Latest News

കണ്‍മുന്നില്‍ പ്രിയതമനെയും സഹോദരനെയും നഷ്ടമായതിന്റെ ഞെട്ടലിലാണ് അല്‍ഫിയ. വിവാഹം കഴിഞ്ഞ് ഒരുമാസം ആകുംമുമ്പേയാണ് അന്‍സലിന്റെ വിയോഗം, അല്‍ഫിയയെ ആശ്വസിപ്പിക്കാനാകാതെ വിറങ്ങലിച്ചുനില്‍ക്കുകയാണ് സുഹൃത്തുക്കളും ബന്ധുക്കളും.

കഴിഞ്ഞദിവസമാണ് പരപ്പാര്‍ ഡാമിനുസമീപം കല്ലടയാറ്റില്‍ കുളിക്കാനിറങ്ങിയ
കരുനാഗപ്പള്ളി പുതുക്കാട് വടക്കേതില്‍ (പുത്തന്‍പുരയ്ക്കല്‍) അന്‍സല്‍ (26), ഭാര്യാസഹോദരന്‍ പുത്തന്‍വീട്ടില്‍ കിഴക്കേതില്‍ അല്‍ത്താഫും(23) മുങ്ങിമരിച്ചത്.

അല്‍ത്താഫും അന്‍സിലും സുഹൃത്തുക്കളെപ്പോലെയായിരുന്നു. ഇരുവര്‍ക്കും നാട്ടില്‍ വലിയ സുഹൃദ് ബന്ധങ്ങളും ഉണ്ടായിരുന്നു.

കഴിഞ്ഞ ഒക്ടോബര്‍ 18-നാണ് അന്‍സിലും അല്‍ത്താഫിന്റെ സഹോദരി അല്‍ഫിയയും തമ്മിലുള്ള വിവാഹം നടന്നത്. വിദേശത്തായിരുന്ന അന്‍സില്‍ വിവാഹത്തിനായാണ് നാട്ടില്‍ എത്തിയത്. നവംബര്‍ അവസാനത്തോടെ മടങ്ങിപ്പോകാനിരിക്കുകയായിരുന്നു. ഇതിനിടയിലാണ് കുടുംബാംഗങ്ങള്‍ ചേര്‍ന്ന് ഏര്‍വാടി പള്ളിയിലേക്ക് തീര്‍ത്ഥാടനത്തിനു പോയത്.

പള്ളിയില്‍ പോയി തിരികെവരുമ്പോള്‍ ഡാം കവലയിലെ കുളിക്കടവില്‍ ഇറങ്ങുകയായിരുന്നു. ആദ്യം ഒരാളാണ് ഒഴുക്കില്‍പ്പെട്ടത്. അടുത്തയാള്‍ രക്ഷിക്കാന്‍ ഇറങ്ങിയതോടെ രണ്ടുപേരും കയത്തില്‍ മുങ്ങിത്താഴ്ന്നു. കൂടെയുണ്ടായിരുന്നവര്‍ ബഹളംവെച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ശക്തമായ ഒഴുക്കും വെള്ളം കലങ്ങിമറിഞ്ഞതും കണ്ടെത്താന്‍ തടസ്സമായി.

പരപ്പാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിവെച്ചിരിക്കുന്നതിനാല്‍ കല്ലടയാറില്‍ നീരൊഴുക്ക് ശക്തമായിരുന്നു. നാട്ടുകാര്‍ ഏറെ പണിപ്പെട്ടാണ് ഇരുവരെയും കണ്ടെത്തിയത്. തെന്മല പോലീസും ചേര്‍ന്ന് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഹമീദ്കുഞ്ഞ് സജീല ദമ്പതികളുടെ മകനാണ് അന്‍സില്‍. ഭാര്യ: അല്‍ഫിയ. സഹോദരങ്ങള്‍: അസ്ലാം, ആദില. അന്‍സര്‍ ജാസ്മിയ ദമ്പതികളുടെ മകനാണ് അല്‍ത്താഫ്. സഹോദരങ്ങള്‍: അല്‍ഫിയ, ആഫിയ. അന്‍സിലിന്റെ മൃതദേഹം കോഴിക്കോട് ജമാഅത്ത്പള്ളിയിലും, അല്‍ത്താഫിന്റെ മൃതദേഹം പുത്തന്‍തെരുവ് ജമാഅത്ത്പള്ളിയിലും കബറടക്കി.

വീടിനുള്ളില്‍ ഇരുമ്പ് കമ്പികള്‍ കൊണ്ട് വാതില്‍ തീര്‍ത്ത് മകളെ മുറിയില്‍ അടച്ചിടേണ്ടി വന്ന വേദനയില്‍ നീറി നീറി കഴിയുകയാണ് കാസര്‍കോട് വിദ്യാനഗറില്‍ അമ്മ രാജേശ്വരി. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയായ മകള്‍ അഞ്ജലിയുടെ മനോനില തെറ്റുമ്പോള്‍ നിയന്ത്രിക്കാന്‍ കഴിയാതെ ആയതോടെയാണ് ഈ അമ്മയ്ക്ക് മകളെ പൂട്ടിയിടേണ്ടി വരുന്നത്.

കഴിഞ്ഞ എട്ട് വര്‍ഷമായി ഇരുമ്പ് വാതില്‍ മുറിയിലാണ് 20 വയസുകാരിയായ അഞ്ജലി ജീവിക്കുന്നത്. ഓട്ടിസം ബാധിച്ചതാണെന്ന് ഡോക്ടര്‍മാര്‍ പറയുമ്പോഴും എന്‍ഡോസള്‍ഫാന്‍ ഇരയാണെന്ന് ഈ അമ്മ പറയുന്നു. ചെറുതായിരുന്നപ്പോള്‍, രാജേശ്വരിക്ക് പിടിച്ചു നിര്‍ത്താന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഇന്ന് അതിനും കഴിയാത്ത സാഹചര്യമാണുള്ളത്.

അഞ്ജലി അടുത്തുചെല്ലുന്നവരെയെല്ലാം ഉപദ്രവിക്കും. ആരെയും കിട്ടിയില്ലെങ്കില്‍ സ്വയം ശരീരത്തില്‍ കടിച്ച് മുറിവാക്കും. ഈ പാടുകളെല്ലാം അവള്‍ തന്നെ കടിച്ച് മുറിച്ചത് കരിഞ്ഞുണങ്ങിയതാണെന്ന് കൈയ്യിലെ കറുത്ത പാടുകളെല്ലാം കാണിച്ച് അവളുടെ അമ്മ ദയനീയമായി പറഞ്ഞു. ചോറ് കൊടുത്താല്‍ എറിഞ്ഞ് കളയും ഒരു ശബ്ദം ഉണ്ടാക്കിക്കൊണ്ടേയിരിക്കും. കുളിപ്പിക്കാനും കക്കൂസില്‍ കൊണ്ടുപോകാനും ആഹാരം നല്‍കാനുമൊക്കെയാണ് അജ്ഞലിയെ പുറത്തേക്ക് കൊണ്ടുവരുന്നത്. അപ്പോഴെല്ലാം സഹായം വേണം. കുളിപ്പിക്കിക്കുമ്പോഴൊക്കെ ഉപദ്രവിക്കും. അങ്ങനെ പലതവണ താന്‍ താഴെ തറയില്‍ വീണിട്ടുണ്ടെന്നും ഈ അമ്മ നിറകണ്ണുകളോടെ പറയുന്നു.

ബംഗളുരുവില്‍ നിന്ന് കൊണ്ടുവരുന്ന മരുന്നാണ് ഇപ്പോള്‍ കഴിക്കുന്നത്. ആ മരുന്ന് കഴിച്ച് തുടങ്ങിയതില്‍ പിന്നെ കുറച്ച് ആശ്വാസമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ സ്വന്തമായി വീടില്ലാത്തതിനാല്‍ അമ്മാവന്റെ വീട്ടിലാണ് താമസം. സ്വന്തമായി വീടെന്ന സ്വപ്‌നമാണ് ഈ അമ്മയ്ക്ക് ഇനി ബാക്കിയുള്ളത്.

അക്കൌണ്ട് വിവരങ്ങൾ
RAJESHWARI
AC NO: 42042010108320
IFSC: CNRB0014204
CANARA BANK
KASARAGOD BRANCH

ന്യൂസിലന്‍ഡില്‍ കോവിഡ് വാക്‌സിനേഷനും ലോക്ക്ഡൗണിനുമെതിരെ പ്രതിഷേധപ്രകടനവുമായി ആയിരങ്ങള്‍ തെരുവിലിറങ്ങി. നിര്‍ബന്ധിത വാക്‌സിനേഷന്‍ പിന്‍വലിക്കണമെന്നും ലോക്ക്ഡൗണ്‍ അടക്കമുള്ള കോവിഡ് നിയന്ത്രണങ്ങള്‍ നീക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.

പാര്‍ലമെന്റിലടക്കം വന്‍ പ്രതിഷേധം അരങ്ങേറിയതിനെത്തുടര്‍ന്ന് സുരക്ഷ ശക്തമാക്കി. കെട്ടിടത്തിലേക്കുള്ള രണ്ട് കവാടങ്ങളും അടച്ചിട്ടിരിക്കുകയാണ്. മാസ്‌ക് ധരിക്കാതെയാണ് ആയിരങ്ങള്‍ സെന്‍ട്രല്‍ വെല്ലിംഗ്ടണില്‍ ഇന്നലെ മാര്‍ച്ച് നടത്തിയത്. 2018 തിരിച്ചുതരണമെന്നാണ് മിക്കവരും പ്ലാക്കാര്‍ഡുകളില്‍ കുറിച്ചിരിക്കുന്നത്. സ്വന്തം ശരീരത്തില്‍ തനിക്ക് വേണ്ടാത്തൊരു വസ്തു എടുക്കാന്‍ നിര്‍ബന്ധിക്കരുതെന്നും പലരും അഭിപ്രായപ്പെടുന്നു. ലാബോറട്ടറിയിലെ എലികളല്ല ന്യൂസിലന്‍ഡ് ജനങ്ങളെന്നും പ്ലാക്കാര്‍ഡുകളുര്‍ന്നിരുന്നു.

ലോകത്ത് കോവിഡിനെ ആദ്യമായി പിടിച്ചുകെട്ടിയ രാജ്യങ്ങളിലൊന്നായിരുന്നു ന്യൂസിലന്‍ഡ്. എന്നാല്‍ കോവിഡിന്റെ ഡെല്‍റ്റ വകഭേദം രാജ്യത്തെത്തിയതോടെ കാര്യങ്ങള്‍ കൈവിട്ടു. കഴിഞ്ഞ ദിവസമാണ് ആദ്യമായി പ്രതിദിന കോവിഡ് കേസുകള്‍ രാജ്യത്ത് 200 കടക്കുന്നത്. രാജ്യത്ത് എണ്‍പത് ശതമാനം ആളുകളും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

അഭ്യൂഹങ്ങൾക്കും ആകാംക്ഷാനിർഭരമായ കാത്തിരിപ്പിനു വിട. വിരാട് കോലി നായകസ്ഥാനമൊഴിഞ്ഞ പശ്ചാത്തലത്തിൽ ഇന്ത്യൻ ട്വന്റി20 ടീമിനെ ഇനി മുതിർന്ന താരം രോഹിത് ശർമ നയിക്കും. രോഹിത്തിന്റെ നേതൃത്വത്തിൽ ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള 16 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിൽ) 14–ാം സീസണിൽ തിളങ്ങിയ ഋതുരാജ് ഗെയ്‌ക്‌വാദ്, ഹർഷൽ പട്ടേൽ, വെങ്കടേഷ് അയ്യർ തുടങ്ങിയവർ ടീമിൽ ഇടംപിടിച്ചു. മുഴുവൻ സമയ പരിശീലകനെന്ന നിലയിൽ രാഹുൽ ദ്രാവിഡിനു കീഴിൽ ഇന്ത്യയുടെ ആദ്യ പരമ്പര കൂടിയാണ് ഇത്.

നവംബർ 17ന് ജയ്പുർ, 19ന് റാഞ്ചി, 21ന് കൊൽക്കത്ത എന്നിവിടങ്ങളിലാണ് ട്വന്റി20 മത്സരങ്ങൾ. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ എ ടീമിനെയും പ്രഖ്യാപിച്ചു. ഗുജറാത്ത് താരം പ്രിയങ്ക് പഞ്ചലാണ് ക്യാപ്റ്റൻ. ട്വന്റി20 ലോകകപ്പ് ടീമിലുണ്ടായിരുന്ന രാഹുൽ ചാഹറിനെ എ ടീമിൽ ഉൾപ്പെടുത്തി. ഇന്ത്യയിലെ അതിവേഗ ബോളറെന്ന് പേരെടുത്ത ജമ്മു കശ്മീർ താരം ഉമ്രാൻ മാലിക്കും എ ടീമിൽ ഇടംനേടി. മലയാളി താരം സ‍ഞ്ജു സാംസണിന് രണ്ടു ടീമിലും ഇടമില്ല.

ട്വന്റി20 ലോകകപ്പിലെ മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ സമ്പൂർണ അഴിച്ചുപണി നടത്തിയാണ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. സ്ഥാനമൊഴിഞ്ഞ നായകൻ വിരാട് കോലി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ തുടങ്ങിയവർക്ക് വിശ്രമം അനുവദിച്ചു. ലോകകപ്പ് ടീമിൽനിന്ന് തഴഞ്ഞ യുസ്‌വേന്ദ്ര ചെഹൽ, ശ്രേയസ് അയ്യർ തുടങ്ങിയവർ കിവീസിനെതിരെ പരമ്പരയ്ക്കുള്ള ടീമിൽ തിരിച്ചെത്തി. അതേസമയം, ലോകകപ്പ് ടീമിൽ ഇടമില്ലാതിരുന്ന ശിഖർ ധവാനെ ഇത്തവണയും പരിഗണിച്ചില്ല. ലോകകപ്പ് ടീമിലുണ്ടായിരുന്ന ഷാർദുൽ ഠാക്കൂറിനും ടീമിൽ ഇടംലഭിച്ചില്ല.

ഐപിഎലിൽ തിളങ്ങിയ ഋതുരാജ് ഗെയ്‌ക്‌വാദ്, ഹർഷൽ പട്ടേൽ, വെങ്കടേഷ് അയ്യർ, ആവേശ് ഖാൻ തുടങ്ങിയവരാണ് ടീമിലെ പുതുമുഖങ്ങൾ. നീണ്ട കാലത്തിനുശേഷം ടീമിൽ തിരിച്ചെത്തിയ രവിചന്ദ്രൻ അശ്വിൻ സ്ഥാനം നിലനിർത്തി. ലോകകപ്പ് ടീമിൽ ഇടമില്ലാതിരുന്ന മുഹമ്മദ് സിറാജും ടീമിൽ തിരിച്ചെത്തി.

ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), കെ.എൽ. രാഹുൽ (വൈസ് ക്യാപ്റ്റൻ), ഋതുരാജ് ഗെയ്‌ക്‌വാദ്, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), വെങ്കടേഷ് അയ്യർ, യുസ്‌വേന്ദ്ര ചെഹൽ, അക്ഷർ പട്ടേൽ, ആവേശ് ഖാൻ, ഭുവനേശ്വർ കുമാർ, ദീപക് ചാഹർ, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ്

ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ എ ടീം: പ്രിയങ്ക് പഞ്ചൽ (ക്യാപ്റ്റൻ), പൃഥ്വി ഷാ, അഭിമന്യൂ ഈശ്വരൻ, ദേവ്ദത്ത് പടിക്കൽ, സർഫറാസ് ഖാൻ, ബാബാ അപരാജിത്, ഉപേന്ദ്ര യാദവ് (വിക്കറ്റ് കീപ്പർ), കൃഷ്ണപ്പ ഗൗതം, രാഹുൽ ചാഹർ, സൗരഭ് കുമാർ, നവ്ദീപ് സെയ്നി, ഉമ്രാൻ മാലിക്ക്, ഇഷാൻ പോറെൽ, അർസാൻ നഗ്വാസ്‌വല്ല

ബ്രഹ്മമംഗലത്ത് ആസിഡ്‌ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ പിതാവും മരിച്ചു. കാലായില്‍ സുകുമാരനാണ് ചികിത്സയിലിരിക്കേ മരിച്ചത്. ഭാര്യ സീന, മൂത്തമകൾ സൂര്യ എന്നിവർ നേരത്തെ മരിച്ചിരുന്നു. ഇളയമകൾ സുവർണ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി 10.55ഓടുകൂടിയാണ് ഇവർ ആസിഡ് കുടിച്ച് ആത്മഹത്യാശ്രമം നടത്തിയത്.

അടുത്തിടെ സുകുമാരന്റെ മൂത്തമകൾ സൂര്യയുടെ വിവാഹം മുടങ്ങിയിരുന്നു. അതിന്റെ മാനസിക പ്രയാസത്തിലാകും ആത്മഹത്യയെന്നാണ് പൊലീസ് പറയുന്നത്. അയൽവാസികളാണ് സംഭവം ആദ്യം അറിഞ്ഞത്. രണ്ട് പെൺകുട്ടികളും അടുത്തിടെ മാനസികചികിത്സ നടത്തിയിരുന്നതായും ബന്ധുക്കൾ പറയുന്നു.

വിവാഹം നിശ്ചയിച്ചിരുന്നത് മുടങ്ങിയതിന്റെ മാനസിക ബുദ്ധിമുട്ടാകാം ആത്മഹത്യക്ക് പ്രേരിപ്പിച്ചത് എന്നാണ് പ്രാത്ഥമിക നിഗമനം. ഇന്നലെ രാത്രി 11 മണിയോടെയാണ് 4 അംഗ കുടുംബം ആത്മഹത്യക്ക് ശ്രമിച്ചത്.സുകുമാരന്റെ മകൾ സുവര്‍ണയാണ് ഇന്നലെ രാത്രി 11 മണിക്ക് സമീപത്തു താമസിക്കുന്ന ഇളയച്ചനോട് വിവരം പറഞ്ഞത്. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

നടന്‍ ജോജു ജോര്‍ജുമായുള്ള വിഷയത്തില്‍ കോണ്‍ഗ്രസിന്‍റെ പ്രതിഷേധം തുടരുന്നു. എറണാകുളം ഷേണായിസ് തിയേറ്ററിന് മുന്നില്‍ നടന്റെ ചിത്രമുള്ള റീത്ത് വെച്ചാണ് ഇന്ന് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്. ജോജു അഭിനയിച്ച ചിത്രത്തിന്‍റെ പോസ്റ്റർ നീക്കിയില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം.

ജോജുവിന്‍റെ കാര്‍ അടിച്ച് തകര്‍ത്തതുമായി ബന്ധപ്പെട്ട കേസില്‍ ഇന്ന് രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂടി മരട് സ്റ്റേഷനില്‍ എത്തി കീഴടങ്ങുന്നുണ്ട്. ഇതിന് മുന്നോടിയായി ഡിസിസി ഓഫീസില്‍ നിന്ന് പ്രതിഷേധ പ്രകടനവുമായി ഷേണായിസ് തിയേറ്ററിലേക്ക് എത്തിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

നടന്‍ ജോജു ജോര്‍ജ് അഭിനയിച്ച സ്റ്റാര്‍ എന്ന ചിത്രം കോവിഡിന് ശേഷം തിയേറ്റർ തുറന്നപ്പോള്‍ ഷേണായീസ് തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ പ്രദര്‍ശനം കഴിഞ്ഞ് സിനിമ മാറി ഒരാഴ്ച പിന്നിട്ടിട്ടും നടന്റെ പോസ്റ്റര്‍ ഇവിടെനിന്ന് നീക്കംചെയ്തില്ലെന്ന് ആരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവും മുദ്രാവാക്യംവിളികളുമായി എത്തിയത്.

ഇന്ധന വിലവര്‍ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ ഗതാഗതക്കുരുക്കുണ്ടായതില്‍ ജോജു പ്രതിഷേധിച്ചിരുന്നു. ഇതിനേത്തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനൊടുവിലാണ് നടന്റെ കാര്‍ അടിച്ച് തകര്‍ത്തത്. ഈ കേസില്‍ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണി ഉള്‍പ്പെടെയുള്ള പ്രതികള്‍ കഴിഞ്ഞ ദിവസം കീഴടങ്ങിയിരുന്നു.

ചലച്ചിത്ര നടി കോഴിക്കോട് ശാരദ അന്തരിച്ചു. അസുഖബാധിതയായതിനെ തുടർന്ന്‌ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

നാടകങ്ങളിൽ അഭിനയിച്ചുകൊണ്ടായിരുന്നു ശാരദയുടെ അഭിനയ ജീവിതത്തിന്‍റെ തുടക്കം. 1979ൽ അങ്കക്കുറി എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് സിനിമയിലേയ്ക്ക് പ്രവേശിക്കുന്നത്. 1985-87 കാലങ്ങളിൽ ഐ.വി. ശശി സംവിധനം ചെയ്ത അനുബന്ധം, നാൽക്കവല, അന്യരുടെ ഭൂമി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.

ഉത്സവപ്പിറ്റേന്ന്, സദയം, സല്ലാപം, കിളിച്ചുണ്ടൻ മാമ്പഴം, അമ്മക്കിളിക്കൂട്, യുഗപുരുഷൻ, കുട്ടിസ്രാങ്ക് തുടങ്ങി എൺപതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.സിനിമകൾ കൂടാതെ ടെലിവിഷൻ സീരിയലുകളിലും സജീവമായിരുന്നു.

വിനയൻ സംവിധാനം ചെയ്ത ചാലക്കുടിക്കാരൻ ചങ്ങാതിയിൽ അനശ്വര നടൻ കലാഭവൻ മണിയായി വേഷമിട്ട് ഏറെ കയ്യടി നേടിയ നടനാണ് സെന്തിൽ കൃഷ്ണ. തിരുവന്തപുരം പുന്നമൂട് സ്വദേശിയായ സെന്തിൽ മിമിക്രിയിലൂടെയും സ്റ്റേജ് ഷോകളിലൂടെയുമാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. ചെറിയ വേഷം ചെയ്തിരുന്ന താരം പിന്നീട് സ്ത്രീധനം എന്ന സീരിയലിലെ ചില കഥാപാത്രങ്ങളിലൂടെ ഏറെ ശ്രദ്ധ നേടി. ആഷിക് അബു സംവിധാനം ചെയ്ത വൈറസിലെ മന്ത്രിയുടെ വേഷത്തിലും സെന്തിൽ എത്തിയിരുന്നു. വിനയൻ സംവിധാനം ചെയ്ത ആകാശഗംഗ 2വിലും താരം അഭിനയിച്ചു.

2019 ഓഗസ്റ്റ് 24നായിരുന്നു സെന്തിലിന്റെ വിവാഹം. വിവാഹം കഴിച്ചിരിക്കുന്നത് കോഴിക്കോട് സ്വദേശിയായ അഖിലയെയാണ്. അഖിലയെ പരിചയപ്പെട്ടതും വിവാഹം കഴിച്ചതും യാദൃശ്ചികമായിട്ടായിരുന്നുവെന്നും താരം ഒരു അഭിമുഖത്തിൽ പറഞ്ഞതാണ് ഏറെ ശ്രദ്ധ നേടുന്നത്. ആഷിക് അബുവിന്റെ വൈറസ് എന്ന സിനിമയുടെ ചിത്രീകരണം കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ നടക്കുന്നതിനിടെയാണ് അഖിലയെ കാണുന്നത്. ചിത്രത്തിൽ എക്സൈസ് മന്ത്രിയായാണ് വേഷമിട്ടത്. ഈ ആശുപത്രിയിലെ നേഴ്‌സ് ആയിരുന്നു അഖില. എന്റെ ഷോട്ടുകൾ കഴിഞ്ഞു വെറുതെ ഇരിക്കുമ്പോൾ അഖിലയെ പരിജയപ്പെടുന്നത്. പിന്നീട് പല ദിവസവും പാസിംങ് ഷോട്ടായി കടന്ന് പോവുകയായിരുന്നു. പിന്നെ സൗഹൃദം പ്രണയമായി മാരുകയും വിവാഹത്തിലെത്തുകയും ആയിരുന്നു.

ജീവിതത്തിൽ പലതും പ്രതീക്ഷിക്കാതെ ആണ് സംഭവിക്കുന്നത്. യാദൃശ്ചികമായി കാണുകയും പരസ്പരം മനസിലാക്കിയും സംസാരിച്ചും മുന്നോട്ട് പോകുമ്പോൾ തന്നെ വീട്ടുകാരോടും ഇക്കാര്യ സൂചിപ്പിച്ചിരുന്നു. വിനയൻ സാറിനോട് ആയിരുന്നു എന്നെ കുറിച്ച് അഖിലയുടെ വീട്ടുകാർ അന്വേഷിച്ചത്. വിനയൻ സാർ ആണ് എന്റെ കൈപിടിച്ച് ഉയർത്തിയത്. എല്ലാവരുടേയും ജീവിതത്തിലെ പ്രധാന മുഹൂർത്തമാണ് വിവാഹമെന്നും താരം പറയുന്നു.

വിവാഹശേഷം ഞങ്ങളുടെ ഇടയിൽ ഒരു സന്തോഷം കൂടി വന്നു. ആദ്യ ലോക്ഡൗണിൽ ഞങ്ങൾക്ക് കുഞ്ഞ് ജനിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു പ്രസവം. എന്റെ അമ്മയ്ക്ക് കുഞ്ഞിനെ വീഡിയോ കോളിലൂടെയാണ് കാണിച്ച് കൊടുത്ത്. കാശിക്കൂട്ടാ എന്നായിരുന്നു കുഞ്ഞിനെ കണ്ടയുടനെ അമ്മ വിളിച്ചത്. പിന്നെ കാശി എന്നത് ചെല്ലപ്പേരാക്കി. ആരവ് കൃഷ്ണ എന്നാണ് യഥാത്ഥർത്ത പേര്. കുഞ്ഞ് ജനിച്ചതിന് ശേഷം ഒരു ദിവസം ഷൂട്ടിംങ് ഇല്ലെങ്കിൽ വേഗം വീട്ടിൽ പോകും. മുൻപ് ഇങ്ങനെയല്ലായിരുന്നു, രണ്ട് ദിവസം ഷൂട്ടില്ലെങ്കിലും അവിടെ തന്നെ നിക്കാറായിരുന്നു പതിവ്. മോൻ വന്നതിന് ശേഷം വളരെ സന്തോഷത്തോടെയാണ് കുടുംബം മുന്നോട്ട് പോകുന്നതെന്നും സെന്തിൽ പറയുന്നു.

ഒരു സിനിമ നടനെ വിവാഹം കഴിക്കണമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നാണ് അഭിമുഖത്തിലൂടെ സെന്തിലിന്റെ ഭാര്യ അഖില പറയുന്നത്. ഒന്ന് രണ്ട് വർഷം കഴിഞ്ഞ് വിദേശത്ത് പോവണം എന്നായിരുന്നു ആഗ്രഹം. സ്വപ്നം കാണാൻ പോലും കഴിയാത്ത കാര്യങ്ങളാണ് ഇപ്പോൾ സംഭവിക്കുന്നതെന്നും അഖില കൂട്ടിച്ചേർത്തു.

ആലത്തൂരിലെ ഇരട്ട സഹോദരിമാരും(Twin Sisters) രണ്ടു ആണ്‍ സുഹൃത്തുക്കളും നാടുവിട്ടത് പ്രണയം(Love) വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന്. പരസ്പരം ഇഷ്ടത്തിലായിരുന്നെന്നും വീട്ടുകാര്‍ എതിര്‍ത്തതോടെ വീട് വിട്ടിറങ്ങുകയായിരുന്നെന്ന് കുട്ടികള്‍ കോയമ്പത്തൂര്‍ ആര്‍പിഎഫിനോട് പറഞ്ഞു. കുട്ടികളുടെ കൈവശം 9,100 രൂപയും 40,000 രൂപ വിലവരുന്ന ആഭരണങ്ങളും ഉണ്ടായിരുന്നതായും കോയമ്പത്തൂര്‍ ആര്‍.പി.എഫ് വ്യക്തമാക്കി.

കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കുട്ടികളെ കണ്ടത്തിയത്. ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന ഇരട്ട സഹോദരിമാരെയും, സുഹൃത്തുക്കളായ 2 ആണ്‍കുട്ടികളെയും നവംബര്‍ മൂന്നാം തീയതിയാണ് വീട്ടില്‍ നിന്നും കാണാതായത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടികള്‍ തമിഴ്നാട്ടിലേക്ക് കടന്നതായി സൂചന ലഭിച്ചു.

അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. പൊള്ളാച്ചിയില്‍ നിന്ന് ഇവരുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെയാണ് ഇവര്‍ തമിഴ്നാട്ടിലുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചത്. പരിസര പ്രദേശങ്ങളില്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും അപ്പോഴേക്കും കുട്ടികള്‍ അവിടെ നിന്നും കടന്ന് കളഞ്ഞിരുന്നു.

കാണാതായ നാല് വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍വച്ചുള്ള പോസ്റ്റര്‍ അടക്കം തമിഴ്‌നാട്ടില്‍ എത്തിച്ചാണ് പിന്നീട് അന്വേഷണം നടത്തിയത്. ഇതിലൂടെയാണ് കുട്ടികളെ കണ്ടെത്തിയത്. സ്‌കൂള്‍ വിദ്യാര്‍ഥികളെ കാണാതായി നാല് ദിവസം കഴിഞ്ഞിട്ടും ഒരുവിവരവും ലഭിക്കാതിരുന്നത് പോലീസിനും തലവേദന സൃഷ്ടിച്ചിരുന്നു.

ഇവര്‍ പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും പാര്‍ക്കിലും നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ആലത്തൂര്‍ സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് അന്വേഷണം നടത്തിയത്. തമിഴ്നാട് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.

ഒരാളുടെ കൈവശം മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നുവെങ്കിലും പാലക്കാട് മുതല്‍ അത് സ്വിച്ച് ഓഫായതായി കണ്ടെത്തി. ചെക്ക് പോസ്റ്റ് കേന്ദ്രീകരിച്ചും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുമായിരുന്നു അന്വേഷണം.

ഡോജി ഫിലിപ്പ് (50) അമിത രക്ത സമ്മർദ്ദത്തെ തുടർന്ന് യുകെയിൽ മരണമടഞ്ഞു. കുടുംബ സമേതം പാപ്വര്‍ത്തിൽ താമസിക്കുന്ന ഡോജി ഫിലിപ്പ് പാലാ വലവൂര്‍ കാശാംകാട്ടില്‍ കുടുംബാംഗമാണ് .

ഭാര്യ ലിജി ഡോജി കേംബ്രിഡ്ജ് എന്‍എച്എസ് ട്രസ്റ്റ് ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്.    ഭാര്യ ജോലിയിലായിരുന്ന സമയത്തു അസ്വസ്ഥത തോന്നി ഡോജി കുഴഞ്ഞു വീണതിനെത്തുടർന്ന് ഏക മകന്‍ ജീവന്‍ അടിയന്തിര വൈദ്യ സഹായത്തിനായി ആംബുലന്‍സ് വിളിക്കുക ആയിരുന്നു. പതിനൊന്നാം ക്ളാസ് വിദ്യാര്‍ത്ഥിയാണ് ജീവന്‍.

മൃതസംസ്കാരം യുകെയിൽ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഡോജി ഫിലിപ്പിൻെറ അഗാധ വിയോഗത്തിലുള്ള മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

Copyright © . All rights reserved