മലയാള സിനിമയിലെ പ്രിയതാരം സുകുമാരന്റെ ഓർമ്മ ദിവസം ആയിരുന്നു ഇന്നലെ. സുകുമാരന്റെ ഓർമ്മകൾ പങ്കുവെച്ച് കൊണ്ട് പല താരങ്ങളും ഇന്നലെ വന്നിരുന്നു. ആ കൂട്ടത്തിൽ കവയിത്രി ശാരദക്കുട്ടിയും സുകുമാരന്റെ ഓർമ്മകൾ പങ്കുവെച്ച് കൊണ്ട് എത്തിയിരുന്നു. താരത്തിന്റെ കുറിപ്പ് സോഷ്യൽ മീഡിയ ഏറ്റെടുക്കയായിരുന്നു. കുറിപ്പ് വായിക്കാം,
ഇന്ന് പ്രിയ നടൻ സുകുമാരന്റെ ഓർമ്മ ദിവസം . എന്തിഷ്ടമായിരുന്നു ആ കുസൃതി നോട്ടവും കരുതൽ ഭാവങ്ങളും . എനിക്ക് ഇഷ്ടപ്പെട്ട നടികളെല്ലാം സുകുമാരന്റെ കൂടെ ജീവിച്ചാൽ സുരക്ഷിതരായിരിക്കുമെന്ന് ഞാൻ കരുതിയിരുന്നു . വിധുബാലയെയും ജലജയെയും അംബികയെയും ശോഭയെയും സീമയെയും ശുഭയെയും ഒക്കെ സന്തോഷജീവിതത്തിനായി സുകുമാരനൊപ്പം ചേർത്തു പടം പിടിച്ചു വെച്ചതിനെക്കുറിച്ച് ഞാൻ മുൻപൊരിക്കൽ എഴുതിയിരുന്നു. സുകുമാരനൊപ്പമാണെങ്കിൽ അവർക്കു കരയേണ്ടി വരില്ല എന്ന് എന്നോട് ആ നോട്ടവും മുഖവും കുസൃതിയും ധൈര്യം തന്നിരുന്നു. എന്റെ സുകുമാരനിലുള്ള വിശ്വാസം ശരിയാണെന്ന് മല്ലികാ സുകുമാരൻ സ്വന്തം പ്രസരിപ്പും സ്വാശ്രയത്വ ശീലവും സാമ്പത്തികഭദ്രതയും ഒക്കെ കൊണ്ട് തെളിയിച്ചു. മല്ലികയുടെ ജീവിതം, അതിജീവിക്കാനാഗ്രഹിക്കുന്ന ഏതൊരു സ്ത്രീക്കും മാതൃകയാണ്. തകരാതെയും തളരാതെയും അവർ ജീവിതത്തെ നേരിട്ട രീതികൾ !! എത്രയെത്ര ദുർഭൂതങ്ങളോട് യുദ്ധം ചെയ്യേണ്ടി വന്നിരുന്നു അവർക്ക് .!! ആ ദുരിതങ്ങളെ സധൈര്യം നേരിട്ടതിന്റെ ബാക്കിയാണ് ഇന്നവർക്കുണ്ടെന്ന് നമ്മൾ ചൂണ്ടിക്കാണിക്കുന്ന പ്രിവിലേജുകൾ . ഒടുവിൽ , എല്ലാത്തരത്തിലും വിജയിച്ച സ്ത്രീയെന്ന് തന്നെ അവർ അടയാളപ്പെട്ടു. അൻപതെത്തുന്നതിനു മുൻപ് സുകുമാരൻ പോയി. മല്ലികയും മക്കളും ആ സ്നേഹത്തിന്റെ ബലത്തിൽ സ്വന്തം കഴിവുകളിൽ ഉറച്ചു നിന്ന് ജീവിച്ചു.. പണം ധൂർത്തടിക്കാത്ത പുരുഷൻ, സ്ത്രീയെ സ്വയം പര്യാപ്തയായി നിലനിർത്തുന്ന പുരുഷൻ, സ്ത്രീയെ വിശ്വസിക്കുന്ന പുരുഷൻ ഇത്രയുമൊക്കെ ചുരുക്കം ചിലർക്കു മാത്രം ലഭിക്കുന്ന അനുഗ്രഹമാണ്. എല്ലാവർക്കും കിട്ടേണ്ട അവകാശമെന്നാണ് പറയേണ്ടത്.
പക്ഷേ ലോട്ടറിയടിക്കുന്നതു പോലെ ചിലരിലേക്കു മാത്രമേ അത് ചെന്നെത്താറുള്ളു. അങ്ങനെ ഞാനുൾപ്പെടെ അന്നത്തെ പല പെണ്ണുങ്ങൾ കണ്ണിട്ടു വെച്ചിരുന്ന പുരുഷനാണ് സുകുമാരൻ . കാട്ടുകുറിഞ്ഞിപ്പൂവും ചൂടി എന്ന പാട്ടു പാടി രാധ എന്ന പെൺകുട്ടിയെ നോക്കിയ നോട്ടം മാത്രം മതിയായിരുന്നു അന്നത്തെ ശാരദ എന്ന ഈ പെൺകുട്ടിക്ക് . വേനൽ, അണിയാത്ത വളകൾ, കൊച്ചു കൊച്ചു തെറ്റുകൾ, നിർമ്മാല്യം, ബന്ധനം, എന്റെ നീലാകാശം, ശാലിനി എന്റെ കൂട്ടുകാരി, കലിക : ഞാൻ ശരിക്കും പെട്ടു പോയിരുന്നു. സ്ക്രീനിൽ നിന്ന് ഇത്ര പ്രണയത്തോടെ മറ്റൊരു കണ്ണും എന്റെ മോഹങ്ങളെ തഴുകിയിട്ടില്ല. ഈ ഓർമ്മദിനത്തിൽ ആ ദിവസങ്ങളേകിയ ശാരീരികാനന്ദങ്ങൾക്ക് ഞാൻ പ്രിയ നടൻ സുകുമാരനുമായി സ്നേഹപൂർവ്വം ഒരു ഗാനം പങ്കിടുകയാണ്.നിഷേധിയും ധിക്കാരിയും ക്ഷുഭിതനും ഡയലോഗ് വീരനുമായ സുകുമാരനെ നിങ്ങൾക്കെടുക്കാം. ഇതാണ് എന്റെ സുകുമാരൻ . സുരഭിലമേതോ സ്മൃതിയുടെ ലഹരിയിൽ നിറയും മിഴിയോടെ വിട പറയും ദിനവധുവിൻ കവിളിൽ വിടരും കുങ്കുമരാഗം.
മക്കള്‍ക്ക് വ്യത്യസ്തവും ആരും കേട്ടിട്ടില്ലാത്ത പേരുകളും ഇടാനാണ് ഏതൊരു മാതാപിതാക്കളും ആഗ്രഹിക്കുന്നത്. ഫിലിപ്പൈന്‍സില്‍ നിന്നുള്ള ഒരു പിതാവ് തന്റെ ആണ്‍കുഞ്ഞിന് ‘ഹൈപ്പര്‍ടെക്സ്റ്റ് മാര്‍ക്ക്അപ്പ് ലാംഗ്വേജ് റായോ പാസ്‌ക്വല്‍'( ‘HTML’) എന്ന് പേരിട്ടിരിക്കുകയാണ്. വെബ് ഡെവലപ്പറായ പിതാവ് മാക് പാസ്‌ക്വലാണ് കുഞ്ഞിന് വ്യത്യസ്തമായ പേര് നല്‍കിയിരിക്കുന്നത്. തന്റെ ജോലിയോടുള്ള സ്‌നേഹം കൊണ്ടാണ് ഇദ്ദേഹം കുട്ടിക്ക് ഈ വ്യത്യസ്തമായ പേരിടാന്‍ കാരണം.
കുഞ്ഞിന്റെ പിതാവിന്റെ സഹോദരിയായ സിന്‍സിയേര്‍ലി പാസ്‌ക്വല്‍ ആണ് ഫേസ്ബുക്കില്‍ കുഞ്ഞിന്റെ പേര് വെളിപ്പെടുത്തിയുള്ള കുറിപ്പ് പോസ്റ്റ് ചെയ്തത്. മക്കള്‍ക്ക് വ്യത്യസ്തമായ പേരുകള്‍ നല്‍കുന്ന ചരിത്രമാണ് തന്റെ കുടുംബത്തിന് ഉള്ളതെന്ന് ദി ഇന്‍ക്വയര്‍.നെറ്റിന് (The Inquirer.net) നല്‍കിയ അഭിമുഖത്തില്‍ സിന്‍സിയേര്‍ലി പാസ്‌ക്വല്‍ പറഞ്ഞു.
തന്റെ സഹോദരനും എച്ച്ടിഎംഎല്ലിന്റെ പിതാവുമായ മാക്കിന്റെ യഥാര്‍ത്ഥ പേര് ‘മാക്രോണി 85’ എന്നും സഹോദരിയുടെ പേര് ‘സ്‌പെഗറ്റി 88’ എന്നും ആണെന്ന് സിന്‍സിയേര്‍ലി പറഞ്ഞു. സ്‌പെഗറ്റിയുടെ മക്കള്‍ക്ക് നല്‍കിയിരിക്കുന്ന പേര് ‘ചീസ് പിമിയന്റോ’, ‘പാര്‍മെസന്‍ ചീസ്’ എന്നിങ്ങനെയാണ്. ഇവരുടെ വീട്ടിലെ വിളിപ്പേര് യഥാക്രമം ചിപ്പി, പ്യൂവി എന്നിങ്ങനെയാണ്. ഇവര്‍ക്ക് ‘ഡിസൈന്‍’, ‘റിസര്‍ച്ച്’ എന്നീ പേരുകളുള്ള കസിന്‍സുമുണ്ട്.
അന്തരിച്ച മിൽഖാ സിങ്ങിനെകുറിച്ചുള്ള ഓർമ്മകൾ പങ്കു വെച്ചിരിക്കുകയാണ് പ്രശസ്ത സംവിധായകൻ വി.എ ശ്രീകുമാർ .കൊച്ചി ഇൻറർനാഷണൽ ഹാഫ് മാരത്തോണിൻെറ ബ്രാൻഡ് അംബാസിഡർമാർ മോഹൻലാലും മിൽക്ക് സിങ്ങും ആയിരുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം:
2013 ൽ കൊച്ചി കോർപ്പറേഷന് വേണ്ടിയാണ് പുഷ് ഇന്റഗ്രേറ്റഡ് ‘കൊച്ചി ഇന്റർനാഷണൽ ഹാഫ് മാരത്തൺ’ എന്ന ഐഡിയ സമർപ്പിക്കുന്നത്. അത് അംഗീകരിക്കപ്പെട്ടതോടെ ലാലേട്ടനെയും ഇന്ത്യയുടെ പറക്കും ഇതിഹാസം മിൽഖാ സിങ്ങിനെയും പ്രോഗ്രാമിന്റെ ബ്രാൻഡ് അംബാസഡർമാരായി നിശ്ചയിച്ചു. ഇതിന്റെ ഭാഗമാകാൻ ശ്രീ. മിൽഖാ സിങ്ങിന് വളരെ താല്പര്യമായിരുന്നു. രണ്ടായിരുന്നു കാരണങ്ങൾ – മോഹൻലാലും, ദൈവത്തിന്റെ സ്വന്തം നാടായ കേരളവും.
ഫോർട്ട് കൊച്ചിയിലും, കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും പൊരി വെയിലത്തായിരുന്നു ഷൂട്ടിംഗ്. അദ്ദേഹം തളർന്നതേയില്ല. ഷോട്ടിന് വേണ്ടതിനേക്കാൾ ദൂരം അദ്ദേഹം ഓടി, അതും നിറഞ്ഞ ചിരിയോടെ! 83 വയസ്സിലെ അദ്ദേത്തിന്റെ ഊർജ്ജത്തിനും പ്രസരിപ്പിനും മുന്നിൽ ഞങ്ങൾക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല എന്നുള്ളതായിരുന്നു സത്യം. ലാലേട്ടനും അദ്ദേഹവും മത്സരിച്ചു ഓടുകയായിരുന്നു എന്ന് പറയാം.
ഷൂട്ടിങ്ങ് കണ്ടു നിന്ന നൂറു കണക്കിന് ആളുകളിലും ഞങ്ങളിലും ആവേശം പരത്തി ഈ രണ്ടു താരങ്ങളും നിറഞ്ഞ ചിരിയോടെ ആവേശത്തോടെ പ്രോഗ്രാമിന്റെ ഭാഗമായി. കേരളത്തിൽ നടന്ന ആദ്യത്തെ ഇന്റർനാഷണൽ മാരത്തൺ ആയിരുന്നു ഇത്. രണ്ടു ദിവസം പ്ലാൻ ചെയ്ത ഷൂട്ട് ഒരു ദിവസം കൊണ്ട് തീർത്തു.
ലാലേട്ടന്റെ ആരാധകനായിരുന്നു അദ്ദേഹം, ലാലേട്ടനാകട്ടെ ഇക്കാലയളവിൽ തന്റെ സ്വതസിദ്ധമായ ശൈലിയിൽ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട സുഹൃത്തായി മാറി. ശരിയായ പ്ലാനിങ് ഇല്ലാത്തതാണ് നമുക്ക് കൂടുതൽ സ്പോർട്സ് താരങ്ങളെ സൃഷ്ടിക്കാൻ കഴിയാത്തത് എന്നും, തനിക്ക് ലഭിക്കുന്ന അവസരങ്ങൾ അതിനായി പ്രയോജനപ്പെടുത്തണമെന്നാണ് ആഗ്രഹമെന്നും ഇതിനായി ലാലേട്ടന്റെ സഹകരണം ഉണ്ടാകണം എന്നും അദ്ദേഹം പറഞ്ഞു. ഏതു പ്രതിസന്ധിയിലും എനിക്ക് ആശ്വാസമാകുന്ന ഒരു കാര്യമുണ്ട് – കുറെ നല്ല ആളുകളുടെ സാമീപ്യവും സൗഹൃദവും നേടാൻ ഈ ജീവിതത്തിൽ സാധിച്ചിട്ടുണ്ട് ,ചില ചരിത്രനിമിഷങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞിട്ടുണ്ട്. പ്രിയപ്പെട്ട മിൽഖാ സിംഗ് അതിലൊന്നാണ്…ലാളിത്യമുള്ള ഒരു ഇതിഹാസമാണ് ഇന്ന് നമ്മളോട് വിട വാങ്ങിയിരിക്കുന്നത്.
ജോൺ കുറിഞ്ഞിരപ്പള്ളി
ഞങ്ങളുടെ വാടക വീട്ടിലെ ജോർജ് കുട്ടിയുടെ റൂം ഒരു ആർട്ട് ഗാലറി പോലെ തോന്നും ആദ്യമായി കാണുന്നവർക്ക്. റൂമിൽ ഒരു വലിയ കശുമാവ് ഫിറ്റ് ചെയ്തു വച്ചിട്ടുണ്ട്. അതിൻറെ ഉയരത്തിലുള്ള ശിഖരങ്ങളുടെ കീഴിൽ ജോർജ് കുട്ടിയുടെ കട്ടിൽ മേശ കസേരകൾ എല്ലാം നിരത്തിയിട്ടിരിക്കുകയാണ്. പ്രകൃതിയുമായി യോജിച്ചു ജീവിക്കുകയാണ് താൻ എന്നാണ് ജോർജ് കുട്ടി അതിനെ വിശേഷിപ്പിക്കുന്നത്. കാഴ്ചയ്ക്ക് വളരെ മനോഹരമാണ്, പക്ഷേ വളരെയധികം സ്ഥലം അതിനുവണ്ടി വെറുതെ പാഴായിപോകുന്നുണ്ട്.
സുഹൃത്തുക്കൾ ആരോ സിംഗപ്പൂരിൽ നിന്നും വന്നപ്പോൾ കൊണ്ടുവന്നു കൊടുത്തതാണ്. ആദ്യം കാണുന്നവർക്ക് നല്ലൊരു തമാശയാണ് ഈ കശുമാവും അതിൻ്റെ കീഴിലെ ഉറക്കവും.
എങ്ങനെയോ അതിൻ്റെ ഒരു ശാഖ ഇളകിതാഴെ വീണുപോയി. അത് കയ്യിലെടുത്തു് ജോർജ് കുട്ടി പറഞ്ഞു,” ഇത് ഒരു നല്ല ലക്ഷണമല്ലല്ലോ. ഫോറസ്റ്റ് ഡിപ്പാർട്മെൻറിൽ നിന്നും അനുവാദം ഇല്ലാതെ ആരാണ് ഇതിൻ്റെ ശിഖരങ്ങൾ മുറിച്ചുമാറ്റിയത്? ഇത് ,ആരോ ചന്ദനമരമാണ് എന്ന തെറ്റിദ്ധരിച്ചതായിരിക്കണം. കശുമാവും ചന്ദനവും തിരിച്ചറിയാൻ വയ്യാത്ത കാട്ടുകള്ളന്മാർ എന്ത് മണ്ടന്മാരാണ്.”
“അതെ, ശരിയാണ്.ഈ ദുർലക്ഷണം കണ്ടിട്ട് എന്തോ അപകടം സംഭവിക്കാൻ പോകുന്നതുപോലെ തോന്നുന്നു.” ഞാൻ പറഞ്ഞു.
വെറുതെ ഒരു തമാശ പറഞ്ഞതാണെങ്കിലും വൈകുന്നേരം ജോർജ് കുട്ടിക്ക് വീട്ടിൽ നിന്നും ഒരു ടെലിഫോൺ കോൾ വന്നു. ഉടനെ വീട്ടിലേക്ക് ചെല്ലണം, കാര്യം എന്താണെന്ന് പറയുന്നുമില്ല. വീണ്ടും വീണ്ടും ചോദിച്ചപ്പോൾ അളിയൻ വിസ അയച്ചു കൊടുക്കാം എന്ന് പറഞ്ഞിട്ടുണ്ട് . അതുകൊണ്ട് ഉടനെ വീട്ടിൽ വരണം,പാസ്പോർട്ട് മറ്റു വിശദവിവരങ്ങളും കൊടുക്കണം. വെറുതെ ജോർജ് കുട്ടി പേടിച്ചുപോയി.”അവിവാഹിതരായ അഞ്ചുപെങ്ങന്മാർ,തലക്ക് സ്ഥിരതയില്ലാത്ത ചേട്ടൻ രോഗിയായ അച്ഛൻ,പിന്നെ ഈ ഭാരമെല്ലാം ചുമക്കുന്ന ‘അമ്മ……………”
“നിർത്തു,ഈ കഥ നമ്മൾ കണ്ട കന്നട സിനിമയുടെ കഥയല്ലേ? തനിക്ക് പുതിയത് വല്ലതും കണ്ടുപിടിച്ചുകൂടെ? ആ രാധാകൃഷ്ണനോ മറ്റോ ആയിരിക്കണം, ഇപ്പോൾ ഒരു രണ്ടു കഥാപ്രസംഗത്തിനുള്ള വിഷയം കണ്ടുപിടിക്കുമായിരുന്നു.”ജോർജ് കുട്ടി പറഞ്ഞു.
“അളിയൻറെ പ്ലാൻ എന്തോ കാര്യമായിട്ടുണ്ട്, അതാ തന്നെ ഗൾഫിൽ കൊണ്ടുപോകണം എന്ന നിർബ്ബന്ധം പിടിക്കുന്നത്.”ഞാൻ പറഞ്ഞു
“ഒന്ന് പോയി നോക്കാം അല്ലേ?”.
വൈകുന്നേരത്തെ ഐലൻഡ് എക്സ്പ്രസ്സിൽ കയറ്റിവിടാനായി ഞാനും ജോർജ് കുട്ടിയുടെ കൂടെ റെയിൽവേ സ്റ്റേഷനിൽ പോകാൻ തയ്യാറാകുകയായിരുന്നു. ജോർജ് കുട്ടി പറഞ്ഞു,”ഒരു തീരുമാനം എടുക്കാൻ സാധിക്കുന്നില്ല ”
ജോർജ് കുട്ടിയെ വണ്ടി കയറ്റിവിടാൻ ,വിവരം അറിഞ്ഞ എല്ലാവരും സ്റ്റേഷനിലെത്തി. പതിവിനു വിപരീതമായി ജോർജ്ജുകുട്ടിയുടെ കളിയും ചിരിയും നിന്നിരിക്കുന്നു തമാശ പറയുന്നില്ല കോമാളി വേഷങ്ങൾ കാണിക്കുന്നില്ല ജോർജുകുട്ടിയുടെ ഈ മാറ്റം ഞങ്ങൾ ആർക്കും സഹിക്കാൻ കഴിയുന്നില്ല.
രാധാകൃഷ്ണൻ ശോകമായ സ്വരത്തിൽ പറഞ്ഞു,” പന്തയം വെച്ച് ഇനി ആരു ഞങ്ങൾക്ക് മസാലദോശ വാങ്ങി തരും?” ഹുസൈൻ പറഞ്ഞു “എൻ്റെ ഷോർട്ട് ഫിലിം ഇനി എങ്ങനെ ഷൂട്ട് ചെയ്യും ?”
ജോർജ് കുട്ടി,പറഞ്ഞു “ഈ പറയുന്നത് കേട്ടാൽ തോന്നും ഞാൻ മരിച്ചുപോയെന്ന്,ഒന്ന് മിണ്ടാതിരിക്കണം .” ട്രെയിൻ വന്നു, സീറ്റ് റിസർവേഷൻ കിട്ടിയിരുന്നത് കൊണ്ട് വലിയ ബുദ്ധിമുട്ടില്ലാതെ കയറിപ്പറ്റാൻ സാധിച്ചു വണ്ടി പുറപ്പെടാറായപ്പോൾ ജോർജ് കുട്ടി ജനലിൽ കൂടി തോളത്തു പിടിച്ചു ,എന്നിട്ടു പറഞ്ഞു,”എൻ്റെ റൂമിൽ കശുമാവിൻ കീഴിൽ ഒരു കാർഡ് ബോർഡ് പെട്ടി ഉണ്ട്, അതിൽ ഒരു കവർ ഉണ്ട്,അത് തനിക്കുള്ളതാണ്.”
താൻ ചിലപ്പോഴെങ്കിലും വിചാരിച്ചിട്ടില്ലേ ഞാൻ എന്തു തരം ജീവിയാണെന്ന് .”
രാധാകൃഷ്ണൻ അടുത്തേക്ക് വന്നു.”ഞങ്ങൾ അത്യാവശ്യം ചില കാര്യങ്ങളുടെ ചർച്ചയിലാണ്. ഇപ്പോൾ കഥാപ്രസംഗം നടത്തരുത്.”
“ആര് ഇപ്പോൾ കഥാപ്രസംഗം പറയും? ഞാൻ ഈ ദുഃഖകരമായ ഈ സാഹചര്യത്തിൽ അതിന് യോജിച്ച ഒരു ഗാനം എഴുതി ട്യൂൺ ചെയ്തിട്ടുണ്ട്. അത് പാടാം ”
“കൂകൂ കൂകൂ തീവണ്ടി എന്നല്ലേ തുടക്കം?”
“അതെ അച്ചായന് അത് എങ്ങനെ മനസ്സിലായി.?”
ട്രെയിൻ നീങ്ങിത്തുടങ്ങി. ജോർജ് കുട്ടി കൈ വീശി യാത്രപറഞ്ഞു.
മനസ്സിനുള്ളിൽ ഒരു അസ്വസ്ഥതയുടെ സ്പർശം .
വണ്ടി കണ്ണിൽ നിന്നും മറഞ്ഞപ്പോൾ ഞങ്ങൾ എല്ലാവരും നിശബ്ദരായി പുറത്തേക്ക് നടന്നു.
(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി
സ്വിറ്റ്സര്‍ലൻഡില്‍ ജോലി ചെയ്യുന്ന അമ്മയെ കാണാന്‍ ടിക്കറ്റെടുത്ത കുട്ടിക്കും പിതാവിനും യാത്ര നിഷേധിച്ച എത്തിഹാദ് എയർവേസ് 50,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും നല്കാന് നിര്‍ദേശിച്ച് എറണാകുളം സ്ഥിരം ലോക് അദാലത്ത് ഉത്തരവ്.
മൂവാറ്റുപുഴ സ്വദേശി ജോഷി സമര്‍പ്പിച്ച ഹര്‍ജിയിലാണ് വേണു കരുണാകരന് ചെയര്‍മാനും സി. രാധാകൃഷ്ണന്, പി.ജി. ഗോപി എന്നിവര്‍ അംഗങ്ങളുമായുള്ള ഫോറത്തിന്റെ വിധി. വേനലവധിക്കാലത്ത് യാത്ര ചെയ്യാന്‍ കൗണ്ടറിലെത്തി ബാഗുകള്‍ നിക്ഷേപിച്ചശേഷം യാത്ര നിഷേധിച്ചതു സംബന്ധിച്ചായിരുന്നു ഹര്‍ജി. ഒരു സീറ്റു മാത്രമേ ഒഴിവുള്ളുവെന്ന് പറഞ്ഞ് ഇരുവര്‍ക്കും യാത്ര നിഷേധിക്കുകയായിരുന്നു.
അധിക ബുക്കിംഗ് മൂലമാണ് സീറ്റ് ഇല്ലാതെ പോയതെന്ന് ആദ്യം മറുപടി നല്‍കിയ കമ്പനി കേസ് വന്നപ്പോള്‍ ഹര്‍ജിക്കാര്‍ വൈകിയാണ് കൗണ്ടറില്‍ എത്തിയതെന്ന പുതിയ ന്യായം ഉന്നയിച്ചു. ടെലിഫോണ്‍ ടവര്‍ ലൊക്കേഷന്‍ രേഖകള്‍ പ്രകാരം നിശ്ചിത സമയത്ത് എത്തിച്ചേര്‍ന്നതായി വ്യക്തമായിരുന്നു. ഹര്‍ജിക്കാരനുവേണ്ടി ടോം ജോസ് ഹാജരായി.
വിവിധ ട്രസ്റ്റുകൾ കൂടുതൽ ഒഴിവുകളിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യാൻ ഏജൻസികൾക്ക് കരാറും നൽകിയതായാണ് റിപ്പോർട്ടുകൾ.കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ യുകെയിലേക്കുള്ള നഴ്സിംഗ് റിക്രൂട്ട്മെൻ്റ് നടപടികൾക്ക് വേഗം കൂട്ടി എൻഎച്ച്എസ്. ഇന്ത്യൻ നഴ്സുമാരെ അതിവേഗം ബ്രിട്ടനിലെത്തിക്കാൻ റിക്രൂട്ട്മെന്റ് നടപടികൾ പുന:രാരംഭിക്കാമെന്നു എൻഎച്ച്എസ് ഇംഗ്ലണ്ട് ഏജൻസികൾക്ക് നിർദേശം നൽകി.
മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റ് എൻഎച്ച്എസ്. ട്രസ്റ്റിനു കീഴിലുള്ള അഞ്ച് ആശുപത്രികളിലാണ് കൂടുതൽ ഒഴിവുകൾ. മാഞ്ചസ്റ്റർ റോയൽ ഇൻഫേമറി ഹോസ്പിറ്റൽ, വിഥിൻഷോ ഹോസ്പിറ്റൽ, റോയൽ മാഞ്ചസ്റ്റർ ചിൽഡ്രൻസ് ഹോസ്പിറ്റൽ, മാഞ്ചസ്റ്റർ റോയൽ ഐ ഹോസ്പിറ്റൽ, നോർത്ത് മാഞ്ചസ്റ്റർ ജനറൽ ഹോസ്പിറ്റൽ എന്നിവിടങ്ങളിലേക്കാണ് ഉടൻ റിക്രൂട്ട്മെന്റ് ആരംഭിക്കുന്നത്
കൂടാതെ ലണ്ടൻ റോയൽ ഫ്രീ ഹോസ്പിറ്റൽ, ലസ്റ്റർ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ, ഡറം ആൻഡ് ഡാർലിംങ്ടൺ കൌണ്ടി ഹോസ്പിറ്റൽ, നോട്ടിംങ്ങാം യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ, ബ്രൈറ്റൺ ഹോസ്പിറ്റൽ, ലണ്ടൻ ഇംപീരിയൽ കോളജ്, ലണ്ടൻ കിംങ്സ് കോളജ്, നോർത്തേൺ അയർലൻഡിലെ എച്ച്എസ്‌സി ട്രസ്റ്റ് എന്നിവിടങ്ങളിലേക്കും വിവിധ ഏജൻസികൾ റിക്രൂട്ട്മെന്റ് നടപടികൾ പുനരാരംഭിച്ചിട്ടുണ്ട്.
ജനറൽ വാർഡ്, ഗൈനക്കോളജി ആൻഡ് തിയറ്റർ, ഐസിയു, എന്നീ ഡിപ്പാർട്ടുമെന്റുകളിലേക്കാണ് ഇവിടങ്ങളിൽ നഴ്സുമാരെ ആവശ്യമുള്ളത്. എന്നിരുന്നാലും റിക്രൂട്ട്മെന്റ് വിലക്ക് നീങ്ങിയെങ്കിലും ഇപ്പോഴും ഇന്ത്യ ബ്രിട്ടന്റെ റെഡ് ലിസ്റ്റിലായതിനാൽ ബ്രിട്ടനിലേക്കുള്ള വരവ് ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.
നിലവിലെ മാർഗനിർദേശങ്ങൾ അനുസരിച്ച് യുകെയിൽ എത്തുന്നവർ നിർബന്ധമായും 1750 പൗണ്ട് മുൻകൂറായി അടച്ച് ഹോട്ടൽ ക്വാറന്റീനു വിധേയരാകണം. പത്തുദിവസത്തെ ക്വാറന്റീനിടെ രണ്ടുവട്ടം പിസിആർ. ടെസ്റ്റും സ്വന്തം ചെലവിൽ നടത്തണം. ഈ തുക നൽകി നഴ്സുമാരെ എത്തിക്കാൻ മിക്കവാറും എല്ലാ ട്രസ്റ്റുകളും തയാറായിട്ടുണ്ട്.
ട്രസ്റ്റുകൾക്ക് സ്വന്തം നിലയിൽ നഴ്സുമാർക്ക് ക്വാറന്റീൻ സൗകര്യം ഒരുക്കാൻ എൻഎച്ച്എസ് ഇംഗ്ലണ്ട് അനുമതി നൽകിയിട്ടുണ്ടെങ്കിലും ഇതിനുള്ള നടപടിക്രമങ്ങൾ എളുപ്പമല്ലാത്തതിനാൽ അതിന് സാധ്യത കുറവാണ്. അതിനാൽ സ്വന്തം നിലയിൽ ഹോട്ടൽ ക്വാറന്റീൻ ഒരുക്കാനാണ് മിക്കവാറും എല്ലാ ട്രസ്റ്റുകളും ശ്രമിക്കുന്നത്. പ്രതിദിന കോവിഡ് കേസുകൾ കു റഞ്ഞ സാഹചര്യത്തിൽ റെഡ് ലിസ്റ്റിൽ നിന്ന് ഇന്ത്യയ്ക്ക് മോചനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നിയമനം കാത്തിരിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ നഴ്സുമാർ.
വാർഷിക ചെലവിനായി തനിക്ക് അനുവദിക്കുന്ന 1.9 മില്യൺ ഡോളർ (14 കോടിയോളം രൂപ) രൂപ നിരസിച്ച് നെതർലൻഡ്സിലെ രാജകുമാരി കാതറിന-അമാലിയ. നെതർലൻഡ്സ് രാജാവ് വില്യം അലക്സാണ്ടറിന്‍റെയും മാക്സിമ രാജ്ഞിയുടെയും മൂത്ത മകളാണ് കാതറിന-അമാലിയ രാജകുമാരി. വരുന്ന ഡിസംബറിൽ അമാലിയക്ക് 18 വയസ്സ് പൂർത്തിയാകും.
നെതർലൻഡ്സിലെ നിയമപ്രകാരം പ്രായപൂർത്തിയാകുന്നതോടെ രാജ്ഞിയുടെ ചുമതലകൾ അമാലിയ ഏറ്റെടുക്കണം. ഇതിനായിട്ടാണ് പ്രതിവർഷം 1.9 മില്യൺ ഡോളർ നൽകുന്നത്. എന്നാൽ, ഡച്ച് പ്രധാനമന്ത്രി മാർക്ക് റുട്ടേയ്ക്ക് കഴിഞ്ഞ ദിവസം അയച്ച കത്തിൽ ഈ പണം വേണ്ടയെന്ന് രാജകുമാരി അറിയിക്കുകയായിരുന്നു.
“2021 ഡിസംബർ ഏഴിന് എനിക്ക് 18 വയസ്സാകും. അതോടെ നിയമമനുസരിച്ച് ചെലവിനായി തുക നൽകും. എന്നാൽ രാജ്യത്തിനു ഈ തുക തിരിച്ചു നൽകാനായി ഞാൻ ഒന്നും ചെയ്യുന്നില്ല. മറ്റു വിദ്യാർഥികൾ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത് പ്രത്യേകിച്ച് കോവിഡ് മഹാമാരിയുടെ വെല്ലുവിളി നേരിടുന്ന ഈ സാഹചര്യത്തിൽ,“ രാജകുമാരി കത്തിൽ എഴുതി.
കോപ്പ അമേരിക്കയിൽ ആദ്യ ജയം സ്വന്തമാക്കി അർജന്റീന. ഇന്ന് നടന്ന മത്സരത്തിൽ ഉറുഗ്വയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് അർജന്റീന ഈ വർഷത്തെ കോപ്പ അമേരിക്കയിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ ലയണൽ മെസ്സിയുടെ പാസിൽ നിന്ന് ഗുയ്‌ഡോ റോഡ്രിഗസ് ആണ് അർജന്റീനയുടെ വിജയ ഗോൾ നേടിയത്.
തുടർന്ന് രണ്ടാം പകുതിയിൽ മത്സരത്തിലേക്ക് തിരിച്ച് വരൻ ഉറുഗ്വ ശ്രമം നടത്തിയെങ്കിലും മികച്ച പ്രതിരോധം തീർത്ത് എഡിസൺ കവാനിയുടെയും ലൂയിസ് സുവാരസിന്റെയും ആക്രമണങ്ങളെ അർജന്റീന തടയുകയായിരുന്നു. കഴിഞ്ഞ ദിവസം ചിലിക്കെതിരായ കോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തിൽ അർജന്റീന 1-1ന് സമനിലയിൽ കുടുങ്ങിയിരുന്നു. അർജന്റീനയുടെ എതിരാളികൾ പരാഗ്വയാണ്. അതെ സമയം അടുത്ത മത്സരത്തിൽ ഉറുഗ്വ ചിലിയെ നേരിടും
ഇന്ത്യയുടെ അത്‌ലറ്റിക് ഇതിഹാസം മില്‍ഖാ സിങ് (91) അന്തരിച്ചു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്നുണ്ടായ സങ്കീര്‍ണതകളെ തുടര്‍ന്നാണ് മരണം.
ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് മില്‍ഖാ സിങ്ങിനെ ചണ്ഡീഗഡിലെ പിജിഐഎംഇആര്‍ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. മെയ് 20-നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ച നടന്ന കോവിഡ് പരിശോധനയില്‍ അദ്ദേഹം നെഗറ്റീവ് ആയിരുന്നു. എന്നാല്‍ രണ്ട് ദിവസത്തിനുശേഷം പനി കൂടുകയും ഓക്‌സിജന്‍ ലെവല്‍ കുറയുകയും ചെയ്തു. ഇതോടെ 91-കാരനായ താരത്തെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.
നേരത്തെ കോവിഡ് സ്ഥിരീകരിച്ച അദ്ദേഹത്തെ മൊഹാലിയിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡിസ്ച്ചാര്‍ജ് ആയശേഷം ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ആരോഗ്യം വീണ്ടെടുത്തതിനെ തുടര്‍ന്ന് ചണ്ഡീഗഡിലെ വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്നു.
ഭാര്യയും ഇന്ത്യന്‍ വോളിബോള്‍ ടീമിന്റെ മുന്‍ ക്യാപ്റ്റനുമായ നിര്‍മല്‍ കൗറിന്റെ മരണത്തിന് അഞ്ചു ദിവസത്തിനു ശേഷമാണ് മില്‍ഖാ സിങ്ങിന്റെ മരണം സംഭവിച്ചിരിക്കുന്നത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മൊഹാലിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നിര്‍മല്‍.
മില്‍ഖയുടെ സങ്കടവും സന്തോഷവും 1960ലെ റോം ഒളിമ്പിക്‌സായിരിക്കും. ഒരു ഇന്ത്യന്‍ പുരുഷ താരം ട്രാക്കില്‍ നടത്തിയ ഏറ്റവും മികച്ച പ്രകടനമെന്ന സന്തോഷത്തോടൊപ്പം 0.1 സെക്കന്റ് വ്യത്യാസത്തില്‍ മില്‍ഖാ സിങ്ങിന് വെങ്കലമെഡല്‍ നഷ്ടമായ ദുഃഖത്തിനും റോം ഒളിമ്പിക്‌സ് സാക്ഷിയായി.
പറക്കും സിങ്- ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ മേല്‍വിലാസം തന്നെ ഒരുകാലത്ത് അതായിരുന്നു. പേരില്‍ തന്നെ രാജാവായുള്ള മില്‍ഖ ഇന്ത്യന്‍ ട്രാക്കുകള്‍ കീഴടക്കി ഭരിച്ചത് ഏറെക്കാലം. അന്താരാഷ്ട്ര ട്രാക്കുകളില്‍ ഇന്ത്യയുടെ പേര് മുഴങ്ങിക്കേട്ടതും മില്‍ഖയിലൂടെ തന്നെ. അയാള്‍ ഓടുകയല്ല, പറക്കുകയാണ്-മില്‍ഖാ സിങ്ങിനെക്കുറിച്ച് ആദ്യം ഇങ്ങനെ പറഞ്ഞത് പാകിസ്ഥാന്‍ പ്രസിഡന്റ് അയൂബ് ഖാനാണ്. അങ്ങനെ മില്‍ഖ സിങ് ഇന്ത്യയുടെ പറക്കും സിങ്ങായി. ലാഹോറില്‍ നടന്ന ഇന്തോ-പാക് മീറ്റില്‍ പാകിസ്ഥാന്റെ അബ്ദുല്‍ ഖലീലിനെ പിന്നിലാക്കി 200 മീറ്ററില്‍ മില്‍ഖ മെഡല്‍ നേടിയപ്പോഴാണ് അയൂബ് ഖാന്‍ ഇതുപറഞ്ഞത്. പറക്കും സിങ് എന്ന വിശേഷണത്തെ അന്വര്‍ഥമാക്കുന്നതായിരുന്നു മില്‍ഖയുടെ പിന്നീടുള്ള കരിയര്‍.
മില്‍ഖാ സിങ് ജവഹര്‍ലാല്‍ നെഹ്‌റുവിനൊപ്പം
1958 വെയ്ല്‍സ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 400 വാര ഓട്ടത്തിലൂടെ മില്‍ഖയാണ് അന്താരാഷ്ട്ര ട്രാക്കില്‍ നിന്ന് ഇന്ത്യന്‍ മണ്ണിലേക്ക് ആദ്യ മെഡല്‍ കൊണ്ടുവരുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസിലെ ആദ്യ വ്യക്തിഗത മെഡല്‍ നേട്ടവും മില്‍ഖയുടേത് തന്നെ. 1958ലെ ടോക്യോ ഏഷ്യന്‍ ഗെയിംസിലാണ് മില്‍ഖ വരവറിയിക്കുന്നത്. അന്ന് 400, 200 മീറ്ററുകളില്‍ സ്വര്‍ണം നേടി. 1962ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലും 400 മീറ്ററില്‍ മില്‍ഖക്ക് തന്നെയായിരുന്നു സ്വര്‍ണം. 4 400 മീറ്റര്‍ റിലേയിലും മില്‍ഖ സ്വര്‍ണനേട്ടത്തില്‍ മുന്നില്‍ നിന്നു.
മില്‍ഖയുടെ സങ്കടവും സന്തോഷവും 1960ലെ റോം ഒളിമ്പിക്‌സായിരിക്കും. ഒരു ഇന്ത്യന്‍ പുരുഷ താരം ട്രാക്കില്‍ നടത്തിയ ഏറ്റവും മികച്ച പ്രകടനമെന്ന സന്തോഷത്തോടൊപ്പം 0.1 സെക്കന്റ് വ്യത്യാസത്തില്‍ മില്‍ഖാ സിങ്ങിന് വെങ്കലമെഡല്‍ നഷ്ടമായ ദുഃഖത്തിനും റോം ഒളിമ്പിക്‌സ് സാക്ഷിയായി. മൂന്ന് ഒളിമ്പിക്‌സുകളിലാണ് മില്‍ഖ സിങ് പങ്കെടുത്തത്. അവസാനം പങ്കെടുത്ത ടോക്യോ ഒളിമ്പിക്‌സില്‍ ഹീറ്റ്‌സില്‍ നിന്നു തന്നെ പുറത്തായി.
രാജ്യത്തിനായി അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 1959-ല്‍ രാജ്യം അദ്ദേഹത്തിന് പദ്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു.
നോബി ജെയിംസ്
100 ഗ്രാം ഉണക്ക ചെമ്മീൻ
(ചെറുതായി വറുത്തെടുക്കുക. പച്ച ചെമ്മീൻ ആണെങ്കിൽ ഇതു ചേർക്കുന്ന സമയത്തു തന്നേ ചേർക്കാം )
1 പുളിയുള്ള മാങ്ങാ
2 പച്ചമുളക്
കറിവേപ്പില ആവശ്യത്തിന്
മാങ്ങാ കഷ്ണങ്ങൾ ആക്കി അരിഞ്ഞു ഒരു പാത്രത്തിൽ ഇട്ടു അതിൽ 2 പച്ചമുളകും ആവശ്യത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കുക . മാങ്ങാ വെന്തു വരുമ്പോൾ ചെമ്മീൻ ഇട്ടു മാങ്ങയും ചെമ്മീനും ഒന്ന് പറ്റി വരുമ്പോൾ
1/2 തേങ്ങ ചിരണ്ടിയത്
2 ടീസ്പൂൻ മുളകുപൊടി
2 ടീസ്പൂൺ മല്ലിപൊടി
1 ടീസ്പൂൺ മഞ്ഞൾ പൊടി
2 അല്ലി വെളുത്തുള്ളി
അല്പം കറിവേപ്പില
ഇവ നന്നായി മിക്സിയിൽ അരച്ചെടുക്കുക. അത് വെന്തു വന്ന ചെമ്മീനിലും മാങ്ങയിലും ചേർത്ത് തിളച്ചു പച്ചമണം മാറുമ്പോൾ അതിലേക്ക്
1 1/2 ടീസ്പൂൺ കടുക് പൊട്ടിച്ചു
3 വറ്റൽ മുളകും
4 അരിഞ്ഞ ചെറു ഉള്ളിയും അല്പം കറിവേപ്പിലയും ഇട്ടു വറുത്തു വരുമ്പോൾ
1 ടീസ്പൂൺ മുളകുപൊടിയും ചേർത്ത് പച്ചമണം മാറുമ്പോൾ നമ്മുടെ ചെമ്മീനും മാങ്ങയിൽ ഒഴിച്ചു താളിച്ചു
ചോറിൻെറ കൂടെ ഒഴിക്കാൻ ഈ ഒറ്റ കറി മതിയല്ലോ. അപ്പോൾ നമ്മളെ വേറൊരു ലോകത്തേക്ക് കൊണ്ടു പോകും .
മറ്റുപല നാടൻ വിഭവങ്ങളുടെയും വീഡിയോ ഉള്ള നോബിസ് കിച്ചൻ എന്ന എൻറെ യൂട്യൂബ് ചാനലിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ഷെയറുചെയ്യാനും മറക്കരുതേ……
ഈസി കുക്കിങ്ങിൽ പുതിയ ഒരു വിഭവുമായി അടുത്ത ആഴ്ച വീണ്ടും കാണാം .
നോബി ജെയിംസ്
യുകെ മലയാളികൾക്ക് സുപരിചിതനായ പ്രമുഖ ഷെഫായ നോബി ജെയിംസാണ് മലയാളം യുകെയിൽ എല്ലാ ശനിയാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈസി കുക്കിംഗ് എന്ന പാചക പംക്തിയുടെ റെസിപ്പി തയ്യാറാക്കുന്നത്. ഇന്ത്യയിലും, ഗൾഫ് രാജ്യങ്ങളിലും, പല മുൻനിര സ്ഥാപനങ്ങളിലും ചീഫ് ഷെഫായി പ്രവർത്തിച്ചിട്ടുള്ള നോബി ഇപ്പോൾ യുകെയിൽ സ്വകാര്യമേഖലയിലുള്ള പ്രമുഖ റസിഡൻഷ്യൽ സ്കൂളായ നോർത്ത് യോർക്ക്ഷെയറിലെ ഐസഗാർത്തിൽ കേറ്ററിംഗ് മാനേജരായിസേവനമനുഷ്ഠിക്കുന്നു.