കുവൈറ്റ് അബ്ദലി റോഡിൽ രണ്ട് ബസുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയിലാണ് അപകടമുണ്ടായത്. കുവൈറ്റ് ഫയർഫോഴ്സ് (കെ.എഫ്.എഫ്) ആണ് അപകട വിവരം വെളിപ്പെടുത്തിയത്.

അപകടം ഉണ്ടായതിനെക്കുറിച്ച് ഓപ്പറേഷൻ റൂമിൽ റിപ്പോർട്ട് ലഭിച്ച ഉടനെ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ഏർപ്പെട്ടതായി കെഎസ്എഫിന്റെ പബ്ലിക് റിലേഷൻ ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. രണ്ട് ബസുകളിലെയും എല്ലാ യാത്രക്കാരെയും ഒഴിപ്പിക്കുകയും പരിക്കേറ്റവരെ ആംബുലൻസിലും എയർ ആംബുലൻസിലുമായി ആശുപത്രിയിലെത്തിക്കുകയും ചെയ്തു.

മരിച്ചവരിൽ ഒരാൾ മലയാളിയാണ്. ഫോർട്ട് കൊച്ചി സ്വദേശി ജോസഫ് സേവ്യർ (സ്റ്റാൻലി,60 വയസ് )വെളുത്തെപ്പള്ളിയാണ് മരിച്ച മലയാളി. അബ്ബാസിയായിൽ നേരത്തെ ക്രൗൺ ട്രാൻസ്പോർട്ട് എന്ന സ്ഥാപനം നടത്തിയിരുന്നു സ്റ്റാൻലി, ഇപ്പോൾ എക്സ്പോർട്ട് യുണൈറ്റെഡ് ജനറൽ ട്രേഡിങ്ങ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. രണ്ടു ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ തീപിടുത്തത്തിലാണ് ജോസഫ് സേവ്യർ മരണപ്പെട്ടത്.

പരേതൻ ഫോർട്ട് കൊച്ചി നസ്രത്ത് തിരു കുടുംബ ദേവാലായഗമാണ്. ഭാര്യ: ട്രീസാ ജോസഫ്, മക്കൾ: സ്റ്റീവ് ജോസഫ് (അൽ കരാം അൽ അറബി കാറ്ററിംഗ് കമ്പനി കുവൈറ്റ്), സ്റ്റെഫീന ജോസഫ്.

ജോസഫ് സേവ്യറിൻ്റെ നിര്യാണത്തിൽ കുവൈറ്റ് എറണാകുളം അസോസിയേഷൻ ഭാരവാഹികളായ ജിനോ എം.കെ, ജോമോൻ കോയിക്കര, ജോബി ഈരാളി എന്നിവർ അഗാധമായ ദുഃഖം രേഖപ്പെടുത്തി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ എറണാകുളം അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ പുരോഗമിക്കുകയാണ്.