ബസ് യാത്രയ്ക്കിടെ യാത്രക്കാരിയുടെ പേഴ്സ് അതിവിദഗ്ദമായി മോഷ്ടിച്ച യുവതി കൈയ്യോടെ കുടുക്കി സിസിടിവി. തൃശ്ശൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പുത്തൂരില്‍ നിന്ന് തൃശ്ശൂരിലേക്കുള്ള യാത്രയ്ക്കിടെ സ്വകാര്യബസില്‍ വെച്ചാണ് മോഷണം നടന്നത്.
പുത്തൂര്‍ സ്വദേശി സുനിതയുടെ പേഴ്‌സാണ് സ്വകാര്യബസില്‍ വച്ച് അടുത്തുനിന്ന സ്ത്രീ മോഷ്ടിച്ചത്. സുനിതയുടെ പിന്നില്‍ നില്‍ക്കുന്ന യുവതി സുനിതയുടെ ഹാന്‍ഡ് ബാഗിന് മുകളിലൂടെ ഷാളിട്ട് അതിനുള്ളിലൂടെയായിരുന്നു പേഴ്‌സ് കൈക്കലാക്കുന്നത്.
പേഴ്സ് നഷ്ടപ്പെട്ട വിവരം സുനിത അറിഞ്ഞിരുന്നില്ല. ശേഷം സുനിതയോടൊപ്പം അവരും ബസ്സില്‍ നിന്നിറങ്ങുന്നുമുണ്ട്. മോഷണം ആരും കണ്ടില്ലെങ്കിലും എല്ലാം കൃത്യമായി സിസിടിവി ഒപ്പിയെടുത്തിട്ടുണ്ട്.
പ്രതിയായ യുവതിയെ കണ്ടെത്താനായി ബസില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും തൃശ്ശൂര്‍ സിറ്റി പോലീസ് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പോലീസുമായി ബന്ധപ്പെടണമെന്നും നിര്‍ദേശമുണ്ട്.
പിന്നീട് മോഷണം നടന്നതായി മനസിലായപ്പോള്‍ സുനിത പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തൃശ്ശൂര്‍ ഈസ്റ്റ് പോലീസാണ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തുന്നത്.
ഓരോ യാത്രക്കാരും അവരവരുടെ മൊബൈല്‍ഫോണ്‍, വിലപ്പിടിപ്പുള്ള വസ്തുക്കള്‍ എന്നിവ സംബന്ധിച്ച് പരമാവധി ജാഗ്രത പുലര്‍ത്തണമെന്ന് തൃശ്ശൂര്‍ സിറ്റി പോലീസ് ഫേബുക്കിലൂടെ അഭ്യര്‍ഥിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്കായി സ്വകാര്യബസില്‍ സിസിടിവി ക്യാമറ സ്ഥാപിച്ച ബസ് ഉടമയെ സിറ്റി പോലീസ് അഭിനന്ദിക്കുകയും ചെയ്തു.
അതിനിടെ, സിറ്റി പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പേഴ്സ് നഷ്ടപ്പെട്ട യാത്രക്കാരിയും കമന്റ് ചെയ്തിട്ടുണ്ട്. തന്റെ പേഴ്സാണ് നഷ്ടപ്പെട്ടതെന്നും സെന്റ് തോമസ് കോളേജ് സ്റ്റോപ്പ് മുതല്‍ ജില്ലാ ആശുപത്രി വരെയുള്ള കാല്‍ കിലോമീറ്റര്‍ ദൂരത്തിനിടെയാണ് സംഭവം നടന്നതെന്നും ഒരുമിനിട്ട് സമയം കൊണ്ടാണ് മോഷണം നടത്തിയതെന്നും ഇവര്‍ കമന്റില്‍ പറഞ്ഞു. മോഷ്ടാവ് തന്റെ ദേഹത്ത് സ്പര്‍ശിച്ചിട്ടേ ഇല്ല, അതിനാല്‍ മോഷണം നടന്നത് അറിഞ്ഞതുമില്ല. രാവിലെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ ഞെട്ടിപ്പോയെന്നും ബസ് ജീവനക്കാരുടെയും പോലീസിന്റെയും സഹകരണത്തിന് നന്ദിയുണ്ടെന്നും ഇവര്‍ ഫെയ്സ്ബുക്ക് കമന്റിലൂടെ പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസിന്റെ വാദപ്രതിവാദങ്ങൾ കോടതിയിൽ നടക്കെ അന്വേഷണത്തെ പരിഹസിച്ച് സജി നന്ത്യാട്ട്. ‘നടൻ ജയൻ മരിച്ചതിൽ ദിലീപിന്റെ പങ്ക് അന്വേഷിക്കണം,അതുപോലെ നടി സിൽക്ക് സ്മിതയുടെ മരണത്തിലും മോനിഷ കാറപകടത്തിൽ മരണപ്പെട്ടതിലും ദിലീപിന്റെ പങ്ക് അന്വേഷിക്കണം’- നിർമ്മാതാവ് സജി നന്ത്യാട്ട് പ്രതികരിച്ചു.
ചാനൽ ചർച്ചകൾക്കിടയിലായിരുന്നു സജി നന്ത്യാട്ടിന്റെ ഈ പരിഹാസം.’നടൻ ജയൻ മരിച്ചതിൽ ദിലീപിന്റെ പങ്ക് അന്വേഷിക്കണം, അതുപോലെ നടി സിൽക്ക് സ്മിതയുടെ മരണത്തിലും മോനിഷ കാറപകടത്തിൽ മരണപ്പെട്ടതിലും ദിലീപിന്റെ പങ്ക് അന്വേഷിക്കണം. ബിൻ ലാദൻ മരിക്കുന്നതിന്റെ തലേദിവസം അയാൾ ദിലീപിന്റെ വീട്ടിൽ ഉണ്ടായിരുന്നു. ട്രേഡ് സെന്റർ ആക്രമിക്കുമ്പോൾ ദിലീപ് തൊട്ടടുത്ത ഹോട്ടലിൽ ഉണ്ടായിരുന്നു. എന്തൊക്കെയാണ് ഈ പറയുന്നത്’- അദ്ദേഹം ചോദിക്കുന്നു.
‘ദിലീപിന്റെ ഒരു ഫോൺ കാണുന്നില്ല എന്നതാണല്ലോ ഇപ്പോഴത്തെ പ്രശ്‌നം. ബാലചന്ദ്ര കുമാറിന്റെ ടാബ് എവിടെയാണ്. അതേക്കുറിച്ച് ആർക്കും ഒന്നും പറയാനില്ലേ?. ബാലചന്ദ്ര കുമാർ ശബ്ദം ട്രാൻസ്ഫർ ചെയ്ത ലാപ്‌ടോപ് എവിടെയാണ്. ഏതായാലും ഇത് പോലീസിന്റെ തിരക്കഥ അല്ല, സിനിമ ബന്ധം ഉള്ളവർക്ക് കഴിയുന്ന ഒരു തിരക്കഥ ആണിത്. മാഫിയ, പാരലൽ എക്‌സ്‌ചേഞ്ച് എന്തൊക്കെയാണ്’,- സജി ചർച്ചയ്ക്കിടെ പരിഹസിക്കുന്നു.
സ്വന്തം മക്കളെ കൊലപ്പെടുത്തിയ ശേഷം മാതാവ് ജീവനൊടുക്കി. രണ്ടു പെൺകുട്ടികളെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം യുവതി തൂങ്ങിമരിക്കുകയായിരുന്നു.
കുഴിത്തുറയ്ക്കു സമീപം കഴുവൻതിട്ട കോളനിയിലെ ജപഷൈന്റെ ഭാര്യ വിജി(27)യാണ് രണ്ടുവയസ്സുള്ള മകൾ പ്രേയയെയും ആറുമാസം പ്രായമുള്ള പെൺകുട്ടിയെയും വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.
വർക്കലയിലെ ഒരു സ്ഥാപനത്തിൽ ജോലിനോക്കുകയാണ് ജപഷൈൻ. ചൊവ്വാഴ്ച വൈകുന്നേരം ജപഷൈനിന്റെ അമ്മ പുറത്തുപോയ ശേഷം വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വിജിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടത്.
തുടർന്ന് കുട്ടികളെ തിരക്കിയപ്പോഴാണ് വീടിനു പിൻവശത്ത് ബക്കറ്റിലെ വെള്ളത്തിൽ മരിച്ചനിലയിൽ കണ്ടത്. മാർത്താണ്ഡം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഡിവൈഎസ്പി ഗണേശൻ തെളിവെടുപ്പ് നടത്തി.മൃതദേഹങ്ങൾ പോസ്റ്റുേമാർട്ടത്തിനായി കുഴിത്തുറ സർക്കാർ ആശുപത്രിയിൽ എത്തിച്ചു.
വെള്ളിത്തിരയിലും പുറത്തും ശക്തമായ തീരുമാനങ്ങളും നിലപാടുകളും കൊണ്ട് വ്യത്യസ്തയാണ് നടി രേവതി. താരത്തിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം ഭൂതകാലത്തിലും മികച്ച വേഷമായിരുന്നു രേവതിയുടേത്. ഇതിനിടെ തന്റെ വ്യക്തിപരമായ നഷ്ടങ്ങളെ കുറിച്ച് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് രേവതി. ഈ സമയത്ത് രേവതിയുടെ ഒരു പഴയകാല അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഇഷ്ടമുള്ള ആളെ പ്രണയിച്ച് വിവാഹം ചെയ്തിട്ട് പോലും വിവാഹബന്ധം തകരുകയായിരുന്നെന്ന് രേവതി പറയുന്നു.
സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി രേവതി തന്റെ വിവാഹവും വിവാഹമോചനവും എങ്ങനെയാണ് സംഭവിച്ചതെന്ന് വെളിപ്പെടുത്തിയത്. താരത്തിന്റെ വാക്കുകൾ: ‘ഇരുപതാമത്തെ വയസ്സിലായിരുന്നു വിവാഹം, എനിക്ക് ഒരുപാടിഷ്ടപ്പെട്ട ഒരാളെയാണ് കല്യാണം കഴിച്ചത്. സ്‌നേഹിച്ച ആളെ തന്നെയാണ് കെട്ടിയത്. അമ്മയുടെയും അച്ഛന്റെയും പൂർണ്ണസമ്മതത്തോടെയായിരുന്നു വിവാഹം. എന്റെ അമ്മയെയും അച്ഛനെയും വേദനിപ്പിച്ചിട്ട് ഞാൻ ജീവിക്കില്ല. അത് തീർച്ചയാണ്. അവർ ഈ ബന്ധം വേണ്ടെന്ന് പറഞ്ഞാലും ഞാൻ കാത്തിരിക്കുമായിരുന്നു. അങ്ങനെ സുരേഷും ഞാനും കല്യാണം കഴിച്ചു, ഞങ്ങൾക്ക് സുന്ദരമായ ഒരു ജീവിതമായിരുന്നു.’
‘പക്ഷേ എപ്പോഴോ ഭാര്യാ ഭർത്താക്കന്മാരായി ജീവിക്കാൻ പറ്റില്ലാ എന്ന് രണ്ട് പേർക്കും തോന്നിയപ്പോൾ ആദ്യം പറഞ്ഞത് സുരേഷിന്റെ അമ്മയുടെ അടുത്താണ്. ഞങ്ങൾ അഞ്ചാറ് വർഷം കൂടി അതിനായി ശ്രമിച്ചിരുന്നു, പക്ഷേ വർക്കൗട്ടാകുന്നില്ലെന്ന് മനസിലാക്കിയ ശേഷമാണ് പിരിഞ്ഞത്.’
‘നല്ല സുഹൃത്തുക്കളിൽ നിന്ന് ശത്രുതയിലേക്ക് മാറുന്നതിന് മുൻപ് പിരിയുന്നതാണ് നല്ലത്. വിവാഹവും സൌഹൃദവും വേറെയാണ്. അങ്ങനെ ഒന്നിച്ച് ഇനിയും ജീവിക്കണമെന്ന് തോന്നിയില്ല, സ്വയം സത്യസന്ധത പുലർത്തുന്നതല്ലേ നല്ലത് എന്നും താരം ആ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.’
തിരുവനന്തപുരം∙ ലത്തീൻ അതിരൂപതയുടെ പുതിയ ആർച്ച് ബിഷപ്പിനെ പ്രഖ്യാപിച്ചു. ഡോ.തോമസ് ജെ. നെറ്റോയാണ് പുതിയ സഭാധ്യക്ഷൻ. പാളയം പള്ളിയിൽ നടന്ന മെത്രാഭിഷേക ദിവ്യബലിക്കിടെ ആർച്ച് ബിഷപ്പ് ഡോ.സൂസപാക്യമാണ് പുതിയ ആർച്ച് ബിഷപ്പിനെ പ്രഖ്യാപിച്ചത്. ശാരീരിക അവശതകളെ തുടർന്ന് നേരത്തെ സൂസപാക്യം സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ചിരുന്നു.
ആഗ്രഹിച്ചതിന്റെ അംശംപോലും നിറവേറ്റാൻ തനിക്കു കഴിഞ്ഞിട്ടില്ലെന്നു ഡോ.സൂസപാക്യം പറഞ്ഞു. ‘‘പ്രതീക്ഷകൾക്കൊത്ത് ഉയരാൻ സാധിച്ചില്ലെന്ന് എളിമയോടെ അംഗീകരിക്കുന്നു. എന്റെയോ നിങ്ങളുടെയോ വിലയിരുത്തൽ അല്ല പ്രധാനം. എന്റെ കഴിവുകൾ ദൈവത്തിനറിയാം. ആ വിലയിരുത്തലിന് ഞാൻ എന്നെ വിട്ടുകൊടുക്കുന്നു’’–ഡോ.സൂസപാക്യം പറഞ്ഞു.
ഒരാൾ വിരമിക്കുമ്പോൾ ഇല്ലാത്തത് ഉണ്ടാക്കി പറയുന്ന പതിവുണ്ടെന്നും അതിന് ആഗ്രഹമില്ലെന്നും സൂസപാക്യം പറഞ്ഞു. ‘‘പരിമിതമായ കഴിവുള്ള സാധാരണക്കാരനാണ് താൻ. അസാധാരണമായി ഒന്നും ചെയ്തിട്ടില്ല. എല്ലാവരുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് നേട്ടങ്ങൾ. ചെയ്യാത്ത കാര്യങ്ങളുടെ ഭാണ്ഡക്കെട്ടും പേറി ശിഷ്ടകാലം കഴിയാൻ ഇടവരുത്തരുതേ എന്നാണ് അപേക്ഷ. 32 കൊല്ലം സഹകരിച്ച, വിമർശിച്ച എല്ലാവരെയും സ്നേഹത്തോടെ ഓർക്കുന്നു.’’
സഹായ മെത്രാൻ ക്രിസ്തുദാസിനോട് നന്ദി അറിയിക്കുന്നതായി ഡോ.സൂസപാക്യം പറഞ്ഞു. ‘‘ശാരീരിക മാനസിക അവശതകളും അധിക ചുമതല ഏറ്റെടുക്കേണ്ടതിന്റെ സംഘർഷവും ഞാൻ മേലധികാരികളെ അറിയിച്ചിരുന്നു. ഉത്തരവാദിത്തങ്ങളിൽനിന്ന് മാറാൻ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ, സഹായ മെത്രാനെ സഭ എനിക്കായി നിയോഗിച്ചു. സ്ത്യുത്യർഹമായ രീതിയിൽ അദ്ദേഹം ചുമതല നിർവഹിച്ചു.’’–ഡോ.സൂസപാക്യം പറഞ്ഞു.
നിലവിൽ രൂപതാ കോഓർഡിനേറ്ററാണ് ഡോ.തോമസ് ജെ. നെറ്റോ. കടലോരഗ്രാമമായ പുതിയതുറ ഇടവകയിൽ ജേസയ്യ നെറ്റോയുടേയും ഇസബെല്ല നെറ്റോയുടേയും മകനായി 1964 ഡിസംബർ 29 ലാണ് തോമസ് നെറ്റോയുടെ ജനനം. സെന്റ് നിക്കോളാസ് എൽപി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ലൂർദ്പുരം സെന്റ് ഹെലൻസ് സ്കൂളിലും കാഞ്ഞിരംകുളം പി.കെ.എസ്.എച്ച്.എസ്. സ്കൂളിലുമായി വിദ്യാഭ്യാസം നടത്തി. സെന്റ് സേവ്യേഴ്സ് കോളജിലാണ് പ്രീഡിഗ്രിക്കു പഠിച്ചത്. തുടർന്ന് വൈദികനാകാൻ സെന്റ് വിൻസന്റ് സെമിനാരി, ആലുവ പൊന്തിഫിക്കൽ സെമിനാരി എന്നിവിടങ്ങളിൽ നിന്നും പഠനം പൂർത്തിയാക്കി. 1989 ഡിസംബർ 19ന് പാളയം കത്തീഡ്രൽ ദേവാലയത്തിൽ പൗരോഹിത്യം സ്വീകരിച്ചു.
തുടർന്നുള്ള അഞ്ചു വർഷക്കാലം പെരിങ്ങമ്മല, പാളയം ഇടവകകളിൽ സഹ വികാരിയായും പാളയം കാത്തലിക് ഹോസ്റ്റലിലെ അസി. വാർഡനായും സഭൈക്യ-സംവാദ കമ്മീഷൻ എക്സിക്യൂട്ടിവ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. അക്കാലത്ത് തന്നെ സാമൂഹിക ശാസ്ത്രത്തിൽ ലയോള കോളജിൽ നിന്നും ബിരുദാനന്തരബിരുദവും നേടി.
തുടർന്ന് ഉപരി പഠനത്തിനായി 1995 ൽ റോമിലേക്ക് പോവുകയും, റോമിലെ ഉർബനിയാന യൂണിവേഴ്സിറ്റിയിൽ സഭാവിജ്ഞനീയത്തിൽ ഗവേഷണ പഠനം പൂർത്തിയാക്കി തിരിച്ചെത്തുകയും ചെയ്തു. തുടർന്ന് പേട്ട ഇടവക വികാരിയായി. 2000- 2004 കാലഘട്ടത്തിൽ ബിസിസി യുടെ ജനറൽ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ച അദ്ദേഹം 2003 മുതൽ 2010 വരെ മേനംകുളം സെന്റ് വിൻസെന്റ് സെമിനാരി റെക്ടരുമായിരുന്നു. 2008-2010 വർഷങ്ങളിൽ ബോർഡ് ഓഫ് ക്ലർജി ആൻഡ് റിലീജിയൻ ഡയറക്ടറയും സേവനം അനുഷ്ഠിച്ചു.
2009- ൽ വലിയതുറ സെന്റ് ആന്റണിസ് ഫെറോന പള്ളിയുടെ താത്കാലിക മേൽനോട്ടം വഹിക്കുന്ന വൈദികനായി. 2010- 2014 കാലഘട്ടങ്ങളിൽ തോപ്പ് സെന്റ് ആൻസ് ഇടവക വികാരിയുമായിരുന്നു. 2014-ൽ അതിരൂപത ശുശ്രുഷകളുടെ എപ്പിസ്കോപൽ വികാരിയായി. തുടർന്ന് മുരുക്കുംപുഴ സെന്റ്. അഗസ്റ്റിൻ ദേവാലയത്തിലെ ഇടവക വികാരിയായും, കഴക്കൂട്ടം ഫൊറോന വികാരിയുമായിരുന്നു.നിലവിൽ അതിരൂപത ശുശ്രുഷകളുടെ കോർഡിനേറ്ററായി സേവനമനുഷ്ഠിച്ചു വരുകയാണ്.
കുത്തുങ്കല്‍: ഇടുക്കി കുത്തുങ്കലില്‍ പുഴയില്‍ അന്യസംസ്ഥാന തൊഴിലാളികളായ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.ഒരു സ്ത്രീയുടേയും രണ്ട് പുരുഷന്‍മാരുടേയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മധ്യപ്രദേശ് സ്വദേശികളായ റോഷ്നി (20) അജയ് (20) ദുലീപ് (22) എന്നിവരാണ് മരിച്ചത്.
കുത്തുങ്കല്‍ പവര്‍ ഹൗസിന് സമീപത്ത് നിന്നുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് അന്യ സംസ്ഥാന തൊഴിലാളികളായ റോഷ്നി, അജയ്, ദുലീപ് എന്നിവരെ തൊഴില്‍ സ്ഥലത്ത് നിന്നും കാണാതാവുകയായിരുന്നു. തൊഴിലാളികളെ കാണാതായത് സംബന്ധിച്ച്, ഉടുമ്പന്‍ചോല പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലിസിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെയാണ് പവര്‍ ഹൗസിന് സമീപത്തെ വെള്ളചാട്ടത്തില്‍ നിന്നും രണ്ട് മൃതദേഹങ്ങളും, സമീപത്ത് പാറയിടുക്കില്‍ അകപെട്ട നിലയില്‍ ഒരാളുടെ മൃതദേഹവും കണ്ടെത്തിയത്.
നെടുങ്കണ്ടം ഫയര്‍ ഫോഴ്സും ഉടുമ്പന്‍ചോല പോലിസും മണിക്കൂറുകള്‍ പണിപെട്ടാണ് മൃതദേഹങ്ങള്‍ പുറത്തെത്തിച്ചത്. രണ്ടാഴ്ചയായി കുത്തുങ്കല്‍ സ്വദേശിയുടെ വീട്ടില്‍ വാടകയ്ക്ക് താമസിച്ച്, സമീപത്തെ കൃഷിയിടങ്ങളില്‍ ജോലി ചെയ്തു വരികയായിരുന്നു ഇവര്‍. ആറ് പേരാണ് ഇവിടെ കഴിഞ്ഞിരുന്നത്. ഞായറാഴ്ച ലോക്ഡൗണ്‍ ആയതിനാല്‍ ഇവര്‍ ജോലിയ്ക്ക് പോയിരുന്നില്ല. വൈകിട്ടോടെ, കുളിയ്ക്കാനായി റോഷ്നിയും അജയും ദുലിപൂം പുഴയിലേയ്ക്ക് പോയതായാണ് കൂടെയുള്ളവര്‍ പറയുന്നത്. കുളിയ്ക്കാനിറങ്ങുന്നതിനിടെ ഒഴുക്കില്‍പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം.
ന്യൂയോര്‍ക്ക്: ഒമിക്രോണ്‍ വകഭേദത്തിന്റെ തന്നെ പുതിയ രൂപം ആദ്യത്തേതിനേക്കാള്‍ വ്യാപനശേഷിയുള്ളതും അപകടകരവുമാണെന്ന് ലോകാരോഗ്യ സംഘടന. പത്ത് ആഴ്ചകള്‍ക്കു മുന്‍പ് തെക്കന്‍ ആഫ്രിക്കയിലാണ് ഒമിക്രോണിന്റെ ഈ വകഭേദം കണ്ടെത്തിയത്. നിലവിൽ 57 രാജ്യങ്ങളിൽ വൈറസിന്റെ ഈ പുതിയ രൂപം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഡബ്ല്യുഎച്ച്ഒ പറയുന്നു. ഒമിക്രോണിന്റെ ആദ്യ വകഭേദങ്ങൾക്കൊപ്പമാണ് BA.2 എന്ന അപകടകരമായ ഈ വൈറസ് വ്യാപിക്കുന്നത്.
ഒമിക്രോണിന്റെ ആദ്യരൂപം നല്‍കുന്ന പ്രതിരോധശേഷിയെ മറികടക്കുന്നതാണിതെന്ന് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകരുടെ പഠനത്തിലും പറയുന്നു. ഒമിക്രോണ്‍ വകഭേദം നല്‍കുന്ന പ്രതിരോധശേഷി വഴി കോവിഡ് വ്യാപനത്തിന് അന്ത്യമാകുമെന്ന വിലയിരുത്തലിനെ സംശയനിഴലില്‍ ആക്കുന്നതാണു പുതിയ പഠനം.
ഒമിക്രോണ്‍ വകഭേദം വഴി ലഭിക്കുന്ന പ്രതിരോധശേഷി കൂടുതല്‍ രോഗവ്യാപന സാധ്യതയുള്ള അടുത്ത വകഭേദത്തെ തടയാന്‍ പര്യാപ്‌തമല്ലെന്നും ഈ സാഹചര്യത്തില്‍ കോവിഡ് വാക്‌സിന്‍ ബൂസ്‌റ്റര്‍ ഡോസിനു പ്രാധാന്യം ഏറെയാണെന്നും ഗവേഷകര്‍ പറയുന്നു. ഒമിക്രോണ്‍ വകഭേദത്തിന്റെ രണ്ടാം തലമുറ കൂടുതല്‍ വ്യാപനശേഷിയുള്ളതാണെന്ന് യു.കെയില്‍ നടത്തിയ പഠനത്തിലും കണ്ടെത്തി.
ടാറ്റൂ ചെയ്യുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. കപ്പിൾസ് ടാറ്റൂ മുതൽ വിവിധതരം ഡിസൈനുകളും ഇന്ന് നിലവിലുണ്ട് പരമ്പരാഗത ടാറ്റൂ ആർട്ടായ യന്ത്രയിലൂടെ പ്രശസ്തനായ ഓഗ് ഡാം സോറോട്ട് എന്ന യുവാവിന്റെ ഒരു അഭിമുഖം സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുകയാണ്. അഭിമുഖത്തിൽ യുവാവ് തന്റെ എട്ട് ഭാര്യമാരെക്കുറിച്ച് പറയുന്നുണ്ട്. ഈ ഭാഗമാണ് ചർച്ചയാകുന്നത്.
തന്റെ എട്ട് ഭാര്യമാരും സന്തോഷത്തോടെ ജീവിക്കുകയാണെന്ന് യുവാവ് പറയുന്നു. നാല് കിടപ്പുമുറികളുള്ള വീട്ടിലാണ് എല്ലാവരും താമസിക്കുന്നത്. ഒരു മുറിയിൽ രണ്ട് പേർ വീതമാണ് ഉറങ്ങുന്നത്. ഊഴമനുസരിച്ചാണ് ഭാര്യമാർ താനുമായി കിടക്ക പങ്കിടുന്നതെന്നും യുവാവ് പറയുന്നു.
ഇത്രയും നന്നായി ഭാര്യമാരെ സ്നേഹിക്കുന്ന ഭർത്താവ് ലോകത്ത് വേറെ ഉണ്ടാകില്ലെന്നാണ് യുവതികൾ പറയുന്നത്. ഭാര്യമാരിൽ രണ്ട് പേർ ഗർഭിണികളാണ്. ആദ്യഭാര്യയിൽ ഒരു മകനുമുണ്ട്. നോങ് സ്പ്രൈറ്റ് എന്ന സ്ത്രീയാണ് ഇയാളുടെ ആദ്യ ഭാര്യ. ഒരു സുഹൃത്തിന്റെ വിവാഹ ചടങ്ങിൽവച്ചായിരുന്നു ഇവരെ കണ്ടെത്തിയത്.മാർക്കറ്റിൽവച്ചാണ് രണ്ടാം ഭാര്യയായ നോങ് എല്ലിനെ കണ്ടുമുട്ടിയത്. ആദ്യ ഭാര്യയുടെ സമ്മതത്തോടെയായിരുന്നു വിവാഹം.
അടുത്തയാളെ അമ്പലത്തിൽവച്ചും കണ്ടെത്തി. ഭാര്യമാരുടെ സമ്മതത്തോടെയാണ് ഓരോ വിവാഹവും.ഒരാളെ ആശുപത്രിയിൽവച്ചും കണ്ടുമുട്ടി. ഭാര്യമാർക്കൊപ്പം അവധി ആഘോഷിക്കാൻ പോയപ്പോഴാണ് അഞ്ചാം ഭാര്യയെ കണ്ടെത്തിയത്. ബാക്കിയുള്ളവരെ സോഷ്യൽ മീഡിയ വഴിയുമാണ് കിട്ടിയത്. തന്നേക്കാൾ മികച്ച ഒരാളെ കണ്ടെത്തിയാൽ എപ്പോൾ വേണമെങ്കിലും വേർപിരിയാമെന്ന സമ്മതവും ഭാര്യമാരെ അറിയിച്ചിട്ടുണ്ട്.
വിചിത്ര സമുദ്ര ജീവിയെ കണ്ട അനുഭവം പങ്കിടുകയാണ് തെക്കൻ ബ്രസീലിൽ നിന്നുള്ള ഒരു മത്സ്യത്തൊഴിലാളി. രാത്രി സമയത്ത് പുറംകടലിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ അസാമാന്യ വലുപ്പമുള്ള അജ്ഞാതജീവി ഇദ്ദേഹത്തിന്റെ ബോട്ടിന് പിന്നാലെ പാഞ്ഞെത്തുകയായിരുന്നു.
കടലിലൂടെ ബോട്ടിൽ സഞ്ചരിക്കുന്നതിനിടെ യാദൃശ്ചികമായാണ് ബോട്ടിന് പിന്നാലെ തിരിച്ചറിയാനാവാത്ത ഏതോ ജീവി വരുന്നുണ്ടെന്ന് മീൻപിടുത്തക്കാരനു തോന്നിയത്. വലിയ മത്സ്യം ഏതെങ്കിലുമായിരിക്കുമെന്നുകരുതി നോക്കിയപ്പോൾ കണ്ടതാകട്ടെ ഇന്നോളം കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു വിചിത്ര ജീവിയെയും. തിളങ്ങുന്ന കണ്ണുകളും ഇരുണ്ട നിറത്തിലുള്ള വലിയ ഉടലുമാണ് ഈ ജീവിക്കുണ്ടായിരുന്നത്. ഒറ്റനോട്ടത്തിൽ തന്നെ കണ്ടാൽ ഭയപ്പെടുന്ന രൂപം.
ആദ്യം ബോട്ടിൽ നിന്നും അല്പം അകലെയായിരുന്നു ജീവിയെങ്കിൽ നിമിഷങ്ങൾക്കുള്ളിൽ അത് വെള്ളത്തിനു മുകളിലൂടെ കുതിച്ചു ബോട്ടിനുപിന്നിലെത്തി. ബോട്ടിനു നേരെ ആക്രമിക്കാൻ പാഞ്ഞടുക്കുന്ന ജീവിയെ കണ്ട മീൻപിടുത്തക്കാരൻ ശരിക്കും പരിഭ്രമിച്ചു .എന്നാൽ അസാധാരണമായ ഏതോ ജീവിയാണെന്ന് തിരിച്ചറിഞ്ഞതോടെ അതിന്റെ ദൃശ്യങ്ങളും പകർത്തി. ബോട്ടിന് തൊട്ടുപിന്നാലെ മത്സരിച്ചു കുതിച്ചെത്തുന്ന ജീവിയെ ദൃശ്യങ്ങളിൽ വ്യക്തമായി കാണാം.
ഇടയ്ക്കുവച്ച് ബോട്ടിന് തൊട്ടരികിൽവരെ അജ്ഞാതജീവിയെത്തുന്നുണ്ട്. ദൃശ്യങ്ങൾ കാണുന്നവർക്കുവരെ ഏറെ ഭയം തോന്നിക്കുന്ന ഈ സംഭവം സമൂഹമാധ്യമങ്ങളിലെത്തിയതോടെ ജനശ്രദ്ധ നേടുകയായിരുന്നു. വെള്ളത്തിനു മുകളിലൂടെ കുതിക്കുന്ന ജീവി ഒരു ഡോൾഫിൻ ആയിരിക്കുമെന്നായിരുന്നു പലരുടെയും ആദ്യപ്രതികരണം. എന്നാൽ അജ്ഞാത ജീവിക്ക് അവിശ്വസനീയമായ വേഗമുണ്ടായിരുന്നതിനാൽ ഒടുവിൽ അത് ഡോൾഫിനല്ലെന്ന് ഉറപ്പിക്കുകയായിരുന്നു.
അതേസമയം മത്സ്യത്തൊഴിലാളി കണ്ടത് നീർനായയെ ആയിരിക്കാമെന്ന നിഗമനത്തിലാണ് ഭൂരിഭാഗവും എത്തിച്ചേർന്നത്. നാല് മീറ്റർവരെ വലുപ്പം വയ്ക്കുന്ന ലെപഡ് സീൽ ഇനത്തിൽപെട്ട ഒന്നാവാം ഇതെന്നാണ് പ്രതികരണങ്ങൾ. രാത്രി സമയമായതിനാലാവാം അതിന്റെ കണ്ണുകൾ തിളങ്ങിയതെന്നും അഭിപ്രായമുണ്ട്. എന്തായാലും ഇതിനോടകം അരലക്ഷത്തിനലധികം ആളുകൾ ഈ വിഡിയോ കണ്ടുകഴിഞ്ഞു.
Criatura misteriosa perseguiu um barco ontem no Rio Grande do Sul.
Segue o fio para descobrir que monstro é esse nessa #BioThreadBr pic.twitter.com/chOfZ5d0VK— Pedrohenriquetunes (@PedroHTunes) January 27, 2022
ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ കഴുത്തില്‍ ഷാള്‍ മുറുകി പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. അന്നൂര്‍ വടക്കല്ലൂര്‍ സുബ്രഹ്‌മണിയുടെ മകള്‍ ദര്‍ശനയാണ് ദാരുണമായി മരിച്ചത്. പത്ത് വയസായിരുന്നു. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
അമ്മയ്ക്കും അയല്‍ക്കാരനും ഒപ്പം ബൈക്കില്‍ ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് അപകടം ഉണ്ടായത്. അസുഖം ബാധിച്ച ദര്‍ശനയെ അയല്‍വാസിയായ വി വിഘ്‌നേശിന്റെ ബൈക്കില്‍ അമ്മ അന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടു പോവുകയായിരുന്നു.
ആശുപത്രിയില്‍ പോയി തിരികെ വരുമ്പോഴാണ് അപകടം സംഭവിച്ചത്. വിഘ്‌നേശിനും അമ്മയ്ക്കും ഇടയിലിരുന്നു സഞ്ചരിച്ച ദര്‍ശനയുടെ ഷാള്‍ ബൈക്കിന്റെ പിന്‍ ചക്രത്തില്‍ കുടുങ്ങി. അസുഖം ഉള്ളതിനാല്‍ കാറ്റു തട്ടാതിരിക്കാന്‍ ഷാള്‍ കഴുത്തില്‍ മുറുക്കി ചുറ്റിയിരുന്നു. റോഡിലേക്ക് തെറിച്ചു വീണ ദര്‍ശന തല കഴുത്തില്‍ നിന്നും വേര്‍പെട്ട് മരണം സംഭവിക്കുകയായിരുന്നു.