പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത് വധക്കേസിൽ പ്രതികൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി. എസ്ഡിപിഐ-പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ നാല് പേരുടെ ലുക്കൗട്ട് നോട്ടിസാണ് പുറത്തിറക്കിയത്. കൊലപാതകത്തിന് ഒത്താശ ചെയ്തവരുടെയും പ്രതികളെ രക്ഷപെടാൻ ശ്രമിച്ചവരുടെയും ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.
കൊഴിഞ്ഞാംപാറ സ്വദേശി ഹാറൂൺ, ആലത്തൂർ സ്വദേശി നൗഫൽ, മലപ്പുറം സ്വദേശിയായ ഇബ്രാഹിം, അമ്പലപ്പാറ സ്വദേശി ഷംസീർ എന്നിവരാണിവർ. പോപ്പുലർ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും പ്രവർത്തകരാണ് കേസിലുൾപ്പെട്ട മുഴുവൻ പേരും. പാലക്കാട് ഡിവിഷണൽ സെക്രട്ടറിയാണ് വണ്ടൂർ സ്വദേശി ഇബ്രാഹിം.
അതിനിടെ കൊലപാതകത്തിന് ആയുധങ്ങൾ തയ്യാറാക്കി നൽകിയ ഒരാൾ കൂടി പൊലീസ് പിടിയിലായി. മുതലമട കാമ്പ്രത്ത്ചള്ള സ്വദേശി ഷാജഹാനെയാണ് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. മൂന്ന് പേരാണ് ഇനി പിടിയിലാകാനുള്ളത്.
തിരുപ്പിറവിയുടെ സന്ദേശം ഉൾക്കൊണ്ട് ലോകമെങ്ങും ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. തിരുപ്പിറവി ശുശ്രൂഷകൾക്കായി ലോകമെമ്പാടും ആയിരക്കണക്കിന് വിശ്വാസികൾ ദേവാലയങ്ങളിൽ ഒത്തുചേർന്നു. ദേവാലയങ്ങളിൽ പാതിരാ കുർബാന അടക്കമുള്ള പ്രാർത്ഥനാ ശുശ്രൂക്ഷകൾ നടന്നു. വിവിധ ക്രൈസ്തവ സഭാ തലവൻമാർ ദേവാലയങ്ങളിൽ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.ക്രൈസ്തവ വിശ്വാസികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് തിരുപ്പിറവിച്ചടങ്ങുകൾ ആചരിക്കുന്നത്.
കേരളത്തിലും വിവിധ ദേവാലയങ്ങളിൽ പാതിരാക്കുർബാനയ്ക്ക് നിയന്ത്രണങ്ങളോടെ വിശ്വാസികളെത്തി.കാക്കനാട് മൗണ്ട് സെന്റ് തോമസ് പള്ളിയിൽ നടന്ന ക്രിസ്തുമസ് പാതിരാ കുർബാനയ്ക്ക് സിറോ മലബാർ സഭ മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യ കാർമ്മികത്വം വഹിച്ചു.
എറണാകുളം സെൻറ് ഫ്രാൻസിസ് അസ്സീസി ദേവാലയത്തിൽ, വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ ജോസഫ് കളത്തിപ്പറമ്പിലിവന്റെ മുഖ്യ കാർമ്മികത്വത്തിൽ തിരുപ്പിറവി ദിവ്യബലി നടത്തി.
കരിങ്ങാച്ചിറ ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രൽ പള്ളിയിൽ നടന്ന ജനനപ്പെരുന്നാൾ ശുശ്രൂഷകൾക്ക് യാക്കോബായ സുറിയാനി സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റി മോർ ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു.
കോഴിക്കോട് ദേവമാതാ കത്തീഡ്രലിൽ ബിഷപ്പ് വർഗ്ഗീസ് ചക്കാലക്കൽ ക്രിസ്തുമസ് ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ചു. പാളയം സെന്റ് ജോസഫ് പള്ളിയിൽ ക്രിസ്തുമസ് ശുശ്രൂഷകൾക്ക് ആർച്ച് ബിഷപ്പ് ഡോ സൂസപാക്യം നേതൃത്വം നൽകി.
ഷെറിൻ പി യോഹന്നാൻ
ഇതാദ്യമായാണ് അമ്പലത്തിലെ പൂരത്തിന് ആനയെത്തുന്നത്. നാട്ടുകാരിൽ നിന്ന് പണം പിരിച്ചെടുത്ത് ‘നെയ്ശ്ശേരി പാര്‍ഥന്‍’ എന്ന ആനയെ ഉത്സവക്കമ്മിറ്റിക്കാര്‍ കൊണ്ടുവന്നു. ആനയ്ക്കൊപ്പം വന്ന പാപ്പാനും അദ്ദേഹത്തിന്റെ സുഹൃത്തും ആ നാട്ടിലെ ചെറുപ്പക്കാരുമായി വാക്കുതർക്കത്തിലേർപ്പെടുന്നു. അത് പിന്നീട് വലിയ സംഘർഷങ്ങളിലേക്ക് വഴി തുറക്കുകയാണ്.
ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ മുതൽ കാത്തിരുന്ന ചിത്രമാണ് ‘അജഗജാന്തരം’. ടിനു പാപ്പച്ചന്റെ ആദ്യ ചിത്രമായ ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ നൽകിയ തിയേറ്റർ എക്സ്പീരിയൻസ് തന്നെയായിരുന്നു ഈ കാത്തിരിപ്പിനുള്ള പ്രധാന കാരണം. ദൃശ്യഭാഷയിൽ പുതുമ കണ്ടെത്തുന്ന സംവിധായകനാണ് ടിനു പാപ്പച്ചൻ. ‘അജഗജാന്തര’ത്തിൽ പ്രേക്ഷകർക്കായി ഒരു വിഷ്വൽ ട്രീറ്റ് ഒരുക്കിവച്ചിട്ടുണ്ട് അദ്ദേഹം. ആഘോഷിച്ച് അർമാദിക്കാൻ ഒരു ചിത്രം.

ഒരു പൂരത്തിനിടയിൽ നാട്ടുകാരും ആനക്കാരും തമ്മിൽ ഉണ്ടാകുന്ന സംഘർഷമാണ് ചിത്രത്തിന്റെ പ്രമേയം. കഥ ഇവിടെ തീരുന്നു. പ്രേക്ഷകനെ ഞെട്ടിക്കുന്ന ട്വിസ്റ്റോ ശക്തമായ സബ്പ്ലോട്ടുകളോ ചിത്രത്തിലില്ല. എന്നാൽ സിനിമ സൃഷ്ടിക്കുന്ന മൂഡിലേക്ക് പ്രേക്ഷകൻ ആദ്യം തന്നെ എത്തുന്നതിനാൽ ഇതൊന്നും ഒരു കുറവായി അനുഭവപ്പെടില്ല. രംഗനാഥ് രവിയുടെ സൗണ്ട് ഡിസൈനും ജസ്റ്റിൻ വർഗീസിന്റെ പശ്ചാത്തലസംഗീതവും ജിന്റോ ജോർജിന്റെ ഛായാഗ്രഹണവും അതിഗംഭീരമാണ്. ആനയോടൊപ്പമുള്ള ഫൈറ്റും ആറ്റിലേക്ക് ചാടുന്ന സീനും മറ്റ് വൈഡ് ആംഗിൾ ഷോട്ടുകളും മികച്ചു നിൽക്കുന്നു. ഒരു ഉത്സവപ്രതീതി ഒരുക്കുന്നു എന്നതിനപ്പുറം സിനിമയിലെ രംഗങ്ങളെയെല്ലാം സമ്പന്നമാക്കുന്നത് സാങ്കേതിക വശങ്ങളിലെ ഈ മികവാണ്.

സ്ലോ മോഷനെ ഫലപ്രദമായി ഉപയോഗിച്ച ചിത്രമാണിത്. പ്രേക്ഷകനെകൊണ്ട് കയ്യടിപ്പിക്കുന്ന സ്ലോ മോഷൻ രംഗങ്ങളാണ് എല്ലാം. ഷമീർ മുഹമ്മദിന്റെ കട്ടുകൾ ചിത്രത്തെ എൻഗേജിങ്ങായി നിലനിർത്തുന്നു. ഭാവാഭിനയത്തേക്കാള്‍ ശാരീരികമായ പ്രയത്നത്തിനാണ് ഇവിടെ പ്രാധാന്യം. അതിനാൽ പ്രകടനങ്ങളിൽ ആന്റണിയും കിച്ചുവും അർജുൻ അശോകനും കൂട്ടരും ഒരുപോലെ മികച്ചു നിൽക്കുന്നു. രണ്ടാം പകുതിയിൽ കഥാപാത്രങ്ങൾക്ക് എന്ത് സംഭവിക്കുമെന്നറിയാനുള്ള ആകാംഷ പ്രേക്ഷകനുള്ളിൽ ഉടലെടുക്കും. മുടക്കിയ പണം മുതലാവാൻ ക്ലൈമാക്സ് ഫൈറ്റ് തന്നെ ധാരാളം.
‘സുഗ്രീവപ്പട’ കളിക്കാൻ എത്തുന്ന നാടകക്കാരും കച്ചംബർ ദാസും ആകാംഷയുണർത്തുന്നുണ്ടെങ്കിലും കഥയുടെ മുന്നോട്ടുള്ള പോക്കിൽ അവർക്ക് പ്രാധാന്യം നഷ്ടപ്പെടുന്നു. ശക്തമായ കഥയില്ലെങ്കിൽ പോലും ഒട്ടും ലാഗടിപ്പിക്കാതെ രണ്ട് മണിക്കൂറിൽ റോ ആയ, ഫെസ്റ്റിവൽ ചിത്രമൊരുക്കാൻ സംവിധായകന് സാധിച്ചു.
Last Word – LJP യുടെ ‘ജല്ലിക്കട്ടി’നോട് സമാനമായി ആൾക്കൂട്ടത്തിന്റെ കഥയാണ് ടിനുവും പറയുന്നത്. മനുഷ്യനുള്ളിലെ മൃഗീയ വാസനകൾ ഇവിടെയും തീവ്രമായി മാറുന്നു. തീർച്ചയായും തിയേറ്ററിൽ അനുഭവിച്ചറിയേണ്ട ചിത്രം.
അടി.. ഇടി…. വെടി….. പൂരം
ഫൈസൽ നാലകത്ത്
“നക്ഷത്രരാവ്” മനോജ് കെ ജയന്റെ ക്രിസ്മസ് സമ്മാനം. മക്കത്തെ ചന്ദ്രിക’യ്ക്ക് പിന്നാലെ മനോജ് കെ ജയൻ പാടിയ കരോൾ ഗാനം ‘നക്ഷത്രരാവും’ സൂപ്പര്‍ഹിറ്റിലേയ്ക്ക്…
വിട്ടുകൊടുക്കുന്നതിലെ സന്തോഷം പങ്കുവയ്ക്കുന്ന ഈ ക്രിസ്മസ് മാസത്തിൽ മനോജ് കെ ജയന്റെ ”നക്ഷത്രരാവ്” എന്ന കരോൾ ഗാനം ശ്രെധേയമാകുന്നു. മക്കത്തെ ചന്ദ്രിക എന്ന സൂപ്പർഹിറ്റ് മാപ്പിള പാട്ടിന്റെ സംഗീതസംവിധായകനായ അൻഷാദ് തൃശൂർ ആണ് നക്ഷത്രരാവിന്റെയും സംഗീതം ഒരുക്കിയിരിക്കുന്നത്. ഗാനരചന ജിജോയ് ജോർജ്. നിർമ്മാണം വി . ഐ പോൾ.

മക്കത്തെ ചന്ദ്രിക പാടുമ്പോള്‍ തന്നെ, മനസ്സ്കൊണ്ട് തികഞ്ഞൊരു മതേതര വിശ്വാസി ആയ മനോജ് കെ ജയൻ സംഗീതസംവിധായകനായ അന്‍ഷാദ് തൃശൂരിനോട് ആവശ്യപ്പെട്ടിരുന്നു, ഇത് ഒരു മാപ്പിളപ്പാട്ടില്‍ ഒതുങ്ങരുത് , ക്രിസ്തുമസിന് ഒരു കരോള്‍ഗാനവും വരുന്ന വിഷുവിന് ഒരു ഹിന്ദു ഭക്തിഗാനവും നമുക്ക് ചെയ്യണം എന്ന്. ക്രിസ്തുമസിന് മുമ്പുതന്നെ കരോള്‍ഗാനം യാഥാര്‍ത്ഥ്യമായിരിക്കുന്നു. അനവധിപ്പേരാണ് ഇത് നന്നായിരിക്കുന്നുവെന്ന് പറഞ്ഞ് മനോജിന് സന്ദേശങ്ങള്‍ അയക്കുന്നതും,വിളിക്കുന്നതും.

കരോള്‍ഗാനം റിക്കോര്‍ഡ് ചെയ്യുന്നതിനു മുമ്പ് അതിന്റെ വ്യത്യസ്തമായ കുറച്ച് ഈണങ്ങൾ ഇട്ടുതരാന്‍ ഞാന്‍ അന്‍ഷാദിനോട് പറഞ്ഞിരുന്നു. അന്‍ഷാദ് നാല് ഈണങ്ങളിലുള്ള പാട്ട് അയച്ചുതന്നു. അതില്‍നിന്ന് ഞാന്‍ തെരഞ്ഞെടുത്തതാണ് ഈ കരോള്‍ഗാനം. മനോജ് പറഞ്ഞു. മാപ്പിള പാട്ടില്‍നിന്ന് വ്യത്യസ്തമായി കരോള്‍ഗാനം വിഷ്വലൈസ് ചെയ്തിട്ടുണ്ട്. അതും എന്റെ നിര്‍ബ്ബന്ധമായിരുന്നു. ‘മക്ക മദീന മുത്ത് നബി’ എന്ന സൂപ്പർ ഹിറ്റ് മാപ്പിളപ്പാട്ടു വിജയിച്ചതിനു പിന്നാലെ ഈ കരോള്‍ഗാനവും ഹിറ്റായതിന്റെ സന്തോഷത്തിലും,ആവേശത്തിലും ആണ് മലയാളികളുടെ പ്രിയ നടൻ മനോജ് കെ ജയൻ. ഈ വിജയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇനി ഈ സീരീസില്‍ ഒരു ഹിന്ദു ഭക്തിഗാനംകൂടി ഉണ്ടാകുമെന്ന് മനോജ് കെ. ജയന്‍ പറഞ്ഞു.
യുകെയിൽ ആദ്യമായി പ്രതിദിന കോവിഡ് കേസുകൾ ലക്ഷത്തിന് മുകളിൽ. 1,06,122 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡിസംബർ 15ന് ശേഷം വൻതോതിൽ വർധനവാണ് രോഗികളുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്. ചൊവ്വാഴ്ച മാത്രം 8008 കോവിഡ് രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ വ്യക്തമാക്കി. നവംബർ 22ന് ശേഷമുള്ള കൂടിയ നിരക്കാണിത്.
അതേസമയം, ക്രിസ്മസിന് മുന്നോടിയായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. മറ്റ് നിരവധി യൂറോപ്യൻ രാജ്യങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ പുന:സ്ഥാപിച്ചിരിക്കുകയാണ്. വാക്സിനേഷനിലൂടെ കോവിഡ് നിയന്ത്രണത്തിലാക്കി വലിയൊരു തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്ന ബിസിനസ് മേഖലയ്ക്ക് കനത്ത ആഘാതമായി ഒമിക്രോണ്‍- ഡെല്‍റ്റ വേരിയന്റുകളുടെ വ്യാപനം.
കോവിഡ് വ്യാപനം മൂലം വിനോദ, ഹോസ്പിറ്റാലിറ്റി മേഖല ഉള്‍പ്പെടെയുള്ള പ്രതിസന്ധിയിലായ ബിസിനസുകളെ സഹായിക്കാന്‍ ചാന്‍സലര്‍ റിഷി സുനക് 1 ബില്യണ്‍ പൗണ്ടിന്റെ പ്രത്യേക ഫണ്ട് രൂപീകരിച്ചതുതന്നെ മുന്നോട്ടുള്ള ദിവസങ്ങള്‍ കഠിനമാകുന്നതിന്റെ തെളിവാണ് . ക്രിസ്മസിന് പിന്നാലെ രാജ്യത്തു നിയന്ത്രണം കടുപ്പിക്കും. മറ്റൊരു അടച്ചിടലിലേയ്ക്ക് പോകണമെന്നാണ് ശാസ്ത്രജ്ഞരുടെ ഉപദേശം.
പൂര്‍ണ്ണമായി ഒരു അടച്ചിടല്‍ വന്നില്ലെങ്കിലും നിയന്ത്രണം കടുപ്പിക്കേണ്ടിവരുമെന്ന കാര്യം ഉറപ്പാണ്. ക്രിസ്മസിന് മുന്നോടിയായി ബിസിനസുകള്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധി സാഹചര്യം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അത് മറികടക്കാന്‍ ആവശ്യമായ വളരെ ഉദാരമായ പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളതെന്നും സുനക് പറഞ്ഞു.
പുതിയ പദ്ധതിയില്‍ പബ്ബുകളും റെസ്റ്റോറന്റുകളും പോലുള്ള ഹോസ്പിറ്റാലിറ്റി ബിസിനസുകള്‍ക്ക് ഓരോ സ്ഥാപനത്തിനും 6,000 പൗണ്ട് വരെ ക്യാഷ് ഗ്രാന്റിനായി അപേക്ഷിക്കാന്‍ കഴിയും. കോവിഡ് മൂലം ജീവനക്കാര്‍ക്ക് ജോലിക്കെത്താന്‍ കഴിയാത്ത ചില സ്ഥാപനങ്ങളെ വേതനത്തോടെയുള്ള സിക്ക് ലീവ് നല്‍കാന്‍ സര്‍ക്കാര്‍ സഹായിക്കുമെന്നും സുനക് പറഞ്ഞു. തിയേറ്ററുകളേയും മ്യൂസിയങ്ങളേയും സഹായിക്കാന്‍ 30 മില്യണ്‍ പൗണ്ട് അധികമായും അദ്ദേഹം പ്രഖ്യാപിച്ചു.
ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനത്തെക്കുറിച്ചുള്ള ജനങ്ങളുടെ ഭയം കാരണം ബുക്കിംഗിലെ തകര്‍ച്ചയും ആളുകള്‍ എത്താതെ വരികയും ചെയ്യുന്നത് ഹോസ്പിറ്റാലിറ്റി വിനോദ സ്ഥാപനങ്ങളേയും ദോഷകരമായി ബാധിച്ചു.
സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയ യുവാവിനെ മറ്റൊരു സുഹൃത്തിന്‍റെ സഹായത്തോടെ കൊന്ന് കുഴിച്ചുമൂടി വിദ്യാര്‍ത്ഥിനികള്‍. സംഭവത്തില്‍ പെണ്‍കുട്ടികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കൃത്യത്തിന് പെണ്‍കുട്ടികളെ സഹായിച്ച റെഡ്ഹില്‍ സ്വദേശി അശോകിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
തിരുവള്ളൂര്‍ ജില്ലയിലെ റെഡ്ഹില്‍സിന് അടുത്തുള്ള ഈച്ചംകാട്ടുമേട് ഗ്രാമത്തിലാണ് സിനിമയെ വെല്ലുന്ന സംഭവങ്ങള്‍ അറങ്ങേറിയത്. രണ്ട് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളെയാണ് കോളേജില്‍ പഠിക്കുന്ന പ്രേംകുമാര്‍ എന്നയാള്‍ സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയത്. ഇയാള്‍ക്ക് 21 വയസായിരുന്നു. തുടര്‍ന്നാണ് അശോകിന്‍റെയും അയാളുടെ സഹായത്തോടെയും പെണ്‍കുട്ടികള്‍ പ്രേംകുമാറിനെ കൊലപ്പെടുത്തിയത്.
സംഭവത്തില്‍ കേസ് അന്വേഷിച്ച അരംബാക്കം പൊലീസ് പറയുന്നത് ഇങ്ങനെ, ഈച്ചംകാട്ടുമേട് സ്വദേശികളാണ് വിദ്യാര്‍ത്ഥിനികള്‍. താമ്പരം ഒട്ടേരി സ്വദേശിയായ പ്രേംകുമാര്‍ ഇവരുമായി പരിചയത്തിലായി. രണ്ടുപേരോടും പ്രേമമാണെന്നാണ് പ്രേംകുമാര്‍ പറഞ്ഞത്. എന്നാല്‍ ഇത് ഇവര്‍ക്ക് പരസ്പരം അറിയില്ലായിരുന്നു. അതിനിടെ ഇരുവരുടെയും സ്വകാര്യ ദൃശ്യങ്ങള്‍ പ്രേംകുമാര്‍ പകര്‍ത്തി. ഇത് വച്ച് ഇവരെ ഭീഷണിപ്പെടുത്താന്‍ ആരംഭിച്ചു.
കഴിഞ്ഞ ഒരു വര്‍ഷമായി ഈ ഭീഷണിപ്പെടുത്തല്‍ തുടരുന്നു. ഒരുലക്ഷത്തോളം രൂപ പ്രേംകുമാര്‍ പെണ്‍കുട്ടികളുടെ കൈയ്യില്‍ നിന്നും തട്ടി. ഇതിനിടെ തങ്ങള്‍ രണ്ടുപേരെയും പ്രേംകുമാര്‍ ചതിക്കുന്നു എന്ന കാര്യം പെണ്‍കുട്ടികള്‍ മനസിലാക്കി. പ്രേംകുമാറിന്‍റെ ശല്യം സഹിക്കാതെ പെണ്‍കുട്ടികള്‍ ഇന്‍സ്റ്റഗ്രാം സുഹൃത്തായ അശോകിന്‍റെ സഹായം തേടി. പ്രേംകുമാറിന്‍റെ ഫോണ്‍ കൈക്കലാക്കി ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യാനാണ് സഹായം അഭ്യര്‍ത്ഥിച്ചത്.
അശോകിന്‍റെ നിര്‍ദേശപ്രകാരം പണം നല്‍കാന്‍ എന്ന് പറഞ്ഞ്, പ്രേംകുമാറിനെ പെണ്‍കുട്ടികള്‍ ഷോളാവാരത്ത് വിളിച്ചുവരുത്തി. അവിടെ വച്ച് അശോകും കൂട്ടരും ഇയാളെ തട്ടിക്കൊണ്ടുപോയി. പിന്നീട് മര്‍ദ്ദിച്ച് കൊലപ്പെടുത്തി കുഴിച്ചിടുകയുമായിരുന്നു.
മോഹൻലാലിന്റെ നായികയായി മലയാള ചലച്ചിത്ര മേഖലയിലേക്ക് കടന്നുവന്ന താരമാണ് ചാർമിള. മോഹൻലാലിനെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത ധനം ആയിരുന്നു താരത്തിന്റെ ആദ്യ മലയാള ചിത്രം. എന്നാൽ 1991ൽ ഓയിലാട്ടം എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു താരം തന്റെ അഭിനയജീവിതത്തിന് തുടക്കം കുറിക്കുന്നത്. പ്രിയപ്പെട്ട കുക്കു, കാബൂളിവാല, മാണിക്യ കൂടാരം, അർജുനൻ പിള്ളയും അഞ്ചുമക്കളും തുടങ്ങി ഏകദേശം മുപ്പത്തിലധികം ചിത്രങ്ങളിൽ അഭിനയിച്ച താരം ഇപ്പോൾ സിനിമയിൽ സജീവമല്ല.
1990 – 2000 കാലഘട്ടങ്ങളിലൊക്കെ ചാർമിള തന്നെയായിരുന്നുമലയാലയത്തിലെ ഒട്ടുമിക്ക ചിത്രങ്ങളിലും നായികയായി അഭിനയിച്ചിരുന്നത്.1995 ൽ കിഷോർ സത്യയെ വിവാഹം ചെയ്ത താരം അഞ്ചുവർഷത്തിനു ശേഷം ബന്ധം വേര്പെടുത്തുകയും 2006 ൽ മറ്റൊരു വിവാഹം ചെയ്‌തെങ്കിലും ആ ബന്ധവും വേർപെടുത്തിയിരുന്നു.
സിനിമയോടൊപ്പം തന്നെ ചില പരമ്പരകളിലും താരം അഭിനയിച്ചിട്ടുണ്ട്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന കുടുംബ പ്രേക്ഷകരുടെ ഇഷ്ട്ട പരമ്പരയായ മംഗല്യപട്ട് ആയിരുന്നു താരത്തിന്റെ ഏറ്റവും മികച്ച ടെലിവിഷൻ സീരിയലുകളിലൊന്ന്. സിനിമ മേഖലയിൽ നിന്നും ചില ദുരനുഭവങ്ങൾ നേരിട്ടതായി താരം നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ലൊക്കേഷനിൽ വച്ചുണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.
ഒരിക്കൽ തന്റെ വീട്ടിൽ നിർമാതാക്കളായ മൂന്നു പയ്യൻമാർ വന്നെന്നും തന്റെ അനുഗ്രഹം വാങ്ങുകയും പുതിയ ചിത്രത്തിനായി തനിക്ക് അഡ്വാൻസ് നൽകിയെന്നും താരം പറയുന്നു. കോഴിക്കോട് ഷൂട്ടിംഗ് സമയത്ത് ഈ മുൻപയ്യൻ മാരും അങ്ങോട്ട് വരികയും നേരെ തന്റെ മുറിയിലേക്ക് കടന്ന് മേക്കപ്പ് മനോട് മുറിയിൽ നിന്നും ഇറങ്ങി പോകാൻ പറയുകയും ചെയ്തുവെന്നും എന്നാൽ അയാൾ ഇറങ്ങാൻ വിസ്സമ്മതിക്കുകയും ചെയ്തുവെന്നും താരം പറയുന്നു. അവരെന്തിനാ ഇങ്ങനെ പെരുമാറുന്നെ എന്ന് താൻ ചോദിച്ചപ്പോൾ തങ്ങളിൽ ആരെവേണമെങ്കിലും കൂടെ കിടക്കാൻ നിങ്ങൾക്ക് സെലക്ട് ചെയ്യാം എന്നായിരുന്നു അവരുടെ മറുപടിയെന്നും അല്ലെങ്കിൽ ബാക്കി പേയ്‌മെന്റ് തരില്ല എന്നായിരുന്നു അവര്പറഞ്ഞതെന്നും താരം പറയുന്നു.
നാളെമുതൽ താൻ ഷൂട്ടിങ്ങിൽ വരുന്നില്ല എന്നുപറഞ്ഞപ്പോൾ ഗെറ്റ് ഔട്ട് എന്നുപറഞ്ഞു തന്നെ പുറത്താക്കുയായിരുന്നുവെന്നതാണ് താരം പറയുന്നു. ഇത്രയും വലിയൊരു മോശപ്പെട്ട അനുഭവം തന്റെ കരിയറിൽ ഉണ്ടായിട്ടില്ല എന്നാണ് താരം പിന്നീട് പറഞ്ഞത്
തൃശ്ശൂരിൽ അമ്മയും കാമുകനും ചേർന്ന് നവജാത ശിശുവിനെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി കനാലിൽ ഉപേക്ഷിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ. കുഞ്ഞിന്റെ മൃതദേഹം കത്തിക്കാൻ പ്രതികൾ പദ്ധതിയിട്ടിരുന്നതായി പോലീസ് പറഞ്ഞു. ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊന്ന കുഞ്ഞിന്റെ മൃതദേഹം അമ്മ മേഘ കവറിലാക്കി കാമുകൻ ഇമ്മാനുവേലിന് നൽകുകയായിരുന്നു. തുടർന്ന് സുഹൃത്തിനൊപ്പം ചേർന്ന് കുഞ്ഞിന്റെ മൃതദേഹം കത്തിക്കാനാണ് പദ്ധതിയിട്ടത്. ഇതിനായി ഇയാളും സുഹൃത്തും ചേർന്ന് മുണ്ടൂരിലെ പമ്പിൽ നിന്നും ഡീസൽ വാങ്ങിയിരുന്നു.
എന്നാൽ കത്തിക്കാൻ പറ്റിയ സാഹചര്യം ലഭിച്ചില്ല. പിന്നീട് പാടത്ത് കുഴിച്ച് മൂടാൻ ശ്രമിച്ചു. എന്നാൽ ആളുകൾ ഉണ്ടായിരുന്നതിനാൽ അതും നടന്നില്ല. തുടർന്നാണ് മൃതദേഹം കനാലിൽ ഉപേക്ഷിച്ചത്. കത്തിക്കാൻ കരുതിയ ഡീസൽ തെളിവെടുപ്പിനിടെ പോലീസ് കണ്ടെടുത്തു.
ജനിച്ചയുടനെ തന്നെ കുഞ്ഞ് കരയാതിരിക്കാൻ വെള്ളത്തിൽ മുക്കിയതും ഈ സംഭവത്തിനിടെ തലയിൽ ഉണ്ടായ ക്ഷതവുമാണ് മരണ കാരണം എന്ന് പോസ്റ്റ് മോർട്ടത്തിൽ വ്യക്തമായിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി മേഘയുടെയും ഇമ്മാനുവലിന്റെയും ഡിഎൻഎ പോലീസ് ശേഖരിച്ചിട്ടുണ്ട്.
കേസിൽ മൂന്നു പേരാണ് ഇതുവരെ അറസ്റ്റിലായത്. വാരിയിടം മാമ്പാട് വീട്ടിൽ 22 കാരിയായ മേഘ, അയൽവാസിയും കാമുകനുമായ ചിറ്റാട്ടുകര ഇമാനുവൽ (25) ,ഇയാളുടെ സുഹൃത്തായ പാപ്പനഗർ കോളനി കുണ്ടുകുളം വീട്ടിൽ അമൽ (24) എന്നിവരാണ് അറസ്റ്റിലായത്.
എംകോം ബിരുദധാരിയായ മേഘ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയാണ്. ഇമാനുവൽ പെയ്ന്റിങ് തൊഴിലാളിയാണ്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് പ്രസവിച്ചത്. കുഞ്ഞു കരയുന്നത് പുറത്തു കേൾക്കാതിരിക്കാൻ കട്ടിലിന്റെ അടിയിൽ സൂക്ഷിച്ച ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊന്നു എന്നാണ് മേഘയുടെ മൊഴി. പിറ്റേന്ന് വരെ മൃതദേഹം കട്ടിലിനടിയിൽ സൂക്ഷിക്കുകയും ബാഗിലാക്കി കാമുകന് ഉപേക്ഷിക്കാൻ നൽകുകയും ചെയ്തു.
താൻ ഗർഭിണിയായ വിവരം മേഘ കുടുംബത്തെ അറിയിച്ചിരുന്നില്ല. തനിച്ച് മുറിയിൽ കഴിഞ്ഞിരുന്നതിനാൽ സംഭവിച്ചതൊന്നും കുടുംബവും അറിഞ്ഞിരുന്നില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് രണ്ടു യുവാക്കൾ ബൈക്കിൽ പോകുന്നത് കണ്ടു അന്വേഷിച്ചപ്പോൾ ആണ് സംഭവം പുറത്തുവന്നത്.
അന്തരിച്ച പി ടി തോമസ് എംഎല്‍എയ്ക്ക് രാഷ്ട്രീയ കേരളത്തിന്റെ അന്ത്യാഞ്ജലി. രവിപുരം ശ്മശാനത്തില്‍ മതപരമായ ചടങ്ങുകളില്ലാതെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.
ആയിരക്കണക്കിന് ജനങ്ങള്‍ അദ്ദേഹത്തിന് യാത്രാമൊഴിയേകാന്‍ തൃക്കാക്കരയില്‍ എത്തിയിരുന്നു. അദ്ദേഹം ആവശ്യപ്പെട്ടിരുന്നതുപോലെ മത ചടങ്ങുകള്‍ ഒഴിവാക്കി, ‘ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം..’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അന്ത്യയാത്ര. മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുമ്പോള്‍ റീത്ത് വയ്ച്ചില്ല. സംസ്‌കാരത്തിന് ശേഷം ചിതാഭസ്മം ഉപ്പുതോട്ടില്‍ അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കണമെന്ന അന്ത്യാഭിലാഷവും സാധിച്ച് നല്‍കും.
വന്‍ജനപ്രവാഹമാണ് പി ടി തോമസിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തിയത്. അഞ്ചുമണിയോടെ തൃക്കാക്കര കമ്യൂണിറ്റി ഹാളില്‍ നടന്ന പൊതുദര്‍ശനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്തിമോപചാരം അര്‍പ്പിച്ചു. ഡിസിസി ഓഫീസില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, കെ. സുധാകരന്‍, രമേശ് ചെന്നിത്തല, വി.ഡി സതീശന്‍, ബെന്നി ബഹന്നാന്‍, ഹൈബി ഈഡന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് പതാക പുതപ്പിച്ചു. ടൗണ്‍ ഹാളിലെ പൊതുദര്‍ശനത്തിനിടെ എത്തിയ രാഹുല്‍ ഗാന്ധി പിടി തോമസിന്റെ ഭാര്യ ഉമയെ ആശ്വസിപ്പിച്ച ശേഷം മക്കളായ വിഷ്ണുവിനേയും വിവേകിനെയും ചേര്‍ത്തുപിടിച്ചു.
അര്‍ബുദത്തിന് ചികിത്സയിലായിരുന്ന പി ടി തോമസ് ബുധനാഴ്ച രാവിലെ 10.15നാണ് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ അന്തരിച്ചത്. പുലര്‍ച്ചെ 2.45 ഓടെ ഇടുക്കിയിലെത്തിച്ച മൃതദേഹം ഉപ്പുതോട്ടത്തിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചു. തൊടുപുഴയിലും മൂവാറ്റുപുഴയിലും നൂറുകണക്കിനാളുകളാണ് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്.
കെപിസിസിയുടെ വര്‍ക്കിങ് പ്രസിഡന്റും, തൃക്കാക്കരയില്‍ നിന്നുള്ള നിയമസഭാംഗവുമാണ് പിടി തോമസ്. 2009-2014 ലോക്സഭയില്‍ ഇടുക്കിയില്‍ നിന്നുള്ള എംപിയായിരുന്നു പിടി തോമസ്. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെ.എസ്.യു വഴി പൊതുരംഗത്ത് എത്തിയ പിടി തോമസ് കെ.എസ്.യുവിന്റെ യൂണിറ്റ് വൈസ് പ്രസിഡന്റ്, കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി, ഇടുക്കി ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
കാണാതായ പത്താംക്ലാസ് വിദ്യാര്‍ഥിനിയെ പെരിയാറില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അടുവാതുരുത്ത് ആലുങ്കല്‍പറമ്പില്‍ രാജേഷിന്റെ മകള്‍ നന്ദന(15)യുടെ മൃതദേഹമാണ് യു.സി. കോളേജിനടുത്ത തടിക്കടവ് പാലത്തിന് സമീപത്തുനിന്ന് കണ്ടെത്തിയത്.
ബുധനാഴ്ച സ്‌കൂളിലേക്ക് പോയ നന്ദനയെ പിന്നീട് കാണാതാവുകയായിരുന്നു. നാട്ടുകാരും പോലീസും നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ ചില സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. കുട്ടി പെരിയാറിന്റെ തീരത്തേക്ക് നടന്നുപോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്.
ഉച്ചയ്ക്ക് 2.45-ഓടെ കുട്ടിയെ പെരിയാറിന്റെ തീരത്ത് കണ്ടതായി ചില നാട്ടുകാരും മൊഴി നല്‍കി. പിന്നാലെ പുഴയുടെ തീരത്ത് സ്‌കൂള്‍ ബാഗും കണ്ടെത്തി. ഇതോടെയാണ് വിദ്യാര്‍ഥിനി പെരിയാറില്‍ വീണിട്ടുണ്ടാകുമെന്ന നിഗമനത്തില്‍ അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും തിരച്ചില്‍ ആരംഭിച്ചത്. തുടര്‍ന്ന് വ്യാഴാഴ്ച മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കോട്ടപ്പുറം കെ.ഇ.എം.എച്ച് സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് നന്ദന.