സുഹൃത്തായ ഓട്ടോഡ്രൈവറെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. വെള്ളിയാഴ്ച രാത്രിയാണ് കോട്ടയം പൈക സ്വദേശിയായ അഖിലിനെ കൊലപ്പെടുത്താൻ സുഹൃത്ത് വിശാഖ് ക്വട്ടേഷൻ നൽകിയത്. കേസിൽ വിശാഖും (26) ക്വട്ടേഷൻ ഏറ്റെടുത്ത കാഞ്ഞിരപ്പള്ളി സ്വദേശി വിഷ്ണുവും (27) അറസ്റ്റിലായി. ഓട്ടോ കത്തിക്കുന്നതിനിടെ വിഷ്ണുവിനും പൊള്ളലേറ്റിട്ടുണ്ട്.
അഖിലിനെ കൊലപ്പെടുത്താനുള്ള ശ്രമത്തിനിടെ അഖിലിന്റെ ഓട്ടോറിക്ഷ പ്രതി വിഷ്ണു തീയിട്ട് നശിപ്പിച്ചിരുന്നു. വിശാഖും അഖിലും പാലാ സ്വദേശിനിയായ പെൺകുട്ടിയെ പ്രണയിച്ചതിനെ തുടർന്നുള്ള തർക്കമാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചത്. ഇരുവരും സുഹൃത്തുക്കളായിരുന്ന കാലത്ത് സ്ത്രീവിഷയങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഒരുമിച്ച് ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. പിന്നീട് ഇരുവരും പിണങ്ങിപ്പിരിഞ്ഞപ്പോൾ അഖിൽ പഴയകാര്യങ്ങൾ പുറത്തുപറയുമെന്ന് വിശാഖ് ഭയപ്പെട്ടു.
അഖിലും വിശാഖും ഐടിഐയിൽ പഠിക്കുന്ന കാലം മുതൽ അടുത്ത സുഹൃത്തുക്കളായിരുന്നു. പിന്നീട് വിശാഖ് കെഎസ്ഇബിയിലെ കരാർ തൊഴിലാളിയായി ജോലി തുടങ്ങി. ഓട്ടോഡ്രൈവറായ അഖിലിന്റെ ഓട്ടോ വിശാഖ് നിരന്തരം ഓട്ടത്തിന് വിളിക്കുകയും ചെയ്തിരുന്നു. ഈ വകയിൽ അഖിലിന് പണം നൽകാനുമുണ്ട്.
ഇരുവരും പാലാ സ്വദേശിനിയായ പെൺകുട്ടിയെ ഇഷ്ടപ്പെട്ടിരുന്നു. പിന്നീട് ഈ പ്രണയത്തെ ചൊല്ലി ഇരുവരും തമ്മിൽ തർക്കവുമുണ്ടായി. പ്രണയത്തിന് പെൺകുട്ടിയുടെ വീട്ടുകാർ എതിർപ്പ് പ്രകടിപ്പിക്കുകയും അഖിലിനെ മർദ്ദിക്കുകയും ചെയ്തിരുന്നു. മർദ്ദനത്തെ തുടർന്ന് വിശാഖിനെതിരെ അഖിലും വീട്ടുകാരും പോലീസിൽ പരാതി നൽകി. തുടർന്ന് വിശാഖ് കാഞ്ഞിരപ്പള്ളി സ്വദേശിയായ വിഷ്ണുവിന് അഖിലിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകുകയായിരുന്നു. ആസിഡ്, കോപ്പർ സൾഫേറ്റ്, എലിവിഷം എന്നിവ വാങ്ങി. വെള്ളിയാഴ്ച പൈകയിലെത്തിയ വിഷ്ണു അഖിലിന്റെ ഓട്ടോറിക്ഷ ഓട്ടംവിളിച്ച് പൂവരണിയിലെ ആശുപത്രിയിലെത്തി.
ഭാര്യ അഡ്മിറ്റാണെന്നും വൈകീട്ട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കണമെന്നും പറഞ്ഞു. വൈകീട്ട് ഏഴ് മണിയോടെ വിഷ്ണു അഖിലിനെ വിളിച്ച് പൂവരണിയിലെ ആശുപത്രിയിലേക്ക് വരാൻ ആവശ്യപ്പെട്ടു. അഖിലെത്തിയപ്പോൾ ഭാര്യ ഗുരുതരാവസ്ഥയിലായതിനാൽ ആംബുലൻസിൽ കൊണ്ടുപോയെന്നും പിന്നാലെ പോകാമെന്നും പറഞ്ഞ് അഖിലിനെയുംകൂട്ടി രാത്രിയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി.
വഴിയിൽ വെച്ച് ഓട്ടോ നിർത്തിച്ച് കഴുത്ത് സ്റ്റിയറിങ്ങിലേക്ക് കുത്തിപ്പിടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ അഖിൽ കുതറിയോടി ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞു. പോലീസെത്തുമ്പോൾ ഓട്ടോ കത്തുന്നതാണ് കാണുന്നത്. അഖിൽ രക്ഷപ്പെട്ട വിവരം അറിയിച്ചപ്പോൾ വിശാഖിന്റെ നിർദേശപ്രകാരം ഓട്ടോയുടെ പെട്രോൾ ടാങ്കിന്റെ പൂട്ട് പൊളിച്ച് കത്തിക്കുകയായിരുന്നുവെന്നാണ് വിഷ്ണുവിന്റെ മൊഴി.
പിന്നീട്, സംഭവശേഷം ഒന്നുമറിയാത്ത രീതിയിൽ വഴിയിലൂടെ നടന്നുപോയ വിഷ്ണുവിനെ പോലീസ് പിടികൂടുകയായിരുന്നു. 8000 രൂപ കൊലപാതകത്തിന് മുൻകൂറായി വാങ്ങി. ഒരു കോടി രൂപ നൽകാമെന്നാണ് വിശാഖ് പറഞ്ഞതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.
കെപിസിസി സെക്രട്ടറി സത്യന്‍ കടിയങ്ങാടിന്‍റെ (Sathyan Kadiyangad) മകള്‍ അഹല്യ കൃഷ്ണ വാഹനാപകടത്തില്‍ (accident) മരിച്ചു. കോഴിക്കോട് കൂത്താളിയില്‍ വെച്ച് അഹല്യ സഞ്ചരിച്ച സ്കൂട്ടറില്‍ ലോറിയിടിച്ചാണ് അപകടം. ഇന്ദിര ഗാന്ധി അനുസ്മരണത്തിന്‍റെ ഒരുക്കങ്ങള്‍ കോഴിക്കോട് ഡിസിസിയില്‍ നടത്തുന്നതിനിടെയാണ് സത്യന്‍ കടിയങ്ങാട് മകളുടെ വേര്‍പാട് അറിയുന്നത്.
രാവിലെ പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. പേരാമ്പ്ര -കുറ്റിയാടി റോഡില്‍ അഹല്യ സഞ്ചരിച്ച ഇലക്ട്രിക് സ്കൂട്ടറില്‍ ലോറിയിടിച്ചായിരുന്നു അപകടം. അഹല്യ പേരാമ്പ്ര ഭാഗത്ത് നിന്നും കുറ്റിയാടി ഭാഗത്തേക്ക് പോകുകയായിരുന്നു. ഇതേ ദിശയിലെത്തിയ ലോറി എതിരെ വന്ന വാഹനത്തിനായി അരികിലൊതുക്കിയപ്പോള്‍ അഹല്യയുടെ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കൂത്താളി രണ്ടേ രണ്ട് എന്ന സ്ഥലത്ത് വെച്ചാണ് അപകടം ഉണ്ടായത്. സ്ഥിരം അപകട മേഖലയാണിതെന്ന് നാട്ടുകാര്‍ പറയുന്നു.
കെപിസിസി സെക്രട്ടറിയായ സത്യന്‍ കടിയങ്ങാട് ഈ സമയം കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി ഓഫീസിലായിരുന്നു. ഇന്ദിരാ ഗാന്ധി അനുസ്മരണ പരിപാടിയുടെ ഒരുക്കത്തിലായിരുന്നു അദ്ദേഹം. ഇതിനിടെയാണ് മകളുടെ വിയോഗ വിവിരം അദ്ദേഹത്തെ സഹപ്രവര്‍ത്തകര്‍ അറിയിക്കുന്നത്. പതിനഞ്ചുകാരിയായ അഹല്യ കൃഷ്ണ പേരാമ്പ്ര സെന്‍റ് ഫ്രാന്‍സിസ് സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
തിരുവല്ല:ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ മാനേജർ ഫാദർ സിജോ പന്തപള്ളിൽ കേരള യൂണിവേഴ്സിറ്റി ഹെൽത്ത് സയൻസസ് സെനറ്റ് മെമ്പർ ആയി തെരെഞ്ഞെടുക്കപ്പെട്ടു.അടുത്ത 5 വർഷത്തേക്കാണ് നിയമനം.
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ നേതൃത്വത്തിൽ 2016 ൽ സ്ഥാപിതമായ ആരോഗ്യ പരിപാലന സ്ഥാപനമായ ബിലീവേഴ്സ് ചർച്ച് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയോട് ചേർന്നാണ് മെഡിക്കൽ കോളേജ്.പുതിയ സ്ഥാനലബ്ധിയിൽ സഭാപരമാധ്യഷ്യൻ മോറാൻ മോർ അത്തനേഷ്യസ് യോഹാൻ മെത്രാപോലീത്ത അഭിനന്ദിച്ചു. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സഭാ വക്താവ് കൂടിയാണ് ഫാദർ സിജോ പന്തപള്ളിൽ.
പ്രവർത്തനം ആരംഭിച്ച് മൂന്ന് വർഷത്തിനുള്ളിൽ എൻ.എ.ബി.എച്ച് അംഗികാരം ലഭിക്കുന്ന കേരളത്തിലെ ആദ്യ ഹോസ്പിറ്റലാണ് ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രി. ലോകത്തെ ഏറ്റവും ചെറിയ ലെഡ്ലെസ് പേസ്മേക്കർ ശസ്ത്രക്രിയ വിജയകരമായി നടത്തിയത് ഉൾപ്പെടെ ചികിത്സരംഗത്ത് നിരവധി നേട്ടങ്ങൾ കൈവരിച്ച് ഈ സ്ഥാപനം ആതുരസേവന രംഗത്ത് അശരണർക്ക് ആശാദീപമായി നിലകൊള്ളുന്നു.
തിരുവനന്തപുരത്ത് സംഘടിപ്പിച്ച ക്യാമ്പസ് ഫ്രണ്ട് മാര്‍ച്ചിനെതിരെ ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മുഖംമൂടി ധരിച്ചയാളെ റോഡിലൂടെ കെട്ടിവലിക്കുന്നതായുള്ള പ്രതീകാത്മക പ്രതിഷേധത്തിനെതിരെയാണ് കേസ്. വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ലഖ്‌നൗ സ്വദേശികളാണ് പരാതി നല്‍കിയത്.
സൈബര്‍ പൊലീസാണ് സംഭവത്തില്‍ കേസെടുത്തത്. സാമൂദായിക സ്പര്‍ദയുണ്ടാക്കാന്‍ ശ്രമിച്ചു എന്നതടക്കമുള്ള ആരോപണങ്ങളാണ് പരാതിക്കാര്‍ ഉയര്‍ത്തിയത്. കേസിലെ പ്രതികളുടെ പേര് വ്യക്തമല്ല.
സംഭവം നടന്നത് കേരളത്തിലായതിനാല്‍ യുപി പൊലീസിന് നേരിട്ട് കേസെടുക്കാനാവില്ല. അതിനാലാണ് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് സാമുദായിക സ്പര്‍ധയ്ക്ക് ശ്രമിച്ചെന്ന പേരില്‍ സൈബര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. കേസില്‍ അന്വേഷണം തുടങ്ങിയെന്നാണ് ലഖ്‌നൗ സൈബര്‍ പൊലീസ് വ്യക്തമാക്കുന്നത്.
കന്നഡ സിനിമാ നടൻ പുനീത് രാജ്കുമാർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ മരണകാരണത്തെക്കുറിച്ച് വ്യാജ സന്ദേശങ്ങൾ പ്രചരിച്ചിരുന്നു. നാരായണ ഹെൽത്ത് ചെയർപേഴ്സണും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഡോക്ടർ ദേവി ഷെട്ടിയുടെ പേരിലായിരുന്നു വ്യാജ സന്ദേശം.
പുനീത് ഉൾപ്പെടെയുള്ള ചില സെലിബ്രിറ്റികൾ “ഫിറ്റ്നസിനുവേണ്ടി വളരെയധികം” കാര്യങ്ങൾ ചെയ്തതിനാലാണ് മരിച്ചതെന്ന് സന്ദേശത്തിൽ അവകാശപ്പെടുന്നു. എന്നാൽ ഇത് വ്യാജ സന്ദേശമാണെന്ന് ഡോക്ടർ ദേവി ഷെട്ടി സ്ഥിരീകരിച്ചു. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ തന്റെ പേര് ഉപയോഗിച്ചതിൽ ഖേദമുള്ളതായും അവർ ഇന്ത്യൻ എക്സ്പ്രസ്സിനോട് സംസാരിക്കവെ പറഞ്ഞു.
വാട്ട്‌സ്ആപ്പ് സന്ദേശം ഇങ്ങനെയാണ്:
ഡോ ദേവി ഷെട്ടി
എന്റെ എല്ലാ കൂട്ടുകാർക്കും വേണ്ടി….
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, എനിക്ക് വ്യക്തിപരമായി അറിയാവുന്ന എട്ടോ ഒമ്പതോ ആളുകളെയെങ്കിലും എനിക്ക് നഷ്ടപ്പെട്ടു. കൂടാതെ 40 വയസ്സിന് മുകളിലുള്ള കുറച്ച് സെലിബ്രിറ്റികളും “ഫിറ്റ്” ആകാൻ വളരെയധികം കാര്യങ്ങൾ ചെയ്തതിനാൽ മരിച്ചു. നിർഭാഗ്യവശാൽ, അവർ ഫിറ്റായി കാണപ്പെടുക മാത്രം ചെയ്തു, സിക്സ് പായ്ക്കുകളും എല്ലാമായി. ഇന്ന് പുനീത് രാജ്കുമാറും ഈ പട്ടികയിൽ ഇടംപിടിച്ചു.
ജീവിതത്തിലെ എന്തിനും, മിതത്വമാണ് മന്ത്രം. പൂജ്യം അല്ലെങ്കിൽ 100എന്ന തരത്തിൽ ഏതെങ്കിലും തീവ്രത ശരിയല്ല. മിതമായ വ്യായാമം, ഏകദേശം 20 മിനിറ്റ്, എല്ലാം കഴിക്കുക, വിഷാംശം ഇല്ലാതാക്കുന്നതോ ആയതോ കീറ്റോ മോട്ടോ ഡയറ്റുകളോ അല്ല, നിങ്ങളുടെ പൂർവ്വികർ കഴിച്ചിരുന്നത് മാത്രം കഴിക്കുക, നിങ്ങളുടെ നാട്ടിലെ പ്രാദേശികവും കാലാനുസൃതവുമായ ഭക്ഷണം കഴിക്കുക, കെയ്ലോ കിവിയോ ഒലിവ് ഓയിലോ അല്ല… പക്ഷേ കുറഞ്ഞ അളവിൽ, ഏഴ് മണിക്കൂർ മുഴുവൻ ഉറങ്ങുക, സ്റ്റിറോയിഡുകളോ ഉത്തേജക മരുന്നുകളോ നൽകാതെ നിങ്ങളുടെ ശരീരത്തെ ബഹുമാനിക്കുക, നിങ്ങൾ ചെയ്യേണ്ടത് ഇവയെല്ലാമാണ്.
നിങ്ങൾ വളർന്നു വലുതാകവെ കഴിച്ചതെല്ലാം കഴിക്കുക, ചെറിയ അളവിൽ, 20 മിനിറ്റ് മുതൽ 30 മിനിറ്റ് വരെ വ്യായാമം ചെയ്യുക… ഒരു നല്ല നടത്തം, എല്ലാ സപ്ലിമെന്റുകളും പൂർണ്ണമായും നിർത്തുകയും വേണം… നിങ്ങൾ കുടിച്ചാൽ, നിങ്ങൾക്ക് കഴിയുമെങ്കിൽ ആഴ്ചയിൽ രണ്ട് പെഗ്ഗുകളായി പരിമിതപ്പെടുത്തുക. ‘പുകവലി ഉപേക്ഷിക്കാൻ കഴിയില്ലെങ്കിൽ, ദിവസത്തിൽ രണ്ടെണ്ണമായി ചുരുക്കുക .. .നിങ്ങൾക്ക് ഇത് മനസ്സിലായോ??? എന്തും, പക്ഷേ മിതമായി. നിങ്ങളുടെ ദിനചര്യയിൽ അൽപ്പം നിശബ്ദ ധ്യാനം ചേർക്കുക. ഏറ്റവും പ്രധാനമായി, നിങ്ങളുടെ ശരീരം ശ്രദ്ധിക്കുക. ഇത് മനസ്സിലാക്കൂ.
40 ആകുമ്പോഴേക്കും ശരീരം ഒരുപാട് മാറ്റങ്ങൾക്ക് വിധേയമാകുന്നു, 50ൽ അതിലും കൂടുതൽ, 60 പ്ലസ് നിങ്ങളുടെ ശരീരം മന്ദഗതിയിലാകാൻ തുടങ്ങുന്നു, 70 പ്ലസ്, നിങ്ങളുടെ ശരീരം ഷട്ട്ഡൗൺ ചെയ്യാൻ തുടങ്ങുന്നു, 80 പ്ലസ് എല്ലാ വർഷവും ഒരു ബോണസ് ആണ്. അതിനാൽ, 60 എന്നത് പുതിയ 40 ആണ്, 50 എന്നത് പുതിയ 30 ആണെന്ന് പറയുന്നത് നിർത്തുക…അതല്ല, നിങ്ങൾക്ക് 40 അല്ലെങ്കിൽ 50 പ്ലസ് ആണെങ്കിൽ, നിങ്ങൾ ആരോഗ്യമുള്ളയാളാണെങ്കിൽ നന്ദിയുള്ളവരായിരിക്കുക, വേഗത കുറയ്ക്കുക, അങ്ങനെ നിങ്ങളുടെ ഹൃദയത്തിന് വേഗത നിലനിർത്താനാവും, റിട്ടയർമെന്റ് ഒരു കാരണത്താൽ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നുവെന്ന് മനസ്സിലാക്കുക, ഒരിക്കൽ നിങ്ങൾ സഹിച്ച സമ്മർദ്ദം നിങ്ങളുടെ ശരീരത്തിനും മനസ്സിനും ഉൾക്കൊള്ളാൻ കഴിയില്ല. ബാഹ്യമായി, നിങ്ങൾ നന്നായി കാണപ്പെടുന്നു, നിങ്ങളുടെ ജീനുകൾക്ക് നന്ദി, എന്നാൽ ഉള്ളിൽ, അവയവങ്ങൾ പ്രായമാകുകയാണ്.
നിങ്ങൾക്ക് 40 വയസ്സിനു മുകളിൽ പ്രായമുണ്ടെങ്കിൽ മുകളിൽ പറഞ്ഞവ വായിക്കുകയും മുകളിൽ പറഞ്ഞതല്ലാതെ മറ്റെന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ, ഇപ്പോൾ തന്നെ മാറ്റുകയും ചെയ്യുക!! മറ്റൊരു സ്ഥിതിവിവരക്കണക്കായി അവസാനിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് എനിക്ക് ഉറപ്പുണ്ട്.?
ഭാര്യ ലേഖയോടുള്ള പ്രണയത്തെ കുറിച്ചും വിവാഹിതരായതിനെ കുറിച്ചും തുറന്നു പറഞ്ഞ് ഗായകന്‍ എം.ജി ശ്രീകുമാര്‍. പതിനാല് വര്‍ഷം ലിവിംഗ് ടുഗദര്‍ ആയി ജീവിച്ചതിന് ശേഷമാണ് എം.ജി ശ്രീകുമാര്‍ ലേഖയെ വിവാഹം ചെയ്യുന്നത്. 2000ല്‍ ആയിരുന്നു ഇവരുടെ വിവാഹം. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം പ്രതികരിച്ചത്.
അന്ന് 14 വര്‍ഷം ലിവിംഗ് ടുഗദറായി ജീവിച്ചപ്പോള്‍ തങ്ങള്‍ക്ക് കേരളത്തില്‍ നില്‍ക്കക്കള്ളിയില്ലാതായി. അങ്ങനെ സ്ഥലം വിട്ടതാണ്. കല്യാണം കഴിക്കാന്‍ മൂകാംബികയിലേക്ക്. അന്ന് മൂകാംബികയിലേക്ക് പോയ ദിവസം ഇപ്പോഴും ഓര്‍മ്മയുണ്ട്. കാലത്ത് ഏഴു മണിക്ക് അമ്മയെ വിളിച്ചിട്ട് പറഞ്ഞു.
‘അമ്മേ ഇന്നെന്റെ കല്യാണമാണ്’ എന്ന് അത് കേട്ട് അമ്മയൊന്ന് ഞെട്ടി. ഒരു നിമിഷം നിശ്ശബ്ദയായി. പിന്നെ ചോദിച്ചു, ‘ആരാണ് മോനെ പെണ്ണ്’. ഞാന്‍ പറഞ്ഞു, ‘അമ്മയ്ക്ക് അറിയാം, നമ്മുടെ വീട്ടില്‍ വരുന്ന ലേഖയാണ്’ എന്ന്. അപ്പോള്‍ അമ്മ പറഞ്ഞത് ഇങ്ങനെയാണ്. ‘നന്നായി വാടാ മക്കളെ’ എന്ന്.
താന്‍ പണ്ട് ഗാനമേളയുള്ളപ്പോള്‍ അമ്മയുടെ അടുത്ത് അനുഗ്രഹം വാങ്ങാന്‍ പോവും. അപ്പോള്‍ അമ്മ കൈയുടെ മുകളില്‍ ഉമ്മ വെച്ചിട്ട് പറയാറുണ്ട്. ‘നന്നായി വാടാ മക്കളെ’ എന്ന്. അതുപോലൊരു നിമിഷം ഇതുകേട്ടപ്പോള്‍ തന്റെ ഉള്ളിലൂടെ കടന്നുപോയി എന്നാണ് എം.ജി ശ്രീകുമാര്‍ പറയുന്നത്.
ബിനീഷ് കോടിയേരി ബംഗളൂരു ജയിലില്‍ നിന്നു പുറത്തിറങ്ങി. സത്യം ജയിക്കുമെന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങിയ ബിനീഷ് പറഞ്ഞു. ഇന്ത്യയിലെ വലിയ രാഷ്ട്രീയപാര്‍ട്ടിയാണ് കേസിന് പിന്നിൽ. ഇഡി പറഞ്ഞ പേരുകള്‍ പറയാന്‍ തയാറാകാതിരുന്നതുമൂലമാണ് ജയില്‍വാസം നീണ്ടത്. കോടിയേരി ബാലകൃഷ്ണനെതിരായ രാഷ്ട്രീയനീക്കമായിരുന്നു കേസ്. കേരളത്തിലെത്തിയ ശേഷം വിശദമായി പറയുമെന്നും ബിനീഷ് കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.
കടുത്ത ജാമ്യ വ്യവസ്ഥകൾ കാരണം ജാമ്യക്കാർ പിൻമാറിയതിനാൽ ഇന്നലെ ബിനീഷിനു പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല. ജാമ്യം നിൽക്കാമേന്നേറ്റവർ അവസാന നിമിഷം പിൻമാറിയതിനെ തുടർന്നാണ് പുറത്തിറങ്ങുന്നത് അനിശ്ചിതത്തിലായത്. ജാമ്യം വ്യവസ്ഥയിലുള്ള എതിർപ്പാണ് കര്ണാടകക്കാരായ ജാമ്യക്കാർ അവസാന നിമിഷം പിന്മാറാൻ കാരണമെന്നാണ് സൂചന. പകരം ആളുകളെ എത്തിച്ചപ്പോഴേക്കും വിചാരണ കോടതിയിൽ വിടുതൽ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള ഇന്നത്തെ സമയം കഴിഞ്ഞിരുന്നു.
അതേസമയം ബിനീഷിനു ജാമ്യം നൽകിയതിനെതിരെ ഇഡി സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് സൂചന.കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം 2020 ഒക്ടോബർ 29നാണ് ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ബിനീഷ് അറസ്റ്റിലായി വെള്ളിയാഴ്ച ഒരു വർഷം തികയുന്നതിന്‍റെ തൊട്ടുതലേ ദിവസമാണ് ജാമ്യം ലഭിക്കുന്നത്.
കൊവിഡ് അന്താരാഷ്ട്ര തലത്തില്‍ വരെയുള്ള എല്ലാ ഫിലിം ഇന്‍ഡസ്ട്രിയെയും നന്നായി ബാധിച്ചപ്പോള്‍ മലയാള സിനിമക്ക് മാത്രം ഒന്നും സംഭവിച്ചില്ലെന്ന് സംവിധായികയും നടിയുമായ സുഹാസിനി മണിരത്‌നം. അതിനാല്‍ തന്നെ മലയാളസിനിമ ഇപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ ഒരു അഭിമുഖത്തിലായിരുന്നു അവര്‍ ഇങ്ങനെ പറഞ്ഞത്.
‘നോര്‍ത്തിലെ ഹരിയാനയിലായാലും പഞ്ചാബിലായാലും എല്ലാവരും മലയാള സിനിമ കാണാന്‍ തുടങ്ങിയിരിക്കുന്നു. കൊവിഡ് കാലത്ത് നല്ല സിനിമകള്‍ വന്നത് കേരളത്തില്‍ നിന്ന് മാത്രമാണ്,’ സുഹാസിനി പറഞ്ഞു. ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ സിനിമക്ക് ഒരുപാട് റീച്ച് ഉണ്ടാക്കിയെങ്കിലും തന്റെ ഫേവറിറ്റ് തിയേറ്ററാണെന്നും സുഹാസിനി പറഞ്ഞു.
ഒ.ടി.ടിയില്‍ തമാശാസീനുകള്‍ വര്‍ക്കാവില്ലെന്നും, മനസ്സറിഞ്ഞ് ചിരിക്കണമെങ്കല്‍ തിയേറ്ററില്‍ തന്നെ പോകണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘മലയാളത്തില്‍ ഞാന്‍ വിദ്യാര്‍ഥിയായി വന്ന് ഒരു ടീച്ചറായി മാറി. ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ ഞാന്‍ മലയാള സിനിമ കാണാറുണ്ട്. സുകുമാരി ചേച്ചിയാണ് എന്നെ ‘കൂടെവിടെ’ എന്ന എന്റെ ആദ്യ സിനിമയിലേക്ക് ക്ഷണിക്കുന്നത്. അദ്ദേഹം പറഞ്ഞു.
വത്തിക്കാന്‍ സിറ്റി: ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ റോമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. മാർപാപ്പയുമായി പ്രധാനമന്ത്രി ഒന്നേകാൽ മണിക്കൂറിലേറെയാണ് ചർച്ച നടത്തിയത്. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവർ മോദിക്കൊപ്പമുണ്ടായിരുന്നു. സന്ദര്‍ശനത്തില്‍ ഫ്രാന്‍സിസ് പാപ്പയെ ഭാരതം സന്ദര്‍ശിക്കുവാന്‍ പ്രധാനമന്ത്രി പ്രത്യേകം ക്ഷണിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അനുയോജ്യമായ തീയതി കണ്ടെത്തിയാല്‍ അടുത്ത വര്‍ഷം പാപ്പ ഭാരത സന്ദര്‍ശനം നടത്തുമെന്നു സൂചനയുണ്ട്. നിലവില്‍ പാപ്പയുടെ അടുത്ത വര്‍ഷത്തെ അന്താരാഷ്ട്ര സന്ദര്‍ശനങ്ങളില്‍ കാനഡ മാത്രമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. സന്ദര്‍ശനം നടന്നാല്‍ പാപ്പ തീര്‍ച്ചയായും കേരളം സന്ദര്‍ശിക്കുമെന്ന് സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. സ്റ്റീഫന്‍ ആലത്തറ പ്രസ്താവിച്ചു.
മാർപാപ്പയുമായി വളരെ ഊഷ്മളമായ കൂടിക്കാഴ്ചയാണു നടന്നത്. അദ്ദേഹവുമായി വിവിധ വിഷയങ്ങളെ കുറിച്ചു ചർച്ച നടത്തിയെന്നും മോദി ട്വീറ്റ് ചെയ്തു. വിവിധ സമയങ്ങളില്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ ഒരുക്കമാണെന്നു മാര്‍പാപ്പ തുറന്നുപറഞ്ഞിരിന്നു. ഇതിനായി കേന്ദ്രത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സിബിസിഐ ശ്രമം നടത്തിയെങ്കിലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞു മാര്‍പാപ്പയുടെ ഇന്ത്യ സന്ദര്‍ശനത്തിന് കേന്ദ്രസര്‍ക്കാര്‍ നീട്ടിക്കൊണ്ടുപോയി.
2017 ല്‍ അസര്‍ബൈജാന്‍ സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ വിമാനത്തില്‍ നല്‍കിയ അഭിമുഖത്തിലും പിന്നീട് ജര്‍മ്മന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലും ബംഗ്ലാദേശ് – മ്യാന്‍മര്‍ സന്ദര്‍ശനത്തിനിടക്കും പാപ്പ ഇന്ത്യ സന്ദര്‍ശിക്കുവാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരിന്നു. ഒടുവില്‍ സഭയുടെയും രാജ്യത്തെ വിശ്വാസികളുടെയും ദീര്‍ഘമായ കാത്തിരിപ്പിന് വിരാമമിട്ടുക്കൊണ്ടാണ് മോദി പാപ്പയെ ക്ഷണിച്ചിരിക്കുന്നത്.
നേരത്തെ മാർപാപ്പയെ സന്ദർശിച്ച ശേഷം വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ ഉൾപ്പെട്ട പ്രതിനിധി സംഘവുമായും മോദി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും വത്തിക്കാനുമായി നയതന്ത്ര ബന്ധം തുടങ്ങിയത് 1948ലാണ്. മാർപാപ്പയെ വത്തിക്കാനിൽ സന്ദർശിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. 1955 ജൂണിൽ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു വത്തിക്കാനിൽ 12-ാം പിയൂസ് മാർപ്പാപ്പയെ സന്ദർശിച്ച സംഘത്തിൽ ഇന്ദിര ഗാന്ധിയും ഉണ്ടായിരുന്നു. മാർപാപ്പയും നെഹ്റുവുമായുള്ള കൂടിക്കാഴ്ച 20 മിനിറ്റായിരുന്നു. ഗോവയുടെ വിമോചനം ഉൾപ്പെടെയുള്ള വിഷയങ്ങൾ അന്നു ചർച്ചയായി. 21 വര്‍ഷം മുൻപ് 2000-ത്തില്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ് റോമിലെത്തി ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി മാര്‍പാപ്പയെ സന്ദര്‍ശിക്കുന്നത്.
ജി20 ഉച്ചകോടിക്കായി റോമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഇതാദ്യമായാണ് മോദി പോപ് ഫ്രാന്‍സിസുമായി (Pope Francis) കൂടിക്കാഴ്ച നടത്തുന്നത്.
കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടം, ദാരിദ്ര്യ നിര്‍മാര്‍ജനം എന്നിവയുള്‍പ്പെടെ നിരവധി വിഷയങ്ങള്‍ മോദിയും മാര്‍പാപ്പയും ചര്‍ച്ച ചെയ്തു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ എന്നിവരും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. 20 മിനിറ്റ് മാത്രം നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടുനിന്നതായി അധികൃതര്‍ അറിയിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയെ പ്രധാനമന്ത്രി ഇന്ത്യയിലേയ്ക്ക് ക്ഷണിക്കുകയും ചെയ്തു.
1999ല്‍ അടല്‍ ബിഹാരി വാജ്പേയ് പ്രധാനമന്ത്രിയായിരിക്കെയാണ് അവസാനമായി മാര്‍പാപ്പ ഇന്ത്യ സന്ദര്‍ശിച്ചത്. ജോണ്‍ പോള്‍ രണ്ടാമനാണ് അന്ന് ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയത്. ഇതിന് ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പയെ നരേന്ദ്ര മോദിയും ഇന്ത്യയിലേയ്ക്ക് ക്ഷണിച്ചിരിക്കുകയാണ്. ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രാഗിയുടെ ക്ഷണപ്രകാരം ഒക്ടോബര്‍ 29 മുതല്‍ 31 വരെയാണ് പ്രധാനമന്ത്രി വത്തിക്കാന്‍ സിറ്റി സന്ദര്‍ശിക്കുന്നത്.