തമിഴ്‌നാട്ടില്‍ ജല്ലിക്കട്ടിന് മുന്നോടിയായി നടത്തുന്ന പരിശീലന പരിപാടിക്കിടയില്‍ കാളകള്‍ വിരണ്ടോടി. അമ്പത് പേര്‍ക്ക് പരിക്കേറ്റു. തിരുവണ്ണാമല കൊന്തമംഗലത്താണ് സംഭവം. കാളകളെ മെരുക്കാനായി നടത്തുന്ന പരിശീലനമായിരുന്നു ഇത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
തിരുവണ്ണാമലൈ, കാഞ്ചീപുരം, റാണിപേട്ട്, കൃഷ്ണഗിരി എന്നീ ജില്ലകളില്‍ നിന്ന് 500ലേറെ കാളകളെ പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്. മാര്‍ഗഴി മാസത്തിലെ അമാവാസിയുമായി ബന്ധപ്പെട്ടാണ് ഊര്‍ തിരുവിഴ എന്നറിയപ്പെടുന്ന ചടങ്ങ് നടത്തിയത്.ഇത് കാണാനായി ആയിരത്തിലേറെ ആളുകള്‍ എത്തിയിരുന്നു. തിരുവണ്ണാമലൈ, ആറണി, കണ്ടമംഗലത്തായിരുന്നു പരിപാടി. അനുമതിയില്ലാതെയാണ് പരിപാടി സംഘടിപ്പിച്ചത് എന്ന് തിരുവണ്ണാമലൈ പൊലീസ് പറഞ്ഞു.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി തമിഴ്‌നാട്ടില്‍ പൊതു ചടങ്ങുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അനുമതിയോ വേണ്ടത്ര സുരക്ഷാ തയ്യാറെടുപ്പുകളോ ഇല്ലാതെ പരിപാടി നടത്തിയത്. പൊലീസ് ഇടപെട്ട് പരിപാടി നിര്‍ത്തിവെയ്ക്കുകയും അഞ്ച് സംഘാടകര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. വിരണ്ടോടിയ കാള ഒരു ബെക്കില്‍ ചെന്ന് ഇടിക്കുന്നതും ബൈക്കിന്റെ പിന്നിലിരുന്ന യാത്രിക തെറിച്ച് വീഴുന്നതും വീഡിയോയില്‍ കാണാം.
ഈ മാസം 15ന് തമിഴ്‌നാട്ടില്‍ മാട്ടുപ്പൊങ്കലാണ്. ഇതിനെ തുടര്‍ന്ന നിരവധി ജല്ലിക്കെട്ടുകളാണ് നടക്കാന്‍ ഇരിക്കുന്നത്. എന്നാല്‍ ഈ പരിപാടികള്‍ക്ക് അനുമതി നല്‍കുന്ന് കാര്യത്തില്‍ ഇതുവരെ സര്‍ക്കാര്‍ തീരുമാനം അറിയിച്ചിട്ടില്ല.
Woman riding in pillion seat thrown meters away after a bull rammed into a bike during an illegal bull taming event (Not Jallikattu) that happened at Arani, Thiruvannamalai district. Rider was also severely injured and was taken to hospital with injuries. pic.twitter.com/PKmgw6C0MT
— Sanjeevee sadagopan (@sanjusadagopan) January 3, 2022
നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്ക് കത്തയച്ചു. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്നും രണ്ടാം പബ്ലിക് പ്രോസിക്യൂട്ടറുടെ രാജിയിൽ ആശങ്കയുണ്ടെന്നും നടി കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
നടൻ ദിലീപിനെതിരെ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ പുതിയ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. ഇതിൽ നേരത്തെ ക്രിമിനൽ ചട്ടപ്രകാരം തുടരന്വേഷണത്തിനുള്ള നടപടികൾ പൊലീസ് സ്വീകരിച്ചിരുന്നു. എന്നാൽ വിചാരണ നിർത്തി വെയ്ക്കണമെന്ന പൊലീസിന്റെ ആവശ്യത്തിൽ വിചാരണക്കോടതി ഒരു തീരുമാനമെടുത്തിട്ടില്ല. അതുകൊണ്ടു തന്നെ തുടരന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിൽ കൂടിയാണ് നടി മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്.
നേരത്തെ കേസിൽ വിചാരണ നിർത്തി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. ഹർജി പരിഗണിക്കുന്നത് ജനുവരി നാലിലേക്ക് കോടതി മാറ്റി. കേസിൽ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് അടക്കമുള്ള ദിലീപിനെതിരായ പുതിയ ആരോപണങ്ങളിൽ അന്വേഷണം വേണമെന്നാണ് പൊലീസിന്റെ ആവശ്യം. സിആർപിസി 173(8) പ്രകാരമാണ് തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചത്. കേസിലെ വിചാരണ നിർത്തിവെയ്ക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
നിര്‍മ്മാതാവ് ആയപ്പോള്‍ താന്‍ നേരിട്ട അനഭവങ്ങള്‍ നടി സാന്ദ്ര തോമസ് പങ്കുവയ്ക്കാറുണ്ട്. അഭിനേതാക്കളുടെ തെറവിളി വരെ കേട്ടിട്ടുണ്ട് എന്നാണ് സാന്ദ്ര പറയുന്നത്. അഭിനയിക്കാന്‍ വരാന്‍ സൗകര്യമില്ലെടി എന്ന് വിളിച്ച് പറഞ്ഞ ഒരു നടന്‍ പിറ്റേ ദിവസം വന്ന് തന്റെ കാല് പിടിച്ചതായാണ് സാന്ദ്ര ഇപ്പോള്‍ പറയുന്നത്.
നിര്‍മാതാവായപ്പോള്‍ അഭിനേതാക്കളുടെ തെറിവിളി വരെ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ഒരിക്കല്‍ സിനിമാ ഷൂട്ടിംഗ് നടക്കുകയാണ്. ഇനി ചിത്രീകരിക്കേണ്ടത് പാട്ട് സീനാണ്. എല്ലാം റെഡിയായി കഴിഞ്ഞു. ലൊക്കേഷന്‍ കണ്ട് പണം വരെ കൊടുത്തു.
തിരുവന്തപുരത്ത് നിന്ന് അണിയറപ്രവര്‍ത്തകര്‍ എല്ലാ സന്നാഹങ്ങളുമായി എറണാകുളത്ത് എത്തി. പിറ്റേ ദിവസം ഷൂട്ട് നടക്കേണ്ടത്. അപ്പോഴാണ് രാത്രി വിളിച്ച് നടന്‍ നാളെ ഷൂട്ടിംഗിന് വരാന്‍ പറ്റില്ല മൂഡില്ല എന്ന് പറയുന്നത്. അയാള് പറഞ്ഞിട്ടാണ് നേരത്തെ ഷൂട്ട് ചെയ്യേണ്ട ഈ ഭാഗങ്ങള്‍ പിന്നീട് എന്ന് പറഞ്ഞ് മാറ്റി വച്ചത്.
അയാള്‍ വരില്ലാന്ന് പറഞ്ഞപ്പോള്‍ ‘പറ്റില്ല, നാളെ വരണം നഷ്ടം ഉണ്ടാകും’ എന്ന് താന്‍ പറഞ്ഞു. പിന്നീട് അയാള്‍ വരാന്‍ സൗകര്യമില്ലെടി എന്ന് പറഞ്ഞ് തെറിവിളിയായിരുന്നു. അവസാനം പടം പോയാലും വേണ്ടില്ല എന്ന് കരുതി രണ്ടും കല്‍പിച്ച് ഇനി ആ നടനോട് വരണ്ടാന്ന് പറഞ്ഞു.
പിറ്റേ ദിവസം അയാള്‍ വന്ന് കാലു പിടിച്ച് മാപ്പ് പറഞ്ഞു. ഇങ്ങനെ പലതും നിര്‍മ്മാതാവായിരിക്കെ അനുഭവിക്കേണ്ടി വന്നിട്ടുണ്ട് എന്നാണ് ഒരു അഭിമുഖത്തിനിടെ സാന്ദ്ര പറഞ്ഞത്. നേരത്തെ അഭിനേതാക്കളുടെ കാല് പിടിച്ചാലും പ്രമോഷന് വേണ്ടി വരാറില്ലെന്നും സാന്ദ്ര തുറന്നു പറഞ്ഞിട്ടുണ്ട്.
ചികിത്സിക്കാന്‍ വൈകിയതില്‍ പ്രകോപിതനായി ആശുപത്രിയിലെ ചില്ലുവാതില്‍ ഇടിച്ചുപൊട്ടിച്ച യുവാവിന്റെ കൈഞരമ്പ് മുറിഞ്ഞ് മരിച്ചു. രമണ നഗര്‍ സ്വദേശി കെ. അരസു (22) ആണ് മരിച്ചത്. പുതുച്ചേരിയിലെ തിരുഭുവനൈക്ക് സമീപം കഴിഞ്ഞദിവസമായിരുന്നു സംഭവം. സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു അരസു. പുതുവത്സരാഘോഷത്തിനിടെ രാത്രി ബൈക്കില്‍നിന്നുവീണ് കൈയില്‍ ചെറിയ പരിക്കേറ്റപ്പോഴാണ് അരസുവിനെ സുഹൃത്തുക്കള്‍ തിരുഭുവനൈയിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചത്.
എന്നാല്‍, ആശുപത്രി ജീവനക്കാര്‍ യുവാവിനെ ചികിത്സിക്കാന്‍ വൈകി. പരിക്ക് സംഭവിച്ചയാളെ ഗൗനിക്കാതെയായിരുന്നു ജീവനക്കാരുടെയും പെരുമാറ്റം. ഒടുവില്‍ കാത്തിരുന്ന് മുഷിഞ്ഞ അരസു ദേഷ്യത്തില്‍ ആശുപത്രിയിലെ ഒരു ചില്ലുവാതില്‍ കൈകൊണ്ട് ഇടിച്ചുപൊട്ടിക്കുകയായിരുന്നു. പൊട്ടിയ ചില്ലില്‍ കൊണ്ട് യുവാവിന്റെ കൈയിലെ ഞരമ്പ് മുറിഞ്ഞു.
ചില്ലുപൊട്ടിച്ച് അക്രമം കാണിച്ചതിനാല്‍ രക്തം വാര്‍ന്ന് മയങ്ങിവീണിട്ടും യുവാവിനെ ആശുപത്രി ജീവനക്കാര്‍ അവഗണിച്ചെന്ന് സുഹൃത്തുക്കള്‍ ആരോപിക്കുന്നു. ശേഷം, യുവാവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്ന് വ്യക്തമായത്. ഉടനടി മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
യുകെയിലെ സാന്‍ടന്‍ഡേഴ്‌സ് ബാങ്കിലെ സാങ്കേതിക തകരാര്‍ മൂലം ഇത്തവണ ഉപഭോക്താക്കള്‍ക്ക് ശരിക്കും ഹാപ്പി ക്രിസ്മസ് ആയി. അബദ്ധത്തില്‍ ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്കെത്തിയ 1320 കോടി തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ബാങ്ക് അധികൃതര്‍.
ബാങ്കിലെ കോര്‍പ്പറേറ്റ്, കൊമേഴ്‌സ്യല്‍ അക്കൗണ്ടുകളിലേക്കാണ് 130 മില്യണ്‍ പൗണ്ട്(1310 കോടി രൂപ) സൗജന്യമായി എത്തിയത്. അക്കൗണ്ട് ഹോള്‍ഡര്‍മാര്‍ നടത്തിയ 75000 ഇടപാടുകള്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഇരട്ടിയായതാണ് കാരണം.
പണം എത്തിയത് ബാങ്കിലെ കരുതല്‍ ധനത്തില്‍ നിന്നായതിനാല്‍ ഇടപാടുകാരുടെ ആരുടെയും നിക്ഷേപത്തില്‍ നിന്ന് പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് ബാങ്ക് അറിയിച്ചു. യുകെയില്‍ വിവിധ ബാങ്കുകളുമായി സഹകരിച്ച് പണം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ബാങ്ക് അധികൃതര്‍. പണം ലഭിച്ചവര്‍ ഇത് പിന്‍വലിച്ചിട്ടുണ്ടെങ്കില്‍ പണം തിരിച്ചു നല്‍കാന്‍ വിമുഖത കാണിക്കുമെന്നും ഇത് ഓവര്‍ഡ്രാഫ്റ്റിലേക്ക് നയിക്കുമെന്നും ബാങ്ക് വ്യക്തമാക്കി.
ഷെഡ്യൂളിംഗ് പ്രശ്‌നമാണ് സംഭവത്തിന് കാരണമെന്നും ഇത് പരിഹരിച്ചിട്ടുണ്ടെന്നും ബാങ്ക് അറിയിച്ചിട്ടുണ്ട്. സാന്‍ടന്‍ഡറിന്റെ ബ്രിട്ടീഷ് ഹൈ സ്ട്രീറ്റ് വിംഗിന് പതിനാല് മില്യണ്‍ അക്കൗണ്ട് ഹോള്‍ഡേഴ്‌സ് ആണുള്ളത്.
ഭാര്യയെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചും ഒന്നും പത്തും വയസ്സുള്ള മക്കളെ കഴുത്തുഞെരിച്ചും കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. ചെന്നൈ തുറൈപ്പാക്കത്ത് താമസിച്ചിരുന്ന മണികണ്ഠനാണ് (36) ഭാര്യ താര (35), ആണ്‍മക്കളായ ധരണ്‍ (10), ധഗന്‍ (ഒന്ന്) എന്നിവരെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്.
തുറൈപാക്കത്തുള്ള ഫ്‌ളാറ്റ് സമുച്ചയത്തിലെ ഏഴാംനിലയിലുള്ള അപ്പാര്‍ട്ട്‌മെന്റിലാണ് നാലുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയിലാണ് നാലു മരണവും നടന്നിരിക്കുന്നത്. ഞായറാഴ്ച പകല്‍ ഏറെ നേരമായിട്ടും ആരെയും പുറത്തുകാണാതിരുന്നതോടെ സമീപവാസികള്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. സംശയം തോന്നിയ ഇവര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി നടത്തിയ പരിശോധനയിലാണ് നാലുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബാങ്ക് ജീവനക്കാരനായിരുന്ന മണികണ്ഠന്‍ രണ്ടുമാസമായി ജോലിക്ക് പോയിരുന്നില്ല. എന്നാല്‍, ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ സജീവമായിരുന്നു. ഇതിന്റെ പേരില്‍ ഭാര്യയുമായി വഴക്ക് പതിവായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഭീമമായ തുക കടമുണ്ടായിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. ഇതാണ് ആത്മഹത്യയിലേയ്ക്ക് വഴിവെച്ചതെന്നാണ് പ്രാഥമിക നിഗമനം.
മാവേലി എക്‌സ്പ്രസിലെ യാത്രക്കാരനെ പോലീസ് മർദ്ദിക്കാനുണ്ടായ സാഹചര്യം വിശദീകരിച്ച് സഹയാത്രികരായ ദൃക്‌സാക്ഷികൾ. മർദ്ദനമേറ്റയാൾ മദ്യപിച്ച് സ്ത്രീകളെ ശല്യം ചെയ്തതാണ് പോലീസ് ഇടപെടലിന് കാരണമായതെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ടിലും സൂചിപ്പിക്കുന്നുണ്ട്.
യാത്രക്കാരൻ ശല്യം ചെയ്തപ്പോൾ പോലീസിനോട് പരാതിപ്പെട്ടെന്ന് സഹയാത്രിക സ്ഥിരീകരിച്ചു. ഇയാൾ വസ്ത്രമ മാറ്റി സ്ത്രീകൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയെന്നും പരാതിയുണ്ട്.
ഇതോടെ മർദ്ദിച്ച എഎസ്‌ഐക്കെതിരെ നടപടി ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത ശേഷം മതിയെന്നാണ് സേനയുടെ തീരുമാനം. അതേസമയം പോലീസിന്റെ ഉന്നതതല യോഗം മുഖ്യമന്ത്രി വീണ്ടും വിളിച്ചു.
നിലത്തിട്ട് ചവിട്ടുന്ന ദൃശ്യങ്ങൾ ഉണ്ടങ്കിലും സംഭവത്തിന്റെ യഥാർത്ഥ വശം അതല്ലെന്ന് പോലീസിന്റെ വാദവും പാലക്കാട് സബ് ഡിവിഷനൽ ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോർട്ടും ചൂണ്ടിക്കാണിക്കുന്നു.
മാഹിയിൽ നിന്ന് സ്ലീപ്പർ കൊച്ചിൽ കയറിയ യാത്രക്കാരൻ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു. രണ്ട് പെൺകുട്ടികൾ ഇരിക്കുകയായിരുന്ന സീറ്റിന് മുന്നിലെ സീറ്റിൽ വസ്ത്രം പൊലും മാറിയ അവസ്ഥയിലാണ് ഇയാൾ ഇരുന്നത്. ഇക്കാര്യം യാത്രക്കാരായ പെൺകുട്ടികളും മൊഴി നൽകി.
ഇതോടെയാണ് പോലീസും ടിടിഇയും വിഷയത്തിലിടപെട്ടതെന്നും ടിക്കറ്റില്ലെന്ന് കണ്ടതോടെ മാറ്റാൻ ടിടിഇ നിർദേശിച്ചെന്നുമാണ് റിപ്പോർട്ട്.
എങ്കിലും ചവിട്ടിയത് തെറ്റാണന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ മൊഴികൾ യാത്രക്കാരന് എതിരായതോടെ നടപടി ഒഴിവാക്കാനാണ് പോലീസിന്റെ നീക്കം. ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത ശേഷം റെയിൽവേ എസ്പി ചൈത്ര തെരെസാ ജോൺ തീരുമാനമെടുക്കും.
ഫാ. വർഗീസ് വള്ളിക്കാട്ട്
മരിച്ചവരെ അനുസ്മരിക്കുമ്പോൾ മര്യാദപാലിക്കുക എന്നത് സംസ്ക്കാര സമ്പന്നതയുടെ ഭാഗമാണ്. മരിച്ചവരുടെ പേരിൽ മുതലെടുപ്പിന് ശ്രമിക്കുകയും മര്യാദവിട്ടു പെരുമാറുകയും ചെയ്യുന്ന ചിലരുടെ മര്യാദകേടിനോട് പ്രതികരിക്കാതിരിക്കുന്നതും ഉചിതമല്ല. കോൺഗ്രസ്സ് നേതാവും തൃക്കാക്കര എം.എൽ.എയുമായിരുന്ന അന്തരിച്ച ശ്രീ. പി.റ്റി. തോമസ്, കേരളസമൂഹത്തിനു നൽകിയ സംഭാവനകൾ ഉയർത്തിക്കാട്ടുന്നതിന്, അദ്ദേഹം അംഗമായിരുന്ന കത്തോലിക്കാസഭയെ നാലു ഭള്ളുപറഞ്ഞാലേ പറ്റൂ എന്നാണ് ചിലരുടെ പക്ഷം.
ഇന്ത്യയുടെ മതേതരത്വം കത്തുസൂക്ഷിക്കാൻ, ഒരാൾ അയാളുടെ മതവിശ്വാസത്തെയോ മതാനുഷ്ഠാനങ്ങളെയോ ഉപേക്ഷിക്കേണ്ടതുണ്ട് എന്ന് ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്നില്ല. അങ്ങനെ ചെയ്യുന്നതിനെ നിരാകരിക്കുന്നുമില്ല. വിശ്വാസിയും അവിശ്വാസിയും ഒരുപോലെ പാലിക്കേണ്ടതാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ, മതനിരപേക്ഷത എന്ന നിലപാട്. രാഷ്ട്രീയത്തിലേക്കു മതത്തെ വലിച്ചിഴക്കാനുള്ള ശ്രമങ്ങൾ, രാഷ്ട്രീയ രംഗത്തുമാത്രമല്ല മതസാമൂഹികരംഗങ്ങളിലും പ്രതിസന്ധിയുണ്ടാക്കും. ഇതറിയാത്തവരല്ല മലയാളികൾ.
ശ്രീ. പി.റ്റി. തോമസ് തന്റെ മൃതശരീരം മതചടങ്ങുകൾ കൂടാതെ ദഹിപ്പിക്കണം എന്ന് വിൽപത്രം എഴുതിവച്ചത്, അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടർച്ചയും അനുബന്ധവുമാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അദ്ദേഹം ജീവിക്കാൻ ശ്രമിച്ച മതനിരപേക്ഷ നിലപാടിന്റെ ഒരു അടയാളമായി അതിനെ കാണുന്നവർക്ക്, അതിലൂടെ അദ്ദേഹം ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിനു നല്കാൻ ശ്രമിച്ച സന്ദേശം എന്തെന്ന് മനസ്സിലാകും. പക്ഷെ, അതു മനസ്സിലാകണമെങ്കിൽ, മനസ്സിൽ കുറച്ചു മര്യാദയുണ്ടാവണം. അദ്ദേഹത്തെയും കത്തോലിക്കാസഭയെയും ഒരുപോലെ താറടിക്കണം എന്ന കുത്സിത ചിന്ത വച്ചുപുലർത്തുന്നവർക്ക്, അതുണ്ടായിക്കൊള്ളണം എന്നു നിർബന്ധമില്ല. ഗ്രൂപ്പുപോരും രാഷ്ട്രീയവൈരവും വർഗീയവിദ്വേഷവും മാറ്റിവച്ച്, മരിച്ചുപോയ ഒരു മനുഷ്യനോടു കാട്ടേണ്ട മനുഷ്യത്വം എന്ന മര്യാദ കുറച്ചെങ്കിലും പാലിക്കാൻ, ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നവർ ശ്രദ്ധവയ്ക്കണം.
മതത്തെയും പൗരോഹിത്യത്തെയും പച്ചയായി ചീത്ത പറഞ്ഞാലേ മതേതരനാകൂ എന്ന് ചിന്തിക്കുന്ന പ്രത്യേകതരം മതേതരവാദികളോട് ഒരു കത്തോലിക്കൻ എന്ന നിലയിൽ, ഒരുവാക്ക്: കത്തോലിക്കാസഭയ്ക്ക് പി.റ്റി. തോമസിനെയോ മറ്റേതെങ്കിലും രാഷ്ട്രീയക്കാരനെയോ പ്രത്യേകമായി ചുമക്കേണ്ട ബാധ്യതയോ തള്ളിപ്പറയേണ്ട ഗതികേടോ ഇല്ല. അവരവർ സ്വീകരിക്കുന്ന നിലപാടുകളുടെ സാംഗത്യമനുസരിച്ച്, അതിനെ സ്വാഗതം ചെയ്യുകയോ വിമർശിക്കുകയോ ചെയ്യുന്നതിൽ തകരാറുണ്ടെന്നു കരുതുന്നുമില്ല. രാഷ്ട്രീയ വിഷയങ്ങളിൽ സ്വതന്ത്രമായ നിലപാട് പുലർത്തുന്നവരാണ് പൊതുവേ ക്രൈസ്തവർ. പള്ളിയിൽ അവർ തലവണങ്ങി നിൽക്കുന്നത്, അദൃശ്യനായ ദൈവത്തിന്റെ ആത്മീയ സാന്നിധ്യത്തിലാണ്. പുറത്ത്, അവർ കോൺഗ്രസോ കമ്യൂണിസ്റ്റോ ബി.ജെ.പിയോ അല്ലെങ്കിൽ, ഇലക്ഷൻ കമ്മീഷൻ അംഗീകരിച്ച ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ അംഗമോ പ്രത്യേകമായി ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ലാത്തവരോ ആയിരിക്കും. അവർക്ക്, അവരുടെ ജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങളിൽ പ്രതികരിക്കാനും പ്രതിഷേധിക്കാനും ആവശ്യമെങ്കിൽ, പ്രക്ഷോഭം നടത്താനും അവകാശമുണ്ട്. ന്യായമായ കാര്യങ്ങളിലാണെങ്കിൽ, അതിനു സഭാസംവിധാനങ്ങളുടെ പിന്തുണയും ഉണ്ടാകാറുണ്ട്.
കർഷകരുടെ പ്രശ്നങ്ങളിൽ, ജനങ്ങളോടൊപ്പം നിന്ന് പ്രവർത്തിച്ചതിന്റെ ചരിത്രം, കേരളത്തിലെ ക്രൈസ്‌തവ സമുദായത്തിനുണ്ട്. അത്തരം വിഷയങ്ങളിൽ, വൈദികരുൾപ്പെടെയുള്ളവർ മുന്നിട്ടിറങ്ങാറുമുണ്ട്. ഇക്കാര്യത്തിൽ, ഫാ. വടക്കൻ മുതൽ മലയോര ജീവിതത്തിൽ, ഗ്രാമ ഗ്രാമാന്തരങ്ങളിൽ റോഡുകളും, പള്ളികളും പള്ളിക്കൂടങ്ങളും ഉണ്ടാക്കി ജനത്തോടൊപ്പം നിന്ന നിരവധി വൈദികരുടെ ചരിത്രം കേരളത്തിലെ ഓരോ മലയോരഗ്രാമത്തിനും പറയാനുണ്ടാവും.
ഗാഡ്ഗിൽ റിപ്പോർട്ടിനെ വിമർശനബുദ്ധ്യാ സമീപിച്ച മലയോര ജനതയോടൊപ്പം ക്രൈസ്തവ സമുദായവും സഭയും നിലകൊണ്ടു എന്നതിൽ, അന്നും ഇന്നും ഒരേ നിലപാടുതന്നെയാണുള്ളത്. രാഷ്ട്രീയം മാറ്റിവച്ച് ഈ വിഷയം ചർച്ചചെയ്യാൻ തയ്യാറാണെങ്കിൽ, ഗാഡ്ഗിൽ റിപ്പോർട്ടിൽ എന്തുനന്മയുണ്ടെങ്കിലും അതിനെ ഉൾക്കൊള്ളാൻ കത്തോലിക്കാ സഭ അന്നും ഇന്നും തയ്യാറാണുതാനും. ഇത് ശ്രീ. പി.ടിക്ക് അറിയാത്തതല്ല.
ഇതുസംബന്ധിച്ചു സഭക്ക് തുറന്ന സമീപനമാണ് ഉള്ളതെന്നും ഗാഡ്ഗിൽ റിപ്പോർട്ട് വിശദമായി പഠിച്ച് ഒരു പ്രായോഗിക നയരേഖ തയ്യാറാക്കാൻ സഹകരിക്കണമെന്നും അഭ്യർഥിച്ചുകൊണ്ട് ശ്രീ പി.റ്റി. തോമസ്, ശ്രീ. ജോയ്‌സ് ജോർജ്, ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരക്കൽ, പരിസ്ഥിതി രംഗത്തെ പ്രമുഖരായ ചില ശാസ്ത്രജ്ഞർ എന്നിവരുടെ സാന്നിധ്യത്തിൽ, 2014 ജൂലൈ മാസത്തിൽ കെ.സി.ബി.സി. ആസ്ഥാനത്തു നടന്ന ചർച്ചയിൽ ഞാനും പങ്കെടുത്തിരുന്നു. ഗാഡ്ഗിൽ റിപ്പോർട്ടിന്റെ പ്രയോഗികതലം ചർച്ചചെയ്യുന്നതിനെക്കാൾ, മാധ്യമങ്ങൾ ചൂണ്ടിയ വിരുദ്ധ ധ്രുവങ്ങളിലൂടെ കേരളത്തിലെ ഇരുമുന്നണികൾ തങ്ങളുടെ രാഷ്ട്രീയ നിലപാടുകളുടെ വടം വലിച്ചുകൊണ്ടു പോകുന്നതാണ് അന്നു കാണാൻ കഴിഞ്ഞത്. ചർച്ചയ്ക്കിടെ ചിലർ പലതവണ ഇറങ്ങിപ്പോവുകയും ചെയ്തു. രാഷ്ട്രീയ പാർട്ടികളെ ഉൾപ്പെടുത്തി ഒരു പ്രായോഗിക നിലപാടു രൂപീകരിക്കുക അസാധ്യമാണ് എന്ന് ബോധ്യമായപ്പോൾ, പരിസ്ഥിതി രംഗത്തെ വിദഗ്ധരെ ഉൾപ്പെടുത്തി ചർച്ചകൾ മുന്നോട്ടു കൊണ്ടുപോകാനും ഈ വിഷയത്തിൽ രാഷ്ട്രീയത്തിനതീതമായി ജനങ്ങളോടൊപ്പം നിൽക്കാനും സഭ നിലപാടെടുത്തു എന്നതാണ് വസ്തുത.
എറണാകുളത്തെ തന്റെ രാഷ്ട്രീയ തട്ടകം ശക്തമാക്കാനുള്ള നടപടികളുടെ ഭാഗമായി, മലയോര മേഖലയിൽ ഏതെങ്കിലും തരത്തിലുള്ള പ്രകൃതി ദുരന്തങ്ങൾ സംഭവിക്കുമ്പോൾ, എറണാകുളത്ത് ശ്രീ. മാധവ് ഗാഡ്ഗിലിനെ വിളിച്ചുവരുത്തി, ഇടുക്കിയിലെ ജനങ്ങളെയും അച്ചന്മാരെയും വിമർശിക്കുന്ന പരിപാടികൾ പി.റ്റി. സംഘടിപ്പിച്ചിരുന്നു. അത്തരം പരിപാടികളിൽ ഞാനും അന്നത്തെ എന്റെ സഹപ്രവർത്തകരും പങ്കെടുത്തിട്ടുണ്ട്. ഇടുക്കിയിൽ കർഷകരുടെ സമരത്തിന് നേതൃത്വം നൽകിയ വൈദികരിൽ ചിലരും എന്നോടൊപ്പം പങ്കെടുത്തിട്ടുണ്ട്. ‘ശവഘോഷയാത്ര’യുടെ വ്യത്യസ്തങ്ങളായ നറേറ്റീവുകൾ പി.ടി.യിൽനിന്നു നേരിട്ടും, അത് സംഘടിപ്പിച്ചു എന്ന് അദ്ദേഹം കരുതുന്ന വൈദികരിൽനിന്നും ഞാൻ കേട്ടിട്ടുണ്ട്. പി.റ്റി.യുടെ നറേറ്റിവ് പ്രായോഗിക രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും വൈദികർ പറയുന്നതിൽ വാസ്തവമുണ്ടെന്നും മനസ്സിലാക്കാൻ എനിക്ക് അതിമാനുഷികമായ കഴിവൊന്നും ആവശ്യമുണ്ടായിരുന്നില്ല. ചരിത്രത്തിലെ സംഭവങ്ങൾക്ക്, ഓരോരുത്തരും എവിടെ നിൽക്കുന്നു എന്നതിനെ ആശ്രയിച്ചു വ്യത്യസ്തമായ ആഖ്യാനങ്ങളുണ്ടാവാം. ഉണ്ടാവും. അതറിയാത്തവൻ മണ്ടനാണ്.
ഇവിടെയിപ്പോൾ അതല്ല പ്രശ്നം. പി.റ്റി. എന്ന ഒരു രാഷ്ട്രീയ നേതാവിനെ കത്തോലിക്കാസഭയ്ക്കെതിരെയുള്ള ഒരു കോടാലിമാത്രമായി ചുരുക്കാൻ ചിലർക്ക് വല്ലാത്ത വാശിയാണ്. അത്, പി.റ്റി.യോടുള്ള ആരാധന മൂത്തിട്ടാണ് എന്നു മാലോകരെ ബോധ്യപ്പെടുത്താൻ അവർ വല്ലാതെ കഷ്ടപ്പെടുകയുമാണ്. ഇതിന്റെ വല്ലതും ആവശ്യമുണ്ടോ? കത്തോലിക്കരും അല്ലാത്തവരുമായ ക്രൈസ്തവ രാഷ്ട്രീയ നേതാക്കൾ കോൺഗ്രസിലും ബി.ജെ.പിയിലും മാർക്സിസ്റ്റുപാർട്ടിയിലും കേരള കോൺഗ്രസ്സിന്റെ നിലവിലുള്ള എല്ലാ വിഭാഗങ്ങളിലും ഉണ്ടാകട്ടെ! അവർ ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളിൽ ഉറച്ച നിലപാടുകൾ സ്വീകരിക്കട്ടെ! അവർ മതേതര ജനാധിപത്യത്തിൽ മാതൃകകളും അടയാളങ്ങളുമായി ശോഭിക്കട്ടെ! അവരുടെ ജീവിതം മാതൃകാപരവും ആദർശനിഷ്ഠവുമാകട്ടെ! ‘അസൂയാവഹം’ എന്ന് അഭിമാനത്തോടെ പറയാൻ കഴിയുന്ന വിധത്തിൽ അവരുടെ ജീവിതവും സേവനങ്ങളും മരണാനന്തരവും അനുസ്മരിക്കപ്പെടട്ടെ! അവരുടെ ഒപ്പം പി.റ്റി. തോമസ് എന്ന നാമവും ഉണ്ടാകട്ടെ!
വാൽകഷ്ണം: ഗാഡ്ഗിൽ റിപ്പോർട്ട് ചർച്ചചെയ്യുന്ന ആരും എന്തുകൊണ്ട്, റിപ്പോർട്ട് ആവശ്യപ്പെടുന്ന നടപടികൾ നടപ്പാക്കുമ്പോൾ മലയോര കർഷകരുടെ ജീവിത രീതിയിലും കാർഷിക സമ്പ്രദായങ്ങളിലും വരുത്തേണ്ട മാറ്റങ്ങളെപ്പറ്റിയും അതുമൂലം ഉണ്ടാകുന്ന നഷ്ടങ്ങളെപ്പറ്റിയും അതു പരിഹരിക്കാനായി സർക്കാർ സ്വീകരിക്കാനുദ്ദേശിക്കുന്ന പദ്ധതികളെപ്പറ്റിയും ഒന്നും മിണ്ടുന്നില്ല? മറ്റു രാജ്യങ്ങളിൽ സമാനമായ സാഹചര്യങ്ങളിൽ സർക്കാരുകൾ കൈക്കൊണ്ട ഹ്രസ്വകാല, ദീർഘകാല പദ്ധതികൾ എന്തുകൊണ്ട് മാതൃകയാക്കുന്നില്ല? എല്ലാ ഉത്തരവാദിത്വവും കർഷകരുടെ ചുമലിൽ ചാർത്തുന്നവർ, കാര്യങ്ങൾ കുറേക്കൂടി കണ്ണുതുറന്നു കാണണം.
യുഎസ്സിലെ ടെക്സാസിൽ ഒരു അപൂർവ സംഭവം നടന്നു. എന്താണ് എന്നല്ലേ? മീൻ മഴയായി പെയ്തുപോലും. തവളകൾ, ഞണ്ടുകൾ, ചെറുമത്സ്യങ്ങൾ തുടങ്ങിയ ചെറുജലജീവികൾ ജലസ്രോതസ്സുകളിലേക്ക് ഒഴുകുമ്പോൾ സംഭവിക്കുന്ന ‘ആനിമൽ റെയിൻ’ (Animal rain) എന്ന പ്രതിഭാസത്തിനാണ് അമേരിക്കൻ സംസ്ഥാനമായ ടെക്സാസി(Texas)ലെ ടെക്സാർക്കാന നഗരം 2021 -ന്റെ അവസാനം സാക്ഷ്യം വഹിച്ചത് എന്ന് പറയുന്നു.
ഇത് തമാശയല്ല എന്നും ശരിക്കും സംഭവിച്ചിരിക്കുകയാണ് എന്നും ദി സിറ്റി ഓഫ് ടെക്‌സാർക്കാന ഒരു ഫേസ്ബുക്ക് പോസ്റ്റിൽ എഴുതി. തവള, ഞണ്ട്, ചെറുമീനുകൾ തുടങ്ങിയ ചെറുജലജീവികൾ ഭൂമിയുടെ ഉപരിതലത്തിലുണ്ടാകുന്ന ജലസ്രോതസ്സുകളിലോ തട്ടുകളിലോ ഒലിച്ചുപോകുമ്പോൾ സംഭവിക്കുന്ന പ്രതിഭാസമാണ് ആനിമൽ റെയിൻ എന്നും കുറിപ്പിൽ പറയുന്നു. അത് കൂട്ടിച്ചേർത്തു, ‘ഇത് അസാധാരണമാണെങ്കിലും, ഇത് സംഭവിക്കാറുണ്ട്. ഇന്ന് ടെക്സാർക്കാനയിലെ പല സ്ഥലങ്ങളിലും അത് നടന്നതായി കണ്ടിരിക്കുന്നു… എല്ലാവർക്കും വേണ്ടി വളരെ നിശബ്ദമായി 2022 -ലേക്ക് കടക്കാം.’
ജെയിംസ് ഓഡിർഷ് എന്ന സാക്ഷി ഡബ്ല്യുസിഐഎയോട് പറഞ്ഞു, ‘താൻ ഒരു യൂസ്ഡ് കാർ ഡീലർഷിപ്പിൽ ജോലി ചെയ്യുകയായിരുന്നു, പുറത്ത് വലിയ ശബ്ദം കേട്ടപ്പോൾ നോക്കിയതാണ്. ഒരു വലിയ ഇടിമുഴക്കം ഉണ്ടായി, വാതിൽ തുറന്നപ്പോൾ, ഞാൻ പുറത്തേക്ക് നോക്കി, ശക്തമായ മഴ പെയ്യുന്നുണ്ടായിരുന്നു, ഒരു മത്സ്യം നിലത്ത് വന്ന് വീണു. എല്ലായിടത്തും മത്സ്യം വന്ന് വീഴുകയായിരുന്നു’ എന്നും അയാൾ പറയുന്നു.
അയാൾ പറയുന്നതനുസരിച്ച് ഡീലർഷിപ്പിന്റെ പാർക്കിംഗ് ലോട്ടിലെല്ലാം കുഞ്ഞുകുഞ്ഞ് മത്സ്യങ്ങൾ പെയ്‍തു വീഴുകയായിരുന്നു. അതുപോലെ തെരുവിലും അടുത്തുള്ള ടയർഷോപ്പിലും മീൻ ചെന്ന് വീണിട്ടുണ്ട്. ചിലതിന് നാല്-അഞ്ച് ഇഞ്ചാണ് വലിപ്പം. മറ്റൊരാൾ ട്വിറ്ററിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്‍തു. എന്റെ വീട്ടിലും മീൻമഴ പെയ്തു എന്നാണ് അടിക്കുറിപ്പ് നൽകിയിരുന്നത്.
ഹൃദയം സിനിമയുടെ കഥ പറഞ്ഞതിന് ശേഷം പ്രണവ് തന്നോട് പറഞ്ഞ കാര്യങ്ങളെ കുറിച്ച് വിനീത് ശ്രീനിവാസന്‍. തന്നേക്കാള്‍ നല്ല നടന്‍മാരെ വെച്ച് സിനിമ പ്ലാന്‍ ചെയ്യണമെങ്കില്‍ ചെയ്യാം എന്നാണ് പ്രണവ് പറഞ്ഞത് എന്ന് വിനീത് കാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഹൃദയം ആലോചിക്കുന്ന സമയത്ത് ദുല്‍ഖര്‍, നിവിന്‍ പോളി, ആസിഫ് അലി ഇങ്ങനെ പലരും മനസ്സില്‍ വന്നിരുന്നു. ഇവരെല്ലാവരും കാമ്പസ് സിനിമകള്‍ ചെയ്തിട്ടുണ്ട്. അപ്പോഴാണ് അപ്പുവിന്റെ മുഖം മനസ്സിലേക്ക് വരുന്നത്. സ്‌ക്രിപ്റ്റ് എഴുതാന്‍ തുടങ്ങുന്നതിനു മുമ്പ് തന്നെ അപ്പുവിനെ വെച്ച് ഈ സിനിമ ചെയ്യണമെന്നു ആഗ്രഹിച്ചിരുന്നു.
ലാല്‍ അങ്കിളിന്റെ എറണാകുളത്തെ വീട്ടില്‍ വെച്ചാണ് അപ്പുവിനോട് കഥ പറയുന്നത്. കഥ കേട്ടതിനു ശേഷം തനിക്ക് ഒരു ദിവസം സമയം തരുമോയെന്നു അപ്പു ചോദിച്ചു. ഒന്നു രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ തങ്ങള്‍ സംസാരിച്ചു. തന്റെ ഭാഗത്തു നിന്നും ഓക്കെയാണെന്ന് അവന്‍ പറഞ്ഞു.
”എന്റെ ഭാഗത്തു നിന്നു ഓക്കെയാണ്. വിനീതിന് എന്നെക്കാള്‍ നല്ല നടന്‍മാരെ പ്ലാന്‍ ചെയ്യണമെങ്കില്‍ ചെയ്യാം” എന്നു പറഞ്ഞു. അങ്ങനെയൊരു പ്ലാന്‍ ഉണ്ടെങ്കില്‍ അപ്പുവിന്റെ അടുത്ത് വരുമോയെന്ന് താന്‍ ചോദിച്ചു. അങ്ങനെ സംസാരിക്കുന്ന വേറെ നടന്‍മാരുണ്ടെന്ന് തോന്നുന്നില്ല.
പല ആള്‍ക്കാരും ഓരോ ആള്‍ക്കാരുടെ അടുത്തും ഓരോ രീതിയിലാണ് സംസാരിക്കുന്നത്. അപ്പു അങ്ങനെ ഒരാളല്ല. അവന് സ്‌കില്‍ഡ് ആയിട്ടുള്ള ആള്‍ക്കാരോട് ഭയങ്കര ബഹുമാനമാണ്. ഊട്ടിയില്‍ ഷൂട്ട് കഴിഞ്ഞിട്ട് അപ്പുവിന്റെ വീട്ടിലാണ് താമസിച്ചത്.
താന്‍ അവനോട് ചോദിച്ചു ഇതിന്റെ ഷൂട്ട് കഴിഞ്ഞിട്ട് എങ്ങോട്ടാണ് യാത്ര, ഹിമാലയത്തിലേക്ക് ആണോയെന്നു ചോദിച്ചു. ഇല്ല, ”ഞാന്‍ ഇവിടെ തിരിച്ചു വന്നാലോയെന്നു ആലോചിക്കുകയാണ്.അവിടെ ഒരു തോട്ടക്കാരനുണ്ട്, ആ ചേട്ടനെ കണ്ടോ, പുള്ളി ഗാര്‍ഡനിംഗ് നന്നായി ചെയ്യുന്നുണ്ട്. എനിക്ക് ആ ചേട്ടനോടൊപ്പം നിന്ന് പഠിച്ചാല്‍ കൊള്ളാമെന്നുണ്ട്” എന്നാണ് പറഞ്ഞതെന്ന് വിനീത് പറയുന്നു.