Latest News

സ്വന്തം നാട്ടിൽ ചീത്തപ്പേരുള്ള നമ്മുടെ ‘നാടൻ വാറ്റ്’ മറുനാട്ടിൽ നല്ലപേരു നേടി. കേരളത്തിൽ മൂലവെട്ടി, മണവാട്ടി തുടങ്ങിയ പേരുകളിൽ കളിയാക്കി വിളിച്ചിരുന്ന വാറ്റിനു ‘മന്ദാകിനി– മലബാർ വാറ്റ്’ എന്ന സ്റ്റൈലൻ പേരാണ് കാനഡയിൽ ലഭിച്ചിരിക്കുന്നത്. ഈ വ്യത്യസ്തമായ ആശയത്തിനു പിന്നിൽ കാനഡയിൽ സ്ഥിരതാമസമാക്കിയ മൂവാറ്റുപുഴ സ്വദേശിയും കോതമംഗലം ചേലാട് സ്വദേശികളായ സഹോദരൻമാരുമാണ്.

കേരളത്തിലെ നാടൻ വാറ്റുകാരുടെ വിദ്യകളിൽ വേണ്ട മാറ്റങ്ങൾ വരുത്തി ഗുണമേന്മ ഉറപ്പുവരുത്തിക്കൊണ്ടാണ് സർക്കാരിന്റെ അനുമതിയോടെ കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിൽ മന്ദാകിനി ബ്രാൻഡ് വിപണിയിലിറക്കിയത്.

രാജ്യാന്തര വിപണികളിൽ ക്യൂബ, ജമൈക്ക എന്നീ വിവിധ രാജ്യങ്ങളിലെ നാടൻ മദ്യം വിറ്റഴിക്കുന്നത് കണ്ടാണ് നാടൻ വാറ്റിനെ എന്തുകൊണ്ട് മാർക്കറ്റ് ചെയ്തുകൂടായെന്ന് ഇവർ ആലോചിച്ചത്. 4 വർഷം നീണ്ട കൃത്യമായ പഠനത്തിന് ശേഷം സർക്കാരിന്റെ അനുമതിയോടെയാണ് മദ്യനിർമാണത്തിന് തുടക്കമിട്ടത്.

മന്ദാകിനിയിൽ 46 ശതമാനം ആൽക്കഹോളാണ് അടങ്ങിയിരിക്കുന്നത്. ‘നാടൻ വാറ്റ്’ എന്ന് കുപ്പിയിൽ മലയാളത്തിൽ കുറിച്ചിട്ടുണ്ട്. കൂടാതെ ഹിന്ദി, തെലുങ്ക്, തമിഴ്, ഗുജറാത്തി എന്നീ ഭാഷകളിലെ നാടൻ വിളിപ്പേരുകളും ചേർത്തിട്ടുണ്ട്. കാനഡയ്ക്കു പുറമേ അമേരിക്കയിലും യുകെയിലുമുള്ള മലയാളികൾക്കിടയിൽ ‘മന്ദാകിനി’ഹിറ്റായിക്കഴിഞ്ഞു.

വിവാഹ വാഗ്ദാനം നല്‍കി ഡൽഹിയിൽ മലയാളി നഴ്‌സിനെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിലായി. കോട്ടയം സ്വദേശി ഗ്രീനു ജോര്‍ജ്ജാണ് അറസ്റ്റിലായത്. ഡല്‍ഹിയില്‍ നഴ്‌സായി ജോലി ചെയ്യുന്ന ഗ്രീനു ജോര്‍ജിനെ ഡല്‍ഹി അമര്‍ കോളനി പൊലീസാണ് അറസ്റ്റ് ചെയ്തത്. 2014 മുതൽ യുവതിയുമായി അടുപ്പം പുലർത്തിയ ഗ്രീനു ജോർജ് അന്ന് മുതൽ വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചതായാണ് പരാതി.

വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചാണ് ഗ്രീനു ജോർജ് നിരവധി തവണ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത്. എന്നാൽ കഴിഞ്ഞ കുറേ കാലമായി വിവാഹ കാര്യം പറയുമ്പോഴൊക്കെ ഗ്രീനു ഒഴിഞ്ഞു മാറി. ഇതിനിടെ ഗ്രീനു ജോർജിന്‍റെ മാതാപിതാക്കൾ പെൺകുട്ടിയെ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേത്തുടർന്നാണ് പെൺകുട്ടി ഡൽഹിയിൽ പൊലീസിൽ പരാതി നൽകിയത്.

പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ്, പ്രതിയെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഗ്രീനു ജോർജിന്‍റെ മാതാപിതാക്കൾക്കെതിരെ പൊലീസ് കേസെടുക്കുമെന്നാണ് റിപ്പോർട്ട്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

മൂന്നാഴ്ച മുൻപ് കാണാതായ ഇടുക്കി പണിക്കൻകുടി വലിയപറമ്പിൽ സിന്ധു (45)വിന്റെ മൃതദേഹം കണ്ടെത്തി. സിന്ധുവിനെ കൊലപ്പെടുത്തി സമീപവാസിയായ മാണിക്കുന്നേൽ ബിനോയിയുടെ അടുക്കളയിൽ കഴിച്ചു മൂടിയ നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ബിനോയിക്ക് വേണ്ടി പൊലീസ് തെരച്ചില്‍ നടത്തിവരികയാണ്.

കഴിഞ്ഞ മാസം 12 മുതലാണ് സിന്ധുവിനെ കാണാതായത്. കാമാക്ഷി സ്വദേശിനിയായ സിന്ധു പണിക്കൻകുടിയിൽ വാടക വീടെടുത്ത് ഇളയ മകനോടൊപ്പം താമസിച്ചു വരികയായിരുന്നു. അന്വേഷണം നടക്കുന്നതിനിടെ അയല്‍ക്കാരനായ ബിനോയി ഒളിവില്‍ പോയി. ഇതോടെ സിന്ധുവിന്റെ തിരോധാനത്തിന് പിന്നില്‍ ബിനോയിക്ക് പങ്കുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

സിന്ധുവിനെ കാണാതായതിന്റെ തലേന്ന് ഇവിടെ വഴക്ക് ഉണ്ടായതായും ബന്ധുക്കള്‍ പറയുന്നു. അതിനിടെയാണ് ബിനോയിയുടെ വീട്ടില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വീട്ടുകാര്‍ തിരിച്ചറിഞ്ഞു. മൃതദേഹം സിന്ധുവിന്റേത് തന്നെയാണെന്നാണ് പൊലീസ് പറയുന്നത്. സിന്ധുവിന്റെ മൃതദേഹം കണ്ടെത്തിയ പശ്ചാത്തലത്തില്‍ സമഗ്രമായ അന്വേഷണം നടത്താനുള്ള നീക്കത്തിലാണ് പൊലീസ്. സിന്ധുവിനെ കാണാതായ സമയത്ത് പൊലീസ് അന്വേഷണത്തില്‍ അലംഭാവം കാണിച്ചതായും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

ന്യൂസിലന്‍ഡിലെ ഓക്‌ലന്‍ഡില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ നടന്ന ഭീകരാക്രമണത്തില്‍ ആറു പേര്‍ക്ക് പരുക്കേറ്റു. അക്രമിയെ പോലീസ് വെടിവച്ചുകൊന്നു. സംഭവത്തെ പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ അപലപിച്ചു. ഇസ്ലാമിക് സ്‌റ്റേറ്റ് (ഐ.എസ്) ആശയങ്ങള്‍ പിന്തുടരുന്നയാളാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രധാനമന്ത്രി സ്ഥിരീകരിച്ചു.

വെള്ളിയാഴ്ച്ച ഉച്ചയ്ക്കുശേഷം ഓക്‌ലാന്‍ഡിലെ കൗണ്ട് ഡൗണ്‍ ലിന്‍മാളിലാണ് ആക്രമണം നടന്നത്. സൂപ്പര്‍ മാര്‍ക്കറ്റില്‍ വില്‍പനയ്ക്കു വച്ചിരുന്ന കത്തി എടുത്ത് അക്രമി അവിടെ എത്തിയവരെ കുത്തുകയായിരുന്നു. പരുക്കേറ്റ ആറു പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് ഒരിക്കലും നടക്കാന്‍ പാടില്ലാത്ത സംഭവമാണ് ഇതെന്നും ജസീന്ത ആര്‍ഡന്‍ പ്രതികരിച്ചു.

ആക്രമണത്തിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സൂപ്പര്‍മാര്‍ക്കറ്റിലെ ആളുകള്‍ പരിഭ്രാന്തരായി ഓടുന്നതും വീഡിയോയില്‍ ദൃശ്യമാണ്. ഉടന്‍ തന്നെ സംഭവ സ്ഥലത്ത് പത്തോളം വാഹനങ്ങളില്‍ എത്തിയ പോലീസ് ഇയാളെ അറുപതു സെക്കന്‍ഡോളം വെടിവെച്ച് കീഴ്പ്പെടുത്തുകയായിരുന്നു. സംഭവസ്ഥലത്തു വെച്ച് തന്നെ ഇയാള്‍ മരിച്ചു. അഞ്ചോളം ആംബുലന്‍സുകളും അടിയന്തര സേവന വിഭാഗവും എത്തിയാണ് പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റിയത്.

2011-ല്‍ ന്യൂസിലന്‍ഡിലെത്തിയ ശ്രീലങ്കന്‍ പൗരനാണ് ആക്രമണം നടത്തിയത്. ഐഎസിന്റെ ആശയങ്ങളില്‍ ആകൃഷ്ടനായ ഇയാള്‍ 2016 മുതല്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. ഐ.എസ്. ആശയങ്ങള്‍ പ്രചരിപ്പിച്ച ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ആദ്യം ഇയാള്‍ പോലീസിന്റെ നോട്ടപ്പുള്ളയാകുന്നത്. പല തവണ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്.

ആക്രമണത്തില്‍ പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റുന്നു.സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും 60 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഓക്ലന്‍ഡില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനാല്‍ തിരക്ക് കുറവായിരുന്നു.

ന്യൂസിലന്‍ഡിന്റെ സമീപകാല ചരിത്രത്തിലെ രണ്ടാമത്തെ ഭീകരാക്രമണമാണിത്. 2019 മാര്‍ച്ച് 15-ന് ക്രൈസ്റ്റ് ചര്‍ച്ചിലെ മോസ്‌കില്‍ നടത്തിയ ഭീകരാക്രമണത്തില്‍ 50 വിശ്വാസികള്‍ കൊല്ലപ്പെട്ടിരുന്നു.

എടത്വ:നാട്ടുകാർ തമ്മിൽ കണ്ടാൽ ഇപ്പോൾ കുശലം തുടങ്ങുന്നത് ഇങ്ങനെയാണ്, വാക്സീനെടുത്തോ? വാലയിൽ ബെറാഖാ ഭവനിൽ ദാനിയേൽ തോമസിനോട് ആരും ഇതു ചോദിക്കില്ല. കാരണം,ഉത്തരം ദാനിയേലിൻ്റെ ടീ ഷർട്ടിൽ തന്നെയുണ്ട്. കോവിഡ് വാക്സീൻ സർട്ടിഫിക്കറ്റ് പതിപ്പിച്ച ഷർട്ട് കഴിഞ്ഞ ദിവസമാണ് പൊതുപ്രവർത്തകനായ ഡോ.ജോൺസൺ വി. ഇടിക്കുള മകന് സമ്മാനമായി നല്കിയത്.

ടീ ഷർട്ടിൽ പതിപ്പിച്ച സർട്ടിഫിക്കറ്റ് വ്യക്തമായി വായിക്കാൻ സാധിക്കും. എന്നാൽ, ഇതിലെ ക്യൂ ആർ കോഡ് സ്കാൻ ചെയ്യാൻ കഴിയില്ല. അതിനാൽ, ആധാർ കാർഡ് ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകൾ കൂടി കയ്യിൽ കരുതേണ്ടിവരും.

ബാങ്കുകളിലും മറ്റ് വ്യാപാര സ്ഥാപനങ്ങളിലും പ്രവേശിക്കുന്നതിന് കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെയാണ് തലവടി വാലയിൽ ബെറാഖാ ഭവനിൽ ദാനിയേൽ തോമസിന് ഇങ്ങനെ ഒരു ടീ ഷർട്ട് സമ്മാനിക്കാൻ ഡോ.ജോൺസൺ വി. ഇടിക്കുളയും ആരോഗ്യ പ്രവർത്തകയായ മാതാവ് ജിജി ജോൺസണും തീരുമാനിച്ചത്.

കോട്ടയം സിഎംഎസ് കോളജ് ബികോം രണ്ടാം വർഷ വിദ്യാർത്ഥിയാണ് ദാനിയേൽ. മൂത്ത മകൻ ബെൻ ജോൺസനും പ്രിൻ്റ് ചെയ്ത് കൊടുക്കാൻ ആണ് തീരുമാനം.

ഇടുക്കി പണിക്കന്‍ക്കുടി സ്വദേശിനിയായ വീട്ടമ്മയുടെ തിരോധാനത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കുടുംബം. നാല്‍പത്തിയഞ്ചുകാരിയായ സിന്ധുവിന്റെ തിരോധാനത്തിന് പിന്നില്‍ അയല്‍കാരനായ ബിനോയിക്ക് പങ്കുണ്ടെന്നാണ് പരാതി. കേസ് അന്വേഷണത്തില്‍ പൊലീസ് അലംഭാംവം കാണിക്കുന്നുവെന്നും ആക്ഷേപമുണ്ട്.

കഴിഞ്ഞ മാസം 12 നാണ് സിന്ധുവിനെ കാണാതായത്. തുടര്‍ന്ന് കുടുംബം വെള്ളത്തൂവല്‍ പൊലീസില്‍ പരാതി നല്‍കി. അന്വേഷണം നടക്കുന്നതിനിടെ അയല്‍ക്കാരനായ ബിനോയി ഒളിവില്‍ പോയി. ഇതാണ് സിന്ധുവിന്റെ ബന്ധുക്കളുടെ ആരോപണം ശക്തിപ്പെടുത്തുന്നത്. സിന്ധുവിനെ കാണാതായതിന്റെ തലേന്ന് ഇവിടെ വഴക്ക് ഉണ്ടായതായും ബന്ധുക്കള്‍ പറയുന്നു. കേസില്‍ സമഗ്രമായ അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രണയം സഫലമാകില്ലെന്ന് ഉറപ്പായതോടെ ആത്മഹത്യയ്ക്ക് ശ്രമിച്ച കാമിതാക്കളിൽ യുവാവ് മരിച്ചു, യുവതി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. പെരുമ്പാവൂർ മാറമ്പള്ളി നാട്ടുകല്ലുങ്കൽ വീട്ടിൽ നാദിർഷാ അലി (30) ആണ് മരിച്ചത്. മറയൂർ സ്വദേശിനിയും അധ്യാപികയുമായ യുവതിയെ (26) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മറയൂർ ഭ്രമരം വ്യൂപോയിന്റിൽ ഇന്നലെ വൈകിട്ടാണ് സംഭവം. പ്രണയം വീട്ടിലറിയിക്കാനായില്ലെന്നും ഒന്നിച്ചു മരിക്കാൻ തീരുമാനിച്ചെന്നും പറഞ്ഞ് ഇരുവരും വീഡിയോ ചിത്രീകരിച്ച് കൂട്ടുകാർക്ക് അയച്ചിരുന്നു. ശേഷമാണ് യുവാവ് പാറക്കെട്ടിൽ നിന്നു ചാടി ജീവനൊടുക്കിയത്. കൂടെയുണ്ടായിരുന്ന യുവതിയെ കൈഞരമ്പ് മുറിച്ച് ഗുരുതരാവസ്ഥയിലായ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്‌കൂൾ അധ്യാപികയായ യുവതിയും നൃത്തപരിശീലകനായ നാദിർഷ അലിയും മൂന്നു വർഷമായി പ്രണയത്തിലായിരുന്നെന്ന് സുഹൃത്തുക്കൾ പറയുന്നു. ഇന്നലെ ഒരുമിച്ച് കാറിലാണ് ഇവർ വ്യൂ പോയിന്റിൽ എത്തിയത്. ഇവിടെവെച്ച് ജീവനൊടുക്കുന്നതിനെ കുറിച്ച് സൂചന നൽകുന്ന വിഡിയോ ചിത്രീകരിച്ച് സുഹൃത്തുക്കൾക്ക് അയച്ചത്.

പിന്നീട് നിലവിളി കേട്ട് വിനോദസഞ്ചാരികൾ സമീപവാസികളെയും കൂട്ടി നടത്തിയ തിരച്ചിലിലാണ് കൈത്തണ്ട മുറിഞ്ഞ നിലയിൽ യുവതിയെ കണ്ടെത്തിയത്. യുവതി പറഞ്ഞതനുസരിച്ചു നടത്തിയ തിരച്ചിലിൽ 150 അടി താഴ്ചയിലുള്ള മുൾക്കാട്ടിൽ നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്കു മാറ്റി.

1921ലെ മലബാര്‍ കലാപത്തിന്റെ നൂറാം വര്‍ഷത്തില്‍ സ്വാതന്ത്ര്യ സമരത്തിലെ നിര്‍ണായകമായ ആ ചെറുത്ത്‌നില്‍പ്പ് പ്രമേയമാകുന്ന സിനിമ വരുമ്പോള്‍ ടി.ദാമോദരന്‍ മാസ്റ്ററുടെ രചനയില്‍ ഐ.വി ശശി സംവിധാനം ചെയ്ത 1921 എന്ന സിനിമ കൂടി ചര്‍ച്ചയാവുകയാണ്. 1921 മുന്നോട്ട് വച്ച രാഷ്ട്രീയത്തെക്കുറിച്ചും സിനിമ നേരിട്ട വിമര്‍ശനത്തെക്കുറിച്ചും രചനാ വേളയില്‍ ടി ദാമോദരന്‍ നേരിട്ട ഭീഷണികളെക്കുറിച്ചും മകളും തിരക്കഥാകൃത്തുമായ ദീദി ദാമോദരന്‍ സംസാരിക്കുന്നു.

സിനിമ ആലോചിക്കുന്ന ഘട്ടത്തില്‍ ടി ദാമോദരനെ പിന്തിരിപ്പിക്കാന്‍ സുഹൃത്തുക്കളും ബന്ധുക്കളും ശ്രമിച്ചിരുന്നുവെന്ന് ദീദി ദാമോദരന്‍. കൊല്ലപ്പെട്ടേക്കാം സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി. വാണിജ്യസിനിമയുടെ അകന്ന് നിന്ന് ചരിത്രത്തോട് നീതി പുലര്‍ത്തിയ ചിത്രവുമാണ് 1921 എന്ന് ദീദി.

സിനിമയുടെ ചര്‍ച്ച നടക്കുമ്പോള്‍ തന്നെ വലിയ വാദപ്രതിവാദം നടന്നിരുന്നു. ഇപ്പോള്‍ നടക്കുന്ന എതിര്‍പ്പുകളും വിവാദങ്ങളുമൊന്നും പുതിയതല്ല. സോഷ്യല്‍മീഡിയ ഇല്ലായിരുന്നതിനാല്‍ അന്നത്തെ കാര്യങ്ങള്‍ പുറംലോകം അറിഞ്ഞില്ലെന്ന് മാത്രം. ഭീഷണികള്‍ അന്നും ഉണ്ടായിരുന്നു. ഐവി ശശിയും ടി ദാമോദരനും ചരിത്രത്തെക്കുറിച്ച് പറയാന്‍ പറ്റുന്നവരല്ല എന്ന രീതിയില്‍ വരെ ചര്‍ച്ചകള്‍ ഉണ്ടായി. ചരിത്രത്തിനോട് നീതികേട് കാണിക്കും. പക്ഷപാതിത്വമുണ്ടാകും.

സിനിമ വരുന്നതിന് മുമ്പേ മുന്‍ധാരണകളോടെ ചര്‍ച്ചകള്‍ ഉണ്ടായി. സിനിമ പുറത്തിറങ്ങിയതോടെ ആലി മുസ്ലിയാരുടെ ഭാഷയെക്കുറിച്ചായി ചര്‍ച്ച. സിനിമ ഇറങ്ങുന്നതിന് മുമ്പുള്ള പ്രശ്നങ്ങളെല്ലാം അപ്പോഴേക്കും കെട്ടടങ്ങിയിരുന്നു. വളരെ കൃത്യമായി ബാലന്‍സ് ചെയ്താണ് സിനിമയെടുത്തത്. എല്ലാവരുടെയും ഭാഗം ആ സിനിമ പറഞ്ഞു. പിന്നീട് ഒരു ആര്‍എസ്എസുകാര്‍ക്കോ മുസ്ലിം സംഘടനകള്‍ക്കോ നിഷ്പക്ഷരായവര്‍ക്കോ കുറ്റം പറയാനോ വിവാദമുണ്ടാക്കാനോ ഒന്നും 1921ല്‍ ഉണ്ടായില്ല. എല്ലാം ശാന്തമായിരുന്നു.

സിനിമാ ചര്‍ച്ച നടക്കുമ്പോള്‍ അച്ഛന്റെ സുഹൃത്തുക്കളും ബന്ധുക്കളും മുന്നറിയിപ്പ് നല്‍കിയിരുന്നു. കൊന്നുകളയും സൂക്ഷിക്കണമെന്ന്. മണ്ണില്‍ മുഹമ്മദ് എന്ന ആളാണ് സിനിമയ്ക്ക് പണമിറക്കുന്നതെന്നും അയാള്‍ക്ക് ലക്ഷ്യങ്ങളുണ്ടാകുമെന്നും പറഞ്ഞിരുന്നു. ഇന്നത്തെപോലെ തുറന്ന ഭീഷണികളായിരുന്നില്ല അന്ന്. കത്തുകളായി എഴുതി കൊടുത്തിരിക്കാം. മാധ്യമങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യില്ല. അതുകൊണ്ട് നാട്ടുകാര്‍ അറിഞ്ഞതുമില്ല. മനുഷ്യര്‍ ഇപ്പോള്‍ മാറിപ്പോയി എന്ന് പറയുന്നതില്‍ അടിസ്ഥാനമില്ല. അന്നത്തെ പോലെ തന്നെയാണ് ഇന്നും. ഇപ്പോള്‍ ചര്‍ച്ച ചെയ്യാന്‍ കൂടുതല്‍ വേദികളുണ്ടെന്നത് മാത്രമാണ് വ്യത്യാസം.

1921 എന്ന സിനിമയില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന വ്യക്തിയെ അടിസ്ഥാനമാക്കിയ സിനിമയായിരുന്നില്ല. ഹിസ്റ്റോറിക്കല്‍ ഡ്രാമയായിരുന്നു. ടൈറ്റാനിക്ക് പോലൊരു സിനിമയിലെ മുഖ്യകഥാപാത്രങ്ങളായി വന്നവര്‍ ആ കപ്പലില്‍ ഉണ്ടായിരുന്നില്ലെന്നും യഥാര്‍ത്ഥത്തില്‍ മുങ്ങിമരിച്ചത് വേറെ ആളുകളാണെന്നും പറയുന്നത് പോലെയാണ് മറിച്ചുള്ള വാദം. ടൈറ്റാനിക് ഒരു വാണിജ്യ ഹിറ്റ് ചിത്രമാണ്. അതില്‍ യഥാര്‍ത്ഥത്തില്‍ ഇല്ലാതിരുന്ന രണ്ട് കഥാപാത്രങ്ങളുിലൂടെ കഥ പറയുകയാണ്. അതുപോലെ തന്നെയാണ് 1921നെയും കാണേണ്ടത്. ടി ദാമോദരന് ചരിത്രത്തോട് കൂടുതല്‍ താല്‍പര്യമുള്ളത് കൊണ്ട് അതിനോട് നീതിപുലര്‍ത്തി.

മമ്മൂട്ടിയെന്ന സൂപ്പര്‍സ്റ്റാറിനെ വെച്ച് ധാരാളം പണം ചെലവഴിച്ച് ഉണ്ടാക്കിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു അത്. അത്തരം ഒരുപാട് ഘടകങ്ങളുണ്ടായിട്ടും ഇതുപോലൊരു സിനിമ ഒരുക്കാന്‍ അവര്‍ക്ക് കഴിഞ്ഞു എന്നതാണ് ഞാന്‍ അതില്‍ കാണുന്ന പ്രത്യേകത. ഇവര്‍ ഡോക്യമെന്ററി ഉണ്ടാക്കുന്നവരായിരുന്നില്ലല്ലോ. അവരത് അവകാശപ്പെട്ടിട്ടുമില്ല. കെ കേളപ്പനെ അവതരിപ്പിച്ചത് ചെറിയൊരു നടനാണ്, ഗാന്ധിജിയെക്കുറിച്ച് പരാമര്‍ശം മാത്രം എന്നൊക്കെ പറയുന്നത് പോലെ തന്നെയാണ് 1921ല്‍ വാരിയംകുന്നത്തിനെ അപ്രധാന കഥാപാത്രമാക്കി എന്ന് പറയതും.

1921 എന്ന സിനിമയുടെ പുനര്‍വായനയ്ക്ക് ഇപ്പോളത്തെ സാഹചര്യത്തില്‍ സാധ്യതയില്ല. ഐവി ശശി- ടി ദാമോദരന്‍ സിനിമകള്‍ അങ്ങനെ വായിക്കാന്‍ നിരൂപകര്‍ക്ക് താല്‍പര്യവും ഉണ്ടായിരുന്നില്ല. അവരുടെ സിനിമകള്‍ക്ക് നേരെ തെറിവിളിക്കാന്‍ മാത്രമാണ് അന്നും ഇന്നും താല്‍പര്യം. വരേണ്യതയ്ക്ക് യോജിച്ചതല്ല ഇവരുടെ സിനിമകള്‍. ആ കഥാപാത്രത്തെ പുനര്‍വായനയ്ക്ക് വിധേയമാക്കിയേക്കാം. 1921 സിനിമയുടെ പക്ഷം ചേരല്‍ വ്യക്തമായിരുന്നു. വാണിജ്യസിനിമയുടെ അകത്ത് നിന്ന് ചരിത്രത്തോട് നീതി കാണിക്കാവുന്നതിന്റെ പരമാവധി ആ സിനിമ ചെയ്തിട്ടുണ്ട്. അത്രയേറെ ജീവിതം ആ സിനിമയ്ക്ക് പറയാനുണ്ടായിരുന്നു. അതിലെ ഏതെങ്കിലും കഥാപാത്രം ഏതെങ്കിലും പക്ഷത്ത് നിന്നിരുന്നെങ്കില്‍ അതൊരു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ ഭാഗമായി മാറുമായിരുന്നു. പ്രത്യേകിച്ചും ഇന്നത്തെ സാഹചര്യത്തില്‍ നിന്ന് നോക്കുമ്പോള്‍.

രാഷ്ട്രീയത്തിന് ആ സിനിമയില്‍ വലിയ സ്ഥാനമുണ്ടായിരുന്നു. മാപ്പിള ലഹളയെന്നാണോ, കലാപമെന്നാണോ എന്നാണോ വിളിക്കപ്പെടേണ്ടത് എന്നായിരുന്നു അന്നത്തെ പ്രശ്നം. അത് ഒരു രാഷ്ട്രീയ നിലപാട് തന്നെയായിരുന്നു. ആ സിനിമയെക്കുറിച്ച് അത്തരത്തില്‍ ഇപ്പോള്‍ പോലും നിരൂപകര്‍ പറയാന്‍ ഇടയില്ല. പാവം മമ്മൂട്ടി ഫാന്‍സോ അങ്ങനെയുള്ള കുറച്ച് മനുഷ്യരോ മാത്രമാണ് 1921 ചര്‍ച്ച ചെയ്യുന്നത്. നിരൂപകര്‍ക്ക് 1921 എന്ന സിനിമ പഠിക്കപ്പെടേണ്ട ഒന്നാണെന്ന് തോന്നിയിട്ടില്ല. അങ്ങനെയുള്ള ഒരു പഠനവും ഇതുവരെ നടന്നിട്ടില്ല ഇനി നടക്കാനും സാധ്യതയില്ല.

ചരിത്രം എന്നത് ഒബ്ജക്ടീവായ കാര്യമാണെന്ന ആളുകള്‍ തെറ്റിദ്ധരിച്ചിരിക്കുകയാണ്. ആളുകള്‍ പറയുന്നതാണ് ചരിത്രം. ആദ്യത്തെ സ്വാതന്ത്ര്യ സമരത്തെ ബ്രിട്ടീഷുകാര്‍ ശിപായി ലഹള എന്നാണ് വിളിച്ചത്. ജാതി എന്നത് അന്നും ഇന്നും ഉണ്ട്. ഓരോ സിനിമയുടെ പിറകിലുള്ളവര്‍ക്കും ഓരോ താല്‍പര്യമുണ്ടാകും. ഒരു സിനിമ സൂപ്പര്‍ ഹിറ്റായാലും തിരക്കഥാകൃത്തിന് കൂടുതല്‍ പണം ലഭിക്കില്ല. ടി ദാമോദരന് ആ സിനിമ ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെതായ താല്‍പര്യം ഉണ്ടായിരിക്കും. പൊതുജനങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ പുറത്തെത്തിക്കാനുള്ള മികച്ച മാധ്യമമായാണ് സിനിമയെ ടി ദാമോദരന്‍ കണ്ടത്. ചരിത്രത്തിലെ ഇത്തരം ചില ശബ്ദങ്ങള്‍ കൂടി പുറത്തെത്തണമെന്ന് കരുതിയിട്ടുണ്ടാകണം. നിര്‍മ്മാതാവ് വലിയൊരു ഹിറ്റ് കിട്ടാന്‍ ആഗ്രഹിച്ചിട്ടുണ്ടാകും. ഐവി ശശിക്ക് ചരിത്രത്തില്‍ വലിയ താല്‍പര്യമില്ലായിരുന്നുവെങ്കിലും സൂപ്പര്‍ഹിറ്റുകള്‍ക്ക് തുടര്‍ച്ചയുണ്ടാക്കുകയെന്നതായിരിക്കാം ലക്ഷ്യം.

ഒരു ചരിത്രസംഭവത്തിന് മേല്‍ എല്ലാവര്‍ക്കും സിനിമ ചെയ്യാന്‍ കഴിയുക എന്നതാണ് ജനാധിപത്യം. ആഷിക് അബുവിന്റെ സിനിമയെ പോലെ തന്നെയാണ് അലി അക്ബറിന്റെ സിനിമയോടുമുള്ള സമീപനത്തെയും കാണേണ്ടത്. രണ്ട് പേരുടെ സിനിമയോടും അസഹിഷ്ണുത കാണിക്കുന്നതിനെ ഒരുപോലെ കാണണം. രണ്ടും വരട്ടെ. ചിലര്‍ക്ക് നായകനായ ആള്‍ മറ്റേ ആള്‍ക്ക് പ്രതിനായകനായി തോന്നാം. അലി അക്ബര്‍ സിനിമയെടുക്കരുതെന്ന് പറയാന്‍ ആര്‍ക്കും കഴിയില്ല.

ചരിത്രം വളച്ചൊടിച്ചു എന്ന് പറയുന്നതിനോട് യോജിക്കാനാവില്ല. ചരിത്രം നിഷ്പക്ഷമല്ല. അതത് കാലത്തിന്റെ താല്‍പര്യങ്ങളാണ് ചരിത്രത്തിലുള്ളത്. ചരിത്രത്തില്‍ തിയ്യതികളും കഥാപാത്രങ്ങളും മാത്രമാണ് സത്യം. ചരിത്രത്തിന്റെ പുനര്‍വായന എംടി ചെയ്യുമ്പോള്‍ മാത്രം വളരെ പ്രശംസിക്കുകയും മറ്റുള്ളവരാണെങ്കില്‍ വിമര്‍ശിക്കുകയും ചെയ്യുന്നത് ശരിയല്ല. അത്രയൊക്കെ പ്രായപൂര്‍ത്തി മലയാളി കാണിക്കണം. വാരിയംകുന്നത്തിനെ കുറിച്ച് പല സിനിമകള്‍ വരുന്നതിനെ പ്രോത്സാഹിപ്പിക്കണം. ഗാന്ധിജിക്കെതിരെ മുമ്പ് പറയാന്‍ സമ്മതിക്കില്ലായിരുന്നു. നാഥുറാം ഗോഡ്‌സെ പറഞ്ഞത് കൂടി കേട്ടിട്ടല്ലേ നമ്മള്‍ ആര്‍ക്കൊപ്പം നില്‍ക്കണമെന്ന് തീരുമാനിക്കേണ്ടത്. സെന്‍സറിംഗ് മുതിര്‍ന്ന ഒരു സമൂഹം വെച്ച് പുലര്‍ത്തേണ്ടതല്ല.

പ്രണയത്തിനായി രാജകീയ പദവികളും സമ്പത്തും ഉപേക്ഷിച്ച് കൊട്ടാരം വിട്ടിറങ്ങാൻ ഒരുങ്ങി ജപ്പാൻ രാജകുമാരി മാകോ. കാമുകൻ കെയ് കൊമുറോയെ വിവാഹം ചെയ്യാനായാണ് മാകോ കൊട്ടാരം വിട്ടിറങ്ങുന്നത്. വിവാഹത്തിനുശേഷം യുഎസിലായിരിക്കും ഇരുവരും താമസിക്കുക.

ജപ്പാനിലെ ഇപ്പോഴത്തെ രാജാവിന്റെ പദവി അലങ്കരിക്കുന്ന അകിഷിനോയുടെ മകളും അകിഹിതോ ചക്രവർത്തിയുടെ പേരക്കുട്ടിയുമാണ് 29കാരിയായ മാകോ. രാജകുടുംബത്തിലെ നിയമങ്ങൾക്കതീതമായാണ് മാകോ നിയമരംഗത്ത് ജോലിചെയ്യുന്ന കെയ് കൊമുറോ എന്ന സാധാരണ പൗരനെ പ്രണയിച്ചതും ജീവിതപങ്കാളിയായി തിരഞ്ഞെടുത്തതും.

നിബന്ധനകളോടെ വിവാഹത്തിന് സമ്മതിക്കാമെന്നായിരുന്നു രാജാവ് അകിഷിനോ പറഞ്ഞത്. എന്നാൽ, നിബന്ധനകൾ അംഗീകരിക്കില്ലെന്നും പരമ്പരാഗത ആചാരങ്ങളില്ലാതെ, രാജകുടുംബത്തിൽനിന്നുള്ള കോടിക്കണക്കിന് രൂപയുടെ സമ്മാനം നിരസിച്ചാണ് വിവാഹം ലളിതമാക്കാൻ ഇവർ തീരുമാനിച്ചത്. ആചാരപ്രകാരം മാകോയ്ക്ക് രാജകുടുംബത്തിൽനിന്ന് ലഭിക്കേണ്ടത് 8.76 കോടി രൂപ (137 മില്ല്യൻ യെൻ) ആണ്.

ടോക്യോയിലെ ഇന്റർനാഷണൽ ക്രിസ്റ്റ്യൻ സർവകലാശാലയിൽ നിയമപഠനത്തിനെത്തിയപ്പോഴാണ് മാകോയും കെയ് കൊമുറോയും കണ്ടുമുട്ടിയത്. സൗഹൃദം പിന്നീട് പ്രണയത്തിന് വഴിമാറുകയായിരുന്നു. എന്നാൽ രാജകുടുംബത്തിലെ പെൺകുട്ടികൾ സാധാരണക്കാരനെ വിവാഹം കഴിച്ചാൽ രാജകീയപദവികളും അധികാരങ്ങളും നഷ്ടമാകുമെന്ന നിയമം പ്രണയത്തെ തടസപ്പെടുത്തുമെന്ന് കരുതിയിരുന്നെങ്കിലും മാകോ രാജകുമാരിയെന്ന പദവി ഉപേക്ഷിക്കാൻ തയ്യാറാവുകയായിരുന്നു.

രാജകുമാരിയുടെ പദവിയും സൗകര്യങ്ങളും സമ്പത്തും ഉപേക്ഷിച്ച മാകോ-കൊമുറോ പ്രണയകഥ അന്താരാഷ്ട്രതലത്തിൽത്തന്നെ ഏറെക്കാലമായി ചർച്ചയായതാണ്.

പയ്യന്നൂര്‍ കോറോത്ത് ഭര്‍ത്താവിന്റെ വീട്ടില്‍ ആത്മഹത്യ ചെയ്ത സുനീഷയുടെ ഭര്‍ത്താവ് വിജീഷിനെ പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

പയ്യന്നൂര്‍ കോറോം സ്വദേശി സുനീഷ (26)യെയാണ് കഴിഞ്ഞയാഴ്ച ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് വിജീഷും മാതാപിതാക്കളും നിരന്തരം മര്‍ദ്ദിക്കുമായിരുന്നുവെന്ന സുനീഷയുടെ ഓഡിയോ സന്ദേശം പുറത്തു വന്നിരുന്നു.

സുനീഷയും ഭര്‍ത്താവ് വിജീഷും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്ത് വന്നത്. സ്വന്തം വീട്ടിലേക്ക് മടങ്ങി പോകാന്‍ അനുവദിക്കണമെന്ന് സുനീഷ ആവശ്യപ്പെടുന്നതും ഭര്‍ത്താവ് വിജീഷ് അത് എതിര്‍ക്കുന്നതുമാണ് ശബ്ദരേഖയില്‍ ഉള്ളത്. സുനീഷയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.

ഭര്‍ത്താവ് വിജീഷില്‍ നിന്നും ഭര്‍ത്താവിന്റെ മാതാപിതാക്കളില്‍ നിന്നും യുവതി മര്‍ദനം നേരിട്ടു എന്ന് വ്യക്തമാകുന്ന ഫോണ്‍ സംഭാഷണവും നേരത്തെ പുറത്ത് വന്നിരുന്നു. ഞായറാഴ്ച വൈകുന്നേരം നാലരക്കാണ് വെള്ളൂര്‍ ചേനോത്തെ വിജീഷിന്റെ ഭാര്യ സുനീഷയെ ഷാളുപയോഗിച്ച് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

സുനീഷ സഹോദരന് അയച്ച ഓഡിയോ സന്ദേശത്തിലാണ് ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ ആരോപണങ്ങള്‍ ഉള്ളത്. ഭര്‍ത്താവ് വിജീഷ് എല്ലാ ദിവസവും തന്നെ മര്‍ദ്ദിക്കാറുണ്ടെന്ന് യുവതി പറയുന്നുണ്ട്. ഭര്‍ത്താവിന്റെ മാതാപിതാക്കളും മര്‍ദ്ദിക്കാറുണ്ട്. കൂട്ടികൊണ്ടു പോയില്ലെങ്കില്‍ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി അനുജനോട് പറയുന്നതും ഓഡിയോയിലുണ്ടായിരുന്നു.

ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ ഒന്നര വര്‍ഷം മുമ്പാണ് വിജീഷും സനീഷയും വിവാഹിതരായത്. ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് സുനീഷ ഒരാഴ്ച മുമ്പ് പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസെടുക്കാതെ പയ്യന്നൂര്‍ പോലീസ് ഇരുവീട്ടുകാരെയും വിളിച്ച് ഒത്തുതീര്‍പ്പാക്കി വിടുകയായിരുന്നു. ഇതിന് ശേഷം മര്‍ദ്ദനം തുടര്‍ന്നെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്ന യുവതിയുടെ ഓഡിയോ സന്ദേശത്തിലുള്ളത്.

ഞായറാഴ്ച വൈകുന്നേരം നാലരക്കാണ് വെള്ളൂര്‍ ചേനോത്തെ വിജീഷിന്റെ വീട്ടിലെ ശുചിമുറിയില്‍ സുനീഷയെ ഷാളുപയോഗിച്ച് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

RECENT POSTS
Copyright © . All rights reserved