കൊച്ചി മേയര്‍ എം അനില്‍കുമാറിന് ഭീഷണി കത്ത്. താലിബാന്‍ ചീഫ് കമാന്‍ഡര്‍ ഫക്രുദീന്‍ അല്‍ത്താനിയുടെ പേരിലാണ് കൊച്ചി മേയര്‍ക്ക് ഭീഷണിക്കത്ത് എത്തിയത്.
കോഴിക്കോട്ട് നിന്നാണ് കത്ത് എത്തിയിരിക്കുന്നത്. ഭീഷണിക്കത്തില്‍ ബിന്‍ലാദന്റെ ചിത്രവുമുണ്ട്. സംഭവത്തില്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി.
കൊച്ചി കടപ്പുറത്ത് നഗ്നനായി നടത്തിക്കും. പത്ര മാധ്യമങ്ങളില്‍ തന്റെ ഫോട്ടോ കണ്ട് പോകരുത്. ഫോട്ടോ കൊടുത്ത് അഹങ്കാരം കാട്ടിയാല്‍ രാത്രി ഇരുട്ടടി കിട്ടുമെന്നും കൈകാലുകള്‍ അടിച്ച് ഒടിക്കുമെന്നും കത്തില്‍ പറയുന്നു.
സംഭവത്തില്‍ നിയമനടപടി ആവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് എല്‍ഡിഎഫ് പരാതി . എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ബെനഡിക്ട് ഫെര്‍ണാണ്ടസാണ് പരാതി നല്‍കിയിരിക്കുന്നത്.
തന്നോട് ആര്‍ക്കെങ്കിലും വിരോധമുള്ളതായി അറിയില്ലെന്നും മാനസിക വിഭ്രാന്തിയുള്ള ആരോ ആണ് ഇത് ചെയ്തതെന്നും മേയര്‍ അനില്‍കുമാര്‍ പറഞ്ഞു. എന്തായാലും ഇതിനു പിന്നാലെ നടക്കാന്‍ ഇല്ല. മേയര്‍ എന്ന നിലയില്‍ ഒരു ഭീഷണി വന്നപ്പോള്‍ അത് പോലീസില്‍ അറിയിക്കുകയാണ് ചെയ്തത്, അദ്ദേഹം വ്യക്തമാക്കി.
യുകെയിൽ 970,000 ആളുകൾ ലോംഗ് കോവിഡ് അനുഭവിക്കുന്നതായി കണക്കുകൾ. 2021 ഓഗസ്റ്റ് 1 വരെയുള്ള നാല് ആഴ്ചകളിൽ യുകെയിൽ 970,000 ആളുകൾ ലോംഗ് കോവിഡ് ലക്ഷണങ്ങൾ അനുഭവിക്കുന്നതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ഒഎൻഎസ്) അറിയിച്ചു.
ഇത് ജനസംഖ്യയുടെ 1.5% വരും. ആദ്യത്തെ കോവിഡ് ബാധയ്ക്ക് ശേഷം നാലാഴ്ചയിൽ ഏറെ ഇക്കൂട്ടരിൽ രോഗലക്ഷണങ്ങൾ നിലനിൽക്കുന്നതായി ഒഎൻഎസ് വ്യക്തമാക്കുന്നു. ഇതിൽ 817,000 (84%) പേർക്ക് 12 ആഴ്ച മുമ്പ് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 40% പേർക്ക്, 384,000, കുറഞ്ഞത് ഒരു വർഷം മുമ്പ് കോവിഡ് ബാധിച്ചതാണ്.
66% വരുന്ന 643,000 ആളുകളിൽ രോഗലക്ഷണങ്ങൾ അവരുടെ ദൈനംദിന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചതായി ഒഎൻഎസ് പറഞ്ഞു, അതേസമയം 19% വരുന്ന 188,000 പേർ അവരുടെ ദൈനംദിന പ്രവർത്തനങ്ങൾ “വളരെയധികം പരിമിതപ്പെടുത്തിയാണ് മുന്നോട്ട് പോയത്.
58% പേരിലും ക്ഷീണം ഏറ്റവും സാധാരണമായ ലക്ഷണമാണ്. ശ്വാസംമുട്ടൽ (42%), പേശി വേദന (32%), ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് (31%) എന്നിങ്ങനെയാണ് മറ്റ് ലക്ഷണങ്ങളുടെ സാന്നിധ്യം. 35-നും 69-നും ഇടയിൽ പ്രായമുള്ളവർ, സ്ത്രീകൾ, ഏറ്റവും പിന്നോക്കാവസ്ഥയുള്ള പ്രദേശങ്ങളിലെ താമസക്കാർ, ആരോഗ്യ, സാമൂഹിക പരിപാലന തൊഴിലാളികൾ എന്നിവർക്കിടയിലാണ് ലോംഗ് കോവിഡ് ലക്ഷണങ്ങൾ കൂടുതലെന്നും ഒഎൻഎസ് വ്യക്തമാക്കി.
വീട്ടിൽ ഒളിച്ചുകളിക്കുന്നതിനിടെ ഒന്നര വയസുകാരി ഷോക്കേറ്റ് മരിച്ചു. കുറവിലങ്ങാട് വെമ്പള്ളിക്കു സമീപം കദളിക്കാട്ടിൽ അലൻ ശ്രുതി ദമ്പതികളുടെ മകളായ ഒന്നരവയസ്സുകാരി റൂത്ത് മറിയമാണ് ഷോക്കേറ്റ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് കളിക്കുന്നതിനിടെ കുട്ടി അപകടത്തിൽ പെട്ടത്. അയൽവക്കത്തെ കുട്ടികളും ഒന്നിച്ച് സാറ്റ് കളിക്കുന്നതിനിടയിൽ ആണ് കുഞ്ഞിന് ഷോക്കേറ്റത്. കളിക്കുന്നതിനിടെ വീട്ടിലെ ഫ്രിഡ്ജിന്റെ പിന്നിൽ കുട്ടി ഒളിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് ഷോക്കേറ്റ് മരണം സംഭവിച്ചത്.
ടൈൽസ് പണിക്കാരനായ അലനും അതിരമ്പുഴ പഞ്ചായത്ത് ഓഫീസിലെ കരാർ ജീവനക്കാരിയായ ശ്രുതിയും ജോലിക്ക് പോയിരിക്കുകയായിരുന്നു. പതിവായി ജോലിക്ക് പോകുമ്പോൾ അമ്മയുടെ പക്കലാണ് കുഞ്ഞിനെ ഏൽപ്പിക്കുന്നത്. പതിവുപോലെ ഇന്നും മാതാപിതാക്കൾ ജോലിക്ക് പോയപ്പോൾ ശ്രുതിയുടെ അമ്മയുടെ പക്കൽ കുഞ്ഞിനെ ഏൽപ്പിച്ചു പോവുകയായിരുന്നു. അതിനിടെ ആണ് ഉച്ചയോടെ മരണം പിഞ്ചു കുഞ്ഞിന്റെ ജീവൻ കവർന്നെടുത്തത്. അയൽപക്കത്തെ കുട്ടികളുമൊത്ത് റൂത്ത് മറിയവും സഹോദരി ഹെയറയും കളിക്കുന്നത് പതിവായിരുന്നു. അതിനിടെയാണ് ഇന്ന് അപ്രതീക്ഷിതമായി അപകടമുണ്ടായത്.
സംഭവം നടക്കുമ്പോൾ ശ്രുതിയുടെ അമ്മ വീട്ടിലുണ്ടായിരുന്നു. ഇവരുടെ ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടി യത്. സംഭവസ്ഥലത്ത് വെച്ച് തന്നെ കുഞ്ഞ് മരിച്ചതായി നാട്ടുകാർ പറയുന്നു. കുഞ്ഞിനെയും കയ്യിൽ വച്ച് ശ്രുതിയുടെ അമ്മ ഇരിക്കുന്ന കാഴ്ചയാണ് നാട്ടുകാർ കണ്ടത്. തുടർന്ന് ഉടൻ തന്നെ കുറവിലങ്ങാട് ഉള്ള സ്വകാര്യ ആശുപത്രിയിലേക്ക് നാട്ടുകാർ കുഞ്ഞിനെ കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ കുഞ്ഞു മരിച്ചതായി ഡോക്ടർമാരും പരിശോധനയ്ക്കുശേഷം പറഞ്ഞു.
സംഭവത്തിൽ കുറവിലങ്ങാട് പോലീസ് സ്വകാര്യ ആശുപത്രിയിലെത്തി കുഞ്ഞിന്റെ ഇൻക്വസ്റ്റ് പരിശോധന പൂർത്തിയാക്കി. തുടർന്ന് പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി. സംഭവത്തിൽ അസ്വാഭാവികമായി മറ്റെന്തെങ്കിലും ഉണ്ടോ എന്ന കാര്യം കുറവിലങ്ങാട് പോലീസ് പരിശോധിക്കുന്നുണ്ട്. എന്നാൽ നിലവിലുള്ള വിവരമനുസരിച്ച് ഷോക്കേറ്റതിനെത്തുടർന്നാണ് മരണം സംഭവിച്ചത് എന്നാണ് പൊലീസ് കരുതുന്നത്. അപ്രതീക്ഷിതമായി ഉണ്ടായ മരണം നാട്ടുകാരേയും ഞെട്ടിച്ചു.
വിവരം അറിഞ്ഞ ശേഷം പിതാവ് അലനും, മാതാവ് ശ്രുതിയും എത്തുകയായിരുന്നു. പിഞ്ചുകുഞ്ഞിന്റെ അപ്രതീക്ഷിതമായുണ്ടായ വേർപാട് ഇരുവരെയും കടുത്ത ആഘാതത്തിലാണ് എത്തിച്ചിരിക്കുന്നത്. സംഭവത്തിൽ പോസ്റ്റ്മോർട്ടം പരിശോധന പൂർത്തിയാക്കിയശേഷം പൊലീസ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. വൈകാതെ തന്നെ ഇതിനുള്ള നടപടികൾ പൂർത്തിയാകുമെന്ന് കോട്ടയം മെഡിക്കൽ കോളേജ് അധികൃതരും പ്രതികരിച്ചു.
ഫ്രിഡ്ജിന് പിന്നിൽ ഷോക്ക് അടിക്കുന്നതിനു കാരണമായി എന്തെങ്കിലും തകരാർ ഉണ്ടായിരുന്നോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. കുഞ്ഞുങ്ങൾക്ക് ഇടയിൽ ഉണ്ടാകുന്ന അപകടങ്ങളിൽ എത്രത്തോളം ശ്രദ്ധ പുലർത്തണമെന്ന കൂടിയാണ് വെമ്പള്ളി സംഭവം തെളിയിക്കുന്നത്. ഷോക്ക് ഏൽക്കാൻ സാധ്യതയുള്ള സാഹചര്യങ്ങൾ കുഞ്ഞു കുട്ടികൾക്ക് എത്രത്തോളം അപകടകരമാണ് എന്നും വെമ്പള്ളി സംഭവം തെളിയിക്കുന്നു.
നോർത്താംപ്റ്റൺ : യൂണിവേഴ്സിറ്റി ഓഫ് നോർത്താംപ്റ്റനിലെ കേരള ഇന്റർനാഷണൽ സ്റ്റുഡന്റസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ടെക് ബാങ്ക് യുകെ സപ്പോർട്ട് ചെയ്ത വിപുലമായ ഓണഘോഷ പരിപാടികൾ നടത്തപ്പെട്ടു. യുകെ യൂണിവേഴ്സിറ്റികളുടെ ചരിത്രത്തിൽ ആദ്യമായാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്.

പരിപാടികളുടെ ഭാഗമായി നോർത്താംപ്റ്റൺ യൂണിവേഴ്സിറ്റി, ബെക്കറ്റ്സ് പാർക്കിൽ വടംവലി,നാരങ്ങ സ്പൂൺ,തീറ്റമത്സരം തുടങ്ങിയ വിവിധതരം ഓണഘോഷ മത്സരങ്ങൾ സംഘടിപ്പിച്ചു.തുടർന്ന് എലിസിയം പബ്ബിൽ വെച്ച് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കലാപരിപാടികളും സംഘടിപ്പിച്ചു. യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും പരിപാടികളിൽ പങ്കെടുത്തു. വിപുലമായ പായസവിതരണവും, കലാശകൊട്ടിനോടനുബന്ധിച്ചുള്ള ഡിജെയും ഓണാഘോഷത്തെ കൂടുതൽ സമൃദ്ധമാക്കി.




പെറ്റി അടയ്ക്കാത്തതിന് പൊലീസ് മൂന്നു വയസ്സുകാരി മകളെ കാറില്‍ പൂട്ടിയിട്ടെന്ന പരാതിയുമായി ദമ്പതികള്‍. തിരുവനന്തപുരം ബാലരാമപുരം പൊലീസിനെതിരെയാണ് ആരോപണം. നെയ്യാറ്റിന്‍കര സ്വദേശികളായ ഷിബുകുമാറും ഭാര്യ അഞ്ജനയുമാണ് പൊലീസിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.
കഴിഞ്ഞ ഫെബ്രുവരി 23 ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ധനുവച്ചപുരത്ത് നിന്ന് കലാപ്രവര്‍ത്തകര്‍ കൂടിയായ ഷിബുകുമാറും ഭാര്യയും മൂന്ന് വയസ്സുകാരിയായ മകളും കാറില്‍ തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. ബാലരാമപുരത്തിന് തൊട്ടുമുമ്പ്, വാഹനവേഗത പരിശോധിക്കുന്ന ഇന്‍റര്‍സെപ്ടര്‍ വാഹനത്തിലുണ്ടായ പൊലീസുദ്യോഗസ്ഥര്‍ ഷിബുകുമാറിന്‍റെ വാഹനം തടഞ്ഞു നിര്‍ത്തി. അമിതവേഗത്തിന് 1500 രൂപ പിഴ വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍ കൈയില്‍ പണമില്ലെന്ന് അറിയിച്ചെങ്കിലും പൊലീസ് കൂട്ടാക്കിയില്ല. പണമടച്ചാലെ പോകാന്‍ അനുവദിക്കുകയുള്ളൂ എന്നും പൊലീസ് അറിയിച്ചു.
ഗാനമേളയ്ക്ക് സംഗീത ഉപകരണം വായിക്കുന്ന ഷിബുവിനും ഗായികയായ അഞ്ജന സുരേഷിനും ഒന്നര വര്‍ഷത്തിലേറെയായി കോവിഡ് കാരണം വരുമാനം ഇല്ലാതായത് പറഞ്ഞെങ്കിലും ഒഴിവാക്കിയില്ല. ഒടുവില്‍ ഒരു മണിക്കൂറിന് ശേഷം പിഴയടച്ച് മടങ്ങുമ്പോള്‍ അതിവേഗത്തില്‍ പോകുന്ന മറ്റ് വാഹനങ്ങളുടെ കാര്യം പൊലീസുദ്യോഗസ്ഥനോട് പറഞ്ഞതോടെ ഷിബുവിനെ മര്‍ദ്ദിക്കാനൊരുങ്ങി. ഇത് കണ്ട് ഷിബുവിന്‍റെ ഭാര്യ കാറിന്‍റെ പുറത്തിറങ്ങി ഫോണില്‍ വീഡിയോ ചിത്രീകരിച്ചു.
പിന്‍സീറ്റിലിരുന്ന കുട്ടി കരയുന്നുണ്ടായിരുന്നിട്ടും തിരിഞ്ഞു നോക്കുകയോ ആശ്വസിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചു. പിന്നീട് പണം കടം വാങ്ങി പിഴ അടച്ചതിനു ശേഷമാണ് പോവാന്‍ അനുവദിച്ചത്.
പൊലീസിന്റെ മോശം പെരുമാറ്റത്തിന് ഇരയായ ദമ്പതികള്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും ഇവര്‍ പുറത്തുവിട്ടിട്ടുണ്ട്.
അതേസമയം കുഞ്ഞിനെ കാറില്‍ പൂട്ടിയിട്ട പൊലീസ് നടപടിക്ക് എതിരെ പരാതി കിട്ടിയാല്‍ നടപടി എടുക്കുമെന്ന് ബാലാവകാശ കമ്മീഷന്‍ അറിയിച്ചു.
പ്രശസ്ത സംഗീത സംവിധായകന്‍ ഇളയരാജയുടെ ചില സ്വഭാവങ്ങള്‍ അടുത്ത സുഹൃത്തും പ്രമുഖ ഗായകനുമായ എസ് പി ബാലസുബ്രഹ്‌മണ്യത്തെ പോലും വേദനിപ്പിച്ചിരുന്നതായി സംവിധായകന്‍ ശാന്തിവിള ദിനേശ്. അത്തരം സംഭവങ്ങള്‍ മലയാളത്തിലും നടന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ‘പാട്ട് മുഴുവനും പാടുകയാണെങ്കില്‍ ഞങ്ങള്‍ക്ക് ഇത്ര രൂപ തരണം എന്ന ആവശ്യവുമായി പലരും വന്നിട്ടുണ്ടെന്നാണ് ദിനേഷ് പറയുന്നത്. മാര്‍ക്കോസ് അടക്കം ഓപ്പണ്‍ സ്റ്റേജില്‍ പാടുന്ന എത്ര ഗായകര്‍ക്ക് പാടണമെങ്കില്‍ മുഴുവനായും പണം തരണമെന്ന് പറഞ്ഞ് യേശുദാസിന്റെ മൂത്തമകന്‍ കത്ത് അയക്കുമായിരുന്നു.
ആരെങ്കിലും അങ്ങനെ കൊടുത്തിട്ടുണ്ടോ എന്നെനിക്ക് അറിയില്ല. യേശുദാസ് ചെയര്‍മാനായി സമം എന്ന പേരില്‍ ഒരു സംഘടന ആരംഭിച്ചിരുന്നു. മലയാളത്തിലെ ഗായകര്‍ക്ക് വേണ്ടിയുള്ള സംഘടനയായിരുന്നിത്.
ഈ കൊറോണ കാലത്ത് പാട്ടുകാരില്‍ അവശത അനുഭവിക്കുന്നവരെ സഹായിക്കുന്നതിന് വേണ്ടി സമം ഒരു പ്രോഗ്രാം ചെയ്യാന്‍ തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷം അന്തരിച്ച എസ്പി ബാലസുബ്രഹ്‌മണ്യത്തിന്റെ പേരില്‍ എന്‍കെയും എപ്പോതും എന്ന പ്രോഗ്രാമായിരുന്നു. യേശുദാസ് അടക്കം പലരും വീഡിയോയിലൂടെ പാടി അയച്ച് കൊടുത്തിരുന്നു.
ഇന്ത്യയിലെ ഒരുവിധം എല്ലാ ഗായകരെയും പങ്കെടുപ്പിച്ച് കൊണ്ടായിരുന്നു പരിപാടി നടത്താന്‍ തീരുമാനിച്ചത്. അതിന്റെ റൈറ്റ് ഒന്നര കോടി രൂപയ്ക്ക് മഴവില്‍ മനോരമയ്ക്ക് കിട്ടി. ഗായകരെല്ലാം ഫ്രീയായി വന്ന് പാടുന്നത് കൊണ്ട് അതില്‍ നിന്നും കിട്ടുന്ന വരുമാനം ദുരിതമനുഭവിക്കുന്നവര്‍ക്ക് കൊടുക്കാമെന്ന് തീരുമാനിച്ചു.
അങ്ങനെ അതൊരു വലിയ പരിപാടി പോലെ എല്ലാം റെഡിയാക്കി. സുരേഷ് ഗോപി അടക്കമുള്ളവര്‍ വരെ അതില്‍ പാടുന്നുണ്ടായിരുന്നു. പക്ഷേ ഷോ തുടങ്ങാന്‍ ഒരാഴ്ച ബാക്കി നില്‍ക്കവേ ഇവിടെ ഇങ്ങനൊരു പരിപാടി നടക്കുന്നുണ്ടെന്ന് അറിഞ്ഞ ഇളയരാജ, അവര്‍ക്കൊരു കത്ത് അയക്കുന്നു. ഈ പ്രോഗ്രാമില്‍ ബാലസുബ്രഹ്‌മണ്യം പാടി ഞാന്‍ സംഗീതം കൊടുത്ത പാട്ടുകള്‍ എടുക്കുകയാണെങ്കില്‍ ഓരോ പാട്ടിനും മൂന്ന് ലക്ഷം രൂപ വീതം വേണമെന്ന് പറഞ്ഞു. ഒരു വിട്ട് വീഴ്ചയ്ക്കും തയ്യാറായിട്ടില്ലെന്നാണ് അറിയുന്നത്. അങ്ങനെ മനോരമ അറുപത് ലക്ഷം അദ്ദേഹത്തിന് കൊടുത്തു എന്നാണ് അറിയുന്നത്. നോക്ക് കൂലി വാങ്ങിയത് പോലെയായി പോയത്. അതെനിക്ക് ക്രൂരതയായിട്ടാണ് തോന്നിയതെന്ന് ദിനേശ് വ്യക്തമാക്കി.
അഴീക്കലിൽ മത്സ്യബന്ധന ബോട്ട് മുങ്ങി നാല് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. സുനില്‍ ദത്ത്, സുദേവന്‍, തങ്കപ്പന്‍, ശ്രീകുമാര്‍ എന്നിവരാണ് മരിച്ചത്. അഞ്ചു പേരെ കാണാതായി. മൂന്നു പേരുടെ മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ മത്സ്യത്തൊഴിലാളികളും തീരസംരക്ഷണസേനയും ചേർന്ന് നടത്തുകയാണ്.
അഴീക്കൽ പൊഴിക്ക് സമീപം രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. തിരയില്‍ പെട്ട് വള്ളം മറിയുകയായിരുന്നു. ആലപ്പുഴ വലിയ അഴീക്കലിൽ നിന്നുള്ള ‘ഓംകാരം’ എന്ന വള്ളമാണ് മറിഞ്ഞത്. ആലപ്പുഴയിൽ നിന്നും പുറപ്പെട്ട വള്ളം കരുനാഗപ്പള്ളി ഭാഗത്ത് എത്തിയപ്പോഴാണ് അപകടത്തിൽ പെട്ടത്.
വള്ളത്തിൽ 16 പേർ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ പെട്ട വള്ളം കരയിലേക്ക് വലിച്ച് അടിപ്പിച്ചിട്ടുണ്ട്.
മലബാര്‍ സമരനായകന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചുള്ള സിനിമയില്‍ നിന്ന് സംവിധായകന്‍ ആഷിക് അബുവും നടന്‍ പൃഥ്വിരാജും പിന്മാറിയതോടെ സിനിമാ നിര്‍മാണം ഏറ്റെടുക്കാമെന്ന് ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം.
സിനിമാ നിര്‍മ്മാണം താന്‍ ഏറ്റെടുക്കാമെന്നും വാരിയന്‍ കുന്നന്റെ വേഷം ഏറ്റെടുക്കാനുള്ള ധൈര്യം ഏത് കലാകാരനാണുള്ളതെന്നും ഷാഫി ചാലിയം ചോദിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഷാഫി ചാലിയം വാരിയംകുന്നന്‍ സിനിമയുടെ നിര്‍മ്മാണം ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിച്ചത്.
നിര്‍മ്മാതാക്കളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് സംവിധായകന്‍ ആഷിക് അബുവും നടന്‍ പൃഥ്വിരാജും വാരിയംകുന്നന്‍ സിനിമയില്‍ നിന്നും പിന്മാറിയതെന്ന് വിശദീകരണം നല്‍കിയത്. 2020 ജൂണിലാണ് സിനിമ പ്രഖ്യാപിച്ചത്.
സിനിമയുടെ പേരില്‍ പൃഥ്വിരാജ് സൈബര്‍ ആക്രമണത്തിന് വിധേയമായിരുന്നു. ‘ലോകത്തിന്റെ നാലിലൊന്നും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ യുദ്ധംചെയ്ത് ‘മലയാള രാജ്യം’ എന്ന സ്വതന്ത്രരാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങള്‍ സിനിമയാക്കുന്നു’ എന്നായിരുന്നു സിനിമാ പ്രഖ്യാപന വേളയില്‍ പൃഥ്വിരാജിന്റെ പോസ്റ്റ്.
മലബാര്‍ വിപ്ലവ ചരിത്രത്തിന്റെ നൂറാംവാര്‍ഷികത്തില്‍ (2021) ചിത്രീകരണം തുടങ്ങുമെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഹിന്ദു ഐക്യവേദി അടക്കമുള്ള സംഘടനകള്‍ സിനിമയില്‍ നിന്ന് പൃഥ്വിരാജ് പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സൈബര്‍ ആക്രമണങ്ങള്‍ ബാധിക്കില്ലെന്നായിരുന്നു ആഷിക് അബുവിന്റെ പ്രതികരണം.
പശുവിനെ ഭാരതത്തിന്റെ ദേശീയ മൃഗമാക്കണമെന്ന അഭിപ്രായവുമായി അലഹബാദ് ഹൈക്കോടതി. ഗോവധ നിരോധന നിയമപ്രകാരം കേസെടുത്തയാള്‍ക്ക് ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ടുളള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ അഭിപ്രായം.
സിംഗിള്‍ ബെഞ്ച് ജഡ്ജിയായ ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവാണ് ഈ നിരീക്ഷണം നടത്തിയത്. ഹര്‍ജിക്കാരനായ ജാവേദിന് ജാമ്യം നിഷേധിച്ച കോടതി പാര്‍ലമെന്റ് പശുവിന് മൗലികാവകാശങ്ങള്‍ നല്‍കുന്ന ബില്‍ പാസാക്കി പശുവിനെ ദേശീയ മൃഗമാക്കണമെന്നും അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണ് പശുവെന്നും അതുകൊണ്ടുതന്നെ ദേശീയ മൃഗമാക്കണമെന്നുമായിരുന്നു അഭിപ്രായം. രാജ്യത്ത് പശുവിനെ ഉപദ്രവിക്കുന്നവരെ ശിക്ഷിക്കുന്ന നിയമം സര്‍ക്കാര്‍ നടപ്പാക്കണമെന്നും സിംഗിള്‍ ബെഞ്ച് ആവശ്യപ്പെട്ടു.
പശുവിനെ സംരക്ഷിക്കുക എന്നത് ഒരു മതത്തിന്റെ മാത്രം പ്രവര്‍ത്തനമല്ല അത് ഇന്ത്യയുടെ മൊത്തം സംസ്‌കാരമാണെന്നും പശുവിനെ സംരക്ഷിക്കേണ്ട കടമ രാജ്യത്തെ ഓരോ പൗരനുമുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.