Latest News

ശബ്ന രവി

മരുഭൂവായി മാറിയ മനസ്സിലിന്നൊരു
പുതുമഴ പെയ്യുന്ന സുഖമറിയുന്നു
ഒരു നേർത്ത തൂവലാൽ ആത്മാവിനാഴത്തിൽ
ആരോ തഴുകുന്ന സുഖമറിയുന്നു.

സ്നേഹമാം വിരലുകൾ കൊണ്ടെന്റെ മൺവീണ
ആർദ്രമായി മീട്ടുന്ന സുഖമറിയുന്നു
അകലെയൊരിടയന്റെ മധുരമാം കുഴൽവിളി
കാറ്റലയായ് പുണരുന്ന സുഖമറിയുന്നു.

എന്നോ വാടിക്കൊഴിഞ്ഞ കിനാവുകൾ
വീണ്ടും തളിർക്കുന്ന സുഖമറിയുന്നു
വറ്റിവരണ്ട മോഹമാം നദിയിൽ
തെളിനീർ കിനിയുന്ന സുഖമറിയുന്നു.

ഇരുൾനീങ്ങി മെല്ലെ പ്രഭാതകിരണങ്ങൾ
മിഴികളെ പുൽകുന്ന സുഖമറിയുന്നു
പുതിയപ്രതീക്ഷകൾ നിറമുള്ള സ്വപ്നങ്ങൾ-
ക്കർത്ഥങ്ങൾ നൽകുന്ന സുഖമറിയുന്നു.

ശബ്ന രവി

എറണാകുളത്ത് റവന്യൂ വകുപ്പിൽ ഉദ്യോഗസ്ഥയാണ്. കേരള സർവകലാശാലയിൽ ഡെപ്യൂട്ടി രജിസ്ട്രാറായിരുന്ന ശ്രീ.ടി.ആർ. രാമദാസിന്റെ മകളും സൗദി അറേബ്യയിൽ എസ് ജി എസ് ഗ്ലോബൽ കമ്പനി മാനേജർ ഡോ. രവിയുടെ ഭാര്യയുമാണ്. പതിനൊന്നാം ക്ലാസ് വിദ്യാർഥിയായ ഋഷികേശ് മകനാണ് .

വായന ,സംഗീതം, സിനിമ എന്നിവ ഇഷ്ടപ്പെടുന്നു. കവിതകളും ലേഖനങ്ങളും എഴുതാറുണ്ട് .ഓൺലൈൻ പോർട്ടലുകളിൽ പല കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇമെയിൽ വിലാസം : Shabna [email protected]

മുംബൈ വിമാനത്താവളത്തിൽ വരി തെറ്റിച്ചെത്തിയ ബോളിവുഡ് നടൻ സൽമാൻ ഖാനോട് ലൈനിൽ നിൽക്കാൻ ആവശ്യപ്പെട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥൻ. റഷ്യയിലേക്ക് പോകാനായി വിമാനത്താവളത്തില്‍ എത്തിയതായിരുന്നു നടൻ. വരി നിൽക്കാതെ അകത്തേക്ക് കടക്കാൻ ശ്രമിക്കുന്ന വേളയിൽ ലൈനിന് പിന്നിൽ നിൽക്കാൻ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. നടൻ ആവശ്യത്തോട് സഹകരിക്കുകയും ചെയ്തു.

സൽമാൻ ഭായിയാണ് എന്ന് കൂടെയുള്ളവർ പറയുന്നതും നിങ്ങൾ കൂടി പിന്നോട്ട് നിൽക്കൂ എന്ന് ഉദ്യോഗസ്ഥൻ അവരോട് തിരിച്ചു പറയുന്നതും കേൾക്കാം. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. കറുത്ത ടീഷർട്ടും ജീൻസുമണിഞ്ഞാണ് താരമെത്തിയത്.

ടൈഗർ 3യുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് സൽമാൻ റഷ്യയിലേക്ക് തിരിച്ചത്. കത്രീന കൈഫും ഇംറാൻ ഹാഷ്മിയും സിനിമയിൽ അഭിനയിക്കുന്നുണ്ട്. റഷ്യയ്ക്ക് പുറമേ, ഓസ്ട്രിയയിലും തുർക്കിയിലും സിനിമയുടെ ഷൂട്ടിങ്ങുണ്ട്. മനീഷ് ശർമ്മയാണ് സംവിധായകൻ.

 

തൊണ്ണൂറുകളിൽ തെന്നിന്ത്യൻ സിനിമകളിൽ നിറസാന്നിധ്യമായിരുന്ന നടി ചിത്രയുടെ വേർപാടിന്റെ വേദനയിലാണ് ചലച്ചിത്ര മേഖല. ഹൃദയാഘാതത്തെ തുടർന്നായിരുന്നു നടിയുടെ അന്ത്യം. നടിയ്ക്ക് ആദരാഞ്ജലികളുമായി പ്രമുഖരടക്കം നിരവധി പേരാണ് എത്തി കൊണ്ടിരിക്കുന്നത്. സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി ഒരുകാലത്ത് മലയാളത്തില്‍ തിളങ്ങിയ താരം കൂടിയായിരുന്നു ചിത്ര. ആട്ടക്കലാശം എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച താരം തുടര്‍ന്ന് നൂറിലധികം സിനിമകളിൽ അഭിനയിച്ചു.

സിനിമയിൽ നല്ല വേഷങ്ങൾ ലഭിച്ചുകൊണ്ട് ഇരിക്കുന്ന സമയത്താണ് ചിത്ര സിനിമ മേഖലയിൽ നിന്നും പിൻവാങ്ങുന്നത്. ബിസിനസ്സുകാരനായ വിജയരാഘവൻ ആണ് ചിത്രയുടെ ഭർത്താവ്.വിവാഹത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ആരാധകരുടെ ഇടയിൽ വൈറലാവുന്നത്. വിവാഹ ശേഷമുള്ള ആദ്യത്തെ 6 മാസം അപരിചിതരെപ്പോലെയാണ് താനും ഭർത്താവും കഴിഞ്ഞതെന്ന് മുൻപ് ചിത്ര പറഞ്ഞിരുന്നു.

അമ്മ സെലിബ്രിറ്റിയാണെന്ന കാര്യമൊന്നും ചിത്രയുടെ മകളായ മഹാലക്ഷ്മിക്ക് അറിയില്ലായിരുന്നു. ഹൈസ്‌കൂളിലെത്തിയപ്പോഴാണ് അവൾക്ക് അമ്മയുടെ സിനിമകളെക്കുറിച്ചൊക്കെ മനസ്സിലായത്. അമ്മ അഭിനയം നിർത്തേണ്ടിയിരുന്നില്ലെന്നും വീണ്ടും അഭിനയിച്ച് തുടങ്ങണമെന്നുമായിരുന്നു മകൾ അമ്മയോട് പറഞ്ഞതെന്നും ചിത്ര അന്ന് പറഞ്ഞിരുന്നു.

ജെ. ശശികുമാർ സംവിധാനം ചെയ്ത ആട്ടക്കലാശത്തിൽ മോഹൻലാലിന്റെ നായിക ആയിട്ടായിരുന്നു ചിത്ര എത്തിയത്. ഇരുവരും തകർത്തഭിനയിച്ച ‘നാണമാവുന്നു മേനി നോവുന്നു’ എന്ന് തുടങ്ങുന്ന ​ഗാനം ഇന്നും ഹിറ്റ് ചാർട്ടിൽ തന്നെയാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ് ഉള്‍പ്പെടെയുളള താരങ്ങളുടെയെല്ലാം സിനിമകളില്‍ നടി പ്രധാന വേഷങ്ങളില്‍ എത്തി.

അമരം, ഒരു വടക്കൻ വീരഗാഥ, പഞ്ചാഗ്നി, അദ്വൈതം, ദേവാസുരം, ആട്ടക്കലാശം, ഏകലവ്യൻ, ആറാം തമ്പുരാൻ തുടങ്ങിയ ചിത്രങ്ങളിലെ നടിയുടെ കഥാപാത്രങ്ങൾ ഇന്നും മലയാളികൾ ഓർക്കുന്നവയാണ്.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലെല്ലാം ചിത്ര അഭിനയിച്ചിരുന്നു. പൊന്നുചാമി സിനിമയിലെ നായിക കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടി. 2001ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രം സൂത്രധാരനാണ് നടിയുടെതായി ഒടുവില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രം. പിന്നീട് സിനിമകളില്‍ അത്ര സജീവമല്ലായിരുന്നു താരം. സിനിമകള്‍ക്ക് പുറമെ ടെലിവിഷന്‍ സീരിയലുകളിലും ചിത്ര അഭിനയിച്ചിരുന്നു.

മലയാളത്തിലും തമിഴിലുമായി ആറ് ടിവി സീരിയലുകളിലാണ് പ്രധാന വേഷത്തില്‍ നടി എത്തിയത്. സൗഹൃദത്തിന്റെ പേരില്‍ ചെയ്ത ചിത്രങ്ങള്‍ കരിയറില്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നതിന് കാരണമായെന്ന് നടി പറഞ്ഞത് നേരത്തെ വാർത്താപ്രാധാന്യം നേടിയിരുന്നു.

ഒരുപിടി മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച് ചിത്ര, കാലയവനികയ്ക്കുള്ളിൽ മറയുമ്പോൾ, വിങ്ങലടക്കാൻ സാധിക്കാതെ നിൽക്കുകയാണ് കുടുംബാം​ഗങ്ങളും സുഹൃത്തുക്കളും. അതിനൊപ്പം തന്റെ ജീവിതത്തെ കുറിച്ച് ചിത്ര പറഞ്ഞിട്ടുള്ള വാക്കുകളും മലയാളത്തിലേക്ക് തിരിച്ച് വരാനുള്ള ആഗ്രഹത്തെ കുറിച്ചുള്ള കാര്യങ്ങളും സോഷ്യല്‍ മീഡിയ പേജുകളിലും നിറയുകയാണ്. രാജഗോപാലിന്റെയും ദേവിയുടെയും മകളായി 1965ൽ കൊച്ചിയിലാണ് ചിത്രയുടെ ജനനം. ഭര്‍ത്താവ് വിജയരാഘവന്‍. മകള്‍: ശ്രുതി.

എടത്വ:ജനിച്ച ഉടൻ അച്ഛൻ ഉപേക്ഷിക്കുകയും കോവിഡ് അമ്മയുടെ ജീവൻ അപഹരിക്കുകയും ചെയ്ത് അനാഥയായിത്തീർന്ന ഒൻമ്പത് മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിന് ഓണക്കോടിയുമായി സൗഹൃദവേദി എത്തി.

അമ്മൂമ്മ വത്സലയുടെ ആശ്രയത്തിൽ കഴിയുന്ന എടത്വ സ്വദേശി ജയന്തൻ്റെയും വത്സലയുടെയും ഏകമകൾ ജയന്തിയുടെ പെൺകുഞ്ഞിനാണ് ഓണക്കോടിയുമായി സൗഹൃദവേദി എത്തിയത്.

വത്സലയുടെ ഭർത്താവിൻ്റെയും മകൾ വാസന്തിയുടെയും ജീവൻ ചില ദിവസങ്ങളുടെ വ്യത്യാസത്തിൽ കോവിഡ് കവർന്നതോടെ പിഞ്ചു കുഞ്ഞിൻ്റെ സംരക്ഷണത്തിന് വത്സല മാത്രമാണുള്ളത്. എടത്വ പാണ്ടങ്കരിയിലെ മൂന്നു സെൻറ് സ്ഥലം വിറ്റിട്ടാണ് വത്സല മകളെ വിവാഹം കഴിപ്പിച്ചത്. തലവടി പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഇവർ ഇപ്പോൾ പുറക്കാട്ട് ഉള്ള സഹോദരൻ്റെ വീട്ടിലാണ്.വീടും സ്ഥലവും ഇല്ലാതെ ഒൻമ്പത് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞുമായി വാസന്തി ജീവിത ദുരിതത്തിന് മുൻപിൽ പകച്ചു നിൽക്കുകയാണ്. വാസന്തിയുടെ മകൻ ബികോം വിദ്യാർഥിയാണ്.അവസാന മൂന്ന് സെമസ്റ്ററിൻ്റെ ഫീസ് അടയ്ക്കുവാൻ സാധിക്കാഞ്ഞതിനാൽ പരീക്ഷ എഴുതുവാൻ സാധിച്ചിട്ടില്ല.ഭർത്താവ് മരപ്പണിക്കാരൻ ആയിരുന്നു .മകൻ്റ പഠനത്തിനും കുഞ്ഞിൻ്റെ സംരക്ഷണത്തിനും നിത്യവൃത്തിക്കും വഴികാണാതെ ചിറകറ്റ സ്വപ്നങ്ങളുമായി വാസന്തി വിഷമിക്കുമ്പോഴാണ് ജീവിത പ്രതീക്ഷകൾക്ക് ചിറകു നൽകാൻ ‘അകലെയാണെങ്കിലും അരികിലുണ്ട് ‘ എന്ന സന്ദേശവുമായി എടത്വ സൗഹൃദ വേദി എത്തിയത്.

സൗഹൃദവേദി പ്രസിഡണ്ട് ഡോ.ജോൺസൺ വി. ഇടിക്കുളയുടെ നേതൃത്വത്തിലാണ് ഭാരവാഹികളായ രജീഷ് കുമാർ പി വി, പി ഡി സുരേഷ്, എൻ ജെ സജീവ് എന്നിവർ കഴിഞ്ഞ മാസം വത്സല താമസിക്കുന്ന പുറക്കാട്ട് എത്തിയത്.ദുരിതങ്ങളിൽ കൂടെയുണ്ടെന്ന് ആശ്വസിപ്പിച്ച് അവർ സഹായം വാഗ്ദാനം ചെയ്യുകയുമുണ്ടായി.കുഞ്ഞിനുള്ള കളിപ്പാട്ടങ്ങളും കൂടാതെ കുഞ്ഞിനുള്ള ഭക്ഷ്യവസ്തുക്കളും വത്സലയ്ക്കും മകനും ഉള്ള ഭക്ഷ്യകിറ്റും,മാസ്ക്കും സാനിറ്റൈസറും നൽകിയാണ് കഴിഞ്ഞ മാസം അവർ മടങ്ങിയത്.

കുഞ്ഞിന് ആവശ്യമായ ബേബിഫുഡും മറ്റ് കാര്യങ്ങളും സുമനസ്സുകളുടെ സഹായത്തോടെ മുടങ്ങാതെ എത്തിക്കുമെന്ന് നല്കിയ വാഗ്ദാനമാണ് സൗഹൃദ വേദി ഭാരവാഹികൾ നിറവേറ്റിയത്.സുമനസ്സുകളുടെ സഹായത്തോടെ ഇവർക്ക് ഒരു വീട് നൽകാൻ പദ്ധതിയുണ്ടെന്നും ഡോ. ജോൺസൺ വി. ഇടിക്കുള പറഞ്ഞു. എടത്വ പുത്തൻപുരയിൽ തോമസ് വർഗ്ഗീസി (മനു) ൻ്റെ സഹായത്തോടെ സർക്കാർ ഏറ്റെടുക്കുന്നത് വരെ പിഞ്ചുകുഞ്ഞിൻ്റെ പ്രതിമാസ ചെലവ് സൗഹൃദ വേദി വഹിക്കും. കൂടാതെ വത്സലയുടെ മകന് കോളജിൽ അടയ്ക്കാൻ ള്ള 36000 രൂപയും നല്കും.

കുട്ടികള്‍ക്കുള്ള ആദ്യ കോവിഡ് വാക്സിന് അനുമതി. പ്രമുഖ മരുന്ന് കമ്പനിയായ സൈഡസ് കാഡിലയുടെ കോവിഡ് വാക്‌സിനാണ് അനുമതി ലഭിച്ചത്.

സൂചി രഹിത വാക്‌സിന്‍ മൂന്ന് ഡോസ് എടുക്കണം. ജെറ്റ് ഇന്‍ജെക്ടര്‍ ഉപയോഗിച്ചാണ് കുത്തിവയ്പ്. 66.66 ശതമാനമാണ് ഇതിന്റെ ഫലപ്രാപ്തി. മൂന്ന് ഡോസുള്ള വാക്‌സിന് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളറുടെ കീഴിലുള്ള വിദഗ്ധ സമിതിയാണ് ശുപാര്‍ശ നല്‍കിയിരുന്നു.

സൈക്കോവ് ഡിയുടെ രണ്ടാം ഡോസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ സൈഡസ് കാഡിലയ്ക്ക് വിദഗ്ധ സമിതി നിര്‍ദേശം നല്‍കി. അവസാനഘട്ട പരീക്ഷണത്തില്‍ 66.6 ശതമാനം ഫലപ്രാപ്തിയാണ് സൈക്കോവ് ഡി കാണിച്ചത്. 28,000 പേരിലാണ് പരീക്ഷണം നടത്തിയത്. ഡ്രഗ്‌സ് കണ്‍ട്രോളറുടെ അംഗീകാരം ലഭിച്ചാല്‍ രാജ്യത്ത് വാക്‌സിന്‍ വിതരണത്തിന് അനുമതി ലഭിക്കുന്ന ആറാമത്തെ വാക്‌സിനാവും സൈക്കോവ് ഡി.

നിലവില്‍ കോവാക്‌സിന്‍, കോവിഷീല്‍ഡ്, മോഡേണ, സ്പുട്‌നിക് , ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നി വാക്‌സിനുകള്‍ക്കാണ് അംഗീകാരം ലഭിച്ചത്.

കാബൂള്‍ വിമാനത്താവളത്തിന് സമീപം 150 ഓളം ആളുകളെ താലിബാന്‍ തീവ്രവാദികള്‍ തടഞ്ഞുവെച്ചതായി റിപ്പോര്‍ട്ട്. ഇവരില്‍ ഇന്ത്യാക്കാരാണ് കൂടുതലെന്നും പ്രാദേശികമ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇവരെ മറ്റൊരു കേന്ദ്രത്തിലേക്ക് കൊണ്ടുപോയതായും റിപ്പോര്‍ട്ടുണ്ട്.

വ്യോമസേനാ വിമാനം 85 ഇന്ത്യക്കാരുമായി കാബൂള്‍ വിട്ടതിന് തൊട്ടുപിന്നാലെയാണ് സംഭവം. വിമാനത്താവളത്തിന് പുറത്ത് 280 ഓളം ഇന്ത്യക്കാര്‍ വാഹനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇവരില്‍പ്പെട്ടവരെയാണ് തടഞ്ഞു വെച്ചതെന്നാണ് കരുതുന്നത്. ഇന്ത്യയിലേക്ക് മടങ്ങാന്‍ എത്തിയ ഇവരെ വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല.

ഇന്നലെ രാത്രി മുതല്‍ ഇവര്‍ വിമാനത്താവളത്തിന് പുറത്ത് കുടുങ്ങിക്കിടക്കുകയയിരുന്നു. കാബൂളിലെ വിവിധ ഹോട്ടലുകളില്‍ താമസിച്ചിരുന്ന ഇന്ത്യക്കാരെ ഇന്നലെ രാത്രിയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നാല് ബസ്സുകളിലും കാറുകളിലുമായി വിമാനത്താവളത്തിനടുത്ത് എത്തിച്ചത്.

താലിബാനെതിരെ ശക്തമായ പ്രതിഷേധത്തിന് സാക്ഷ്യം വഹിക്കുകയാണ് അഫ്ഗാൻ തെരുവുകൾ. താലിബാൻ പിടിച്ചെടുത്ത മൂന്ന് ജില്ലകള്‍ താലിബാന്‍ വിരുദ്ധ സേന തിരിച്ചുപിടിച്ചു. ബാനു, പോള്‍ ഇ ഹസര്‍, ദേ സലാഹ് എന്നീ ജില്ലകളാണ് താലിബാന്റെ നിയന്ത്രണത്തില്‍ നിന്ന് താലിബാന്‍ വിരുദ്ധ സേന തിരിച്ചു പിടിച്ചത്. മൂന്ന് ജില്ലകള്‍ തിരിച്ചു പിടിക്കാനുള്ള സേനയുടെ പോരാട്ടത്തില്‍ 60 താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തു. ഈ മൂന്ന് ജില്ലകള്‍ക്കായി താലിബാന്‍ തീവ്രവാദികളും താലിബാന്‍ വിരുദ്ധ സേനയും തമ്മില്‍ നടത്തിയ പോരാട്ടത്തിന്റെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരിക്കുന്നുണ്ട്.

പ്രവിശ്യയിലെ ഏറ്റുമുട്ടലിനെക്കുറിച്ച് അഫ്ഗാനിലെ മുന്‍ സര്‍ക്കാര്‍ പ്രതിനിധിയും ഇറാന്‍ ഇന്റര്‍നാഷണല്‍ എന്ന് പേരുള്ള യുകെ ആസ്ഥാനമായുള്ള പേര്‍ഷ്യന്‍ ടിവി സ്റ്റേഷന്റെ മുതിര്‍ന്ന ലേഖകനുമായ താജുദന്‍ സോറൗഷ് നിരവധി ട്വീറ്റുകള്‍ പങ്കിട്ടിട്ടുണ്ട്.

“ബാഗ്ലാന്‍ പ്രവിശ്യയിലെ താലിബാന്‍ വിരുദ്ധ പ്രാദേശിക പ്രതിരോധ സേന ബാനു, പോള്‍-ഇ-ഹസര്‍ ജില്ലകള്‍ താലിബാനില്‍ നിന്ന് തിരിച്ചുപിടിച്ചു. അവര്‍ ദേ സലാഹ് ജില്ലയിലും മുന്നേറ്റം നടത്തുന്നുണ്ട്. ഈ പോരാട്ടത്തില്‍ 60 ഓളം താലിബാന്‍ പോരാളികള്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കപ്പെടുകയോ ചെയ്തിട്ടുണ്ട്”, താജുദന്‍ ട്വീറ്റ് ചെയ്തു.

അതേസമയം മാധ്യമപ്രവർത്തകരെയും ന്യൂനപക്ഷവിഭാഗക്കാരെയും താലിബാൻ തിരഞ്ഞുപിടിച്ച് വകവരുത്തുന്നതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. ജർമൻ ടി.വി. ചാനലായ ടോയിഷ് വെല്ലെയുടെ (ഡി.ഡബ്ല്യു.) മാധ്യമപ്രവർത്തകൻറെ ബന്ധുവിനെ അഫ്ഗാനിസ്താനിൽ താലിബാൻ വധിച്ചു. മാധ്യമപ്രവർത്തകനെ തിരഞ്ഞെത്തിയ സംഘമാണ് ബന്ധുവിനെ കൊന്നത്. മറ്റൊരാൾക്ക് പരിക്കേറ്റിട്ടുമുണ്ട്. ഡി.ഡബ്ല്യു.വിന്റെ മറ്റ് മൂന്നു ജീവനക്കാരുടെ വീട്ടിലും സംഘം തിരച്ചിൽ നടത്തി. മാധ്യമപ്രവർത്തകരെ താലിബാൻ ലക്ഷ്യമിടുന്നതിന് തെളിവാണിതെന്ന് സ്ഥാപനം ആരോപിച്ചു. മരിച്ചയാളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഡി.ഡബ്ല്യു. ഡയറക്ടർ ജനറൽ പീറ്റർ ലിംബേർഗ് സംഭവത്തെ അപലപിച്ചു. അഫ്ഗാനിസ്താനിലെ മാധ്യമപ്രവർത്തകർക്ക് റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് ജാഗ്രതാമുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മഹാമാരിയുടെ ഭീഷണി പൂർണമായും മാഞ്ഞുപോകാത്ത ഈ സാഹചര്യത്തിൽ കരുതലോടെ പൊന്നോണത്തെ വരവേറ്റ് മലയാളികൾ. ലോകമെമ്പാടുമുള്ള മലയാളികൾ ഓണം ആഘോഷമാക്കുകയാണ്. പൊതുസ്ഥലങ്ങളിലെ ആഘോഷങ്ങളെ പൂർണമായും ഒഴിവാക്കി വീടകങ്ങളിലാണ് ഇക്കുറിയും ഓണം.

കോവിഡ് മഹാമാരിയ്ക്കിടയിലാണ് മലയാളികളുടെ ഓണാഘോഷം ഇത് രണ്ടാം തവണയാണ്.  ജാതിമത ഭേതമന്യേ എല്ലാവരും ഒത്തുകൂടുന്നു എന്നതാണ് ഓണത്തിന്റെ പ്രത്യേകത. പക്ഷേ കോവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വീടിനുള്ളിലേക്ക് ആഘോഷങ്ങളെ ചുരുക്കിയാണ് മലയാളികള്‍ ഓണം ആഘോഷിക്കുന്നത്.

സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയതോടെ പൂക്കളവും പുതുവസ്ത്രവും സദ്യയുമൊക്കെ ഒരുക്കി പുതിയ പ്രതീക്ഷയോടെ ഓണത്തെ ആഘോഷമാക്കുകയാണ്.

ആഘോഷപ്പൊലിമയില്‍ അല്പം കുറവുണ്ടെങ്കിലും മലയാളികളുടെ മനസ്സില്‍ ഓണത്തിന് അല്പംപോലും മങ്ങലേറ്റിട്ടില്ല. ലോകത്ത് എവിടെയാണെങ്കിലും ഓണം മലയാളികളുടെ മനസ്സിലാണ്. മഹാമാരിയും മലയാളിയുടെ മനസ്സിനുമുന്നില്‍ തോറ്റുപോകും. കലാമത്സരങ്ങളും പൂക്കളമത്സരവുമൊന്നുമില്ലെങ്കിലും വീട്ടകങ്ങളില്‍ തിരുവോണനാളിന്റെ സന്തോഷവും സമൃദ്ധിയും നിറയുകയാണ്. എല്ലാ വായനക്കാർക്കും മലയാളം യുകെ ഓൺലൈൻ ന്യൂസിന്റെ ഓണാശംസകൾ.

ബിജോ തോമസ് അടവിച്ചിറ

 

അഖിൽ പുതുശ്ശേരി

ക്ഷണിച്ചിടാതെത്തുന്നു
നീയോണമേ
ഇന്നെൻ തൊടിയിലെ
തുമ്പമേൽ
പുതുമലർ സ്വപ്നമായ്
വിരിഞ്ഞുലയുവാൻ

ചേലെഴും വെയ് ലൊളി
മൂടിയെന്നങ്കണം
പാറിക്കളിക്കുന്നു
മഞ്ഞച്ചിറകുമായ്
വന്നൊരാ തുമ്പികൾ

ഞങ്ങൾ മറന്നുപോയ്‌
പാടുവാൻ
ചേലെഴുമന്നത്തെ ഓണപ്പാട്ടുകൾ
മറന്നുപോയ് പിന്നെയും
ആടുവാൻ
തുമ്പി തുള്ളിടാൻ.
മറന്നുപോയ്
പൂവിറുത്തൊരുക്കുമീ
പുതുനിലാകളങ്ങളൊരുക്കുവാൻ

പുതുമഴ തോർന്നൊരാ
പുഴയുടെ മാറിലായ്
ആരവമൂറും കരുത്തും
വഞ്ചിപ്പാട്ടും
നിറഞ്ഞൊരാ തോണിയിൽ
മത്സരിച്ചീടുന്നതോ
മറന്നുപോയ്‌ ഓണമേ.

തെറ്റിടുന്നോ കാലമേ
നിന്നുടെ ശീലങ്ങൾ
വെമ്പലോടെത്തുന്നു
പോകുന്നു
പിന്നെയുമെത്തുന്നു പോകുന്നു
ആരുമറിയാതെ
എന്നുമെന്നും
യാന്ത്രികമായ് നീ ഓണമേ.

അഖിൽ പുതുശ്ശേരി

1995 ഏപ്രിൽ 15-ന് ആലപ്പുഴ ജില്ലയിൽ ചെട്ടികുളങ്ങരയിൽ പുതുശ്ശേരിയെന്ന ഗ്രാമത്തിൽ ജനിച്ചു . അച്ഛൻ മുരളീധരൻ നായർ ,അമ്മ കൃഷ്ണകുമാരി .
ബാല്യകാലം മുതൽ കവിത എഴുതിത്തുടങ്ങി ,മൂന്ന് കാവ്യസമാഹാരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട് .
എഴുത്തച്ഛൻ ഫെല്ലോഷിപ്പ് പുരസ്‌കാരത്തിനർഹനായി .
2010-ൽ isro യിൽ പ്രബന്ധം അവതരിപ്പിക്കാൻ വിദ്യാലയത്തെ പ്രതിനിധീകരിച്ചു .
നിലവിൽ CSIR-NIIST ൽ അസിസ്റ്റന്റ് ആയി സേവനമനുഷ്ടിക്കുന്നു
കലാകൗമുദി, എഴുത്തോല, മലയാള മനോരമ, കവിമൊഴി, സമകാലിക മലയാളം തുടങ്ങിയ സമകാലികങ്ങളിൽ കവിത പ്രസിദ്ധീകരിച്ചു ഓൾ ഇന്ത്യ റേഡിയോയുടെ റേഡിയോ മലയാളത്തിൽ കവിത അവതരിപ്പിച്ചിട്ടുണ്ട്.

പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ:

നിഴൽക്കുപ്പായം
മാമ്പൂവ്
സ്വപ്നംകൊണ്ടെഴുതിയ ഒസ്യത്ത്‌

 

പ്രശസ്ത തെന്നിന്ത്യൻ താരം ചിത്ര അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. മലയാളം,തമിഴ്, തെലുങ്ക്,കന്നട ഭാഷകളിലായി നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു.1965 ഫെബ്രുവരി 25ന് കൊച്ചിയിലായിരുന്ന് ജനനം.1983ൽ പുറത്തിറങ്ങിയ ‘ആട്ടക്കലാശം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ ശ്രദ്ധേയയായി.അമരം,ഒരു വടക്കൻ വീരഗാഥ,ദേവാസുരം,പഞ്ചാഗ്നി, നാടോടി,അദ്വൈതം,അമ്മയാണെ സത്യം,ഏകലവ്യൻ തുടങ്ങിയ സിനിമകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.

RECENT POSTS
Copyright © . All rights reserved