യുപിയിലെ സംഘർഷ ബാധിത സ്ഥലം സന്ദർശിക്കാനെത്തിയ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. ലഖിംപുർ മേഖല സന്ദർശിക്കാനെത്തിയതായിരുന്നു പ്രിയങ്ക ഗാന്ധി.
ഇതിനിടെ, ലഖിംപുർ മേഖലയിലുണ്ടായ സംഘർഷത്തിൽ മരണം എട്ടായി. സമരം ചെയ്യുന്ന കർഷകർക്കിടയിലേക്ക് കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്ര തേനിയുടെ മകൻ ആശിഷ് മിശ്രയും സംഘവും സഞ്ചരിച്ച വാഹനങ്ങൾ ഇടിച്ചുകയറി രണ്ടുപേർ മരിച്ചതിനെത്തുടർന്നാണ് സംഘർഷങ്ങളുടെ തുടക്കം. ആശിഷ് മിശ്ര ഗുണ്ടകൾക്കൊപ്പം മൂന്നു വാഹനങ്ങളിലായെത്തി ആക്രമിക്കുകയായിരുന്നെന്ന് കർഷകർ ആരോപിച്ചു.
സ്ഥലത്തുവെച്ച് രണ്ടുപേരും പിന്നീടും ഒരാൾ ഗുണ്ടകളുടെ വെടിയേറ്റും മരിച്ചതായി കർഷകർ പറഞ്ഞു. എന്നാൽ, നാലു കർഷകരും വാഹനത്തിലുണ്ടായിരുന്ന നാലുപേരുമാണ് മരിച്ചതെന്നാണ് പോലീസ് പറയുന്നത്.
കേന്ദ്രമന്ത്രിയും ഉപമുഖ്യമന്ത്രിയും പങ്കെടുക്കുന്ന പരിപാടിയുള്ളതിനാൽ കരിങ്കൊടിപ്രതിഷേധം നടത്താനായിരുന്നു ഹെലിപാഡിന് അരികെ കർഷകർ ഒത്തുചേർന്നത്. രാവിലെ ഒമ്പതുമുതൽ പ്രതിഷേധക്കാർ തമ്പടിച്ചു. എന്നാൽ, മന്ത്രിമാർ ഹെലികോപ്റ്ററിൽ വരാതെ ലഖ്‌നൗവിൽനിന്നു റോഡുമാർഗമെത്തി. പോലീസ് ഇക്കാര്യം അറിയിച്ചതോടെ ഉച്ചയ്ക്കു കർഷകർ മടങ്ങിപ്പോവാൻ തുടങ്ങി.
പിന്നാലെ, രണ്ടേകാലോടെ ആശിഷ് മിശ്രയും കൂട്ടാളികളും സഞ്ചരിച്ച മൂന്നു കാറുകൾ റോഡരികിൽ കർഷകർക്കിടയിലേക്കു ഇടിച്ചുകയറുകയായിരുന്നു. ഒരാൾ വെടിയുതിർത്തതായും ദൃക്‌സാക്ഷികൾ പറഞ്ഞു. ലവ്പ്രീത് സിങ് (20), നച്ചത്തർ സിങ് (60), ദൽജീത് സിങ് (35), ഗുർവീന്ദർ സിങ് (19) എന്നീ കർഷകരാണ് മരിച്ചത്. ഇതിൽ ഗുർവീന്ദർ സിങ്ങാണ് വെടിയേറ്റു മരിച്ചതെന്ന് നേതാക്കൾ അറിയിച്ചു.
പാലാ: തിന്മക്കെതിരേ കൈകോര്‍ക്കുന്നതുകൊണ്ടു മതമൈത്രിയോ മനുഷ്യമൈത്രിയോ തകരില്ലായെന്നും സെക്കുലറിസം എങ്ങനെയാണു തീവ്രവാദത്തിനു ജന്മം നല്‍കുന്നതെന്നു പാശ്ചാത്യനാടുകളിലെ യാഥാസ്ഥിതിക വംശീയ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയില്‍ നിന്ന് നാം പഠിക്കണമെന്നും പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ മുന്നറിയിപ്പ്. ഇന്ന്‍ ഗാന്ധി ജയന്തി ദിനത്തില്‍ ദീപിക ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം അദ്ദേഹം ഓര്‍മ്മിപ്പിച്ചിരിക്കുന്നത്. നാര്‍ക്കോ ജിഹാദ് വിഷയത്തില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് നേരെ ഒറ്റ തിരിഞ്ഞു മാധ്യമങ്ങളും ചില രാഷ്ട്രീയ പാര്‍ട്ടികളും സംഘടിതമായ ആക്രമണം നടത്തിയിട്ടും പിന്നോട്ടില്ല എന്ന വ്യക്തമായ സൂചനയാണ് ലേഖനത്തിലൂടെ പങ്കുവെയ്ക്കപ്പെടുന്നത്.
സെക്കുലറിസം എങ്ങനെയാണു തീവ്രവാദത്തിനു ജന്മം നല്‍കുന്നതെന്നു പാശ്ചാത്യനാടുകളിലെ യാഥാസ്ഥിതിക വംശീയ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയില്‍ നിന്ന് നാം പഠിക്കണം. ഇന്ത്യന്‍ സെക്കുലറിസത്തെ അതിന്റെ ഉദാത്ത അര്‍ഥത്തില്‍ എല്ലാവരും സ്വീകരിക്കുന്നില്ലെങ്കില്‍ നമ്മുടെ രാജ്യത്തിന്റെ സ്ഥിതിയും വ്യത്യസ്തമാവില്ല.
തെറ്റുകള്‍ക്കെതിരേ സംസാരിക്കാത്തവര്‍ മൗനമായി അതിനെ പ്രോത്സാഹിപ്പിക്കുകയാണ്. തിന്മക്കെതിരേ ഒരുമിച്ചു കൈകോര്‍ക്കുന്നതുകൊണ്ടു മതമൈത്രിയോ മനുഷ്യമൈത്രിയോ തകരില്ല. ഭാരതത്തിന് മതേതരത്വം പ്രിയതരമാണ്. കപട മതേതരത്വം ഭാരതത്തെ നശിപ്പിക്കും.
ഒറ്റയ്ക്കു നടന്ന് തിന്മകളെ കീഴ്‌പ്പെടുത്തിയവനാണ് ഗാന്ധിജിയെന്നും മാര്‍ കല്ലറങ്ങാട്ട് ഓര്‍മ്മിപ്പിച്ചു. ഒരു സമൂഹത്തിലെ തിന്മകളെ ചൂണ്ടിക്കാണിക്കുന്നതുവഴി മതമൈത്രിയോ മനുഷ്യമൈത്രിയോ അയല്‍പക്കമൈത്രിയോ നഷ്ടപ്പെടുന്നില്ല എന്നു നാം തിരിച്ചറിയണം. തിന്മകളോടുസന്ധി ചെയ്യുന്‌പോഴാണ് മൈത്രി നഷ്ടപ്പെടുന്നത്. സ്വന്തം മതത്തെക്കുറിച്ച് സംസാരിക്കാതിരിക്കുന്നതല്ല സെക്കുലറിസം; അന്യമതവിദ്വേഷവും വിരോധവും ഉപേക്ഷിക്കുന്നതിലാണ് സെക്കുലറിസമെന്നും ലേഖനത്തില്‍ പറയുന്നു. നിരവധി ആളുകളാണ് ദീപികയുടെ പത്ര ക്ലിപ്പിംഗ് നവമാധ്യമങ്ങളിലൂടെ പങ്കുവെച്ചുകൊണ്ടിരിക്കുന്നത്.
ലേഖനത്തിന്റെ പൂര്‍ണ്ണരൂപം:
തുറന്നുപറയേണ്ടപ്പോള്‍ നിശബ്ദനായിരിക്കരുത് ഇരുപതാംനൂറ്റാണ്ട് കണ്ട ഏറ്റവും സത്യസന്ധനായ മനു ഷ്യനും ആശയംകൊണ്ടും ജീവിതംകൊണ്ടും ലോകം കീഴടക്കിയ കാലാതീതമായ ഇതിഹാസവുമാണ് മഹാത്മാഗാന്ധി. മഹാത്മജിയെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ നിറയുന്നത് വാക്കും എഴുത്തും കൊണ്ടെന്നതിലേറെ കര്‍മവും ജീവിതവുംകൊണ്ട് ആവിഷ്‌കരിച്ച സത്യാധിഷ്ഠിതമായ മനുഷ്യപുരോഗതിയുടെ ആശയങ്ങളാണ്. ഗാന്ധിസത്തിനു ടെക്സ്റ്റ്ബുക്കുകള്‍ ആവശ്യമില്ല. മനഃസാക്ഷിയെയും സഹിഷ്ണുതയെയും മുറുകെപ്പിടിച്ചു സത്യത്തിനുവേണ്ടി ശബ്ദിക്കുന്ന ഒരു സംസ്‌കൃതി രൂപപ്പെടുത്തണമെന്നാണ് ഗാന്ധിജയന്തി ഓര്‍മിപ്പിക്കുന്നത്.
റോമയ്ന്‍ റോളണ്ട് ഗാന്ധിജിയെപ്പറ്റി എഴുതിയ വരികള്‍ ശ്രദ്ധേയമാണ്, ‘യുഗയുഗാന്തരങ്ങളില്‍ ഐതിഹാസികമായ സ്മൃതി പൂജിച്ച് പാലിക്കപ്പെടുമാറ് ഇന്ത്യയുടെ ദേശീയ ചരിത്രത്തിനു മാത്രം അവകാശപ്പെട്ട ഒരു വീരനേതാവ് മാത്രമല്ല ഗാന്ധി. മനുഷ്യസമുദായത്തിലെ ഋഷികളുടെയും പുണ്യാത്മാക്കളുടെയും ഇടയില്‍ തന്റെ നാമം അദ്ദേഹം ആലേഖനം ചെയ്തിരിക്കുന്നു. അദ്ദേഹത്തിന്റെ വിഗ്രഹത്തിന്റെ പ്രകാശധോരണി ലോകത്തിലെ എല്ലാ ദേശങ്ങളിലും കടന്നുചെന്നിട്ടുണ്ട്.’
ഉയിര്‍ത്തെഴുന്നേല്‍ക്കേണ്ട സത്യം
എല്ലാ തത്ത്വചിന്തകളെയും വിശ്വാസമൂല്യങ്ങളെയും ഉള്‍ക്കൊള്ളാനും മനസിനെയും ശരീരത്തെയും ആത്മവിശുദ്ധിയിലേക്കു നയിക്കാനും ഗാന്ധിജിക്ക് സാധിച്ചു. നിര്‍ഭാഗ്യമെന്നു പറയട്ടെ, ഇന്ന് നമ്മുടെ സമൂഹത്തില്‍ ഗാന്ധിജി അന്യനും അനഭിമതനും ആകുന്നുണ്ടോ എന്ന സംശയം അനുദിനം ബലപ്പെടുന്നുണ്ട്. ഭാരതത്തിന്റെ നിലനില്പിനും അര്‍ഥവത്തായ മതേതരത്വത്തിനും ഗാന്ധിജി എന്ന സത്യം അനിവാര്യമാണ്. വിവിധ മതസമൂഹങ്ങളുടെ ഐക്യത്തിനു വേണ്ടി ജീവിതം മാറ്റിവച്ചു എന്നതായിരുന്നു ഗാന്ധിജിയുടെ അനന്യത.
ഗാന്ധിജി കറതീര്‍ന്ന ഒരു ഹൈന്ദവവിശ്വാസിയായിരുന്നു. അത് ഒരിക്കലും മറച്ചുവയ്ക്കാനോ ഒളിച്ചുവയ്ക്കാനോ അദ്ദേഹം ആഗ്രഹിച്ചില്ല. വ്യത്യസ്തങ്ങളായ മതവിശ്വാസങ്ങളില്‍ അടിയുറച്ചു നിന്ന് പൊതുനന്മക്കായി ഒരുമിച്ചു മുന്നേറണമെന്ന് അദ്ദേഹം നമ്മുടെ സമൂഹത്തെ ഓര്‍മിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ ദേശീയതയ്ക്കു തുരങ്കം വയ്ക്കുന്ന തിന്മകളെക്കുറിച്ച് സൂചിപ്പിക്കുന്‌പോള്‍ ക്രിമിനല്‍ മനഃസ്ഥിതിയോടെയും അസഹിഷ് ണുതയോടെയുമല്ല പ്രതികരിക്കേണ്ടത്. ഗാന്ധിജിയുടെ ജീവിതം മൂടിവയ്ക്കപ്പെട്ടതോ മറഞ്ഞിരിക്കുന്നതോ ആയ സത്യത്തെ കണ്ടെത്താനും അതിനെ ഉള്‍ക്കൊള്ളാനും നമ്മെ പ്രചോദിപ്പി ക്കും.
നമ്മുടെ നാട് പ്രബുദ്ധവും വികസിതവുമായത് ഇവിടത്തെ പ്രബലമായ മതവിഭാഗങ്ങളുടെ സംഭാവനകള്‍ സ്വീകരിച്ചുകൊണ്ടാണ്.
ഉള്ളില്‍ നിന്നുള്ള സ്വയം നവീകരണത്തിന് എല്ലാ സമുദായങ്ങളും തയാറായിരുന്നു. സ്വന്തം കുടുംബത്തിനുവേണ്ടി അധ്വാനിക്കുമ്പോഴും സമുദായത്തിന്റെ സുസ്ഥിതിയിലും രാഷ്ട്രനിര്‍മാണത്തിലും തങ്ങള്‍ പങ്കുചേരുകയാണെന്ന ബോധ്യം എല്ലാവര്‍ക്കുമുണ്ടായിരുന്നു. സാമുദായിക വഴിയിലൂടെ അങ്ങനെ നാം മതേതര ഭാരതത്തില്‍ എത്തിച്ചേര്‍ന്നു. കുടുംബഭദ്രതയും സമുദായ സുസ്ഥിതിയും രാഷ്ട്ര പുരോഗതിയും ഒരേ ദിശയില്‍ സഞ്ചരിച്ചു. ആരും ആരെയും സംശയിക്കുകയോ ഭയക്കുകയോ ചെയ്തിരുന്നില്ല. മൂല്യങ്ങളാണ് മൂലധനമെന്ന് എല്ലാവരും മനസ്സിലാക്കി.
മതേതര വഴിയിലൂടെ സഞ്ചരിച്ച് വര്‍ഗീയ കേരളത്തില്‍ നാം എത്തിപ്പെടുമോ എന്നതാണ് ഇന്നു നിലനില്ക്കുന്ന ആശങ്ക. മതേതരത്വത്തിന്റെയും പുരോഗമന ചിന്തയുടെയും വെളിച്ചത്തില്‍ സ്വന്തം സമുദായത്തെ തള്ളിപ്പറയണമെന്നാണ് ചിലര്‍ ശഠിക്കുന്നത്. സമുദായത്തെകാര്‍ന്നു തിന്നുന്ന തിന്മകളെക്കുറിച്ച് സംസാരിക്കാന്‍ പാടില്ലത്രേ! മതേതരത്വംകൊണ്ട് ആര്‍ക്കാണ് ഗുണമെന്ന ചോദ്യം പല കോണുകളില്‍ നിന്നും ഉയരുന്നു.
സെക്കുലറിസം എങ്ങനെയാണു തീവ്രവാദത്തിനു ജന്മം നല്‍കുന്നതെന്നു പാശ്ചാത്യനാടുകളിലെ യാഥാസ്ഥിതിക വംശീയ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയില്‍ നിന്ന് നാം പഠിക്കണം. ഇന്ത്യന്‍ സെക്കുലറിസത്തെ അതിന്റെ ഉദാത്ത അര്‍ഥത്തില്‍ എല്ലാവരും സ്വീകരിക്കുന്നില്ലെങ്കില്‍ നമ്മുടെ രാജ്യത്തിന്റെ സ്ഥിതിയും വ്യത്യസ്തമാവില്ല.
തെറ്റുകള്‍ക്കെതിരേ സംസാരിക്കാത്തവര്‍ മൗനമായി അതിനെ പ്രോത്സാഹിപ്പിക്കുകയാണ്. തിന്മക്കെതിരേ ഒരുമിച്ചു കൈകോര്‍ക്കുന്നതുകൊണ്ടു മതമൈത്രിയോ മനുഷ്യമൈത്രിയോ തകരില്ല. ഭാരതത്തിന് മതേതരത്വം പ്രിയതരമാണ്. കപട മതേതരത്വം ഭാരതത്തെ നശിപ്പിക്കും. നമ്മുടേത് ഭരണഘടനാപരമായ മതേതരത്വമാണ്.
മതസമൂഹവും സെക്കുലര്‍ സമൂഹവും ഒന്നിച്ചു ജീവിക്കാന്‍ പഠിക്കണം. ഇവിടെയാണ് ഇന്ത്യന്‍ സെക്കുലറിസം ലോകത്തിനു മാതൃകയാകുന്നത്. എല്ലാ മതങ്ങളും ആദരിക്കപ്പെടണം എന്നതാണ് ഭാരതത്തിന്റെ മതേതരത്വം അഥവാ സെക്കുലറിസം. സെക്കുലറിസത്തിന്റെ ഉത്കൃഷ്ട മാതൃക ഇന്ത്യയാണെന്നു പ്രസിദ്ധ ചിന്തകനായ ചാള്‍സ് ടെയ്‌ലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഏതു സമൂഹത്തിലും തിന്മകളും പ്രതിസന്ധികളും പ്രശ്‌നങ്ങളും ഉണ്ടാവാമെങ്കിലും സമൂഹത്തില്‍ അന്തച്ഛിദ്രവും അസ്വസ്ഥതയും അസമാധാനവും വിതയ്ക്കാന്‍ ആരും കാരണമാകരുത്.
തിന്മകള്‍ക്കെതിരേ നമ്മള്‍ ജാഗരൂകരായിരിക്കണം. സമൂഹത്തിലെ അപകടങ്ങള്‍ക്കെതിരേ മുന്നറിയിപ്പുകള്‍ നല്‍കപ്പെടുന്‌പോള്‍ നമുക്കു വേണ്ടത് വിവേകവും ജാഗ്രതയുമാണ്. സാമൂഹിക തിന്മകള്‍ക്കെതിരേ നമുക്കു വേണ്ടത് മൗനമോ തമസ്‌കരണമോ തിരസ്‌കരണമോ വളച്ചൊടിക്കലുകളോ പ്രതിഷേധമോ അല്ല; മറിച്ച് അവയെപ്പറ്റിയുള്ള പഠനങ്ങളും അന്വേഷണങ്ങളും തുറന്ന ചര്‍ച്ചകളും പ്രതിരോധ നടപടികളുമാണ്. സമൂഹത്തിന്റെ സുസ്ഥിതിക്കും നിലനില്പിനും ആരോഗ്യകരമായ വളര്‍ച്ചക്കും ഇത് അനിവാര്യമാണ്.
ഡോ. രാധാകൃഷ്ണന്റെ വാക്കുകള്‍ ഗാന്ധിയന്‍ ദര്‍ശനത്തിന്റെ മനോഹാരിത പ്രകടമാക്കുന്നുണ്ട്: ‘ഗാന്ധി യഥാര്‍ഥത്തില്‍ മതനിഷ്ഠനായിരുന്നു. ആധ്യാത്മിക സാധനകള്‍കൊണ്ടും ഉപവാസവും പ്രാര്‍ത്ഥനയുംകൊണ്ടും നിര്‍ഭയം നിഷ്‌കന്മഷനും വിദ്വേഷരഹിതനുമായ ഒരു പുതിയ തരം മനുഷ്യനെ രൂപപ്പെടുത്തുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.’
തുറന്നു പറയേണ്ടപ്പോള്‍ നിശബ്ദനായിരിക്കരുതെന്നും ഉറച്ചുനില്‌ക്കേണ്ടപ്പോള്‍ സത്യവിരുദ്ധമായ വിട്ടുവീഴ്ചയ്ക്ക് സന്നദ്ധനാകരുതെന്നും ഗാന്ധിജി പഠിപ്പിക്കുന്നു. സമാധാനമെന്നതു മാത്സര്യത്തിന്റെ അഭാവമല്ല, പ്രത്യുത അതിനെ വിവേകപൂര്‍വം നേരിടാനുള്ള കഴിവാണ്.
നിര്‍ഭയത്വം
ഗാന്ധിജിയെ അടയാളപ്പെടുത്തുന്ന സവിശേഷമായ ഗുണം നിര്‍ഭയത്വമായിരുന്നു. സത്യത്തെ പേടികൂടാതെ വിളിച്ചു പറയുവാനുള്ള പ്രവാചകധീരത മഹാത്മാവിന്റെ മുഖമുദ്രയാണ്. ‘രാഷ്ട്രീയവും മതവും തമ്മിലുള്ള ബന്ധം വിടുവിക്കല്‍ സാധ്യമല്ല. അങ്ങനെ ചെയ്യാമെന്നു വിചാരിക്കുന്നവര്‍ രണ്ടിനെയും മനസിലാക്കുന്നില്ല’ എന്ന ഗാന്ധിയന്‍ ചിന്ത ഭാരതത്തെ സംബന്ധിച്ച് എന്നും പ്രസക്തമാണ്. മഹാത്മാവ് മറ്റുള്ളവരെക്കുറിച്ചോ അദ്ദേഹത്തെ എതിര്‍ത്തിരുന്നവരോടു പോലുമോ പരുഷമായി സംസാരിച്ചിരുന്നില്ല. അദ്ദേഹത്തെ നിന്ദിച്ചു സംസാരിച്ചിരുന്നവരുടെ പേരു പറയുന്‌പോഴെല്ലാം എന്തെങ്കിലും നല്ലവാക്ക് മഹാത്മജി പറയാതിരുന്നിട്ടില്ല.
വെറും വാക്കുകള്‍ ഹൃദയത്തെ സ്പര്‍ശിക്കുന്നില്ല. അപ്പോള്‍ ചെയ്യാന്‍ പാടില്ലാത്ത കൃത്യങ്ങള്‍ കൈകള്‍ ചെയ്യുന്നു. കാണാന്‍ പാടില്ലാത്തവ കണ്ണുകള്‍ നോക്കുന്നു. കേള്‍ക്കാന്‍ പാടില്ലാത്തവ കാതുകള്‍ കേള്‍ക്കുന്നു. ഈ വിധത്തില്‍ യഥാര്‍ഥമായ പ്രവൃത്തിയും കാഴ്ചയും കേള്‍വിയും നമുക്ക് അന്യമായിരിക്കുന്നു. പത്രപ്രവര്‍ത്തകനായ ജെയിംസ് കാമറോണ്‍ എഴുതി: ‘ലോകം മുഴുവന്‍ ഗാന്ധിജിയെ അറിഞ്ഞു. പക്ഷേ, ആരും അദ്ദേഹത്തെ തിരിച്ചറിഞ്ഞില്ല.’ ഇതുകൊണ്ടുതന്നെ ഭാരതീയര്‍ക്ക് ഗാന്ധിജയന്തി ആത്മവിമര്‍ശനത്തിന്റെ അവസരമാണ്.
അക്രമരാഹിത്യത്തിന്റെ ആള്‍രൂപം
ലോകചരിത്രത്തില്‍ ഗാന്ധിജി എന്നും അഹിംസയുടെ പ്രതീകമായി നിലനില്ക്കുന്നു. ‘ബലമോ നിര്‍ബന്ധമോ ഔദ്യോഗിക സ്ഥാനമോ പ്രതാപമോ ഇല്ലാതെ ഇന്ത്യയുടെ പരമോന്നത നേതാവായിത്തീര്‍ന്ന വ്യക്തി’ എന്ന നെഹ്‌റുവിന്റെ വിശേഷണം ഗാന്ധിയന്‍ ദാര്‍ശനികതയിലേക്കു തന്നെയാണ് നമ്മെ എത്തിക്കുന്നത്.
ഓരോ വ്യക്തിയും, കുടുംബത്തിലെയും സമുദായത്തിലെയും രാജ്യത്തിലെയും മാനവരാശിയിലെയും നല്ല അംഗമായി ജീവിക്കുക എന്നതാണ് ഗാന്ധിയന്‍ അഹിംസയുടെ കാതല്‍. ഗാന്ധിജി ഭാരതസമൂഹത്തിന് എന്തു നല്‍കി എന്ന ചോദ്യത്തിന് ‘ഇന്ത്യയിലെ ജനങ്ങളില്‍ ധൈര്യവും തനിമയും നിയന്ത്രണാത്മക സഹനശേഷിയും ഒരു ലക്ഷ്യത്തിനുവേണ്ടി സസന്തോഷം സഹിക്കുന്ന ആത്മനിയന്ത്രണത്തിന്റെ ശക്തിയും മഹാത്മജി സ്വാഭാവികമായ വിനയത്തോടും അഭിമാനത്തോടും കൂടി സന്നിവേശിപ്പിച്ചു’ എന്നതാണ് നാം കണ്ടെത്തുന്ന ഉത്തരം.
ഗാന്ധിജി പറഞ്ഞതും ചെയ്തതും ഒരു കാലഘട്ടത്തിനുവേണ്ടിയോ ഭാരതത്തിനു മാത്രം വേണ്ടിയോ ആയിരുന്നില്ല. ഗാന്ധിജി ജനങ്ങളുടെ ഭാഷയില്‍ സംസാരിച്ചിരുന്നതുകൊണ്ട് അവര്‍ക്ക് അദ്ദേഹത്തെ മനസിലാക്കാന്‍ എളുപ്പമായിരുന്നു. സാധാരണക്കാരുടേതുപോലെ എളിയ ജീവിതം നയിച്ചതിലൂടെ സ്വാതന്ത്ര്യസമരത്തില്‍ അവരെയും പങ്കെടുപ്പിക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. അദ്ദേഹം പ്രവര്‍ത്തകരെ സംഘടിപ്പിച്ചു. നേതാക്കന്മാരെ സൃഷ്ടിച്ചു. തുടര്‍ന്ന്, ആ നേതൃത്വത്തിനു വഴിമാറാന്‍ ഗാന്ധിജി തയാറായി. മൗനവ്രതവും പ്രാര്‍ഥനയും നിരാഹാരവും നൂല്‍നൂല്‍പ്പും പോലുള്ള കാര്യങ്ങളെ രാഷ്ട്രീയ സമരായുധങ്ങളാക്കി മാറ്റി. ജനാധിപത്യപ്രക്രിയയില്‍ നടക്കേണ്ട പാവനമായ ഈ തനതായ ഗാന്ധിയന്‍ ശൈലി ഇന്നത്തെ നേതാക്കള്‍ക്കും സമൂഹത്തിനും മാതൃകയാണ്.
ലോകനന്മ മാത്രം ലക്ഷ്യം
ഭരണാധികാരികള്‍ ഒരു നയം രൂപീകരിക്കുന്‌പോള്‍ അവരുടെ മനസില്‍ വരേണ്ടത് സാമൂഹ്യശ്രേണിയില്‍ ഏറ്റവുമൊടുവില്‍ താഴേത്തട്ടില്‍ നില്‍ക്കുന്നവന്റെ മുഖമായിരിക്കണമെന്ന് ഗാന്ധിജി ഓര്‍മിപ്പിക്കുന്നു. സമൂഹത്തിന്റെ മുകള്‍ത്തട്ടു മാത്രം കാണുന്ന പ്രവണത വര്‍ധിച്ചുവരുന്ന ഇന്ന് ഗാന്ധിദര്‍ശനത്തിന്റെ ഉള്‍ക്കാന്പായ ‘മനുഷ്യന്‍’ എന്ന യാഥാര്‍ഥ്യം വിസ്മരിക്കപ്പെട്ടുകൂടാ.
കല്‍ക്കത്തയിലെ ഒരു യോഗത്തില്‍ ഗാന്ധിജി പ്രസംഗിച്ചു: ‘നിങ്ങളില്‍ ഭൂരിഭാഗവും കല്‍ക്കത്തയിലെ തൊഴിലാളികളാണെന്നു തോന്നുന്നു. നിങ്ങള്‍ സാധാരണക്കാരായ ആളുകളാണ്. നിങ്ങള്‍ നിഷ്‌കളങ്കരും നല്ലവരും സത്യസന്ധരും ആയിരിക്കണം. അതേസമയം, നിങ്ങളുടെ സാധുക്കളായ സഹോദരീസഹോദരന്മാരെ സഹായിക്കാനും നിങ്ങളുടെ രാജ്യത്തിന് സ്വരാജ്യം കൈവരുത്താനും നിങ്ങള്‍ ശ്രദ്ധിക്കണം. നിങ്ങള്‍ എല്ലാവരും ഖാദി ധരിക്കണം. നിങ്ങളുടെ വീടുകളില്‍ നിന്ന് കോല്‍ക്കത്തയില്‍ താമസിക്കുന്നവരായ നിങ്ങള്‍ മദ്യപാനം ചെയ്യരുത്. ശുദ്ധമായ ഒരു ജീവിതം നയിക്കണം. എല്ലാത്തിലും ഉപരിയായി സത്യസന്ധരാകാന്‍ ശ്രമിക്കുക.’
ഗാന്ധിജിയുടെ ഏറ്റവും വലിയ പ്രസക്തി സത്യത്തിനുവേണ്ടി സ്വയം സമര്‍പ്പിക്കാന്‍ കഴിഞ്ഞു എന്നതാണ്. ജനങ്ങളില്‍ സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ആവേശം ജനിപ്പിക്കാന്‍ ഗാന്ധിജിയുടെ സത്യാധിഷ്ഠിതമായ നിലപാടുകള്‍ക്കു കഴിഞ്ഞു. ജനത്തിന്റെ ഭയവും വിദ്വേഷവും ഇല്ലാതാകണമെങ്കില്‍ തീവ്രരാഷ്ട്രീയ, ആശയ അടിമത്തത്തില്‍ നിന്ന് നാം മോചിതരാകണം, സത്യത്തോടൊപ്പം നടക്കാന്‍ പഠിക്കണം.
മറ്റാരും കൂടെയില്ലെങ്കിലും ഒറ്റയ്ക്കു നടക്കാന്‍ ഗാന്ധിജി ധൈര്യം കാണിച്ചിരുന്നു. ഒറ്റയ്ക്കു നടന്ന് തിന്മകളെ കീഴ്‌പ്പെടുത്തിയവനാണ് അദ്ദേഹം. ഒരു സമൂഹത്തിലെ തിന്മകളെ ചൂണ്ടിക്കാണിക്കുന്നതുവഴി മതമൈത്രിയോ മനുഷ്യമൈത്രിയോ അയല്‍പക്കമൈത്രിയോ നഷ്ടപ്പെടുന്നില്ല എന്നു നാം തിരിച്ചറിയണം. തിന്മകളോടുസന്ധി ചെയ്യുന്‌പോഴാണ് മൈത്രി നഷ്ടപ്പെടുന്നത്. സ്വന്തം മതത്തെക്കുറിച്ച് സംസാരിക്കാതിരിക്കുന്നതല്ല സെക്കുലറിസം; അന്യമതവിദ്വേഷവും വിരോധവും ഉപേക്ഷിക്കുന്നതിലാണ് സെക്കുലറിസം.
ഒരു രാജ്യതന്ത്രജ്ഞന്‍, രാഷ്ട്രമീമാംസകന്‍, സാമൂഹിക പരിഷ്‌കര്‍ത്താവ്, ഉത്തമവാഗ്മി, നിയമവിദഗ്ദ്ധന്‍, ലേഖകന്‍, അധ്യാപകന്‍, മാനുഷികമൂല്യവാദി, ബഹുവര്‍ഗനായകന്‍, സത്യാന്വേഷി, സന്ന്യാസിവര്യന്‍ തുടങ്ങിയവയെല്ലാം ഒരൊറ്റ വ്യക്തിയില്‍ സമന്വയിക്കുന്നതാണ് ഗാന്ധിജി. വൈവിധ്യങ്ങളും വൈരുധ്യങ്ങളും നിറഞ്ഞ ഒരു ജനതയെ കോര്‍ത്തിണക്കി ഏകമനസാക്കിയ മഹാത്മാവാണ് ഗാന്ധിജി. ‘ഇങ്ങനെയൊരു മനുഷ്യന്‍ ജീവിച്ചിരിക്കുന്നു എന്നത് അവിശ്വസനീയമാണ്’ എന്ന ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്റെ വാക്കുകള്‍ ഇവയുടെ നേര്‍സാക്ഷ്യമാണ്.
ടര്‍ക്കിഷ് ഷെഫ് നുസ്രത് ഗോക്‌ചെയുടെ ഭക്ഷണവും അദ്ദേഹത്തിന്റെ ഭക്ഷണം തയ്യാറാക്കുന്ന ശൈലിയും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇപ്പോള്‍ അദ്ദേഹത്തിന്റെ ഇംഗ്ലണ്ടിലെ റെസ്‌റ്റോന്റില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് ലഭിച്ച ബില്ല് കണ്ട് അമ്പരന്നിരിക്കുകയാണ്. ബില്ല് സഹിതം ട്വിറ്ററില്‍ പങ്കുവെച്ചതോടെ സോള്‍ട്ട് ബേ വീണ്ടും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്.
യുവാവ് കഴിച്ച ഭക്ഷണത്തിന് ഈടാക്കിയത് 1812 പൗണ്ട് അഥവാ രണ്ടുലക്ഷത്തിനടുത്ത് രൂപയാണ്. ഓരോ ഭക്ഷണത്തിന് ഈടാക്കിയ തുക ബില്ലില്‍ കാണാവുന്നതാണ്. ഒരു കോളയ്ക്ക് 900 രൂപയാണ് ഈടാക്കിയിരിക്കുന്നത്.
സ്റ്റീക്കിന്റെ വില അറുപത്തിമൂവായിരം. ഗോള്‍ഡന്‍ ബര്‍ഗറിന് പതിനായിരവും നുസ്രെത് സാലഡിന് രണ്ടായിരവും പ്രോണ്‍സ് റോളിന് ആറായിരം രൂപയുമാണ് വില.
ഏതായാലും സംഭവം വൈറലായതോടെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശിച്ചും പരിഹസിച്ചും കമന്റുകള്‍ ഉയരുന്നുണ്ട്. സ്വര്‍ണം കൊണ്ടാണോ ഭക്ഷണം ഉണ്ടാക്കുന്നതെന്നും ചോദ്യം ഉയരുന്നു. സമൂഹമാധ്യമങ്ങളില്‍ ഏറെ പ്രശസ്തനാണ് നുസ്രെത്. സാക്ഷാല്‍ ഡീഗോ മറഡോണ വരെ അദ്ദേഹത്തിന്റെ ഭക്ഷണത്തിനായി കാത്തിരുന്നുണ്ട്.
ലോകത്തിന്റെ പലഭാഗത്തും അദ്ദേഹത്തിന് നുസ്രെത് റെസ്റ്റോറന്റുകളുണ്ട്. ഇറച്ചിയല്‍ പ്രത്യേക രീതിയില്‍ ഉപ്പ് വിതറുന്ന അദ്ദേഹത്തിന്റെ ശൈലി വൈറലാണ്. അത് ട്രേഡ് മാര്‍ക്കായി മാറ്റുകയും ചെയ്തിരുന്നു നുസ്രെത്.
It’s cheaper to fly and have food at Salt Bae’s Turkish restaurant than to go to the London one. £9 for coke. £630 for Tomahawk steak. No thank you. pic.twitter.com/PufkwKzthM
— Muttaqi متق 🏴🇵🇸 (@Omnimojo) September 27, 2021
കോർഡേലിയ ക്രൂയിസിൽ നടന്ന ലഹരി വേട്ടയിൽ പിടിയിലായ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ആഡംബര കപ്പലിലെ ലഹരിവേട്ടയ്ക്ക് പിന്നാലെയാണ് ആര്യൻ ഉൾപ്പെടെയുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കഴിഞ്ഞദിവസമാണ് ആഡംബര കപ്പലിലെ ലഹരി പാർട്ടിക്കിടെ ആര്യൻ ഖാൻ അടക്കമുള്ളവരെ എൻസിബി സംഘം കസ്റ്റഡിയിലെടുത്തത്. മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിനൊടുവിൽ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഞായറാഴ്ച വൈകിട്ടോടെയാണ് പ്രതികളുടെ ചോദ്യംചെയ്യൽ പൂർത്തിയായത്. തുടർന്ന് ആര്യൻ ഖാൻ, അർബാസ് മർച്ചന്റ്, മുൻമുൻ ധമേച്ച എന്നിവരെ വൈദ്യപരിശോധനയ്ക്കായി എൻസിബി ഓഫീസിൽനിന്ന് കൊണ്ടുപോയി.
ആര്യൻ ഖാൻ, അർബാസ് മർച്ചന്റ്, മുൻമുൻ എന്നിവരെയാണ് കേസിൽ അറസ്റ്റ് ചെയ്തതെന്നാണ് പ്രാഥമിക റിപ്പോർട്ട്. ആര്യൻ ഖാന്റെ ഉറ്റസുഹൃത്ത് അർബാസ് മർച്ചന്റ്, നടിയും മോഡലുമായ മുൻമുൻ ധമേച്ച, നുപുർ സരിഗ, ഇസ്മീത്ത് സിങ്, മൊഹക് ജസ്വാൽ, വിക്രാന്ത് ഛോക്കർ, ഗോമിത് ചോപ്ര എന്നിവരെ കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്‌തെന്ന് എൻസിബി നേരത്തെ സ്ഥിരീകരിച്ചിരുന്നു.
അതേസമയം, ആര്യൻ ഉൾപ്പെടെ ഒമ്പത് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും വിവരങ്ങളുണ്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല. ഇവരെ വൈകാതെ കോടതിയിൽ ഹാജരാക്കും. അതിനിടെ, ഇവർക്ക് ലഹരിമരുന്ന് എത്തിച്ചുനൽകിയവരെ കണ്ടെത്താനും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നവിമുംബൈയിലും മറ്റും ഞായറാഴ്ച റെയ്ഡുകൾ നടന്നു. ഒരാളെ എൻസിബി കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുകളുണ്ട്.
തൈറോയ്ഡ് ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഹൃദയസ്തംഭനം ഉണ്ടായി അടൂരിലെ വില്ലേജ് ഓഫീസർക്ക് ദാരുണമരണം. ബന്ധുക്കളുടെ പരാതിയെ തുടർന്ന് അടൂർ പോലീസ് കേസെടുത്തു. അടൂർ വില്ലേജ് ഓഫീസർ കലയപുരം വാഴോട്ടുവീട്ടിൽ എസ് കല(49)യാണ് മരിച്ചത്. ബന്ധുക്കൾ ചികിത്സാ പിഴവ് ആരോപിച്ച് അടൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതോടെയാണ് ആശുപത്രിക്കെതിരെ കേസെടുത്തത്.
വെള്ളിയാഴ്ച രാവിലെ ഒൻപതിനാണ് അടൂരിലെ സ്വകാര്യ ആശുപത്രിയിൽ കല ശസ്ത്രക്രിയക്ക് വിധേയയായത്. തുടർന്ന് ഐസിയുവിലേക്ക് മാറ്റിയിരുന്നു. ശേഷം കലയുടെ ഭർത്താവ് ജയകുമാറിനെ വൈകിട്ട് ഒരു തവണ മാത്രം കാണിച്ചു. അപ്പോൾ കലയ്ക്ക് ബോധമുണ്ടായിരുന്നില്ല. പിന്നീട് കലയെ ബന്ധുക്കളെ ആരേയും കാണിച്ചിരുന്നില്ല. പിന്നീട് അധികൃതർ ആരോഗ്യനില വഷളായെന്നും ഹൃദയാഘാതം സംഭവിച്ചെന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്നും ബന്ധുക്കളെ അറിയിച്ചു.
ഏറെ കാത്തിരുന്ന ശേഷമാണ് കലയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ സാധിച്ചതും. ശനിയാഴ്ച പത്തരയോടെ മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിക്കുകയും ചെയ്തു. ഇതോടെയാണ് ചികിത്സാപിഴവ് ആരോപിച്ച് കുടുംബം ആദ്യം ചികിത്സിച്ച ആശുപത്രിക്ക് എതിരെ പരാതി നൽകിയത്.എന്നാൽ ചികിത്സാപിഴവ് സംഭവിച്ചിട്ടില്ലെന്നും ചികിത്സയ്ക്കിടെ ഹൃദയസ്തംഭനമുണ്ടായതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് ആദ്യം ചികിത്സിച്ച ആശുപത്രിയുടെ വിശദീകരണം.
അടൂരുകാരുടെ സ്വന്തം ‘വില്ലേജമ്മ’ ആയിരുന്നു. നാട്ടുകാരുടെ ഏതു ആവശ്യത്തിനും സഹായവുമായി മുന്നിൽ നിന്ന കലയുടെ വിയോഗം ഈ നാടിന് ഇനിയും വിശ്വസിക്കാനാകുന്നില്ല. അടൂരിലെ സ്വകാര്യ ആശുപത്രിയിലെ തൈറോയ്ഡ് ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഹൃദയസ്തംഭനം ഉണ്ടായാണ് അടൂരിലെ വില്ലേജ് ഓഫീസറായിരുന്ന കല മരിച്ചത്.
വിവിധ ആവശ്യങ്ങൾക്ക് വില്ലേജ് ഓഫീസിലെത്തുന്ന നാട്ടുകാരെ സഹായിക്കാൻ ഒരു മടിയും കാട്ടാത്ത വ്യക്തിയായിരുന്നു കലയെന്ന് നാട്ടുകാർ ഓർക്കുന്നു. പ്രളയ സമയത്ത് രാവും പകലും ആളുകൾക്ക് ഭക്ഷണം, വസ്ത്രം, താമസ സൗകര്യം എന്നിവ ഒരുക്കുന്നതിന് മുൻപന്തിയിൽ നിന്നു.
വില്ലേജിൽ എത്തുന്നവരെ സഹായിക്കുന്നതിൽ ഒരു മടിയും കാണിക്കാത്ത പ്രകൃതമായിരുന്നുവെന്നു സഹപ്രവർത്തകരും പറയുന്നു. ഡെപ്യൂട്ടി തഹസിൽദാർ പദവിയിലേക്ക് സ്ഥാന കയറ്റം ലഭിക്കാനിരിക്കെയാണ് കലയുടെ വിയോഗം.
അടുപ്പമുള്ളവർ ‘വില്ലേജമ്മ’ എന്ന് വിളിച്ചിരുന്ന കലയുടെ വിയോഗം തീരാനഷ്ടമാണെന്ന് ഇവർ പറയുന്നു. ജനിച്ചതും വളർന്നതും അടൂർ ചേന്നംപള്ളി മലമേക്കരയിലായതിനാൽ ധാരാളം സുഹൃത്തുക്കൾ കലയ്ക്ക് അടൂരിലുണ്ടായിരുന്നു. ചെന്നീർക്കര വില്ലേജ് ഓഫീസർ ആയിരിക്കുമ്പോൾ മികച്ച വില്ലേജ് ഓഫീസർക്കുള്ള അവാർഡ് നേടിയ വ്യക്തത്വമായിരുന്നു കലയെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഭർത്താവിനും മക്കൾക്കുമൊപ്പം കലയപുരത്തായിരുന്നു ഇവരുടെ താമസം.
കര്‍ഷക പ്രതിഷേധത്തിനിടയിലേയ്ക്ക് കേന്ദ്രമന്ത്രിയുടെ വാഹനം ഇടിച്ചുകയറി രണ്ട് മരണം, എട്ടുപേര്‍ക്ക് പരിക്ക്. വഴിയരികില്‍ സമാധാനപരമായി പ്രതിഷേധം നടത്തുകയായിരുന്ന കര്‍ഷകരുടെ ഇടയിലേയ്ക്കാണ് കേന്ദ്രമന്ത്രിയുടെ വാഹനം ഇടിച്ചുകയറിയത്.
കേന്ദ്രസഹമന്ത്രി അജയ് മിശ്രയുടെ വാഹനമാണ് ഇടിച്ചുകയറിയത്. യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും അജയ് മിശ്രയുടെ വാഹനത്തിന് പിന്നാലെയുണ്ടായിരുന്നു. സംഭവത്തില്‍ ശക്തമായ പ്രതിഷേധം ഉയരുകയാണ്. നേതാക്കളുടെ വാഹനവ്യൂഹം ഇടിച്ചു കയറ്റുകയായിരുന്നെന്നാണ് കര്‍ഷക സംഘടനനേതാക്കളുടെ ആരോപണം. പരിക്കേറ്റ 8 കര്‍ഷകരുടെ നില ഗുരുതരമായി തുടരുകയാണ്.
കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനാണ് അപകടത്തിന് ഇടയാക്കിയ വാഹനം ഓടിച്ചെതെന്നു കർഷകർ പറഞ്ഞു. എന്നാൽ, അതല്ല, മന്ത്രിയുടെ വാഹന വ്യൂഹങ്ങളിലൊന്ന് കർഷകരെ ഇടിക്കുകയായിരുന്നു എന്നും റിപ്പോർട്ടുണ്ട്. അപകടത്തിന് ഇടയാക്കിയ വാഹനം കർഷകർ കത്തിച്ചു.
മുംബൈ: മുംബൈ തീരത്ത് ആഡംബര കപ്പലില്‍ മയക്കുമരുന്ന് പാര്‍ട്ടി നടത്തിയ സംഭവത്തില്‍ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ചോദ്യം ചെയ്യുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആര്യന്‍ ഖാനെതിരേ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ പറഞ്ഞു. പാര്‍ട്ടി സംഘടിപ്പിച്ച ആറ് പേര്‍ക്ക് എന്‍സിബി സമന്‍സ് അയച്ചിട്ടുണ്ട്.
ആര്യന്‍ ഖാന്റ ഫോണ്‍ പിടിച്ചടുത്തതായും ഇത് പരിശോധിച്ച് വരുന്നതായും നര്‍ക്കോട്ടിക്‌സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ അറിച്ചു. പാര്‍ട്ടിയില്‍ ആര്യന്‍ ഖാന് ബന്ധമുണ്ടയെന്നും ഇയാള്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന കാര്യവും പരിശോധിച്ച് വരികയാണ്. ഫോണിലെ ചാറ്റുകളും പരിശോധിക്കുന്നുണ്ട്. പാര്‍ട്ടിയില്‍ പങ്കെടുക്കാനായി ഡല്‍ഹിയില്‍ നിന്ന് എത്തിയ മൂന്ന് പെണ്‍കുട്ടികളും നര്‍ക്കോട്ടിക്‌സ് ബ്യൂറോയുടെ കസ്റ്റഡിയിലുണ്ട്. ഇവരേയും ചോദ്യം ചെയ്തു വരികയാണ്. പ്രമുഖ വ്യവസായിയുടെ മകള്‍ അടക്കമുള്ളവരാണിതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
കോര്‍ഡിലിയ ക്രൂയിസ് ആഡംബര കപ്പലില്‍ എന്‍സിബി സംഘം നടത്തിയ റെയ്ഡിനേത്തുടര്‍ന്ന് എട്ട് പേര്‍ പിടിയിലായിരുന്നു. കൊക്കെയ്ന്‍, ഹാഷിഷ്, എംഡിഎംഎ അടക്കമുള്ള നിരോധിത മയക്കുമരുന്നുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് ഉദ്ഘാടനം ചെയ്യപ്പെട്ട കപ്പലില്‍ ശനിയാഴ്ച നടന്ന പാര്‍ട്ടിക്ക് ഇടയിലായിരുന്നു എന്‍സിബിയുടെ റെയ്ഡ്. പതിനൊന്ന് പേരെ അറസ്റ്റ് ചെയ്തതായി എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ പറഞ്ഞിരുന്നു.
സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച യാത്രക്കാരുടെ വേഷത്തില്‍ കപ്പലില്‍ കയറുകയായിരുന്നു. കപ്പല്‍ മുംബൈ തീരത്തുനിന്ന് നടുക്കടലില്‍ എത്തിയപ്പോള്‍ റേവ് പാര്‍ട്ടി ആരംഭിച്ചു. എന്‍സിബി ഉദ്യോഗസ്ഥര്‍ ഉടന്‍ നടപടി ആരംഭിക്കുകയും ചെയ്തു. പാര്‍ട്ടിക്കിടെ പരസ്യമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ ഉള്‍പ്പെടെയാണ് എന്‍സിബി അറസ്റ്റ് ചെയ്തത്. റെയ്ഡ് ഏഴുമണിക്കൂര്‍ നീണ്ടുനിന്നു.
ഒക്ടോബര്‍ 2 മുതല്‍ നാല് വരൊണ് കപ്പലില്‍ പാര്‍ട്ടി നടത്താന്‍ നിശ്ചയിച്ചിരുന്നത്. സംഗീത പരിപാടി എന്ന നിലയിലാണ് ഇത് സംഘടിപ്പിച്ചത്. പരിപാടിയുടെ നൂറോളം ടിക്കറ്റുകളാണ് വിറ്റ് പോയത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ സഹകരണത്തില്‍ ഫാഷന്‍ ടിവിയാണ് സംഗീത പരിപാടി സംഘടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഗൾഫിൽ ബിസിനസ് പങ്കാളിയായ സുഹൃത്തിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ സിനിമാ നിർമാതാവ് പൊലീസ് പിടിയിൽ. കൊല്ലം മങ്ങാട് അജി മൻസിലിൽ അംജിത് (44) ആണ് പിടിയിലായത്. ഗൾഫിൽ നിന്നു മടങ്ങി വരുമ്പോൾ തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ചാണ് ഇയാൾ പിടിയിലായത്. കൂട്ടുപ്രതികളായ 6 പേർ നേരത്തേ പിടിയിലായിരുന്നു. അംജിത്തിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
2019 മേയ് എട്ടിന് പുലർച്ചെ എം സി റോഡിൽ കരിക്കത്തിന് സമീപമാണ് കൊലപാതക ശ്രമം നടന്നത്. ഗൾഫിലേക്ക് പോകാൻ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് കാറിൽ പുറപ്പെട്ട അടൂർ കണ്ണംകോട് നാലുതുണ്ടിൽ വടക്കതിൽ എ. ഷബീറിനെ (40) യാത്രാ മധ്യേ ആക്രമിച്ച് കൊലപ്പെടുത്താനായിരുന്നു ശ്രമം.
ആഡംബര കാറിലെത്തിയ അക്രമിസംഘം കാറിനെ മറികടന്ന് തടഞ്ഞു നിർത്തി വടിവാളും കമ്പിവടികളും ഉപയോഗിച്ചു കാറിന്റെ ഗ്ലാസ് അടിച്ചു പൊട്ടിച്ചു. ഡ്രൈവറെ വണ്ടിയിൽ നിന്ന് ഓടിച്ചു വിട്ടശേഷം ഷബീറിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഇതോടെ യാത്ര മുടങ്ങി ഷബീർ ആശുപത്രിയിലായി.
ഷബീറും അംജിത്തും ചേർന്ന് ഗൾഫിൽ ബിസിനസ് നടത്തിയിരുന്നു. മൊബൈൽ ഫോൺ കടയുടെ പാർട്ണർ ആണെന്ന രീതിയിൽ പല തവണ പണം വാങ്ങി. ഇതിനിടെ അംജിത് കിങ് ഫിഷർ എന്ന സിനിമയും നിർമിച്ചു. ബിസിനസ് അക്കൗണ്ടിൽ അംജിത് നടത്തിയ തിരിമറികൾ ഷബീറിന് ബോധ്യപ്പെടാതിരിക്കാൻ അവധി കഴിഞ്ഞ് തിരികെ ഗൾഫിൽ എത്തുന്നത് തടയാനായിരുന്നു ആക്രമണ പദ്ധതി. ഇതിനായി ചമ്പക്കുളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സംഘത്തിന് കിളികൊല്ലൂർ സ്വദേശി മാഹീൻ വഴി 2 ലക്ഷം രൂപയുടെ ക്വട്ടേഷൻ നൽകുകയായിരുന്നു.
പ്രതികളുപയോഗിച്ച വാഹനവും ആയുധങ്ങളും പൊലീസ് സംഭവം നടന്ന് വൈകാതെ പിടിച്ചെടുത്തു. മാഹീനെ ഗൾഫിലെത്തിച്ചു ജോലി നൽകി അംജിത് സംരക്ഷിച്ചെങ്കിലും നാട്ടിലെത്തിച്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വാവാച്ചി എന്ന് വിളിക്കുന്ന ടി ദിനേശ് ലാൽ, എസ് ഷാഫി, ബി വിഷ്ണു, പി പ്രജോഷ്, ഷാഫി, ആഷിക് എന്നിവരാണു മറ്റു പ്രതികൾ. നാലാം പ്രതി ആഷിക് അടുത്തിടെ ട്രെയിൻ തട്ടി മരിക്കുകയായിരുന്നു.
വാഴക്കാട് അനന്തായൂരിലെ അരുംകൊലക്ക് കാരണം ഭാര്യ ഷാക്കിറയുടെ അപഥ സഞ്ചാരമെന്ന് പ്രതിയുടെ മൊഴി. കത്തിയും കയറും വാങ്ങിയത് ചെറൂപ്പയിലെ കടയിൽ നിന്നാണെന്നും പ്രതി ഷമീർ പൊലീസിനോട് സമ്മതിച്ചു. ഷാക്കിറയുടെ കാമുകൻ ഭീക്ഷണിപ്പെടുത്തിയതോടെയാണ് വൈരാഗ്യം കൂടിയതെന്നും, ഇതേത്തുടർന്ന് കൊല നടത്താൻ തീരുമാനിക്കുകയായിരുന്നുവെന്നും ഷമീർ പൊലീസിനോട് പറഞ്ഞു. പ്രതിയെ കൊല നടന്ന വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചു.
ഷാക്കിറയെ കൊന്ന് രക്ഷപ്പെട്ട മുഹമ്മദ് ഷമീറിനെ സാഹസികമായാണ് വാഴക്കാട് പൊലീസ് പിടികൂടിയത്. മാവൂർ പി എച്ച് ഡി ഭാഗത്തുള്ള ഗോളിയ റയോൺസിന്റെ കാട് മുടി കിടക്കുന്ന സ്ഥലത്ത് നിന് ആത്മഹത്യ ചെയ്യാൻ തയ്യാറായി നിൽക്കുന്നതിനിടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
മക്കളുടെ മുന്നിലിട്ടാണ് ഷമീർ ഭാര്യയെ കഴുത്തുമുറുക്കിക്കൊന്നത്. ഇതിനു ശേഷം ഒളിവില്‍പ്പോയ ഷമീറിനെ ഇന്ന് വൈകുന്നേരത്തോടെ പിടികൂടുകയായിരുന്നു. അനന്തായൂര്‍ ഇളംപിലാറ്റാശ്ശേരി കുഞ്ഞിമുഹമ്മദിന്റെയും നഫീസയുടെയും മകള്‍ ഷാക്കിറ(27)യെയാണ് ഭര്‍ത്താവ് ഷമീര്‍ (34) കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ മുറുക്കി കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രി രണ്ടുമണിക്ക് വീട്ടിനകത്തുവെച്ചാണ് സംഭവം. കൊലയ്ക്കുശേഷം വീട്ടുടമസ്ഥനെ ഫോണില്‍ വിളിച്ചുപറഞ്ഞശേഷമാണ് ഷമീര്‍ നാടുവിട്ടത്.
വാഴക്കാട് പഞ്ചായത്തിലെ അനന്തായൂരില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. പോലീസെത്തി വീട്ടില്‍കയറി നോക്കിയപ്പോള്‍ ഡൈനിങ് ഹാളില്‍ കഴുത്തില്‍ കയര്‍മുറുകി മരിച്ചു കിടക്കുന്ന ഷാക്കിറയെയാണ് കണ്ടത്. കോഴിക്കോട് ജില്ലയിലെ മുക്കം മണാശ്ശേരി സ്വദേശിയാണ് ഷമീര്‍. പത്തുവര്‍ഷം മുമ്പ് മുണ്ടുമുഴി അനന്തായൂര്‍ ഭാഗത്ത് കല്ലുവെട്ട് ജോലിക്കെത്തിയ ഇയാള്‍, ഷാക്കിറയെ വിവാഹം കഴിക്കുകയായിരുന്നു. പ്രതിക്കായി കൊണ്ടോട്ടി ഡി. വൈ. എസ്. പി കെ. അഷ്‌റഫിന്റെ നേതൃത്വത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്.
ഇടുക്കി ആനച്ചാലിൽ ആറ് വയസ്സുകാരനെ ബന്ധു ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. ആമക്കുളം റിയാസിന്റെയും സഫിയയുടെയും മകനായ ഫത്താഹാണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കിനിടെ സഫിയയുടെ സഫിയയുടെ സഹോദരിയുടെ ഭർത്താവായ ഷാജഹാൻ ചുറ്റിക കൊണ്ട് ആക്രമിക്കുകയായിരുന്നു.
ഞയറാഴ്ച പുലർച്ചെ മൂന്ന് മണിയോടെ സഫിയയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ ഷാജഹാൻ ഉറങ്ങി കിടന്ന സഫിയയേയും മക്കളേയും ആക്രമിക്കുകയായിരുന്നു. ആദ്യം സഫിയയുടെ വീട്ടിലെത്തിയ ഷാജഹാൻ ഉറങ്ങി കിടക്കുകയായിരുന്ന ഫത്താഹിനേയും സഫിയയേയുമാണ് ആദ്യം ആക്രമിച്ചത്. ചുറ്റിക കൊണ്ടുള്ള അടിയേറ്റ് ഫത്താഹ് സംഭവസ്ഥലത്ത് വച്ചു തന്നു മരിച്ചു. ചുറ്റിക കൊണ്ടുള്ള അടിയേറ്റ് സഫിയ ഗുരുതരാവസ്ഥയിലാണ്. സഫിയയുടെ മാതാവിനും ആക്രമണത്തിൽ പരിക്കേറ്റു.
അക്രമം കണ്ട സഫിയയുടെ 15 വയസ്സുള്ള മകൾ അടുത്ത വീട്ടിലേക്ക് നിലവിളിച്ചോടിയെത്തിയപ്പോൾ ആണ് സംഭവം പരിസരവാസികൾ അറിയുന്നത്. കൊലപാതകത്തിന് ശേഷം പ്രതി ഒളിവിൽ പോയി. ഇയാൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സാരമായി പരിക്കേറ്റ സഫിയയും മാതാവും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.