ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ പോലീസുകാരനെ കണ്ടെത്തി. മൂക്കന്നൂരിലെ ലോഡ്ജിൽ പുത്തൻകുരിശ് പോലീസ് സ്റ്റേഷനിൽ സിപിഒ ആയ മുളംതുരുത്തി കരോട്ട് കുരിശ് ഇളത്തിക്കര വീട്ടിൽ രാഹുൽ വാസു (32)വിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ പുത്തൻകുരിശ് സ്റ്റേഷനിൽ ജോലി കഴിഞ്ഞ് വൈകുന്നേരത്തോടെയാണ് മൂക്കന്നൂരിലെ ലോഡ്ജിൽ മുറിയെടുത്തത്.
ലോഡ്ജിലെ മുറി ഇന്ന് ഏറെ വൈകിയും മുറി തുറക്കാതെ വന്നപ്പോൾ ജീവനക്കാർ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് മുറി പരിശോധിച്ചപ്പോഴാണ് രാഹുൽ വാസുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.പിന്നീട് സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ പോലീസ് മേൽനടപടികൾ സ്വീകരിച്ചു . ആത്മഹത്യ ചെയ്യുവാനുള്ള കാരണം വ്യക്തമല്ല
ആലപ്പുഴ:ലോകത്തിലെ മുഴുവൻ രാജ്യങ്ങളുടെയും ദേശീയ ഗാനങ്ങൾ മനഃപാഠമായി പാടുന്ന മലയാളി സഹോദരിമാരായ ആഗ്നസിനും തെരേസയ്ക്കും യു.ആർ.എഫ് ലോക റെക്കോർഡ്.
ഓസ്ട്രേലിയ ബ്രിസ്ബണിൽ താമസക്കാരായ ഇവർ കഴിഞ്ഞ 9 വർഷമായി ലോകത്തിലെ മുഴുവൻ രാജ്യങ്ങളെ കുറിച്ചും രാജ്യങ്ങളുടെ ദേശീയ ഗാനങ്ങളെകുറിച്ചും അന്താരാഷ്ട്ര ഭാഷകളെ കുറിച്ചും ഇതിനോടകം ഗവേഷണം നടത്തി കഴിഞ്ഞു.
യു.ആർ.എഫ് വേൾഡ് റിക്കാർഡ് സിഇഒ ഗിന്നസ് സൗദീപ് ചാറ്റർജി, ഇൻ്റർനാഷണൽ ജൂറി ഗിന്നസ് ഡോ. സുനിൽ ജോസഫ്, ജൂറി അംഗങ്ങളായ ഡോ.ജോൺസൺ വി. ഇടിക്കുള, ഡോ.പീറ്റർ കാറ്റ് , അനറ്റ് ബ്രൗൺലേ, ബ്രൈഡി ലീ ബാർട് ലെറ്റ് (ഓസ്ട്രേലിയ) എന്നിവരടങ്ങിയ സമിതിയാണ് ലോക റിക്കോർഡിനായി പരിഗണിച്ചത്.
ഐക്യരാഷ്ട്രസഭയുമായി സഹകരിച്ച് വിവിധ രാജ്യങ്ങളില്‍ ‘സല്യൂട്ട് ദി നേഷൻ’ എന്ന ഈ പ്രോഗ്രാം അവതരിപ്പിച്ച് ലോക സമാധാനത്തിനും മാനവ സ്നേഹം ഊട്ടിയുറപ്പിക്കുന്നതിനുമായുള്ള പരിശ്രമത്തിന്റെ ഭാഗമാകാനും ഇതിലൂടെ ലഭിക്കുന്ന പണം യുണൈറ്റഡ് നേഷന്റെ സമാധാന പ്രവർത്തങ്ങൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകൾക്കും വ്യക്തികൾക്കും നൽകാനാണ് ഇവർ ആഗ്രഹിക്കുന്നത്. ലോക സമാധാന ദിനമായ സെപ്റ്റംബർ 21ന് ഓസ്‌ട്രേലിയയി ബ്രിസ്‌ബെൻ സിറ്റിയിലുള്ള സെൻ്റ് ജോൺസ് കാത്തീഡ്രൽ ഹാളിൽ രാവിലെ 9.30 മുതൽ തുടർച്ചയായി 6 മണിക്കൂർ ലോകത്തിലെ മുഴുവൻ രാജ്യങ്ങളുടെയും ദേശീയ ഗാനങ്ങൾ മനഃ പാഠമായി പാടി ആഗ്നസും തെരേസയും ലോക റിക്കോർഡിൽ മുത്തമിടും.യുആർഎഫ് വേൾഡ് റെക്കോർഡ് ടീമുകൾ സാക്ഷ്യം വഹിക്കും.ഐക്യരാഷ്ട്രസഭ അസോസിയേഷന്‍ ഓസ്‌ട്രേലിയയും ആഗ്നസ് ആന്റ് തെരേസ പീസ് ഫൗണ്ടേഷനുമാണ് സംഘാടകർ.
ആലപ്പുഴ ജില്ലയിൽ ചേർത്തല തൈക്കാട്ടുശ്ശേരി കണിയാംപറമ്പിൽ എഴുത്തുകാരനും സംവിധായകനുമായ ജോയ് കെ മാത്യുവിന്റേയും നഴ്സ് ആയ ജാക്‌ല്യിൻ്റെയും മക്കളാണ് ആഗ്നസും തെരേസയും.
അരീക്കര: മുപ്രാപ്പള്ളിൽ കെ സി പീറ്റർ (74 ) നിര്യാതനായി. പരേതൻ കരുണാകരൻ മന്ത്രിസഭാ കാലത്ത് കേരളാ സ്‌റ്റേറ്റ് അഡീഷണൽ പ്രോസിക്യൂഷൻ ജനറലായി സേവനമനുഷ്‌ടിച്ചിട്ടുണ്ട് , മൃതസംസ്കാരം പിന്നീട് അരീക്കര സെന്റ് റോക്കിസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍ നടത്തപ്പെടും. ഭാര്യ അനിയമ്മ കല്ലറ വിരുത്തികുളങ്ങര കുടുംബാഗമാണ്. മക്കൾ: ജയൻ പീറ്റർ (യുകെ) , പ്രിയൻ പീറ്റർ (യുകെ ), പ്രീതി അരുൺ മരുമക്കൾ: ബിനി ആയാംകുടിയിൽ( യുകെ ) ,ഷൈനി പുത്തൻപുരയിൽ(യുകെ ) ,അരുൺ കൊടിയന്തറ.
കെ സി പീറ്ററിൻെറ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
അന്തരിച്ച നടന്‍ സിദ്ധാര്‍ഥ് ശുക്ലയുടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ വര്‍ദ്ധനവ്. താരത്തിന്റെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സ് 4.5 മില്യണ്‍ ആയി. സിദ്ധാര്‍ഥ് മരണത്തിന് ശേഷം ഒരാഴ്ച്ചക്കുള്ളില്‍ ഒരു മില്യണ്‍ ആളുകളാണ് താരത്തിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഫോളോ ചെയ്തിരിക്കുന്നതെന്ന് ഇന്ത്യ ടുടേ റിപ്പോര്‍ട്ട് ചെയ്യുന്നു.
സെപ്റ്റംബര്‍ 2ന് ആണ് സിദ്ധാര്‍ഥ് അന്തരിച്ചത്. 40 വയസായിരുന്നു. മുംബൈയിലെ കൂപ്പര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. പെട്ടന്നുണ്ടായ ഹൃദയാഘാദത്തെ തുടര്‍ന്നായിരുന്നു അന്ത്യം. രാവിലെ 11 മണിയോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മോഡലിംഗിലൂടെയാണ് സിദ്ധാര്‍ഥ് അഭിനയരംഗത്തേക്ക് എത്തുന്നത്. ബാലിക വധു ആണ് ആദ്യ സീരിയല്‍. നിരവധി ടെലിവിഷന്‍ ഷോകളില്‍ മത്സരാര്‍ത്ഥിയായും അവതാരകനുമായെത്തി. ബിഗ് ബോസ് 13 വിന്നറായത് കരിയറില്‍ വഴിത്തിരിവായി. ബിസിനസ് ഇന്‍ റിതു ബാസാര്‍, ഹംപ്റ്റി ശര്‍മ ഹി ദുല്‍ഹനിയ തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു.
ബ്രോക്കണ്‍ ബട്ട് ബ്യൂട്ടിഫുള്‍ 3 എന്ന വെബ് സീരീസില്‍ അഭിനയിച്ചു വരികയായിരുന്നു. ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായിരുന്നു ഷെഹ്നാസ് ഗില്ലുമായുള്ള സൗഹൃദം ഏറെ ശ്രദ്ധ നേടിയിരുന്നു. നിരവധി ജനപ്രിയ സംഗീത വീഡിയോകളില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു.
മോഹന്‍ലാലിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രമാണ് ഭ്രമരം. അടുത്തിടെ അന്തരിച്ച നിര്‍മ്മാതാവ് നൗഷാദിന് ഭ്രമരം സിനിമയുടെ നിര്‍മ്മാണത്തിലുള്ള പങ്കിനെ കുറിച്ചാണ് സംവിധായകന്‍ ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്.
ഭ്രമരം എന്ന മോഹന്‍ലാല്‍ ചിത്രത്തിലും നൗഷാദിന് നിര്‍മ്മാണ പങ്കാളിത്തം ഉണ്ടായിരുന്നു എന്ന് പറയുന്നുണ്ട്. എന്നാല്‍ താന്‍ അതേ കുറിച്ച് നെറ്റില്‍ അടിച്ചു നോക്കുമ്പോള്‍ ഭ്രമരത്തില്‍ നൗഷാദിന്റെ പേര് കാണുന്നില്ല. വേറൊരു മുസല്‍മാന്റെ പേരാണുളളത്. രണ്ട് നിര്‍മ്മാതാക്കളാണ് അതിനുളളത്.
അമേരിക്കയില്‍ നിന്നുളള ഒരു നിര്‍മ്മാതാവ് തന്നെ വിളിച്ചിട്ട് പറഞ്ഞത് ആ പടത്തിന് വേണ്ടി ആറു കോടി രൂപ മുടക്കിയിട്ട് തന്റെ നാല് കോടി പോയി സാര്‍ എന്നാണ്. അദ്ദേഹം സെപ്റ്റംബര്‍ 15-ാം തീയതി നാട്ടിലേക്ക് വരുന്നുണ്ട്. അപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാം എന്ന് പറഞ്ഞിട്ടുണ്ട്. നൗഷാദിന് അതില്‍ മുതല്‍ മുടക്കുണ്ടെന്ന് പറയുന്നു.
തനിക്ക് അറിയില്ല. താന്‍ ഇതൊക്കെ ബ്ലെസിയെ വിളിച്ച് ചോദിക്കുന്നത് എങ്ങനെയാ എന്ന് വീഡിയോയില്‍ ശാന്തിവിള ദിനേശ് പറയുന്നു. 2009ല്‍ പുറത്തിറങ്ങിയ ഭ്രമരം രാജു മല്ലിയത്, എ.ആര്‍ സുള്‍ഫിക്കര്‍ എന്നിവരാണ് നിര്‍മ്മിച്ചത്. മോഹന്‍ലാലിനൊപ്പം ഭൂമിക ചാവ്‌ല, സുരേഷ് മേനോന്‍, മുരളി ഗോപി എന്നിവരും വേഷമിട്ടിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധ നേടുകയാണ് ഗൂഗിൾ സിഇഒ സുന്ദർ പിച്ചെ പങ്കുവെച്ച ഒരു വിഡിയോ. താഴ്ന്ന് പറക്കുന്ന ഡ്രോൺ ഇരയാണെന്ന് കരുതി വായിലാക്കുന്ന ചീങ്കണ്ണിയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ അടക്കം ശ്രദ്ധ ആകർഷിക്കുന്നത്. ഫ്ലോറിഡയിലെ എവർഗ്ലേഡ്സിൽ നിന്നും ചിത്രീകരിച്ചതാണ് വിഡിയോ. ഡ്രോൺകമ്പനി മാനേജർ പങ്കുവെച്ച വിഡിയോ പിച്ചെ അടക്കം നിരവധിപ്പേർ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.
വെള്ളത്തിൽ കിടക്കുകയായിരുന്ന ചീങ്കണ്ണിയുടെ തലയ്ക്ക് മുകളിലൂടെ പറന്ന ഡ്രോൺ ഇരയാണെന്ന് കരുതി ചീങ്കണി വായിലാക്കി. തുടർന്ന് വായിലിട്ട് ഡ്രോൺ കടിച്ച് പൊട്ടിക്കുന്നതും വായിൽ നിന്ന് പുക പടരുന്നതും വിഡിയോയിൽ കാണുന്നുണ്ട്. അതേസമയം വെള്ളത്തിൽ കിടക്കുന്ന ചീങ്കണ്ണിയുടെ ക്ലോസപ്പ് ഷോട്ട് എടുക്കുന്നതിടെയിലാണ് ചീങ്കണ്ണി ഡ്രോൺ വായിലാക്കിയത്.
വിഡിയോ സോഷ്യൽ ഇടങ്ങളിൽ ഹിറ്റായതോടെ നിരവധിപ്പേരാണ് ഡ്രോൺ നിയന്ത്രിച്ച ആൾക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തുന്നത്. ഇത്തരത്തിലുള്ള ഉപകരണങ്ങളുടെ അമിത ഉപയോഗം കുറയ്‌ക്കണമെന്നും ഇത് മൃഗങ്ങളുടെ ജീവനെ ദോഷമായി ബാധിക്കും എന്നുമാണ് പലരും സമൂഹമാധ്യമങ്ങളിൽ കുറിയ്ക്കുന്നത്. ഈ ക്രൂരതയ്‌ക്കെതിരെ നടപടി എടുക്കണം എന്ന് ആവശ്യപ്പെടുന്നവരും നിരവധിയാണ്.
അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിനു മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനയില്‍ ഇന്ത്യന്‍ താരങ്ങളുടെ ഫലം നെഗറ്റീവ്. ഇതോടെ അഞ്ചാം ക്രിക്കറ്റ് മത്സരം മുന്‍നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.
ഇന്ത്യയുടെ സപ്പോര്‍ട്ട് സ്റ്റാഫില്‍ ഒരാള്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അഞ്ചാം ടെസ്റ്റ് നടക്കുമോയെന്ന് ആശങ്കയുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് അഞ്ചാം ടെസ്റ്റിന് മുന്നോടിയായി ഇന്നലെ നടത്തേണ്ടിയിരുന്ന പരിശീലനം ഇന്ത്യന്‍ ടീം റദ്ദാക്കുകയും ചെയ്തിരുന്നു.
നേരത്തെ, ഹെഡ് കോച്ച് രവി ശാസ്ത്രിക്ക് കോവിഡ് പോസിറ്റീവായിരുന്നു. തുടര്‍ന്ന് ബോളിംഗ് കോച്ച് ഭരത് അരുണ്‍, ഫീല്‍ഡിംഗ് കോച്ച് ആര്‍. ശ്രീധര്‍, ഫിസിയോ നിതിന്‍ പട്ടേല്‍ എന്നിവരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരുന്നു.
യുകെയിലേക്കുള്ള അഭയാർഥികളെ ഇംഗ്ലീഷ് ചാനലിൽ തടഞ്ഞ് മടക്കി അയക്കാൻ പുതിയ പദ്ധതിയുമായി ബ്രിട്ടീഷ് ഹോം സെക്രട്ടറി പ്രീതി പട്ടേൽ. ഫ്രഞ്ച് അധികൃതരുടെ മുന്നറിയിപ്പ് അവഗണിച്ച് ചാനലിന് കുറുകെ കുടിയേറ്റക്കാരെ കടത്തുന്ന ചെറിയ ബോട്ടുകൾ തിരികെ അയയ്ക്കാനാണ് സർക്കാർ നീക്കം. രണ്ട് വർഷമായി വികസന ഘട്ടത്തിലായിരുന്ന പദ്ധതിയാണിത്.
ഇത് പ്രകാരം അനധികൃത കുടിയേറ്റക്കാരുമായി എത്തുന്ന ബോട്ടുകൾക്കെതിരെ “ടേൺ-റൗണ്ട്” തന്ത്രങ്ങൾ പ്രയോഗിക്കാൻ ബോർഡർ ഫോഴ്സ് ജീവനക്കാരെ പരിശീലിപ്പിക്കുന്നുണ്ടെന്ന് ആഭ്യന്തര ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു. ഫ്രഞ്ച് അധീന കടൽ അതിർത്തിയിലേക്ക് ഈ ചെറിയ ബോട്ടുകൾ തിരികെ അയയ്ക്കാൻ യുകെ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടായിരിക്കും.
എന്നാൽ മാർഗനിർദ്ദേശങ്ങളിൽ കുടിയേറ്റക്കാരെ ഫ്രഞ്ച് തീരത്തേക്ക് തിരികെ കൊണ്ടുപോകുന്നത് ഉൾപ്പെടുമോ എന്ന് വ്യക്തമല്ല. പുതിയ നിർദ്ദേശങ്ങലോട് ഫ്രഞ്ച് സർക്കാർ ഇതിനകം തന്നെ വിയോജിപ്പ് പ്രകടമാക്കിക്കഴിഞ്ഞു. ബുധനാഴ്ച പുറത്തുവിട്ട ഒരു പ്രസ്താവനയിൽ ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമാനിൻ പ്രീതി പട്ടേലിന്റെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി.
ദേശീയത, പദവി, കുടിയേറ്റ നയം എന്നിവ കണക്കിലെടുത്ത് കടലിൽ മനുഷ്യജീവൻ സംരക്ഷിക്കുന്നതിന് മുൻഗണന നൽകുന്നുവെന്ന് കത്തിൽ സൂചിപ്പിക്കുന്നു. കടലിൽ ഇത്തരം തന്ത്രങ്ങളും സമീപനവും പ്രയോഗിക്കുന്നത് ഫ്രഞ്ച് – ബ്രിട്ടീഷ് സഹകരണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം യുകെക്ക് മുന്നറിയിപ്പ് നൽകി.
കുടിയേറ്റക്കാരെന്ന് കരുതുന്ന ഒരു കൂട്ടം ആളുകളെ അതിർത്തി സേന ഇന്നലെ കെന്റിലെ ഡോവറിലേക്ക് കൊണ്ടു വന്നിരുന്നു. തുടർന്ന് അഫ്ഗാനികൾ ചാനൽ മുറിച്ചു കടക്കുന്നത് മറ്റ് കുടിയേറ്റക്കാരെപ്പോലെ തന്നെ പരിഗണിക്കുമെന്ന് പട്ടേൽ പ്രസ്താനവ ഇറക്കി. കുടിയേറ്റ ബോട്ടുകൾ യുകെ സമുദ്രാതിർത്തിയിൽ നിന്ന് മാറ്റി ഫ്രാൻസിലേക്ക് തിരിച്ചുവിടാനുള്ള തന്ത്രങ്ങൾ ഉപയോഗിക്കുമെന്ന് ആഭ്യന്തര ഓഫീസും അറിയിച്ചു.
എന്നാൽ ബന്ധപ്പെട്ട വിവിധ മേഖലകളിലെ വിദഗ്ധരുമായി കൂടിയാലോചിച്ച് വികസിപ്പിച്ചെടുത്ത തന്ത്രങ്ങൾ സുരക്ഷിതമാണെന്ന് കരുതുന്ന സമയത്ത് മാത്രമേ ഉപയോഗിക്കാൻ കഴിയൂ എന്നാണ് ബ്രിട്ടീഷ് അതിർത്തി രക്ഷാ സേനയുടെ നിലപാട്. ഇക്കാര്യം സേനാ വൃത്തങ്ങൾ യുകെ സർക്കാരിനെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ.
കുട്ടനാട് കൈനകരിയില്‍ വാഹനങ്ങള്‍ കത്തിച്ച സംഭവത്തില്‍ യുവാവ് പോലീസ് പിടിയില്‍. മണ്ണഞ്ചേരി സ്വദേശിയെയാണ് പോലീസ് പിടികൂടിയത്. ഇന്നലെ രാത്രിയാണ് ആറ് വാഹനങ്ങള്‍ക്ക് യുവാവ് തീയിട്ടത്.
വാഹനങ്ങള്‍ നിര്‍ത്തിയിട്ട സ്ഥലങ്ങളിലെ സ്ട്രീറ്റ് ലൈറ്റ് നശിപ്പിച്ച ശേഷമാണ് ആക്രമണം നടത്തിയത്. വീട്ടില്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാതെ വഴിയരികില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങളാണ് കത്തിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവം സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടമാണെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. പുലര്‍ച്ചെയോടെ ബൈക്കില്‍ എത്തിയ സംഘമാണ് വാഹനങ്ങള്‍ കത്തിച്ചതെന്നും നാട്ടുകാര്‍ പറഞ്ഞിരുന്നു.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് യുവാവ് കുടുങ്ങിയത്. വാഹനങ്ങള്‍ കത്തിക്കാനുള്ള കാരണം വ്യക്തമല്ല. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
ഇന്നലെ രാത്രി ആലപ്പുഴ നഗരത്തിലൂടെ ഒറ്റയ്ക്കു സഞ്ചരിക്കുകയായിരുന്ന ചിലരെ ആക്രമിക്കാൻ ശ്രമിച്ചതായും വിവരമുണ്ട്. പൊലീസെത്തിയാണ് ഇയാളെ വിരട്ടിയോടിച്ചത്. പിന്നാലെയാണ് വാഹനങ്ങള്‍ കത്തിച്ചത്.
തുടർന്ന് മറ്റൊരു വാഹനത്തിൽ കൈനകരിയിലെത്തിയ അവിടെയും വാഹനങ്ങൾ കത്തിച്ചു. മണ്ണഞ്ചേരി സ്വദേശിയാണു പിടിയിലായത്. ഇയാൾ മയക്കുമരുന്നിനും കഞ്ചാവിനും അടിമയായിരുന്നെന്നു പൊലീസ് പറയുന്നു. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
ആശിച്ചുവെച്ച വീടിനുള്ളില്‍ പാലുകാച്ചലിന്റെ തലേദിവസം വീട്ടമ്മ ഷോക്കേറ്റു മരിച്ചു. കുന്നുകുഴി ബാര്‍ട്ടണ്‍ഹില്‍ കോളനിയില്‍ ടി.സി. 12/1016ല്‍ സജിതകുമാരി(മോളി-49) ആണ് സ്വപ്‌ന വീട്ടില്‍ താമസിക്കുന്നതിനു മുന്‍പേ മരണപ്പെട്ടത്. ബുധനാഴ്ച രാവിലെ 10.15 ഓടെയായിരുന്നു സംഭവം. വ്യാഴാഴ്ച നടക്കാനിരുന്ന പാലുകാച്ചിന് മുമ്പ് വീട് വൃത്തിയാക്കാന്‍ എത്തിയതായിരുന്നു സജിത.
വീടിന്റെ പണി പൂര്‍ത്തിയായിരുന്നില്ല. വൈദ്യുതീകരണ ജോലികള്‍ രാത്രിയും നടന്നിരുന്നു. ഇതിന്റെ ഭാഗമായി ഇലക്ട്രിക് വയറുകള്‍ മുറികളില്‍ കിടക്കുന്നുണ്ടായിരുന്നു. തറ കഴുകി വൃത്തിയാക്കുന്നതിനിടയില്‍ വയറുകളില്‍നിന്ന് ഷോക്കേറ്റ് തെറിച്ചുവീഴുകയായിരുന്നു. എന്നാല്‍ ഷോക്കേറ്റ് സജിത വീണത് ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ബാക്കി പണിക്കായി ജോലിക്കാരും മക്കളും എത്തുമ്പോഴാണ് സജിത വീണുകിടക്കുന്നതു കണ്ടത്.
ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സജിതയുടെ ഭര്‍ത്താവിന്റെ അമ്മയുടെ പേരിലുള്ളതാണ് സ്ഥലം. സ്വന്തം പേരിലുള്ളതല്ലാത്തതിനാല്‍ സര്‍ക്കാര്‍ സഹായം ലഭിച്ചിരുന്നില്ല. പക്ഷാഘാതവും ഹൃദയസംബന്ധമായ രോഗങ്ങളും ഉണ്ടായിട്ടും സ്വന്തമായി നിര്‍മാണജോലി വരെ ചെയ്താണ് സജിത രണ്ട് മക്കള്‍ക്കൊപ്പം വീടിന്റെ പണി ഏകദേശം പൂര്‍ത്തിയാക്കിയത്. നാട്ടുകാരും കൈകോര്‍ത്ത് വീടുപണിക്കായി സഹായം ചെയ്തിരുന്നു. സജിതയുടെ വിയോഗം കുടുംബത്തിന് വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. മക്കള്‍: മിഥുന്‍, മൃദുല്‍. മരുമകള്‍: ദിവ്യ എസ്.എല്‍.