ക്രൂരമര്‍ദനമേറ്റ നിലയില്‍ കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച കാക്കനാട് പള്ളത്തുപടി സ്വദേശിയായ മൂന്നു വയസുകാരിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. കുട്ടിയുടെ തലച്ചോറിനു ക്ഷതമേറ്റിട്ടുണ്ട്. ഇടതുകൈയില്‍ രണ്ട് ഒടിവുകളും ശരീരത്തില്‍ പുതിയതും പഴയതുമായ മുറിവുകളുമുണ്ട്. മുഖത്തടക്കം പൊള്ളലേറ്റ പാടുകളുമുണ്ട്. വെന്റിലേറ്ററിലുള്ള കുട്ടിയുടെ നില അടുത്ത 72 മണിക്കൂര്‍ വളരെ നിര്‍ണായകമാണെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.
ശിശുക്ഷേമസമിതി അംഗങ്ങള്‍ ഇന്നു കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൂന്നു വയസുകാരിയെ കാണും. കുട്ടിയുടെ അമ്മയും മുത്തശ്ശിയുമാണ് നിലവില്‍ ആശുപത്രിയില്‍ ഉള്ളത്. ഇതിനിടെ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് കുട്ടിയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചേക്കുമെന്നും സൂചനയുണ്ട്.
ആശുപത്രിയില്‍ കഴിയുന്ന മൂന്നു വയസുകാരിയുടെ അമ്മയുടെ സഹോദരിയും ഭര്‍ത്താവും ഒളിവില്‍ പോയതായി സൂചന. നിലവില്‍ ഇവര്‍ പ്രതികളല്ലെന്നു തൃക്കാക്കര പോലീസ് ഇന്‍സ്പെക്ടര്‍ പറഞ്ഞു. കുട്ടിയുടെ ബന്ധുക്കളില്‍നിന്നു തന്നെയായിരിക്കും മര്‍ദനമേറ്റിരിക്കുന്നതെന്നാണ് പോലീസ് നിഗമനം.
കുട്ടി അപസ്മാരം വന്നു വീണപ്പോള്‍ ഉണ്ടായ പരിക്കാണെന്നായിരുന്നു ബന്ധുക്കള്‍ ആദ്യം പറഞ്ഞത്. പിന്നീട് പോലീസ് ചോദ്യം ചെയ്യലില്‍ കുട്ടിക്കു ബാധ കയറിയതാണെന്നും മുകളില്‍നിന്ന് എടുത്തു ചാടുകയും സ്വയം മുറിവേല്‍പ്പിക്കുകയുമായിരുന്നെന്നും അമ്മ തിരുത്തിപ്പറഞ്ഞു.
കുന്തിരിക്കം കത്തിച്ചപ്പോഴാണ് കുട്ടിയുടെ കൈയില്‍ പൊള്ളലേറ്റതെന്നും ഇവര്‍ പറഞ്ഞിരുന്നു. അതിനിടെ കുട്ടിയെ ആരോ മര്‍ദിച്ചു എന്ന അമ്മൂമ്മയുടെ മൊഴിയുമുണ്ട്. മൊഴികള്‍ പരസ്പരവിരുദ്ധമായതിനാല്‍ ബന്ധുക്കള്‍ പോലീസ് നിരീക്ഷണത്തിലാണ്.
മൂന്നു വയസുകാരിക്കു പരിക്കു പറ്റിയ സംഭവത്തില്‍ ദുരൂഹത തുടരുകയാണ്. പരിക്ക് പറ്റിയ കുട്ടിക്ക് ചികിത്സ വൈകിപ്പിച്ചതില്‍ അമ്മക്കെതിരേ തൃക്കാക്കര പോലീസ് കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച രാത്രിയില്‍ പരിക്ക് പറ്റിയ കുട്ടിയുമായി അമ്മയും മുത്തശിയുമാണ് പഴങ്ങനാട് ആശുപത്രിയില്‍ എത്തിയത്. വീണ് പരിക്കു പറ്റിയതാണെന്നാണ് ഇവര്‍ ആശുപത്രിയില്‍ പറഞ്ഞത്.
കുട്ടിയുടെ ശരീരമാകെ ഗുരുതരമായ പരിക്കുള്ളതുകൊണ്ട് വിദഗ്ധ ചികിത്സക്കായി അവിടെനിന്നും കോലഞ്ചേരി മെഡിക്കല്‍ കോളജിലേക്കു വിടുകയായിരുന്നു. മെഡിക്കല്‍ കോളജ് ഡോക്ടര്‍ പോലീസിനെ അറിയിച്ചപ്പോഴാണ് സംഭവം പുറത്തുവന്നത്. കുട്ടിയുടെ ദേഹമാകെ കാണപ്പെട്ട മുറിവുകളും കൈയിലെ പൊള്ളലേറ്റതും ഒരു ദിവസം സംഭവിച്ചതല്ലെന്നു പോലീസ് സംശയിക്കുന്നു.
കുട്ടിയോടൊപ്പം താമസിച്ചവരെ ഒറ്റക്ക് ചോദ്യം ചെയ്താതാലെ സംഭവത്തിന്റെ ചുരുള്‍ അഴിയുകയുള്ളുവെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. കുട്ടിയുടെ ബന്ധുക്കളായിട്ടുള്ളവര്‍ വ്യത്യസ്തമായ മൊഴികളാണ് ഇപ്പോള്‍ നല്‍കിയിട്ടുള്ളത്. കുട്ടി തനിയെ വരുത്തിയ പരിക്കുകളാണെന്ന ബന്ധുക്കള്‍ പറഞ്ഞത് പൂര്‍ണമായും പോലീസ് വിശ്വസിച്ചിട്ടില്ല.
കഴിഞ്ഞ മാസം 22 നാണ് പുതുവൈപ്പ് സ്വദേശി കാക്കനാട് പള്ളത്തുപടിയിലെ വീട് വാടകയ്ക്ക് എടുത്തത്. അന്ന് രാത്രിയിലാണ് കുടുംബസമേതം വാടക വീട്ടില്‍ ഇവര്‍ താമസിക്കാന്‍ എത്തിയതെന്നും പരിസരവാസികളുമായി യാതൊരു ബന്ധം സ്ഥാപിക്കുന്ന രീതിയിലുള്ള സമീപനമായിരുന്നില്ലെന്നും വാര്‍ഡ് കൗണ്‍സിലര്‍ സുനി കൈലാസ് പറഞ്ഞു.
പള്ളത്തുപടിയിലുള്ള ഒരു വ്യക്തിയുടെ മൂന്ന് നില അപ്പാര്‍ട്ട്മെന്റിലെ മൂന്നാം നിലയിലെ വീടാണ് ഇവര്‍ വാടകയ്ക്ക് എടുത്തത്. പരിക്കുപറ്റിയ കുട്ടിയുടെ അമ്മയും അമ്മയുടെ ജ്യേഷ്ഠ സഹോദരിയും അവരുടെ ഭര്‍ത്താവും ഇവരുടെ മകനായ പന്ത്രണ്ടു വയസുകാരനും അമ്മൂമ്മയും ഒന്നിച്ചാണ് വാടക വീട്ടില്‍ താമസിക്കുന്നത്.
മൂന്നു വയസുകാരി കുട്ടിയുടെ കരച്ചില് പോലും പുറത്തു കേട്ടിട്ടില്ലെന്നും അയല്‍ക്കാര്‍ പറഞ്ഞു. കുട്ടിയുടെ അമ്മയുടെ സഹോദരി ഭര്‍ത്താവും പന്ത്രണ്ടു വയസുകാരനും തോളില്‍ ഒരു ബാഗ് മായി ഞായറാഴ്ച രാത്രിയില്‍ വെളിയിലേക്കു പോകുന്നതു കണ്ടതായി അയല്‍ക്കാര്‍ പറഞ്ഞു. അന്നു രാത്രിയിലാണ് കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയത്.
അമ്മൂമ്മ, അനുജത്തി, പന്ത്രണ്ടു വയസുകാരന് എന്നിവരെ വാടക വീട്ടിലാക്കിയിട്ടു ഭാര്യയും ഭര്‍ത്താവുമൊന്നിച്ചു ജോലിക്കായി കാനഡയില്‍ പോകുമെന്നാണ് പറഞ്ഞതെന്നു കെട്ടിട ഉടമ പറഞ്ഞു. മൂന്നു മാസം പള്ളിക്കരയില്‍ വാടക വീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്
അവിടെ ബഹളം വച്ചു ജനല്‍ പാളികള്‍ തകര്‍ത്തപ്പോഴാണ് പറഞ്ഞയച്ചതെന്നു ഫ്ളാറ്റ് ഉടമ പറഞ്ഞു. കുട്ടി പരിക്കുപറ്റി ആശുപത്രിയി ലായ സംഭവം അറിഞ്ഞപ്പോള്‍ പള്ളിക്കരയില്‍ ഇവര്‍ താമസിച്ചിരുന്ന വീട്ടുടമയുമായി ബന്ധപ്പെട്ടപ്പോഴാണ് അവിടെനിന്ന് ഇവരെ ഒഴിവാക്കിയ വിവരം അറിഞ്ഞതെന്നും പള്ളത്തുപടിയിലെ ഫ്ളാറ്റുടമ പറഞ്ഞു.
കുട്ടിക്ക് ഗുരുതരമായി പരിക്കുപറ്റിയ സംഭവം ഏറെ ദുരൂഹതകള്‍ നിറഞ്ഞതാണെന്നാണ് വിലയിരുത്തല്‍. ഈ സംഭവത്തില്‍ ശിശുക്ഷേമ സമിതിയും ഇടപെട്ടിട്ടുണ്ട്.
യൗവനം കടന്ന ഒരു മനുഷ്യന്റെ കണ്ണിലൂടെ പ്രണയം അവതരിപ്പിച്ച ‘റൈസിംഗ് സോൾ’ എന്ന മ്യൂസിക്കൽ ആല്‍ബം ആസ്വാദകരുടെ മുന്നിലേക്ക്. ഓറഞ്ച് മീഡിയയുടെ യൂട്യൂബ് ചാനലിലൂടെ കഴിഞ്ഞ ദിവസമാണ് ആൽബം റിലീസായത്.
ലിജോ സ്രാമ്പിക്കൽ സംവിധാനം ചെയ്ത ആൽബത്തിൽ ഷമീർ മുതിരക്കാല, കുഞ്ഞുമുഹമ്മദ്, ലിജോ സ്രാമ്പിക്കൽ, കരോള്‍ അലക്സ്, അലക്സ് മുത്തു, ജെസി ലൂയിസ്, റജി ടോമി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.

ഷമീർ മുതിരക്കാലയാണ് നിർമാണം. എമില്‍ എം ശ്രീരാഗ് സംഗീത സംവിധാനം നിര്‍വഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് ആര്യ ജനാര്‍ദനനാണ്.
സാമൂഹിക പ്രസക്തിയുള്ള വിഷയത്തെ മനോഹരമായ രംഗങ്ങളിലൂടെ പ്രേക്ഷകനിലേക്ക് എത്തിക്കുന്ന ചിത്രം നല്ലൊരു അനുഭൂതി സമ്മാനിക്കുന്നു. സാങ്കേതിക വശങ്ങളിലും മികവ് പുലർത്തുന്ന ഗാനം, വ്യക്തിബന്ധങ്ങളുടെ കരുത്തിലാണ് മനുഷ്യർ ഒന്നായി മാറുന്നതെന്ന് പറയുന്നു. കരുതലിന്റെയും പ്രതീക്ഷയുടെയും സന്ദേശങ്ങൾ ‘റൈസിംഗ് സോളി’നെ പ്രമേയപരമായി ശക്തമാക്കുന്നു. യൂട്യൂബിൽ ഇതുവരെ പതിനായിരത്തിലധികം പേർ ആൽബം കണ്ടുകഴിഞ്ഞു.
‘റൈസിംഗ് സോൾ’ കാണാം;
https://www.youtube.com/watch?v=a_UjONcgQBI
ഐഎസ്എല്‍ കേരള ബ്ലാസ്റ്റേഴ്സിനെതിരേ നടത്തിയ വിവാദ പരാമര്‍ശത്തിൽ എടികെ മോഹന്‍ ബഗാന് താരം സന്ദേശ് ജിംഗാന് സൈബർ ആക്രമണം. ഭാര്യ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ അപമാനിക്കരുതെന്ന് ആവശ്യപ്പെട്ട് ജിംഗാന് രംഗത്തെത്തി.
തന്റെ തെറ്റ് ഒരിക്കൽ കൂടി ഏറ്റുപറഞ്ഞ താരം അതിന്റെ പേരില്‍ കുടുംബാംഗങ്ങളെ ശിക്ഷിക്കരുതെന്ന് ആവശ്യപ്പെട്ടു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ജിംഗാൻ ആരോധകരോട് മാപ്പ് അപേക്ഷിച്ചത്.
ബ്ലാസ്റ്റേഴ്സും എടികെയും തമ്മിലുള്ള മത്സരശേഷമാണ് ജിംഗാൻ വിവാദ പരാമര്‍ശം നടത്തിയത്. “ഞങ്ങള്‍ മത്സരിച്ചത് സ്ത്രീകള്‍ക്കൊപ്പം’ എന്നായിരുന്നു ജിംഗാൻ പറഞ്ഞത്. ഇതിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്.
ബ്ലാസ്റ്റേഴ്സിനെയും സ്ത്രീകളെ തന്നെയും ജിംഗാൻ അപമാനിച്ചു എന്നായിരുന്നു ആരോപണം. മുൻ താരമായ ജിംഗാനോടുള്ള ആദരസൂചകമായി ബ്ലാസ്റ്റേഴ്സ് പിൻവലിച്ച 21 ാം നമ്പർ ജഴ്സി തിരികെ കൊണ്ടുവരണമെന്നും ആരോധകർ ആവശ്യപ്പെട്ടു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടിവി സംവാദത്തിന് ക്ഷണിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറെ നാളായി വഷളായ പശ്ചാത്തലത്തിലാണ് ഇമ്രാന്റെ പ്രസ്താവന.
നരേന്ദ്ര മോദിയുമായി ടിവിയിൽ സംവാദം നടത്താൻ താൻ ഏറെ ആഗ്രഹിക്കുന്നു. അഭിപ്രായ വ്യത്യാസങ്ങൾ സംവാദത്തിലൂടെ പരിഹരിക്കാൻ കഴിയുമെങ്കിൽ അത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ കോടിക്കണക്കിന് ജനങ്ങൾക്ക് പ്രയോജനകരമാകുമെന്ന് റഷ്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇമ്രാൻ വ്യക്തമാക്കി.
പാക് പ്രധാനമന്ത്രിയുടെ പ്രസ്താവനയോട് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇതുവരെ പ്രതികരിക്കാൻ തയാറായിട്ടില്ലെന്ന് വാർത്ത ഏജൻസിയായ റോയിട്ടേഴ്സും റിപ്പോർട്ട് ചെയ്തു. അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കാതെ പാക്കിസ്ഥാനുമായി ചർച്ചക്കില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.
റഷ്യക്കെതിരേ ഉപരോധം ശക്തമാക്കി ബ്രിട്ടൻ. അഞ്ച് റഷ്യൻ ബാങ്കുകൾക്കും മൂന്ന് ശതകോടീശ്വരൻമാർക്കുമെതിരേ ആദ്യപടിയായി ബ്രിട്ടൻ ഉപരോധം ഏർപ്പെടുത്തി.
യുക്രെയ്നിലെ റഷ്യൻ നടപടികൾക്ക് എതിരെയുള്ള ആദ്യ നടപടിയാണ് ഇതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. യുകെയും തങ്ങളുടെ സഖ്യകക്ഷികളും ഉപരോധം പ്രാബല്യത്തിൽ വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
യുക്രെയ്നിൽ റഷ്യ അധിനിവേശം ആരംഭിച്ചുകഴിഞ്ഞ സാഹചര്യത്തിൽ റഷ്യക്കെതിരേ ഉപരോധം ഏർപ്പെടുത്തുമെന്ന് ബ്രിട്ടീഷ് ആരോഗ്യമന്ത്രി സാജിദ് ജാവിദ് നേരത്തേ പറഞ്ഞിരുന്നു. പ്രധാനമന്ത്രി ബോറിസ് ജോൺസൻ വിളിച്ചു ചേർത്ത അടിയന്തര യോഗത്തിനുശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം.
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ യുക്രെയ്നിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും ആക്രമിക്കാൻ തീരുമാനിച്ചിരിക്കുന്നു. ഇതിനാൽ അവർക്കെതിരേ ഉപരോധം ഏർപ്പെടുത്തേണ്ടിയിരിക്കുന്നു. രാജ്യാന്തര നിയമമാണ് റഷ്യ ലംഘിച്ചതെന്നും സാജിദ് ജാവിദ് പറഞ്ഞു.
റഷ്യയുടെ പിന്തുണയോടെ യുക്രെയ്നുമായി പോരടിക്കുന്ന ഈ രണ്ടു പ്രദേശങ്ങളെ സ്വതന്ത്ര രാജ്യങ്ങളായി അംഗീകരിക്കുകയാണെന്നു റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ഡോൺബാസ് മേഖലയിലെ വിമത പ്രദേശങ്ങളിൽ അമേരിക്കയും ഉപരോധം ഏർപ്പെടുത്തി.
യുകെയിൽ കോവിഡ് സംബന്ധമായ നിയന്ത്രണങ്ങളെല്ലാം വ്യാഴാഴ്ച മുതൽ അവസാനിപ്പിക്കുന്നതായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ പാർലമെന്റിൽ പ്രഖ്യാപിച്ചു. ചികിൽസയും വാക്സിനേഷനും കൊണ്ട് കോവിഡിനെ ചെറുത്ത്, അതിനൊപ്പം ജീവിക്കുക എന്ന നയമായിരിക്കും ഇനി പിന്തുടരുക.
വ്യാഴാഴ്ച മുതൽ കോവിഡ് പോസീറ്റീവാകുന്നവർ നിർബന്ധിത ഐസൊലേനു വിധേയരാകേണ്ടതില്ല. എന്നാൽ സാധ്യമെങ്കിൽ ഐസൊലേഷൻ ആകാമെന്ന നിർദേശമുണ്ട്. കോവിഡുമായി ബന്ധപ്പെട്ട എല്ലാ പ്രത്യേക പേമെന്റുകളും വ്യാഴാഴ്ച മുതൽ ഇല്ലാതാകും.
രോഗലക്ഷണങ്ങൾ ഉള്ളവർക്ക് നിലവിൽ നൽകുന്ന സൗജന്യ പരിശോധന ഏപ്രിൽ ഒന്നിന് അവസാനിക്കും. സെൽഫ് ഐസൊലേഷൻ കാലത്ത് നൽകിയിരുന്ന അവധിയും ശമ്പളവും ഇനിമുതൽ ഉണ്ടാകില്ല. എന്നാൽ 75 വയസ്സുനു മുകളിലുള്ളവർക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉള്ളവര്‍ക്കും സൗജന്യ പരിശോധന തുടരും. ഇവർക്ക് ഒരു ഡോസ് സൗജന്യ ബൂസ്റ്റർ വാക്സീൻകൂടി നൽകും.
ഇംഗ്ലണ്ടിലും നോർതേൺ അയർലൻഡിലും വെയിൽസിലുമെല്ലാം സമാനമായ നിയമം വ്യാഴാഴ്ച പ്രാബല്യത്തിൽ വരുമ്പോൾ സ്കോട്ട്ലൻഡിൽ മാത്രം നേരിയ നിയന്ത്രണങ്ങൾ തുടരും. രോഗികളുമായി സമ്പർക്കത്തിലാകുന്നവരെ കണ്ടെത്താനുള്ള കോൺടാക്ട് ട്രേസിംങ് സംവിധാനം വ്യാഴാഴ്ച അവസാനിക്കും. ഐസൊലേഷൻ കാലത്ത് ലോം ഇൻകം ഗ്രൂപ്പിലുള്ളവർക്ക് നൽകിയിരുന്ന 500 പൗണ്ട് പേമെന്റ് വ്യാഴാഴ്ച നിലയ്ക്കും.
സ്റ്റാറ്റ്യൂട്ടറി സിക്ക് പേ, എംപ്ലോയ്മെന്റ് അലവൻസ് എന്നിവയൊന്നും ഇനി കോവിഡിനായി പ്രത്യേകം ഉണ്ടാകില്ല. ഐസൊലേഷന്റെ പേരിൽ അവധിയെടുത്താൽ സാധാരണ സിക്ക് ലീവായി പരിഗണിക്കപ്പെടും. സൗജന്യ പരിശോധനയ്ക്കായി ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ സെക്ടറിന് നൽകിയിരുന്ന ഫണ്ടിങ് നിർത്തലാക്കും.
വിദേശത്തുനിന്നും വരുന്നവർ പാസഞ്ചർ ലൊക്കേറ്റർ ഫോം പൂരിപ്പിക്കണമെന്ന നിബന്ധന തൽക്കാലം തുടരുമെങ്കിലും ഇതും ഒഴിവാക്കുന്നകാര്യം സർക്കാർ ഏപ്രിൽ ഒന്നിനുശേഷം പരിഗണിക്കും. ഇത്തരത്തിൽ എല്ലാ നിയന്ത്രണങ്ങളും ആനുകൂല്യങ്ങളും പിൻവലിച്ചുകൊണ്ട് കോവിഡിൽനിന്നുള്ള സമ്പൂർണമായ സ്വാതന്ത്ര്യ പ്രഖ്യാപനമാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പാർലമെന്റിൽ നടത്തിയത്.
രാജ്യത്തെ പ്രഥമ പൗരയായ എലിസബത്ത് രാജ്ഞിയ്ക്കു പോലും കോവിഡ് സ്ഥിരീകരിക്കുകയും, ദിവസേന അര ലക്ഷത്തിലധികം ആളുകൾ കോവിഡ് രോഗികളായി മാറുകയും ചെയ്യുന്ന സാഹചര്യം നിലനിൽക്കുമ്പോഴാണ് ബ്രിട്ടന്റെ ഈ കോവിഡ് ‘സ്വാതന്ത്ര്യ’ പ്രഖ്യാപന എന്നതും ശ്രദ്ധേയമാണ്.
ദുബായിലേക്കുള്ള യാത്രയ്ക്ക് ഇന്ത്യയിലെ വിമാനത്താവളങ്ങളിൽനിന്ന് കോവിഡ്19 റാപിഡ് ടെസ്റ്റ് ആവശ്യമില്ലെന്നു ദുബായ് വ്യോമയാന അതോറിറ്റി. യാത്ര പുറപ്പെടുന്നതിനു 4 മണിക്കൂറിനുള്ളിൽ വിമാനത്താവളങ്ങളിൽ നടത്തിയിരുന്ന പരിശോധനയാണ് ഒഴിവാക്കുന്നത്.
നിലവിൽ ദുബായ് വിമാനത്താവളത്തിലേയ്ക്കു പോകുന്ന യാത്രക്കാർക്കു മാത്രമാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. അബുദാബി, ഷാർജ വിമാനത്താവളങ്ങളിലേയ്ക്കു ഇന്ത്യയിൽ നിന്നു പോകുന്ന യാത്രക്കാർക്ക് വിമാനത്താവളങ്ങളിലെ റാപിഡ് പരിശോധന തുടരും. അതേസമയം, യാത്രക്കു 48 മണിക്കൂറിനുള്ളിൽ ലഭിച്ച പിസിആർ പരിശോധനാ ഫലം നിർബന്ധമാണ്. ദുബായ് വിമാനത്താവളത്തിലെത്തിയശേഷവും പിസിആർ പരിശോധനയുണ്ടാകും. പരിശോധനാഫലം പൊസിറ്റീവാണെങ്കിൽ മാത്രം ക്വാറന്റീനിൽ കഴിഞ്ഞാൽ മതിയെന്നും അതോറിറ്റി വ്യക്തമാക്കി.
കൽപ്പറ്റ: നവദമ്പതികളെ കൊലപ്പെടുത്തിയ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കി കോടതി. നാടിനെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തിയ ദുരൂഹതകൾ നിറഞ്ഞ കണ്ടത്ത്‌വയൽ ഇരട്ടക്കൊലപാതക കേസിലാണ് പ്രതി വിശ്വനാഥനെ(48) മരണം വരെ തൂക്കിലേറ്റാൻ കോടതി വിധിച്ചത്. വെള്ളമുണ്ട കണ്ടത്ത് വയൽ സ്വദേശികളായ ഉമ്മർ (24), ഫാത്തിമ (19) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. അപൂർവങ്ങളിൽ അപൂർവമായ കേസെന്ന നിലയിലാണ് പ്രതിക്ക് കോടതി പരമാവധി ശിക്ഷ നൽകിയത്.
കൊലപാതകം നടത്തിയശേഷം പ്രതി വിശ്വനാഥൻ കൊല്ലപ്പെട്ട ഫാത്തിമയുടെ മൊബൈൽ ഫോണും മോഷ്‌ടിച്ചിരുന്നു. സിം മാറ്റിയെങ്കിലും മൊബൈൽ ഫോണിന്റെ ഐഎംഇഐ (ഇന്റർനാഷണൽ മൊബൈൽ എക്യുപ്‌മെന്റ് ഐഡന്റിറ്റി) നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഫോൺ എവിടെയെന്ന് ട്രാക്ക് ചെയ്യാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞു. കൊലപാതകം നടന്ന പിറ്റേ ദിവസംതന്നെ ഫോണിലെ ഐഎംഇഐ നമ്പർ ആർ ഇന്ത്യ സർച്ചിലേക്ക് പൊലീസ് നൽകിയിരുന്നു.
ആയിരത്തിലധികം പരിശോധനകൾക്കു ശേഷം സെപ്‌തംബർ ആറിന് ഈ ഐഎംഇഐ നമ്പർ ഫോണിൽ സിം ഉപയോഗിക്കുന്നതായി കണ്ടെത്തി. വിശ്വനാഥന്റെ ഭാര്യയാണ് ഈ ഫോണിൽ നെറ്റ് ഉപയോഗിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്‌റ്റഡിയിലെടുത്തത്. കൊലപാതക സ്ഥലത്തുനിന്ന് ശേഖരിച്ച ഫൂട്ട് പ്രിന്റ് പ്രതിയുടേതെന്ന് കണ്ടെത്താനും സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയ ചീർപ്പിലെ മുടി പ്രതിയുടേതാണെന്നും പൊലീസ് ശാസ്‌ത്രീയ പരിശോധനയിലൂടെ തെളിയിച്ചു. രക്തക്കറ പുരണ്ട ഷർട്ടും പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെത്തി.
2018 ജൂലൈ ആറിനായിരുന്നു നാടിനെ നടുക്കിയ സംഭവം. വിവാഹം കഴിഞ്ഞ് രണ്ടു മാസം മാത്രം പിന്നിട്ടപ്പോഴാണ് ദമ്പതികൾ കൊല്ലപ്പെടുന്നത്. 2018 ജൂലൈ അഞ്ചിന് അർധരാത്രിക്കുശേഷം ആറിന് പുലർച്ചെ ഒന്നിനും രണ്ടിനും ഇടയിലായിരുന്നു കൊല നടന്നത്. മോഷണം ചെറുക്കുന്നതിനിടെ പ്രതി ദമ്പതികളെ കമ്പിവടികൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇരുവരും മരിച്ചശേഷം ഫാത്തിമയുടെ ദേഹത്തുണ്ടായിരുന്ന 10 പവൻ ആഭരണവുമെടുത്ത് വീട്ടിലും പുറത്തും മുളകുപൊടി വിതറി രക്ഷപ്പെട്ടു. വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ മൃതദേഹം ആദ്യം കണ്ടത് ഉമ്മറിന്റെ ഉമ്മ ആയിശയാണ്. തൊട്ടടുത്തുള്ള ഉമ്മറിന്റെ സഹോദരന്റെ വീട്ടിലായിരുന്ന അവർ രാവിലെ മകന്റെ വീട്ടിലെത്തിയപ്പോഴാണ് ദാരുണ രംഗം കണ്ടത്. ഇരട്ടക്കൊലപാതകമാണ് നടത്തിയത് എന്നതും കൊല്ലപ്പെട്ടവരുടെ പ്രായവും കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ ഇരുമ്പുവടി കൊണ്ടുവന്നതും ഇരുവരുടെയും തലയ്‌ക്കടിച്ചതുമെല്ലാം പരമാവധി ശിക്ഷക്ക് അർഹമാണെന്ന പ്രോസിക്യൂഷൻ വാദം കോടതി വിധിയിലൂടെ അംഗീകരിക്കപ്പെട്ടു.
കൊലക്കുറ്റത്തിന് വധശിക്ഷയും പത്തുലക്ഷം രൂപ പിഴയും വിധിച്ച കൽപ്പറ്റ സെഷൻസ് കോടതി ജഡ്ജി വി ഹാരിസ് പ്രതിക്ക് ഭവനഭേദനത്തിന് പത്തുവർഷം തടവും ഒരു ലക്ഷം രൂപ പിഴയും കവർച്ചക്കും തെളിവ് നശിപ്പിക്കലിനും ഏഴു വർഷം വീതം തടവും ഒരുലക്ഷം രൂപ പിഴ വിധിച്ചതും കുറ്റകൃത്യത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.
തിരുവനന്തപുരം: പുതിയ ബെന്‍സ് കാര്‍ വാങ്ങാനുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദേശം സര്‍ക്കാര്‍ പരിഗണനയില്‍. 85 ലക്ഷം രൂപ വിലയുള്ള ബെന്‍സ് കാര്‍ വാങ്ങാനാണ് ഉദ്ദേശിക്കുന്നത്. വിവിഐപി പ്രോട്ടോക്കോള്‍ പ്രകാരം ഒരുലക്ഷം കിലോമീറ്റര്‍ കഴിഞ്ഞാല്‍ വാഹനം മാറ്റണം. നിലവിലെ വാഹനം ഒന്നരലക്ഷം കിലോമീറ്റര്‍ ഓടി. ഇക്കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഏതാനും മാസം മുന്‍പ്് ഗവര്‍ണര്‍ സര്‍ക്കാരിന് കത്തു നല്‍കിയിരുന്നു.
ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സ് ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ നിലനിന്ന അഭിപ്രായഭിന്നത ഏറെ വിവാദമായിരുന്നു. ഗവര്‍ണറുടെ പഴ്‌സണല്‍ സ്റ്റാഫിലെ നിയമനത്തിനെതിരേ കത്തു നല്‍കിയ പൊതുഭരണവകുപ്പ് സെക്രട്ടറി കെ.ആര്‍.ജ്യോതിലാലിനെ തല്‍സ്ഥാനത്തുനിന്ന് നീക്കിയാണ് ഒടുവില്‍ സര്‍ക്കാര്‍ ഗവര്‍ണറെ അനുനയിപ്പിച്ചത്. ഇതിനു ശേഷം ഗവര്‍ണറുടെ ഓഫിസിലെ രണ്ട് നിയമനങ്ങള്‍ക്കും സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു.
തന്റെ ഫോണിലേക്ക് അശ്ലീല സന്ദേശമയച്ചെന്ന് ആരോപിച്ച് വനിതാ പോലീസുകാരി സ്റ്റേഷനകത്തിട്ട് അഡീഷണൽ എസ്‌ഐയെ പരസ്യമായി മർദ്ദിച്ചതായി റിപ്പോർട്ട്.
കോട്ടയം പള്ളിക്കത്തോട് സ്റ്റേഷനിൽ കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. പോലീസുകാരന്റെ സഭ്യമല്ലാതത് പെരുമാറ്റം ചർച്ചയായതോടെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ജില്ലാ പോലീസ് മേധാവി.
വനിതാ പോലീസുകാരിയുടെ ഫോണിലേക്ക് അഡീഷണൽ എസ്‌ഐ അശ്ലീല സന്ദേശമയച്ചെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് കുറച്ച് ദിവസങ്ങളായി ഇരുവർക്കുമിടയിൽ വാക്കുതർക്കം നിലനിന്നിരുന്നെന്നും റിപ്പോർട്ടുണ്ട്.
കഴിഞ്ഞ ദിവസം രാവിലെ വീണ്ടും ഇതേ വിഷയത്തിൽ തർക്കമുണ്ടായതോടെയാണ് സ്റ്റേഷനിൽ വച്ച് അഡീഷണൽ എസ്‌ഐയെ വനിതാ പോലീസുകാരി പരസ്യമായി മർദ്ദിച്ചത്.