Latest News

കോഴിക്കോട് തിക്കോടിയില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ ബിജെപി പ്രവര്‍ത്തകനായ നന്ദകുമാറിനെ ന്യായീകരിച്ച് സുഹൃത്തുക്കളുടെ പ്രചരണം. മരിച്ച കൃഷ്ണപ്രിയയെ മോശക്കാരിയാക്കി ചിത്രീകരിച്ചുകൊണ്ടാണ് നന്ദകുമാറിന്റെ കൃത്യത്തെ സ്വാഭാവികപ്രതികരണമാണെന്ന രീതിയില്‍ സുഹൃത്തുക്കള്‍ പ്രചരിപ്പിക്കുന്നത്.കൃഷ്ണപ്രിയയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്നും അതില്‍ പ്രകോപിതനായാണ് നന്ദകുമാര്‍ കൊലപാതകം നടത്തിയതെന്നാണ് ഇവര്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. മരിച്ച നന്ദകുമാറിന് വേണ്ടി ചെയ്യുന്ന ‘നന്മ’ എന്ന രീതിയിലാണ് ഇവര്‍ ഓഡിയോ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച് കൊലപാതകത്തെ ന്യായീകരിക്കുന്നത്.

ചില സംഘപരിവാര്‍ അനുഭാവ ഓണ്‍ലൈന്‍ മാധ്യമങ്ങളും ഓഡിയോ പ്രചരിപ്പിച്ച് കൊലയെ ന്യായീകരിക്കാന്‍ ശ്രമം നടത്തുന്നുണ്ട്.സുഹൃദ് ബന്ധത്തിന്റെ പേരില്‍ നന്ദകുമാര്‍ കൃഷ്ണപ്രിയയുടെ വ്യക്തിപരമായ കാര്യങ്ങളില്‍ അമിത ഇടപെടലുകള്‍ നടത്തിയിരുന്നെന്ന് ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ‘മുടി അഴിച്ചിടാന്‍ സമ്മതിക്കില്ല’, ‘ചുരിദാറിന്റെ ഷാള്‍ ഒരു വശം മാത്രമായി ഇടാന്‍ പാടില്ല’, ‘ഒരുങ്ങി നടക്കാന്‍ പാടില്ല,’ ‘താന്‍ പറയുന്നയാളെയേ ഫോണ്‍ ചെയ്യാന്‍ പാടുള്ളൂ’ തുടങ്ങിയ നിര്‍ദേശങ്ങളാണ് നന്ദകുമാര്‍ കൃഷ്ണപ്രിയയ്ക്ക് നല്‍കിയിരുന്നതെന്നും എതിര്‍ക്കുമ്പോള്‍ അസഭ്യം പറയുമായിരുന്നെന്നും രക്ഷിതാക്കളും പറഞ്ഞിരുന്നു.

മാത്രമല്ല, നന്ദകുമാറിനെ ഭയന്ന് ജോലിക്ക് പോകാന്‍ പോലും കൃഷ്ണപ്രിയ ഭയന്നിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു.വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെയാണ് തിക്കോടി ഗ്രാമപഞ്ചായത്തിന് മുമ്പില്‍ വച്ച് നന്ദകുമാര്‍ പഞ്ചായത്തിലെ താല്‍കാലിക ജീവനക്കാരിയായ കൃഷ്ണപ്രിയയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്നത്. തുടര്‍ന്ന് സ്വയം തീ കൊളുത്തിയ നന്ദകുമാറും പിന്നീട് ആശുപത്രിയില്‍ വച്ച് മരിച്ചിരുന്നു.

ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ നാളെ ആലപ്പുഴയില്‍ സര്‍വകക്ഷി യോഗം. ജില്ലാ കലക്ടറാണ് യോഗം വിളിച്ചിരിക്കുന്നത്. നാളെ വൈകുന്നേരം മൂന്നു മണിക്ക് നടക്കുന്ന യോഗത്തില്‍ മന്ത്രിമാരും വിവിധ രാഷ്ടീയപാര്‍ട്ടി നേതാക്കളും ജില്ലയിലെ ജനപ്രതിനിധികളും പങ്കെടുക്കും. ജില്ലയില്‍ നാളെയും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

മണിക്കൂറുകളുടെ ഇടവേളയില്‍ രണ്ടു കൊലപാതകങ്ങളാണ് ആലപ്പുഴയില്‍ നടന്നത്. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് ആലപ്പുഴ മണ്ണഞ്ചേരിയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനിന് വെട്ടേറ്റത്. നാല്‍പ്പതോളം വെട്ടുകളേറ്റ ഷാനിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അര്‍ധരാത്രിയോടെ മരിക്കുകയായിരുന്നു.

ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ആലപ്പുഴ വെള്ളക്കിണറില്‍ ബിജെപി നേതാവും ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയുമായ രഞ്ജിത് ശ്രീനിവാസിനെ ഒരു സംഘം ആക്രമികള്‍ വെട്ടിക്കൊന്നത്. പുലര്‍ച്ചെ പ്രഭാതസവാരിക്കിറങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെ വാതിലില്‍ മുട്ടിയ അക്രമികള്‍ വാതില്‍ തുറന്നയുടന്‍ വെട്ടിക്കൊല്ലുകയായിരുന്നു. ഷാനിന്റെ കൊലപാതകത്തിന് പിന്നില്‍ ബിജെപിയാണെന്നാണ് എസ്ഡിപിഐ ആരോപണം. അതേസമയം, രഞ്ജിത്തിന്റെ കൊലയ്ക്ക് പിന്നില്‍ എസ്ഡിപിഐയാണെന്ന് ബിജെപിയും ആരോപിച്ചു.

എസ്ഡിപിഐ, ബിജെപി സംസ്ഥാന നേതാക്കളുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് 50 പേരെ കസ്റ്റഡിയില്‍ എടുത്തതായി ഐജി ഹര്‍ഷിത അട്ടല്ലൂരി അറിയിച്ചു. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാന്‍ കൊലപാതകവുമായി ബന്ധപ്പെട്ട് 20ഓളം ബിജെപി പ്രവര്‍ത്തകരാണ് കസ്റ്റഡിയിലുള്ളത്. മണ്ണഞ്ചേരി സ്വദേശികളായ പ്രസാദ്, കൊച്ചുകുട്ടന്‍ എന്നിവരടക്കമുള്ളവരാണ് കസ്റ്റഡിയിലുള്ളത്. ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 20ലധികം എസ്ഡിപിഐ പ്രവര്‍ത്തകരും കസ്റ്റഡിയിലുണ്ട്. എന്നാല്‍ ഇവരുടെയൊന്നും കൂടുതല്‍ വിവരങ്ങള്‍ അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല.

‘അന്വേഷണം പുരോഗമിക്കുകയാണ്. ബാക്കി കാര്യങ്ങള്‍ പിന്നീട് അറിയിക്കാം. ഇരു കൊലപാതകങ്ങളുമായി ബന്ധമുണ്ടോ എന്നത് അന്വേഷിക്കുകയാണ്. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും ഐജി അറിയിച്ചു. ക്രമസമാധാനനില തകര്‍ക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.’ സംഘര്‍ഷമേഖലയില്‍ ആയിരത്തോളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്നും ഐജി ഹര്‍ഷിത പറഞ്ഞു.

കൊലപാതകങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ക്രമസമാധാനത്തിന്റെ ചുമതലയുള്ള എഡിജിപി വിജയ് സാഖറെയ്ക്കാണ് അന്വേഷണ ചുമതല. എഡിജിപി വിജയ് സാഖറെ, ഐജി. ഹര്‍ഷിത അട്ടല്ലൂരി എന്നിവര്‍ ആലപ്പുഴയില്‍ ക്യാമ്പ് ചെയ്യുന്നുണ്ടെന്നും കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്ന് ഡിജിപി അനില്‍കാന്ത് പ്രതികരിച്ചു. സംഭവത്തില്‍ പൊലീസിന് ജാഗ്രത കുറവ് ഉണ്ടായിട്ടില്ലെന്നും ഡിജിപി വ്യക്തമാക്കി.

അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ സംഘര്‍ഷ മേഖലയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കാനാണ് ഡിജിപിയുടെ നിര്‍ദ്ദേശം. ആവശ്യമെങ്കില്‍ പാര്‍ട്ടി ഓഫീസുകള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. പ്രതിഷേധ പ്രകടനങ്ങള്‍ പരിധി വിടാതിരിക്കാന്‍ കരുതല്‍ ഉണ്ടാകും. ഡിജിപിയുടെ നിര്‍ദ്ദേശത്തിന്റെ ഭാഗമായി പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ഒഴിവാക്കാന്‍ ഇരുവിഭാഗങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കാനാണ് പൊലീസ് തീരുമാനം.

ജോൺ കുറിഞ്ഞിരപ്പള്ളിയിയുടെ ഏറ്റവും പുതിയ നോവൽ ആറോൺ ഉടൻ വായനക്കാരിലേയ്ക്ക് എന്തും.
നിർവ്വചിക്കാനാവാത്ത ജന്മബന്ധങ്ങളുടെ അദൃശ്യമായ ചരടുകളാൽ ബന്ധിക്കപ്പെട്ട ഒരു സൗഹൃദത്തിൻറെ കഥയാണ് ആറോൺ.പ്രായമോ സ്വഭാവമോ സാഹചര്യങ്ങളോ അനുകൂലമല്ലാത്ത രണ്ടുവ്യക്തികൾ തമ്മിൽ എങ്ങനെ സുഹൃത്തുക്കളാകും എന്ന ചോദ്യത്തിന് ഉത്തരമില്ല. എവിടെനിന്നോ ഉത്ഭവിച്ചു് വ്യത്യസ്തമായ ഭൂതലങ്ങളിലൂടെ ഒഴുകി ഒന്നായി ചേർന്നൊഴുകുന്ന അരുവികൾ പോലെ ഒരു പ്രതിഭാസം.ചിലപ്പോൾ അവരുടെ മനസ്സുകളുടെ സങ്കീർണ്ണമായ ഉള്ളറകളിൽ എവിടെയോ മറഞ്ഞിരിക്കുന്ന നിസ്സഹായതയുടെ ബഹിർസ്പുരണം ആകാം അവരെ തമ്മിൽ അടുപ്പിക്കുന്നത് അനാഥത്വത്തിൻറെ നിസ്സഹായത അനുഭവിക്കുന്നതുവരെ മനസ്സിലാകാൻ വിഷമമാണ് എന്നാണ് പറയപ്പെടുന്നത്.
വ്യത്യസ്തമായ വായനാനുഭവം നൽകി വായനക്കാരെ ഒരു പുതിയ ലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു ആറോൺ.

ജോൺ കുറിഞ്ഞിരപ്പള്ളി മലയാളം യുകെയിൽ എഴുതിയ മേമനെകൊല്ലി തുടങ്ങിയ രചനകൾ വൻ ജനപ്രീതി നേടിയിരുന്നു .

യുകെയിൽ ആകെ ഒമിക്രോൺ കേസുകൾ പതിനായിരം കടന്നു. രാജ്യത്തുടനീളം പ്രതിദിനം 90,418 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. തുടർച്ചയായി നാലാം ദിവസമാണ് പ്രതിദിന കോവിഡ് കേസുകളിലെ റിക്കോർഡ് വർദ്ധനവ്.

അതേസമയം കോവിഡിനെ നിയന്ത്രിക്കാൻ പുതിയ നടപടികളില്ലാതെ ഇംഗ്ലണ്ടിലെ ആശുപത്രി പ്രവേശനം ഒരു ദിവസം 3,000 ആയി ഉയരുമെന്ന് സർക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാക്കൾ മുന്നറിയിപ്പ് നൽകി. തലസ്ഥാനത്ത് അടിയന്തിര സംഭവം പ്രഖ്യാപിച്ചതോടെ കാര്യങ്ങൾ എത്രത്തോളം ഗുരുതരമാണ് എന്ന് കാണിക്കുന്നതായി ലണ്ടൻ മേയർ സാദിഖ് ഖാൻ പറഞ്ഞു.

ഈ വാരാന്ത്യത്തിൽ നടക്കുന്ന കോബ്ര എമർജൻസി കമ്മിറ്റിയുടെ മീറ്റിംഗിനൊപ്പം ഇന്നലെ ഉച്ചതിരിഞ്ഞ് ഏറ്റവും പുതിയ കോവിഡ് ഡാറ്റയെക്കുറിച്ചുള്ള ഒരു ബ്രീഫിംഗ് മന്ത്രിമാർക്ക് ആരോഗ്യവിഭാഗം നൽകിയിരുന്നു. കോവിഡിൽ നിന്നുള്ള ആശുപത്രി പ്രവേശനം മുമ്പത്തെ തരംഗങ്ങൾക്ക് താഴെയായിനിർത്താൻ ദേശീയ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ആവശ്യമായി വരുമെന്ന് സർക്കാരിന്റെ ശാസ്ത്ര ഉപദേശകർ പറഞ്ഞു.

ഇംഗ്ലണ്ടിലെ നിലവിലെ പ്ലാൻ ബി നിയമങ്ങൾക്കപ്പുറമുള്ള ഇടപെടൽ ഇല്ലെങ്കിൽ, ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം ഒരു ദിവസം 3,000 ആയി ഉയരുമെന്ന് സയന്റിഫിക് അഡ്വൈസറി ഗ്രൂപ്പ് ഫോർ എമർജൻസി (സേജ്) അംഗങ്ങൾ കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ പ്രതിദിന ഡാറ്റ കാണിക്കുന്നത് 900 കോവിഡ് രോഗികളെ യുകെയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നാണ്.

ഒമിക്രോണിന്റെ വ്യാപനം തടയുന്നതിനുള്ള കൂടുതൽ നടപടികളിൽ ഗ്രൂപ്പ് വലുപ്പങ്ങൾ കുറയ്ക്കുക, ശാരീരിക അകലം വർദ്ധിപ്പിക്കുക, കോൺടാക്റ്റുകളുടെ ദൈർഘ്യം കുറയ്ക്കുക, ഉയർന്ന അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ വിലക്കേർപ്പെടുത്തുക എന്നിവ ഉൾപ്പെടുമെന്ന് സേജ് ഉപദേശകർ പറഞ്ഞു. ഇൻഡോർ മിക്‌സിംഗ് ഓമിക്‌റോണിന്റെ വ്യാപനത്തിനുള്ള ഏറ്റവും വലിയ അപകട ഘടകമാണ്.

കൂടാതെ വലിയ ഒത്തുചേരലുകൾ അപകട സാധ്യത കൂട്ടുന്നതാണെന്നും ഉപദേശകർ പറഞ്ഞു. 2022 വരെ കർശനമായ നടപടികൾ അവതരിപ്പിക്കുന്നത് കാലതാമസം വരുത്തുന്നത് അത്തരം ഇടപെടലുകളുടെ ഫലപ്രാപ്തിയെ വളരെയധികം കുറയ്ക്കുകയും ഇത് ആരോഗ്യ, പരിചരണ ക്രമീകരണങ്ങളിൽ ഗണ്യമായ സമ്മർദ്ദം തടയാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുമെന്നും അവർ മുന്നറിയിപ്പ് നൽകി.

താരസംഘടനയായ അമ്മയുടെ ഭാരവാഹിത്വത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലിന് തിരിച്ചടി. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന മത്സരത്തില്‍ മണിയന്‍ പിള്ള രാജുവും നടി ശ്വേത മേനോനും വിജയിച്ചു.

ഔദ്യോഗിക പാനലില്‍ നിന്ന് സ്ഥാനാര്‍ത്ഥിയായ ആശ ശരത് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. 224 വോട്ടാണ് മണിയന്‍ പിള്ള രാജുവിന് ലഭിച്ചത്. ശ്വേത മേനോന് 176 വോട്ട് ലഭിച്ചപ്പോള്‍ ആശ ശരത്തിന് 153 വോട്ടുകള്‍ മാത്രമാണ് നേടാനായത്.

ഔദ്യോഗിക പാനലായി ആശ ശരത്തിനെയും ശ്വേത മേനോനെയുമായിരുന്നു മത്സരത്തിന് നിര്‍ത്തിയിരുന്നത്. എക്‌സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലിനെതിരെ നിന്ന വിജയ് ബാബുവും ലാലും വിജയിച്ചു. ലാലിന് 212 വോട്ടും വിജയ് ബാബുവിന് 228 വോട്ടുമാണ് ലഭിച്ചത്.

11 പേരുള്ള എക്‌സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് 14 പേരായിരുന്നു മത്സരിച്ചിരുന്നത്. ഹണി റോസ്, നിവിന്‍ പോളി, നാസര്‍ ലത്തീഫ് എന്നിവരാണ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടവര്‍.

കൊച്ചിയിലാണ് അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡിയും തെരഞ്ഞെടുപ്പും നടന്നത്. അമ്മ പ്രസിഡന്റായി മോഹന്‍ലാലും ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സിദ്ധീഖ് ട്രഷററായും ജയസൂര്യ ജോ.സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.

പാനലില്‍ നിന്ന് മത്സരിച്ചവര്‍ക്ക് ലഭിച്ച വോട്ടുകള്‍,

മണിയന്‍പിള്ള രാജു 224
ശ്വേത മേനോന്‍ 176
ആശ ശരത് 153

എക്‌സിക്യൂട്ടീവ് കമ്മറ്റി

ബാബുരാജ് 242
ലാല്‍ 212
ലെന 234
മഞ്ജു പിള്ള 215
രചന നാരായണന്‍കുട്ടി 180
സുധീര്‍ കരമന 261
സുരഭി 236
ടിനി ടോം 222
ടൊവിനോ തോമസ് 220
ഉണ്ണി മുകുന്ദന്‍ 198
വിജയ് ബാബു 225
ഹണി റോസ് 145
നിവിന്‍ പോളി 158
നാസര്‍ ലത്തീഫ് 100

ടൊവിനോ തോമസിനെ കുറിച്ച് നടന്‍ ഭരത് പങ്കുവച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കൂതറ എന്ന സിനിമ ചെയ്യുന്നത് സമയത്ത് പെട്രോള്‍ വാങ്ങാന്‍ പോലും കാശില്ലാത്ത അവസ്ഥയുണ്ടായിരുന്നു ടൊവിനോയ്ക്ക് എന്നാണ് ഒരു അഭിമുഖത്തിനിടെ ഭരത് പറഞ്ഞത്.

മലയാളത്തിലെ യങ് സൂപ്പര്‍സ്റ്റാര്‍ ആണ് ടൊവിനോ. യുവാക്കള്‍ക്ക് ഏറെ ഇഷ്ടമുള്ള താരം. വളരെ സിംപിളാണ് ടൊവിനോയെന്നും ഡൗണ്‍ ടു എര്‍ത്താണെന്നും ഭരത് പറയുന്നു. പിന്നാലെ കൂതറ ചെയ്യുമ്പോള്‍ നടന്ന രസകരമായ എന്തെങ്കിലും ഓര്‍മ്മകളുണ്ടോ എന്ന ചോദ്യത്തിനും ഭരത് മറുപടി പറഞ്ഞു.

ഇത് ഇപ്പോള്‍ പറയുന്നതില്‍ തനിക്ക് മടിയില്ല. കൂതറ ചെയ്യുന്നത് സമയത്ത് പെട്രോള്‍ വാങ്ങാന്‍ പോലും കാശില്ലാത്ത അവസ്ഥയുണ്ടായിരുന്നു ടൊവിനോയ്ക്ക്. അങ്ങനെയുള്ളൊരു സാഹചര്യത്തില്‍ നിന്നുമാണ് അവന്‍ ഇവിടെ വരെ എത്തിയത്. അവന്റെ വളര്‍ച്ച നോക്കൂ. മറ്റൊരു ലീഗിലാണ് അവനിന്ന്.

സെല്‍ഫ് മെയ്ഡ് സ്റ്റാര്‍ ആണ് ടൊവിനോ. ഇന്‍ഡസ്ട്രിയില്‍ ആരുമില്ലാത്തൊരാള്‍ നേരിടേണ്ടി വരുന്ന വേദനകള്‍ തനിക്ക് മനസിലാകും. അങ്ങനെയുള്ളൊരാള്‍ ഒറ്റയ്ക്ക് ഇത്രയും വലിയൊരു വളര്‍ച്ചയുണ്ടാക്കിയത് പ്രശംസനീയമാണെന്നും ഭരത് പറയുന്നു.

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത കൂതറയിലും കുറുപ്പിലും ഭരതും ടൊവിനോയും ഒന്നിച്ചിരുന്നു. ചാര്‍ലി എന്ന അതിഥി വേഷത്തിലാണ് ടൊവിനോ ചിത്രത്തില്‍ എത്തിയത്. ഇസാക് എന്ന കഥാപാത്രമായാണ് ഭരത് ചിത്രത്തില്‍ വേഷമിട്ടത്.

അഞ്ച് ദിവസം മുൻപ് കാണാതായ പത്താം ക്ലാസുകാരിയുടെ മൃദദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഈ മാസം 12 ന് കാണാതായ ശിവാനന്ദപുരം  സ്വദേശിയായ പെൺകുട്ടിയുടെ മൃതദേഹമാണ് ശരവണംപെട്ടിക്ക് സമീപം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും അന്വേഷണം നടത്തിയെങ്കിലും കണ്ടത്താനായില്ല. തുടർന്ന് പോലീസിൽ പരാതി നൽകി പോലീസ് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.

ശിവാനന്ദപുരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ചാക്ക് കെട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി പരിശോധിച്ചപ്പോഴാണ് മൃദദേഹം കണ്ടെത്തിയത്. കൈകാലുകൾ ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയുടെ ബന്ധുക്കൾ തിരിച്ചറിഞ്ഞു.

കോയമ്പത്തൂരിലെ ശിവാനന്ദത്തിൽ അമ്മയ്ക്കും മൂത്ത സഹോദരിക്കും അമ്മൂമ്മയ്ക്കുമൊപ്പമാണ് കാർത്തിക താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. കാർത്തികയെ അവസാനമായി കണ്ടത് ഒരു മൊബൈൽ ഹാൻഡ്‌സെറ്റ് കടയുടെ ഉടമയാണ് – അവൾ ഫോണിൽ സംസാരിക്കുകയായിരുന്നു. അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കാർത്തികയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രിക്ക് പുറത്ത് പ്രതിഷേധ പ്രകടനങ്ങൾ നടന്നു. പോലീസ് വൃത്തങ്ങൾ പറയുന്നതനുസരിച്ച്, സംശയിക്കുന്നവരിൽ ഒരാളെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് അല്ലു അര്‍ജുന്‍ ചിത്രം ‘പുഷ്പ’യുടെ മലയാളം ഡബ്ബ്ഡ് വേര്‍ഷന്‍ എത്തിയത്. കേരളത്തില്‍ ഏറെ ആരാധകരുള്ള താരമാണ് അല്ലു അര്‍ജുന്‍. വര്‍ഷങ്ങളായി അല്ലു അര്‍ജുന്റെ ശബ്ദം മലയാളത്തില്‍ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകന്‍ ജിസ് ജോയ്‌യുടെതാണ്.

പുഷ്പയ്ക്ക് ശബ്ദം നല്‍കിയതിന് ശേഷം അല്ലു അര്‍ജുനെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. ചിത്രത്തിന്റെ പ്രമോഷന് വിളിച്ചിരുന്നെങ്കിലും തന്റെ ഒരു ചിത്രത്തിന്റെ ട്രിമ്മിങ് നടക്കുന്നതിനാല്‍ പങ്കെടുക്കാനായില്ല. നടന്റെ മാനേജറുമായി സംസാരിച്ചിരുന്നതായും ജിസ് ജോയ് അഭിമുഖത്തില്‍ പറഞ്ഞു.

ആദ്യത്തെ പത്തു സിനിമകള്‍ക്കു ശേഷം പിന്നീട് അല്ലു ഒന്നും പറഞ്ഞിട്ടില്ല. പല അഭിമുഖങ്ങളിലും അദ്ദേഹം തന്നെ കുറിച്ച് പറയാറുണ്ട്. തെലുങ്കല്ലാതെ മറ്റു ഭാഷകളില്‍ ഡബ് ചെയ്യുന്നവരില്‍ തനിക്ക് ഏറ്റവും ഇഷ്ടം ജിസ് ചെയ്യുന്നതാണെന്നു പറഞ്ഞിട്ടുണ്ട്.

തന്റെ ശബ്ദം അല്ലുവിന് ചേരുമെന്നു കണ്ടു പിടിച്ചത് ഖാദര്‍ ഹസന് എന്ന നിര്‍മ്മാതാവാണ്. അല്ലുവിനെ മലയാളത്തിന് പരിചയപ്പെടുത്തിയ വ്യക്തി. അല്ലു ചിത്രങ്ങളുടെ പോസ്റ്ററുകളും ബാനറുകളും നിരത്തിയും ഫാന്‍സുകാരെ സംഘടിപ്പിച്ചും ഖാദര്‍ ഹസന്‍ നിരന്തരം അധ്വാനിച്ചു.

കായംകുളം കൊച്ചുണ്ണിയില്‍ മണിക്കുട്ടന് വേണ്ടി ആയിരം എപ്പിസോഡുകള്‍ ഡബ്ബ് ചെയ്തിരുന്നു. അതു കേട്ടിട്ടാണ് ഖാദര്‍ ഹസന്‍ തന്നെ വിളിക്കുന്നത് എന്നാണ് ജിസ് ജോയ് പറയുന്നത്. അതേസമയം, സുകുമാര്‍ ഒരുക്കിയ പുഷ്പയില്‍ ഫഹദ് ഫാസില്‍ ആണ് വില്ലന്‍ വേഷത്തില്‍ എത്തിയത്.

ഫാ. ഹാപ്പി ജേക്കബ്

അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം, ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്ക് സമാധാനം. വിശുദ്ധ ലൂക്കോസിൻെറ സുവിശേഷം അധ്യായം രണ്ടിലെ 14- ലാമത്തെ വാക്യത്തിൽ തിരുജനനത്തിൻ്റെ അല ഒലികൾ ഭൂമിയിൽ മാത്രമല്ല സ്വർഗ്ഗത്തിലും നാം ദർശിക്കുന്നു. ഈ ഗീതികൾ പൂർത്തീകരിക്കപ്പെട്ടത് കാൽവരിയിൽ ആണെങ്കിലും അതിൻെറ ദീർഘദർശനമായി നമുക്ക് ഈ വാക്കുകൾ ശ്രവിക്കാം. ഇതാ സകലവും നിവൃത്തിയായി എന്ന് പറഞ്ഞു തൻ്റെ പ്രാണൻ വിട്ടപ്പോൾ തൻ്റെ ദൗത്യം പൂർത്തീകരിക്കപ്പെട്ടതായി നമുക്ക് മനസ്സിലാക്കാം.

എൻ്റെ വീണ്ടെടുപ്പ് ആണ് കർത്താവിൻ്റെ ജനനത്തിനായി നമ്മെ ഒരുക്കേണ്ടത് എന്ന് പ്രാഥമികമായി നാം ഓർക്കുക. ദൈവപ്രസാദമുള്ളവരായി നാം തീരേണ്ടതിന് ദൈവസുതൻ ജാതം ചെയ്തതിന് നാം ദൈവത്തെ മഹത്വപ്പെടുത്തണം . സകല ലോക അനുഭവങ്ങളും ത്യജിച്ചാണ് ദൈവപ്രീതി ലഭ്യമാക്കാൻ അവൻ അവതരിച്ചത്. ലോക പ്രകാരമുള്ള ഒരു ലാഭവും അവൻ്റെ ജനനത്തിന് നിദാനമായിട്ടില്ല . ആന്തരിക സമാധാനവും ദൈവപ്രീതിയുമാണ് ക്രിസ്തുമസിന് പിൻപിലുള്ളത്. പണമോ , സുഖസൗകര്യങ്ങളോ, പ്രൗഢിയോ , ആഡംബരമോ ഒന്നും തരുവാനല്ല എൻെറ യേശു ഈ ലോകത്തിൽ ജാതം ചെയ്തത്. എന്നാൽ ഇന്ന് പലരും ഇതിനെ കോട്ടികളയുകയും ഹൃദയങ്ങളിൽ നിന്ന് ദൈവപ്രീതി വികലമാക്കുകയും ചെയ്യുന്നു.

തൻ്റെ ഉള്ളിൽ ശിശു ജാതം ചെയ്തു എന്ന് തിരിച്ചറിഞ്ഞ മറിയം തൻ്റെ ചാർച്ചക്കാരിയായ എലിസബത്തിനെ കാണാൻ പോയ അനുഭവം നാം ഓർക്കേണ്ടതായിട്ടുണ്ട്. വി. ലൂക്കോസിൻെറ സുവിശേഷം അധ്യായം 1, 42-മത്തെ വാക്യം മുതൽ ഇത് പ്രതിപാദിക്കുന്നു. അവിടെ മറിയം ദൈവത്തെ മഹത്വപ്പെടുത്തി കൊണ്ട് പറയുന്ന നാല് കാര്യം ഈ കാലയളവിൽ നാം ഓർക്കുക. 1, അവനെ ഭയപ്പെടുന്നവർക്ക് അവൻ്റെ കരുണ തലമുറതലമുറയോളം ലഭിക്കും. 2 .ഹൃദയംകൊണ്ട് അഹങ്കരിക്കുന്നവരെ അവൻ ചിതറിക്കും. 3 സിംഹാസനങ്ങളെ മറിച്ച് താഴെ ഉള്ളവരെ ഉയർത്തും. 4 . വിശന്നിരിക്കുന്നവരെ നന്മകൾ കൊണ്ട് നിറയ്ക്കും.

ഈ കാര്യങ്ങളാണ് ഒരുവൻെറ ഹൃദയത്തിൽ ക്രിസ്തു ജനിക്കുമ്പോൾ സംഭവിക്കുന്നത്. സൂക്ഷ്മമായി നാം ചിന്തിക്കുമ്പോൾ ഈ നാല് കാര്യങ്ങൾ കൊണ്ട് ഒരുവൻ പുതുതായി തീരും. നാം ആയിരിക്കുന്ന ഭാവവും ചുറ്റുപാടും ജനനത്തിൽ പങ്കാളി ആവുമ്പോൾ മാറിമറിയും. അങ്ങനെ ഒരു പാപി അനുതപിക്കുമ്പോൾ സ്വർഗ്ഗം സന്തോഷിക്കും.

ദൈവികമായ ഈ ജനനം സ്വീകരിക്കുവാൻ ദൈവപ്രീതി ആവശ്യമാണ്. യാഥാർഥ്യമായി ജനനം നമ്മിൽ ചലനം സൃഷ്ടിക്കുമ്പോൾ നമ്മുടെ സമാധാനം മാത്രമല്ല സ്വർഗീയ സന്തോഷം കൂടി നാം പ്രാപ്തമാക്കുന്നു. എന്നാൽ ഇന്ന് നാം കാണുന്ന ആധുനിക പ്രഭാഷണങ്ങളും പഠിപ്പിക്കലുകളും യഥാർത്ഥമായ ഈ അനുഭവങ്ങളിൽനിന്നും വളരെ ദൂരെയാണ്. കോടികളുടെ കഥയും ആർഭാടവും ആണ് ഇന്നിൻെറ സുവിശേഷം . ജനത്തിന് അതുമതി. പരമ്പരാഗതമായി പാലിച്ചു വന്ന വിശ്വാസങ്ങളെല്ലാം കാറ്റിൽപറത്തി പണവും സ്റ്റാറ്റസും കൈമുതൽ ആക്കുവാനുള്ള സാധാ ജീവിതത്തിൽ ക്രിസ്തു ജനിക്കുകയില്ല. പ്രവാചകന്മാർ അരുളി ചെയ്ത പ്രവചനങ്ങളിലും സഹനത്തിൻെറ ദാസനായ ദൈവപുത്രനെയാണ് വരച്ച് കാണിച്ചിരിക്കുന്നത് .

അത്തരത്തിൽ നാം മനസ്സിലാക്കുമ്പോൾ എളിമയുടെ, ലാളിത്യത്തിൻെറ പ്രതീകമായ പെരുന്നാളാണ് ക്രിസ്തുമസ്. ഗലാത്യർ 4 :4 -ൽ ഇപ്രകാരം വായിക്കുന്നു. എന്നാൽ കാലത്തിൻെറ പൂർണ്ണത വന്നപ്പോൾ ദൈവം തൻെറ പുത്രനെ സ്ത്രീയിൽ നിന്ന് ജനിച്ചവനായി ന്യായപ്രമാണത്തിൽ കീഴുള്ളവരെ വിലയ്ക്ക് വാങ്ങിയിട്ട് നാം പുത്രത്വം പ്രാപിക്കേണ്ടതിന് തന്നെ. നിങ്ങൾ മക്കൾ ആകകൊണ്ട് ആബാ പിതാവേ എന്ന് വിളിക്കുന്ന സ്വപുത്രൻ്റെ ആത്മാവിനെ നമ്മുടെ ഹൃദയങ്ങളിൽ ആയ്ച്ചു. അങ്ങനെ വിശേഷതയുള്ളവരായി നമ്മെ തീർക്കുകയും ദാസനല്ല, പുത്രത്വത്തിൻ്റെ ആത്മാവിനെ ഈ ജനനം മൂലം നമുക്ക് നൽകി. നമ്മുടെ സന്തോഷം പൂർത്തീകരിക്കുന്നതിന് ഒപ്പം സ്വർഗ്ഗവും സന്തോഷിക്കുവാൻ എൻെറ ഉള്ളിൽ ക്രിസ്തു ജനിച്ചിരിക്കണം. അതിനുവേണ്ടി നമ്മെ ഒരുക്കുന്ന ദിനങ്ങളാണ് ഈ നോമ്പിലൂടെ നാം യാഥാർഥ്യമാക്കുന്നത് . വീണ്ടും ഓർമ്മിപ്പിക്കട്ടെ. പ്രതീകങ്ങളിൽ ഉള്ള നമ്മുടെ ആചാരങ്ങളെ മാറ്റി യഥാർത്ഥമായ അനുഭവം നമുക്കുണ്ടാകണം. ഈ ലോകത്തിൻെറ കെടുതികളും യാതനകളും നമ്മെ ഗ്രസിക്കുമ്പോൾ അല്പമെങ്കിലും സമാധാനം നമ്മൾക്കുണ്ടാകാനും നമ്മളിലൂടെ മറ്റുള്ളവർക്ക് പ്രാപ്യമാകാനും നമുക്ക് ശ്രമിക്കാം.

എൻറെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു, ലോകം തരുന്നത് പോലെ അല്ല ഞാൻ നിങ്ങൾക്ക് തരുന്നത്. നിങ്ങളുടെ ഹൃദയം കലങ്ങരുത് , ഭ്രമിക്കുകയും അരുത് . യോഹന്നാൻ 14 : 27 ലൗകികതകളെ വെടിഞ്ഞ് യഥാർത്ഥമായ അനുഭവം ഈ ജനനപ്പെരുന്നാളിൽ സാധ്യമാകട്ടെ. നമുക്ക് ദൈവപ്രീതി ലഭിക്കുകയും സ്വർഗ്ഗം സന്തോഷിക്കുകയും ചെയ്യുവാൻ ക്രിസ്തു നമ്മിൽ ജനിക്കട്ടെ.

ക്രിസ്തു ശുശ്രൂഷയിൽ

ഹാപ്പി ജേക്കബ് അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ്

മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ   സെക്രട്ടിയായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. കൂടാതെ മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകയിലും, ന്യൂകാസിൽ സെൻറ് തോമസ്സ് ഇടവകയിലും, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ഇടവകയിലും വികാരിയായിട്ട് ശുശ്രൂഷിക്കുന്നു. യോർക്ക്ഷയറിലെ ഹറോഗേറ്റിലാണ് താമസം

രാധാകൃഷ്ണൻ മാഞ്ഞൂർ

ഇഷ്ടമുള്ള പാട്ടുകൾ എക്കാലവും നമ്മുടെ മനസ്സിൽ വേരുകളാഴ്ത്തി നിൽക്കും . സ്ഥലകാല ബോധങ്ങളില്ലാത്ത ചില നേരത്ത് മനസ്സിലേക്ക് കടന്നു വരും. എത്ര പെട്ടെന്നാണ് നാം ആ പഴയ കാലത്തെ ഓർത്തെടുക്കാൻ ശ്രമിക്കുന്നത്.

ഈ അടുത്ത കാലത്ത് കുമളിയിലേയ്‌ക്കൊരു ബസ് യാത്ര നടത്തി. ബസ്സിനുള്ളിൽ ‘കൂടെവിടെ’ എന്ന പത്മരാജൻ ചിത്രത്തിലെ ഗാനം . മറ്റാരുമല്ല പ്രിയപ്പെട്ട ജാനകിയമ്മ പാടി അനശ്വരമാക്കിയ “ആടി വാ കാറ്റേ, പാടി വാ കാറ്റേ” എന്ന ഹിറ്റ് ഗാനം. വണ്ടിയിപ്പോൾ പാമ്പനാർ എത്തിനിൽക്കുന്നു. ചുറ്റിനും തേയിലത്തോട്ടങ്ങളുടെ സായാഹ്ന ഭംഗി. ചിത്രത്തിൽ ഊട്ടിയുടെ മനോഹാരിതയിലാണ് ഈ ഗാനം ചിത്രീകരിച്ചത്.

ഒരു നിമിഷം ഞാനും ഊട്ടിയിലാണെന്ന് വിചാരിച്ചു പോയി. ജാനകിയുടെ ശബ്ദം ഉച്ചസ്ഥായിലെത്തിനിൽക്കുന്നു. പതിയെ ഈ ഗാനം എന്നിലേക്ക് അരിച്ചിറങ്ങി.

ഇപ്പോൾ ഞാൻ നിൽക്കുന്നത് 85′ ലെ പ്രീഡിഗ്രി കാലത്താണ്. കുറവിലങ്ങാട് ദേവമാതാ കോളജിലെ മൂന്നാം നിലയിലെ ഓഡിറ്റോറിയം. അവിടെ കൊച്ചിൻ കലാഭവൻെറ ഗാനമേള. സ്റ്റേജിൽ സെൽമ ജോർജ് പാടുന്നു. ‘ആടി വാ കാറ്റേ….. പാടി വാ കാറ്റേ’…. ജാനകിയമ്മ അവരിൽ പരകായ പ്രവേശം നടത്തിയതുപോലെ… എത്ര സുന്ദരമായി അവർ പാടിയിരിക്കുന്നു.

ഓഡിറ്റോറിയത്തിലെ നിലയ്ക്കാത്ത കയ്യടി ഇന്നും ഓർക്കുന്നു. ഏപ്രിൽ മാസത്തിലെ ചൂടുകാറ്റ് കൊമേഴ്സ് ബിൽഡിങ് കടന്ന് വീശുന്നുണ്ട്. ഞങ്ങളുടെ പ്രീഡിഗ്രിക്കാലം അവസാനിക്കാറായിരുന്നു . ക്യാമ്പസിലെ പ്രിയ ചങ്ങാതികൾ, കൗമാര ബഹള കാലം ….എല്ലാം ഒരു നിമിഷം ഓർത്തു. ഏറ്റവും സുന്ദര നിമിഷങ്ങൾക്ക് മുകളിൽ ആണ് ആ ഗാനം എന്നിൽ ആവേശിച്ചു നിൽക്കുന്നത്. ഒരു ഗാനം എത്ര പെട്ടെന്നാണ് നമ്മുടെ ചിന്തകളെ മാറ്റി തീർക്കുന്നത്.

മറ്റൊരു പാട്ടോർമ്മ എൻറെ ഗ്രാമത്തിൽ പ്രവർത്തിച്ചിരുന്ന തോംസൺ തിയേറ്റർ സമ്മാനിക്കുന്നതാണ് . അവിടെയും ഗായിക ജാനകിയമ്മ തന്നെ . ‘തൃഷ്ണ’ യെന്ന ചിത്രത്തിലെ ‘ശ്രുതിയിൽ നിന്നുയരും…. നാദശലഭങ്ങളെ ‘ എന്ന പ്രശസ്ത ഗാനം. വൈകുന്നേരം ഷോ തുടങ്ങുംമുൻപ് വയ്ക്കുന്ന പ്രധാന ഗാനങ്ങളിലൊന്നാണിത്. ജാനകിയമ്മ പാട്ടുമായി അകത്തേയ്ക്ക് പോയി കഴിഞ്ഞാൽ സിനിമ ‘ന്യൂസ് റീൽ ‘ തൊട്ട് തുടങ്ങുകയായി. ഇതൊരു അലിഖിത നിയമമാണ്. അകത്തു പാട്ട് വച്ചു ഇനി രക്ഷയില്ല എന്ന വേവലാതിയിൽ ഇരുവേലിയ്ക്കൽപ്പാലം മുതൽ സിനിമ തീയറ്റർ വരെ ഓടിയ ചരിത്രമുണ്ട്. നഷ്ടം കൊണ്ട് കുറുപ്പുന്തറ തോംസൺ തിയേറ്റർ പൊളിച്ചുമാറ്റിയെങ്കിലും ഞങ്ങൾ ഗ്രാമീണജനതയുടെ മനസ്സിൽ ഇന്നും ആ തീയേറ്ററുണ്ട്….. സത്യനും, നസീറും, ഷീലയുമൊക്കെ സജീവമാക്കിയ ആ ദിനങ്ങളുണ്ട്, ജാനകിയമ്മയുടെ ആ പാട്ടുകളുണ്ട്.

ഉപരേഖ

ഒരുദിവസം ബുദ്ധൻ പ്രഭാഷണത്തിനായി ഒരുങ്ങുകയായിരുന്നു. ആ നേരത്ത് ഒരു പക്ഷി വാതിൽക്കൽ നിന്ന് മനോഹരമായി പാടാൻ തുടങ്ങി. ഗാനത്തിൻ്റെ ലയ ഭംഗിയിൽ ബുദ്ധനും പ്രകൃതിയും ലയിച്ചു. പക്ഷി പാട്ട് നിർത്തിയപ്പോൾ വല്ലാത്തൊരു നിശബ്ദത അവിടമാകെ പടർന്നു. അന്നദ്ദേഹം ഒന്നും സംസാരിച്ചില്ല . നിശബ്ദത തന്നെ ഒരു പ്രഭാഷണമായി മാറി. ആ നിശബ്ദതയിലൂടെ അദ്ദേഹം സംവദിച്ചു. പക്ഷിയുടെ ഗാനം ബുദ്ധനിൽ അത്രമേൽ സ്വാധീനിച്ചു.

RECENT POSTS
Copyright © . All rights reserved