എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് എതിരെ പ്രസംഗിക്കാന്‍ എത്തിയെന്ന് ആരോപിച്ച് മുന്‍ എംഎല്‍എ പിസി ജോര്‍ജിന് എതിരെ പ്രതിഷേധവുമായി യോഗം പ്രവര്‍ത്തകര്‍. പിസി ജോര്‍ജ് പ്രസംഗം അവസാനിപ്പിച്ച് തിരികെപ്പോയി. കൊല്ലത്തെ ശങ്കേഴ്‌സ് ആശുപത്രിക്ക് മുന്നില്‍ നടക്കുന്ന എസ്എന്‍ഡിപി സംരക്ഷണ സമിതിയുടെ രാപ്പകല്‍ സമരത്തില്‍ പങ്കെടുക്കാനാണ് ജോര്‍ജ് എത്തിയത്.
വെള്ളാപ്പള്ളി നടേശനെ അപമാനിക്കാനാണ് പിസി ജോര്‍ജ് എത്തിയത് എന്നാരോപിച്ചായിരുന്നു യോഗം പ്രവര്‍ത്തകരുടെ പ്രതിഷേധം.സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ പിസി ജോര്‍ജ് പ്രസംഗിക്കാന്‍ തുടങ്ങിയപ്പോള്‍ യൂണിയന്‍ കൗണ്‍സിലര്‍ ഇരവിപുരം സജീവന്റെ നേതൃത്വത്തില്‍ സ്റ്റേജിലേക്ക് കയറാന്‍ ശ്രമിച്ചു.
‘ഇത് പൂഞ്ഞാറല്ല, എസ്എന്‍ഡിപി യോഗത്തിന്റെ ആസ്ഥാനമായ കൊല്ലമാണ്. ഇവിടെയെത്തി ജനറല്‍ സെക്രട്ടറിയെ ആക്ഷേപിച്ചാല്‍ വിവരം അറിയുമെന്നും ചെരുപ്പേറുണ്ടാകുമെന്നും’ ഇവര്‍ ബഹളമുണ്ടാക്കി. ഇതിന് പിന്നാലെ പിസി ജോര്‍ജ് വേദി വിട്ടുപോവുകയായിരുന്നു. ശങ്കേഴ്‌സ് ആശുപത്രിയില്‍ നിന്ന് പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ടാണ് സമരം നടക്കുന്നത്.
തെലുങ്ക് താരസംഘടനയായ മൂവി ആര്‍ട്ടിസ്റ്റ് അസോസിയേഷനിലെ തിരഞ്ഞെടുപ്പിനോട് ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിനിടെ നടി ഹേമ, നടന്‍ ശിവ ബാലാജിയെ കടിച്ചു . പ്രകാശ് രാജും വിഷ്ണു മാഞ്ചും നയിക്കുന്ന പാനലുകളാണ് മത്സരിച്ചത്.
ഇന്നലെ തിരഞ്ഞെടുപ്പിനിടെയായിരുന്നു സംഭവം. ഹേമ, പ്രകാശ് രാജിന്റെ പാനലില്‍ നിന്ന് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും ശിവ ബാലാജി വിഷ്ണു മാഞ്ചുവിന്റെ പാനലില്‍ നിന്നുമാണ് മത്സരിച്ചത്. ഇരുവരും വോട്ട് ചെയ്യാന്‍ നില്‍ക്കുന്നതിനിടെ ശിവ ബാലാജിയുടെ ഇടതുകൈയില്‍ ഹേമ കടിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ഇതിന് നടി പ്രതികരണവുമായി രംഗത്തെത്തി. ഒരാളെ അക്രമത്തില്‍ നിന്ന് രക്ഷിക്കാന്‍ താന്‍ ശ്രമിക്കുമ്പോള്‍ ശിവ ബാലാജി തന്നെ തടഞ്ഞുവെന്നും അതിന്റെ പരിണിതഫലമായി സംഭവിച്ചു പോയതാണെന്നും നടി പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ വിഷ്ണു മാഞ്ചു നേതൃത്വം നല്‍കിയ പാനല്‍ ആണ് വിജയിച്ചത്. മായുടെ പുതിയ പ്രസിഡന്റായി വിഷ്ണു മാഞ്ചു സ്ഥാനമേല്‍ക്കുകയും ചെയ്തു. വിജയികളെ അഭിനന്ദിച്ച പ്രകാശ് രാജ്, സംഘടനയില്‍ പ്രാദേശികവാദം ശക്തമാണെന്ന് ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അവസാനമായി കത്തെഴുതി 16കാരന്‍ ട്രെയിനിന് മുന്‍പില്‍ ചാടി ജീവനൊടുക്കി. മധ്യപ്രദേശ് ഗ്വാളിയാര്‍ സ്വദേശിയായ 16കാരനാണ് ആത്മഹത്യ ചെയ്തത്. പ്രധാനമന്ത്രിയ്ക്കും മധ്യപ്രദേശ് സര്‍ക്കാറിനും കത്തെഴുതിയ ശേഷമാണ് ട്രെയിനിന് മുന്‍പില്‍ ചാടിയത്.
തനിക്ക് വേണ്ടി ഒരു മ്യൂസിക് വീഡിയോ നിര്‍മിക്കണമെന്നും ഗായകന്‍ അരിജിത് സിംഗ് തന്നെ ഗാനം ആലപിക്കണമെന്നുമാണ് കത്തിലെ ആവശ്യം. തന്റെ അവസാന ആഗ്രഹം പ്രധാനമന്ത്രി നടത്തിതരണമെന്നും കത്തില്‍ പറയുന്നുണ്ട്. അജിത് വന്‍ഷ്‌കര്‍ എന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് ആത്മഹത്യ ചെയ്തത്. വലിയ നര്‍ത്തകനായി പേരെടുക്കണമെന്നതായിരുന്നു ഇയാളുടെ ആഗ്രഹം.
എന്നാല്‍ അത് സാധിക്കാതെ വന്നതിന്റെ നിരാശയാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചത്. തന്റെ സ്വപ്നങ്ങള്‍ പിന്തുടരാന്‍ മാതാപിതാക്കള്‍ പിന്തുണ നല്‍കുന്നില്ലെന്നും കുട്ടി കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. പണമുള്ളവര്‍ക്ക് മാത്രമേ ഇത് സാധിക്കൂ എന്ന ധാരണയാണ് മാതാപിതാക്കള്‍ക്ക്. അതുകൊണ്ടു തന്നെ അവര്‍ തന്റെ ഹെയര്‍സ്‌റ്റൈല്‍ പോലും ഇഷ്ടപ്പെടുന്നില്ല. മാതാപിതാക്കള്‍ തന്നോട് ക്ഷമിക്കണമെന്നും കത്തില്‍ കുറിച്ചിട്ടുണ്ട്.
മ്യൂസിക് വീഡിയോയ്ക്ക് വേണ്ടി അരിജിത്ത് സിംഗ് ആലപിക്കുകയും സുശാന്ത് ഖത്രി കൊറിയോഗ്രാഫ് ചെയ്യുകയും വേണം. എങ്കില്‍ മാത്രമേ എന്റെ ആത്മാവിന് ശാന്തി കിട്ടൂ. എന്റെ ആഗ്രഹം പ്രധാനമന്ത്രിയെ അറിയിക്കണം. എന്റെ മരണത്തിന് ആരും ഉത്തരവാദിയല്ല- കത്തില്‍ പറയുന്നു.
സൗരയൂഥത്തിന് പുറത്ത് നിന്ന് ഭൂമിയിലേക്ക് ആദ്യ സിഗ്നല്‍ ലഭിച്ചതിന്റെ ഞെട്ടലില്‍ ശാസ്ത്രലോകം. നെതര്‍ലന്‍ഡ്‌സിലെ ലോ ഫ്രീക്വന്‍സി അറേ(ലോഫര്‍) ആന്റിനയാണ് സൗരയൂഥത്തിന് പുറത്തുള്ള നക്ഷത്രങ്ങളില്‍ നിന്ന് സിഗ്നലുകള്‍ പിടിച്ചത്.
ക്വീന്‍സ് ലാന്‍ഡ് സര്‍വകലാശാലയിലെ ഡോ.ബെഞ്ചമിന്‍ പോപും ഡച്ച് നാഷണല്‍ ഒബ്‌സര്‍വേറ്ററിയിലെ സഹപ്രവര്‍ത്തകരുമടങ്ങിയ സംഘം ലോഫര്‍ ഉപയോഗിച്ച് പുതിയ ഗ്രഹങ്ങളെ കണ്ടെത്തുന്ന ശ്രമങ്ങള്‍ക്കിടയിലാണ് സിഗ്നലുകള്‍ എത്തിയത്. 19 ചുവന്ന കുള്ളന്‍ നക്ഷത്രങ്ങളില്‍ നിന്നുള്ളവയാണ് സിഗ്നലുകള്‍.
ഇതില്‍ നാലെണ്ണത്തില്‍ നിന്നുള്ള സിഗ്നലുകള്‍ അവയ്ക്ക് ചുറ്റും ഗ്രഹങ്ങള്‍ വലം വയ്ക്കുന്നുണ്ടെന്ന സൂചന നല്‍കുന്നതാണ്. മനുഷ്യന്റെ കണ്ണെത്താത്ത ഗ്രഹങ്ങളിലേക്കും അവയിലെ ജീവികളിലേക്കും വാതില്‍ തുറക്കുന്നവയാകാം സിഗ്നലുകള്‍ എന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തല്‍.
“നമ്മുടെ സൗരയൂഥത്തിനകത്തെ ഗ്രഹങ്ങള്‍ അവയുടെ കാന്തിക വലയം സൗരക്കാറ്റുമായി സമ്പര്‍ക്കമുണ്ടാകുന്നതിന്റെ ഫലമായി ശക്തമായ റോഡിയോ തരംഗങ്ങള്‍ പുറത്തുവിടുന്നുണ്ട്. എന്നാല്‍ സൗരയൂഥത്തിന് പുറത്ത് നിന്നുള്ള ഗ്രഹങ്ങള്‍ റേഡിയോ സിഗ്നലുകള്‍ പുറത്തുവിടുന്നുണ്ടെന്ന് ഇതുവരെ കണ്ടെത്തിയിരുന്നില്ല.” ഗവേഷകര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഗ്രഹങ്ങളും നക്ഷത്രങ്ങളും തമ്മിലുള്ള കാന്തികബന്ധം കൊണ്ടാണ് സിഗ്നലുകള്‍ വരുന്നതെന്ന അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ഗവേഷകര്‍. എന്നാല്‍ റേഡിയോ സിഗ്നലുകള്‍ ലഭിച്ചുവെന്ന് പറയുന്ന നക്ഷത്രങ്ങള്‍ ഗ്രഹങ്ങളുടെ കേന്ദ്ര നക്ഷത്രങ്ങളാണെന്ന അഭിപ്രായം അവര്‍ക്കില്ല. ഈ ഗ്രഹങ്ങള്‍ ഭൂമിയേക്കാള്‍ വലുതായിരിക്കുമെന്ന നിഗമനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഗവേഷകര്‍ക്കുള്ളത്.
ആര്യന്‍ ഖാന്‍ മയക്കു മരുന്ന് കേസില്‍ അറസ്റ്റിലായതിനു പിന്നാലെ ഷാരൂഖ് ഖാന്‍ കടുത്ത മനോവിഷമത്തിലെന്ന് റിപ്പോര്‍ട്ട്. ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തുടരെ ജാമ്യം നിഷേധിക്കപ്പെട്ട് മകന്‍ ആഴ്ചകളായി ജയലില്‍ കഴിയുന്നതില്‍ ഷാരൂഖിന് കടുത്ത ദേഷ്യവും നിരാശയിലുമാണെന്നാണ് വിവരം.
ഷാരൂഖിന്റെ അടുത്ത സുഹൃത്താണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നന്നായി ഉറങ്ങാത്ത ഷാരൂഖ് ഭക്ഷണം പോലും മര്യാദയ്ക്ക് കഴിക്കുന്നില്ലെന്നും പറയുന്നു. ഒക്ടോബര്‍ മൂന്നിന് എന്‍സിബി അറസ്റ്റ് ചെയ്ത ആര്യന്‍ ഖാന് നിലവില്‍ ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുകയാണ്. മുംബൈ കോടതി കഴിഞ്ഞ ദിവസം ആര്യന്റെ ജാമ്യം തള്ളിയിരുന്നു.
ആര്യന്റെ അഭിഭാഷകന്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. അതുവരെ ആര്യന്‍ ജയിലില്‍ തുടരും. ഇതിനിടെ, ആര്യന്‍ ഖാന്‍ ഷാരൂഖിനെ പറ്റി എന്‍സിബിയോട് പറഞ്ഞ കാര്യവും ചര്‍ച്ചയാവുന്നുണ്ട്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം തന്റെ അച്ഛന്‍ എപ്പോഴും തിരക്കിലായിരുന്നെന്നും അതിനാല്‍ അദ്ദേഹത്തെ ഇടയ്ക്ക് കാണാന്‍ വേണ്ടി താന്‍ അപ്പോയ്ന്റ്‌മെന്റ് എടുക്കേണ്ടി വന്നിട്ടുണ്ടെന്നും ആര്യന്‍ എന്‍സിബിയോട് പറഞ്ഞിട്ടുണ്ട്.
കേരള മനസ്സാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസ് പ്രതി സൂരജിനെ പാമ്പ് പിടിത്തക്കാരന്‍ സുരേഷ് പരിശീലിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സൂരജിന് സുരേഷ് പാമ്പിനെ കൈമാറുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നതാണ് പുറത്ത് വന്ന ദൃശ്യങ്ങളിലുള്ളത്.
ഉത്രയെ കൊലപ്പെടുത്തുന്നതിന് മുന്‍പുള്ള ദൃശ്യങ്ങളാണിത്. ഈ ദൃശ്യങ്ങള്‍ പ്രോസിക്യൂഷന്‍ ഭാഗം നേരത്തെ കോടതിയില്‍ ഹാജരാക്കിയിരുന്നു. പ്രതി സൂരജ് കുറ്റക്കാരനാണെന്ന നിഗമനത്തില്‍ കോടതി എത്തിയത് ഈ ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചതിന് ശേഷമാണ്.
ഉത്ര വധക്കേസില്‍ പ്രതി സൂരജ് കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ബുധനാഴ്ചയാണ് പ്രതിക്ക് ശിക്ഷ വിധിക്കുക. കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജാണ് വിധി പറഞ്ഞത്.
പ്രതി അറസ്റ്റിലായ 82ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഐപിസി 302, 307, 328, 201 വകുപ്പുകളാണ് പ്രതിക്കുമേല്‍ ചുമത്തിയത്. ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്നും കോടതി വ്യക്തമാക്കി.
മലയാളത്തിന്റെ പ്രിയനടന് യാത്രാമൊഴി നല്‍കി കേരളം. തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ നെടുമുടി വേണുവിന്‌ന്റെ ഭൗതിക ദേഹം സംസ്‌കരിച്ചു. മകന്‍ ഉണ്ണിയാണ് അന്ത്യ കര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ രാഷ്ട്രീയ ചലചിത്ര രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. രാവിലെ പത്ത് മുതല്‍ അയ്യങ്കാളി ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചതിന് ശേഷമായിരുന്നു സംസ്‌കാര ചടങ്ങുകള്‍.
തിങ്കളാഴ്ച ഉച്ചയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു നെടുമുടി വേണുവിന്റെ അന്ത്യം. 73 വയസ്സായിരുന്നു. ലിവര്‍ കാന്‍സറിനെ തുടര്‍ന്നുള്ള അസുഖങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് നെടുമുടി മരിക്കുന്നത്.
ആലപ്പുഴ ജില്ലയിലെ കുട്ടനാട് നെടുമുടിയില്‍ സ്‌കൂള്‍ അദ്ധ്യാപകനായിരുന്ന പി.കെ കേശവന്‍ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്മക്കളില്‍ ഇളയ മകനായി 1948 മെയ് 22നാണ് കെ. വേണുഗോപാലന്‍ എന്ന നെടുമുടി വേണു ജനിച്ചത്.
ഭരതന്റെ ആരവം, പത്മരാജന്റെ ഒരിടത്തൊരു ഫയല്‍വാന്‍, തകര എന്നീ സിനിമകള്‍ നെടുമുടി വേണുവിന്റെ സിനിമാ ജീവിതത്തില്‍ വഴിത്തിരിവായി. ഇതുവരെ അഞ്ഞൂറിലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഉച്ചവരെ മാത്രമായിരിക്കും ക്ലാസുകൾ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഉച്ചഭക്ഷണം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശനിയാഴ്ച പ്രവർത്തി ദിവസമാക്കുമെന്നും, അദ്ധ്യാപകർക്കും അനദ്ധ്യാപകർക്കും വാക്‌സിനേഷൻ ഉറപ്പുവരുത്തുമെന്ന് മന്ത്രി അറിയിച്ചു. ഫിറ്റ്‌നസ് ഇല്ലാത്ത വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് തൊട്ടടുത്ത സ്‌കൂളിൽ ക്ലാസ് ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എൽ പി ക്ലാസിൽ ഒരു ബെഞ്ചിൽ രണ്ട് കുട്ടികളെ മാത്രമേ ഇരുത്തുകയുള്ളൂ. പരമാവധി മൂന്ന് വിദ്യാർത്ഥികളെ മാത്രമേ ഓട്ടോറിക്ഷയിൽ കയറ്റാൻ പാടുള്ളൂ. വിദ്യാർത്ഥി കൺസെഷന്റെ കാര്യത്തിൽ സ്വകാര്യ ബസ് ഉടമകളുമായി ചർച്ച നടത്തുമെന്നും വി ശിവൻകുട്ടി പറഞ്ഞു.
ഫൈസൽ നാലകത്ത്
താരതമ്യേന തുടക്കക്കാരായ ഇൻഡി കലാകാരന്മാരുടെ കൂട്ടം അണിയിച്ചൊരുക്കിയ പാട്ട് കേവലം ദിവസങ്ങൾക്കുള്ളിലാണ് യൂട്യൂബ് വഴി ഒരു ലക്ഷത്തിലധികം ശ്രോതാക്കളിലേക്കെത്തിയത്. ഈയിടെ പുറത്തിറങ്ങിയ വേണം എന്ന മലയാളം പാട്ട് ഇതിനോടകം തന്നെ ലോകമെമ്പാടുമുള്ള സംഗീത പ്രേമികളുടെ ശ്രദ്ധ നേടിക്കഴിഞ്ഞു. ആകർഷകമായ ട്യൂണും വരികളും ദേശാന്തര ഭേദമന്യേ സ്വീകരിക്കപ്പെട്ടു. എന്തിന്റേയും ഏതിന്റേയും പുതുക്കലിനായി നിലകൊളുന്ന യുവാക്കളെ പ്രതിനിധീകരിക്കുന്ന ‘വേണം’ എന്ന പാട്ട്, പ്രമേയവും അവതരണവും കൊണ്ടാണ് ചർച്ച ചെയ്യപ്പെടുന്നത്. ഒരു മലയാളം ഇൻഡി ഗാനത്തിന് ലോകമെമ്പാടും ശ്രദ്ധ കിട്ടുന്നതും മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ശ്രോതാക്കളെ ലഭിക്കുന്നതും സാധാരണമല്ല. സ്പോട്ടിഫയ്, ആപ്പിൾ മ്യൂസിക്, തുടങ്ങി മിക്ക ഡിജിറ്റൽ പ്ലാറ്റുഫോമുകളിലും ‘വേണം’ ഇന്ന് ലഭ്യമാണ്.
video link : https://www.youtube.com/watch?v=dyR35DLNvog
മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്ന കവി ആദിത്യ ശങ്കറിന്റേതാണ് വരികൾ. 2002 മുതൽ കവിതകൾ മുഖ്യധാരയിൽ പ്രസിദ്ധീകരിച്ചു വരുന്നു. ഒരു മലയാളം ഗാനത്തിനായുള്ള അദ്ദേഹത്തിന്റെ ആദ്യ സംരംഭമാണിത്.ആഫ്റ്റർ സീയിങ്, പാർട്ടി പൂപ്പേർഴ്‌സ്, എക്സ് എക്സ് എൽ എന്നിവയാണ് ഇംഗ്ലീഷ് പുസ്തകങ്ങൾ. അനിമേഷൻ പഠിച്ച കാലത്ത് മലയാളം കവിതാ സമാഹാരം. ബാംഗ്ലൂരിൽ താമസം.സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷബീർ (ഷാബ്സ് ക്രാഫ്റ്റ്) എന്ന സംഗീതഞ്ജനാണ് ഈ പാട്ട് ചിട്ടപ്പെടുത്തിയത്. ഇത് അദ്ദേഹത്തിന്റെ മലയാളത്തിലെ ആദ്യ ഗാനമാണ്. ഇൻസ്ട്രുമെന്റൽ സിംഗിളുകളാണ് അദ്ദേഹത്തിന്റേതായി ഇതിനു മുന്നേ റിലീസ് ചെയ്തിട്ടുള്ളത്.
പ്രമുഖ ഗായകൻ ഹരീഷാണ് ‘വേണം’ ആലപിച്ചിട്ടുള്ളത്. വർഷങ്ങളായി പടിഞ്ഞാറൻ, ക്ലാസിക്കൽ ഭാഷകളിൽ നന്നായി പരിശീലനം നേടിയ ഗായകൻ കൂടി ആണ് ഹരീഷ്. ഷബീറിനെപ്പോലെ അദ്ദേഹവും സിംഗപ്പൂരിലാണ് താമസം.
മൂവരും ടെക് കമ്പനികളിൽ ജോലി ചെയ്യുന്നുവെങ്കിലും സംഗീതം അവരെ ഒരുമിച്ച് കൊണ്ടുവന്നു. ഷബീറും ആദിത്യനും സ്കൂൾ കാലം മുതൽ സുഹൃത്തുക്കളാണ്. അതേസമയം ഹരീഷും ഷബീറും സിംഗപ്പൂരിൽ കണ്ടു മുട്ടി. പുതിയതും വ്യത്യസ്തവുമായ കല സൃഷ്ടിക്കുക, ലോകമെമ്പാടുമുള്ള സംഗീത പ്രേമികളുമായി സംവദിക്കുക; ഈ മൂവർ സംഘത്തെ മുന്നോട്ട് നയിച്ച ലക്ഷ്യമിതാണ്.
“സത്യം പറഞ്ഞാൽ, പാട്ട് ഇത്രയധികം ശ്രോതാക്കളിലേക്കെത്തുമെന്ന് ഞങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അതിലും സന്തോഷകരമായ കാര്യം, ഞങ്ങളുടെ ഗാനത്തിന് ഇതര രാജ്യങ്ങളിലെ മലയാളം അറിയാത്ത ശ്രോതാക്കളിൽ നിന്ന് വരെ ലഭിക്കുന്ന സ്വീകരണമാണ്. ഗാനത്തോടൊപ്പം ചേർത്ത സബ്-ടൈറ്റിലുകളാണ് ഇത് എല്ലാവരിലും എത്താൻ സഹായിച്ചത്. പാട്ടാസ്വദിക്കുക മാത്രമല്ല, അഭിപ്രായവും അറിയിക്കുന്നുണ്ട് വ്യൂവേഴ്‌സ്. വിമർശനവും ആസ്വാദനവും അറിയിച്ച എല്ലാവരോടും നന്ദി പറയുന്നു”, ഷബീർ പറയുന്നു.
വേണം എന്ന ആശയം ആദ്യം ഉദിച്ചപ്പോൾ വരികൾക്കായി ഷബീർ അദ്ദേഹത്തിന്റെ സുഹൃത്ത് ആദിത്യനെ സമീപിക്കുകയായിരുന്നു. ഇന്നത്തെ യുവാക്കളുടെ മനോഭാവത്തെ അവരുടെ പരിസ്ഥിതി ബോധത്തെ അവരുടെ ചോദ്യം ചെയ്യലുകളെ കരുതലിനെയൊക്കെ പ്രതിനിധാനം ചെയ്യുന്നതും എന്നാൽ അവരുമായി സംവദിക്കുന്നതുമായ ഒരു രചനയാണ് അവർ പിന്നെ സൃഷ്ടിക്കാൻ ശ്രമിച്ചത്. മുൻ തലമുറയെപ്പോലെ തങ്ങൾക്ക് ചുറ്റുമുള്ള കുറവുകളും അനീതിയുമായി പൊരുത്തപ്പെടാൻ കൂട്ടാക്കാത്തവരെ ഈ പാട്ട് ഉയർത്തിപ്പിടിക്കുന്നുണ്ട്. പുതിയ തലമുറ എല്ലാം ചോദ്യം ചെയ്യണം, അർഹതപ്പെട്ട എല്ലാത്തിനും ആവശ്യപ്പെടണം, ഒന്നിലും വിട്ടുവീഴ്ച ചെയ്യരുത് എന്നെല്ലാം രസകരമായി അവതരിപ്പിക്കുക വഴി ‘മാറ്റം വേണം’ എന്ന് തന്നെയാണ് ‘വേണം’ മുന്നോട്ട് വെയ്ക്കുന്ന ആശയം.

കലാപത്തിന്റെയും കോപത്തിന്റെയും സ്വരത്തിൽ ആരംഭിച്ച് ആനന്ദത്തിലേക്കും പ്രത്യാശയിലേക്കും പ്രാർത്ഥനയിലേക്കും വഴി മാറുന്ന പാട്ട്, ഷാബ്സ്ക്രാഫ്റ്റിന്റെ അഭിപ്രായത്തിൽ, ഒരു ‘മികച്ച നാളെ’ എന്ന പ്രത്യാശ സൃഷ്ടിക്കുന്നതിനായാണ് ഇങ്ങനെ രൂപപ്പെടുത്തിയിരിക്കുന്നത്. റാപ്പ്, മെലഡി, ദക്ഷിണേന്ത്യൻ ക്ലാസിക്കൽ എന്നിവയുടെ സമന്വയമാണ് ഈ പാട്ട് എന്നതും രസകരമാണ്. റാപ്പിനും ക്ലാസിക്കലിനുമായി രണ്ട് ഗായകരെന്ന് പദ്ധതിയിട്ടിരുന്നെങ്കിലും എല്ലാ ഗാന ശാഖയിലും പ്രാവീണ്യം നേടിയ ഹരീഷിനൊപ്പം പ്രവർത്തിച്ച ശേഷം ഒരു ഗായകൻ തന്നെ മതിയെയെന്ന് ഷബീർ തീരുമാനിക്കുകയായിരുന്നു. ഒരു പുതിയ പാട്ട് സൂക്ഷ്മായ് മനസ്സിലാക്കാൻ അദ്ദേഹത്തിന് സാധിച്ചത് എൻ്റെ പണി വളരെ എളുപ്പമാക്കി. എന്റെ 10 വയസ്സുള്ള മകന്റെ (ഇഷാൻ) ചില സ്വരങ്ങളും ചില പശ്ചാത്തല ബിറ്റുകൾക്കായി ഞാൻ ഉപയോഗിച്ചു, ”ഷബീർ പറഞ്ഞു.
പാട്ട് പൂർത്തിയാക്കാൻ ആറ് മാസത്തോളമെടുത്തു. സംഗീതസംവിധായകനും ഗാനരചയിതാവിനും സിംഗപ്പൂരിൽ നിന്നും ഇന്ത്യയിൽ നിന്നും ജോലി ചെയ്യേണ്ടി വന്നു. മിക്സിംഗിനും മാസ്റ്ററിംഗിനും പ്രധാനമായും നെതർലാൻഡിലെ ഒരു സ്റ്റുഡിയോയിൽ നിന്ന് സൗണ്ട് എഞ്ചിനീയർമാരുമായി പ്രവർത്തിച്ചു. ഇന്ത്യയിലെ പ്രഗത്ഭരായ പല ടെക്നീഷ്യൻമാരും ഇൻസ്ട്രുമെന്റൽ ശബ്ദ വിദഗ്ധരും ഈ സംരംഭത്തിൻ്റെ ഭാഗമാണ്. വേണം എന്ന ഇൻഡി ഗാനത്തിന്റെ വേൾഡ്-വൈഡ് വിതരണവും ലേബലും നിയന്ത്രിക്കുന്നത് ലണ്ടൻ ആസ്ഥാനമായുള്ള ഒരു കമ്പനിയാണ്.
ആറു മിനിറ്റ് ദൈർഘ്യമെന്നത് സാധാരണമല്ല. ഈ മൂവർ സംഘം പറയുന്നതനുസരിച്ച്, പരീക്ഷണാത്മകവും കൃത്യമായ കാഴ്ചപ്പാടുമുള്ള
ഈ പാട്ടിൻ്റെ ഒഴുക്കിനതനിവാര്യമായിരുന്നു. അതുകൊണ്ടായിരിക്കാം വേണം എന്ന പാട്ട് വേറിട്ടുനിൽക്കുന്നതും സംഗീത പ്രേമികളതിനെ സ്വീകരിക്കുന്നതും.
ഇലക്ട്രിക് ഓട്ടോറിക്ഷയിലേക്ക് മാറുന്നതിലൂടെ പ്രതിമാസം പതിനായിരം രൂപയിലധികം ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്ക് ഇന്ധനചെലവില്‍ ലാഭിക്കാമെന്ന് ബഹു.വൈദ്യുതി വകുപ്പ് മന്ത്രി.ശ്രീ.കെ കൃഷ്ണന്‍കുട്ടി അഭിപ്രായപ്പെട്ടു. കോഴിക്കോട് നഗരത്തിലെ തിരഞ്ഞെടുത്ത പത്ത് കേന്ദ്രങ്ങളിലായി കെ.എസ്.ഇ.ബി. യുടെ ഇലക്ട്രിക് പോസ്റ്റുകളില്‍ ഘടിപ്പിക്കുന്ന തരത്തിലുള്ള “പോള്‍ മൌണ്ടട് ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍” ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീടുകളില്‍ പുരപ്പുറ സൗരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിച്ചാല്‍, ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യുന്നതിനും വീട്ടിലെ വൈദ്യുതി ഉപയോഗത്തിനും മാത്രമല്ല പാചകത്തിനും വൈദ്യുതി ഉപയോഗിച്ച്, പ്രതിമാസ കുടുംബചെലവുകള്‍ കുറയ്ക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കേരള ബാങ്കുമായി ചര്‍ച്ചചെയ്ത് ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്കായി കുറഞ്ഞ പലിശ നിരക്കില്‍ ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങുന്നതിനായി വായ്പ ലഭ്യമാക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്തരീക്ഷമലിനീകരണം കുറയ്ക്കുന്നതിന് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്ന് ചാര്‍ജ്ജിംഗ് സ്റ്റേഷനില്‍ ആദ്യ വാഹനം ചാര്‍ജ്ജു ചെയ്ത് ഉദ്ഘാടനം നിര്‍വ്വഹിച്ച ബഹു. പൊതുമരാമത്ത്, ടൂറിസം വകപ്പ് മന്ത്രി ശ്രീ. മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു.
കേരളത്തിലെ നിലവിലെ സ്ഥിതിയില്‍ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ ഏറ്റവും കൂടുതല്‍ ഉള്ളത് കോഴിക്കോട് ജില്ലയിലാണ്. കോഴിക്കോട് സിറ്റിയില്‍ മാത്രം അറുന്നൂറോളം ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ ഓടുന്നുണ്ട്. ഇവ എല്ലാം തന്നെ വീടുകളില്‍ രാത്രി ചാര്‍ജ്ജ് ചെയ്യുകയും 120-130 കി.മീ. ഓടിയതിനുശേഷം ബാറ്ററി ചാര്‍ജ്ജ് തീരുകയും ചെയ്യുന്നു. തുടര്‍ന്ന് ഓടുന്നതിനായി ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ ലഭ്യമല്ലാത്തതിനാല്‍ ഓട്ടോറിക്ഷ തൊഴിലാളികള്‍ വളരെയേറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്.
ഇതിനൊരു പരിഹാരമായി ഓട്ടോറിക്ഷകള്‍ക്കും ഇരു ചക്ര വാഹനങ്ങള്‍ക്കും ചാര്‍ജ്ജ് ചെയ്യാന്‍ ഉതകുന്ന തരത്തില്‍ കോഴിക്കോട് സിറ്റിയില്‍ തിരഞ്ഞെടുത്ത പത്ത് ലൊക്കേഷനുകളിലായി കെ.എസ്.ഇ.ബി. യുടെ ഇലക്ട്രിക് പോസ്റ്റുകളില്‍ ഘടിപ്പിക്കുന്ന തരത്തിലുള്ള “പോള്‍ മൌണ്ടട് ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍” സ്ഥാപിച്ചു കഴിഞ്ഞു. ഈ സ്റ്റേഷനുകള്‍ ഉപയോഗപ്പെടുത്തി കോഴിക്കോട് ടൌണില്‍ ഓടുന്ന എല്ലാ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്കും മൊബൈല്‍ ഫോണ്‍ വഴി പണമടച്ച് ചാര്‍ജ്ജ് ചെയ്യാന്‍ കഴിയും. എറ്റവും കുറഞ്ഞ പ്രീ-പെയ്ഡ് വാലറ്റ് നിരക്ക് 100 രൂപയാണ്. ഒരു തവണ ഫുള്‍ ചാര്‍ജ്ജ് ചെയ്യുമ്പോള്‍ 70 രൂപ മൊബൈല്‍ ഫോണ്‍ വഴി അടയ്ക്കാം. തുടര്‍ന്ന് 120-130 കി.മീ. ഓടുവാന്‍ കഴിയും.
കേരള സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം ഗവണ്‍മെന്റ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായാണ് സാധാരണ ജനങ്ങള്‍ക്ക് വളരെയേറെ ഉപകാരപ്രദമായ ഈ പദ്ധതി നടപ്പാക്കുന്നത്. ഓരോ ഓട്ടോറിക്ഷയും ചാര്‍ജ്ജ് ചെയ്യാന്‍ എടുക്കുന്ന സമയം, ഉപയോഗിച്ച വൈദ്യുതി, അടച്ച തുക ഇവയെല്ലാം തന്നെ കെ. എസ്. ഇ. ബി. എല്‍. നും അതുപോലെ തന്നെ ഓട്ടോറിക്ഷ ഡ്രൈവര്‍ക്കും തല്‍സമയം അറിയുവാന്‍ കഴിയും. നിലവിലുള്ള പോസ്റ്റുകളില്‍ തന്നെ ഇവ ഉറപ്പിക്കുന്നതിനാല്‍ അധിക ചിലവ് വരുന്നില്ല. CCTV അടക്കമുള്ള മതിയായ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചാണ് ഈ ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ഇപ്രകാരം സിറ്റിയില്‍ ഓടുന്ന ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് കൂടുതല്‍ സമയം ഓടുവാനും തൊഴിലാളികളുടെ വരുമാനം വര്‍ദ്ധിപ്പിക്കാനും സാധിക്കും.
കോഴിക്കോട് ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ Charge MOD ആണ് ഇതിനായി ചാര്‍ജ്ജിംഗ് ഉപകരണങ്ങളും സോഫ്റ്റ് വെയറും മറ്റും വികസിപ്പിച്ചത്. സംസ്ഥാന ഗവണ്‍മെന്റിന്റെ ഈ-മൊബിലിറ്റി പ്രമോഷന്‍ ഫണ്ടില്‍ നിന്നും 2.52 ലക്ഷം രൂപ ചിലവഴിച്ചാണ് പ്രസ്തുത ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ചത്. രണ്ടാം ഘട്ടത്തില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലുമായി 1000 പോള്‍ മൗണ്ടഡ് ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനായി ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.
ഒരു പെട്രോള്‍ ഓട്ടോറിക്ഷ 120 കി. മീ. ഓടുവാന്‍ 14 ലിറ്റര്‍ പെട്രോള്‍ വേണ്ടി വരും. എന്നാല്‍ ഇത്രയും ദൂരം ഓടാന്‍ ഒരു ഇലക്ടിക് ഓട്ടോയ്ക്ക് ശരാശരി ഏഴ് യൂണിറ്റ് വൈദ്യതി മതിയാകും. ഈ സംവിധാനം കെ.എസ്.ഇ.ബി.എല്‍.ന് കേന്ദ്രീകൃതമായി പണം വരുന്നതും എത്ര വൈദ്യുതി ഉപയോഗിച്ചുവെന്നും, ഏത് വണ്ടിയാണ് ചാര്‍ജ്ജ് ചെയ്തതെന്നും അടക്കം സോഫ്റ്റ് വെയര്‍ വഴി അറിയുവാന്‍ കഴിയും. പെട്രോള്‍ ഓട്ടോ ഓടിക്കുന്ന ഒരാള്‍ ശരാശരി ഒരു മാസം 3600 കി. മീ. ഓടുവാന്‍ വരുന്ന ചിലവ് 13,500/- രൂപയോളം ചെലവ് വരും. ഇലക്ടിക് ഓട്ടോറിക്ഷ ഒരു മാസം ഇതേ ദൂരം ഓടാന്‍ എകദേശം 2,220/- രൂപയോ ആകൂ. അതായത് ശരാശരി ഒരു മാസം 11,000/- രൂപയോളം ഒരു ഓട്ടോറിക്ഷയ്ക്ക് ലാഭിക്കാം.