Latest News

ഡോ. ഐഷ വി

ചിറക്കരത്താഴത്തെ ഞങ്ങളുടെ ഓണാഘോഷം സദ്യയോടൊപ്പം കായിക വിനോദങ്ങളും നിറഞ്ഞതായിരുന്നു. അതിൽ ആദ്യത്തേത് ഊഞ്ഞാലിടൽ ആണ്. അച്ഛനാണ് ഞങ്ങൾക്ക് ഊഞ്ഞാൽ ഇട്ട് തന്നിരുന്നത്. നല്ല ബലമുള്ള ഒരു കയർ മുറ്റത്തിനരികിലെ അടയ്ക്കാമരത്തിൽ നിന്ന് അടുത്തു നിൽക്കുന്ന തെങ്ങിലേയ്ക്ക് തറനിരപ്പിന് സമാന്തരമായി ഉയരത്തിൽ വലിച്ചു കെട്ടി അതിൽ നിന്ന് ഞാന്ന് കിടക്കത്തക്ക രീതിയിലാണ് അച്ഛൻ ഊഞ്ഞാൽ ഇട്ടിരുന്നത്. ഇരിപ്പിടമായി ഒരു തടി അല്ലെങ്കിൽ ഉലക്ക ഉപയോഗിച്ചിരുന്നു. അടുത്ത വീട്ടിലും ഞങ്ങളുടെ വീട്ടിലുമായി ധാരാളം കുട്ടികൾ ഉണ്ടായിരുന്നതുകൊണ്ട് ഊഴം കാത്തു നിന്നാണ് ഓരോരുത്തരും ഊഞ്ഞാലാടിയിരുന്നത്. ഇങ്ങനെ ഊഴം കാത്ത് നിൽക്കാൻ ക്ഷമയില്ലാത്ത കുട്ടികൾ ചാഞ്ഞു നിൽക്കുന്ന ഉയരം കുറഞ്ഞ മരക്കൊമ്പിൽ അവരവരുടേതായ കൊച്ചൂഞ്ഞാലുകൾ കൈയ്യിൽ കിട്ടുന്ന കയറോ മറ്റ് സാമഗ്രികളോ വച്ചുകെട്ടി നിർമ്മിച്ച് അതിൽ ആടാൻ തുടങ്ങും. ലീനയും അനിലുമായിരുന്നു ഇങ്ങനെ സ്വന്തമായി ഊഞ്ഞാലുണ്ടാക്കുന്ന കുട്ടികൾ. ഊഞ്ഞാലാട്ടം തന്നെ പലവിധമാണ്. ഒന്ന് അവരവർ തനിച്ചിരുന്നാടുക. രണ്ട് തണ്ടെറിയുക. അത് ഒരാൾ കയറി നിന്നാടുന്ന രീതിയാണ്. ചിലപ്പോൾ രണ്ടു പേർ കയറി നിന്നും തണ്ടെറിയാറുണ്ട്. മൂന്നാമത്തെ രീതി ഉണ്ടയിടുകയാണ്. ഒരാൾ ഊഞ്ഞാലിൽ ഇരിയ്ക്കുമ്പോൾ മറ്റേയാൾ ഊഞ്ഞാലിൽ ഇരിയ്ക്കുന്ന ആളെയും കൊണ്ട് മുന്നോട്ടാഞ്ഞ് നീങ്ങി ഊഞ്ഞാൽ മറ്റേയറ്റത്തെത്തുമ്പോൾ കൈകൾ കൊണ്ട് ഇരിപ്പിടമുയർത്തി പിടിവിട്ട് അതിന് കീഴിൽ കൂടി ഊർന്ന് മുന്നോട്ട് പോകും. അപ്പോൾ ഊഞ്ഞാൽ ഇരിയ്ക്കുന്നയാളെയും കൊണ്ട് വളരെ ആയത്തിലുള്ള ആന്ദോളനങ്ങളിലാകും. ഇത് ഊഞ്ഞാലാടുന്നവർക്ക് ഒത്തിരി ആവേശമുള്ള കാര്യമാണ്. നാലാമത്തെ രീതി വളരെ സരളം. ഇരിക്കുന്ന കുട്ടിയ്ക്ക് തറയിൽ ചവിട്ടിയൂന്നിയാടി ഊഞ്ഞാലാട്ടത്തിന്റെ ആയം കൂട്ടാൻ പറ്റിയില്ലെങ്കിൽ മറ്റൊരാൾ പുറകെ നിന്ന് ഉന്തുന്ന രീതിയാണിത്. ഒറ്റയ്ക്കിരുന്ന് ഊഞ്ഞാലാടാൻ പരുവമായിട്ടില്ലാത്ത കൊച്ചു കുട്ടികളെ മുതിർന്നവർ മടിയിലിരുത്തിയാടുകയും ചെയ്യാറുണ്ട്.

ഉച്ചയ്ക്ക് ഓണസദ്യ കഴിഞ്ഞ ശേഷമായിരിക്കും കായികശേഷി കൂടുതൽ വേണ്ട കളികൾ . അതിൽ പ്രധാനം ഓടും പന്തും കളിയാണ്. പൊട്ടിയ ഓടിന്റെ കഷണങ്ങൾ ഒന്നിനു മീതെയൊന്നായി മുറ്റത്തിന് നടുക്കായി അടുക്കി വയ്ക്കും. ആറേഴു പേർ അടങ്ങുന്നതാണ് ഒരു ടീം. ഒരു ടീം ഓടിൻ കഷണങ്ങൾ അടുക്കി വച്ചിരിയ്ക്കുന്നതിൽ നിന്നും നിശ്ചിത അകലത്തിലായി മുറ്റത്ത് നിൽക്കും. മറ്റേ ടീം എതിർ ഭാഗത്തും അതുപോലെ നിൽക്കും. ഒരു ഭാഗത്തുള്ളവർ പന്തു കൊണ്ട് ഓടിൻ കഷണങ്ങൾ എറിഞ്ഞ് വീഴ്ത്തണം. മറ്റേ കൂട്ടർ പന്തെടുത്ത് ഓടെറിഞ്ഞു വീഴ്ത്തിയ ടീമിനെ എറിയും. ചിലപ്പോൾ അവർ ഏറു കൊള്ളാതെ ഓടും . പറമ്പിലെവിടെയോ പോയ പന്തു കണ്ടെത്തി വീണ്ടും എറിയണം . ചിലപ്പോൾ പന്ത് മറു ടീമിനായിരിയ്ക്കും ലഭിക്കുക. അവരെറിയുന്ന പന്ത് മറു ടീം നോക്കിയെടുക്കണം. കൂടാതെ എതിർ ടീമിന്റെ ഏറ് കൊള്ളാതെ ഓട് അടുക്കി വയ്ക്കുകയും വേണം. സ്ത്രീ പുരുഷ ഭേദമെന്യേ കുട്ടികൾ ഇതിൽ പങ്കു ചേരും. അച്ഛനും ഞങ്ങളോടൊപ്പം എല്ലാ കളികൾക്കും കൂടും.

പിന്നെ കണ്ണു കെട്ടിക്കളി. ഒരാളുടെ കണ്ണുകൾ ഒരു തോർത്ത് വച്ച് കെട്ടും. അയാൾ മുറ്റത്തുള്ള മറ്റുള്ളവരെ തൊടണം. കാൽ പെരുമാറ്റത്തിന് കാതോർത്ത് ആ ദിശയിൽ നീങ്ങിയാൽ തൊടാൻ പറ്റും. പിന്നെ ഒളിച്ചു കളി. ധാരാളം നാടൻ കളികൾ ഓരോന്നായി തരാതരം പോലെ കളിയ്ക്കും. മുതിർന്നവർ ചിലപ്പോൾ “അശകൊശലേ പെണ്ണുണ്ടോ …” കളിയ്ക്കാൻ കൂടും. ഞങ്ങളുടെ അമ്മ ഓണക്കളി കളിക്കാൻ കൂടിയിട്ടേയില്ല. അമ്മ “ഇരുട്ടു വെളുക്കെ'” അടുക്കളയിലായിരിയ്ക്കും. അമ്മയ്ക്ക് ജോലിയൊഴിഞ്ഞ നേരമില്ല. കളിച്ചു കുറച്ച് തളരുമ്പോൾ ഞങ്ങൾ പായസം കുടിയ്ക്കാൻ അടുക്കളയിലേയ്ക്ക്. അന്ന് വീട്ടിൽ റെഫ്രിജറേറ്റർ ഇല്ലാതിരുന്നതിനാൽ അന്നന്നു വയ്ക്കുന്ന പായസവും കറികളുo മറ്റു ഭക്ഷണസാധനങ്ങളുമായിരുന്നു ഉപയോഗിച്ചിരുന്നത്. എല്ലാം പുതുമയുള്ളത്.

പിന്നെ ചായ കുടി കഴിഞ്ഞ് പെൺകുട്ടികളുടെ ചില കളികളും കാണും. അതിലൊന്ന് വട്ടത്തിൽ നിന്നുള്ള കൈകൊട്ടിക്കളിയായിരുന്നു. ശ്രീദേവി അപ്പച്ചിയുടെ മക്കളായ വല്യേച്ചി(ബീന), കൊച്ചേച്ചി(മീന), ബേബി(ലീന്), ഗംഗ സോണി, എന്നിവരും എന്റെ അനുജത്തിയും രോഹിണി അപ്പച്ചിയുടെ മക്കളായ ഗിരിജ ചേച്ചി, രമണി ചേച്ചി , കതിയാമ്മ ചേച്ചി , ശാന്ത ചേച്ചി, ഗീതമ്മ ചേച്ചി ,സിന്ധു മുതലായവരും ഈ കളികൾക്കുണ്ടാകും.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

ഒ.സി. രാജു

ഓണം അതിന്റെ ഏറ്റവും ഹൃദ്യമായ ഓർമ്മയായ് പെയ്തിറങ്ങുന്നത് കുട്ടിക്കാലത്തുതന്നെയാണ്. മാനം നിറഞ്ഞുവരുന്ന മഴക്കാറും മഴക്കാറു കൊണ്ടുവരുന്ന പേമാരിയും പേമാരി കൊണ്ടുപോകുന്ന, ജീവിതങ്ങൾക്കുമൊടുവിൽ മാനം പിന്നെയും തെളിയും പൂക്കൾ വിടരും സ്വർണ്ണ തിളക്കമുള്ള പകലുകളിൽ പരൽമീൻപോലെ തുമ്പികൾ തിമിർക്കും. സ്വപ്നങ്ങൾ തളിർക്കും. മണിമലയിലെ എന്റെ ഗ്രാമത്തിലേയ്ക്ക് ഓണം ഇങ്ങനെയൊക്കെയാണ് കടന്നുവന്നിരുന്നത്.

പേമാരി കവർന്നെടുക്കുന്നുവെന്നു പറഞ്ഞല്ലോ, മിക്കവാറും പ്രായമായവരും കിടപ്പിലായ രോഗികളുമൊക്കെയാണ് ആ പെരുമഴക്കാലത്തിന്റെ ഇരയായി മാറുന്നത്. നാട്ടിലെ മഴക്കാലത്ത്, പ്രത്യേകിച്ച് കർക്കിടക മാസത്തിലെ പ്രതികൂലമായ കാലാവസ്ഥയും കഠിനമായ തണുപ്പും അതിജീവിക്കുക എന്നത് ആരോഗ്യം നഷ്ടപ്പെട്ടവരെ സംബന്ധിച്ച് ഒരു വെല്ലുവിളി തന്നെയായിരുന്നു. ഓരോ മരണവും നാടിനേൽപ്പിക്കുന്ന ആഘാതം വാക്കുകൾക്ക് അതീതമായതുകൊണ്ടുതന്നെ ദുരിതവും പട്ടിണിയും നഷ്ടങ്ങളും മാത്രം പങ്കുവയ്ക്കപ്പെടുന്ന കർക്കിടക ദിനങ്ങളെക്കൂടി ഓർത്തെടുക്കാതെ ഓണത്തെക്കുറിച്ച് പറയുന്നതെങ്ങനെ?

ചില പകലുകൾ ഉണരുന്നത് മൂടിക്കെട്ടിയ മഴക്കാറിനൊപ്പം കറുത്ത കാലൻകുട ചൂടി വാതിലിൽ മുട്ടി വിളിക്കുന്ന മരണവാർത്തയോടും കൂടിയാണ്. കുട മടക്കി മരണസന്ദേശവാഹകൻ പറയും നമ്മുടെ ഒറ്റപ്ലാക്കലെ തോമാച്ചൻ പോയി… അല്ലെങ്കിൽ, വരമ്പത്തെ കുഞ്ഞേട്ടൻ പോയി കേട്ടോ… തുടർന്ന് പരേതനെക്കുറിച്ച്, ആ മനുഷ്യൻ ജീവിച്ചിരുന്നപ്പോൾ ഒരിക്കലും കേൾക്കാനിടയില്ലാത്ത, വാക്കുകൾകൊണ്ട് ആദരിക്കുകയുമായി. “മരിച്ചുപോയതുകൊണ്ടു പറയുകയാണെന്ന് കരുതരുത്, ഇതുപോലെ തങ്കപ്പെട്ട ഒരു മനുഷ്യനെ കണ്ടിട്ടില്ല.” എന്നൊക്കെ പറഞ്ഞു പുകഴ്ത്തിയിട്ട് ഒടുവിൽ അതെല്ലാം തിരിച്ചെടുത്തുകൊണ്ട് ഒരു ലോകതത്വം പോലെ ഇങ്ങനെ ഉപസംഹരിക്കും “അല്ലേലും മരിച്ചത് നന്നായി, കെടന്ന് നരകിക്കാതെ പോയല്ലോ.” ഇതിനിടയിൽ കിട്ടുന്ന കട്ടൻകാപ്പി ഒറ്റവലിക്ക് കുടിക്കുകയും “സംസാരിച്ചുനിൽക്കാൻ നേരമില്ല, കൊറേ സ്ഥലത്തുകൂടി മരണം പറയാനുണ്ട്” എന്ന് ധൃതി കൂട്ടി തിരിച്ചൊരുകാര്യവും ചോദിക്കുവാനോ പറയുവാനോ അവസരം തരാതെ പോവുകയും ചെയ്യും!

ആശങ്കകളുടെയും ആകുലതകളുടെയും മഴദിനങ്ങൾക്ക് ശേഷം ചിങ്ങം ഉണരുമ്പോൾ ആദ്യം നോക്കുന്നത് പറമ്പിൽ നിൽക്കുന്ന ഏത്തവാഴക്കുലകൾ പാകമായോ എന്നാണ്. കാരണം വാഴവിത്ത് നടുമ്പോഴേ മനസ്സിൽ ചില കണക്കുകൂട്ടൽ ഉണ്ടായിരിക്കും. ഈ വാഴക്കുലയിലെ കായ ഓണത്തിന്… ഗുരുതരമായ കീടബാധകളോ പ്രകൃതി ദുരന്തങ്ങളാ ഉണ്ടാകാത്ത പക്ഷം കണക്കുകൂട്ടൽ തെറ്റാറില്ല. ഓണനാളുകളിൽ തന്നെ വിളഞ്ഞ് പാകമാകുന്ന നേന്ത്രക്കുല ഉപ്പേരിയും മറ്റുമായി മാറുന്നു. ഒരു പക്ഷേ, ഏറെക്കുറെ കൃത്യമാകാറുള്ള ആ നിഗമനത്തിന്റെ പിൻബലത്തിലാവും വഴി പിഴച്ചുപോകുന്ന സന്താനങ്ങളെ ഓർത്ത് “വാഴ നടുകയായിരുന്നു ഭേദമെന്ന്” ചിലർ പിറുപിറുത്തിരുന്നത്.

വര : ഒ.സി. രാജു

ഓണത്തിനുള്ള വിഭവങ്ങൾ മിക്കവാറും സ്വന്തം പുരയിടത്തിൽ നിന്നു തന്നെയാവും കണ്ടെത്തുക. വിഭവങ്ങൾ എന്നു പറയുമ്പോൾ ഇന്നത്തേതുപോലെ ഒരു പാട് ഇനങ്ങളാന്നും ഉണ്ടാവില്ല, എന്നും വിളമ്പുന്നതിലധികമായി ഒരു പരിപ്പുകറിയോ പപ്പടമോ പായസമോ കാണും. അതിനുള്ള ചേരുവകകൾ അടുത്തുള്ള കടയിൽ നിന്നോ ചന്തയിൽ നിന്നോ നേരത്തെതന്നെ വാങ്ങി വച്ചിരിക്കും.

തിരുവോണത്തിന് ഇലയിടുമ്പോൾ വീട്ടിൽ എല്ലാവരും ഉണ്ടാവണമെന്ന അലിഖിത നിയമം ആരും തെറ്റിക്കാറില്ല. പേരിന് ഒരുരുള അകത്താക്കി പിന്നെ പുറത്തേയ്ക്ക് ഇറങ്ങുകയായി, സമപ്രായക്കാരുടെയെല്ലാം വീടുകളിൽ ഓണസദ്യയ്ക്ക് ക്ഷണമുണ്ട്. അതിൽ പങ്കുചേർന്നില്ലെങ്കിൽ വീണ്ടുമൊരോണത്തിന് കടം വീട്ടുന്നതുവരെ ചങ്ങാതി മുഖം വീർപ്പിച്ചു നടക്കും. ഇല്ലായ്മകൾക്കിടയിലെ ഓണമാണെങ്കിലും കഴിച്ചാലും കഴിച്ചാലും തീരാത്തത്ര വിഭവ സമൃദ്ധമായിരുന്നു ആ ഓണക്കാലങ്ങൾ. ഓരോ വീടിനും ഓരോ സ്വാദായിരുന്നു, മക്കളുടെ കൂട്ടുകാർക്കും ഒരില മാറ്റിവച്ചിരുന്ന കാലം. ഓണം എന്ന സങ്കല്പം വിഭാവനം ചെയ്തിരുന്ന യഥാർത്ഥ മാവേലിക്കാലവും അതുതന്നെയായിരിക്കണം. എത്ര ഉദാത്തമായിരുന്നു ആ കാലമെന്ന് ഇന്ന് ഒരു നഷ്ടബോധത്തോടെയല്ലാതെ ഓർക്കാൻ പറ്റുകയില്ല.

ഓണമുണ്ട് കഴിഞ്ഞാൽ മുറ്റത്തെ മാവിലെ ഊഞ്ഞാലിലേയ്ക്ക്. ആയത്തിലാടി കുതിച്ചുയർന്ന് ഏറ്റവും ഉയരമുള്ള ശിഖരത്തിലെ തളിരില കടിച്ചെടുത്ത് ഒരു ജേതാവിനെപ്പോലെ ആ മരത്തെയും കീഴടക്കി പിന്നെ അടുത്ത വീട്ടിലെ ഓണക്കളത്തിലേക്ക്, ആ യാത്ര അന്തിചോപ്പു പടരുന്നതുവരെ നീളും. അതിനിടയ്ക്ക് സ്തീകളുടെ മാത്രം ചില കളികൾ, കലാപരിപാടികൾ, പലതരം കാഴ്ചകൾ ഒക്കയുണ്ടാവും.

ആ പഴയ കാലത്തെ വീണ്ടും ഓർക്കുമ്പോൾ, ഇന്ന് ആലോചിക്കുവാൻ പോലും പറ്റാത്തകാര്യം അയൽപക്കത്തുനിന്നും ഒരുനേരത്തെ ഭക്ഷണം കഴിക്കുന്ന കാര്യമാണ്, ആധുനിക മലയാളിക്ക് അയൽവാസി എന്നാൽ മറ്റേതോ രാജ്യത്ത് വസിക്കുന്ന ഒരപരിചിതൻ മാത്രമായിക്കഴിഞ്ഞിരിക്കുന്നു. അവൻ ഓണമുണ്ടാലും ഉണ്ടില്ലെങ്കിലും അത് അപരനെ ബാധിക്കുന്നില്ല. അവനവന്റെ മതിൽകെട്ടിനുള്ളിൽ ഓരോരുത്തരും അവരവരുടേതായ ഓണം നിർമ്മിക്കുന്നു, ഒരുതരം അസംബ്ലിംഗ് എന്ന് പറയുന്നതാവും കൂടുതൽ ശരി.

തമിഴകത്തുനിന്നും വരുന്ന പൂക്കൾ തീവില കൊടുത്ത് വാങ്ങി പൂക്കളമിടുന്നു, ആന്ധ്രയിൽനിന്നും വരുന്ന അരികൊണ്ടു ഓണസദ്യ ഒരുക്കുന്നു. ചിലരാകട്ടെ സദ്യതന്നെ ഓൺലൈനിൽ വരുത്തുന്നു. ആഘോഷങ്ങളും സ്വകാര്യനിമിഷങ്ങളുമടക്കം എല്ലാം ലൈക്കും ഷെയറുമായി മാറ്റപ്പെടുന്ന കാലത്ത് അവനവന്റെ ആത്മസംതൃപ്തിപോലും മലയാളിയുടെ അജണ്ടയിൽ ഇല്ല എന്ന് കാണാവുന്നതാണ്. എല്ലാം അപരന്റെ മുൻപിൽ തുറന്നുവച്ച് മേനിനടിക്കുന്നതിൽ മാത്രമാണ് ഇന്ന് അവൻ ആനന്ദം കാണുന്നത്.

ഇപ്പറഞ്ഞതിൽനിന്നും ഒരു മാറ്റം പ്രതീക്ഷിക്കുന്നുവെങ്കിൽ, കേരളം വിടുക, രാജ്യത്തിനും പുറത്ത് മലയാളി ചേക്കേറിയിട്ടുള്ള തുരുത്തുകളിൽ എത്തുക, അവിടെ മറ്റൊരു നാടിന്റെ ചര്യകൾക്കകത്തു നിൽക്കുമ്പോഴും സ്വന്തം നാടിന്റെ നിറവും മണവും തനിമയും കൈമോശംവരാത്ത മനസ്സോടെ ആഘോഷങ്ങളെ എതിരേൽക്കാൻ വെമ്പുന്ന ലോക മലയാളിയെ കാണാം, ഓണവും അവിടെത്തന്നെ തിരയുക.

ഒ.സി. രാജു

കോട്ടയം ജില്ലയിലെ മണിമല സ്വദേശി, ഇപ്പോൾ കോട്ടയത്തു സ്‌ഥിര താമസം. കാർട്ടൂണിസ്റ്റും കോളമിസ്റ്റും തിരക്കഥാകൃത്തുമാണ്. ദീപിക അടക്കമുള്ള മാധ്യമങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. നിരവധി ടെലിവിഷൻ പരമ്പരകൾക്ക് സ്ക്രിപ്റ്റ് എഴുതിയിട്ടുണ്ട്. എഴുത്തും വരയുമായി സജീവം. ഇപ്പോൾ ഡിജിറ്റൽ പ്രസിദ്ധീകരണമായ മലയാളം മെയിലിന്റെ എഡിറ്റർ. കേരള കാർട്ടൂൺ അക്കാദമി അംഗവുമാണ്.
PH: +91 9946715941
Mail: [email protected]

 

ഡോക്ടർ എ. സി. രാജീവ്‌ കുമാർ

സമൃദ്ധിയുടെയും ആമോദത്തിന്റെയും നാളുകളായാണ് ഓണം മലയാള മനസ്സിൽ നിറഞ്ഞു നിൽക്കുക. വിഭവ സമൃദ്ധ സദ്യയുടെ പര്യായം ആയും മാറുന്നു. സുഖ സന്തോഷങ്ങൾ തേടുന്ന മനുഷ്യ മനസ്സിൽ പുളകം ചാർത്തുന്ന ഉത്സവ ആഘോഷമായി ഓണം സർവ്വരും ഉൾക്കൊള്ളുന്നു.

കഷ്ടനഷ്ടങ്ങളുടെ ഇക്കാലത്ത് ഒരോണം കൂടെ എത്തിക്കഴിഞ്ഞു. പ്രകൃതിയുടെ കരുതലും കാവലുമായ ഓണ സദ്യ തന്നല്ലേ ഇത്തവണയും. സദ്യയും ഉല്ലാസ തികവ് നൽകുന്ന ഓണ കളികൾ ആയുരാരോഗ്യ സൗഖ്യത്തിന് ഒഴിവാക്കാൻ ആവാത്ത വ്യായാമത്തിന്റെ അനിവാര്യത ഓർമിപ്പിക്കുന്നു.

ആനുകാലിക ആരോഗ്യ പ്രതിസന്ധി മറികടക്കാൻ പര്യാപ്തമായ വിഭവങ്ങൾ ആണല്ലോ സദ്യയിലുള്ളത്. മനുഷ്യാരോഗ്യം നിലനിർത്തുവാൻ ആവശ്യമായ ഭക്ഷ്യ പോഷകങ്ങളും ധാതു ലവണങ്ങളും നിറയെ ഉള്ള സസ്യ സമ്പത്ത് ഏറെ ഉപയോഗപ്പെടുത്തുന്ന സദ്യവിഭവങ്ങൾ തൂശനിലയിൽ ഒരു പാതി ആരോഗ്യ രക്ഷാകരമായ ഉപദംശങ്ങൾ -കൂട്ടാൻ – മറു പാതിയിൽ ഊർജദായകമായ അന്നവും. ഇലയിലുതിരുന്ന സസ്യ സമ്പത്തും.

ഒരറ്റത്തു നിന്നും നോക്കിയാൽ നൂറു കറിയുടെ ഗുണമാർന്ന ഇഞ്ചിക്കറി. പരിപ്പ്കറി, സാമ്പാർ ,പ്രഥമൻ, കാളൻ, രസം, മോര് ഇവ ഓരോന്നും മാറി മാറി ഉപയോഗിക്കുമ്പോൾ ഇഞ്ചി തൊട്ട് തുടങ്ങണമെന്നാണ് ചട്ടം. വിശപ്പിനും ദഹനശക്തിക്കും രോഗ പ്രതിരോധത്തിനും ഉള്ള ഇഞ്ചിയുടെ ഗുണമേന്മകൾ ആഹാരത്തിലൂടെ. ഇക്കാലത്തെ രോഗം തടയാനും. മാങ്ങാ അച്ചാർ വലുതും ചെറുതും ആയ നാരങ്ങയുടെ കറിയിലൂടെ രോഗപ്രതിരോധത്തിന് ജീവകം സി യുടെ ലഭ്യതയും. പാവക്ക വെള്ളരിക്ക കൈതച്ചക്ക കൊണ്ടുള്ള പച്ചടി കിച്ചടികൾ തൊട്ടു കൂട്ടി എരിവിന് ഒരു തടയിടാം. വൻപയർ ചെറുചേമ്പ് തേങ്ങാപ്പാൽ കൊണ്ടുള്ള ഓലൻ പ്രമേഹ രോഗത്തിന് ഗുണകരമായ മത്തങ്ങാ എരിശ്ശേരി, കാരറ്റ്, കാബേജ്, പപ്പായ തോരൻ രോഗങ്ങളകറ്റാൻ മുൻ നിരയിലുള്ളവയല്ലേ. ആർക്കും ഏത് കാലത്തും ഉപയോഗിക്കാവുന്ന ചേന മെഴുക്ക് പുരട്ടി. ലോകം അംഗീകരിക്കുന്ന ഹോട്ട് ആൻഡ് സൗർ സുപ്പ് പച്ചക്കറികളുടെ നിരുപമ സംയോജനം അല്ലേ സാമ്പാർ. മിക്സഡ് വെജിറ്റബിൾ ആയ അവിയൽ ബോയിൽഡ് വെജിറ്റബിൾ പോലെ സമ്പുഷ്ടം. ഊണിന് ഒഴിവാക്കാനാവാത്ത മോര് കറി കാളൻ പുളിശ്ശേരി, പച്ചമോര് മോരൊഴിച്ചുണരുത് എന്ന ചൊല്ലിന് അന്വർത്തമാക്കും. ഇന്നത്തെ സൂപ്പ് ഉപയോഗത്തിന് സമാനമായി പരിപ്പ് കറിയൊഴിച്ച് നെയ്യും പപ്പടവും കൂട്ടി ഊണ് തുടങ്ങാൻ മറക്കണ്ട. അനുപാനമെന്നത് തൃപ്തിയും കഴിച്ച ആഹാരം ദഹിക്കാനും നന്നായി ആഗീരണം ചെയ്യാനും ഊർജദായകവും ആകുന്നു. ചുക്ക് വെള്ളം, ജീരകം ഇട്ട് തിളപ്പിച്ച വെള്ളം എന്നിവ സാധാരണ ഉപയോഗിച്ച് വരുന്നു.
മിക്കവാറും എല്ലാ ജീവകങ്ങളും നാഡികളുടെയും പേശികളുടെയും പ്രവർത്തന മികവു നിലനിർത്താൻ ആവശ്യമായ മഗ്‌നീഷ്യം പോലുള്ള ധാതു ലവണങ്ങളും അടങ്ങിയ വ്യത്യസ്ത ഗുണങ്ങൾ ഉള്ളവ അണ് സദ്യവിഭവങ്ങൾ.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ

അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

കുവൈറ്റ് അബ്ദലി റോഡിൽ രണ്ട് ബസുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയിലാണ് അപകടമുണ്ടായത്. കുവൈറ്റ് ഫയർഫോഴ്സ് (കെ.എഫ്.എഫ്) ആണ് അപകട വിവരം വെളിപ്പെടുത്തിയത്.

അപകടം ഉണ്ടായതിനെക്കുറിച്ച് ഓപ്പറേഷൻ റൂമിൽ റിപ്പോർട്ട് ലഭിച്ച ഉടനെ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ഏർപ്പെട്ടതായി കെഎസ്എഫിന്റെ പബ്ലിക് റിലേഷൻ ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. രണ്ട് ബസുകളിലെയും എല്ലാ യാത്രക്കാരെയും ഒഴിപ്പിക്കുകയും പരിക്കേറ്റവരെ ആംബുലൻസിലും എയർ ആംബുലൻസിലുമായി ആശുപത്രിയിലെത്തിക്കുകയും ചെയ്തു.

മരിച്ചവരിൽ ഒരാൾ മലയാളിയാണ്. ഫോർട്ട് കൊച്ചി സ്വദേശി ജോസഫ് സേവ്യർ (സ്റ്റാൻലി,60 വയസ് )വെളുത്തെപ്പള്ളിയാണ് മരിച്ച മലയാളി. അബ്ബാസിയായിൽ നേരത്തെ ക്രൗൺ ട്രാൻസ്പോർട്ട് എന്ന സ്ഥാപനം നടത്തിയിരുന്നു സ്റ്റാൻലി, ഇപ്പോൾ എക്സ്പോർട്ട് യുണൈറ്റെഡ് ജനറൽ ട്രേഡിങ്ങ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. രണ്ടു ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ തീപിടുത്തത്തിലാണ് ജോസഫ് സേവ്യർ മരണപ്പെട്ടത്.

പരേതൻ ഫോർട്ട് കൊച്ചി നസ്രത്ത് തിരു കുടുംബ ദേവാലായഗമാണ്. ഭാര്യ: ട്രീസാ ജോസഫ്, മക്കൾ: സ്റ്റീവ് ജോസഫ് (അൽ കരാം അൽ അറബി കാറ്ററിംഗ് കമ്പനി കുവൈറ്റ്), സ്റ്റെഫീന ജോസഫ്.

ജോസഫ് സേവ്യറിൻ്റെ നിര്യാണത്തിൽ കുവൈറ്റ് എറണാകുളം അസോസിയേഷൻ ഭാരവാഹികളായ ജിനോ എം.കെ, ജോമോൻ കോയിക്കര, ജോബി ഈരാളി എന്നിവർ അഗാധമായ ദുഃഖം രേഖപ്പെടുത്തി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ എറണാകുളം അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ പുരോഗമിക്കുകയാണ്.

“മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള താരമാണ് ബാല. തമിഴ് സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയത്. കളഭമാണ് ബാലയുടെ ആദ്യത്തെ മലയാള സിനിമ. ആദ്യ സിനിമയിൽ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടാൻ നടന് കഴിഞ്ഞിരുന്നു. സ്റ്റൈലീഷ് നടനായും വില്ലനായും തിളങ്ങാൻ ബാലയ്ക്ക് ഒരുപോലെ കഴിഞ്ഞിരുന്നു. കുറച്ച് ദിവസമായി ബാലയുടെ വിവാഹത്തെ ചുറ്റിപ്പറ്റിയുള്ള വാർത്തയാണ് പ്രചരിക്കുന്നത്. ഏറെ നാളുകളായി നടന്റെ പുനർവിവാഹത്തെ കുറിച്ചുള്ള വാർത്തകൾ സോഷ്യൽ മീഡിയയിലും മറ്റ് സിനിമാ കോളങ്ങളിലും പ്രചരിച്ചിരുന്നു. എന്നാൽ അന്ന് ബാല ഇത്തരത്തിലുള്ള വാർത്തകൾക്കെതിരെ രംഗത്ത് എത്തുകയായിരുന്നു.

എന്നാൽ അടുത്തിടയ്ക്ക് വീണ്ടും വിവാഹം കഴിക്കുന്നതിനെ കുറിച്ച് നടൻ സൂചന നൽകിയിരുന്നു. എന്നാൽ പേരോ മറ്റ് വിവരങ്ങളൊ വെളിപ്പെടുത്തിയിരുന്നില്ല.  കഴിഞ്ഞ ദിവസം വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തി കൊണ്ട് ബാല രംഗത്ത് എത്തിയിരുന്നു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ഒരു വീഡിയോ പങ്കുവെച്ച് കൊണ്ടാണ് വിവാഹത്തെ കുറിച്ച് പറഞ്ഞത്. ചായത്തിൽ Bala V Ellu എന്ന് എഴുതുന്ന വീഡിയോ ആയിരുന്നു നടൻ പങ്കുവെച്ചത്. വീഡിയോയുടെ അവസാനം ഒരു യുവതിക്കൊപ്പം ബാഡ്മിന്റൻ കളിക്കുന്ന ബാലയേയും കാണാം. യഥാർഥ സ്നേഹം ഇവിടെ ആരംഭിക്കുന്നുവെന്നും സെപ്റ്റംബർ അഞ്ചാണ് ആ സുദിനം എന്ന് കുറിച്ച് കൊണ്ടായിരുന്നു വീഡിയോ പങ്കുവെച്ചത്.

നിമിഷനേരംകൊണ്ട് തന്നെ വീഡിയോ വൈറലാവുകയായിരുന്നു. നടനോടൊപ്പം ബാഡ്മിന്റൻ കളിക്കുന്ന പെൺകുട്ടിയാണോ പ്രതിശ്രുതവധു എന്നുള്ള ചോദ്യം സോഷ്യൽ മീഡിയയിൽ കനക്കുകയും ചെയ്തിരുന്നു. ബാല പങ്കുവെച്ച് വീഡിയോയിൽ പെൺകുട്ടിയുടെ മുഖം വ്യക്തമായിരുന്നില്ല. ഇപ്പോഴിത ബാലയുടെ പ്രതിശ്രുത വധുവിനെ പ്രേക്ഷകർക്ക് മുന്നിലേയ്ക്ക് കൊണ്ട് വന്നിരിക്കുകയാണ്. ശ്രീശാന്താണ് പെൺകുട്ടിയെ പ്രേക്ഷകർക്കായി പരിചയപ്പെടുത്തിയിരിക്കുന്നത്. എന്നാൽ പെൺകുട്ടിയുടെ പേരോമറ്റ് വിവരങ്ങളെ വെളിപ്പെടുത്തിയിട്ടില്ല. ബാലയുടെ ഭാര്യ എന്ന് പറഞ്ഞാണ് വീഡിയോയിൽ ശ്രീശാന്ത് പരിചയപ്പെടുത്തിയിരിക്കുന്നത്. ശ്രീശാന്തിന്റെ വീഡിയോ ബാല സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഈ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. താരങ്ങൾക്ക് ആശംസ നേർന്ന് ആരാധകർ രംഗത്ത് എത്തിയിട്ടുണ്ട്..

ബാലയ്ക്കും എലിസബത്തിനും ആശംസകളുമായി ആരാധകർ രംഗത്ത് എത്തിയിട്ടുണ്ട്. നന്നായി ബാലേട്ടനും ചേച്ചിയിക്കും നല്ലത് വരട്ടെ .സുഖമായി ജീവിക്കു, എന്നിങ്ങനെയുള്ള പോസിറ്റീവ് കമന്റുകളാണ് ബാലയുടെ പോസ്റ്റിന് ലഭിക്കുന്നത്.

2010 ൽ ആയിരുന്നു ബാലയുടേയും അമൃതയുടേയും വിവാഹം. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. 9 വർഷത്തിന് ശേഷമാണ് ഇവർ നിയമപരമായി ബന്ധം വേർപിരിയുന്നത്. ഇവർക്ക് അവന്തിക എന്നൊരു മകളുമുണ്ട്, വിവാഹമോചനത്തിന് ശേഷം അമ്മ അമൃതയ്ക്കൊപ്പമാണ് അവന്തിക കഴിയുന്നത്. 2019 ആണ് ബന്ധം നിയമപരമായി വേർപിരിഞ്ഞതെങ്കിലും 2016 മുതൽ ഇരുവരും വേർപിരിഞ്ഞ് ജീവിക്കുകയായിരുന്നു റിപ്പേർട്ടിൽ പറയുന്നു.

യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിക്കാന്‍ മോഹന്‍ലാല്‍ ദുബായില്‍ എത്തി.
യുഎഇയുടെ ദീര്‍ഘകാല താമസ വിസയായ ഗോള്‍ഡന്‍ വിസയ്ക്ക് മമ്മൂട്ടിയും മോഹന്‍ലാലും അര്‍ഹരായ പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് എത്തിയത്.

കൊവിഡ് 19 വ്യാപനത്തിന് ശേഷം ആദ്യമായി ദുബായിയിലേയ്ക്ക് പറന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടി. യാത്രക്കിടെ വിമാനത്തില്‍ നിന്ന് പകര്‍ത്തിയ താരത്തിന്റെ ചിത്രം ഇതിനോടകം സോഷ്യല്‍മീഡിയയില്‍ തരംഗമായി കഴിഞ്ഞു.ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കാനും ഗോള്‍ഡന്‍ വിസ സ്വീകരിക്കാനുമായാണ് രണ്ടു വര്‍ഷത്തിന് ശേഷം മമ്മൂട്ടി ഗള്‍ഫിലെത്തുന്നത്.

ദുബായ് എയര്‍പോര്‍ട്ടില്‍ നിന്നുള്ള മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

വിവിധ മേഖലകളില്‍ സംഭാവന നല്‍കിയ വ്യക്തികള്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കുന്നത്. മലയാള സിനിമയില്‍ നിന്നുള്ള വ്യക്തികള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത് ഇതാദ്യമായാണ്.10 വര്‍ഷ കാലാവധിയുള്ളതാണ് ഗോള്‍ഡന്‍ വിസ. നേരത്തെ ഷാരൂഖ് ഖാന്‍, സഞ്ജയ് ദത്ത് എന്നിവര്‍ക്ക് ഈ വിസ ലഭിച്ചിരുന്നു.

കറുപ്പണിഞ്ഞ് സൂപ്പര്‍ ലുക്കിലാണ് പ്രിയതാരം ദുബായില്‍ പറന്നിറങ്ങിയത്. 2020ല്‍ മോഹന്‍ലാല്‍ ദുബായില്‍ സ്വന്തമായി വീട് വച്ചിരുന്നു.

കൊല്ലത്ത് കൊടിക്കുന്നില്‍ സുരേഷ് എം.പിക്കെതിരെ പോസ്റ്റർ പ്രതിഷേധം. ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പ്രസിഡന്റിനെ നിര്‍ദേശിച്ചതില്‍ വിമര്‍ശിച്ചാണ് പോസ്റ്ററുകള്‍. കൊല്ലത്തെ പുതിയ ഡിസിസി പ്രസിഡന്റായി കൊടിക്കുന്നില്‍ നിർദേശിച്ചത് രാജേന്ദ്രപ്രസാദിനെയാണ്. ഇതിനെതിരെയാണ് പ്രവർത്തകർ രൂക്ഷ വിമർശനം ഉന്നയിച്ചത്.

പ്രസിഡന്റ് സ്ഥാനം കൊടിക്കുന്നില്‍ തീരുമാനിക്കുന്ന തരത്തില്‍ തീറെഴുതാന്‍ തറവാട് സ്വത്തല്ലന്നും കോണ്‍ഗ്രസിന്റെ പേരില്‍ തടിച്ചുകൊഴുത്ത ‘പോത്തന്‍കോടു ‘കാരന് ഡിസിസി പ്രസിഡന്റിനെ തീരുമാനിക്കാന്‍ എന്ത് കാര്യമെന്നും പോസ്റ്ററിലൂടെ പ്രതിഷേധക്കാര്‍ ചോദിക്കുന്നു. സിറ്റി മണിയന്റെ കുണ്ടന്നൂര്‍ പണി കൊല്ലത്ത് വേണ്ട എന്നും പരിഹാസം. രാജേന്ദ്രപ്രസാദ് പടുകിഴവനെന്നും പോസ്റ്ററില്‍ വിമര്‍ശനമുണ്ട്.

കഞ്ചാവ് കടത്തുകാരേയും കോണ്‍ഗ്രസിന്റെ അന്തകരേയുമാണ് ഡിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നായിരുന്നു ഉമ്മന്‍ചാണ്ടിക്കെതിരായ വിമര്‍ശനം. ‘ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്റെ അന്തകനാണോ?’യെന്നും പോസ്റ്ററിലൂടെ ചോദിക്കുന്നു. കെപിസിസി സെക്രട്ടറിയായ നാട്ടകം സുരേഷ് ഡിസിസി ജനറല്‍ സെക്രട്ടറി യൂജിന്‍ തോമസ് എന്നിവരാണ് നിലവില്‍ കോട്ടയം ഡിസിസി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്.

ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായ ന്യൂസിലന്‍ഡ് മുന്‍ ക്രിക്കറ്റ് താരം ക്രിസ് കെയ്ന്‍സ് സുഖം പ്രാപിക്കുന്നു. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായമില്ലാതെ കെയ്ന്‍സ് ചികിത്സ തുടരുന്നതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു. കെയ്ന്‍സ് കുടുംബാംഗങ്ങളോട് സംസാരിച്ചതായും അഭിഭാഷകന്‍ പറഞ്ഞു.

ന്യൂസിലന്‍ഡ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായ കെയ്ന്‍സിനെ ഈ മാസമാദ്യമാണ് കാന്‍ബറയിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. നില വഷളായതിനെ തുടര്‍ന്ന് മറ്റൊരു ശസ്ത്രക്രിയയ്ക്കായി സെന്റ് വിന്‍സെന്റിലേക്ക് മാറ്റുകയായിരുന്നു.

ദുര്‍ഘട സന്ധിയില്‍ തങ്ങളെ പിന്തുണച്ചവര്‍ക്ക് കെയ്ന്‍സിന്റെ കുടുംബം നന്ദി അറിയിച്ചു. 1989- 2006 കാലയളവില്‍ ന്യൂസിലന്‍ഡിനായി 62 ടെസ്റ്റുകളും 215 ഏകദിനങ്ങളും കളിച്ചിട്ടുള്ള കെയ്ന്‍സ് വര്‍ഷങ്ങളായി കുടുംബത്തോടൊപ്പം കാന്‍ബറയിലായിരുന്നു താമസം.

മാസ്‌കും സാമൂഹ്യ അകലവുമില്ലാതെ സിനിമാതാരങ്ങൾ ഒത്തുകൂടിയതിനെതിരെ പരിഹാസവുമായി കൊല്ലം ഡി.സി.സി പ്രസിഡന്‍റ്​ ബിന്ദുകൃഷ്​ണ. താരസംഘടനയായ ‘അമ്മ’ കഴിഞ്ഞ ദിവസം നടത്തിയ പരിപാടിയുടെ ചിത്രം ഫെയ്സ്​ബുക്കിൽ പങ്കുവെച്ചു കൊണ്ടായിരുന്നു ബിന്ദു കൃഷ്​ണയുടെ പരിഹാസം. കോവിഡ് നിയന്ത്രണത്തിന്റെ പേരിൽ സാധാരണക്കാർക്ക് പെറ്റിയടിക്കുന്ന പൊലീസ് സാമൂഹ്യ അകലവും മാസ്‌കുമില്ലാതെ നടന്ന താരകൂട്ടായ്മക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ബിന്ദുകൃഷ്ണ ചൂണ്ടിക്കാട്ടി.

‘സാമൂഹ്യ അകലവും, മാസ്‌കും, കോവിഡ് പ്രോട്ടോക്കോളും പെർഫക്ട് ഓക്കെ… കുടുംബം പോറ്റാൻ തെരുവിൽ ഇറങ്ങുന്നവർക്ക് സമ്മാനമായി പെറ്റിയും, പിഴയും. ജനങ്ങളുടെ പ്രശ്‌നങ്ങൾ ഉന്നയിച്ചു കൊണ്ട് പ്രതിഷേധം ഉയർത്തുന്ന രാഷ്ട്രീയ-പൊതുപ്രവർത്തകർക്ക് സമ്മാനമായി കേസും, കോടതിയും…മച്ചാനത് പോരെ…’- എന്നാണ് കോൺഗ്രസ് നേതാവ് കുറിച്ചത്.

കലൂരിലുള്ള അമ്മ ആസ്ഥാനത്തായിരുന്നു സംഘടനയുടെ യോഗം നടന്നത്. വിദ്യാർത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനും അമ്മയുടെ യൂട്യൂബ് ചാനല്‍ ലോഞ്ചിനുമായിരുന്നു കഴിഞ്ഞ ദിവസം താരങ്ങള്‍ ഒത്തുകൂടിയത്. മാസ്‌ക് ധരിക്കാതെ താരങ്ങൾ ഇറങ്ങി വരുന്നതും അതു നോക്കി നിൽക്കുന്ന പൊലീസിന്റെ ചിത്രവും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സിനിമാതാരങ്ങൾക്ക് പുറമേ, കോൺഗ്രസ് നേതാവും എംപിയുമായ ഹൈബി ഈഡനും ചടങ്ങിനെത്തിയിരുന്നു.

ഫേസ്ബുക്കിലൂടെ മക്കയേയും സൗദി രാജാവിനേയും അധിക്ഷേപിച്ചെന്ന കേസിൽ അറസ്റ്റിലായി ജയിലിലായിരുന്ന കർണാടക സ്വദേശി മോചിതനായി നാട്ടിൽ തിരിച്ചെത്തി. സൗദി അറേബ്യയിൽ തടങ്കലിലായിരുന്ന ഹരീഷ് ബംഗേരയാണ് 20 മാസത്തിന് ശേഷമാണ് നാട്ടിലെത്തിയത്.

ബുധനാഴ്ച ബംഗളൂരു വിമാനത്താവളത്തിൽ വന്നിറങ്ങിയ ഇയാളെ ഭാര്യ സുമനയും മകൾ ഹനിഷ്‌കയും സുഹൃത്തുക്കളും ചേർന്ന് സ്വീകരിച്ചു. 2019 ഡിസംബർ 20നാണ് ഹരീഷിനെ സൗദി പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ ഉടുപ്പിയിലെ കുന്ദപുർ സ്വദേശിയാണ്. ഭർത്താവിനെ തിരികെ എത്തിക്കാൻ സഹായിച്ചവർക്ക് ഭാര്യ സുമന നന്ദി അറിയിച്ചു. അങ്കണവാടി ടീച്ചറാണ് സുമന. ആറ് വർഷത്തോളമായി ഹരീഷ് സൗദിയിൽ ജോലി ചെയ്ത് വരികയായിരുന്നു. ദമാമിലെ ഒരു കമ്പനിയിൽ എസി ടെക്‌നീഷിന്യായി പ്രവർത്തിക്കുകയായിരുന്നു. ഇതിനിടയിലാണ് ഹരീഷ് സൗദി പോലീസിന്റെ പിടിയിലാകുന്നത്.

അതേസമയം, കഴിഞ്ഞ വർഷം ഹരീഷിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്‌തെന്ന പരാതിയിൽ രണ്ടു പേരെ ഉടുപ്പി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഹരീഷിന്റെ മോചനത്തിലേക്ക് നയിച്ചത്.

RECENT POSTS
Copyright © . All rights reserved