തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഉച്ചവരെ മാത്രമായിരിക്കും ക്ലാസുകൾ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഉച്ചഭക്ഷണം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശനിയാഴ്ച പ്രവർത്തി ദിവസമാക്കുമെന്നും, അദ്ധ്യാപകർക്കും അനദ്ധ്യാപകർക്കും വാക്‌സിനേഷൻ ഉറപ്പുവരുത്തുമെന്ന് മന്ത്രി അറിയിച്ചു. ഫിറ്റ്‌നസ് ഇല്ലാത്ത വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് തൊട്ടടുത്ത സ്‌കൂളിൽ ക്ലാസ് ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എൽ പി ക്ലാസിൽ ഒരു ബെഞ്ചിൽ രണ്ട് കുട്ടികളെ മാത്രമേ ഇരുത്തുകയുള്ളൂ. പരമാവധി മൂന്ന് വിദ്യാർത്ഥികളെ മാത്രമേ ഓട്ടോറിക്ഷയിൽ കയറ്റാൻ പാടുള്ളൂ. വിദ്യാർത്ഥി കൺസെഷന്റെ കാര്യത്തിൽ സ്വകാര്യ ബസ് ഉടമകളുമായി ചർച്ച നടത്തുമെന്നും വി ശിവൻകുട്ടി പറഞ്ഞു.
ഫൈസൽ നാലകത്ത്
താരതമ്യേന തുടക്കക്കാരായ ഇൻഡി കലാകാരന്മാരുടെ കൂട്ടം അണിയിച്ചൊരുക്കിയ പാട്ട് കേവലം ദിവസങ്ങൾക്കുള്ളിലാണ് യൂട്യൂബ് വഴി ഒരു ലക്ഷത്തിലധികം ശ്രോതാക്കളിലേക്കെത്തിയത്. ഈയിടെ പുറത്തിറങ്ങിയ വേണം എന്ന മലയാളം പാട്ട് ഇതിനോടകം തന്നെ ലോകമെമ്പാടുമുള്ള സംഗീത പ്രേമികളുടെ ശ്രദ്ധ നേടിക്കഴിഞ്ഞു. ആകർഷകമായ ട്യൂണും വരികളും ദേശാന്തര ഭേദമന്യേ സ്വീകരിക്കപ്പെട്ടു. എന്തിന്റേയും ഏതിന്റേയും പുതുക്കലിനായി നിലകൊളുന്ന യുവാക്കളെ പ്രതിനിധീകരിക്കുന്ന ‘വേണം’ എന്ന പാട്ട്, പ്രമേയവും അവതരണവും കൊണ്ടാണ് ചർച്ച ചെയ്യപ്പെടുന്നത്. ഒരു മലയാളം ഇൻഡി ഗാനത്തിന് ലോകമെമ്പാടും ശ്രദ്ധ കിട്ടുന്നതും മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ശ്രോതാക്കളെ ലഭിക്കുന്നതും സാധാരണമല്ല. സ്പോട്ടിഫയ്, ആപ്പിൾ മ്യൂസിക്, തുടങ്ങി മിക്ക ഡിജിറ്റൽ പ്ലാറ്റുഫോമുകളിലും ‘വേണം’ ഇന്ന് ലഭ്യമാണ്.
video link : https://www.youtube.com/watch?v=dyR35DLNvog
മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്ന കവി ആദിത്യ ശങ്കറിന്റേതാണ് വരികൾ. 2002 മുതൽ കവിതകൾ മുഖ്യധാരയിൽ പ്രസിദ്ധീകരിച്ചു വരുന്നു. ഒരു മലയാളം ഗാനത്തിനായുള്ള അദ്ദേഹത്തിന്റെ ആദ്യ സംരംഭമാണിത്.ആഫ്റ്റർ സീയിങ്, പാർട്ടി പൂപ്പേർഴ്‌സ്, എക്സ് എക്സ് എൽ എന്നിവയാണ് ഇംഗ്ലീഷ് പുസ്തകങ്ങൾ. അനിമേഷൻ പഠിച്ച കാലത്ത് മലയാളം കവിതാ സമാഹാരം. ബാംഗ്ലൂരിൽ താമസം.സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷബീർ (ഷാബ്സ് ക്രാഫ്റ്റ്) എന്ന സംഗീതഞ്ജനാണ് ഈ പാട്ട് ചിട്ടപ്പെടുത്തിയത്. ഇത് അദ്ദേഹത്തിന്റെ മലയാളത്തിലെ ആദ്യ ഗാനമാണ്. ഇൻസ്ട്രുമെന്റൽ സിംഗിളുകളാണ് അദ്ദേഹത്തിന്റേതായി ഇതിനു മുന്നേ റിലീസ് ചെയ്തിട്ടുള്ളത്.
പ്രമുഖ ഗായകൻ ഹരീഷാണ് ‘വേണം’ ആലപിച്ചിട്ടുള്ളത്. വർഷങ്ങളായി പടിഞ്ഞാറൻ, ക്ലാസിക്കൽ ഭാഷകളിൽ നന്നായി പരിശീലനം നേടിയ ഗായകൻ കൂടി ആണ് ഹരീഷ്. ഷബീറിനെപ്പോലെ അദ്ദേഹവും സിംഗപ്പൂരിലാണ് താമസം.
മൂവരും ടെക് കമ്പനികളിൽ ജോലി ചെയ്യുന്നുവെങ്കിലും സംഗീതം അവരെ ഒരുമിച്ച് കൊണ്ടുവന്നു. ഷബീറും ആദിത്യനും സ്കൂൾ കാലം മുതൽ സുഹൃത്തുക്കളാണ്. അതേസമയം ഹരീഷും ഷബീറും സിംഗപ്പൂരിൽ കണ്ടു മുട്ടി. പുതിയതും വ്യത്യസ്തവുമായ കല സൃഷ്ടിക്കുക, ലോകമെമ്പാടുമുള്ള സംഗീത പ്രേമികളുമായി സംവദിക്കുക; ഈ മൂവർ സംഘത്തെ മുന്നോട്ട് നയിച്ച ലക്ഷ്യമിതാണ്.
“സത്യം പറഞ്ഞാൽ, പാട്ട് ഇത്രയധികം ശ്രോതാക്കളിലേക്കെത്തുമെന്ന് ഞങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അതിലും സന്തോഷകരമായ കാര്യം, ഞങ്ങളുടെ ഗാനത്തിന് ഇതര രാജ്യങ്ങളിലെ മലയാളം അറിയാത്ത ശ്രോതാക്കളിൽ നിന്ന് വരെ ലഭിക്കുന്ന സ്വീകരണമാണ്. ഗാനത്തോടൊപ്പം ചേർത്ത സബ്-ടൈറ്റിലുകളാണ് ഇത് എല്ലാവരിലും എത്താൻ സഹായിച്ചത്. പാട്ടാസ്വദിക്കുക മാത്രമല്ല, അഭിപ്രായവും അറിയിക്കുന്നുണ്ട് വ്യൂവേഴ്‌സ്. വിമർശനവും ആസ്വാദനവും അറിയിച്ച എല്ലാവരോടും നന്ദി പറയുന്നു”, ഷബീർ പറയുന്നു.
വേണം എന്ന ആശയം ആദ്യം ഉദിച്ചപ്പോൾ വരികൾക്കായി ഷബീർ അദ്ദേഹത്തിന്റെ സുഹൃത്ത് ആദിത്യനെ സമീപിക്കുകയായിരുന്നു. ഇന്നത്തെ യുവാക്കളുടെ മനോഭാവത്തെ അവരുടെ പരിസ്ഥിതി ബോധത്തെ അവരുടെ ചോദ്യം ചെയ്യലുകളെ കരുതലിനെയൊക്കെ പ്രതിനിധാനം ചെയ്യുന്നതും എന്നാൽ അവരുമായി സംവദിക്കുന്നതുമായ ഒരു രചനയാണ് അവർ പിന്നെ സൃഷ്ടിക്കാൻ ശ്രമിച്ചത്. മുൻ തലമുറയെപ്പോലെ തങ്ങൾക്ക് ചുറ്റുമുള്ള കുറവുകളും അനീതിയുമായി പൊരുത്തപ്പെടാൻ കൂട്ടാക്കാത്തവരെ ഈ പാട്ട് ഉയർത്തിപ്പിടിക്കുന്നുണ്ട്. പുതിയ തലമുറ എല്ലാം ചോദ്യം ചെയ്യണം, അർഹതപ്പെട്ട എല്ലാത്തിനും ആവശ്യപ്പെടണം, ഒന്നിലും വിട്ടുവീഴ്ച ചെയ്യരുത് എന്നെല്ലാം രസകരമായി അവതരിപ്പിക്കുക വഴി ‘മാറ്റം വേണം’ എന്ന് തന്നെയാണ് ‘വേണം’ മുന്നോട്ട് വെയ്ക്കുന്ന ആശയം.

കലാപത്തിന്റെയും കോപത്തിന്റെയും സ്വരത്തിൽ ആരംഭിച്ച് ആനന്ദത്തിലേക്കും പ്രത്യാശയിലേക്കും പ്രാർത്ഥനയിലേക്കും വഴി മാറുന്ന പാട്ട്, ഷാബ്സ്ക്രാഫ്റ്റിന്റെ അഭിപ്രായത്തിൽ, ഒരു ‘മികച്ച നാളെ’ എന്ന പ്രത്യാശ സൃഷ്ടിക്കുന്നതിനായാണ് ഇങ്ങനെ രൂപപ്പെടുത്തിയിരിക്കുന്നത്. റാപ്പ്, മെലഡി, ദക്ഷിണേന്ത്യൻ ക്ലാസിക്കൽ എന്നിവയുടെ സമന്വയമാണ് ഈ പാട്ട് എന്നതും രസകരമാണ്. റാപ്പിനും ക്ലാസിക്കലിനുമായി രണ്ട് ഗായകരെന്ന് പദ്ധതിയിട്ടിരുന്നെങ്കിലും എല്ലാ ഗാന ശാഖയിലും പ്രാവീണ്യം നേടിയ ഹരീഷിനൊപ്പം പ്രവർത്തിച്ച ശേഷം ഒരു ഗായകൻ തന്നെ മതിയെയെന്ന് ഷബീർ തീരുമാനിക്കുകയായിരുന്നു. ഒരു പുതിയ പാട്ട് സൂക്ഷ്മായ് മനസ്സിലാക്കാൻ അദ്ദേഹത്തിന് സാധിച്ചത് എൻ്റെ പണി വളരെ എളുപ്പമാക്കി. എന്റെ 10 വയസ്സുള്ള മകന്റെ (ഇഷാൻ) ചില സ്വരങ്ങളും ചില പശ്ചാത്തല ബിറ്റുകൾക്കായി ഞാൻ ഉപയോഗിച്ചു, ”ഷബീർ പറഞ്ഞു.
പാട്ട് പൂർത്തിയാക്കാൻ ആറ് മാസത്തോളമെടുത്തു. സംഗീതസംവിധായകനും ഗാനരചയിതാവിനും സിംഗപ്പൂരിൽ നിന്നും ഇന്ത്യയിൽ നിന്നും ജോലി ചെയ്യേണ്ടി വന്നു. മിക്സിംഗിനും മാസ്റ്ററിംഗിനും പ്രധാനമായും നെതർലാൻഡിലെ ഒരു സ്റ്റുഡിയോയിൽ നിന്ന് സൗണ്ട് എഞ്ചിനീയർമാരുമായി പ്രവർത്തിച്ചു. ഇന്ത്യയിലെ പ്രഗത്ഭരായ പല ടെക്നീഷ്യൻമാരും ഇൻസ്ട്രുമെന്റൽ ശബ്ദ വിദഗ്ധരും ഈ സംരംഭത്തിൻ്റെ ഭാഗമാണ്. വേണം എന്ന ഇൻഡി ഗാനത്തിന്റെ വേൾഡ്-വൈഡ് വിതരണവും ലേബലും നിയന്ത്രിക്കുന്നത് ലണ്ടൻ ആസ്ഥാനമായുള്ള ഒരു കമ്പനിയാണ്.
ആറു മിനിറ്റ് ദൈർഘ്യമെന്നത് സാധാരണമല്ല. ഈ മൂവർ സംഘം പറയുന്നതനുസരിച്ച്, പരീക്ഷണാത്മകവും കൃത്യമായ കാഴ്ചപ്പാടുമുള്ള
ഈ പാട്ടിൻ്റെ ഒഴുക്കിനതനിവാര്യമായിരുന്നു. അതുകൊണ്ടായിരിക്കാം വേണം എന്ന പാട്ട് വേറിട്ടുനിൽക്കുന്നതും സംഗീത പ്രേമികളതിനെ സ്വീകരിക്കുന്നതും.
ഇലക്ട്രിക് ഓട്ടോറിക്ഷയിലേക്ക് മാറുന്നതിലൂടെ പ്രതിമാസം പതിനായിരം രൂപയിലധികം ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്ക് ഇന്ധനചെലവില്‍ ലാഭിക്കാമെന്ന് ബഹു.വൈദ്യുതി വകുപ്പ് മന്ത്രി.ശ്രീ.കെ കൃഷ്ണന്‍കുട്ടി അഭിപ്രായപ്പെട്ടു. കോഴിക്കോട് നഗരത്തിലെ തിരഞ്ഞെടുത്ത പത്ത് കേന്ദ്രങ്ങളിലായി കെ.എസ്.ഇ.ബി. യുടെ ഇലക്ട്രിക് പോസ്റ്റുകളില്‍ ഘടിപ്പിക്കുന്ന തരത്തിലുള്ള “പോള്‍ മൌണ്ടട് ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍” ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീടുകളില്‍ പുരപ്പുറ സൗരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിച്ചാല്‍, ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യുന്നതിനും വീട്ടിലെ വൈദ്യുതി ഉപയോഗത്തിനും മാത്രമല്ല പാചകത്തിനും വൈദ്യുതി ഉപയോഗിച്ച്, പ്രതിമാസ കുടുംബചെലവുകള്‍ കുറയ്ക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കേരള ബാങ്കുമായി ചര്‍ച്ചചെയ്ത് ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്കായി കുറഞ്ഞ പലിശ നിരക്കില്‍ ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങുന്നതിനായി വായ്പ ലഭ്യമാക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്തരീക്ഷമലിനീകരണം കുറയ്ക്കുന്നതിന് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്ന് ചാര്‍ജ്ജിംഗ് സ്റ്റേഷനില്‍ ആദ്യ വാഹനം ചാര്‍ജ്ജു ചെയ്ത് ഉദ്ഘാടനം നിര്‍വ്വഹിച്ച ബഹു. പൊതുമരാമത്ത്, ടൂറിസം വകപ്പ് മന്ത്രി ശ്രീ. മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു.
കേരളത്തിലെ നിലവിലെ സ്ഥിതിയില്‍ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ ഏറ്റവും കൂടുതല്‍ ഉള്ളത് കോഴിക്കോട് ജില്ലയിലാണ്. കോഴിക്കോട് സിറ്റിയില്‍ മാത്രം അറുന്നൂറോളം ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ ഓടുന്നുണ്ട്. ഇവ എല്ലാം തന്നെ വീടുകളില്‍ രാത്രി ചാര്‍ജ്ജ് ചെയ്യുകയും 120-130 കി.മീ. ഓടിയതിനുശേഷം ബാറ്ററി ചാര്‍ജ്ജ് തീരുകയും ചെയ്യുന്നു. തുടര്‍ന്ന് ഓടുന്നതിനായി ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ ലഭ്യമല്ലാത്തതിനാല്‍ ഓട്ടോറിക്ഷ തൊഴിലാളികള്‍ വളരെയേറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്.
ഇതിനൊരു പരിഹാരമായി ഓട്ടോറിക്ഷകള്‍ക്കും ഇരു ചക്ര വാഹനങ്ങള്‍ക്കും ചാര്‍ജ്ജ് ചെയ്യാന്‍ ഉതകുന്ന തരത്തില്‍ കോഴിക്കോട് സിറ്റിയില്‍ തിരഞ്ഞെടുത്ത പത്ത് ലൊക്കേഷനുകളിലായി കെ.എസ്.ഇ.ബി. യുടെ ഇലക്ട്രിക് പോസ്റ്റുകളില്‍ ഘടിപ്പിക്കുന്ന തരത്തിലുള്ള “പോള്‍ മൌണ്ടട് ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍” സ്ഥാപിച്ചു കഴിഞ്ഞു. ഈ സ്റ്റേഷനുകള്‍ ഉപയോഗപ്പെടുത്തി കോഴിക്കോട് ടൌണില്‍ ഓടുന്ന എല്ലാ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്കും മൊബൈല്‍ ഫോണ്‍ വഴി പണമടച്ച് ചാര്‍ജ്ജ് ചെയ്യാന്‍ കഴിയും. എറ്റവും കുറഞ്ഞ പ്രീ-പെയ്ഡ് വാലറ്റ് നിരക്ക് 100 രൂപയാണ്. ഒരു തവണ ഫുള്‍ ചാര്‍ജ്ജ് ചെയ്യുമ്പോള്‍ 70 രൂപ മൊബൈല്‍ ഫോണ്‍ വഴി അടയ്ക്കാം. തുടര്‍ന്ന് 120-130 കി.മീ. ഓടുവാന്‍ കഴിയും.
കേരള സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം ഗവണ്‍മെന്റ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായാണ് സാധാരണ ജനങ്ങള്‍ക്ക് വളരെയേറെ ഉപകാരപ്രദമായ ഈ പദ്ധതി നടപ്പാക്കുന്നത്. ഓരോ ഓട്ടോറിക്ഷയും ചാര്‍ജ്ജ് ചെയ്യാന്‍ എടുക്കുന്ന സമയം, ഉപയോഗിച്ച വൈദ്യുതി, അടച്ച തുക ഇവയെല്ലാം തന്നെ കെ. എസ്. ഇ. ബി. എല്‍. നും അതുപോലെ തന്നെ ഓട്ടോറിക്ഷ ഡ്രൈവര്‍ക്കും തല്‍സമയം അറിയുവാന്‍ കഴിയും. നിലവിലുള്ള പോസ്റ്റുകളില്‍ തന്നെ ഇവ ഉറപ്പിക്കുന്നതിനാല്‍ അധിക ചിലവ് വരുന്നില്ല. CCTV അടക്കമുള്ള മതിയായ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചാണ് ഈ ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ഇപ്രകാരം സിറ്റിയില്‍ ഓടുന്ന ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് കൂടുതല്‍ സമയം ഓടുവാനും തൊഴിലാളികളുടെ വരുമാനം വര്‍ദ്ധിപ്പിക്കാനും സാധിക്കും.
കോഴിക്കോട് ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ Charge MOD ആണ് ഇതിനായി ചാര്‍ജ്ജിംഗ് ഉപകരണങ്ങളും സോഫ്റ്റ് വെയറും മറ്റും വികസിപ്പിച്ചത്. സംസ്ഥാന ഗവണ്‍മെന്റിന്റെ ഈ-മൊബിലിറ്റി പ്രമോഷന്‍ ഫണ്ടില്‍ നിന്നും 2.52 ലക്ഷം രൂപ ചിലവഴിച്ചാണ് പ്രസ്തുത ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ചത്. രണ്ടാം ഘട്ടത്തില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലുമായി 1000 പോള്‍ മൗണ്ടഡ് ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനായി ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.
ഒരു പെട്രോള്‍ ഓട്ടോറിക്ഷ 120 കി. മീ. ഓടുവാന്‍ 14 ലിറ്റര്‍ പെട്രോള്‍ വേണ്ടി വരും. എന്നാല്‍ ഇത്രയും ദൂരം ഓടാന്‍ ഒരു ഇലക്ടിക് ഓട്ടോയ്ക്ക് ശരാശരി ഏഴ് യൂണിറ്റ് വൈദ്യതി മതിയാകും. ഈ സംവിധാനം കെ.എസ്.ഇ.ബി.എല്‍.ന് കേന്ദ്രീകൃതമായി പണം വരുന്നതും എത്ര വൈദ്യുതി ഉപയോഗിച്ചുവെന്നും, ഏത് വണ്ടിയാണ് ചാര്‍ജ്ജ് ചെയ്തതെന്നും അടക്കം സോഫ്റ്റ് വെയര്‍ വഴി അറിയുവാന്‍ കഴിയും. പെട്രോള്‍ ഓട്ടോ ഓടിക്കുന്ന ഒരാള്‍ ശരാശരി ഒരു മാസം 3600 കി. മീ. ഓടുവാന്‍ വരുന്ന ചിലവ് 13,500/- രൂപയോളം ചെലവ് വരും. ഇലക്ടിക് ഓട്ടോറിക്ഷ ഒരു മാസം ഇതേ ദൂരം ഓടാന്‍ എകദേശം 2,220/- രൂപയോ ആകൂ. അതായത് ശരാശരി ഒരു മാസം 11,000/- രൂപയോളം ഒരു ഓട്ടോറിക്ഷയ്ക്ക് ലാഭിക്കാം.
കൊല്ലം ∙ ഉത്ര വധക്കേസിൽ പ്രതിയും ഭർത്താവുമായ സൂരജ് കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തി . മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച കൊലപാതകത്തിലാണ് കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി വിധി പ്രസ്താവിച്ചത്. വിധി കേൾക്കാൻ ഉത്രയുടെ അച്ഛനും സഹോദരനും കോടതിയിൽ എത്തിയിരുന്നു. എന്തെങ്കിലും പറയാൻ ഉണ്ടോയെന്ന് സൂരജിനോട് കോടതി ചോദിച്ചെങ്കിലും ഒന്നുമില്ലെന്നായിരുന്നു മറുപടി.
കേസ് അപൂർവങ്ങളിൽ അപൂർവമെന്ന് വിലയിരുത്തിയ പ്രോസിക്യൂഷൻ, പ്രതിക്ക് വധശിക്ഷ നൽകണമെന്ന് വാദിച്ചു. വിചിത്രവും പൈശാചികവും ദാരുണവുമായ കേസാണിത്. സ്വന്തം ഭാര്യ വേദനയാൽ നിലവിളിച്ചപ്പോൾ പ്രതി മറ്റൊരു കൊല ആസൂത്രണം ചെയ്തു. സമൂഹത്തിന് കൃത്യമായ സന്ദേശം നൽകുന്ന വിധി ആയിരിക്കണമെന്നും പ്രോസിക്യൂഷൻ നിലപാടെടുത്തു. കേസിൽ സൂരജിനുള്ള ശിക്ഷ 13ന് പ്രസ്താവിക്കുമെന്നു കോടതി അറിയിച്ചു.
അഞ്ചൽ ഏറം ‘വിഷു’വിൽ (വെള്ളശ്ശേരിൽ) വിജയസേനന്റെ മകൾ ഉത്രയ്ക്ക് (25) 2020 മേയ് ആറിനു രാത്രിയാണു പാമ്പുകടിയേറ്റത്. ഏഴിനു പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉത്രയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയതോടെയാണു രാജ്യത്തുതന്നെ അപൂർവമായ ക്രൂരതയുടെ ചുരുളഴിഞ്ഞത്.
കൊലപാതകമാണെന്ന പരാതിയുമായി മാതാപിതാക്കൾ കൊല്ലം റൂറൽ എസ്പി ഹരിശങ്കറിനെ കണ്ടതോടെ, ലോക്കൽ പൊലീസ് എഴുതിത്തള്ളിയ കേസിനു വഴിത്തിരിവുണ്ടായി. ജില്ലാ ക്രൈംബ്രാഞ്ചിനു കേസ് കൈമാറി. സാക്ഷികൾ ഇല്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചായിരുന്നു അന്വേഷണം. ഉത്രയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, കടിച്ച പാമ്പിന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട്, രാസപരിശോധനാ ഫലങ്ങൾ, മൊബൈൽ ഫോണുകളുടെ ഫൊറൻസിക് പരിശോധന, ഡമ്മി പരീക്ഷണം എന്നിവ നടത്തി.
കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 14ന് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ കോടതിയില്‍ വിചാരണ നടപടികളും വേഗത്തിലായിരുന്നു. ഭര്‍ത്താവ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഉത്രയെ കൊന്നെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. 87 സാക്ഷികളെ വിസ്തരിച്ചു. 288 രേഖകളും 40 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. ഡമ്മി പരീക്ഷണത്തിലൂടെ കണ്ടെത്തിയ ശാസ്ത്രീയ തെളിവുകളും നിര്‍ണായകമാണ്.
ഗൂഢാലോചനയോടെയുള്ള കൊലപാതകം (302), നരഹത്യാശ്രമം (307), കഠിനമായ ദേഹോപദ്രവം (326), വനം വന്യ ജീവി ആക്ട് (115) എന്നിവ പ്രകാരമാണു കേസ്. കേസിലെ മാപ്പുസാക്ഷിയും പാമ്പുപിടിത്തക്കാരനുമായ കല്ലുവാതുക്കൽ ചാവരുകാവ്‍ സുരേഷിന്റെ കയ്യിൽനിന്നാണു സൂരജ് പാമ്പിനെ വാങ്ങിയത്. ഉത്ര വധക്കേസ് ഫൊറൻസിക് സയൻസിൽ പുതിയ അധ്യായത്തിനും വഴിതെളിച്ചു.
മൃഗങ്ങളെ ഉപയോഗിച്ചു കൊലപ്പെടുത്തുന്നതു സംബന്ധിച്ച പഠനശാഖയ്ക്കാണ് കേസ് വഴിതുറന്നത്. പാമ്പ് സ്വാഭാവികമായി കടിക്കുമ്പോഴുള്ള പല്ലുകളുടെ അകലം, ബലപ്രയോഗത്തിലൂടെ കടിപ്പിക്കുമ്പോഴുള്ള പല്ലുകളുടെ അകലം. ശരീരത്തിലേക്ക് ഇറങ്ങുന്ന വിഷത്തിന്റെ അളവ് തുടങ്ങിയവ സംബന്ധിച്ചു വിവിധ ഇൻസ്റ്റിറ്റ്യൂട്ടുകൾ പഠനം തുടങ്ങി. ഇന്ത്യയിൽ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയ 3 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മുൻപുണ്ടായ 2 കേസുകളിലും പ്രതികളെ വിട്ടയച്ചിരുന്നു.
നടന്‍ നെടുമുടി വേണു അന്തരിച്ചു. 73 വയസായിരുന്നു. ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് അന്ത്യം. അത്യുല പ്രതിഭയെ നഷ്ടപ്പെട്ടതിന്റെ ആഘാതത്തിലാണ് മലയാള സിനിമാ ലോകം. നായകനായും വില്ലനായും സഹനടനായും അച്ഛനായും അപ്പൂപ്പനായും അമ്മാവനായും അഞ്ഞൂറിലധികം സിനിമകളില്‍ നിറഞ്ഞു നിന്ന താരമാണ് നെടുമുടി വേണു.
ദേശീയ ചലച്ചിത്ര പുരസ്‌കാരം മൂന്നു വട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ആറുവട്ടവും ലഭിച്ചിട്ടുണ്ട്. ഏതാനും ചിത്രങ്ങളുടെ രചനയും നിര്‍വഹിച്ചിട്ടുണ്ട്. ഭാര്യ: ടി.ആര്‍. സുശീല. മക്കള്‍: ഉണ്ണി ഗോപാല്‍, കണ്ണന്‍ ഗോപാല്‍. ആലപ്പുഴ ജില്ലയിലെ നെടുമുടിയില്‍ സ്‌കൂള്‍ അധ്യാപകനായിരുന്ന പി.കെ കേശവന്‍ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്മക്കളില്‍ ഇളയ മകനായി 1948 മെയ് 22നാണ് കെ. വേണുഗോപാലന്‍ എന്ന നെടുമുടി വേണു ജനിച്ചത്. നെടുമുടിയിലെ എന്‍.എസ്.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചമ്പക്കുളം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നാണ് അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം നേടിയത്.
ബാല്യകാലം മുതല്‍ തന്നെ വായനയോടും എഴുത്തിനോടും അതിയായ താല്‍പര്യം ഉണ്ടായിരുന്ന നെടുമുടിവേണു നാടകങ്ങളും എഴുതിയിരുന്നു. സ്‌കൂളിലും നാട്ടിലും സുഹൃത്തുക്കള്‍ക്കൊപ്പം നാടകം അവതരിപ്പിച്ചിരുന്നു. വിദ്യാഭ്യാസകാലത്ത് മറ്റു സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു അദ്ദേഹം. ആലപ്പുഴ എസ്. ഡി കോളേജില്‍ നിന്ന് ബിരുദമെടുത്തശേഷം കലാകൗമുദിയില്‍ പത്രപ്രവര്‍ത്തകനായും ആലപ്പുഴയില്‍ പാരലല്‍ കോളേജ് അധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോളേജിലെ സഹപാഠിയായിരുന്ന സംവിധായകന്‍ ഫാസിലുമായി ചേര്‍ന്ന് മിമിക്രിയും നാടകങ്ങളും അവതരിപ്പിച്ചാണ് കലാരംഗത്ത് താരം സജീവമായത്.
നെടുമുടി വേണു തിളങ്ങിയ ചിത്രങ്ങള്‍;
അപ്പുണ്ണി, പാളങ്ങള്‍, ചാമരം, തകര, കള്ളന്‍ പവിത്രന്‍, മംഗളം നേരുന്നു, കോലങ്ങള്‍, ചില്ല്, യവനിക, കേളി, വാരിക്കുഴി, പരസ്പരം, സര്‍ഗം, പഞ്ചവടി പാലം, അക്കരെ, ഇരകള്‍, അടിവേരുകള്‍, സുഖമോ ദേവി, ചിലമ്പ്, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, ഒരിടത്ത്, പെരുംതച്ചന്‍ ആരണ്യകം, ധ്വനി, ചിത്രം, ദശരഥം, താളവട്ടം, വന്ദനം, ഡോക്ടര്‍ പശുപതി, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, അങ്കിള്‍ ബണ്‍, സൂര്യ ഗായത്രി, വിയറ്റ്‌നാം കോളനി, സവിധം, മായാമയൂരം, ദേവാസുരം, നന്ദിനി ഓപ്പോള്‍, ശ്രീരാഗം, സ്ഥടികം, ദേവരാഗം, ഗുരു, ചുരം, സുന്ദരകില്ലാടി, ഹരികൃഷ്ണന്‍സ്, ഇംഗ്ലീഷ് മീഡിയം, മേഘം, ഇഷ്ടം, കാക്കക്കുയില്‍, തിളക്കം, ബാലേട്ടന്‍, ജലോത്സവം, തന്മാത്ര, പാസഞ്ചര്‍, ബെസ്റ്റ് ആക്ടര്‍, ആകാശത്തിന്റെ നിറം, ആലിഫ്, നിര്‍ണായകം, ചാര്‍ലി, പാവാട, കാര്‍ബണ്‍, താക്കോല്‍, യുവം, ആണും പെണ്ണും തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത റിലീസ് കാത്തിരിക്കുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും താരം പ്രധാന വേഷത്തിലെത്തിയിട്ടുണ്ട്. മൊഗാമല്‍, ഇന്ത്യന്‍, അന്യന്‍, പൊയ് സൊല്ല പോരും, സിലമ്പാട്ടം, സര്‍വ്വം താളമയം, ഇന്ത്യന്‍ 2, നവരസ തുടങ്ങിയ തമിഴ്ചിത്രങ്ങളിലും നെടുമുടി വേണു വേഷമിട്ടിട്ടുണ്ട്. ചോര്‍രഹേന്‍ എന്ന ഇംഗ്ലീഷ് ചിത്രത്തിലും ഇഷ്ടി എന്ന തമിഴ്ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസിലെ (Uthra Murder Case) വിധി ഇന്ന് പ്രസ്താവിക്കും. ഒരു വർഷത്തെ നീണ്ട വിചാരണയ്‌ക്കൊടുവിൽ കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് ഇന്ന് വിധി പ്രഖ്യാപനം നടത്തുന്നത്.
ഉത്ര ഉറങ്ങിക്കിടക്കുമ്പോൾ ഭർത്താവ് സൂരജ് പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തി എന്നാണ് കേസ്. അഡീഷനൽ സെഷൻസ് ജഡ്ജ് എം. മനോജ് മുൻപാകെയാണ് കേസിന്റെ വിചാരണ നടന്നത്. അഞ്ചൽ ഏറം ‘വിഷു’വിൽ (വെള്ളശ്ശേരിൽ) വിജയസേനന്റെ മകൾ ഉത്ര(25)യ്ക്ക് 2020 മേയ് ആറിനു രാത്രിയാണ് പാമ്പുകടിയേറ്റത്. ഏഴിനു പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പ്രതി സൂരജ് അതിസമർത്ഥനും ക്രൂരനുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എസ്പി ഹരിശങ്കർ പറഞ്ഞു. അന്വേഷണത്തിൽ ഇത് വ്യക്തമായി. ദൃക്സാക്ഷികളില്ലാത്തതിനാൽ പരമാവധി ശാസ്ത്രീയ സാഹചര്യ തെളിവുകൾ ശേഖരിച്ചു. പ്രതിക്ക് പരമാവധി ശിക്ഷ പ്രതീക്ഷിക്കുന്നതായും എസ്.പി ഹരിശങ്കർ പറഞ്ഞു.കൊലപാതകം നടത്തിയ രീതി മനസിലാക്കാന്‍ ക്രൈംബ്രാഞ്ച് സംഘം നടത്തിയ ഡമ്മി പരീക്ഷണം കേസിലെ ശക്തമായ തെളിവാണ്.
ഉത്രയെ കടിച്ച പാമ്പിന് 150 സെന്റിമീറ്റര്‍ നീളമായിരുന്നു. ഇത്രയും നീളമുളള മൂര്‍ഖന്‍ കടിച്ചാല്‍ 1.7, അല്ലെങ്കില്‍ 1.8 സെന്റിമീറ്റര്‍ മുറിവേ ഉണ്ടാവുകയുളളു. സൂരജ് മൂര്‍ഖന്റെ പത്തിയില്‍ ബലമായി പിടിച്ച് കടിപ്പിച്ചപ്പോഴാണ് ഉത്രയുടെ ശരീരത്തില്‍ 2.3, 2.8 സെന്റിമീറ്റര്‍ തോതില്‍ മുറിവുണ്ടായതെന്ന് ഡമ്മി പരീക്ഷണത്തിലൂടെ തെളിയിച്ചു. വിചാരണയ്ക്കിടയിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നു 87 സാക്ഷികളെയും 286 രേഖകളും 40 തൊണ്ടിമുതലുകളും ഹാജരാക്കിയിരുന്നു. പ്രതിഭാഗം മൂന്നു സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകളും 3 സിഡിയും ഹാജരാക്കി.
ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിക്കാനുളള ആദ്യ ശ്രമം നടന്നതു കഴിഞ്ഞ വർഷം ഫെബ്രുവരി 29നു ആയിരുന്നു. 2020 മാർച്ച് രണ്ടിന് രണ്ടാമത്തെ ശ്രമത്തില്‍ ഉത്രയ്ക്ക് അണലിയുടെ കടിയേറ്റു. 56 ദിവസം തിരുവല്ല ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം ഉത്ര അഞ്ചൽ ഏറത്തെ വീട്ടിൽ കഴിയുമ്പോഴാണു മേയ് ആറിന് രാത്രിയില്‍ ഉത്രയെ മൂര്‍ഖനെക്കൊണ്ട് കടിപ്പിച്ചത്. സൂരജിന് പാമ്പിനെ നല്‍കിയ കല്ലുവാതുക്കൽ ചാവരുകാവ് സ്വദേശി സുരേഷ് കേസിലെ മാപ്പുസാക്ഷിയാണ്. കൊലപാതകക്കേസില്‍ മാത്രമാണ് വിധി പറയുന്നത്. ഗാര്‍ഹികപീഡനക്കേസും വനംവകുപ്പ് റജിസ്റ്റര്‍ ചെയ്ത കേസും കോടതി നടപടികളിലാണ്.
മനുഷ്യന്‍ ആയിരക്കണക്കിന് പഠനങ്ങളും അന്വേഷണങ്ങളും നടത്തിയിട്ടും എത്തിപ്പെടാനായത് സമുദ്രത്തിന്‍റെ വെറും 20 ശതമാനം ഭാഗത്ത് മാത്രമാണ്. ബാക്കി 80 ശതമാനം ഇനിയും കണ്ടെത്താനായില്ലെന്നാണ് പറയപ്പെടുന്നത്. അതിനാല്‍ തന്നെ ആഴക്കടലില്‍ അത്ഭുതങ്ങള്‍ ഏറെയാണ്. വിചിത്രമായ പല ജീവജാലങ്ങളെയും കടലിന്‍റെ അടിത്തട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. അത്തരത്തില്‍ ഒരു വിചിത്ര ജീവിയെ ഈ അടുത്ത കാലത്ത് കണ്ടെത്താനായി. മനുഷ്യനെക്കാള്‍ വലിപ്പമുള്ള കണവ പോലെ ഒരു ജീവി.
2020ല്‍ ചെങ്കടലിലെ നിയോം പ്രദേശത്തിന്‍റെ അടിത്തട്ടില്‍ നടത്തിയ ഒരു അന്വേഷണത്തിലാണ് ഈ വിചിത്ര ജീവിയെ കണ്ടെത്തുന്നത്. സമുദ്ര ജീവശാസ്ത്രജ്ഞരുടെ ഒരു സംഘം 2011ല്‍ മുങ്ങിയ ‘പെല്ല’ എന്ന കപ്പലിന്‍റെ അവശിഷ്ടം അന്വേഷിച്ചിറങ്ങിയതാണ്. 2800 അടി താഴ്ചയിലായിരുന്നു കപ്പല്‍ കണ്ടെത്താനായത്. സമുദ്രത്തിന്‍റെ ഈ ഭാഗത്തേക്ക് എത്തിപ്പെടുന്നത് തന്നെ വളരെ പ്രയാസമാണ്. ആര്‍ഒവിയുടെ ക്യാമറയിലൂടെ മുങ്ങിയ കപ്പല്‍ നിരീക്ഷിക്കുമ്പോഴാണ് ഈ ഭീമന്‍ ജീവിയെ കാണാനായത്. കണവ മത്സ്യമായി തോന്നുമെങ്കിലും അതിന് മനുഷ്യനെക്കാള്‍ വലുപ്പമുണ്ടായിരുന്നു.
‘ഞാൻ കണ്ട കാഴ്ച ജീവിച്ചിരിക്കുന്നിടത്തോളം കാലം എനിക്ക് മറക്കാന്‍ കഴിയില്ല,’ ഓഷ്യൻ എക്സ് സയൻസ് പ്രോഗ്രാം ലീഡ്, മാറ്റീ റോഡ്രിഗ് പറഞ്ഞു. അപ്രതീക്ഷിതമായി ക്യാമറയില്‍ പതിഞ്ഞെങ്കിലും ഈ ജീവിയേതാണെന്ന് തിരിച്ചറിയാന്‍ തന്നെ ഏകദേശം ഒരു വര്‍ഷം വേണ്ടി വന്നു. ഭീമൻ കണവയെ പറ്റി കൂടുതല്‍ അറിയാന്‍ റോഡ്രിഗ് സുവോളജിസ്റ്റായ ഡോ. മൈക്കിൾ വെച്ചിയോണിന്റെ സഹായം തേടുകയായിരുന്നു. പിന്നീടാണ് വിചിത്ര ജീവി ‘പർപ്പിൾ ബാക്ക് ഫ്ലൈയിംഗ് സ്ക്വിഡ്’ ആണെന്ന് കണ്ടെത്തിയത്. ‘ചെങ്കടലില്‍ കപ്പല്‍ മുങ്ങിയ പ്രദേശത്ത് ഇവ കൂടുതലായി കാണപ്പെടുന്നു. സ്റ്റെനോട്യൂത്തിസിന്റെ ഭീമന്‍ രൂപമാണെന്ന് നിങ്ങള്‍ക്ക് കാണാനായത്.’ വെച്ചിയോണ്‍ പറഞ്ഞു. ടീം ചിത്രീകരിച്ച ഈ വിചിത്ര ജീവിയുടെ വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മലയാളികളുടെ സ്വകാര്യ അഹങ്കാരം ആണ് നടൻ നെടുമുടിവേണു. വ്യത്യസ്ത കഥാപാത്രങ്ങൾ കൊണ്ട് സിനിമ പ്രേമികളെ കൈയിലെടുത്ത നെടുമുടി വേണുവിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള വാർത്തകൾ ആണ് കഴിഞ്ഞദിവസം മുതൽ സോഷ്യൽ മീഡിയയിൽ. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമല്ല എന്ന് അറിഞ്ഞപ്പോൾ മുതൽ പ്രാർത്ഥനയിലാണ് ആരാധകരും സുഹൃത്തുക്കളും വേണ്ടപെട്ടവർ എല്ലാം തന്നെ. അദ്ദേഹം പൂർണ്ണ ആരോഗ്യവാനായി തിരികെ എത്താൻ ആണ് ഏവരും ആശംസിക്കുന്നതും. അദ്ദേഹത്തിന്റെ പരമ്പര ജ്വാലയായി സംവിധായകൻ വയലാർ മാധവൻ കുട്ടി ഉൾപ്പെടെയുള്ള ആളുകൾ സോഷ്യൽ മീഡിയ കുറിപ്പുകൾ പങ്കിട്ടെത്തിയിട്ടുണ്ട്.
ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് നെടുമുടി വേണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നാണ് റിപ്പോർട്ട്. ഞായർ രാവിലെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിലാണെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. നേരത്തേ കോവിഡ് ബാധിച്ചിരുന്നു.
അദ്ദേഹം ഒന്നിലധികം ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നു എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വേണുച്ചേട്ടൻ എത്രയും വേഗം അസുഖം മാറി പൂർണാരോഗ്യവനായി തിരികെയെത്താൻ പ്രാർഥിക്കുന്നു. ഇപ്പോൾ കിംസ് ആശുപത്രിയിലാണ് ഈ നടന കലാചാര്യൻ എന്നാണ് വയലാർ മാധവൻ കുട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചത്.
മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളാണ് നെടുമുടി വേണു എന്ന പേരിൽ അറിയപ്പെടുന്ന കെ. വേണുഗോപാൽ. ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ അദ്ദേഹം മലയാളത്തിലും തമിഴിലുമായി 500 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തിരക്കഥാ രചനയിലും ഏർപ്പെട്ടിട്ടുള്ള അദ്ദേഹം സിനിമ സംവിധാനവും ചെയ്തിട്ടുണ്ട്
അഭിനയത്തിനു പുറമെ ഏതാനും സിനിമകൾക്കു വേണ്ടി കഥയും എഴുതിയിട്ടുമുണ്ട്. 1978ൽ അരവിന്ദൻ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. ഭരതന്റെ ആരവം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായി. പത്മരാജന്റെ ഒരിടത്തൊരു ഫയൽവാൻ എന്ന ചിത്രം കാരണവർ വേഷങ്ങളിലേക്കുള്ള ചുവടു മാറ്റത്തിനു നിമിത്തമായി.
അദ്ദേഹം ഏറ്റവും അടുത്തായി അഭിനയിച്ചത് ‘ആണും പെണ്ണും’ എന്ന സിനിമയിലാണ് . ഡോ: ബിജു സംവിധാനം ചെയ്യുന്ന ‘ഓറഞ്ച് മരങ്ങളുടെ വീട്’ എന്ന സിനിമയിലും പ്രധാനവേഷം ചെയ്തിട്ടുണ്ട്. കമൽ ഹാസന്റെ ‘ഇന്ത്യൻ 2’ ലും അദ്ദേഹം എത്തും എന്നുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തിയേറ്റർ റിലീസ് പ്രതീക്ഷിക്കുന്ന ‘മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം’ സിനിമയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
അഭിനയ വൈദഗ്ദ്ധ്യവും സംഭാഷണ അവതരണത്തിലെ വ്യത്യസ്തതയും ആണ് നെടുമുടിയുടെ കഥാപാത്രങ്ങൾക്ക് കരുത്തേകിയത്. ടെലിവിഷൻ പരമ്പരകളിലും നെടുമുടി സജീവമാണ്. പാച്ചി എന്ന അപരനാമത്തിൽ ചലച്ചിത്രങ്ങൾക്ക് തിരക്കഥകളും നെടുമുടി വേണു രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മടങ്ങിവരവിനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ സിനിമ ലോകം.
കെ എസ് ആർ ടി സിയുടെ കോഴിക്കോടുള്ള കെട്ടിടം ഒരു മാസത്തിനകം ഒഴിപ്പിക്കാൻ ഗതാഗത മന്ത്രിയുടെ ഉത്തരവ്. കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് ചെന്നൈ ഐ ഐ ടി റിപ്പോർട്ട് നൽകിയിരുന്നു. ഇതിനെതുടർന്നാണ് ഗതാഗതമന്ത്രിയുടെ നടപടി. കെട്ടിട നിർമാണത്തിലെ അപാകത അന്വേഷിക്കുന്ന വിജിലൻസ് സംഘത്തോട് ഐ ഐ ടി റിപ്പോർട്ട് കൂടി പരിഗണിക്കാനും മന്ത്രി നിർദ്ദേശം നൽകി.
ഐ ഐ ടി സ്ട്രക്ചറൽ എഞ്ചിനിയറിംഗ് വിദഗ്‌ദ്ധൻ അളകപ്പ സുന്ദരത്തിന്‍റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയിരുന്നു. കെട്ടിടം ഉടൻ ബലപ്പെടുത്തണമെന്ന സംഘത്തിന്റെ ശുപാർശയെ തുടർന്നാണ് ഗതാഗത മന്ത്രി വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തിയത്. കെട്ടിടം ഒഴിപ്പിച്ചതിനു ശേഷം നിർമാണ പ്രവൃത്തികൾക്കായി പുതിയ ടെണ്ടർ വിളിക്കും. 75 കോടി രൂപ ചെലവിട്ടാണ് കെട്ടിടം നിർമിച്ചത്. ബലപ്പെടുത്താൻ 30 കോടി രൂപയുടെ ചിലവ് പ്രതീക്ഷിക്കുന്നുണ്ട്.
2015ലാണ് ഒൻപത് നിലകളിലായി വ്യാപാര സമുച്ചയവും കെ എസ് ആർ ടി സി സ്റ്റാൻഡും ഉൾപ്പെടുന്ന കെട്ടിടത്തിന്‍റെ നിർമാണം പൂർത്തിയായത്. വർഷങ്ങൾ നീണ്ട അനിശ്ചിതത്വത്തിനു ശേഷമാണ് കെട്ടിടം പ്രവർത്തന സജ്ജമായത്. നിർമാണം പൂർത്തിയാക്കിയിട്ടും നിരവധി വർഷങ്ങൾ കഴിഞ്ഞിട്ടാണ് കെ എസ് ആർ ടി സി കെട്ടിടം പൂർണ തോതിൽ ഉപയോഗിച്ച് തുടങ്ങിയത്.
ബസ് സ്റ്റാൻഡ് ഇവിടെ നിന്നും മാറ്റുന്നതിനും കെ എസ് ആർ ടി സിക്കു മുന്നിൽ നിരവധി പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ട്. പാവങ്ങാട് ഡിപ്പോയിലേക്ക് തത്ക്കാലം സ്റ്റാൻഡ് മാറ്റാം എന്ന നിർദേശമുണ്ടെങ്കിലും എട്ട് കിലോമീറ്റർ അകലെയുള്ള ഡിപ്പോയിലേക്ക് സർവീസുകൾ മാറ്റുന്നത് കോർപ്പറേഷന് അധിക ചിലവ് വരുത്തിവയ്ക്കും. നഗരത്തിനുള്ളിൽ തന്നെ സ്ഥലം കണ്ടെത്തി സ്റ്റാൻഡ് മാറ്റാനാണ് ശ്രമമെങ്കിലും ഇത് അത്ര എളുപ്പമല്ല.
ഈസ്റ്റ് ലണ്ടനിലെ ഫോറസ്റ്റ് ഗേറ്റ് ബാർബർ ഷോപ്പിൽ വെള്ളിയാഴ്ചയുണ്ടായ വെടിവയ്പിൽ മലയാളി യുവാവ് ഉൾപ്പെടെ മൂന്നു പേർക്കു പരുക്കേറ്റു. പരുക്കേറ്റവരിൽ മലയാളി യുവാവിന്റെ നില ഗുരുതരമാണെന്ന് റിപ്പോർട്ട്. വെടിവച്ചതിനു പിന്നാലെ അക്രമികൾ മലയാളി യുവാവിനെ കഠാരകൊണ്ടും കുത്തിപ്പരുക്കേൽപിച്ചാണ് മടങ്ങിയതെന്നാണ് റിപ്പോർട്ട്.
അക്രമത്തിനിരയായ മൂന്നുപേരും സെൻട്രൽ ലണ്ടനിലെ റോയൽ ലണ്ടൻ ആശുപത്രിയിൽ ചികിൽസയിലാണ്. 22 കാരനായ മലയാളി യുവാവിന്റെയും 19ഉം 17ഉം വയസുള്ള മറ്റു രണ്ടുപേരുടെയും പേരും മറ്റു വിവരങ്ങളും അറിയാമെങ്കിലും പൊലീസ് പരസ്യപ്പെടുത്തിയിട്ടില്ല. ഈസ്റ്റ് ലണ്ടനിലെ ന്യൂഹാമിലും പരിസര പ്രദേശങ്ങളിലുമുള്ളവർക്ക് സുപരിചിതരാണ് അക്രമത്തിനിരയായ യുവാവും കുടുംബവും. മലയാളി കുടുംബത്തിനുണ്ടായ ഈ ദുഃഖകരമായ സംഭവത്തിന്റെ ഞെട്ടലിലാണ് ന്യൂഹാമിലെ മലയാളി സമൂഹം.
യൂണിവേഴ്സിറ്റി വിദ്യാർഥിയാണ് അജ്ഞാതരുടെ അക്രമത്തിന് ഇരയായ മലയാളി. ഏഴുമണിയോടെ ബാർബർഷോപ്പിലേക്ക് ഇരച്ചുകയറിയ അക്രമികൾ മുടിവെട്ടാനായി എത്തിയ യുവാവിനും മറ്റു രണ്ടുപേർക്കുമെതിരെ വെടിവയ്ക്കുകയായിരുന്നു എന്നാണു വിവരം. ഇതോടൊപ്പം അക്രമികൾ കഠാരകൊണ്ടും ആക്രമണം നടത്തിയെന്നാണു പൊലീസിനെ ഉദ്ധരിച്ച് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഫോറസ്റ്റ് ഗേറ്റിലെ എ-114 അപ്റ്റൺ ലെയ്നിലുള്ള ഈമ്രാൻസ് ഹെയർ ഡ്രസേഴ്സിലാണ് വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിയോടെ അക്രമമുണ്ടായത്. സംഭവം ഭീകരാക്രമണമല്ലെന്നു മെട്രോപൊളിറ്റൻ പൊലീസ് സ്ഥിരീകരിച്ചു. പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയ പൊലീസ് ശനിയാഴ്ച വൈകിട്ടുവരെ ന്യൂഹാമിൽ വാഹനങ്ങൾ അരിച്ചു പെറുക്കി.
ദൃക്സാക്ഷികളോ പ്രതികളെക്കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുന്നവരോ ഉടൻ സി.എ.ഡി-6941/ സെപ്റ്റംബർ 08 എന്ന റഫറൻസിൽ 101ലോ 0800555111 എന്ന നമ്പരിലോ ബന്ധപ്പെട്ട് വിവരങ്ങൾ നൽകണമെന്നും പോലീസ് അഭ്യർഥിച്ചു.