വീര്യം കുറഞ്ഞ പഴയ വീഞ്ഞ്, ‘The Powerhouse is Back’ എന്ന ലേബൽ ഒട്ടിച്ചു പുറത്തിറക്കി. അത്രമാത്രം!!!
നിയമ വിദ്യാര്‍ഥിനി ആലുവ കീഴ്മാട് എടയപ്പുറം കക്കാട്ടില്‍ വീട്ടില്‍ മൊഫിയ പര്‍വീണ്‍ (21) ആത്മഹത്യ ചെയ്ത കേസില്‍ പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തുവന്നു. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ മൊഫിയയുടെ മാതാപിതാക്കള്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് റിപ്പോര്‍ട്ട്.
ഭര്‍തൃവീട്ടില്‍ മൊഫിയ നേരിട്ടത് കൊടിയ പീഡനമാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭര്‍ത്താവും മാതാപിതാക്കളും അടിമയെ പോലെയാണ് മൊഫിയയെ കൊണ്ട് ജോലി ചെയ്യിപ്പിച്ചിരുന്നത്. ഭര്‍തൃമാതാവ് സ്ഥിരമായി ഉപദ്രവിച്ചിരുന്നു. ഭര്‍ത്താവ് സുഹൈല്‍ ലൈംഗിക വൈകൃതത്തിന് അടിമയാണ്. പലതവണ ഇയാള്‍ മൊഫിയയുടെ ശരീരത്തില്‍ മുറിവേല്‍പ്പിച്ചിട്ടുണ്ട്. മൊഫിയയെ മാനസിക രോഗിയായി ഭര്‍തൃവീട്ടുകാര്‍ മുദ്രകുത്തിയിരുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
40 ലക്ഷം രൂപ സ്ത്രീധനമായി സുഹൈലും വീട്ടുകാരും ആവശ്യപ്പെട്ടിരുന്നു. പണം നല്‍കാത്തതിനെ തുര്‍ന്നാണ് പീഡനം തുടര്‍ന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മൊഫിയ പുറത്ത് പറയാന്‍ പറ്റാത്ത രീതിയിലുള്ള പീഡനം നേരിട്ടിരുന്നതായി മരണത്തിന് പിന്നാലെ സഹപാഠികള്‍ വെളിപ്പെടുത്തിയിരുന്നു. ഭര്‍ത്താവ് സുഹൈല്‍ സ്വകാര്യ ഭാഗത്ത് പച്ചകുത്താന്‍ നിര്‍ബന്ധിക്കുകയും മറ്റും ചെയ്തിരുന്നതായാണ് വെളിപ്പെടുത്തല്‍. ക്രൂരമായ പീഡനം നേരിട്ടിരുന്നതായി മൊഫിയയുടെ മാതാപിതാക്കളും ആരോപിച്ചിരുന്നു.
കാല്‍പന്തുകളുടെ പൂരത്തിന് 2022 നവംബര്‍ പകുതിയോടെ ഖത്തറില്‍ തിരിതെളിയാനിരിക്കെ ഫിഫ വേള്‍ഡ് കപ്പുമായി ബന്ധപ്പെട്ട ഗതാഗത സംവിധാനങ്ങള്‍ക്കായി മലയാളി ഡ്രൈവര്‍മാരും. ഇതുമായി ബന്ധപ്പെട്ടുള്ള ഖത്തര്‍ ഗവണ്മെന്റിന്റെ റിക്രൂട്ടിംഗ് നടപടികള്‍ കൊച്ചിയില്‍ പുരോഗമിക്കുകയാണ്.
ആകെയുള്ള ആറായിരത്തോളം അവസരങ്ങളില്‍ ആയിരത്തോളം ഒഴിവുകളിലേക്കാണ് കേരളത്തില്‍ നിന്നടക്കം ഡ്രൈവര്‍മാരെ ഖത്തര്‍ വേള്‍ഡ് കപ്പ് അനുബന്ധ ഒരുക്കങ്ങള്‍ക്കായി എത്തിക്കുന്നത്. കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ നടന്ന ഡ്രൈവിംഗ് ടെസ്റ്റില്‍ ഉള്‍പ്പെടെ ഇതരസംസ്ഥാനങ്ങളില്‍ നിന്നടക്കം നൂറുകണക്കിനു പേരാണ് പങ്കെടുത്തത്.
എറണാകുളം രവിപുരത്ത് പ്രവര്‍ത്തിക്കുന്ന ആസ് മാക്സ് ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് സംസ്ഥാനത്തെ നടപടികള്‍. അങ്കമാലി അഡ്ലക്സ് ഗ്രൗണ്ടില്‍ ഡ്രൈവിംഗ് ടെസ്റ്റ് പൂര്‍ത്തിയായ ഡ്രൈവര്‍മാരെ എറണാകുളം ക്യൂന്‍സ് വാക്ക് വേയിലെത്തിച്ച് റോഡ് ടെസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിക്കുകയാണ് ഇപ്പോള്‍. മെഡിക്കല്‍ അടക്കം സൗജന്യമായാണ് ഇവരെ ഖത്തറിലെത്തിക്കുന്നത്. വരുന്ന 45 ദിവസത്തിനകം തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഖത്തറിലേക്ക് പറക്കും.
വേള്‍ഡ് കപ്പുമായി ബന്ധപ്പെട്ടുള്ള ഗതാഗത സംവിധാനങ്ങള്‍ ഇത്തരത്തിലെത്തുന്ന ഡ്രൈവര്‍മാര്‍ മുഖേനയായിരിക്കും നടക്കുക. ഒന്നര വര്‍ഷത്തോളം നീളുന്ന ജോലിയാണിത്. ഖത്തര്‍ ട്രാഫിക് ഉദ്യോഗസ്ഥരാണ് ഡ്രൈവിംഗ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള പരിശോധിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രകിയകള്‍ ഇന്ന് സമാപിക്കും.
പ്രകൃതിയില്‍ ഇപ്പോള്‍ നിരന്തരം മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത് ഇത് നമ്മള്‍ മനുഷ്യര്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ്. ഇപ്പോഴിതാ അര്‍ജന്റീനയില്‍ പ്രത്യക്ഷമായ മേഘക്കൂട്ടത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
അര്‍ജന്റീനയിലെ കോര്‍ഡോബയിലെ കാസാ ഗ്രാഡെയിലാണ് വിചിത്രമായ മേഘക്കൂട്ടത്തെ കണ്ടത്. ആകാശത്ത് പന്തുകള്‍ക്ക് സമാനമായ രീതിയിലാണ് ഇവ കാണപ്പെടുന്നത്.
മേഘക്കൂട്ടത്തെ കണ്ടതിന് പിന്നാലെ പ്രദേശത്ത് ശക്തമായ കാറ്റും മഴയുമാണ് അനുഭവപ്പെട്ടത്.മമാന്റസ് മേഘങ്ങള്‍ എന്നറിയപ്പെടുന്ന സഞ്ചിമേഘമാണിതെന്ന് വിദഗ്ധര്‍ പറഞ്ഞു.
മാസങ്ങള്‍ക്ക് മുന്‍പ് ചൈനയിലെ സിങ്റ്റായി നഗരത്തിലും മമാന്റസ് മേഘങ്ങളെ കണ്ടിരുന്നു. കനത്ത പേമാരിക്കും കൊടുങ്കറ്റിനും മുമ്പാണ് ഇത്തരത്തിലുള്ള മേഘങ്ങള്‍ രൂപപ്പെടാറുള്ളതെന്നും വിദഗ്തര്‍ അഭിപ്രായപ്പെടുന്നു.
ഗാനരചയിതാവ് ബിച്ചുതിരുമല അന്തരിച്ചു. 79 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ജനപ്രിയ പാട്ടുകളുടെ അമരക്കാരനാണ് വിടവാങ്ങിയത്.
കാവ്യഭംഗി തുളുമ്പുന്ന വരികളിൽ മലയാള ചലച്ചിത്രഗാനാസ്വാദകർക്കും എന്നും ഓർമിക്കാവുന്ന നിരവധി പാട്ടുകൾ സമ്മാനിച്ച ഗാനരചയിതാവ് ബിച്ചു തിരുമല(ബി.ശിവശങ്കരൻ നായർ – 80) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നു പുലർച്ചെയായിരുന്നു അന്ത്യം. സംസ്കാരം ഇന്നു വൈകിട്ട് 4.30ന് ശാന്തികവാടത്തിൽ.
മലയാളത്തിലെ മികച്ചവയെന്ന് എണ്ണപ്പെടുന്ന നൂറുകണക്കിനു ചലച്ചിത്രഗാനങ്ങൾക്കു വരികൾ എഴുതിയതിലൂടെ ശ്രദ്ധേയനാണ്. നാനൂറിലേറെ സിനിമകളിലും കാസറ്റുകളിലുമായി അയ്യായിരത്തോളം പാട്ടുകൾ അദ്ദേഹം എഴുതി. ചുരുങ്ങിയ സമയത്തിൽ സിനിമയുടെ കഥാസന്ദർഭത്തിനുചേരുംവിധം കാവ്യഭംഗിയുള്ള രചനകൾ നടത്തുന്നതിൽ പ്രഗത്ഭനായിരുന്നു. ജല അതോറിട്ടി റിട്ട.ജീവനക്കാരി പ്രസന്നകുമാരിയാണ് ഭാര്യ. മകൻ സുമൻ ശങ്കർ ബിച്ചു(സംഗീത സംവിധായകൻ).
മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് രണ്ടുതവണ ലഭിച്ചു – 1981 ലും (തൃഷ്ണ,– ‘ശ്രുതിയിൽനിന്നുയരും…’, തേനും വയമ്പും– ‘ഒറ്റക്കമ്പി നാദം മാത്രം മൂളും…’ ), 1991 ലും (കടിഞ്ഞൂൽ കല്യാണം- ‘പുലരി വിരിയും മുമ്പേ…’, ‘മനസിൽ നിന്നു മനസിലേക്കൊരു മൗന സഞ്ചാരം…’). സുകുമാർ അഴീക്കോട് തത്വമസി പുരസ്കാരം, കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ ചലച്ചിത്രരത്നം പുരസ്കാരം, സ്വാതി–പി ഭാസ്കരൻ ഗാനസാഹിത്യപുരസ്കാരം തുടങ്ങിയവയ്ക്കും അർഹനായി.
ഗായികയായ സഹോദരിക്ക് മത്സരങ്ങളിൽ പങ്കെടുക്കാനായി കവിതകളെഴുതിയാണ് ബിച്ചു തിരുമലയുടെ കാവ്യജീവിതത്തിന്റെ തുടക്കം. 1962ല്‍ അന്തര്‍സര്‍വകലാശാല റേഡിയോ നാടക മത്സരത്തില്‍ ‘ബല്ലാത്ത ദുനിയാവ്’ എന്ന നാടകമെഴുതി അഭിനയിച്ചു ദേശീയതലത്തില്‍ ഒന്നാം സ്ഥാനം നേടി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്നു ധനതത്വശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം സിനിമാ സംവിധാന മോഹവുമായി ചെന്നൈയിലേത്തി. ഏറെ നാളത്തെ കഷ്ടപ്പാടുകൾക്കൊടുവിൽ സംവിധായകൻ എം. കൃഷ്ണൻ നായരുടെ സഹായിയായി പ്രവർത്തിക്കാൻ അവസരം ലഭിച്ചു. ‘ശബരിമല ശ്രീധർമശാസ്താവ്’ എന്ന ചിത്രത്തിൽ സംവിധാനസഹായി ആയി. ആ കാലത്ത് ബിച്ചു ഒരു വാരികയിൽ എഴുതിയ കവിത ‘ഭജഗോവിന്ദം’ എന്ന സിനിമയ്ക്കുവേണ്ടി ഉപയോഗിച്ചു. സിനിമ പുറത്തിറങ്ങിയില്ലെങ്കിലും ‘ബ്രാഹ്മമുഹൂർത്തത്തിൽ പ്രാണസഖീ നീ പല്ലവി പാടിയ നേരം…’ എന്നു തുടങ്ങുന്ന ആ പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു.
നടൻ മധു സംവിധാനം ചെയ്ത ‘അക്കൽദാമ’ എന്ന ചിത്രമാണ് ബിച്ചു തിരുമല എഴുതിയ ഗാനങ്ങളുമായി ആദ്യം പുറത്തിറങ്ങിയത്. ഈ ചിത്രത്തിൽ ശ്യാം സംഗീതം നൽകി ബ്രഹ്മാനന്ദൻ പാടിയ ‘നീലാകാശവും മേഘങ്ങളും…’ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു . സംഗീത സംവിധായകൻ ശ്യാമിനുവേണ്ടിയാണ് അദ്ദേഹം ഏറ്റവുമധികം പാട്ടുകൾ എഴുതിയത്. ഇളയരാജ, എ.ടി ഉമ്മർ, ജെറി അമൽദേവ്, ദക്ഷിണാമൂർത്തി, ദേവരാജൻ മാസ്റ്റർ, രവീന്ദ്രൻ, ഔസേപ്പച്ചൻ തുടങ്ങിയ ഒട്ടുമിക്ക സംഗീതസംവിധായകർക്കൊപ്പവും നിരവധി ഗാനങ്ങൾ ചെയ്തു. എ.ആർ റഹ്മാൻ മലയാളത്തിൽ സംഗീതം നൽകിയ ഏക സിനിമയായ ‘യോദ്ധ’യിലെ വരികളെഴുതിയതും ബിച്ചുവാണ്. ‘പടകാളി ചണ്ഡി ചങ്കരി പോർക്കലി…’, ‘കുനുകുനെ ചെറു കുറുനിരകൾ…’, ‘മാമ്പൂവേ മഞ്ഞുതിരുന്നോ…’ എന്നിങ്ങനെ ‘യോദ്ധ’യിലെ മൂന്നു പാട്ടുകളും സൂപ്പർഹിറ്റായി.
‘ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളീ, എന്റെ ബാലഗോപാലനെ എണ്ണതേപ്പിക്കുമ്പം പാടെടീ…’ ബിച്ചുവിന്റെ എക്കാലത്തും സൂപ്പർഹിറ്റായ ഗാനങ്ങളിലൊന്നാണിത്. ‘ആരാരോ ആരിരാരോ അച്ഛന്റ മോളാരാരോ…’, ‘ഉണ്ണിയാരാരിരോ തങ്കമാരാരിരോ….’, ‘രാവു പാതി പോയ് മകനേ ഉറങ്ങു നീ…’, ‘കണ്ണനാരാരോ ഉണ്ണി കൺമണിയാരാരോ…’, ‘കണ്ണോടു കണ്ണോരം നീ കണിമലരല്ലേ…’, ‘എൻപൂവേ പൊൻപൂവേ ആരീരാരം പൂവേ…’ ഇത്തരത്തിൽ മലയാളചലച്ചിത്രങ്ങളിലെ മാധുര്യമൂറുന്ന നിരവധി താരാട്ടുപാട്ടുകളും ബിച്ചുവിന്റേതായുണ്ട്. ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത ആദ്യകാല കാർട്ടൂൺ പരമ്പരകളിൽ ഒന്നായ ‘ജംഗിൾബുക്കി’ൽ മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ ആകർഷിച്ച ‘ചെപ്പടിക്കുന്നിൽ ചിന്നിച്ചിണുങ്ങും ചക്കരപൂവേ…’ എന്ന അവതരണ ഗാനം മോഹൻ സിത്താര ഈണമിട്ട് ബിച്ചു എഴുതിയതാണ്.
‘പച്ചക്കറിക്കായത്തട്ടിൽ ഒരു മുത്തശ്ശി പൊട്ടറ്റോ ചൊല്ലി…’ എന്ന കുസൃതി ഒളിപ്പിച്ച വരികളും മറ്റാരുടേതുമല്ല. ‘ആളൊരുങ്ങി അരങ്ങൊരുങ്ങീ….’, ‘ചിന്നക്കുട്ടി ചെല്ലക്കുട്ടി തങ്കക്കട്ടീ….’, ‘തത്തപ്പെണ്ണേ തഞ്ചത്തിൽ വാ….’, ‘കട്ടുറുമ്പേ വായാടി നെയ്യുറുമ്പേ….’, ‘എട്ടപ്പം ചുടണം ചുട്ടപ്പം വരണം….’, ‘ചെപ്പടിക്കാരനല്ലാ അല്ലല്ലാ….’, ‘കാക്കാ പൂച്ച കൊക്കരക്കോഴി വാ ഒട്ടകം ആന മൈനേ….’ ബിച്ചുവിന്റെ എണ്ണംപറഞ്ഞ കുട്ടിപ്പാട്ടുകളിൽ ചിലതാണിവ. മലയാള സിനിമയിൽ മോഹൻലാലിന്റെ സ്ഥാനം ഉറപ്പിച്ച ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന ചിത്രത്തിന് ആ പേരു തിരഞ്ഞെടുത്തതും ബിച്ചു ആ സിനിമയ്ക്കായി എഴുതിയ പാട്ടിന്റെ വരികളിൽ നിന്നാണ്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിനായി ബിച്ചു എഴുതിയ ‘മഞ്ചാടിക്കുന്നിൽ…’, ‘മഞ്ഞണി കൊമ്പിൽ…’, ‘മിഴിയോരം നനഞ്ഞൊഴുകും…’ എന്നീ മൂന്നു ഗാനങ്ങളും ഏറെ ശ്രദ്ധേയമായി.
ഫാസിൽ, ഐ.വി ശശി, സിബി മലയിൽ, സിദ്ധിഖ് ലാൽ തുടങ്ങിയ സംവിധായരുടെയെല്ലാം ആദ്യ സിനിമകളിലെ പാട്ടെഴുതിയത് ബിച്ചു ആയിരുന്നു. ‘ശക്തി’ എന്ന സിനിമയ്ക്കു തിരക്കഥ എഴുതി. വിവിധ ഭാഷകളിലുള്ള ലക്ഷക്കണക്കിനു ഗാനങ്ങളുടെ അമൂല്യശേഖരം അദ്ദേഹത്തിന്റെ തിരുമല വേട്ടമുക്ക് കട്ടച്ചൽ റോഡിലെ ‘സുമതി’ എന്ന വീട്ടിലുണ്ട്. ചൈനീസ് ഗാനങ്ങളും ബിച്ചുവിന് ഏറെ പ്രിയപ്പെട്ടവയായിരുന്നു.
1942 ഫെബ്രുവരി 13 ന് ശാസ്തമംഗലം പട്ടാണിക്കുന്നു വീട്ടിൽ പാറുക്കുട്ടിയമ്മയുടെയും സി.ജെ ഭാസ്ക്കരന്‍ നായരുടെയും മൂത്ത മകനായിട്ടായിരുന്നു ബിച്ചു തിരുമലയുടെ ജനനം. യഥാർത്ഥ പേര് ബി ശിവശങ്കരൻനായർ. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് ബിഎ ബിരുദം നേടി.
വരികളിലെ ലാളിത്യമായിരുന്നു എന്നും അദ്ദേഹത്തിന്‍റെ ജീവിതത്തിലും ജീവിതത്തിലും. വഴുതക്കാടും ശാസ്തമംഗലത്തുമെല്ലാം നടന്നും ഓട്ടോയിൽ സഞ്ചരിച്ചുമെല്ലാം സാധാരണക്കാരനിൽ സാധാരണക്കാരനായി ജീവിച്ച അസാമാന്യ പാട്ടെഴുത്തുകാരൻ ബിച്ചുതിരുമലക്ക് വിട.
പഴയകാല മദ്രാസ് സിനിമാ ജീവിതത്തിൽ തനിക്ക് ഉണ്ടായിരുന്ന ഉറ്റമിത്രമായ കൊച്ചിൻ ഹനീഫയുമായി ഇന്നും മനസ്സിൽ തങ്ങി നിൽക്കുന്ന വേറിട്ട ഒരു അനുഭവം പങ്കുവയ്ക്കുകയാണ് മണിയൻപിള്ള രാജു. 2010 ഫെബ്രുവരി രണ്ടിന് ആയിരുന്നു കൊച്ചിൻ ഹനീഫ മലയാളത്തിന് കണ്ണീരിലാക്കി വിടപറഞ്ഞത്. 1979 ൽ അഷ്ടാവക്രൻ എന്ന ചിത്രത്തിലെ ഒരു ചെറിയ റോളിൽ അഭിനയിച്ചായിരുന്നു ചലച്ചിത്ര അരങ്ങേറ്റം. കൊച്ചി വെളുത്തേടത്ത് തറവാട്ടിൽ മൂഹമ്മദിന്റെയും ഹാജിറയുടെയും മകനായി 1951 ഏപ്രിൽ 22നാണ് ഹനീഫ ജനിച്ചത്.
ബോട്ടണി ബിരുദധാരിയായ ഹനീഫ കൊച്ചിയിലെ സെന്റ് ആൽബർട്ട്‌സ് സ്‌കൂളിലും കോളജിലുമാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സ്‌കൂൾ തലത്തിൽ മോണോ ആക്ട് അവതരിപ്പിച്ചാണ് കലാപ്രവർത്തനങ്ങൾക്കു തുടക്കം. നാടകങ്ങളിലും സജീവമായി. കൊച്ചിൻ കലാഭവൻ ട്രൂപ്പിൽ അംഗമായതോടെ കൊച്ചിൻ ഹനീഫയായി. ശേഷം സിനിമാ മോഹവുമായി ചെന്നൈയിലേക്കു പോയി.വില്ലൻ വേഷങ്ങളിലാണ് തുടങ്ങിയതെങ്കിലും ഹാസ്യ വേഷങ്ങളിലൂടെയാണ് ഹനീഫ പേരെടുത്തത്.
ഹനീഫയെക്കുറിച്ചുള്ള രാജുവിന്റെ വാക്കുകളിങ്ങനെ, ലോഡ്ജിൽ താമസിക്കുന്ന സമയത്ത് അപ്പുറത്തെ മുറിയിൽ ഹനീഫയുണ്ട്. ഞാൻ അന്നും കൃത്യമായി ഭക്ഷണം കഴിക്കും. പൈസ ഇല്ലാത്ത് കൊണ്ട് ചന്ദ്രമോഹൻ ഹോട്ടലിൽ തമ്പി കണ്ണന്താനം അക്കൗണ്ടുണ്ടാക്കി തന്നിരുന്നു. ഞാൻ രാവിലെ പോയി നാല് ഇഡ്ഡലി കഴിക്കും. 40, 50 പൈസ ഒക്കെയേ ആവൂ.
നല്ല ഊണിന് ഒന്നര രൂപയാകും. ഞാൻ ഒരു രൂപയുടെ ജനത മീൽസാണ് കഴിച്ചിരുന്നത്, ഒരു കൂറ അലൂമിനിയം പാത്രത്തിൽ.അത് നാണക്കേടായി തോന്നിയപ്പോൾ ഞാൻ ഊണ് നിർത്തി ഉച്ചയ്ക്കും ഇഡ്ഡലിയാക്കി. ഹനീഫയുടെ ഭക്ഷണം പൊറോട്ടയായിരുന്നു. ഉച്ചയ്ക്ക് അഞ്ച് പൊറോട്ട വാങ്ങിക്കും. ഒരു ഡബിൾ ബുൾസൈയും. പുള്ളി ബ്രേക്ക്ഫാസ്റ്റും ലഞ്ചും ചേർത്ത് ബ്രഞ്ചാണ് കഴിച്ചിരുന്നത്. അന്നാണ് ഞാൻ ആ വാക്ക് കേൾക്കുന്നത്.
ഒരിക്കൽ എനിക്ക് അക്കൗണ്ടുണ്ടായിരുന്ന ചന്ദ്രമോഹൻ ഹോട്ടൽ അടച്ചിട്ട സമയം വന്നു. എന്റെ കൈയിൽ അഞ്ച് പൈസയില്ല. വിശപ്പും സഹിക്കാൻ വയ്യ. ഞാൻ ഹനീഫയുടെ അടുത്ത് ചെന്ന് ചോദിച്ചു, ഹനീഫാ എന്തെങ്കിലും പൈസയുണ്ടോ എനിക്ക് ഭക്ഷണം കഴിക്കാനാണ്, എന്ന്.ഫനീഫ ഒരു ഖുർആന്റെ അകത്ത് നിന്ന് 10 രൂപ എടുത്ത് തന്നു. ഞാൻ പോയി ഭക്ഷണം കഴിച്ച് വന്നു.
ഉച്ചഭക്ഷണം കഴിച്ച് തിരിച്ച് വന്നപ്പൊ ഹനീഫ അവിടെ ഉണ്ട്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ പോകുന്നില്ലേ എന്ന് ഞാൻ ഹനീഫയോട് ചോദിച്ചു. ഇന്നെന്തോ സുഖമില്ല, കഴിക്കുന്നില്ല എന്ന് പറഞ്ഞു. വൈകുന്നേരം കണ്ടപ്പോഴും ഞാൻ ചോദിച്ചു, ഒന്നും കഴിച്ചില്ലേ എന്ന്.ഇല്ലെടാ, എന്റേൽ അവസാനം ഉണ്ടായിരുന്ന 10 രൂപയാണ് ഞാൻ തനിക്ക് എടുത്ത് തന്നത്, എന്ന് ഹനീഫ പറഞ്ഞു. അങ്ങനെയൊരാൾ മരിക്കുമ്പോൾ കരയാതിരിക്കാനാവുമോ മണിയൻപിള്ള പറഞ്ഞു നിർത്തി.
മേല്‍ച്ചുണ്ട് നായ കടിച്ചെടുത്തതിനെ തുടന്നുള്ള ശസ്ത്രക്രിയയ്ക്ക് അമേരിക്കയിലെ കാലിഫോര്‍ണിയ സ്വദേശിയായ മോഡല്‍ ബ്രൂക്ലിന്‍ കൗഹ്‌റിന് (22) ചെലവായത് 400000 ഡോളര്‍ (ഏകദേശം 2.9 കോടി രൂപ ഇന്ത്യന്‍ രൂപ). 2020ല്‍ പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട നായയാണ് മോഡലിന്റെ ചുണ്ട് കടിച്ചെടുത്തത്. നായയുടെ ആക്രമണത്തില്‍ നിന്ന് പഴയപടിയാകാന്‍ സ്‌കിന്‍ ഗ്രാഫ്റ്റിങ് അടക്കമുള്ള ശസ്ത്രക്രിയകളാണ് വേണ്ടി വന്നത്.
സിനിമയിലും മറ്റും അവസരം തേടിയെത്തിയ വേളയിലായിരുന്നു താരത്തിന് നേരെ അപ്രതീക്ഷിത ആക്രമണമുണ്ടായത്. അരിസോണയിലെ ബന്ധുവീട്ടില്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു ബ്രൂക്ലിന്‍. അവിടുത്തെ വളര്‍ത്തു നായയാണ് ആക്രമിച്ചത്. തന്നെ നോക്കി ഒരു പാവയെപ്പോലെ തലയാട്ടികൊണ്ടിരിക്കുകയായിരുന്നു നായയെന്നും അത്തരമൊരു സാഹചര്യത്തില്‍ ആക്രമണം പ്രതീക്ഷിച്ചില്ലെന്നും യുട്യൂബില്‍ പങ്കുവച്ച വിഡിയോയില്‍ ബ്രൂക്ലിന്‍ പറയുന്നു.
ബ്രൂക്‌ലിന്റെ വാക്കുകള്‍;
സ്‌കിന്‍ ഗ്രാഫ്റ്റിങ്ങ് സര്‍ജറിയിലൂടെ തന്റെ പഴയ ‘ചിരി’ തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ്. മുഖത്ത് ശസ്ത്രക്രിയ നടത്താന്‍ ആദ്യമാരും തയാറായില്ല. ഒരു വര്‍ഷമെടുത്താണ് അനുയോജ്യനായ ഡോക്ടറെ കണ്ടെത്തിയത്. കൈകളില്‍ നിന്നു തൊലി എടുത്താണ് വായില്‍ പിടിപ്പിക്കുന്നത്. ശസ്ത്രക്രിയയ്ക്ക്‌ശേഷം ദീര്‍ഘകാല വിശ്രമം വേണം. വായ ചലിപ്പിക്കാനാവാത്തതിനാല്‍ മൂക്കിലൂടെ ട്യൂബ് ഇട്ടായിരിക്കും ഭക്ഷണം നല്‍കുക. എത്ര സങ്കീര്‍ണമായ ശസ്ത്രക്രിയ ചെയ്താലും ചുണ്ട് പഴയതു പോലെയാകില്ല എന്ന വേദനയും.
നടിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണിയുടെ അച്ഛന്‍ അന്തരിച്ചു. പൊന്നേത്ത് മഠത്തില്‍ ഉണ്ണികൃഷ്ണന്‍ ആണ് മരിച്ചത്. ഭാര്യ ഉമാദേവി, മക്കള്‍: ദിവ്യ ഉണ്ണി, വിദ്യ ഉണ്ണി. പൊന്നേത്ത് അമ്പലം ട്രസ്റ്റി ആയിരുന്നു ഉണ്ണികൃഷ്ണന്‍. മരുമക്കള്‍: അരുണ്‍കുമാര്‍, സഞ്ജയ്.
മലയാള സിനിമയില്‍ ഒരു കാലഘട്ടത്തിന്റെ പ്രിയപ്പെട്ട നടിയായിരുന്നു ദിവ്യ ഉണ്ണി. തൊണ്ണൂറുകളില്‍ മഞ്ജു വാരിയര്‍ക്കൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ട നായികമാരില്‍ ഒരാളായ ദിവ്യ, വിനയന്റെ ‘കല്യാണസൗഗന്ധികം’ എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. വിവാഹത്തോടെ സിനിമയില്‍ നിന്നും ബ്രേക്ക് എടുത്ത ദിവ്യ ഇപ്പോള്‍ നൃത്തരംഗത്ത് സജീവമാണ്.