കട്ടപ്പനയിൽ കഴിഞ്ഞ ദിവസം വൈദ്യുതി ലൈനിലെ ജോലിക്കിടെ കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ച സംഭവം സ്വകാര്യ സ്ഥാപനത്തിലെ ജനറേറ്ററിൽ നിന്നും വൈദ്യുതി ലൈനിലേക്ക് എത്തിയത് കൊണ്ടാണെന്ന് കണ്ടെത്തി. നിർമ്മല സിറ്റി മണ്ണാത്തിക്കുളത്തിൽ എംവി ജേക്കബാണ് തിങ്കളാഴ്ച ഷോക്കേറ്റ് മരിച്ചത്. ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയായിരുന്നു മരണം.
നഗരത്തിലെ ഹൈറേഞ്ച് ഹോം അപ്ലയൻസസ് എന്ന സ്ഥാപനത്തിലെ ജനറേറ്ററിൽ നിന്നാണ് വൈദ്യുതി എത്തിയതെന്നാണ് പരിശോധനിൽ കണ്ടെത്തിയിരിക്കുന്നത്. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് നടത്തിയ പരിശോധനയിൽ ഇക്കാര്യം വ്യക്തമാവുകയായിരുന്നു.
നേരത്തെ വൈദ്യുതി ഓഫ് ചെയ്ത ശേഷം അറ്റകുറ്റപണികൾ നടത്തിയിട്ടും ദാരുണസംഭവമുണ്ടായതോടെ അധികൃതർ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് പരിശോധന നടത്തിയതോടെ ഹൈറേഞ്ച് ഹോം അപ്ലയൻസസിലെ ജനറേറ്ററിൽ നിന്നുമാണ് വൈദ്യുതി പ്രവഹിച്ചതെന്ന് കണ്ടെത്തുകയായിരുന്നു.
ജനറേറ്റർ കൃത്യമായി എർത്തിങ് നടത്താതിരുന്നത് മൂലമാണ് വൈദ്യുതാഘാതമുണ്ടായതെന്നാണ് കണ്ടെത്തൽ. വയറിങ് നടത്തിയതും ശരിയായ രീതിയിലായിരുന്നില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് സ്ഥാപനത്തിലേക്കുള്ള വൈദ്യുതികണക്ഷൻ വിച്ഛേദിച്ചു. ഒരു പോസ്റ്റിൽ നിന്നും 16 കണക്ഷനുകൾ നൽകിയ കെഎസ്ഇബിയും വീഴ്ച വരുത്തിയെന്ന് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ പറഞ്ഞു.
കടമേരിയിൽ വീട്ടിൽ കയറി ഗുണ്ടാ ആക്രമണം നടത്തിയ ശേഷം പൊലീസിനെ ഭീഷണിപ്പെടുത്തി ഇൻസ്റ്റ ഗ്രാമിൽ വിഡിയോ പോസ്റ്റ് ചെയ്ത ഗുണ്ട അറസ്റ്റിൽ. കണ്ണൂർ ചിറക്കൽ സ്വദേശി ചാണ്ടി ഷമീം എന്ന ഷമീം മഹ്ദിയെയാണ് നാദാപുരം പൊലീസ് പിടികൂടിയത്. കണ്ണൂർ പൊലീസിന്‍റെ സഹായത്തോടെ പുലർച്ചെ മുതൽ നടത്തിയ തിരച്ചിലിലാണ് ഷമീം കണ്ണൂർ കക്കാടുള്ള ബന്ധു വീട്ടിൽ വെച്ച് നാദാപുരം പൊലീസിന്‍റെ പിടിയിലായത്. പ്രതിയെ നാദാപുരം മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
ചൊവ്വാഴ്ച രാത്രിയിലാണ് മയക്കു മരുന്ന് വിതരണ സംഘത്തിൽപെട്ടവർ കടമേരിയിൽ എത്തി നാട്ടുകാർക്കെതിരെ അക്രമം അഴിച്ചു വിട്ടത്. ഇവരുടെ അക്രമണത്തിൽ നിരവധി പ്രദേശവാസികൾക്ക് പരിക്കേറ്റിരുന്നു. പ്രദേശത്തെ കഞ്ചാവ് വിതരണ സംഘത്തലവനായ പാറേമ്മൽ നിയാസുമായുള്ള സാമ്പത്തിക ഇടപാട് തർക്കം ചർച്ച ചെയ്യാനാണ് കണ്ണൂരിൽ നിന്നും ക്രിമിനൽ സംഘം കടമേരിയിലെ നിയാസിന്‍റെ വീട്ടിൽ എത്തിയത്.
ഇവർ തമ്മിൽ ഉണ്ടായ തർക്കം അടിപിടിയിൽ കലാശിച്ചതറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരെയാണ് ക്രിമിനൽ സംഘം ആയുധങ്ങളുമായി ആക്രമിച്ചു പരിക്കേൽപിച്ചത്.
സ്ഥലത്ത് നിന്നും പൊലീസ് പിടികൂടിയ മറ്റൊരു പ്രതി കണ്ണൂർ നാറാത്തെ സഅദ് റിമാൻഡിലാണ്. എട്ടു പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
കടമേരിയിലെ ആക്രമണത്തിന് ശേഷം സ്വദേശമായ കണ്ണൂർ നാറാത്തേക്ക് രക്ഷപ്പെട്ട ഷമീമിനെ നാദാപുരം പൊലീസ് ഫോൺ ലൊക്കേഷൻ നോക്കി പിന്തുടർന്നെങ്കിലും രക്ഷപ്പെട്ടു. സാഹസികമായി ഇയാളുടെ വാഹനം പിന്തുടർന്ന പൊലീസ് കണ്ണൂർ കക്കാട് നിന്നും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മയക്കുമരുന്നിനും കഞ്ചാവിനും അടിമയായ ഇയാൾ ആത്മീയ പരിവേഷം ലഭിക്കാനുള്ള വേഷ വിധാനങ്ങളും ഉപയോഗിച്ചിരുന്നു.
കണ്ണൂർ ജില്ലയിൽ 30 ഓളം കേസുകളിൽ പ്രതിയാണ് ഇയാൾ. ആക്രമണത്തിന് പിന്നാലെ പൊലീസിനെതിരെ ഇയാൾ സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയിരുന്നു. അക്രമസംഘത്തിലെ ഒരാളെന്ന് അവകാശപ്പെട്ടാണ് നാദാപുരം എസ്.ഐയെ ഭീഷണിപ്പെടുത്തുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ‘സൂക്ഷിച്ചു കളിക്കണം, അല്ലെങ്കിൽ ജീവന് ഭീഷണിയാണ്’- എന്നാണ് ഷമീം വീഡിയോയിൽ പറഞ്ഞത്. സോഷ്യൽ മീഡിയ പേജിലൂടെ നാദാപുരം പൊലീസിനും നാട്ടുകാർക്കുമെതിരെ ഇയാൾ നിരവധി ഭീഷണി സന്ദേശങ്ങളും അയച്ചിരുന്നു. ഇതിന് പിന്നാലെ മണിക്കൂറുകൾക്കകം തന്നെ ഷമീം പിടിയിലായി.
എ.എസ്.ഐ മനോജ് രാമത്ത്, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ ഷാജി, സന്തോഷ് മലയിൽ, ഡ്രൈവർ പ്രദീപൻ എന്നിവർ അടങ്ങിയ സംഘം ആണ് പ്രതിയെ കീഴടക്കിയത്.
അക്രമി സംഘം സഞ്ചരിച്ച ഒരു വാഹനവും നാദാപുരം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കടമേരി സ്വദേശിയുമായി ചില സാമ്പത്തിക ഇടപാടുള്ള കണ്ണൂരിലെ ഹാനിയെന്നയാളുടെ സംഘമാണ് അക്രമമുണ്ടാക്കിയത്. ഇയാളുടെ വാഹനം കടമേരി സ്വദേശി നാട്ടിലെത്തിച്ചിരുന്നു. ഇത് തിരികെ പിടിക്കാനാണ് സംഘം എത്തിയത്. ഈ വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനം എടുത്ത സ്ഥലത്തെത്തിക്കണമെന്നും ഷമീം മഹ്ദിയുടെ ഭീഷണിയിലുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ക്രിപ്റ്റോ വിഭാഗത്തിലേക്ക് നൂറു പേരെ നിയമിക്കാനൊരുങ്ങി സിറ്റി ഗ്രൂപ്പ്. ഇതിലൂടെ ഒരു ക്രിപ്റ്റോ ടീമിന് രൂപം നൽകാനാണ് കമ്പനി പദ്ധതിയിടുന്നത്. സിറ്റിയുടെ ഇൻസ്റ്റിറ്റ്യൂഷണൽ ക്ലയന്റ് ഗ്രൂപ്പിലെ ഡിജിറ്റൽ അസറ്റുകളുടെ പുതിയ തലവൻ പുനീത് സിംഗ്വി ആയിരിക്കും. മുമ്പ്, സിറ്റിയുടെ ട്രേഡിംഗ് ബിസിനസിലെ ബ്ലോക്ക് ചെയിൻ, ഡിജിറ്റൽ അസറ്റുകൾ എന്നിവയുടെ തലവനായിരുന്നു സിംഗ്വി. ബ്ലോക്ക് ചെയിനിന്റെയും ഡിജിറ്റൽ അസറ്റുകളുടെയും വലിയ സാധ്യതകളിൽ സിറ്റി ഗ്രൂപ്പ് വിശ്വാസം അർപ്പിക്കുന്നു.

ക്ലയന്റുകൾ, സ്റ്റാർട്ടപ്പുകൾ, റെഗുലേറ്റർമാർ തുടങ്ങി നിരവധി പങ്കാളികളുമായി ഇടപഴകുന്നതിൽ പുനീതും ടീമും ശ്രദ്ധ കേന്ദ്രീകരിക്കും. ഡിജിറ്റൽ അസറ്റ് സ്‌പെയ്‌സിൽ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സിറ്റി ഗ്രൂപ്പ് പ്രസ്താവന ഇറക്കി. ശോഭിത് മൈനിയും വസന്ത് വിശ്വനാഥനും സിറ്റി ഗ്രൂപ്പിന്റെ ഗ്ലോബൽ മാർക്കറ്റ് ബിസിനസിന്റെ ബ്ലോക്ക് ചെയിൻ, ഡിജിറ്റൽ അസറ്റുകളുടെ സഹ-മേധാവികളായിരിക്കും.

ക്രിപ്‌റ്റോകറൻസികളുടെ വർദ്ധിച്ചു വരുന്ന ജനപ്രീതി മുന്നിൽ കണ്ട് ജൂണിൽ സിറ്റി ഗ്രൂപ്പ് ഡിജിറ്റൽ അസറ്റ് ഡിവിഷൻ ആരംഭിച്ചു. ഉപഭോക്താക്കൾക്ക് ക്രിപ്റ്റോകറൻസിയിൽ കൂടുതൽ താല്പര്യം ഉണ്ടെന്ന് വെളിപ്പെടുത്തിയ ഗ്രൂപ്പ്, ബാങ്ക് റെഗുലേറ്ററി അനുമതിയ്ക്കായി കാത്തിരിക്കുകയായിരുന്നു.
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മാമുക്കോയ. നിരവധി ചിത്രങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ചിട്ടുള്ള അദ്ദേഹം ജീവിതത്തെ കുറിച്ചും സഹപ്രവര്‍ത്തകരെ കുറിച്ചുമൊക്കെ തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ കുടുംബത്തെ കുറിച്ച് കാര്യമായി തുറന്ന് പറഞ്ഞിട്ടില്ല. സുഹറയാണ് മാമുക്കോയയുടെ ഭാര്യ. നാല്‍ മക്കളും പേരക്കുട്ടികളും അടങ്ങുന്ന സന്തുഷ്ട കുടുംബം. ഇപ്പോള്‍ സുഹറയെ വിവാഹം കഴിക്കാന്‍ പോയ കാലത്തെ ഒര്‍മ്മര്‍ പങ്കുവെച്ചിരിക്കുകയാണ് മാമുക്കോയ. ഒരു മാധ്യമത്തിന് നേരത്തെ നല്‍കിയ അഭിമുഖത്തിലാണ് മാമുക്കോയ വിവാഹ ഓര്‍മകള്‍ പങ്കുവെച്ചത്. തന്റെ അടുത്ത് കാശ് പോലും ഇല്ലാതിരുന്ന കാലത്ത് നടത്തിയ വിവാഹം ആണെങ്കിലും ഗാനമേള ഒക്കെ ഉണ്ടായിരുന്ന കിടിലന്‍ വിവാഹമാണെന്ന് അദ്ദേഹം പറയുന്നു.
മാമുക്കോയയുടെ വാക്കുകള്‍ ഇങ്ങനെ, തന്റെ വീടിനടുത്ത് തന്നെയാണ് ഭാര്യയുടെയും വീട്. ഭാര്യയുടെ പിതാവിന് മരക്കച്ചവടമായിരുന്നു. വൈകുന്നേരമായാല്‍ എല്ലാവരും ഈവനിംഗ് ആര്‍ട്‌സ് ക്ലബില്‍ വന്നിരിക്കാറുണ്ട്. എസ് കെ പൊറ്റക്കാട്, ബാബുരാജ് ഇവരെല്ലാം ഒന്നിച്ചു കൂടും. ഭാര്യയുടെ പിതാവ് മരിച്ച് 8 വര്‍ഷം കഴിഞ്ഞപ്പോഴാണ് മകള്‍ക്ക് വിവാഹ പ്രായമായത്. ഞാന്‍ പെട്ടുപോയി എന്ന് ഇപ്പോഴും ഭാര്യ പരാതി പറയാറുണ്ട്. എന്നാല്‍ അതൊക്കെ കേട്ട് കേട്ട് തഴമ്പിച്ചതിനാല്‍ ഞാന്‍ അത് മൈന്‍ഡ് ചെയ്യാറില്ല.
അന്ന് പൈസയും പൊന്നും ഒന്നുമില്ല, എനിക്ക് ആളെ ഒന്ന് കാണണം എന്ന് മാത്രമാണ് പറഞ്ഞത്. അങ്ങനെയാണ് പെണ്ണിനെ കാണാന്‍ പോവുന്നത്. പെണ്ണിനെ കണ്ട് ഇഷ്ടമായതോടെ വീട്ടില്‍ കാര്യം അവതരിപ്പിച്ചു. അവരടുത്തും പൈസയില്ല, എന്റടുത്തും ഇല്ല. അപ്പോള്‍ എനിക്കിത് മാച്ച് ആവുമെന്ന് തോന്നി. കല്യാണത്തിന് കത്ത് അടിക്കാനോ ചെരിപ്പ് മേടിക്കാനോ പോലും പൈസ ഇല്ലായിരുന്നു. വാസു പ്രദീപാണ് കത്തിന്റെ കാര്യത്തിലെ ആശയക്കുഴപ്പം പരിഹരിച്ചത്. നിന്റെ കൈയ്യക്ഷരം നല്ലതല്ലേ, നീ എഴുതിയാല്‍ മതി. ഇത്രയും ആളുകളെ ക്ഷണിക്കാനുള്ള കത്ത് ഞാന്‍ സ്വന്തമായി എഴുതുകയോ, ആദ്യം ഒന്ന് എഴുതൂ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
മൊത്തം കത്തും തന്നെ എഴുതേണ്ടി വരുമെന്ന് കരുതി എഴുത്ത് ചുരുക്കുകയായിരുന്നു. ജൂണ്‍ 4 ഞായറാഴ്ച ഞാന്‍ വിവാഹിതനാവുകയാണ്, 3ാം തീയതി ശനിയാഴ്ച എന്റെ വീട്ടിലേക്ക് വരണം. മാമു തൊണ്ടിക്കോട് ഇങ്ങനെയായിരുന്നു വിവാഹത്തിനുള്ള ക്ഷണക്കത്തില്‍ എഴുതിയത്. ശനിയാഴ്ച രാത്രിയായിരുന്നു പരിപാടി. കോഴിക്കോട് അബ്ദുല്‍ ഖാദറിന്റെ അടുത്തേക്കാണ് ആദ്യം പോയത്. ഖാദര്‍ക്കാ, എനിക്ക് വാപ്പയില്ല, അതോണ്ട് കാരണവരുടെ സ്ഥാനത്ത് ഇങ്ങളാണ്. എന്റെ വീട്ടില്‍ വരണം എന്ന് പറഞ്ഞിരുന്നു. അങ്ങനെ മോന്റെ കല്യാണം പോലെ ഖാദര്‍ക്ക എല്ലാം ആഘോഷമാക്കി തരികയായിരുന്നു. ഭാര്യ വീട്ടിലെ ഗാനമേളയില്‍ ബാബുരാജായിരുന്നു. പിതാവിന്റെ സുഹൃത്തായിരുന്നു ബാബുരാജ്. അന്ന് വേണമെങ്കില്‍ കത്തടിക്കാനും ചെരിപ്പ് മേടിക്കാനുമൊക്കെയായി പൈസയ്ക്ക് അവരോട് സ്ത്രീധനം ചോദിക്കാമായിരുന്നു. എന്നാല്‍ അവരുടെ പൈസ കൊണ്ട് അതൊക്കെ മേടിക്കുന്നതിലും നല്ലത് കെട്ടാതിരിക്കുന്നത് അല്ലേ .
അമ്മയും മക്കളും ഉള്‍പ്പെടുന്ന മൂന്നംഗ കുടുംബത്തിലെ രണ്ട് പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം ഞാറക്കല്‍ പള്ളിക്ക് കിഴക്ക് നാലാം വാര്‍ഡില്‍ ന്യൂറോഡില്‍ മൂക്കുങ്കല്‍ പരേതനായ വര്‍ഗീസിന്‍റെ മക്കളായ ഞാറക്കല്‍ സെന്‍റ് മേരീസ് സ്‌കൂള്‍ അധ്യാപിക ജെസി (49), സഹോദരന്‍ ജോസ് (51) എന്നിവരാണ് മരിച്ചത്. ഇവരുടെ അമ്മ ഞാറക്കല്‍ സെന്‍റ് മേരീസ് യു.പി സ്‌കൂള്‍ റിട്ട. അധ്യാപിക റീത്ത(80)യെ ഗുരുതരാവസ്ഥയില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മൂവരേയും കൈത്തണ്ട മുറിഞ്ഞ് രക്തം വാര്‍ന്ന് ഒഴുകുന്ന നിലയിലാണ് കണ്ടെത്തിയത്. രണ്ട് ദിവസമായി വീട്ടില്‍ നിന്നും അനക്കമൊന്നും ഇല്ലാതിരുന്നതിനെ തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ എ.പി. ലാലു ഞാറക്കല്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് എസ്.ഐ എ.കെ. സുധീറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് എത്തി വാതില്‍ പൊളിച്ച് അകത്ത് കയറി നോക്കിയപ്പോഴാണ് ജോസും ജെസിയും ഒരുമുറിയിലും അമ്മ റീത്ത മറ്റൊരു മുറിയിലും കിടക്കുന്നതായി കണ്ടത്. മുറികളില്‍ രക്തം വാര്‍ന്ന് ഒഴുകുന്നത് കണ്ട് പരിശോധിച്ചപ്പോള്‍ റീത്തക്ക് ജീവനുണ്ടെന്ന് കണ്ടെത്തി. ഇതോടെ പൊലീസ് ഇവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ജോസിന്‍റെയും ജെസിയുടേയും കഴുത്തുകളില്‍ ചരടുകൊണ്ട് കുരുക്കുമിട്ടിരുന്നു. ഇവരുടെ മരണം സ്ഥിരീകരിച്ചെങ്കിലും മൃതദേഹം വീടിനുള്ളില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് ഫോറന്‍സിക് വിദഗ്ദരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധിച്ച് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷമേ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റൂ. മൂവരും മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ നടത്തിയിരുന്നതായി പൊലീസ് അറിയിച്ചു.
തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി സ്കാനിയ ബസ് തമിഴ്നാട്ടിൽ അപകടത്തിൽ പെട്ടു. കൃഷ്ണഗിരിയിൽ നിന്ന് 20 കിലോമീറ്റർ അകലെ വ്യാഴാഴ്ച പുലർച്ചെ അഞ്ചുമണിക്കാണ് അപകടമുണ്ടായത്. പരിക്കേറ്റ ബസ് ഡ്രൈവറുടെ നില ഗുരുതരമാണെന്നാണ് വിവരം.
മുന്നിൽ പോകുകയായിരുന്ന ലോറിക്കു പിന്നിൽ ബസ് ഇടിക്കുകയായിരുന്നു എന്നാണ് സൂചന. ബസിലെ മറ്റ് യാത്രക്കാർക്ക് കാര്യമായ പരിക്കുകളില്ല. ബസിന്‍റെ മുൻഭാഗം തകർന്നു. ഡ്രൈവർ ഉറങ്ങിയതാകാം അപകട കാരണമെന്നാണ് പ്രഥമിക വിലയിരുത്തൽ.
കാഴ്ചപരിമിതിയുള്ള ഗവേഷക വിദ്യാർഥിനിയുടെ മോഷണം പോയ ലാപ്ടോപ്പ് തിരികെ ലഭിക്കാനായി കൈകോർക്കുകയാണ് കാലിക്കറ്റ് സർവകലാശാലാ സമൂഹവും സഹൃദയരും. കോഴിക്കോട് ബീച്ചിൽ വെച്ച് മോഷണം പോയ ലാപ്ടോപ്പ് തിരികെ ലഭിക്കാൻ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുകയാണ് സുഹൃത്തുക്കൾ. ഇതുവരെയുള്ള ഗവേഷണ വിവരങ്ങളെല്ലാം അടങ്ങിയ ലാപ്ടോപ്പ്, വിൽപ്പനക്കാർ ആരെങ്കിലും വാങ്ങിച്ചിട്ടുണ്ടെങ്കിൽ പണം നൽകി പോലും തിരികെ വാങ്ങാൻ തയാറാണെന്ന് സർവകലാശാലയിലെ ഗവേഷക സംഘടന പറയുന്നു.
കാലിക്കറ്റ് സർവകലാശാല ഇംഗ്ലീഷ് ഭാഷാവകുപ്പിലെ ഗവേഷകയാണ് തൃശൂർ സ്വദേശിയായ സായൂജ്യ. കാഴ്ചപരിമിതിയുള്ളയാളായതിനാൽ ഇത്തരക്കാർക്കുള്ള സോഫ്റ്റുവെയറുകളും മറ്റും ഉപയോഗിച്ചാണ് പഠനം. ബിരുദതലം മുതൽക്കുള്ള പഠന വസ്തുക്കളും നിരവധി പി.ഡി.എഫ് ഫയലുകളും ഇതുവരെയുള്ള ഗവേഷണ പ്രവർത്തനങ്ങളുമെല്ലാം ലാപ്ടോപ്പിലായിരുന്നു ഉള്ളത്.
സുഹൃത്തുക്കൾക്കൊപ്പം കോഴിക്കോട് ബീച്ച് സന്ദർശിക്കാൻ പോയപ്പോളാണ് ലാപ്ടോപ്പ് മോഷണം പോകുന്നത്. കാറിന്‍റെ പിൻസീറ്റിൽ വെച്ചിരുന്ന ലാപ്ടോപ്പ് ആരോ എടുത്തുകൊണ്ടുപോകുകയായിരുന്നു. അന്ന് തന്നെ പൊലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ വിവരമൊന്നും ലഭിച്ചില്ല.
കാഴ്ചപരിമിതിയുള്ള തനിക്ക് ഇവിടെ വരെ പഠിച്ച് എത്താൻ സാധിച്ചത് സാങ്കേതിക വിദ്യയുടെ സഹായത്താലാണെന്ന് സായൂജ്യ പറയുന്നു. തന്‍റെ കണ്ണായിരുന്നു ലാപ്ടോപ്പ്. അത് നഷ്ടമായപ്പോൾ പെട്ടെന്ന് കാഴ്ച നഷ്ടപ്പെട്ടയാളെപ്പോലെയായി -സായൂജ്യ പറയുന്നു. പഠനപ്രവർത്തനങ്ങളൊന്നും നടക്കാതെ ഗവേഷണം തന്നെ പ്രതിസന്ധിയിലായിരിക്കുകയാണിപ്പോൾ.
പൊലീസിന്‍റെ അന്വേഷണത്തിൽ വിവരമൊന്നും ലഭിക്കാതായതോടെയാണ് ലാപ്ടോപ്പ് തിരികെ നൽകണമെന്ന അഭ്യർഥനയുമായി സർവകലാശാലാ സമൂഹം രംഗത്തെത്തിയത്. മോഷ്ടിച്ചയാൾ ഏതെങ്കിലും സെക്കൻഡ്-ഹാൻഡ് കടകളിൽ ലാപ്ടോപ്പ് വിറ്റിട്ടുണ്ടെങ്കിൽ മുടക്കിയ പണം മുഴുവൻ നൽകി ലാപ്ടോപ് വാങ്ങിക്കോളാമെന്ന് ഗവേഷക സംഘടനയായ എ.കെ.ആർ.എസ്.എ പറയുന്നു. ലാപ്ടോപ്പ് തിരിച്ചറിയുന്നതിനായി സാങ്കേതിക വിവരങ്ങളും നൽകിയിട്ടുണ്ട്. ലാപ്ടോപ്പ് ഉടൻ തന്നെ തിരികെ ലഭിക്കുമെന്നും ഗവേഷണം തുടരാനാകുമെന്നുമുള്ള പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഈ വിദ്യാർഥിനി.
ഹലാല്‍ വിവാദത്തിനെതിരെ ഡിവൈഎഫ്ഐ സംഘടിപ്പിച്ച ഫുഡ് സ്ട്രീറ്റ് പ്രതിഷേധത്തിനെ പരിഹസിച്ച് നടന്‍ ഹരീഷ് പേരടി.
ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ എറണാകുളത്ത് പന്നി വിളമ്പി. എന്നാല്‍ മലപ്പുറത്ത് പന്നി വിളമ്പിയോ എന്ന് അദ്ദേഹം ചോദിച്ചു. ഫോട്ടോഷോപ്പ് അല്ലാതെയുള്ള ചിത്രം അയച്ചാല്‍ തന്റെ വാക്കുകള്‍ പിന്‍വലിക്കാം എന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഹരീഷ് പേരടിയുടെ പോസ്റ്റ്:
ഡിവൈഎഫ്‌ഐയോട് ഒരു ചോദ്യം. മലപ്പുറത്ത് പന്നി വിളമ്പിയോ? ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ എറണാകുളത്തെ ഫോട്ടോ കണ്ടു. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്തെ ഒരു ഫോട്ടോയും ഡിവൈഎഫ്‌ഐയുടെ മലപ്പുറം പേജില്‍ പോലും കണ്ടില്ല. മലപ്പുറത്ത് പന്നി വിളമ്പിയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ഡിവൈഎഫ്‌ഐ ആണ്. അല്ലെങ്കില്‍ വെറും ഡിങ്കോളാഫികളാണ്. മലപ്പുറത്തെ ഫോട്ടോഷോപ്പല്ലാത്ത ഒര്‍ജിനല്‍ ഫോട്ടോ അയ്ച്ച് തന്നാല്‍ ഈ പോസ്റ്റ് പിന്‍വലിക്കുന്നതാണ്. ലാല്‍ സലാം.
സോഷ്യൽ മീഡിയയിലും മലയാളി പ്രേക്ഷകരുടെ ഇടയിലും ചർച്ചയാവുന്നത് ചുരുളി എന്ന ചിത്രത്തെ കുറിച്ചാണ് . ലിജോ ജോസ് പെല്ലശ്ശേരിയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഒടിടി റിലീസായി എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയുടെ സംഭാഷണമാണ് പലരും വിമർശിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് നടി സീനത്തിന്റ വാക്കുകളാണ്. ചുരുളി കണ്ടതിന്റെ അനുഭവമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചുരുളിയിലെ തെറിവാക്കുകള്‍ അല്‍പ്പം കടന്നുപോയി എങ്കിലും ചിത്രം ഏറെ രസിപ്പിച്ചെന്ന് സീനത്ത് പറയുന്നത്.
സീനത്തിന്റെ വാക്കുകൾ ഇങ്ങനെ…ചുരുളി കണ്ടു. വാട്സ്ആപ്പ് വഴിയുള്ള ചുരുളിയിലെ പ്രധാന സീനിലെ തെറിയുടെ പെരുമഴ കേട്ടപ്പോൾ ഏതായാലും തനിച്ചിരുന്നു കാണാൻ തീരുമാനിച്ചു. പലരും പറഞ്ഞിരുന്നു സിനിമയിൽ കുറെ തെറി പറയുകയല്ലാതെ സിനിമ കണ്ടാൽ ഒന്നും മനസിലാകുന്നില്ല എന്ന്. ആ പരാതിയും എന്‍റെ മനസ്സിൽ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ കാണാൻ ഇരുന്നപ്പോൾ ഞാൻ വളരെ ശ്രദ്ധയോടെ ചുരുളിയെ കാണാൻ ശ്രമിച്ചു. സിനിമയുടെ തുടക്കത്തിൽ പറയുന്ന നമ്പൂതിരിയുടെയും മാടന്‍റെയും കഥ വിടാതെ മുറുക്കെപ്പിടിച്ചുകൊണ്ട് ഞാൻ ഷാജീവൻ, ആന്‍റണി എന്നീ രണ്ടു പൊലീസുകാർക്കൊപ്പം ചുരുളിയിലേക്കു പോയി.
റോഡരികിൽ നിർത്തിയിട്ട ഒരു ജീപ്പിലാണ് ചുരുളിയിലേക്കുള്ള യാത്ര. ജീപ്പിന്‍റെ ഡ്രൈവർ ശാന്തനായ ചെറുപ്പകാരൻ. യാത്രക്കാരാവട്ടെ പാവം കുറെ നാട്ടുംപുറത്തുകാർ. കളിയും ചിരിയും വർത്താനവുമായി ഉള്ള യാത്ര. ചുരുളിയിലേക്കുള്ള അപകടം നിറഞ്ഞ പാലം കടന്നപ്പോൾ ജീപ്പിൽ ഉണ്ടായിരുന്നവരുടെ ഭാവം മാറി. അപ്പോൾ മനസ്സിലായി ഇതൊരു വേറെ ലെവൽ ലോകമാണ് കാണാൻ പോകുന്നതെന്ന്- കാണുന്നതെന്നും. പിന്നീട് ഞാൻ ഓരോ ഫ്രയിമും വളരെ ശ്രദ്ധയോടെ കണ്ടു- ശരിക്കും പറഞ്ഞാൽ ആ സിനിമ തീരുന്നവരെ ഞാൻ മറ്റൊരു ലോകത്ത് എത്തിപ്പെട്ടു. ഒരുപാട് ക്രിമിനലുകളുടെ നടുവിൽ ഞാൻ എത്തിച്ചേർന്ന പോലെ.
പലതരം കുറ്റവാളികൾ ഒരുമിച്ചുച്ചേർന്ന ഒരിടം. അവരുടെ അനുവാദമില്ലാതെ ആർക്കും അവിടംവിട്ട് പോകാൻ പറ്റില്ലെന്ന് ആ പാലം കടന്നപ്പോൾത്തന്നെ കൂടെയുള്ള യാത്രക്കാരുടെ ശരീരഭാഷയിലൂടെ വളരെ മനോഹരമായി നമ്മളെ മനസ്സിലാക്കിത്തന്നു സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയുടെ അവസാനംവരെ നമ്പൂരിയെയും നമ്പൂരി തലയിൽ ഏറ്റിനടന്ന മാടനെയും നമ്മൾ ഓർക്കണം. എന്നാലേ കഥയിലെ പൊരുൾ മനസിലാകൂ. ഏതാണ് നമ്പൂരി തലയിൽ ഏറ്റിയ മാടൻ എന്ന്. സൂപ്പർ.. സിനിമ തീർന്നിട്ടും കുറെ സമയത്തേക്ക് എനിക്ക് പുറത്തു പോകാൻ പറ്റാതെ ഞാൻ ആ കുറ്റവാളികളുടെ നടുവിൽ പെട്ട ഒരു അവസ്ഥ. അതാണ് ചുരുളി.. അവിടെ പോയ ആരും പുറത്തു പോയിട്ടില്ല. അവരിൽ ഒരാളായി ജീവിക്കും. അതേ പറ്റൂ. ഇനിയും അവിടെ പൊലീസുകാര്‍ വരും, മാടനെ തലയിൽ ചുമന്ന്. മാടൻ കാണിക്കുന്ന വഴിയിലൂടെ മാടനെ തിരഞ്ഞുനടക്കുന്ന നമ്പൂരിയെപ്പോലെയുള്ള പൊലിസ് വരും.. വീണ്ടും വീണ്ടും കഥ തുടരും. അതാണ് ചുരുളി.
ചുരുളിയിലെ ഓരോ കഥാപാത്രവും സൂപ്പർ. അഭിനയിച്ചവർ എല്ലാവരും മനോഹരമായി. എന്തിന്, രണ്ടോ മൂന്നോ സീനിൽ വന്ന ചുവന്ന കുപ്പായവും മുണ്ടും ഉടുത്ത ആന്‍റണിയെ ചികിൽസിച്ച പുരുഷന്‍റെ കരുത്തുള്ള സ്ത്രീ കഥാപാത്രം സിനിമയ്ക്ക് വലിയ കരുത്തു നൽകി. ജോജോ- സൗബിൻ- വിനയ് ഫോർട്ട്- ചെമ്പൻ വിനോദ്- ജാഫർ ഇടുക്കി എല്ലാവർക്കും അഭിനന്ദനങ്ങൾ. ഒന്നുകൂടി പറയട്ടെ, ഇതൊരു തെറി പറയുന്ന സിനിമയായി മാത്രം കാണാതെ തീർച്ചയായും എല്ലാവരും കാണണം. പിന്നെ കുട്ടികൾക്കൊപ്പം ഇരുന്നു കാണാമോ എന്നു ചോദിച്ചാൽ ഇല്ല എന്ന് പറയേണ്ടി വരും. ഇതുപോലെയുള്ള ഭാഷപ്രയോഗം സിനിമയിൽ ആവശ്യമോ? സെൻസർ പ്രശ്നം ആയില്ലേ? ഈ ചോദ്യങ്ങൾ എല്ലാം മാറ്റികൊണ്ട് ഒരു കാര്യം പറയാം. പ്രായപൂർത്തി ആയവർക്ക് കാണാൻ വേണ്ടി തന്നെയാണ് ഈ സിനിമയെന്ന് സ്ക്രീനിൽ എഴുതി വച്ചിട്ടുണ്ട്, (A) എന്ന് . സിനിമയിൽ തെറി പറയുന്ന സീൻ മാത്രം എടുത്ത് ആരാണ് പ്രചരിപ്പിച്ചത്, അപ്പോൾ അവരാണ് ഏറ്റവും തെറ്റ് ചെയ്യുന്നത്.
സിനിമയേക്കാൾ വേഗത്തിൽ അവരാണ് ഇത് കുഞ്ഞുങ്ങളിൽ എത്തിക്കുന്നത്. ഇതിൽ തെറി പറയുന്നവർ എല്ലാവരും ക്രിമനൽസ് ആണ്. പിന്നെ എന്തിനാണ് പൊലീസുകാർ തെറിപറഞ്ഞത് എന്ന് ചോതിച്ചാൽ ക്രിമിനൽ സ്വഭാവമുള്ളവരെ കൈകാര്യം ചെയ്യാൻ, അവരെ മാനസികമായി കീഴ്പ്പെടുത്താൻ അവരെക്കാൾ വലിയ തെറി പൊലീസിന് പറയേണ്ടിവരും. അതാണ് പൊലിസ്. ചുരുളിക്കാർ പറയുന്ന തെറി- ഒന്ന് രണ്ടു വാക്കുകൾ അതിരു കടന്നു എന്ന അഭിപ്രായം എനിക്കുണ്ട്. എന്നാൽ തെറിയുടെ പേരിൽ ചുരുളി കാണാത്തവർക്ക് നല്ലൊരു സിനിമ നഷ്ട്ടമാകും. അത് പറയാതെ വയ്യ… സീനത്ത് കുറിച്ചു
തന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട് വ്യാപകമായി പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരേ നടിയും അവതാരകയുമായ ആര്യ. ഇത്തരം വാര്‍ത്തകള്‍ തന്നെയും തന്റെ കുടുംബത്തെയും മോശമായി ബാധിക്കുന്നുണ്ടെന്നും തങ്ങള്‍ക്കും സ്വകാര്യ ജീവിതം ഉണ്ടെന്ന് മനസിലാക്കണമെന്നും തങ്ങളെ വെറുതേ വിടണമെന്നും ആര്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.
ആര്യയുടെ കുറിപ്പില്‍ നിന്ന്
എന്നത്തേയും പോലെ മിണ്ടാതിരിക്കാമെന്നും ഇതും കടന്നുപോകട്ടെയെന്നും ഞാന്‍ കരുതി, പക്ഷേ കാര്യങ്ങള്‍ കൈവിട്ടുപോയി, പലരെയും ബാധിക്കുക്കുന്നു. ഞങ്ങള്‍ക്കെല്ലാവര്‍ക്കും കുടുംബവും വ്യക്തിജീവിതവുമുണ്ട്. അതിനാല്‍ ദയവായി എനിക്ക് പറയാനുള്ളത് ശ്രദ്ധിക്കുക, ഞങ്ങളെ വെറുതെ വിടുക.
എന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് ചില വാര്‍ത്തകള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. അത് എന്നെയും എന്റെ കുടുംബത്തെയും എന്നോട് അടുത്ത് നില്‍ക്കുന്ന പലരെയും വളരെ മോശമായി തന്നെ ബാധിക്കുന്നുണ്ട്. എനിക്ക് കിട്ടുന്ന സ്‌ക്രീന്‍ഷോട്ടുകള്‍, ആളുകളുടെ ചോദ്യങ്ങള്‍, പരിഹാസങ്ങള്‍ ഇതെല്ലാം കഴിഞ്ഞ രണ്ട് ദിവസങ്ങളായി ശ്വാസം മുട്ടിക്കുന്നു.
ഇത് വളരെ സെന്‍സിറ്റീവായ തികച്ചും വ്യക്തിപരമായ വിഷയമാണെന്ന് ദയവ് ചെയ്ത് മനസിലാക്കണം. എന്റെ ജീവിതത്തെക്കുറിച്ച് ഞാനെന്നും തുറന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ എവിടെ നിയന്ത്രണം വയ്ക്കണം എന്നും എനിക്കറിയാം. എനിക്കെന്തെങ്കിലും പറയണം എന്നുണ്ടെങ്കില്‍ ഞാന്‍ തന്നെ ആ അവസരത്തില്‍ മുന്നോട്ട് വന്ന് കാര്യങ്ങള്‍ നേരിട്ട് പറഞ്ഞിട്ടുണ്ട്. എനിക്ക് പറയാനുള്ള കാര്യങ്ങള്‍ക്കായി ഞാന്‍ മറ്റൊരു മാധ്യമത്തെയും ഉപയോഗിച്ചിട്ടില്ല.
എല്ലാ ഓണ്‍ലൈന്‍ മാധ്യമങ്ങളോടും ഇത്തരം അനാവശ്യമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്ന ഓരോരുത്തരോടും ഒരു അഭ്യര്‍ഥന ഉണ്ട്. ഈ വാര്‍ത്തകളില്‍ പല പേരുകളും ഉള്‍പ്പെട്ടിട്ടുണ്ട്. ഞങ്ങള്‍ക്കെല്ലാം സ്വകാര്യ ജീവിതം ഉണ്ടെന്ന് ദയവായി മനസിലാക്കണം. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ദയവായി അവസാനിപ്പിക്കണം. എനിക്കെന്തെങ്കിലും പങ്കുവയ്ക്കണമെങ്കില്‍ ഞാനത് നേരിട്ട് എന്റെ സോഷ്യല്‍ മീഡിയിലൂടെ പങ്കുവയ്ക്കുന്നതായിരിക്കും. ദയവായി ഞങ്ങളെ വെറുതെ വിടണം.. ആര്യ കുറിച്ചു.